October 27, 2010
യന്തിരചരിതം രണ്ടാം ദിവസം
പട്ടാളത്തിലെ ആളെക്കൊല്ലി ഏർപ്പാടിനൊരു പരിഹാരം എന്ന നിലയ്ക്കാണ്, ഒരു പുരുഷായുസ്സ് ഹോമിച്ച് വശി എന്ന ശാസ്ത്രജ്ഞൻ ചിട്ടി എന്ന അമാനുഷികമായ കഴിവുകളുള്ള യന്ത്രത്തിനു ജന്മം നൽകിയത്. യന്ത്രത്തിന്റെ അപരിമിതമായ ശേഷിയ്ക്കും കൃത്യതയ്ക്കും ഒപ്പം മാനുഷികമായ വൈകാരികാനുഭൂതികളും നിർബന്ധത്തിനു വഴങ്ങി പിന്നീട് കൂട്ടിച്ചേർത്തപ്പോൾ ചിട്ടിക്ക് സങ്കീർണ്ണമായ ഒരു ഘടന കൈ വരുന്നു. അപരിമിതമായ അതിന്റെ കർമ്മശേഷി വികാരത്താൽ നിയന്ത്രിക്കപ്പെടുന്നു എന്ന ഒരു തരം പുതിയ കൈനില. പതിനായിരക്കണക്കിനായുധങ്ങൾ കണിശതയോടെ കൈകാര്യം ചെയ്യാനായി പ്രോഗ്രാം ചെയ്യപ്പെട്ട യന്ത്രം ഒരു പൂവിനെ നോക്കിയിരുന്ന് പ്രണയ വാചകങ്ങളുരുവിട്ട് നിഷ്കാമകർമ്മിയാവുന്നതിൽ തന്റെ ആയുഷ്കാലസ്വപ്നം മുഴുവൻ പൊലിഞ്ഞു പോകുന്നതു കണ്ടാണ് വശി, തന്റെ തന്നെ സൃഷ്ടിയായ ചിട്ടിയെ തകർത്ത് കച്ചടയിൽ കളഞ്ഞത്. തകർക്കുമ്പോൾ അയാൾ പറയുന്നുണ്ട്, സ്വന്തം മകനായിരുന്നു അതെന്ന്. പിന്നീട് കാമുകിയോടൊപ്പമുള്ള കാർ യാത്രയിലും അയാളാവാക്യം ആവർത്തിക്കുന്നുണ്ട്.
പക്ഷേ വീട്ടിൽ പരിചയപ്പെടുത്തുമ്പോഴും കാമുകിയോടൊപ്പം അവളെ സഹായിക്കാനായി അയക്കുമ്പോഴും ആ യന്തിരൻ വശിഗറിന്റെ അതേ മാതൃകയിലുള്ള, എന്നാൽ അയാളുടെ ശാരീരികമായ പരിമിതികളെ ലംഘിക്കാൻ ശേഷിയുള്ള സഹോദരനാണ്. ഒരു മലക്കം മറിച്ചിലിൽ ഹോർമോണുകൾ കൂടിച്ചേർന്ന്, തന്റെ സൃഷ്ടാവിന്റെ കാമുകി സന, അയാളിൽ ഉൾപുളകങ്ങൾ സൃഷ്ടിക്കുമ്പോഴും അയാൾ വശിയുടെ മകനല്ല, മറിച്ച് സഹോദരനായ അപരൻ ആണ്. ആൾട്ടർ ഈഗോ. ഒരാൾ ഒരേ സമയം അച്ഛനും സഹോദരനുമായിരിക്കുക എന്ന അതിപ്രാചീനമായ കൊടിയ പാപം നേരിട്ട് ചെന്നു മുട്ടി വിളിക്കുന്നത് മാതൃത്വത്തിന്റെ ഗർഭഗൃഹത്തിലാണ്. ഇതേ പാപത്തിന്റെ കത്തുന്ന ഭാരത്തെ ഈഡിപ്പസ് നേരിട്ട വിധം നമുക്കറിയാവുന്നതാണ്. ഒടുവിൽ ഒളിമ്പസ് മലമുകളിലെ ദൈവങ്ങൾ നേരിട്ട് ഇടപെട്ട് പാപവിമുക്തി നൽകി. അയാൾ മരിച്ചു വീണ സ്ഥലത്തെ പുണ്യഭൂമിയാക്കി. സ്ഫിംഗ്സ് പോലുള്ള ഭീകര മായികരൂപങ്ങൾ മനസ്സിനെ വിഭ്രമിപ്പിക്കുന്ന രീതിയിൽ തിമിർത്താടിയ പഴയ അലംഘനീയമായ വിധിവിഹിത കഥയുടെ പുനരാവർത്തനമായിരിക്കുന്നതിൽ ‘യന്തിരന്’ ഏതൊക്കെയോ നിലയിൽ ചാരിതാർത്ഥ്യങ്ങളുണ്ട്. ജനകീയമായ നീക്കുപോക്കുകളുമുണ്ട്. എന്നാൽ നമ്മെ സംശയാലുക്കളാക്കിക്കൊണ്ട് പാപത്തെ ഊട്ടിഉറപ്പിക്കത്തക്കവിധത്തിൽ ‘ജക്കോസ്റ്റ’ ഇവിടെ അദൃശ്യയാണ്. കാണാനാവുന്നില്ലെന്നതിനർത്ഥം, അവൾ ഇല്ലെന്നല്ല. യന്ത്രത്തെ വച്ച് വശി കാണുന്നതുപോലൊരു സ്വപ്നം സ്വയം ചിന്താശേഷി നേടി വളർന്ന ചിട്ടിയും കാണുന്നുണ്ട്. അത് യന്ത്രവും മനുഷ്യനുമായി ചേർന്നുൽപ്പാദിപ്പിക്കുന്ന ഒരു ഭാവി തലമുറയെക്കുറിച്ചാണ്. റോബോസാപ്പിയൻസ്! വശി യന്ത്രത്തെ വച്ചു കണ്ടതോ, ചിട്ടി മനുഷ്യനെ വച്ചു കണ്ടതോ ആയ രണ്ടു സ്വപ്നങ്ങളും പൂവണിഞ്ഞില്ല. എന്നു വച്ചാൽ മാനുഷികമായ പരിമിതിയിലേയ്ക്കുള്ള മടക്കം എന്ന ആത്യന്തികമായ ശരിയിലാണ് സിനിമ അവസാനിക്കുന്നത്. തന്റെ തകർച്ചയ്ക്കു കാരണം താൻ ചിന്തിക്കാൻ ആരംഭിച്ചതാണെന്ന് (ഒപ്പം വികാരം കൊള്ളുവാനും എന്നു നാം കണക്കിലെടുക്കണം) മ്യൂസിയം പീസായി ഇരിക്കുന്ന തന്നെ കാണാൻ വരുന്ന പെൺകുട്ടിയോട് ചിട്ടി പറയുന്നതായി നാം കേൾക്കുന്നുണ്ട്. യന്ത്രത്തിന്റെയാണോ, മനുഷ്യന്റെ( ആ പെൺകുട്ടിയുടെ) തന്നെയാണോ ആ നാടകീയ സ്വഗതാഖ്യാനം എന്നുള്ളത് വലിയ ആശയക്കുഴപ്പമുള്ള സംഗതിയല്ല. കാരണം മാനുഷികമായ പരിമിതികളെ ലംഘിക്കാൻ കഴിയുമോ എന്ന മനുഷ്യന്റെ ഭ്രാന്തൻ അന്വേഷണങ്ങളാണ് അവന്റെ നിർമ്മിതികളിൽ എന്നപോലെ ആ നിർമ്മിതികളെക്കുറിച്ചുള്ള സ്വപ്നങ്ങളിലും വിരാജിക്കുന്നത് എന്ന് ഏതു കൊച്ചുകുട്ടിയ്ക്കും മനസ്സിലാവുന്ന കാര്യമാണ്.
എന്നാൽ ചിട്ടിയുടെ ദുരന്തത്തിനു കാരണമായ സന ഏതു തരത്തിലാണ് വിശകലനത്തിനു വഴങ്ങി തരുക എന്നത് ആലോചിക്കേണ്ട വിഷയമാണ്. സന ഒരർത്ഥത്തിൽ ചിട്ടിയുടെ അമ്മയാണ്. സൃഷ്ടാവിന്റെ കാമുകി. അവൾക്ക് പാഠം പറഞ്ഞു കൊടുത്ത് പരീക്ഷയ്ക്ക് സഹായിക്കുമ്പോഴും തെരുവിൽ ചെന്ന് അവൾക്കു വേണ്ടി ആളുകളെ വിരട്ടുമ്പോഴും അവൾക്കായി ഭക്ഷണം പാകം ചെയ്യുമ്പോഴും നൃത്തം ചെയ്ത് അവളെ രസിപ്പിക്കുമ്പോഴും അവളുടെ ആജ്ഞാനുവർത്തിയായി മറ്റുള്ളവരെ സഹായിക്കുമ്പോഴും സ്ത്രീയുമായുള്ള പുരുഷന്റെ വിവിധ ബന്ധങ്ങളുടെ കുടമാറ്റങ്ങൾ അയാളിലുണ്ട്. തീവണ്ടിയിലെ കൊടുമ്പിരി കൊണ്ട സംഘർഷത്തിൽ അയാൾ അവളുടെ ചാരിത്ര്യസംരക്ഷകനുമാണ്. യന്ത്രത്തിന് മകനോ സഹോദരനോ കൂട്ടുകാരനോ പിതാവോ ഗുരുവോ ആയിരിക്കാൻ എളുപ്പമാണെങ്കിലും കാമുകനാവുക എന്നതിന്റെ മാനുഷികതയെ യാന്ത്രികതയ്ക്കൊപ്പം വയ്ക്കാൻ പറ്റാതെ പോകുന്നതിന്റെ പൊരുത്തക്കേടാണ് യന്തിരനിലെ ഈഡിപ്പസ് ഘടനയിൽ കുടിയിരിക്കുന്ന പാപം. വശി പൊളിച്ചുകളഞ്ഞ കച്ചടയിൽ നിന്ന് രണ്ടാം ജന്മം നേടി വരുന്ന ചിട്ടിബാബു, ഉൽപ്പാദനാവയവങ്ങൾ പോലുമുള്ള യന്ത്രമാണെന്ന (സ്വന്തം) പരാമർശം ഒരിടത്തുണ്ട്. അയാളുടെ രണ്ടാം ജന്മം മറ്റൊരു തരത്തിലുള്ള സാക്ഷാത്കാരമാണ് എന്ന് അർത്ഥം. അതായത് അയാളിൽ കുടികൊള്ളുന്ന സർവശേഷിയും വൈകാരികമായ പാരമ്യവും കൊണ്ട് അയാൾക്ക് ഒരിടത്തേയ്ക്ക് മാത്രമേ പോകാനുള്ളൂ, അത് സനയിലേയ്ക്കാണ്. ഇത്രയധികം ശേഷിയുള്ള യന്തിരന്, നശിച്ചിട്ടും ആഗ്രഹമൂർച്ഛയാൽ നശിക്കാൻ കൂട്ടാക്കാതിരിക്കുന്നതരം യാന്ത്രിക ഇച്ഛാശക്തിയുടെ അസാധാരണമായ ശേഷിയ്ക്ക് എന്തുകൊണ്ട് താരതമ്യേന നിസ്സാരമായൊരു ആഗ്രഹസഫലീകരണം സാധ്യമാവാതെ പോയി? മറ്റൊരർത്ഥത്തിൽ ആ ഒരു കഴിവുകേട് അയാളുടെ അമാനുഷികമായ ശേഷിയെ എല്ലാം സംശയത്തിന്റെ നിഴലിൽ നിർത്തുകയല്ലേ ചെയ്യുന്നത്?
അയാളെ അപ്രസക്തമാക്കുന്ന ഘടകം അതു തന്നെയാണ്. അതിശയോക്തിപരമായി സിനിമ അയാളിൽ ഏതെല്ലാം സിദ്ധികളുണ്ടെന്ന് കാണിക്കുന്നോ അതെല്ലാം ഒരൊറ്റ ലക്ഷ്യത്തിലേയ്ക്ക് കുതിക്കുന്ന മുനകൂർത്ത അമ്പാണെന്ന് മനസ്സിലാക്കാൻ ഒട്ടും പ്രയാസമില്ല. സുന്ദരിയും അപ്രാപ്യയുമായ സ്ത്രീയെ കൈവശപ്പെടുത്തുക എന്നതാണ് ആ ലക്ഷ്യം. അതു സാധ്യമല്ലാതെ വന്നാൽ തകർച്ചയാണു ഫലം. എന്തുണ്ടായിട്ടെന്ത്, ആഗ്രഹിച്ച പെണ്ണിനെ പ്രാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ന സാമാന്യ(ആണത്ത)ധാരണയുടെ നെടുവീർപ്പാണ് ഇവിടത്തെയും ദുരന്തഭൂമിക. ഞാൻ ചിന്തിക്കാൻ ആലോചിച്ചു എന്നുള്ള ചിത്രാവസാനത്തിലെ ഏറ്റുപറച്ചിൽ പോലും അയാൾ ചെയ്തത് ഗുരുതരമായ തെറ്റാണെന്ന് സൂചിപ്പിക്കുന്നുണ്ടല്ലോ. എന്തായിരുന്നു അയാളുടെ ചിന്ത എന്നാലോചിച്ചാൽ അയാൾ സുന്ദരിയായ പെണ്ണിനെ കൈവശപ്പെടുത്താൻ നോക്കുകയും അതിനുള്ള വഴി തടസ്സപ്പെടുന്നു എന്നു കണ്ടപ്പോൾ ആക്രമണകാരിയായിതീരുകയും ചെയ്തതാണ്. അയാളുടെ തകർച്ചയുടെ വമ്പിച്ച ഒച്ചയ്ക്കു വേണ്ടിയുള്ള ഒരുക്കൂട്ടലുകളാണ് അമാനുഷികസിദ്ധിവിശേഷങ്ങളെപ്പറ്റിയുള്ള വാ പിളർന്ന ദൃശ്യവിവരണകോലാഹലങ്ങൾ. ഇതു തന്നെയല്ലഏ പത്തു തലയുള്ള രാവണനിൽ കാലാന്തരങ്ങൾ വായിച്ചെടുത്തുകൊണ്ടിരിക്കുന്ന ദുരന്തവും!
ഇക്കണ്ട സിദ്ധി വിശേഷങ്ങളെല്ലാം കൂടി കുത്തിച്ചെലുത്തി വച്ചിട്ടു വേണമായിരുന്നോ അയാളെ തറപറ്റിക്കാൻ എന്നാലോചിക്കുന്നത് രസകരമാണ്. അസാധാരണമായ ശേഷികൾ ഉള്ളയാൾ എന്ന നിലയ്ക്ക് അസാധാരണമായ ഒരു പ്രണയ(മനുഷ്യനും യന്ത്രവും)കഥയിലെ കൂടി നായകത്വം കൽപ്പിച്ചുകൊടുക്കാൻ എന്തായിരുന്നു തടസ്സം? പറ്റില്ല എന്നാണുത്തരം. അതു നാം വിചാരിക്കുന്നതുപോലെ അയാൾ യന്ത്രമായതുകൊണ്ടല്ല. മറിച്ച് അത് ഒരു വഴിവിട്ട ബന്ധമാകുമെന്നതുകൊണ്ടാണ്. സിമെട്രിക്കലായി സനയുടെ ചാരിത്ര്യം സംരക്ഷിക്കുന്ന രണ്ടു രംഗങ്ങൾ രണ്ടിടത്തായി സംവിധായകൻ വിന്യസിച്ചിട്ടുണ്ട്. അതിലൊന്ന് അതിവേഗത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന തീവണ്ടിയിൽ വച്ച് ഒരു തെമ്മാടിക്കൂട്ടത്തിൽ നിന്ന് വളരെ പ്രയാസപ്പെട്ട് യന്തിരൻ ചിട്ടി, സനയുടെ പരിശുദ്ധി രക്ഷിച്ചെടുക്കുന്ന വേളയാണ്. രണ്ടാമത്തെ ഊഴം വശിയുടെയാണ്. ഒരു നാൾ ബോയിഫ്രണ്ടാകാൻ ചെന്നു മുട്ടിയ പച്ച മനുഷ്യൻ ആക്രമണകാരിയായപ്പോൾ അയാളിൽ നിന്ന് വശി സനയെ രക്ഷിക്കുന്നതിൽ ആദ്യത്തെ കൊടുങ്കാറ്റൊന്നുമില്ല. മണ്ണുവാരി എതിരാളിയുടെ കണ്ണിലിട്ടു, പെണ്ണിന്റെ കൈയ്യും പിടിച്ച് കുഞ്ഞൊരു ഓട്ടം ഓടി രക്ഷപ്പെട്ടു. അത്രേയുള്ളൂ. നായിക അവസാനം വരെ പരിശുദ്ധയായിരിക്കുക, അവളുടെ സംരക്ഷകത്വം നിസ്സംശയം നായകനിൽ നിക്ഷിപ്തമായിരിക്കുക തുടങ്ങിയ ജനപ്രിയ ഫോർമുലയുടെ പ്രവർത്തനത്തോടൊപ്പം തന്നെ രണ്ടാമത്തെ സംഭവത്തിനു പ്രത്യേകമായും ചിലതു കൂടി പറഞ്ഞു തരാനുണ്ട്. മലയാളിയുടെ സ്വന്തമായ നളചരിതം കഥകളിയിൽ നിന്ന് നേരിട്ട് ഇറങ്ങി വന്നൊരു സന്ദർഭമാണോ എന്നു സംശിക്കത്തക്ക സന്ധിബന്ധങ്ങളുള്ള ഒരു രംഗമാണത്. ജാതീയമായ/ വർണ്ണപരമായ ഉച്ചനീചത്വങ്ങളെ സംബന്ധിക്കുന്ന പ്രശ്‌നം അതിലുണ്ട്. കാട്ടിൽ വച്ച് ദമയന്തിയെ പാമ്പിൽ നിന്ന് രക്ഷിക്കുന്ന കാട്ടാളന്റെ ദുരന്തം അയാളുടെ അതിരു വിടുന്ന കാമമാണെന്ന് സാമ്പ്രദായിക ചിന്ത പറയുന്നത്. ദമയന്തിയെ വച്ചൊരു കുടുംബം സ്വപ്നം കാണുക മാത്രമാണ് അയാൾ ചെയ്യുന്നത്. രക്ഷിച്ചവനെങ്കിലും ഇഷ്ടക്കേടിനു വിധേയനായതുകൊണ്ട് അയാൾ ദമയന്തീകോപത്താൽ എരിഞ്ഞു കരിഞ്ചാമ്പലടിച്ചു പോയി. കുലകന്യകയുടെ പാതിവ്രത്യഭംഗത്തിനിച്ഛിച്ചതു മാത്രമല്ല, ആഗ്രഹിക്കാൻ പാടില്ലാത്തതു പ്രതീക്ഷിച്ചതും കൂടിയാണ് അയാളുടെ ദുരന്തഹേതു. കലാഭവൻ മണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഒന്നുകൂടി പറയാനുണ്ട്. അയാളുടെ ഇച്ഛാഭംഗത്തിന് യന്തിരന്റേതുമായുള്ള സാമ്യമാണ് അത്. രണ്ടുപേരും സനയാൽ ആദ്യം പ്രചോദിതരായി തീരുകയും നിശ്ചയിക്കപ്പെട്ട അതിർത്തികളെ സ്വത്വബലം കൊണ്ട് ലംഘിക്കുകയും ചെയ്തവരാണ്. ഒരാൾ കണ്ണിൽ മണ്ണുവാരിയിട്ടാൽ ഒഴിവാക്കാവുന്ന രീതിയിൽ നിസ്സാരനായിരിക്കുകയും മറ്റേയാൾ വമ്പിച്ച നാശം ഉണ്ടാക്കി വച്ചുകൊണ്ട് കനപ്പെട്ടിരിക്കുകയും ചെയ്യുന്നു.
യന്തിരൻ സത്യത്തിൽ അരുത്താത്ത ബന്ധത്തിനായുള്ള ഇച്ഛയുടെയും അതിന്റെ തകർച്ചയുടെയും കഥയാണ്. ‘മനസ്സാൽ ചെയ്യപ്പെട്ട പാപമേ ഗുരുതരം’ എന്നു പറഞ്ഞുറപ്പിച്ച് കൺതിളക്കിയെടുത്ത സാമൂഹികപാഠങ്ങൾ വിധിച്ച ദണ്ഡനീതി യന്തിരന്റെ സ്വയം നാശത്തിലുണ്ട്. അതു നടപ്പിലാക്കാൻ കഴിഞ്ഞു എന്നതാണ് യന്തിരന്റെ ശുഭപര്യവസായിത. കാലാന്തരങ്ങളിൽ കുറ്റബോധത്തിന്റെ ഉമിത്തീയിൽ എരിയാനാണ് അതിനു യോഗം എന്ന തീർപ്പിൽ അഗമ്യഗമനത്തെപ്പറ്റിയുള്ള ഉത്കണ്ഠകളെ ശമിപ്പിക്കുന്ന ഇളം കാറ്റുണ്ട്. മാനസാന്തരം വന്ന ഈഡിപ്പസിനെ പുണ്യവാനാക്കുന്നതുപോലെയുള്ള ഒന്ന്. പൂർവ നിശ്ചിതമായ സാംസ്കാരിക ഘടനയ്ക്കകത്ത് അതിന്റെ അതിരുകളുമായി സമരസപ്പെട്ടും ഒട്ടി നിന്നും കൂടി പ്രവർത്തിക്കുമ്പോൾ യന്തിരന്റെ അബോധഘടന സദാചാരപരമായും സാമൂഹികപരമായും കൂടുതൽ ബലമുള്ളതായി തീരുന്നു.
October 17, 2010
അന്തിയിൽ അല്പാല്പം മരിച്ച് ഭാവിയിലേയ്ക്ക്
I
കാൾ മാർക്സിന്റെ 20 കവിതകളും ജെന്നിയ്ക്കെഴുതിയ ഒരു കത്തും ചേർന്ന ഒരു പരിഭാഷാ പുസ്തകം 1984 -ൽ പുറത്തു വന്നു. വിവർത്തകൻ ഓ എൻ വി കുറുപ്പ്. അതേ വർഷം തന്നെയാണ് ഓ എൻ വിയുടെ ഭാവുകത്വത്തിന്റെ ദിശാമാറ്റത്തെ അടയാളപ്പെടുത്തിക്കൊണ്ട് ‘ഭൂമിക്കൊരു ചരമഗീതവും’ പുറത്തു വന്നത്. ‘ഇത്തിരിപ്പൂവേ ചുവന്നപൂവേ’, ‘അക്ഷരങ്ങൾ’ എന്നീ സിനിമയിലെ പാട്ടുകൾക്ക് അതേ വർഷം അദ്ദേഹത്തിന് ഏഴാമതും സംസ്ഥാന ചലച്ചിത്ര അവാർഡു കിട്ടി. മാക്സിനൊപ്പം ഓ എൻ വി വിവർത്തനം ചെയ്ത മറ്റൊരു വിദേശസാഹിത്യകാരൻ പുഷ്കിനാണ്. (പുഷ്കിൻ : സ്വാതന്ത്ര്യബോധത്തിന്റെ ദുരന്തഗാഥ)പക്ഷേ ഓ എൻ വി കവിതയെക്കുറിച്ചുള്ള ആലോചനകളിലൊന്നും ഈ വിവർത്തനക്കാര്യങ്ങൾ അങ്ങനെ കാര്യമായി കടന്നു വന്നതായി അറിവില്ല. ആ കവിതകൾ അവയുടെ വിദേശഛായകൾ വെടിഞ്ഞ് ഓ എൻ വികവിതകളായി മാറിയിരിക്കുന്നു എന്നതാവാം കാരണം. 19 മുതൽ 22 വരെയുള്ള ഇളപ്പക്കാലത്തെഴുതിയ, കൊടുമ്പിരിക്കൊണ്ട പ്രണയവും അസ്വസ്ഥതകളുമാണ് മൂന്നു പുസ്തകങ്ങളിലായി നീണ്ടുപരന്ന മാക്സിയൻ കവിതകളുടെ പ്രമേയം. പക്ഷേ മാക്സിന് സ്വന്തം കവിതകളെക്കുറിച്ച് വലിയ മതിപ്പുണ്ടായിരുന്നില്ല. ആകെ ഒരു കവിതയാണ് ജീവിതകാലത്ത് അദ്ദേഹം പ്രസിദ്ധീകരിച്ചത്. ലോകത്തെവിടെയും സംഭവിക്കുന്നതിനുമുൻപ്, 1912-ൽ തന്നെ മാർക്സിന്റെ ജീവചരിത്രം സ്വന്തം ഭാഷയിൽ വായിച്ച പ്രബുദ്ധരാണ് മലയാളികൾ ( അതെ വർഷം അദ്ദേഹത്തിന്റെ മറ്റൊരു ജീവചരിത്രവും ഇന്ത്യയിൽ എഴുതപ്പെട്ടിരുന്നു. ലാല ഹർദയാലിന്റെ പുസ്തകം. അതു പക്ഷേ ഇംഗ്ലീഷിലായിരുന്നു) അദ്ഭുതപ്രഭാവനും ഗൌരവക്കാരനുമായ മനീഷിയായി ആ ‘യോഗിവര്യന്റെ’ (സന്ന്യാസിയുടെ പര്യായപദങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പുസ്തകത്തിലുടനീളം മാർക്സിനോട് തന്റെ ബഹുമാനാദരങ്ങൾ പ്രയോഗിക്കുന്നത്) ചിത്രം പതിഞ്ഞു പോയതുകൊണ്ടാവണം വിവർത്തകൻ സാക്ഷാൽ ഓ എൻ വി കുറുപ്പായിട്ടും അവയെക്കുറിച്ചൊന്ന് ആലോചിക്കാൻ ആളുകൾക്ക് തോന്നാത്തത്. മറ്റൊരുകാരണം ഓ എൻ വിയൂടെ കാവ്യഭാഷയാണ്, സാഗരഗർജ്ജനത്തിനൊന്നും സന്നദ്ധമാവാത്ത ‘മൌനം ഉടഞ്ഞൊരു മന്ത്രം’ പോലെയുള്ളൊരു ഭാഷയാണത്. അതിലെങ്ങനെ മാക്സ് വിവർത്തിതനാകും എന്ന് മലയാളിയുടെ അബോധം ശങ്കിച്ചുപോയിരിക്കാനും സാധ്യതയുണ്ട്. ‘മനുഷ്യനും ചെണ്ടയും’ എന്ന കവിത നോക്കുക :
“.. അവനാചെണ്ടയെ നിന്ദിച്ചാർത്തു! രോഷം മൂത്തു തെരുതെരെ
അടിയോടടിയായ്! ചെണ്ടപൊട്ടി,ച്ചുടുനിണം വാർന്നൊഴുകിടും വരെ
... ചെണ്ടയതിനു മനുഷ്യനില്ല! മനുഷ്യനവനൊരു ചെണ്ടയില്ല!
എന്തു പിന്നെ? സന്ന്യസിക്കാൻ കോപ്പുകൂട്ടുകയാണ് മനുഷ്യൻ” - ഇതല്ലല്ലോ മലയാളിയുടെ മാക്സ്! ഇതിലെ ഭാഷ ഹൈസ്കൂളിൽ നിന്ന് കരേറിയിട്ടില്ലെന്നേ ഒറ്റനോട്ടത്തിൽ തോന്നൂ. ‘ജെന്നിയ്ക്കുള്ള ഉപസംഹാരഗീതം ആരംഭിക്കുന്നത് “നിന്നോടു ചൊല്ലാം കുഞ്ഞേ, ഞാനൊരു കാര്യംകൂടി” എന്നും പറഞ്ഞാണ്. ആ കുഞ്ഞേ വിളി സന്ദർഭത്തിലെ അസ്വാഭാവികത കൊണ്ട് വല്ലാതെ കല്ലുകടിക്കുന്നുണ്ട്. പ്രണയം കൊണ്ട് കുഞ്ഞേ എന്നു വിളിക്കുന്ന പതിവ് ജർമ്മനിയിലോ ഇംഗ്ലണ്ടിലോ കേരളത്തിലോ ഉണ്ടോ? ജെന്നിയ്ക്കുള്ള രണ്ടാമത്തെ ഗീതത്തിൽ “ജെന്നി-എന്നൊരേപദം മാത്രമായോരോവരി/തന്നിലും കുറിച്ചിട്ടൊരായിരം പ്രബന്ധങ്ങൾ പൂർത്തിയാക്കുവാനെനിക്കായിടും” എന്നു തുടങ്ങി അവസാനിക്കുന്നത് “സ്നേഹം താൻ ജെന്നി! - ജെന്നിയെന്നതു സ്നേഹത്തിൻ പേർ!” എന്നാണ്. സംശയമില്ല. മുടന്തുന്ന ഭാഷയാണ് ഇവിടത്തെ പോരായ്മ. എന്നാൽ അന്തഃസംഘർഷങ്ങൾക്ക് അരു നിൽക്കുമ്പോൾ ഓ എൻ വി, മാക്സാവുന്ന വിസ്മയക്കാഴ്ചയും ഇതേ സമാഹാരത്തിൽ ഉണ്ട്.
“അന്തമെഴാത്ത സംഘർഷങ്ങളിൽ, ഏതു-
മന്തമില്ലാത്തതാം കോളിളക്കങ്ങളിൽ,
ആവില്ല ജീവിതത്തോടൊത്തുപോകുവാ
നാവില്ലൊഴുക്കിനോടൊത്തു നീന്തീടുവാൻ (അനുഭൂതികൾ)
“എനിക്കു വേണ്ടാ, ശാന്തസ്വച്ഛജീവിതം
ഭൂമി നടുക്കും കൊടുങ്കാറ്റിൻ കരുത്താ-
ണെന്നാത്മാവിൽ”
എന്ന് മറ്റൊരു കവിതയിൽ. പുഷ്കിന്റെ സ്വാതന്ത്ര്യവും മാക്സിന്റെ വിപ്ലവവുമായിരിക്കും ഓ എൻ വിയെ ഈ കവിതകളുടെ വിവർത്തനത്തിലേയ്ക്ക് നയിച്ചത്. പകർന്നു കിട്ടിയത് അതൊന്നുമല്ലാത്തതുകൊണ്ടാവാം ആ പുസ്തകങ്ങൾ പെട്ടെന്ന് മറന്നു പോയത്.(മാക്സിന്റെ കവിതകൾക്ക് രണ്ടാം പതിപ്പ് മൾബറി ഇറക്കി. ആദ്യപതിപ്പ് ഗ്രന്ഥശാലാസഹകരന സംഘത്തിന്റെ) ഒരു ചങ്ങമ്പുഴയുടെ തുടക്കക്കാലമായി മാക്സിനെ വായിക്കാൻ മലയാളിക്കു ബുദ്ധിമുട്ടുണ്ടാകും. വായനാസുഖവും ഒഴുക്കും വിവർത്തിത കവിതകൾക്കല്ല, പുഷ്കിനെക്കുറിച്ചുള്ള പഠനലേഖനത്തിനാണ് മറ്റേ പുസ്തകത്തിൽ എന്നതും കൂടി ചേർത്തു വച്ചു വായിച്ചാൽ മറ്റൊരാളെ മറ്റൊരാളായിതന്നെ ഭാഷയിലാവാഹിക്കുന്നതിനെ ശക്തിയുക്തം എതിർത്തു നിൽക്കുന്ന ഒരു ‘സ്വം’ ഓയെൻവിയിൽ കവിതകളിൽ കണ്ടെത്താൻ കഴിഞ്ഞേക്കും. ചങ്ങമ്പുഴയെയും സച്ചിദാനന്ദനെയും ഒക്കെ പറ്റിയുള്ള ആരോപണം അവർ അവരവരുടെ വിവർത്തനങ്ങളെ സ്വന്തം കാവ്യങ്ങളായി മാറ്റിയെന്നാണല്ലോ. ഓയെൻവിയെന്ന ഇടയദ്ധ്യായത്തിന്റെ കഥ അതിലും വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ അബോധപ്രേരണങ്ങൾ തന്നെയല്ലാതെ മറ്റാരെയും ആവിഷ്കരിക്കുന്നതിൽ നിന്ന് വിലക്കി ഇടന്തടിച്ചു നിൽക്കുകയാണ്. കാൽപ്പനികതയുടെ ചിരപരിചിതമായ കൈവഴിയിലെ ഒരു ട്വിസ്റ്റാണിത്. എന്നാൽ സ്വാംശീകരിച്ച ആശയങ്ങൾക്കാവട്ടെ, തിളക്കമുള്ള ഒഴുക്കുമുണ്ട്. ‘സഹജാതർ തന്മൊഴി സംഗീതമായ് തോന്നും നാൾ വരും, ആശിക്കുക, മംഗളവചസ്സെന്നാൽ തൊണ്ടയിൽ കുരുങ്ങുന്നു’ എന്ന അശാന്തിപർവത്തിലെ വരി, കവിയായ മാക്സും ഓയെൻവിയും ചേർന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ്.
II
ജനങ്ങൾ ആർക്കുന്ന ഒരു തെരുവല്ല, പുറത്തേയ്ക്കു തുറക്കുന്ന ജാലകങ്ങളുള്ള തെരുവോരത്തെ ഏകാന്തമായ പുഷ്പലതാസദനമാണ് ഓയെൻവി കവിതയുടെ രചനാവേദി. ( ‘ആദ്യത്തെയും അടിപ്പടവിലെയും ഓ എൻ വി’ എന്ന ലേഖനത്തിൽ ഓയെൻവിയെ നെരൂദയുമായുള്ള വിദൂര താരതമ്യത്തിന് വിധേയനാക്കിയിട്ടുല്ലത് ഓർമ്മിച്ചുകൊണ്ട്) വിശ്വാസരാഷ്ട്രീയം പുറത്തു തന്നെ കാവൽ നിന്നു. സുലളിതപദങ്ങളാൽ കവിത ചിലങ്ക മുഴക്കി അകത്തു നൃത്തം ചെയ്തു. ‘ഒറ്റക്കമ്പിയുള്ള തമ്പുരു’ എന്ന് പി ഭാസ്കരനും ‘എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്തെ’ന്ന് വയലാറും അവരവരുടെ വിപ്ലവസങ്കൽപ്പങ്ങളെ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ അപകർഷത്തോടെ കാൽപ്പനികതയുടെ നുകത്തിൽ കെട്ടിയിട്ട നിലയ്ക്ക് ഓയെൻവിക്കവിതയ്ക്കുള്ള വിശേഷണം അനിതാതമ്പി എഴുതിയതുപോലെ ‘വഴിവക്കിലെ പൂമരം’ എന്നാകുന്നതു ശരിയാവും. തിരക്കിൽ നോക്കിയും എന്നാൽ അകന്നു മാറിനിന്നും.
സൃഷ്ടി എന്ന സിനിമയിലെ ഗാനമായി അവതരിച്ച ‘സൃഷ്ടിതൻ സൌന്ദര്യമുന്തിരിച്ചാറിനായി കൈക്കുമ്പിൾ നീട്ടുന്നു നിങ്ങൾ’ എന്ന കവിത (‘ഞാൻ’ എന്നാണതിന്റെ പേര്) , കവിയെന്ന കുരിശുമരണക്കാരന്റെ നയപ്രഖ്യാപനമാണ്. സർഗവേദനയെക്കുറിച്ച് നിങ്ങൾക്ക് - മധുരത്തിനു കുമ്പിളും കുത്തി കാത്തു നിൽക്കുന്ന വായനക്കാർക്ക് -ഒരു ചുക്കും അറിയില്ലെന്നാണ് കവി അതിൽ കരയുന്നത്. ആയിരം പൂവുകളെ അയാൾ കീറിമുറിച്ചത്, സഹോദരരെ കൊന്നത്, ഭൂമിപുത്രിയെ കാട്ടിലെറിഞ്ഞത്, ഒരു പുതു വിഗ്രഹത്തിനായി പല പല വിഗ്രഹങ്ങൾ തകർത്തത്, ദീപങ്ങളൊക്കെ കെടുത്തി പ്രാർത്ഥിച്ചത്. ശാന്തിയെ കുടിയിരുത്താൻ തീർത്ത ചുടലകൾ. ആരും ഒന്നും അറിയുന്നില്ല. പക്ഷേ യുഗത്തിന്റെ ഇതിഹാസം അയാളുടെ വീരസാഹസചിത്രം രേഖപ്പെടുത്തി വയ്ക്കാതിരിക്കില്ല. ഈ കവിതയിൽ നിന്ന് ഭൂമിയ്ക്കൊരു ചരമഗീതത്തിലെ ‘സൂര്യഗീതത്തിലേയ്ക്ക് ദൂരം വളരെ ചെറുതാണെന്നു കാണാം. മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സുസ്നേഹമൂർത്തിയായ സൂര്യന് സ്വസ്തി ചൊല്ലുന്ന കവിതയാണത്. അദ്ദേഹത്തിന്റെ വറ്റാത്ത നിറവാർന്ന അക്ഷയപാത്രത്തിലെ പാൽവെളിച്ചം കുടിച്ചാണ് കൊച്ചുഭൂമിയിൽ ജീവൻ നൃത്തം വയ്ക്കുന്നത്. ഈ സൂര്യൻ കവി തന്നെയാണ്. താൻ മറ്റുള്ളവർക്കായി എരിഞ്ഞുകൊണ്ടിരിക്കുന്ന സുസ്നേഹമൂർത്തിയാണെന്ന സ്വയം പ്രഖ്യാപനമാണ് കവിത. ‘നീയെന്റെ വാക്കിന്റെ തിരിയിൽ നിന്നെരിയുന്നു’ എന്ന് വാച്യമായി തന്നെ അതിനു കവിതയുടെ അവസാനത്തിൽ കവി അംഗീകാരം കൊടുത്തിട്ടുണ്ട്. വാഴ്വിന്റെ ലഹരി, വാഴ്വെന്ന ലഹരി കവിതാസ്വാദനത്തിന്റെയുമാണെന്ന് പല കവിതകളിലും കവി ആവർത്തിച്ചിട്ടുള്ള ആശയമാണ്. ‘എവിടെയുമെനിക്കൊരു വീടുണ്ട്, ഞാനുണ്ടെഴുതി മുഴുമിക്കാത്ത കവിതയും; കാണുവാനുഴറുന്ന നല്ല മനുഷ്യരും അവരൊത്ത് നുകരാൻ കൊതിക്കുന്ന വാഴ്വിന്റെ ലഹരിയും....( വീടുകൾ) എന്റെ അമൃതമീ നിൻ സ്മൃതികൾ മാത്രം, ചിറകുകളിൽ സംഗീതമുള്ള കളഹംസമേ അരിയ നിൻ ചിറകിന്റെ തൂവലിൻ തുമ്പിൽ ഒരു മാത്രയെങ്കിൽ ഒരു മാത്ര എൻ വാഴ്വെന്ന മധുരമാം സത്യം ജ്വലിപ്പൂ..(ഭൂമിക്കൊരു..)
താൻ ശ്വസിച്ചുജീവിക്കുന്ന ലോകത്തിനു സമാന്തരമായി നിർമ്മിച്ച ഒരു ലോകമാണിത്. ഇഹ ലോകത്തിൽ നിന്നു കിട്ടുന്ന ചോദനകൾക്ക് പരിഹാരം തേടാനുള്ള അതീവസാങ്കൽപ്പികമായ ഒരു ലോകമാണ് ഓയെൻവിയുടെ കാവ്യലോകം. കവിതയെ പാട്ടുമായി അടുപ്പിച്ച കവിയെന്ന പ്രശംസയുണ്ട് ഓയെൻവിയ്ക്ക്. മനസ്സിന്റെ തീർത്ഥയാത്രയിലെ ‘നടന്നും നടന്നേറെ തളർന്നും...’, ചില്ലിലെ ‘ഒരു വട്ടം കൂടി..’, സ്വപ്നത്തിലെ ‘സൌരയൂഥത്തിൽ വിടർന്നൊരു...’, ഉൾക്കടലിലെ ‘ എന്റെ കടിഞ്ഞൂൽ..’, കുമാരസംഭവത്തിലെ ‘പൊൽത്തിങ്കൾക്കല പൊട്ടു തൊട്ട..’ എന്ന ശ്ലോകം. കവിതയെ വിശദീകരിക്കുന്ന തന്റെ പുതിയ ഒരു കവിതയ്ക്ക് അദ്ദേഹം കൊടുത്ത പേരു്, ‘എന്റെ പാട്ടിൽ’ എന്നാണ്. ‘കവിതയിൽ’ എന്നല്ല. സ്വപ്നങ്ങളുടെ വഴക്കമുള്ളതും നിറഭംഗികൾ കലർന്നതും രൂപം മാറുന്നതും ആയ അല്പം നിഗൂഢവുമായ ഘടന ഓയെൻവി കവിതകൾക്കുണ്ട്. അത് ജനപ്രിയമാകുന്നതിന്റെ കാരണമതാണ്. കവിതയിലൂടെ കഥപറയാൻ ഓയെൻവിയ്ക്കുള്ള താത്പര്യം ശ്രദ്ധിച്ചാൽ അതിനുള്ളിൽ പ്രവർത്തിക്കുന്നതുപോലും ഒരു ലോകത്തിനുള്ളിലെ മറ്റൊരു ലോകം എന്ന ആഖ്യാനഘടനയാണെന്ന് പെട്ടെന്ന് മനസ്സിലാവും. ഇത് കവി അറിയാതിരുന്നിട്ടില്ല. ‘മർത്ത്യനെപ്പറ്റിയാണല്ലോ നിന്റെ പാട്ടുകളെങ്കിലും അമർത്ത്യത കടക്കണ്ണാൽ നിന്നെയെന്നേ വരിച്ചുപോൽ’ എന്ന് ‘മരണത്തിന്നപ്പുറ’മെന്ന കവിതയിൽ എഴുതുന്നു. അമർത്ത്യതയുടെ ലോകം വാക്കിന്റെ ലോകമാണ്. ‘തീരെ ചെറിയ ശബ്ദങ്ങൾ’ എന്ന കവിതയിൽ രണ്ടു തരം ശബ്ദങ്ങളുടെ വിവരണത്തിലും ഈ രണ്ടുലോകങ്ങൾ വിരിയുന്നുണ്ട്. ഒന്ന്, പെരും കൂടം ഇരുമ്പിനെ മെരുക്കുന്നതിന്റെ, കുതിരക്കുളമ്പടികളുടെ, കതിനയുടെ, മഴയുടെ, നദിയുടെ, സ്വതന്ത്രതാ ഗാനത്തിന്റെ വലിയ ശബ്ദങ്ങൾ. പക്ഷേ തനിക്കിഷ്ടം എന്നു പറഞ്ഞ് കവി ചെന്നു കയറുന്നത് ഇലകളിൽ നിന്ന് മഞ്ഞുകണങ്ങൾ വീഴുന്നതിന്റെ, തരിവളകളുടെ, മരമുടിയിഴകൾ തലോടുന്ന കാറ്റിന്റെ, ചിലങ്കയിൽ നിന്ന് അടർന്നു വീഴുന്ന മണികളുടെ, സ്വപ്നത്തിന്റെയൊക്കെ തീരെ ചെറിയ ശബ്ദങ്ങളിലേയ്ക്കാണ്.
താൻ കേന്ദ്രമായ ഒരു സ്വകാര്യലോകത്ത് കവിയിരിക്കുന്നു. അത് വാക്കിന്റെ ലോകവും വാക്കു പുറപ്പെട്ടു വരുന്ന ലോകവും ആകുന്നു. അത് സ്വപ്നത്തിന്റെ നിയമങ്ങളുമായി നീക്കുപോക്കുള്ള ലോകമാണ് . പ്രചോദനങ്ങൾക്കുവേണ്ടിയുള്ള ഒരു ബന്ധം മാത്രമാണ് അതിനീ ഇരുണ്ടവാസ്തവ ലോകവുമായുള്ളത്. ഓയെൻ വി കവിതകളിൽ പരന്നു കിടക്കുന്ന ആശംസകളുടെ എണ്ണം അസംഖ്യമാണല്ലോ. ഭൌതികദുരന്തങ്ങളുടെ നടുവിൽ നിന്നു തിരിഞ്ഞുകൊണ്ടല്ല, ഈ ആശംസകളൊക്കെയും. വെളിച്ചവും പ്രാവുകളും വാക്കുകളും നക്ഷത്രങ്ങളും മഴവില്ലും ആകാശവും മധുരവും സൌന്ദര്യവും ദേവതമാരും തന്റെ വരുതിയിൽ കൈയെത്താവുന്നിടത്തിരിക്കുന്ന ഈ രണ്ടാം ലോകത്തു നിന്ന് പുറപ്പെട്ടു വരുന്നതാണ് അവ.
October 12, 2010
അപ്പം കൊണ്ടു മാത്രമല്ല
സ്റ്റാലിന്‍ തുടങ്ങിയുള്ള ഭൂതകാല അസ്വസ്ഥതകള്‍ നിങ്ങളുടെ തലവേദനയാണ് ! ഞങ്ങളുടെയല്ല. ക്ഷമാപണങ്ങള്‍ മറ്റേ വശത്തു നിന്നും ആരംഭിച്ചു തുടങ്ങട്ടേ, നമ്മുടെ പക്ഷത്തിന് ഇനി അതിന്റെ ആവശ്യമില്ല. വിശാല-ജനാധിപത്യ ആദര്‍ശാത്മക ഭീഷണികളുടെ കാലം കഴിഞ്ഞിരിക്കുന്നു !
- സ്ലാവോജ് സിസക്ക്
യെവ്ജെനി യെവ്തുഷെങ്കോയുടെ കവിതകൾ സ്ഥിരമായി പ്രസിദ്ധീകരിച്ചിരുന്ന ‘സോവ്യറ്റ് സ്പോർട്സ്’ എന്ന പ്രസിദ്ധീകരണത്തിലെ വിദേശവാർത്തകൾ, പാർട്ടി, ഫുട്ബോൾ, സാഹിത്യം എന്നീ നാലുവിഭാഗങ്ങളുടെ ചുമതലവഹിച്ചിരുന്ന അലക്സാന്ദ്രോവിച്ച് ടറാസോവ് ഒരിക്കൽ -മെയ്ദിനത്തിന് മാസിക പുറത്തിറങ്ങുന്ന ദിവസം- യെവ്തുഷങ്കോയെ വിളിച്ചു് അല്പമൊന്നമ്പരന്ന പുഞ്ചിരിയോടെ പറഞ്ഞു -
“ചെറിയ ഒരു പ്രയാസമുണ്ട് സന്യാ, ചീഫ് എഡിറ്റർ വെപ്രാളം പിടിച്ചിരിക്കുന്നു. നിങ്ങളുടെ കവിതയിൽ സ്റ്റാലിനെക്കുറിച്ചൊന്നും പറയുന്നില്ല. അതു ചേർക്കാനും വൈകി.”
“അതുകൊണ്ടെന്ത്” കവി തിരക്കി
“ഒന്നുമില്ല. നാലുവരി ഞാൻ എഴുതിച്ചേർത്തു.” ടറാസോവ് പറഞ്ഞു. കവിതകൾ നിരന്തരം എഴുതിയിരുന്നെങ്കിലും മിക്ക പ്രസിദ്ധീകരനങ്ങളും യെവ്തുഴെങ്കോയുടെ രചനകൾ നിരസിച്ചിരുന്നു. അതുകൊണ്ട് തന്റെ കവിതയിൽ സ്റ്റാലിൻ ഉണ്ടായാലും ഇല്ലെങ്കിലും തനിക്കൊന്നുമില്ലെന്നാണ് യെവ്തുഷെങ്കോ ആദ്യം വിചാരിച്ചത്. കുട്ടിക്കാലം മുതലേ സ്റ്റാലിനെ ആരാധിച്ചു വന്നിരുന്നതാണ്. ഒരു കവിത പ്രസിദ്ധീകരിക്കണമെങ്കിൽ അതിൽ സ്റ്റാലിനെ പ്രകീർത്തിക്കുന്ന 4 വരിയെങ്കിലും ഉണ്ടാവണമെന്ന നിയമം ആവർത്തിക്കേണ്ടി വന്നപ്പോൾ കലമ്പി. ഒരിക്കൽ ‘പ്രാവ്ദ’യിൽ അച്ചടിച്ചു വന്ന ഒന്നിനും കൊള്ളാത്ത കവിതയ്ക്ക് രണ്ടാം പ്രാവശ്യവും സ്റ്റാലിൻ പ്രൈസ് കിട്ടിയതിനെക്കുറിച്ച് സംസാരിക്കാനായുമ്പോൾ യെവ്തുഷ്ങ്കോയെ വേദിയിലിരുന്ന താടി നരച്ച പ്രസിദ്ധനായ ഒരു കവി സമയം കഴിഞ്ഞെന്ന് പറഞ്ഞ് വിലക്കിയിരുന്നു. സ്റ്റാലിൻ പ്രൈസ് എന്നു പേരുള്ള സാഹിത്യപുരസ്കാരത്തിന് അർത്ഥങ്ങൾ വേറെയാണ്. പുസ്തകം ധാരാളമായി അച്ചടിക്കപ്പെടും. പത്രങ്ങളിൽ വലിയ വായിൽ വാർത്തയും ചിത്രങ്ങളും വരും. ഏതെങ്കിലും ഔദ്യോഗിക സ്ഥാനം ലഭിക്കും. കാറോ ബംഗ്ലാവോ കിട്ടും. പക്ഷേ അവാർഡു കിട്ടുന്നത് ‘ജീവിച്ചിരിക്കുന്നവർക്കല്ല, ശവങ്ങൾക്കാണെന്ന്’ തിരസ്കൃതനായ ഒരു കവി അലറുന്നതും യെവ്തുഷെങ്കോ കണ്ടു.
സോവ്യറ്റ് റഷ്യയിൽ ലക്ഷക്കണക്കിനു ജനങ്ങൾ എഴുത്തും വായനയും അഭ്യസിച്ചിട്ടുണ്ട്. എന്തു പ്രയോജനം? സ്റ്റാലിന് അനിഷ്ടകരമായതൊന്നും എഴുതാനോ വായിക്കാനോ പറ്റില്ല എന്ന് ലൂയി ഫിഷർ (1947-ൽ, സ്റ്റാലിൻ ജീവിച്ചിരിക്കേ തന്നെ) എഴുതി. ഒരിക്കൽ അന്ന അഖ്മത്തോവ പോളിടെക്നിക് മ്യൂസിയത്തിൽ കവിതവായിക്കാനായി പ്രവേശിച്ചപ്പോൾ കാണികൾ എഴുന്നേറ്റു നിന്ന് അരമണിക്കൂറോളം കൈയടിച്ചു. ഈ വാർത്തയറിഞ്ഞ സ്റ്റാലിൻ അവരുടെ പൊതു പരിപാടികൾ ഉടൻ നിർത്തി വയ്പ്പിച്ചു എന്നൊരു കഥയുണ്ട്. യുക്തി ലളിതമാണ്. തന്റെ രാജ്യത്തിൽ കൈയടിയ്ക്ക് അർഹനായി താൻ മാത്രമേയുള്ളൂ. ഈ വിചാരധാരയുടെ തണലിലാണ് ഏകാധിപതികൾ ചായുറങ്ങുന്നത്. സ്റ്റാലിന്റെ കൊടും ഭീകരതയ്ക്കിരയായ തന്റെ മകനെയും ഭർത്താവിനെയും കുറിച്ചുള്ള ഓർമ്മകൾ വിതുമ്പുന്ന കാവ്യപരമ്പര അഖ്മത്തോവ 34 വർഷങ്ങൾക്കുശേഷം പ്രസിദ്ധീകരിച്ചു. പ്രശസ്തനായ ഷോസ്താകോവിച്ചിയുടെ ‘മ്ത്‌സെൻസ്കിലെ ലേഡി മാക്ബത്ത്’ എന്ന ഓപ്പറ കാണാൻ സ്റ്റാലിൻ പോയ ഒരു കഥയുണ്ട്. (സ്റ്റാലിന് എന്തു സംഗീതം? എന്തു കവിത? എന്തു തത്ത്വചിന്ത? പക്ഷേ ഏകാധിപതി സർവജ്ഞനായിരിക്കണം) അന്നോളം ‘പ്രാവ്ദ’, ഈസ്‌വെസ്റ്റിയ’ തുടങ്ങിയ വൻകിട പത്രങ്ങളിൽ പോലും ഉജ്ജ്വലമായ ആസ്വാദനം ലഭിച്ച സൃഷ്ടിയായിരുന്നു അത്. സോവ്യറ്റ് അധികൃതരുടെ അനുമതിയോടെ, അതു കളിച്ച വിദേശരാജ്യങ്ങളിലും അതിനു പ്രശംസകൾ കിട്ടിയിരുന്നു. മോസ്കോയിലും ഇതരനഗരങ്ങളിലും തിങ്ങിയ സദസ്സുകൾക്കുമുന്നിൽ അവതരിപ്പിച്ചു വരികയായിരുന്ന ഓപ്പറ എന്നാൽ സ്റ്റാലിന് ഇഷ്ടമായില്ല. പിറ്റേന്ന് സ്റ്റാലിന്റെ അഭിപ്രായം, സ്വന്തം അഭിപ്രായമാക്കി ഡേവിഡ് സാസ്ലാവ്സ്ക്കി പ്രാവ്ദയിൽ ഒരു ലേഖനം കാച്ചി. അയാളെ വിളിച്ചു വരുത്തി സ്റ്റാലിൻ തന്നെ പറഞ്ഞു കൊടുത്തതാണ് ‘വിരസം, ഭീകരം’ തുടങ്ങിയ അഭിപ്രായങ്ങൾ. ചെറുകിടപ്പത്രങ്ങൾ അതേറ്റുപാടി. ‘ലേഡി മാക്ബെത്ത്’ സോവ്യറ്റ് യൂണിയനിൽ നിരോധിക്കപ്പെട്ടു. അതോടെ ഷോസ്താകോവിച്ച് ഒരു പീറപ്പാട്ടുകാരനായി. (ആക്കി)
ആത്മകഥയിലൊരിടത്ത് സ്റ്റാലിൻ ചെയ്ത ഏറ്റവും വലിയ കുറ്റകൃത്യം അറസ്റ്റുകളും കൊലപാതകങ്ങളുമല്ലെന്ന് യെവ്തുഷെങ്കോ എഴുതുന്നു. മാനുഷികമായ നന്മയുടെ ശിഥിലീകരണമായിരുന്നു എല്ലാത്തിനേക്കാളും ഭീകരം . ജൂതവിരോധം സ്റ്റാലിൻ പ്രസംഗിച്ചു നടന്നില്ലെങ്കിലും പ്രവൃത്തിയിൽ അതു പ്രകടമായിരുന്നു.സ്വാർത്ഥതാത്പര്യങ്ങളോ അടിമത്തമോ ചാരപ്പണിയോ ക്രൂരതയോ മതഭ്രാന്തോ കാപട്യമോ അനുവർത്തിക്കണമെന്ന് പറഞ്ഞിട്ടില്ല. പക്ഷേ പ്രവൃത്തികളിലൂടെ അനുയായികൾക്ക് അതാണ് അയാൾ കാണിച്ചു കൊടുത്തത്. കമ്മ്യൂണിസം പ്രസംഗിക്കുകയും ആദർശങ്ങൾ വളച്ചൊടിക്കുകയും ചെയ്യുന്നവർ (പാശ്ചാത്യരായ) യഥാർത്ഥ കമ്മ്യൂണിസ്റ്റ് വിരോധികളെക്കാൾ അപകടകാരികളാണെന്ന്, സ്വന്തം ശത്രുക്കളെ കമ്മ്യൂണിസത്തിന്റെ ശത്രുക്കളായി വിധിയെഴുതുന്ന സൈദ്ധാന്തിക കവി ‘കെ’യെ സാക്ഷി നിർത്തി അദ്ദേഹം എഴുതിയിട്ടു.
1953 മാർച്ച് 5 ന് സ്റ്റാലിൻ മരിച്ചു. ‘റഷ്യയെ ചിതറിച്ചുകൊണ്ട്’ എന്നെഴുതുന്നു യെവ്തുഷെങ്കോ. കാരണമുണ്ട്. സ്റ്റാലിൻ എല്ലാ സൌകര്യങ്ങളും നോക്കി സംരക്ഷിക്കും എന്ന വിശ്വാസത്തോടെ ജീവിച്ച സാധാരണമനുഷ്യരെയാണ് ആ മരണം ചകിതരാക്കിയത്. അത്രയും ജീവിതത്തോട് ഇഴുകിച്ചേർന്നിരുന്ന ഒന്ന് ഇല്ലാതായി എന്നു വിശ്വസിക്കാൻ ജനക്കൂട്ടത്തിനു അത്ര പെട്ടെന്ന് കഴിയുമായിരുന്നില്ല. ട്രൂബ്നായ ചത്വരത്തിൽ പതിനായിരക്കണക്കിനാണ് ആളുകൾ ഒഴുകിയത്. അവരുടെ ഉച്ഛ്വാസവായു മാർച്ചുമാസത്തെ ഇലകളില്ലാത്ത മരങ്ങൾക്കുമേൽ മേഘക്കൂട്ടങ്ങളെ പോലെ കറങ്ങി നടന്നു. അതിഭീകരമായ വെള്ളച്ചുഴിപോലെ കറങ്ങിനീങ്ങിക്കൊണ്ടിരുന്ന ജനസമുദ്രത്തിന്റെ ആവേഗം നീലക്കണ്ണുകളുള്ള ഒരു പെൺകുട്ടിയുടെ ശരീരാസ്ഥികളെ വഴിവക്കിലെ പോസ്റ്റിലിടിച്ച് നുറുക്കി. ഇടിയുടെ ആഘാതത്തിൽ നുറുങ്ങിപ്പോയ അവളുടെ കരച്ചിൽ ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങൾക്കും അട്ടഹാസങ്ങൾക്കും നടുവിൽ മുങ്ങിപ്പോയി. പിന്നാലെ മറ്റൊരാൾ. ജനക്കൂട്ടം തങ്ങളിൽ ചെറുതും വേഗതയില്ലാത്തതുമായ ശരീരങ്ങളെ ചവിട്ടിമെതിച്ച് ചോരതുപ്പിച്ചും ശ്വാസം മുട്ടിച്ചും എല്ലു നുറുക്കിയും കൊന്നുകൊണ്ടിരുന്നു. റോഡുകളിൽ കിടന്ന ട്രക്കുകളിൽ തലയിടിച്ചും ആളുകൾ ചത്തു മലച്ചു. ട്രക്കുകളുടെ വശങ്ങളിൽ ചോര ചാലിട്ടൊഴുകി. വന്മരങ്ങൾ വീഴുമ്പോൾ പുൽക്കൊടികൾ കാരണമില്ലാതെ ഞെരിയുമെന്നതിന് ഇന്ത്യൻ പാഠങ്ങളും പാഠഭേദങ്ങളുമുണ്ട്. അത് ആസൂത്രിതമായ ഹിംസ. ഇവിടെ എന്തിനാണ് രാത്രി ശലഭങ്ങളെപ്പോലെ ജനം തെരുവിലിറങ്ങി നിസ്സഹായതയ്ക്ക് ബലിയാവുന്നത്?
‘സ്റ്റാലിൻ മരിച്ചു.
എന്നാൽ അയാളുടെ ഒഴിഞ്ഞ കസേര ബാക്കിയാണ്.
ആ കസേരയെ എല്ലാവർക്കും പേടിയാണ്. കാരണം മരിച്ചയാൾ എപ്പോഴാണ് ചാടി വീഴുക എന്നെങ്ങനെ പറയും?
മുപ്പതുകൊല്ലക്കാലം ഭീതിയുടെയും അവിശ്വാസത്തിന്റെയും കാലാവസ്ഥയിൽ പുലർന്ന ഒരു സമൂഹത്തിന്
പെട്ടെന്ന് ലഭിച്ച ഭാഗ്യത്തെ എങ്ങനെ വിശ്വസിക്കാൻ പറ്റും?’ യെവ്തുഷെങ്കോ ഒരു കവിതയിൽ ചോദിച്ചു. തന്റെ മരണം ആഘോഷിക്കാൻ ഒത്തുകൂടിയവരെ മുഴുവൻ വെടിവച്ചുകൊന്ന സ്വേച്ഛാധിപതിയുടെ കഥ പറഞ്ഞ ഏലിയാസ് കനേറ്റിയാണ് ‘മരിച്ചവരെപ്പോലും ഭയപ്പെടണമെന്ന്’ പറഞ്ഞത്. ‘മരിച്ചത് ശക്തനാണെങ്കിൽ പ്രത്യേകിച്ചും. വൈരം, പക, വിദ്വേഷം എന്നിവ അയാളുടെ മരണത്തിനു ശേഷവും ഭയങ്കരമായി നിലനിൽക്കും.’ ക്രൂഷ്ചേവിന്റെ ഭരണകാലത്ത് ജോർജിയയുടെ തലസ്ഥാനമായിരുന്ന ടിഫ്ലിസിൽ ഒരു വിദ്യാർത്ഥി പ്രകടനം നടന്നിരുന്നു. ഇരുപതാം പാർട്ടി കോൺഗ്രസ്സിൽ ‘രാജ്യത്തിന്റെ കൺ കണ്ട ദൈവമായ’ സ്റ്റാലിനെ അപകീർത്തിപ്പെടുത്തുന്ന ചില പരാമർശങ്ങൾ ക്രൂഷ്ചേവ് നടത്തിയതിനെതിരെയുള്ള പ്രതിഷേധമായിരുന്നു, ആ പ്രകടനം. അത് പെട്ടെന്ന് കലാപമായി മാറി. ഏഴായിരം പേർ കൊല്ലപ്പെട്ടു എന്നായിരുന്നു വാർത്ത. പട്ടണം പുറം ലോകത്തു നിന്നും ആഴ്ചകളോളം ഒറ്റപ്പെട്ടു. മരിച്ചിട്ടും ഒരാൾ കൊല്ലും കൊലയുമായി ഇറങ്ങി നടക്കുകയാണ്. ഇതാണ് ശവശരീരങ്ങൾ വളരുക എന്നതിന്റെ പര്യായോക്തം. വൈരത്തിനും പകയ്ക്കും വിദ്വേഷത്തിനുമൊപ്പം നിസ്സഹായതയും എന്ന് കൂട്ടിച്ചേർക്കണം. ഡൊമിനിക് ലാപ്പിയറുടെ ‘അന്നൊരിക്കൽ സോവ്യറ്റ് യൂണിയനിൽ’ എന്ന പുസ്തകത്തിൽ കാണാം ആ ഭാവങ്ങളിൽ ചിലത്. കീവ് സന്ദർശനത്തിനു ശേഷം ‘ബാബിയാർ’ എന്നൊരു കവിത യെവ്തുഷെങ്കോ എഴുതിയിരുന്നു. സ്റ്റാലിൻ മരിച്ച് വർഷങ്ങൾക്കു ശേഷമാണ്. ജൂതവിരോധത്തിനെതിരെയായിരുന്നു ആ കവിത. ഒറ്റു കൊടുക്കപ്പെട്ട വിപ്ലവത്തെപ്പറ്റി. ( റഷ്യയിൽ കവി എന്ന വാക്ക് പോരാളി എന്നതിന്റെ പ്രതിദ്ധ്വനിയാണ്. റഷ്യയെ ചിന്തിക്കാൻ സഹായിച്ചത് കവികളാണ്, സ്വേച്ഛാചാരികൾക്കെതിരെ പറ്റപൊരുതാൻ സഹായിച്ചതും കവികൾ തന്നെ - യെവ്) അത് ആദ്യമായി വായിച്ച മോസ്കോ പോളിടെക്നിക്ക് ഹാളിൽ സ്വയം വികാരാധീനനായി പോകാതിരിക്കാൻ കവി വല്ലാതെ ബുദ്ധിമുട്ടി. അതിനേക്കാൾ വൈകാരികമായിരുന്നു കേൾവിക്കാരുടെ പ്രതികരണങ്ങൾ. അവർ ആദ്യം സ്തംഭിച്ചു നിന്നു. പിന്നെ നിലയ്ക്കാത്ത കൈയടി. 1905 മുതൽ പാർട്ടിമെമ്പറായ ഒരു മനുഷ്യൻ വേച്ച് വേച്ച് വേദിയിൽ കയറി കവിയുടെ അടുത്തു വന്നു കരഞ്ഞു. അയാൾ 15 വർഷം സ്റ്റാലിന്റെ ക്യാമ്പിൽ കഴിഞ്ഞ ആളാണ് ഇപ്പോഴും ജീവനോടെയിരിക്കുന്നു. ‘തനിക്ക് കവിയുടെ തലതൊട്ടപ്പനാകണം’ അയാൾ അപേക്ഷിച്ചു.
ഈ കവിതയുമായിട്ടാണ് കവി ലിറ്റററി ഗസറ്റിന്റെ ആഫീസിലെത്തിയത്. പരിചയക്കാരനായ ജോലിക്കാരന് അത് വായിച്ചു കൊടുത്തു. അയാൾ ഓടിച്ചെന്ന് സഹപ്രവർത്തകരെയൊക്കെ വിളിച്ചുകൂട്ടി. ഒന്നുകൂടി വായിക്കാൻ ആവശ്യപ്പെട്ടു. കവിത കേട്ടവർക്കെല്ലാം അതിന്റെ കോപ്പി വേണം.
‘കോപ്പിയോ, എന്താണുദ്ദേശിക്കുന്നത്, ഞാനിതിവിടെ കൊണ്ടു വന്നത് പ്രസിദ്ധീകരിക്കാൻ വേണ്ടിയാണ്’. യെവ്തുഷങ്കോ പറഞ്ഞു.
എല്ലാവരും പെട്ടെന്ന് നിശ്ശബ്ദരായി.
താത്കാലികമായൊരു മറവിരോഗത്തിൽ നിന്ന് ഞെട്ടിയുണർന്ന എഡിറ്റർ പിറുപിറുക്കും പോലെ പറഞ്ഞു
-“അതവനാണ്, ആ വൃത്തികെട്ട സ്റ്റാലിൻ. അവൻ നമ്മളിൽ ഇപ്പോഴും ഉണ്ട്.”
Subscribe to:
Posts (Atom)