May 19, 2016

സ്വർഗത്തിൽനിന്നു നോക്കുമ്പോൾ സെൽഫ് ഹെല്പ് ബുക്കുകളുടെ ധാരാളിത്തം ഇപ്പോൾ മലയാള സിനിമകളെയും ബാധിച്ചിട്ടുണ്ട്. കേരളീയ സമൂഹത്തെ നന്നാക്കാനുള്ള ഉപദേശ സിനിമകളുടെ എണ്ണം വർഷാവർഷം കൂടി വരുന്നു. അക്കൂട്ടത്തിൽപ്പെടുന്ന ഒന്നാണ് ആലീസ് ആൻഡ് ജയിംസ് എന്ന സുജിത്ത് വാസുദേവൻ സിനിമ. സുജിത്ത്, പുണ്യാളൻ അഗർബത്തീസിന്റെയും ദൃശ്യത്തിന്റെയും (പാപനാശത്തിന്റെയും)  ഛായാഗ്രാഹകനാണ്. ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഇത്.  ഇംഗ്ലീഷുകാരുടെ തരംതിരിവനുസരിച്ച്  ഈ ചലച്ചിത്രം, നാടക (ഡ്രാമാ) വിഭാഗത്തിന്റെ കണക്കിലാണ് വരുന്നത്. സിനിമ എന്ന നിലയ്ക്ക് 'ആലീസിനും ജെയിംസിനും' മുറുക്കം പോരാ, കൃത്രിമത്വങ്ങളുണ്ട്, (പാർവതി നായർ അഭിനയിച്ച നന്ദിനിയുടെ (ജെയിംസിന്റെ സഹപ്രവർത്തക)സംഭാഷണം പലയിടത്തും അരോചകമാണ്.. ഓരോ വാക്യത്തിന്റെയും കൂടെ 'എടാ..എന്ന വിളികൊണ്ട് അവരുദ്ദേശിക്കുന്നത് കഥാപാത്രങ്ങളുടെ അടുപ്പമാണെങ്കിൽ നമുക്കത് ഉണ്ടാക്കുന്നത് അകൽച്ചയാണ്)  വച്ചുകെട്ടുകളുണ്ട്, ( പാട്ടിനു വേണ്ടി പാട്ട്, ചിത്രം വരപ്പുകാരന്റെ കുടുമി, കൈലിയും ഷർട്ടും വേഷം) മറ്റു സിനിമകളിൽ കണ്ട സീനുകളുടെ സ്വാധീനമുണ്ട്, ( ജാകോ വാൻ ഡോർമീലിന്റെ ' ദി ബ്രാൻഡ് ന്യൂ ടെസ്റ്റമെന്റി'ലെ ഒരു സീൻ അതേ പോലെ കോപ്പിയടിച്ചു വച്ചിട്ടുണ്ട് ഇതിൽ, ആളുകൾ ഇനി ജീവിക്കുന്ന ദിവസങ്ങൾ, തെരുവിലൂടെ നടക്കുന്ന അവരുടെ തലയ്ക്കു മുകളിൽ എഴുതിക്കാണിക്കുന്ന സീൻ) കച്ചവടത്തിനു വേണ്ടിയുള്ള അനിവാര്യമായ ഒത്തുതീർപ്പുകളുമുണ്ട്. മോടി പിടിപ്പിക്കലുകളുണ്ട്. (ബൗദ്ധിക ജീവിതം പൗലോ കൊയ്‌ലോ ഉദ്ധരണിയിലൂടെ) . എന്നാൽ ഇതിനെയെല്ലാം വാരിക്കെട്ടി പൊതിഞ്ഞു നിൽക്കുന്ന ഒരു സാഹിത്യപരതയുണ്ട്, സിനിമയിൽ. കാണാനല്ല, വായിക്കാനാണ് സിനിമ ക്ഷണിക്കുന്നത്. അതിനെപ്പറ്റിയാണ് ആലോചന.

പ്രേമിച്ചു വിവാഹം കഴിച്ച രണ്ടു പേരുടെ ജീവിതത്തിന്റെ സ്വാഭാവികമായ അകൽച്ചയാണ് സിനിമയുടെ പ്രമേയം. അതിന്റെ മൂർദ്ധന്യത്തിൽ തിരിച്ചുവരവ് സാധ്യമല്ലാത്ത വിധം പിരിഞ്ഞുപോക്ക് സംഭവിക്കണം. മരണം ഒരു പിരിഞ്ഞു പോക്കാണ്, അതേ സമയം ഒത്തുതീർപ്പുമാണ്. ദൈവം കൂട്ടിച്ചേർത്തതിനെ മനുഷ്യന് പിരിക്കാൻ പറ്റില്ലെന്നോ പാടില്ലെന്നോ ഉള്ള ക്രൈസ്തവബോധ്യത്തിന്റെ ജലം ഉപയോഗിച്ച് കണ്ണു കഴുകി നോക്കിയാൽ മരണം ദൈവഹിതം ലംഘിച്ചതിന്റെ ശിക്ഷയുമാണ്. സിനിമയുടെ ഒന്നാം പകുതി ഒരു ദാമ്പത്യജീവിതവും രണ്ടാം പകുതി അവർ ജീവിച്ച ജീവിതത്തിന്റെ വിലയിരുത്തലുമാണ്. ഒരു കണക്കെടുപ്പ്.  ജീവിച്ചു തീർത്ത ജീവിതം എങ്ങനെ ശരിയാക്കാമായിരുന്നു എന്നുള്ള വീണ്ടു വിചാരം. കേരളത്തിലെ സകല ഫാമിലി കൗൺസിലിംഗ് സ്ഥാപനങ്ങളും ഇട്ടോടിച്ച് ടയറു മൊട്ടയായെങ്കിലും ഇന്നും ഡിമാന്റുള്ള വണ്ടിയാണ് ഈ ഉപദേശ സഹായ സഹകരണ സംഘം.  കുടുംബം ശരിയായാൽ എല്ലാം ശരിയായെന്നുള്ള ചിന്തയ്ക്ക് ആത്മീയതയുടെ പെട്രോളാണ് സ്വയമ്പൻ ഇന്ധനം ! അതിനെ വെല്ലാൻ ഇനിയൊന്നും കണ്ടുപിടിക്കാനില്ല..

ഇവിടെവച്ചാണ് സിനിമ അതിന്റെ സാഹിത്യപാഠവുമായി ഉണരുന്നത്. കർത്താവിന്റെ വിശുദ്ധശിഷ്യന്മാരിൽ ഒരാളായ പത്രോസാണ് ജെയിംസിന്റെ ജീവിതത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടാനായി വരുന്ന അതിഭൗതിക കഥാപാത്രം. ( നന്ദനത്തിലും, പ്രാഞ്ചിയേട്ടനിലും, ശങ്കരനിലും മോഹനനിലും, മങ്കിപ്പെന്നിലും, ലീലയിലും ഒക്കെക്കൂടി ഈ സൈസ് കഥാപാത്രങ്ങൾ, തോന്നലാണോ ഉള്ളതാണോ എന്ന് കാണികളെ അലമ്പാക്കും മട്ടിൽ മലയാളസിനിമയിൽ ഇറങ്ങി നടക്കുന്നുണ്ട്, സമീപകാലത്ത് അതിത്തിരി കൂടുതലുമാണ്) ഇത്തരമൊരാളുടെ ആധികാരികതയിൽ ചോദ്യമില്ല. ദാമ്പത്യജീവിതത്തിന്റെ വീർപ്പുമുട്ടലിൽ കോടതി പറഞ്ഞിട്ട് കൗൺസിലിംഗിനു വിധേയമാകുന്നുണ്ട് രണ്ടുപേരും. അവിടെ ആലീസാണ് സംസാരിക്കുന്നത്.  ഉപദേശത്തിന്റെ ഭാഗത്തിനാണ് പത്രോസ് സ്വർഗരാജ്യത്തിൽനിന്നും ഇറങ്ങി വരുന്നത്. അയാൾ ജെയിംസിന്റെ ജീവിതത്തിലെ രണ്ടു കാര്യങ്ങളാണ് തിരുത്താമായിരുന്നു എന്നു  മാതൃകാരൂപത്തിൽ ചൂണ്ടിക്കാട്ടുന്നത് -

1. മകളെ കൂട്ടിക്കൊണ്ടുവരാൻ സമയം കിട്ടാതിരുന്ന ദിവസം,  ഭാര്യയോട് സ്നേഹംഅഭിനയിച്ച് അവളുടെ കോപത്തെ അനുനയിപ്പിക്കേണ്ടിയിരുന്നതെങ്ങനെ എന്ന് .
2. ഭാര്യയുടെ അപ്പൻ  ഡേവിസ് തെക്കേപ്പറമ്പിൽ ഹൃദ്രോഗവുമായി കിടക്കുമ്പോൾ, പഴയ വാശി കാണിക്കാതെ, കുടുംബത്തെ സന്തോഷിപ്പിക്കുന്ന മൂത്ത മരുമകനായി അവസരത്തിനൊത്ത് ഉയരുന്നതെങ്ങനെയെന്ന്..

ഡേവിസിന് ഇവ ബോധ്യപ്പെടുന്നുണ്ട്. അയാൾ എതിർക്കുന്നില്ല. കുടുംബജീവിതത്തിന്റെ ഭദ്രതയ്ക്ക് അത്യാവശ്യം വേണ്ട അഭിനയം നടത്താതെ അതു തകർന്നുപോയതിൽ അയാൾ പശ്ചാത്തപിക്കുന്നു . പശ്ചാത്തപിക്കുന്നവൻ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. പിന്നെ മരണത്തിന്റെ ആവശ്യമില്ല. മാത്രമല്ല ഉയിർത്തെഴുന്നേൽപ്പ്, സിനിമ പങ്കുവയ്ക്കുന്ന  ക്രൈസ്തവ സങ്കൽപ്പവുമായി ചേർന്നു നിൽക്കുന്നതുമാണ്. ( നേരത്തെ പറഞ്ഞ പൗലോ കൊയ്ലോ ഉദ്ധരണിയ്ക്ക് ചെറിയൊരു സാംഗത്യം ഇവിടെയുണ്ട്) അതുകൊണ്ടാണ് നിർത്തേണ്ടിടത്ത്  നിർത്താതെ വെറുപ്പിച്ചിട്ടും സിനിമ 'ശരി'യാണെന്ന് തോന്നിപ്പിക്കുന്നത്.

എല്ലാ 'സെൽഫ് ഹെൽപ്പു'കൾക്കും ഉള്ള കുഴപ്പം ഇതിനുമുണ്ട്. ഒരു ബാങ്കിലെ ജോലിക്കാരിയെയും ഒരു കലാകാരനെയും അഭിമുഖം നിർത്തിയിട്ട് വൈകാരികമായ ഒരു രാജിയാവലിനാണ് വിശുദ്ധ പത്രോസ് ഉപദേശിച്ചു വിടുന്നത്. മനുഷ്യനെ അവനവന്റെ വ്യക്തിത്വങ്ങളിൽനിന്ന് മാറാനുള്ള ഉപദേശം ഒരു വകയാണ്. അതു നൽകുന്നത്,  പുണ്യാളനാണെങ്കിൽപോലും. മനുഷ്യന്റെ ജീവനെടുത്തു പോകാൻ കെൽപ്പുള്ള പുണ്യാളൻ ജെയിംസിനെ ഉപദേശിക്കുന്നത് ഉള്ളിലുള്ളത് മറച്ചു വച്ചിട്ട് അഭിനയിക്കാനാണ്. ഭാര്യയും ഭർത്താവുമായി സ്വാഭാവികമായി വളർന്നു കഴിഞ്ഞ ഒരു വെറുപ്പ് മാറ്റി വച്ചിട്ട് അഭിനയിച്ചാൽ കുടുംബം എന്ന സ്വർഗം തകരാതിരിക്കും. ഇതൊരു വ്യക്തിപരമായ ആഗ്രഹമല്ല, മറിച്ച് സ്ഥാപനങ്ങളുടെ ആഗ്രഹമാണ്. അതു വ്യക്തികളിലൂടെ നടപ്പിലാക്കിയെടുക്കാൻ പുണ്യാളനെ സ്വർഗത്തുനിന്ന് വേഷം കെട്ടിച്ച് ഇറക്കിക്കൊണ്ടുവരുന്ന സിനിമയാണ് ആലീസ് ആൻഡ് ജെയിംസ്. വിശ്വസിക്കാം; വിശ്വസിക്കാതിരിക്കാം. എന്നാൽ വിശ്വസിക്കുന്നവൻ രക്ഷപ്പെടും !

May 14, 2016

തെറികൾ വിശ്വവിഖ്യാതമാവുന്ന വഴികൾഏ ബി വി പി കാർ കാര്യം മനസ്സിലാക്കാതെ ചുട്ടു കരിച്ച, ഗുരുവായൂരപ്പൻ കോളേജ് മാഗസീൻ  'വിശ്വവിഖ്യാതമായ തെറി'യുടെ പി ഡി എഫ് പതിപ്പിൽ ഉള്ളടക്കമായി കൊടുത്തിട്ടുള്ളത് ചെറ്റ, പുലയാടി, കഴുവേറി, തോട്ടി, കന്യക, കുണ്ടൻ, കൂത്തച്ചി, കിളവൻ, കാടൻ തുടങ്ങിയ വാക്കുകളാണ്. അതിൽ ജീവൻ ജോബ് തോമസ്, ടി വി സുനീത എന്നിവരുടെയൊക്കെ ലേഖനമുണ്ട്. അമുതനുമായുള്ള അഭിമുഖമുണ്ട്. പക്ഷേ അവരെക്കാളൊക്കെ മാഗസീൻ ആശയത്തിനു/ പ്രമേയത്തിനു പ്രാധാന്യം നൽകുന്നു എന്നതാണല്ലോ 'തെറി'യ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ഉള്ളടക്ക പേജിന്റെ അർത്ഥം. അരികു ജീവിതങ്ങളെക്കുറിച്ചുള്ള പരിഗണനയും സാമാന്യധാരണയെ പൊളിച്ചെഴുതാനുള്ള ആഹ്വാനവും കോളേജിൽനിന്നുണ്ടാവുന്നത് മികച്ച കാര്യമാണ്.  തെറികളെപ്പറ്റിയുള്ള ആലോചനകളെ ഒരു കോളേജ് മാഗസീൻ വിഷയമാക്കുന്നതുതന്നെ പ്രത്യാശാഭരിതമാണ്.

പക്ഷേ വിചാരപ്പെടുമ്പോലെ അത്ര നിർഭരമല്ല കാര്യങ്ങൾ. രാഷ്ട്രീയ എതിരാളികളെ തകർക്കാൻ നമ്മൾ വ്യാപകമായി എടുത്തു വീശുന്ന 'തെറി'കളിൽപ്പെടുന്ന ഒന്ന്, 'നിനക്കൊന്നും അറിയില്ലെന്നുള്ളതാണല്ലോ'. അക്ഷരമറിയില്ല എന്നുള്ളതാണ് പ്രാഥമികം. ശിധിലം, അബധം, സജ്ജീവം, ലാഭേച്ച, ധ്വംശനം, വൈകുണ്ഡം, അവജ്ഞത.. പുരുഷസത്ത്വ, പക്ഷഭേദം (പക്ഷപാതം എന്ന അർത്ഥത്തിൽ) ഉപയ ലൈംഗികത, യൂണിവേഴ്സിറ്ററി..... അങ്ങനെ വ്യാപകമാണ് അതിൽ അക്ഷരപ്പിശാചുകൾ. സാമാന്യമായ പിശകുകൾ വേറേ. മലയാളത്തിൽ മാത്രമല്ല ഇംഗ്ലീഷിലുമുണ്ട് തെറ്റ്, Chastity യ്ക്ക്  Chasity എന്നേയുള്ളൂ. അതൊരു കവിതയുടെ ശീർഷകവുമാണ്. വാക്യങ്ങളിലും വ്യാപകമാണ് ശ്രദ്ധക്കുറവ് ..

1. ഭരണകുലം ഒരു തൊഴിലായി നിലനിർത്തുന്നു.
2. ആ മൂഖങ്ങളെ ക്വിസ് ഓഫ് ലൗ എന്നോ ദിനു എന്നോ വിളിക്കാം
3. സംഭവങ്ങളുമായി വായിച്ചുനോക്കു നേർ...
4. മാനസിക വൈവിധ്യം തന്നെയാണ് സ്വവർഗാനുരാഗം

അക്ഷരത്തെറ്റുകൾ അത്ര കാര്യമാക്കേണ്ടതില്ല എന്നു വയ്ക്കാം. പ്രൂഫിന്റെ പ്രശ്നമാകാം. മേലിൽ എസ് എഫ് ഐ കാർ സംസ്കാരലോപം പറഞ്ഞ് വെട്ടാൻ വരുമ്പോൾ  കെ എസ് യു കാർക്കോ എബി വി പി കാർക്കോ എം എസ് എഫ് കാർക്കോ അസ കാർക്കോ ഉദ്ധരിച്ച് കൊഞ്ഞനം കാണിക്കാൻ ഒരു പ്രമാണപത്രമായി അതവിടെ ഇരുന്നോട്ടെ. അതല്ല..
പുസ്തകത്തിലെ തെറികൾ തുടങ്ങുന്നത് ചെറ്റയിൽ നിന്നാണ്.. മണ്ണീന്റെ മക്കൾ ചെളികൊണ്ടുണ്ടാക്കിയ കുടിലിനെ ചെറ്റയെന്നു വിളിച്ചവർക്കെതിരെ അമർഷമാണ് ആദ്യപേജിൽ.. ചെറ്റ പക്ഷേ ചെത്ത/ മേഞ്ഞ ഓലകൾ ജീർണ്ണിച്ച കുടിലാണ്. അഭയം നൽകാനാവാത്തത്. പഴകിയത്.

അടുത്ത വിഖ്യാത തെറി പുലയാടിയാണ്, അത് പുലയനിൽനിന്ന് ഉത്ഭവിച്ചു എന്നമട്ടിലാണ് പേജിലെ എഴുത്ത്. പുലം എന്നതിനു നിലം എന്നു മാത്രമല്ല അർത്ഥം. പുലം രോമവുമാണ്. മലയാളത്തിലെ തെറികളിൽ ഗുഹ്യഭാഗത്തെ രോമവുമായി ബന്ധപ്പെട്ട് തെറിയുണ്ട്, ( മൈര് വെറും മുടിയല്ല) അതായത് പുലയാടി,  വിസ്തീർണ്ണമായ, ഉന്തി നിൽക്കുന്ന, രോമം ഉള്ള ഒരു ശരീരാവയവം വച്ച് ആടുന്നവളാണ്. വ്യഭിചാരിണിയാണ്. അവളുടെ മകനാണ് പുലയാടി മോൻ.. കർഷൻ എന്ന പുലത്തിന്റെ തൊഴിലാളിയുമായോ 'പുല' എന്ന അശുദ്ധിയുമായോ ആ വാക്കിനു ബന്ധമൊന്നും ഇല്ല.

കഴുവേറിയെ കഴുമരത്തിൽ കയറിയവൻ തൂക്കുമരത്തിൽ കയറിയവൻ എന്ന മട്ടിലാണ് അവതരിപ്പിച്ചിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ കാര്യമാണ് കഴുവേറ്റൽ. കമ്പു ( കഴു) മൂർപ്പിച്ച് അതിൽ എണ്ണയും തേനും മറ്റു ലവണങ്ങളും പുരട്ടി താഴെ ഉറപ്പിച്ചു വച്ചിട്ട്, കുറ്റവാളിയെ പിന്നിൽ കൈ കെട്ടി മൂലത്തിനുള്ളിലേക്ക് ആ കമ്പ് കയറുന്ന രീതിയിൽ മണ്ണിൽ ഇരുത്തുന്ന ശിക്ഷയാണ് കഴുവേറ്റൽ..  ഇര ഇഞ്ചിഞ്ചായി നീറി വിളിച്ച് ദിവസങ്ങൾ മരിക്കുന്നതുകൊണ്ട് ഏറ്റവും ക്രൂരമായ ശിക്ഷാരീതി. കൊടും കുറ്റവാളിക്ക് നൽകിയിരുന്ന ശിക്ഷയാണിത്. അതിന്റെ സാമൂഹികശാസ്ത്രപരമായ ശരിതെറ്റുകൾ മറ്റൊരു വിഷയമാണ്. പക്ഷേ കഴുവേറ്റൽ ഇതായിരിക്കെ, കഴുവേറി എന്ന വാക്കിനെ ആശയപരമായി 'വിശ്വവിഖ്യാതമായ തെറി ' മാറ്റി മറിച്ചു വച്ചിരിക്കുന്നു.

കൂത്തച്ചിയെപ്പറ്റി ഇമ്മാതിരി കുറിപ്പുകൾ ഇല്ല. നന്നായി.

പൊതുവിൽ കരുതുന്നതുപോലെ ഒരു പേരെന്നത് വെറുമൊരു തിരിച്ചറിയൽ ലേബലല്ല, അത് നിങ്ങൾ തേടുന്ന അനവധി കാര്യങ്ങളെ വെളിപ്പെടുത്തുന്ന മാന്ത്രികത്താക്കോലാണ് എന്ന് ഡോ. വി എസ് രാമചന്ദ്രൻ. വിശ്വവിഖ്യാതമായ തെറി എന്ന മാഗസീൻ പേരിൽത്തന്നെയുണ്ട് സങ്കല്പനപരമായ പിശക്. മലയാളത്തിലെ തെറികൾ എന്തിനു വിശ്വവിഖ്യാതമാകണം? ബഷീറിന്റെ ഒരു പേരിനെ കോപ്പിയടിച്ചപ്പോൾ അതിനും ഇതിനും പിന്നിലെ ആശയമൊന്നും ചിന്തിച്ചു നോക്കിക്കാണില്ല.

'സീമന്തരേഖയിൽ സിന്ദൂരം ചാർത്തിയ സാന്ധ്യചക്രവാളം' എന്നൊക്കെ ഇതേ മാഗസീനിലെ ഒരു ലേഖനത്തിലെ - കവിതയിലെ അല്ല - വരിയാണ്. പുരോഗമനം എന്നു വാഴ്ത്തിയ ഒരു മാസികയിലെ പൈങ്കിളി വരിയാണത്. എഡിറ്ററുടെ കണ്ണു പതിയാത്ത ഒന്ന്.  'കൊടിയ ദുഷ്പ്രഭുത്വത്തിനെതിരെ തലകുനിക്കാത്തതാണെന്റെ യൗവനം' എന്ന് ടി എസ് തിരുമുൻപിന്റെ കവിതാവരി തെറ്റിച്ചെഴുതിയിട്ടുണ്ട്. കേരളത്തിലെ എല്ലാ മാഗസീനുകളിലും വർഷങ്ങളായി കയറിപ്പറ്റിയിരിക്കുന്ന നിമോളർ, നിയോയിളറായി ഇതിലും ഉണ്ട്. കൂട്ടത്തിൽ ഒരു ജ്യോതിഷാലയത്തിന്റെ (ആർ കെ എച്ച് നമ്പൂതിരി, ശ്രീ മൂകാംബിക ജ്യോതിഷാലയം) പരസ്യവും ഉണ്ട്. സ്റ്റുഡന്റ് എഡിറ്ററുടെ ആമുഖവും അവസാനത്തെ നന്ദിയും ചേർത്തു വായിച്ചാൽ ഒരു ഒറ്റയാൾ സംരംഭമാണിതെന്നാണ് തോന്നുക. അവിടെ സംഘമൊന്നും ഇല്ല. ഒറ്റയ്ക്ക് അനുഭവപ്പെട്ട കഷ്ടപ്പാടുകൾ, മാഗസീൻ ഇറക്കാതിരുന്നാൽ തനിക്ക് വരാൻ പോകുന്ന ഭീഷണികൾ.. തുടങ്ങിയവ...

തെറിച്ചു വീഴൽ കഴിഞ്ഞാൽ  പിള്ളേർ പിള്ളേരായി തന്നെ പ്രത്യക്ഷപ്പെടുന്ന ഇടങ്ങൾ കവിതകളിലും നൊസ്റ്റി എഴുത്തുകളിലുമാണ്. അതിൽ അശ്ലീലം പോയി ഒളിച്ച പ്രേമങ്ങളാണ്. പ്രേമത്തിന്റെ കാര്യം വരുമ്പോൾ പിന്നെ തെറിയില്ല. സുഗന്ധവും റോസാ പുഷ്പവും മഞ്ഞു കണികകളുമാണ്.

"പുതിയ ലേഡീസ് ഹോസ്റ്റലിലെ പെങ്ങന്മാരോട്, വാട്ടർ ടാങ്കിനു പിറകിൽ ഒരു കെട്ട് ബീഡി ഞങ്ങൾ ഒളിപ്പിച്ചിട്ടുണ്ട്, കഴിഞ്ഞ ബി സോൺ ദിനങ്ങളിലൊന്നിൽ. കലിഗുളയെ ആദ്യമായി അറിഞ്ഞ് ഉറങ്ങിയത് ആ ടെറസ്സിലാണ്. പടികളിറങ്ങി താഴേക്ക് പോകുന്ന അടുക്കള ചുമരിൽ ഞാൻ അവളുടെ പേര് എന്നോട് ചേർത്ത് എഴുതിയിട്ടുണ്ട്. വൃത്തിയില്ലാത്ത കൈപ്പടത്തിൽ. ഇടനാഴികൾക്കിരുവശവും വിളിച്ചു പഠിച്ച മുദ്രാവാക്യം ചുവപ്പിലെഴുതിയിട്ടുണ്ട്." (അത്രയും കൊള്ളാം)

പൊതുവേ ഏകകക്ഷിഭരണമുള്ള നമ്മുടെ ക്യാമ്പസ്സുകളിലെ മാഗസീൻ വഴിയുള്ള സർഗാത്മക സംഭാവനകൾ പരിതാപകരമാണ്. വൈവിധ്യം ഉണ്ടാവില്ല. ചുരുട്ടിപ്പിടിച്ച മുഷ്ടിയുടേയോ കാവിയുടെയോ പച്ചയുടെയോ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെയോ കണ്ണാടികൾ പരിശോധിച്ചിറക്കിവിട്ട സാധനത്തിന് എന്തു പുതുമയും കയറുപൊട്ടിക്കലുമാണ് അവകാശപ്പെടാനുണ്ടാവുക? അതുകൊണ്ട് 20 വർഷങ്ങൾക്കു മുൻപുള്ള ഒരു ക്യാമ്പസ്സ് മാഗസീനിൽ കണ്ടതുതന്നെ ഇപ്പോഴും കണ്ടാലും അന്തം വിടരുത്.. ( 'വിശ്വ വിഖ്യാതമായ തെറി'യിൽ തന്നെ കാണാം, നിമോളറുടെ കവിത) 

സെബിൻ ഫെയിസ് ബുക്കിൽ എഴുതിയതുപോലെ ആരോ ഉച്ചത്തിൽ പറഞ്ഞ ഒരു മുദ്രാവാക്യം ഏറ്റു പറഞ്ഞതിനപ്പുറം, തിളച്ച രക്തവുമായി ഒട്ടും മുന്നോട്ടു പോകില്ല പ്രമേയങ്ങൾ. മാഗസീൻ മോശമാണെന്നല്ല, ഈ പറഞ്ഞതിനർത്ഥം. അത് നമ്മുടെ നാട്ടിലെ നൂറുകണക്കിനു മാഗസീനുകളിൽനിന്നു മുന്നോട്ടു നീങ്ങി നിൽക്കുന്ന വലിയ ആന്തരിക ഊർജ്ജമൊന്നും ഉള്ളിൽ വഹിക്കുന്നില്ലെന്നാണ്. സൂക്ഷ്മരാഷ്ട്രീയമല്ല, കക്ഷി രാഷ്ട്രീയമാണതിനെ മുന്നോട്ടു തള്ളിയത്.   സംവാദത്തിന്റെ അർത്ഥമറിയാത്തതുകൊണ്ടും അതിനുള്ള കോപ്പ് നാളിതുവരെ സംഭരിക്കാത്തതുകൊണ്ടും, അകത്ത് ഒന്നിരണ്ടിടത്ത് നരേന്ദ്രമോദിയെയും കണ്ടാവും സംസ്കാരം പറഞ്ഞ് എ ബി വി പികാർ ചാടി വീണതും മാഗസീൻ കത്തിച്ചതും. അതുകൊണ്ട് നാലാളറിഞ്ഞു.  വായിച്ചു നോക്കാൻ പറ്റി. പ്രതിഷേധങ്ങൾക്ക് ഇങ്ങനെ ചില ഗുണങ്ങളുണ്ട്. ഡി സി സംഭവം പുസ്തകമാക്കി ആളുകളുടെ കൈയിൽ വായിക്കാൻ കൊടുത്തു. പക്ഷേ മാഗസീൻ വേറെ. ഡി സിയുടെ പുസ്തകം വേറേ. അവിടെയാണ് അദൃശ്യനായ ഒരു എഡിറ്റർ ഇരുന്നു വിരാജിക്കുന്നത്. ഡി സിയിലാവട്ടെ ഈ പറയുന്ന പുരോഗമനം ആരോപിക്കാൻ പറ്റുന്ന സാധനവുമല്ല.

 'വിശ്വവിഖ്യാതമായ തെറി' പുറത്തിറക്കിയ ഡി സി തന്നെയാണ്  'കലാലയങ്ങൾ കലഹിക്കുമ്പോൾ' എന്ന പുസ്തകവും ഇറക്കിയത്. അരുന്ധതിയുടെ കൈകാര്യതയിൽ. രണ്ടാമത്തേതിപ്പോൾ കൈയിൽ കിട്ടിയതുകൊണ്ടാണ് ആദ്യത്തേതിന്റെ 'മൂല'ത്തെക്കുറിച്ച് കാലം തെറ്റിയ ഒരു കുറിപ്പ്...