July 6, 2026
കാൾ മാർക്സിന്റെ അവസാന വർഷങ്ങൾ
GenZ കരങ്ങളിലെ പൂക്കി സി എം
FB
മാധ്യമം ആഴ്ചപ്പതിപ്പ്, ജൂലൈ 13, 2026
February 22, 2023
മാതൃഭാഷ - സത്യേന്ദ്ര നാഥ ബോസ്
(1962 ഒക്ടോബറിൽ ഹൈദരാബാദിൽവച്ച് ‘ഇംഗ്ലീഷിനെ ഒഴിവാക്കൂ (അംഗ്രേസി ഹഠാവോ) സമ്മേളന’ത്തിൽ പങ്കെടുത്ത് ബംഗാളിഭാഷയിൽ സത്യേന്ദ്രനാഥ ബോസ് (1894-1974) നടത്തിയ പ്രഭാഷണം.)
എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. പാശ്ചാത്യരെ അതിവേഗം പുരോഗമിക്കാൻ സഹായിച്ച ശാസ്ത്രം നമ്മുടെ നാട്ടിൽ ഉടൻ അവതരിപ്പിക്കപ്പെടുമെന്നും അത്തരം കാര്യങ്ങൾ വേഗം ഇവിടെ കൊണ്ടുവരാൻ നമ്മുടെ ജീവിതം സമർപ്പിക്കാമെന്നുമുള്ള ആവേശം വിദ്യാർത്ഥികളെന്ന നിലയിൽ ഞങ്ങൾ മനസ്സിൽ താലോലിച്ചു.
ഏകദേശം അറുപത് വർഷങ്ങൾക്ക് മുമ്പ് സ്വദേശി പ്രസ്ഥാനം ആരംഭിച്ചപ്പോൾ, രാജ്യത്തിന് നേതൃത്വം നൽകിയ മഹാന്മാരും ദേശസ്നേഹികളും ദേശീയ സ്കൂളുകളിലൂടെ ഒരു തദ്ദേശീയ വിദ്യാഭ്യാസ സമ്പ്രദായം ബംഗാൾ പ്രവിശ്യയിലെങ്കിലും സ്ഥാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. നിരവധി വർഷങ്ങൾ കടന്നുപോയി, ഇപ്പോഴും വിദ്യാഭ്യാസം നമ്മുടെ രാജ്യത്ത് പരിമിതമായ മണ്ഡലത്തിൽ ഒതുങ്ങിനിൽക്കുന്നു.
മറ്റു രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഒരു കാര്യം കാണാം. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ, മാതൃഭാഷയിൽ വേരൂന്നിയ വിദ്യാഭ്യാസസമ്പ്രദായം രൂപപ്പെടുത്താനാണ് എല്ലായിടത്തും ശ്രമിക്കുന്നത്. ഈ നയമാണ് എല്ലായിടത്തും പിന്തുടരുന്നത്. മധ്യകാലഘട്ടത്തിൽ, എന്തായാലും, വിദ്യാഭ്യാസം നൽകാൻ മറ്റൊരു ഭാഷ ഉപയോഗിച്ചിരുന്നു, വിദ്യാസമ്പന്നരായ ചുരുക്കം ചില പുരുഷന്മാർക്ക് മാത്രമേ അത് പ്രാപ്യമായിരുന്നുള്ളൂ. സാധാരണക്കാർക്ക് ഭാഷ മനസ്സിലാകാത്തതായിരുന്നു ഈ സംവിധാനത്തിന്റെ പരിമിതി. അവർക്ക് വ്യാഖ്യാതക്കളെ വേണ്ടിവന്നു. ഈ ഇടനിലക്കാർ മനസിലാക്കിയ കാര്യങ്ങളാണ് ജനങ്ങളിൽ എത്തിയത്.
എന്നാൽ ഈ രീതി അറിവിന്റെ വളരെ സാവധാനത്തിലുള്ള വ്യാപനത്തിനു കാരണമായി. ഇന്ന് ആളുകൾ വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും സഹായത്തോടെ രാജ്യത്തെ മുന്നോട്ട് നയിക്കാൻ ശ്രമിക്കുകയാണ്. സാധാരണക്കാർക്ക് ഭൗതികനേട്ടങ്ങളുടെ വിശാലമായ ശ്രേണി നൽകുന്നതിനാണത്. അതേസമയം, അറിവ് ഒരു പ്രത്യേക വിഭാഗത്തിൽ ഒതുങ്ങിനിൽക്കുകയാണെങ്കിൽ പുരോഗതിയുടെ വേഗത മന്ദഗതിയിലാകുമെന്ന് അവർക്ക് അറിയാം. ഇപ്പോൾ നമുക്ക് സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞു. ഇനി എത്ര വേഗത്തിൽ വിദ്യാഭ്യാസം രാജ്യത്തിനുള്ളിൽ വ്യാപിപ്പിക്കാൻ കഴിയുമെന്ന് നാം ശ്രദ്ധാപൂർവ്വം ചിന്തിക്കേണ്ടതുണ്ട്. പരിശ്രമിച്ചാൽ ഈ നാട്ടിൽ നിന്ന് അജ്ഞതയും നിരക്ഷരതയും തുടച്ചുനീക്കാൻ കഴിയുമെന്ന് ചരിത്രം പഠിച്ച എല്ലാവർക്കും അറിയാം.
എന്റെ ജപ്പാൻ സന്ദർശന വേളയിൽഉണ്ടായ ചില കാര്യങ്ങൾ ഓർക്കുന്നു. ഞാൻ നിങ്ങളോട് ചുരുക്കി പറയാം.
ഏകദേശം നൂറു വർഷങ്ങൾക്ക് മുമ്പ്, പാശ്ചാത്യപ്രഹരങ്ങളിൽനിന്നു കരകയറുന്ന ജപ്പാൻ, പാശ്ചാത്യരെ ഇത്രയധികം ശക്തരാക്കിയ എല്ലാ അറിവും സാങ്കേതികവിദ്യയും നേടിയെടുക്കാൻ തീരുമാനിച്ചു. അതിനുശേഷം ഇപ്പോൾ ഒരു നൂറ്റാണ്ടിൽ താഴെയേ ആയിട്ടുള്ളൂ, ജപ്പാന്റെ നേട്ടങ്ങളെക്കുറിച്ച് ഇതിനകംതന്നെ എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. ഇരുപത് വർഷം മുമ്പ് രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടപ്പോൾ അവരുടെ ദുരിതം അന്തമില്ലാത്തതായിരുന്നു. എന്നാൽ ഇന്ന്, ആ രാജ്യം സന്ദർശിക്കുകയാണെങ്കിൽ, അവർക്ക് അത്തരമൊരു കാലഘട്ടത്തിലൂടെ കടന്നുപോകേണ്ടിവന്നുവെന്ന് ചിന്തിക്കാൻപോലും കഴിയില്ല.
സ്വാഭാവികമായും മനസ്സിലുയരുന്ന ചോദ്യം, ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ജപ്പാന് എങ്ങനെയാണ് ഇന്നത്തെ ഈ സമൃദ്ധമായ അവസ്ഥയിലേക്ക് ഉയരാൻ കഴിഞ്ഞത്? വിദ്യാഭ്യാസവും പുരോഗതിയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവരുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വിശദാംശങ്ങൾ അറിയാൻ എനിക്ക് ആകാംക്ഷയുണ്ടായിരുന്നു. ജപ്പാനിൽ കുറഞ്ഞത് ഒമ്പത് വർഷത്തേക്കാണ് കുട്ടികളെ സ്‌കൂളിൽ അയക്കുന്നത്. സ്കൂൾ വിദ്യാഭ്യാസം സൗജന്യവും മിക്കവാറും എല്ലാ കുട്ടികൾക്കും നിർബന്ധവുമാണ്. പ്രൈമറി തലത്തിൽ നമ്മുടെ രാജ്യത്തെപോലെ, ജില്ലയിലോ സംസ്ഥാന സർക്കാരോ മുനിസിപ്പാലിറ്റിയോ ബന്ധപ്പെട്ട വകുപ്പോ ആണ് ചെലവ് വഹിക്കുന്നത്. ചിലവുകളുടെ ഭൂരിഭാഗവും അവർ പങ്കിടുന്നു. സുകുമാരകലകൾ പഠിപ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളും സർക്കാർ നടത്തുന്നു. കൂടാതെ ഉയർന്ന തലങ്ങളിൽ, സർവ്വകലാശാലകൾക്ക് സർക്കാരാണ് കൂടുതലും ധനസഹായം നൽകുന്നു.
ജപ്പാനിൽ ശാസ്ത്രവും കലയും വിദേശഭാഷയിലാണ് പഠിപ്പിക്കുന്നത് എന്ന ധാരണ ആദ്യം എനിക്കുണ്ടായിരുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ എനിക്ക് തെറ്റ് പറ്റിയെന്ന് മനസ്സിലായി. ഞാൻ ധാരാളം പുസ്തകങ്ങൾ ശേഖരിച്ചു, അവയിൽ മിക്കതും ജാപ്പനീസ് ഭാഷയിലാണ്. അതുകൊണ്ട് അവ എന്തിനെക്കുറിച്ചാണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. കൂടെ എനിക്ക് കുറച്ച് ഇംഗ്ലീഷ് പുസ്തകങ്ങളും കിട്ടി.
ആധുനിക ശാസ്ത്രയുഗത്തിൽ മനുഷ്യർ എന്തുചെയ്യണമെന്നും മനുഷ്യരാശിയുടെ ഭാവി എന്തായിരിക്കുമെന്നും ചർച്ച ചെയ്യാൻ വിദ്യാസമ്പന്നരായ ആളുകൾ - തത്ത്വചിന്തകരും ശാസ്ത്രജ്ഞരും അധ്യാപകരും - ഒത്തുകൂടിയ ഒരു സമ്മേളനം ജപ്പാൻകാർ വിളിച്ചുകൂട്ടിയിരുന്നു. ഞാനുൾപ്പെടെ ഒന്നോ രണ്ടോ വിദേശികളൊഴികെ, സമ്മേളനത്തിൽ കൂടുതലും പങ്കെടുത്തത് ജപ്പാൻകാരാണ്, നടപടിക്രമങ്ങൾ ജാപ്പനീസ് ഭാഷയിലായിരുന്നു. അവരിൽ ചിലർ ഇടയ്ക്കിടെ ഇംഗ്ലീഷിൽ സംസാരിച്ചു, പക്ഷേ തുടർന്നത് പൂർണ്ണമായും ജാപ്പനീസ് ഭാഷയിലാണ്. അവർക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് പറയുന്നത് തെറ്റായിരിക്കും, കാരണം ഞങ്ങൾ ഇംഗ്ലീഷിൽ സംസാരിച്ചപ്പോൾ മിക്കവർക്കും ഞങ്ങളെ മനസ്സിലായി. എന്നിരുന്നാലും, ഇംഗ്ലീഷിൽ അവരുടെ ചിന്തകൾ വ്യക്തമായി പ്രകടിപ്പിക്കാൻ കഴിയുമെന്ന് അവർക്ക് ഉറപ്പില്ലായിരുന്നു. അതിനാൽ അവിടെ ഉണ്ടായിരുന്ന എല്ലാ ജാപ്പനീസ് ശാസ്ത്രജ്ഞരും തത്ത്വചിന്തകരും ജാപ്പനീസ് ഭാഷയിൽ സംസാരിച്ചു. സമകാലിക ശാസ്ത്രത്തിന്റെ അമൂർത്തമായ തത്ത്വചിന്തകളും നൂതനമായ ആശയങ്ങളും ജാപ്പനീസ് ഭാഷയിൽ പ്രകടിപ്പിക്കാൻ കഴിയുമെന്ന് വ്യക്തമായിരുന്നു. അവരത് തെളിയിക്കുന്നതിൽ ശ്രദ്ധിക്കുകയും ചെയ്തു.
നമ്മുടെ ഇന്ത്യൻ ഭാഷകളുമായി താരതമ്യപ്പെടുത്തുമ്പോൾ ജാപ്പനീസ് ഭാഷയ്ക്ക് ചില പ്രശ്‌നങ്ങളുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിവുള്ളവരുണ്ടാകും. നമ്മുടെ ഭാഷകളിൽ എഴുതുന്നതും അച്ചടിക്കുന്നതും അക്ഷരമാലയിലെ ഒരു പിടി അക്ഷരങ്ങൾ ഉപയോഗിച്ചാണ്, എന്നാൽ ജാപ്പനീസ് സമ്പ്രദായത്തിൽ ഇത് സാധ്യമല്ല. അവരുടെ സ്വന്തം അക്ഷരങ്ങൾ കൂടാതെ ചൈനീസ് അക്ഷരമാലയിൽ മൂവായിരം അക്ഷരങ്ങളുണ്ട്. ഉന്നതവിദ്യാഭ്യാസത്തിന് താൽപ്പര്യമുള്ളവർ അവയെല്ലാം പഠിക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് ഒരു കുട്ടിക്ക് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ പ്രാദേശിക ഭാഷ പഠിക്കാൻ കഴിയും, അതേസമയം ഒരു ജാപ്പനീസ് കുട്ടിക്ക് ജാപ്പനീസ് പഠിക്കാൻ ഏകദേശം ആറ് വർഷമെടുക്കും. ഈ പ്രശ്‌നങ്ങൾക്കിടയിലും ജാപ്പനീസ് ഭാഷ ഓരോ ജാപ്പനീസ് ശാസ്ത്രജ്ഞനും തത്ത്വചിന്തകനും ജാപ്പനീസ് ഭാഷയിൽ തന്റെ ചിന്ത പ്രകടിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു ഘട്ടത്തിലെത്തി. രാജ്യത്ത് പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമായപ്പോൾ ഒരു നേട്ടമായി തെളിഞ്ഞുവന്നു. ജാപ്പനീസ് ഭാഷയിൽ ശാസ്ത്രത്തിലോ തത്ത്വചിന്തയിലോ സുകുമാരകലകളിലോ ഇതിനകം വൈദഗ്ധ്യം നേടിയ അധ്യാപകരായ അധ്യാപകരുടെയും കുറവുണ്ടായിരുന്നില്ല അവരെ പഠിപ്പിക്കാൻ കഴിവുള്ളതരത്തിൽ ഭാഷയും വളർന്നിരുന്നു.
ഇത് ജപ്പാനിൽ വിദ്യാഭ്യാസം പെട്ടെന്ന് എല്ലാവരിലും എത്താൻ പെട്ടെന്നുള്ള കാരണമായി. തൽഫലമായി, ജപ്പാന് എല്ലാതരത്തിലുമുള്ള വിജ്ഞാനരൂപങ്ങളെയും നേടിയെടുക്കാൻ സാധിച്ചു. താഴ്ന്ന തലത്തിൽനിന്ന് അതിവേഗം പുരോഗതി കൈവരിച്ച് ഇന്ന്, ഉയർന്ന സ്ഥാനത്തെത്തിയ, രണ്ട് ലോകരാഷ്ട്രങ്ങളായ ജപ്പാന്റെയും ജർമ്മനിയുടെയും കാര്യമെടുത്താൽ, അറിവുള്ളവരിൽ തൊണ്ണൂറു ശതമാനത്തിലധികം ആളുകളും അവിടെ സാക്ഷരരാണ്.
വിദ്യാസമ്പന്നരെയും നേതാക്കന്മാരെയും മാത്രമല്ല, രാജ്യത്തുള്ള മുഴുവൻ സാധാരണക്കാർക്കുംവേണ്ടി നിലകൊള്ളുന്ന ഒരു രാജ്യത്തെ എടുത്താൽ അവരെല്ലാം സാക്ഷരരായാൽമാത്രമേ രാജ്യം വികസിതമായെന്നു പറയാൻ നമുക്കു കഴിയൂ. രാജ്യത്തെ ഏത് അപകടത്തിൽനിന്നും സംരക്ഷിക്കാനുള്ള എല്ലാ ശക്തിയും അവരുടെ കൈകളിൾ അപ്പോൾ മാത്രമേയുണ്ടാകൂ. നമ്മുടെ രാജ്യത്ത് നിരവധി ഭാഷകളുണ്ട്. എന്നാൽ എല്ലാ ഭാഷകളിലും, പ്രത്യേകിച്ച് ഭരണഘടന പ്രധാന ഭാഷകളായി അംഗീകരിച്ചിട്ടുള്ളവയിൽ, മൊത്തം അഭ്യസ്തവിദ്യരുടെ എണ്ണം ഏറെക്കുറേ ജപ്പാനിലെ ജനസംഖ്യയ്ക്ക് തുല്യമായിരിക്കും.
രാജ്യത്തെക്കുറിച്ചു സമഗ്രമായി ചിന്തിക്കാതെ, സ്വന്തം വീട് പണിയുന്നതിൽ നമ്മൾ ഒതുങ്ങിനിൽക്കുകയാണെന്ന് എനിക്കു തോന്നുന്നു. അതായത്, ഓരോ കുട്ടിക്കും നിർബന്ധിത വിദ്യാഭ്യാസം ലഭിക്കുന്ന തരത്തിൽ അതതു പ്രദേശത്തെ വിദ്യാഭ്യാസസമ്പ്രദായത്തെ രൂപപ്പെടുത്താൻ തയ്യാറാവുന്നിടത്തുനിന്ന് നമുക്ക് ആരംഭിക്കാവുന്നതാണ്. എങ്കിൽ നമ്മൾ അഭിമുഖീകരിക്കുന്ന പുതിയ പ്രശ്നങ്ങൾ എളുപ്പത്തിൽ അപ്രത്യക്ഷമാകും.
മഹത്തായ ഒരു മനുഷ്യസമൂഹത്തെ കെട്ടിപ്പടുക്കാൻ രാഷ്ട്രങ്ങൾ ഒന്നിക്കുമെന്ന ആശയം ഇന്ന് ലോകത്ത് ഉണ്ട്. എന്നാൽ ഇത് നേടുന്നതിന് ഓരോ രാജ്യവും ഒരു പ്രത്യേക ഭാഷയെ വിദ്യാഭ്യാസ മാധ്യമമായി സ്വീകരിക്കണമെന്ന് ആരും കരുതുന്നില്ല. എല്ലാത്തിനുമുപരി, മാനസിക അടുപ്പം ഉണ്ടാകുമ്പോൾ ഭാഷാപരമായ തടസ്സങ്ങൾ പ്രശ്നമാവില്ല.
ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാതെ രാജ്യത്ത് ഐക്യം ഉണ്ടാകില്ലെന്ന് പലപ്പോഴും പറയാറുണ്ട്. കീഴടങ്ങി ജീവിച്ചപ്പോഴാണ് നമ്മുടെ ദേശീയതയെക്കുറിച്ച് നമുക്ക് ബോധമുണ്ടായത്. അതുകൊണ്ട് ആ ഐക്യബോധം ഇംഗ്ലീഷ് ഭാഷയിലൂടെ നിലനിർത്തണം. പക്ഷേ, അടിമത്തത്തിന് മുമ്പ് നമുക്ക് ദേശീയ സ്വത്വബോധം ഉണ്ടായിരുന്നില്ല എന്നു പറയുന്നത് ശരിയല്ല.
രാജ്യഭരണത്തിന് ചുക്കാൻ പിടിക്കുന്നവർക്ക് ഒരുപക്ഷേ രാജ്യത്തിനുള്ളിലെ ഐക്യബോധത്തെപ്പറ്റി വേണ്ടത്ര അറിവുണ്ടായിരിക്കുകയില്ല. അഥവാ ഐക്യബന്ധങ്ങൾ എത്ര ദൃഢമായി ജനങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് അവർ തിരിച്ചറിവുണ്ടായിരിക്കില്ല. ഈ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആളുകൾ വിദേശത്ത് കണ്ടുമുട്ടുമ്പോൾ മാത്രമാണ്, അവരുടെ മാനസികഘടനയിലും ആചാരങ്ങളിലും പെരുമാറ്റത്തിലും എത്രമാത്രം സമാനതയുണ്ടെന്നും അവർ വിദേശികളിൽനിന്ന് എത്ര വ്യത്യസ്തരാണെന്നും മനസിലാക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷയിലൂടെ വിദ്യാഭ്യാസം നൽകുകയാണെങ്കിൽ രാജ്യത്തിന്റെ ഐക്യം ഒരിക്കലും അപകടത്തിലാകില്ലെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്.
നമ്മുടെ സമീപകാല ചരിത്രത്തിൽ മഹത്തായതും എന്നാൽ അതുപോലെ ലജ്ജാകരവുമായ ചില ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ നാണംകെട്ട സംഭവങ്ങളുടെ ചരിത്രം വിശകലനം ചെയ്താൽ, നാണംകെട്ടതിന് ഉത്തരവാദികളായ എല്ലാവരും ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവരാണെന്ന് വെളിപ്പെടും. ഞാൻ പറയാൻ ശ്രമിക്കുന്നത്, നമ്മുടെ സമീപകാല ചരിത്രത്തിൽ നമുക്ക് അഭിമാനിക്കാൻ കഴിയുന്ന സന്ദർഭങ്ങൾ ഉള്ളതുപോലെ, ഖേദിക്കേണ്ടതും ലജ്ജിക്കേണ്ടതുമായ സന്ദർഭങ്ങളുമുണ്ട്. എന്നാൽ ഇത്തരം ദുഃഖകരമായ സംഭവങ്ങളുടെ വേരുകൾ അന്വേഷിച്ചാൽ, അഹങ്കാരികളും സ്വാർത്ഥരും ഇംഗ്ലീഷിൽ വിദ്യാഭ്യാസം നേടിയവരുമായ ആളുകളുടെ പ്രവർത്തനങ്ങൾ പല സന്ദർഭങ്ങളിലും കണ്ടെത്താനാകും.
ഇംഗ്ലീഷ് ഒരിക്കലും ഏകീകരിക്കുന്ന ഘടകമായിരുന്നില്ല എന്ന് എനിക്ക് തോന്നുന്നു. ഐക്യത്തിന്റെ അടിസ്ഥാനം മാനസികബന്ധങ്ങളിലാണ് ഇരിക്കുന്നത്. മറ്റുള്ളവരുടെ വികാരങ്ങളോട് നമ്മൾ പ്രതികരിക്കുകയാണെങ്കിൽ, നമുക്ക് വിദേശികളുമായി സൗഹൃദം പുലർത്താം. തിരിച്ച്, സാഹോദര്യത്തിന്റെ അഭാവം മറ്റൊരു പാകിസ്ഥാൻ കെട്ടിപ്പടുക്കാൻ മാത്രമേ കഴിയൂ. ഈ രണ്ടു രാജ്യങ്ങളും കെട്ടിപ്പടുത്ത രണ്ടുപേരും ഒരേ പ്രവിശ്യയിൽ നിന്നുള്ളവരാണ്, രണ്ടുപേർക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം ഉണ്ടായിരുന്നു. വർഷങ്ങളായി ഇംഗ്ലീഷിലൂടെ ജനസമൂഹത്തെ ഉണർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പിന്നീട് നമ്മുടെ രാഷ്ട്രപിതാവ് ഞങ്ങളുടെ അടുത്ത് വന്നപ്പോൾ, പലരെക്കാളും നന്നായി ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും അറിയാമെങ്കിലും സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷ, സംസാരിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തു. നമുക്ക് ഇപ്പോൾ ഒരു പുതിയ ഉത്തരവാദിത്തമുണ്ട്. സ്വാതന്ത്ര്യത്തിന്റെ ഫലം ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള വിരലിലെണ്ണാവുന്ന ആളുകളിൽ മാത്രം ഒതുങ്ങരുത്; അത് എല്ലാവരിലും എത്തണം.
ഇംഗ്ലീഷ് പഠിപ്പിച്ചാൽ വിജ്ഞാനത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള വാതിലുകൾ അടയുമെന്ന് കരുതുന്നവർക്ക് വലിയ തെറ്റാണ് പറ്റിയത്. ഇന്ത്യ എന്നെന്നേക്കുമായി ഉയർന്ന ജയിൽ ഭിത്തികളാൽ ചുറ്റപ്പെടണമെന്നും മുകളിൽ നിന്നുള്ള വെളിച്ചം വിദ്യാസമ്പന്നരുടെ മുകൾത്തട്ടിൽമാത്രം എത്തണമെന്നും അവരാണ് ആ പ്രകാശത്തെ കീഴേ തട്ടിലുള്ള അജ്ഞരായ മനുഷ്യരിലേക്ക് പകരേണ്ടതെന്നും അവർ കരുതുന്നു. ഈ രീതിയിൽ പുരോഗതി കൈവരിക്കാൻ പ്രയാസമാണ്. മുഴുവൻ ജനങ്ങളുടെയും ഉത്തരവാദിത്തം ഒരു ചെറിയ വിഭാഗത്തെ ഏൽപ്പിക്കുന്നത് അഭികാമ്യമല്ല. രാജ്യത്തെ ജനങ്ങൾ അവരുടെ ഭാരം സ്വയം വഹിക്കണം. കഴിഞ്ഞ പതിനഞ്ച് വർഷമായി ഈ നേട്ടം കൈവരിക്കുന്നതിൽ നമുക്ക് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
ഇംഗ്ലീഷിനെ ദീർഘകാലമായി വഹിച്ചിരുന്ന പ്രധാന സ്ഥാനത്ത് നിന്നു പുറത്താക്കണമെന്ന നിങ്ങളുടെ ആവശ്യം ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. വിവിധ പ്രവിശ്യകളിൽ ഈ നിർദ്ദേശം എങ്ങനെ നടപ്പിലാക്കാൻ കഴിയുമെന്ന് ശ്രദ്ധാപൂർവ്വം ചിന്തിക്കുക. ഇംഗ്ലീഷ് നീക്കം ചെയ്യുന്നതിനുള്ള എന്റെ വാദങ്ങൾ സ്വയം പ്രതിരോധത്തിനായുള്ള പ്രേരണയിൽ നിന്നാണ് വരുന്നത്. ഇംഗ്ലീഷിനുള്ള ഈ അസാധാരണമായ ഊന്നൽ രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ വ്യാപനത്തെ തടസ്സപ്പെടുത്തുമെന്നുതന്നെ ശക്തമായ തോന്നലെനിക്കുണ്ട്. അധ്യാപനം തൊഴിലായി തിരഞ്ഞെടുക്കുന്നവർ ഒരാളുടെ ചിന്തകൾ മാതൃഭാഷയിൽ എങ്ങനെ കൂടുതൽ മികവീടെ പ്രകടിപ്പിക്കപ്പെടുന്നു എന്നു കാണാൻ ആജീവനാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കണം.
വിദ്യാസമ്പന്നരോട് ഞങ്ങൾ അപേക്ഷിക്കുകയാണ്. രാജ്യത്ത് പുതിയ ഒരു യുഗം കൊണ്ടുവരാൻ കഠിനമായി ശ്രമിക്കുക. പുതിയ പ്രബോധന മാധ്യമം എന്തായിരിക്കണമെന്ന് കണ്ടുപിടിക്കുക. നമ്മുടെ നാട്ടിൽ നിന്ന് നിരക്ഷരതയും അജ്ഞതയും തുടച്ചുനീക്കുന്ന ഒരു സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും കൊണ്ടുവരിക. മതഭ്രാന്തന്മാർക്ക് മുന്നറിയിപ്പ് ആവശ്യമാണ്. ഒരു പുതിയ യുഗത്തിനായുള്ള നമ്മുടെ ആഹ്വാനം ഒരിക്കലും ഒരു ഭാഷയ്ക്ക് പകരം മറ്റൊന്നു വച്ചുകൊണ്ട് യാഥാർത്ഥ്യമാകില്ല.
നാട്ടുകാരെ വിദ്യാഭ്യാസമുള്ളവരാക്കുന്ന കാര്യത്തിന് നമുക്ക് മുൻഗണന കൊടുക്കാം. അവർക്ക് ഉപകാരപ്രദവും അവരെ രോഗങ്ങളിൽനിന്ന് മുക്തരാക്കുന്നതും അവർക്ക് അഭിവൃദ്ധി നൽകുന്നതും അവർക്ക് നിത്യഭക്ഷണം നൽകുന്നതുമായ അറിവ് അവർക്കെല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കണം. ഇതാണ് എനിക്കു വേണ്ടത്.
നിരന്തരമായ പരിശ്രമം ആവശ്യമായ കാര്യമാണ്. ചർച്ചകളിൽ പങ്കെടുത്തതുകൊണ്ടുമാത്രം ഈ പ്രശ്നം പരിഹരിക്കപ്പെടില്ല. വിവിധ ഭാഷകൾ സംസാരിക്കുന്ന പങ്കാളികൾ അവരവരുടെ വീടുകളിലേക്ക് മടങ്ങുമ്പോൾ ഇക്കാര്യം മനസ്സിൽ സൂക്ഷിക്കുമെന്ന് ഞാൻ കരുതുന്നു. രണ്ട് കാര്യങ്ങൾ നാം മനസിലാക്കുന്നതിനെ ആശ്രയിച്ചിരിക്കും, ഈ സമ്മേളനത്തിന്റെ വിജയം. ഒന്നാമത്തേത്, മാതൃഭാഷ വിദ്യാഭ്യാസ മാധ്യമമായാൽമാത്രമേ നമ്മുടെ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കാൻ കഴിയൂ; രണ്ടാമത്തേത്, നമ്മുടെ പ്രാദേശിക ബന്ധം ഭാഷയെ ആശ്രയിച്ചല്ല നിലനിൽക്കുന്നത്, അത് നമ്മുടെ മനസ്സിൽ വേരൂന്നിയ ഒന്നാണ്. ഈ രണ്ട് നിരീക്ഷണങ്ങളെയും നിങ്ങൾക്കൊപ്പം കൊണ്ടുപോകാം. അതിനു കഴിഞ്ഞാൽ നിങ്ങളുടെ പരിശ്രമം അർത്ഥവത്തായെന്ന് ഞാൻ കരുതും. പരസ്പര ഇടപെടലുകളിലൂടെ രണ്ട് വസ്തുതകൾ കൂടി തിരിച്ചറിയണമെന്ന് ഞാൻ ആശിക്കുന്നു. ഒന്നാമതായി, നമ്മുടെ ഐക്യം ഉപരിപ്ലവമല്ല, ആഴത്തിലുള്ളതാണ്. ഇത് ഒരു ഭാഷ സംസാരിച്ചതുകൊണ്ട് ഉണ്ടായതല്ല. രണ്ടാമതായി, ഏകീകൃതവും ആത്മാർത്ഥവുമായ പരിശ്രമത്തിലൂടെ പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നവുമില്ല.
ഞാൻ മുമ്പ് പറഞ്ഞതുപോലെ, നമ്മുടെ രാജ്യത്തിന്റെ ഏകീകരണം ഒരു പ്രത്യേക ഭാഷയിൽക്കൂടി കൊണ്ടുവരാൻ കഴിയില്ല. ഐക്യം മാനസികമായ ബന്ധത്തിലധിഷ്ഠിതമാണെന്ന് മനസിലാക്കേണ്ടത് ആവശ്യമാണ്. നമ്മൾ എന്തെങ്കിലും നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തൊഴിലാളികൾക്കിടയിൽ മാനസിക അടുപ്പം അനിവാര്യമാണ്. അങ്ങനെയല്ലെങ്കിൽ , വിവിധ തലങ്ങളിൽ നാം നേടാൻ ശ്രമിക്കുന്നത് ഒരൊറ്റ ഘടനയുടെ ഭാഗമായി നിലനിൽക്കില്ല.
വിദേശഭാഷയും വിദേശഭരണവും വളരെക്കാലം നമ്മൾ സഹിച്ചു. ഐക്യം സ്ഥാപിക്കാനുള്ള വഴി അതായിരുന്നുവെങ്കിൽ, അത് വളരെ മുമ്പേ കൈവരിക്കാമായിരുന്നു. അത് സംഭവിക്കാത്തതിനാൽ, ഭരണഘടനയുടെയും അതിന്റെ നിർദ്ദേശങ്ങളുടെയും സ്വീകാര്യതയ്‌ക്കെതിരായ ശബ്ദങ്ങൾ ഇപ്പോൾ ഉയർന്നുവരുന്നു.
നമ്മുടെ ദേശീയ പൈതൃകം നൂറ്റാണ്ടുകളുടെ പരിശ്രമത്തിന്റെ ഫലമാണ്, എത്ര പഴക്കമുള്ളതാണെങ്കിലും, അതിനെ നമ്മുടെ ജീവിതത്തോടൊപ്പം മുറുകെ പിടിക്കാൻ ആഗ്രഹിക്കുന്നു. പാരമ്പര്യത്തോടുള്ള ആദരവാണ് ദേശീയ ഐക്യത്തിന്റെ അടിത്തറ. സ്വന്തം താൽപ്പര്യങ്ങൾ കീഴടക്കി, രാജ്യത്തിനകത്ത് സഞ്ചരിക്കാൻ തയ്യാറുള്ള ആർക്കും, മാനസികമായ ബന്ധുത്വം നിലനിന്നിരുന്നുവെന്ന് മനസിലാക്കാം. എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് എനിക്കത് മനസിലായിട്ടുണ്ട്. എന്നാൽ രാഷ്ട്രീയമണ്ഡലത്തിൽ അതില്ല. നമ്മുടെ രാജ്യത്തെ ഋഷിമാർ, നമ്മുടെ തീർത്ഥാടകർ, നമ്മുടെ സാധാരണ ഹിന്ദു ആൺകുട്ടികളും പെൺകുട്ടികളും ഗ്രാമങ്ങളിൽ താമസിക്കുന്ന വിവിധ മതങ്ങളിൽപ്പെട്ടവരുംപോലും എളുപ്പത്തിൽ വിച്ഛേദിക്കപ്പെടാത്ത ഒരു പൊതുബന്ധത്തിന്റെ അസ്തിത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാലും, ചിലപ്പോൾ താൽപ്പര്യങ്ങളിലുള്ള വൈരുദ്ധ്യങ്ങൾ ഐക്യബോധത്തെ ഇല്ലാതാക്കിയേക്കാം. ഉദ്ഗ്രഥനത്തിന്റെ ആവേശത്തെ സജീവമായി നിലനിർത്താൻ പ്രത്യേക സമർപ്പണം ആവശ്യമാണ്. വാക്കുകളിലൂടെ മാത്രം ഐക്യം കൈവരിക്കാനാവില്ല.
എങ്ങനെയാണ് ഒരാൾ ഈ സമർപ്പണം സാധ്യമാക്കുന്നത്? നമ്മുടെ പൈതൃകത്തിന്റെ സ്വഭാവവും മുൻകാലങ്ങളിൽ അവരെ ഒന്നിപ്പിച്ച പൊതുബന്ധങ്ങളും മനസിലാക്കാൻ വിവിധ പ്രവിശ്യകളിലെ ആളുകൾ അവരുടെ പ്രാദേശിക ഭാഷകൾ ഉപയോഗിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. ഓരോ നിമിഷവും മനുഷ്യർ പുതിയ എന്തെങ്കിലും സൃഷ്ടിക്കാനുള്ള ആവശ്യത്തെ നേരിടുന്നു. പ്രകൃതിയുടെ വൈവിധ്യം അങ്ങനെയുള്ളതാണ്. അതുകൊണ്ട് നാം ഇന്ന് കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന നമ്മുടെ രാജ്യത്തിന്റെ ഐക്യം മുൻകാലങ്ങളിൽ അനുഭവപ്പെട്ടിരുന്ന സൗഹാർദ്ദത്തേക്കാൾ സങ്കീർണ്ണവും അഗാധവും ശക്തവുമായിരിക്കണം. ഇതാണ് എന്റെ ബോധ്യം.
നമുക്ക് കേൾക്കാം : നിങ്ങളെത്തന്നെ അറിയാനുള്ള സമയം വന്നിരിക്കുന്നു. വിവിധ പ്രദേശങ്ങളിൽനിന്നുള്ള ആളുകൾ അടുത്തടുത്ത് വരട്ടെ, നമുക്ക് നഷ്ടപ്പെട്ടതും ഇന്ന് നാം നേടിയതുമായ സ്വാതന്ത്ര്യത്തിന്റെ രുചി അറിയട്ടെ.
വികസനത്തിന്റെ കൊടുമുടിയിലെത്താനും അതിവേഗം മുന്നേറാനും മറ്റു രാജ്യങ്ങൾ സ്വീകരിച്ച പാതകൾ നാം പിന്തുടരേണ്ടതുണ്ട്. എത്രയും പെട്ടെന്ന്. ഇത് ചെയ്യുന്നതിന്, ആധുനിക യുഗത്തിന്റെ പ്രധാന സന്ദേശം നമ്മുടെ ജനങ്ങളുടെ മനസ്സിലേക്ക് കൊണ്ടുപോകണം. ചരിത്രാതീതകാലത്തെ ആശയങ്ങൾ തള്ളിക്കളയണം. പ്രകൃതിയുടെ മേൽ മനുഷ്യൻ നേടിയ വിജയവും അതിന്റെ അനന്തരഫലങ്ങളും പല രാജ്യങ്ങളിലും അനുഭവിച്ചറിഞ്ഞത് വിദ്യാസമ്പന്നരെങ്കിലും അഹങ്കാരികളായിപോയെന്നു നമ്മൾ കരുതുന്നവർ മാത്രമല്ല. എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്.
ഇത് ചെയ്തില്ലെങ്കിൽ, മറ്റ് രാജ്യങ്ങളിലെ പുരോഗതിയുടെ ദ്രുതഗതിയിൽ നമുക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല. 'ഭാരതവർഷ' എന്ന പദം നമ്മെ പ്രചോദിപ്പിക്കുന്നുണ്ടെങ്കിൽ, നമ്മുടെ ഹൃദയങ്ങൾ നാട്ടുകാർക്കായി തുടിക്കുന്നുണ്ടെങ്കിൽ , നമ്മൾക്കുള്ള പരസ്പരബന്ധം ദൃഢമാക്കാൻ അന്യഭാഷയുടെ സഹായം ആവശ്യമില്ല. വിദേശശക്തിയെ നമ്മുടെ നാട്ടിൽ നിന്ന് ആട്ടിയോടിക്കാൻ പോരാടിയ ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള നേതാക്കൾ അധികാരം നേടിയപ്പോൾ, ഉണ്ടായ അകൽച വളരെ പ്രകടമായിരുന്നു.
നാട്ടുഭാഷകൾ ഉപയോഗിച്ച് ഐക്യബോധം സൃഷ്ടിക്കാനും വിഘടനവാദ മാനസികാവസ്ഥയെ മറികടക്കാനും എളുപ്പമാണ്. രാജകീയ വേദിയിൽ കയറിനിന്ന് ദേശീയോദ്ഗ്രഥനം പ്രസംഗിച്ചാൽ മാത്രം പോരാ. ഓരോ വീടുകളിലും ചെന്ന് നമുക്ക് ഈ ഐക്യത്തിന്റെ സന്ദേശം നൽകണം. നമുക്കു ലഭിച്ച വിദ്യാഭ്യാസത്തിൽ മതിമറക്കരുത് - അത് നമ്മുടെ പൊതു ഉത്തരവാദിത്വമാണെന്ന് എല്ലാവരും തിരിച്ചറിയണം! അതിനാലാണ് നമുക്ക് നമ്മുടെ മാതൃഭാഷകൾ വേണ്ടത്, നമുക്ക് കഠിനമായ പരിശ്രമം ആവശ്യമായി വരുന്നത്. നമ്മുടെ മനസ്സ് ശുദ്ധമായി സൂക്ഷിക്കണം. ഏറ്റുമുട്ടലുകൾക്കും സംഘർഷങ്ങൾക്കും പകരം നമുക്ക് സ്നേഹത്തെക്കുറിച്ച് സംസാരിക്കാം.
നിങ്ങളിൽ ഇക്കാര്യം മനസ്സിലാക്കുന്നവർ, സ്വന്തം പരിമിതിക്കുള്ളിൽനിന്നുകൊണ്ടും ക്ഷമയോടെ ജോലി തുടരുക. കുട്ടിക്കാലത്ത് നമ്മൾ പറയുമായിരുന്നു, മുകളിലുള്ള ദൈവം വിചാരിക്കുന്നതുപോലെ നമുക്ക് മുന്നോട്ടു പോകാം, നമുക്ക് പേടിക്കാനൊന്നുമില്ല. മനസ്സിൽ ഐക്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കിലും നിങ്ങൾ ഭയക്കാതെ മുന്നോട്ടു പോകാം. നിങ്ങൾ ആരംഭിച്ച പ്രസ്ഥാനം ഇനിയും വളരട്ടെ. നമ്മുടെ ആളുകൾ അവരുടെ ഉത്തരവാദിത്വങ്ങളെപ്പറ്റി ബോധവാന്മാരായിരിക്കട്ടെ. നിർബന്ധിത വിദ്യാഭ്യാസം ഉടൻ നടപ്പാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം, അതിലൂടെ ഓരോ കുട്ടിക്കും ചെറുപ്പക്കാരനും സ്ത്രീക്കും സമ്പൂർണ്ണ മനുഷ്യരായി വളരാൻ അവസരമുണ്ടാകും. നാം ജനിച്ച ഇന്നത്തെ കാലഘട്ടത്തിൽ, 'കുറച്ചുമാത്രം പഠിക്കുക' വലിയ അപകടമാണെന്ന് നമ്മൾ തിരിച്ചറിയണം. .
എനിക്ക് വാസ്തവത്തിൽ കൂടുതൽ ഒന്നും പറയാനില്ല, കാരണം സംസാരിക്കുന്നത്, എല്ലായ്പ്പോഴും മറ്റുള്ളവരിലേക്ക് എത്താനുള്ള നല്ല മാർഗമല്ല. ഒരിക്കൽ ഒരു എഴുത്തുകാരൻ പറഞ്ഞതുപോലെ, ഭാഷയുടെ ലക്ഷ്യം നമ്മുടെ ചിന്തകളെ മറയ്ക്കുക എന്നതാണ്. നാട്ടിൽ ഒരു വിശ്വാസം ഉണ്ട്, പരസ്പരം നമ്മൾ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചാൽ, ശരിയായ ഉത്തരം നമ്മുടെ ഉള്ളിൽ നിന്നു കണ്ടെത്തും. അത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ പ്രസ്ഥാനം എല്ലാ അർത്ഥത്തിലും വിജയിക്കും.
March 1, 2022
പാഠം പഠിപ്പിച്ചു തീർക്കാൻ താത്പര്യമില്ലാത്തവർ?
സർക്കാരിന്റെ വിശ്വാസ്യതയുടെ പ്രശ്നമായതിനാൽ ഫോക്കസ്- നോൺ ഫോക്കസ് മേഖലപ്രശ്നം, വിവാദത്തിനു ശേഷവും പരിഹരിക്കപ്പെട്ടിട്ടില്ല. കുട്ടികൾ അങ്ങനെ ചുളുവിൽ ചില പാഠങ്ങൾ മാത്രം പഠിച്ച് ജയിക്കേണ്ടതില്ല എന്ന തീരുമാനം വളരെ നല്ലതാണ്. അവർക്ക് ഭാവിയിൽ ആത്മവിശ്വാസം ലഭിക്കാൻ അതു കാരണമാകും.
എങ്കിലും പലരും പറഞ്ഞ കാര്യം വീണ്ടും പറയാം : ഒരു ടെക്സ്റ്റ് തീർക്കാനുള്ള സമയം എവിടെ?
ഇവിടെയാണ് അദ്ധ്യാപകരുടെ ആന്തരിക സംഘർഷവും ഉത്തരവുകളുമായുള്ള ബാഹ്യസംഘർഷവും മൂർച്ഛിക്കുന്നത്. ഏതു പാഠപുസ്തകം പഠിപ്പിക്കാനും തീർക്കാനും നിശ്ചിതസമയം വേണമല്ലോ. അതിനനുസരിച്ച് മൊഡ്യൂൾ ഉണ്ടാക്കിയാണ് പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതും. ജൂൺ മുതൽ ഫെബ്രുവരിവരെയുള്ള 9 മാസങ്ങൾകൊണ്ടു തീർക്കേണ്ട ഈ സംഗതി നവംബർ മുതൽ ഫെബ്രുവരിവരെയുള്ള നാലുമാസങ്ങൾകൊണ്ട് തീർക്കണമെന്നും മാർച്ചിൽ റിവിഷൻ തുടങ്ങണമെന്നുമാണ് പറയപ്പെടുന്നത്. അതിനു വേണ്ടി പ്രത്യേകിച്ച് ഉണ്ടാക്കിയ സൗകര്യം ശനിയാഴ്ചത്തെ ക്ലാസുകളാണ്. കൂടാതെ ഓൺലൈനിൽ ക്ലാസെടുത്ത് പ്രശ്നം പരിഹരിക്കാമെന്ന നിർദ്ദേശവും ഉണ്ട്. കൈറ്റ്സ് നൽകിയ സൗകര്യമനുസരിച്ച് അദ്ധ്യാപകർ ഗൂഗിൾ ക്ലാസുറൂമിൽ കയറിയിരിക്കണമെന്ന അനുശാസനവും അടുത്തയിടെ വന്നിട്ടുണ്ട്.
ഹയർ സെക്കന്ററിയിൽ 60+ ആണ് ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം. കൊറോണ പ്രമാണിച്ച് ഇവരെ രണ്ടായി പിരിച്ച് 30 പേർക്ക് ആദ്യത്തെ മൂന്നു ദിവസവും (തിങ്കൾ ചൊവ്വ ബുധൻ) അടുത്ത് 30 പേർക്ക് അടുത്ത 3 ദിവസവും ( വ്യാഴം വെള്ളി ശനി) ആണ് ഇപ്പോൾ ക്ലാസ് നടക്കുന്നത്. ഇതിലേതെങ്കിലും ഒരു ദിവസം ക്ലാസ് മുടങ്ങിയാൽ ആകെ കുഴമറിയും. രണ്ടു ദിവസം മുടങ്ങിയാൽ കുക്കുഴമറിയും.. ഈ മാസം 21 മുതൽ എല്ലാ കുട്ടികളെയും സ്കൂളിൽ വരുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. അപ്പോഴും അദ്ധ്യാപകർക്ക് പാഠപുസ്തകം മുഴുവൻ തീർക്കാനായി മുഴുവൻ കുട്ടികളെയും ഒന്നിച്ച് കിട്ടുന്നത് ആകെ ഒരാഴ്ചയാണ്.
ഇതിനിടയ്ക്ക് ഒരു സമരം, ആറ്റുകാൽ പൊങ്കാല, ശുചിത്വ മിഷന്റെ പരിശോധനയുമായി ബന്ധപ്പെട്ട് കുട്ടികളുടെയും അദ്ധ്യാപകരുടെയും സ്കൂൾ പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കൽ, പതിനൊന്നാം ക്ലാസ് ഇമ്പ്രൂവ്മെന്റ് മൂല്യനിർണ്ണയം പ്രമാണിച്ച് അദ്ധ്യാപകർ ഇല്ലാത്തതുകൊണ്ട് നിശ്ചിതക്ലാസുകൾക്ക് ഒഴിവ്.. പ്രാദേശികമായ ഉത്സവങ്ങളും പരിപാടികളും കാരണമുള്ള തടസ്സങ്ങൾ.. അങ്ങനെ പലതും വന്ന് ക്ലാസ് മുറി പഠനം തടസ്സപ്പെടുത്തിയിട്ടുണ്ട്.
ഇതിനെല്ലാം പരിഹാരമാണ് ഓൺലൈൻ പഠനസംവിധാനം എന്നു പറയാൻ പറ്റില്ല. ഓൺലൈൻ ക്ലാസ് പട്ടണങ്ങളിൽ കാര്യക്ഷമമായി നടക്കുമ്പോലെ ഗ്രാമപ്രദേശങ്ങളിൽ നടക്കില്ല. കുട്ടികൾക്ക് സ്വതവേ മണിക്കൂറുകളോളം മൊബൈലിന്റെ മുന്നിലിരിക്കാൻ മടിയുണ്ട്. ഡേറ്റാ പ്രശ്നം രണ്ടാമത്തേത്. നെറ്റുവർക്ക് പ്രശ്നം മൂന്നാമത്തേത്. ഓൺലൈൻ ക്ലാസെടുക്കുമ്പോൾ കഷ്ടിച്ച് 20 മുതൽ 30 വരെ കുട്ടികൾ കയറുന്നതാണ് കണ്ടിട്ടുള്ളത്. (ആകെ ക്ലാസിലുള്ളവർ 110+) അതിൽത്തന്നെ കുട്ടികൾ വന്നും പോയും ഇരിക്കും. അവരെന്താണ് കേൾക്കുന്നത്, എന്താണ് കാണുന്നത്, എന്തു തുടർച്ചയാണവർക്ക് കിട്ടുന്നത് എന്നത് മറ്റൊരു പ്രശ്നം. പലപ്പോഴും ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ കുട്ടികളിൽനിന്നല്ലാതെ മറുപടി കിട്ടാറില്ല. അതുകൊണ്ട് ക്ലാസ് മുറി വിദ്യാഭ്യാസത്തിനുള്ള ബദൽ രീതിയായി നമ്മുടെ നാട്ടിലെ അവസ്ഥയിൽ ഗൂഗിൾ ക്ലാസ് റൂം മുന്നോട്ടു കൊണ്ടുപോകാൻ ആവില്ല. പരിഹാരബോധനമായി കൊണ്ടുപോകാം. വളരെ കുറച്ചു കുട്ടികൾക്കേ അതുകൊണ്ടു പ്രയോജനം ഉണ്ടാവൂ.
എല്ലാ പാഠങ്ങളുടെ വലിപ്പം ഒരു പോലെയല്ല. ഒരു പേജിൽ തീരുന്ന പാഠങ്ങളുണ്ട്.. 13 പേജുകളിലായി പരന്നു കിടക്കുന്ന അഗ്നിവർണ്ണന്റെ കാലുകൾ എന്ന നാടകവും 12-ൽ പഠിപ്പിക്കാനുണ്ട്. പഴയ ചേഷ്ടാവാദ രീതിയനുസരിച്ചാണെങ്കിൽ ഉള്ളടക്കം പറഞ്ഞുകൊടുത്ത് ശകുന്തളയുടെ ഭർത്താവാരാണ് എന്നു ചോദിച്ച്, ‘ദുഷ്ഷന്തൻ ...’ എല്ലാവരും പറയൂ.... എന്നാവർത്തിച്ച് പറയിച്ച്, പിന്നീട് ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയാതെ നഖം കടിക്കുന്നവർക്ക് 175 പ്രാവശ്യം ഇമ്പോസിഷനും കൊടുത്താൽ പണി കഴിഞ്ഞു. ജ്ഞാനനിർമ്മിതി വാദമനുസരിച്ചാണെങ്കിൽ ‘പ്രക്രിയകൾ’ വേണം. കുട്ടി അറിവു നിർമ്മിക്കണം, അതു അദ്ധ്യാപകർ പകരുകയല്ല വേണ്ടത്. ആദ്യത്തേതു പോലെയല്ല, അതിനിത്തിരി സമയമെടുക്കും. ഇതാണ് നിലവിൽ സർക്കാർ നയം. ഇതാണ് ഇപ്പോഴുള്ള വിദ്യാഭ്യാസ സമീപനം. അതു മാറ്റിയതായി ഒരുത്തരവും വന്നിട്ടില്ല. അതേസമയം ചോദ്യത്തിന്റെ രീതി മാറുന്നു. വസ്തുനിഷ്ഠചോദ്യങ്ങൾ വരുന്നു. ഫോക്കസ് -നോൺ ഫോക്കസ് മേഖലാവ്യത്യാസമില്ലാതെ പാഠങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ പഠിപ്പിച്ചു തീർക്കണമെന്ന നിർദ്ദേശമുത്തരവായി വരുന്നു.
മലയാളത്തിന്റെ കാര്യമെടുത്താൽ ഒരു പാഠത്തെപ്പറ്റി ഒന്നോരണ്ടോ വിവരം പറഞ്ഞ അടുത്ത പാഠത്തിലേക്ക് ചാടാം. (അങ്ങനെ പറ്റില്ലെന്ന് സയൻസ് ഹ്യുമാനിറ്റീസ് കോമേഴ്സ് അദ്ധ്യാപകർ) പക്ഷേ അതു കുട്ടികളോട് ചെയ്യുന്ന ദ്രോഹമല്ലേ? പ്രത്യേകിച്ച് ഒരു സ്കോറിന്റെയും രണ്ടു സ്കോറിന്റെയും വസ്തുനിഷ്ഠചോദ്യങ്ങൾ ഉള്ള സ്ഥിതിയ്ക്ക് (മുൻപ് ഭാഷയ്ക്ക് വിവരണാത്മക ചോദ്യങ്ങൾ മാത്രമായിരുന്നു. പിന്നീട് 2 സ്കോറിനുള്ളതു വന്നു. ഒരു സ്കോറിനുള്ളത് ഇപ്പോൾ പുതുതായി കൂട്ടിച്ചേർത്തതാണ്) പാഠപുസ്തകം മുഴുവൻ വരിയോടു വരി കുട്ടി കടന്നുപോകേണ്ടതായി വരും. അപ്പോൾ വിശദമായ പഠനം വിഷയം തന്നെയാണ്. അതിനുള്ള സമയം ഇല്ല. ഭാരം ആത്യന്തികമായി കുട്ടിയുടെ തലയിലാണിപ്പോഴും. അദ്ധ്യാപകർ നടപടികളുടെ ഭീഷണിയിലാണെങ്കിലും.
ഇപ്പോൾ ആഴ്ചതോറും അദ്ധ്യാപകർ പഠിപ്പിച്ച പാഠങ്ങളുടെ ശതമാനക്കണക്കെടുക്കുന്നുണ്ട്. ശതമാനം കൂടുകയല്ലാതെ കുറയാൻ സാധ്യതയില്ലല്ലോ. ഇടക്ക് പ്രചരിക്കുന്ന ഒരു വാട്സാപ്പ് മെസ്സേജിൽ കണ്ടത്, പാഠഭാഗം പഠിപ്പിച്ചു തീർക്കാൻ താത്പര്യമില്ലാത്ത അദ്ധ്യാപകരുടെ പേരു വിവരങ്ങൾ പ്രിൻസിപ്പാൾമാർ ജില്ലാ ഉപമേധാവികൾക്ക് സമർപ്പിക്കണമെന്നാണ്. (അങ്ങനെ ഒരു വിഭാഗം ഉള്ളതായി കാണുന്നത്രേ. പല ഭീഷണികളും വാട്സാപ്പു വഴി പ്രചരിക്കുന്നതാണ്. വിവാദമായാൽ നിഷേധിക്കാനുള്ള സൗകര്യം കൂടും. ഇല്ലെങ്കിൽ അവ നിലനിൽക്കും. ഉമ്പാച്ചി, അവിടെയില്ലെങ്കിലും ഇരുട്ടിനെ ചൂണ്ടിക്കാട്ടി പേടിക്കാമല്ലോ എന്ന നയമാണ് ഇവിടങ്ങളിൽ പ്രവർത്തിക്കുന്നത് എന്നു തോന്നുന്നു) പഠിപ്പിച്ചു തീർക്കാൻ പറ്റുമോ എന്നല്ല, പഠിപ്പിച്ചു തീർത്തിരിക്കണം, ഇല്ലാത്തവർ താത്പര്യമില്ലാത്തവരാണ്, എന്നാണ് ഇപ്പോൾ വന്നിരിക്കുന്ന പുതിയ മാറ്റം.
വിമതശബ്ദങ്ങളെ ഒഴിവാക്കാനും തങ്ങൾക്ക് അനുകൂലമായി സാമൂഹിക യാഥാർഥ്യത്തെ തമസ്കരിക്കാനുമായി ഉണ്ടാക്കിയെടുക്കുന്ന ആശയങ്ങൾക്ക് സാമൂഹിക സംഘർഷങ്ങളെ മൂടിവയ്ക്കുക എന്ന ലക്ഷ്യമുണ്ടെന്നും യഥാർത്ഥ വൈരുദ്ധ്യങ്ങൾക്ക് സാങ്കല്പികമായ പരിഹാരം എന്ന നിലയിലുള്ള പ്രത്യയശാസ്ത്രസങ്കല്പനങ്ങൾ രൂപം കൊള്ളുന്നത് ഇതിൽ നിന്നാണെന്നും ടെറി ഈഗിൾടൻ പറയുന്നത് പ്രസ്തുതത്തിൽ വച്ച് ഒന്ന് ആലോചിച്ചു നോക്കുക. ബാർത്തിന്റെ ഡോക്സാ സങ്കല്പത്തെ തിരിച്ചിട്ടാലും, നമുക്കീ പേരുകൊടുക്കലിനെ പെട്ടെന്ന് മനസിലാക്കാൻ പറ്റും. അദ്ധ്യാപകർ പാഠങ്ങൾ പഠിപ്പിച്ചു തീർക്കാൻ താത്പര്യം കാണിക്കാത്തതുകൊണ്ട് വരുന്ന പ്രശ്നങ്ങളാണെല്ലാം. സാമാന്യബോധനിർമ്മിതിക്കൊപ്പം കുറ്റബോധനിർമ്മാണവും ക്രമത്തിൽ നടക്കും. പാഠ പുസ്തകം പഠിപ്പിച്ചു തീർക്കാത്തത് സ്വന്തം കുഴപ്പംകൊണ്ടാണെന്ന് ഓരോ അദ്ധ്യാപികയ്ക്കും തോന്നും. തോന്നണം.
അതുപോട്ടെ, ശരിക്കും അദ്ധ്യാപകർക്ക് പാഠം തീർക്കാൻ എന്തെങ്കിലും വിഷമമുണ്ടോ? എങ്ങനെ തീർത്തു എന്നതല്ലല്ലോ വിഷയം, തീർക്കാത്തതെന്ത് എന്നതല്ലേ? ചുരുങ്ങിയ സമയത്തിനുള്ളിൽ ആറു വിഷയങ്ങൾ (+1) അദ്ധ്യാപകർ ആത്മാർത്ഥതയോടുകൂടി പല തരത്തിൽ - ഓൺ ലൈനിലും ക്ലാസ് മുറിയിലും എക്സ്ട്രാ ക്ലാസു വച്ചും ശബ്ദസന്ദേശം അയച്ചും - കുത്തിച്ചെലുത്തിയാൽ എങ്ങനെയിരിക്കും? സയൻസുകാർക്ക് ഇതിനെല്ലാം പുറമേ ട്യൂഷനും പോകേണ്ടതുണ്ട്. അതാരു വിലക്കിയാലും നിൽക്കില്ല.
ഇതൊന്നും പരിഗണനാവിഷയമാകാതെ പോകുന്നു. പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ താത്പര്യമില്ലാത്തവർ എന്ന് ചാർത്തിക്കൊടുക്കുന്ന ലേബലിനു കീഴിൽ അദ്ധ്യാപകർ സ്വാഭാവികമായും നടപടിക്ക് വിധേയമാകേണ്ടവരായി തീരും. വിദ്യാർത്ഥികൾ തിരശ്ശീലയിൽനിന്ന് ഒഴിവാകുകയും അവരുടെ മേലുള്ള സമ്മർദ്ദം അവർക്കു പ്രത്യേകിച്ചു നാവില്ലാത്തതുകൊണ്ട് റദ്ദായി പോവുകയും ചെയ്യുന്നു.
പാഠങ്ങൾ തീർത്തതായി കണക്കെഴുതുകയല്ലാതെ മറ്റെന്താണിവിടെ അദ്ധ്യാപകർക്കു ചെയ്യാൻ കഴിയുക? പാഠങ്ങൾ തീർത്തിട്ടുണ്ടോ എന്നറിയാൻ ക്ലാസ് റൂമിൽ വന്ന് വിദ്യാഭ്യാസ ആപ്പീസർമാർ പരിശോധന നടത്തുമെന്നും സർക്കുലർ പറയുന്നു. വർഷം ഇത്രേയായിട്ടും ഇതുവരെ അങ്ങനെയൊരു കലാപരിപാടിയുണ്ടായിരുന്നില്ല. അത്തരം പരിശോധനകൾ ഉണ്ടായാൽ കുട്ടികൾ സ്വയം ത്യാഗം സഹിച്ചും അവർക്കു പ്രിയപ്പെട്ട അദ്ധ്യാപകരെ രക്ഷിക്കുമായിരിക്കും. അവരെപോലെ സത്യദർശകരും ത്യാഗികളും മറ്റാരെങ്കിലുമുണ്ടോ? പക്ഷേ ബലപ്രയോഗത്തിലൂടെ സാധിക്കേണ്ട കാര്യമായി വിദ്യാഭ്യാസം മാറുന്നതിനെ അത്ര സന്തോഷത്തോടേ കാണാൻ സാധിക്കുമോ എന്നതാണ് അടിസ്ഥാന ചോദ്യം. കൊറോണക്കാലം പലതിനും ഒപ്പം അതിനും സാക്ഷ്യം വഹിക്കുകയാണ്. ശതമാനം കേറ്റിയെഴുതി സ്വയം വഞ്ചിക്കാനുള്ള സാധ്യതയാണിപ്പോൾ സംഖ്യാശാസ്ത്രംകൊണ്ടുണ്ടാകുന്ന നേട്ടം. സത്യസന്ധരും സന്മാർഗികളുമായ അദ്ധ്യാപകർ അവിടെയും താഴെ പോകും. ദുരിതാശ്വാസ ചലഞ്ചിൽ പങ്കെടുക്കാത്തവർ, ശ്രദ്ധയില്ലാതെ പേപ്പറു നോക്കിയവർ, സർക്കാർ നയവിരുദ്ധർ, എന്നിവയ്ക്കൊപ്പം ‘പാഠം പഠിപ്പിച്ചു തീർക്കാൻ താത്പര്യമില്ലാത്തവർ’ എന്ന ലേബലുകൂടി അദ്ധ്യാപകരെ കാത്തിരിക്കുന്നു.
(കേരളഭൂഷണം 19/2/2022)
August 8, 2021
ടാഗോറിന്റെ ദേശീയത
1916-17 കാലഘട്ടത്തിൽ അമേരിക്കയിലും ജപ്പാനിലുമായി ഇന്ത്യയുടെ ദേശീയ കവി, രബീന്ദ്രനാഥ ടാഗോർ നടത്തിയ പ്രഭാഷണങ്ങളുടെ പരിഭാഷയാണ് ‘ദേശീയത’ എന്ന പുസ്തകം. പാശ്ചാത്യ ദേശീയത, ജപ്പാനിലെ ദേശീയത, ഇന്ത്യയിലെ ദേശീയത എന്നീ മൂന്ന് പ്രബന്ധങ്ങളാണ് പുസ്തകത്തിലുള്ളത്. അനുബന്ധമായി പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തെ ദിവസം ടാഗോർ എഴുതിയ ‘നൂറ്റാണ്ടിന്റെ സൂര്യാസ്തമയം’ എന്ന കവിതയും നൽകിയിരിക്കുന്നു. ദേശീയത എന്താണെന്ന് ടാഗോർ ഒറ്റവാക്യത്തിൽ എവിടെയും നിർവചിക്കുന്നില്ല. അദ്ദേഹത്തിന്റെ പ്രഭാഷണം അക്കാദമികമല്ല, വേരുകളുടെ പടർച്ചപോലെ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് കാവ്യാത്മകമായ നിരീക്ഷണങ്ങളും മുന്നറിയിപ്പുകളും കൊണ്ട് മുന്നേറുന്നതാണ്. അതിന്റെ കാതലായ ഭാഗം താരതമ്യങ്ങളാണ്; കിഴക്കും പടിഞ്ഞാറും തമ്മിൽ, യൂറോപ്പും അമേരിക്കയും തമ്മിൽ, യൂറോപ്പും ഏഷ്യയും തമ്മിൽ എന്നിങ്ങനെ. ഇന്ത്യയിലെ ജാതി വിവേചനത്തെപ്പറ്റി ചോദിക്കുന്ന അമേരിക്കൻ വിമർശകരുടെ വായടയ്ക്കാൻ, നിങ്ങൾ കറുത്തവർഗക്കാരോടും റെഡ് ഇന്ത്യാക്കാരോടും എന്താണ് ചെയ്തതെന്ന് അദ്ദേഹം തിരിച്ചു ചോദിക്കുന്നുണ്ട്. തദ്ദേശീയ ജനവിഭാഗത്തെ ഏതാണ്ട് ഉന്മൂലനം ചെയ്തുകൊണ്ടാണ് യൂറോപ്പ് സ്വന്തം പ്രശ്നങ്ങൾ പരിഹരിച്ചത് എന്ന് അതിന്റെ അധീശസ്വഭാവത്തെ ചൂണ്ടി വിമർശിക്കുന്നു. അതേസമയം മറ്റൊരിടത്ത്, മനസ്സിന്റെ സൂക്ഷ്മമായ ശീലങ്ങളും സമ്പ്രദായങ്ങളുമുള്ള നാടാണ് അതെന്നും അഭിപ്രായപ്പെടുന്നു. പരീക്ഷണങ്ങളിൽ താത്പര്യമുള്ള (യുവ) അമേരിക്കയുടെ മഹത്വത്തിന്റെ അടിസ്ഥാനം ഭൂതകാലമല്ല, ഭാവിയാണെന്ന് കണ്ടെത്തുന്നു. ദീർഘദൃഷ്ടിയുണ്ടെങ്കിൽ നാളത്തെ അമേരിക്കയെ സ്നേഹിക്കാതിരിക്കാൻ ആർക്കും സാധ്യമല്ലെന്ന് പ്രവചിക്കുന്നു. ജപ്പാനിൽ അദ്ദേഹം കാണുന്ന വലിയ ഗുണവും മാതൃകയും ആത്മവിശ്വാസമാണ്. ഇതെല്ലാം നിങ്ങൾ -ഞങ്ങൾ എന്നുള്ള വിഭജനത്തെ അബോധത്തിൽ സ്വീകരിച്ചുകൊണ്ടുള്ള മേന്മാവാദമല്ല, പകരം മനുഷ്യപ്രകൃതിയ്ക്ക് ഭൂമിശാസ്ത്രപരമായ വിഭജനങ്ങൾ ബാധകമല്ലെന്ന് (അതുവഴി പരസ്പര കുറ്റാരോപണങ്ങൾകൊണ്ടു കാര്യമില്ലെന്ന്) അന്യഥാ സ്ഥാപിക്കലാണ്. ഇന്ത്യയിലെ ദേശീയതയെപ്പറ്റി പറയുന്ന ഭാഗത്ത് അദ്ദേഹം അത് കൂടുതൽ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട് :
“ആത്മീയമായ ഐക്യത്തെ ദർശിക്കാനും സ്നേഹിക്കാനുമുള്ള ധാർമ്മികശക്തിയും അന്യരോട് ഏറ്റവും കുറഞ്ഞ അളവിൽ ശത്രുതാമനോഭാവവും മറ്റുള്ളവരുടെ സ്ഥാനത്തുനിന്ന് തന്നെത്തന്നെ നോക്കിക്കാണാനുള്ള അനുകമ്പാപൂർവമായ ഉൾക്കണ്ണുമുള്ളവരാണ് ഇനിയുള്ള കാലത്ത് ജീവിക്കാൻ ഏറ്റവും യോഗ്യരായ മനുഷ്യർ. അന്യരോട് അസഹിഷ്ണുതയും യുദ്ധം ചെയ്യാനുള്ള പ്രേരണയുമായി ജീവിക്കുന്നവർ നശിക്കുമെന്നുള്ള കാര്യത്തിൽ എനിക്ക് യാതൊരു സന്ദേഹവുമില്ല.”
ടാഗോർ എന്ന കവിയെ പ്രഭാഷകൻ പിന്നിൽ നിർത്തുകയാണെങ്കിലും ഉപമകളിലൂടെ സംസാരിക്കുക, കാര്യങ്ങൾ വ്യക്തമാക്കാൻ കൂടുതൽ സഹായകരമായിരിക്കുമെന്ന് അദ്ദേഹത്തിന്നറിയാം. “പല്ലും നഖവും, എവിടെയുമെത്തിപ്പിടിക്കാൻ കഴിവുള്ള ഇരുമ്പുകൈകളും, പൊള്ളയായ ശരീരവും ഹൃദയത്തിനു പകരം ആമാശയവുമുള്ള നിഷ്ഠുരതയായാണ്’ ദേശമെന്ന സങ്കല്പത്തെ ഒരിടത്ത് ടാഗോർ വരച്ചു കാണിക്കുന്നത്. മറ്റൊരിടത്ത് “ബോധം നശിപ്പിക്കാൻ മനുഷ്യൻ കണ്ടു പിടിച്ച ഏറ്റവും ശക്തമായ മരുന്നാണ് ഈ ദേശീയത.....” ( മാർക്സിന്റെ മതനിർവചനവുമായി അടുത്തുനിൽക്കുന്നത്?) എന്ന് വ്യക്തമാക്കുന്നുമുണ്ട്.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് ടാഗോർ മരിച്ചു. അതിന്റെ സാഹചര്യത്തിൽനിന്നുകൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയെ, അതിന്റെ സ്വഭാവത്തെ, രാഷ്ട്രീയവും സാമ്പത്തികവുമായ യൂണിറ്റ് എന്ന നിലയിൽ (‘ദേശരാഷ്ട്ര’മെന്ന സങ്കല്പത്തെ ടാഗോർ, ‘യാന്ത്രികമായ ഒരു ലക്ഷ്യത്തിനുവേണ്ടി സംഘടിക്കുന്ന ജനതയുടെ സ്വഭാവം ’ എന്നു നിർവചിക്കുന്നു) വിലയിരുത്താൻ, അദ്ദേഹത്തിന് അവസരം കിട്ടിയിട്ടില്ല. എന്നാൽ ദേശീയതയിലുറച്ച പ്രബോധനങ്ങൾകൊണ്ട്, സ്വതന്ത്ര ഇന്ത്യയിൽ വേരുകളാഴ്ത്തി പടരാൻ പോകുന്ന അപകടങ്ങളെക്കുറിച്ച്, അദ്ദേഹം ചിന്തിക്കാതെയോ അറിയാതെയോ ഇരുന്നിട്ടില്ല. മറ്റു പല കാര്യങ്ങളിലെന്നപോലെ ക്രാന്തദർശിത്വം അവിടെയും അദ്ദേഹത്തെ സഹായിക്കാനെത്തിയിരുന്നു എന്നതായിരിക്കും വാസ്തവം.
ദേശീയതയെന്ന ആധുനിക സങ്കല്പത്തെ വിശദമായി അപഗ്രഥിച്ചുകൊണ്ട് പുസ്തകത്തിന് സുനിൽ പി ഇളയിടം എഴുതിയ അവതാരിക, ടാഗോറിന്റെ വാക്കുകളെ, സമകാലികമായ രാഷ്ട്രീയപശ്ചാത്തലത്തിൽ കൂടുതൽ ആഴത്തിൽ ആലോചനയ്ക്കു വിഷയമാക്കാൻ ഒന്നാംതരം പ്രേരണയാവുന്നുണ്ട്. ദേശീയതയുടെ സങ്കുചിതമായ ഗൃഹഭിത്തികൾ മാനവികതയെ ഞെരിക്കുമ്പോൾതന്നെ സാമ്രാജ്യത്വത്തിനെതിരായുള്ള വിമോചനാദർശമായും ഇവിടെ അതിന് ഒരാവിഷ്കാരമുഖമുണ്ടെന്ന കാര്യം അവതാരികയിൽ സുനിൽ പി ഇളയിടം ചൂണ്ടിക്കാട്ടുന്നു.
എന്താണ് ദേശീയത? 1908 -ൽ നടത്തിയ ഒരു പ്രഭാഷണത്തിൽ അരബിന്ദോഘോഷ് ദേശീയതയെ ദൈവദത്തമായ മതമെന്ന് വിശേഷിപ്പിച്ചു, പിന്നീട് അത് സനാതനധർമ്മമായി മാറി. മതപരതയുടെ ചിഹ്നവ്യവസ്ഥയെ ആളുകളെ സംഘടിപ്പിക്കാൻ ഉപയോഗിച്ച ഗാന്ധിജി അതിന്റെ ഉള്ളടക്കത്തിലെ ഹൈന്ദവതയെ നിരോധിച്ചു എന്നാണ് ഇ വി രാമകൃഷ്ണൻ മറ്റൊരിടത്ത് (വിയോജിപ്പിന്റെ വാങ്മയങ്ങൾ) എഴുതുന്നത്. മതാത്മകമായ ബാഹ്യഘടന സ്വീകരിക്കുമ്പോഴും അതിന്റെ ആന്തരികതയിൽ മതേതരമായ ദേശീയതയെ ഗാന്ധിജി വിഭാവന ചെയ്തു എന്നർത്ഥം. മനുഷ്യനെ മുൻനിർത്തിയുള്ള ധാർമ്മികത എന്ന ഘടകത്തിനാണ് രാജ്യാതിർത്തികളേക്കാൾ ടാഗോർ പ്രാധാന്യം നൽകിയത്. ശാസ്ത്രത്തിന്റെ സൗകര്യങ്ങളിലൂടെ ഒരു രാജ്യമായിക്കൊണ്ടിരിക്കുന്ന ലോകത്തിൽ രാഷ്ട്രീയത്തിന്റേതല്ലാത്ത ഒരു ഐക്യം ആവശ്യമാണെന്നും അത് കണ്ടെത്തേണ്ട ബാധ്യത പാശ്ചാത്യലോകത്തിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മനുഷ്യരുടെ ചരിത്രം മാത്രമേ(നിലനിൽക്കുന്നതായി)ഉള്ളൂവെന്നും അതിലെ അദ്ധ്യായങ്ങൾ മാത്രമാണ്, എല്ലാ ദേശീയ ചരിത്രങ്ങളെന്നുമുള്ള കാര്യത്തിൽ ടാഗോറിന് സംശയം ഉണ്ടായിരുന്നില്ല.
ടാഗോറിന്റെ മുന്നിലുണ്ടായിരുന്ന വർത്തമാനകാലം നമുക്കിന്ന് 100 വർഷങ്ങൾക്കുമുൻപുള്ള ഭൂതകാലമാണ്. പക്ഷേ അത് പോയ്മറഞ്ഞ വിപത്തല്ല, വാക്കുകളുടെ ഒരുപചാരത്തിനും മെരുക്കാനാവാതെ, നിരന്തരം വലിപ്പം വച്ച് ഭീമാകാരമായി തീരുകയും വന്യമായി പല്ലുറുമുകയും ചെയ്യുന്ന വർത്തമാനമാണ്. ഏതു സമയത്തും തലയിൽ ചാടിവീഴാൻ കാത്തിരിക്കുന്ന ദാരുണമായ യാഥാർത്ഥ്യമാണ്.
അതെല്ലാം ശരിയായിരിക്കുമ്പോഴും നൂറുവർഷങ്ങൾക്കുശേഷം ടാഗോറിനെ വായിക്കുമ്പോൾ, ഇന്ത്യയെയും അതിന്റെ പാരമ്പര്യത്തെയും മുൻനിർത്തിയുള്ള ചില അനുഭാവങ്ങൾ ദേശീയതയെ അതിശക്തമായി എതിർക്കുമ്പോഴും ടാഗോറിൽ ഒരു ധാരയായി നിലനിൽക്കുന്നില്ലേ എന്ന സംശയം തോന്നിയേക്കാം. ഇന്ത്യയിലെ ജാതിവ്യവസ്ഥയെ താത്ത്വികമായി അവതരിപ്പിക്കുമ്പോൾ ഇത് വളരെ പ്രകടമാവുന്നുമുണ്ട്. സംഘർഷങ്ങളെ ഒഴിവാക്കിയും എല്ലാവർക്കും അവരവരുടെ അതിർത്തികൾക്കുള്ളിൽ പരമാവധി സ്വാതന്ത്ര്യം നൽകിയും വംശീയപ്രശ്നത്തെ പരിഹരിക്കാനുള്ള ഗൗരവമേറിയ ഉത്തരവാദിത്വമാണ് ജാതിവ്യവസ്ഥയുടെ സ്ഥാപനത്തിലൂടെ ഇന്ത്യ ഏറ്റെടുത്തതെന്നും ഇതു മനസിലാക്കാനുള്ള കഴിവ് പാശ്ചാത്യ നിരീക്ഷകർക്കില്ലെന്നും ഒരിടത്ത് അദ്ദേഹം പറയുന്നു. മറ്റൊരിടത്ത്, ഇന്ത്യ വംശങ്ങളുടെ വിഭിന്നതകളെ സഹിഷ്ണുതയോടെ അംഗീകരിച്ചിട്ടുണ്ടെന്നും സഹിഷ്ണുതയുടെ ആ അന്തഃസത്ത ഇന്ത്യയുടെ ചരിത്രത്തിലുടനീളം പ്രതിഫലിക്കുന്നുണ്ടെന്നും പറയുന്നു. ഈ അന്തഃസത്തയുടെ പ്രതിഫലനമാണ് ടാഗോറിനു ഇവിടുള്ള ജാതിവ്യവസ്ഥ. മാനവികതയെയും ധാർമ്മികതയെയും രാഷ്ട്രീയാതിർത്തികൾക്കുപരിയായി ഉയർത്തിപ്പിടിക്കുമ്പോഴും ജാതിയുടെ നെറിയില്ലായ്മയെ ടാഗോർ മറ്റൊരു കണ്ണിലൂടെയാണ് കാണുന്നതെന്നുള്ളത് ചർച്ച ചെയ്യേണ്ട വിഷയമാണ്. ‘സാഹോദര്യത്തെ വക്രീകരിക്കുന്ന സ്വാർത്ഥതയെ’ അദ്ദേഹം പുറത്ത് അന്വേഷിച്ചതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയുടെ ശ്രേണീവത്കൃതമായ സമൂഹഘടനയിലെ ( വർണ്ണാശ്രമത്തിനു പുറത്തും അതീവ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്ന ജാതിസങ്കല്പങ്ങളിലെ) വൈരുദ്ധ്യം പ്രസക്തമായി അദ്ദേഹത്തിനു തോന്നാതിരുന്നത്. അല്ലെങ്കിൽ ദേശരാഷ്ട്രം എന്ന വലിയ തിന്മയുടെ മുന്നിൽ താഴേത്തട്ടിലുള്ള അസമത്വപ്രശ്നങ്ങൾ അതിനേക്കാൾ വലിയ അസമത്വവ്യവസ്ഥയുടെ ഭാഗമായി കണ്ടതുകൊണ്ടുമാവാം.
“ഇരുണ്ട രാഷ്ട്രാധികാരത്തിന്റെ മുരൾച്ച ലോകമെമ്പാടുനിന്നും വീണ്ടും കേട്ടു തുടങ്ങുന്ന ഈ അവസരത്തിൽ ഹതാശമായി ചെവിയോർക്കാൻ ആവശ്യപ്പെടുന്നതാണ്” ടാഗോറിന്റെ വാക്കുകളെന്ന സുനിൽ പി ഇളയിടം അവതാരികയിൽ എഴുതുന്നു. ശരിയാണ്. ദേശീയതയെപ്പറ്റിയുള്ള ടാഗോറിന്റെ വാക്കുകൾ ഇപ്പോൾ നമ്മുടെ മുന്നിലെത്തുന്നത് രാജീവ് ചേലനാട്ട് തയ്യാറാക്കിയ പരിഭാഷയിലൂടെയാണ്. കവിതയുടെയോ കഥയുടെയോ വിവർത്തനങ്ങൾപോലെ ഇത് സ്വാഭാവികമായ പ്രക്രിയയല്ല, സോദ്ദേശ്യകമായ രാഷ്ട്രീയപ്രവർത്തനമാണ്. അനുഭൂതിപരമെന്നതിനേക്കാൾ അതിന്റെ പ്രസക്തി, ധൈഷണികവും ചരിത്രപരവുമാണ്. വർത്തമാനകാലംകൂടി ചേർന്നല്ലാതെ പൂർത്തിയാവാത്ത ഒരു ആശയമേഖലയാണ് ടാഗോറിന്റെ ‘ദേശീയത’യ്ക്ക് ഇപ്പോഴുള്ളത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, ഈ പുസ്തകം വിവർത്തനം ചെയ്യുന്നതിലൂടെ, നൂറുവർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലെ ചിന്തിക്കുന്ന മനസ്സുകൾ ഉച്ചാടനം ചെയ്യാൻ ആഗ്രഹിച്ച ഭൂതങ്ങൾ, ഒഴിഞ്ഞുപോയിട്ടില്ലെന്ന വാസ്തവത്തെ മുന്നിൽ വയ്ക്കുകയാണ് രാജീവ് ചെയ്യുന്നത്. അതുകൊണ്ട് ഭൂതവും വർത്തമാനവുമായ കാലങ്ങൾ ചേർന്നെഴുതിയ പുസ്തകമാണ് ഇപ്പോൾ നമ്മുടെ മുന്നിലുള്ളതെന്നും പറയാം. വിവർത്തനത്തെ എന്നപോലെ വായനയെയും ഇക്കാര്യം വിശേഷമായ ഒരു രാഷ്ട്രീയപ്രസ്താവനയാക്കിമാറ്റുന്നു. ഇതിനു മുൻപ് രാജീവ് നടത്തിയ രണ്ടു പരിഭാഷകളും - സയിദ് നഖ്വിയുടെ ‘ഇന്ത്യയിലെ മുസ്ലീം ജീവിതവും’, ടീസ്ത സെതൽവാദിന്റെ ‘സംശയാതീതവും’ - സാംസ്കാരികപ്രവർത്തനം എന്ന നിലയ്ക്കല്ല, രാഷ്ട്രീയ ഇടപെടലെന്ന നിലയ്ക്കാണ് പുസ്തകരൂപത്തിൽ നമുക്കു മുന്നിലെത്തിയതെന്ന് ഈ അവസരത്തിൽ ഓർക്കുന്നത് നന്നായിരിക്കും.
February 2, 2021
ആത്മകഥകൾ
ചിത്രം : വെള്ളിയാങ്കല്ല് page
രണ്ട് ആത്മകഥകളിലും കവിതകൾക്ക് പ്രാധാന്യമുണ്ട്. പഠിതാക്കളുടെ പ്രധാന ജ്ഞാനപ്രകാശനമാർഗമായിരുന്നു അത്. അതുപോലെ തിരുവിതാംകൂർ സ്മരണകളിൽ സി വി രാമൻ പിള്ളയും ഉള്ളൂരിനെയും കോയിത്തമ്പുരാനെയുമൊക്കെ നേരിൽ കാണാവുന്നതുപോലെ തലശ്ശേരി സ്മരണകളിൽ ചന്തുമേനോനെയും വേങ്ങയിൽ കുഞ്ഞിരാമൻ നയനാരെയും കാണാം.
പക്ഷേ കാവ്യനീതിപോലെ ഈ രണ്ടു ആത്മകഥകളും കേരളത്തിന്റെ രണ്ടറ്റത്തുള്ള ‘ഒരു ജാതിവിഭാഗം’ ആൾക്കാരുടെ ജീവിതത്തെ കുറിക്കുകകൂടി ചെയ്യുന്നതാണ് കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ നായർ സമുദായത്തിന്റെ ജീവിതത്തെ. (മൊയാരത്തിന്റെ പുസ്തകത്തിൽ നമ്പ്യാർമാരും മേനോൻമാരുമായി മാറുന്നുണ്ടെങ്കിലും ഫലത്തിൽ ഇടനില വർഗമായിട്ടാണ് നായർജാതി വരുന്നത്) അവർക്ക് ഇതരസമുദായവുമായുള്ള ബന്ധത്തിന്റെയും രസക്കേടുകളുടെയും ജീവിതാനുഭവങ്ങളാണ് ഈ പുസ്തകങ്ങൾ പറയുന്നത്. തിരുവിതാം കൂറിലെ പ്രതിപക്ഷം തമിഴ് ബ്രാഹ്മണരായിരുന്നെങ്കിൽ, മലബാറിൽ ഈഴവരാണ്. തിരുവിതാംകൂറിലെ ബ്രാഹ്മണമേധാവിത്വത്തിന്റെ സ്വഭാവമല്ല മലബാറിലെ ഈഴവ പ്രാമാണിത്തത്തിനുള്ളത്. ആദ്യത്തേത് അധീശത്വത്തിന്റേതാണെങ്കിൽ, രണ്ടാമത്തേത് പ്രതിരോധത്തിന്റേതായിരുന്നു. മൊയാരത്തിൽ കൂടുതൽ ജാതിവിഭാഗങ്ങളുമായുള്ള ഇടപഴകൽ വ്യക്തമാണ്. മുസ്ലീം ഹിന്ദു മൈത്രിയെ അദ്ദേഹം പലയിടത്തും ആഘോഷിക്കുന്നുണ്ട്. ഒരു പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയബോധംകൊണ്ടാവാം. എന്നാൽ ഈ വിയിൽ അടഞ്ഞ ഇടപഴകൽ സമൂഹമാണുള്ളതെന്നും കാണാം. തിരുതാംകൂറിലെ ക്രൈസ്തവരെപ്പറ്റി അത്ര നല്ല അഭിപ്രായമല്ല പൊതുവേയുള്ളത്, അവരിൽ ചിലർ ഈ വിയുടെ കൂട്ടുകാരായിരുന്നുവെങ്കിലും.
അരുവിപ്പുറത്ത് നാരായണഗുരു പ്രതിഷ്ഠിച്ചത്, ഈഴവശിവനെയായിരുന്നു എന്നു പറഞ്ഞിട്ടില്ലെന്ന് ഒരു വാദമുണ്ട്. തലശ്ശേരിയിൽ മണന്തല നീലകണ്ഠൻ മൂസ്സതുമായി നടത്തിയ വാദപ്രതിവാദത്തിൽ “ശരി ശാസ്ത്രങ്ങളെല്ലാം സമ്മതിക്കാം, പക്ഷേ നാം ഒരു ഈഴവശ്ശിവനെ- തീയ്യശ്ശിവനെ-യാണല്ലൊ പ്രതിഷ്ഠിക്കുന്നത്. അതു പാടില്ലെന്ന് ഈ ശാസ്ത്രങ്ങളിലെങ്ങാൻ പണ്ഡിതന്മാർ കണ്ടുവോ?” എന്നു ചോദിച്ചു മൂസ്സതിന്റെ വായടച്ചതിന്റെ ഒരു വിവരണമുണ്ട് പുസ്തകത്തിൽ. അതു കേട്ടുകൊണ്ടിരുന്ന വിദ്യാർത്ഥികളായ ഞങ്ങൾ പൊട്ടിച്ചിരിച്ചെന്നും സ്വാമികൾ കൈകൊണ്ട് ഞങ്ങളെ വിലക്കിയെന്നും മൊയാരത്ത് എഴുതുന്നു. നാരായണഗുരുവിനെപ്പറ്റി പ്രദീപൻ പാമ്പിരിക്കുന്ന് എഡിറ്റു ചെയ്ത പുസ്തകത്തിലെ (നാരായണ ഗുരു പുനർവായനകൾ) ഒരു ലേഖനത്തിൽ ഡോ. കെ എം അനിൽ ‘ഈഴവശിവപ്രതിഷ്ഠ തലശ്ശേരിയിൽ ചെയ്ത കാര്യമാണ് ഗുരു പറയുന്നതെന്നും ഈ സംഭാഷണമാണ് അരുവിപ്പുറത്തെ പ്രതിഷ്ഠയുമായി കൂടിക്കുഴഞ്ഞ് പ്രചരിച്ചതെന്നുമുള്ള’ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു പ്രധാനകാര്യം, മിതവാദി കൃഷ്ണനെയും മൂർക്കോത്ത് കുമാരനെയും കോൺഗ്രസ്സിന്റെ എതിർ ചേരിയിൽ നിന്നവരായിരുന്നു എന്ന് വിവരിച്ചുദാഹരിക്കുന്നതാണ്. കോൺഗ്രസ്സിന്റെ നിസ്സഹകരണപ്രസ്ഥാനത്തെ (സഹകരണത്യാഗം എന്നാണ് പുസ്തകത്തിൽ) എതിർക്കുന്നതിനു മാത്രമായിരുന്നത്രേ അന്ന് മിതവാദി പത്രം ഇറങ്ങിയിരുന്നത്. ആദ്യകാലകഥാകൃത്തും സാമൂഹികപരിഷ്കർത്താവുമായിരുന്ന മൂർക്കോത്ത് കുമാരൻ ഗജകേസരി പത്രത്തിന്റെ പത്രാധിപരുമായിരുന്നു. (കേരളകേസരിയെന്ന മൊയാരത്തിന്റെ പത്രത്തിന്റെ നേരെ എതിരായിരുന്നു ഈ ഗജകേസരി. ) ആശാനുശേഷമുള്ള - രണ്ടാമത്തെ - SNDP സെക്രട്ടറിയും. വടകര പാറമേൽ സ്കൂളിൽ വച്ച് കൂടിയ തിയ്യസമുദായ യോഗത്തിൽ മൂർക്കോത്ത്, കോൺഗ്രസ്സിനെ കഠിനമായി ആക്ഷേപിച്ചതിന്റെ ഫലമായി ആളുകൾ മൊയാരത്ത് പോകുമ്പോൾ ‘കിലാപ്പത്ത്, കിലാപ്പത്ത്‘ എന്നു വിളിച്ച് കളിയാക്കിയ കാര്യം ഇതിൽ പറയുന്നുണ്ട്. കാരണം മൂർക്കോത്ത് കുമാരന്റെ പ്രസംഗമാണ്.
“കോൺഗ്രസ്സ് നമ്മളെ തൊട്ടാൽ കുളിക്കുന്നവരുടെ സംഘടനയാണ്. അധികാരം കിട്ടിയാൽ നാടിനെ ഭരിക്കുന്നത് ഉയർന്ന ജാതിക്കാരായിരിക്കും. അപ്പോൾ തീയനെ ചെരിപ്പിട്ട് നടക്കാനോ പട്ടുക്കുട ചൂടാനോ എഴുത്തു പഠിപ്പിക്കാനോ അനുവദിക്കില്ല. നമ്മളെ നന്നാക്കിയതു ബ്രിട്ടീഷുകാരാണ്. നമുക്ക് ഒരൊറ്റ വ്യാപാരമാണുള്ളത്. കള്ളുണ്ടാക്കി വിൽക്കുക. അതിനു കോൺഗ്രസ് എതിരാണ്. കള്ളുഷാപ്പു നടത്തി പലരും പൈസ സമ്പാദിച്ചു കാണുന്നതിലുള്ള കണ്ണുകടിയാണിത്. ഇന്ത്യയിൽ അധഃകൃതരുടെ ഏകബന്ധുവായ ബ്രിട്ടീഷുഭരണത്തെ അവസാനിപ്പിക്കുവാൻ ശ്രമിക്കുന്ന കോൺഗ്രസ്സിനെ എതിർക്കുന്നത് നമ്മുടെ കടമയാണ്..” - ഇതാണ് പ്രസംഗത്തിന്റെ ചുരുക്കം. മാത്രമല്ല നിസ്സഹകരണപ്രസ്ഥാനത്തെ പൊളിക്കാനുള്ള പ്രചാരണത്തിന് കളക്ടർ കുറേ പ്രാസംഗികരെ രഹസ്യമായി പണം കൊടുത്ത് നിയമിച്ചിരുന്നു. അതിലൊരാളാണ് മൂർക്കോത്ത്, അതയാളുടെ സമുദായക്കാർ അറിഞ്ഞില്ലായിരിക്കാം എന്നും മൊയാരത്ത് പറയുന്നു.
മറ്റൊരു വിവരം വിദ്യാഭ്യാസത്തെ സംബന്ധിക്കുന്നതാണ്, നാലിലും അഞ്ചിലും പഠിക്കുന്ന കുട്ടികൾ പാനൂർ സ്കൂളിൽ വച്ച് ഒരു കോടതി നടത്തിയത്രേ. വാദപ്രതിവാദസഭയാണ് ഈ കോടതി. മൂന്നുമാസം തുടർച്ചയായി അതു നടന്നപ്പോൾ വിവരം കിട്ടിയ മാസ്റ്റർമാർ ഒരാഴ്ചയോളം പഠിപ്പു നിർത്തുകയും വിസ്തരിച്ചു തെളിവെടുക്കുകയും പങ്കെടുത്തവർക്ക് വിഹിതം പോലെ 8 മുതൽ 12 അടിവരെ വിധിക്കുകയും ചെയ്തു. വിപ്ലവകരമായ ദുസ്സ്വാതന്ത്ര്യമായിട്ടാണ് ഇതിനെ അവർ കണക്കാക്കിയത്. അതോടെ സ്കൂളിലെ ആര്യബാലകസമാജവും നിർത്തൽ ചെയ്തുവെന്ന്..
നാലും അഞ്ചും ക്ലാസിൽ പഠിക്കുന്ന കുട്ടികൾ തർക്കസഭസ്വന്തം നിലക്ക് നടത്തുക അതുകണ്ട് അദ്ധ്യാപകർ ഭയപ്പെടുക. നിരോധനവും അടിയും സസ്പെൻഷനും നടത്തുക. എന്തായിരുന്നു ആ കാലം.. അദ്ധ്യാപകരുടെ പേടിയെപ്പറ്റിയല്ല, പൊടിപിള്ളാരുടെ തർക്കസഭയെപ്പറ്റിയാണ്. എവിടെ പോയി ആ സ്കൂൾ കുട്ടികൾ?
June 4, 2020
കേരളത്തിലെ നികുതിഭാരവും പാവപ്പെട്ടവരും
ആർക്കു വായിച്ചാലും മനസ്സിലാവുന്ന ചില സാമ്പത്തിക കാര്യങ്ങൾ, ഭാവികേരളത്തിന്റെ ഭദ്രതയെ ലാക്കാക്കി, ഗുലാത്തി ഇൻസ്റ്റിട്ട്യൂട്ടിലെ മുൻ ഫാക്കൽറ്റി അംഗമായ ഡോ. ജോസ് സബാസ്റ്റ്യൻ ഇത്തവണത്തെ മാധ്യമം ആഴ്ചപ്പതിപ്പിൽ (23:1161) വിശദീകരിച്ചിട്ടുണ്ട്. മാണിയും ഐസക്കും കേരളത്തെ തകർത്തു എന്നാണ് ശീർഷകമെങ്കിലും പൊതുവേ അത് ഡോ തോമസ് ഐസക്കിന്റെ സാമ്പത്തികകാര്യ നിലപാടിനോടുള്ള അഭിപ്രായഭിന്നതയാണ്. പൊതുവിഭവസമാഹരണത്തിൽ കേരളം പരാജയപ്പെട്ടെന്നും ജി എസ് ടിയെ സംബന്ധിച്ചുള്ള പല പ്രവചനങ്ങളും കേരളത്തെ സംബന്ധിച്ച് പാഴായിയെന്നും പഠന റിപ്പോർട്ടുകൾ തെറ്റായ നിഗമനങ്ങളിൽ അഭിരമിച്ചുകൊണ്ട് ഉപദേശിച്ച് കേരളത്തിനെ കടക്കെണിയിൽ അകപ്പെടുത്തുകയാണ് ചെയ്തതെന്നും ജോസ് സെബാസ്റ്റ്യൻ വാദിക്കുന്നു. കൺസൾട്ടൻസികളിൽ കോടിക്കണക്കിനു രൂപ ആ വഴി സ്വന്തമാക്കി കൊണ്ടുപോയ മുഖ്യ പ്രതിസ്ഥാനത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാസ് & പോളിസി എന്ന സ്ഥാപനവുമുണ്ട്. കേരളാ വികസനമോഡൽ ‘വലിയ വികസനമാതൃകയാണെന്ന്’ കോറസ്സായി പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ പരാജയങ്ങൾ ആരും ശ്രദ്ധിക്കുന്നില്ലെന്നും അടിമുടി പൊളിച്ചെഴുതാതെ കേരളത്തിനു മുന്നോട്ടു പോകാൻ പറ്റില്ലെന്നുമാണ് അദ്ദേഹം വാദിക്കുന്നത്.
കേരളത്തിലെ നികുതിഭാരം ഏറ്റവുമധികം പരിക്കേൽപ്പിക്കുന്നത് താഴെക്കിടയിലുള്ള ആളുകളെയാണെന്ന് അധികം ആരും വീണ്ടു വിചാരം നടത്താത്ത കാര്യമാണ് എന്നതാണ് അതിൽ ശ്രദ്ധേയമായ ഒരു നിരീക്ഷണം. പെട്രോൾ, മദ്യം, ലോട്ടറി, മോട്ടോർ വാഹനം ഈ നാല് ഇനങ്ങളിലൂടെ (മാത്രം) യാണ് കേരളത്തിലെ വിഭവസമാഹരണം നടക്കുന്നത്. 1960 കളിൽ 25% ആയിരുന്ന മദ്യത്തിന്റെ നികുതി ഇപ്പോൾ 210% ആയി, രാവിലെ 5 ലിറ്റർ പെട്രോൾ അടിച്ച് (30% നികുതി) ജോലിക്കായി ഇറങ്ങുന്ന ഒരു ഓട്ടോ റിക്ഷാഡ്രൈവർ വൈകുന്നേരം കള്ളു കുടിക്കുന്ന ആളുകൂടിയാണെങ്കിൽ ( 150 രൂപയുടെ മദ്യത്തിനു നികുതി 100 രൂപ) നിത്യേന അയാളിൽ നിന്ന് സർക്കാരിലേക്ക് ചെല്ലുന്ന നികുതി 5 വീട് വച്ച് വാടകയ്ക്ക് കൊടുത്തിരിക്കുന്ന മനുഷ്യനേക്കാൾ എത്രയിരട്ടിയാണെന്നുള്ള ലളിതമായ യുക്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക ബാധ്യതയെ ഒഴിവാക്കാൻ അയാൾക്കുള്ള ഏക മാർഗം ലോട്ടറിയാണ് എന്നു വിചാരിക്കുക കൂടി ചെയ്യുന്ന മനുഷ്യന്റെ ചുമൽ, അതുവഴിയും കുനിയുകയാണ് പിന്നെയും. കൂലിപ്പണിക്കാരാണ് സർക്കാരിന്റെ ഖജനാവ് നിറയ്ക്കുന്നവർ എന്നാണതിന്റെ മിനിമം അർത്ഥം.
പൊതുവിഭവസമാഹരണത്തിന് ഏതു പുതിയ നിർദ്ദേശം വച്ചാലും എതിർക്കുന്ന പ്രതിപക്ഷത്തിന്റെ സംതൃപ്തിയാണ് മദ്യവർദ്ധന ലോട്ടറി എന്നിവയിലൂടെ നഷ്ടം നികത്താൻ സർക്കാരിനെനിർബന്ധതിതമാക്കി തീർക്കുന്നത് എന്നും പറയുന്നുണ്ട്. ചരക്കിനെ അടിസ്ഥാനമാക്കിയുള്ള റവന്യൂ പിരിവിന്റെ ഡേറ്റ ഇനം തിരിച്ച് കണക്കാക്കുന്ന പരിപാടി 1980 നു ശേഷം സെയിസ് ടാക്സ് വകുപ്പ് അവസാനിപ്പിച്ചത്രേ. മാണി 1983 ൽ രാജിവച്ചു പോയ സാഹചര്യത്തിലാണിത്. മാണി ചെയ്ത ഏറ്റവും വലിയ ദ്രോഹം എന്നാണിതിനെ ജോസ് സെബാസ്റ്റ്യൻ വിശേഷിപ്പിക്കുന്നത്. ഇടതുപക്ഷം വന്നിട്ടും ശാസ്ത്രീയമായ കണക്കെടുപ്പില്ല. അങ്ങനെ ആ ഭാഗം നശിപ്പിച്ചു അടുക്കിയിരിക്കുകയാണെന്ന് പറയുന്നു. കേരളം വ്യവസായ സൗഹൃദമല്ലാത്തതിന്റെ പ്രശ്നങ്ങളെയും ചൂണ്ടിയിട്ടുണ്ട്. ചെറുകിടവ്യവസായികൾക്ക് താങ്ങാൻ പറ്റുന്നതല്ല ഈ രംഗത്തെ രാഷ്ട്രീയ ഇടപെടലുകൾ ഇപ്പോഴും. അസംസ്കൃതവസ്തുവിനു മുതൽമുടക്കു മാറ്റിവയ്ക്കുന്നതുപോലെയൊരു വിഹിതം കയറ്റിറക്കു തൊഴിലാളികൾക്കും മാറ്റിവയ്ക്കണം, അവരുടെ ബോണസ്സിനുൾപ്പടെ..
1970 കൾക്കുശേഷം ബോധപൂർവം അല്ലെങ്കിൽ കൂടി നികുതിഭാരം മധ്യവർഗത്തിൽനിന്നും സമ്പന്നവർഗങ്ങൾക്കുമേൽ പതിക്കുന്നതിനേക്കാൾ പുറമ്പോക്കുകാരുടെയും പാവപ്പെട്ടവരുടെയും ചുമലിലായതെങ്ങനെയെന്നത് അധികം ആരും ആലോചിക്കാത്ത വിഷയമാണ്. 9- 10 മണിക്കൂർ പഠിപ്പിക്കുന അദ്ധ്യാപകർക്ക് ഒന്നരലക്ഷം രൂപവരെ ശമ്പളം നൽകുന്നതുപോലെയുള്ള പരിപാടിയെ അദ്ദേഹം എതിർക്കുന്നുണ്ട്. വരുമാനത്തിന് ആനുപാതികമായല്ലാതെ സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകുന്നതും വർദ്ധിപ്പിക്കുന്നതിനെയും. അതേസമയം വൃദ്ധരായ എല്ലാവർക്കും ജീവിക്കുന്നതിനാവശ്യമായ മാന്യമായ പെൻഷൻ നൽകേണ്ടതിനെ പിന്താങ്ങുകയും ചെയ്യുന്നു.
വാദഗതിയിലെ ശരിതെറ്റുകൾ സാമ്പത്തികശാസ്ത്രം അറിയാവുന്നവർ ഇനി വിശദീകരിക്കുമായിരിക്കും. ഡോ. ഐസക് തന്നെ വിശദീകരിച്ചു കൂടായ്കയുമില്ല. അതിന് അടുത്ത ലക്കം വരെ കാത്തിരിക്കാം. എങ്കിലും ഒറ്റവായനയിൽ തന്നെ ശരിയാണല്ലോ എന്നു തോന്നിക്കുന്ന നിരീക്ഷണങ്ങളുടെയും ബദൽനിർദ്ദേശങ്ങളുടെയും തെളിച്ചം ഡോ. ജോസ് സെബാസ്റ്റ്യന്റെ വാക്കുകളിലുണ്ട്, പക്ഷപാത രാഷ്ട്രീയത്തിന്റെ ആലഭാരങ്ങളുമില്ല.
മാധ്യമം ആഴ്ചപ്പതിപ്പ് 1162
May 27, 2020
രോഗം നയസമീപനങ്ങളുടേതുകൂടിയാണ്.
തീവ്രമുതലാളിത്ത സാമ്പത്തിക നയങ്ങളാണ് കോവിഡ് 19 ഉടലെടുക്കാനും ഇതുപോലെ (ഭീഷണമായി) വ്യാപിക്കാനും ഇടയാക്കിയത് എന്നു പറഞ്ഞുകൊണ്ട് കോവിഡിനെതിരായിട്ടുള്ള യുദ്ധം, അതുമാത്രമായി പരിമിതപ്പെട്ടു നിൽക്കാതെ, തീവ്രമുതലാളിത്ത സാമ്പത്തിക നയങ്ങൾക്കും എതിരായുള്ള ഒരു യുദ്ധമാക്കി, ആ യുദ്ധത്തിൽ അണിചേരാൻ പറ്റുന്നവരെ മുഴുവൻ അണിനിരത്തി മഹാമുന്നണി രൂപപ്പെടുത്താനുള്ള സന്ദർഭമാക്കി നമ്മൾ ഉപയോഗപ്പെടുത്തണം എന്ന് ഒരു ചോദ്യത്തിനുത്തരമായി എം എ ബേബി പറഞ്ഞ കാര്യം തമാശയായി പ്രചരിക്കുന്നതു കുറച്ചുദിവസം മുൻപ് കണ്ടിരുന്നു. രമേശ് ചെന്നിത്തലയുടെ ഒരേ സമയമുള്ള രണ്ടു പുസ്തകം വായന തമാശയാക്കിയതുപോലെ ‘തീവ്രമുതലാളിത്തം നിർമ്മിച്ച കോവിഡ് 19 വൈറസും’ ആളുകൾക്ക് ചിരിക്കാനുള്ള ഉപാധിയായി തീരുന്നു. വിവിധരാഷ്ട്രീയ കക്ഷി നേതാക്കളെപ്പറ്റി നേരത്തെ സ്വരൂപിച്ചു പൊതുബോധത്തിൽ സൂക്ഷിച്ചിട്ടുള്ള ധാരണകൾ പതിവു കളി കളിക്കുന്നു എന്നല്ലാതെ (കോൺഗ്രസുകാർ പുസ്തകം വായിക്കുമോ? കമ്യൂണിസ്റ്റുകാർക്ക് മുതലാളിത്തം പിന്നിൽ നിന്ന് ഇളിക്കാത്ത ദുരന്തങ്ങളേതെങ്കിലുമുണ്ടോ?) ഈ രണ്ടു കാര്യത്തിലും പരിഹാസത്തിനു പറഞ്ഞതുപോലെയുള്ള സ്കോപ്പൊന്നും ഇല്ല. വായനക്കാർക്കറിയാം. പലപ്പോഴും രണ്ടു വ്യത്യസ്തപുസ്തകങ്ങൾ വായിക്കുനന്ത് വായനയിലെ ഏകതാനത/ വിരസതമാറ്റാനുള്ള ഉപാധിയാണ്. ഗൗരവമായിട്ടാല്ലാതെയുള്ള വായനയിൽ രണ്ടും മൂന്നും പുസ്തകങ്ങൾ സമാന്തരമായി നീങ്ങും. രമേശ് ചെന്നിത്തലയുടെ പ്രസംഗങ്ങളിലോ വാക്കുകളിലോ ഒന്നും പുസ്തകവായനയുടെ ലാഞ്ഛന കാണാനില്ലെന്നത് ശരിയാണ്. എന്നുവച്ച് രമേശ് ചെന്നിത്തല പുസ്തകം വായിക്കാറില്ലെന്നോ ഒരേ സമയം സമാന്തരമായി രണ്ടു പുസ്തകങ്ങൾ വായിക്കുന്നു എന്നു പറഞ്ഞത് അസംബന്ധമാണെന്നോ അർത്ഥമില്ല. അത് ഒരു തമാശയും അല്ല.
എം എ ബേബി പ്രത്യയശാസ്ത്രപരമായിട്ടാണ് കൊറോണരോഗത്തെ സമീപിച്ചത്. രോഗം ജീവശാസ്ത്രപരമായ കാര്യമായിരിക്കേ, അതിനെ സാമൂഹികവിശകലനത്തിനും അതുവഴി വർഗവൈരുദ്ധ്യത്തിന്റെ പ്രസക്തിയെ ചൂണ്ടിക്കാണിക്കാനുമുള്ള ഉപാധിയാക്കിയതാണ് ആളുകൾക്കിഷ്ടപ്പെടാതെപോയത്. കോവിഡിനെതിരെയുള്ള യുദ്ധത്തിന് രണ്ടു മുഖങ്ങളുണ്ടെന്നാണ് അദ്ദേഹം ഹ്രസ്വമായി പറഞ്ഞുവച്ചത്. ഒന്ന്, മനുഷ്യരുടെ ഐക്യപ്പെടലിന്റെയാണ്. കോവിഡിനടിപ്പെടുന്ന ഓരോ മനുഷ്യജീവനെയും രക്ഷപ്പെടുത്താനുള്ള സന്നദ്ധപ്രവർത്തനങ്ങളിലൂടെ ആളുകൾ അതാണ് ചെയ്യുന്നത്. പക്ഷേ അത് താത്കാലികമാണ്. രണ്ടാമത്തേത് ദീർഘകാലാടിസ്ഥാനത്തിലുള്ളതാണ്. കോവിഡിന്റെ (അതുപോലെയുള്ള ഇനിയും ഭാവിയിൽ ഉടലെടുക്കുകയോ രൂപപരിവർത്തനവും വരികയോ ഒക്കെ ചെയ്ത് വ്യാപിക്കുന്ന നാശകാരികളായ സൂക്ഷ്മജീവികളുടെ) വ്യാപനത്തെയും ഫലപ്രദമായ ചെറുത്തുനിൽപ്പിനെയും അവയുടെ നശീകരണത്തെയും അസാധ്യമാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിൽ തീവ്രമുതലാളിത്തത്തിന്റെ സാമ്പത്തിക നയങ്ങൾ കാരണമാവുന്നുണ്ട്. അതിനെതിരെ ആശയപരമായ യുദ്ധത്തിലും നാം ഒപ്പം ഏർപ്പെടണം എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ പൊരുൾ. ഉദാഹരണമായി ഒന്നാം ലോകയുദ്ധത്തെ ആഭ്യന്തരയുദ്ധമാക്കി മാറ്റണം എന്ന് ലെനിൻ ആഹ്വാനം ചെയ്ത് അതു വിജയിപ്പിച്ച കാര്യം എടുത്തു പറഞ്ഞത്. 1918 ൽ ലെനിൻ, റഷ്യയിലെ യുവാക്കളുടെ പ്രതിരോധശേഷി മുതലാളിത്തരാജ്യങ്ങൾക്ക് അവരുടെ അഹങ്കാര സംരക്ഷണത്തിന് കിടങ്ങുകളിൽ പാഴാക്കാനുള്ളതല്ലെന്നു പറഞ്ഞത്, ആ ശക്തി അപ്പോൾ അവിടെ ബോൾഷെവിക് വിപ്ലവത്തിനാവശ്യമാണെന്നതുകൊണ്ടാണ്. സ്വാതന്ത്ര്യസമരകാലത്ത് ആർ എസ് എസ് നേതാവ് ഗോൾവാർക്കറും ഇന്ത്യൻ യുവചൈതന്യം വിദേശശക്തികൾക്കുവേണ്ടി പാഴാക്കാനുള്ളതല്ലെന്നും ഇന്ത്യയുടെ ആഭ്യന്തരശത്രുക്കളെ നേരിടാനായി കരുതി വയ്ക്കാനുള്ളതാണെന്നും ആഹ്വാനം ചെയ്തിരുന്നു.
അതെന്തായാലും ചൈനയിൽനിന്ന് പരന്നതെന്ന് ഏതാണ്ട് എല്ലാവർക്കും ബോധ്യമായിട്ടുള്ള കൊറോണ വൈറസിന്റെ സംഹാരകത്വത്തിൽ തീവ്രമുതലാളിത്തം ‘പ്രതിക്രിയാവാതകം‘ പോലെ കേറിവന്നതെങ്ങനെ എന്നറിയാതെയാണ് ആളുകൾ ചിരിച്ചത്. ഇന്നത്തെ (6/5/2020) മാതൃഭൂമിയിൽ ആ കാര്യത്തിന് വ്യക്തത നൽകിക്കൊണ്ട്, ‘മഹാമാരിയെ തടയുക മുതലാളിത്തത്തിനു സാധ്യമല്ല’ എന്ന ലേഖനം എം എ ബേബി എഴുതിയിട്ടുണ്ട്. അതിൽ തീവ്രമുതലാളിത്തത്തിന്റെ പങ്കിനെ കുറിച്ചുള്ള പരാമർശം ചോംസ്കിയുടെ ‘ലേബർ നോട്സ്’ അഭിമുഖത്തിൽനിന്നെടുത്തതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സാർസിനു ശേഷം അതിനേക്കാൾ മാരകമായ വൈറസിന്റെ ആവിർഭാവത്തെ ശാസ്ത്രജ്ഞന്മാർ മുൻകൂട്ടി കണ്ടെങ്കിലും നാളത്തെ ലാഭത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുക എന്ന മുതലാളിത്ത യുക്തിയിൽ പ്രവർത്തിക്കുന്ന ഔഷധക്കമ്പനികൾക്ക് അത് വരാൻ പോകുന്ന അപകടം പ്രധാനപ്പെട്ട കാര്യമായി തോന്നില്ല. റൊണാൾഡ് റീഗനുശേഷമുള്ള അമേരിക്ക (തീവ്രമുതലാളിത്തത്തിലേക്കു കൂപ്പുകുത്തിയ അമേരിക്ക) അത്തരം മനുഷ്യോപയോഗപ്രദമായ, ലാഭേച്ഛയില്ലാത്ത ചെലവുകൾ വഹിക്കാൻ തയ്യാറാവില്ലെന്നതാണ് കാലികസ്ഥിതി. ഇതു വ്യക്തമാക്കാൻ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് പോളിയോ വാക്സിൻ എങ്ങനെ സാർവത്രികമായി ഉപയോഗിക്കാൻ സാധിച്ചു എന്ന ഉദാഹരണത്തെയാണ്. പോളിയോയ്ക്കുള്ള മറുമരുന്ന് കണ്ടു പിടിച്ച ഉടൻ ജോനാസ് സാൽക്, ‘ഇത് സൂര്യനെപ്പോലെ എല്ലാവർക്കുമുള്ളതാണ്’ എന്നു പറഞ്ഞുകൊണ്ട് അതിനു പേറ്റന്റെടുക്കാൻ വിസ്സമതിച്ചത്രേ. അതു സാധ്യമാക്കിയ മുതലാളിത്തത്തെ നിയന്ത്രിതമുതലാളിത്തം ( റെജിമെന്റെഡ് ക്യാപിറ്റലിസം) എന്നാണ് ചോംസ്കി വിളിക്കുന്നത്. റീഗന്റെ കാലത്തോടെ അവസാനിച്ചത് ഇത്തരം മനോഭാവങ്ങൾകൂടിയാണെന്നാണ് ചോംസ്കി എടുത്തുപറയുന്നത്.
രണ്ടാമത്തെ കാര്യം, ഒബാമ ഭരണകൂടം ഉയർന്നശേഷിയും വിലക്കുറവുമുള്ള വെന്റിലേറ്ററുകൾക്ക് ഒരു കമ്പനിക്കു കരാറു നൽകിയിരുന്നെങ്കിലും അതിനെ വിഴുങ്ങിയ വലിയ മൂലധനമുള്ള മറ്റൊരു കമ്പനി വേണ്ടത്ര ലാഭമുള്ളതല്ലെന്ന പേരിൽ കരാർ അവഗണിച്ചു. ഒരു മഹാമാരി വാതിൽക്കൽ വന്നു നിൽക്കുന്നതിനെപ്പറ്റി അമേരിക്കൻ ഇന്റലിജൻസ് മാസങ്ങൾക്കു മുൻപ് മുന്നറിയിപ്പ് കൊടുത്തിട്ടും അതൊന്നും ശ്രദ്ധിക്കാതെ വ്യാപാരക്കമ്മി കുറയ്ക്കാൻ അമേരിക്ക, ചൈനയിലേക്ക് വെന്റിലേറ്ററുകൾ കയറ്റി അയക്കുകയായിരുന്നു എന്നുമാത്രമല്ല അത് ഈ മാർച്ചുവരെ തുടരുകയും ചെയ്തിരുന്നു എന്ന് ചോംസ്കി. കോവിഡ് 19 ഒരു വൈറസാണ്. മരിച്ചു പോകും എന്നുറപ്പുള്ള രോഗാവസ്ഥയിലും സഹജീവികളോടുള്ള കരുതലിനു പകരം ആരോഗ്യസേവനം ലാഭമുണ്ടോ എന്നു നോക്കുന്ന കച്ചവടവും വ്യവസായവുമാകുമ്പോൾ രോഗം വ്യക്തിക്കല്ല, മറിച്ച് സമൂഹത്തിനാണെന്നും ആ സമൂഹം മുതലാളിത്ത സമൂഹമാണെന്നുമാണ് ബേബി പറയാൻ ശ്രമിച്ചത്. ഇതിനെ ശവംതീനി മുതലാളിത്തമെന്നാണ് ബേബി വിളിക്കുന്നത്. ലാഭക്കൊതിയുടെ തീവ്രതയാണ് മുതലാളിത്തത്തിന്റെയും തീവ്രത കൂട്ടുന്നത്.
കഴിഞ്ഞ ഏപ്രിൽ 10 നു ക്രിസ് ബ്രൂക്സുമായി നടത്തിയ ‘ലേബർ നോട്സ് അഭിമുഖത്തിന്റെ പേര് ‘How Bosses Are Making Corona virus ‘Worse, for Their Benefit’ എന്നാണ്. അതിൽ ആഗോളതാപനത്തിന്റെ കാരണകർത്താക്കളെയും ചോംസ്കി കാലികമായ നിർണ്ണായകാവസ്ഥയിൽ പ്രതി ചേർക്കുന്നുണ്ട്. ആരോഗ്യമേഖലകൾക്കുള്ള ധനസഹായം (അതിൽ ലോകാരോഗ്യസംഘടനയ്ക്കുള്ള വിഹിതം കുറച്ചതും പെടും) കാര്യമായി വെട്ടിക്കുറയ്ക്കുകയും സൈനികപ്രതിരോധത്തിനും കുടിയേറ്റം തടയാനുള്ള മതിലുകെട്ടാനുമായി ബഡ്ജറ്റിലെ നല്ലൊരു തുക മാറ്റി വയ്ക്കുകയും ഫോസിൽ ഇന്ധന കമ്പനികൾക്ക് ( ആഗോളതാപനത്തിന്റെ മൊത്തവരിക്കാർ) വാരിക്കോരി സബ്സീഡി അനുവദിക്കുകയും ചെയ്യുന്ന കൈങ്കര്യരാഷ്ട്രീയം കിരാത മുതലാളിത്തത്തിനു (സാവേജ് ക്യാപിറ്റലിസം) കൊട്ടിപ്പാടി സേവയുമായി നിൽക്കുന്നതാണ് കാര്യങ്ങളെ വഷളാക്കുന്നത്.
ഇത് ചോംസ്കിയുടെയോ ബേബിയുടേയോ മാത്രം ആശയമല്ല. ബ്രിട്ടീഷ് ജിയോഗ്രാഫറും മാർക്സിസ്റ്റുമായ ഡേവിഡ് ഹാർവി മാർച്ച് 22 ന് അദ്ദേഹത്തിന്റെ സൈറ്റിൽ എഴുതിയ ലേഖനത്തിൽ വൈറസുകളുടെ വ്യാപനത്തിൽ സ്വാധീനം ചെലുത്തുന്ന പരിസ്ഥിതികവും ജനസംഖ്യാപരവുമായ കാരണങ്ങൾക്കു പിന്നിലുള്ള ആധിപത്യ സാമ്പത്തികമാതൃകയിലുള്ള (ഹെജിമോണിക് എക്കണോമിക് മോഡൽ) വിള്ളലുകളെ അദ്ദേഹം വിമർശിക്കുന്നുണ്ട്. അവസാനമില്ലാത്ത മൂലധനശേഖരണത്തിന്റെ മാരകമായ പിടിയിൽനിന്നു മോചിപ്പിക്കാൻ സമ്പദ്‌വ്യവസ്ഥയെ സോഷ്യലിസം എന്നു വിളിക്കാതെതന്നെ ജനകീയമാക്കാനാണ് ഡേവിഡ് ഹാർവി നിർദ്ദേശിക്കുന്നത്. ബോണ്ട് കൈവശം വയ്ക്കുന്നവരുടെയും പലിശക്കാരുടെയും താത്പര്യത്തിനു വിധേയമായി (2007-8 മുതൽ അങ്ങനെയായി കാര്യങ്ങൾ) മാറിക്കൊണ്ടിരിക്കുന്ന ഭരണകൂടങ്ങൾ ഇപ്പോൾ അതിന്റെ സൗജന്യങ്ങളും ആനുകൂല്യങ്ങളും പറ്റിക്കൊണ്ടിരിക്കുന്നവർക്കുപോലും മോശപ്പെട്ട ആശയമായി മാറുന്നു എന്നതാണ് കാലികാവസ്ഥ. അടിയന്തിരമായ ഒരവസ്ഥയെ പിൻപറ്റി, തിരഞ്ഞെടുപ്പുകളെ റദ്ദാക്കിക്കൊണ്ട് സാമ്രാജ്യത്വ ആധിപത്യങ്ങൾ ഉയർന്നു വരാൻ ഇടയുണ്ടെന്നും അതിനു ചെറുക്കുകയാണ് മുതലാളിത്ത വിരുദ്ധ രാഷ്ട്രീയത്തിന്റെ ചുമതലയെന്നും പറഞ്ഞുകൊണ്ടാണ് ഹാർവേ “കോവിഡ് 19 കാലത്തെ മുതലാളിത്തവിരുദ്ധരാഷ്ട്രീയം” എന്ന ലേഖനം അവസാനിപ്പിക്കുന്നത്.
ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവുമായി ഒത്തുപോകുന്ന കാര്യം സംശയത്തിനിടയില്ലാത്തവിധത്തിൽ വളരെ വ്യക്തമായി സൂചിപ്പിക്കുകയായിരുന്നു എം എ ബേബി. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇടതുപക്ഷ ചിന്തകർ പൊതുവേ പങ്കുവയ്ക്കുന്ന ആശയങ്ങളാണ് അദ്ദേഹവും പ്രകടിപ്പിച്ചത് എന്നാണ് പറഞ്ഞു വന്നത്. അതിൽ ഇവിടെ കണ്ടതുപോലെ പരിഹസിച്ചു ചിരിക്കാൻ മാത്രം ഒന്നുമില്ല.

.jpeg)





