ഭാഷാപോഷിണി 2019 മേയ് ലക്കത്തിൽ വന്ന ഫ്രാൻസിസ് നൊറോണയുടെ എനം എന്ന കഥയുടെ ശീർഷകത്തിനും അതിലെ ഉള്ളടക്കത്തിനും തമ്മിൽ പ്രകടമായി ഇടം തിരിഞ്ഞു നിൽക്കുന്ന സ്വഭാവമുണ്ട്. ആ ശീർഷകത്തിൽ അലങ്കരണമില്ല, ബിംബങ്ങളില്ല. പ്രാദേശികമായ (വമൊഴിയുടെ) ചുവയോടെ എടുത്തു പിടിച്ചു നിൽക്കുകയാണ്. മനുഷ്യനെന്ന പ്രത്യേക ഇനത്തെയും അതിന്റെ ശീലക്കേടുകളെയുംപറ്റി പറയുന്ന കഥ അതിന്റെയൊരു ഇരുണ്ട സ്വഭാവവും വളരെ പതുക്കെ അർത്ഥബോധം ഉണർത്തുന്ന വിധവുംകൊണ്ട് ‘വെനം ‘ എന്ന ഇംഗ്ലീഷു വാക്കുന്റെ ഓർമ്മയുണർത്തുന്നു എന്നു തോന്നി.
ശബരിമലയിലെ സ്ത്രീപ്രവേശവും ആർത്തവാശുദ്ധിയും വിശ്വാസവും ജാതിയും വിഷയമാകുന്ന കഥയെ സമകാലികമാക്കുന്നത് ചുംബനസമരവും സാഹിത്യവും കോളേജും നാടകം കളിയും സൗഹൃദങ്ങളും വെറുപ്പും കാപട്യവും തോളോടു ചേർന്നുനിന്നാണ്. സംഭവങ്ങൾ മാത്രമല്ല, മനുഷ്യന്റെ പുറമേയ്ക്ക് പ്രകറ്റമല്ലാത്ത മനോഭാവങ്ങളും ചേർന്നു സൃഷ്ടിക്കുന്ന കാലത്തിന്റെ നിറവ്യത്യാസങ്ങളിലേക്കാണ് കഥാകൃത്തിന്റെ ശ്രദ്ധ. അപ്രധാനം എന്നു തോന്നുന്ന സംഭവങ്ങളുടെയും സൂക്ഷ്മനിരീക്ഷണങ്ങളുടെയും ആകെത്തുകയാണ് ഈ കഥ. പൊട്ടിത്തെറിക്കുന്ന ഒന്നും ഇതിലില്ല. ഒരു പ്രധാനസംഭവംപോലും എടുത്തു പറയാനില്ല. എന്നാൽ ഒട്ടനവധി സംഭവങ്ങൾ തമ്മിൽ പിണഞ്ഞു ചേർന്ന് അത്രയൊന്നും ഹിതകരമല്ലെന്ന് ഏതുനിലയ്ക്കും തോന്നിക്കുന്ന ഒരു അന്തരീക്ഷത്തിന്റെ സൂക്ഷ്മമായ തച്ചു പണിയുകയാണ് നൊറോണ ചെയ്യുന്നത്. തലക്കെട്ടിന്റെ ഒതുക്കത്തിനു നേരെ വിപരീതമാണ് ഉള്ളടക്കത്തിന്റെ പരിചരണം. കഥയിൽ വാക്യങ്ങൾ ഭൂരിഭാഗവും കേവലവാക്യങ്ങളല്ല. സങ്കീർണ്ണവാക്യങ്ങളും മഹാവാക്യങ്ങളും കൊണ്ടാണ് നെറോണ കഥപറയുന്നത്.
പ്രധാനക്രിയയുടെ വിശേഷണങ്ങളായിട്ടാണ് വാക്യങ്ങൾ നീട്ടിയെടുക്കുന്നത്. ചിലപ്പോൾ രണ്ടും മൂന്നും ക്രിയകൾ ഒരേസമയത്ത് നടക്കുന്നു.
- “വീട്ടിലേക്ക് കേറുമ്പോൾ വെള്ളമനത്താൻ രോഹിണിയോട് പറഞ്ഞിട്ട്
കരച്ചിലിന്റെ ചോരവക്കീ നിന്ന കൊച്ചിനെ സലില മറപ്പുരയിലേക്ക് കൂട്ടിക്കൊണ്ടു പോയി” -
- “ വാരി
വലിച്ചിട്ടിരുന്ന മകളുടെ പുസ്തകങ്ങൾക്കു മീതേ ഭാര്യ ഊരിവച്ച തിരിപ്പൻ ഭിത്തിയിലെ
ആണിയിൽ തൂക്കുമ്പോൾ ചത്ത മൃഗത്തിന്റെ വാൽ വെള്ളത്തിനടിയിൽ ഇളകുമ്പോലെ അയാൾക്കു
തോന്നി.”
അപൂർവമായി വന്നുകയറുന്ന ഉപമകളിലെ ഉപമാനങ്ങൾ മിക്കവാറും അതേ സാമൂഹിക/ക്രിയാപരിസരത്തിനുന്നുള്ളവയാകും. (കോവിലുപോലെ തോന്നി വണ്ടിയുടെ അകം) മറ്റൊന്ന് ഒരു ക്രിയ നടക്കുമ്പോൾ മറ്റൊരു ക്രിയകൂടി നടന്നു എന്നു സൂചിപ്പിക്കാനുള്ളവയാണ് ( മേപ്പോട്ടെറിഞ്ഞ ഇത്തില് കമഴ്ന്നു വീഴുന്നതും നോക്കിയിരുന്ന ഉദയനതു കേട്ട് ഒതളച്ചോട്ടിലെ തെളിമണ്ണീന്നെഴുന്നേറ്റു) അപൂർവം ചിലപ്പോൾ രണ്ടു ക്രിയകൾ ഒന്നിച്ചു നടക്കുന്നതിന്റെയുമാണ്. (ഒപ്പമുണ്ടായിരുന്നവളുടെ കുറിപ്പുകളെ ഓർത്തെടുക്കുന്നതിനിടയിൽ സഞ്ചിയിലെ കുപ്പിയെടുത്ത് വെള്ളം തൊടാതെ അയാൾ വിഴുങ്ങി). കഥയിലെ അന്തരീക്ഷത്തിന്റെ സൂക്ഷ്മമായ വിശദാംശങ്ങളെ ധ്വനിപ്പിക്കുന്നതിനൊപ്പം ഒരുപാട് സംഭവങ്ങൾ നടക്കുന്നതായും സൂചിപ്പിക്കാമെന്നതാണ് ഇവകൊണ്ടു സാധ്യമായ കലാപരമായ ഗുണം. ക്രിയകളുടെ ബാഹുല്യം കഥയെ നേർരേഖയിൽ സഞ്ചരിക്കുന്നതിൽ നിന്നും വിലക്കുന്നു. നൊറോണയുടെ കഥ അപരിചിതമേഖലയുണ്ടാക്കുന്നത് കഥയുടെ കേന്ദ്രം (ന്യൂക്ലിയസ്) വച്ചിട്ടല്ല, മറിച്ച് ഇതുപോലെയുള്ള വിശദാംശങ്ങൾ കൊരുത്ത വാക്യങ്ങൾ വച്ചിട്ടാണ്. കഥയിൽത്തന്നെയുള്ള വാക്യം വച്ചു പറഞ്ഞാൽ ‘ആംബിയൻസിലാണ്’ നോറോണയുടെ കഥയുടെ ജീവൻ പിടയുന്നത്.
ഈപറഞ്ഞവയിൽപ്പെടാത്ത വേറൊരു തരം വിശേഷണങ്ങളും കഥയ്ക്കുള്ളിലുണ്ട്. അത് ഒറ്റവരികളിലുള്ള സംഗ്രഹണങ്ങളാണ്. ഒരു പക്ഷേ കഥകളിലെ ഏറ്റവും വലിയ ശക്തികളിലൊന്നും ദുർബലമാകാൻ ഏറ്റവും സാധ്യതയുള്ളതുമായ കാര്യമവയാണ്. ആശുപത്രിയിൽ കാലിൽ പ്ലാസ്റ്ററിട്ടു കിടക്കുന്ന സലിലയെ കാണാൻ ചെന്ന അനൂപിന്റെകൂടെ ചേച്ചിയുടെ കുട്ടികളെ കണ്ട സലിലയുടെ അമ്മ, “ പൊട്ടിച്ച ബിസ്കറ്റ് പായ്ക്കറ്റിനു മീതെയിട്ടിരുന്ന പച്ച റബർ ബാന്റ് അഴിച്ചു” എന്നാണ് എഴുതിയിരിക്കുന്നത്. ഈയൊരൊറ്റ വരികൊണ്ട് സൃഷ്ടിച്ചിരിക്കുന്ന കുടുംബചിത്രമുണ്ട്. അവരുടെ അവസ്ഥയുണ്ട്. കാഴ്ചയുടെ ഓർമ്മയെ അനുഭവമാക്കി പരിവർത്തിപ്പിക്കുമ്പോൾ മാത്രം സാധ്യമാവുന്ന കാര്യമാണത്. ഇത് അകത്തെ കാഴ്ചയാണെങ്കിൽ ഇതുപോലെ പുറത്തെ കാഴ്ചയുടെ ഒരു അനുഭവവും ഒറ്റവരിയിൽ കഥയിലുണ്ട്. “വണ്ടി യു ടേൺ എടുക്കുമ്പോൾ താലമേന്തിയ സ്ത്രീകളുടെ നീണ്ട നിര റോഡു മുറിച്ചു കടക്കുവാൻ പുരുഷന്മാർ സഹായിക്കുന്നുണ്ട്”. ശബരിമലയുമായി ബന്ധപ്പെട്ട നാമജപയാത്രയുടെ ഒറ്റപ്പെട്ട കാഴ്ചയാണിത്. ഒറ്റവരിയിൽ ഒരുകാഴ്ചയും അതിനു പിന്നിലെ പ്രത്യയശാസ്ത്രവും കഥാകൃത്ത് അവതരിപ്പിച്ചു കഴിഞ്ഞു. പരത്തിയാൽ കോലം കെട്ടു പോകുന്നതും കൃത്രിമമാകുന്നതുമാണ് ഇതുപോലെയുള്ള നിരീക്ഷണങ്ങൾ. അതുകൊണ്ടാണ് സൂക്ഷിച്ചില്ലെങ്കിൽ കഥയ്ക്കൊരു പരാധീനതയാവുമെന്ന് എഴുതിയത്. വ്യക്തിയുടെ രൂപചിത്രണങ്ങളും പലപ്പോഴും ഇതുപോലെയുള്ള ഒറ്റവരിയിൽ സംഗ്രഹിച്ചാണ് അവതരിപ്പിക്കപ്പെടുന്നത്.( പലഹാരപ്പൊതി തുറന്നു മൊരിപിടിച്ച കാലിൽ എണ്ണമയം തുടച്ച്...., നേർത്തു മെലിഞ്ഞ അവരുടെ വിടർന്ന കണ്ണുകളിലെ വിപ്ലവവീര്യം.. ) അതേ സമയം നൊറോണ എല്ലാം ചുരുക്കിവയ്ക്കുകയുമല്ല, നേരത്തെ വിശദീകരിച്ചതുപോലെ അതിദീർഘമായ വാക്യങ്ങളെ കൊരുക്കുന്നതുപോലെ, കഥ കൈകാര്യം ചെയ്യുന്ന പ്രധാന ആശയത്തെയും വിശേഷണസംഭവങ്ങളിലൂടെ വിപുലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ശബരിമലയിലെ യുവതീ പ്രവേശവും അതിനോടുള്ള അതിസൂക്ഷ്മമായ (ആൺ) മനോഭാവങ്ങളെയും ഇഴ പിരിക്കുന്ന കഥയിലേക്കുള്ള പ്രവേശം ഒരു കുട്ടിയുടെ ആർത്തവാരംഭത്തെ അവളനുഭവിക്കുന്ന ഭീതിയോടെ തന്നെ വിശദമാക്കിക്കൊണ്ടാണ് സാധ്യമാക്കിയിരിക്കുന്നത്. അനൂപ് അവതരിപ്പിക്കുന്ന നാടകത്തിന്റെ കഥ, സി അയ്യപ്പന്റെ പ്രേതഭാഷണമായിരിക്കുന്നത അർത്ഥവത്താണ്. ആ കഥയിലെ അപമാനത്തിന്റെയും ജാതിക്കോയ്മയുടെയും അന്തരീക്ഷം ഈ കഥയിലും ഗൂഢമായി സന്നിവേശിപ്പിച്ചിരിക്കുകയാണ്.
നോവലിൽ ഉള്ളടക്കാവുന്ന സംഭവങ്ങളെ കഥയുടെ മെലിഞ്ഞ ശരീരത്തിൽ കയറ്റി വയ്ക്കുന്ന കഥകളുണ്ട്. വളരെ നേർത്ത കഥാതന്തുവിനെ അതിവിശദമായി പരത്തി പറയുന്ന കഥകളുമുണ്ട്. ചെറുകഥകളുടെ ഏകാഗ്രത, സാരള്യം, ഋജുത്വം, നിശ്ചിതമായ കാലദൈർഘ്യം, വൈകാരികമായ ഏകമുഖത്വം, മൂല്യവിശ്വാസം തുടങ്ങിയ പരമ്പരാഗത വിശ്വാസങ്ങളെ തകർത്തുകൊണ്ടും കാലിക ജീവിതോപായങ്ങളിൽനിന്നുള്ള ഉപമാനങ്ങൾ, രാഷ്ട്രീയസംഭവങ്ങളോടുള്ള പ്രതികരണങ്ങൾ, സാംസ്കാരികാനുഭവങ്ങൾ എന്നിവ കൂട്ടിച്ചേർത്ത് മിശ്രിതമാക്കിയുമാണ് കഥകൾ വേറിട്ട ഭാവുകത്വമേഖലകൾ പണിയുന്നത്. ഫ്രാൻസിസ് നൊറോണ അക്കൂട്ടത്തിൽ പുതിയൊരു ശാഖയുണ്ടാക്കുന്നത് പദം, വാക്യം, ഖണ്ഡിക, സംഭാഷണം, ആശയം തുടങ്ങിയ ആഖ്യാനഘടകങ്ങളിൽ ‘വിശേഷണങ്ങൾ’ ചേർത്ത് വിപുലപ്പെടുത്തിക്കൊണ്ടാണ്. അവിടെയാന് നൊറോണയുടെ ‘കഥ’ സ്ഥിതി ചെയ്യുന്നതെന്നു പറഞ്ഞാലും ശരിയാണ്. തികച്ചും ഭാഷാപരമാണെങ്കിലും കഥകളുടെ സമകാലികമായ തിരിവുകളെപ്പറ്റി അറിവു നൽകാൻ കൂടുതൽ അന്വേഷണത്തിനു പ്രേരിപ്പിക്കുന്ന മേഖലയാണിതെന്ന് തോന്നുന്നു.
ഭാഷാപോഷിണി ജൂലൈ 2019