June 13, 2024

മലയാള സിനിമയിലെ ഹാസ്യം


 

പൊതുവേ ചിരിക്കാൻ ഇഷ്ടപ്പെടുകയും ചിരിപ്പടങ്ങളെ കലവറയില്ലാതെ വിജയിപ്പിക്കുകയും എന്നാൽ ചിരിപ്പിക്കുന്നവരിൽ അപകർഷം കാണുകയും ചെയ്യുന്ന മനോഘടനയാണ് സാമാന്യമായി മലയാളി പ്രേക്ഷകർക്കുള്ളത്. അതുകൊണ്ട് ‘ഹാസ്യത്തെ തമാശയായി കാണരുത്’ എന്ന  വിജിത് എം സിയുടെ താക്കീത് (ലക്കം 1369) പ്രസക്തമാണ്. വിജിത്ത് എഴുതുമ്പോലെ ഹാസ്യരസപ്രധാന വേഷങ്ങൾ അഭിനയിക്കുന്നവരെ മുഖ്യ അഭിനേതാക്കൾക്കൊപ്പം പരിഗണിക്കണമെന്ന ആവശ്യത്തിനൊപ്പം ചലച്ചിത്രത്തിന്റെ സ്വത്വപരമായ മറ്റു ചില സംഗതികളും ഈ വിചാരത്തിനൊപ്പം പരിഗണിക്കാവുന്നതാണെന്ന് തോന്നി. അവയിലൊന്നാമത്തേത് ചലച്ചിത്രങ്ങൾ എന്തിനെയാണ് തമാശയാക്കുന്നത് എന്ന കാര്യമാണ്.  വ്യക്തികളുടെ ശാരീരികപരിമിതികളും ന്യൂനതകളും സാമൂഹികമായ പദവിബന്ധങ്ങളും രാഷ്ട്രീയമായ ശരികേടുകളും ചിരിക്കു വിഭവമാക്കി മാറ്റുന്നു എന്നതിൽനിന്ന് സമകാലിക സിനിമ വിമുക്തി നേടി വരുന്നു. ‘ബാംബു ബോയ്സ്’ പോലെയൊരു സിനിമ ഇനി ആരെയും ചിരിപ്പിക്കുമെന്ന് തോന്നുന്നില്ല. ആ നിലയിൽ വളരെ വേഗം മലയാള സിനിമ മാറുന്നുണ്ട്.

എന്നാലും മലയാള ചലച്ചിത്രങ്ങളിലെ ഹാസ്യത്തെക്കുറിച്ചുള്ള ധാരണയ്ക്ക് പല അടരുകളുള്ളതായി ചലച്ചിത്രനിരൂപണ ചരിത്രം നോക്കിയാലറിയാം. വ്യവസായമാണെന്ന ധാരണയ്ക്കൊപ്പം ചലച്ചിത്രം നേരംപോക്കിനുള്ള ഉപാധിയുമാണെന്ന വിശ്വാസം തുടക്കകാലം മുതൽ ഇവിടെ നിലനിന്നിരുന്നു. മലയാളത്തിലെ പ്രസിദ്ധ ആദ്യകാല നിരൂപകനായ സിനിക്ക് തന്റെ ആദ്യ പുസ്തകമായ ചലച്ചിത്രചിന്തകളിൽ (1959) “മനോരഞ്ജനത്തിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളിലെ ഹാസ്യത്തെ കാണുകമാത്രമല്ല, മനഃശാന്തി കുറഞ്ഞും ജീവിതസങ്കടങ്ങൾ നിറഞ്ഞും കാണപ്പെടുന്ന ജീവിതത്തിൽ  മനോവ്യഥയെ ദ്വിഗുണീഭവിപ്പിക്കുന്ന ദുഃഖാകുലമായ പ്രമേയങ്ങൾ അവതരിപ്പിക്കുന്നത് സിനിമ കാണാനായി വരുന്ന സാധുവിനോട് ചെയ്യുന്ന ദ്രോഹമാണെന്നും” എഴുതി. ഗൗരവമുള്ള വിഷയങ്ങൾ ആവശ്യമില്ല എന്നല്ല, ആസ്വാദകർ അധികവും തിയേറ്ററിൽ എത്തുന്നത് വിനോദത്തിനുവേണ്ടിയായതുകൊണ്ട് ഭൂരിപക്ഷം ചിത്രങ്ങളും അങ്ങനെ ആകാതെ പറ്റില്ലെന്ന നിലപാടാണ് സിനിക്ക് എടുക്കുന്നത്. നമ്മുടെ നാട്ടിലെ ചലച്ചിത്രനിർമ്മാതാക്കളിൽ അധികംപേരുടെയും കണ്ണെത്തിയിട്ടില്ലാത്ത ഒരു വിഭാഗമാണ് വിനോദചിത്രങ്ങളെന്നും അവരുടെ സത്വരശ്രദ്ധ അതിൽ പതിയേണ്ടത് അത്യാവശ്യമാണെന്നും കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി നമ്മുടെ സിനിമയെ ആകപ്പാടെ ബാധിച്ചിട്ടുള്ള നിർജ്ജീവത്വത്തെ മാറ്റി അതിനു നവോന്മേഷവും പ്രസരിപ്പും നൽകാൻ പറ്റിയ മാർഗങ്ങളിൽ അതിപ്രധാനമാണിത്” എന്നും അദ്ദേഹം പറയുന്നു.

എന്നാൽ സിനിക് അവസാനം  പ്രസിദ്ധീകരിച്ച പുസ്തകമായ ‘കാഴ്ചപ്പാടി’ (1980) ലെത്തിയപ്പോൾ അദ്ദേഹം തന്റെ നിലപാട് മാറ്റി. ഇതിവൃത്തവുമായി ഇഴുകിച്ചേരാതെ ചിരിപ്പിക്കുന്നതിനുവേണ്ടിയുള്ള വിഡംബനം എന്ന മട്ടിൽ നിലനിന്ന ഹാസ്യരംഗങ്ങളെക്കുറിച്ച് സിനിക്ക് എഴുതി : "തിന്നാനുള്ളത് വാരിവലിച്ചു തിന്നുക, പെൺകോന്തന്മാരായി അഭിനയിക്കുക, അഴിഞ്ഞൂരി പോകുന്ന ഉടുപ്പുകളുമായി കെട്ടിമറിയുക, അംഗവൈകൃതങ്ങളുടെ അരുചാരി ചിരിപ്പിക്കാൻ ശ്രമിക്കുക, കല്ലുവെച്ച വങ്കത്തങ്ങളും കോമാളിക്കളികളുംകൊണ്ട് അരങ്ങു തകർക്കാൻ ശ്രമിക്കുക. ഇവയിലൊന്നുംതന്നെ ഊറിചിരിക്കാൻ വക കാണുന്നില്ലെന്ന് വ്യക്തം.” ജനപ്രീതിക്കും വാണിജ്യവിജയത്തിനുമുള്ള ചേരുവകൾമാത്രമായി നാടകീയ ഗൗരവമുള്ള കുടുംബചിത്രങ്ങൾക്കിടയിലും മറ്റും ഔചിത്യമില്ലാതെ ചേർത്തുവച്ച പ്രകടനങ്ങൾ എന്ന നിലയിൽ കമ്പോളത്തിന്റെയും കച്ചവടത്തിന്റെയും ഭാഗമായ ഒരു ചട്ടക്കൂടായിത്തീർന്നു എൺപതുകളായപ്പോഴേക്കും  മലയാള സിനിമയിലെ ഹാസ്യം. എസ്. പി. പിള്ള, മുതുകുളം രാഘവൻ പിള്ള, പരിയാനംപറ്റ, അടൂർഭാസി, ബഹദൂർ തുടങ്ങിയ മലയാളത്തിലെ ആദ്യകാല ഹാസ്യനടന്മാരുടെ പ്രകടനങ്ങളിൽ വിദേശതമാശപ്പടങ്ങളുടെ അനുകരണങ്ങളും ഹാസ്യത്തിനുവേണ്ടി ഹാസ്യം എന്ന നിലയ്ക്ക് പഴയ വേദിനാടകങ്ങളുടെ സ്വാധീനവും വ്യക്തമാണ്. നിലപാടുകളുടെ വ്യക്തതയില്ലായ്മ കാരണം ഉദാത്ത ഹാസ്യത്തിന്റെ തലത്തിലേക്കുയരാനോ ഇതിവൃത്തഘടനയുമായി ചേർന്നു നിൽക്കാനോ അവയിൽ ഭൂരിഭാഗവും ശ്രമിച്ചതുമില്ല. ഹാസ്യതാരങ്ങളോടുള്ള അപകർഷം തുടങ്ങുന്ന പ്രകരണം ഇതായിരിക്കണം.

ചലച്ചിത്രങ്ങളിലെ ഹാസ്യത്തെപ്പറ്റി വ്യത്യസ്തവും പ്രത്യയശാസ്ത്രപരവുമായ വീക്ഷണമാണ് രവീന്ദ്രനുണ്ടായിരുന്നത്.  (സിനിമ സമൂഹം പ്രത്യയശാസ്ത്രം, 2007) ഉപരിവർഗ ഗുണങ്ങളാൽ പരിസേവിതനായ നായകന്റെ ഔന്നത്യത്തിനു മുന്നിൽ സ്വന്തം അല്പത്തരങ്ങളും മണ്ടത്തരങ്ങളും അവതരിപ്പിച്ചുകൊണ്ട് മലയാളസിനിമയിൽ പ്രത്യക്ഷപ്പെടുന്ന ഹാസ്യകഥാപാത്രങ്ങൾ അദ്ധ്വാനിക്കുന്ന ഭൂരിപക്ഷത്തിന്റെ പ്രതിനിധികളാണെന്ന കാര്യമാണ് അദ്ദേഹം എടുത്തു കാട്ടുന്നത്. നായകൻ ചെയ്യുന്ന ഉദാത്തമായ പ്രവർത്തനങ്ങളെ വികൃതമായി അനുകരിക്കുന്ന, ഹാസ്യകഥാപാത്രങ്ങളുടെ ചെയ്തികളാണ് പലപ്പോഴും ചിരിയുണർത്തുന്നത്.  സർക്കസിലെ ഉയർന്ന അഭ്യാസികളെ അനുകരിച്ച് ആളുകളെ ചിരിപ്പിക്കുന്ന കോമാളിവേഷങ്ങളോടാണ് ചലച്ചിത്രത്തിലെ ഹാസ്യകഥാപാത്രങ്ങൾക്ക് സാമ്യം എന്നു രവീന്ദ്രൻ പറയുന്നു. മിഡ്ജെറ്റുകൾ എന്നാണ് അദ്ദേഹം അവർക്കു നൽകുന്ന പേര്. ഉന്നതനായ നായകന്റെ അഭിജാതമായ പ്രവർത്തനങ്ങളുമായുള്ള താരതമ്യത്തിൽ ഈ ഹാസ്യവേഷങ്ങൾ ഏറ്റുവാങ്ങുന്നത് നിന്ദാപൂർവമുള്ള പരിഹാസ്യതയാണ്. കാണികളായിരിക്കുന്നവരിൽ ഭൂരിഭാഗത്തിനും അവരുടെ യാഥാർത്ഥ്യങ്ങളിൽ വീരനായകനുമായല്ല, ഭീരുക്കളും നിസ്സഹായരും പരിഹാസവിഷയവുമായ മിഡ്ജെറ്റുകളുമായാണ് സാമ്യം. നായകഗുണങ്ങൾ ആരാധിക്കാനും ബഹുമാനിക്കാനുമുള്ളതും സ്വന്തം ജീവിതപരിസരങ്ങളും ചെയ്തികളും പരിഹസിക്കാനും നിന്ദിക്കാനുമുള്ളതും എന്ന ‘അപബോധ’മാണ് ചലച്ചിത്രങ്ങൾ ഹാസ്യപ്രകടനങ്ങൾ വഴി സൃഷ്ടിക്കുന്നത്. അതുകൊണ്ട് അത് ഗൗരവമുള്ള വിഷയമാണെന്ന് രവീന്ദ്രൻ എഴുതി.

തമാശകൾ വെറും തമാശകളല്ലെന്നും അവയ്ക്ക് സിനിമയ്ക്കകത്തുമാത്രമല്ല,  പുറത്തും  നമ്മൾ കാണാത്ത ഒരുതരം ജീവിതമുണ്ടെന്നുമാണ് ഇതിനർത്ഥം. “അല്ലാ തമാശ്യാക്കാണ്? എന്നാങ്ങനെ ആക്കണ്ട ട്ടാ...” എന്ന വിജിത്തിന്റെ ലേഖന ശീർഷകം ആ തരത്തിലും പ്രസക്തമായിത്തീരുന്നു. 


എഴുത്തുകുത്ത്, മാധ്യമം ആഴ്ചപ്പതിപ്പ് 2024 ജൂൺ 10-17

No comments: