Showing posts with label വിദ്യാഭ്യാസം. Show all posts
Showing posts with label വിദ്യാഭ്യാസം. Show all posts

March 1, 2022

പാഠം പഠിപ്പിച്ചു തീർക്കാൻ താത്പര്യമില്ലാത്തവർ?


 

സർക്കാരിന്റെ വിശ്വാസ്യതയുടെ പ്രശ്നമായതിനാൽ ഫോക്കസ്- നോൺ ഫോക്കസ് മേഖലപ്രശ്നം, വിവാദത്തിനു ശേഷവും പരിഹരിക്കപ്പെട്ടിട്ടില്ല. കുട്ടികൾ അങ്ങനെ ചുളുവിൽ ചില പാഠങ്ങൾ മാത്രം പഠിച്ച് ജയിക്കേണ്ടതില്ല എന്ന തീരുമാനം വളരെ നല്ലതാണ്. അവർക്ക് ഭാവിയിൽ ആത്മവിശ്വാസം ലഭിക്കാൻ അതു കാരണമാകും.

എങ്കിലും പലരും പറഞ്ഞ കാര്യം വീണ്ടും പറയാം : ഒരു ടെക്സ്റ്റ് തീർക്കാനുള്ള സമയം എവിടെ?

ഇവിടെയാണ് അദ്ധ്യാപകരുടെ ആന്തരിക സംഘർഷവും ഉത്തരവുകളുമായുള്ള ബാഹ്യസംഘർഷവും മൂർച്ഛിക്കുന്നത്.   ഏതു പാഠപുസ്തകം പഠിപ്പിക്കാനും തീർക്കാനും നിശ്ചിതസമയം വേണമല്ലോ. അതിനനുസരിച്ച് മൊഡ്യൂൾ ഉണ്ടാക്കിയാണ് പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതും. ജൂൺ മുതൽ ഫെബ്രുവരിവരെയുള്ള 9 മാസങ്ങൾകൊണ്ടു തീർക്കേണ്ട  ഈ സംഗതി നവംബർ മുതൽ ഫെബ്രുവരിവരെയുള്ള നാലുമാസങ്ങൾകൊണ്ട് തീർക്കണമെന്നും മാർച്ചിൽ റിവിഷൻ തുടങ്ങണമെന്നുമാണ് പറയപ്പെടുന്നത്. അതിനു വേണ്ടി പ്രത്യേകിച്ച് ഉണ്ടാക്കിയ സൗകര്യം ശനിയാഴ്ചത്തെ ക്ലാസുകളാണ്. കൂടാതെ ഓൺലൈനിൽ ക്ലാസെടുത്ത് പ്രശ്നം പരിഹരിക്കാമെന്ന നിർദ്ദേശവും ഉണ്ട്. കൈറ്റ്സ് നൽകിയ സൗകര്യമനുസരിച്ച് അദ്ധ്യാപകർ ഗൂഗിൾ ക്ലാസുറൂമിൽ കയറിയിരിക്കണമെന്ന അനുശാസനവും അടുത്തയിടെ വന്നിട്ടുണ്ട്.

ഹയർ സെക്കന്ററിയിൽ 60+ ആണ് ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം. കൊറോണ പ്രമാണിച്ച് ഇവരെ രണ്ടായി പിരിച്ച് 30 പേർക്ക് ആദ്യത്തെ മൂന്നു ദിവസവും (തിങ്കൾ ചൊവ്വ ബുധൻ) അടുത്ത് 30 പേർക്ക് അടുത്ത 3 ദിവസവും ( വ്യാഴം വെള്ളി ശനി) ആണ് ഇപ്പോൾ ക്ലാസ് നടക്കുന്നത്. ഇതിലേതെങ്കിലും ഒരു ദിവസം ക്ലാസ് മുടങ്ങിയാൽ ആകെ കുഴമറിയും. രണ്ടു ദിവസം മുടങ്ങിയാൽ കുക്കുഴമറിയും.. ഈ മാസം 21 മുതൽ എല്ലാ കുട്ടികളെയും സ്കൂളിൽ വരുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. അപ്പോഴും അദ്ധ്യാപകർക്ക് പാഠപുസ്തകം മുഴുവൻ തീർക്കാനായി മുഴുവൻ കുട്ടികളെയും ഒന്നിച്ച് കിട്ടുന്നത് ആകെ ഒരാഴ്ചയാണ്.

ഇതിനിടയ്ക്ക് ഒരു സമരം, ആറ്റുകാൽ പൊങ്കാല, ശുചിത്വ മിഷന്റെ പരിശോധനയുമായി ബന്ധപ്പെട്ട് കുട്ടികളുടെയും അദ്ധ്യാപകരുടെയും  സ്കൂൾ പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കൽ, പതിനൊന്നാം ക്ലാസ് ഇമ്പ്രൂവ്മെന്റ് മൂല്യനിർണ്ണയം പ്രമാണിച്ച് അദ്ധ്യാപകർ ഇല്ലാത്തതുകൊണ്ട് നിശ്ചിതക്ലാസുകൾക്ക് ഒഴിവ്.. പ്രാദേശികമായ ഉത്സവങ്ങളും പരിപാടികളും കാരണമുള്ള തടസ്സങ്ങൾ.. അങ്ങനെ പലതും വന്ന് ക്ലാസ് മുറി പഠനം തടസ്സപ്പെടുത്തിയിട്ടുണ്ട്.

ഇതിനെല്ലാം പരിഹാരമാണ് ഓൺലൈൻ പഠനസംവിധാനം എന്നു പറയാൻ പറ്റില്ല. ഓൺലൈൻ ക്ലാസ് പട്ടണങ്ങളിൽ കാര്യക്ഷമമായി നടക്കുമ്പോലെ ഗ്രാമപ്രദേശങ്ങളിൽ നടക്കില്ല. കുട്ടികൾക്ക് സ്വതവേ മണിക്കൂറുകളോളം മൊബൈലിന്റെ മുന്നിലിരിക്കാൻ മടിയുണ്ട്. ഡേറ്റാ പ്രശ്നം രണ്ടാമത്തേത്. നെറ്റുവർക്ക് പ്രശ്നം മൂന്നാമത്തേത്. ഓൺലൈൻ ക്ലാസെടുക്കുമ്പോൾ കഷ്ടിച്ച് 20 മുതൽ 30 വരെ കുട്ടികൾ കയറുന്നതാണ് കണ്ടിട്ടുള്ളത്. (ആകെ ക്ലാസിലുള്ളവർ 110+) അതിൽത്തന്നെ കുട്ടികൾ വന്നും പോയും ഇരിക്കും. അവരെന്താണ് കേൾക്കുന്നത്, എന്താണ് കാണുന്നത്, എന്തു തുടർച്ചയാണവർക്ക് കിട്ടുന്നത് എന്നത് മറ്റൊരു പ്രശ്നം.  പലപ്പോഴും ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ കുട്ടികളിൽനിന്നല്ലാതെ മറുപടി കിട്ടാറില്ല. അതുകൊണ്ട് ക്ലാസ് മുറി വിദ്യാഭ്യാസത്തിനുള്ള ബദൽ രീതിയായി നമ്മുടെ നാട്ടിലെ അവസ്ഥയിൽ ഗൂഗിൾ ക്ലാസ് റൂം മുന്നോട്ടു കൊണ്ടുപോകാൻ ആവില്ല. പരിഹാരബോധനമായി കൊണ്ടുപോകാം. വളരെ കുറച്ചു കുട്ടികൾക്കേ അതുകൊണ്ടു പ്രയോജനം ഉണ്ടാവൂ.

എല്ലാ പാഠങ്ങളുടെ വലിപ്പം ഒരു പോലെയല്ല. ഒരു പേജിൽ തീരുന്ന പാഠങ്ങളുണ്ട്.. 13 പേജുകളിലായി പരന്നു കിടക്കുന്ന അഗ്നിവർണ്ണന്റെ കാലുകൾ എന്ന നാടകവും 12-ൽ പഠിപ്പിക്കാനുണ്ട്.  പഴയ ചേഷ്ടാവാദ രീതിയനുസരിച്ചാണെങ്കിൽ ഉള്ളടക്കം പറഞ്ഞുകൊടുത്ത്  ശകുന്തളയുടെ ഭർത്താവാരാണ് എന്നു ചോദിച്ച്,  ‘ദുഷ്ഷന്തൻ ...’ എല്ലാവരും പറയൂ....  എന്നാവർത്തിച്ച് പറയിച്ച്, പിന്നീട് ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയാതെ നഖം കടിക്കുന്നവർക്ക് 175 പ്രാവശ്യം ഇമ്പോസിഷനും കൊടുത്താൽ പണി കഴിഞ്ഞു.   ജ്ഞാനനിർമ്മിതി വാദമനുസരിച്ചാണെങ്കിൽ ‘പ്രക്രിയകൾ’ വേണം. കുട്ടി അറിവു നിർമ്മിക്കണം, അതു അദ്ധ്യാപകർ പകരുകയല്ല വേണ്ടത്. ആദ്യത്തേതു പോലെയല്ല, അതിനിത്തിരി സമയമെടുക്കും. ഇതാണ് നിലവിൽ സർക്കാർ നയം. ഇതാണ് ഇപ്പോഴുള്ള വിദ്യാഭ്യാസ സമീപനം. അതു മാറ്റിയതായി ഒരുത്തരവും വന്നിട്ടില്ല. അതേസമയം ചോദ്യത്തിന്റെ രീതി മാറുന്നു. വസ്തുനിഷ്ഠചോദ്യങ്ങൾ വരുന്നു. ഫോക്കസ് -നോൺ ഫോക്കസ് മേഖലാവ്യത്യാസമില്ലാതെ പാഠങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ പഠിപ്പിച്ചു തീർക്കണമെന്ന നിർദ്ദേശമുത്തരവായി വരുന്നു.

മലയാളത്തിന്റെ കാര്യമെടുത്താൽ ഒരു പാഠത്തെപ്പറ്റി ഒന്നോരണ്ടോ വിവരം പറഞ്ഞ അടുത്ത പാഠത്തിലേക്ക് ചാടാം. (അങ്ങനെ പറ്റില്ലെന്ന് സയൻസ് ഹ്യുമാനിറ്റീസ് കോമേഴ്സ് അദ്ധ്യാപകർ) പക്ഷേ അതു കുട്ടികളോട് ചെയ്യുന്ന ദ്രോഹമല്ലേ? പ്രത്യേകിച്ച് ഒരു സ്കോറിന്റെയും രണ്ടു സ്കോറിന്റെയും വസ്തുനിഷ്ഠചോദ്യങ്ങൾ ഉള്ള സ്ഥിതിയ്ക്ക്  (മുൻപ് ഭാഷയ്ക്ക് വിവരണാത്മക ചോദ്യങ്ങൾ മാത്രമായിരുന്നു. പിന്നീട് 2 സ്കോറിനുള്ളതു വന്നു. ഒരു സ്കോറിനുള്ളത് ഇപ്പോൾ പുതുതായി കൂട്ടിച്ചേർത്തതാണ്) പാഠപുസ്തകം മുഴുവൻ വരിയോടു വരി കുട്ടി കടന്നുപോകേണ്ടതായി വരും. അപ്പോൾ വിശദമായ പഠനം വിഷയം തന്നെയാണ്. അതിനുള്ള സമയം ഇല്ല. ഭാരം ആത്യന്തികമായി കുട്ടിയുടെ തലയിലാണിപ്പോഴും. അദ്ധ്യാപകർ നടപടികളുടെ ഭീഷണിയിലാണെങ്കിലും.

ഇപ്പോൾ ആഴ്ചതോറും അദ്ധ്യാപകർ പഠിപ്പിച്ച പാഠങ്ങളുടെ ശതമാനക്കണക്കെടുക്കുന്നുണ്ട്. ശതമാനം കൂടുകയല്ലാതെ കുറയാൻ സാധ്യതയില്ലല്ലോ. ഇടക്ക് പ്രചരിക്കുന്ന ഒരു വാട്സാപ്പ് മെസ്സേജിൽ കണ്ടത്, പാഠഭാഗം പഠിപ്പിച്ചു തീർക്കാൻ താത്പര്യമില്ലാത്ത അദ്ധ്യാപകരുടെ പേരു വിവരങ്ങൾ പ്രിൻസിപ്പാൾമാർ ജില്ലാ ഉപമേധാവികൾക്ക് സമർപ്പിക്കണമെന്നാണ്. (അങ്ങനെ ഒരു വിഭാഗം ഉള്ളതായി കാണുന്നത്രേ. പല ഭീഷണികളും വാട്സാപ്പു വഴി പ്രചരിക്കുന്നതാണ്. വിവാദമായാൽ നിഷേധിക്കാനുള്ള സൗകര്യം കൂടും. ഇല്ലെങ്കിൽ അവ നിലനിൽക്കും.  ഉമ്പാച്ചി, അവിടെയില്ലെങ്കിലും ഇരുട്ടിനെ ചൂണ്ടിക്കാട്ടി പേടിക്കാമല്ലോ എന്ന നയമാണ് ഇവിടങ്ങളിൽ പ്രവർത്തിക്കുന്നത് എന്നു തോന്നുന്നു) പഠിപ്പിച്ചു തീർക്കാൻ പറ്റുമോ എന്നല്ല, പഠിപ്പിച്ചു തീർത്തിരിക്കണം, ഇല്ലാത്തവർ താത്പര്യമില്ലാത്തവരാണ്, എന്നാണ് ഇപ്പോൾ വന്നിരിക്കുന്ന പുതിയ മാറ്റം.  

വിമതശബ്ദങ്ങളെ ഒഴിവാക്കാനും തങ്ങൾക്ക് അനുകൂലമായി സാമൂഹിക യാഥാർഥ്യത്തെ തമസ്കരിക്കാനുമായി ഉണ്ടാക്കിയെടുക്കുന്ന ആശയങ്ങൾക്ക് സാമൂഹിക സംഘർഷങ്ങളെ മൂടിവയ്ക്കുക എന്ന ലക്ഷ്യമുണ്ടെന്നും യഥാർത്ഥ വൈരുദ്ധ്യങ്ങൾക്ക് സാങ്കല്പികമായ പരിഹാരം  എന്ന നിലയിലുള്ള പ്രത്യയശാസ്ത്രസങ്കല്പനങ്ങൾ രൂപം കൊള്ളുന്നത് ഇതിൽ നിന്നാണെന്നും ടെറി ഈഗിൾടൻ പറയുന്നത് പ്രസ്തുതത്തിൽ വച്ച് ഒന്ന് ആലോചിച്ചു നോക്കുക.  ബാർത്തിന്റെ ഡോക്സാ സങ്കല്പത്തെ തിരിച്ചിട്ടാലും, നമുക്കീ പേരുകൊടുക്കലിനെ പെട്ടെന്ന് മനസിലാക്കാൻ പറ്റും. അദ്ധ്യാപകർ പാഠങ്ങൾ പഠിപ്പിച്ചു തീർക്കാൻ താത്പര്യം കാണിക്കാത്തതുകൊണ്ട്  വരുന്ന പ്രശ്നങ്ങളാണെല്ലാം. സാമാന്യബോധനിർമ്മിതിക്കൊപ്പം കുറ്റബോധനിർമ്മാണവും ക്രമത്തിൽ നടക്കും. പാഠ പുസ്തകം പഠിപ്പിച്ചു തീർക്കാത്തത് സ്വന്തം കുഴപ്പംകൊണ്ടാണെന്ന് ഓരോ അദ്ധ്യാപികയ്ക്കും തോന്നും. തോന്നണം.   

അതുപോട്ടെ, ശരിക്കും അദ്ധ്യാപകർക്ക് പാഠം തീർക്കാൻ എന്തെങ്കിലും വിഷമമുണ്ടോ? എങ്ങനെ തീർത്തു എന്നതല്ലല്ലോ വിഷയം, തീർക്കാത്തതെന്ത് എന്നതല്ലേ? ചുരുങ്ങിയ സമയത്തിനുള്ളിൽ ആറു വിഷയങ്ങൾ (+1) അദ്ധ്യാപകർ ആത്മാർത്ഥതയോടുകൂടി   പല തരത്തിൽ - ഓൺ ലൈനിലും ക്ലാസ് മുറിയിലും എക്സ്ട്രാ ക്ലാസു വച്ചും ശബ്ദസന്ദേശം അയച്ചും - കുത്തിച്ചെലുത്തിയാൽ എങ്ങനെയിരിക്കും? സയൻസുകാർക്ക് ഇതിനെല്ലാം പുറമേ ട്യൂഷനും പോകേണ്ടതുണ്ട്. അതാരു വിലക്കിയാലും നിൽക്കില്ല.

ഇതൊന്നും പരിഗണനാവിഷയമാകാതെ പോകുന്നു. പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ താത്പര്യമില്ലാത്തവർ എന്ന് ചാർത്തിക്കൊടുക്കുന്ന ലേബലിനു കീഴിൽ അദ്ധ്യാപകർ സ്വാഭാവികമായും നടപടിക്ക് വിധേയമാകേണ്ടവരായി തീരും. വിദ്യാർത്ഥികൾ തിരശ്ശീലയിൽനിന്ന് ഒഴിവാകുകയും അവരുടെ മേലുള്ള സമ്മർദ്ദം അവർക്കു പ്രത്യേകിച്ചു നാവില്ലാത്തതുകൊണ്ട്  റദ്ദായി പോവുകയും ചെയ്യുന്നു.  

പാഠങ്ങൾ തീർത്തതായി കണക്കെഴുതുകയല്ലാതെ മറ്റെന്താണിവിടെ അദ്ധ്യാപകർക്കു ചെയ്യാൻ കഴിയുക? പാഠങ്ങൾ തീർത്തിട്ടുണ്ടോ എന്നറിയാൻ ക്ലാസ് റൂമിൽ വന്ന് വിദ്യാഭ്യാസ ആപ്പീസർമാർ പരിശോധന നടത്തുമെന്നും സർക്കുലർ പറയുന്നു.  വർഷം ഇത്രേയായിട്ടും ഇതുവരെ അങ്ങനെയൊരു കലാപരിപാടിയുണ്ടായിരുന്നില്ല. അത്തരം പരിശോധനകൾ ഉണ്ടായാൽ കുട്ടികൾ സ്വയം ത്യാഗം സഹിച്ചും അവർക്കു പ്രിയപ്പെട്ട അദ്ധ്യാപകരെ രക്ഷിക്കുമായിരിക്കും. അവരെപോലെ സത്യദർശകരും ത്യാഗികളും മറ്റാരെങ്കിലുമുണ്ടോ? പക്ഷേ ബലപ്രയോഗത്തിലൂടെ സാധിക്കേണ്ട കാര്യമായി വിദ്യാഭ്യാസം മാറുന്നതിനെ അത്ര സന്തോഷത്തോടേ കാണാൻ സാധിക്കുമോ എന്നതാണ് അടിസ്ഥാന ചോദ്യം.  കൊറോണക്കാലം പലതിനും ഒപ്പം അതിനും സാക്ഷ്യം വഹിക്കുകയാണ്. ശതമാനം കേറ്റിയെഴുതി സ്വയം വഞ്ചിക്കാനുള്ള സാധ്യതയാണിപ്പോൾ സംഖ്യാശാസ്ത്രംകൊണ്ടുണ്ടാകുന്ന നേട്ടം.  സത്യസന്ധരും സന്മാർഗികളുമായ അദ്ധ്യാപകർ അവിടെയും താഴെ പോകും. ദുരിതാശ്വാസ ചലഞ്ചിൽ പങ്കെടുക്കാത്തവർ, ശ്രദ്ധയില്ലാതെ പേപ്പറു നോക്കിയവർ, സർക്കാർ നയവിരുദ്ധർ, എന്നിവയ്ക്കൊപ്പം ‘പാഠം പഠിപ്പിച്ചു തീർക്കാൻ താത്പര്യമില്ലാത്തവർ’ എന്ന ലേബലുകൂടി അദ്ധ്യാപകരെ കാത്തിരിക്കുന്നു.

(കേരളഭൂഷണം 19/2/2022)



 

September 28, 2021

ഫിൻലൻഡിലെ ബ്ലാക് ബോർഡും നമ്മുടെ വൈറ്റ് ബോർഡും


 

2000 ത്തിനു ശേഷമാണ് ഫിൻലന്റ് എന്ന നോർദിക് രാജ്യം വിദ്യാഭ്യാസകാര്യത്തിൽ ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോ-ഓപ്പറേഷൻ & ഡെവലപ്മെന്റ്, (OECD) രാജ്യാന്തരതലത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് വായനയിലും ഗണിതത്തിലും ശാസ്ത്രവിഷങ്ങളിലും എന്തൊക്കെ ശേഷികൾ നേടാനായിട്ടുണ്ട് എന്ന പഠനത്തിന്റെ ഫലം ‘പിസ’ (പ്രോഗ്രാം ഫോർ ഇന്റെർനാഷണൽ സ്റ്റുഡന്റ് അസെസ്സ്മെന്റ്- PISA) പുറത്തുവിട്ടപ്പോൾ. പഠനത്തിൽ പങ്കെടുത്ത 73 രാജ്യങ്ങളിൽ,  ഫിൻലാന്റ് ഒന്നാമതെത്തി. ഇന്ത്യ എഴുപത്തിരണ്ടാമതും. ഇക്കാര്യങ്ങളിൽ ഒരു പാട് ആത്മവിശ്വാസം കാണിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയെയും വ്യത്യസ്തമായ വഴികൾ അവലംബിക്കുന്ന ജപ്പാനെയും  വിദ്യാഭ്യാസ സൈദ്ധാന്തിക സംഭാവനകളിൽ ഒട്ടും പിന്നിലല്ലാത്ത മറ്റു യൂറോപ്യൻ രാജ്യങ്ങളെയും ഒക്കെ പിന്തള്ളി, ഫിൻലന്റ് മുന്നിലെത്തിയെന്നു മാത്രമല്ല,  തുടർവർഷങ്ങളിൽ നടന്ന പഠനങ്ങളിൽ അവർ തങ്ങളുടെ മികവ് കേടില്ലാതെ നിലനിർത്തുകയും ചെയ്തു. ( മൂന്നുവർഷത്തിലൊരിക്കലാണ് പഠനം നടക്കുന്നത്)

ലോകബാങ്കിന്റെ സഹായത്തോടെ അതിനു മുൻപുതന്നെ കേരളത്തിലെ സ്കൂൾവിദ്യാഭ്യാസപരിഷ്കരണം ആരംഭിച്ചിരുന്നു എന്നോർക്കണം. ട്ടോട്ടോചാൻ എഴുതിയ തെത്സുകോ കുറോയാനഗിയും മർദ്ദിതരുടെ ബോധനശാസ്ത്രമെഴുതിയ പൗലോഫ്രെയറും വേലയിൽ വിളയുന്ന വിദ്യാഭ്യാസം (സെൽഫ് സപ്പോർട്ടിങ് എജ്യൂക്കെഷൻ) എഴുതിയ ഗാന്ധിജിയും ജനകീയ നിലയിലും  ഗാർഡ്നറും ജീൻ പിയാഷെയും ലഫ് വിഗോട്സ്കിയും ഹൊവാർഡ് ഗാർഡ്നറും ജെറോം എസ് ബ്രൂണറും സൈദ്ധാന്തിക നിലയിലും 90 കളിൽത്തന്നെ നമ്മളിവിടെ കേട്ടു തുടങ്ങിയിരുന്നു. മണിയടിച്ചാൽ വായിൽ വെള്ളം വരുന്ന നായയും കുട്ടികളും തമ്മിലുള്ള താരതമ്യത്തിൽ നിന്നുണ്ടായ കണ്ടീഷണിംഗ് പരീക്ഷണങ്ങളിൽനിന്നും സർവജ്ഞരായ അദ്ധ്യാപകരുടെ ജ്ഞാനം നിറയ്ക്കൽ സന്നാഹങ്ങളിൽനിന്നും  സ്വഭാവരൂപീകരണപ്രക്രിയകളാണ് സ്കൂളുകളിൽ നടക്കേണ്ടതെന്ന വൻപിച്ച മുൻധാരണകളിൽനിന്നുമെല്ലാം കുട്ടികളെ രക്ഷിക്കാൻ കൊണ്ടുവന്ന പുതിയ സിദ്ധാന്തങ്ങൾ (ജ്ഞാന നിർമ്മിതി, സാമൂഹിക ജ്ഞാനനിർമ്മിതി, സഹവർത്തിത പഠനം, ബഹുബുദ്ധിവാദം...) പൂർണ്ണമായ രീതിയിൽ -കാര്യക്ഷമമായും - നമുക്ക് ക്ലാസ് മുറികളിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞോ എന്നു സംശയമാണ്. മഹാമാരിക്കാലത്തിനു തൊട്ടുമുൻപ് നടപ്പാക്കി തുടങ്ങിയ, ഭൗതിക സൗകര്യങ്ങളുടെയും സാങ്കേതിക സജ്ജീകരണങ്ങളുടെയും സഹായത്തോടെയുള്ള അന്തർദ്ദേശീയതലത്തിലേക്കുള്ള നിലവാരമുയർത്തൽ പ്രക്രിയയാവാട്ടെ കൊറോണക്കാലം നിഷ്പ്രഭമാക്കുകയും ചെയ്തു.

2016 -നു ശേഷം നമ്മളും ഫിൻലാന്റിനെപ്പറ്റി ചർച്ച ചെയ്യാൻ തുടങ്ങി. ഒരു പരിശീലനത്തിൽ അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറി, അദ്ദേഹം വായിച്ചുകൊണ്ടിരിക്കുന്ന ഫിൻലന്റ് വിദ്യാഭ്യാസത്തെപ്പറ്റിയുള്ള പുസ്തകത്തിന്റെ സംഗ്രഹം അവതരിപ്പിച്ചിരുന്നു. (അതിനും മുൻപ് ആളുകൾ ഇക്കാര്യത്തെപ്പറ്റി ആളുകൾ ആലോചിച്ചിരുന്നു. കോട്ടൺ ഹിൽ സ്കൂളിലെ പി ടി എ ഭാരവാഹിയായിരുന്ന ഉല്ലാസ്, പാസി സാൽബർഗ് എഴുതിയ ‘ഫിന്നിഷ് ലെസ്സൺസ്’ എന്ന പുസ്തകത്തെപ്പറ്റി പറഞ്ഞതോർക്കുന്നുണ്ട്. മാത്രമല്ല അത് തരികയും ചെയ്തു. ഖാദർക്കമ്മീഷൻ റിപ്പോർട്ട് വന്നതോടെ ആളുകൾ, അദ്ധ്യാപകർ പ്രത്യേകിച്ചും കൂടുതലായി ഫിന്നിഷ് വിദ്യാഭ്യാസമാതൃകയെപ്പറ്റി സംസാരിക്കുന്നതും കേട്ടു.) ലോകത്തിൽ മികച്ചത് നമുക്കിവിടെ വേണം എന്ന ആഗ്രഹം നല്ലതാണ്. പ്രകടമായ ഒരു വ്യത്യാസം ഇവിടെ കാണാനുണ്ട്. ലോകത്തെമ്പാടുമായുണ്ടായ വിദ്യാഭ്യാസ ചിന്തകളെ പശ്ചാത്തലമാക്കി നിർത്തി തങ്ങൾക്കു വേണ്ടതെന്താണെന്ന് ചിന്തിക്കുകയാണ് വിശാലമായ ലോകവീക്ഷണമുള്ള ഏതു ജനസമൂഹവും ചെയ്യുക.  നമ്മുടെ കാര്യത്തിൽ മികച്ച മാതൃകകളെ അനുകരിക്കാനുള്ള പ്രവണതയാണ് മുൻപന്തിയിലുണ്ട്. മാറിയകാലത്തിൽ നമ്മുടെ വിദ്യാർത്ഥി, അദ്ധ്യാപക പൊതുസമൂഹം വാശ്യപ്പെടുന്നതെന്ത് എന്ന കാര്യത്തിൽ കാര്യമായ അന്വേഷണങ്ങൾ നടന്നിട്ടുണ്ടോ എന്നു സംശയമാണ്. അതുകൊണ്ടുള്ള കുഴപ്പം സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിൽ പദ്ധതി തകരാറിലാവും. രണ്ടാമത്തേത് യഥാർത്ഥത്തിൽ സമൂഹം എന്ന നിലയ്ക്ക് എന്താണ് വേണ്ടതെന്ന അന്വേഷണം ആരും അഭിസംബോധന ചെയ്യാതെ മൂലയ്ക്ക് കിടക്കും. വന്നുപെട്ട പ്രശ്നങ്ങളാണ് ഏതു സിദ്ധാന്തത്തിന്റെയും രൂപീകരണത്തിന്റെ മൂലഹേതു. പ്രശ്നമെന്താണെന്ന് അറിയാൻ താത്പര്യം കാണിക്കാതെ,  മികച്ച മാതൃകകൾ മാത്രമെടുത്ത് നടപ്പാക്കാൻ ശ്രമിച്ചാൽ എങ്ങനെ അത് കാര്യക്ഷമമാവും, തുടർച്ചകളുണ്ടാകും?

പാസി സാൽബർഗിന്റെ പുസ്തകത്തെ തുടർന്നിറങ്ങിയ മറ്റൊരു ഫിൻലന്റ് വിദ്യാഭ്യാസ പ്രകീർത്തന പുസ്തകമാണ് “ടീച്ച് ലൈക്ക് ഫിൻലൻഡ്: 33 സിമ്പിൾ സ്ട്രാറ്റജീസ് ഫോർ ജോയ്ഫുൾ ക്ലാസ് റൂംസ്’. 2017 ലാണ് ഈ ഗ്രന്ഥം പുറത്തിറങ്ങുന്നത്. ഇതാണ് ‘സ്കൂൾ പഠനത്തിന്റെ ഫിൻലന്റ് മാതൃക - ആഹ്ലാദകരമായ ക്ലാസ് മുറികൾക്കായി 33 ലളിത തന്ത്രങ്ങൾ’  എന്ന പേരിൽ കെ ആർ അശോകൻ സുന്ദരമായ മലയാളത്തിൽ വിവർത്തനം ചെയ്ത് ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയിട്ടുള്ളത്.  ‘നമ്മൾ വിശ്വസിക്കുന്ന അദ്ധ്യാപകർ : ലോകനിലവാരത്തിലുള്ള സ്കൂളുകളിലേക്കുള്ള ഫിന്നിഷ് മാർഗങ്ങൾ’ (2021) -ആണ് അദ്ദേഹത്തിന്റെ പുതിയ പുസ്തകം.
തിമോത്തി ഡി വാക്കർ അമേരിക്കൻ വംശജനാണ്. (ഭാര്യ യോഹാന്ന ഫിൻലന്റുകാരിയും)  സ്വന്തം നാട്ടിൽനിന്ന് അദ്ദേഹം ഫിൻലന്റിൽ അദ്ധ്യാപകനായി പോയപ്പോൾ അമേരിക്കൻ വിദ്യാഭ്യാസരീതികളെയും ഫിൻലാൻഡിയൻ സമീപനങ്ങളെയും താരതമ്യം ചെയ്യാൻ അവസരം ലഭിച്ചു എന്നതാണ് ‘സ്കൂൾ പഠനത്തിന്റെ ഫിൻലൻഡ് മാതൃക’ എന്ന  പുസ്തകത്തെ വ്യത്യസ്തമാക്കിത്തീർക്കുന്നത്. ടെക്സാസ് സർവകലാശാലയിലെ പ്രൊഫസർ രാജ് രഘുനാഥൻ എഴുതിയ ‘നിങ്ങൾ അത്രമേൽ മിടുക്കനാണെങ്കിൽ എന്തുകൊണ്ട്  ആഹ്ലാദവാനാകാൻ പറ്റുന്നില്ല?’ എന്ന പുസ്തകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയതാണ് ഈ കൃതി. പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ജീവിതത്തിലെ അവശ്യമൂലകമായ സന്തോഷത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് എങ്ങനെ അവ മുന്നോട്ടു കൊണ്ടുപോകാമെന്ന് ആലോചിക്കുകയാണ് ഗ്രന്ഥകർത്താവ്.
സന്തോഷത്തിന്റെ അടിസ്ഥാന ചേരുവകളായ പാരസ്പര്യം (ബിലോങിങ്), സ്വയംഭരണം (ഓട്ടോണമി), പ്രാവീണ്യം (മാസ്റ്റെറി), മനോഘടന (മൈൻഡ് സെറ്റ്),  ക്ഷേമം (വെൽനെസ്) എന്നിവയെ ക്ലാസ് മുറി തന്ത്രങ്ങളായി മാറ്റുന്നതെങ്ങനെ എന്ന് ഫിൻലാൻഡിലെ സ്കൂൾവിദ്യാഭ്യാസത്തെ പശ്ചാത്തലമായി വച്ചുകൊണ്ട് തിമോത്തി ഈ പുസ്തകത്തിൽ ആലോചിക്കുന്നു.

ശീർഷകം കണ്ട് പ്രചോദിതരായി ഈ തന്ത്രങ്ങളെല്ലാം നാളെ രാവിലെ മുതൽ നമ്മുടെ ക്ലാസ് മുറികളിലും പ്രാവർത്തികമാക്കി അദ്ധ്യാപക അവാർഡ് വാങ്ങാം എന്ന് ഏതെങ്കിലും നിഷ്കളങ്കരും  പ്രതിബദ്ധരുമായ അദ്ധ്യാപകർ വിചാരപ്പെടുകയാണെങ്കിൽ അധികം താമസിക്കാതെ നിരാശപ്പെടും. കാരണം നേരത്തെ പറഞ്ഞതുപോലെ ഇറക്കുമതി ചെയ്യുന്ന ആശയങ്ങൾക്കല്ല, സാഹചര്യത്തിൽനിന്ന് ഉരുത്തിരിഞ്ഞുവരുന്ന പരിഹാരങ്ങൾക്കാണ് എന്തെങ്കിലും ഒക്കെ മാറ്റം വരുത്താൻ കഴിയുക. അങ്ങനെ നോക്കുമ്പോൾ ഇവിടെ നിലവിലിരിക്കുന്ന വിദ്യാഭ്യാസ -ബോധന രീതികളെയും പരിശീലനപദ്ധതികളെയും സമീപനങ്ങളെയുമൊക്കെ കൂടുതൽ ഉൾക്കാഴ്ചയോടെ സമീപിക്കാൻ പുസ്തകം ചില സഹായങ്ങൾ ചെയ്യുന്നുണ്ട്.  അതാണ് ഈ പുസ്തകത്തിന്റെ പ്രാധാന്യം എന്നു വിചാരിക്കുന്നു. അതുകൊണ്ട് ഒന്ന് സ്വന്തമാക്കുന്നതിൽ തെറ്റില്ല. അല്ലാതെ തിമോത്തിയുടെ തന്ത്രങ്ങൾ അതേ പടി ക്ലാസുകളിലേക്ക് എടുക്കാമെന്ന ഉദ്ദേശ്യത്തോടെ പുസ്തകം പരിചയപ്പെടുകയോ  കയ്യിലെടുക്കുകയോ ചെയ്താൽ നിരാശയായിരിക്കും ഫലം. കാരണം അവ തീർത്തും വ്യക്തിയുടെ ഇച്ഛാശക്തിയെ മാത്രം താങ്ങി നിൽക്കുന്ന കാര്യമല്ല.

‘സ്കൂൾ പഠനത്തിന്റെ ഫിൻലന്റ് മാതൃക’യെ നമ്മുടെ സാഹചര്യവുമായി ചേർത്തു വച്ച് ആലോചിച്ചാൽ അത് എന്ത് അറിവായിരിക്കും  വായിക്കുന്നയാളിൽ നിർമ്മിക്കുന്നത് എന്ന് ആലോചിക്കുന്നത് കൗതുകകരമാണ്. കാര്യങ്ങൾ ചുരുക്കി പറയാം.

1. നല്ലത് - ചീത്ത എന്ന ബൈനറി താരതമ്യത്തിൽ തിമോത്തിയുടെ കാഴ്ചപ്പാടിൽ മോശം അമേരിക്കൻ വിദ്യാഭ്യാസമാണ്. നമ്മുടെ വിദ്യാഭ്യാസവും ആന്തരികമായി അമേരിക്കനാണ്-  ‘-2 (കിന്റർ ഗാർട്ടൻ) മുതൽ +2 വരെ’ എന്നെല്ലാം പറയുന്നതിൽത്തന്നെ അതുണ്ട്. അദ്ധ്യാപരുടെ എരിഞ്ഞു തീരലിലാണ് ( ബേൺ ഔട്ട്) സ്കൂളിന്റെ മികവ് കുടിയിരിക്കുന്നതെന്ന വിശ്വാസത്തിലും  പരീക്ഷാ മികവുകളുടെ പരസ്യങ്ങളിലും എല്ലാം ഈ ഘടകം കടന്നു കയറിയിട്ടുണ്ട്. ( ഉദാസീനരായിരിക്കാൻ അവസരങ്ങൾ നമുക്കിവിടെ ധാരാളമുണ്ട് എന്ന സൗകര്യം ഉണ്ടെന്നു മാത്രം) മത്സരങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടുതന്നെ മത്സാരാധിഷ്ഠിത സമൂഹത്തെ വാർത്തെടുത്തുകൊണ്ടിരിക്കുന്ന കാപട്യം സ്കൂളിൽനിന്നു തന്നെ ശീലിക്കുന്നു.

2. ഫിൻലന്റിൽ സ്വകാര്യ സ്കൂളുകൾ ഇല്ല. - അതുകൊണ്ട് വിദ്യാഭ്യാസ നയത്തിന്റെ ഫലം ഒരു സമൂഹം എന്ന നിലയ്ക്ക് എല്ലാവരിലും ഒരേ തരത്തിലാണ് ചെന്നെത്തുക. സർക്കാർ സ്കൂളുകൾ, എയിഡഡ്, അൺ എയിഡഡ്.. പല തരത്തിലുള്ള വിദ്യാഭ്യാസ ഭരണനിർവഹണ നയങ്ങൾ, ബോധന രീതികൾ, പാഠപുസ്തകങ്ങൾ, അവയിലെ ഉള്ളടക്കങ്ങൾ എന്നിവ പലതരത്തിലുള്ള സമാന്തര വിദ്യാഭ്യാസ രീതികളായി തുടരുകയാണ് ഇന്ത്യയിൽ.  അവയുടെ ഫലങ്ങളും ( പഠനനേട്ടങ്ങൾ) വ്യത്യസ്തങ്ങളാണ്.  ഒരു രാഷ്ട്രമെന്നോ ദേശമെന്നോ ഉള്ള അടിസ്ഥാനത്തിൽ ഉണ്ടാക്കുന്ന വമ്പിച്ച പരിഷ്കാര സങ്കല്പങ്ങൾ ഒരു ഉട്ടോപ്യയാവുന്ന സാഹചര്യമാണ് ഇന്നുള്ളത്.  ഇന്ത്യയിൽ മാത്രമല്ല കേരളത്തിലും.

3. പലപ്പോഴും ചെറിയ ക്ലാസുകളിലേക്കു വേണ്ടി അവതരിപ്പിക്കുന്ന പഠനതന്ത്രങ്ങൾ അതേ പടി പന്ത്രണ്ടാംക്ലാസുവരെയും പ്രസക്തമാണെന്ന വിശ്വാസം ഇവിടെ പ്രബലമാണ്. ഫിൻലൻഡിലും മറ്റും അദ്ധ്യാപകർ തന്നെയാണ് പഠനതന്ത്രങ്ങളും വിലയിരുത്തൽ മാർഗങ്ങളും രൂപകലപന ചെയ്യുന്നത്. ഇറക്കുമതി ചെയ്യുന്ന പഠനതന്ത്രങ്ങളിൽ ഹയർസെക്കന്ററി ക്ലാസുകളുടെ കേരളീയ സാഹചര്യം നിർഭാഗ്യവശാൽ കടന്നുവരാറില്ല. ഒരു കുട്ടികളുടെ എണ്ണപ്പെരുപ്പം, സ്ഥലപരിമിതി, വിഷയവൈവിധ്യവും ഏകീകൃതസ്വഭാവമില്ലായ്മയും - അദ്ധ്യാപക പരിശീലനങ്ങൾ ഈ യാഥാർത്ഥ്യങ്ങളെ കണ്ട ഭാവം നടിക്കാറില്ല. നേരത്തെ പറഞ്ഞതുപോലെ ഉത്തരവനുസരിച്ച് എന്തും  വ്യക്തിപരമായ ത്യാഗം സഹിച്ച് നടപ്പിലാക്കാൻ (ബേൺ ഔട്ട്) സന്നദ്ധനാവുന്ന അദ്ധ്യാപകരുടെ വിധേയത്വമില്ലായ്മയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന തോന്നലിൽ വിമർശനങ്ങൾ പരിഹാരമില്ലാതെ ഒതുങ്ങിപോകുന്നു.

4. പ്രകടനപരതയിലല്ല കാര്യം. വിദേശത്തെല്ലാം ഒരു ക്ലാസിലെ കുട്ടികൾ എന്തു ചെയ്തു എന്നറിയാൻ പുറത്ത് ബോർഡുകളിൽ അവരുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്നതു കാണാം. നമുക്കിവിടെ ഫ്ലക്സുകൾ  പുറത്തും റിപ്പോർട്ടുകൾ അകത്തുമായി അതേ ധർമ്മം ചെയ്തു വരുന്നുണ്ട്. ഫിൻലൻഡിൽ അത്തരം അസമ്മർദ്ദം അദ്ധ്യാപകർക്കോ കുട്ടികൾക്കോ ഇല്ലെന്ന് തിമോത്തിയെഴുതുന്നു. ക്ലാസിനു പുറത്തുള്ള കുട്ടികളുടെ പ്രവർത്തന ബോർഡുകൾ ഒഴിഞ്ഞു കിടക്കുന്നത് ആരെയും സമ്മർദ്ദത്തിലാക്കുന്ന കാര്യമല്ല.

5. ഒരു ക്ലാസിൽ എത്ര കുട്ടികളെ ഇരുത്താം,  ക്ലാസ് മുറിയിലെ ശുദ്ധവായുവിന്റെയും സ്വാഭാവിക വെളിച്ചത്തിന്റെയും  ലഭ്യത തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് ഫിൻലാന്റിൽ ഉദ്യോഗസ്ഥർക്ക് കണക്കുണ്ട്. എസ് എസ് എൽ സി വിജയിക്കുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഹയർ സെക്കന്ററിയിൽ സീറ്റു വർദ്ധിപ്പിക്കുന്ന പതിവുള്ള നമുക്ക് ക്ലാസ് മുറി പ്രവർത്തനങ്ങൾ കാര്യക്ഷമമാകാതെ പോകുന്നതിനെപ്പറ്റിയോ ഇടവേലകൾ വെളിച്ചം ശുദ്ധവായു എന്നിവയെപ്പറ്റിയോ അധികം വേവലാതികൾ കണ്ടിട്ടില്ല. ഹയർ സെക്കന്ററിയിൽ കുട്ടികളുടെ പഠനസമയവും ഇടവേളകളും പഠിക്കേണ്ട വിഷയങ്ങളും സ്ഥലസൗകര്യവുമെല്ലാം കാര്യമായ ഒരന്വേഷണവും ഇല്ലാതെ മുന്നോട്ടു പോവുകയാണ്.  

6. സ്കൂളുകളിലെ ശബ്ദമാലിന്യം വളരെ പ്രധാനപ്പെട്ട ആരോഗ്യഘടകമാണ് ഫിൻലൻഡിൽ. അദ്ധ്യാപകരുടെ ശബ്ദത്തിന്റെ ഉയർച്ച താഴ്ചകൾപോലും പരിഗണിക്കേണ്ടതാണെന്നു പറയുന്നു. അതു പഠിത്തത്തെ വാധിക്കുന്നതിനെപ്പറ്റി കണക്കും സ്വന്തം നിലക്ക് തിമോത്തി അവതരിപ്പിക്കുന്നു. നമ്മുടെ സ്കൂളിലെ കുട്ടികൾ പരീക്ഷയെഴുതുന്നത് തൊട്ടടുത്തുള്ള അമ്പലത്തിലെയും പള്ളികളിലെയും രാഷ്ട്രീയക്കാരുടെ യോഗ വേദികളിലെയും ഉച്ചഭാഷിണി ഒച്ചകളുമായി സംവദിച്ചുകൊണ്ടാണ്.

7. 45 മിനിട്ടുള്ള ഓരോ പിരീഡിനു ശേഷവും 15 മിനിട്ട് ഇടവേളകളുണ്ട് കുട്ടികൾക്ക് അവിടെ. റീചാർജ്ജ് സമയം എന്നാണതിനെ പറയുക.. നമ്മുടെ സ്കൂളുകളിൽ ഇടവേളകളില്പോലും പുറത്തിറക്കാതെ കുട്ടികളെ ഇരുത്താൻ കഴിയുന്നത്, അദ്ധ്യാപകരുടെ കഴിവും അച്ചടക്കപാലനശേഷിയുമായി  കരുതിവരുന്നു

8. തെമ്മാടിത്ത പ്രവണതയെ (ബുള്ളിയിങിനെ)  രണ്ടു വിഭാഗക്കാരെയും കുട്ടികളിൽത്തന്നെയുള്ള മാധ്യസ്ഥരെയും ഒന്നിച്ചിരുത്തി സംസാരിപ്പിച്ചുകൊണ്ടാണ് സർഗാത്മകമായണ് പരിഹരിക്കുന്നത്. നമ്മൾ പോലീസിനെയും രാഷ്ട്രീയക്കാരെയും നാട്ടുകാരെയും വീട്ടുകാരെയുമൊക്കെ വിളിച്ചു വരുത്തിയും.

9. ഫിൻലന്റിൽ പ്രിൻസിപ്പാൾമാരും പഠിപ്പിക്കാറുണ്ട്. ക്ലാസ് മുറികളെപ്പറ്റി ധാരണയുണ്ടാവുന്നതിന് അദ്ധ്യാപനം സഹായകരമാണ്. അതുപോലെ അദ്ധ്യാപകർക്ക് ബാഹ്യസമ്മർദ്ദങ്ങൾ തീരെ ഇല്ലെന്നു പറയാം. പരസ്പര വിശ്വാസത്തിലധിഷ്ഠിതമാണ് ഭരണനിർവഹണവും അദ്ധ്യയനവും. അദ്ധ്യാപകർക്കു മേൽ അർപ്പിക്കുന്ന വിശ്വാസമാണ് കുട്ടികളിലേക്കും പ്രസരിക്കുന്നത്. അടിമകൾ പഠിപ്പിക്കാനായി നിയോഗിക്കപ്പെട്ടാൽ ഏതുതരം സമൂഹമാകും അവർ ഉയർത്തിയെടുക്കുക എന്നാലോചിക്കുന്നത് കൗതുകകരമല്ലേ? ഇവിടെ അദ്ധ്യാപകരുടെ സർഗാത്മക രചനകൾപോലും ഹെഡ്മാസ്റ്ററും പ്രിൻസിപ്പാളും ഉൾപ്പെട്ട മേലധികാരികൾ സാക്ഷ്യപ്പെടുത്തി അയയ്ക്കണമെന്ന ഉത്തരവുകൾ കാണാം. ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെങ്കിലും രാജ-ബ്രിട്ടീഷ് ഭരണവ്യവസ്ഥയിലൂടെ കടന്നുപോയതിന്റെ നിഴല്പാടുകൾ ഉള്ള ശാസനഭാഷയാണ് സർക്കുലറുകളിൽപോലും ഇപ്പോഴും ഉപയോഗിച്ചു വരുന്നത്. എന്നു മാത്രമല്ല കോൺഫിഡൻഷ്യൽ റിപ്പോർട്ടു പോലെയുള്ള കാലഹരണപ്പെട്ട കോളോണിയൽ സമ്പ്രദായങ്ങളും സർവസന്നാഹങ്ങളോടുംകൂടി ഇപ്പോഴും നിലനിൽക്കുന്നു.

10. കുട്ടി സ്വയം വീട്ടിലെത്തുക, സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുക എന്നതാണ് അവിടത്തെ പരിപാടി. ഒന്നാം ക്ലാസുമുതൽ ഇതാണ് രീതി.  ആണും പെണ്ണും വേർതിരിഞ്ഞ് ലൈനായി പോകുക, കൈ കഴുകാൻ പോകുന്ന കുട്ടിയെ നിരീക്ഷിക്കാൻ അദ്ധ്യാപകരെ ഡ്യൂട്ടിക്കിടുക, വരിതെറ്റിച്ചതുകണ്ട് കണ്ണുരുട്ടാൻ അദ്ധ്യാപകർ കാവലു നിൽക്കുക തുടങ്ങിയ പരിപാടിയാണിവിടെ.  അച്ചടക്ക - സദാചാര പരിപാലനത്തിന്റെ ഭാഗമായി പോലീസ് സംവിധാനം അതേ മാതൃകയിൽ സ്കൂളിൽ സ്ഥാപിതമാവുകയും മേൽനോട്ടത്തിന് ഈയടുത്തകാലത്തായി നേരിട്ട് സ്കൂളിൽ വരികയും വിലയിരുത്തുകയും പോലീസ് മാതൃകയിൽ സാറന്മാർക്ക് പരിശീലനം കൊടുക്കുകയും ചെയ്യുന്നതു വരെയെത്തി കൊറോണക്കാലത്തെ കാര്യങ്ങൾ.. എസ് പി സി പോലെയുള്ള സമ്പ്രദായങ്ങൾ അനുബന്ധമായി മുന്നേറുന്നു!

11. പ്രവർത്തനങ്ങൾ പാഠ്യപദ്ധതിക്കായി രൂപകല്പന ചെയ്യുകയാണ് പ്രധാനം. റിപ്പോർട്ട് തയാറാക്കണമെന്നുള്ളതുകൊണ്ട്  പാഠ്യപദ്ധതിയെ പ്രവർത്തനങ്ങൾക്കുള്ളതാക്കി മാറ്റുകയാണ് പക്ഷേ എളുപ്പം ചെയ്യാവുന്നതും നടന്നുവരുന്നതും. അദ്ധ്യാപക പരിശീലനങ്ങളും ഏറെക്കുറേ രണ്ടാമത്തെ കാര്യത്തിനാണ് ഊന്നൽ നൽകുന്നത്. അഥവാ അതങ്ങനെയായി തീരുന്നു ഫലത്തിൽ. ഇപ്പോഴാകട്ടെ പദ്ധതിയും ഇല്ല; പ്രവർത്തനവുമില്ല, എന്നാൽ പരീക്ഷയുണ്ട് എന്ന മട്ടായി.

12. ഫിൻലാന്റിൽ ടീച്ചർ ടെക്സ്റ്റ് സമ്പ്രദായമില്ല. അതുകൊണ്ട് ഉള്ളടക്ക ഖനനത്തിനായി ഏതു സഹായവും സ്വീകരിക്കാൻ കുട്ടിക്ക് സ്വാതന്ത്ര്യമുണ്ട്. ഇന്റെർനെറ്റു മുതൽ വിദ്യാഭ്യാസ ആനുകാലികങ്ങൾവരെ. നമ്മൾ ഇവിടെ ഗൈഡുകളെ കുറ്റം പറയുകയും അയിത്തം പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ മഹാഭൂരിപക്ഷം കുട്ടികളും അതിനെയും സമാന്തരപഠന സ്ഥാപനങ്ങളെയും ( ട്യൂട്ടോറിയലുകൾ, സ്വകാര്യ ട്യൂഷനുകൾ) ആശ്രയിക്കുന്നവരാണെന്ന സത്യം നിലനിൽക്കുകയും ചെയ്യുന്നു.

13. പഠനത്തെ സഹായിക്കുന്ന സാങ്കേതിക വിദ്യ,  ഉപകരണങ്ങളല്ല എന്ന് ഫിൻലന്റ് വിദ്യാഭ്യാസ വിദഗ്ദ്ധർ പറയുന്നു.  ആദ്യമായി ചെല്ലുമ്പോൾ ഫിൻലൻഡിലെ ക്ലാസ് മുറികളിൽ പഴകിയ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണത്രേ തിമോത്തി കണ്ടത്. അമേരിക്കക്കാരന് ചിന്തിക്കാൻ പോലും ആകാത്ത കാര്യം. മുകളിൽനിന്ന് പരിഹരിക്കേണ്ട ഒരു വിഷയമായി വിദ്യാഭ്യാസത്തെ കാണാൻ രാഷ്ട്രീയക്കാർക്ക് താത്പര്യം ഉള്ളതുകൊണ്ടാണ് ഇത്ര തുക വിദ്യാഭ്യാസ സാങ്കേതിക വിദ്യക്കായി ചെലവാക്കിയെന്ന വാദം വരുന്നതെന്നും അതുകൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നും അങ്ങനെ ബട്ടൺ അമർത്തിയല്ല ലോക റാങ്കിങിൽ ഫിൻലന്റ് മുന്നേറിയതെന്നും ചരിത്രാധ്യാപകനായ ജിയർ ലിനാനെനെ ഉദ്ധരിച്ചുകൊണ്ട് തിമോത്തിയെഴുതുന്നു. - ഇത് നമുക്ക് ഇപ്പോൾ കാര്യമായി ആലോചിക്കാവുന്ന വിഷയമാണ് !

14. നിശ്ചിത നിലവാരത്തെ മുൻ കൂട്ടികണ്ടു വേണം പഠനലക്ഷ്യങ്ങൾ തയ്യാറാക്കാൻ എന്നാണ് പറയുന്നത്. ചെയ്തു പഠിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. അതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ വേണ്ടത് സ്ഥലവും സൗകര്യങ്ങളുമാണ്. ചെറിയ ചെറിയ യൂണിറ്റുകളാക്കി പ്രവർത്തനധിഷ്ഠിതമായി പഠനലക്ഷ്യം സാധ്യമാക്കുക അതിനു പറ്റിയ മൂല്യനിർണ്ണയ ഉപാധികൾ സ്വീകരിക്കുക എന്ന രീതിയാണ് ഗുണപരം.  ഗ്രേഡിങ് രീതിയാണ് ഫിൻലന്റിലുള്ളത്. ഓരോ യൂണിറ്റിന്റെയും അവസാനം വിലയിരുത്തലുകളുണ്ട്.  ഇവകളുടെ ശരാശരിയാണ് ആത്യന്തിക സ്കോർ. പകരം ഏതെങ്കിലും തരത്തിൽ തയാറാക്കുന്ന ചോദ്യപ്പേപ്പറുകളുടെ സ്കോറിങ് മാനദണ്ഡം ഉദാരമാക്കിക്കൊണ്ട് വിജയശതമാനം വർദ്ധിപ്പിക്കാൻ പറ്റുമെങ്കിലും ഗുണനിലവാരം ഉയർത്താൻ കഴിയില്ല. ഗുണമേന്മയും തുല്യതയും വളരെ ആലോചിച്ച് ആസൂത്രണം ചെയ്യുന്ന പദ്ധതികളിലൂടെ കടത്തിവിട്ട് നേടിയെടുക്കേണ്ട മൂല്യങ്ങളാണ്. അങ്ങോട്ടേയ്ക്ക് എളുപ്പപ്പണിയില്ല.

15. അദ്ധ്യാപകർക്ക് മെച്ചപ്പെട്ട വേതനം കൊടുക്കുന്നുണ്ടെന്ന് മാത്രമല്ല അവരുടെ നിലവാരത്തിന്റെകാര്യത്തിലും ഫിൻലൻഡിൽ ഉയർന്ന മാനദണ്ഡങ്ങളുണ്ട്. അദ്ധ്യാപകനാകാൻ ഒരു പ്രോജക്ട് ചെയ്തിരിക്കണമെന്നുണ്ട്. മേൽനോട്ടസംവിധാനത്തിലൂടെ മെച്ചപ്പെടുത്താവുന്ന ഒന്നല്ല അദ്ധ്യാപനം. അഭിരുചിയും ബൗദ്ധിക ശേഷിയും പ്രധാനമാണ്. ഉയർന്ന വേതനം സാമൂഹിക പദവിയെകൂടി സൂചിപ്പിക്കുന്നു. പ്രതിഭാശേഷിയുള്ളവർ ഈ മേഖലയിലേക്ക് ആകർഷിക്കപ്പെടാൻ അതൊരു കാരണമാണ്. ഉയർന്ന വേതനത്തിന്റെ പേരിലുള്ള പടലപ്പിണക്കങ്ങളും അസൂയയും ലളിതമാരഗത്തിലൂടെ മുകളിലെത്താനുള്ള കുതന്ത്രങ്ങളും മറ്റേത് ജോലിയെയും പോലെ അദ്ധ്യാപനത്തിന്റെയും മാറ്റ് കുറയ്ക്കുന്നുണ്ട്.

16. തൊഴിലുകൾ വ്യക്തികൾക്ക് എരിഞ്ഞു തീരാനുള്ള ലാവണങ്ങളല്ല. ജീവിക്കാനുള്ളതാണ്. ( ജീവിക്കാൻ വേണ്ടി ജോലി ചെയ്യുക) അതുകൊണ്ട് ‘ആഹ്ലാദിക്കാൻ മറക്കാതിരിക്കുക’ എന്ന കാര്യത്തിന് ഊന്നൽ നൽകുകയാണ് പഠനത്തിലെ ഫിൻലന്റ് മാതൃക. അദ്ധ്യാപകരുടെ പരസ്പര സഹകരണവും തൊഴില്പരമായ സമ്മർദ്ദമില്ലായ്മയും സന്തോഷവുമാണ് സ്കൂളുകളുടെ ആകെയുള്ള വെളിച്ചത്തിനും സൗഹാർദ്ദാന്തരീക്ഷത്തിനും കാരണം.  സന്തോഷം തന്നെയാണ് കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രധാന ജീവിതഘടകം. ശ്രേണീവത്കൃതമായ ഒരു ഘടനയിൽ നൂറുകണക്കിനു ക്ലബുകളും  പരിപാടികളും പദ്ധതികളുംകൊണ്ടു  തികച്ചും ഏകീകൃതസ്വഭാവമില്ലാതെ നിറച്ചു പൊറുതിമുട്ടിച്ചു  മികവു നിർമ്മിക്കാനുള്ള ഇടങ്ങളായി സ്കൂളുകളെ കാണുന്നത് അപകടമാണ്. സ്കൂൾ പൗരത്വപരിശീലനം സ്വതസ്സിദ്ധമായി ലഭിക്കേണ്ട ഇടമാണ്, സമൂഹത്തിന്റെ പരിച്ഛേദമാണ്. അവരവരുടെ പ്രവർത്തനങ്ങൾ സ്വതന്ത്രമായി നിർവഹിക്കാൻ വിടുകയും കാലാനുസൃതമായി പ്രശ്നങ്ങൾ വിലയിരുത്തി പരിഹരിക്കാൻ വിദഗ്ധസമിതിയുണ്ടാവുകയും കാറ്റും വെളിച്ചവും കടക്കാൻ മികച്ച മാതൃകകൾക്കായുള്ള വാതിലുകൾ തുറന്നിടുകയും ചെയ്താൽ അതുതന്നെയായിരിക്കും ഏറ്റവും വലിയ വിജയതന്ത്രം. സ്കൂളുകളിൽ ജനാധിപത്യവും സാഹോദര്യവും സമത്വവും പുലരുയെന്നാൽ സമൂഹവും മാറുക എന്നാണർത്ഥം. അവരവുരുടെ സാഹചര്യത്തെ പുതിയ ലോകബോധത്തിന്റെ വെളിച്ചത്തിൽ പഠിക്കുക, അവശ്യമായ രീതിയിൽ സമീപനങ്ങളിൽ മാറ്റം വരുത്തുക എന്നതാണ് ‘സ്കൂൾ പഠനത്തിന്റെ ഫിൻലൻഡ് മാതൃക’ മുന്നിൽ വയ്ക്കുന്ന സ്ട്രാറ്റെജികളിൽ ഏറ്റവും മുന്തിയതും ആഹ്ലാദകരവുമായ ലളിതതന്ത്രം. എടുത്തു പറഞ്ഞിട്ടില്ലെന്നേയുള്ളൂ. 


(എഫ് ബി

February 2, 2021

ആത്മകഥകൾ

 

ചിത്രം : വെള്ളിയാങ്കല്ല് page

കൊല്ലത്തെ രചനാബുക്സ് അടുത്തടുത്ത് പുറത്തിറക്കിയ രണ്ടു പുസ്തകങ്ങളാണ് ഈ വി കൃഷ്ണപിള്ളയുടെ ‘ജീവിതസ്മരണകളും’ മൊയാരത്ത് ശങ്കരന്റെ ‘എന്റെ ജീവിതകഥയും’. (മാതൃഭൂമി ആത്മകഥയെന്ന പേരിലാണിത് പുറത്തിറക്കിയത്) ഈ വി 1894 ൽ ജനിച്ചു. നാല്പത്തിനാലാമത്തെ വയസ്സിൽ,  1938 -ൽ മരിച്ചു. തിരുവിതാംകൂറായിരുന്നു പ്രവർത്തന മണ്ഡലം. കൂടാതെ   പ്രേമാമൃതം ഉൾപ്പടെയുള്ള നോവലുകൾ പകർത്തിയെഴുതി സഹകരിക്കുകയും സി വി രാമൻ പിള്ളയുടെ മകളെ വിവാഹം കഴിക്കുകയും പ്രഹസനങ്ങളിലും നാടകങ്ങളിലും അഭിനയിക്കുകയും മാത്രമല്ല കൊട്ടാരവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥവൃന്ദവുമായും  ആ വഴി അവിടത്തെ ഉപജാപങ്ങളുമായും അടുത്ത ബന്ധം പുലർത്തുകയും ചെയ്തുവന്നു. സാംസ്കാരികമായിരുന്നു അദ്ദേഹത്തിന്റെ മേഖല. മൊയാരത്ത്  1921 ലെ മലബാർ ലഹളയുടെ നേർസാക്ഷി  എന്ന നിലയ്ക്ക് പ്രസിദ്ധനാണ്. അതുമാത്രമല്ല കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് രക്തസാക്ഷിയും. അദ്ദേഹത്തിന്റെ ആത്മകഥ, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ രാഷ്ട്രീയപ്രവർത്തകന്റെ സത്യസന്ധമായ ജീവിതരേഖകൂടിയാണ്. രാഷ്ട്രീയമാണ് അദ്ദേഹത്തിന്റെ മേഖല. 1885 ലാണ് അദ്ദേഹം ജനിച്ചത്. 1948 ൽ കൊലചെയ്യപ്പെട്ടു. മൊയാരത്തിന്റെ പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത് 1965 ലാണ്. ഈ വി കൃഷ്ണപിള്ളയുടെത് 1947 ലും (ഈ വിവരങ്ങളൊന്നും പുസ്തകത്തിലുള്ളതല്ല.)

രണ്ട് ആത്മകഥകളിലും കവിതകൾക്ക് പ്രാധാന്യമുണ്ട്. പഠിതാക്കളുടെ പ്രധാന ജ്ഞാനപ്രകാശനമാർഗമായിരുന്നു അത്. അതുപോലെ തിരുവിതാംകൂർ സ്മരണകളിൽ സി വി രാമൻ പിള്ളയും ഉള്ളൂരിനെയും കോയിത്തമ്പുരാനെയുമൊക്കെ നേരിൽ കാണാവുന്നതുപോലെ തലശ്ശേരി സ്മരണകളിൽ ചന്തുമേനോനെയും വേങ്ങയിൽ കുഞ്ഞിരാമൻ നയനാരെയും കാണാം.

പക്ഷേ കാവ്യനീതിപോലെ ഈ രണ്ടു ആത്മകഥകളും കേരളത്തിന്റെ രണ്ടറ്റത്തുള്ള ‘ഒരു ജാതിവിഭാഗം’ ആൾക്കാരുടെ ജീവിതത്തെ കുറിക്കുകകൂടി ചെയ്യുന്നതാണ് കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ നായർ സമുദായത്തിന്റെ ജീവിതത്തെ. (മൊയാരത്തിന്റെ പുസ്തകത്തിൽ നമ്പ്യാർമാരും മേനോൻമാരുമായി മാറുന്നുണ്ടെങ്കിലും ഫലത്തിൽ ഇടനില വർഗമായിട്ടാണ് നായർജാതി വരുന്നത്) അവർക്ക് ഇതരസമുദായവുമായുള്ള ബന്ധത്തിന്റെയും രസക്കേടുകളുടെയും ജീവിതാനുഭവങ്ങളാണ് ഈ പുസ്തകങ്ങൾ പറയുന്നത്. തിരുവിതാം കൂറിലെ പ്രതിപക്ഷം തമിഴ് ബ്രാഹ്മണരായിരുന്നെങ്കിൽ, മലബാറിൽ ഈഴവരാണ്. തിരുവിതാംകൂറിലെ ബ്രാഹ്മണമേധാവിത്വത്തിന്റെ സ്വഭാവമല്ല  മലബാറിലെ ഈഴവ പ്രാമാണിത്തത്തിനുള്ളത്. ആദ്യത്തേത് അധീശത്വത്തിന്റേതാണെങ്കിൽ, രണ്ടാമത്തേത് പ്രതിരോധത്തിന്റേതായിരുന്നു. മൊയാരത്തിൽ കൂടുതൽ ജാതിവിഭാഗങ്ങളുമായുള്ള ഇടപഴകൽ വ്യക്തമാണ്. മുസ്ലീം ഹിന്ദു മൈത്രിയെ അദ്ദേഹം പലയിടത്തും ആഘോഷിക്കുന്നുണ്ട്. ഒരു പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയബോധംകൊണ്ടാവാം. എന്നാൽ ഈ വിയിൽ അടഞ്ഞ ഇടപഴകൽ സമൂഹമാണുള്ളതെന്നും കാണാം. തിരുതാംകൂറിലെ ക്രൈസ്തവരെപ്പറ്റി അത്ര നല്ല അഭിപ്രായമല്ല പൊതുവേയുള്ളത്, അവരിൽ ചിലർ ഈ വിയുടെ കൂട്ടുകാരായിരുന്നുവെങ്കിലും.

അരുവിപ്പുറത്ത് നാരായണഗുരു പ്രതിഷ്ഠിച്ചത്, ഈഴവശിവനെയായിരുന്നു എന്നു പറഞ്ഞിട്ടില്ലെന്ന് ഒരു വാദമുണ്ട്. തലശ്ശേരിയിൽ മണന്തല നീലകണ്ഠൻ മൂസ്സതുമായി നടത്തിയ വാദപ്രതിവാദത്തിൽ “ശരി ശാസ്ത്രങ്ങളെല്ലാം  സമ്മതിക്കാം, പക്ഷേ നാം ഒരു ഈഴവശ്ശിവനെ- തീയ്യശ്ശിവനെ-യാണല്ലൊ പ്രതിഷ്ഠിക്കുന്നത്. അതു പാടില്ലെന്ന് ഈ ശാസ്ത്രങ്ങളിലെങ്ങാൻ പണ്ഡിതന്മാർ കണ്ടുവോ?” എന്നു ചോദിച്ചു മൂസ്സതിന്റെ വായടച്ചതിന്റെ ഒരു വിവരണമുണ്ട് പുസ്തകത്തിൽ. അതു കേട്ടുകൊണ്ടിരുന്ന വിദ്യാർത്ഥികളായ ഞങ്ങൾ പൊട്ടിച്ചിരിച്ചെന്നും സ്വാമികൾ കൈകൊണ്ട് ഞങ്ങളെ വിലക്കിയെന്നും മൊയാരത്ത് എഴുതുന്നു.  നാരായണഗുരുവിനെപ്പറ്റി പ്രദീപൻ പാമ്പിരിക്കുന്ന് എഡിറ്റു ചെയ്ത പുസ്തകത്തിലെ (നാരായണ ഗുരു പുനർവായനകൾ) ഒരു  ലേഖനത്തിൽ ഡോ. കെ എം അനിൽ  ‘ഈഴവശിവപ്രതിഷ്ഠ തലശ്ശേരിയിൽ ചെയ്ത കാര്യമാണ് ഗുരു പറയുന്നതെന്നും ഈ സംഭാഷണമാണ് അരുവിപ്പുറത്തെ പ്രതിഷ്ഠയുമായി കൂടിക്കുഴഞ്ഞ് പ്രചരിച്ചതെന്നുമുള്ള’ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു പ്രധാനകാര്യം,   മിതവാദി കൃഷ്ണനെയും മൂർക്കോത്ത് കുമാരനെയും കോൺഗ്രസ്സിന്റെ എതിർ ചേരിയിൽ നിന്നവരായിരുന്നു എന്ന് വിവരിച്ചുദാഹരിക്കുന്നതാണ്. കോൺഗ്രസ്സിന്റെ നിസ്സഹകരണപ്രസ്ഥാനത്തെ (സഹകരണത്യാഗം എന്നാണ് പുസ്തകത്തിൽ) എതിർക്കുന്നതിനു മാത്രമായിരുന്നത്രേ അന്ന് മിതവാദി പത്രം ഇറങ്ങിയിരുന്നത്. ആദ്യകാലകഥാകൃത്തും സാമൂഹികപരിഷ്കർത്താവുമായിരുന്ന മൂർക്കോത്ത് കുമാരൻ ഗജകേസരി പത്രത്തിന്റെ പത്രാധിപരുമായിരുന്നു. (കേരളകേസരിയെന്ന മൊയാരത്തിന്റെ പത്രത്തിന്റെ നേരെ എതിരായിരുന്നു ഈ ഗജകേസരി. ) ആശാനുശേഷമുള്ള - രണ്ടാമത്തെ - SNDP സെക്രട്ടറിയും. വടകര പാറമേൽ സ്കൂളിൽ വച്ച് കൂടിയ തിയ്യസമുദായ യോഗത്തിൽ മൂർക്കോത്ത്, കോൺഗ്രസ്സിനെ കഠിനമായി ആക്ഷേപിച്ചതിന്റെ ഫലമായി ആളുകൾ മൊയാരത്ത് പോകുമ്പോൾ ‘കിലാപ്പത്ത്, കിലാപ്പത്ത്‘ എന്നു വിളിച്ച് കളിയാക്കിയ കാര്യം ഇതിൽ പറയുന്നുണ്ട്. കാരണം മൂർക്കോത്ത് കുമാരന്റെ പ്രസംഗമാണ്.

“കോൺഗ്രസ്സ് നമ്മളെ തൊട്ടാൽ കുളിക്കുന്നവരുടെ സംഘടനയാണ്. അധികാരം കിട്ടിയാൽ നാടിനെ ഭരിക്കുന്നത് ഉയർന്ന ജാതിക്കാരായിരിക്കും. അപ്പോൾ തീയനെ ചെരിപ്പിട്ട് നടക്കാനോ  പട്ടുക്കുട ചൂടാനോ എഴുത്തു പഠിപ്പിക്കാനോ അനുവദിക്കില്ല. നമ്മളെ നന്നാക്കിയതു ബ്രിട്ടീഷുകാരാണ്. നമുക്ക് ഒരൊറ്റ വ്യാപാരമാണുള്ളത്. കള്ളുണ്ടാക്കി വിൽക്കുക. അതിനു കോൺഗ്രസ് എതിരാണ്. കള്ളുഷാപ്പു നടത്തി പലരും പൈസ സമ്പാദിച്ചു കാണുന്നതിലുള്ള കണ്ണുകടിയാണിത്. ഇന്ത്യയിൽ അധഃകൃതരുടെ ഏകബന്ധുവായ ബ്രിട്ടീഷുഭരണത്തെ അവസാനിപ്പിക്കുവാൻ ശ്രമിക്കുന്ന കോൺഗ്രസ്സിനെ എതിർക്കുന്നത് നമ്മുടെ കടമയാണ്..” - ഇതാണ്  പ്രസംഗത്തിന്റെ ചുരുക്കം. മാത്രമല്ല നിസ്സഹകരണപ്രസ്ഥാനത്തെ പൊളിക്കാനുള്ള പ്രചാരണത്തിന് കളക്ടർ കുറേ പ്രാസംഗികരെ രഹസ്യമായി പണം കൊടുത്ത് നിയമിച്ചിരുന്നു. അതിലൊരാളാണ് മൂർക്കോത്ത്, അതയാളുടെ സമുദായക്കാർ  അറിഞ്ഞില്ലായിരിക്കാം എന്നും മൊയാരത്ത് പറയുന്നു.

മറ്റൊരു വിവരം വിദ്യാഭ്യാസത്തെ സംബന്ധിക്കുന്നതാണ്, നാലിലും അഞ്ചിലും പഠിക്കുന്ന കുട്ടികൾ പാനൂർ സ്കൂളിൽ വച്ച് ഒരു കോടതി നടത്തിയത്രേ. വാദപ്രതിവാദസഭയാണ് ഈ കോടതി. മൂന്നുമാസം തുടർച്ചയായി അതു നടന്നപ്പോൾ വിവരം കിട്ടിയ മാസ്റ്റർമാർ ഒരാഴ്ചയോളം പഠിപ്പു നിർത്തുകയും വിസ്തരിച്ചു തെളിവെടുക്കുകയും പങ്കെടുത്തവർക്ക് വിഹിതം പോലെ 8 മുതൽ 12 അടിവരെ വിധിക്കുകയും ചെയ്തു. വിപ്ലവകരമായ ദുസ്സ്വാതന്ത്ര്യമായിട്ടാണ് ഇതിനെ അവർ കണക്കാക്കിയത്. അതോടെ സ്കൂളിലെ ആര്യബാലകസമാജവും നിർത്തൽ ചെയ്തുവെന്ന്..

നാലും അഞ്ചും ക്ലാസിൽ പഠിക്കുന്ന കുട്ടികൾ തർക്കസഭസ്വന്തം നിലക്ക് നടത്തുക അതുകണ്ട് അദ്ധ്യാപകർ ഭയപ്പെടുക. നിരോധനവും അടിയും സസ്പെൻഷനും നടത്തുക. എന്തായിരുന്നു ആ കാലം.. അദ്ധ്യാപകരുടെ പേടിയെപ്പറ്റിയല്ല, പൊടിപിള്ളാരുടെ തർക്കസഭയെപ്പറ്റിയാണ്. എവിടെ പോയി ആ സ്കൂൾ കുട്ടികൾ?



August 16, 2020

ഇടത്തട്ടുനില എന്ന പ്രായോഗിക രൂപകം

 ഇന്ത്യയിലെ ഒന്നാമത്തെ സ്വാതന്ത്ര്യ സമരം എന്ന് അറിയപ്പെടുന്ന സൈനികപ്രക്ഷോഭം നടന്ന അതേ വർഷമാണ്  ബംഗാൾ, ബോംബേ, മദ്രാസ് തുടങ്ങിയ നഗരങ്ങളിൽ ലണ്ടൻ മാതൃകയിൽ സർവകലാശാലകൾ സ്ഥാപിക്കപ്പെടുന്നതും. 1857-ൽ. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ നിയന്ത്രണസമിതി പ്രസിഡന്റായിരുന്ന സർ ചാൾസ് വുഡ്സിന്റെ നിർദ്ദേശങ്ങളുടെ തുടർച്ചയാണ് ഈ സ്ഥാപനങ്ങൾ. ”പ്രയോജനപ്രദമായ വിദ്യാഭ്യാസത്തിൽനിന്ന് ഉദ്ഭൂതമാകുന്ന, ധാർമ്മികവും ഭൗതികവും അതിവിപുലവുമായ അനുഗ്രഹം ഇന്ത്യയിലെ നാട്ടുകാർക്കും ലഭ്യമാകുന്നതിന് ഉപകരണമായി ഭവിക്കുകയെന്നത് നമ്മിൽ നിക്ഷിപ്തമായ പവിത്രമായ കർത്തവ്യമാണെന്ന്’ വിവരിക്കുന്ന വുഡ്സ്,  പൂർവദേശത്തിലെ അറിവിന്റെ ഭാഗമായ ശാസ്ത്രവും തത്ത്വശാസ്ത്രവും വമ്പിച്ച അബദ്ധങ്ങൾ നിറഞ്ഞതാണെന്നും കമ്പനി ഭരണാധികാരികൾക്ക് കൂടുതൽ വിശ്വാസ്യതയോടെ ചുമതലകൾ ഏൽപ്പിച്ചു കൊടുക്കുന്നതിനു പറ്റിയ സേവകന്മാരെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കണമെന്നും അതിൽ എഴുതിവച്ചിട്ടുണ്ട്.

പാരമ്പര്യമതവിശ്വാസത്തെ മുറിപ്പെടുത്തുന്ന ഒരു പ്രചരണത്തെ ഇന്ധനമാക്കി അധിനിവേശശക്തിയ്ക്കെതിരെയുള്ള പ്രക്ഷോഭം, ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള ആദ്യത്തെ ചുവടുവയ്പിന്റെ അവസരത്തിൽതന്നെ  ഉയർന്നതിൽ  അസ്വാഭാവികമായി ഒന്നുമില്ല. ഇന്ത്യയുടെ ആധുനികീകരണത്തിലേക്കുള്ള ചരിത്രസന്ദർഭങ്ങളിലെല്ലാം ഏറിയോ കുറഞ്ഞോ യാഥാസ്ഥിതികതയും പാരമ്പര്യവിശ്വാസവും പുരോഗമനതാത്പര്യങ്ങളും വിമോചനാഭിലാഷങ്ങളുംപോലെ പരസ്പരം പോരടിക്കുന്ന വൈരുദ്ധ്യങ്ങൾ കൂടിക്കലരുന്നതു പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  ഇന്ത്യക്കാരെ ബുദ്ധിയിലും ധാർമ്മികബോധത്തിലും ബ്രിട്ടീഷ് ആക്കിത്തീർക്കാൻ സ്ഥാപിക്കപ്പെട്ട കൽക്കട്ടാ സർവകലാശാലയിൽനിന്ന് ആദ്യ ബിരുദം നേടിയവരിൽ ഒരാളായ ബങ്കീം ചന്ദ്ര ചാറ്റർജിയാണ്  പിന്നീട് സന്ന്യാസിമാരുടെ വിപ്ലവം വിഭാവന ചെയ്തതും ‘വന്ദേ മാതരം’ എഴുതിയതും എന്നുകൂടി ഓർമ്മിക്കുക. വിദ്യാഭ്യാസപരിഷ്കരണത്തിനായി ബ്രിട്ടീഷുകാരും  മിഷണറിമാരും നാട്ടുഭരണാധികാരികളും ചേർന്നു നടത്തിയ രാഷ്ട്രീയ- സാംസ്കാരിക- സാമ്പത്തിക മൂലധനനിക്ഷേപങ്ങളെ ആധുനികീകരണപ്രക്രിയയ്ക്കുള്ളിലെ വിരുദ്ധഘടകങ്ങളും ചേർന്നാണ് സ്വാധീനിച്ചിട്ടുള്ളത്. പാഠ്യപദ്ധതിരൂപീകരണങ്ങളെയും  വിദ്യാഭ്യാസ ഘടനാനിർണ്ണയങ്ങളെയുമൊക്കെ സംബന്ധിക്കുന്ന പൊതുധാരണകൾക്കുള്ളിൽ അവ പുറമേക്ക് കാണാനാവാതെ നിലകൊള്ളുകയും  ചെയ്യുന്നു.  

ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച സർവകലാശാലകളിൽ ചേർന്നു പഠിക്കാൻ 2 വർഷത്തെ എഫ് എ (ഫൈനൽ എക്സാമിനേഷൻ ഇൻ ആർട്സ്) കോഴ്സ് വിദ്യാർത്ഥികൾ പൂർത്തിയാക്കണം എന്ന വ്യവസ്ഥയുണ്ടായിരുന്നു. പരമ്പരാഗതവും അല്ലാത്തതുമായ പഠനസമ്പ്രദായങ്ങളിലൂടെ കടന്നു വന്ന ഇന്ത്യൻവിദ്യാർഥികളെ പാശ്ചാത്യമാതൃകയിലുള്ള സർവകലാശാലകളിലെ  പാഠ്യക്രമത്തിന് യോജിച്ചവിധം മാറ്റിയെടുക്കാനുള്ള മധ്യവർത്തി കോഴ്സായിട്ടാണിത് വിഭാവന ചെയ്തിരുന്നത്.  തദ്ദേശീയമായ പ്രാകൃതസമൂഹത്തിന് യൂറോപ്യൻ മട്ടിലുള്ള പരിഷ്ക്കൃതസമൂഹത്തിലേക്കുള്ള മോചനപാത ആധുനികവിദ്യാഭ്യാസത്തിലൂടെ മാത്രമാണെന്ന ഉത്തമവിശ്വാസം വ്യാപകമായി ആവേശിച്ചിരുന്ന കാലത്ത് കോളേജുകൾക്കും  സ്കൂളുകൾക്കും ഇടയിൽ സ്ഥാപിക്കപ്പെട്ട  ഈ കോഴ്സുകളുടെ രൂപകല്പനയിൽ  അറിഞ്ഞോ അറിയാതെയോ കടന്നുകൂടിയിട്ടുള്ളത്, അന്നത്തെ ഇടത്തട്ട് സമൂഹത്തിന്റെ നിഴലുകൾ തന്നെയായിരുന്നില്ലേ? നിലവിലുണ്ടായിരുന്ന സമൂഹത്തിന്റെ പ്രായോഗികരൂപകങ്ങളായിരുന്നു അവ എന്നർത്ഥം.

 സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞാൽ ബിരുദ പഠനത്തിനെത്തും മുൻപ് വിദ്യാർത്ഥികൾ മുന്നൊരുക്കപഠനം നടത്തണമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടായിരുന്നില്ല എന്നു കാണാം.  കൊളോണിയലിസത്തിനെ പിന്താങ്ങുന്ന അക്കാദമികനില അനുകൂലമാക്കുക എന്ന തന്ത്രപരമായ സമീപനത്തിന്റെ ഭാഗമായി രൂപംകൊണ്ട ചിന്താഗതികൾ  വേഷവും ഭാവവും മാറി വിദ്യാഭ്യാസമേഖലയിൽ സ്വതന്ത്രമായി സഞ്ചരിക്കുന്നു.  സ്കൂൾ ക്ലാസുകളിലെ ചോദ്യപേപ്പറുകളും തെരെഞ്ഞെടുക്കപ്പെട്ട പാഠഭാഗങ്ങളുമെല്ലാം ആത്യന്തികമായി തൊട്ട് അനുവദിക്കേണ്ട ചുമതല സർവകലാശാലയിൽ നിന്നുള്ള വിഷയവിദഗ്ദ്ധർക്കാണ് ഇപ്പോഴും.  ബോധനമാർഗങ്ങളും മൂല്യനിർണ്ണയരീതികളുമൊക്കെ വ്യത്യസ്തമാണെങ്കിലും. ഉയർന്ന ഉദ്യോഗസ്ഥരും കോളേജുകളിൽനിന്നാണ്. ഒന്നാം ഭാഷയായി ഇംഗ്ലീഷ്, രണ്ടാമത്തേതായി നാട്ടുഭാഷ എന്നിങ്ങനെ തുടക്കത്തിൽ അവർ ഉണ്ടാക്കിവച്ച പഠനക്രമത്തിന് ഇന്നും ഇന്ത്യൻ സർവകലാശാലകളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ബ്രിട്ടീഷ് നീതിന്യായ കോടതികൾക്കും നാട്ടുകാർക്കും ഇടയിൽ നിൽക്കാൻ വേണ്ട ഒരു വിഭാഗത്തെ വാർത്തെടുക്കാൻ  എഫ് എൽ (ഫസ്റ്റ് എക്സാമിനേഷൻ ഇൻ ലോ) എന്ന  കോഴ്സും അവർ ഏർപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ ഡോക്ടറോ എഞ്ചിനീയറോ ആകുന്നതിനേക്കാൾ മേന്മയുള്ള പദവി ലഭിച്ചിരുന്ന അഭിഭാഷകവൃത്തിയിലേക്ക് തിരിയാനുള്ള അടിസ്ഥാന കോഴ്സുകൂടിയായിരുന്നു, പ്ലീഡർമാരെ സൃഷ്ടിക്കുന്ന ഈ എഫ് എൽ.  

കേരളത്തിലെ കോളേജുകളിൽ 1866 –ൽ തുടങ്ങിയ എഫ് എ കോഴ്സുകൾ  1905 ആയപ്പോഴേക്കും അവയുടെ സാമൂഹികനിലയെ കൂടുതൽ വ്യക്തമാക്കുന്നതരത്തിൽ ‘ഇന്റെർമീഡിയറ്റ്’ എന്ന് പേരുമാറ്റി. സാതന്ത്ര്യം കിട്ടുന്ന സമയത്ത് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന  11 വർഷത്തെ സ്കൂൾ പഠനം, 2 വർഷത്തെ ഇന്റെർമീഡിയറ്റ്, 2 വർഷത്തെ ബിരുദം, 3 വർഷത്തെ ഓണേഴ്സ്, 2 വർഷത്തെ ബിരുദാനന്തരബിരുദം  എന്നിങ്ങനെയുള്ള ഘടനയ്ക്ക് മാറ്റം വരുന്നത് 1944 –ലെ സാർജന്റ് കമ്മീഷൻ, ‘ഇന്റെർമീഡിയറ്റ്’ കോഴ്സ് നിർത്തൽ ചെയ്യണമെന്ന ആവശ്യം മുന്നോട്ടു വച്ചതോടെയാണ്. ഇന്റെർമീഡിയറ്റിന്റെ 2 വർഷ കാലാവധിയിൽ ആദ്യത്തെ വർഷം സ്കൂളിനോട് ചേർക്കുക, രണ്ടാം ഭാഗം കലാശാലാ പ്രവേശനത്തിനു വേണ്ട യോഗ്യതയുണ്ടോ എന്ന പരീക്ഷ നടത്താനുള്ള കോഴ്സാക്കുക എന്നായിരുന്നു റിപ്പോർട്ടിലെ നിർദ്ദേശം. 6 മുതൽ 14 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുക, സ്ത്രീകളെ അദ്ധ്യാപക വൃത്തിയിലേക്കു കൊണ്ടുവരുന്നതിന് ആവശ്യമായ പ്രേരണകൾ ചെലുത്തുക തുടങ്ങി ഈ റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും  ഇന്ത്യൻ സാഹചര്യങ്ങളോട് ചേർന്നു നിൽക്കുന്ന കാഴ്ചപ്പാടും കാലത്തെ കടന്നു കാണുന്ന സൂചനകളും ഉള്ളതായിരുന്നു. ജോൺ സാർജന്റിന്റെ പേരിൽ അറിയപ്പെടുന്നെങ്കിലും വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്ന സർദാർ സർ ജോഗേന്ദ്ര സിങ് ചെയർമാനായ 23 അംഗ സമിതി തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട് എന്നതാവാം കാരണം.

ഡോ ലക്ഷ്മണ സ്വാമി മുതലിയാരുടെ നേതൃത്വത്തിൽ കേന്ദ്ര ഗവണ്മെന്റ് രൂപം നൽകിയ 1952 -ലെ സെക്കന്ററി വിദ്യാഭ്യാസ കമ്മീഷൻ ഇന്റെർമീഡിയറ്റിനു പകരം,  8 മുതൽ 12 വരെയുള്ള ഒരു ഹയർ സെക്കന്ററി ഘട്ടമാണ് മുന്നോട്ടു വച്ചത്. എന്നാലും കോളേജിലേക്കു പോകുന്നതിനു മുൻപായി ഒരു വർഷത്തെ പ്രീ യൂണിവേഴ്സിറ്റി പഠനം വേണമെന്ന കാര്യത്തിനു അതിലും മാറ്റമില്ല. തൊഴിലധിഷ്ഠിത പഠനത്തിനു പോകാൻ ആഗ്രഹിക്കുന്നവർ ഒരു വർഷത്തെ  പ്രീ പ്രൊഫഷണൽ കോഴ്സ് കൂടി പൂർത്തിയാക്കണം. അവ പ്രൊഫഷണൽ കോളേജുകളോട് ചേർത്തുനടത്തുന്നതാണ് നല്ലത്. മധ്യവേനൽ അവധിക്കാലത്തിനു പുറമേ പത്തോ പതിനഞ്ചോ ദിവസം വീതമുള്ള രണ്ട് അവധിക്കാലം കൂടി വിദ്യാർത്ഥികൾക്കുകൊടുക്കണമെന്നുമൊക്കെ മുതലിയാർ കമ്മീഷൻ റിപ്പോർട്ടിൽ വായിക്കാം.  

കേരളത്തിലെ പിയുസിയും പ്രീഡിഗ്രിയും

മുതലിയാർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനിടയിൽ കേരളത്തിൽ ചില പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സംസ്ഥാന രൂപീകരണത്തിനുശേഷം മൂന്നു മേഖലകളായി പിരിഞ്ഞുകിടന്ന പ്രവിശ്യകളെ ഒന്നാക്കിയപ്പോൾ പ്രാദേശികമായി നിലനിന്നിരുന്ന വിവിധതരത്തിലുള്ള വിദ്യാഭ്യാസ ഘട്ടങ്ങൾ കൂടിക്കുഴഞ്ഞ് ആശയക്കുഴപ്പമുണ്ടായിരുന്നു. തിരുക്കൊച്ചി സംസ്ഥാനങ്ങളിൽ നാലാം ക്ലാസുവരെയുള്ള പഠനത്തിനുശേഷം ഒന്നാം ഫോറത്തിലേക്കു പോകുന്ന കുട്ടി, സിക്‌സ്തു ഫോറത്തിലെത്തുമ്പോൾ  പത്തു വർഷത്തെ പഠനം പൂർത്തിയാക്കി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റു നേടുന്നു.  മദ്രാസ് പ്രവിശ്യയിലായിരുന്ന, വടക്കൻ ഭാഗങ്ങളിൽ സ്കൂൾപഠനം 11 വർഷം നീളുകയും ചെയ്യുന്നു.   മുതലിയാർ കമ്മീഷൻ റിപ്പോർട്ടനുസരിച്ച് കോളേജിനോട് ചേർന്നു നിൽക്കുന്ന പ്രീ യൂണിവേഴ്സിറ്റി കോഴ്സിൽ ചേരുന്നതിനു മുൻപ്, ഒരു വർഷം സ്കൂളിൽതന്നെ കുട്ടി വീണ്ടും പഠിക്കേണ്ടതുണ്ട്. എല്ലായിടത്തും അതല്ല സ്ഥിതി. അങ്ങനെ ചില കുട്ടികൾക്ക് സ്കൂളുകളിൽ 11 വർഷം പഠിക്കാതെ പിയുസിക്കു ചേരാം എന്ന അവസ്ഥ വന്നു. ഒരു വർഷം അവർക്ക് ലാഭമാകുന്നുവെങ്കിലും കോളേജുകളിൽ പഠിക്കേണ്ട അടിസ്ഥാനവിഷയത്തിലുള്ള  അറിവ് പകുതിയായി ചുരുങ്ങിപ്പോകുന്നു എന്ന ആരോപണം ഉണ്ടായി. ഈ പ്രശ്നം പരിഹരിക്കാൻ വേണ്ടിയാണ് പ്രീഡിഗ്രി എന്ന രണ്ടു വർഷപഠനത്തിന്റെ ആശയം ഉടലെടുക്കുന്നതും, അതു കോളേജിനോട്  ചേർത്തു വയ്ക്കാൻ തീരുമാനിക്കുന്നതും.

കേരളത്തിൽ സർവകലാശാല  വിദ്യാഭ്യാസത്തെക്കുറിച്ചുള്ള  ശുപാർശകൾ സമർപ്പിക്കാൻ 1945-ൽതന്നെ ഒരു സമിതിയെ നിയമിച്ചിരുന്നു. തിരുവിതാംകൂർ സർവകലാശാലയിലെ പ്രോ-വൈസ് ചാൻസിലറായിരുന്ന  ഹരോൾഡ് സി പാപ്‌വർത്തിന്റെ നേതൃത്വത്തിലുള്ള ആ സമിതി വിദ്യാഭ്യാസഘട്ടങ്ങളെ സ്കൂൾ പഠനം  - 11 വർഷം, പ്രീ യൂണിവേഴ്സിറ്റി 1 വർഷം എന്നിങ്ങനെ നിജപ്പെടുത്തി ഒരു നിർദ്ദേശം വച്ചിരുന്നു. മുതലിയാർ കമ്മീഷന്റെ നടപ്പാക്കലിനെ സംബന്ധിച്ച് ആശയക്കുഴപ്പം കേരളത്തിൽ ഉണ്ടായെങ്കിൽ അതിനർത്ഥം ചിലയിടങ്ങളിലെങ്കിലും പാപ്‌വർത്ത് കമ്മീഷൻ റിപ്പോർട്ട് നടപ്പായില്ലെന്നാണല്ലോ. എന്നാലും ഇന്നു കാണുന്ന രീതിയിൽ  മെഡിസിൻ, എഞ്ചിനീയറിങ് തുടങ്ങിയ പ്രൊഫഷണൽ കോഴ്സിനു പോകാൻ തയ്യാറെടുക്കുന്ന കുട്ടികൾ സവിശേഷമായ ഒരു വർഗമാണെന്ന പരിഗണന പാപ്‌വർത്ത് കമ്മീഷൻ റിപ്പോർട്ടിന്റെ കാലത്തോളം പഴക്കമുണ്ട്. വൈദ്യം, വാസ്തുശാസ്ത്രം, കൃഷി തുടങ്ങിയ തൊഴിൽ പഠനമേഖലകളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനം, പ്രീ യൂണിവേഴ്സിറ്റി കോഴ്സിനു ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നതുകൊണ്ട് അത് ശരിയല്ലെന്നും അവർക്ക് ഒരു വർഷത്തെ മറ്റൊരു കോഴ്സുതന്നെ ആവശ്യമാണെന്നുമായിരുന്നു പാപ്‌വർത്ത് സമിതിയുടെ ശുപാർശ.  സ്കൂളിനും കോളേജിനുമിടയിൽ മറ്റൊരു വാർഷിക കോഴ്സ് എന്ന ആശയം പ്രീ യൂണിവേഴ്സിറ്റി കോഴ്സായി  1946- 47 വർഷം തന്നെ നിലവിൽ വന്നു. തിരുവനന്തപുരത്തു് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മേൽനോട്ടത്തിലായിരുന്നെങ്കിൽ  കൊല്ലത്തും ചങ്ങനാശ്ശേരിയിലും എസ് എൻ ഡി പിയുടെയും എൻ എസ് എസിന്റെയും ആഭിമുഖ്യത്തിലാണ് പ്രീ യൂണിവേഴ്സിറ്റി ക്ലാസുകൾ ആരംഭിച്ചത് എന്ന കാര്യം തുടക്കംമുതൽ ഈ മേഖലയിലുള്ള സാമുദായിക ഇടപെടലിനെക്കുറിച്ചുള്ള വ്യക്തമായ സൂചന നൽകുന്നുണ്ട്.

പ്രീഡിഗ്രി കോഴ്സ്, സർക്കാർ- സ്വകാര്യ കോളേജുകളിൽ സമാന്തരമായി ആരംഭിക്കുന്ന 1964 -ലാണ് ഇന്ത്യയിലെ വിദ്യാഭ്യാസപ്രശ്നങ്ങൾ മനസിലാക്കാനും പ്രശ്നപരിഹാര നിർദ്ദേശങ്ങൾക്കുമായി യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ  ചെയർമാനായിരുന്ന ഡോ. ഡി എസ് കോത്താരിയുടെ നേതൃത്വത്തിൽ 17 അംഗങ്ങളുള്ള കമ്മീഷൻ നിലവിൽ വരുന്നത്. രണ്ടു വർഷത്തിനു ശേഷം റിപ്പോർട്ട് സമർപ്പിച്ച കോത്താരിക്കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്ന് കോളേജിനും സ്കൂളിനും ഇടയ്ക്കുള്ള എഫ് എ/ ഇന്റെർ മീഡിയറ്റ്/ പ്രീ യൂണിവേഴ്സിറ്റി  എന്നിങ്ങനെ കാലാകാലം പല പേരുകളിൽ അറിയപ്പെട്ട കോഴ്സുകൾ, കോളേജിൽനിന്നു മാറ്റി സ്കൂളിനോട് ചേർക്കണമെന്നും അത് പ്രത്യേക വിഭാഗമായി 11, 12 എന്നിങ്ങനെയുള്ള പേരുകളിൽ നിലനിർത്തണമെന്നുമായിരുന്നു. ഭാഷാപഠനം നിർബന്ധമാക്കേണ്ടതില്ലെന്നും ദേശീയബോധം ഉത്തേജിപ്പിച്ചു വളർത്തിയെടുക്കണമെന്നും ഹിന്ദിയെ സമ്പന്നമാക്കണമെന്നും റഷ്യൻ ഭാഷാപഠനത്തിനു പ്രത്യേകം ശ്രദ്ധ നൽകണമെന്നുമൊക്കെ പറയുന്നുണ്ട് കോത്താരി കമ്മീഷൻ. ഇവയിൽ ഏതൊക്കെ നമുക്ക് സ്വീകാര്യമാണ് എന്നുള്ളത് അടുത്ത കാലത്ത് ഖാദർക്കമ്മീഷന്റെ പ്രഥമ റിപ്പോർട്ട് പുറത്തുവന്ന ഘട്ടത്തിൽ ചർച്ചയായതാണ്. സാർജന്റ് റിപ്പോർട്ടിലെ ഒരു വാക്യത്തിന്റെ രൂപഭേദം മാത്രമായ, ‘ക്ലാസ് മുറികളിൽ രൂപപ്പെടുന്ന ഇന്ത്യയുടെ ഭാവിയെ’പ്പറ്റിയുള്ള ഒരു ആമുഖവാക്യത്തിന്റെ പേരിൽ അനുസ്മരിക്കാറുണ്ടെങ്കിലും മറ്റു നിർദ്ദേശങ്ങളുടെ കാര്യമൊന്നും കാര്യമായ പരിഗണനയ്ക്കു വിധേയമാക്കിയുമില്ല.  

1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിനും പ്രോഗ്രാം ഓഫ് ആക്ഷൻ എന്ന പേരിൽ 1992 ൽ വരുത്തിയ അതിന്റെ പരിഷ്കരണത്തിനും ഇടയിൽ2016 -ലെ ടി എസ് ആർ സുബ്രഹ്മണ്യം കമ്മിറ്റി, സ്കൂൾ -കോളേജ് വിദ്യാഭ്യാസ പരിഷ്കരണങ്ങളെപ്പറ്റി  ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു.  പ്രമുഖ വിദേശസർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ തുടങ്ങാൻ അനുമതി നൽകുകയാണ് അവയിലൊന്ന്. അദ്ധ്യാപകരാവാൻ വേണ്ടി പഠിക്കുന്നവർക്ക് മിനിമം 50% മാർക്ക് ബിരുദതലത്തിൽ ഉണ്ടാവണമെന്നും പഠിപ്പിക്കുന്നതിന് ലൈസൻസ് (സർട്ടിഫിക്കേഷൻ) നിർബന്ധമാക്കണമെന്നും പത്തുവർഷത്തിലൊരിക്കൽ അതു പുതുക്കിയിരിക്കണമെന്നും അതിലുണ്ട്.  ജൂലൈ 29, 2020 ബുധനാഴ്ച  ക്യാബിനറ്റ് അംഗീകരിച്ച ഡോ. കസ്തൂരിരംഗൻ കമ്മറ്റി റിപ്പോർട്ടിലെ പരിഷ്കാരങ്ങളെ  അവതരിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖാരേ  34 വർഷമായി പരിഷ്കരിക്കാതിരുന്ന വിദ്യാഭ്യാസ നയത്തെപ്പറ്റിയാണ് പറഞ്ഞത്. കേരളത്തിലെ ഹയർ സെക്കന്ററിയുടെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ലബ്ബ കമ്മറ്റിയുടെ ആകെ ഒരു നിർദേശത്തെ മാത്രമെടുത്ത് ( ഹയർ സെക്കന്ററിയിലെ ശനിയാഴ്ച പ്രവൃത്തിദിവസം ഒഴിവാക്കുക) ബാക്കി ഉപേക്ഷിച്ചതുപോലെ സുബ്രഹ്മണ്യം കമ്മറ്റി നിർദ്ദേശങ്ങൾക്കും തുടർച്ചയുണ്ടായില്ല. MHRD  സൈറ്റുപോലും അതിനെ പരാമർശിക്കുന്നില്ല. പക്ഷേ ഡോ. കസ്തൂരിരംഗൻ റിപ്പോർട്ട്, സുബ്രഹ്മണ്യം കമ്മറ്റി നിർദ്ദേശങ്ങളിലൊന്ന് അതുപോലെ സ്വീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ പൊതുച്ചെലവ് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 6% ആയി ഉയർത്തുക എന്നത്. ഗുണമേന്മാ വിദ്യാഭ്യാസത്തെ ചൂണ്ടി അദ്ധ്യാപക സ്കൂൾ തലത്തിൽ നൂറു ശതമാനം സർവകലാശാലാ തലത്തിൽ  അൻപതു ശതമാനം എന്നിങ്ങനെ അടുത്ത രണ്ട് ദശാബ്ദങ്ങൾക്കുള്ളിൽ വിദ്യാഭ്യാസം സാർവത്രികമാക്കുക എന്ന ലക്ഷ്യത്തെയാണ് കസ്തൂരിരംഗൻ റിപ്പോർട്ടും മുന്നിൽ കാണുന്നത്. സ്കൂൾക്ലാസുകൾക്കൊപ്പം ബിരുദ ബിരുദാനന്തര വിദ്യാഭ്യാസത്തിന്റെ ഘടനയെയും പൊളിച്ചെഴുത്തിനു വിധേയമാക്കിയിട്ടുണ്ട് എന്നൊരു വ്യത്യാസമുണ്ട് ഇതിൽ. ഇതോടെ ഹയർ സെക്കന്ററി എന്ന മധ്യസ്ഥ നില ഇല്ലാതാവുകയാണ്. അതോടൊപ്പം എം ഫിൽ കോഴ്സുകളും നിർത്തലാക്കുകയാണ്. പക്ഷേ സർവകലാശാലാ പ്രവേശനത്തിന് പൊതുപ്രവേശനപരീക്ഷകൾ മുകളിൽ പറഞ്ഞ സാർവത്രികതയെന്ന ലക്ഷ്യത്തിന് എത്രത്തോളം അനുഗുണമാണെന്ന് കണ്ടറിയണം.  പരിശീലനകേന്ദ്രങ്ങളെന്ന കച്ചവടസ്ഥാപനങ്ങളുടെ സാർവത്രികതയ്ക്കാണ് അവ വഴിയൊരുക്കുക. കേന്ദ്രീകൃതമായ നിയന്ത്രണ ബോർഡ് വരുന്നതോടെ വിദ്യാഭ്യാസകാര്യത്തിൽ സംസ്ഥാനങ്ങൾ അനുഭവിച്ചു വന്ന സമാന്തരമായ അവകാശം അവസാനിക്കും. അതിന്റെ ആശങ്കകൾ അന്തരീക്ഷത്തിൽ ഉയർന്നു തുടങ്ങിയിട്ടുണ്ട്. അത്രതന്നെ പ്രാധാന്യമുള്ള കാര്യമാണ്  8 മുതൽ 12 വരെ സെക്കന്ററി വിഭാഗമായി മാറുകയും ഹയർ സെക്കന്ററി ഇല്ലാതാവുകയും ചെയ്താലും 10 ലെയും 12 ലെയും ബോർഡു പരീക്ഷകൾ നിലനിൽക്കുമെന്നതാണ് പുതിയ വിദ്യാഭ്യാസ നയം.  സെക്കന്ററി തലത്തിൽ രണ്ട് പൊതു പരീക്ഷ! കേവലം 5  സ്കോറു വാങ്ങിയാൽ ജയിക്കുന്ന പത്താം ക്ലാസ് ബോർഡ് പരീക്ഷ ഇപ്പോൾ തന്നെ ഇവിടെ തമാശയാണ്. രണ്ടു ഘട്ടമായി നിൽക്കുമ്പോൾതന്നെ ഇതാണവസ്ഥ. അടിസ്ഥാനപരമായി മാറ്റം എവിടെയാണ് സംഭവിക്കേണ്ടത്?

വിദ്യാഭ്യാസ വിഷയത്തിൽ കേരളത്തിനുള്ളത് നീണ്ട പാരമ്പര്യമാണ്. ഇന്നും ഉയർത്തിപ്പിടിക്കാവുന്ന പ്രധാനപ്പെട്ട സേവനമേഖലകളിലൊന്നായി വിദ്യാഭ്യാസം നിലനിൽക്കുന്നതിനു കാരണം ആധുനിക വിദ്യാഭ്യാസത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ഉണ്ടായി വന്ന ആവശ്യബോധമാണ്. 1848 -ൽ,  കോട്ടയത്തുവച്ച് ഹെന്റ്റി ബേക്കർ ജൂനിയറെ സ്വന്തമായി സ്കൂൾ വേണമെന്ന ആവശ്യമുന്നയിച്ച് മലയരയ വിഭാഗത്തിൽപ്പെടുന്ന ആളുകൾ വന്നു പല പ്രാവശ്യം കണ്ട കാര്യം വിനിൽ പോൾ എഴുതുന്നത് ഇതിനൊരു ഉദാഹരണമാണല്ലോ. (കൊളോണിയൽ കേരളത്തിലെ ദളിത്വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയചരിത്രം) വിദ്യ സമ്പാദിക്കാനുള്ള ഉത്സാഹങ്ങൾ സമൂഹത്തിന്റെ അടിത്തട്ടുവരെ വ്യാപിച്ചിരുന്നതിനെപ്പറ്റി സരസ്വതിവിജയം തുടങ്ങിയ നോവലുകളും തെളിവു തരുന്നു.  കേരളത്തിൽ നിലനിന്ന ഭൂവുടമാ സമ്പ്രദായത്തിലാണ് തായാട്ട് ശങ്കരൻ വിദ്യാസമ്പാദനത്തിന് അനുകൂല സാഹചര്യം ഇവിടെയുണ്ടായതിന്റെ വേരുകൾ കണ്ടെത്തുന്നത്. ജന്മിക്കും കർഷകർക്കും ഇടയിൽ ഭൂമിയെ ആധാരമാക്കി ജീവിച്ച  ഇടത്തരക്കാരാണ് വിദ്യാഭ്യാസ വിളവെടുപ്പിന്റെ മികച്ച ഉപഭോക്താക്കളായി തീർന്നത്. സാമൂഹിക ബന്ധങ്ങൾ പല നിലക്കും മാറി മറിഞ്ഞപ്പോഴും കേരളത്തിലെ മധ്യവർഗത്തിന്റെ പ്രധാന ആഗ്രഹനിക്ഷേപസ്ഥാനമായി വിദ്യാഭ്യാസം നിലനിൽക്കാനുള്ള പ്രധാനകാരണം ഈ പാരമ്പര്യമാണ്.

മറ്റൊരു തരത്തിൽകൂടി ഈ സങ്കല്പനത്തെ വികസിപ്പിക്കാവുന്നതാണ്. വിദ്യ തങ്ങളുടെ സാമൂഹിക പദവിയ്ക്ക് വേണ്ട സഹായം ചെയ്യും എന്നു വിശ്വസിച്ച ഇടത്തട്ടുകാരാണ് കേരളത്തിലെ എന്നത്തേയും അതിന്റെ മികച്ച ഉപഭോക്താക്കൾ.  ആശയും പ്രതീക്ഷയും ഭാവിയും സ്വപ്നവുമൊക്കെ  അടുത്ത തലമുറയെ ലാക്കാക്കി വിതച്ചിട്ട പ്രധാന വിളഭൂമിയാണ് ഇവിടെ എല്ലാക്കാലവും വിദ്യാഭ്യാസമേഖല. സ്കൂൾ വിദ്യാഭ്യാസഘട്ടത്തിന്റെ രൂപരേഖ തയ്യാറാക്കിയവരെല്ലാം ഏറ്റവും അധികം വെട്ടുകയും തിരുത്തുകയും കയ്യാങ്കളി നടത്തുകയും ചെയ്തത്,  സ്കൂളിനും കോളേജിനും ഇടയ്ക്കുള്ള പിയുസി എന്നും ഇന്റെർമീഡിയറ്റ് എന്നും പ്രീഡിഗ്രിയെന്നും ഹയർ സെക്കന്ററിയെന്നും പേരുകൾ മാറിയും തിരിഞ്ഞും വന്ന അന്തരാളക്കാലത്തെയാണെന്ന് വിദ്യാഭ്യാസഘട്ടപരിഷ്കാരത്തിന്റെ ഈ നീണ്ട ചരിത്രം നോക്കിയാൽ ആർക്കും മനസ്സിലാകും. ഇത് ആകസ്മികമല്ല. യൗവനത്തിന്റെ ബാല്യകാലമാണ് കൗമാരം. ഏറ്റവും വഴക്കമുള്ള, കുടുംബത്തിനും സമൂഹത്തിനും കൈകാര്യം ചെയ്യാൻ എളുപ്പമുള്ള എന്നാൽ ഒരൊത്ത വ്യക്തിയാണ് കോളേജിലേക്ക് പോകാൻ തയ്യാറെടുക്കുന്ന കുട്ടി. അയാളുടെ മുതിർച്ചയെ തങ്ങൾക്ക് അനുകൂലമാക്കാനുള്ള പാരമ്പര്യകുടുംബത്തിന്റെ ആശങ്കയെ കാലാകാലമുള്ള ഭരണകൂടസ്ഥാപനങ്ങളും അതേപടി ഏറ്റെടുത്തു പകർത്തുന്ന കാഴ്ചയാണ് തുടർച്ചയായ പരിഷ്കാരവ്യഗ്രതകളിലുമുള്ളതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്.

പ്രവേശനപ്പരീക്ഷകളുടെ ഗൃഹപ്രവേശം

1986-ൽ പ്രീഡിഗ്രി പരീക്ഷാ നടത്തിപ്പ്  സർവകലാശാലകളിൽനിന്ന് മാറ്റി പ്രത്യേക ബോർഡിനു കീഴിലാക്കാൻ നടത്തിയ ശ്രമം വമ്പിച്ച സമരത്തിൽ കലാശിച്ചത്  പ്രസിദ്ധമാണല്ലോ. കോളേജുകളിലെ പ്രീഡിഗ്രി ക്ലാസുകൾ കോളേജുകളിൽതന്നെ പ്രവർത്തിക്കുകയും ജൂനിയർ അദ്ധ്യാപകരെ ആ ക്ലാസുകളിൽ വിന്യസിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. പ്രതിപക്ഷ സർവീസ് സംഘടനകളുടെയും വിദ്യാർത്ഥി സംഘടനകളുടെയും രൂക്ഷമായ സമരം ആ തീരുമാനത്തെ തോത്പിച്ചു. സമരത്തിന്റെ കാരണങ്ങളിലൊന്ന് ദേശീയ വിദ്യാഭ്യാസ നയത്തിനെതിരാണ് പ്രീഡിഗ്രീ ബോർഡെന്ന സങ്കല്പം എന്നതായിരുന്നു. സ്കൂളിന്റെ ഭാഗമായി നിൽക്കേണ്ടതാണ് പ്രീഡിഗ്രി വിഭാഗം എന്ന നിലപാടിൽ നിന്നാണത്രേ ശക്തമായ പ്രതിഷേധം ഉണ്ടായത്. അപ്പോഴേക്കും കോത്താരി കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നിട്ട് 20 വർഷം കഴിഞ്ഞു എന്ന കാര്യം കൂടി ഓർക്കണം.  പ്രീഡിഗ്രി ക്ലാസുകളിൽ പഠിപ്പിക്കുന്നവരെ കോളേജ് അദ്ധ്യാപകരായി പരിഗണിക്കാൻ കഴിയില്ലെന്ന നിലപാട് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ കർശനമാക്കിയപ്പോഴാണ് വീണ്ടും ഈ പ്രശ്നം സജീവമാകുന്നത്. ഡോ. എം എ ഉമ്മൻ കമ്മീഷന്റെ കണക്ക് പ്രകാരം  അന്ന് അങ്ങനെ പുറത്താകുമായിരുന്ന അദ്ധ്യാപകർ 48% ആയിരുന്നു. അവരെ മുഴുവൻ കോളേജുകളിൽത്തന്നെ നിലനിർത്തിക്കൊണ്ട് സർക്കാർ സമരക്കാരുമായി രാജിയായി. എന്നാൽ പ്രീഡിഗ്രിയെ, ഹയർ സെക്കന്ററിയായി സ്കൂളുകളോട് ചേർത്ത് പുനർവിന്യസിക്കുകയും ചെയ്തു.

          സ്കൂൾക്ലാസുകൾക്കായി നിർമ്മിച്ച ക്ലാസ്‌മുറികളും അവിടെ നിലനിന്നുപോന്ന അക്കാദമിക- ഭരണസംവിധാനങ്ങളും ഒന്നും കോളേജിൽനിന്ന് സ്കൂളിലേക്ക് മാറ്റി നിർത്തിയ ഹയർ സെക്കന്ററിയെന്ന പുത്തൻ കൂറ്റുകാരെ സ്വീകരിക്കാൻ പൂർണ്ണമായി പര്യാപ്തമായിരുന്നില്ല. സർവ സന്നാഹങ്ങളോടെയും ഒന്നും തുടങ്ങാനാവില്ലെന്നും എല്ലാം കാലം പരിഹരിക്കുമെന്നുമൊക്കെയുള്ള ഉത്തമവിശ്വാസത്തെയാണ് ഈ പ്രതിസന്ധിഘട്ടം സഹായിയാക്കിയത്. 1980-90 കാലഘട്ടത്തിൽ ഉണ്ടായ സ്വകാര്യവിദ്യാലയങ്ങളുടെ പെരുപ്പവും ഇംഗ്ലീഷ് മീഡിയത്തോടുണ്ടായ പുത്തൻഭ്രമവും സർക്കാർ സ്കൂളുകളോട് പൊതുവേ ഉണ്ടായ അലംഭാവവും ചേർന്ന് തകർത്തുകൊണ്ടിരുന്ന പൊതുവിദ്യാഭ്യാസത്തെ കരകേറ്റാൻ ഹയർ സെക്കന്ററിയുടെ വരവ് ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്. സർക്കാർ സ്കൂളുകളിലെ പഠനം 2 വർഷത്തെ അക്കാദമികമായ സമ്മർദ്ദങ്ങളിൽനിന്ന് ഒഴിവാക്കി പ്രവേശനപ്പരീക്ഷയ്ക്ക് കൂടുതൽ ശ്രദ്ധകൊടുക്കാൻ കുട്ടികളെ സഹായിച്ചിരുന്നു എന്ന വാസ്തവവും ഇതിനടിയിലുണ്ട്. എന്നാലും ഭൗതികമായ സാഹചര്യത്തിന്റെ ഞെരുക്കമോ കാര്യനിർവഹണപരമായ വ്യത്യാസങ്ങളോ ഒന്നുമല്ല, (എന്നാലും അവയ്ക്കൊപ്പം) സിലബസ് നിശ്ചയിക്കുന്ന ഘട്ടത്തിൽ  കൂട്ടിച്ചേർത്ത വിഷയങ്ങളും അതിന്റെ വിന്യാസക്രമവുമാണ് ഇപ്പോഴും ഹയർ സെക്കന്ററി മേഖലയിൽ തുടരുന്ന അക്കാദമികമായ പല പ്രശ്നങ്ങളുടെയും കാതൽ.  

കോളേജുകളിൽ  ഫസ്റ്റ് ഗ്രൂപ്പ്, സെക്കന്റ് ഗ്രൂപ്പ് എന്നിങ്ങനെ 4 വിഭാഗങ്ങളിലായി കണക്ക്, ജീവശാസ്ത്രം, വാണിജ്യം, മാനവികം എന്നീ വിഷയഗ്രൂപ്പുകളും ഒന്നാം ഭാഷ ഉപഭാഷ എന്നീ രണ്ട് ഭാഷകളും പഠിച്ചിരുന്ന കുട്ടി, ഹയർ സെക്കന്ററിയിൽ കണക്കും ജീവശാസ്ത്രവും ഒന്നിച്ചു പഠിക്കണമെന്ന അവസ്ഥ ഈ കൂട്ടിച്ചേർപ്പിനിടയിൽ ഉണ്ടായി. മെഡിക്കൽ - എഞ്ചിനീയറിങ് പ്രവേശനപ്പരീക്ഷ എന്ന പ്രലോഭനീയമായ ലക്ഷ്യത്തെ മുന്നിൽ കണ്ടുള്ള ഘടനാമാറ്റമായിരുന്നു അത്.  കോളേജിൽ ഫസ്റ്റ് ഗ്രൂപ്പെടുത്ത് കണക്കു പഠിച്ചിരുന്ന കുട്ടിക്ക് മെഡിസിനു പ്രവേശനപരീക്ഷയെഴുതാൻ സാധ്യമല്ലെന്ന അവസ്ഥയെ മറികടക്കാനൊരു സാഹചര്യമാണ് ഹയർ സെക്കന്ററിയിലെ പുതിയ വിഷയവിഭാഗങ്ങൾ അവസരമൊരുക്കിയത്. (സയൻസ് പഠിക്കുന്ന കുട്ടിക്ക് കണക്ക് ഒരു പേപ്പറായി പ്രത്യേകം പഠിച്ചാൽ എഞ്ചിനീയറിങ് പരീക്ഷയെഴുതാമായിരുന്നു) അതോടെ കോടികൾ മറിയുന്ന പ്രവേശനപരീക്ഷാ പരിശീലന മാമാങ്കങ്ങളിലേക്ക് വലിയൊരു  കുത്തൊഴുക്കാണുണ്ടായത്. മൂവായിരത്തിൽ താഴെ മാത്രം സീറ്റുകളുള്ള ഒരു മത്സരപ്പരീക്ഷയിൽ കേരളത്തിലെ ഹയർ സെക്കന്ററിയിൽ സയൻസ് ഗ്രൂപ്പെടുത്തു ചേരുന്ന ഏതാണ്ട് മുക്കാൽ പങ്ക് വിദ്യാർത്ഥികളും ജീവന്മരണപ്രശ്നംപോലെ മൽപ്പിടിത്തത്തിൽ ഏർപ്പെടുന്ന അവസ്ഥയെ ഈ മാറ്റം യാഥാർത്ഥ്യമാക്കിത്തീർത്തു. പത്തു കഴിഞ്ഞാൽ സയൻസ്, അവിടുന്നു നേരെ മെഡിക്കൽ എന്ററൻസ്,  അതിനായുള്ള കസർത്ത് എന്ന നിലയിലേക്ക് മധ്യവർഗബോധത്തെ മാറ്റിയെടുക്കാൻ ഈ പരിണതിക്ക് കഴിയുകയുംചെയ്തു.

കേരളത്തിലെ സാധാരണമനുഷ്യർ സ്വപ്നങ്ങൾ വിളയിക്കാൻ മുതിരുന്ന ഇടത്തെ കൂടിയ വിലയ്ക്ക് അവർക്കുതന്നെ വിലപേശി വിൽക്കുന്ന ചൂതാട്ടമാണ് നമ്മുടെ പ്രവേശനപരീക്ഷകൾ. കേരള സർവകലാശാലയിലെ വിവാദമായ മാർക്കു തിരുത്തൽ കേസുമായി ബന്ധപ്പെട്ടുണ്ടായ ഹൈക്കോടതി വിധിയുടെ ഫലമായാണ്, 1981 -ൽ കേരളത്തിൽ ആദ്യമായി മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ നടക്കുന്നത്. തെറ്റായ മാർഗങ്ങളിലൂടെ പ്രൊഫഷണൽ കോഴ്സുകളിൽ ചിലർ പ്രവേശനം തരമാക്കുന്നു എന്ന കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് പ്രീഡിഗ്രി മാർക്കു തിരുത്തൽ വാർത്ത പുറത്തുവരുന്നത്. പ്രവേശനസമയത്തോ മറ്റോ യഥാർത്ഥ മാർക്കുലിസ്റ്റുമായി ഒത്തു നോക്കിയാൽ തള്ളിപ്പോകാൻ ഇടയുണ്ടായിരുന്നതാണ് ഈ കള്ളത്തരം. മാധ്യമങ്ങളിൽ വാർത്തയ്ക്കു കിട്ടിയ അമിതപ്രാധാന്യം, പ്രവേശനപ്പരീക്ഷയുടെ അടിയന്തിരാവശ്യം ജനമനസ്സുകളിൽ ഊട്ടി ഉറപ്പിക്കാൻ സഹായിച്ചു എന്നതാണ് ഇതുകൊണ്ടുണ്ടായ ഏകനേട്ടം.

  തൊട്ടടുത്ത വർഷം എഞ്ചിനീയറിങ് കോഴ്സുകൾക്കുള്ള പ്രവേശനത്തിനും പരീക്ഷ ഏർപ്പെടുത്തുകയും അതിനടുത്ത് 1983 -ൽ  എന്ററൻസ് എക്സാമിനേഷൻ കമ്മീഷ്ണറേറ്റ് സ്ഥാപിതമാവുകയും ചെയ്തു. പ്രവേശനപ്പരീക്ഷകളുടെ നടത്തിപ്പിന്റെ ചുമതലയുള്ള കമ്മീഷണറേറ്റ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ്. ഹയർ സെക്കന്ററിയാവട്ടെ ഇപ്പോൾ പൊതുവിദ്യാഭ്യാസഡയറക്ടറുടെ നിയന്ത്രണത്തിലും. ഭാഗികമായി നടപ്പിലാക്കിക്കഴിഞ്ഞ ഖാദർക്കമ്മീഷൻ റിപ്പോർട്ട് (പൂർണ്ണരൂപത്തിൽ അതു പുറത്തു വന്നിട്ടില്ല) വിദ്യാഭ്യാസത്തിന്റെ മറ്റൊരു മധ്യസ്ഥ (ഇന്റെർമീഡിയേറ്റ്) വിഭാഗത്തെക്കൂടി യാഥാർത്ഥ്യമാക്കി. വരേണ്യവും അഭിലഷണീയവുമായ ഒരു സാമൂഹിക ക്രമത്തിലേക്ക് വരിചേരാനുള്ള ഒരു വിഭാഗത്തിന്റെ അഭിലാഷനിക്ഷേപങ്ങളെ താലോലിക്കുന്ന ഇടമായി പ്രവേശനപ്പരീക്ഷയുടെ എടുപ്പുകൾ ഹയർ സെക്കന്ററിയ്ക്കും  മുകളിൽ മറ്റൊരു സമാന്തര തലമായി മാറിക്കഴിഞ്ഞു. പുറത്ത് ദൃശ്യമാവുന്നതരത്തിൽ അതിന് രൂപഘടനകളൊന്നും ഇല്ല.  എങ്കിലും നാടൊട്ടുക്ക് മുളച്ചു പൊന്തിയ പ്രവേശനപരീക്ഷാ പരിശീലനകേന്ദ്രങ്ങളും അനുബന്ധവ്യവസായങ്ങളും പൊതുജനത്തിന്റെ മനോഭാവവും അധികാരികളുടെ പരിപാലനവും എല്ലാം ചേർന്ന് പ്രവേശനപ്പരീക്ഷകളെ കണ്ണഞ്ചിപ്പിക്കുന്ന ഒരു ഭൗതികസത്തയാക്കി മാറ്റിക്കഴിഞ്ഞു. സാമൂഹികവ്യവഹാരങ്ങൾക്കുമേൽ ചരിത്രം വീഴ്ത്തിയ നിഴലുകളുടെ കാലികമായ വളർച്ച ഈ തരത്തിലാണ്. 

          വരുമാനത്തിനനുസരിച്ച് ലോട്ടറികൾ വാങ്ങാമെന്നതുപോലെ ആളുകളുടെ തരമനുസരിച്ചുള്ള ശ്രേണീബദ്ധമായ പരിശീലനസ്ഥാപനങ്ങളും ഒറ്റയ്ക്കുള്ള ട്യൂഷൻ സെന്ററുകളും നാട്ടിലുടനീളമായിക്കഴിഞ്ഞു. കൂടുതൽ പണം ചെലവാക്കാൻ തയ്യാറാവുന്നവർക്ക് കൂടുതൽ സദ്ഫലം തരുന്ന സ്ഥാപനങ്ങളിൽ ചേരാം. എന്നു മാത്രമല്ല, അവിടെ ചേരാൻ വേണ്ടിമാത്രമുള്ള മാർക്കു നേടാനുള്ള പരിശീലനവും കുട്ടിക്ക് കൊടുക്കാൻ മാതാപിതാക്കൾക്ക് കഴിയുകയും വേണം. എന്ററൻസ് പരീക്ഷയിൽ കടന്നു കൂടാത്ത കുട്ടികളും രക്ഷാകർത്താക്കളും തുടർവർഷങ്ങളിൽ അത് ലഭിച്ചേക്കുമെന്ന പ്രതീക്ഷയിൽ പരിശീലനം ആവർത്തിക്കാറുണ്ട്. 75% ഇങ്ങനെ ആവർത്തിച്ചു പരീക്ഷയെഴുതുന്നവരാണെന്ന് എന്ററൻസ് കമ്മീഷ്ണരുടെ വെബ്സൈറ്റു പറയുന്നത്. മെഡിക്കൽ- എഞ്ചിനീയറിങ് പ്രവേശന പരീക്ഷയെ മുഖ്യമായി കണ്ട് തീവ്രപരിശീലനത്തിലേർപ്പെടുന്ന ഒരു  കുട്ടിയുടെ വാർഷിക ചെലവ് ശരാശരി ഒരു ലക്ഷം രൂപയാണെന്ന് കണക്ക്. പരീക്ഷാ പരിശീലന സ്ഥാപനങ്ങൾക്കു ചുറ്റുമായി കുട്ടികളെ സഹായിക്കാനായുള്ള (താമസം, ഭക്ഷണം, സ്റ്റേഷനറികൾ) ഇതര വ്യാപാരസ്ഥാപനങ്ങളും പച്ച പിടിക്കുന്നു. ഇതെല്ലാം കൂടിച്ചേർന്നുണ്ടാക്കുന്നത് കോടികളുടെ വ്യവസായമാണ്. രോഗബാധ ഭയന്ന് സ്കൂളുകൾ അടച്ചിട്ടിരിക്കുമ്പോഴും പ്രവേശനപരീക്ഷകളുടെ പരിശീലനങ്ങൾ പുതിയ സങ്കേതങ്ങൾ ഉപയോഗിച്ച് മുറയ്ക്ക് നടന്നിരുന്നു.  ഇനി നടക്കാൻ പോകുന്നവയ്ക്കുള്ള ക്ലാസുകൾ മുടക്കം കൂടാതെ നടന്നു വരുന്നു. മുപ്പതിനായിരം രൂപയായി വെർച്വൽ പരിശീലനക്ലാസ് പഠനത്തിനുള്ള ഫീസ് ഇപ്പോൾ.

 

പരിഷ്കരണസമിതിയുടെ ശുപാർശകൾ

തുടക്കത്തിൽ കോമൺ എന്ററൻസ് ടെസ്റ്റ് (CET)  എന്നറിയപ്പെട്ടിരുന്ന പരീക്ഷയ്ക്ക് കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അവയുടെ ഔചിത്യവും പ്രയോജനവും ആർക്കാണെന്ന കാര്യത്തിലാണ് സംശയം. പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിലെ വിലയിരുത്തൽ-മൂല്യനിർണ്ണയരീതികളെ അപ്രസക്തമാക്കുന്ന പ്രവേശനപരീക്ഷാ സമ്പ്രദായം മുഖ്യധാരാവിദ്യാഭ്യാസരീതിയെത്തന്നെ കളിയാക്കുന്നതല്ലേ എന്ന ചോദ്യം പലപ്പോഴും ഉയർന്നു വന്നിട്ടുണ്ട്. കമ്പ്യൂട്ടറിൽ ഉത്തരങ്ങൾ പരിശോധിക്കാമെന്നാകുമ്പോൾ മൂല്യനിർണ്ണയം കുറ്റമറ്റതാകും എന്നത് ശരിയാണ്. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് അടയാളപ്പെടുത്തി തീർക്കേണ്ട വസ്തുനിഷ്ഠ ചോദ്യങ്ങൾ (ഒബ്‌ജെക്ടീവ് ടൈപ്പ്) കൃത്യമായ പരിശീലനമില്ലാതെ ചെയ്തു തീർക്കാൻ സാധ്യമല്ലെന്ന അവസ്ഥയും അതോടൊപ്പം ഉണ്ടായി. ശതകോടികൾ മറിയുന്ന വ്യാപാരമായി എന്ററൻസ് പരിശീലന കേന്ദ്രങ്ങൾ മാറുന്നതിന് ഈ മാറ്റം ചെറിയ സഹായമല്ല ചെയ്തിട്ടുള്ളത്. ഈ വിഷയത്തിൽ ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ പഠനം ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള കുട്ടികളുടെ അനുപാതം കുറയുന്നതിനെ വ്യക്തമായി കാണിച്ചുതരുന്നതാണ്.  അതിന്റെ കാരണം അവർക്ക് മത്സരാധിഷ്ഠിതമായി കുതിക്കുന്ന പരിശീലനകേന്ദ്രങ്ങൾക്കൊപ്പം സഞ്ചരിക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ടാണ്.

1996-ലെ എം പി ചന്ദ്രശേഖരൻ കമ്മിറ്റിയും 2006 -ലെ അദ്ദേഹംതന്നെ അദ്ധ്യക്ഷനായ മറ്റൊരു കമ്മിറ്റിയും പരിശീലനങ്ങളുടെ ആധിക്യവും സമ്മർദ്ദവും കുറയ്ക്കുക, പരീക്ഷ  പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്കും പ്രാപ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ട് ചോദ്യബാങ്ക് രൂപീകരിക്കണമെന്നും ചോദ്യങ്ങൾ മലയാളത്തിലും ചേർക്കണമെന്നും രണ്ടു പ്രാവശ്യത്തിലധികം പ്രവേശന പരീക്ഷ എഴുതാൻ അവസരം നൽകരുതെന്നുമുള്ള ശുപാർശകൾ പരിഗണിക്കപ്പെട്ടിട്ടില്ല. ഭാരിച്ച തുക മുടക്കി പരിശീലനത്തിനു പോകാൻ കഴിവില്ലാത്ത കുട്ടികൾക്ക് പകരം സൗജന്യ പരിശീലനം നൽകാൻ ഉണ്ടായ ശ്രമങ്ങൾ ആളുകളുടെ ഉത്സാഹരാഹിത്യം കൊണ്ടുതന്നെ പാഴുമായി. തമിഴ്‌നാട് ഇക്കാര്യത്തിൽ നമുക്കു മുൻപേയാണ്. കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്നാണ് ഇതിനെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.  ഏതാണ്ട് മുഴുവൻ കുട്ടികളും തമിഴ്‌നാട്ടിൽ ബോർഡ് പരീക്ഷകഴിഞ്ഞു വരുന്നവരാണെങ്കിൽ ഇവിടെ സി ബി എസ് ഇ- ഐ സി എസ് ഇ പരീക്ഷകളും ഇന്റെർനാഷണൽ സിലബസും പഠിച്ചു വരുന്ന കുട്ടികളുടെ എണ്ണം വലുതാണ്. സ്കോറുകളുടെ ഐക്യരൂപ്യം അതുകൊണ്ടുതന്നെ കീറാമുട്ടിയാണ്. ഇതു പരിഹരിക്കാനാണ് രണ്ടാം കമ്മിറ്റി, വിവിധ യോഗ്യതാപരീക്ഷകളിലെ സ്കോറുകളെ മാനകീകരിക്കാൻ അംഗീകൃത സമവാക്യങ്ങൾ ഉപയോഗിക്കണമെന്നും യോഗ്യതാപരീക്ഷയുടെയും പ്രവേശനപ്പരീക്ഷയുടെയും സ്കോറുകൾ 50:50 എന്ന കണക്കിൽ  പരിഗണിക്കണമെന്നും നിർദ്ദേശിച്ചത്.  അവ നടപ്പിലായിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽനിന്നുകൊണ്ടു വേണം ഇക്കഴിഞ്ഞ ജൂലൈ 16 നു നടന്ന  കേരളാ എന്റെറെൻസ് ഫോർ ആർക്കിടെക്ട് ആൻഡ് മെഡിക്കൽ എഞ്ചിനീയറിങിനെ (KEAM) കാണാൻ.  കോവിഡ് പകർച്ചയെ തുടർന്ന് രണ്ടാംവട്ട ത്രിതല അടച്ചിടൽ പ്രഖ്യാപിച്ച സമയത്ത് പ്രത്യേകിച്ച് എല്ലാ പ്രോട്ടോക്കോളുകളെയും ലംഘിച്ചുകൊണ്ട് നടന്ന പരീക്ഷ ഇതിനകം സോഷ്യൽ മീഡിയകളിൽ ചർച്ചയായി അലയിളക്കി അവസാനിച്ചു. ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾ, കേരളത്തിലെയും മറ്റു സ്ഥലങ്ങളിലെയും 334 കേന്ദ്രങ്ങളിലായി ഒന്നിച്ചു കൂടി എഴുതിയ പരീക്ഷ കുറവുകളൊന്നുമില്ലാതെ നടന്നു എന്ന അവകാശവാദം ചില കേന്ദ്രങ്ങളിൽനിന്നുണ്ടായെങ്കിലും കോവിഡിന്റെ ഭീഷണിയെ വകവയ്ക്കാതെ അടിയന്തിരമായി പരീക്ഷ നടത്താനുണ്ടായ സാഹചര്യമെന്തായിരുന്നു എന്ന ചോദ്യത്തിനു പ്രത്യേകിച്ചു മറുപടിയില്ല. നീറ്റു (NEET)പോലെയുള്ള ദേശീയ പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കും രക്ഷാകർത്താവിനുമെല്ലാം കോവിഡു ബാധയുണ്ടായ വാർത്തകൾ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നു. രോഗവാർത്തകൾ പുറത്തു വന്നു കഴിഞ്ഞപ്പോൾ വേണ്ടത്ര ഗതാഗത സൗകര്യം പോലുമില്ലാതിരുന്ന സമയത്ത്, കുട്ടികളെയുംകൊണ്ട് ദൂരസ്ഥലങ്ങളിൽനിന്ന് പരീക്ഷാകേന്ദ്രങ്ങളിലെത്തിയ രക്ഷാകർത്താക്കളെ സാമൂഹികമായ അകലം പാലിക്കാത്തതിന്റെ പേരിൽ പ്രതിയാക്കി പോലീസ് കേസും എടുത്തു!

രോഗബാധയുടെ ആശങ്കകൾ നിലനിൽക്കേതന്നെയാണ് ബോർഡു പരീക്ഷകൾ കൃത്യമായി നടത്തിയും മൂല്യനിർണ്ണയം സമയബന്ധിതമായിതന്നെ പൂർത്തിയാക്കിയും ഫലം പ്രഖ്യാപിച്ചും എന്തായാലും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് അതിന്റെ കാര്യക്ഷമത തെളിയിച്ചത്. അടച്ചിരുപ്പു കാലത്തെ ഇടവേളകൾ ഉപയോഗിച്ചുകൊണ്ടായിരുന്നു  അവയെല്ലാം നടത്തിയത്. പ്രവേശന പരീക്ഷ നടക്കുന്ന കാലമാവട്ടെ രോഗം സമൂഹവ്യാപനത്തിലേക്കു നീങ്ങുന്ന ഘട്ടത്തിലുമായിരുന്നു. പ്രവേശനപരീക്ഷ പൊതുവിദ്യാഭ്യാസംപോലെയോ അതിനേക്കാൾ ഗൗരവത്തിലെടുക്കേണ്ടതോ ആയ കാര്യമായി പൊതുബോധത്തിൽമാത്രമല്ല ഉദ്യോഗസ്ഥരുടെ നിർവഹണ ഇടങ്ങളിലും കേറിപ്പറ്റിയിരിക്കുന്നു എന്ന ഒരർത്ഥം ഈ തിരക്കു പിടിക്കലിനുണ്ട്. നേരത്തെ കണ്ടതുപോലെ കോടികൾ മറിയുന്ന കച്ചവടമാണ് കേരളത്തിലെ പ്രവേശനപരീക്ഷാ പരിശീലനം. അധികാരകേന്ദ്രങ്ങളിലെല്ലാം ആഴത്തിൽ വേരുകൾ താഴ്ത്തിയിട്ടുള്ള ഈ കച്ചവടസംഘങ്ങളുടെ സ്വാധീനശേഷി നിസ്സാരമല്ലെന്ന സ്വർണ്ണക്കടത്ത് കേസിൽ അറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. തൊട്ടടുത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥന്മാർ എന്താണു ചെയ്യുന്നതെന്ന് അറിയാൻ നിർവാഹമില്ലാത്ത ഒരു ഭരണ ചക്രവ്യൂഹ വ്യവസ്ഥയിൽ, പ്രവേശനപരീക്ഷപോലെയുള്ള നോട്ടുകെട്ടുകൾ മറിയുന്ന മാമാങ്കങ്ങൾ കൃത്യമായി നടത്തിക്കൊടുക്കാനുള്ള ഉത്തരവാദിത്തം ആരെങ്കിലുമൊക്കെ ഏറ്റെടുക്കുന്നില്ലെന്ന് ആരുകണ്ടു? വേട്ടയാടിയും പെറുക്കിത്തിന്നും നടന്നകാലത്തിൽ നിന്നും വളരെയൊന്നും പരിണമിച്ചിട്ടില്ലാത്ത തലച്ചോറും വച്ചുകൊണ്ടാണ് മനുഷ്യൻ ഇപ്പോഴും നടക്കുന്നത്. സമൂഹത്തിന്റെ സങ്കീർണ്ണതകളെ മുഴുവനായി അളന്ന് തീരുമാനത്തിലെത്താൻ  കഴിയാതെപോകുന്നത് മനുഷ്യരുടെ കുറ്റമല്ലെന്ന് ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കൂള്ള 21 പാഠങ്ങളിൽ’ യുവാൽ നോവാ ഹരാരി വ്യക്തമാക്കുന്നു. കാര്യക്ഷമതയെന്ന പുറംപകിട്ടുള്ള ലേബലൊട്ടിച്ച് മാത്രം ഒതുക്കിയും ഒളിപ്പിച്ചും  നിർത്താവുന്നവയല്ല,  നിർവാഹകത്വം നഷ്ടപ്പെട്ട  ജനങ്ങളെ തെളിയിച്ചുകൊണ്ടു പോകുന്ന ആ സങ്കീർണ്ണതകൾ.

 

1.         ഇന്ത്യൻ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ – തായാട്ട് ശങ്കരൻ

2.       ഹയർ സെക്കന്ററി വിദ്യാഭ്യാസം കേരളത്തിൽ - പ്രൊഫ. വി കാർത്തികേയൻ നായർ

3.       കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കാരം പരിഷത്തിന്റെ സമീപനങ്ങൾ

4.       പ്രവേശനപരീക്ഷാ പരിഷ്‌കരണ സമിതി ശുപാർശകൾ - https://wiki.kssp.in

5.     Post-War Educational Development in India- report by the central advisory board of education 1944

 

 (പച്ചക്കുതിര ആഗസ്റ്റ് 2020)

 


July 16, 2020

സ്കൂൾവിദ്യാഭ്യാസത്തിലെ പ്രതീതിയും യാഥാർത്ഥ്യവും

2007 -ൽ അവതരിപ്പിച്ച കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഉള്ളടക്കവും നടപ്പിലാക്കൽ രീതികളും തുടക്കംമുതൽ വിവാദം വിളിച്ചു വരുത്തിയിരുന്നെങ്കിലും ജ്ഞാനനിർമ്മിതി വാദം, സാമൂഹികജ്ഞാന നിർമ്മിതി വാദം, ബഹുമുഖപ്രതിഭാ തത്ത്വം, വിമർശനാത്മകവും പ്രക്രിയാധിഷ്ഠിതവുമായ ബോധനം, ഉൾക്കൊള്ളൽ വിദ്യാഭ്യാസം തുടങ്ങിയ വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള ആധുനിക ആശയങ്ങളെ, മാറ്റമില്ലാതെ തുടർന്നിരുന്ന അദ്ധ്യയന മണ്ഡലത്തിൽ കടത്തിവിടാൻ അത് ഉദ്യമിച്ചു എന്ന കാര്യം അംഗീകരിക്കാതെ തരമില്ല.  ഘടനാപരമായ മാറ്റങ്ങൾക്കൊപ്പം പാഠ്യപദ്ധതിയെ പരിഷ്കരിക്കുന്നതിലും ബോധനരീതിശാസ്ത്രത്തിലും വലിയൊരു മാറ്റമാണ് ചട്ടക്കൂട് വിഭാവന ചെയ്തത്. സാമൂഹിക ജ്ഞാനനിർമ്മിതിയ്ക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട്, കേരളത്തെ എട്ട് പ്രശ്നമേഖലകളായി തിരിക്കാനും അവയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്താനുമായി 1 മുതൽ 12 വരെയുള്ള സകല വിഷയങ്ങളിലെയും പാഠപുസ്തകങ്ങൾ പരിഷ്കരിച്ചതും അദ്ധ്യാപകൻ എന്ന സർവജ്ഞാനിയായ പാരമ്പര്യസ്വരൂപത്തെ കൈത്താങ്ങുക്കാരനും (സ്കഫോൾഡർ)  സഹപഠിതാവുമാക്കി പുനർനിർവചിച്ചതും വിവാദങ്ങൾക്കിടയാക്കി. ആ വിവാദങ്ങൾ ഉയർത്തിവിട്ട ആശയക്കുഴപ്പമാകട്ടെ ഇപ്പോഴും വിദ്യാഭ്യാസമേഖലയെ പൂർണ്ണമായിട്ടും വിട്ടൊഴിഞ്ഞിട്ടില്ല.

കൊളോണിയൽ ഭരണവും ജന്മിത്തവും സാമ്രാജ്യത്വവും പാകപ്പെടുത്തിയ  നൂറ്റാണ്ടുകൾ പഴക്കമുള്ള വിദ്യാഭ്യാസക്രമങ്ങളിൽ വൈകാരികവും  ബുദ്ധിപരവുമായ പരാധീനതകൾ ഇന്നും അവശേഷിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ പാരമ്പര്യമൂല്യങ്ങൾ പ്രകടമല്ലെങ്കിൽപോലും വിദ്യാഭ്യാസകാര്യങ്ങളിൽ ജാഗ്രതക്കുറവുകൊണ്ടോ  നിക്ഷിപ്തമായ താത്പര്യങ്ങൾകൊണ്ടോ അധികാരത്തിന്റെ നയസമീപനങ്ങൾകൊണ്ടോ കേറിപ്പറ്റുന്ന പ്രതിലോമകരമായ അംശങ്ങൾ സമൂഹത്തിന് ദൂരവ്യാപകമായ ദോഷങ്ങളാണുണ്ടാക്കുക. ജനാധിപത്യസമൂഹത്തിൽ ഭരണഘടനാമൂല്യങ്ങളോട് ആദരവും  ഉയർന്ന തരത്തിലുള്ള ദേശീയബോധവും ശാസ്ത്രീയമായ മനോഭാവവും മാനവികതയുമൊക്കെയുള്ള പൗരന്മാരെ വാർത്തെടുക്കാനുള്ള വിദ്യാഭ്യാസത്തിനാണ് ഊന്നൽ വേണ്ടത്. 2009 -ൽ  വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നതോടെ വിദ്യാദാന പ്രക്രിയയയിൽ വിദ്യാർഥികൾ കൂടുതൽ കേന്ദ്രസ്ഥാനത്തായി. അവകാശങ്ങളെക്കുറിച്ച് അറിയിച്ചുകൊണ്ട് കുട്ടികൾക്ക് ആത്മവിശ്വാസം പകരാൻ വേണ്ട സാഹചര്യമൊരുക്കുകയുമാണ് ഫലത്തിൽ ‘പുതിയ നിയമം‘ ചെയ്തത്.  അദ്ധ്യാപകനിൽനിന്ന് വിദ്യാഭ്യാസത്തിന്റെ കേന്ദ്രം കുട്ടിയിലേക്ക് മാറുന്ന പ്രക്രിയ 2005 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കാലത്ത് തുടക്കം കുറിച്ചതാണെങ്കിലും ‘അവകാശ നിയമം’ ആ വസ്തുതയെ ഒന്നുകൂടി ഉറപ്പിച്ചെടുത്തു. സാങ്കേതിക വിദ്യകൾ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന കാലത്ത്, സ്വന്തം ശേഷികൾ വികസിപ്പിക്കാനും പുത്തൻ സാഹചര്യങ്ങളുമായി ഒത്തുപോകാനുമുള്ള  പരിശീലനമാണ് കുട്ടികൾക്ക് ലഭിക്കേണ്ടതെന്ന കാര്യം വ്യക്തമാണ്. അതവരുടെ അവകാശവുമായി ബന്ധപ്പെട്ട കാര്യമാണ്.

 

രണ്ടാം തലമുറപ്രശ്നങ്ങൾ

എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭ്യമാവുക, ജാതി- മത- ലിംഗ വിവേചനങ്ങൾ കൂടാതെ വിവേചനം കൂടാതെ എല്ലാവർക്കും പഠിക്കാൻ അവസരമൊരുക്കുക. അതോടൊപ്പം പഠനം തുടരാനാവാതെ കുട്ടികൾ ഇടയ്ക്കുവച്ചു കൊഴിഞ്ഞുപോകുന്നത് തടയുക തുടങ്ങിയ കാര്യങ്ങളാണ്,   വിദ്യാഭ്യാസ പരിവർത്തനത്തിന്റെ ഒന്നാം ഘട്ട ലക്ഷ്യമായി കണ്ടിരുന്നത്. പ്രാപ്യത,  പഠനത്തുടർച്ച എന്നിങ്ങനെ അറിയപ്പെടുന്ന ഒന്നാം തലമുറപ്രശ്നങ്ങൾ ഏതാണ്ട് പരിഹരിച്ചു കഴിഞ്ഞു എന്നു മനസിലാക്കിക്കൊണ്ടാണ് രണ്ടാം ഘട്ടത്തിലേക്ക് കേരളസമൂഹം പ്രവേശിക്കുന്നത്.  ഗുണമേന്മാ വിദ്യാഭ്യാസവും തുല്യതയുമാണ് രണ്ടാം തലമുറപ്രശ്നങ്ങളായി കണക്കാക്കുന്നത്.

നവകേരള സ്വപ്നങ്ങൾക്ക് അനുഗുണമാകുന്ന തരത്തിൽ ജനാധിപത്യ മതനിരപേക്ഷ വിദ്യാഭ്യാസക്രമം പാകപ്പെടുത്തുക എന്നതാണ് ‘തുല്യത’കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ ആരംഭഘട്ടത്തിലുണ്ടായിരുന്ന പഞ്ചമ സ്കൂൾ, അടിമ സ്കൂൾ, പുലയ മിഷൻ സ്കൂൾ,  കവറ മിഷൻ സ്കൂൾ, ബ്രാഹ്മണ സ്കൂൾ തുടങ്ങിയ ജാതി തിരിച്ചുള്ള സ്കൂളുകൾ ഇപ്പോൾ അവശേഷിക്കുന്നില്ല. ആൺപള്ളിക്കൂടം പെൺപള്ളിക്കൂടം എന്നീ തരംതിരിവുകൾ പല കാരണങ്ങളാൽ ഇവിടെ അവശേഷിക്കുകയും ചെയ്യുന്നു. എങ്കിലും ലോകത്തെവിടെയുമുള്ള സമപ്രായക്കാരോട് സംവദിക്കാനുള്ള അറിവും കഴിവും ശേഷിയും നമ്മുടെ കുട്ടികൾക്കും ഉണ്ടാകണം. അതിനു പറ്റിയ തരത്തിൽ വിദ്യാലയങ്ങളെ പരിവർത്തിപ്പിക്കുന്നതിനുള്ള ശ്രമമാണ് ‘പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം’. രാഷ്ട്രാന്തരീയ നിലവാരമുള്ള സ്കൂളുകൾ എന്ന സങ്കല്പത്തെ സാക്ഷാത്കരിക്കുന്നതിന് ആധുനികമായ ബോധനമാർഗങ്ങൾ ആവശ്യമാണ്. പഠനപ്രക്രിയയയെ സജീവവും സർഗാത്മകവു ആധുനിക ദർശനങ്ങളിൽ അധിഷ്ഠിതവുമാകണം.

ജൈവവൈവിധ്യപാർക്കുകൾ, ക്ലാസ് ലൈബ്രറികൾ, തൊഴിൽശേഷി വികസനം, ജനകീയമായ നിരീക്ഷണ സംവിധാനം, നിരന്തരമായ അദ്ധ്യാപകപരിശീലനങ്ങൾ തുടങ്ങിയയവയ്ക്കൊപ്പം, കൂട്ടത്തിൽ പ്രധാനപ്പെട്ടതും ജനശ്രദ്ധയാകർഷിച്ചതുമായ പരിപാടിയായിരുന്നു, ഗവണ്മെന്റ് – എയിഡഡ് സ്കൂളുകളിലെ ക്ലാസ് മുറികൾ ഒന്നടങ്കം ഹൈ-ടെക് ആക്കുക എന്നത്. നേരത്തെ ഐടി @ സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും പിന്നീട് കൈറ്റ് (കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ) എന്ന പേരിൽ വിപുലീകരിക്കുകയും ചെയ്ത  സർക്കാർ സ്ഥാപനം വഴി  4572 സ്കൂളുകളിലെ 45000 ക്ലാസ് മുറികൾ ഇതിനകംതന്നെ ഹൈ-ടെക് ക്ലാസ് റൂമുകളായി മാറി കഴിഞ്ഞു എന്നാണ് കണക്ക്. കഴിഞ്ഞ അക്കാദമിക വർഷം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഈ ക്ലാസ് മുറികളിലിരുന്നാണ് ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ പഠനം നടത്തിയത്. പഠനപ്രക്രിയ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാവുമ്പോൾ അതിനു യോജിച്ചതരത്തിലുള്ള ഉള്ളടക്കങ്ങൾ (കണ്ടന്റ്) ആവശ്യമായി വരും എന്ന ലക്ഷ്യം മുന്നിൽ കണ്ട് ‘സമഗ്ര’യെന്ന പേരിൽ വിദ്യാഭ്യാസപോർട്ടലും  സജ്ജമാക്കി. പാഠഭാഗങ്ങൾക്ക് യോജിച്ച ഡിജിറ്റൽ ഉള്ളടക്കങ്ങൾ നിർമ്മിക്കാനും ഫലപ്രദമായി ക്ലാസ് മുറികളിൽ വിനിമയം ചെയ്യാനുമായി അദ്ധ്യാപകർക്ക് പരിശീലനപരിപാടികളും മുറയ്ക്ക് നടന്നു. 992 കോടിയാണ് ഇക്കാര്യങ്ങൾക്കെല്ലാമായി ഈ വർഷം മാറ്റിവച്ചത്. 

ക്ലാസ് മുറികളെ ആധുനികവത്കരിക്കുന്നതിന്റെ തിരക്കിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിലാണ് കോവിഡ് 19 വൈറസിന്റെ ഭീഷണിയിൽ പിടിയിൽ ലോകം സമ്പൂർണ്ണമായി ആണ്ടുപോകുന്നത്. വിദ്യാഭ്യാസത്തെ സംബന്ധിച്ച് ഇതുവരെ കാണാത്തതോ ആലോചിക്കാത്തതോ ആയ ഒരു ഗുരുതരമായ പ്രശ്നത്തിന്റെ മുന്നിലാണ് ഇത് സമൂഹത്തെ കൊണ്ടുചെന്നിട്ടത്. കേരളത്തിലങ്ങോളമിങ്ങോളമായി അടച്ചിട്ടിട്ടിരിക്കുന്ന ക്ലാസ് മുറികളിൽ കുട്ടികളെ വച്ച് പഠനം തുടരുന്നതെങ്ങനെ എന്ന പ്രശ്നം. ഗുണമേന്മയെയും വിവരസാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ആധുനികീകരണത്തെയും ലക്ഷ്യമാക്കിയുള്ള മുന്നോട്ടു പോക്കിൽ പൊതുവിദ്യാഭ്യാസത്തിനായി ചെലവാക്കിയ ഊർജ്ജവും തുകയുമെല്ലാം പാഴായിപോകുന്നോ എന്നു സംശയിക്കാവുന്ന മറ്റൊരു അസാധാരണ സാഹചര്യം.

ഗുണമേന്മയും പ്രതീതി ക്ലാസ് മുറികളും

 അടച്ചിരിപ്പ് കാലത്തെ മുൻകൂട്ടി കാണാൻ സാധിക്കുമായിരുന്നില്ലെങ്കിലും  ഓപ്പൺ സ്കൂളും സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമായ അസാപ്പും പൊതുപ്രവേശനപരീക്ഷകൾക്കുള്ള സൗജന്യ പരിശീലനമായ പീക്സും (അത് ഇപ്പോൾ നിലവിലില്ല) കരിയർ ഗൈഡൻസ് ക്ലബുകളും ഉള്ള ഹയർ സെക്കന്ററിതലത്തിൽ ഓൺലൈൻ പ്ലാറ്റ് ഫോമുകളെപ്പറ്റിയുള്ള ആലോചനകൾകൂടി നേരത്തെ ഉൾപ്പെടുത്തേണ്ടതായിരുന്നു എന്ന് ആലോചിക്കുന്നവരുണ്ട്. അങ്ങനെയെങ്കിൽ 60-70 കുട്ടികൾ ഒരു ക്ലാസിൽ 8 മണിക്കൂറോളം ഇരിക്കുന്ന അവസ്ഥയെ കുറേയെങ്കിലും ലഘൂകരിക്കാൻ ഓൺലൈൻ ക്ലാസുകൾ വഴിയുള്ള വിനിമയങ്ങളെക്കുറിച്ചുള്ള ഗൗരവമുള്ള ചിന്തകൾ, ക്ലാസ് മുറികളിൽ പൊടിപിടിച്ചു കിടക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെപ്പറ്റിയുള്ള ആശങ്കയെ റദ്ദ് ചെയ്ത് കൂടെനിർത്താൻ ഗുണപരമായ  ഒരു അവസരം നമുക്ക് കൈവരുമായിരുന്നു. അദ്ധ്യാപകപരിശീനത്തോടനുബന്ധിച്ച്  സ്വതന്ത്ര സോഫ്ടവെയറായ ലേണിങ് മാനേജുമെന്റ് സിസ്റ്റം ‘മൂഡിൽ’ പഠിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നുവെങ്കിലും അതിനു തുടർച്ചയുണ്ടായില്ല.  

പരീക്ഷകൾ ഇടയ്ക്കുവച്ചു മുടങ്ങുകയും ക്ലാസുകൾ തുടരാൻ സാധ്യതയില്ലാതെ വരികയും ചെയ്ത സന്ദർഭത്തിൽ ഓൺലൈൻ ക്ലാസുകളെപ്പറ്റിയുള്ള ചിന്തകൾ മുറുകിയിട്ടുണ്ട്. പുതിയ അദ്ധ്യയനവർഷം ആരംഭിക്കുന്ന ജൂൺ ഒന്നിനു ഓൺലൈൻ പ്ലാറ്റുഫോമുകൾ വികസിപ്പിക്കാൻ അണിയറയിൽ ശ്രമം ആരംഭിച്ചു കഴിഞ്ഞു.  SCERT സ്കൂൾതലത്തിൽ അവയ്ക്കു നേതൃത്വം നൽകുന്നുണ്ട്. കുട്ടികളുടെ മുന്നിൽ നിന്ന് കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടിരുന്ന അദ്ധ്യാപകസമൂഹത്തിന് അപരിചിതമായ മേഖലയാണ് വെർച്വൽ ക്ലാസ് റൂമുകൾ. അതിന്റെ ബാലപീഡകൾ പൊതുവിദ്യാഭ്യാസസ്ഥാപനങ്ങൾ ഏറ്റു വാങ്ങാനിരിക്കുന്നതേയുള്ളൂ. ഗൂഗിളും മൈക്രോസോഫ്ടുംപോലെയുള്ള ഭീമൻകമ്പനികൾ സൗജന്യമായി നൽകുന്ന ക്ലാസ് റൂം സൗകര്യങ്ങൾ ഉപയോഗിച്ചാണ് ഗൾഫ് രാജ്യങ്ങളിൽ പല വിദ്യാഭ്യാസസ്ഥാപനങ്ങളും ഇന്ത്യയിലെയും കേരളത്തിലെയും സ്വകാര്യ വിദ്യാഭ്യാസസ്ഥപനങ്ങളും അവരുടെ പഠന-പാഠനപ്രക്രിയകളെ തടസ്സം കൂടാതെ മുന്നോട്ടു കൊണ്ടുപോയത്. ‘ക്യാമ്പസ് അസ്7’ പോലെ ഇന്ത്യയിൽ വികസിപ്പിച്ച വിലകൊടുത്തു വാങ്ങാവുന്ന ക്ലാസ് മുറി സൗകര്യങ്ങളും പല സ്വകാര്യസ്ഥാപനങ്ങളും ഉപയോഗിച്ചു വരുന്നുണ്ട്.  സൂം, ഗൂഗിൾ മീറ്റ്, സിസ്കോ വെബെക്സ് തുടങ്ങിയ കൂടിക്കാഴ്ചാ ഇടങ്ങൾ (മീറ്റിങ് പ്ലെയിസസ്) ക്ലാസ് റൂമുകളായും ഉപയോഗിച്ചവരുമുണ്ട്.  കേരള സർവകലാശാലയുടെ ബജറ്റ് സമ്മേളനം ‘സൂം’ കോൺഫറൻസിങ് സൗകര്യം ഉപയോഗിച്ചാണ് നടത്തിയത്. പക്ഷേ സ്വകാര്യതാപ്രശ്നവുമായി ബന്ധപ്പെട്ട് സർക്കാർ സ്ഥാപനങ്ങൾ അത്തരം പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നതിൽ ഔചിത്യപ്രശ്നമുണ്ട്.

അദ്ധ്യാപക സംഘടനകളും അദ്ധ്യാപകകൂട്ടായ്മകളും ഈ മേഖലയിൽ പ്രവർത്തിക്കുന്ന അദ്ധ്യാകരുടെ ബ്ലോഗുകളും വാട്സാപ്പ് ഗ്രൂപ്പുകളും ഫെയിസ് ബുക്ക് ലൈവുകളും ഓൺലൈൻ ക്ലാസ് എന്ന ആശയത്തെ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നുണ്ട്. യൂട്യൂബ് ചാനലുകളാണ് മറ്റൊരു മാധ്യമം. പ്രാഥമിക വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്കുള്ള അവധിക്കാല പരിശീലനക്ലാസ് നടന്നത് വിക്ടേഴ്സ് ചാനലിലൂടെയാണ്. കൂട്ടവിലക്കിന്റെ കാലത്ത് വിദ്യാഭ്യാസ സംബന്ധമായി ധാരാളം യുട്യൂബ് വിഡിയോകൾ അപ്‌ലോഡ് ചെയ്യപ്പെടുകയുണ്ടായി. പക്ഷേ ഇതെല്ലാം കേവലസഹായം എന്ന നിലയ്ക്കല്ലാതെ വിദ്യാഭ്യാസം എന്ന ആധുനിക സങ്കല്പത്തെയോ ക്ലാസ്‌മുറി സങ്കല്പത്തെയോ  വിദൂരമായിപോലും വിഭാവന ചെയ്യുന്നവയല്ല. വിവര വിനിമയം എന്ന നിലയ്ക്ക് ഇവയുടെ പ്രസക്തിയെ നിഷേധിക്കുന്നില്ല. എന്നാൽ വസ്തുതകളുടെ വിനിമയം മാത്രമല്ല പഠനപ്രക്രിയ. കേരളാ സ്റ്റേറ്റ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഓൺലൈൻ ക്ലാസെന്ന പേരിൽ ആരംഭിച്ചിരിക്കുന്ന സംരംഭം നോക്കുക. അവിടെ ബി എ മലയാളം  ടാബ് ക്ലിക്ക് ചെയ്താൽ ലഭിക്കുക പൗരസ്ത്യകാവ്യശാസ്ത്രത്തെയും നവസംസ്കാര പഠനങ്ങളെയും പറ്റിയുള്ള 2 പി ഡി എഫ് നോട്ടുകളാണ്! യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ തുറന്നപഠനകേന്ദ്രമായ ‘സ്വയ’ ത്തിലെ ക്ലാസുകൾ പലതും പാനൽ ചർച്ചയുടെ വിഡിയോകളാണ്. പ്രാദേശിക ഭാഷയിലും ലഭ്യമാണെന്ന് വിജ്ഞാപനമുണ്ടെങ്കിലും മലയാളം ക്ലിക്കു ചെയ്താൽ ലഭിക്കുന്നത് ഹിന്ദിയോ ബംഗാളിയോ ആയിരിക്കും. സംഘചർച്ചയിൽ പങ്കെടുക്കുന്നവരിൽ ഒരാൾ മലയാളിയായതുകൊണ്ട് പരിപാടി പ്രാദേശികഭാഷയിലുള്ളതാണെന്ന് അർത്ഥമില്ലല്ലോ.

ഓൺലൈൻ ക്ലാസ് എന്നാൽ വീഡിയോകൾ പങ്കുവയ്ക്കലല്ല.

പല ഓൺലൈൻ ക്ലാസുകളും വീഡിയോയുടെ നിർമ്മാണവും പ്രദർശനവുമാണെന്ന ഭീകരമായ തെറ്റിദ്ധാരണയുടെ പുറത്താണ് നീങ്ങുന്നത്.  പ്രഭാഷണക്ലാസുകളും പ്രക്രിയാ ക്ലാസുകളും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്. സംവാദങ്ങളാണ് ക്ലാസ് മുറികളെ സജീവവും സർഗാത്മകവുമാക്കുന്നത്. വീഡിയോ –ഓഡിയോ - നോട്ടുപങ്കുവയ്ക്കൽ ഒരു തരത്തിലും ക്ലാസ് മുറികളെ സാക്ഷാത്കരിക്കുന്നില്ല. കമന്റുകളായി ചോദ്യങ്ങൾ ചോദിക്കാനും വിവരം പങ്കുവയ്ക്കാനും ഉള്ള സൗകര്യം ചിലയിടത്ത് കനിഞ്ഞു നൽകിയിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി വിദ്യാർത്ഥി അവിടെ കേവലശ്രോതാവ് മാത്രമാണ്. ‘അറിവു നിർമ്മിക്കുന്ന കുട്ടി’യെന്ന സങ്കല്പത്തെ കൈയൊഴിഞ്ഞ് ചേഷ്ടാവാദപരമായ (ബിഹേവിയറിസ്റ്റ്) രീതിയിലുള്ള വിവരകൈമാറ്റമാണ് അതിൽ നടക്കുന്നത്.  സ്കൂളുകളിൽ പിന്തുടർന്നുപോരുന്ന ബോധനസമീപനത്തിന് തീർത്തും എതിരാണ് ഈ പ്രക്രിയ.  ഓൺലൈൻ ക്ലാസ് മുറികളെപ്പറ്റിയുള്ള ആധികാരികമായ അറിവില്ലായ്മയും (പല വിദേശ യൂണിവേഴ്സിറ്റികളും ഓൺലൈൻ ക്ലാസ്‌മുറികളെപ്പറ്റി കോഴ്സുകൾ നടത്തുന്നുണ്ട്, അവയെപ്പറ്റിയുള്ള പഠനങ്ങളും വന്നിട്ടുണ്ട്)  ധാരണക്കുറവും പാരമ്പര്യാധിഷ്ഠിതമായ നീക്കുപോക്കില്ലാത്ത കാഴ്ചപ്പാടുകളും ആസൂത്രണങ്ങളെത്തന്നെ തകിടം നിലയ്ക്കായാൽ അപകടമാണ്.

പാരമ്പര്യവിദ്യാഭ്യാസ രീതിയോടുള്ള സമൂഹത്തിന്റെ അടുപ്പമാണ് ഗൈഡുകളെയും പാഠഭാഗങ്ങളുടെ സംഗ്രഹവും ചോദ്യോത്തരങ്ങളും കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസപ്രസിദ്ധീകരണങ്ങളെയും സാധുവാക്കി നിലനിർത്തിയത്. പുതിയകാലത്തിൽ അതേ പ്രവണത ആപ്പുകളായി പുനർജ്ജനിക്കുന്നു. അദ്ധ്യാപകൻ മുൻപ് ടെസ്റ്റ്യൂബെന്ന് പറഞ്ഞ് പൊക്കി പിടിച്ച ചോക്ക് തുണ്ട് ആനിമേഷനുകളായി സോഫ്ട്‌വെയറുകളിൽ ഇപ്പോൾ പുനർജ്ജനിക്കുന്നു. കുട്ടിക്ക് അനുഭവപരമായി ഇതു രണ്ടും ഒന്നുതന്നെയാണ്.   പ്രൊജക്ടറുകൾ ക്ലാസ് മുറികളിൽ സ്ഥാപിതമായതോടെ കുട്ടികൾക്കു മുന്നിൽ മുഴുവൻ സമയവും വീഡിയോ കാണിക്കുക എന്ന പതിവ് സാർവത്രികമായി എന്ന് ആരോപണമുണ്ട്. പത്തു വിഷയം ഒരു ദിവസം പഠിക്കുന്ന കുട്ടികൾ ഓരോ പിരീഡിലും വിഡിയോയ്ക്ക് മുന്നിൽ നിഷ്ക്രിയരാവുകയാണ്.  ഓൺലൈൻ ക്ലാസ് മുറികളെക്കുറിച്ചുള്ള മാർഗനിർദ്ദേശങ്ങൾ നൽകുന്ന ഇ-ലേണിങ് ഇൻഡസ്ട്രി എന്ന സൈറ്റ് കുട്ടികളുടെ മുന്നിൽ പ്രദർശിപ്പിക്കുന്ന വീഡിയോകൾ 10 മിനിറ്റിൽ കൂടരുതെന്ന് നിഷ്കർഷിക്കുന്നുണ്ട്. അമിതമായ ആനിമേഷനുകളെ ഓൺലൈൻ കോഴ്സുകൾ വിഭാവന ചെയ്യുന്ന വിദേശസൈറ്റുകൾ പലതും തള്ളിക്കളയുന്നു. എത്ര പേർക്കാണ് ക്ലാസിന്റെ പ്രയോജനം ലഭിക്കേണ്ടത്? പുറത്തുനിന്നുള്ളവർക്കും ക്ലാസിൽ പ്രവേശനം നൽകണോ? പല ഭാഷകളിലുള്ള ക്ലാസ് ഉദ്ദേശിക്കുന്നുണ്ടോ? പിന്നീട് ഉപയോഗിക്കാവുന്നതരത്തിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള സൗകര്യം ആവശ്യമാണോ? മൊബൈൽ, ടാബ്, ടിവി തുടങ്ങി ഏതൊക്കെ ഉപകരണങ്ങളിൽ ക്ലാസുകൾ ലഭ്യമാകണം? പുതിയ പഠനപ്രക്രിയയോ മൂല്യനിർണ്ണയ ഉപാധികളോ കൂട്ടിച്ചേർക്കണോ?  തുടങ്ങി ഓൺലൈൻ ക്ലാസ് റൂം പ്ലാറ്റ് ഫോം തെരെഞ്ഞെടുക്കുന്നതിനു മുൻപ്  നമ്മുടെ ആവശ്യങ്ങളെ ക്രമപ്പെടുത്താനും   ഇ-ലേണിങ് ഇൻഡസ്ട്രി ഉപദേശിക്കുന്നു.

നിലവിലുള്ള ഓൺലൈൻ ക്ലാസ് റൂമുകളിലെ സൗകര്യക്കുറവ് പരിഹരിക്കാനായി ശില്പ രാജീവ്,  സി അഭിനന്ദ് എന്നീ രണ്ട് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ നടത്തിയ ശ്രമം ‘ഐ ക്ലാസ് റൂം’ എന്ന ആശയത്തിലെത്തിച്ചതിനെപ്പറ്റി അടുത്തകാലത്ത് വന്ന വാർത്ത ഈ സമയത്ത് ഓർമ്മിക്കാവുന്നതാണ്. അടച്ചിരുപ്പ് കാലത്തെ ഫലപ്രദമായി വിനിയോഗിച്ചുകൊണ്ടാണ് അവർ,  ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള  സർവകലാശാലകളെയും വിദഗ്ധരെയും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും കൂട്ടിയിണക്കുന്നതും ഓൺലൈനായി അസൈന്മെന്റുൾപ്പടെ സമർപ്പിക്കാവുന്നതും ചർച്ചകളിലേർപ്പെടാവുന്നതുമായ ഏകീകൃതപ്ലാറ്റ് ഫോം ഒരുക്കിയത്. മോഡ്‌വാനി ജഡേജ ഫാമിലി ഫൗണ്ടേഷന്റെ സമ്മാനത്തിനും അവരുടെ കണ്ടെത്തൽ അർഹമായി.

          ശരിയായി സംവിധാനം ചെയ്യപ്പെട്ടതാണെങ്കിൽ, യഥാർത്ഥ ക്ലാസ് മുറികളെക്കാൾ കാര്യക്ഷമമായും ഫലപ്രദമായും പ്രവർത്തിക്കാൻ വെർച്വൽ ക്ലാസുറൂമുകൾക്ക് ഒരു പരിധിവരെ കഴിയും.  ഡിജിറ്റൽ സാങ്കേതികതയുടെ കാലത്തു പിറന്ന തലമുറയ്ക്ക് സ്വാഭാവികമായി തന്നെ അതിനോട് ആഭിമുഖ്യമുണ്ട്. പുതിയ കാലത്തിന്റെ സാധ്യതയാണല്ലോ അവ. റഷ്യയിലെ HSE സർവകലാശാല, ഇ-ലേണിങ് ഡെവലപ്പിങ് സെന്റർ മേധാവി എവ്ജെനിയ കുലിക് ഓൺലൈൻ കോഴ്സുകളെ ‘ഒറ്റപ്പെട്ട പഠന സാങ്കേതികത’ (online course is an alienated learning technology) എന്നാണ് നിർവചിക്കുന്നത്. ഒറ്റപ്പെട്ടത് എന്നതിന് അവർ നൽകുന്ന അർത്ഥം ‘ഒരാളിലേക്ക് കേന്ദ്രീകരിക്കാത്തത്’ എന്നാണ്. പ്രത്യേക വ്യക്തിയല്ല (ഗുരു) ഓൺലൈൻ ക്ലാസുകളുടെ അടിസ്ഥാനം എന്നർത്ഥം.  കോഴ്സ് വിഭാവന ചെയ്യുന്ന പഠനനേട്ടത്തെ (ലേണിങ് ഔട്ട് കം) ഒരു പരിധിവരെ പഠനസാങ്കേതികത ഉറപ്പാക്കുന്നു. പാഠഭാഗങ്ങൾ ആവർത്തിച്ചു കേൾക്കാനും വിവരങ്ങൾ സൂക്ഷിച്ചു വയ്ക്കാനും വിവിധതരത്തിലുള്ള പഠനപ്രക്രിയയകൾ പരീക്ഷിച്ചു നോക്കാനുമുള്ള സൗകര്യവും സാധ്യതയും  എല്ലാം ‘പഠനസാങ്കേതികത’ എന്ന സങ്കല്പത്തിലുണ്ട്.

പരിമിതികളും പരാതികളും

അതേസമയം ഓൺലൈൻ ക്ലാസുകളെപ്പറ്റി വികസിതരാജ്യങ്ങളിൽ വ്യത്യസ്തമായ അഭിപ്രായവുമുണ്ട്. പ്രത്യേകിച്ചും സ്കൂൾ തലങ്ങളിലെ. പഠനപ്രക്രിയയിൽ ദൃശ്യോപകരണങ്ങളുടെ കടന്നുകയറ്റം സ്വാഭാവികമായും കുട്ടികളുടെ ഭാവനാശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന ഉത്കണ്ഠ നിലനിൽക്കുമ്പോൾ തന്നെ അടച്ചിട്ട മുറികളിൽ ഒറ്റയ്ക്കിരുന്നുകൊണ്ടുള്ള വിദ്യാഭ്യാസം കുട്ടികളുടെ സാമൂഹിക ബോധത്തെ കാര്യമായി തന്നെ ബാധിക്കുമെന്ന സത്യവും തിരിച്ചറിയേണ്ടതായുണ്ട്. ഉയർന്ന ക്ലാസുകളിൽ ഈ ആശങ്ക അത്രതന്നെയില്ല. വെർച്വൽ ക്ലാസ് മുറികളുടെ ഭാഗമായ ഫോറങ്ങൾ വഴിയാണ് ഇവിടെ പഠിതാക്കൾ തമ്മിലുള്ള വിനിമയങ്ങൾ നടക്കുക. അവ നിരീക്ഷണവിധേയമാണെന്ന യാഥാർത്ത്യം അവിടെയുണ്ട്. ഇന്ത്യപോലെയുള്ള ബഹുസ്വര സാംസ്കാരികത നിലനിൽക്കുന്ന പ്രദേശത്ത് ഭൗതികമായി പരസ്പരം ഇടപഴകാനും അടുത്തറിയാനുമുള്ള സൗകര്യം നൽകുന്നത് പ്രാഥമികമായും  പൊതുവിദ്യാലയങ്ങളാണെന്ന സത്യം മറക്കാൻ പറ്റുന്നതല്ല. രണ്ടാമത്തെ കാര്യം പരിമിതികളും ആരോപണങ്ങളും നിലനിൽക്കുമ്പോഴും  മുന്നിൽ നിൽക്കുന്ന അദ്ധ്യാപകന്റെ/പികയുടെ ജൈവികസാന്നിദ്ധ്യവും കുട്ടി യന്ത്രത്തിലൂടെ നടത്തുന്ന വിനിമയവും രണ്ടും രണ്ടാണ്. വരാൻ പോകുന്ന കാലം മനുഷ്യനും യന്ത്രവും കൂടിക്കലർന്ന ആന്ത്രോപൊസീന്റെയാണെന്നുള്ള വിഭാവനകൾക്കിടയിലും നിലവിൽ  മാനുഷികമായ ഇന്ദ്രിയവേദ്യതയുടെ (സ്പർശം, ശബ്ദം കാഴ്ച, രുചി, മണം..) അനുഭവം കുട്ടികളുടെ വളർച്ചകാലത്തിൽ പ്രധാനമാണ്. പ്രതീതി ക്ലാസ് മുറികളുടെ ഉത്പ്പന്നമായ ഒരു കുട്ടിയും യഥാർത്ഥ ക്ലാസ് മുറിയിലിരുന്ന് പഠിച്ച കുട്ടിയും രണ്ട് വ്യത്യസ്ത അസ്തിത്വങ്ങളായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ അത്തരം താരതമ്യങ്ങൾ നമ്മുടെ വിദൂരഭാവനയിൽമാത്രമുള്ള കാര്യമാണ്.  അതിനേക്കാൾ പ്രധാനപ്പെട്ട കാര്യം കേരളത്തിൽ മാത്രം സ്മാർട്ട് ഫോണുകളോ ടെലിവിഷൻ സൗകര്യമോ ഇല്ലാത്ത 2.61 ലക്ഷം കുട്ടികളുണ്ടെന്ന വിവരമാണ്.  ഓൺലൈൻ ക്ലാസുറൂമുകൾ കൊറോണക്കാലത്തിനു ശേഷം തുടർന്നാലും ആകെ വിദ്യാർത്ഥികളുടെ 6% ഈ സൗകര്യത്തിനു പുറത്തായിരിക്കും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. മൂല്യനിർണ്ണയത്തിന്റെയും വിലയിരുത്തലിന്റെയും നൈതികതകൂടി ഇവിടെ പ്രശ്നമായി വരും. ഓൺലൈനിൽ പഠനത്തിനു ശേഷം കുട്ടി പൂരിപ്പിച്ചു നൽകുന്ന ഉത്തരങ്ങളോ  അസൈന്മെന്റുകളോ പുറത്തുനിന്ന് ഒരു സഹായവും കിട്ടാതെ സ്വയം സമർപ്പിക്കുന്നതാണോയെന്നറിയാൻ  മാർഗമില്ല. സമഗ്രമായ ഒരു വിലയിരുത്തൽ അത്തരം സാഹചര്യത്തിൽ അസാധ്യമായി തീരും. ക്രാഷ് കോഴ്സിനെ സംബന്ധിച്ചിടത്തോളം ഇത് അത്ര പ്രധാനമല്ലെങ്കിലും ഒരു തലമുറയുടെ മുഖ്യധാരാവിദ്യാഭ്യാസത്തിൽ കുഴപ്പിക്കുന്ന വിഷയമാണ് പ്രതീതിക്ലാസുകളിലെ വിലയിരുത്തൽ.  

 

ഉഡെമി, ഈസി ക്ലാസ്, തിങ്കി ഫിൿ തുടങ്ങി സൗജന്യമായി പ്രതീതിക്ലാസ് റൂം സൗകര്യങ്ങൾ നൽകുന്ന നൂറുകണക്കിനു സൈറ്റുകൾ നിലവിലുണ്ട്. എങ്കിലും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്,  നമ്മുടെ സാഹചര്യങ്ങൾക്കനുസരിച്ച് സ്വന്തമായൊരു പ്ലാറ്റ് ഫോം തയ്യാറാക്കാനായാൽ അതിന്റെ മെച്ചം മറ്റൊന്നിനുമുണ്ടാവില്ലെന്നത് ഉറപ്പാണല്ലോ. കോളേജു വിദ്യാർത്ഥികൾക്കാണ് ഇവകൊണ്ടുള്ള പ്രയോജനം ഏറ്റവുമധികം എന്നതുകൊണ്ടാവാം, ഇക്കാര്യത്തിൽ കോളേജുകൾ സ്വന്തം നിലയ്ക്ക് മുന്നോട്ടു പോയിട്ടുണ്ട്. പട്ടാമ്പി ശ്രീനീലകണ്ഠാ സംസ്കൃതകോളേജ്  അദ്ധ്യാപകർക്കായി ഹ്രസ്വകാല കോഴ്സുകൾ ഓൺലൈനായി നടത്തുന്നു. കോഴ്സിൽ പങ്കെടുക്കുന്നവർക്ക് മൂഡിൽ പ്ലാറ്റ് ഫോമിൽ വെർച്വൽ ക്ലാസ് റൂമുകൾ നിർമ്മിക്കാനും ഉപയോഗിക്കാനുമുള്ള പരിചയംകൂടി കോഴ്സിൽ നിന്നു കിട്ടുമെന്നതാണ് മെച്ചം. പ്രായോഗികമായ തുടർച്ചയ്ക്ക് പിന്തുണാ സംവിധാനം കോളേജിൽനിന്ന് ലഭിക്കുകയും ചെയ്യും. പ്രധാനമായും ഗവേഷകരെയും അദ്ധ്യാപകരെയും ഉദ്ദേശിച്ചാണ് കോഴ്സുകളെങ്കിലും താത്പര്യമുള്ളവർക്ക് ചേർന്നു പഠിക്കാവുന്നതരത്തിലാണ് സംവിധാനം. 25 പ്രധാന പഠനപ്രക്രിയകൾ നടത്താനുള്ള പ്രായോഗികപരിശീലനം അതിനുള്ളിലുണ്ട്. കോഴ്സെറാ എന്ന റഷ്യൻ വിദ്യാഭ്യാസ  സൈറ്റുമായി ചേർന്ന് കോഴിക്കോട് ഫറൂക്ക് കോളേജ് വിദേശത്തുള്ള വിവിധ യൂണിവേഴ്സിറ്റികളിലെ കോഴ്സുകളിൽ ചേർന്നു പഠിക്കാൻ സൗജന്യമായി സൗകര്യമൊരുക്കിയിരിക്കുന്നതാണ് മറ്റൊന്ന്. MOOC (മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ്) പഠിക്കാനുള്ള സൗകര്യവും വിവിധ സർവകലാശാലകൾ ഒരുക്കിയിട്ടുണ്ട്. ആയിരക്കണക്കിനു സമകാലികമായ സാങ്കേതിക വിവര പഠനത്തിനുള്ള സൗകര്യത്തിനൊപ്പം, മേൽപ്പറഞ്ഞതുപോലെ വെർച്വൽ ക്ലാസ് മുറി ആസൂത്രണം ചെയ്യാനുള്ള പാഠങ്ങൾ, അത്തരമൊരു ക്ലാസിൽകൂടിത്തന്നെ ലഭിക്കുന്നത് ഗുണകരമാണ്.

ഓൺലൈൻ ക്ലാസ്‌മുറികൾ വിദ്യാഭ്യാസപ്രക്രിയയുടെ കാലികമായ തലമാണ്.  അവയെ പൂർണ്ണമായി ആശ്രയിക്കേണ്ട സാഹചര്യം നിലനിൽക്കില്ല. അതേ സമയം അവയെ ഒഴിവാക്കി നിർത്താനാവില്ലെന്നു മാത്രമല്ല, അവയുടെ സാധ്യതകൾ ഉപയോഗിക്കാതെ ആധുനികരായി തുടരാനും സാധ്യമല്ല. എല്ലാ കുട്ടികളും സ്കൂളിലെത്തുന്ന തരത്തിൽ വികസിച്ചു കഴിഞ്ഞ വിദ്യാഭ്യാസാന്തരീക്ഷത്തിൽ നമുക്കവ ആവശ്യവുമാണ്. സാങ്കേതിക സൗകര്യങ്ങളില്ലാതെ പുറത്തുനിൽക്കുന്ന കുട്ടികൾക്ക് ബദൽ മാർഗങ്ങൾകൂടി അന്വേഷിച്ചുകൊണ്ട് കോവിഡ് ഭീഷണിക്കാലം കഴിഞ്ഞാലും, വെർച്വൽ ക്ലാസ് മുറികളെ ഹൈ-ടെക് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് അഭികാമ്യം. ഭാഗ്യവശാൽ കാലഘട്ടത്തിന്റെ ആവശ്യം മനസിലാക്കി സാങ്കേതിക സഹായവും പരിശീലനവും ഉദാരമായി നൽകിക്കൊണ്ട് വിവിധ ഏജൻസികൾ രംഗത്തുവന്നു എന്നതാണ് ഈ അടച്ചിരിക്കൽ കാലത്തിന്റെ പ്രത്യേകതകളിലൊന്ന്. അവയെ സ്വീകരിക്കാനും പ്രാവർത്തികമാക്കാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള സന്നദ്ധതയുണ്ടായാൽ മതി. വിപ്ലവകരമായി എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പ്രതിസന്ധികൾ വിമോചനപരമാവുന്നത്. ആധുനികീകരണം എന്ന പ്രക്രിയ അർത്ഥവത്താകുന്നത് അങ്ങനെയാണല്ലോ.  


മൂല്യശ്രുതി, ജൂൺ 2020