October 28, 2009

കുറിപ്പ് തയ്യാറാക്കുക, വ്യാഖ്യാനിച്ചോ വ്യാഖ്യാനിക്കാതെയോ



പാഠപുസ്തകവിവാദം എന്താണ് തങ്ങളുടെ കുട്ടികള്‍ പഠിക്കുന്നതെന്ന് കുറച്ചുനേരമെങ്കിലും ആലോചിക്കാന്‍ മാതാപിതാക്കള്‍ക്ക് ചില അവസരങ്ങള്‍ ഒരുക്കിക്കൊടുത്തല്ലോ. (അതുകൊണ്ട് വമ്പിച്ച മാറ്റമൊന്നും വരാന്‍ പോകുന്നില്ലെങ്കിലും) കുറ്റം കണ്ടുപിടിക്കാനാണെങ്കിലും രാഷ്ട്രീയക്കാരും മാധ്യമങ്ങളും വരികള്‍ അരിച്ചുപെറുക്കിയതിന്റെ മെച്ചം, അതെത്ര താത്കാലികമാണെങ്കിലും സമൂഹത്തിനുണ്ടാവാതെ തരമില്ല. സ്വതേ അലംഭാവം മുഖലക്ഷണമാക്കിയ സമൂഹത്തിന് ചില ജാഗ്രതകള്‍ പ്രതിഷേധരൂപത്തിലെങ്കിലും നന്മകള്‍ വിതയ്ക്കുമെന്ന് പറഞ്ഞ് നമുക്ക് ശുഭാപ്തിക്കാരാവാം.താത്കാലികമായെങ്കിലും. സാമൂഹികമായ ‘ഓളങ്ങള്‍ എപ്പോഴും കല്ലറകളെക്കുറിച്ചുള്ള ഉറപ്പിന്റെ റീത്തുകളല്ലല്ലോ’. എങ്കിലും അങ്ങനെയും വാദങ്ങളുണ്ട്. പ്രതിലോമകരമായ ജാഗ്രതകളെ എങ്ങനെ കൈകാര്യം ചെയ്യും എന്ന്? അതു കുറെക്കൂടി ദാര്‍ശനികമായ വിഷയമാണ്. അതവിടെ നില്‍ക്കട്ടേ. സമകാലവിവാദത്തിലേയ്ക്ക് വരാം . പ്രതിക്കൂട്ടില്‍ കയറി വിഷമിച്ചു നില്‍ക്കുന്ന ഹയര്‍ സെക്കണ്ടറി ചോദ്യപ്പേപ്പറുകള്‍ . ചോദ്യപ്പേപ്പറുകളുടെ ചോര്‍ച്ചയായിരുന്നു ആസന്നഭൂതകാലത്തിലെ നമ്മുടെ ഏറ്റവും വലിയ പ്രശ്നം. അതും കാതലായ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വാണം കത്തിച്ചിരുന്നു. തിരിഞ്ഞും മറിഞ്ഞും ഒറ്റയ്ക്കും കൂട്ടായും ഇപ്പോഴും ചോര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനേക്കാള്‍ ഗൌരവതരമായ കാര്യത്തിനാണിപ്പോള്‍ സ്കൂള്‍ മണ്ഡലം വേദിയൊരുക്കിയിരിക്കുന്നത് കക്ഷിരാഷ്ട്രീയത്തിന്റെ ചേരിതിരിവുകളും പകപോക്കലുകളും സ്കൂള്‍പരീക്ഷയിലേയ്ക്ക് കടന്നു കയറുന്നു എന്ന പ്രശ്നം.

അവിടെ തീരുന്ന ഒന്നാണോ നമ്മുടെ സ്കൂള്‍തല പരീക്ഷാസമ്പ്രദായത്തിലെ കെടുകാര്യസ്ഥത? സത്യത്തില്‍ ചോദ്യപ്പേപ്പറുകളുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും ഉയര്‍ന്നു വന്നിട്ടുണ്ട്. അതൊക്കെ പുറത്തറിയാതെ ചില മുരളലുകളും ഒറ്റപ്പെട്ട പ്രതിഷേധങ്ങളും ചെറിയ ചില പകപോക്കലുകളുമായി ഒതുങ്ങിതീരുകയാണ് പതിവ്. കാരണം അദ്ധ്യാപകസംഘടനകളാണ് ചോദ്യപ്പേപ്പര്‍ നിര്‍മ്മാണത്തിനു പിന്നിലുള്ളത്. അധ്യാപക സംഘടനകളുടെ വരുമാനമാര്‍ഗത്തിലൊന്നാണ് അത്. സ്കൂള്‍ അധികാരിയുടെ രാഷ്ട്രീയസ്വാധീനമാണ് ഏതു സംഘടനയുടെ ചോദ്യപ്പേപ്പര്‍ സ്കൂളില്‍ വേണമെന്ന തീരുമാനത്തെ ഉറപ്പിക്കുന്നത്. ഡയറക്ടറേറ്റിന്റെ മൌനാനുവാദത്തോടെ തന്നെയാണ് ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് പ്രധാനാധ്യാപകര്‍ക്കെതിരെ നടപടിയെടുക്കും എന്നുള്ളത് കൈകഴുകാനുള്ള വെറും തന്ത്രം മാത്രം എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? ഇതിനു മുന്‍പും ചില മുറവിളികളുണ്ടായിട്ട് എസ് സി എ ആര്‍ ടി ഏറ്റെടുത്ത ചോദ്യപ്പേപ്പര്‍ (പൂള്‍ ) നിര്‍മ്മാണം ഒടുവില്‍ കറങ്ങി തിരിഞ്ഞ് വീണ്ടും ശങ്കരനെ തെങ്ങിലിരുത്തിയതിന്റെ ഒടുവിലത്തെ പരിണാമമാണ് നമ്മളിപ്പോള്‍ കണ്ടത്. ഇത്രയും കൊണ്ടു തീരുന്നില്ല. ഇതില്‍ വന്നുഭവിക്കുന്ന മറ്റൊരു പ്രശ്നം ചോദ്യപ്പേപ്പറിനായി പണം കുട്ടികളില്‍ നിന്ന് ഈടാക്കുന്നു മിക്ക സ്കൂളുകളും എന്നതാണ് (പിടിഎ ഫണ്ടില്‍ നിന്ന് എടുക്കുന്ന മര്യാദ സ്കൂളുകളും ഉണ്ട്) മൊത്തം വിലയുടെ 10% കിഴിവ് അദ്ധ്യാപക സംഘടനകള്‍ പ്രിന്‍സിപ്പാളിനു നല്‍കും. ആ കിഴിവു കഴിഞ്ഞുള്ള തുകയല്ല, മിക്കവാറും സ്കൂളുകള്‍ ഈടാക്കുക പലപ്പോഴും ഇരട്ടിയാണ്. ഈ പണം സ്കൂള്‍ അക്കൌണ്ടില്‍ പോകുന്നതല്ല. പി ടി എ തുടങ്ങിയ വേദികളിലും കണക്കു കാണിക്കേണ്ടതില്ല. 6 വിഷയങ്ങള്‍ക്ക് ഒരു കുട്ടിയ്ക്ക് വേണ്ടി അടയ്ക്കേണ്ട പരമാവധി തുക (ഏതു സംഘടനയുടേതായാലും) കിഴിവും കഴിഞ്ഞ് 10.80 പൈസ. പിരിച്ചെടുക്കുന്നത് 15 രൂപ മുതല്‍ 40 രൂപ വരെ (പ്രിന്‍സിപ്പാളിനു തോന്നിയപോലെ). 500 രൂപയുടെ കൈക്കൂലിയും കൈക്കൂലിയാണെന്നാണല്ലോ വില്ലേജാഫീസര്‍മാരുടെ തുടര്‍ച്ചയായ സസ്പെന്‍ഷനുകള്‍ നമുക്ക് ബോധ്യപ്പെടുത്തി തരുന്നത്.. എവിടെയും കണക്കു കാണിക്കാതെ എങ്ങോട്ടോ പോകുന്ന ഈ പരീക്ഷാതുകകളോ? (സാമ്പത്തികമാണ് എല്ലാത്തിന്റെയും അടിത്തറ)*

വളരെ ഉത്തരവാദിത്വത്തോടെ തയാറാക്കുന്നതല്ല സംഘടനാ ചോദ്യക്കടലാസ്സുകള്‍ എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഒരിക്കല്‍ ചോദ്യക്കടലാസ്സില്‍ അടിക്കുറിപ്പു തയാറാക്കാനുള്ള ചോദ്യത്തിന്റെ താഴെ ചതുരം ശൂന്യം! കുട്ടികള്‍ ശൂന്യതയെ വ്യാഖ്യാനിച്ചു മാര്‍ക്കു നേടി. മറ്റൊന്ന് പ്രാദേശിക സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തുന്ന ടെസ്റ്റുകളുടെ ചോദ്യങ്ങള്‍ അതേ പടി ഇതില്‍ കാണാമെന്നുള്ളതാണ്. നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. അതു ചൂണ്ടിക്കാട്ടി സ്ഥാപനങ്ങള്‍ പരസ്യങ്ങളും അടിച്ചിറക്കും.. ഇതാ ഞങ്ങള്‍ ചോദിച്ച ചോദ്യം “സ്കൂള്‍ തല പരീക്ഷയ്ക്കും വന്നിരിക്കുന്നു. ഞങ്ങളുടെ വാദം വെറും വാദമല്ല..” അക്ഷരത്തെറ്റുകള്‍ വ്യാപകമാണ് മലയാളം ചോദ്യങ്ങളില്‍ പോലും. ഡി റ്റി പി ക്കാരെ പഴി പറഞ്ഞും ചോദ്യപ്പേപ്പറുകളുടെ രഹസ്യസ്വഭാവത്തെക്കുറിച്ച് വാചാലമായും അതില്‍ നിന്ന് തടിതപ്പാം. പക്ഷേ ആശയതലത്തിലും വാക്യഘടനയിലുമുള്ള തെറ്റുകളോ?കുരീപ്പുഴ ശ്രീകുമാറിന്റെ ‘മനുഷ്യപ്രദര്‍ശനം’ എന്ന കവിതയുടെ ആശയം പ്രതിഫലിപ്പിക്കുന്ന ഒരു കാര്‍ട്ടൂണിന് ഉചിതമായ അടിക്കുറിപ്പു നല്‍കുക എന്നിട്ട് അടിക്കുറിപ്പിന്റെ ഔചിത്യം വിശദമാക്കണം എന്നായിരുന്നു ഒരിക്കല്‍ ഒരു വിദ്വാന്‍ ചോദിച്ച ചോദ്യം. കുട്ടി, കവിതയെ കാര്‍ട്ടൂണാക്കണം എന്നിട്ട് അടിക്കുറിപ്പു നല്‍കണം എന്നിട്ട് അതു വിശദീകരിക്കണം. എല്ലാത്തിനും കൂടി 5 സ്കോര്‍ . ‘അന്തര്‍വൈജ്ഞാനിക പരസ്പരവിനിമയം’; എന്നൊക്കെ തത്ത്വം പറയുമ്പോള്‍ ഒരു കുഞ്ഞു ചോദ്യത്തില്‍ ഇത്രയധികം കാര്യങ്ങള്‍ ഉളപ്പെടുത്തി പിള്ളാര്‍ക്ക് ആവശ്യത്തിനു പണി കൊടുക്കാം എന്നാരെങ്കിലും വിചാരിക്കുമോ? കുറിപ്പ്, ലേഖനം, പ്രബന്ധം, ലഘൂപന്യാസം, ഉപന്യാസം തുടങ്ങിയവ എന്താണെന്നു പോലും പിടിത്തമില്ലാതെ കൂടിക്കുഴയാറുണ്ട് ചോദ്യക്കടലാസ്സുകളില്‍ . ഉപന്യാസം തയാറാക്കുന്നതിനു ആറും ലഘൂപന്യാസത്തിനും കുറിപ്പുകള്‍ക്കും എട്ടും സ്കോറും വീതം നല്‍കി വ്യവസ്ഥയെ അട്ടിമറിച്ച ചോദ്യക്കടലാസ്സുകളുമുണ്ട്. ഉപന്യാസങ്ങള്‍ക്കും മേലെയാണ് കുറിപ്പുകള്‍ എന്നു കുട്ടികള്‍ മനസ്സിലാക്കണം ! മുന്‍പ് ഓരോ പാഠത്തില്‍ നിന്നും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നിശ്ചിതാതിരുണ്ടാവും. ക്രമമായ വിതരണം. ഇപ്പോള്‍ അതില്ല ചോദ്യകര്‍ത്താവിന് മനസ്സിണങ്ങിയവയില്‍ നിന്ന് എത്ര ചോദ്യവും ആകാം. പൂര്‍ണ്ണമായി പാഠങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം. ഒരേ ഉത്തരം എഴുതേണ്ടുന്ന ചോദ്യങ്ങളുടെ അലകു മാറ്റി ചോദിച്ചതിനും ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. ചോദ്യം തയ്യാറാക്കുന്നവരുടെയോ അവരുടെ അടുത്ത കൂട്ടുകാരുടെയോ സൃഷ്ടികള്‍ വിശകലനത്തിനു വേണ്ടി കുട്ടികള്‍ക്ക് നല്‍കിയും ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് ചോദ്യപ്പേപ്പര്‍ നിര്‍മ്മാതാക്കള്‍ . മാറിയ പരീക്ഷാസമ്പ്രദായത്തെ പരിചയപ്പെടുത്താന്‍ എസ് സി ഇ ആര്‍ ടി വര്‍ഷങ്ങള്‍ക്കു മുന്‍പ് തയാറാക്കിയ എജ്യുമേറ്റ് എന്ന ചോദ്യബാങ്കില്‍ നിന്നുള്ള ചോദ്യങ്ങള്‍ അതേ പടി ആവര്‍ത്തിച്ചുകൊണ്ടാണ് മറ്റൊരു നാടകം. എല്ലാ കൂട്ടികള്‍ക്കും വാങ്ങിക്കാവുന്ന പുസ്തകമാണ് എല്ലാ വിഷയങ്ങളിലും പുറത്തിറക്കിയിട്ടുള്ള എജ്യൂമേറ്റ്. കെടുകാര്യസ്ഥതയുടെ ഒരു പോക്കേ!. ഒരു ചോദ്യപ്പേപ്പറില്‍ കണ്ട ചോദ്യം ഇങ്ങനെ : “അദ്വൈതം ജനിച്ച നാട്ടില്‍.. ആദിശങ്കരന്‍ ജനിച്ച നാട്ടില്‍.. ”(പാട്ടു മുഴുവനുണ്ട്) ലൈന്‍ ബസ് എന്ന സിനിമയ്ക്കു വേണ്ടി വയലാര്‍ എഴുതി ദേവരാജന്‍ സംഗീതം നല്‍കി യേശുദാസ് പാടിയ ഈ ഗാനം വിശകലനം ചെയ്ത് വയലാറിന്റെ ജീവിതവീക്ഷണത്തെപ്പറ്റി ഉപന്യാസം എഴുതുക ....! പുതിയ പാഠ്യപദ്ധതിയുടെ ചെലവില്‍ എന്തൊക്കെയാണ് ആമയിഴഞ്ചാന്‍ തോടിലൂടെ ഒഴുകുന്നതെന്നു നോക്കണം !

ഓര്‍മ്മയെ അല്ല കുട്ടികളുടെ വിവിധ നിലയിലുള്ള പ്രതിഭയെയാണ് പരിഗണിക്കുന്നതെങ്കില്‍ (ഹോവാര്‍ഡിന്റെ സിദ്ധാന്തം -മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ്) പരീക്ഷയില്‍ മാത്രം അധിഷ്ഠിതമാവരുത് പാഠ്യപദ്ധതി സമ്പ്രദായം. അതിനനുസരിച്ചാണ് പരീക്ഷകളുടെ എണ്ണം ഈ വര്‍ഷം മുതല്‍ കുറച്ചത്. (ഇതു രക്ഷാകര്‍ത്താക്കള്‍ക്ക് ബോധ്യമായിട്ടില്ല, പിന്നെ ബി എസ് വാര്യരെപ്പോലുള്ള സാമ്പ്രദായിക രീതിയുടെ സ്തുതിഗായകര്‍ക്കും. ക്ലാസ് ടെസ്റ്റുകള്‍ നടത്താത്തതിന്റെ പേരിലാണ് ഭൂരിഭാഗം അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളില്‍ നിന്ന് തെറി കേള്‍ക്കുന്നത്. സ്കൂളിലെ മനുഷ്യാവകാശലംഘനങ്ങളൊന്നും രക്ഷാകര്‍ത്താക്കളുടെ പരിഗണനയിലേ ഇല്ല) ഹയര്‍സെക്കണ്ടറിയില്‍ പരീക്ഷയൊഴിഞ്ഞ നേരമില്ലെന്നതാണ് വാസ്തവം. ഒന്നാം വര്‍ഷ പരീക്ഷ കൂടുതായി ഉള്‍പ്പെടുത്തി ഈ വര്‍ഷം മുതല്‍ . പിന്നെ അതിന്റെ ഇമ്പ്രൂവ്മെന്റ്, ഇവാലുവേഷന്‍ . ഇതിനൊക്കെ അദ്ധ്യാപകര്‍ ഓടുമ്പോള്‍ ചുരുക്കത്തില്‍ ക്ലാസുകള്‍ നടക്കില്ല. ഏകജാലകം കഴിഞ്ഞ് കിട്ടുന്ന കുറച്ചു ദിവസങ്ങളാണ് ഇങ്ങനെ പോകുന്നത് (പ്രേമന്‍ മാഷുടെ ബ്ലോഗ് കൂടി കാണുക) എങ്കിലും സ്കൂള്‍തലത്തില്‍ നടത്തുന്നു എന്നു പറയപ്പെടുന്ന ഒരെണ്ണം നേരാം വണ്ണം വേണമല്ലോ. അതിനെ പൊട്ടിച്ചു കൈയ്യില്‍ കൊടുക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് നമ്മുടെ പ്രബുദ്ധരായ കുറച്ച് അദ്ധ്യാപകര്‍ . കെടുകാര്യസ്ഥരും വികാരോപജീവികളും തലയിലെ വിജനപ്രദേശങ്ങളുടെ വിസ്തൃതി ക്രമാതീതമായി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നവരാണെങ്കിലും ഇവരെ പിന്താങ്ങാന്‍ നിലവിലുള്ള സിദ്ധാന്തങ്ങളൊക്കെ എടുത്തു വീശി രംഗത്തിറങ്ങാതെ നിവൃത്തിയില്ല അസ്മാദികള്‍ക്ക്. ഇതാണ് നമ്മുടെ സമൂഹം വന്നുപെട്ടിരിക്കുന്ന വിഷമവൃത്തം. തെറ്റിനെ തെറ്റെന്നു പറയാന്‍ വയ്യാത്തതുകൊണ്ട് തിരുത്തലുകള്‍ നടക്കില്ല, ന്യായീകരണങ്ങളിലേ രമിക്കാന്‍ പറ്റൂ. (വിദ്യാഭ്യാസ മന്ത്രിയെ ഇക്കാര്യത്തില്‍ സമ്മതിക്കുന്നു. അദ്ദേഹം ഇത് പാഠ്യപദ്ധതിയില്‍ വിവരിക്കുന്ന ‘വിമര്‍ശനാത്മക ബോധന’മൊന്നുമല്ല, തന്നെ തന്നെ കുപ്പിയിലിറക്കാനുള്ള തരവഴിയാണെന്ന് തിരിച്ചറിഞ്ഞ് ആദ്യമേ മാപ്പു പറഞ്ഞു. ഇതാദ്യത്തെ പ്രാവശ്യമല്ലല്ലോ വിദ്യാഭ്യാസമേഖലയില്‍ കുറച്ചുപേര്‍ ‘തന്‍ പിള്ളയെ താന്‍ തീനി’യായി പ്രത്യക്ഷപ്പെടുന്നത്)

വിമര്‍ശനാത്മക ബോധനത്തിന് ഊന്നല്‍ നല്‍കുന്ന പാഠ്യപദ്ധതിയ്ക്കു തന്നെ വിരുദ്ധമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന അടഞ്ഞ ചോദ്യങ്ങള്‍ . അതുപോട്ടേ, അപ്പോള്‍ മേഴ്സിരവിയ്ക്ക് പത്രങ്ങള്‍ നല്‍കിയ പ്രാധാന്യത്തെ വിവാദവിഷയമാക്കിയെന്നതോ ക്രിമിനലുകളെ ഹീറോ ആക്കിയ പത്രത്തിനെതിരെ ഒളിയമ്പെയ്യുന്നു എന്നുള്ളതോ രാഷ്ട്രീയപ്രതിയോഗികള്‍ക്കെതിരെ സമ്മിതി നിര്‍മ്മാണമുണ്ടാക്കാന്‍ (?) ചോദ്യപ്പേപ്പര്‍ എന്ന മാധ്യമത്തെയും ഉപയോഗിച്ചു എന്നതോ മാത്രമല്ല പ്രശ്നം. അവ തുഞ്ചം മാത്രമേ ആകുന്നുള്ളൂ. പരസ്പരബന്ധിതമായ കെടുകാര്യസ്ഥതകള്‍ ഒഴുക്കി വിടുന്നതത്രയും മാലിന്യങ്ങളാണ്. അതുകൊണ്ട് ഒരു തരത്തില്‍ ചോദ്യപ്പേപ്പര്‍ വിവാദം നന്നായി എന്നു പറയണം. ചില ശ്രദ്ധകള്‍ ചിലയിടങ്ങളിലേയ്ക്ക് പതിപ്പിക്കാന്‍ വിവാദങ്ങള്‍ കൊണ്ടു മാത്രമേ കഴിയുള്ളൂവെങ്കില്‍ അങ്ങനെ. കള പറിഞ്ഞില്ലെങ്കിലും കളകള്‍ ഉണ്ടെന്നെങ്കിലും മനസ്സിലാവട്ടെ. അത്രയെങ്കിലുമാവട്ടെ.

റഫ :
*എല്ലാ സ്കൂള്‍ അധികാരികളും കുറ്റവാളികളാണെന്ന് അഭിപ്രായമില്ല. പക്ഷേ രസീതുപോലുമില്ലാത്ത പണപ്പിരിവ് പരീക്ഷയുടെ പേരില്‍ നടത്തുന്നത് അളിഞ്ഞ ഏര്‍പ്പാടു തന്നെയാണ്.
** മലയാളം ചോദ്യപ്പേപ്പറുകളെയാണ് ഉദാഹരണങ്ങള്‍ക്ക് പ്രധാനമായും അവലംബിച്ചിരിക്കുന്നത്

October 24, 2009

ഇറക്കമോ കയറ്റമോ എന്നറിയാതെ ഒറ്റപ്പെട്ടു.*



അവസാനത്തെ ഒരു പോസ്റ്റ് ഒഴിച്ചു നിര്‍ത്തിയാല്‍ ജ്യോനവന്റെ പൊട്ടക്കലം എന്നു പേരുള്ള ബ്ലോഗിലെ കവിതകള്‍ക്ക് കമന്റുകള്‍ അധികം കിട്ടിയിട്ടില്ല. ഏറി മറിഞ്ഞാല്‍ പതിനഞ്ച്.. താരതമ്യേന കൂടുതല്‍ കമന്റുകള്‍ കിട്ടിയിട്ടുള്ളത് ‘പല്ലിക്കാട്ടം’ പോലെ വാചാലമായ രാഷ്ട്രീയധ്വനിയുള്ളതും സാമാന്യബോധവുമായി രാജിയാവുന്നതുമായ കവിതകള്‍ക്കാണ്. അതല്ല യഥാര്‍ത്ഥത്തില്‍ ജ്യോനവന്റെ കവിതകളുടെ സ്വഭാവം. ഭൂരിപക്ഷം കവിതകള്‍ക്കും ലഭിച്ചിരിക്കുന്ന കമന്റുകളില്‍ ഒന്നുപോലും കവിതകളുടെ ഉള്ളുകള്ളികളിലേയ്ക്കോ അവയുടെ അനുഭവസാകല്യത്തിലേയ്ക്കോ നോട്ടമയക്കുന്നവയല്ല. തലോടലിനപ്പുറം അങ്ങനെ ഒരു മുഖ്യോദ്ദേശ്യം അവ ഒരിക്കലും ഏറ്റെടുക്കുന്നില്ല. കാരണം വ്യക്തമാണ്. ജ്യോനവന്റെ കവിതകള്‍ ‘മനസ്സിലാവുന്നില്ല’ എന്നു പൊതുവേ പറയാവുന്ന ഗണത്തില്‍പ്പെടുന്നവയാണ്. കവിതയിലെ ഭാഷ കുറുകി കുറുകി സംസാരം തന്നോടു മാത്രവും തന്റെ മനോനിലയുടെ സ്ഥായിയും ആകുന്നതാണ് പലപ്പോഴും ‘മനസ്സിലാകായ്ക’ എന്നു നാം വിളിക്കുന്ന സംഭവം. വ്യാപകമായി മനസ്സിലാവണമെങ്കില്‍ ചില ഒത്തുതീര്‍പ്പുകള്‍ക്കു കവി തയ്യാറാവണം. അങ്ങനെ ചെയ്യാന്‍ ജ്യോനവന്‍ ആഗ്രഹിക്കാത്തതിനു കാരണം എന്ത് എന്ന് നമുക്കിപ്പോള്‍ ചോദിക്കാം. ഒരു ചെറിയ വൃത്തത്തിനുള്ളില്‍ ജീവിക്കാനിഷ്ടപ്പെട്ടിരുന്ന വ്യക്തിയാണ് അദ്ദേഹം. അത് അദ്ദേഹം ഇഷ്ടപ്പെട്ട കവിതകളുടെയും തത് കര്‍ത്താക്കളുടെയും ഒരു വൃത്തമായിരുന്നു. അതില്‍ മുഖ്യമായും ഉണ്ടായിരുന്നത് താന്‍ തന്നെയും പിന്നെ സ്വന്തം വായനയില്‍ നിന്ന് ഉയിര്‍ത്ത അക്ഷരപ്രകൃതിയുമായിരുന്നു. ജ്യോനവന്റെ കവിതയിലെ പ്രകൃതിയെ നിശ്ചയിച്ചത് അദ്ദേഹത്തിന്റെ കവിതാവായനയുടെ ഏടുകളാണ്. പലതരം അനുഭവങ്ങളില്‍ ഒന്നാണ് പുസ്തകാനുഭവവും. പുസ്തക പരിചയം ജീവിതാനുഭവമായതുകൊണ്ടു മാത്രം ജീവന്‍ വയ്ക്കുന്ന സങ്കല്‍പ്പമാണ്, വിശപ്പിനെ ഒരു കോമയാവുന്നത്, ഒട്ടിയ വയറുള്ള ഉടല്‍ വളഞ്ഞ മനുഷ്യനെ അര്‍ദ്ധവിരാമമാവുന്നത് (വിശപ്പ് എപ്പോഴും ഒരു കോമ) എന്നു മനസ്സിലാക്കാന്‍ ഒരു പാട് ദൂരം സഞ്ചരിക്കേണ്ടതില്ല. ജ്യോനവന്റെ കവിതയിലെ ബിംബങ്ങള്‍ ഒരു ഫോട്ടോ പകര്‍പ്പിന്റെ ഓര്‍മ്മയാണ് പലപ്പോഴും ഉണര്‍ത്തുന്നത്. പ്രകൃതിക്കാഴ്ചകളെ നേരിട്ട് അഭിമുഖീകരിച്ചുകൊണ്ടല്ല അദ്ദേഹത്തിന്റെ കവിത സംസാരിക്കുന്നത്. കവിതകള്‍ക്കു ചുറ്റും നിഴല്‍ വിരിച്ചു നില്‍ക്കുന്നത് പുസ്തകങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ലോകമായതുകൊണ്ടല്ലേ അങ്ങനെ? അങ്ങനെയത് ഏകാന്തവും സ്വകാര്യവുമായ ഒരു വൃത്തത്തിന്റെ ലോകമായി പരിണമിക്കുന്നു. പുസ്തകങ്ങളില്‍ നിന്ന് ജീവിതം കണ്ടെടുക്കുന്നതിനുള്ള ഒരു തെളിവ് കുറ്റബോധത്തിന്റെ സ്വരത്തില്‍ ജ്യോനവന്‍ ഏറ്റു പറയുന്ന ഈ വാക്യത്തിലുണ്ട്.

-“ചിഹ്നങ്ങളുടെ ശരീരഭാഷയെ അതിമനോഹരമായി അവതരിപ്പിച്ച ഈ ലാപുഡീയന്‍ കവിതയുടെ ഒരു പാരഡിയായി മാത്രം കണ്ടാല്‍ മതി. വിഷയദാരിദ്ര്യം കൊണ്ടാണ്‌. മാപ്പ്”- (വിശപ്പ് എപ്പോഴും ഒരു കോമ) സത്യത്തില്‍ ഇത്തരമൊരു മാപ്പു പറച്ചില്‍ ജ്യോനവന്‍ ആരോടാണ് നടത്തുന്നത്? തന്നോടു തന്നെ. താന്‍ എഴുത്തുകാരനായിരിക്കുകയും താന്‍ തന്നെ വായനക്കാരനാവുകയും ഈ എഴുത്തുകാരനും ഈ വായനക്കാരനും ഒരുപോലെ മറ്റു കവിതകളുടെ വായനക്കാര്‍ ഒരേ സമയം ആയിരിക്കുകയും ചെയ്യുന്ന ഒരു സാങ്കല്‍പ്പിക ഘടനയിലെ അംഗങ്ങളായിരുന്നുകൊണ്ടാണ് ജ്യോനവന്റെ കവിത ആത്മനിഷ്ഠമായ ഭാഷ സംസാരിച്ചത്. നിസ്സാരമെന്നു തോന്നാമെങ്കിലും നവീന്‍ ജോര്‍ജ്ജ് എന്ന പേരിനെ ജ്യോനവന്‍ എന്നു നവീകരിക്കുന്നതിലുള്ള മുഖം മൂടിനിര്‍മ്മാണവും വാക്കുകള്‍ വച്ചുള്ള കളിയും ചേര്‍ന്ന സര്‍ഗാത്മകതയാണ് സത്യത്തില്‍ ജ്യോനവന്റെ കാവ്യജീവിതം. കവിതകള്‍ ഉടനീളം ഈ പ്രത്യേകതയെ ഉള്ളടക്കുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ ഇത് ലക്ഷ്യം കണ്ടെത്തിയ ഒരു കാവ്യപ്രകടനപത്രികയാകുന്നു. ചില ഉദാഹരണങ്ങള്‍ ഇങ്ങനെ : “കേടായ കോടതി/ഇ'ട'പോയ കോതി!” “നാടകം കണ്ടു/നാട് അകം പിരിച്ചുകണ്ടു;/അകത്തിവച്ചൊരു 'അ'/കലപിരിഞ്ഞൊരക്ഷരം!” “'മരി'ക്കുമെന്നുറപ്പുണ്ട്./എന്നാലും;/വള്ളി മാറ്റിയിട്ട്/'രമി'ക്കുമെന്നുമാത്രം/ഒരുറപ്പുമില്ല! ” ചരിത്രത്തിനും ചാരിത്ര്യത്തിനുമിടയിലെ പ്രശ്നത്തെ ‘ദീര്‍ഘസ്വരാധിക്യ പ്രതിസന്ധി!’യായിട്ടാണ് അദ്ദേഹം കാണുന്നത്. വീണവായിച്ചുകൊണ്ടിരുന്ന മുയലുകളുടെ മുകളില്‍ കാത്തു നില്‍ക്കുന്ന, തലയില്‍ മുണ്ടിട്ട ചക്കകളെ വരയ്ക്കുന്ന കവിതയ്ക്ക് നല്‍കിയ പേര് ‘ഉന്ന’മനം എന്നാണ്. വിജാഗിരിയെപ്പറ്റിയുള്ള കവിതയുടെ പേര് ‘വിചാരഗിരി’എന്നാണ്. "കാല്‍നടയാത്രക്കാരാ എന്നിലേയ്ക്കാണെങ്കില്‍‌ /എന്നില്‍‌ നിന്നാണെങ്കില്‍‌ " എന്ന് സീബ്ര എന്ന രക്തസാക്ഷിയില്‍ . ഭാഷാപരമായ കളികള്‍ക്ക് വല്ലാത്തൊരു ആത്മനിഷ്ഠതയുണ്ട്. അയ്യപ്പപ്പണിക്കരുടെ ‘കം തകം.. പാതകം എന്ന നേന്ത്രവാഴക്കൊലപാതക കവിത ക്ഷണിച്ചു വരുത്തിയ വിമര്‍ശനങ്ങള്‍ അതിന്റെ കടുത്ത ആത്മനിഷ്ഠസ്വഭാവത്തിന്റെ ചൂണ്ടുപലകകളാണ്. പെട്ടെന്നാരും ശ്രദ്ധിക്കാത്ത കാര്യമാണത്. സത്യത്തില്‍ അത്രയൊന്നും കാല്‍പ്പനികനല്ലാത്ത എന്നാല്‍ കുറച്ച് അകാല്‍പ്പനികനായ അയ്യപ്പപ്പണിക്കര്‍ പേശീദാര്‍ഢ്യമുള്ള സ്വന്തം കവിത്വത്തെ സാമാന്യജനത്തിന്റെ വിമര്‍ശനബോധത്തിന് ബലി നല്‍കിക്കൊണ്ട് (സ്വയം ചീത്തപ്പേരു വാങ്ങിച്ചുകൊണ്ട്) കവിതയ്ക്കു വേണ്ടി അര്‍പ്പിച്ച ചില ധീരമായ നീക്കങ്ങളാണ് ‘കം തകം...’ പോലുള്ള പരീക്ഷണകവിതകളുടെ നിര്‍മ്മാണത്തിനു പിന്നിലുള്ളത്. പ്രണയം തീര്‍ത്തും സ്വകാര്യമായ അനുഭവമായതുകൊണ്ടാണ് സമൂഹം എപ്പോഴും പ്രണയങ്ങള്‍ക്ക് എതിരാവുന്നതെന്ന് ഒരു സിദ്ധാന്തമുണ്ട്. ജ്യോനവന്റെ കാര്യത്തില്‍ വാക്കുകളുടെ തിരിമറികള്‍ , അക്ഷരങ്ങളുടെ കളിപ്പാട്ടങ്ങളുമായി സ്വയം രമിച്ച് ഒറ്റയ്ക്കിരിക്കുന്ന ഒരു കുട്ടിയുടെ ചിത്രം ഉണര്‍ത്തുന്നു. ഒരര്‍ത്ഥത്തില്‍ എല്ലാ കളികളും പ്രതീകാത്മകമായ ആഗ്രഹപൂര്‍ത്തീകരണമാണെന്ന് മനശ്ശാസ്ത്രം പറഞ്ഞു തന്നിട്ടുണ്ട്. അങ്ങനെ അദ്ധ്വാനത്തിനെതിര്‍ നില്‍ക്കുന്ന കളികളില്‍ ഏര്‍പ്പെട്ട് ഉള്‍വലിഞ്ഞ് ഒരാള്‍ എഴുതാന്‍ ഇരിക്കുന്ന അരണ്ടവെളിച്ചമുള്ള മുറിയാണ് ജ്യോനവന്റെ കയ്യെഴുത്തുകള്‍ . പൊട്ടക്കലം ആ നിലക്ക് ശക്തമായ ഒരു രൂപകമാണ്. തനിക്ക് എത്തേണ്ടിടത്ത് എത്തുവാനുള്ള മുനമ്പിനെക്കുറിച്ചുള്ള ആശങ്ക ആ വാക്കില്‍ ഖനീഭവിച്ചു നില്‍പ്പുണ്ട്.

അപ്പോള്‍ മുഖംമൂടി?. നേരത്തേ പറഞ്ഞ ‘പല്ലിക്കാട്ടം’ പോലെ പെട്ടെന്ന് മനസ്സിലാവുന്നതരം (കൂട്ടത്തില്‍ പറയാം, ജ്യോനവന്റെ കവിതയ്ക്കിണങ്ങുന്ന വഴിയായിരുന്നില്ല അവയ്ക്ക്) കവിതകളും കവിതകളിലുടനീളം ചിതറിക്കിടക്കുന്ന ഭാഷാകലവികളും മാറ്റി വച്ചാല്‍ പെട്ടെന്ന് പിടിച്ചെടുക്കാന്‍ സാധ്യമല്ലാത്തതരം അവ്യക്തഭാഷണങ്ങള്‍ കവിതകളില്‍ ചോരപൊടിഞ്ഞ് ബാക്കിയാവുന്നുണ്ടെന്നു കാണാം. മുറിഞ്ഞു വീണ ചെവിയോട് അതിലിരുന്ന ചെമ്പരത്തി പൂവ് എന്തിനെന്നെ ഒറ്റികൊടുത്തു എന്നു ചോദിക്കുന്ന ഒരു കവിതയുണ്ട്. ഭ്രാന്ത് എന്നാണ് അതിനു കവി നല്‍കുന്ന പേര്. വാന്‍‌ഗോഗിന്റെ മുറിഞ്ഞ ചെവിയെ, ചെവിയില്‍ പൂചൂടുന്ന വിശേഷപ്പെട്ട സാംസ്കാരിക ഘടനയിലേയ്ക്ക് ചിരിയുണ്ടാകുന്ന വിധം എടുത്തു ചേര്‍ത്തിരിക്കുകയാണ് കവി. ഇതിലെ ചിരി ആശയ്ക്കു തീരെ വക നല്‍കുന്നതല്ല. താരതമ്യേന കുറഞ്ഞ നഷ്ടക്കാരന്‍ , കൂടിയ നഷ്ടക്കാരനെ കുറ്റപ്പെടുത്തുന്നതാണല്ലോ അതിലെ പ്രതിപാദ്യം. മറുപടി ഇല്ല. ‘ഛേദിക്കപ്പെട്ട്, വീണു പോയ, ഒറ്റി’ തുടങ്ങിയ വാക്കുകള്‍ നല്‍കുന്ന ആക്രാമകമായ ഒരന്തരീക്ഷത്തില്‍ തീര്‍ത്തും ആശയവിനിമയം അസാധ്യമായ ഒരവസ്ഥയെ ഈ ചെറിയ കവിത പ്രതിഫലിപ്പിക്കുന്നു. അടുത്തടുത്തിരിക്കുന്ന രണ്ടു വാക്കുകള്‍ കാട്ടി തന്നിട്ട്, ‘മരിക്കും’ എന്നുറപ്പുണ്ട് എന്നാല്‍ ‘രമിക്കാന്‍ ’ കഴിയുന്നില്ലെന്ന് നിസ്സഹായമാവുന്ന കവിതയിലും കടന്നു വരുന്നത് ഒരു സ്തംഭനാവസ്ഥയാണ്. ‘നിശ്ചലതടാകത്തില്‍ ഈശ്വരനാല്‍ എറിയപ്പെട്ട ഒരു കല്ല്, ആഴത്തിലേയ്ക്ക് പോകുംതോറും ഞാന്‍ നിശ്ശബ്ദനായി’ എന്ന ജിബ്രാന്‍ കവിതയുടെ നിഴലില്‍ വച്ച് പരിശോധിച്ചാല്‍ ജ്യോനവന്റെ ‘അടക്ക’ത്തിന്റെ നോവ് അനുഭവിക്കാം. ‘താണുപോകുന്ന കല്ലുകള്‍ക്ക് , കല്ലറകളെക്കുറിച്ച് നല്‍കപ്പെടുന്ന ഉറപ്പിന്റെ റീത്തുകളാണ് ഓളങ്ങള്‍ ’ എന്നാണ് ‘അടക്കം’ പറയുന്നത്. ആത്മീയമായ ഉന്നതിയെയും പാകതയെയുമാണ് ജിബ്രാന്‍ ലക്ഷ്യമാക്കുന്നതെങ്കില്‍ ജ്യോനവന്റെ കവിത തീര്‍ത്തും ഭൌതികവും അങ്ങേയറ്റം നിശ്ശബ്ദവുമായ മാരകമായ ഒരു നിലവിളിയാണ്. ഇതേ നിലവിളിയാണ് ‘ജീവിച്ചിരിക്കുന്നതിനെക്കുറിച്ചുള്ള ബദ്ധപ്പെടലുകളി’ലുമുള്ളത്. അക്ഷരങ്ങള്‍ക്കിടയിലെ തന്റെ ജീവിതത്തെക്കുറിച്ച് പതിവില്ലാത്ത വിധം ജ്യോനവന്‍ വാചാലനാവുന്ന കവിതയാണത്. സ്വാഭാവികമായി തന്നെ കവിതയിലെ ചിന്തനകള്‍ ചെന്നെത്തി നില്‍ക്കുന്നത് മരണത്തിലും !

ഏകാകിയും ആത്മലീലാപരനുമായ ഒരു എഴുത്തുകാര ബിംബവും അതിനുള്ളില്‍ ദാരുണമായ അവസ്ഥകളാല്‍ ചുറ്റപ്പെട്ട ഒരു വ്യാകുലമുഖവും ചേര്‍ന്നാണ് ജ്യോനവന്റെ കവിതകളുടെ അന്തരീക്ഷം തീര്‍ക്കുന്നത് എന്നാണ് പറഞ്ഞു വന്നത്. കവിതകള്‍ ഈ ഛായാപടങ്ങളെ ഇടയ്ക്കിടെ പരസ്പരം വച്ചു മാറുന്നുണ്ട്. ആര് ഏത് എന്ന തീര്‍പ്പിനെ അനിശ്ചിതത്വത്തിലാക്കിക്കൊണ്ട്. ആ നിലയ്ക്ക് പൊട്ടക്കലം എന്ന പേര് വെറും വിനയത്തിന്റെ മാതൃകയല്ലെന്നും നിരാലംബമായ ഒരവസ്ഥയുടെ പ്രതീകമാണെന്നും വരാം. ജ്യോനവന്റെ കവിതകളിലെമ്പാടും ചിതറിക്കിടക്കുന്ന സൂചകങ്ങള്‍ മരണാഭിമുഖമായ ഇരുണ്ട ഒരവസ്ഥയെ കോര്‍ത്തിണക്കുന്നതുപോലെ. ചിഹ്നങ്ങള്‍ക്ക് പലപ്പോഴും കേവലമായ ഒരര്‍ത്ഥത്തില്‍ ചെന്നു വിശ്രമിക്കുക എന്ന പതിവില്ല. കവിതയിലെ ചിഹ്നങ്ങള്‍ എന്തിനെ ചൂണ്ടുന്നു എന്ന കാര്യത്തില്‍ ഒരു യോജിപ്പിലെത്തിക്കൊണ്ട് പ്രത്യക്ഷത്തിലെ ‘മനസ്സിലാകായ്കയെ’ നമുക്ക് ഒരു കരയിലെത്തിക്കാം. പക്ഷേ ‘കാന്റും പ്ലാറ്റിപ്പസും’ എന്ന പുസ്തകത്തിലെ ‘ഓണ്‍ ബീയിംങ്’ എന്ന പ്രബന്ധത്തില്‍ ഉംബെര്‍ട്ടോ എക്കോ ചോദിച്ചതു പോലെ ‘ഈ ചിഹ്നങ്ങളെ സൃഷ്ടിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നത് എന്താണ് ‘ എന്നു ജ്യോനവന്റെ കവിതകളിലേയ്ക്ക് നോക്കി ചോദിക്കാനാഞ്ഞാല്‍ ഒരു നടുക്കം നമ്മെ വന്ന് തൊട്ടേയ്ക്കും. പ്രത്യേകിച്ചും ഇപ്പോള്‍ .


*ജ്യോനവന്റെ കവിതയിലെ ഒരു വരി

ചിത്രം : www.pbase.com/alexlim/image/83617228

October 19, 2009

രാത്രികള്‍ നീണ്ടു നീണ്ടു പോകവേ..



പഞ്ചാബിന്റെ തെക്കുപടിഞ്ഞാര് ഭാഗത്ത് മുസാഫര്‍ഗഢ് ജില്ലയില്‍ തികച്ചും ഒറ്റപ്പെട്ടു കിടക്കുന്ന പാകിസ്താന്‍ ഗ്രാമമാണ് മീര്‍വാല. പരിഷ്കാരം ഒട്ടും വന്നിട്ടില്ല. ആണ്‍‌കുട്ടികള്‍ മതവിദ്യാഭ്യാസം നേടും. അത്യാവശ്യം ഓതാന്‍ പഠിച്ച പെണ്‍കുട്ടികള്‍ കുട്ടിക്കാലം മുതല്‍ക്ക് വീടുപരിപാലിക്കാന്‍ വീട്ടിലെ മുതിര്‍ന്ന സ്ത്രീകളില്‍ നിന്നു പഠിക്കും. ഭര്‍ത്താവിനു കോപം ഉണ്ടാക്കാതെ, കുടുംബത്തിനു മാനക്കേടുണ്ടാക്കാതെ ജീവിക്കേണ്ടതെങ്ങനെ എന്ന അഭ്യാസമാണ് പാരമ്പര്യവഴിക്ക് പെണ്‍‌കുട്ടികള്‍ക്ക് നാനിമാരില്‍ നിന്നും മൂത്തവരില്‍ നിന്നും മറ്റും ലഭിക്കുക. എഴുത്തോ വായനയോ പഠിക്കേണ്ട ആവശ്യം അവര്‍ക്കില്ല. അമ്മമാര്‍ പറയുന്നതാണ് മക്കളുടെ പ്രായം, അല്ലാതെ ഓരോരുത്തരുടെയും വയസ്സറിയാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. രജിസ്ട്രാര്‍ ആപ്പീസുകളില്ല. ഓര്‍ക്കാപ്പുറത്ത് അവിടെ നാലാം ക്ലാസുകാരിയും വിവാഹിതയാവും. തൊട്ടടുത്ത പോലീസ് സ്റ്റേഷന്‍ തന്നെ മൂന്നു കിലോമീറ്റര്‍ ദൂരെയാണ്. ആളുകള്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ പോലീസ് സ്റ്റേഷനുകളില്‍ പോകാറില്ല. പകരം ജിര്‍ഗ എന്നു പേരുള്ള ഗ്രാമസഭകളെയാണ് ആശ്രയിക്കാറ്. മുല്ല തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കുന്നു. ഈ ഗ്രാമമാണ് 2002 ജൂണ്‍ 22നു രാത്രി നടന്ന കുപ്രസിദ്ധമായ ഒരു സംഭവത്തോടെ ലോകശ്രദ്ധയില്‍ കറ്റന്നു കയറിയത്. മീര്‍വാലയിലെ കര്‍ഷകജാതിയായ ഗുജ്ജാര്‍ വംശത്തിലെ പതിനൊന്നു വയസ്സുള്ള ഒരു പയ്യന്‍ , ഷക്കൂര്‍ ജാതിയില്‍ ഉയര്‍ന്ന മസ്തോയി ഗോത്രത്തിലെ സല്‍മ എന്ന യുവതിയോട് -അവള്‍ക്ക് പ്രായം 20-നു മേലെയുണ്ട്- സംസാരിച്ചതിന്റെ പേരില്‍ മസ്തോയികള്‍ക്ക് മേല്‍ക്കൈയുള്ള ഗ്രാമസഭ വിചിത്രമായ ഒരു തീരുമാനമെടുത്തു. ഗുജ്ജാര്‍ കുടുംബത്തിലെ ഒരു സ്ത്രീ, ഷക്കൂര്‍ ചെയ്ത തെറ്റിനു പകരമായി മസ്തോയി കുടുംബത്തിലെ ആണുങ്ങളെ അഭിമുഖീകരിക്കണം എന്ന്. മസ്തോയികള്‍ ഷക്കൂറിനെ കെട്ടിയിട്ടിരിക്കുകയാണ്. ഇല്ലെങ്കില്‍ അവരവനെ കൊല്ലും. ഗുജ്ജാറുകളുടെ കുടുംബം മുഴുവന്‍ കുളം തോണ്ടുക മാത്രമല്ല കേറി നിരങ്ങുകയും ചെയ്യും. അത്രപ്രബലരാണ് മസ്തോയികള്‍ .

പിഴയൊടുക്കാനായി തെരെഞ്ഞെടുക്കപ്പെട്ടത് നശിച്ച ഒരു വിവാഹജീവിതത്തിനു ശേഷം മോചനം നേടി വീട്ടു ജോലിയും കുട്ടികളെ സൌജന്യമായി ഖുര്‍ ആന്‍ ചൊല്ലിപഠിപ്പിക്കലുമായി കഴിഞ്ഞു പോന്ന ഒരു സാധു സ്ത്രീയെയാണ്. പേര് മുഖ്താരന്‍ ബീബി‍. കുട്ടികളുടെ മുഖ്താര്‍ മായി. ഷക്കൂറിന്റെ മൂത്ത സഹോദരി. അവര്‍ സ്വന്തമായി ഒരു തെറ്റും ചെയ്തിരുന്നില്ല. എന്നിട്ടും ഒരാള്‍ക്കൂട്ടത്തെ സാക്ഷി നിര്‍ത്തി, സ്വന്തം കുടുംബാംഗങ്ങളെ പിന്തുടര്‍ന്ന് തലകുനിച്ച് ജിര്‍ഗ്ഗയ്ക്കടുത്തുള്ള ഒരു തൊഴുത്തിന്റെ മുന്നില്‍ ചെന്നു നില്‍ക്കേണ്ടി വന്നു, അവര്‍ക്ക്. കൂട്ടബലാത്സംഗത്തിന് അറിഞ്ഞു കൊണ്ട് ഇരയാവാന്‍ .

ഈ ദേഹം, കുഴഞ്ഞുപോകുന്ന കാലുകള്‍ എന്റേതല്ല..എന്റെ ബോധം നശിക്കാന്‍ പോവുകയാണ്. നിലത്തേയ്ക്ക് വീഴാന്‍ പോവുകയാണ്. പക്ഷേ എനിക്കതിനുള്ള അവസരം കിട്ടുന്നില്ല- അവര്‍ കശാപ്പുചെയ്യാനുള്ള ആടിനെ എന്നപോലെ എന്നെ വലിച്ചിഴയ്ക്കുകയാണ്. പുരുഷന്മാരുടെ കൈകള്‍ എന്റെ കൈകളില്‍ ചുറ്റി വരിഞ്ഞിരിക്കുകയാണ്. വസ്ത്രങ്ങളില്‍ പിടിച്ചു വലിച്ച് ഷാളില്‍ , എന്റെ മുടിയില്‍ ....
ഖുര്‍ ആന്റെ പേരില്‍ എന്നെ വെറുതേ വിടൂ ... എന്ന് ഞാന്‍ അലറി വിളിച്ചു. പടച്ചവനെ വിചാരിച്ച് എന്നെ വിടൂ...


അവിടെ വച്ച് ഗുലാം ഫരീദ് ജാട്ട് എന്ന ഗുജ്ജാര്‍ കര്‍ഷകന്റെ മകള്‍ , മുപ്പതു വയസ്സുള്ള മുഖ്താരന്‍ ബീബി, അബ്ദുള്‍ ഖാലിക്ക്, ഗുലാം ഫരീദ്, അള്ളാ ദിത്ത, മുഹമ്മദ് ഫൈസ് എന്നീ അക്രമസ്വഭാവികളും മുഷ്കരന്മാരുമായ നാലു മസ്തോയികളാല്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ഗ്രാമം മുഴുവന്‍ തൊഴുത്തിന്റെ അടഞ്ഞ വാതിലിനു മുന്നില്‍ സാക്ഷി നില്‍ക്കേ. അതു ഒരു മണിക്കൂര്‍ നേരത്തേയ്ക്കായിരുന്നോ രാത്രി മുഴുവന്‍ പീഡനം നീണ്ടു നിന്നോ എന്നവര്‍ക്ക് ഓര്‍മ്മയില്ല. എന്നിട്ടവര്‍ അര്‍ദ്ധനഗ്നയായ മുഖ്താരനെ പുറത്തെ ആള്‍ക്കൂട്ടത്തിനു മുന്നിലേയ്ക്കു പിടിച്ചു തള്ളി. പിന്നി കീറിയ സാല്‍‌വാര്‍ മുഖത്തെറിഞ്ഞു. സാല്‍‌വാറും മാനക്കേടും മാറോടു ചേര്‍ത്തു പിടിച്ച് മുഖ്താര്‍ ബാപ്പയെ വിളിച്ചു കരഞ്ഞു. അദ്ദേഹം അവള്‍ക്ക് തന്റെ ഷാള്‍ ഇട്ടു കൊടുത്തു.

എങ്ങോട്ടാണ് പോകുന്നതെന്ന് യാതൊരു ബോധവുമില്ലാതെ ഞാന്‍ നടന്നു. സഹജപ്രേരണയാല്‍ എന്റെ കുടുംബവീടു തന്നെയായിരുന്നു ലക്ഷ്യം.
വീടിനു പുറത്ത് ഉമ്മയിരുന്നു കരയുന്നുണ്ടായിരുന്നു. സ്തബ്ധയും മൂകയുമായി മറ്റു സ്ത്രീകളാല്‍ നിശ്ശബ്ദമായി അനുഗമിക്കപ്പെട്ട് ഞാനവരെ കടന്നു നടന്നുപോയി. സ്ത്രീകള്‍ക്കായുള്ള താമസസ്ഥലത്തെ മൂന്നു മുറികളിലൊന്നില്‍ കടന്ന് ഞാന്‍ ഒരു വൈക്കോല്‍ മെത്തയില്‍ ചുരുണ്ടുകൂടി.
മനസ്സിനും ശരീരത്തിനും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാത്ത ഭീതിയിലേക്ക് എന്റെ ജീവിതം തകര്‍ന്നടിഞ്ഞു. ഇത്രത്തോളം അക്രമം സാധ്യമാണെന്ന വിചാരം എനിക്കില്ലായിരുന്നു. ഞങ്ങളുടെ ദേശത്ത് പിതാവിന്റെയും മുതിര്‍ന്ന സഹോദരന്റെയും സംരക്ഷനയില്‍ കഴിയുന്നത് ശീലമായ എല്ലാ സ്ത്രീകളെയും പോലെ ഞാനുമൊരു സാധുവായിരുന്നു
.”

അപമാനത്തിനു വിധേയയായ സ്ത്രീയ്ക്ക് ആത്മഹത്യയാണ് ശരണം. അതെല്ലാവര്‍ക്കും അറിയാം. അല്ലെങ്കില്‍ തീര്‍ത്തും അസാധ്യമായ കാര്യമുണ്ട്, പ്രതികാരം. മാനത്തിന്റെ പേരില്‍ ഒരു സ്ത്രീ ഇതിലേതെങ്കിലും ചെയ്യണം. ഉണ്ണുകയോ ഉറങ്ങുകയോ ചെയ്യാത്ത ഏകാന്തവാസത്തിന്റെ നാലാമത്തെയോ അഞ്ചാമത്തെയോ ദിവസം തന്റെ കണ്ണുകളില്‍ നീരുറയുന്നത് താന്‍ അറിഞ്ഞു എന്നവര്‍ പറയുന്നു. അവര്‍ ജീവിക്കാന്‍ തീരുമാനിച്ചു. ഷക്കൂറിന്റെ കാര്യം ഒരു ചതിയായിരുന്നു മസ്തോയികള്‍ സത്യത്തില്‍ അവനെ പ്രകൃതിവിരുദ്ധവേഴ്ച നടത്തിയിട്ട് അതു മൂടാന്‍ ഒപ്പിച്ച സൂത്രമാണ് സല്‍മയുമായുള്ള സംസാര കഥ, അതു പിന്നെ മാനഭംഗശ്രമവും ബലാത്സംഗവുമാക്കി ഗ്രാമത്തില്‍ പ്രചരിപ്പിച്ചു. പകരത്തിന് അവന്റെ സഹോദരിയെ അവര്‍ കൂട്ട ബലാത്സംഗത്തിനു വിധേയയാക്കി. അവനെ വിട്ടു കൊടുക്കാന്‍ പിന്നെ പണവും നല്‍കേണ്ടി വന്നു. രണ്ടു തരത്തില്‍ അവര്‍ അങ്ങനെ വിജയിച്ചു. ബലാത്സംഗത്തിന്റെ വര്‍ണ്ണനകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവര്‍ തന്നെ താന്‍പോരിമയോടെ വെടിവട്ടങ്ങളില്‍ വിളമ്പി.

തനിക്കു സംഭവിച്ചത്, ഗ്രാമങ്ങളില്‍ സാധാരണ സംഭവിച്ചുകൊണ്ടിരിക്കുന്നത് പോലീസില്‍ പറയാന്‍ മുഖ്താരന്‍ തീരുമാനിച്ചതോടെയാണ് കഥമാറുന്നത്. എഴുത്തും വായനയുമറിയാത്ത സ്ത്രീയെക്കൊണ്ട് വെള്ളപ്പേപ്പറില്‍ ഒപ്പിട്ടു വാങ്ങിച്ചിട്ട് മസ്തോയികള്‍ക്ക് അനുകൂലമായി പോലീസ് റിപ്പോര്‍ട്ടെഴുതിയിട്ടും പ്രാദേശികപത്രത്തില്‍ വന്ന ഒരു വാര്‍ത്തയുടെ ചുവടുപിടിച്ച് മനുഷ്യാവകാശപ്രവര്‍ത്തകരും മറ്റു പത്രങ്ങളും മുഖ്താരിനെ തേടിയെത്തിയതോടെ കാര്യങ്ങള്‍ മസ്തോയികളുടെ സ്വാധീനത്തിലും ശക്തിയിലും വരുതിയിലും നില്‍ക്കാതെയായി. എന്നിട്ടും ഭീഷണികള്‍ വന്നു. ജില്ലാഭരണകൂടത്തിന്റെ ചോദ്യം ചെയ്യലും വൈദ്യപരിശോധനയും നടന്നതോടെ സംഭവം ദേശീയശ്രദ്ധ നേടി. പാകിസ്താനില്‍ ബലാത്സംഗം നടന്നെന്നു തെളിയിക്കാന്‍ നാലു സാക്ഷികള്‍ വേണം. അതും മതനിഷ്ഠയുള്ള നാലു ആണുങ്ങള്‍ . അതു മാത്രമല്ല കുഴപ്പം. ബലാത്സംഗം കണ്ടു നിന്നാല്‍ അതും ജയില്‍ ശിക്ഷയ്ക്കുള്ള വകുപ്പാണ്. അതായത് ബലാത്സംഗം നടന്നു എന്ന് നാലുപേര്‍ നല്‍കുന്ന മൊഴി കോടതി വിശ്വാസത്തിലെടുത്താലുടന്‍ നാലു സാക്ഷികളും അകത്താവും. അതു കണ്ടു നിന്ന കുറ്റത്തിന്. അതുകൊണ്ട് സാക്ഷികള്‍ ഇക്കാര്യത്തിന് ഒരിക്കലും ഉണ്ടാവാന്‍ പോകുന്നില്ല എന്നതാണ് പതിവ്. പക്ഷേ മായിയുടെ കാര്യത്തില്‍ വൈദ്യപരിശോധന തെളിവായി സ്വീകരിച്ച് 2002 ആഗസ്റ്റ് 31-ന് ജില്ലാകോടതി പ്രതികളായ നാലുപേര്‍ക്കും ജിര്‍ഗയിലെ അംഗങ്ങളെന്ന നിലയ്ക്ക് ദുഷ്പ്രേരണ നടത്തിയ രമ്സാന്‍ , ഫെയ്സ എന്നിവര്‍ക്കും വധശിക്ഷ വിധിച്ചു. ഒപ്പം അന്‍പതിനായിരം രൂപ പിഴയും. പക്ഷേ വിധി നടപ്പായില്ല. ലാഹോറിലെ ഹൈക്കോടതി കുറ്റം ആരോപിക്കപ്പെട്ടവരെയല്ലാം നിര്‍ദ്ദോഷികളാക്കി വെറുതേ വിട്ടു. ഒരാളെ മാത്രം ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

‘വെറുതേ വിടല്‍ ’പ്രസിഡന്റ് മുഷാരഫിനെ കണ്ട് റദ്ദാക്കിക്കാന്‍ മുഖ്താറിനു കഴിഞ്ഞു.എങ്കിലും മാനത്തിന്റെ പേരില്‍ ഉചിതമായ നീതി - അതിപ്പോഴും അവര്‍ കാത്തിരിക്കുകയാണ്. ഭരണകൂടം കനിഞ്ഞു നല്‍കിയ സുരക്ഷാഏര്‍പ്പാടുകളുടെ തണലില്‍ . പാകിസ്താനിലെ വിവിധ എംബസ്സി വക്താക്കളിലൂടെ, വനിതാ മനുഷ്യാവകാശസംഘങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ, അവരുടെ ഐക്യദാര്‍ഢ്യങ്ങളിലൂടെ, ലോകമെങ്ങും അറിയപ്പെടുന്ന ധീരതയായി മാറി, മായി. ഇന്ന് എഴുത്തും വായനയും അറിയാത്ത മുഖ്താരന്‍ , പ്രാദേശികഭാഷയായ സരായ്കി മാത്രം സംസാരിക്കുന്ന മുഖ്താര്‍ മായി, മീര്‍വാലയില്‍ നല്ല രീതിയില്‍ നടക്കുന്ന ഒരു സ്കൂളിന്റെ പ്രിന്‍സിപ്പാളും നടത്തിപ്പുകാരിയുമാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നു തന്നെ തേടിയെത്തിയ സഹായങ്ങളെ അവര്‍ അങ്ങനെയാണ് രാജ്യത്തിന്, തന്റെ ഗ്രാമത്തിന്, അവിടത്തെ പെണ്‍കുട്ടികള്‍ക്ക് ഉപയുക്തമാക്കി മാറ്റിയത്. അവര്‍ ജീവിതം ദുരന്തമായ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കി. രാജ്യാന്തരയാത്രകള്‍ നടത്തി. പത്രസമ്മേളനങ്ങളില്‍ പങ്കെടുത്തു. പരിഷ്കാരം എത്തിനോക്കാത്ത ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ടുപോകുന്ന മാനാപമാനങ്ങളെപ്പറ്റി, അവയത്ര നിസ്സാരമല്ലെന്നതിനെപ്പറ്റി പ്രസിഡന്റിനോട് പ്രാദേശികഭാഷയില്‍ സംസാരിച്ചു. പാകിസ്താനിലെ വിവിധഗ്രാമങ്ങളില്‍ നിന്ന് കണ്ണീരിന്റെയും പീഡനത്തിന്റെയും കഥകളുമായി സ്ത്രീകള്‍ അവര്‍ക്കരികിലെത്തുന്നു. അവര്‍ പേടി സ്വപ്നങ്ങള്‍ വിട്ട് മുഖ്താരന്റെ മുറിയില്‍ നിലത്തുറങ്ങുന്നു. തലങ്ങും വിലങ്ങും കിടന്ന്. ചില സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ അടിക്കാനോങ്ങുമ്പോള്‍ ധൈര്യത്തോടെ പറയുന്നു : “നോക്കിക്കോ ഞാന്‍ പോയി മുഖ്താര്‍ മായിയോടു പറയും!”

രാജ്യത്തെ നാണം കെടുത്തുന്നു എന്നതിന്റെ പേരില്‍ ഭരണകൂടം പുറത്തുപോകുന്നതില്‍ നിന്നും വിദേശപ്രതിനിധികളോട് സംസാരിക്കുന്നതില്‍ നിന്നും വിലക്കിയ ഈ സ്ത്രീ ലജ്ജയുടെയും മാനത്തിന്റെയും പേരില്‍ “എല്ലാം അമര്‍ത്തിയൊതുക്കുന്ന പഴയ ഗോത്രജീവിതരീതിയെ ചെത്തിക്കളഞ്ഞ് പുതിയ പാകിസ്താന്റെ ഉദയത്തെ സഹായിക്കുകയാണ്.” എഴുതുന്നത് നിക്കളോസ് ഡി ക്രിസ്റ്റോഫ്. മേരി തെരേസ്ക്യൂനി ഫ്രെഞ്ചില്‍ പകര്‍ത്തിയെഴുതിയ മുഖ്താര്‍ മായിയുടെ കഥയുടെ ലിന്‍ഡ കവര്‍ഡേല്‍ വിവര്‍ത്തനം ചെയ്ത ഇംഗ്ലീഷ് പതിപ്പിന്റെ ആമുഖത്തില്‍ (In the name of Honour). 'മാനത്തിന്റെ പേരില്‍ ‍’ എന്ന തലക്കെട്ടില്‍ പുസ്തകം മലയാളത്തിലാക്കിയത് സി ശകുന്തള.

October 15, 2009

മൂന്നാംകരയിലേയ്ക്ക് തുഴയെറിയുമ്പോള്‍



ഗദ്യത്തിന്റെ വായനാഭംഗികള്‍ക്കുള്ള ചെലവ് കവിതയുടെ അക്കൌണ്ടില്‍ നിന്നു വേണോ എന്ന ചോദ്യത്തിന് ഇപ്പോള്‍ മുന്‍പില്ലാത്തവിധം കരുത്തുണ്ട്. കാവ്യാത്മകമല്ലാത്ത ഗദ്യമാണ്, പുതിയ വെല്ലുവിളി. എന്നാലും ഏതുകലയും സംഗീതമാവാന്‍ ഉദ്യമിക്കുന്നത് അതിന്റെ ബാഹ്യരൂപത്തില്ലല്ല എന്നതുപോലെ കവിതയുമായുള്ള അതിരു തര്‍ക്കങ്ങള്‍ മറ്റു സാഹിത്യകലകള്‍ ഉപേക്ഷിക്കുന്നത് കുറച്ചുകൂടി അഗാധമായ തലത്തില്‍ വച്ചല്ലേ എന്നാണു സംശയം. തൊട്ടറിയാവുന്ന വാസ്തവങ്ങളുടെ പരാവര്‍ത്തന ചുമതല നേരിട്ട് ഏറ്റെടുക്കാത്തതിനാലായിരിക്കും കവിതയുടെ നേര്‍ക്ക് പലപ്പോഴും നെറ്റികള്‍ ചുളിഞ്ഞത്. അല്ലെങ്കിലതിന്റെ വക്രോക്തിമര്യാദകളിലും സംഗ്രഹണസ്വഭാവത്തിലും മനം മടുത്തിട്ട്. എന്നാല്‍ സൂചകങ്ങളും ധ്വനികളുമായി പുറപ്പെട്ടു വരുന്നതുകൊണ്ട് കൂടുതല്‍ കാലത്തേയ്ക്ക് കൂടുതല്‍ ഇടങ്ങളിലേയ്ക്ക് കൂടുതല്‍ സമയത്തേയ്ക്ക് അവയുടെ സഞ്ചാരം നീണ്ടുകൊണ്ടിരിക്കുമെന്നതിനാല്‍ , കേവലമൂല്യങ്ങളെക്കാള്‍ വികാരസത്യങ്ങളെയാണ് പ്രധാനമായും ആസ്പദമാക്കുന്നത് എന്നതിനാല്‍ , സ്ഥലബദ്ധമായി കെട്ടിപ്പിടിച്ച് ചുരുണ്ടുകൂടുന്ന വാക്കുകള്‍ കാലത്തിന്റെ കൂടി പ്രതിനിധികളാണെന്നതിനാല്‍, ഏതു സാഹിത്യത്തിനുള്ളിലും -ഓര്‍മ്മക്കുറിപ്പുകളില്‍ പോലും- കവിതയ്ക്ക് സന്നിഹിതിയുണ്ടെന്ന് പറഞ്ഞുകൂടേ, അലങ്കാരഭംഗിയോടെ തന്നെ?

കവിയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ കവിത കലരുന്നതിന്റെ സ്വാഭാവികതയെ ന്യായീകരിക്കാനായെഴുതിയതല്ല. നല്ല കവിത, നല്ല സിനിമ, നല്ല ചിത്രം, നല്ല കല എന്നിങ്ങനെ പല നിലകളില്‍ പല ഇടമായി അറിയുന്ന ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളെല്ലാം സാക്ഷാത്താക്കുന്നത് ‘തുടക്കവും ഒടുക്കവും ഇല്ലാത്ത നടുക്ക’ത്തെയാണെന്ന് എന്നു പറഞ്ഞുകൊണ്ടാണ് ‘കവിതയുടെ കാട്ടില്‍ കൊല്ലുന്ന ജന്തുക്കളില്ല’ എന്ന കുറിപ്പില്‍ കെ ജി ശങ്കരപ്പിള്ള കവിതയെ സാധൂകരിക്കുന്നത്. ഹിംസയുടെ റിപ്പബ്ലിക്കുകള്‍ കാലാകാലം പുറത്തു കടത്താന്‍ കാത്തിരുന്ന ജാഗ്രതകള്‍ക്കെല്ലാം കവിതയെന്ന വിളിപ്പേരു ചേരും. കവിതയ്ക്കും മനുഷ്യാവകാശത്തിനും തമ്മിലുള്ള ബന്ധത്തെ ശ്രീലങ്കന്‍ ഇംഗ്ലീഷ് കവി ബാസില്‍ ഫെര്‍ണാണ്ടോയുടെ കവിതകളിലൂടെയും ചെയ്തികളിലൂടെയും കെ ജി എസ് ഉദാഹരിക്കുന്നുണ്ട്. (കവിതയും മനുഷ്യാവകാശവും) കവിതയെഴുതുക മാത്രമല്ല ബാസില്‍ ചെയ്യുന്നത് സുപ്രീം കോടതിവരെ പോയി കേസുകള്‍ നടത്തുകയും നീതിബോധത്തെ ഒരാവശ്യമായി നിലനിര്‍ത്തുകയും ചെയ്തു. മനുഷ്യത്വം മരവിക്കുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന ഇടങ്ങളെക്കുറിച്ചാണ് കെ ജി ശങ്കരപ്പിള്ളയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം -‘ദൂരത്ത്’ കൂടുതലും ഉത്കണ്ഠപ്പെടുന്നത്. ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നതിനെപ്പറ്റി. ശ്രീലങ്കയിലും സിക്കിമിലും കുറുവ ദ്വീപിലും ചൈനയിലും ഉജ്ജയിനിയിലും പാകിസ്താനിലും ഒരേ ആവൃത്തിയില്‍ ചലിക്കുന്ന മനുഷ്യനോവുകളെക്കുറിച്ച് കുറിപ്പുകള്‍ അസാധാരണമായ ഒതുക്കത്തോടെ വിതുമ്പുന്നു. പ്രത്യാശയുടെ വെളുത്ത ആകാശങ്ങളെ സര്‍ഗാത്മകതയില്‍ തിരയുന്നു. പാകിസ്താനിയായ കവി അഫ്സല്‍ അബ്ബാസും ശ്രീലങ്കയിലെ ബാസിലും ഹിന്ദി കവി ചന്ദ്രകാന്ത് ദേവ്‌താലയും പോളണ്ടുകാരിയായ സംവിധായിക അന്ന പൊളാക്കും അങ്ങനെ നിറയുന്നതാണ്.

ഓര്‍മ്മകള്‍ യാത്രയെക്കുറിച്ചുള്ളതും കൂടിയാണ്. എം വി ടിപ്പുസുല്‍ത്താന്‍ എന്ന കപ്പലില്‍ ലക്ഷദ്വീപിലേയ്ക്ക്. രംഗനോടും ദാസനോടും ഒപ്പം ബംഗലൂരിലേയ്ക്ക്. ശ്രീലങ്ക, നേപ്പാള്‍ ‍, ചൈന.. കടമ്പനാട്. കൊച്ചിയിലെ മാധവിക്കുട്ടിയുടെ അമ്പാടി അപ്പാര്‍ട്ട്മെന്റ്. ഭൌതികമായല്ലാതെ ഷെക്സ്പിയറിന്റെ ബിര്‍നാം വനം, ഇറാക്ക്, പോളോന്നെറുവ.. തുടങ്ങുന്നിടത്തു തന്നെ ചുറ്റി ചുറ്റി അവസാനിക്കുന്ന സഞ്ചാരഗാഥകളുടെ ഒരു വിഷമവൃത്തം ഏതുയാത്രയും ഉള്ളടക്കിയിട്ടുണ്ടെന്ന തത്ത്വവിചാരം നേര്‍ത്ത നര്‍മ്മത്തോടെ ‘ബംഗലൂരിലേയ്ക്ക്’ എന്ന കുറിപ്പിന്റെ അവസാനം കാണാം. ചൈനയിലെ പുരാതന മഹാഭീമന്‍ വന്മതിലിനു മുകളില്‍ മഴയെ കൂസാതെ ആലിംഗനബദ്ധരായി നിന്ന പ്രണയജോഡി തികവുറ്റ കാവ്യബിംബമാണ്. മതിലുകള്‍ക്ക് അപ്പുറമെത്തിയവരുടെ. അസ്തമയ സൌന്ദര്യത്തെ മറയ്ക്കാന്‍ എത്തുന്ന ബോറന്‍ മേഘങ്ങളെ അവഗണിക്കാം, കപ്പലിന്റെ പിന്മുനമ്പില്‍ ഇരുകളും വിടര്‍ത്തി നിന്ന് പറവയുടെ സ്റ്റില്‍ ആയി. ഏതു ദുരന്തത്തിന്റെ ഇടയിലും ‘വീണ്ടെടുക്കാനാവാത്ത വിധം ഒന്നും നഷ്ടമായിട്ടില്ലെന്ന പ്രത്യാശയുടെയും പ്രതിരോധത്തിന്റെയും ഒരു ബദല്‍ ബലതന്ത്രം സംസ്കാരത്തില്‍ എന്നും പ്രവര്‍ത്തന നിരതമാണെന്ന’ പാഠമാണ് ഈ യാത്രകളുടെ ആത്യന്തികമായ സാരാംശം.

ബ്ലോഗെഴുത്തുള്‍പ്പടെയുള്ള കാലികമായ വ്യവഹാരരീതികളിലേയ്ക്കെല്ലാം നോട്ടമയക്കുന്നുണ്ട് കുറിപ്പുകള്‍ . ചിത്രകലയും സിനിമയും പ്രവാസി അനുഭവങ്ങളും മലയാളം സൈറ്റുകളും പരാമര്‍ശവിധേയമാകുന്നു. കഡുഗണ്ണാവയിലെ വൃദ്ധസന്ന്യാസിയുടെ തളം കെട്ടിയ ഓര്‍മ്മയില്‍ നിന്ന് പുതിയകാലത്തിന്റെ ബ്ലോഗുകളിലേയ്ക്ക്, സിന്‍‌ബാദിന്റെ യാത്രാ പിടിവാശികളില്‍ നിന്ന് നഗരത്തില്‍ പുഞ്ചിരിച്ചുകൊണ്ടു തുഴയുന്ന പുതിയ തിമിംഗലങ്ങളിലേയ്ക്ക്, കടമ്പനാട്ടെ തുറസ്സുകളില്‍ പാഞ്ഞു നടന്ന മുയലുകളില്‍ നിന്ന് യന്ത്രകൂടുകളിലടച്ച ഉറക്കം തൂങ്ങുന്ന പുതിയ ശീമ മുയലുകളിലേയ്ക്ക്, കയറാന്‍ മരങ്ങളില്ലാത്ത തലമുറയ്ക്ക് കയാറാന്‍ അതിലും ഉയരമുള്ള കമ്പ്യൂട്ടറിലെ കളിക്കളങ്ങളിലേയ്ക്ക് ഒക്കെ അയക്കുന്ന നോട്ടങ്ങളിലൂടെയാണ് കുറിപ്പുകള്‍ കാലികതയെ ഉള്ളടക്കുന്നത്. അനുകമ്പയുടെയും ആത്മശുദ്ധിയും ശീലമാക്കിയ ഒരുവന്‍/ഒരുവള്‍ വൈരുദ്ധ്യങ്ങളുടെ ഈ ലോകവുമായി സ്ഥിരമായ ഒരകലം പുലര്‍ത്തേണ്ടതുണ്ടെന്ന പരിവ്രാജകമായ രുദ്രാക്ഷതിരിച്ചില്‍ ശീര്‍ഷകത്തിലുണ്ടോ എന്നു സംശയിക്കാവുന്നതാണ്. അടുപ്പത്തിന്റെ നന്മയ്ക്ക് മിഴിവുകൂട്ടുന്ന ചെറുദൌത്യമുണ്ടാവും, ഏതു ദൂരത്തിനും. ആര്‍പ്പുവിളിച്ചുകൊണ്ടുള്ള ഘോഷയാത്രയില്‍ നിന്നകന്നു നില്‍ക്കുന്ന ആത്മശുദ്ധിയുടെയും അനുകമ്പയുടെയും വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധത്തിന്റെയും സ്ഥൈര്യങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ഈ ലോകത്തെ ജീവിക്കാന്‍ കൊള്ളാവുന്നതാക്കി തീര്‍ക്കാന്‍ കഴിയുക? രക്തം തെറിച്ച ശിരസ്സുമായി തലകുലുക്കുന്ന പ്രേതാത്മാക്കളെ നോക്കി ആത്മാലാപനങ്ങളില്ലാതെ പുഞ്ചിരിക്കാന്‍ കഴിയുക?
-----------------------------------------
ദൂരത്ത്
(ഓര്‍മ്മക്കുറിപ്പുകള്‍ )
കെ ജി ശങ്കരപ്പിള്ള
ഗ്രീന്‍ ബുക്സ്
വില : 65 രൂപ

October 11, 2009

രണ്ടുപേര്‍ ചുംബിക്കുമ്പോള്‍



കാരക്കോണം സി എസ് ഐ മെഡിക്കല്‍ കോളേജിലെ നേഴ്സിംഗ് വിദ്യാര്‍ത്ഥിനി ഗ്രീഷ്മയുടെ മരണത്തിനു തൊട്ടു പിന്നാലെ മറ്റൊരു ആത്മഹത്യ കൂടി നടന്നിരുന്നു. അതും ഒരു സ്വാശ്രയകോളേജ് വിദ്യാര്‍ത്ഥി. കുറ്റിച്ചല്‍ ലൂര്‍ദ്ദ് മാതാ എഞ്ചിനീയറിംഗ് കോളേജിലെ എസ് എ ലത്തീഫ്. സംഭവം നടന്നതും ഏതാണ്ട് അടുത്തടുത്ത സ്ഥലങ്ങളില്‍ . എന്നിട്ടും ഗ്രീഷ്മയുടെ മരണത്തിനു ലഭിച്ച വാര്‍ത്താപ്രാധാന്യവും അധികാരികളുടെ ശ്രദ്ധയും രണ്ടാമത്തെ മരണത്തിനു കിട്ടിയില്ല. അതിന് അത്ര ആശാസ്യമല്ലാത്ത ഒരു കാരണം ആദ്യത്തേത് ഒരു പെണ്‍കുട്ടിയായിരുന്നു എന്നതാണ്. മരണത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്ന സിദ്ധാന്തം കേരളം ഇപ്പോള്‍ തുടരുന്ന സംരക്ഷണ ലിംഗനീതിയുടെ കാര്യത്തില്‍ പ്രസക്തമല്ല. സ്വാശ്രയമാനേജുമെന്റുകളെ ചൂണ്ടുവിരല്‍ തുമ്പില്‍ നിര്‍ത്താന്‍ കിട്ടിയ ഒരവസരത്തെ രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ രണ്ടാമത്തെ മരണത്തിനു പിന്നാലെയും നമ്മുടെ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിനും മാധ്യമപ്പടകള്‍ക്കും ഓടാമായിരുന്നു. രണ്ടു മരണങ്ങളും ഒന്നിച്ചെടുത്തുകൊണ്ട് നാടകീയമായ രംഗങ്ങള്‍ തീര്‍ക്കാമായിരുന്നു. നമ്മുടെ നാട്ടിലെ സ്വാശ്രയവിദ്യാലയങ്ങളിലെ സ്ഥിതി ഇതാണെന്ന് അടുത്തടുത്തുള്ള രണ്ടു സംഭവങ്ങളെ ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുമ്പോള്‍ ആരും മൂക്കത്തു വിരല്‍ വച്ചു പോയേനേ. വിവാദങ്ങള്‍ കൊഴുത്തേനേ. അതവര്‍ കളഞ്ഞു കുളിച്ചു. ഗ്രീഷ്മയുടെ മരണത്തെ തുടര്‍ന്ന് രക്ഷാകര്‍ത്താക്കളായി കാട്ടിക്കൂട്ടിയതെല്ലാം വിദ്യാര്‍ത്ഥി സംഘടനകള്‍ക്കാകെ കളങ്കം വരുത്തി വച്ച ഒരു പ്രവൃത്തിയായിപ്പോയി. ഇടതും വലതും വര്‍ഗീയവുമായ എല്ലാം കൂടി ഒത്തൊരുമയോടെച്ചേര്‍ന്ന് എന്തായിരുന്നു ബഹളം! അര്‍ദ്ധരാത്രിയില്‍ തന്നെ വിദ്യാഭ്യാസസ്ഥാപനത്തിലേയ്ക്ക് മാര്‍ച്ച്. സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്ക്. കൂട്ടയടി. പരിക്ക്. മാധ്യമപ്രവര്‍ത്തകരും ഇത്തവണ വിദ്യാര്‍ത്ഥിനേതാക്കള്‍ക്കൊപ്പം മര്‍ദ്ദനം പങ്കിട്ടു. കൂട്ടത്തില്‍ സമരത്തിനിടയ്ക്ക് ഒരു അദ്ധ്യാപകനും കിട്ടി, സ്കൂള്‍വിദ്യാര്‍ത്ഥിയുടെ അമിതാവേശത്തിന്റെ വക കരണത്തടി! വിദ്യാര്‍ത്ഥി ഐക്യത്തിന്റെ ഒരു ശുഷ്കാന്തി! മരണകാരണം വ്യക്തിപരമാണെന്ന് തെളിയാന്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞതോടെ ഒറ്റയ്ക്കും തെറ്റയ്ക്കും തട്ടൊഴിഞ്ഞു. ആടു കിടന്നിടത്ത് പൂടപോലും ഇല്ലാത്ത സ്ഥിതിയായി. ഇനി അധികം കനം വയ്ക്കാത്ത ശബ്ദത്തില്‍ അവിടെയും ഇവിടെയുമായി ചില ഓലിയിടലുകള്‍ , ന്യായീകരണങ്ങള്‍ ... അതും നിലയ്ക്കും, ആരും ശ്രദ്ധിക്കുന്നില്ലെന്നു വരുമ്പോള്‍ .

വിവേകങ്ങളെ മാറ്റി വച്ചുകൊണ്ടുള്ള കാപട്യത്തിലൂടെയാണ് നമ്മുടെ ‘പുരോഗമനസമൂഹം’ മുന്നേറുന്നത്. എന്തു സത്യസന്ധതയാണ് ഒരു മരണത്തിനു പിന്നാലേ അരങ്ങേറുന്ന അക്രമങ്ങള്‍ക്കു പിന്നിലുള്ളത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന രജനിയുടെ മരണവും അനുബന്ധ അക്രമങ്ങളും സമരങ്ങളും സമൂഹത്തെ ഏതെങ്കിലും തരത്തില്‍ മാറ്റിയോ? മരണമാണ് പ്രതിഷേധഹേതുവെങ്കില്‍ അതിനു കാരണമായ സാമൂഹികസാഹചര്യത്തെക്കുറിച്ചല്ലേ യഥാര്‍ത്ഥത്തില്‍ വേവലാതിപ്പെടേണ്ടത്? അതിനു പകരം ഞങ്ങള്‍ അക്രമമുണ്ടാക്കിയതും പഠിപ്പു മുടക്കിയതും ഒരു പ്രത്യേകലക്ഷ്യം വച്ചാണെന്നും മരണകാരണം അതല്ലെന്നു തെളിഞ്ഞതു കൊണ്ട് ഞങ്ങള്‍ വീട്ടില്‍ പോകുന്നു എന്നുമാണ് നമ്മുടെ യുവജനവിദ്യാര്‍ത്ഥി സംഘടനകള്‍ ഇക്കാര്യത്തില്‍ എടുത്ത നിലപാട്. അദ്ഭുതം തോന്നേണ്ടത് ഇപ്പോഴാണ്. സ്വാശ്രയസ്ഥാപനങ്ങള്‍ മാത്രമല്ല, ഫ്യൂഡല്‍ കാലത്തില്‍ നിന്നുണരാതെ പുലര്‍ന്നുപോകുന്നവയാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തന്നെ. അതിനു സര്‍ക്കാര്‍ -സര്‍ക്കാറിതര എന്നു വ്യത്യാസമില്ല. പഠിച്ചതേ പാടൂ എന്നുള്ളതുകൊണ്ട് ‘അന്ധരെ അന്ധര്‍ നയിപ്പൂ’ എന്നു പറഞ്ഞതുപോലെയാണ് അവിടങ്ങളിലെ ഭരണസംവിധാനം . ഒപ്പം വീട്ടില്‍ നിന്നും കൂടി അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ എടുത്താല്‍ പൊന്താത്തവിധമാക്കി തീരുന്ന ജീവിതങ്ങള്‍ക്ക് മരണം മാത്രമാണ് അഭയം . വ്യക്തി അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ ഏതെങ്കിലുമൊരു വിള്ളലിലൂടെ ആത്മഹത്യയായി പുറത്തു വരുന്നു എന്നു വച്ചാല്‍ ഒരുപാട് ജീവിതങ്ങളെ തലോടിക്കൊണ്ട് പര്യാപ്തമായ കാരണങ്ങള്‍ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന നിലയില്‍ നമുക്കിടയില്‍ നില നില്‍ക്കുന്നുണ്ടെന്നര്‍ത്ഥം. വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യാതെ കടന്നുപോകുന്ന ഏതു ദിവസമാണ് നമ്മുടെ മുന്നിലുള്ളത്? പത്രങ്ങളിലെ ഒബിച്വറി പേജുകളിലൂടെ കണ്ണോടിക്കുക. അച്ചടിമഷി പുരളാന്‍ ഭാഗ്യമില്ലാതെപോകുന്നവ എത്ര ! മരണകാരണങ്ങളെ ഒറ്റത്തടിയില്‍ കൊണ്ടു ചെന്നു കെട്ടുന്നത് പലപ്പോഴും യുക്തിക്കു നിരക്കുന്ന പരിപാടിയല്ല. എങ്കിലും സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ ഏതെങ്കിലുമൊരു രാഷ്ട്രീയലക്ഷ്യത്തില്‍ ചെന്നു കുടുക്കി തൊലിപ്പുറം മിനുക്കി താത്കാലികമായി സമാധിയടയുകയും അടുത്ത അവസരത്തിനായി കൊതിയോടെ കൂടുതല്‍ അക്രമാസക്തമായി കാത്തിരിക്കുകയും ചെയ്യുന്ന സാമൂഹികപരിണാമം അഭിമാനിക്കാന്‍ ഒരു വകയും തരുന്നില്ല.

പാകിസ്താനിലെ മീര്‍വാലഗ്രാമത്തില്‍ പ്രാകൃതമായ ഗോത്രനീതിയുടെ പേരില്‍ കൂട്ടബലാത്സംഗത്തിനിരയായ മുക്താരന്‍ (മുഖ്താര്‍ മായി) തന്റെ പുസ്തകത്തിലെഴുതി* : “ഇവിടെ ഒരു യുവതിയ്ക്കും പ്രണയത്തെക്കുറിച്ചു ചിന്തിക്കാനോ താനാഗ്രഹിക്കുന്ന പുരുഷനെ വിവാഹം ചെയ്യാനോ ഉള്ള അവകാശമില്ല. വളരെ പ്രബുദ്ധമായ കുടുംബങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് അവരുടെ രക്ഷിതാക്കളുടെ തീരുമാനം അംഗീകരിക്കേണ്ട ബാധ്യതയുണ്ട്. അതുകൊണ്ട് അവര്‍ ജനിക്കുന്നതിനു മുന്‍പു തന്നെ തീരുമാനമെടുത്താല്‍ എന്താണ്?” സ്വന്തം താത്പര്യമനുസരിച്ച് ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ ‘വളര്‍ത്തുദോഷമുള്ളവളായി’ മുദ്രകുത്തി മാനം രക്ഷിക്കാന്‍ സഹോദരന്മാര്‍ അവളുടെ ഭര്‍ത്താവിനെ കൊന്ന കഥയും കോടതി വെറുതേ വിട്ട ദമ്പതികളെ പുറത്ത് വച്ച് കുടുംബക്കാര്‍ കൊലപ്പെടുത്തിയ കഥയും അവര്‍ എടുത്തെഴുതിയിട്ടുണ്ട്. എഴുത്തും വായനയുമില്ലാത്ത സമൂഹത്തിന്റെ, ജിര്‍ഗകള്‍ ( ഗ്രാമസഭകള്‍ ) വിലപേശലിലൂടെ ന്യായാന്യായങ്ങള്‍ തീര്‍ക്കുന്ന ഗ്രാമീണരുടെ ഇതേ അവസ്ഥയല്ലേ നമ്മുടെ നാട്ടിലും നിലനില്‍ക്കുന്നത്? എന്താണ് വ്യത്യാസം? നമ്മളൊക്കെ നെരൂദയെ വായിച്ചിട്ടുണ്ട്. മസ്തോയികളൊ ഗുജാറുകളോ അതൊന്നും വായിച്ചിരിക്കില്ല. എന്നാലെന്ത്? രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുകയല്ല ‘നാറുകയാണെന്ന്’ എന്ന് അവര്‍ക്കറിയാം, നമുക്കുമറിയാം. അതുകൊണ്ട് മാനത്തിന്റെ പേരില്‍ നാം കുട്ടികളില്‍ കുറ്റബോധം ഊട്ടിയുറപ്പിച്ച് അവര്‍ക്ക് സ്വയം മരണശിക്ഷയ്ക്കുള്ള വഴിയൊരുക്കിക്കൊടുക്കുന്നു. എന്തു വ്യത്യാസം?

തുടക്കത്തിലേയ്ക്ക് തിരിച്ചുപോകാം. സമാനസാഹചര്യങ്ങളില്‍ (പ്രണയമല്ല, അസഹ്യാവസ്ഥയിലുള്ള നൈരാശ്യമാണ് മരണത്തെ പ്രചോദിപ്പിക്കുന്നത്. അത് വ്യക്തിപരമല്ല. തീര്‍ച്ചയായും പരിസരങ്ങള്‍ക്ക് അതില്‍ പങ്കുണ്ട്) മരിച്ച രണ്ടു വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മരണം മാത്രം എങ്ങനെയാണ് സമൂഹത്തിനു ഇളകാനുള്ള കാരണമായി തീരുന്നത്? ലിംഗപരമായ സ്വത്വം തന്നെ. കേരളസര്‍വകലാശാല ഗ്രീഷ്മയുടെ മരണം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ലത്തീഫിന്റെ മരണം അന്വേഷിക്കാന്‍ ആരാണാവോ?പെണ്‍കുട്ടികളുടെ രക്ഷയെക്കരുതി സ്കൂളുകളില്‍ ഇപ്പോള്‍ പ്രിന്‍സിപ്പാള്‍മാര്‍ കണ്‍‌വീനറായി എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍ നോട്ടത്തില്‍ പ്രാദേശികജാഗ്രതാസമിതികള്‍ രൂപീകരിച്ചു വരുന്ന കാലമാണ്. പെണ്‍‌കുട്ടികളുടെ മേല്‍ രണ്ടല്ല, നാലു കണ്ണും തുറന്നുപിടിക്കാന്‍ സന്നദ്ധമാവുന്നു സമൂഹം. അവരെ ഒരു തരത്തിലും വെറുതേ വിടാന്‍ നാം ഉദ്ദേശിക്കുന്നില്ലെന്ന്. കൊള്ളാം. പെണ്‍കുട്ടികളുടെ സദാചാരത്തിന്മേല്‍ തുറുകണ്ണുകളുമായിരുന്ന് ഒരു സമൂഹം ഉന്നതിയിലെത്തുമെങ്കില്‍ എത്തട്ടേ. പക്ഷേ അമിതമായ സംരക്ഷണവ്യഗ്രത, ജീവനുള്ള സത്തകളുടെ സ്വാഭാവിക വളര്‍ച്ചയെ മുരടിപ്പിക്കും എന്നതിനാണ് തെളിവുകള്‍ കൂടുതലുള്ളത് . കൂട്ടത്തില്‍ ഈ വ്യഗ്രത മാനസികരോഗമായി തീരുകയും ചെയ്യും. (ഇതു നോക്കുക) ഉള്ള രണ്ടു കണ്ണും കടം വാങ്ങിയ കണ്ണുകളും കൂടി മറ്റൊരാളെ നോക്കിപേടിപ്പിക്കാന്‍ വിനിയോഗിക്കുന്ന വ്യക്തിയെങ്ങനെ സ്വയം നോക്കും. ഇവരെപ്പറ്റിയാണെന്നു തോന്നുന്നു കുമാരനാശാന്‍ പറഞ്ഞത് “വണ്ടേ നീ തുലയുന്നു, വിളക്കും കെടുത്തുന്നിതേ..” നമ്മുടെ സമൂഹം കൂട്ടത്തോടെ ഞരമ്പുരോഗത്തിന്റെ വഴിയിലേയ്ക്കുള്ള യാത്രയിലാണ്. അതിന്റെ ഒരു അദ്ധ്യായമാണ് കാരക്കോണത്തു കണ്ടത്. അത് ഒരു തുടര്‍ച്ചയാണ്. വേറെയുമുണ്ട്. അസുഖം മൂര്‍ച്ഛിക്കുമ്പോഴെങ്കിലും കാപട്യം കളയുമോ എന്നു മാത്രമേ ചിന്തിക്കാനുള്ളൂ. പക്ഷേ ചിന്ത.. അതെന്താണ് ?

* In the name of Honour
അനു :
പച്ചക്കുതിരയില്‍ ബിന്ദുകൃഷ്ണന്റെ കവിത, അതിഥി.
“......വെയില്‍ മഴ മഞ്ഞെല്ലാം അകത്തു കടന്ന് വിളയാടി
നഗ്നതയില്‍ മൂര്‍ച്ചകള്‍ തറഞ്ഞ്
ആത്മരക്ഷയ്ക്കൊന്നുമില്ലാതെ
ഉള്‍ച്ചൂടില്‍ പൊള്ളിപ്പുറത്തുച്ചാടുമ്പോള്‍
പുറത്തു കാത്തു നില്‍പ്പുണ്ടാവും ചെറു ചിരിയോടെ
വിവേകം.
ഇല്ല, ആദ്യം വിളിച്ചപ്പോള്‍ അവന്‍ കേട്ടിരിക്കില്ല
അവനെപ്പോഴും വൈകിയെത്തുന്നവന്‍. ”

(ഉദ്ധരിച്ചതെന്തിനു വേണ്ടിയായാലും സാന്ദര്‍ഭികമായി പറയട്ടേ.... പ്രണയത്തിനെതിരാണ് ഈ കവിതയും..)

October 4, 2009

മുനയില്ലാത്ത ഒരു ആണിയുടെ പേരില്‍




ഒട്ടകത്തിന് അഭയം കൊടുത്തിട്ട് ഒടുവില്‍ പുറത്തായിപ്പോയ അറബിയെപ്പറ്റിയൊരു കുട്ടിക്കഥയുണ്ടല്ലോ. ശുദ്ധഗതിയും ആശ്രിത വത്സലത്വവും ചിലപ്പോള്‍ സ്വയം പാരയാവും എന്നാണ് ഈ കഥ പറഞ്ഞു വയ്ക്കുന്നത്. ഒട്ടകത്തിന്റെ ഭാഗത്തു നിന്നാണ് നോക്കുന്നതെങ്കില്‍ പ്രായോഗികബുദ്ധി നിശ്ശബ്ദമായി ലക്ഷ്യം നേടുന്നതെങ്ങനെ എന്നും കാണാം. പ്രത്യക്ഷത്തില്‍ സമാനതയുള്ള മറ്റൊരു നാടോടിക്കഥ അറബ് സാഹിത്യത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. ‘മിസ്മര്‍ ഗോഹ’ എന്നാണ് കഥയുടെ പേര്. ‘ഗോഹയുടെ ആണി’ എന്ന് മലയാളത്തിലാക്കാം. മൊറോക്കോയില്‍ ‘ജെഹ’ എന്നാണ് കഥാപാത്രത്തിന്റെ പേര്. പാലസ്തീനിലും സിറിയയിലും ഇയാള്‍ ‘ജുഹ’യാണ്. ഗോഹ ഒരിക്കല്‍ തന്റെ വീട് ഒരു ഉപാധി വച്ചുകൊണ്ട് മറ്റൊരാള്‍ക്ക് വിറ്റു. ഉപാധി ഇതാണ് വീടിനകത്തെ മുറിയില്‍ ഒരാണി തറച്ചിട്ടുണ്ട്. അതിന്റെ ഉടമസ്ഥാവകാശം മാത്രം എപ്പോഴും ഗോഹയ്ക്കായിരിക്കും. സംഭവം തമാശയാണെന്ന മട്ടില്‍ വീടു വാങ്ങിയ ആള്‍ സസന്തോഷം ആ ഉപാധി അനുവദിച്ച് കരാറുണ്ടാക്കി. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഗോഹ വിറ്റവീടിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. തന്റെ ആണിയുടെ സുരക്ഷ പരിശോധിക്കലാണ് ഉദ്ദേശ്യം. ആണി ക്ഷേമത്തില്‍ തന്നെയാണെന്ന് ബോദ്ധ്യപ്പെട്ട് മടങ്ങിയ ആള്‍ വീണ്ടും ആഴ്ചകള്‍ക്കുശേഷമുള്ള ഒരു രാത്രിയില്‍ മടങ്ങി വന്നു. ഇത്തവണ കയ്യില്‍ ഒരു കമ്പിളിപ്പുതപ്പുമുണ്ട്. തണുത്തകാറ്റുള്ളതിനാല്‍ പുതപ്പുകൊണ്ടു മൂടി ആണിയെ സംരക്ഷിച്ചുകൊണ്ട് രാത്രി അവിടെ കഴിഞ്ഞു. തന്റെ അസാന്നിദ്ധ്യത്തില്‍ എന്തും സംഭവിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ആണിയുടെ സുരക്ഷിതത്വം മുന്‍‌നിര്‍ത്തി വിറ്റ വീട്ടില്‍ ഗോഹ സ്ഥിരതാമസമാക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. ഒട്ടകകഥയുടെ പടുതിയല്ല സത്യത്തിലിതിനുള്ളത്. കണ്ടാല്‍ അതുപോലെയിരിക്കുമെങ്കിലും. അതു വഴിയേ..

ഈ കഥ വീണ്ടും പ്രചാരത്തിലായതിനൊരു ചരിത്രമുണ്ട്. ഈജിപ്തില്‍ നിന്നും ഒഴിഞ്ഞു പോകാമെന്നു സമ്മതിച്ച ബ്രിട്ടീഷുകാര്‍ സൂയസ് കനാലിലിന്റെ മേലുള്ള ആധിപത്യം പക്ഷേ തുടരും എന്ന മട്ടില്‍ ഒരു ഉടമ്പടി നിര്‍ദ്ദേശം മുന്നോട്ടു വച്ചപ്പോള്‍ അതിനെ അനുകൂലിച്ച ഈജിപ്തിന്റെ നിലപാടിനെ കളിയാക്കിക്കൊണ്ട് ഫിക്രിഅബ്ബാസ 1950-ല്‍ എഴുതിയ പത്രാധിപക്കുറിപ്പിലാണ് പഴയ അറബി നാടോടിക്കഥയിലെ ‘ഗോഹ’ എന്ന രൂപകം ശക്തമായ രാഷ്ട്രീയധ്വനികളോടെ വീണ്ടും അവതരിച്ചത്. ഫിക്രി ഒരു ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകനായിരുന്നു. ആ കല്‍പ്പന ഈജിപ്തില്‍ മാത്രം തങ്ങുന്നതല്ല. മധ്യപൌരസ്ത്യദേശങ്ങളില്‍ ഉണ്ടായ നിരവധി പാശ്ചാത്യ രാഷ്ട്രീയ ഇടപെടലുകളിലൊക്കെ വന്ന് കുടിയിരിക്കാന്‍ ശക്തമായൊരുതരം ഭാവനയുടെ ഊര്‍ജ്ജം ‘ഗോഹ’യ്ക്ക് ലഭിച്ചിട്ടുണ്ട്. സാംസ്കാരികമായ ആശ്രിതത്വത്തിനെതിരെ അറബ് ലോകം നേരിടുന്ന വെല്ലുവിളികളിലും ഒരു ഗോഹ കുടിയിരിക്കുന്നുണ്ട്. അറബ് വീടുകള്‍ക്കുള്ളില്‍ ഇപ്പോഴും മറ്റാരുടെയൊക്കെയോ പലതരം ആണികള്‍ തറഞ്ഞിരിപ്പാണ്. ഏതു നിമിഷവും അടഞ്ഞു കിടക്കുന്ന വാതിലില്‍ നിന്നും അധികാരസ്വരത്തോടെയുള്ള ഒരു തട്ട് പ്രതീക്ഷിക്കാം.

ഈ വിഷയത്തില്‍ ലേഖനമെഴുതിയ ബാര്‍ബറാ ഹാര്‍ലോ പറഞ്ഞതുപോലെ ഒരു പഴംകഥയ്ക്ക് ആധുനിക സാമൂഹിക സാഹചര്യങ്ങളില്‍ വരുന്ന പലതലങ്ങള്‍ അറബ് ലോകത്ത് മാത്രം, അതും രാഷ്ട്രീയ മേഖലകളിലും സാംസ്കാരികലോകത്തും മാത്രം, ചിറകു വിരിക്കുന്ന ഒന്നാവണമെന്നില്ല. നവചരിത്രവാദത്തിന്റെ വഴിവിട്ട് മാറി നടന്നു നോക്കാം. ഒന്നാലോചിച്ചാല്‍ എത്ര അപരിചിത ആണികള്‍ തറഞ്ഞു നില്‍ക്കുന്ന ചുമരുകളുമായാണ് നമ്മളിങ്ങനെ ശ്വസിച്ചു ജീവിക്കുന്നത് ! ഉടമസ്ഥരാരാണെന്നു പോലും അറിയാത്ത ആണികള്‍ . അല്ലെങ്കില്‍ എത്ര മനസ്സുകളുടെ വാതിലിലാണ് നാം ചെന്നു ആധികാരികതയോടെ ചെന്നു മുട്ടുന്നത്, നമ്മുടെ ആണിയുടെ സുരക്ഷിതത്വം ഉറപ്പാക്കാനെന്ന വ്യാജേന. വിധേയത്വത്തെ ആലങ്കാരികമായ ഭംഗിയോടെയും ഉന്മാദത്തോടെയും കോറിയിട്ട ഷെനെ- സാത്രിന്റെ ഭാഷയില്‍ വിശുദ്ധനായ ഷെനെ- ‘തീവ്സ് ജേണലി’ന്റെ അവസാനം, കഴിച്ചുകൂട്ടിയ ജയില്‍ മുറികളോടു് തന്റെ ശരീരത്തിനുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് തന്റെ ഉള്ളില്‍ തന്നെയുള്ള ഒരു ജയിലിനെ കണ്ടെത്തുന്നു. ബാഹ്യലോകം കെട്ടിയേല്‍പ്പിച്ച ആ ആണി അവിടെയുണ്ടെന്ന തിരിച്ചറിവിലാണ് ഷെനെ അതിസാധാരണത്വത്തില്‍ നിന്നും അസാധാരണത്വത്തിലേയ്ക്ക് നടക്കുന്നത്. (നമ്മുടെ സാധാരണത്വമാകട്ടെ ഉള്ളിലെ ആണികളുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള തിരിച്ചറിവില്ലായ്മയില്‍ നിന്ന് ഉണ്ടാവുന്നതും) മറ്റാരുടെയോ ഉടമസ്ഥതയിലുള്ള ആന്തരികജയിലിനെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വമാണ് അയാളുടെ വിധേയത്വഭാവം. നളിനി ജമീലയും തസ്കരന്‍ മണിയന്‍ പിള്ളയും പൊക്കുടനും മുഖ്താര്‍ മായിയും പറഞ്ഞതെന്തായാലും അതിനുള്ളില്‍ ഒരു ആണിയുടെ സാന്നിദ്ധ്യം അനുഭവേദ്യമാണ്. സമൂഹത്തിന്റെ സദാചാരഭാവങ്ങള്‍ തറച്ചതാണ് അവയെ. തിരിച്ച് അവരുടെ തുറന്നു പറച്ചിലുകള്‍ നമ്മുടെ ഉള്ളില്‍ തറച്ചിരിക്കുന്ന ആണികളെ കാണിച്ചു തരുമ്പോഴും നമ്മള്‍ അസ്വസ്ഥരാവുന്നു. (വീട്) നമ്മുടേത് മാത്രം എന്നു വിചാരിച്ച് നെഞ്ചും വിരിച്ച് നടക്കുന്നതിനിടയിലാണ് അകത്തെ ആണിക്കായി തലകുനിപ്പിക്കത്തക്കവിധത്തില്‍ ആരുടെയോ ഒരു മുട്ട്. സ്പെഷ്യല്‍ റഫറന്‍സിനായി കോഴിക്കോട് സര്‍വകലാശാല നിര്‍ദ്ദേശിച്ച പേരുകള്‍ എന്ന നിലയ്ക്ക് നളിനിയും മണിയന്‍ പിള്ളയും കേട്ടെഴുതിയ ആളിന്റെ രാഷ്ട്രീയം മേല്‍ക്കൈ നേടിയതുകൊണ്ട് രണ്ടാമതൊരു ആത്കഥ തയ്യാറാക്കിക്കൊണ്ട് പൊക്കുടനും കൊടിയ അപമാനത്തെ തുറന്നുപറയാന്‍ തുനിഞ്ഞത് രാഷ്ട്രത്തിന്റെ പേരു ചീത്തയാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണെന്ന വിമര്‍ശനത്തില്‍ മായിയും വീണ്ടും വിവാദത്തിലായതുകൊണ്ടും കൂടി കണക്കിലെടുത്തുകൊണ്ടാണ് ഈ പേരുകള്‍ . ഇതിവിടെ അവസാനിക്കുന്നതൊന്നുമല്ല.

അനു:
നഗരത്തില്‍ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളില്‍ പുതുതായി ചാര്‍ജ്ജെടുത്ത പ്രിന്‍സിപ്പാളിന്റെ പ്രാഥമിക ചുമതല, കുട്ടികളുടെ കൂട്ടുകാരില്‍ നിന്നും തന്ത്രപൂര്‍വം അവര്‍ ശേഖരിച്ചെടുത്ത ആണ്‍‌കൂട്ടുകാരുടെ (അവര്‍ ട്യൂഷന്‍ ക്ലാസുകളില്‍ പഠിക്കുന്നവരോ വീടിനടുത്തുള്ളവരോ തൊട്ടടുത്ത വിദ്യാലയങ്ങളിലെ സമപ്രായക്കാരോ ആരുമാകട്ടെ) പേരു വിവരങ്ങളടങ്ങിയ ലിസ്റ്റു വച്ച് കുട്ടികളെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയുമാണോ? അവരുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി സദാചാരപ്രസംഗം നടത്തി അച്ചടക്ക നിഷ്ഠയില്‍ തനിക്കുള്ള താന്‍ പോരിമ വിളംബരം ചെയ്യലാണോ? വര്‍ഷങ്ങളായി ചുമന്നുകൊണ്ടു നടക്കുന്ന ആ തുരുമ്പിച്ച ആണിയില്‍ പിടിച്ചുകൊണ്ട് ‘അല്ലെന്ന്’ പറയാന്‍ എത്രപേര്‍ക്കാവും? ഉള്ളില്‍ തറച്ചു വച്ചിരിക്കുന്ന ഒരാണിയുടെ പേരില്‍ നമ്മുടെ മനസ്സുകളില്‍ പൊറുതി ആര്‍ക്കും ഏതു സമയവും തുടങ്ങാം എന്നല്ലേ അതിന്റെ അര്‍ത്ഥം.
അധിനിവേശങ്ങള്‍ എത്ര എളുപ്പമാണിക്കാലങ്ങളില്‍ !