October 23, 2023

പാറമേൽ, ഇരുട്ടിൽ

 


എൻ ബി സുരേഷിന്റെ കവിത ‘പാറമേൽ, ഇരുട്ടിൽ’ (ലക്കം 1337) കാഴ്ചയെയും സഞ്ചാരത്തെയും ഒപ്പം പ്രമേയപരമായി പാരമ്പര്യകവിതാശീലങ്ങളെയും പ്രശ്നവത്കരിക്കുന്ന കവിതയായാണ് അനുഭവപ്പെട്ടത്. കവിതയിലെ രചയിതാവ്യക്തിത്വം (ഓഥേഴ്സ് പേഴ്സണാലിറ്റി) ഇരുട്ടിനെ പ്രത്യേകതരത്തിൽ പ്രണയിക്കുന്ന ആളാണ്. അത് അത്ര സ്വാഭാവികമായ കാര്യമല്ല. അറിവിന്റെ വെളിച്ചത്തോട് ദൂരെ പോകാൻ പറയുന്ന സൗന്ദര്യാത്മകമായ ചോദനയോ (ജി ശങ്കരക്കുറുപ്പ്)  തമസ്സാണ് സുഖപ്രദമെന്നു വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന സാമൂഹികമായ നിരാശയോ (അക്കിത്തം) അല്ല കവിതയ്ക്ക് ആസ്പദമായ മനോഭാവത്തെ രൂപപ്പെടുത്തിയത്. ഇരുട്ടിൽ നിൽക്കുന്ന തനിക്ക് വിളക്കു കൊളുത്തി അഭയം നൽകണമെന്ന പ്രാർത്ഥനയും (പി കുഞ്ഞിരാമൻ നായർ) അയാൾ ഉയർത്തുന്നില്ല. 1908-ൽ വി സി ബാലകൃഷ്ണപ്പണിക്കർ എഴുതിയ ഒരു വിലാപം എന്ന കവിതയിലെ ഭാര്യ മരിച്ച മനുഷ്യനെയും ഇവിടെ ഓർക്കാവുന്നതാണ്.  ‘തിങ്ങിപ്പൊങ്ങുന്ന തമസ്സിൽ കടലിൽ വീണ കുടം‌പോലെ മുങ്ങിപ്പോയ ഭൂചക്രവാളത്തെ അഭിമുഖീകരിച്ചുകൊണ്ടിരുന്ന അയാളെ ബാധിച്ച ദാരുണമായ ഏകാന്തതയെയും വിഷാദത്തെയുമാണ് കവി ഇരുട്ടിന്റെ തീവ്രതയിലൂടെ സാക്ഷാത്കരിച്ചത്.

പ്രകൃതിയെ അഭിമുഖീകരിച്ച് ഒറ്റയ്ക്കിരിക്കുന്ന, കവിതയിലെ മനുഷ്യന്റെ മുന്നിൽ ഇത്തരം പ്രതീകകല്പനകളുടെ തീവ്രമായ ഭാവവൈവശ്യങ്ങളില്ല. ഇരുട്ടിൽ മുഖമൊളിപ്പിക്കാൻ ശ്രമിക്കുന്ന തരം കാല്പനികത അയാളെ തീണ്ടുന്നില്ല.  കുടുംബബന്ധങ്ങളിൽനിന്ന്  (അല്ലെങ്കിൽ അതുപോലെയുള്ള സാമൂഹികമായ കെട്ടുപാടുകളിൽനിന്ന്) വിടുതൽ നേടിയ സ്വച്ഛനായ ഒരു യാത്രികന്റെ നിഴൽരൂപത്തെയാണ് കവിത പ്രേക്ഷണം ചെയ്യുന്നത്. വെളിച്ചത്തിന്റെ കടൽത്തിരകളിൽ കൊഴുക്കുന്ന ഭൂമിയെ ഇരുന്നു കാണുകയും പാറപോലെ ഉറയ്ക്കുന്ന കൂരിരുട്ടിൽ  നടന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്ന അസാധാരണത്വമാണ് അയാൾക്ക് ഊർജ്ജം നൽകുന്നത്.  ഒരർത്ഥത്തിൽ കവിതയിൽ അവതരിപ്പിക്കപ്പെടുന്ന അയാളുടെ കാഴ്ച നോക്കുക. അത് ഇരുട്ടിനായുള്ള അയാളുടെ കാത്തിരിപ്പിന്റെ അവശ്യംഭാവിയായ ഫലമാണ്.

അയാൾ കൂർമ്പൻ പാറയുടെ തുഞ്ചത്തിരിക്കുന്നു. ബഹിരാകാശയാത്രികന്റെ ഉപമ സ്വയം അണിയുന്നു. അകലങ്ങളുടെ പ്രലോഭനം അറിയുന്നു. പ്രകൃതിയെ ഉറ്റുനോക്കിയിരിക്കുന്ന ഈ സഞ്ചാരിയുടെ യാത്രോദ്യമമാണ് കവിതയ്ക്ക് ഉൾബലം നൽകുന്നത്. ആ നിലയ്ക്ക് അയാൾ ഉത്സാഹിയാണ്.  നിറവൈവിദ്ധ്യങ്ങളോ (അതേ പച്ചയും, നീലയും) വെളിച്ചമോ തിരിച്ചറിയാനാവാത്തവിധം അന്ധതയോ ബാധിര്യമോപോലുള്ള  ശാരീരികമായ വെല്ലുവിളികളും അയാളെ അലട്ടുന്നില്ല. മിന്നാമിനുങ്ങിന്റെ ചിറകിലെ നക്ഷത്രത്തെ അയാൾക്കു കാണാം. അവയുടെ ചിറകടിയൊച്ച അയാൾക്കു കേൾക്കാം. ഇത്രയും സൂക്ഷ്മമായ ഇന്ദ്രിയസംവേദനങ്ങളുടെ നിലയിൽനിന്നുകൊണ്ടാണ്  നടക്കുക എന്ന തന്റെ പ്രവർത്തനപൂരണത്തിനായി അയാൾ ഇരുട്ടിനെയും കാത്തിരിക്കുന്നത്.

സാമൂഹികമോ വ്യക്തിപരമോ ആയ പിൻവാങ്ങൽ നിലയിലോ വിഷാദത്തിന്റെ പ്രതീകാത്മകമായ തലത്തിലോ അല്ലാതെയുള്ള ഇരുട്ടിനായി അയാളുടെ കാത്തിരിപ്പ്  എന്ന് ഇതിൽനിന്നെല്ലാം വ്യക്തം. സഞ്ചാരത്തിന്റെ സൗന്ദര്യമാണ് കാഴ്ച. ഇവയെ തമ്മിൽ കൂട്ടിയിണക്കുന്നത് വെളിച്ചവുമാണ്. എന്നാൽ കാഴ്ചയെയും വെളിച്ചത്തിന്റെയും ഈ ഇണബന്ധത്തെ നിഷേധിച്ചുകൊണ്ട് സ്വന്തം നിലപാടിനെ രൂപപ്പെടുത്തുകയും സ്വകീയമായ വീക്ഷണത്തെ അവലംബിക്കാൻ ഉത്സാഹത്തോടെ തീരുമാനിക്കുകയും ചെയ്യുന്നതിലൂടെ അയാൾ ലോകത്തിന്റെ സാമ്പ്രദായിക സ്വഭാവവുമായി തെറ്റുന്നു; കവിതാശീലങ്ങളിൽനിന്നു വഴി മാറുന്നു; വ്യക്തിഗതജീവിതത്തിന്റെ പതിവുകളെ തിരിച്ചിടുന്നു.  

(മാധ്യമം ആഴ്ചപ്പതിപ്പ് , 2023 ഒക്ടോബർ 23


No comments: