മാധ്യമം ആഴ്ചപ്പതിപ്പിൽ രസകരമായും ജ്ഞാനപ്രദമായും വായിച്ചു പോകാവുന്ന പംക്തിയാണ് വി സി ബാലകൃഷ്ണൻ എഴുതുന്ന കേരളത്തിലെ സസ്യജാലങ്ങൾ അഥവാ ബൊട്ടാണിക്ക. ഒപ്പം കൊടുക്കുന്ന ചിത്രങ്ങളും അദ്ദേഹത്തിന്റെ വകതന്നെ. സസ്യങ്ങളെയും മരങ്ങളെയും ശാസ്ത്രദൃഷ്ട്യാ വിവരിക്കുകയല്ല, അവയെ സാംസ്കാരികപാഠങ്ങളുമായി ഇവിടെ ഇഴചേർക്കുകകൂടി ചെയ്യുന്നു. ഹോർത്തൂസ് മലബാറിക്കൂസിൽ അവയെ രേഖപ്പെടുത്തിയിരിക്കുന്നതെങ്ങനെ എന്നു വിവരിക്കുമ്പോൾ ചരിത്രപരമായ അന്വേഷണതലംകൂടി തെളിയുന്നു.
ഇത്തവണ ആ പംക്തിയിൽ (ജൂൺ 29) വെള്ളിലയാണ്. ‘അമ്മ കറുമ്പി മോളു വെളുമ്പി മകളുടെ മകളൊരു സുന്ദരിക്കോത’യെന്നാണ് വെള്ളിലയെപ്പറ്റി നാട്ടിൽ പ്രചാരത്തിലുള്ള കടംകഥ. ‘വെള്ളിലകിങ്ങിണി താഴ്വരയിൽ വെള്ളാമ്പൽ പൊയ്കതൻ കൽപ്പടവിൽ’ കാക്കത്തമ്പുരാട്ടിയെന്ന (1970) സിനിമയിൽ കെ രാഘവന്റെ സംഗീതത്തിൽ ജയച്ചന്ദ്രൻ പാടിയ പാട്ടാണ്. ആട്ടിൻ കുട്ടിയെ വെള്ളം കലക്കിയതിന്റെ പേരിൽ കുറുക്കൻ ശിക്ഷിക്കുന്ന കുട്ടിക്കഥയാണു പറയുന്നതെങ്കിലും അതൊരു വിഷാദഗാനമായിട്ടാണ് മനസിൽ കുട്ടിക്കാലത്തേ ചേക്കേറിയിരിക്കുന്നത്. വെള്ളിലച്ചെടിയെയും നക്ഷത്രാകൃതിയുള്ള പൂക്കളെയും അതിനടുത്ത് വെളുത്ത ഇലകളെയും പലപ്പൊഴും കണ്ടിട്ടുണ്ടെങ്കിലും ഇതാണത് എന്ന് മനസിലായിട്ടില്ല.
വി സി ബാലകൃഷ്ണൻ വെള്ളിലയുടെ സാംസ്കാരികപ്രാധാന്യത്തെ കടങ്കഥയെന്ന വൈലോപ്പിള്ളി കവിതകൊണ്ടും കാളിദാസന്റെ സ്വഭാവോക്തിയലങ്കാരംകൊണ്ടുമാണ് വിശദീകരിക്കുന്നത്. വൈലോപ്പിള്ളി വെള്ളിലയെപ്പറ്റിയാണ് എഴുതുന്നത്. എന്നാൽ കാളിദാസന്റെ ശാകുന്തളത്തിലെ വെള്ളില, ഈ പറഞ്ഞ ‘മുസായേണ്ട ഫ്രൊൻടോസ’ തന്നയാണോ എന്നു സംശയമുണ്ട്. പറയാം.
വെള്ളിലയ്ക്ക് സംസ്കൃതത്തിൽ ശ്രീമതി, ശ്രീവല്ലി എന്നെല്ലാം പേരുണ്ട്. ശാകുന്തളം നാലാം അങ്കത്തിലും അഞ്ചാം അങ്കത്തിലും കാളിദാസൻ ഉപയോഗിച്ചിരിക്കുന്നത് ഒരേ വാക്കാണ് പാണ്ഡുപത്രാഃ (പണ്ഡുപത്താ) ശകുന്തള പിരിഞ്ഞു പോകുന്നു എന്നോർത്ത് മയിലുകൾ നൃത്തം നിറുത്തി, മാനുകൾ പുല്ലു മേയുന്നത് നിർത്തി. കാടു കരയുകയാണോ എന്നു തോന്നുമാറ്, വള്ളികളിൽനിന്ന് വിളറിയ ഇലകൾ പൊഴിയുന്നു‘ എന്നാണ് അവിടെ വർണ്ണന. കുട്ടികൃഷ്ണമാരാര്, ഇതിനെ വിളർത്ത ഇലകൾ എന്നും കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ശുഷ്കപത്രങ്ങൾ എന്നുമാണ് വിവർത്തനം ചെയ്യുന്നത്. എ ആർ രാജരാജവർമ്മ ‘പെയ്യുന്നിതേ വെള്ളില വള്ളിതോറും’ എന്നെഴുതി. അത് പ്രത്യ്യേക ചെടിയുടെ ഇലയല്ല.. പഴുത്ത ഇലകൾ എന്നർത്ഥത്തിലാകാനേ തരമുള്ളൂ. വെള്ളിലച്ചെടിയുടെ സൗന്ദര്യം വിവരണം വായിക്കുന്ന ആളിന്റെ മനസിൽ ഉണ്ടായിക്കൊള്ളട്ടേ എന്ന് സൗന്ദര്യപക്ഷപാതിയായ എ ആറിനു തോന്നിക്കാണും. അതു വേറെ കാര്യമാണ്.
അഞ്ചാം അംഗത്തിൽ സന്ന്യാസവേഷധാരികൾക്കിടയിൽ (ഗൗതമി, ശാർങരവൻ, ശാരദ്വതൻ) സുന്ദരിയായ ശകുന്തളയെ കാണുന്ന ദുഃഷന്തൻ വെള്ളിലച്ചെടിയുമായാണ് ശകുന്തളയെ ഉപമിക്കുന്നതെന്നും കാട്ടിൽ ആ ചെടിയുമായുള്ള പരിചയ കാവ്യനിർമ്മാണവേലയിൽ അദ്ദേഹത്തിനു ഓർമ്മവന്നതാകാം കാരണമെന്നും ലീലാവതിയോ എം കെ സാനുവോ എഴുതിയ ഒരു ലേഖനം വായിച്ച ഓർമ്മയുണ്ട്. അവിടെയും കാളിദാസൻ ‘പാണ്ഡുപത്രാണാം’ എന്നു പ്രയോഗിച്ചിട്ടുണ്ട്. ‘വെളുത്ത ഇലകൾ’ എന്നർത്ഥം. പക്ഷേ അതു ശകുന്തളയെ വർണ്ണിക്കാനല്ല. സന്ന്യാസിവേഷത്തെ വിവരിക്കാനാണ്. ‘ശുഷ്കപത്രങ്ങൾക്കു മധ്യേ നിഷ്കളങ്കയായ തളിരുപോലെ’ എന്ന് കേരളവർമ്മയുടെ വർണ്ണന. ഇവിടെയും മാരാര് നൽകുന്നത് ‘വിളറിയ ഇലകൾ’ എന്ന പരിഭാഷയാണ്. ഗൗരദളങ്ങിൾക്കിടയിൽ എന്നാണ് ആറ്റൂർ കൃഷ്ണപ്പിഷാരടിയുടെ തർജ്ജിമ. കാട്ടിലെ വള്ളികൾ പൊഴിക്കുന്ന ഉണക്കയിലകളെ ആറ്റൂർ, വെള്ളില എന്നു വിളിക്കുന്നുണ്ട്.
ശബ്ദതാരാവലി, വെള്ളിലയ്ക്ക്, ഒരു ചെടി, മരം, ഉണങ്ങിയ ഇല എന്നീ മൂന്നർത്ഥങ്ങളും കൊടുക്കുന്നുണ്ട്. അതിൽ മൂന്നാമത്തെ അർത്ഥമാകണം കാളിദാസൻ ‘പാണ്ഡുപത്രം’ എന്നതുകൊണ്ട് ഉദ്ദേശിച്ചത്. വെള്ളില മലയാളിയുടെ സൗന്ദര്യബോധവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാഴ്ചയായതുകൊണ്ട് എ ആർ രാജരാജവർമ്മയും, ആറ്റൂരും, ഇപ്പോൾ വി സി ബാലകൃഷ്ണനും സാനുമാഷും ( ലീലാവതി ടീച്ചറും) വ്യത്യസ്ത അർത്ഥങ്ങളിൽ വെള്ളിലയെ കാളിദാസകല്പനയുമായി ചേർത്തുവച്ചു. ഒന്നുകൂടീ അടുത്തുവച്ചു നോക്കിയാൽ കാളിദാസൻ ‘ശ്രീവല്ലിയെ’ ഉദ്ദേശിച്ചിട്ടില്ല.
മാധ്യമം ആഴ്ചപ്പതിപ്പ്, ജൂലൈ 27, 2026
