September 17, 2026

അലൻ ലെവിയും ലളിതാംബിക അന്തർജ്ജനവും

 


അലെൻ ലെവിയുടെ എഴുപതാം വയസിലെ കടിഞ്ഞൂൽ നോവൽ, ‘തിയോ ഓഫ് ഗോൾഡൻ’,  ന്യൂയോർക്ക് ടൈംസിന്റെ വിപണനപ്പട്ടികയിൽ ഒന്നാമതായി കഴിഞ്ഞ 36 ആഴ്ചകളായി കയറി ഇരിക്കുന്നതിനെപ്പറ്റി,  രാം മോഹൻ പാലിയത്ത് വെബിനിവേശത്തിൽ (104:24) എഴുതിയതു വായിച്ച്  
ഇസെഡിന്റെയും ആൽഫയുടെയും തലമുറക്കാലത്ത് ‘ഇങ്ങനെയും ഒരദ്ഭുതമോ’ എന്നു മൂക്കത്തു വിരൽ വച്ചുകൊണ്ട്, ഇതുമാതിരി വേറെയും പ്രതിഭാസങ്ങളുണ്ടോ എന്നു പരതിയത്. ‘തന്തവൈബുകളെ’പ്പറ്റിയുള്ള പരിഹാസത്തിനു നാൾക്കുനാൾ ആഘാതശേഷികൂടിവരികയും വാർദ്ധക്യകാലത്ത് ശോഷിക്കുന്ന സർഗശേഷിയെപ്പറ്റിയുള്ള ആഖ്യാനങ്ങൾക്ക് വ്യാപകമായ പ്രചാരണം ലഭിക്കുകയും ചെയ്യുന്ന ഇക്കാലത്ത് പ്രത്യേകിച്ചും കൗതുകമുള്ള വിവരമാണ് ‘വെബിനിവേശം’ പങ്കുവച്ചത്.  

ജീവിതത്തിന്റെ തിരക്കുകളൊഴിഞ്ഞിട്ട് എഴുതാനിരിക്കുകയും ആ വഴിക്ക് പ്രശസ്തരാവുകയും ചെയ്ത പൂർവികർ വേറെയുമുണ്ട്. ഡാനിയൽ ഡീഫോ, ആദ്യത്തെയും ഏറ്റവും പ്രചാരമുള്ളതുമായ നോവൽ, റോബിൻ സൺ ക്രൂസോ (1719) പൂർത്തിയാക്കി പ്രസിദ്ധീകരിക്കുന്നത് ഷഷ്ട്യബ്ദപൂർത്തിക്ക് കഷ്ടിച്ച് ഒരു വർഷമുള്ളപ്പോഴാണ്. മേരി വെസ്ലി എഴുപതാം വയസ്സിൽ എഴുതിയ ‘ജമ്പിങ് ദ ക്യൂവി’നെ തുടർന്ന്  പത്ത് നോവലുകൾ എഴുതി. എല്ലാം വില്പനയിൽ റിക്കോർഡ് സൃഷ്ടിച്ചവ. ഹാരിയറ്റ് ഡോവർ 73-ആം വയസ്സിലെഴുതിയ ആദ്യ നോവൽ ‘സ്റ്റോൺസ് ഫോർ ഇബാരയ്ക്ക്’ അമേരിക്കയിലെ നാഷനൽ ബുക്ക് അവാർഡ് ലഭിച്ചിരുന്നു. കാർ നിർമ്മാണമേഖലയിൽ പ്രവർത്തിച്ചിരുന്ന ആനി യങ്സൺ, ജോലിയിൽനിന്ന് വിരമിച്ച ശേഷം  ‘മീറ്റ് മി അറ്റ് ദ മ്യൂസിയം‘ എഴുതി പ്രസിദ്ധീകരിക്കുന്നത് എഴുപതാമത്തെ വയസ്സിൽ.  അലാവുദീനും അദ്ഭുതവിളക്കും, ദ ക്ലാ‍ൻസ്ന്മാൻ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന മില്ലാർഡ് കാഫ്മാൻ, വളരെ വൈകിയാണ് നോവൽ ‘ബൗൾ ഓഫ് ചെറീസ്’ പ്രസിദ്ധീകരിച്ചത്. 90-മത്തെ വയസ്സിൽ. ബ്രിട്ടണിലെ  ലോർണ പേജ് 93-മത്തെ വയസ്സിൽ എഴുതിയ ആദ്യ നോവൽ ‘എ ഡെയിഞ്ചറസ് വീക്‌നെസ്’ വിറ്റു കിട്ടിയ പണം കൊണ്ട് കൂട്ടുകാർക്ക് ഒരു വീടു വാങ്ങിക്കൊടുക്കുകയും ചെയ്തു വാർത്തയിൽ ഇടം നേടി. 

നീരദ് സി ചൗധരിയായാണ് ഇന്ത്യക്കാരനായ ഒരു എഴുത്തുകാരൻ. അദ്ദേഹം നോവലൊന്നും എഴുതിയിട്ടില്ല. എന്നാൽ ‘അജ്ഞാതനായ ഇന്ത്യക്കാരന്റെ ആത്മകഥ’ എന്ന വിവാദ പുസ്തകവുമായി  54-മത്തെ വയസിൽ രംഗത്തെത്തുകയും  നൂറാമത്തെ വയസ്സിൽ ‘ത്രീ ഹോഴ്സ്മെൻ ഓഫ് ദ അപ്പോ കാലിപ്സ്’ എന്ന സാമൂഹികവിമർശനഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്നത് നിസാരകാര്യമല്ല. 

മലയാളത്തിൽ വൈകി പുസ്തകം പ്രസിദ്ധീകരിക്കുകയും അംഗീകാരം നേടുകയും ചെയ്തതിനുദാഹരണമായി സാധാരണ പറയാറുള്ളത് വി കെ ഗോവിന്ദൻ നായരുടെ പേരാണ്. അറുപതാമത്തെ വയസ്സിലാണ് അദ്ദേഹം ആദ്യകൃതിയായ ‘അവിൽപ്പൊതി’ (കാവ്യസമാഹാരം)  പ്രസിദ്ധീകരിക്കുന്നത്. 1965-ലെ കേരളസാഹിത്യ അക്കാദമി അവാർഡും പുസ്തകത്തിനു ലഭിച്ചു. എന്നാൽ രാം മോഹൻ വിവരിച്ചതനുസരിച്ച്, അലൻ ലെവിയുടെ കഥയുമായോ ഒരു പക്ഷേ അതിനുമുകളിലായോ സാമ്യം കല്പിക്കാവുന്ന ഒരു ഉദാഹരണം, മലയാളത്തിൽ, ലളിതാംബിക അന്തർജ്ജനത്തിന്റെയാണ്.  മാതൃഭൂമി പത്രാധിപരായ എം ടി വാസുദേവൻ നായരുടെ പ്രേരണയിൽ 67-മത്തെ വയസ്സിൽ അവർ എഴുതിയ  അഗ്നിസാക്ഷി, വാരികയിൽ പ്രസിദ്ധീകരിക്കുന്ന കാലത്തുതന്നെ ജനശ്രദ്ധയാകർഷിച്ചിരുന്നു. പുസ്തകമായപ്പോൾ ആദ്യത്തെ വയലാർ അവാർഡുൾപ്പടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചു. ബെസ്റ്റ് സെല്ലറുകളുടെ താത്കാലികമായ വിപണന ഓളം ‘അഗ്നിസാക്ഷി’യെ ബാധിച്ചിട്ടില്ലെന്ന് ആ കൃതിയുടെ ഇപ്പോഴും ഇറങ്ങിക്കൊണ്ടിരിക്കുന്ന  പതിപ്പുകൾതന്നെ സാക്ഷ്യം പറയും. ആ നിലയ്ക്ക്,  ആഗോള വിപണിയുടെ കാര്യത്തിൽ വ്യത്യാസമുണ്ടെങ്കിലും, മലയാളത്തിലെ ‘മികച്ചവിപണനപ്പട്ടികയിൽ’ ദശാബ്ദങ്ങളായി തുടരുന്ന കൃതിയാണ് ‘അഗ്നിസാക്ഷി’. മാതൃഭൂമിയിൽ ഈ നോവൽ പ്രസിദ്ധീകരിച്ചതിന്റെ സുവർണ്ണ ജൂബിലി വർഷമാണിത് (1976–2026). 

മാതൃഭൂമി ആഴ്ചപ്പതിപ്പ്, സെപ്റ്റംബർ 20, 2026

No comments: