April 23, 2021

ഏറ്റവും മനോഹരമായ ആറു നിമിഷങ്ങൾ

 



ആയുധമില്ലാതെ ശത്രുക്കളുടെ ഇടയിൽപെട്ടുപോയ എം ജി ആറിന് കത്തിയെടുത്ത് എറിഞ്ഞുകൊടുത്ത തമിഴനായ കാണിയെപ്പറ്റി വ്യാപകമായി പ്രചരിച്ചിരുന്ന പഴയ തമാശക്കഥയുണ്ട്. സിനിമയിലെയും ജീവിതത്തിലെയും യാഥാർത്ഥ്യങ്ങൾക്കിടയിൽപ്പെട്ടു കുഴങ്ങിപ്പോയ മനുഷ്യനാണ് അയാൾ.  ജീവിതസന്ധിയിൽ നിസ്സഹായനായി പോകുന്ന തന്റെ ആരാധനാപാത്രത്തിന്റെ ജീവൻ രക്ഷിക്കാൻ ഒരു പാവം മനുഷ്യൻ നടത്തിയ ശ്രമമാണ് തിരശ്ശീലയിലേക്കുള്ള ആ  കത്തിയേറ്. ആ പരിഗണനയ്ക്കു പകരം നമ്മുടെ മുന്നിലുള്ളത് യുക്തിബോധം നഷ്ടപ്പെട്ട അയാളുടെ മനസാണ്. ആധിയും കണക്കുകൂട്ടലുംകൊണ്ട് നേരത്തെ തകരാറു പിടിച്ച അത് തിരശ്ശീലയ്ക്കുമുന്നിൽ നിന്ന് കുഴമറിയുകകൂടി ചെയ്തപ്പോൾ ചിരിക്കാനുള്ള മറ്റൊരു വിഭവമായി.  

മരിക്കാനുള്ള തീരുമാനത്തിൽനിന്ന് ടി പദ്മനാഭന്റെ കഥയിലെ ഒരു കഥാപാത്രത്തെ മടക്കിക്കൊണ്ടുവരുന്ന ഒരു ആറാം ക്ലാസുകാരി കണ്ടുമുട്ടുന്നത് പഴയ നഗരത്തിലെ ഒരു സിനിമാതിയേറ്ററിൽ വച്ചാണ്. അവിടെ അപ്പോൾ ഡേവിഡ് ഫരാർ (1908 – 1995) അഭിനയിച്ച ഹോളിവുഡ് ചിത്രമാണ് ഓടിക്കൊണ്ടിരിക്കുന്നത്.  സ്നേഹിക്കുന്ന പെണ്ണിനു വേണ്ടി ചോരചിന്തുവാൻ തയ്യാറായി ചെറുപ്പക്കാർ നിൽക്കുന്നതും ടെക്സാസിലെ വിശാലമായ പുൽമൈതാനങ്ങളിൽ കുതിരകളും പശുക്കളുമോടുന്നതും മനുഷ്യർ വെടികൊണ്ടു വീഴുന്നതും എല്ലാം കണ്ട് അവൾ സ്വാഭാവികമായി പ്രതികരിക്കുന്നു. അതു ജീവിതം തന്നെയെന്നമട്ടിൽ. തമിഴും മലയാളവും കലർന്ന ഭാഷയിൽ സംസാരിക്കുന്നു, പാട്ടു പാടുന്നു, ചോക്കലേറ്റ് പങ്കുവയ്ക്കുന്നു. കഥകൃത്ത് പറയുന്നതുപോലെ ചൈതന്യത്തിന്റെ സ്ഫുരണമാണ് ആ പെൺകുട്ടി.  

ഓർസെൺ വെൽസിന്റെ (1915 – 1985) പൂർത്തിയാക്കാത്ത ഒരു ചലച്ചിത്രദൃശ്യത്തിൽ  സെർവാന്തിസിന്റെ പ്രസിദ്ധ കഥാപാത്രങ്ങളായ ഡോൺ ക്വിക്സോട്ടും (ഡോൺ കിയോത്തേ എന്നും പറയും) സഹചാരിയായ സാഞ്ചോ പാൻസയും പതിനഞ്ചാം നൂറ്റാണ്ടിൽനിന്നിറങ്ങി ഒരു സിനിമാതിയേറ്ററിൽ വന്നിരിക്കുന്ന സന്ദർഭമുണ്ട്. തിയേറ്ററിലെ തിരക്കിൽ ആകെ അന്ധാളിച്ചു നിൽക്കുന്ന സാഞ്ചോ പാൻസയെ പത്തു പതിനൊന്ന് വയസ്സു തോന്നിക്കുന്ന ഒരു പെൺകുട്ടിയാണ് അടുത്തു പിടിച്ചിരുത്തുന്നത്.  അവൾ അയാൾക്ക് ലോലിപോപ്പും കൊടുക്കുന്നു.

അവരിൽനിന്ന് കുറച്ചു മാറി തന്റെ ഊശാൻ താടിയും പഴകിയ പടച്ചട്ടയും തുരുമ്പിച്ച ആയുധങ്ങളുമായി സ്ക്രീനിലെ സംഭവങ്ങളിൽ ബദ്ധശ്രദ്ധനായ നിലയിലാണ് നാം ക്വിക്സോട്ടിനെ കാണുന്നത്.  സിനിമയ്ക്കകത്തെ സിനിമയാണത്. പടയാളികൾക്കിടയിൽപ്പെട്ടുപോയ സുന്ദരിയായ സ്ത്രീയെ കണ്ടമാത്രയിൽ അയാളുടെ പതിവനുസരിച്ച് അയാൾ ചെന്ന് വാളു വീശി. തിരശ്ശീല കഷണങ്ങളായി. വെട്ടിക്കീറിയ തിരശ്ശീലയ്ക്കകത്ത് അയാൾ കാണുന്നത് സ്ത്രൈണസൗന്ദര്യത്തിന്റെ പരിപൂർണ്ണതയെ അഥവാ അയാളുടെ ഭാവനയിൽ തേടിക്കൊണ്ടിരുന്ന ഡുൽസീനിയയെയല്ല, മറിച്ച് ശൂന്യതയെയും ഇരുട്ടിനെയുമാണ്. ഈ ഡുൽസീനിയ അപ്പോൾ സാഞ്ചോ പാൻസയ്ക്കൊപ്പമിരുന്ന് ലോലിപ്പോപ്പ് നുണയുകയാണെന്നൊരു നർമ്മം അവിടെയുണ്ട്. കണക്കെല്ലാം പിഴച്ച ക്വിക്സോട്ടിന്റെ കിറുക്കിനെ സിനിമകാണാൻ ബാൽക്കണിയിലിരിക്കുന്ന കുട്ടികൾ ആർത്തുവിളിച്ചുകൊണ്ട് ആഘോഷിക്കുമ്പോൾ മുതിർന്നവർ ശപിച്ചും ആക്രോശിച്ചും ഹാളുവിട്ട് ഇറങ്ങിപ്പോവുകയാണ് ചെയ്യുന്നത്.  സ്ത്രീയെ രക്ഷിക്കാൻ  സ്ക്രീൻ വെട്ടിക്കീറുന്ന ക്വിക്സോട്ടിൽ തമിഴനായ കാണിയും തിയേറ്ററിലിരുന്ന് മുട്ടായി സാഞ്ചോ പാൻസയ്ക്കു നൽകുന്ന സൗഹൃദത്തിന്റെ ഔദാര്യത്തിൽ പ്രകാശം പരത്തുന്ന പെൺകുട്ടിയും ഉണ്ടെന്നാണ് ഇവിടെനിന്ന് നോക്കുമ്പോൾ തോന്നുന്നത്. ചലച്ചിത്രങ്ങളുടെ പശ്ചാത്തലം അനുഭവങ്ങളുടെ ഏകീഭാവത്തിനു പറ്റിയ ആധുനികസാഹചര്യമൊരുക്കുകയും ചെയ്യുന്നു.

ഇറ്റാലിയൻ ചിന്തകനായ ജോർജിയോ അഗംബൻ, ഓർസൻ വെൽസിന്റെ ആറു മിനിട്ട് നീളമുള്ള ഈ ദൃശ്യത്തെക്കുറിച്ച് ക്കുറിച്ചു പറയുന്നത്,  ‘സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ആറു നിമിഷങ്ങൾ’ (The Six Most Beautiful Minutes in the History of Cinema) എന്നാണ്.  പ്രൊഫനേഷൻസ് (2007) എന്ന കൃതിയിലെ അവസാന ലേഖനത്തിന് അദ്ദേഹം കൊടുത്ത തലക്കെട്ടും അതാണ്. അത്രയും നേരം വിശ്വസിക്കുകയും താലോലിക്കുകയുമൊക്കെ ചെയ്തിരുന്ന സങ്കല്പം ഒരു നിമിഷംകൊണ്ട് തവിടുപൊടിയായിപ്പോകുന്ന വിശേഷമുഹൂർത്തമാണതിൽ അഗംബൻ കാണുന്നത്. ആ അർത്ഥത്തിൽ ഡോൺ ക്വിക്സോട്ടും എം ജി ആറിനെ രക്ഷിക്കാൻ നോക്കിയ കാണിയും ചലച്ചിത്രത്തിനു പുറത്തുള്ള മറ്റൊരു ചിത്രമാണ്.  ‘ശൂന്യതകൊണ്ട് നിർമ്മിക്കപ്പെട്ടവരാണ് നമ്മളെന്ന് അവർ കാട്ടിത്തരുന്ന ആ നിമിഷത്തിൽ അവരുടെ ഉണ്മയ്ക്ക് വിലകൊടുക്കാൻ നമുക്കു കഴിയുന്നു, നമ്മൾതന്നെ രക്ഷപ്പെടുത്തിയ ദുൽസീനിയ നമ്മെ സ്നേഹിക്കുന്നില്ലെന്ന് മനസ്സിലാക്കുന്നു.’

അഗംബൻ മറ്റൊരിടത്ത് (Homo Sacor: Sovereign Power and Bare Life) വിവരിച്ച ‘പൊള്ളയായ ജീവിതം’ (bare life) എന്നു വിളിക്കുന്ന ആശയവുമായി ഈ കാഴ്ചയെ ചേർത്തുവയ്ക്കാവുന്നതാണ്. അധികാരവുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാതിരിക്കുകയും എന്നാൽ അതിന്റെ പട്ടികപ്പെടുത്തലിനു വിധേയമാവുകയും ചരിത്രത്തിൽനിന്ന് നിരന്തരം പുറത്താവുകയും ചെയ്യുന്നവരാണ് പൊള്ളജീവിതങ്ങളായി മാറുന്നത്. അവർക്കുള്ളിൽ എതിർപ്പുകളുണ്ട്. പക്ഷേ അധികാരത്തിന്റെ സമ്മർദ്ദങ്ങൾ അവരെ മറ്റെന്തൊക്കെയോ ആക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. എം ജി ആറിനെ രക്ഷപ്പെടുത്താൻ നോക്കിയ പ്രേക്ഷകനും, ‘നാന്നൂറോ അഞ്ഞൂറോ കൊല്ലങ്ങൾക്കു ശേഷവും ഞാനടക്കമുള്ള മനുഷ്യർ വഴിത്തിരിവിൽ സംശയിച്ചു നിൽക്കുമ്പോൾ ‘നീ പൊയ്ക്കളയരുതേ’ എന്ന്  പ്രകാശം പരത്തുന്ന പെൺകുട്ടിയോട്  പ്രാർത്ഥിക്കുന്ന പദ്മനാഭന്റെ കഥാപാത്രവും വലതുകാലിലെ മന്ത് ഇടതു കാലിലേക്ക് വെറുതേ മാറ്റിയ നാറാണത്തെ മനുഷ്യനും അയാളിൽനിന്നു പകർന്നു കിട്ടിയ നൊസ്സുമായി മലബാറിൽനിന്ന് തിരുവനന്തപുരത്തേക്ക് വേണാട് എക്സ്പ്രെസ്സിൽ യാത്ര ചെയ്യുന്നതിനിടയിൽ കാണാതായ വി പി ശിവകുമാറെന്ന കോളേജ് ലക്ചറും (മന്ത് എന്ന കഥ) അങ്ങനെ പല പല കഥകളിലായി നിരക്കുന്ന നിരവധിപേർ ചുറ്റും നിന്ന് ചെയ്യുന്നത് ഒരു കാര്യമാണ്;  തിരിച്ചറിയാൻ കഴിയാത്തവിധത്തിൽ ചെറിയ ചെറിയ വൃത്തങ്ങൾക്കുള്ളിൽ മേൽക്കോയ്മകൾ പലതരത്തിൽ നിർവഹിക്കപ്പെടുന്നു എന്ന്. ഈ പ്രക്ഷേപണങ്ങൾ നിരന്തരം നടക്കുന്നു. കലകളിലെ ദ്വയത്വം (Doubling) അതിനുള്ളിൽതന്നെ പ്രവർത്തിക്കുന്ന അതിനെതിരായ കലയെപ്പറ്റിയുള്ള തിരിച്ചറിവാണ്. ഇത് ആധുനികമനുഷ്യന് ആഴത്തിൽ ചിരിക്കാനുള്ള വിഭവമാണെന്നാണ് അഗംബൻ പറയുന്നത്. അതുകൊണ്ടാവാം ആറു മിനിറ്റ് നീളമുള്ള മൂകമായ, ഒരു  ബ്ലാക്ക് & വൈറ്റ് ചലച്ചിത്രഭാഗത്തെ ‘ഏറ്റവും മനോഹരമായ...’ എന്ന സൂപ്പർലേറ്റീവുകൊണ്ട് അദ്ദേഹം വിശേഷിപ്പിച്ചത്. ചിരിപ്പിക്കുംപോലെ ചിന്തിപ്പിക്കുന്ന മറ്റേത് പദാർത്ഥമുണ്ട്, ഈ ലോകത്തിൽ?

 

* വയസ്കരമൂസിന്റെ ദുര്യോധനവധം കഥകളിയിലെ ഭഗവദ് ദൂതിനിടയ്ക്ക്  ദുര്യോധനന്റെ അഹങ്കാരം കണ്ട് പൊറുതികെട്ട് ഒരു നാട്ടുപ്രമാണി, കൃഷ്ണനെ സഹായിക്കാനായി,  എന്റെ സ്ഥലം പാണ്ഡവർക്കു കൊടുക്കാമെന്നു പറഞ്ഞ ഒരു കഥയിലും കലതന്നെ അതിനെതിരാവുന്ന സംഗതിയുണ്ട്.

** 1957- 1972 കാലത്ത് ചിത്രീകരിച്ച ഡോൺ ക്വിക്സോട്ട്, ഓർസൺ വെൽസിന്റെ മരണശേഷം, 1992 ൽ പ്രദർശിപ്പിക്കുകയുണ്ടായി. പക്ഷേ അതിൽ അഗംബൻ പറയുന്ന ഈ സീക്വൻസ് ഉൾപ്പെടുത്തിയിട്ടില്ല.  ജൊനാതൻ റോസൻബോമിന്റെ അഭിമുഖത്തിൽ ഇതു കാണാം. 

(തോർച്ച മാർച്ച് 2021)

 

 

 

യാഥാർത്ഥ്യത്തിന്റെ അർദ്ധയമൂർത്തസഞ്ചാരങ്ങൾ

 


    സാഹിത്യപാഠത്തിനു മുന്നിലോ പുറത്തോ ഉള്ള  എന്തിനെയെങ്കിലും അനുകരിച്ചുകൊണ്ടല്ല,  വാസ്തവബോധം സൃഷ്ടിച്ചുകൊണ്ടാണ് (ദ എഫെക്ട് ഓഫ് റിയൽ) യാഥാർത്ഥ്യത്തെ സാഹിത്യം ആവിഷ്കരിക്കുന്നത് എന്ന്  1953 ൽ ബാർത്ത്, റൈറ്റിങ് ഡിഗ്രീ സീറോയിൽ വ്യക്തമാക്കിയിരുന്നു.  മൂന്നു മാനങ്ങളുള്ള വസ്തുവിനെ രണ്ടു മാനങ്ങളിലായി അവതരിപ്പിച്ച നവോഥാന രീതിയാണ്  (ക്വാട്രോസെന്റോ ശൈലി) യഥാതഥാവിഷ്കാരത്തിന്റെ മാതൃകയായി പ്രസിദ്ധമായത്. ഇതിനെയൊന്ന് മാറ്റിപ്പണിയാൻ പല പ്രയത്നങ്ങളും  ചിത്രകാരന്മാരെപ്പോലെ സാഹിത്യമെഴുത്തുകാരും പരിശ്രമിച്ചിട്ടുണ്ട്. ഈ പുതുക്കലിന്റെ ഭാഗമാണ് സർ- മാജിക്കൽ- സൈക്കോളജിക്കൽ തുടങ്ങിയുള്ള യഥാതഥസമീപനങ്ങൾ. ചിന്തയും സ്വപ്നവും ഭാവനയുമൊക്കെ സമൂഹത്തിന്റെയും വ്യക്തിയുടെയും യാഥാർത്ഥ്യമായിരിക്കെ അവയെ എങ്ങനെ മാറ്റിനിർത്തും എന്നൊരു പ്രശ്നമുണ്ട്. അവബോധവും ലോകവും തമ്മിലുള്ള പ്രതിപ്രവർത്തനമാണ് യാഥാർത്ഥ്യം എന്ന് നരേന്ദ്രപ്രസാദ് ഒരിടത്ത് എഴുതുന്നു. ഒരു കാര്യം നിങ്ങൾക്ക് അറിഞ്ഞുകൂടായെങ്കിൽ അതു നിങ്ങളെ സംബന്ധിച്ചിടത്തോളമെങ്കിലും അത് യഥാതഥമല്ല. ആശയങ്ങൾക്കൊപ്പം വിശ്വാസങ്ങളും ഭൗതികശക്തിയാണെന്നു പറയുന്നത് അവയ്ക്ക് നിങ്ങളിൽ പ്രവർത്തിക്കാനുള്ള ശേഷിയുള്ളതുകൊണ്ടാണ്.

കണ്ണുസൂത്രം എന്ന ആദ്യസമാഹാരത്തിന്റെ ആമുഖമായി കുറിച്ച ഒരു വാക്യം, വിനോദ് കൃഷ്ണയുടെ ഉറുമ്പുദേശം എന്ന പുതിയ കഥാസമാഹാരത്തിലെ അതേ പേരുള്ള കഥയിലെ ആദ്യവാക്യമായി പ്രത്യക്ഷപ്പെടുന്നതു കാണാം. ‘പരൽമീനുകളാൽ ആക്രമിക്കപ്പെടുന്ന സ്വപ്നം’ എന്ന വിശേഷണം തനിക്കും കഥാപാത്രമായ കിളിപ്പയ്ക്കും ഒരുപോലെ യോജിക്കുന്നതാണെന്ന ഉപദർശനം, സ്രഷ്ടാവിനെയും സൃഷ്ടിയെയും സൃഷ്ടിയുടെ സാമഗ്രിയെയും (സ്വപ്നങ്ങൾ) ഒന്നാക്കിത്തീർക്കുന്ന ഒരു കൗതുകംകൂടിയാണല്ലോ. വിഷയിയിൽനിന്ന് വിഷയത്തിലേക്കും തിരിച്ചുമുള്ള ഈ ചാഞ്ചാട്ടമാണ് വിനോദ്കൃഷ്ണയുടെ കഥകളിലെ യാഥാർത്ഥ്യത്തെ വ്യത്യസ്തമായ മാനമുള്ളതാക്കിത്തീർക്കുന്നത്. പുറത്തുപോയി വരുമ്പോൾ ശരീരത്തിൽ പറ്റിപ്പിടിക്കുന്ന കണ്ണുകളെ കുടഞ്ഞും പറിച്ചും കളയുന്ന പാർവതിയുടെ കഥയാണ് ‘കണ്ണുസൂത്രം’.  മനുഷ്യരുടെ ഏറ്റവും സംവേദനക്ഷമമായ കണ്ണുകൾ ശരീരബന്ധമറ്റ നിലയിൽ ഒറ്റപ്പെട്ടും അനാഥമായും മലയാളകഥകളിൽ മുൻപും കടന്നുവന്നിട്ടുണ്ട്. (ശിഹാബുദ്ദീൻ പൊയ്ത്തും കടവിന്റെ ‘ആർക്കും വേണ്ടാത്ത കണ്ണ്’ ഓർമ്മിക്കുക) എന്നാൽ ഈ കഥയിൽ അവ അനാഥവും പരിലാളനകൾ കാത്തു കിടക്കുന്നതുമായ കർമ്മങ്ങളല്ല, സ്വയം നിയന്ത്രണക്ഷമവും ആക്രമണോത്സുകവുമായ കർതൃത്ത്വങ്ങളായി മാറുന്നു.  

കാഴ്ചകൾ ആക്രമണങ്ങളാണ്. സ്വപ്നങ്ങളും അതെ. പഴയ ചെഷയർ പൂച്ചയുടെ ചിരിപോലെ മനുഷ്യക്രിയകൾ അവയവങ്ങളായി വിഘടിക്കുമ്പോഴും ജീവനുള്ള വാസ്തവമായി നിലനിൽക്കുന്നതിനു പിന്നിൽ പേടിസ്വപ്നങ്ങളുടെ ഘടനയുണ്ടല്ലോ. ടി പദ്മനാഭനെപ്പോലെ മുൻപേ നടന്നവർ  ‘സ്വപ്നസന്നിഭം’ എന്നു പേരിട്ടു വിളിച്ച അനുഭവങ്ങളല്ല ഇപ്പോൾ കഥയിൽ സംഭവിക്കുന്നത്. സ്വപ്നങ്ങളും മാറിക്കഴിഞ്ഞിരിക്കുന്നു; അവയുടെ നിർമ്മാണവസ്തുകൾക്കും കാലാവസ്ഥകൾക്കും മാറ്റം സംഭവിച്ചു കഴിഞ്ഞു. സ്ഥിതിവിവരണം എന്ന നിലവിട്ട്, വിനോദ് കൃഷ്ണയുടെ കഥകൾ ആഖ്യാനത്തിന്റെ വിസ്തൃതഭൂമികയിൽ ഭ്രമക്കാഴ്ചകളുടെ തിരുവസ്ത്രങ്ങൾ അണിയാൻ എടുത്തുകൊടുക്കുന്നത് ചുറ്റിനിൽക്കുന്ന രാഷ്ട്രീയസാഹചര്യങ്ങളാകുന്നു.  ‘ഉറുമ്പുദേശ’ത്തിലെ എട്ടു കഥകളിൽ ഏഴും (ദുഃ)സ്വപ്നദർശനത്തിന്റെ ഘടനയെ ബാഹ്യരൂപമായി  പല രസപാകങ്ങളിൽ സ്വീകരിച്ചവയാണ്.  ശേഷിക്കുന്ന ഒരു കഥ -വിരോധികളുടെ ദൈവം- ഹിറ്റ്ലറുടെ അവസാന മണിക്കൂറുകളിലെ പ്രണയജീവിതത്തെപ്പറ്റിയുമാണ്. താൻ ജൂതയാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് കാമുകി ഇവാ ബ്രൗൺ ഹിറ്റ്ലറുടെ അവസാന നിമിഷങ്ങളിലെ ഏകാന്തതയെയും പരാജയത്തെയും പൂർത്തിയാക്കിക്കൊടുക്കുന്ന കഥയാണത്. പ്രണയത്തെ പ്രശ്നാത്മകമാക്കുന്ന ഒന്ന്.   

ആകെയുള്ള എട്ടു കഥകളുടെ സ്വഭാവഘടനയുമായി അതും ചേർന്നുനിൽക്കുകയാണ്. ഫാസിസത്തിലേക്കുള്ള വഴിയാത്രകളെ വിവിധ രൂപകങ്ങളിലൂടെ ആവിഷ്കരിക്കുന്ന കഥകളുടെ സമാഹാരത്തിൽ പരാജിതനായ ഹിറ്റ്ലറുടെ സംഘർഷങ്ങൾ അവയുടെ കേന്ദ്രത്തെ നിശ്ചയിക്കുന്നുണ്ട്.  വൈകാരികതാദാത്മ്യം പ്രശ്നാത്മകമാണ്. ‘വിരോധികളുടെ ദൈവ’ത്തിൽ ഹിറ്റ്ലർ മാത്രമല്ല അയാളുടെ കാമുകി ഇവയും വൈരുദ്ധ്യങ്ങളിൽ ഉഴലുന്നു.  തന്റെ വംശത്തിന്റെ സംഹാരകനെ ആത്മബലികൊണ്ട് പൂജിച്ചു പരാജയപ്പെടുത്തുകയായിരുന്നു അവൾ. ഇവാബ്രൗണിന്റെ മതത്തെപ്പറ്റി ഹിറ്റ്ലറിന് അറിവില്ലായിരുന്നു എന്നത് ചരിത്രവാസ്തവമല്ല.  ജൂതതടങ്കൽപ്പാളയത്തിൽ വച്ച്, രൂക്ഷമായ വാക്കുകളുപയോഗിച്ച് തന്നെ ശപിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ശ്രദ്ധിച്ച് കൂടെകൂട്ടുകയായിരുന്നു അയാൾ എന്ന് എറിഫ്രോം എഴുതുന്നു. ഹിറ്റ്ലർ- ഇവ എന്നീ കഥാപാത്രങ്ങൾ ചരിത്രയാഥാർത്ഥ്യത്തിൽനിന്ന് ഭ്രമകല്പനയിലേക്ക് കൂടുമാറ്റത്തിനു  വിധേയമാവുമ്പോൾ അധികാരത്തിന്റെയും അപരവിദ്വേഷത്തിന്റെയും ഏറ്റവും കരാളമായ ബിംബം എന്ന നിലയിൽ ഹിറ്റ്ലർ ഒരു പ്രതീകവസ്തുവായിത്തീരുന്നു. അയാളുടെ ഏകാകിതയും തകർച്ചയും കഥാകാരനാൽ വിഭാവന ചെയ്യപ്പെട്ട ഒരു ഫലശ്രുതിയും. എന്നാൽ വിനോദ് കൃഷ്ണയുടെ കഥകളിൽ ഭൂരിഭാഗവും പൊതുവേ ഇതുപോലെ പ്രതീക്ഷമുറ്റിയ ശുഭാന്ത്യത്തെ ഭാവന ചെയ്യുന്നവയല്ല.   

ഒരു അപവാദമുള്ളത് ഉറുമ്പുദേശം എന്ന പീഡകഭൂമിയിലെ തേവയെന്ന ആദിവാസിക്കുട്ടിയും അവന്റെ ആൺപട്ടിക്കുഞ്ഞും പ്രത്യക്ഷമായ പുതിയ ആകാശത്തിനു കീഴിലൂടെ മലയിറങ്ങി വരുന്നതാണ്. (അതേ പേരുള്ള കഥ) തലവച്ചവൻ അയ്യാവിന്റെ എതിരില്ലാത്ത ദേശത്ത് ആദ്യത്തെ വെടിപൊട്ടിച്ചിട്ടാണ് അവന്റെ മലയിറക്കം. വൈ. പരശുരാമനെ ഉള്ളിൽ തടവിലാക്കുന്ന വഹാബ് രാജേന്ദ്രന്റെ അസ്ഥികൂടവും  (നിരോധിത മേഖല) ഓരോ വെടിയുണ്ടയിലും കൊല്ലപ്പെടാനുള്ള ആളിന്റെ പേര് അദൃശ്യമായി കൊത്തിയിട്ടുള്ള ഹബീബുള്ളാ ഖാന്റെ കാശ്മീരിലും (മഞ്ഞിന്റെ ഭൂപടം) അഭിമുഖം ചെയ്യാൻ വന്നവരാൽ എഴുത്തുകാരൻ കൊലചെയ്യപ്പെടുന്ന ആളൊഴിഞ്ഞ വീട്ടിലും (ബുദ്ധപാതകം) പേടിസ്വപ്നത്തിൽനിന്നു രക്ഷപ്പെടാനുള്ള സാധ്യത മാത്രമാണ് കഥയുടെ അന്തരീക്ഷത്തിനു പുറത്തുമാത്രമാണ് സംഗതമായിട്ടുള്ളത്. കഥകളിലെ സ്വപ്നാത്മക ഘടനയ്ക്കുള്ള ഗുണാത്മകമായ വശമാണത്, പീഡിതമായ അവസ്ഥയെക്കുറിച്ചുള്ള ഭയത്തെ അന്തരീക്ഷസൃഷ്ടി പരമാവധി ഉയർത്തുമ്പോഴും ഏതു നിമിഷവും ഉണർത്ത് ‘ ഹോ അത് സ്വപ്നമായിരുന്നല്ലേ..‘ എന്ന് രക്ഷപ്പെടാനുള്ള സാധ്യത അവ എപ്പോഴും നിലനിർത്തിയിരിക്കുന്നു. 

ഹിറ്റ്ലറിന്റെയും ഇവയുടെയും കഥയിൽ കണ്ടതുപോലെ ശാസകനും ഇരയ്ക്കുമായി വീതം വച്ച മനസ്സ് മറ്റു പല കഥകളിലും ആവർത്തിച്ചു വരുന്ന മോട്ടീഫാണ്. ചിന്താശേഷിയും വിമർശനബുദ്ധിയും ഉള്ളവരെ ഒരു വാഹനത്തിൽ കേറ്റി അതിർത്തി കടക്കാൻ (അതു ഏറ്റുമുട്ടൽ കൊലപാതകങ്ങളിലെന്നപോലെ ജീവിതത്തിന്റെ അതിർത്തി കടത്തി വിടലും ആകാം) കൊണ്ടുപോകുന്ന ‘വാസ്കോ പോപ്പ’യിൽ  ബുദ്ധിയില്ലെന്ന് തന്ത്രപരമായി തെളിയിച്ചതുകൊണ്ട് ജെവൻ രക്ഷിച്ചെടുക്കാൻ കഴിഞ്ഞ ജയപ്രകാശ് എന്ന കഥാപാത്രത്തിനും നേരത്തെ കണ്ട ഇവയ്ക്കും തമ്മിൽ താരതമ്യമുണ്ട്. ജയപ്രകാശിലും  അലയടിക്കുന്നത് ഒരുതരത്തിൽ ആത്മബലിയുടെ അനുരണനങ്ങളാകുന്നു. അയാളുടെ പൂർവരൂപമായ വാസ്കോ പോപ്പ, ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പിൽനിന്ന് രക്ഷപ്പെട്ട സെർബിയൻ കവിയാണ്. തന്റെ വംശത്തിൽപ്പെട്ടവരെല്ലാം പോയിക്കഴിഞ്ഞിട്ടും താൻ മാത്രം ബാക്കിയാവുന്ന ഒരുതരം അനാഥത്വം, ഏകാധിപത്യപരമായ രാഷ്ട്രീയാവസ്ഥയിൽ ‘അതിജീവനം’ എന്ന പരിണാമനിയമത്തെ നോക്കിയുള്ള പല്ലിളിപ്പാണല്ലോ. കോൺസൻട്രേഷൻ ക്യാമ്പിൽനിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടിട്ടും പീഡനങ്ങളുടെ മാനസികഭാരം താങ്ങാനാവാതെ വർഷങ്ങൾക്കുശേഷം ആത്മഹത്യ ചെയ്ത പ്രിമോലെവിയെപ്പോലെയുള്ളവരുടെ ജീവിതം നമ്മുടെ മുന്നിലുണ്ട്.  മറ്റൊരു ഉദാഹരണമായി ഏറെ ചർച്ച ചെയ്ത ഈലം എന്ന കഥ നോക്കുക. മരവിച്ച മനസ്സുള്ള മനുഷ്യരെ ഒരു സ്ഥലത്ത് ഒന്നിച്ചുകൂട്ടി സമൂഹത്തിന്റെ സ്വാർത്ഥതയെയോ അനുഭവവൈചിത്ര്യത്തെയോ മരവിപ്പിനെയോ ഒക്കെ അന്യാപദേശഛായയിൽ ആവിഷ്കരിക്കുന്ന ഈലത്തിൽ കഥാകൃത്തിന്റെ മനസ്സാക്ഷിയുടെ പ്രതീകമായി ഒരു വെയ്റ്ററുണ്ട്.  ‘വാസ്കോ പോപ്പ’ പോലെ ഈലം എന്നെ പേരിന് കഥയുമായി നേരിട്ട് ബന്ധമൊന്നുമില്ല. അതിന്റെ പ്രസക്തിയെ കഥകൃത്തുതന്നെ നൽകിയിട്ടുള്ള ഒരടിക്കുറിപ്പിലൂടെയാണ് നാം മനസ്സിലാക്കുന്നത്. ലോകനാഗരികത തുടങ്ങിയ സ്ഥലമാണ് ഈലം. ‘സംസ്കാരം ഉറങ്ങുകയോ ഉറങ്ങാതിരിക്കുകയോ ചെയ്യുന്ന നദീതടത്തിലാണ് നക്ഷത്രബാർ...’ എന്ന ആരംഭത്തിലെ ഒറ്റവരികൊണ്ടാണ് ശീർഷകത്തിന്റെ അർത്ഥധ്വനിയെ കഥയുമായി ബന്ധിച്ചിരിക്കുന്നത്. ബാറിൽ നടന്ന ഒരു മരണത്തിലും തുടർന്നുള്ള ശവസംസ്കാരത്തിലും’കൂടി നാഗരികതയെ സംബന്ധിക്കുന്ന ഒരു പുതിയ നിർവചനത്തെ അവതരിപ്പിക്കുന്നു, കഥാകൃത്ത്. ചലച്ചിത്രങ്ങളിലെ ‘വിൻഡോ കട്ടിനെ’  അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കഥയ്ക്കുള്ളിലെ സംഭവങ്ങളുടെ അവതരണം. അവയുടെ സാധാരണത്വത്തെ റദ്ദാക്കുന്ന ദൗത്യമാണ് ഈലമെന്ന തലക്കെട്ടിനു നിർവഹിക്കാനുള്ളത്.  അതിശയോക്തിപരമായ ആ നിർവഹണം കഥാവസ്തുവിനു പുറത്തു നിൽക്കുന്ന സംഗതിയാണ്.  

മനുഷ്യശരീരാവയവത്തിന്റെ അസ്വാഭാവികമായ വളർച്ചയും അതിനോടുള്ള പ്രതികരണങ്ങളും വിഷയമാവുന്നു എന്ന അർത്ഥത്തിൽ ബഷീറിന്റെ ‘വിശ്വവിഖ്യാതമായ മൂക്കി’ന്റെ സങ്കല്പനപരമായ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന കഥയാണ് വികസനമോഡൽ എന്നു കണക്കാക്കുന്നതിൽ തെറ്റില്ല. ഒറ്റയാൾ പ്രതികരണങ്ങളിലൂടെ അനീതിയ്ക്കെതിരെ നിഷ്പ്രയോജനകരമായി പ്രതിഷേധിച്ചുകൊണ്ടിരുന്ന ഒരാളുടെ പിൽക്കാല മാറ്റമായി ഇവിടെ ഒരു സാധുമനുഷ്യന്റെ കാലിനു നീളം വയ്ക്കുന്നു. മൂക്കു വളർച്ചപോലെ സ്ഥായിയല്ല, കാലുവളർച്ച. ഉറക്കം ഞെട്ടി കിനാവ് അവസാനിക്കുന്നതുപോലെ പെട്ടെന്നുണ്ടാവുന്ന അവസ്ഥാമാറ്റം അയാളെ ഒരു നിമിഷം കൊണ്ട് പഴയ അവസ്ഥയിൽ എത്തിക്കുകയും ചെയ്യുന്നുണ്ട്.

“സാധുമനുഷ്യൻ കാലുകൾ നീണ്ടു വളരാനെടുത്ത കാലം ഒന്നയവിറക്കി. എന്നിട്ട് കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ പൂർവാവസ്ഥപ്രാപിച്ചു. ജനപ്രതിനിധികളും ജനക്കൂട്ടവും ഇളിഭ്യരായി.”

തുർക്കിയിൽ എർദോഗാന്റെ യാഥാസ്ഥിതിക ഭരണകൂടത്തിന്റെ നീതികേടിനെതിരെ ഒറ്റയ്ക്കു നിന്നുകൊണ്ട് പ്രതികരിച്ച (2013) എർദോം ഗുണ്ടൂസിനെ ഈ കഥ ഓർമ്മയിൽ കൊണ്ടുവന്നേക്കും. അതുപോലെ സാമൂഹികമാധ്യമങ്ങൾ രൂപം നൽകിയ അനേകം പ്രതിഷേധങ്ങളും.  കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ ഒത്തുകൂടുകയും അതേ തിടുക്കത്തിൽ ഇല്ലാതാവുകയും ചെയ്യുന്ന ജനസഞ്ചയപ്രതിഭാസങ്ങളുടെ താത്കാലികതയ്ക്ക് ഭ്രമകല്പനയുടെ ആവേഗംകൂടി കൊടുത്തുകൊണ്ടുള്ള ആഖ്യാനമാകുന്നു ഇത്. സ്ഥായിയല്ലാത്ത ഈ ഫാന്റസി ആരുടെ സ്വപ്നമാണെന്ന പ്രശ്നത്തിനുത്തരം ലളിതമാണ്. എഴുത്തുകാരന്റെ. വിശ്വവിഖ്യാതമായ മൂക്കി’ലും (ബഷീർ)  ‘ആർക്കും വേണ്ടാത്ത കണ്ണി’ലും (ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്) കാണുന്നതുപോലെ, സമൂഹത്തെകൂടെ നിർത്തി, ‘ഇവരും ഞാനും കാണുന്ന സ്വപ്നം’ എന്ന നിലയ്ക്കോ പത്മരാജന്റെ കഥകളിലെന്നപോലെ (പേപ്പട്ടി, അവകാശങ്ങളുടെ പ്രശ്നം, ഗർഭപാത്രങ്ങൾക്കുള്ളിൽ ശവങ്ങൾ) സ്വപ്നത്തിന്റെ ആകൃതി സ്വീകരിച്ച വ്യവഹാരരീതി എന്ന നിലയ്ക്കോ ഉള്ള ഉപസ്ഥിതി കളഞ്ഞിട്ട് കഥകൾ സ്വന്തം യാഥാർത്ഥ്യങ്ങൾ നിർമ്മിക്കാൻ തുടങ്ങുന്നു. ബാഹ്യയാഥാർത്ഥ്യങ്ങൾ പരിക്കേൽപ്പിച്ചു ഉണർത്തിവിടുന്ന കിനാവുകളെപ്പോലെ കഥകൾ രൂപം മാറുന്നു. തന്റെ സാന്നിദ്ധ്യം പുറത്തുനിന്ന് അറിയിക്കുന്ന കഥാകൃത്ത് ഒറ്റയ്ക്കായ ദൃക്‌സാക്ഷിയാണ്. ക്രൂരമായൊരു കാലഘട്ടത്തിൽ സംവേദനക്ഷമമായ തന്റെ മനസ്സു പിടിച്ചെടുക്കുന്ന ചില വാസ്തവങ്ങൾക്കും ബോധ്യങ്ങൾക്കുമൊപ്പം, പുറത്തെ സമൂഹം എപ്പോഴും കൂടെയില്ലല്ലോ എന്ന  ഏകാകിതയോ കാലത്തിന്റെ വേവലാതികൾക്ക് കരുതൽ നൽകിക്കൊണ്ട് മാറിനിൽക്കാനുള്ള സ്വയം പ്രേരണയോ ആണ് യാഥാർത്ഥ്യങ്ങളെ പേക്കിനാവുകളെക്കൊണ്ട് പരിചരിക്കാൻ സാഹചര്യമൊരുക്കിക്കൊടുക്കുന്നത്.    

'ഭൗതികലോകത്തിന്റെ പ്രമാണങ്ങളില്ലാതെ, ചിന്തിക്കുന്ന ആളിന്റെ അഭിലാഷം, ലക്ഷ്യം, വികാരം ഇവയാൽ നിയന്ത്രിക്കപ്പെടുന്ന ഭാവനാത്മകചിന്തയുടെ രൂപം' എന്നിങ്ങനെയാണ് അമേരിക്കൻ നിഘണ്ടു ഫാന്റസിയെ നിർവചിക്കുന്നത്. ഈ നിർവചനം പൂർണ്ണമായും വിനോദ് കൃഷ്ണയുടെ കഥകൾക്ക് യോജിക്കാതിരിക്കുന്നതിനു കാരണമുണ്ട്. സംശയങ്ങൾ ഉത്പാദിപ്പിച്ചുകൊണ്ടാണ് ശുദ്ധഫാന്റസി നിലനിൽക്കുന്നത്. ഓരോ ബിംബത്തിനുമുള്ള ചൂണ്ടുപ്പലകകൾ അവയുടെ ബാധ്യതകളാണ്. സ്വപ്നദർശിയുടെ സംശയങ്ങൾ അതേപടി വായിക്കുന്ന ആളിലേക്കും പകരുന്നതോടെ അർത്ഥം 'പിടികിട്ടുക' എന്ന അസ്കിതയിൽ സാഹിത്യപ്രേമികൾ അദ്ഭുതസ്തിമിതരാകും. അവിടെ കാഴ്ച സ്വയം വിസ്മയകാരണമായി മാറുകയാണ് ചെയ്യുന്നത്. റോസ് മേരി ജാക്സൺ ചൂണ്ടിക്കാണിക്കുന്ന ഫാന്റസിയുടെ ഘടകങ്ങളായ  മിഥ്യാഭ്രമം  (ഇല്യൂഷൻ) ആദേശം (ട്രാൻസ്ഫോർമേഷൻ) അസാധ്യത (ഇമ്പോസിബിലിറ്റി) അദൃശ്യത (ഇൻവിസിബിലിറ്റി) തുടങ്ങിയവ കടന്നു വരുന്നു എങ്കിലും സമകാലിക ഇന്ത്യയിലെ ക്രൂരതകളുടെ രാഷ്ട്രീയത്തെ  ഉറക്കത്തിനും ഉണർച്ചയ്ക്കും ഇടയ്ക്കുള്ള അനുഭവങ്ങളായി അവതരിപ്പിക്കുന്ന ‘ഉറുമ്പുദേശ’ത്തിലെ കഥകൾ  തികച്ചും ആത്മനിഷ്ഠമായ ദർശനകൗതുകത്തിന്റെ ഭാഗമായി മാത്രം നിലകൊള്ളുന്നവയല്ല എന്ന് പ്രത്യേകം ഓർക്കേണ്ടതുണ്ട്.   

പ്രത്യക്ഷവും സമകാലികവുമായ അധികാരരാഷ്ട്രീയത്തിലേക്ക് ഉത്കണ്ഠയോടെ നീളുന്ന കണ്ണുകൾ ഈ കഥകളെ പൂർണ്ണമായും യാഥാർത്ഥ്യത്തിന്റെയോ ഭ്രമകല്പനയുടെയോ അല്ലാതെയുള്ള വിചിത്രമായ ഒരിടത്ത് (നോമാൻസ് ലാൻഡ്) നിർത്തി വിചാരണ ചെയ്യുന്നു എന്നു വിചാരിക്കുന്നതാണ് ഉചിതം. ഈ സമീപനരീതിയെ  അർദ്ധ-അമൂർത്തത (സെമി-അബ്സ്ട്രാക്ട്) എന്നാണ് വിളിക്കേന്റത്. ചലച്ചിത്രകാരനാവുന്നതിനു മുൻപ് അമൂർത്തചിത്രകാരനായിരുന്ന ദക്ഷിണകൊറിയൻ സംവിധായകനായിരുന്ന കിം കി ഡുക്ക്, തന്റെ രചനകളുടെ ആഖ്യാനരീതിയെ കുറിക്കാൻ ഉപയോഗിച്ച വിശേഷണപദമാണിത്.  

(ദേശാഭിമാനി ആഴ്ചപ്പതിപ്പ് ഏപ്രിൽ 25, 2021)

April 19, 2021

വിമർശനം ഒരു ജീവിതരീതിയാണ്


 
കുമാരനാശാൻ രചിച്ച ‘ദുരവസ്ഥ’ എന്ന പദ്യകൃതിയിൽ ഇസ്ലാം മതത്തെയും സമുദായത്തെയും അകാരണമായും അടിസ്ഥാനരഹിതമായും അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഒട്ടനേകം പ്രയോഗങ്ങൾ കാണുന്നതിനാൽ ‘ദുരവസ്ഥയോടു മുസ്ലീങ്ങൾക്കുള്ള വെറുപ്പിനെ രേഖപ്പെടുത്തുകയും പ്രസ്തുത കൃതിയുടെ പ്രസിദ്ധീകരണത്തെ കുമാരനാശാൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു പ്രമേയം 1098 (1923) വൃശ്ചികം 23 ന് ആലപ്പുഴ മുസ്ലീം യുവജനസംഘം അവതരിപ്പിക്കുകയും അത് ആശാന് അയച്ചുകൊടുക്കുകയുംചെയ്തിരുന്നു. 
 
വൃശ്ചികം 28 നു ആശാൻ അതിനൊരു മറുപടി തയ്യാറാക്കി കാര്യദർശിക്കു അയച്ചു. അതിൽ ആശാൻ എഴുതി : “നിങ്ങളുടെ മതത്തെയും സമുദായത്തെയും പൊതുവേ സ്പർശിക്കുന്ന സഭ്യേതരമായ യാതൊരു വാക്കും പ്രയോഗിച്ചിട്ടുള്ളതായി ഓർക്കുന്നില്ല. മലബാറിൽ ലഹള നടത്തിയ അക്രമികളായ മുഹമ്മദീയരെയും മതഭ്രാന്തിനെ മുൻ നിർത്തിയുള്ള അവരുടെ പൈശാചികപ്രവൃത്തികളെയും അതിൽ കാവ്യയോഗ്യമായ വിധത്തിൽ വർണ്ണിക്കുകയാണ് ചെയ്തത്. ലഹളയെ സംബന്ധിച്ചു ഞാൻ അറിഞ്ഞിട്ടുള്ള വാസ്തവങ്ങളെ അടിസ്ഥാനമാക്കിയും ചെയ്തിട്ടുള്ള പദപ്രയോഗങ്ങൾ അവരെയും അവരുടെ പ്രവൃത്തികളെയും മാത്രം കുറിക്കുന്നവയാണ്. ദൂരസ്ഥമായ മതത്തെയോ സമുദായത്തെയോ അതുകൾ വിവക്ഷിക്കുന്നില്ല.” 
 
“സമുദായ പരിഷ്കരണമാണ് ആ കൃതിയുടെ ഉദ്ദേശ്യം തന്നെ. ഒരുകാവ്യത്തിൽ ദോഷങ്ങളെ ദുഷിപ്പിക്കുന്നത് അവയിൽനിന്ന് മുക്തമാക്കി വ്യക്തികളെയും സമുദായത്തെയും ശുദ്ധീകരിക്കണമെന്ന സദുദ്ദേശ്യത്തോടുകൂടിയാണ്. ഈ കൃതിയിലും അപ്രകാരമേ ചെയ്തിട്ടുള്ളൂ. പല സംഗതിയിലും എനിക്കു ബഹുമാനമുള്ള മുസ്ലീം മതത്തെയും അനവധി യോഗ്യന്മാരും എനിക്കു തന്നെ മാന്യസ്നേഹിതന്മാരുമുള്ള നിങ്ങളുടെ സമുദായത്തേയും വൃഥാ ആക്ഷേപിച്ച് അതൃപ്തി സമ്പാദിപ്പാനുള്ള ഉദ്ദേശ്യത്തോടുകൂടിയാണ് ഈ കൃതി എഴുതാൻ ഞാൻ സമയവ്യയം ചെയ്തതെന്ന് തീരുമാനിക്കുന്നതു കഷ്ടമല്ലേ? അതുകൊണ്ട് വൃഥാ തെറ്റിദ്ധരിച്ചു ക്ഷോഭമുണ്ടാക്കാതിരിപ്പാൻ പ്രതിഷേധയോഗക്കാരോടു ഞാൻ സ്നേഹപൂർവം അപേക്ഷിക്കുന്നതായി അറിയിപ്പാൻ താത്പര്യപ്പെടുന്നു” എന്നു പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. 
 
വാക്കുകൾ വളരെ സൂക്ഷ്മമായി ഉപയോഗിച്ചാണ് ആശാൻ മറുപടി കത്ത് തയ്യാറാക്കിയിരിക്കുന്നത്. ശ്രദ്ധിച്ചാൽ മുസ്ലീം യുവജനസംഘത്തിന്റെ പ്രമേയത്തിന്റെ ഭാഷയും അത്രതന്നെ സൂക്ഷ്മമാണ്. ഒരു കൃതി തങ്ങൾക്ക് അപമാനകരമാണെന്നല്ല, അതിലെ ചില പ്രയോഗങ്ങൾ അധിക്ഷേപകരമാണെന്നാണ് അതിൽ പറയുന്നത്. അതു ഒരു കണക്കിൽ ശരിയുമാണ്. ഭാഷയുടെ ഈ ജാഗ്രതയും കൃത്യതയും ആ കാലത്തിന്റെ പ്രത്യേകതയായിരുന്നിരിക്കണം. ഇപ്പൊഴങ്ങനെയല്ല. 
 
ഇത്തവണത്തെ വീണപൂവ് ജന്മശതാബ്ദി പുരസ്കാരം ലഭിച്ച, ജി പ്രിയദർശനൻ എഴുതിയ ‘ആശാന്റെ അറിയപ്പെടാത്ത മുഖങ്ങൾ’ എന്ന പുസ്തകത്തിൽ, സ്വസമുദായക്കാർ തന്നെ ആശാനു പാതിത്യം കൽപ്പിച്ചതിനെയും ആശാന്റെ എതിരാളികളെപ്പറ്റിയുമെല്ലാം ഉണ്ട്. അവയിൽ എല്ലാം ശ്രദ്ധേയമാണെങ്കിലും താത്പര്യം കൂടുതലായി തോന്നിയത് ആശാന്റെ വിമർശന ബുദ്ധിയെപ്പറ്റിയുള്ള ഉദാഹരണങ്ങളാണ്. ഒരിക്കൽ പ്രജാസഭയിൽ പ്രസംഗിക്കവേ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായ പി രാമസ്വാമി അയ്യരെ ചൂണ്ടി, ഈ ഇരിക്കുന്ന ഒരാൾ മാത്രമാണ് എന്റെ സമുദായത്തിനു ദ്രോഹം ചെയ്തത് എന്ന് സധൈര്യം ദിവാനോട് പറഞ്ഞത്രേ. ഈ രാമസ്വാമി അയ്യരുടെ വകയായിരുന്നു തോന്നയ്ക്കലെ ആശാന്റെ വീടിരിക്കുന്ന സ്ഥലവും സ്മാരകസ്ഥലവും. അതു രാമസ്വാമിയിൽനിന്ന് കുമാരനാശാൻ വാങ്ങിയതാണ്. വിമർശനത്തിനു ശേഷമുള്ള രമ്യതയാണത്. നാരായണ ഗുരുവിന്റെ ആത്മോപദേശശതകത്തെപ്പറ്റി അതിന്റെ വ്യാഖ്യാനത്തിൽ “ഭാഷ ശുദ്ധമലയാളവും രചന അതിമനോഹരവുമാണെങ്കിലും അർത്ഥഗ്രഹണത്തിനുള്ള ദുരവഗാഹതയിൽനിന്ന് ഈ ശതകവും മുക്തമല്ല“ എന്ന് ആശാൻ എഴുതിയിട്ടുണ്ട്. പന്തളം കേരളവർമ്മയും ഉള്ളൂർ പരമേശ്വരയ്യരും ആശാന്റെ കൂട്ടുകാരായിരുന്നുവെന്നും മൂന്നു പേരും മൂസ്സാ എന്നയാളിന്റെ വില്ലുവച്ച കാളവണ്ടിയിൽ തിരുവനന്തപുരം പട്ടണത്തിലെ പലയിടങ്ങളിലും സഞ്ചരിച്ചിരുന്നുവെന്നും ഉള്ളൂരിന്റെ മകൻ എഴുതിയിട്ടുണ്ടത്രേ. പക്ഷേ അതൊന്നും ‘ഉമാകേരളത്തെ’ വിമർശിക്കാൻ ആശാനു തടസ്സമായില്ല. (ഉള്ളൂരത് ഗൗരവമായി എടുത്തുമില്ല. അതായിരുന്നില്ല, ചിത്രയോഗ വിമർശനത്തെ തുടർന്നുള്ള വള്ളത്തോളിന്റെ മനോഭാവം. ബന്ധനസ്ഥനായ അനിരുദ്ധനെയും ആശാൻ കളിയാക്കിയതായി ഇതിൽ പറയുന്നു) അധഃകൃതസമുദായാംഗത്തിന്റെ (ആരാണെന്നില്ല) ഒരു കൃതിയെപ്പറ്റി എഴുതേണ്ടതായി വന്നപ്പോൾ അതിലെ ദോഷങ്ങൾ എടുത്തു പറയാൻ ആശാൻ മടി കാണിച്ചില്ല. സഹോദരൻ അയ്യപ്പൻ, വിട്ടുവീഴ്ച ചെയ്യുകയല്ലേ വേണ്ടതെന്ന് ചോദിച്ചപ്പോൾ “ ഞാൻ കലയെ ആരാധിക്കുന്നത് ജാതി നോക്കിയല്ല” എന്നായിരുന്നു മറുപടി. സ്വദേശാഭിമാനിയെ നാടുകടത്തിയ സംഭവത്തിൽ, ആശാൻ പറഞ്ഞ അഭിപ്രായം, ‘മുഖം നോക്കാതെ കാര്യങ്ങൾ വിളിച്ചു പറയുന്നവരുടെ ആവശ്യകത വാസ്തവം പറഞ്ഞാൽ തിരുവിതാംകൂറിൽ ഒഴിച്ചുകൂടാത്തതാണ്. എന്നാൽ അദ്ദേഹത്തിന്റെ (രാമകൃഷ്ണപിള്ള) സ്വരത്തിന്റെ ഒടുവിലത്തെ ഗതിഭേദം നിശ്ചയമായും ആപത്കരമായിരുന്നു. മിസ്റ്റർ രാമകൃഷ്ണപിള്ള തന്റെ വാഗ്സാമർത്ഥ്യത്തെ ദുരുപയോഗം ചെയ്ത് പ്രജാക്ഷേമകാംക്ഷിയായ മഹാരാജാവു തിരുമനസ്സിലെ അപ്രീതിക്ക് പാത്രമായി തീർന്നതിൽ വ്യസനിക്കയല്ലാതെ നിവൃത്തിയില്ല.” എന്നാണ്. സംഭവത്തിൽ ദുഃഖമുണ്ടെങ്കിലും സ്വദേശാഭിമാനിയുടെ ദുരന്തം അദ്ദേഹം സ്വയം വരുത്തിവച്ചതാണെന്ന് വ്യംഗ്യം. 
 
മുഖം നോക്കാതെ വാക്കുകൾ പ്രയോഗിക്കുന്നതിൽ ആശാനും സമർത്ഥനായിരുന്നു, പക്ഷേ അവയെ ദുരുപയോഗം ചെയ്യാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. അത്രയുമാണ് ദുരവസ്ഥയിലെ വിമർശനത്തിലും കാണാവുന്നത്. കൊല്ലം പെരിനാടു പ്രദേശങ്ങളിൽ നടന്ന പുലയ- നായർ ലഹളയെപ്പറ്റി മറ്റൊരു അവസരത്തിൽ ആശാൻ എഴുതി, ‘ഒന്നു വിചാരിച്ചാൽ ലഹള ഒരു വലിയ സമുദായ പരിഷ്കാരിയാണ്. ലഹളകൊണ്ട് ചിലപ്പോൾ ചില ഗുണങ്ങളും ചില അറിവുകളും ലോകത്തിനു സിദ്ധിക്കാറുണ്ട്’. അകന്നു നിൽക്കുന്നവരെ കൂട്ടിത്തൊടീക്കുന്നു എന്നതാണതിന്റെ നേട്ടം. ദുരവസ്ഥ മാത്രമായെടുക്കുമ്പോൾ കിട്ടുന്ന, ഒരു സമുദായത്തെ പ്രത്യേകമായി ആശാൻ അപലപിക്കുന്നു എന്ന ചിത്രമല്ല ആശാന്റെ വിമർശസ്വഭാവത്തെ പശ്ചാത്തലമാക്കി മറ്റ് ആവിഷ്കാരങ്ങളിലേക്കുകൂടി നോക്കുമ്പോൾ കിട്ടുന്നത്. 
 
വിമർശനം ആശാന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. അതൊരു ജീവിതരീതിയാണ്.