Showing posts with label കത്ത്. Show all posts
Showing posts with label കത്ത്. Show all posts

February 3, 2026

ശ്രീനിവാസന്റെ ചലച്ചിത്രവ്യക്തിത്വം


      മാധ്യമം ആഴ്ചപ്പതിപ്പ് (28:1453) പ്രസിദ്ധീകരിച്ച മൂന്നു ലേഖനങ്ങൾ ശ്രീനിവാസനുള്ള ഉചിതമായ സ്മൃതിയാദരങ്ങളായി. നടൻ, ഡബ്ബിങ് കലാകാരൻ,  കഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നീ പല നിലകൾ ശ്രീനിവാസനുണ്ട്. വിനോദവും കലയും വ്യവസായവും പ്രത്യയശാസ്ത്രോപകരണവുമെല്ലാമായ ചലച്ചിത്രമെന്ന മാധ്യമരൂപത്തിൽ  50 വർഷത്തോളം (1976 മുതൽ 2025 വരെ) വ്യാപിച്ച ഒരു സവിശേഷവ്യക്തിത്വത്തിന്റെ  പകർന്നാട്ടങ്ങളെ  ഏകമുഖമായി വിലയിരുത്തുക എളുപ്പമല്ല. ആ വൈരുദ്ധ്യം സ്വാഭാവികമായിത്തന്നെ അദ്ദേഹത്തെപ്പറ്റിയുള്ള വിശകലന ചിന്തകളെയും വൈവിധ്യമുള്ളതാക്കുന്നു. 

ഡോ. സിബു മോടയിലും ആൽവിൻ അലക്സാണ്ടറും ചേർന്നെഴുതിയ ‘സ്റ്റാർട്ട് ആക്ഷൻ കട്ട്’ ഈ വസ്തുതയെ ആമുഖമായി കുറിക്കുന്നുണ്ടെങ്കിലും ശ്രീനിവാസന്റെ പ്രതിഭയെ വിശകലനം ചെയ്യാൻ മുഖ്യമായും ലേഖനം ഉപയോഗിക്കുന്നത് തിരക്കഥകളെയാണ്. ചലച്ചിത്രമെന്നത് ഇപ്പോഴും സംവിധായകന്റെ കലയും വ്യവസായമെന്ന നിലയ്ക്കുള്ള അതിന്റെ അസ്തിത്വം ലാഭത്തെ ആശ്രയിച്ചുമായിരിക്കുമ്പോൾ പൂർണ്ണമായും ശ്രീനിവാസന്റെ കലാകാരവ്യക്തിത്വത്തെ അപഗ്രഥിക്കാനുള്ള ഉപകരണമായിരിക്കാനുള്ള യോഗ്യത  തിരക്കഥകൾക്ക് എത്രത്തോളമുണ്ടാകുമെന്ന ചോദ്യം പ്രസക്തമാണ്. സംവിധായകൻ കൂട്ടിച്ചേർക്കുന്ന ഒരു ദൃശ്യംപോലും മാധ്യമദൗത്യത്തെ അപ്രതീക്ഷിതമായ തിരിവുകളിലേക്ക് നയിക്കും എന്നിരിക്കെ പ്രത്യേകിച്ചും.  ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിൽനിന്നും ചിന്താവിഷ്ടയായ ശ്യാമളയിൽനിന്നും  അദ്ദേഹത്തിന്റെ രചനയിൽ നിർമ്മിച്ച മറ്റു ചിത്രങ്ങൾക്കുള്ള വ്യത്യാസം അതിനു തെളിവാണ്. എങ്കിലും മധ്യവർഗമലയാളിയുടെ സ്വീകരണ മുറിയിലേക്ക് ചലച്ചിത്രങ്ങളെ ആനയിക്കുക,  സംക്രമണകാലഘട്ടത്തിൽ മലയാളിയുവത്വത്തിന്റെ പലതരത്തിലുള്ള അന്യവത്കരണത്തിന്റെ ധർമ്മം കൈയാളുക, സാമ്പ്രദായികേതര നായകന്മാരെ അവതരിപ്പിച്ചുകൊണ്ട് ദൃശ്യപരമായ വിപ്ലവത്തിനു വെളിച്ചം വീശുക തുടങ്ങി മലയാളിയുടെ സാംസ്കാരിക അബോധത്തിന്റെ പ്രാതിനിധ്യം അദ്ദേഹത്തിന്റെ രചനകൾ ഏറ്റെടുത്തതെങ്ങനെയെന്നു ലേഖകർ വിവരിക്കുന്നത് യുക്തിസഹമായാണ്.  

ശ്രീനിവാസന്റെ  ചലച്ചിത്രപങ്കാളിത്തത്തിന്റെ വൈരുദ്ധ്യാത്മകമായ വശത്തെപ്പറ്റി  പറഞ്ഞതിന്റെ തുടർച്ച പ്രേംചന്ദിന്റെ ലേഖനത്തിലുണ്ട്. അദ്ദേഹം സ്ത്രീവിരുദ്ധസിനിമയെന്നു വിളിക്കുന്ന ‘അയാൾ കഥയെഴുതുകയാണെ’ന്ന സിനിമയ്ക്ക് വാങ്മയരൂപം നൽകിയ വ്യക്തിതന്നെയാണ് ‘ചിന്താവിഷ്ടയായ ശ്യാമള’യെന്ന സ്ത്രീപക്ഷസിനിമയ്ക്ക് ദൃശ്യരൂപം നൽകിയതും. അയാൾ കഥയെഴുതുകയാണെന്ന സിനിമയിലെ പാട്ടുരംഗത്തിൽ പതിവനുസരിച്ച് പിന്നിൽനിന്ന് സംഘനൃത്തം ചെയ്യാൻ വേഷംകെട്ടി വരുന്ന പെൺകുട്ടികളോട് (ജൂനിയർ ആർട്ടിസ്റ്റുകളോട്) നായകൻ ‘ നിനക്കൊന്നും വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേ? വീട്ടിൽ പോടി’ എന്ന ആക്രോശിക്കുകയും അവർ ഉടനടി അദൃശ്യരാവുകയും ചെയ്യുന്ന രംഗം, നായികാനായകന്മാർ പാട്ടു പാടുമ്പോൾ പശ്ചാത്തലമായി നൃത്തം വേണം എന്ന സാമ്പ്രദായിക ചലച്ചിത്രരീതിയെ രസകരമായി അഴിച്ചു പണിയുകയോ സൈദ്ധാന്തികബലമൊന്നും പിടിക്കാതെ  താദാത്മ്യനിരാകരണത്തിന് അവസരം നൽകുകയോ ആണെന്നല്ല, സ്ത്രീവിരുദ്ധതയുടെ പേരിലാണ് അക്കാലത്ത് വിവാദമുണ്ടാക്കിയത്. ഒരു അഭിമുഖത്തിൽ,  ചിത്രത്തിലെ നൃത്തസംവിധായികയ്ക്കും സംഘത്തിനും  അടിയന്തിരമായി മദ്രാസിൽ എത്തേണ്ടതുകൊണ്ട് ഷൂട്ടിങ് മുടങ്ങാതിരിക്കാൻ ചെയ്ത താത്കാലികമായ സംവിധാനമായിരുന്നു ആ ഒഴിവാക്കൽ എന്ന് ശ്രീനിവാസൻ പറഞ്ഞ ഒരോർമ്മയുണ്ട്. നിത്യവേതനക്കാരായ ജൂനിയർ ആർട്ടിസ്റ്റുകളെ അപ്രസക്തരാക്കുക, പെൺകുട്ടികളുടെ മേൽ ആണത്തപരമായ രക്ഷാകർത്തൃത്വം സ്ഥാപിക്കുക ഇവയുടെ പേരിലുള്ള ആരോപണം സാമൂഹികശാസ്ത്രപരമായ നിരീക്ഷണമാണ്. സാമ്പത്തികസംരംഭം എന്ന നിലയ്ക്കുള്ള ചലച്ചിത്രാസൂത്രണത്തെക്കുറിച്ചുള്ള വിവരമാണ് ശ്രീനിവാസൻ അഭിമുഖത്തിൽ പങ്കുവച്ചത്.  ഇവയിലെ ശരിതെറ്റുകളെപ്പറ്റിയുള്ള ഏകപക്ഷീയമായ തീർപ്പുകളേക്കാൾ  പ്രത്യേക അനുപാതങ്ങളിൽ ഇവ രണ്ടും കൂട്ടിച്ചേർന്നാണ് ചലച്ചിത്രരൂപത്തിലെ സർഗാത്മകമികവുകൾ രൂപം കൊള്ളുന്നതെന്നാണ് യാഥാർത്ഥ്യം.  

 ‘പഞ്ചവടിപ്പാല’ത്തിലെയും ‘അറബിക്കഥ’യിലെയും അഭിനേതാവ്) ‘വെള്ളാനകളുടെ നാടി’ലെയും ‘വരവേൽപ്പിലെ’യും (അഭിനേതാവും രചയിതാവും) ശ്രീനിവാസന്റെ പങ്ക് വ്യത്യസ്തനിലയിലാണെങ്കിലും അരാഷ്ട്രീയതയുടെ പേരിൽ ഒരുപാട് കുറ്റാരോപണങ്ങൾ  ഏറ്റുവാങ്ങിയ സന്ദേശത്തോടൊപ്പം അവയെയും രാഷ്ട്രീയസിനിമകളായിത്തന്നെ പ്രേംചന്ദ് സ്ഥാനപ്പെടുത്തുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.  (വെള്ളിത്തിരയിലെ ശ്രീനി ഇഫക്ട്)  മുടക്കുമുതലിന്റെ താത്പര്യം സംരക്ഷിക്കാൻ വേണ്ടി അദ്ദേഹം നടത്തിയ വിട്ടു വീഴ്ചകളെ പ്രേംചന്ദ് കാണാതിരിക്കുന്നുമില്ല.  സോവ്യറ്റ് നാടുകളുടെ പതനത്തോടെ ഇടതുപക്ഷവിശ്വാസത്തിനു  പ്രാദേശികമായി സംഭവിച്ച പ്രത്യാശാനഷ്ടത്തിന്റെ സാംസ്കാരികരേഖയായി പ്രേംചന്ദ് ‘സന്ദേശ’ത്തെ നോക്കിക്കാണുന്നു. സന്ദേശത്തിലെ പ്രകാശന്റെ തുടർച്ച ശ്രീനിവാസൻ കഥയെഴുതിയ ‘ഞാൻ പ്രകാശനിലു’മുണ്ട്.  പ്രഭാകരന്റെ തുടർച്ചയായി അറബികഥയിലെ ക്യൂബാ മുകുന്ദനുമുണ്ട്. അവിടെ പക്ഷേ രചനാപരമായ തുടർച്ചയല്ല, പ്രകടനപരമായ തുടർച്ചയാണെന്നും പറയണം. 

‘ഉദയനാണു താര’ത്തിലൂടെയും ‘പത്മശ്രീ ഭരത് സരോജ് കുമാറി’ലൂടെയും സിനിമയുടെ ലോകത്തിലെ വ്യാജബിംബങ്ങളെ കളിയാക്കിയ ശ്രീനിവാസൻ, പ്രദീപ് ചൊക്ലിയുടെ ‘ഇംഗ്ലീഷ് മീഡിയ’ത്തിലൂടെ ഡി പി ഇ പി വിദ്യാഭ്യാസപരിഷ്കരണങ്ങളെയും കല്ലെറിഞ്ഞിരുന്നു. 

  എൺപതുകളിലെ കേരളത്തിലെ തൊഴിലില്ലാപ്പടയുടെ നെടുവീർപ്പുകൾ സ്വരൂപിച്ചു പാകപ്പെട്ടു വന്നതാണ്, ടി പി ബാലഗോപാലൻ എം എ, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് തുടങ്ങിയുള്ള സിനിമകളുടെ നിറക്കൂട്ടുകൾ എന്ന് വ്യക്തമാണ്.  സ്വന്തം നിലയ്ക്കുള്ള അലച്ചിലുകൾ അടയാളപ്പെടുത്തിയ ഭൂതകാലത്തിന്റെ പശ്ചാത്തലം അവയ്ക്കു പിന്നിലുണ്ടാവണം.    രൂപേഷ് കുമാർ എഴുതിയ  ‘ശ്രീനിവാസൻ എന്ന ശരീരവും കേരളസമൂഹവും’ എന്ന ലേഖനത്തിൽ  ശ്രീനിവാസൻ രചനയ്ക്കു വിഷയമാക്കിയ സമൂഹത്തെ മറ്റു രണ്ടു ലേഖനങ്ങളുടെ എഴുത്തുകാർ കണ്ടതുപോലെയല്ല കാണുന്നത്. അതൊരു ജാതിവിഭാഗത്തിന്റെമാത്രം ആശങ്കയും നിരാശയുമായിരുന്നെന്നും അവയെ പൊതുസമൂഹത്തിന്റേയി അവതരിപ്പിച്ച് തെറ്റിദ്ധരിപ്പിച്ചുവെന്നുമാണ്. ശ്രീനിവാസൻ അവതരിപ്പിച്ച അപകർഷവും ആത്മവിശ്വാസത്തകർച്ചയും ആശ്രിതത്വവുമുള്ള കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്റെ രചനകൾ രൂപം നൽകിയ നായകകഥാപാത്രങ്ങൾ സാമൂഹികമായ മേൽക്കോയ്മ വഹിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധികളാവുന്നു എന്നാണ് നിരീക്ഷണം. ‘ശ്രീനിവാസനും സത്യൻ അന്തിക്കാടുംകൂടി  നിർമ്മിച്ചെടുത്തതാണ് കേരളീയസമൂഹം’ എന്നൊരു സാമാന്യവത്കരണവും രൂപേഷ് കുമാർ അവതരിപ്പിക്കുന്നുണ്ട്. (രൂപേഷിന്റെ ലേഖനത്തിന്റെ ആദ്യഭാഗം മാത്രമാണിത്)  

വ്യാവസായിക സംരംഭം എന്ന നിലയിലും അങ്ങേയറ്റം പ്രാദേശികമായിരിക്കുമ്പോഴും ചലച്ചിത്രങ്ങൾക്ക് ആഗോളീകരണത്തിന്റേതായ ആസ്വാദനയുക്തിയുടെ പൊതുപശ്ചാത്തലമുണ്ട്.  അത് സാങ്കേതികതയെമാത്രം ആശ്രയിക്കുന്ന ഒന്നല്ല. കാലമിത്രയായിട്ടും ഉലകനായകനായ ജെയിംസ് ബോണ്ട് ഒരു കറുത്ത വർഗക്കാരനായിട്ടില്ല. ഇക്വലൈസർ പോലെയുള്ള സിനിമാത്തുടർച്ചകളിൽ ഡെൽസെൽ വാഷിങ് ടൺ തകർത്താടുകയും ചെയ്യുന്നു. പൊന്മുട്ടയിടുന്ന തട്ടാനിലെയും കഥ പറയുമ്പോൾ-ലെയും  വടക്കുനോക്കിയന്ത്രത്തിലെയും കഥാപാത്രങ്ങൾ നേരത്തെ പറഞ്ഞ അഭിജാതശരീരങ്ങൾക്ക് എതിരു നിൽക്കുകയും ചെയ്യുന്നു. അവയും വിജയിച്ച ചിത്രങ്ങളാണ്. അഭിനേതാക്കളുടെ ശരീരസ്ഥിതിയെ ആസ്പദമാക്കി  കഥാപാത്രങ്ങളുടെ ജാതി നിർണ്ണയിക്കുന്നതു ആകർഷകമായ നിരൂപണ പദ്ധതിയായി തോന്നി. എന്നാൽ  സാംസ്കാരിക ഉല്പന്നങ്ങളിൽ, സാമൂഹികശാസ്ത്രൈക വീക്ഷണം വഴി കണ്ടെത്തുന്ന ശരിതെറ്റുകളെ റദ്ദ് ചെയ്യുന്ന യുക്തികൾ ചലച്ചിത്രങ്ങൾ അവയ്ക്കുള്ളിൽ സൂക്ഷിക്കാറുണ്ടെന്നതാണ് വസ്തുത. അതിന്റെ പ്രവർത്തനവഴികൾ സങ്കീർണ്ണമായതുകൊണ്ടുതന്നെ.   

 മറ്റൊരർത്ഥത്തിൽ  ഇതെല്ലാം ശ്രീനിവാസൻ എന്ന കലാകാരവ്യക്തിത്വത്തിന്റെ സങ്കീർണ്ണവൈരുദ്ധ്യത്തെകൂടി വെളിപ്പെടുത്തുന്നു എന്നു പറയാം, ചലച്ചിത്രങ്ങളുടെ കാര്യംപോലെതന്നെ.

എഴുത്തുകുത്ത്, മാധ്യമം ആഴ്ചപ്പതിപ്പ് ഫെബ്രുവരി 2-9, 2026 

September 30, 2024

ഓണപ്പതിപ്പുകളേക്കാൾ വായിക്കാനുള്ളത്


 

ഓണപ്പതിപ്പുകളേക്കാൾ വായിക്കാനുള്ളത് ഇത്തവണത്തിലെ മാധ്യമത്തിലാണല്ലോ എന്നു തോന്നി. (27:1387)  വിജു വി നായരുടെ പംക്തി, ഒറ്റാലും തെറ്റാലിയും ഈ ലക്കം മുതലാണ് ആരംഭിക്കുന്നത്. മാധ്യമം പത്രത്തിലെ വിജുവിന്റെ പഴയപംക്തിയുടെ പേരായിരുന്നു വെള്ളെഴുത്ത്. അങ്ങനെയൊന്ന് ഉണ്ടെന്നറിയുന്നത്, വളരെ കഴിഞ്ഞിട്ടാണ്. മാധ്യമം പത്രം കയ്യിൽ കിട്ടിയിരുന്നില്ല എന്നതാണ് കാരണം. സാഹിത്യേതരമായ പുസ്തകങ്ങളിലെ ആശയങ്ങളെ സമകാലിക സാമൂഹികസംഭവങ്ങളുമായി ചേർത്ത് അവതരിപ്പിക്കുന്ന ലേഖനങ്ങളായിരുന്നു, കലാകൗമുദിയുടെ സുവർണ്ണകാലത്തുള്ള വായനാനുഭവങ്ങളിലൊന്ന്. സാങ്കേതികമായ എഴുത്തുകൾ വരുന്നതിനു മുൻമ്പ് ഇംഗ്ലീഷ് കൂട്ടിക്കലർത്തിയ മിശ്രഭാഷയായിരുന്നു വിജുവിന്റെ എഴുത്തിന്റെ തനിമ. അതുമാത്രമല്ല. അതിന്റെ വേഗതയാണ് ഒറ്റനോട്ടത്തിൽ തിരിച്ചറിയാവുന്ന മറ്റൊരു പ്രത്യേകത. കൂടെ പിടിക്കാവുന്ന ഒഴുക്കല്ല അതിനുള്ളത്. അദ്ഭുതകരമായ കാര്യം, ഇപ്പോഴും മിശ്രതയ്ക്ക് കുറവുവന്നിട്ടുണ്ടെങ്കിലും എഴുത്തിന്റെ വേഗത്തിന് ലവലേശം മാറ്റമുണ്ടായിട്ടില്ലെന്ന് 'ഉദകപ്പോള' തെളിവു നൽകുന്നു. അപായഭീതി എങ്ങനെസാമൂഹികമാധ്യമങ്ങളെ സമ്പർക്കത്തിൽ നിർത്താൻ വ്യക്തിയെ സഹായിക്കുന്നു എന്ന് എന്നിതിൽ ബിജു വിശദീകരിക്കുന്നു. 'തൃപ്തിപ്പെടുത്തലും മതിയാകലും' കൂട്ടിച്ചേർത്ത് ഹെർബർട്ട് സൈമൺ ദൃഷ്ടിച്ച പുതിയ (കാലത്തിന്റെ) വാക്ക് 'സാറ്റിസ്ഫൈസ്' പുതിയ ഏകാകി സമൂഹങ്ങൾക്കും സമൂഹാംഗങ്ങൾക്കുമുള്ള ഭരതവാക്യമാകുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്നു.  രണ്ടാം ലോകയുദ്ധത്തിൽ പ്രതിയോഗികളായിരുന്ന റഷ്യയുടെയും ജർമ്മനിയുടെയും കാര്യത്തിൽ വേണ്ടതിലധികം ആയുധസാമഗ്രികളുണ്ടായിരുന്ന ജർമ്മനിയുടെ വിജയസാധ്യത റഷ്യയ്ക്കുമുന്നിൽ തകർന്നടിഞ്ഞതെങ്ങനെയെന്ന്  ചരിത്രകാരനായ റിച്ചാർഡ് ഓവറിയുടെ വസ്തുതാന്വേഷണത്തെ വച്ചുകൊണ്ട് എത്തിച്ചേരുന്ന നിഗമനം 'തൃപ്തിയായത്രമതി'യെന്നാമ്മ്ണ്. വ്യക്തിക്കുമാത്രമല്ല, രാഷ്ട്രങ്ങൾക്കും ബാധകമാണ് ഈ നിർദ്ദേശം.

പത്തു കവിതകളാണ് മറ്റൊരു ആകർഷണം. കളത്തറ ഗോപന്റെയും എ കെ റിയാസ് മുഹമ്മദിന്റെയും  സുകുമാരൻ ചാലിഗദ്ധയുടെയും ഉദയ പയ്യന്നൂരിന്റെയും ശ്രീകാന്ത് താമരശ്ശേരിയുടെയും  ഹരീഷ് ശക്തിധരന്റെയും കവിതകൾ പ്രത്യേകം പ്രത്യേകം വായന ആവശ്യപ്പെടുന്നതാണ്. ജയശ്രീ പള്ളിക്കലിന്റെ ഫിസ്ക്വിന എന്ന കവിതാശീർഷകത്തിന്റെ അർത്ഥം ഫിന്നിഷിലാണ് അന്വേഷിക്കേണ്ടത്, മീൻകാരിയെന്നാണ്. ബൈബിളിലെ പ്രേതാവിഷ്ടനായ ലെഗിയോന്റെ പേരാണ് ബാബു സക്കറിയയുടെ കവിതയ്ക്ക്. വൈകാരികതയ്ക്കൊപ്പം കവിത ബൗദ്ധികതയിലേക്കുകൂടി കൂടുമാറുന്നതിന്റെ ലക്ഷനങ്ങൾ കവിതകൾക്കുണ്ട്. അതുകൊണ്ട് സമകാലികമായ സമൂഹത്തിന്റെയും ലോകത്തിന്റെയും സാംസ്കാരികതയുടെയും ഇനിയും വിശദീകരിക്കപ്പെട്ടിട്ടില്ലാത്ത സ്വഭാവം ഏറ്റുവാങ്ങുന്ന   സമാഹാരമായി ഈ പത്തു കവിതകളുംകൂടി ആഴ്ചപ്പതിപ്പിനെ മാറ്റുന്നു എന്നു പറഞ്ഞാലും ശരിയാവും.

ബി രാജീവൻ അദ്ദേഹത്തിന്റെ അഭിമുഖത്തിനെപ്പറ്റി കത്തെഴുതിയ സൗരത്ത് പി കെയ്ക്ക് നൽകുന്ന മറുപടിയിൽ "മനുഷ്യരുടെ സാമൂഹികജീവിതത്തിന്റെ എല്ലാ ആന്തരിക സ്വകാര്യതകളിൽനിന്നും  മുക്തമായ തികച്ചും യുക്തിബദ്ധമായ ഒരു ആധുനിക പൗരസമൂഹപൊതുമണ്ഡലസങ്കല്പവും അതിന്റെ ശുദ്ധരാഷ്ട്രീയവും" അപ്രായോഗികമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ജാതിയെമുൻനിർത്തിയുള്ള നീക്കുപോക്കുകളുടെ പേരിൽ ശുദ്ധ ആദർശവാദികൾ ഉണ്ടാകുന്ന മാറ്റത്തെ അവഗണിക്കുന്നതിലും ആദർശാത്മകമായ ലോകം ആകാശർത്തുനിന്ന് ഇറങ്ങിവരുന്നത് കാത്തിരിക്കുന്നതിലുമുള്ള അസംബന്ധത്തെ ഒന്നുകൂടി ഊന്നി പറയുകയാണ് രാജീവൻ. ദെല്യൂസിന്റെ കീഴാളരാഷ്ട്രീയ സങ്കല്പത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ എന്നപോലെ മലയാള ഭാഷയുടെയും പശ്ചാത്തലത്തിൽ കൂടുതൽ വികസിച്ചു വരികയാണ് രാജീവന്റെ വാക്കുകളിലൂടെ എന്നാണ് " ലിബറൽ സെക്കുലറിസത്തിന്റെ കീഴാളവിരുദ്ധത" വായിച്ചപ്പോൾ അനുഭവപ്പെട്ടത്.  

അബ്ദുൽ അലി ജാമൂസ് ഫലസ്തീൻ കവിയായ മഹ്മൂദ് ദർവീശിനെപ്പറ്റി നടത്തിയ അഭിമുഖം, എം ജി രാധാകൃഷ്ണന്റെ സീതാറാം യെച്ചൂരി  അനുസ്മരണം. സിദ്ധാന്തങ്ങളുടെ വരവിനെപ്പറ്റി ഡോ. സി ഗോപിനാഥപിള്ളയുടെ ലേഖനം,  മാർക്സ് അംബേദ്കർ ആശയപ്പൊരുത്തത്തെപ്പറ്റിയുള്ള പി പി സത്യൻ കാലോചിതമായ ആലോചന, എന്നിങ്ങനെ വായനയ്ക്ക് അനുഭവം പകരുന്ന മറ്റു വിഭവങ്ങളെപ്പറ്റിയും പറയാം.
സുഭാഷ് ഒട്ടുപുറത്തിന്റെ കഥയ്ക്ക് സലീം റഹ്മാൻ വരച്ച ചിത്രമാണ് കവർ. എഴുത്തുകാരന്റെ ചിത്രം കൊടുക്കുക എന്ന പതിവിൽനിന്നു വ്യത്യസ്തമാണിത്. സ്വാഭാവികമായും പത്രാധിപർ ഒരു കഥയെ ആഴ്ചപ്പതിപ്പിന്റെ മുഖ്യവിഭവമായി അവതരിപ്പിക്കണമെങ്കിൽ അതിൽ കഥയ്ക്കൊപ്പം കാര്യവും ഉണ്ടാവണമല്ലോ. 'ധൃതരാഷ്ടം' രാഷ്ട്രീയകഥയാണ്. മാതൃഭൂമിയിൽ അശോകൻ ചരുവിൽ എഴുതിയ 'ഫാസിസത്തിനെതിരെ ഒരു നാടകവും' കൈകാര്യം ചെയ്യുന്നത് സമകാലിക ദേശീയ രാഷ്ട്രീയത്തെയാണ്. അശോകൻ ചരുവിലിന്റെ കഥയിലെന്നപോലെ പ്രാദേശികമായി ആ വിഷയത്തെ സുഭാഷ് ചാലിച്ചെടുക്കുന്നില്ല. പകരം സമാനമായ ആശങ്കയെ  രൂപകാത്മകവുമാക്കി അവതരിപ്പിക്കുകയാണ്. അതുകൊണ്ട് കഥയുടെ ഒച്ച സൗമ്യമാണ്. ചരുവിലിന്റെ കഥയിൽ ഫാസിസം പരിചിതമായ ഒരനുഭവമാണ്. അനുഭവങ്ങൾക്കു മേലുള്ള ഏകപക്ഷീയമായ കടന്നുകയറ്റമാണ്. അത് കൂടുതൽ വിവൃതമാണ്. അതിന്റെ ദിശ സൂക്ഷ്മവും പലതായി ചിതറുന്നതുമാണ്. സുഭാഷിന്റേത് സാമാന്യവത്കരിക്കാൻ പറ്റാത്ത തരത്തിലുള്ള അപരിചിതവും അപൂർവവുമായ അനുഭവാഖ്യാനമാണ്. അതിനു മൂർച്ചയേറിയ ഒറ്റക്കൊമ്പാണുള്ളത്. അതാണു വ്യത്യാസം.

മാധ്യമം ആഴ്ചപ്പതിപ്പ് ഒക്ടോബർ 7, 2024

June 13, 2024

മലയാള സിനിമയിലെ ഹാസ്യം


 

പൊതുവേ ചിരിക്കാൻ ഇഷ്ടപ്പെടുകയും ചിരിപ്പടങ്ങളെ കലവറയില്ലാതെ വിജയിപ്പിക്കുകയും എന്നാൽ ചിരിപ്പിക്കുന്നവരിൽ അപകർഷം കാണുകയും ചെയ്യുന്ന മനോഘടനയാണ് സാമാന്യമായി മലയാളി പ്രേക്ഷകർക്കുള്ളത്. അതുകൊണ്ട് ‘ഹാസ്യത്തെ തമാശയായി കാണരുത്’ എന്ന  വിജിത് എം സിയുടെ താക്കീത് (ലക്കം 1369) പ്രസക്തമാണ്. വിജിത്ത് എഴുതുമ്പോലെ ഹാസ്യരസപ്രധാന വേഷങ്ങൾ അഭിനയിക്കുന്നവരെ മുഖ്യ അഭിനേതാക്കൾക്കൊപ്പം പരിഗണിക്കണമെന്ന ആവശ്യത്തിനൊപ്പം ചലച്ചിത്രത്തിന്റെ സ്വത്വപരമായ മറ്റു ചില സംഗതികളും ഈ വിചാരത്തിനൊപ്പം പരിഗണിക്കാവുന്നതാണെന്ന് തോന്നി. അവയിലൊന്നാമത്തേത് ചലച്ചിത്രങ്ങൾ എന്തിനെയാണ് തമാശയാക്കുന്നത് എന്ന കാര്യമാണ്.  വ്യക്തികളുടെ ശാരീരികപരിമിതികളും ന്യൂനതകളും സാമൂഹികമായ പദവിബന്ധങ്ങളും രാഷ്ട്രീയമായ ശരികേടുകളും ചിരിക്കു വിഭവമാക്കി മാറ്റുന്നു എന്നതിൽനിന്ന് സമകാലിക സിനിമ വിമുക്തി നേടി വരുന്നു. ‘ബാംബു ബോയ്സ്’ പോലെയൊരു സിനിമ ഇനി ആരെയും ചിരിപ്പിക്കുമെന്ന് തോന്നുന്നില്ല. ആ നിലയിൽ വളരെ വേഗം മലയാള സിനിമ മാറുന്നുണ്ട്.

എന്നാലും മലയാള ചലച്ചിത്രങ്ങളിലെ ഹാസ്യത്തെക്കുറിച്ചുള്ള ധാരണയ്ക്ക് പല അടരുകളുള്ളതായി ചലച്ചിത്രനിരൂപണ ചരിത്രം നോക്കിയാലറിയാം. വ്യവസായമാണെന്ന ധാരണയ്ക്കൊപ്പം ചലച്ചിത്രം നേരംപോക്കിനുള്ള ഉപാധിയുമാണെന്ന വിശ്വാസം തുടക്കകാലം മുതൽ ഇവിടെ നിലനിന്നിരുന്നു. മലയാളത്തിലെ പ്രസിദ്ധ ആദ്യകാല നിരൂപകനായ സിനിക്ക് തന്റെ ആദ്യ പുസ്തകമായ ചലച്ചിത്രചിന്തകളിൽ (1959) “മനോരഞ്ജനത്തിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളിലെ ഹാസ്യത്തെ കാണുകമാത്രമല്ല, മനഃശാന്തി കുറഞ്ഞും ജീവിതസങ്കടങ്ങൾ നിറഞ്ഞും കാണപ്പെടുന്ന ജീവിതത്തിൽ  മനോവ്യഥയെ ദ്വിഗുണീഭവിപ്പിക്കുന്ന ദുഃഖാകുലമായ പ്രമേയങ്ങൾ അവതരിപ്പിക്കുന്നത് സിനിമ കാണാനായി വരുന്ന സാധുവിനോട് ചെയ്യുന്ന ദ്രോഹമാണെന്നും” എഴുതി. ഗൗരവമുള്ള വിഷയങ്ങൾ ആവശ്യമില്ല എന്നല്ല, ആസ്വാദകർ അധികവും തിയേറ്ററിൽ എത്തുന്നത് വിനോദത്തിനുവേണ്ടിയായതുകൊണ്ട് ഭൂരിപക്ഷം ചിത്രങ്ങളും അങ്ങനെ ആകാതെ പറ്റില്ലെന്ന നിലപാടാണ് സിനിക്ക് എടുക്കുന്നത്. നമ്മുടെ നാട്ടിലെ ചലച്ചിത്രനിർമ്മാതാക്കളിൽ അധികംപേരുടെയും കണ്ണെത്തിയിട്ടില്ലാത്ത ഒരു വിഭാഗമാണ് വിനോദചിത്രങ്ങളെന്നും അവരുടെ സത്വരശ്രദ്ധ അതിൽ പതിയേണ്ടത് അത്യാവശ്യമാണെന്നും കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി നമ്മുടെ സിനിമയെ ആകപ്പാടെ ബാധിച്ചിട്ടുള്ള നിർജ്ജീവത്വത്തെ മാറ്റി അതിനു നവോന്മേഷവും പ്രസരിപ്പും നൽകാൻ പറ്റിയ മാർഗങ്ങളിൽ അതിപ്രധാനമാണിത്” എന്നും അദ്ദേഹം പറയുന്നു.

എന്നാൽ സിനിക് അവസാനം  പ്രസിദ്ധീകരിച്ച പുസ്തകമായ ‘കാഴ്ചപ്പാടി’ (1980) ലെത്തിയപ്പോൾ അദ്ദേഹം തന്റെ നിലപാട് മാറ്റി. ഇതിവൃത്തവുമായി ഇഴുകിച്ചേരാതെ ചിരിപ്പിക്കുന്നതിനുവേണ്ടിയുള്ള വിഡംബനം എന്ന മട്ടിൽ നിലനിന്ന ഹാസ്യരംഗങ്ങളെക്കുറിച്ച് സിനിക്ക് എഴുതി : "തിന്നാനുള്ളത് വാരിവലിച്ചു തിന്നുക, പെൺകോന്തന്മാരായി അഭിനയിക്കുക, അഴിഞ്ഞൂരി പോകുന്ന ഉടുപ്പുകളുമായി കെട്ടിമറിയുക, അംഗവൈകൃതങ്ങളുടെ അരുചാരി ചിരിപ്പിക്കാൻ ശ്രമിക്കുക, കല്ലുവെച്ച വങ്കത്തങ്ങളും കോമാളിക്കളികളുംകൊണ്ട് അരങ്ങു തകർക്കാൻ ശ്രമിക്കുക. ഇവയിലൊന്നുംതന്നെ ഊറിചിരിക്കാൻ വക കാണുന്നില്ലെന്ന് വ്യക്തം.” ജനപ്രീതിക്കും വാണിജ്യവിജയത്തിനുമുള്ള ചേരുവകൾമാത്രമായി നാടകീയ ഗൗരവമുള്ള കുടുംബചിത്രങ്ങൾക്കിടയിലും മറ്റും ഔചിത്യമില്ലാതെ ചേർത്തുവച്ച പ്രകടനങ്ങൾ എന്ന നിലയിൽ കമ്പോളത്തിന്റെയും കച്ചവടത്തിന്റെയും ഭാഗമായ ഒരു ചട്ടക്കൂടായിത്തീർന്നു എൺപതുകളായപ്പോഴേക്കും  മലയാള സിനിമയിലെ ഹാസ്യം. എസ്. പി. പിള്ള, മുതുകുളം രാഘവൻ പിള്ള, പരിയാനംപറ്റ, അടൂർഭാസി, ബഹദൂർ തുടങ്ങിയ മലയാളത്തിലെ ആദ്യകാല ഹാസ്യനടന്മാരുടെ പ്രകടനങ്ങളിൽ വിദേശതമാശപ്പടങ്ങളുടെ അനുകരണങ്ങളും ഹാസ്യത്തിനുവേണ്ടി ഹാസ്യം എന്ന നിലയ്ക്ക് പഴയ വേദിനാടകങ്ങളുടെ സ്വാധീനവും വ്യക്തമാണ്. നിലപാടുകളുടെ വ്യക്തതയില്ലായ്മ കാരണം ഉദാത്ത ഹാസ്യത്തിന്റെ തലത്തിലേക്കുയരാനോ ഇതിവൃത്തഘടനയുമായി ചേർന്നു നിൽക്കാനോ അവയിൽ ഭൂരിഭാഗവും ശ്രമിച്ചതുമില്ല. ഹാസ്യതാരങ്ങളോടുള്ള അപകർഷം തുടങ്ങുന്ന പ്രകരണം ഇതായിരിക്കണം.

ചലച്ചിത്രങ്ങളിലെ ഹാസ്യത്തെപ്പറ്റി വ്യത്യസ്തവും പ്രത്യയശാസ്ത്രപരവുമായ വീക്ഷണമാണ് രവീന്ദ്രനുണ്ടായിരുന്നത്.  (സിനിമ സമൂഹം പ്രത്യയശാസ്ത്രം, 2007) ഉപരിവർഗ ഗുണങ്ങളാൽ പരിസേവിതനായ നായകന്റെ ഔന്നത്യത്തിനു മുന്നിൽ സ്വന്തം അല്പത്തരങ്ങളും മണ്ടത്തരങ്ങളും അവതരിപ്പിച്ചുകൊണ്ട് മലയാളസിനിമയിൽ പ്രത്യക്ഷപ്പെടുന്ന ഹാസ്യകഥാപാത്രങ്ങൾ അദ്ധ്വാനിക്കുന്ന ഭൂരിപക്ഷത്തിന്റെ പ്രതിനിധികളാണെന്ന കാര്യമാണ് അദ്ദേഹം എടുത്തു കാട്ടുന്നത്. നായകൻ ചെയ്യുന്ന ഉദാത്തമായ പ്രവർത്തനങ്ങളെ വികൃതമായി അനുകരിക്കുന്ന, ഹാസ്യകഥാപാത്രങ്ങളുടെ ചെയ്തികളാണ് പലപ്പോഴും ചിരിയുണർത്തുന്നത്.  സർക്കസിലെ ഉയർന്ന അഭ്യാസികളെ അനുകരിച്ച് ആളുകളെ ചിരിപ്പിക്കുന്ന കോമാളിവേഷങ്ങളോടാണ് ചലച്ചിത്രത്തിലെ ഹാസ്യകഥാപാത്രങ്ങൾക്ക് സാമ്യം എന്നു രവീന്ദ്രൻ പറയുന്നു. മിഡ്ജെറ്റുകൾ എന്നാണ് അദ്ദേഹം അവർക്കു നൽകുന്ന പേര്. ഉന്നതനായ നായകന്റെ അഭിജാതമായ പ്രവർത്തനങ്ങളുമായുള്ള താരതമ്യത്തിൽ ഈ ഹാസ്യവേഷങ്ങൾ ഏറ്റുവാങ്ങുന്നത് നിന്ദാപൂർവമുള്ള പരിഹാസ്യതയാണ്. കാണികളായിരിക്കുന്നവരിൽ ഭൂരിഭാഗത്തിനും അവരുടെ യാഥാർത്ഥ്യങ്ങളിൽ വീരനായകനുമായല്ല, ഭീരുക്കളും നിസ്സഹായരും പരിഹാസവിഷയവുമായ മിഡ്ജെറ്റുകളുമായാണ് സാമ്യം. നായകഗുണങ്ങൾ ആരാധിക്കാനും ബഹുമാനിക്കാനുമുള്ളതും സ്വന്തം ജീവിതപരിസരങ്ങളും ചെയ്തികളും പരിഹസിക്കാനും നിന്ദിക്കാനുമുള്ളതും എന്ന ‘അപബോധ’മാണ് ചലച്ചിത്രങ്ങൾ ഹാസ്യപ്രകടനങ്ങൾ വഴി സൃഷ്ടിക്കുന്നത്. അതുകൊണ്ട് അത് ഗൗരവമുള്ള വിഷയമാണെന്ന് രവീന്ദ്രൻ എഴുതി.

തമാശകൾ വെറും തമാശകളല്ലെന്നും അവയ്ക്ക് സിനിമയ്ക്കകത്തുമാത്രമല്ല,  പുറത്തും  നമ്മൾ കാണാത്ത ഒരുതരം ജീവിതമുണ്ടെന്നുമാണ് ഇതിനർത്ഥം. “അല്ലാ തമാശ്യാക്കാണ്? എന്നാങ്ങനെ ആക്കണ്ട ട്ടാ...” എന്ന വിജിത്തിന്റെ ലേഖന ശീർഷകം ആ തരത്തിലും പ്രസക്തമായിത്തീരുന്നു. 


എഴുത്തുകുത്ത്, മാധ്യമം ആഴ്ചപ്പതിപ്പ് 2024 ജൂൺ 10-17

June 4, 2024

ഭാഷാപഠനവും സൗന്ദര്യമൂല്യവും




മാതൃഭൂമിയിലെ ഭാഷാസംവാദത്തിൽ പങ്കെടുത്തുകൊണ്ട് സജയ് കെ വി, പങ്കുവച്ച  തന്റെ വിദ്യാഭ്യാസകാലത്തെ സാഹിത്യപഠനാനുഭവങ്ങളും അവയെ മുൻനിർത്തിയുള്ള നിരീക്ഷണങ്ങളും (102:10) പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.   മലയാള അക്ഷരമാലപോലും സ്വായത്തമാക്കാതെ കുട്ടികൾ എ പ്ലസും വാങ്ങി ഒരു മഹാഭൂരിപക്ഷം സ്കൂളിൽനിന്നിറങ്ങുന്നതിനെയാണ് ആഴ്ചപ്പതിപ്പിൽ തുടർന്നുവരുന്ന ചർച്ച പ്രാഥമികമായി ഉന്നം വയ്ക്കുന്നത്.  അക്ഷരപഠനത്തോടൊപ്പം ഇല്ലാതായി പോയ, മറ്റു ചില ഭാഷാപഠനമേഖലയിലെ മറ്റു ചില ഭാഗങ്ങളിലേക്കുകൂടി വെളിച്ചം പകരാൻ ലേഖനത്തിനു കഴിഞ്ഞു.

ഡി പി ഇ പിയെ തുടർന്നുള്ള പാഠപദ്ധതിസമീപനരീതികൾ, പാഠ-പാഠനരീതികളെ സമൂലം പരിഷ്കരിക്കുകയും  വ്യാകരണവും വൃത്താലങ്കാരങ്ങളും പഠിക്കുക, വരികൾ മനഃപ്പാഠമാക്കുക, കോപ്പിയെഴുതുക തുടങ്ങിയുള്ള പാരമ്പരാഗതമായ അഭ്യസനസമ്പ്രദായങ്ങളെ കൈയൊഴിയുകയും പാഠഭാഗത്തുനിന്നുള്ള ചോദ്യങ്ങൾ (Content Based) ഒഴിവാക്കുകയും ചെയ്തതോടെ ഭാഷാപഠനത്തിൽ ഉണ്ടായി എന്നു വിശ്വസിക്കുന്ന പ്രതിസന്ധിയാണ് ഇപ്പോൾ അക്ഷരമാലാവിവാദമായി ചുരുക്കത്തിൽ അറിയപ്പെടുന്നത്. വാസ്തവത്തിൽ അക്ഷരമാല മാത്രമല്ല പാഠപുസ്തകങ്ങളിൽനിന്ന് ഒഴിഞ്ഞു പോയത്.  ചൂരൽ പ്രയോഗങ്ങളും ആവർത്തിച്ചെഴുത്തും പോലെയുള്ള ബാഹ്യമായ ചോദനങ്ങളേൽപ്പിച്ചുള്ള വിരസവും യാന്ത്രികവുമായ നിർബന്ധിത പഠനത്തിനു പകരം, കുട്ടിയുടെ ചിന്താപ്രക്രിയയ്ക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള,  ക്ലാസ് മുറിയിലെ പ്രവർത്തനത്തിലൂടെ അറിവു നിർമ്മിക്കുന്ന  അഭ്യസനരീതിയാണ് ഇപ്പോൾ സ്കൂൾ ക്ലാസുകളിൽ നടപ്പിലാക്കിവരുന്നത്. നിർഭാഗ്യവശാൽ നമ്മുടെ പരീക്ഷാസമ്പ്രദായങ്ങളിൽ ഇതിനനുസരിച്ചുള്ള മാറ്റമൊന്നും ഉണ്ടായിട്ടുമില്ല. സ്കുളുകളിലെ ക്ലാസ് മുറികൾ അടിമുടി മാറി എന്ന അവകാശപ്പെടുമ്പോഴും പ്രധാനപ്പെട്ട മൂല്യനിർണ്ണയ-വിലയിരുത്തൽ ഉപാധി ഇപ്പോഴും രണ്ട്- രണ്ടര മണിക്കൂർ നീളുന്ന എഴുത്തു പരീക്ഷയായി തുടരുകയാണ്. മാത്രമല്ല അതിനു വമ്പിച്ച പ്രാധാന്യം  മാധ്യമങ്ങളും അധികാരികളും ഔദ്യോഗിക വക്താക്കളുമെല്ലാം ചേർന്ന് വർഷാവർഷം നൽകുന്നുമുണ്ട്. ചോദ്യരീതികളാവട്ടെ, പഴയ ചേഷ്ടാവാദത്തിനും പുതിയ ജ്ഞാന നിർമ്മിതിവാദത്തിനും ഇടയിലെവിടെയോ കുടുങ്ങിക്കിടക്കുകയുമാണ്.  എഴുത്തിലൂടെ തെറ്റില്ലാതെ ആശയവിനിമയം നടത്തി തങ്ങൾ നേടിയതെന്തെന്ന് പരീക്ഷകരെ ബോധ്യപ്പെടുത്താൻ കുട്ടികൾ നിർബന്ധിതരാകുന്ന സാഹചര്യത്തിനു മാറ്റമൊന്നും വന്നിട്ടില്ല എന്നർത്ഥം. അക്ഷരമാല പ്രധാനമാകുന്നതും അതുകൊണ്ടാണ്. പരിഷ്കരിച്ച രീതിയിൽ കുട്ടികൾക്ക് അതിനനുസരിച്ചുള്ള അഭ്യാസങ്ങളും വിലയിരുത്തൽ രീതികളും ഇല്ലാതെ വരുമ്പോൾ   ഉദാരമനസ്കരായി സ്കോറുകൾ നൽകി അവരെ കടത്തിവിടുക എന്ന നയം സ്വീകരിക്കാൻ വിദ്യാഭ്യാസ മേഖലയിലുള്ളവരും (അവിടെ അദ്ധ്യാപകർ മാത്രമല്ല പ്രതി) നിർബന്ധിതരാകുന്നു. അതുകൊണ്ടാണ് എന്തൊക്കെ എതിർവാദങ്ങൾ ഉന്നയിച്ചാലും സാമൂഹികമോ അല്ലാത്തതോ ആയ ജ്ഞാനനിർമ്മിതി വാദം, ആശയാവതരണവാദം, അദ്ധ്യാപകരെന്ന സഹപഠിതാക്കൾ, കുട്ടികൾ ഒഴിഞ്ഞ പാത്രങ്ങളല്ല,  ക്ലാസ് മുറി ജനാധിപത്യവേദിയാണ്  തുടങ്ങിയ  സാങ്കേതികസങ്കല്പങ്ങൾ എത്രയുച്ചത്തിൽ പറഞ്ഞാലും പൊതുസമൂഹത്തിനു മനസിലാകാതെ പോകുന്നത്.

90 കളുടെ അവസാനം നടന്ന പാഠ്യപദ്ധതി പരിഷ്കാരവും (ഹയർ സെക്കന്ററിയിൽ 2007-ൽ)  അതിനെ തുടർന്ന് നിർമ്മിച്ച പാഠപുസ്തകങ്ങളും കേരളീയ സമൂഹം നേരിടുന്ന സമസ്യകളെ,  ജലവിഭവമാനേജുമെന്റിന്റെ അഭാവം, പാർശ്വവത്കൃത ജീവിതം വിശ്വമാനവൻ തുടങ്ങിയ ഏഴു പ്രശ്നമേഖലകളാക്കി അവയെപ്പറ്റിയുള്ള അവബോധം കുട്ടികളിൽ നിർമ്മിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ആസൂത്രണം ചെയ്തതാണ്.  അതിനനുസരിച്ചുള്ള പാഠങ്ങളാണ് തെരെഞ്ഞെടുതും ഈ പ്രശ്നമേഖലകളിലേക്ക് കുട്ടികളുടെ ശ്രദ്ധയെത്തുന്ന വിധത്തിലാണ് അഭ്യാസങ്ങൾ എഴുതിച്ചേർത്തതും. സാഹിത്യരചനകളെ സാമൂഹിക പ്രശ്നങ്ങൾ വിശകലനം ചെയ്യാനുള്ള ഉപാധിയായി ക്ലാസ് മുറികളിൽ വിനിമയം ചെയ്യുന്നത് ഭാഷയുടെ സൗന്ദര്യതലങ്ങളെ അവഗണിക്കുന്നതിനു കാരണമായിത്തീരുന്നുണ്ട്.  സാംസ്കാരിക ഘടനയ്ക്കകത്ത് പ്രവർത്തിക്കുന്ന ഭാഷാവ്യവഹാരങ്ങൾ എന്ന നിലയിൽ പ്രാഥമികമായി കുട്ടിയുടെ ഭാഷാപഠനം അതിന്റെ സൗന്ദര്യാത്മകതയ്ക്കു ഊന്നൽ നൽകിയാവുന്നതാണ് നല്ലത്. കുട്ടികൾ അവർ ജീവിക്കുന്ന സമൂഹത്തിന്റെ പ്രശ്നങ്ങളിലേക്കും പ്രശ്നനിർദ്ധാരണത്തിനുള്ള വഴികളെപ്പറ്റിയുള്ള ആലോചനകളിലും എത്തുന്നതിൽ തകരാറൊന്നുമില്ല. എന്നാൽ ക്ലാസുമുറികൾ വിശദീകരണയോഗങ്ങളും ലഘുലേഖനിർമ്മാണവേദികളും ആകുന്നതോടൊപ്പം സൗന്ദര്യവിചാരചർച്ചകളിൽ ഏർപ്പെടുന്നതിൽ തെറ്റൊന്നുമില്ല. ഭാഷാസംവാദത്തിൽ പങ്കെടുത്തുകൊണ്ടെഴുതിയ കുറച്ചുപേരെങ്കിലും പരോക്ഷമായി ഈ വസ്തുത സ്വന്തം അനുഭവകഥനങ്ങളിലൂടെ സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്.  അക്ഷരപഠനത്തെ മാത്രമല്ല, അതിനേക്കാൾ ഗൗരവമുള്ളതായി പരിഗണിക്കേണ്ട,  ഭാഷയുടെ സൗന്ദര്യതലത്തെയും അവഗണിക്കുന്നതല്ലേ ഇപ്പോഴത്തെ  പാഠ്യപദ്ധതിസമീപനമെന്ന സംശയത്തെ ബലപ്പെടുത്തുകയാണ് സജയ് കെ വിയുടെ ‘ചന്തയിൽ തണ്ണിമത്തൻ വിൽക്കുന്ന ചിലിയൻ ബാലനും പ്രകാശം പരത്തുന്ന ഹയസിന്തപ്പെൺകുട്ടിയും’ എന്ന ലേഖനം.
 

ഈ ആശയക്കുഴപ്പം അദ്ധ്യാപകസമൂഹത്തിനുമുണ്ട്. ചർച്ചയിൽ വാരാത്ത വിഷയമാണെങ്കിലും കഴിഞ്ഞ ഏതാനും വർഷത്തെ മലയാളം ചോദ്യപ്പേപ്പറുകൾ പരിശോധിച്ചാൽ കാര്യം വ്യക്തമാകും. അച്ചടിപ്പിശകുകൾ മാത്രമല്ല, പ്രയോഗവൈകല്യങ്ങളും വാക്യഘടനയിലെ തെറ്റുകളും അവയിലുണ്ട്. പല ചോദ്യങ്ങളും ആവർത്തനങ്ങളാണ്. സർഗാത്മകത ചോദ്യങ്ങളുടെ പ്രധാന ഗുണമായിരിക്കണം എന്നുണ്ട്. മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ അലകോ പിടിയോ മാറ്റാതെ ആവർത്തിക്കുന്നതിൽ എന്തു സർഗാത്മകതയാണുള്ളത്?  വ്യ്വഹാരരൂപങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് മറ്റൊരു സംഗതി. 2 സ്കോറിനു ചർച്ച ചെയ്യാൻ ആവശ്യപ്പെടുന്ന അവയേക്കാളൊക്കെ ശ്രദ്ധേയമായ സംഗതി, കുട്ടികളുടെ ചിന്താശേഷിക്കു പ്രാധാന്യം നൽകുന്ന ചോദ്യങ്ങൾക്കു പകരം പാഠങ്ങളുടെ ഉള്ളടക്കത്തെ മാത്രം അവലംബിക്കുന്ന, ഓർമ്മപരിശോധനയെ മാത്രം ലാക്കാക്കുന്ന ചോദ്യങ്ങൾ ക്ലാസ് മുറികളിലെ പ്രവർത്തനങ്ങളെയും ബാധിക്കും എന്നതുറപ്പാണ്. എന്തൊക്കെ അവകാശവാദങ്ങൾ ഉയർത്തിപ്പിടിച്ചു വാദിച്ചാലും കുട്ടികളെ ‘പരീക്ഷയ്ക്കു തയാറെടുപ്പിക്ക’ലാണ് അദ്ധ്യാപകരുടെ പ്രാഥമിക ധർമ്മം  എന്നു വിശ്വസിക്കുന്ന പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം ചോദ്യങ്ങൾക്കനുസരിച്ച്  ക്ലാസ് മുറി പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത അദ്ധ്യാപകർ പരാജയപ്പെട്ട പ്രത്യേകസമുദായമായി മാറും.

പന്ത്രണ്ടാം തരം വരെയുള്ള പൊതുവിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ള ഭാഷാപഠന-ബോധനരീതികളിൽനിന്നു വ്യത്യസ്തമായ പ്രഭാഷണരീതിയാണ് ഇപ്പോഴും കോളേജുകളിൽ നിലവിലുള്ളത്. ചോദ്യങ്ങൾ ഉള്ളടക്കസംബന്ധിയുമാണ്. അതുകൊണ്ട് കോളേജ് ക്ലാസുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ നിരീക്ഷണങ്ങൾക്ക് സ്വന്തം സ്കൂൾ അനുഭവങ്ങളിലെ ഭാഷാപഠനവുമായി ബന്ധപ്പെട്ട തരളസ്മൃതിയുടെ സ്വഭാവം കൈവരുന്നതായി കാണാം. രാജൻ ഗുരുക്കളുടെയും ശാരദക്കുട്ടിയുടെയും സജയ് കെ വിയുടെയും അഭിപ്രായങ്ങളെയും നിരീക്ഷണങ്ങളെയും ചേർത്തുവച്ചു നോക്കുമ്പോൾ  ചർച്ചയിൽ അധികം ആരും ശ്രദ്ധിക്കാത്ത മറ്റൊരു തലമാണ്   തെളിഞ്ഞുവരുന്നത്.

 

(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2024 ജൂൺ 9)

ശ്രീകുമാരൻ തമ്പിയ്ക്ക് വീണ്ടും തെറ്റി

 


ശ്രീകുമാരൻ തമ്പിയ്ക്ക് വീണ്ടും തെറ്റി. മാധ്യമം ആഴ്ചപ്പതിപ്പിലെ അദ്ദേഹത്തിന്റെ 'മലയാള ചലച്ചിത്രഗാനചരിത്രം' എന്ന പംക്തിയിൽ വിജയശ്രീയെ ആത്മഹത്യയിലേക്കു നയിച്ച ചൂഷണത്തെക്കുറിച്ച് എഴുതുന്നുണ്ട്. എന്നാൽ 'പോസ്റ്റുമാനെ കാണാനില്ല' എന്ന സിനിമയിലല്ല അദ്ദേഹം വിവരിക്കുന്ന വിജയശ്രീയുടെ ദൃശ്യമുള്ളത്. കുഞ്ചാക്കോ തന്നെ സംവിധാനം ചെയ്ത 'പൊന്നാപുരം കോട്ട'യിലാണ്. ആ ദൃശ്യത്തിന്റെ പ്രചാരണമാണ് വിജയശ്രീയുടെ ആത്മഹത്യയിലേക്കു നയിച്ചത് എന്നാണ് വാദം. 'പോസ്റ്റുമാനെ കാണാനില്ല'യിൽ മീൻ മുറിച്ചുകൊണ്ടിരിക്കുന്ന വിജയശ്രീയുടെ ദേഹത്ത് ഉറുമ്പു കയറുന്നത് കണ്ടു വരുന്ന നസീർ കാണിക്കുന്ന അതേ ഭാവതരളതകൾ വ്യത്യാസമൊന്നും കൂടാതെ പൊന്നാപുരംകോട്ടയിൽ വിജയശ്രീ കുളിക്കുന്നത് ആകസ്മികമായി കാണുന്ന നസീറിലും കാണാം. സംവിധായകൻ ഒന്നായതിന്റെ വിക്രിയകളാണ്. അഭിനേതാവിന്റെയോ കഥയുടെയോ കുഴപ്പമല്ല. കരടിപോലും മനുഷ്യരെ ബലാത്കാരം ചെയ്യുന്ന വിചിത്രമായ ഭൂതകാലം മലയാള സിനിമയ്ക്കുണ്ട്. കാട്ടിൽ കിടക്കുന്ന കരടിയേ... ! 
 
പോസ്റ്റുമാനെ കാണാനില്ല 1972 ലും പൊന്നാപുരം കോട്ട 1973 ലുമാണ് റിലീസായത്. 1974 മാർച്ചിൽ വിജയശ്രീ ആത്മഹത്യ ചെയ്തു.
 
(എഴുത്തുകുത്ത്, മാധ്യമം ആഴ്ചപ്പതിപ്പ് 2024 ജൂൺ 3)

October 23, 2023

പാറമേൽ, ഇരുട്ടിൽ

 


എൻ ബി സുരേഷിന്റെ കവിത ‘പാറമേൽ, ഇരുട്ടിൽ’ (ലക്കം 1337) കാഴ്ചയെയും സഞ്ചാരത്തെയും ഒപ്പം പ്രമേയപരമായി പാരമ്പര്യകവിതാശീലങ്ങളെയും പ്രശ്നവത്കരിക്കുന്ന കവിതയായാണ് അനുഭവപ്പെട്ടത്. കവിതയിലെ രചയിതാവ്യക്തിത്വം (ഓഥേഴ്സ് പേഴ്സണാലിറ്റി) ഇരുട്ടിനെ പ്രത്യേകതരത്തിൽ പ്രണയിക്കുന്ന ആളാണ്. അത് അത്ര സ്വാഭാവികമായ കാര്യമല്ല. അറിവിന്റെ വെളിച്ചത്തോട് ദൂരെ പോകാൻ പറയുന്ന സൗന്ദര്യാത്മകമായ ചോദനയോ (ജി ശങ്കരക്കുറുപ്പ്)  തമസ്സാണ് സുഖപ്രദമെന്നു വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന സാമൂഹികമായ നിരാശയോ (അക്കിത്തം) അല്ല കവിതയ്ക്ക് ആസ്പദമായ മനോഭാവത്തെ രൂപപ്പെടുത്തിയത്. ഇരുട്ടിൽ നിൽക്കുന്ന തനിക്ക് വിളക്കു കൊളുത്തി അഭയം നൽകണമെന്ന പ്രാർത്ഥനയും (പി കുഞ്ഞിരാമൻ നായർ) അയാൾ ഉയർത്തുന്നില്ല. 1908-ൽ വി സി ബാലകൃഷ്ണപ്പണിക്കർ എഴുതിയ ഒരു വിലാപം എന്ന കവിതയിലെ ഭാര്യ മരിച്ച മനുഷ്യനെയും ഇവിടെ ഓർക്കാവുന്നതാണ്.  ‘തിങ്ങിപ്പൊങ്ങുന്ന തമസ്സിൽ കടലിൽ വീണ കുടം‌പോലെ മുങ്ങിപ്പോയ ഭൂചക്രവാളത്തെ അഭിമുഖീകരിച്ചുകൊണ്ടിരുന്ന അയാളെ ബാധിച്ച ദാരുണമായ ഏകാന്തതയെയും വിഷാദത്തെയുമാണ് കവി ഇരുട്ടിന്റെ തീവ്രതയിലൂടെ സാക്ഷാത്കരിച്ചത്.

പ്രകൃതിയെ അഭിമുഖീകരിച്ച് ഒറ്റയ്ക്കിരിക്കുന്ന, കവിതയിലെ മനുഷ്യന്റെ മുന്നിൽ ഇത്തരം പ്രതീകകല്പനകളുടെ തീവ്രമായ ഭാവവൈവശ്യങ്ങളില്ല. ഇരുട്ടിൽ മുഖമൊളിപ്പിക്കാൻ ശ്രമിക്കുന്ന തരം കാല്പനികത അയാളെ തീണ്ടുന്നില്ല.  കുടുംബബന്ധങ്ങളിൽനിന്ന്  (അല്ലെങ്കിൽ അതുപോലെയുള്ള സാമൂഹികമായ കെട്ടുപാടുകളിൽനിന്ന്) വിടുതൽ നേടിയ സ്വച്ഛനായ ഒരു യാത്രികന്റെ നിഴൽരൂപത്തെയാണ് കവിത പ്രേക്ഷണം ചെയ്യുന്നത്. വെളിച്ചത്തിന്റെ കടൽത്തിരകളിൽ കൊഴുക്കുന്ന ഭൂമിയെ ഇരുന്നു കാണുകയും പാറപോലെ ഉറയ്ക്കുന്ന കൂരിരുട്ടിൽ  നടന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്ന അസാധാരണത്വമാണ് അയാൾക്ക് ഊർജ്ജം നൽകുന്നത്.  ഒരർത്ഥത്തിൽ കവിതയിൽ അവതരിപ്പിക്കപ്പെടുന്ന അയാളുടെ കാഴ്ച നോക്കുക. അത് ഇരുട്ടിനായുള്ള അയാളുടെ കാത്തിരിപ്പിന്റെ അവശ്യംഭാവിയായ ഫലമാണ്.

അയാൾ കൂർമ്പൻ പാറയുടെ തുഞ്ചത്തിരിക്കുന്നു. ബഹിരാകാശയാത്രികന്റെ ഉപമ സ്വയം അണിയുന്നു. അകലങ്ങളുടെ പ്രലോഭനം അറിയുന്നു. പ്രകൃതിയെ ഉറ്റുനോക്കിയിരിക്കുന്ന ഈ സഞ്ചാരിയുടെ യാത്രോദ്യമമാണ് കവിതയ്ക്ക് ഉൾബലം നൽകുന്നത്. ആ നിലയ്ക്ക് അയാൾ ഉത്സാഹിയാണ്.  നിറവൈവിദ്ധ്യങ്ങളോ (അതേ പച്ചയും, നീലയും) വെളിച്ചമോ തിരിച്ചറിയാനാവാത്തവിധം അന്ധതയോ ബാധിര്യമോപോലുള്ള  ശാരീരികമായ വെല്ലുവിളികളും അയാളെ അലട്ടുന്നില്ല. മിന്നാമിനുങ്ങിന്റെ ചിറകിലെ നക്ഷത്രത്തെ അയാൾക്കു കാണാം. അവയുടെ ചിറകടിയൊച്ച അയാൾക്കു കേൾക്കാം. ഇത്രയും സൂക്ഷ്മമായ ഇന്ദ്രിയസംവേദനങ്ങളുടെ നിലയിൽനിന്നുകൊണ്ടാണ്  നടക്കുക എന്ന തന്റെ പ്രവർത്തനപൂരണത്തിനായി അയാൾ ഇരുട്ടിനെയും കാത്തിരിക്കുന്നത്.

സാമൂഹികമോ വ്യക്തിപരമോ ആയ പിൻവാങ്ങൽ നിലയിലോ വിഷാദത്തിന്റെ പ്രതീകാത്മകമായ തലത്തിലോ അല്ലാതെയുള്ള ഇരുട്ടിനായി അയാളുടെ കാത്തിരിപ്പ്  എന്ന് ഇതിൽനിന്നെല്ലാം വ്യക്തം. സഞ്ചാരത്തിന്റെ സൗന്ദര്യമാണ് കാഴ്ച. ഇവയെ തമ്മിൽ കൂട്ടിയിണക്കുന്നത് വെളിച്ചവുമാണ്. എന്നാൽ കാഴ്ചയെയും വെളിച്ചത്തിന്റെയും ഈ ഇണബന്ധത്തെ നിഷേധിച്ചുകൊണ്ട് സ്വന്തം നിലപാടിനെ രൂപപ്പെടുത്തുകയും സ്വകീയമായ വീക്ഷണത്തെ അവലംബിക്കാൻ ഉത്സാഹത്തോടെ തീരുമാനിക്കുകയും ചെയ്യുന്നതിലൂടെ അയാൾ ലോകത്തിന്റെ സാമ്പ്രദായിക സ്വഭാവവുമായി തെറ്റുന്നു; കവിതാശീലങ്ങളിൽനിന്നു വഴി മാറുന്നു; വ്യക്തിഗതജീവിതത്തിന്റെ പതിവുകളെ തിരിച്ചിടുന്നു.  

(മാധ്യമം ആഴ്ചപ്പതിപ്പ് , 2023 ഒക്ടോബർ 23






August 27, 2023

വർഗരാഷ്ട്രീയത്തിന്റെ സൂക്ഷ്മാഖ്യാനമായി വൈരം


 

 വർഗനിലപാടിൽ സ്ഥിരസത്തയുള്ള ദേശാഭിമാനിപോലെയൊരു ആനുകാലികത്തിൽ പ്രസിദ്ധീകരിച്ചു വന്നതുകൊണ്ടുതന്നെ പി എസ്‌ റഫീക്കിന്റെ 'വൈരം' എന്ന കഥയുടെ സൂക്ഷവും സ്ഥൂലവുമായ ഭാവശക്തികളെ ഒറ്റ മാനകത്തിൽ  വ്യാവർത്തിച്ചെടുക്കുക പ്രയാസമുള്ള കാര്യമല്ല. കഥയിൽ മുതലാളിമാർക്ക്  മേൽസ്ഥാനം ഉണ്ട്. നാട്ടിലെമ്പാടും മുതലാളിമാരാണ് എന്നു സംശയിക്കാൻ വകയുമുണ്ട്. മില്ലുകാരൻ നാരായണൻ മുതലാളി, അയാളുടെ മകൻ സാംബൻ എന്ന ചാമ്പച്ചൻ, കാദർ മുതലാളി, കൃഷ്ണൻ മുതലാളി.  എല്ലാവരും പ്രതീക്ഷിതനിലയിൽ മോശക്കാരല്ല. ആശ്രിതവാത്സല്യം അവർക്കുണ്ട് എന്നതിനു കഥയിൽ നേർസാക്ഷ്യം ഉണ്ട്.

സുബ്രനും അയാളുടെ അനിയൻ ഭാസിയും തൊഴിലാളി വർഗത്തിന്റെ പ്രതിനിധികളാണ്. സഹോദരസ്നേഹത്തേക്കാൾ ഭാസിയെ പ്രതികാരസന്നദ്ധനാക്കുന്നത് വർഗബോധമാണെന്ന് കരുതാവുന്നതാണ്. അയാളുടെ പ്രവൃത്തിക്കും പ്രതീകാത്മക സ്വഭാവമുണ്ട്. ചാമ്പച്ചന്റെ വലതുകാല്പാദമാണ് അയാൾ വെട്ടുന്നത്. മുതലാളിത്തത്തിന്റെ ചലനാത്മകതയെ ഇല്ലാതാക്കുകതന്നെയായിരുന്നില്ലേ അയാളുടെ ലക്ഷ്യം? തൊഴിലാളി വർഗത്തിന്റെ അഭിമാനമൂർച്ചയുള്ള ചെത്തുകത്തിയുടെ വെട്ടേറ്റ് ആജീവനാന്തം മുടന്തിനടക്കാൻ വിധിക്കപ്പെട്ട മുതലാളിത്തം പൂർണ്ണമായി നശിക്കുകയില്ലെന്നും സാഹചര്യങ്ങൾക്കനുസരിച്ച് അതു വേഷം മാറുമെന്നുമാണ് ചാമ്പച്ചന്റെ കാത്തിരിപ്പും പ്രതികാരത്തിനായുള്ള ഉത്സാഹവും തെളിയിക്കുന്നത്. മറ്റൊന്നുകൂടി ശ്രദ്ധിക്കാനുണ്ട്.  തന്റെ കാലു വെട്ടുക വഴി മുതലാളിത്ത- മേധാവിത്ത താത്പര്യങ്ങളുടെ ഉന്മൂലനവും അടിസ്ഥാന വർഗത്തിന്റെ അഭിമാനോദ്ധാരണവും‌ ലക്ഷ്യമാക്കിയ ഭാസിയുടെ വർഗബോധത്തിനെതിരെ ചാമ്പച്ചൻ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ലെന്നതാണ്. അയാൾക്കു വേണ്ടത് അയാളുടെ കാര്യസ്ഥപ്പണി ചെയ്യുന്നവർതന്നെ കണ്ടറിഞ്ഞ് ചെയ്യുന്നു. (ഓപ്പറേറ്റർ സാബു മാത്രമല്ല, അയാളുടെ പട്ടിയും കീരിയും അയാളുടെ ഇംഗിതങ്ങൾ നടപ്പാക്കിക്കൊടുക്കാൻ സന്നദ്ധരായ പിണിവർഗപ്രതിനിധികളാണ്)  അയാൾ ചെയ്യേണ്ടത് വർഗശത്രുവിനെതിരെയുള്ള ഊർജത്തെ അണയാതെ സൂക്ഷിക്കുക എന്നതാണ്.. ബാക്കിയെല്ലാം  വ്യവസ്ഥ ചെയ്തുകൊള്ളും. ഭാസിയെ ജയിലിടുന്നത്, അയാളുടെ മൂന്നുവയസുകാരിയായ മകളെ കൊല്ലുന്നത്, അയാളെ അറപ്പിക്കുന്നവനും വെറുപ്പിക്കുന്നവനുമാക്കുന്നത്, അയാളെപ്പറ്റിയുള്ള കഥകൾ മെനയുന്നത് എല്ലാം.. അങ്ങനെ സമീപഭൂതകാലത്തിൽ നടക്കുന്ന കഥയാണെങ്കിലും വർഗസംഘർഷത്തിന്റെ ഫലമായി ഉണ്ടാകുന്ന പീഡനങ്ങൾ സ്ഥിരമായി തലയ്ക്കടിക്കുന്നത് ആരുടെയാണെന്നുമുള്ള  സമകാലികാവസ്ഥയെ ഉൾക്കാഴ്ചയോടെ ചിത്രീകരിച്ചിട്ടുള്ള കഥയാണ് 'വൈരം' എന്നുറപ്പിക്കാം. അപ്പോൾ ഭാസിയുടെ ജീവിതത്തെ ഉയർത്തെഴുന്നേൽപ്പിക്കുന്ന മിനിമോളെന്ന പുല്ലാനി മൂർഖൻ കുഞ്ഞ് എല്ലാം തകർന്ന മനുഷ്യർക്ക് പിന്തുണയുമായി എത്തുന്ന ഭൗതികശക്തിയായി മാറുന്നു. ആ പിന്തുണ അന്യഥാ തകർന്ന അയാൾക്ക് ശക്തിയും ചൈതന്യവും പകർന്നു നൽകുന്നു എന്നും കാണുക.

ആത്മഹത്യയെപ്പറ്റി പറയുന്ന കഥ, ആത്മഹത്യ ചെയ്യാതിരിക്കാനുള്ള ഉപാധി തേടുന്നു എന്നു പറയും പോലെയാണ് മുതലാളിത്തത്തിനു സ്ഥിരമായി ഭയപ്പെടാനുള്ള ഒരു ഉപാധിയായി തൂങ്ങി നിൽക്കുന്ന ഭാസിയുടെ കയ്യിലെ മൂർഖൻ മാറുന്നു എന്നത്. വാസ്തവത്തിൽ ചാമ്പച്ചൻ പ്രതിനിധിയാവുന്ന മുതലാളിത്തത്തെ ഭാസി പ്രതിനിധിയാവുന്ന തൊഴിലാളി ഭയപ്പെടുത്തുന്നുണ്ടോ?

വൈരം എന്ന കഥയെ സാമൂഹികശാസ്ത്രവിമർശനപരമായി സമീപിച്ചാൽ കിട്ടുന്ന അർഥം മുകളിലുണ്ട്. പുതിയ വംശാവലിശാസ്ത്രത്തെയും ( കഥാവസ്തുവായാലും അത് പലതുമായും ബന്ധപ്പെട്ടു കിടക്കുന്നു.) ലഘു ആഖ്യാനങ്ങളെയും ആശ്രയിച്ചാൽ  കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. ഭാസിയുടെ ശരീരത്തിൽ നിന്നൂർന്നിറങ്ങുന്ന മൂർഖൻ കുഞ്ഞിനെ കാത്ത് താഴെ ചാമ്പച്ചൻ -സാബു കൂട്ടുകെട്ടിന്റെ വകയായുള്ള കീരി കഥയിൽ മുരണ്ടുകൊണ്ട് നിൽക്കുന്നുണ്ട്. അത് മുതലാളിത്തം സകല സംഘർഷങ്ങളെയും അതിജീവിച്ച് ചലിക്കാൻ ക്ഷമയോടെ കാത്തിരിക്കുമെന്നാണോ വർഗസമരപക്ഷത്തിൽ സ്ഥിരമായ വിജയം തൊഴിലാളിക്കാണെന്നാണോ ആത്യന്തികമായി പറയുന്നത്? പാമ്പിനെ വർണ്ണിക്കുന്നിടത്തെ വിശേഷണങ്ങൾക്കിടയിൽ 'രാജചിഹ്നം' എന്ന വാക്കു കഥാകൃത്ത് ഉപയോഗിച്ചിട്ടുണ്ട്. വ്യവസ്ഥ തകർത്ത  ഉശിരുള്ള ഒരു തൊഴിലാളിക്ക്  പിന്തുണയുമായെത്തിയ ഒരു ജൈവശക്തിക്ക് രാജചിഹ്നമാണെങ്കിൽ അതിനു പിന്നിലെ പ്രത്യയശാസ്ത്ര കണക്കുക്കൂട്ടലുകളും രാഷ്ട്രീയത്തെയും  അടിപടലേ സംശയിക്കേണ്ടതായി വരില്ലേ? കുറച്ചുകൂടി ആലോചിച്ചു മുന്നോട്ടു പോയാൽ ഒരു പക്ഷേ കാലിക യാഥാർഥ്യം എന്ന നിലയിൽ അബോധാത്മകമായി എന്നാൽ ഭാവനാത്മകമായി കഥയിൽ അതു കയറിപ്പറ്റിയതാകാനുള്ള സാധ്യതയല്ലേ കൂടുതൽ? മാത്രമല്ല ഭാസിയും പാമ്പും തമ്മിലുള്ള ബന്ധത്തെ നാട്ടുകാർ വ്യാഖ്യാനിച്ചെടുക്കുന്നത് പഴയ മാണിക്യം -പാമ്പ് മിത്തിന്റെ അടിസ്ഥാനത്തിലുമാണ്. അത്തരമൊരു പരിവേഷം ഭാസിക്കു ചുറ്റുമായി ഉയരുന്നത് ഭൗതികവാദപരമായ ആശയമണ്ഡലത്തെയല്ല, പൗരാണികമായ മൈത്തിക സങ്കല്പത്തിന്റെ പുനരാഖ്യാനമെന്ന നിലയിലാണ്. അതിന്റെ രാഷ്ട്രീയത്തെ വേറെ തന്നെ ഇഴ പിരിച്ചെടുക്കേണ്ടതുണ്ട്. ആരാണ് ഇപ്പോൾ യഥാർഥത്തിൽ തൊഴിലാളുകളുടെ രക്ഷകരായി ഗോപിക്കുറിയും തൊട്ട് പ്രത്യക്ഷപ്പെടുന്നത് എന്ന്.


ഈ പറഞ്ഞതിനു സമാന്തരമായി രണ്ടു സന്ദർഭങ്ങൾ കഥയിലുള്ളതുകൂടി ഓർക്കാവുന്നതാണ്. എ കെ ജി നടത്തിയ ജാഥയിൽ ഭാസിയുടെയും സുബ്രന്റെയും അച്ഛൻ കൊച്ചക്കൻ (ചാമ്പച്ചന്റെ അച്ഛൻ നാരായണൻ മുതലാളി)  പങ്കെടുത്തതിനെപ്പറ്റിയുള്ള ഓർമ്മയാണ് അതിലൊന്ന്. ഭാസിയുടെ മരിച്ചു പോയ മകളുമായുള്ള മാനസിക യാത്രയിൽ അയാൾ കാണുന്ന രക്തസാക്ഷിയുടെ ചിത്രമാണ് മറ്റൊന്ന്. "ഏതോ പാർട്ടിക്കുവേണ്ടി " എന്നാണ്  അവിടത്തെ വാക്യം. എങ്കിലും ആ ചിത്രം അയാളെക്കൊണ്ട് 'ഇങ്ക്വിലാബ്' വിളിപ്പിക്കുന്നുണ്ട്.


അതുകൊണ്ട് ഭാസിയുടെത് പരാജയമല്ലേ എന്നും അയാളെ തോത്പിച്ചത് വർഗബോധമില്ലാത്ത വരുടെ ചുറ്റുപാടാണെന്നും അവരെ അങ്ങനെയാക്കിയ മുതലാളിത്തം സ്ഥിരമായി വിജയിക്കുന്നു എന്നും‌ അയാൾക്ക് കൊച്ചക്കനെപ്പോലെ അടിയോരുടെ അന്തസ് വീണ്ടെടുക്കുന്ന കർമ്മത്തിൽ ഭാഗഭാക്കാൻ കഴിയുന്നില്ലെന്നതാണ് യാഥാർഥ്യമെന്നും  എന്നും സ്ഥാപിക്കാവുന്നതാണ്.

 

ദേശാഭിമാനി ആഴ്ചപ്പതിപ്പ്, 27 ആഗസ്റ്റ് 2023

August 21, 2023

ആനോയുടെ ചരിത്രവും ഭാവനയും ( ചരടു മുറിയാതെ കഥ പറച്ചിൽ)

 



ജി ആർ ഇന്ദുഗോപന്റെ ‘ആനോ‘ കഴിഞ്ഞ ലക്കത്തോടെ (101:21)അവസാനിച്ചു.

ബഹുകാര്യവ്യഗ്രമായ ജീവിതത്തിനിടയിൽ മുറതെറ്റാതെ വായിച്ച ഭാഗങ്ങൾ തുടർച്ചയായി ഓർത്തുവയ്ക്കുന്നതു പ്രയാസമായതുകൊണ്ട്  ആഴ്ചതോറും ഖണ്ഡങ്ങളായി മുറിഞ്ഞുവരുന്ന നോവലുകൾ വായിക്കുക പതിവില്ലെന്നും നോവൽ പുസ്തകമായി വരുന്നത് കാത്തിരിക്കുകയാണെന്നും പലരും പറയുന്നത് കേട്ടിട്ടുണ്ട്.  മുറിഞ്ഞും മറന്നും പോയ കഥാഭാഗങ്ങൾ വായിക്കാൻ  പഴയ ലക്കങ്ങൾ തപ്പുന്നത് അനാവശ്യമായ അദ്ധ്വാനമാണ്. ‘ആനോ‘യ്ക്ക് ആ പ്രശ്നമുണ്ടായിരുന്നില്ല. ഓരോ ലക്കവും വായിക്കാനെടുക്കുമ്പോൾ കഴിഞ്ഞയാഴ്ച വായിച്ചു നിർത്തിയ ഭാഗം കൃത്യമായി ഓർത്തുവയ്ക്കാൻ കഴിയുന്നതരം ഏകാഗ്രത ഇന്ദുഗോപൻ എഴുത്തിൽ സൂക്ഷിച്ചിരുന്നു. അത് ആഖ്യാനത്തിന്റെ സവിശേഷതകൂടിയാണ്. മുന്നിൽ കഥ കേൾക്കാനിരിക്കുന്ന മനസുകളിൽ ഇപ്പോഴും അവശേഷിക്കുന്ന പ്രാകൃതമായ വാസനകളെ പരിഗണിച്ചുകൊണ്ടുള്ള പറച്ചിൽരീതിയുടെ വിശേഷഗുണം.  തൊട്ടടുത്തുതന്നെ എന്തോ സംഭവിക്കാൻ പോകുന്നു എന്ന ഭാവപരമായ മുറുക്കം ഇന്ദുഗോപന്റെ സവിശേഷമായ ശൈലിയാണ്. ഇരുട്ടിൽ,  തീകുണ്ഡത്തിനു മുന്നിലിരുന്നു,  ആംഗ്യവിക്ഷേപങ്ങളോടെ പിരിമുറുക്കത്തിന്റെ ചരടു മുറിയാതെ കഥ പറയുന്ന പഴയ വിദഗ്ധനായ പറച്ചിലുകാരന്റെ സന്നാഹങ്ങൾ ‘ആനോ‘യിൽ സ്വാഭാവികമായിതന്നെ ഇന്ദുഗോപൻ കൈക്കൊണ്ടിരുന്നു.

മറ്റൊരു പ്രദേശത്ത് ആകസ്മികമായി ലഭിച്ച ഒരു ആനയുടെ അസ്ഥിക്കൂടത്തിനു ചുറ്റുമായി ഭാവനകൊണ്ട് കെട്ടിയുയർത്തിയ കഥമാത്രമായിരുന്നില്ല, ആനോ.  വളരെ മുൻപു നടന്ന കഥയിൽ  ചരിത്രത്തെയും ഭാവനയെയും പഴുതകളടച്ച് ഇന്ദുഗോപൻ കൂട്ടിക്കലർത്തി.  ഇന്ത്യയുടെ തെക്കേ മുനമ്പിൽനിന്ന് കടലുകടന്ന് ഇറ്റലിവരെ പോകുന്ന യാത്രയ്ക്കുവേണ്ട  എല്ലാ സജ്ജീകരണങ്ങളോടെയും വിശദാംശങ്ങളോടെയുമായിരുന്നു എഴുത്ത്. അതിനേക്കാ‍ൾ പ്രധാനം അഞ്ചു നൂറ്റാണ്ടോളം പിന്നിൽ നിൽക്കുന്ന കാലത്തിൽക്കൂടിയുമായിരുന്നു ആ യാത്ര എന്നുള്ളതാണ്.  പ്രതികാരവും ചതിയും അവഹേളനവും സാഹസികതയും അതിജീവനവുമൊക്കെതന്നെയാണ് കഥയുടെ ഉള്ളിൽ. അതിനു പുറത്തെ പാളിയിൽ അധികാരവും മതവും പ്രണയവും വിധേയത്വവും ഭക്തിയും വിശ്വാസവും, അതിനും പുറത്താണ് ചരിത്രത്തിന്റെയും ഭൂവിജ്ഞാനീയത്തിന്റെയും പുരാവസ്തുശാസ്ത്രത്തിന്റെയും അടരുകൾ. തത്വചിന്തയുടെയും ജീവിതപാഠങ്ങളുടെയും നരവംശശാസ്ത്രത്തിന്റെയും ജന്തുശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും കലയുടെയും സാഹിത്യത്തിന്റെയുമെല്ലാം പല വിധത്തിലുള്ള ചേരുവകൾ ഉള്ളടക്കത്തെ നിറം പിടിപ്പിക്കുകയും ചെയ്യുന്നു. വാചിക പാരമ്പര്യങ്ങളിൽക്കൂടി പ്രചരിച്ച ക്ലാസിക് കൃതികളുടെ പ്രാചീനമായ ആഖ്യാനസമ്പ്രദായത്തിന് ഇത് അറകളായി വിഭജിക്കാൻ സാധ്യമല്ലാ‍ത്ത ജ്ഞാനവിജ്ഞാനങ്ങളുടെ സമഗ്രതയെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ ഭാഗമാണ്. എന്നാൽ ഉള്ളടക്കത്തിന്റെ കാര്യത്തിൽ നോവലിസ്റ്റ് ബോധപൂർവം സ്വീകരിച്ച ജ്ഞാനമാതൃകകളുടെ ഈ കലർപ്പ് ഉത്തരാധുനികമായ ഭാവുകത്വമണ്ഡലം സാധ്യമാക്കിയ വഴക്കവുമാണ്.  

താൻ ചെറിയ കാര്യങ്ങളുടെയും സംഭവങ്ങളുടെയും ആവേദകനാണ് എന്ന  ഭാവമാണ് പൊതുവേ ഇന്ദുഗോപന്റെ ആഖ്യാനശൈലിക്കുള്ളത്.  സങ്കീർണ്ണത തീണ്ടാത്ത ഈ ചെറുതുകൾ നോക്കിയിരിക്കെ വായനയിലോ അതിനുശേഷമുള്ള സമയങ്ങളിലോ വലുതാകുന്നു.  അറുപതു വർഷങ്ങൾക്കു മുൻപ് വത്തിക്കാനിലെ ബെൽവീദുയ ലൈബ്രറി പരിസരം നവീകരണത്തിനായി കുഴിച്ചപ്പോൾ കിട്ടിയ വലിയ അസ്ഥികൂടത്തിൽനിന്നും ഭാവനകൊണ്ട് ഉരുത്തിരിച്ചെടുത്ത ‘ആനോ‘യുടെയും ചീരന്റെയും കഥ, ചരിത്രത്തെ വാറ്റിക്കുറുക്കിയെടുത്ത് മുന്നിൽ വച്ചുകൊണ്ട് ജീവിതത്തെപ്പറ്റി വലിയ പാഠങ്ങളാണ് സംസാരിച്ചത്. കാര്യമായ ഗൃഹപാഠവും വിശ്രമമില്ലാത്ത പ്രയത്നവുമില്ലാതെ ഇത്തരമൊരു ആഖ്യാനവിസ്മയം സാധ്യമല്ല. ഏതു മികച്ച നോവലിനോടൊപ്പവും ചേർത്തുവയ്ക്കാവുന്ന വിശേഷണമാണിതെങ്കിലും കാലാന്തരയാത്രയ്ക്കൊപ്പം ദേശാന്തരതയും ചരിത്രബോധവും ജീവിതപാഠങ്ങളും എഴുത്തുകാ‍രന്റെ അദ്ധ്വാനത്തെ സമാന്തരങ്ങളില്ലാ‍ത്ത സാഹസികതയാക്കിയിട്ടുണ്ടാവുമെന്നുതന്നെയാണ് വിശ്വാസം. നോവലിനെ വിശേഷതരമാക്കിത്തീർക്കുന്നതിൽ അതും പങ്കുവഹിച്ചിട്ടുണ്ട്. 

 

മാതൃഭൂമി ആഴ്ചപ്പതിപ്പ്, വായനക്കാർക്കുള്ള കത്തുകൾ,  2023 ഓഗസ്റ്റ് 20-26

February 22, 2023

ദുരവസ്ഥയും അധിക്ഷേപവും


  

കുമാരനാശാന്റെ ദുരവസ്ഥയുടെയും മുസ്ലീം സമുദായത്തിനു നേരെയുള്ള ആരോപണത്തിന്റെയും  ആദിരൂപമായി  കാരക്കോട്ടൈ വടിവേലു ചെട്ടിയാർ എഴുതിയ കലഹച്ചിന്തിനെ അവതരിപ്പിച്ചുകൊണ്ട് ചെയ്ത് വി മുസഫിർ അഹമ്മദ് എഴുതിയ ലേഖനം (100:45) കൃതിയുടെ രചനാപ്രേരണകൾക്ക് പിന്നിലുള്ള യാഥാർത്ഥ്യങ്ങളെപ്പറ്റി പുനരാലോചിക്കാൻ പ്രേരിപ്പിക്കുന്നതാണ്. കലഹച്ചിന്ത് ബ്രിട്ടീഷ് കമ്മീഷൻഡ് രചനയായിരിക്കാനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്ന ലേഖകൻ ദുരവസ്ഥയുടെയും സമാനമായ ദൗത്യനിർവഹണത്തെക്കുറിച്ച് പരോക്ഷമായി പരാമർശിക്കുകയായിരുന്നില്ലേ? വെയിൽസ് രാജകുമാരനിൽനിന്ന് പട്ടും വളയും ആശാൻ സ്വീകരിച്ചതിനെതിരെയുള്ള ആരോപണങ്ങളെക്കൂടി ചേർത്തുവച്ചാൽ കുമാരനാശാന്റെ വീക്ഷണപക്ഷത്തെ സംശയിക്കുന്നതിനുള്ള കാരണവുമാകും.

ലേഖനത്തിൽ  വക്കം ഖാദർ മൗലവിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ചിറയിങ്കീഴ് മുസ്ലീം സമാജൻ ആശാനെ വിമർശിച്ചിറക്കിയ പ്രസ്താവനയെപ്പറ്റിയും  തനിക്ക് അബദ്ധം പിണഞ്ഞതായി ആശാൻതന്നെ സമ്മതിച്ചതായും ഒരു പരാമർശമുണ്ട്. തായാട്ട് ശങ്കരന്റെ ദുരവസ്ഥ ഒരു പഠനത്തെ ആസ്പദമാക്കിയാണ് ആ വിവരം മുസഫിർ കൊടുത്തിരിക്കുന്നത്. സി വി കുഞ്ഞുരാമന്റ്രെ ആശാൻ സ്മരണകളിൽ സമാനമായ മറ്റൊരു വിവരമാണ് കാണുന്നത്. ‘ദുരവസ്ഥ’ എന്ന പദ്യകൃതിയിൽ ഇസ്ലാം മതത്തെയും സമുദായത്തെയും അകാരണമായും അടിസ്ഥാനരഹിതമായും അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഒട്ടനേകം പ്രയോഗങ്ങൾ കാണുന്നതിനാൽ ‘ദുരവസ്ഥയോടു മുസ്ലീങ്ങൾക്കുള്ള വെറുപ്പിനെ രേഖപ്പെടുത്തുകയും  പ്രസ്തുത കൃതിയുടെ പ്രസിദ്ധീകരണത്തെ കുമാരനാശാൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു പ്രമേയം 1098 വൃശ്ചികം 23 -ന് (1922 ഡിസംബർ 8) ആലപ്പുഴ മുസ്ലീം യുവജനസംഘം അവതരിപ്പിക്കുകയും അത് ആശാന് അയച്ചുകൊടുക്കുകയുംചെയ്തിരുന്നു.

വൃശ്ചികം 28 നു ആശാൻ അതിനൊരു മറുപടി തയ്യാറാക്കി കാര്യദർശിക്കു അയച്ചു. അതിൽ ആശാൻ എഴുതിയതിങ്ങനെയാണ് :  “നിങ്ങളുടെ മതത്തെയും സമുദായത്തെയും പൊതുവേ സ്പർശിക്കുന്ന സഭ്യേതരമായ യാതൊരു വാക്കും പ്രയോഗിച്ചിട്ടുള്ളതായി ഓർക്കുന്നില്ല. മലബാറിൽ ലഹള നടത്തിയ അക്രമികളായ മുഹമ്മദീയരെയും മതഭ്രാന്തിനെ മുൻ നിർത്തിയുള്ള അവരുടെ പൈശാചികപ്രവൃത്തികളെയും അതിൽ കാവ്യയോഗ്യമായ വിധത്തിൽ വർണ്ണിക്കുകയാണ് ചെയ്തത്. ലഹളയെ സംബന്ധിച്ചു ഞാൻ അറിഞ്ഞിട്ടുള്ള വാസ്തവങ്ങളെ അടിസ്ഥാനമാക്കിയും ചെയ്തിട്ടുള്ള പദപ്രയോഗങ്ങൾ അവരെയും അവരുടെ പ്രവൃത്തികളെയും മാത്രം കുറിക്കുന്നവയാണ്. ദൂരസ്ഥമായ മതത്തെയോ സമുദായത്തെയോ അതുകൾ വിവക്ഷിക്കുന്നില്ല.”

“സമുദായ പരിഷ്കരണമാണ് ആ കൃതിയുടെ ഉദ്ദേശ്യം തന്നെ. ഒരു കാവ്യത്തിൽ ദോഷങ്ങളെ ദുഷിപ്പിക്കുന്നത് അവയിൽനിന്ന് മുക്തമാക്കി വ്യക്തികളെയും സമുദായത്തെയും ശുദ്ധീകരിക്കണമെന്ന സദുദ്ദേശ്യത്തോടുകൂടിയാണ്. ഈ കൃതിയിലും അപ്രകാരമേ ചെയ്തിട്ടുള്ളൂ. പല സംഗതിയിലും എനിക്കു ബഹുമാനമുള്ള മുസ്ലീം മതത്തെയും അനവധി യോഗ്യന്മാരും എനിക്കു തന്നെ മാന്യസ്നേഹിതന്മാരുമുള്ള നിങ്ങളുടെ സമുദായത്തേയും വൃഥാ ആക്ഷേപിച്ച് അതൃപ്തി സമ്പാദിപ്പാനുള്ള ഉദ്ദേശ്യത്തോടുകൂടിയാണ് ഈ കൃതി  എഴുതാൻ ഞാൻ സമയവ്യയം ചെയ്തതെന്ന് തീരുമാനിക്കുന്നതു കഷ്ടമല്ലേ? അതുകൊണ്ട് വൃഥാ തെറ്റിദ്ധരിച്ചു ക്ഷോഭമുണ്ടാക്കാതിരിപ്പാൻ പ്രതിഷേധയോഗക്കാരോടു ഞാൻ സ്നേഹപൂർവം അപേക്ഷിക്കുന്നതായി അറിയിപ്പാൻ താത്പര്യപ്പെടുന്നു” എന്നു പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

വാക്കുകൾ വളരെ സൂക്ഷ്മമായി ഉപയോഗിച്ചാണ് ആശാൻ മറുപടി കത്ത് തയ്യാറാക്കിയിരിക്കുന്നത്.  ശ്രദ്ധിച്ചാൽ മുസ്ലീം യുവജനസംഘത്തിന്റെ പ്രമേയത്തിന്റെ ഭാഷയും അത്രതന്നെ സൂക്ഷ്മമാണ്. ഒരു കൃതി തങ്ങൾക്ക് അപമാനകരമാണെന്നല്ല, അതിലെ ചില പ്രയോഗങ്ങൾ അധിക്ഷേപകരമാണെന്നാണ് അതിൽ പറയുന്നത്. ഒരു കണക്കിൽ അതു ശരിയുമാണ്.  ഭാഷയുടെ ഈ ജാഗ്രതയും കൃത്യതയും കാലത്തിന്റെ പ്രത്യേകതയാണ്.

 “ആശാൻ അവർകളുടെ ഉദ്ദേശ്യശുദ്ധിയിൽ ഞങ്ങൾക്കു ലേശം സംശയമില്ലെങ്കിലും ഈ കൃതി ഉദ്ദേശിക്കുന്ന ദുരവസ്ഥയെ വെളിപ്പെടുത്തുന്നതിന് ഈ വക പപ്രയോഗങ്ങൾ ആവശ്യമാണെന്ന് ഞങ്ങൾ വിചാരിക്കുന്നില്ലെന്ന’ ആമുഖക്കുറിപ്പോടെ  ഈ രണ്ടു കത്തുകളും  സി വി പ്രസിദ്ധീകരിച്ചിരുന്നു. 1098 ധനു 6നു കേരളകൗമുദിയിൽ. (21 ഡിസംബർ 1922)

ഈ കത്തിന്റെ കാര്യംതന്നെയാണോ തായാട്ട് ശങ്കരൻ തന്റെ കൃതിയിൽ സൂചിപ്പിക്കുന്നത്, ഇതിനു പുറമേ മറ്റു കത്തുകളും ആശാനു കിട്ടിയിരുന്നോ എന്നൊന്നും  വ്യക്തമല്ല. എന്തായാലും ആലപ്പുഴയിലെ മുസ്ലീം യുവജനസമാജത്തിന്റെ കാര്യദർശിക്കു നൽകുന്ന മറുപടിയിൽ കവിതക്കാര്യത്തിൽ ആശാനുള്ള ആത്മവിശ്വാസം വ്യക്തമാണ്. തിരുത്താമെന്ന സമ്മതമെന്ന നേരിയ സൂചനപോലും അവിടെയില്ല. അതേ സമയം സി വി കുഞ്ഞുരാമനും മറ്റും സമുദായ ഐക്യത്തെയും സൗഹാർദ്ദത്തെയും മുൻനിർത്തി എടുക്കുന്ന മധ്യസ്ഥനിലപാട് തായാട്ടു ശങ്കരനും സ്വീകരിച്ചതാവാൻ സാധ്യതയുണ്ട്. സ്വന്തം കവിതയെപ്പറ്റി ആരെങ്കിലും ഉന്നയിക്കുന്ന ഔചിത്യദോഷങ്ങളുടെയും മറ്റും കാര്യത്തിലും ആശാന്റെ നിലപാട് ഇതേവിധമാണെന്നതിനും ഉദാഹരണങ്ങളുണ്ട്.

സമുദായ പരിഷ്കരണം എന്നു മാത്രമേ ആശാൻ പറയുന്നുള്ളൂ. പി ശങ്കരൻ നമ്പ്യാരും പി കെ ബാലകൃഷ്ണനും ഉൾപ്പടെയുള്ളവർ ‘ഹിന്ദുസമുദായ പരിഷ്കരണം’ എന്ന അർത്ഥമാണെടുത്തത്. യുവജനസംഘം കാര്യദർശിക്കുള്ള കത്തിലെ ‘സമുദായപരിഷ്കരണ’പ്രയോഗത്തിൽ മുസ്ലീം സമുദായത്തെയും വ്യംഗ്യമായി ആശാൻ ഉദ്ദേശിച്ചിരുന്നോ എന്ന് ആലോചിക്കാവുന്നതാണ്. കാവ്യം എന്ന നിലയിലായാലും സാമൂഹിക വിപ്ലവപ്രബന്ധം എന്ന നിലയിലായാലും ദുരവസ്ഥ തികഞ്ഞ പരാജയമാണെന്ന അഭിപ്രായമാണ് പി കെ ബാലകൃഷ്ണനുണ്ടായിരുന്നത്. കാവ്യം എഴുതി തീർക്കാൻ ആശാൻ കാണിച്ച ധൃതിതന്നെ (മറ്റു രചനകളിൽനിന്ന് വ്യത്യസ്തമായി 1700 ഓളം വരികളുള്ള ഏറ്റവും ദീർഘമായ ഈ കാവ്യം മൂന്നുമാസംകൊണ്ട് എഴുതിത്തീർത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു!) പിടിച്ച പുലിവാലിൽനിന്ന് ഊരിപ്പോരാനുള്ള അക്ഷാന്തിയാണ് ആശാന്റെ കാവ്യദേവതയെക്കൊണ്ട് കാട്ടുനൃത്തം ചെയ്യിച്ചതെന്നാണ് പി കെ യുടെ വിമർശനം.

കൊല്ലം പെരിനാടു പ്രദേശങ്ങളിൽ നടന്ന പുലയ-നായർ ലഹളയെപ്പറ്റി  വിവേകോദയത്തിൽ ‘എവിടെയും ക്ഷോഭം’ എന്ന പേരിൽ എഴുതിയ മുഖപ്രസംഗം ലഹളകളുടെ നേർക്ക് ആശാനുണ്ടായിരുന്ന മനോഭാവത്തെ വെളിവാക്കുന്നുണ്ട്. 

“ഒന്നു വിചാരിച്ചാൽ ലഹള ഒരു വലിയ സമുദായ പരിഷ്കാരിയാണ്. ലഹളകൊണ്ട് ചിലപ്പോൾ ചില ഗുണങ്ങളും ചില അറിവുകളും ലോകത്തിനു സിദ്ധിക്കാറുണ്ട്”.

– “ലഹള ദൂരെ നിൽക്കേണ്ടവരെ തമ്മിൽ കൂട്ടിമുട്ടിക്കുന്നു; തൊടാൻ പാടില്ലാത്തവരെ തൊട്ടു വിഷമിപ്പിക്കുന്നു. അവരുടെ അംഗങ്ങളേ തമ്മിൽ മർദ്ദിപ്പിക്കുന്നു. എന്നു വേണ്ട കൂസൽകൂടാതെ പരസ്പരം മാംസരക്തങ്ങളിൽക്കൂടി കടന്നു പെരുമാറിക്കുന്നു.”

സ്വയമേവ ഗൗരവപ്രകൃതിയായ ആശാൻ ചില സമയങ്ങളിൽ  നല്ല ഫലിതങ്ങൾ പ്രയോഗിച്ചു അഭിപ്രായങ്ങൾക്കു മൂർച്ച കൂട്ടാറുണ്ട് എന്നതിനു ഉദാഹരണമായിട്ടാണ് പ്രിയ ദർശനൻ ഈ മുഖപ്രസംഗവാക്യങ്ങൾ എടുത്തെഴുതുന്നത്. (ആശാന്റെ അറിയപ്പെടാ‍ത്ത മുഖങ്ങൾ) ആശാനെപ്പോലൊരു ഉചിതജ്ഞൻ ലഹളകൾപോലെ രക്തമൊഴുക്കുന്ന ദാരുണതകളെപ്പറ്റി പറയുന്നതു നർമ്മഭാവത്തിലാണെങ്കിൽക്കൂടി അതിനു തീവ്രതയും ആത്മാർത്ഥതയുമുണ്ടാവുമല്ലോ. മറ്റൊരു വശത്തുകൂടി നോക്കിയാൽ ദുരവസ്ഥയുടെ പശ്ചാത്തലത്തെ ഈ അഭിപ്രായം ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്.   

 മാതൃഭൂമി ആഴ്ചപ്പതിപ്പ്  വായനക്കാർ എഴുതുന്നു.   12 ഫെബ്രുവരി 2023

 

June 29, 2021

വാക്കുകളുടെ ആഴ്ചപ്പതിപ്പ്

 


കേരളത്തിലെ ഗോത്രപാരമ്പര്യത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പ് (99:14) നമ്മുടെ ‘ഭാഷകളുടെ’ അർത്ഥരൂപീകരണപ്രക്രിയയിലേക്ക് തിരിഞ്ഞു നോക്കാനുള്ള സന്ദർഭംകൂടിയാണ് തുറന്നിട്ടത്. അവയിൽ പ്രധാനം ഡോ. ലിജിഷയുടെ എ ടിയുടെ ചോലവനഭാഷകളുടെ വംശനാശത്തെ ഉത്കണ്ഠയോടെ മുന്നിൽ വയ്ക്കുന്ന ലേഖനമാണ്. പൊതുസമൂഹവുമായി അടുത്തിടപഴകാതെ ഉൾക്കാടുകളിൽ കഴിയുന്ന ചോലനായ്ക്കർ അവരുടെ ആശയവിനിമയവ്യവസ്ഥയിൽ പാരിസ്ഥിതിക ജൈവികതയെ കുടിയിരുത്തിയിരിക്കുന്നതെങ്ങനെയെന്ന വിശദമായി വിവരിച്ചുദാഹരിക്കുന്ന ലേഖനത്തിൽ പരാമർശിക്കപ്പെടുന്ന പല വാക്കുകൾക്കും മലയാളവുമായി ബന്ധമുണ്ടെന്നു തോന്നി. അതിനേക്കാൾ പ്രധാനം, ചോളനായ്ക്കരുടെയായാലും ഇരുളരുടെയായാലും മലയാളികളുടെയായാലും, ഭാഷയിലെ വാക്കുകൾ അവയുടെ അർത്ഥം സ്വരൂപിച്ചെടുത്ത ഒരു പൊതുകേന്ദ്രമുണ്ടാവാം എന്ന കാഴ്ചപ്പാടിനെ സാധൂകരിക്കുന്ന പലതും ആ ലേഖനത്തിലുണ്ടെന്നതാണ്. മലയാളം എന്ന പേരിലുള്ള അളം (പ്രദേശം), ചോലനായ്ക്കരുടെ അളെ (ഗുഹ)യിൽനിന്ന് വളരെ ദൂരെയല്ല. രണ്ടിന്റെയും പൂർവസ്ഥാനം ആവാസവ്യവസ്ഥയെ സൂചകമാക്കിക്കൊണ്ടുള്ള വിനിമയവ്യഗ്രതയിൽനിന്നുണ്ടായതാവാനുള്ള സാധ്യതയെയും അവ മുന്നിൽ വയ്ക്കുന്നു. രോമക്കൂടുതലുള്ള തേനീച്ചയെ ചോലനായ്ക്കർ വിളിച്ച പേരിൽ (ചുക്കെ നെദറ് ക്വിന്നി) ഇഞ്ചിയുണങ്ങി നാരുകളായി പിരിഞ്ഞു തുടങ്ങിയ ചുക്കിനു ആ പേരു ലഭിച്ചതിന്റെ കാരണമല്ലേ ഉള്ളത്? വേങ്ങപ്പൂവിന്റെ (ബേങ്ങൂവ്) മഞ്ഞയെ വെയിലും (ബേങ്ങെ) വേനലും (ബേച്ചെകാലെ) കടുവയുമാക്കി (ബേങ്ങബരയന്) തീർക്കുന്ന ഭാഷാപരിണാമം കാഴ്ചയ്ക്കു പ്രാധാന്യം നൽകിയ പാരമ്പര്യത്തിന്റെ തെളിവുകൂടിയാണ്. വാക്കിൽ തൊടുമ്പോൾ, ഒന്നിൽനിന്ന് മറ്റൊന്ന് എന്ന മട്ടിൽ പ്രവർത്തനനിരതമാകുന്ന പരിസ്ഥിതിസൂചനകളെ സങ്കല്പത്തിലേക്കു കൊണ്ടുവരുന്ന ‘ഹൈപ്പർ ലിങ്കിനു’ സമാനമായ ജാലികയെന്ന വാക്കും അതിന്റെ പൂർണ്ണമായ അർത്ഥധ്വനിയോടെ ഈ ലേഖനത്തിൽ കണ്ടു.  

പി ശിവലിംഗന്റെ കവിത (വശന്തത്തെ തേടി പോകക്കൊളെ പാത്തത്) ഇരുളഭാഷയിലും മലയാളത്തിലുമായി കൊടുത്തിരുന്നത്, വാക്കുകളുടെ സാമൂഹികപരിണാമസന്ദർഭത്തിലേക്കെത്താൻ വഴിയൊരുക്കിയെന്നതാണ് രണ്ടാമത്തെ കാര്യം. ലിപിയില്ലാത്ത (നഷ്ടപ്പെട്ട) ഇരുളഭാഷയിൽ വാക്കുകൾ തനിമ സൂക്ഷിക്കുകയോ മൊഴിവഴക്കത്തിൽപ്പെട്ട് മറ്റൊന്നായി മാറുകയോ ചെയ്തിരിക്കാം. കവിതയിൽ ‘കരെ’ എന്നൊരു വാക്കു കാണാം. പരിഭാഷയിൽ തെറ്റിയിട്ടില്ലെങ്കിൽ ‘കരെ’ എന്നിവിടെ പറഞ്ഞിരിക്കുന്നത് പുഴയെയാണ്. വിരുദ്ധാർത്ഥത്തിലുള്ള വാക്കുകൾ ഭാഷയിൽ അപൂർവമല്ലെങ്കിലും ആദിദ്രാവിഡത്തിൽനിന്ന് രണ്ടു വഴിക്കു പിരിഞ്ഞ് അർത്ഥം വെവ്വേറെയായി പോയ സഹോദരികൾ ഒരു കവിതയിലും അതിന്റെ പരിഭാഷയിലുമായി കണ്ടുമുട്ടുന്നതിന്റെ യാദൃച്ഛികത കവിതപോലെതന്നെ ആസ്വാദ്യകരമാണ്. പൂർണ്ണചന്ദ്രനും നിലാവിനും കവിതയിൽ ഒരു  വാക്കാണ്, ‘ധോവി’. സംസ്കൃതത്തിലെ ധൗതവും (കഴുകിയ, വെളുപ്പിച്ച, നിർമ്മലമായ) ഹിന്ദിയിലെ ധോബിയും (അലക്കുകാരൻ) ആയി അടുത്തബന്ധം രൂപപരമായും അർത്ഥപരമായും ഉള്ളതായി തോന്നുന്നു, മലയാളത്തിൽ തീരെ കേട്ടിട്ടില്ലാത്ത ഈ വാക്കിന്.  നിലാവെളിച്ചത്തിന്റെ ശുഭ്രതയ്ക്കും കഴുകിത്തുടച്ച ചന്ദ്രനും കാവ്യാത്മകത സ്വഭാവേന വന്നു ചേരുകയും ചെയ്യുന്നു.  

മാതൃഭൂമി കിട്ടിയാൽ ആദ്യം വായിക്കുന്ന, ലീലാവതിയുടെ ആത്മകഥ ധ്വനിപ്രകാരത്തിലെ, ‘രണ്ട് സാഹസങ്ങളിൽ’ ബാലാമണിയമ്മയുടെ കവിതയെപ്പറ്റി പറയുന്നിടത്ത് ‘അഹി ഉപമാനമായ കല്പനകളാണ് അവരുടെ കവിതകളിൽ ഏറ്റവും അധികം’ എന്നൊരു നിരീക്ഷണമുണ്ട്. ആ വാക്ക് വീണ്ടും തൊട്ടടുത്ത് ആവർത്തിച്ചിട്ടുമുണ്ട്. പാമ്പ് എന്നതിനുപകരം അധികം ആർക്കും മനസ്സിലാവാത്ത ഈ ‘അഹി’ എന്ന സംസ്കൃതപ്രയോഗത്തിന് (കാലാഹി എന്ന് എഴുത്തച്ഛൻ, അഹിച്ഛത്രം എന്ന സ്ഥലം മഹാഭാരത്തിൽ) സാന്ദർഭികമായി വിശേഷസാഹചര്യമൊന്നും ഇല്ല. പാമ്പിന്റെ പേരു ഉറക്കെ പറയാൻ പാടില്ലെന്ന പഴയ വിശ്വാസമോ നിരൂപണത്തിന്റെ രീതിശാസ്ത്രമനുസരിച്ച് ബിംബപദവി കല്പിച്ചും ഭാഷാപരമായി ഉയർത്തിയുമുള്ള പ്രയോഗമോ ആകാം ടീച്ചർ ഉദ്ദേശിച്ചത്. അല്ലെങ്കിൽ പുതുമയ്ക്കു വേണ്ടി പ്രയോഗിച്ചതുമാവാം.  (ഇതൊന്നും ആവണമെന്നും ഇല്ല) എങ്കിലും ആ വാക്ക് ലേഖനത്തിൽ ഒരു മുഖത്തെഴുത്തുപോലെ എടുത്തു നിൽക്കുന്നതായി തോന്നി. ലീലാവതി ടീച്ചറുടെ സംസ്കൃതപക്ഷപാതിത്വത്തിനൊപ്പം ഇതിഹാസ-പുരാണങ്ങളിലുള്ള പരിചയവും പാണ്ഡിത്യവും വായനാനുഭവവുമൊക്കെ മുന്നിലേക്ക് കൊണ്ടുവരുന്നുണ്ട് ആ സന്ദർഭത്തിൽ അഹി എന്ന വാക്ക്.

മേതിലിന്റെ 19’ പംക്തിയിലെ, - ‘സന്ദർഭം ഇല്ലാതായ സ്ഥലം; ഞാനെവിടെയാണ്'- എന്ന ലേഖനത്തിൽ സസ്തനി എന്ന അതിസാധാരണമായതും പ്രചാരമുള്ളതുമായ പദത്തിനു പകരം സ്തന്യപം എന്ന ബഹുവ്രീഹിയാണ് ഉപയോഗിച്ചിരിക്കുന്നത്. സസ്തനി, ഒരു ജീവിവർഗത്തിന്റെ സാമാന്യനാമമായിത്തീർന്നിട്ടുണ്ടെങ്കിലും അതിന്റെ നിരുക്തം മുലയുള്ളവൾ എന്ന അർത്ഥത്തിൽ സ്ത്രീയെ സൂചിപ്പിക്കുന്നതും (സ്തനത്തോടുകൂടിയത്) സ്തന്യപം, മുലകുടിക്കുന്ന ജീവജാലത്തെ മുഴുവനായി അടയാളപ്പെടുത്തുന്നതുമായ പ്രയോഗമാണ്. മുലക്കണ്ണ് ആൺവർഗത്തിനും ഉള്ളതാണല്ലോ എന്ന എതിർവാദത്തിനു പ്രസക്തിയുണ്ടെങ്കിൽപോലും ഈ ‘വാക്കുമാറ്റത്തിൽ’ ഗംഭീരമായ ഒരു ചാട്ടമുണ്ട്. മുലയുള്ളതല്ല, അതു കുടിച്ചു വളരുന്നതിലാണ് വർഗപരമായ അസ്തിത്വമുള്ളതെന്നാണ് അതു പറഞ്ഞു തരുന്നത്. ആദ്യത്തേത് (അഹി) വിശ്വാസപരമാണെങ്കിൽ ഇത് (സ്തന്യപം) ജീവശാസ്ത്രപരവും ആ നിലയ്ക്ക് ശാസ്ത്രീയവുമാണ്.

വാക്കിനെപ്പറ്റിത്തന്നെ മറ്റൊന്നുകൂടി. കവിതാബാലകൃഷ്ണൻ എഴുതി വരുന്ന കലാചരിത്രത്തിലെ സ്ത്രീ എന്ന ലേഖനപരമ്പരയിൽ, ഇത്തവണ പുഷ്പമാലയെപ്പറ്റി  എടുത്തെഴുതുന്നിടത്ത് ഇങ്ങനെ കാണാം : “ഉൾവസ്ത്രങ്ങൾ  എപ്പോഴും എന്നെ രസിപ്പിച്ചിട്ടുണ്ട്. ബനിയനുകൾ, നിക്കറുകൾ, ബ്രേസിയറുകൾ ഇതൊക്കെ നഗരജീവിതത്തിന്റെ ഭാഗമാണ്....”. അണ്ടർഗാർമെന്റ് (-വെയർ) എന്നു ഇംഗ്ലീഷറിയാവുന്നവരും അടിവസ്ത്രം എന്നു നാട്ടുകാരും ഉപയോഗിച്ചുവരുന്ന സർവസാധാരണമായ പദത്തിനുപകരം, കൊണ്ടുവന്നുവച്ച ഈ ‘ഉൾവസ്ത്രം’ സംസ്കൃതീകരിക്കപ്പെട്ടതാണെങ്കിലും അർഥപരമായ വികാസം അതിനുണ്ട്. അടിവസ്ത്രം എന്ന പഴകിയ പ്രയോഗം ഉൾക്കൊള്ളുന്ന ഒരു കീഴാള സ്വഭാവത്തെയാണ് ഉൾ എന്ന ചെറിയ വാക്ക് ചേർന്ന സമാസം ഒറ്റയടിക്ക് റദ്ദ് ചെയ്യുന്നത്. ഇതിൽ വന്ന മാറ്റം സാമൂഹികശാസ്ത്രപരവുമാണ്. ശരീരവുമായി ബന്ധപ്പെടുത്തി ഭാഷാവ്യവസ്ഥ നിലനിർത്തുന്ന അധീശത്വവും കീഴാളത്തവും ആ വാക്കുമാറ്റം കൊണ്ടുവന്നു മുന്നിൽ നിർത്തുകയും ചെയ്യുന്നു. (അടിവസ്ത്രമെന്ന് സ്വാഭാവികമായി പ്രയോഗിച്ചു പോയിരുന്നെങ്കിൽ ഈ ആലോചനതന്നെയും ആവശ്യമില്ലാതായേനേ)

അഹി, സ്തന്യപം, ഉൾവസ്ത്രം - ഇവയെല്ലാം മുൻപും ഉപയോഗിച്ചിരുന്നതാവാം. എങ്കിലും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഒരു പതിപ്പിൽത്തന്നെ ചോലനായ്ക്കരുടെ ഹരിതപദകോശങ്ങളും ശിവലിംഗന്റെ കവിതയിലെ ദ്രാവിഡവും സംസ്കൃതമിശ്രമായ പദങ്ങളും അവയുടെയെല്ലാം സാമൂഹികവും മനശ്ശാസ്ത്രപരവും ശാസ്ത്രീയവും സാംസ്കാരികവുമായ രാഷ്ട്രീയവുമായ പാരിസ്ഥിതികവുമായ അർത്ഥധ്വനികളോടെ നിരക്കുന്നുവെന്നത് കൗതുകകരമാണ്. അർത്ഥങ്ങളും ആശയങ്ങളും കാലാകാലം പാർപ്പിടങ്ങൾ പുതുക്കുമ്പോൾ അതു തേടി കണ്ടുപിടിക്കാൻ നമുക്കുള്ളതും വാക്കുകളുടെ മേൽവിലാസമാണല്ലോ എന്നാലോചിക്കാൻ മാതൃഭൂമിയുടെ ഈ ലക്കം സവിശേഷമായി വഴിയൊരുക്കുകയായിരുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പ് ജൂലായ് 4, 2021