October 15, 2021

റോസാപ്പൂവിന്റെ പേര്

 


മെൽക്കിലെ അഡ്സോ, എൺപത്തി നാലാം വയസ്സിൽ ഇറ്റലിയിലെ സന്ന്യാസി മഠത്തിലിരുന്ന് എഴുതിയ, അയാളുടെ ചെറുപ്പത്തിൽ നടന്ന, അയാൾകൂടി സാക്ഷിയായ ഒരു സംഭവകഥയുടെ പ്രാചീന ലത്തീനിലുള്ള കൈയെഴുത്തു പ്രതിയാണ് ‘റോസാപ്പൂവിന്റെ പേര് എന്ന നോവലിന്റെ അടിസ്ഥാന പ്രമാണം. ആബെ വാലെറ്റ് എന്ന മനുഷ്യൻ പതിനെട്ടാം നൂറ്റാണ്ടിലെ ലത്തീനിലേക്ക് അത് പരിഭാഷപ്പെടുത്തിയിരുന്നു. നോവലിന്റെ ആഖ്യാതാവിന് (സൗകര്യത്തിന് അത് ഉംബെർത്തോ എക്കോ തന്നെയാണെന്ന് വിചാരിക്കാം) ലഭിക്കുന്നത് ഡോം ജെ മാബിയോൺ ഫ്രെഞ്ചിലേക്ക് പരിഭാഷപ്പെടുത്തിയ കൃതിയാണ്. അത് ഇറ്റാലിയനിലേക്ക് മാറ്റിയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. വില്യം വീവർ അതിനെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. അതിനെ മലയാളത്തിലേക്ക് രാധികാ സി നായർ വിവർത്തനം ചെയ്യുമ്പോൾ വിവർത്തനത്തിന്റെ ആറു കൈ മറിഞ്ഞാണ് അനുഭവകഥ നമ്മുടെ കൈകളിലെത്തുന്നതെന്നർത്ഥം. ആദ്യത്തെ മൂന്നു വിവർത്തനങ്ങൾ ഭാവനയിലുള്ളതാണ്. അവസാനത്തെ മൂന്നു വിവർത്തനങ്ങൾ യാഥാർത്ഥ്യവും. ഉംബെർത്തോ എക്കോ എന്ന പ്രതിഭ സങ്കല്പ-യാഥാർത്ഥ്യങ്ങളുടെ സ്വർഗനരകങ്ങൾക്കിടയിൽ പകുതി മറഞ്ഞും പകുതി തെളിഞ്ഞും നിന്നുകൊണ്ടാണ് ചിരിക്കുന്നത്. അതികഥയുടെ തന്ത്രങ്ങൾകൊണ്ടു താൻ മെനഞ്ഞ ഒരു നോവലിനെ ചൂണ്ടി ‘നമ്മുടെ കാലത്ത് ഒരു പ്രസക്തിയുമില്ലാത്ത കഥ’യെന്നു പറഞ്ഞുകൊണ്ട്. 
 
ആരാണ് ഒരു കൃതി വിവർത്തനം ചെയ്യേണ്ടത്? സ്രോതഭാഷയിൽ നിഷ്ണാതനായ ആളാണോ ലക്ഷ്യഭാഷയിൽ സിദ്ധിയും ശേഷിയും ഉള്ള ആളാണോ? മലയാള വിവർത്തനങ്ങളെ സംബന്ധിച്ചിടത്തോളമുള്ള സാമാന്യബോധം ഇംഗ്ലീഷ് ( മറ്റു ഭാഷകളിൽനിന്ന് നേരിട്ട് വിവർത്തനം ചെയ്തിട്ടുള്ള കൃതികൾ ഭൂരിപക്ഷവും നല്ലതാണ് മലയാളത്തിൽ) നല്ലവണ്ണം അറിയാവുന്ന ഒരാളിന് മലയാളത്തിലെ വാക്യഘടനയോ എന്തിനു മതിയായ ഭാവുകത്വം പോലുമോ ഇല്ലെങ്കിലും വിവർത്തനം ആകാമെന്നുള്ളതാണ്. അല്ലാതെ വരുമ്പോഴാണ് ഒരു ശൈലിയോ ഒരു വാക്കോ തെറ്റിയാലും, ഇനിയും തീരെ മാഞ്ഞു പോകാത്ത കോളോണിയൽ ബോധങ്ങൾക്ക് ‘അയ്യോ പോയേ !’ എന്ന് ആർത്തു വിളിക്കാനുള്ള സൗകര്യം കിട്ടുന്നത്. എന്നാൽ സാംസ്കാരികമായ ഈടുവയ്പ്പിനെ സഹായിക്കുന്നത് ലക്ഷ്യഭാഷയിലുള്ള വിവർത്തകരുടെ സാമർത്ഥ്യമാണ്. മൂലകൃതിയുടെ മഹത്വമറിയാനല്ല പരിഭാഷകൾ, അവയെ നമ്മുടെ ഭാഷ എത്രത്തോളം ഉൾക്കൊള്ളുന്നു എന്ന് അനുഭവിക്കാനാണ്. അതുവഴി വികസിക്കുന്ന ഭാഷയുടെ അനുഭവമാണ് കൃതിയുടെ അനുഭവം. അതുകൊണ്ട് വിവർത്തക/ന്റെ യുടെ ഭാഷാസിദ്ധിയാണ് പരിഭാഷകളുടെ മേന്മ നിശ്ചയിക്കുന്നത്. മലയാളത്തിൽ അടുത്തകാലത്തിറങ്ങിയ മൂന്നു മികച്ച പരിഭാഷകളിൽ ഒന്നാണ് രാധികയുടെ ‘ റോസാപ്പൂവിന്റെ പേര്’. (പി രാമൻ തർജ്ജിമ ചെയ്ത ‘മായപ്പൊന്നും’, കെ ആർ അശോകന്റെ ‘സ്കൂൾ പഠനത്തിന്റെ ഫിൻലന്റ് മാതൃകയും.) ഈ രണ്ടു പുസ്തകങ്ങളേക്കാൾ കഠിനമായൊരു ഉത്തരവാദിത്തദൗത്യം 661 പുറങ്ങളുടെ വലിപ്പവും ഇറ്റാലിയൻ ഫ്രെഞ്ച് ലത്തീൻ ഭാഷകളുടെയും മധ്യകാല യൂറോപ്പിന്റെയും പ്രേഷിതസഭകളുടെയും ചരിത്രത്തിന്റെയും തത്ത്വചിന്തമുതൽ കാവ്യമീമാംസവരെ നീണ്ടുകിടക്കുന്ന നീണ്ടു കിടക്കുന്ന വിജ്ഞാനശാഖകളുടെയും എല്ലാം മിശ്രിതമായ ഒരു പുസ്തകം, അതും ഭ്രമിപ്പിക്കുന്ന കല്പനകളും ചരിത്രയാഥാർഥ്യങ്ങളും കൂടിക്കുഴഞ്ഞുകിടക്കുന്ന ഒരു ‘വിജ്ഞാനകോശം’ വിവർത്തനം ചെയ്യുന്നതിലുണ്ട്. ചെറിയകാര്യമല്ല അത്. പുസ്തകത്തിലെ മറ്റു ഭാഷകളിലെല്ലാമുള്ള പദങ്ങൾക്കും വാക്യങ്ങൾക്കും കാവ്യശകലങ്ങളെയും എല്ലാം ചേർത്താണ് പരിഭാഷ നിർവഹിച്ചിരിക്കുന്നത്. അതിനു വേണ്ടിവന്ന ശ്രമത്തെക്കുറിച്ച് രാധിക ആമുഖത്തിൽ വിശദീകരിച്ചിട്ടുണ്ട്.
 
നമ്മുടെ സാഹിത്യത്തിലെ ആധുനികതയുടെ ആരംഭം പ്രത്യക്ഷമോ പരോക്ഷമോ ആയ വിവർത്തനങ്ങളിലൂടെയാണ്. ഐവാൻ ഹോ, ഹെൻട്രീറ്റാ ടെമ്പിൾ, ആയിരത്തൊന്ന് രാവുകൾ, വിക്രമാദിത്യ കഥകൾ, പാവങ്ങൾ, കുറ്റവും ശിക്ഷയും, ക്വിക്സോട്ട്..... നാടകം, ചെറുകഥ, കവിത, വൈജ്ഞാനിക സാഹിത്യം.. അങ്ങനെ നോക്കിയാൽ സമകാലത്തോളം നീളുന്ന വലിയൊരു പട്ടികയുണ്ട്, പരിഭാഷകളുടേതായി. ആളുകൾ വിചാരിച്ചു വശായതുപോലെ മറ്റു ഭാഷകളിലെ സാഹിത്യം വായിച്ചു ചാർതാർത്ഥ്യം കൊണ്ടവരല്ല, അവയെ വഴിവെട്ടിത്തിരിച്ചു ഇവിടെകൊണ്ടുവന്നവരാണ് പുറമേ ആരും അറിയാതെ മുഴക്കങ്ങൾ സാഹിത്യത്തിൽ സൃഷ്ടിച്ചത്. എഴുത്തുകാരുടെ കാര്യത്തിൽ സംഗതികൾ വ്യത്യസ്തമായിരിക്കും. തൊഴിൽ പരമായി അവർ അവർക്കു വേണ്ടത് കണ്ടെത്തുമായിരിക്കും. എന്നാൽ അവർക്കു വേണ്ടി ഒരു വായനാലോകത്തെ പാകപ്പെടുത്തുന്നതിൽ പരിഭാഷകരുടെ സംഭാവനകൾ വളരെ വലുതാണ്. മഹാസമുദ്രങ്ങളിൽ തോണിയിറക്കാൻ (പി കെ രാജശേഖരന്റെ ഒരു ഉപമ കടമെടുത്തുകൊണ്ടാണെങ്കിൽ കടലിൽ സ്രാവു വേട്ടയ്ക്കിറങ്ങാൻ) മാത്രമല്ല കായലും കൈത്തോടും തമ്മിലുള്ള വ്യത്യാസങ്ങൾ പരിഗണിക്കാനും പരിഭാഷകളുടെ ഒത്താശകൾ സഹായിച്ചിട്ടുണ്ട്. നമ്മൾ ആ കാര്യം വേണ്ടത്ര പഠിച്ചിട്ടില്ല.
മലയാളത്തിലെ പ്രധാനപ്പെട്ട പരിഭാഷകളിലൊന്നാണ് ‘റോസാപ്പൂവിന്റെ പേരും’. സംശയമൊന്നും ഇല്ല. നോവലിന്റെ ഭാവാന്തരീക്ഷം അതേ പടി നിലനിർത്തിക്കൊണ്ടുള്ള തർജ്ജിമയാണ് ഇത്. രാത്രി കേൾക്കാനുള്ള സംഗീതം എന്നൊക്കെ പറയുമ്പോലെ, ഉറക്കത്തിനുള്ള സമയം കഴിഞ്ഞും നീളുന്ന നിശ്ശബ്ദരാത്രികളിൽ വായിക്കാനുള്ള ഒരു പുസ്തകം !
 
മെൽക്കിലെ സന്ന്യാസി മഠത്തിൽ ബ്രദർ വില്യമിനോടൊപ്പം അഡ്സോ ചെലവഴിച്ച ഏഴുദിവസങ്ങളിൽ നടന്ന സംഭവവിവരണങ്ങൾ വിവർത്തനം ചെയ്യുമ്പോൾ ആബേ വാലറ്റ് തന്റെ ഒരു മുദ്ര അവയിലുടനീളം പതിപ്പിച്ചു വച്ചു. തുടക്കത്തിൽ ഒന്നോരണ്ടോ വരിയിൽ എന്താണ് പ്രസ്തുത അധ്യായത്തിൽ വിവരിക്കുന്നതെന്ന് ചുരുക്കി എഴുതി. അതിലൂടെ ഉത്തമ പുരുഷനിലുള്ള (ഫസ്റ്റ് പേഴ്സണിൽ ) കഥയിൽ, ഒരു മനുഷ്യന്റെ കൂടി സാന്നിദ്ധ്യം വരുന്നു. അവ തൃതീയ പുരുഷനിലുള്ള (തേഡ് പേഴ്സൺ) ആഖ്യാനം കൂടിയായി മാറുന്നു. എക്കോ ആഖ്യാനത്തിന്റെ കാര്യത്തിൽ തുറന്നിട്ട ഒരു അട്ടിമറിയാണിത്.
രാധികയുടെ മലയാള പരിഭാഷയിലും മറ്റൊരു തരത്തിൽ ഇത്തരമൊരു മുദ്ര കടന്നു വരുന്നുണ്ട്. ഹെർസി എന്ന വാക്കിനു പകരമായി ഉപയോഗിച്ചിരിക്കുന്നത് പാഷണ്ഡത എന്ന വാക്കാണ്. ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ വേദദൂഷണം എന്നാണർത്ഥം. മഠാധിപന്റെ മോതിരക്കല്ലുകളെ അയാൾ വിവരിക്കുന്നിടത്ത് സ്നേഹം എന്ന് ഗുണ്ടർട്ട് അർത്ഥം നൽകിയിട്ടുള്ള ഉപവി എന്ന പ്രാചീനപദം കാണാം. മലയാളത്തിൽ ഗ്രന്ഥാലയമല്ലാതെ മറ്റൊന്നുമാകാൻ ഇടയില്ലാത്ത കെട്ടിടഭാഗത്തെ ലേഖാലയം ആക്കിയതിലും ഒരു മിന്നിത്തിളക്കമുണ്ട്. പതിനാലാം നൂറ്റാണ്ടിലെ അഡ്സോയുടെ വിവരണത്തിലെ കുപ്രസിദ്ധമായ സന്ന്യാസി മഠത്തിലെ കുഴപ്പം പിടിച്ച മുറി, ലാബിറന്ത്’ (ലാബുരിന്തോസ്) മലയാളത്തിൽ രാവണൻ കോട്ടയാണ്. ഗ്രീക്കു പുരാണത്തിലെ മിനോട്ടോറിന്റെ വസതിയാണ് മധ്യകാല ഇംഗ്ലീഷിൽ ലാബിറന്തായി മാറിയത്. അകത്തുകയറിയാൽ തിരിച്ചിറക്കം സംശയാസ്പദമായ, ‘രാവണൻ കോട്ട’യായി അതു മാറുമ്പോൾ പരിചിതമായ അപരിചിതത്വം അനുഭവേദ്യമാണ്. അതിന്റെ പ്രാചീനതയ്ക്കൊപ്പം. ‘ഫെം ഫെറ്റാലെ’യെ പൂതനയെന്നോ താടകയെന്നോ മാറ്റും പോലെയല്ല അത്. 
 
ബാസ്കർ വില്ലിയിലെ ബ്രദർ വില്യമിനെ അഡ്സോ ആദ്യം പരിചയപ്പെടുത്തുന്നത് തീരെ മെലിഞ്ഞ് പൊക്കം കൂടിയ മനുഷ്യനായിട്ടാണ്. തവിട്ടു പുള്ളികളുള്ള നീണ്ട മുഖം. അയാളിൽ ആദ്യം ശ്രദ്ധിക്കുക കാതിലെ എഴുന്നു നിൽക്കുന്ന മുടികളാണത്രേ. ആത്മവിശ്വാസമില്ലെന്ന് തോന്നിപ്പിക്കുന്ന ഭാവം ജിജ്ഞാസയായിരുന്നു എന്ന് അഡ്സോ പിന്നീട് തിരിച്ചറിയുകയും ചെയ്യുന്നു. ഷോൺ ഷാക് അനൗഡ് സംവിധാനം ചെയ്ത ദ നെയിം ഓഫ് ദ റോസ് (1986) സിനിമയിൽ സീൻ കോണറി അവതരിപ്പിച്ച വില്യമിനെ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണങ്ങളിലൊന്ന് ഇതാണ്. എന്തൊക്കെ പ്രത്യേകതകളുണ്ടെങ്കിലും - രോമാവൃതമായ ശരീരം തന്നെ അവയിൽ പ്രധാനം‌ - ജെയിംസ് ബോണ്ടായി പകർന്നാടിയിരുന്ന വ്യക്തിയ്ക്ക് ഭ്രാന്തൻ വായനയുടെയും പുസ്തകപ്രേമത്തിന്റെയും വിശന്ന കണ്ണുകളുള്ള ആളായിരിക്കാൻ പ്രയാസമാണ്. അതിലേറെ പ്രയാസം ആത്മവിശ്വാസമില്ലാത്ത വ്യക്തിഭാവവുമായി കൂറ്റൻ ശരീരമുള്ള കോണറിയ്ക്ക് എന്തു ബന്ധമാണുള്ളത്? അപ്പോഴും സിനിമ അനുകരിച്ച മധ്യകാലത്തെ ഇരുട്ട് കുറെയൊക്കെ വില്യമിനെ രക്ഷിച്ചു. അഡ്സോ സിനിമയിൽ ആകെ തകർന്നു തരിപ്പണമാക്കി. 
 
നോവലിലെ മറ്റു ഘടകങ്ങൾ മാറ്റിവച്ചാലും അവശേഷിക്കുന്ന ഒരു വേതാളപ്രശ്നമുണ്ട് എന്തുകൊണ്ട് ഈ പേര്? ക്രിസ്തുവിന്റെ ദാരിദ്ര്യമോ, ക്രൂരമായ മതദ്രോഹവിചാരണകളോ, സഭകളുടെ പടല പിണക്കങ്ങളോ, തർക്കങ്ങളോ, പ്രാചീന വിജ്ഞാനമോ, പുസ്തകങ്ങൾക്കു ലഭിച്ച പ്രാധാന്യമോ, അരിസ്റ്റോട്ടിലോ ഒന്നിനുമല്ല അനൗഡിന്റെ ചലച്ചിത്രം ആവേശത്തോടെ ഊന്നൽ നൽകിയത്. അഗ്നിക്കുള്ള മാംസം എന്ന് നോവലിൽ വിശേഷിപ്പിച്ച പെൺകുട്ടിയെ രക്ഷിച്ച അഡ്സോയുടെ കൗമാര പ്രേമത്തിനാണ്. അതുകൊണ്ട് പേരില്ലാത്ത അവൾക്കുള്ള പേരാണ് റോസ്! റോമിയോയുടെ പ്രണയാർദ്രമായ വരികളെ ഓർമ്മിപ്പിച്ചുകൊണ്ട് പെൺകുട്ടിയെ റോസായി സിനിമയുടെ അവസാനം സ്നാനം ചെയ്യിക്കുന്നു. നോവലിനു ഇതിൽ പരം ദുരന്താത്മകമായ പരിണാമം വരാനിഉല്ലെന്നാണ് തോന്നിയത്. 
 
എക്കോ പുസ്തകത്തിന്റെ അവസാനം, പ്രാചീന ലത്തീൻ കവിതാശകലമുദ്ധരിച്ചുകൊണ്ട് ഒരു റോസാപ്പൂവിനെ കൊണ്ടുവരുന്നത് ആർക്കെന്നറിയാതെ (കാലത്തിനു സൂക്ഷിച്ചു വയ്ക്കാൻ) ഉപേക്ഷിച്ച പുസ്തകത്തെ സൂചിപ്പിക്കാനാണ്. പേരുകളെപ്പറ്റി മറ്റൊരിടത്തും പരാമർശിക്കുനുണ്ട്. ‘വസ്തുക്കൾക്ക് പേരിടാനായി ദൈവം ആദത്തിനെ ചുമതലപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും മാത്രമല്ല, പേരിടുന്നതു നേരിട്ട് കണ്ടറിയാൻ എല്ലാ ജീവികളെയും അവിടെ എത്തിച്ചിട്ട് ദൈവം ആദത്തിന്റെ സമീപം ചെന്നിരിക്കുകയും ചെയ്തു. വസ്തുക്കളുടെ കാരണം അവയുടെ പേരുകളാണെന്ന് വില്യം പറയുന്നു. 
 
അപാര വായനക്കാരനും അന്ധനും ലൈബ്രറി കാവൽക്കാരനും ആയിരുന്ന ലൂയി ബോർഹസിനെ - ഹോർഹേയെ - പ്രതിനായകനാക്കി ഭാവന ചെയ്യുകയായിരുന്നു എക്കോ എന്നൊരു വാദമുണ്ട്. അതുപോലെ പുസ്തകപ്രേമിയും അപാര വായനക്കാരനും ആയ എക്കോ, ഭാവനയിൽ ഒരു പ്രതിഭാശാലിയെ ശത്രുവായി കണ്ട് തോത്പ്പിക്കുന്നത് കൗതുകകരമാണല്ലോ. അതെന്തായാലും നോവൽ വായനക്കാർക്കായി എക്കോ മാറ്റിവച്ച രഹസ്യാന്വേഷണ ജോലിയായിരിക്കണം ‘റോസാപൂവിന്റെ പേരെന്ന’ പേരിനു പിന്നിലെ നിഗൂഢത. പലരും പലതും ആലോചിക്കും. ചലച്ചിത്ര സംവിധായകനായ അനൗഡിന് അതു അഡ്സോയുടെ ആദ്യ ലൈംഗിക പങ്കാളിയായ പെൺകുട്ടി. നമുക്കോ? 
 
ആണുങ്ങൾ മാത്രമുള്ള പുസ്തകമാണ് റോസാപ്പൂവിന്റെ പേര്. മലയാള നിരൂപകർ അലങ്കാരത്തിനു വേണ്ടി പ്രയോഗിക്കുന്ന വിശേഷണപദം എടുത്തുപയോഗിച്ചാൽ ‘പേശീബലം’ കൃത്യമായി കാണിക്കുന്ന ഒരു രചന. അതിനുള്ളിൽ ആകെ ചോരയും മാംസവുമുള്ള ഒരു സ്ത്രീ, പേരില്ലാതെ തീയിൽ കരിയാനുള്ള മാംസമായി, ഇരട്ട ചൂഷണത്തിന്റെ ഇരയായി ഒടുങ്ങുകയാണ് ചെയ്യുന്നത്. (നോവലിൽ വിശുദ്ധമാതാവായ മേരി കഴിഞ്ഞാലുള്ള മറ്റൊരു സ്ത്രീ പരാമർശം ക്ലാര എന്ന വാക്കിലൊതുങ്ങുന്നു). നമ്മുടെ ‘വൺ ഡൈമെൻഷണൽ ഏസ്തെറ്റിക്സ് ആൻഡ് ഐഡിയോളജി’ പതിവുവച്ചു നോക്കിയാൽ സ്ത്രീകളെ തമസ്കരിക്കുന്ന പുസ്തകം. 
 
എന്നിട്ടും റോസാപ്പൂവിന്റെ പേര് മലയാളത്തിലെത്തുന്നത്, രാധികാ സി നായർ വഴി. രാധിക ഫലത്തിൽ ഒരു സ്രാവുവേട്ടതന്നെ നടത്തിയതല്ലേ..? ആലോചിക്കുമ്പോൾ അതും ആകർഷകവും ശ്രദ്ധേയവുമായ എക്കോയിയൻ ട്വിസ്റ്റാണ് ; പുസ്തകത്തിനു പുറത്തുള്ള.
 
(https://www.dcbooks.com/rosapoovinte-peru-by-umberto-eco-readers-review.html) (എഫ് ബി)

October 14, 2021

മായപ്പൊന്ന്

 

    സാഹിത്യരചനയുടെ അവസാനം അതിന്റെ ആഖ്യാനം സ്വാഭാവികമായി രാഷ്ട്രീയ ചായ്‌വ് കാണിക്കുന്നതിൽ അദ്ഭുതമില്ലെന്ന് കലാചിന്തകർ പറയും. ജീവിക്കുന്ന ചുറ്റുപാടുമായി ബന്ധപ്പെടാതെ ഏതുതരം വിനിമയങ്ങൾക്കും നിൽക്കക്കള്ളിയില്ല. ജയമോഹന്റെ നൂറു സിംഹാസനങ്ങളിലും മിണ്ടാചെന്നായയിലും ആനഡോക്ടറിലും കഥാസമാഹാരമായ അറത്തിലും കാണുന്ന പ്രകടവും ലാവണ്യപരവുമായ രാഷ്ട്രീയചായ്‌വിൽനിന്ന് ചെറിയൊരു വ്യത്യാസം അടുത്തു വന്ന ‘മായപ്പൊന്നിനു’ണ്ട്.  ആമുഖത്തിൽ പറയുന്നതനുസരിച്ച് മായപ്പൊന്ന് പുസ്തകമായി തമിഴിൽ ഇറങ്ങിയതല്ല. കവിയായ പി രാമൻ തമിഴിൽനിന്ന് ( ജയമോഹന്റെ ബ്ലോഗിൽനിന്ന്) തെരെഞ്ഞെടുത്ത് വിവർത്തനം ചെയ്തതാണ്. നിരന്തരമായി എഴുതിക്കൊണ്ടിരിക്കുന്ന സ്വഭാവമുണ്ട് ജയമോഹന്. കൂട്ടത്തിൽ നിന്ന് പത്തു കഥകൾ തിരഞ്ഞെടുക്കുകയും മുൻപ് മലയാളത്തിൽ എഴുതിയിയതു വായിച്ച്  ജയമോഹന്റെ ഭാഷയെപ്പറ്റി നല്ല ധാരണ ഉണ്ടാക്കിവച്ചിട്ടുള്ള മലയാളി വായനക്കാർക്കു മുന്നിൽ ‘ഇത് ജയമോഹന്റെയല്ലല്ലോ’ എന്ന് ലവലേശം സംശയം തോന്നാത്തരത്തിൽ പരിഭാഷപ്പെടുത്തുക എന്ന സാഹസകർമ്മമാണ് രാമൻ ചെയ്തിട്ടുള്ളത്. പരിഭാഷയിൽ രാമൻ എടുത്ത മുൻകരുതലുകളും അപേക്ഷിച്ച സഹായങ്ങളും വിശദമായിതന്നെ ‘ഈ മൊഴിമാറ്റത്തെപ്പറ്റി’ എന്ന കുറിപ്പിൽ കൊടുത്തിട്ടുണ്ട്. താരതമ്യേന എടുക്കുന്ന ജോലിക്ക് തക്കവണ്ണം കൂലി കിട്ടാത്ത പണിയായ തർജ്ജുമകളിൽ വളരെ അപൂർവമായി മാത്രം കാണാവുന്ന ആത്മാർത്ഥതയാണിത്. അതിനുവേണ്ടിയുള്ള സമർപ്പണത്തിൽ ഒരു പക്ഷേ ഹൃദയസംവാദമെന്നു പറയാവുന്ന  ചില കാര്യങ്ങളുണ്ടാവണം. ആ അർത്ഥത്തിൽ പുസ്തകത്തിനൊരു സവിശേഷതയുണ്ട്. പി രാമൻ ഈ പുസ്തകത്തിന്റെ പരിഭാഷകൻ മാത്രമല്ല എഡിറ്ററുംകൂടിയാണെന്നും  എന്റെ സച്ചിദാനന്ദൻ കവിതകൾ എന്ന് മുൻപ് ബാലചന്ദ്രൻ ചുള്ളിക്കാടും പിന്നീട് ആ വഴി മറ്റു ചിലരും വന്നതുപോലെ താൻ എഴുതിയേക്കാവുന്ന (എന്റെ ജയമോഹൻ) കഥകൾ എന്നൊരർത്ഥവും രാമൻ തിരഞ്ഞെടുത്ത ഈ കഥകൾക്കുണ്ടെന്നും പറയാവുന്നതാണ്. ഈ കാര്യം മറ്റൊരുതരത്തിൽ വിശദീകരിക്കാൻ ശ്രമിക്കാം.   


‘മായപ്പൊന്നി’ലെ കഥകൾക്കെല്ലാം ഒരേതരത്തിലുള്ള ഒരു സവിശേഷതയുണ്ട്. മുഖ്യകഥാപാത്രങ്ങൾ വിശേഷസിദ്ധികളാൽ അനുഗ്രഹിക്കപ്പെട്ടവരാണെന്നതാണ്. ജയമോഹന്റെ കഥകൾക്കും നോവലുകൾക്കും ഇങ്ങനെയൊരു ഗർഭഗൃഹം പൊതുവേ ഉണ്ടെങ്കിലും (ആനഡോക്ടർ നല്ല ഉദാഹരണമാണ്) ‘മായപ്പൊന്നിലെ’ കഥകളെ ആകെ സവിശേഷമാക്കുന്ന ഒരു പ്രത്യേകതയെന്ന നിലയിൽ അതിനു പ്രാധാന്യം കൂടുതലാണ്. കഥാപാത്രങ്ങളുടെ  ഈ സവിശേഷ സിദ്ധി അഥവാ അവർക്ക് ജന്മസിദ്ധമായി ലഭിച്ച പ്രതിഭ അവർ ജീവിക്കുന്ന സാമൂഹിക സാഹചര്യങ്ങളാൽ മറഞ്ഞു കിടക്കുന്ന ഒന്നാണ്. അതു മനസ്സിലാക്കാൻ കഴിയുന്ന വളരെക്കുറച്ച് ആളുകൾക്കു മുന്നിൽ ആകസ്മികമായോ അല്ലാതെയോ പെട്ടെന്ന് തെളിഞ്ഞ് വൈകാതെ മറഞ്ഞുപോകുന്ന ഒന്നുമാണ്.  പത്തു കഥകൾക്കും പൊതുവേയുള്ളതാണ് ഈ ആന്തരികസ്വഭാവം. ദേവനിലെ മാണിക്കം ആശാരി ലക്ഷണം തികഞ്ഞ ദൈവവരകളിൽ, കുരുവിയിലെ അറുമുഖം ടെലിഫോൺ കേബിളുകൾ കലാപരമായി ഒട്ടിച്ചു ചേർക്കുന്നതിൽ, നിറപൊലിയിലെ നാണുക്കുട്ടൻ നായർ ആഹാരം വയ്ക്കുന്നതിൽ, ഏദനിലെ സാം ജെപത്തുരൈ ഉദാരതയിൽ, തേനീച്ചയിലെ അപ്പൻ കുടുംബം പോറ്റുന്നതിൽ സ്വയം സമർപ്പിക്കുന്നതിൽ, കോട്ടയിലെ അണഞ്ചിയമ്മ നാട്ടുമരുന്നു പ്രയോഗിക്കുന്നതിൽ, മായപ്പൊന്നിലെ നേശയ്യൻ ചാരായം കാച്ചുന്നതിൽ- ഇങ്ങനെ ചില അസാധാരണവും എന്നാൽ തീരെ ശ്രദ്ധ പിടിച്ചു പറ്റാത്തതുമായ കഴിവുകളുടെയും ജീവിതാനുഭവത്തിന്റെയും രേഖകളാണ് കഥകളിലുള്ളത്. വ്യത്യസ്തമെന്ന് തോന്നിയേക്കാവുന്ന തീവണ്ടിയെന്ന കഥ ജോൺ എബ്രഹാമിനെപ്പറ്റിയുള്ളതാണ്. അദ്ദേഹം താമസിച്ച ഒരു മുറി ഇപ്പോഴും അലങ്കോലമായി കിടക്കുന്നതിനെപ്പറ്റിയാണത്. ഇപ്പോഴില്ലാത്ത ജോൺ, കാല്പനികമെങ്കിലും ഭൗതികമായ ഒരു ഊർജ്ജമായി മുറിക്കുള്ളിലും അദ്ദേഹത്തെ ചുറ്റിനിന്ന മനുഷ്യരുടെ ഉള്ളിലും ജീവിക്കുന്നു. അവിടെ മുറി ശരീരത്തിന്റെയും അവിടെ ജീവിച്ചിരുന്ന ജോൺ പ്രതിഭാശക്തിയുടെയും പദവി കൈയാളുന്നു. ഇച്ചയുടെ ഉള്ളിലെ ജോൺ അസാധാരണമായ പെരുമാറ്റങ്ങളുടെ സിദ്ധിവിശേഷമാണ്.  ‘കുഞ്ഞിയുടെ സ്വന്തം ആന’യെന്ന കഥയിൽ പ്രകടമായി ഇത്തരം പ്രത്യേകതകളൊന്നും പുറമേയ്ക്ക് കാണാനില്ല. ബാക്കി ഒൻപതു കഥകളെയും വച്ചു നോക്കുമ്പോൾ, വീട്ടുകാർ ഒന്നിച്ചിരുന്നു് ആന വീട്ടിനുള്ളിൽ കുടുങ്ങിപ്പോയ കഥ പറയുകയും സങ്കല്പത്തിലെ ആനയെ വണ്ടു പോലെ ചെറുതാക്കി ഡപ്പിയിടച്ച് എവിടെയോ ഒളിച്ചുവയ്ക്കുകയും ചെയ്യുന്ന കുഞ്ഞിയുടെ വിവരണത്തിന് ഒരു മെറ്റഫറിന്റെ സ്വഭാവമുണ്ട്. “എല്ലാ ആനകളും കുടുങ്ങി നിൽക്കുന്ന ഒരു വീടുണ്ട്” എന്ന അതിലെ കഥാപാത്രം പറയുന്ന തത്ത്വശാസ്ത്രം ദാമ്പത്യത്തെ കളിയാക്കുന്നതല്ല, മറിച്ച് അതിന് മനുഷ്യരുടെ സ്വാഭാവിക മാനസികവികാസത്തിനു ഇടം കൊടുക്കാതെ വന്നുകുടുക്കുന്ന സാമൂഹിക സമ്മർദ്ദങ്ങളിലേക്ക് നീട്ടിയെടുക്കാവുന്ന അർത്ഥമുണ്ട്.

ഇവിടെ എഴുതിയതുപോലെ അത്ര ഋജുവല്ല കാര്യങ്ങൾ, കഥയിൽ ആവിഷ്കൃതമാകുന്ന ജീവിതങ്ങളെ ചുറ്റിപ്പിടിക്കുകയും ഗതി തിരിച്ചു വിടുകയും ചെയ്യുന്ന മറ്റു സങ്കീർണ്ണതകളുമുണ്ട്.  ‘കോട്ട’ എന്ന കഥയിൽ  നവവധുവിനോട് ലൈംഗികശേഷി പ്രകടിപ്പിച്ച് ‘നൊന്താൽ തന്നെയേ പെണ്ണ് അടങ്ങുള്ളൂ’ എന്നു വിശ്വസിച്ചുറയ്ക്കുന്ന  താണപ്പൻ ലഭിച്ച ശേഷിയുടെ വിപരീതഭാവമാണെങ്കിൽ ‘തേനീച്ച’യിൽ ജീവിതം മുഴുവൻ കുഞ്ഞിരുന്ന് സ്വർണ്ണപ്പണി ചെയ്ത്  കുടുംബം നോക്കിയതിനാൽ സംഗീതം ക്ഷണനേരം പോലും ആസ്വദിക്കാൻ കഴിയാതെ എരിഞ്ഞുപോയ അപ്പനുമായി  തിരുവാവുടുതുറ നാഗരത്തിനം പിള്ള എന്ന നാഗസ്വരവിദ്വാനുള്ളത് സമാന്തരഭാവമാണ്.   രണ്ടാത്മാക്കളായി,  കലാകാരനും ആസ്വാദകനുമായി അവർ ശുചീന്ദ്രം ക്ഷേത്രത്തിൽ കഥാവസാനം അവശേഷിക്കുന്നു. ‘തീവണ്ടി’ കഥയിൽ ജോൺ എബ്രഹാമിന്റെ കാര്യത്തിൽ കണ്ടതുപോലെ.

ദാരിദ്ര്യവും അപമാനവും അവഗണനയും പ്രാരാബ്ദവുമെല്ലാം അനുഭവിക്കുമ്പോഴും ഉള്ളിൽ തിളങ്ങുന്ന സവിശേഷമായ സിദ്ധികൾ,  കാടും ചപ്പും നീക്കി പുറത്തുവരാൻ അമാന്തിക്കുന്ന ശേഷികൾ, അവ തിരിച്ചറിയാൻ കഴിയുന്ന അപൂർവം ചില അതിസാധാരണക്കാരായ മനുഷ്യരുടെ മുന്നിൽ  പ്രകടമാവുന്നതിനെപ്പറ്റി പറയുന്ന കഥകൾ ഫലത്തിൽ തനിക്കു യോജിച്ച അനുവാചകനെ തേടുന്ന ആഴത്തിൽ അപകർഷം വേട്ടയാടുന്ന രചയിതാവിനെ സംബന്ധിക്കുന്ന വൈകാരികമായ രൂപകം തന്നെയല്ലേ? ഉരച്ചും എരിഞ്ഞും അപ്രസക്തമായതെല്ലാം കളഞ്ഞ് അവസാനം തന്നെതന്നെ പ്രതിഫലിപ്പിക്കുക,  സ്വയം പ്രതിനിധീകരിക്കുക എന്ന അവസ്ഥയിൽ എത്തുന്ന കഥാപാത്രങ്ങൾ ആത്മഘാതിയായ ഒരു സാക്ഷാത്കാരത്തിലേക്ക് എത്തുന്നവരാണ്. ‘മായപ്പൊന്ന്’ എന്ന കഥയിൽ നേശയ്യൻ കാച്ചിയെടുക്കുന്ന അമൃതുപോലെയുള്ള ലഹരി, കാടിനുള്ളിലെ ഏകാന്തത, പുലിയുടെ ഭ്രമിപ്പിക്കുന്ന സൗന്ദര്യവുമായെത്തുന്ന രചനാസമാധിയുടെ മൂർച്ഛാമുഹൂർത്തം  ഇവയെല്ലാം ചേർത്തുവച്ചാൽ  വഴി പെട്ടെന്ന് തെളിഞ്ഞു കിട്ടും.

 അസാധാരണമായ പ്രതിഭാവിശേഷം പ്രകടിപ്പിക്കുകയും എന്നാൽ അദൃശ്യരായിരിക്കുകയും ചെയ്ത പഴയകാല മനുഷ്യരിൽനിന്ന് കലയെ മോചിപ്പിച്ച് ബഹുജനങ്ങളിലേക്ക് എത്തിച്ചതിൽ യാന്ത്രിക പുനരുത്പാദനത്തിന്റെ യുഗത്തിന് വലിയ പങ്കുണ്ട് എന്ന് പറഞ്ഞത് വാൾട്ടർ ബെഞ്ചമിനാണ്. സ്വന്തം സംവേദകരെ മാത്രമായി ആസ്വദിപ്പിക്കുന്നിടത്തുനിന്ന് എല്ലാവർക്കുമായി പങ്കുവയ്ക്കപ്പെട്ടിടത്തുനിന്നാണ് കലയുടെ ആധുനികവത്കരണം ആരംഭിക്കുന്നത്.  കലയുടെ അനന്യത (സിംഗുലാരിറ്റി) തിരിച്ചറിയാൻ കഴിയുന്ന കുറച്ചുപേരെ രസിപ്പിക്കുക എന്ന നിലയിൽനിന്ന് എല്ലാവരെയും രസിപ്പിക്കാൻ കഴിയുക എന്നത് കലയുടെ/പ്രതിഭയുടെ യോഗ്യതയായി മാറി. കലയും അതിന്റെ ആസ്വാദകരും തമ്മിലുള്ള ബന്ധത്തെയാണ് പുതിയ കാലം തിരിച്ചിട്ടത്. എന്നാൽ ജയമോഹന്റെ ‘മായപ്പൊന്നിലെ‘ കഥകൾ, രണ്ടു തരത്തിൽ തിരിച്ചു പോക്കിനെ ഭാവന ചെയ്യുന്നു. 1. ജയമോഹന്റെ ‘കലാകാരന്മാർ’ അവരുടേതു മാത്രമായ ആസ്വാദകരെ കണ്ടെത്തി അവരിൽ ചാരിതാർത്ഥ്യം അടയുന്നു. 2. പുനരുത്പാദിപ്പിക്കാനാവാത്തതാണ് (കലാകാരൻ മരിക്കുന്നതോടെ അയാളിലെ പ്രതിഭയും എന്നെന്നേയ്ക്കുമായി അവസാനിക്കുന്നു. അത് മറ്റൊരാളിലേക്ക് പകരാൻ കഴിയാത്തതാണ്. അതിനനുസരിച്ചുള്ള ഇന്ദ്രിയവേദ്യതയാണ് അവയ്ക്കു കല്പിച്ചു കൊടുത്തിരിക്കുന്നത്) ഈ മാനുഷികമായ ശേഷികൾ എന്ന തീർപ്പിൽ കഥകൾ ചാരിതാർത്ഥ്യം അനുഭവിക്കുന്നു.  കലാകാരനെ മാത്രമല്ല, അയാളുടെ ആസ്വാദകരെയും മഹത്വപ്പെടുത്തുകയാണ് കഥാകൃത്ത് ചെയ്യുന്നത്. ദേവനിലെ മാണിക്യം ആശാരിയുടെയോ മായപ്പൊന്നിലെ നേശയ്യന്റെയോ നിറപൊലിയിലെ നാണുകുട്ടൻ നായരുടെയോ കഴിവുകളെ ഇനിയൊരാൾക്ക് ആസ്വദിക്കാൻ കഴിയില്ല, അവ ആസ്വദിച്ചവർ ഭാഗ്യവാന്മാരാണെന്ന് കഥകൾ പറയാതെ പറഞ്ഞു വയ്ക്കുകയാണല്ലോ ചെയ്യുന്നത്.

തീരെ ഒച്ചക്കുറഞ്ഞതും ആത്മാനുരാഗപരമെന്നു പറയാവുന്നതുമായ ഈ സൂക്ഷ്മവൈകാരികത കവിതകൾക്കു മാത്രമല്ല കഥകൾക്കും ഇണങ്ങുമെന്നതിന്റെ രാഷ്ട്രീയമാണ്  ‘മായപ്പൊന്നിലെ’ കഥകളിലെ സൗന്ദര്യം. അത് പ്രത്യേക രീതിയിൽത്തന്നെ അഴിച്ചെടുക്കേണ്ടതുണ്ട്.  

 

(എഫ് ബി