Showing posts with label ഡിസി ബുക്സ്.കോം. Show all posts
Showing posts with label ഡിസി ബുക്സ്.കോം. Show all posts

November 19, 2021

ചുവരിലെ മരം, അതിൽ ചിറകൊതുക്കുന്ന പക്ഷികൾ

 


ചലനത്തിനുള്ള വേവലാതികളെ പല രൂപത്തിൽ പ്രകടമാക്കുകയും പ്രശ്നാത്മകമാക്കുകയും ചെയ്യുന്ന ഒരു തലം അസീം താന്നിമൂടിന്റെ കവിതകളിൽ കാണാം. സ്ഥാവരമായ ഒരു അവസ്ഥയിൽനിന്ന്  ജംഗമമായ മറ്റൊരവസ്ഥയിലേക്ക് പരിണമിക്കാനുള്ള പിടച്ചിലിനെ അനുസ്മരിപ്പിക്കുന്നതാണ് അതിന്റെ ആദ്യത്തെ വശം. സ്ഥലപരമെന്നോ തിരച്ഛീനമെന്നോ വിളിക്കാവുന്ന അവസ്ഥയാണത്. ‘പിന്നിലേറ്റ കൊടിയ പ്രഹരത്തിന്റെ നോവിൽ എല്ലാ ചെറുപ്പുകളും കുതറി കുതിക്കുന്ന പന്തിന്റെ ഊക്കായി’  ‘ഗോൾ’ എന്ന കവിതയിൽ പ്രത്യക്ഷമാവുന്നത് ആ ചലനവേഗമാണ്.  ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’ എന്ന കവിതാസമാഹാരത്തിന്റെ മുഖവുരയിൽ കവിതയ്ക്കുള്ള പ്രേരണയെ പുഴയുടെ ഒരു രൂപകത്തിലേക്ക് പകർത്തിവച്ചുകൊണ്ട് അതിന്റെ ഒഴുക്ക്, കരകവിയൽ, വറ്റിപോകൽ എന്നീ ഭാവങ്ങളെ കവി ഭാവന ചെയ്യുമ്പോൾ കാലസഞ്ചാരത്തിന്റെ ഉപപത്തികളും വെളിപ്പെടുന്നു. പുഴയുടെ മൂന്നു ഭാവങ്ങളും ഒരേ സ്ഥലത്തിൽ സംഭവിക്കുന്നതാണെങ്കിലും ഏകകാലത്തിലുള്ള പരിണാമമല്ല. അതുകൊണ്ട് അതിനുള്ളത് ലംബമാനമായ ചലനസ്വഭാവമാണെന്ന് പറഞ്ഞാലും ശരിയാണ്. ‘ആഴം എന്നെ നോക്കി വാ പിളർത്തുമെന്നും അകലം എന്റെ നിശ്ചലതയെ ചൂണ്ടി പരിഹസിക്കുമെന്നും’ പറഞ്ഞുകൊണ്ട് ‘അതുമാത്രം മതി’യെന്ന കവിത രണ്ടു തരത്തിലുമുള്ള ചലനങ്ങളോടുള്ള ഭയത്തെ പ്രകടമാക്കിയിട്ടുണ്ട്. ഈ ഭയത്തെ മറ്റൊരു തരത്തിൽ, ചലിക്കുന്ന സ്ഥാവരങ്ങളുടെ രൂപത്തിൽ കവിതകളിൽ  കാണാം. പെട്ടെന്ന് മുന്നിൽ പ്രത്യക്ഷപ്പെടുകയും കാലു വയ്ക്കാനായുമ്പോൾ കാണാതാവുകയും ചെയ്യുന്ന വിചിത്രസ്വഭാവികളായ പടവുകളെ ‘അധികപേടി’യിൽ കാണാം. വഴുക്കലോടെ എപ്പോഴും കൂടെപ്പോരുന്ന രണ്ടു പടവുകൾ ആ കവിതയിലെ അസ്വാഭാവികമായ പ്രതീതിയാഥാർത്ഥ്യമാണ്. ഇതിനു സമാനമായ ഒരു കാഴ്ച ‘താണു നിവരുന്ന കുന്നിലു’മുണ്ട്. ഉരുട്ടികേറ്റുന്ന കല്ല് താഴേയ്ക്കു ഉരുളുന്നതിനനുസരിച്ച് താഴുകയും ഉയരുകയും ചെയ്യുന്ന കുന്നിന്റെ ചലനസ്വഭാവം പ്രത്യേകതയുള്ളതാണ്. സയൻസ് ഫിക്ഷൻ ചലച്ചിത്രങ്ങളിലേതിനു തുല്യമായ ഭ്രമക്കാഴ്ചകളിലൊന്നാണ് സ്ഥലരാശിയുടെ ഇത്തരത്തിലുള്ള ദ്രവമാനം. സകലതും മാറി മറിഞ്ഞുകൊണ്ടിരിക്കുന്ന ഉത്തരാധുനിക (ഉച്ച-ആധുനിക) സമൂഹത്തിന്റെ പ്രത്യേകതകൾ വിശദമാക്കാൻ സിഗ്മണ്ട് ബോമാനും (ലിക്വിഡ് മോഡേണിറ്റി) ഉംബെർട്ടോ എക്കോയും (ലിക്വിഡ് സൊസൈറ്റി) ഈ സങ്കല്പത്തെ ഉപയോഗിച്ചിട്ടുണ്ട്. അരക്ഷിതമായ മാനസികഭാവത്തിന്റെ പ്രത്യക്ഷീകരണമാണ് അസീമിന്റെ കവിതകളിൽ പ്രത്യക്ഷമാകുന്ന സ്ഥലത്തിന്റെ അനിശ്ചിതമായ അവസ്ഥ.

‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്തി’ലെ ഭൂരിഭാഗം കവിതകളും ഒരുതരം നിശ്ചലജീവിതത്തെ അടയാളപ്പെടുത്തുന്നവയാണ്. വിത്തിനുള്ള ധ്വന്യാത്മകതയും സംഗ്രഹണത്വവും അന്തർമുഖതയും പുറംതോടിന്റെ സുരക്ഷിതത്വവും മരത്തിനില്ലെന്ന തിരിച്ചറിവാണല്ലോ മരത്തെ തിരിച്ചു വിളിക്കാൻ വിത്തിനെ പ്രലോഭിപ്പിക്കുന്നത്. മരവിത്തുകൾക്ക് (ബീജാങ്കുരങ്ങൾക്ക്) ഉരുണ്ടും പറന്നും മുങ്ങിയും അകലങ്ങളെയും ആഴങ്ങളെയും കൈയാളാൻ കഴിയുന്ന സ്വേച്ഛാചാരിത്വമുണ്ടെന്ന വസ്തുതയെക്കൂടി ഈ ശീർഷകം ഉള്ളടക്കുന്നു. എങ്കിലും വെമ്പിക്കുതിക്കാനുള്ള ആഗ്രഹം ദിവാസ്വപ്നമായി അനുഭവിച്ചുകൊണ്ടും അതിനെ റദ്ദ് ചെയ്തുകൊണ്ടും നിലവിലുള്ള അവസ്ഥയിൽ ചടഞ്ഞുകൂടുക എന്ന ഭാവമാണവയുടെ സ്ഥായി.  ‘കിളിർക്കാനുള്ള മിടിപ്പും കുതിക്കാനുള്ള വീർപ്പും വേണം എന്നാൽ അവ മാത്രം മതിയെന്ന്’ നേരത്തെ സൂചിപ്പിച്ച  ‘അതുമാത്രം മതി’യെന്ന കവിതയിലെ ശക്തമായ ഒരു തീർപ്പാണ്. ഇത് അസീമിന്റെ കവിതകളിലെ സ്ഥിരമായ നിലപാടാണ്. ‘കൊടിനാട്ടൽ’ എന്ന കവിതയിൽ ‘കൊടുമുടിയുടെ ഉച്ചിയിൽ നാട്ടാൻ പോകുന്ന കൊടിയിൽ തന്നെ പ്രതിഫലിച്ചു കണ്ടുകൊണ്ട്  കവി ‘ഊളിയിട്ടാഴ്ന്നു ചെന്നിട്ട് ഗിരിശൃംഗത്തിന്റെ നെറുകയിൽ ശിരസ്സൂന്നാനും കാലുകൾ കൊടിയാക്കി ചുഴറ്റിപ്പാറിക്കാനും’ മാത്രമാണ് കൊതിക്കുന്നത്. നിശ്ചലതയെയും ചലനത്തെയും സമീകരിച്ച് പ്രഖ്യാപിക്കുന്ന ഈ രൂപകത്തെ അസീമിന്റെ കവിതകളുടെ കേന്ദ്രസ്ഥാനത്തു നിർത്താമെന്നു തോന്നുന്നു. ഏറെ ആഴത്തിൽ വേരാഴ്ത്തുന്ന മരം (മരുഭൂമിയിലെ ഉറവ) കൈപ്പത്തി രണ്ടും ചീന്തിപ്പോയൊരു നാട്യക്കാരി നൃത്തം ചെയ്യാൻ വീർപ്പോടെ ഉയിർക്കുന്ന ആവേശം (അപൂർണ്ണം) എന്നെല്ലാം മറ്റു കവിതകളിൽ ഇതേ സ്വാത്മനിലയെ വ്യത്യസ്തസാഹചര്യങ്ങളിലായി കവി ആവർത്തിച്ചിട്ടുമുണ്ട്.

വീട്, കുന്ന്, സ്കൂൾ, ശില്പം, ചിത്രം, ശില, ഭൂമി, കാട്, വേര് എന്നിങ്ങനെയുള്ള സ്ഥാവരങ്ങളുടെ നീണ്ട നിര അസീമിന്റെ കവിതകളിലെ ഉറച്ചിരിക്കുന്ന സ്ഥലത്തെയും വാഹനം, കാറ്റ്, പക്ഷി, വേനൽ, വെളിച്ചം, രാത്രി, നിലാവ്, ഒച്ച  തുടങ്ങിയുള്ള നിശ്ചലതയെ പലനിലയ്ക്ക് അതിജീവിക്കാൻ കഴിയുന്ന ചരവസ്തുക്കളുടെ പ്രതീകങ്ങൾ മാനസികാവേഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. കടൽ, പുഴ, കൊടി, മരം, ചെടി, വിത്ത് എന്നിങ്ങനെ ഏറ്റക്കുറച്ചിലുകളോടെ ഈ രണ്ടു വിഭാഗങ്ങളുടെയും സ്വഭാവം സ്വീകരിച്ച ബിംബങ്ങളും കവിതയുടെ സംഘർഷഭൂമികയിൽ വരിചേരുന്നുണ്ട്.  തകർന്ന ബ്രേക്ക്, കൃത്യതയില്ലാത്ത ആക്സിലേറ്റർ, ഏതിലാണ് കാലന്നതിലുള്ള അവ്യക്തത, ലഹരി പെരുകി ബോധമില്ലാതായ ഡ്രൈവർ - ഇവ ചേർന്ന സംയുക്തത്തെ അസീം വിളിക്കുന്നത് ‘മനസ്സ്’ (അതേ പേരുള്ള കവിത) എന്നാണ്.  ഇരപ്പും കുതിപ്പും തുടിപ്പും യാഥാർത്ഥ്യമാണെന്നതുപോലെ തിരിച്ചു പോക്കും ഉറച്ചിരിപ്പും കൂടുതൽ യാഥാർത്ഥ്യമാണ്. എന്തുകൊണ്ട് ഇത്തരമൊരു ചടഞ്ഞുകൂടൽ എന്നതിന് കൂടുതൽ വിശദീകരണങ്ങളൊന്നും കവിതകൾ പങ്കു വയ്ക്കാൻ ശ്രമിച്ചു കാണുന്നില്ല. വളരെ അപൂർവമായി മാത്രം കവിതകൾ സമൂഹത്തിന്റെ കാപട്യത്തെയോ (ദുരന്തം, വൈഭവം) പ്രായോഗികതയെയോ (തിടുക്കം) നിസ്സംഗതയെയോ (ഒറ്റക്കാലിൽ നില്പ്) വിമർശനാത്മകമായി – അതും നേരത്ത സ്വരത്തിൽ - സമീപിക്കാൻ ബദ്ധപ്പെടുന്നുള്ളൂ. സാമൂഹികമായ സമ്മർദ്ദങ്ങളും പ്രതിലോമതകളും ഏൽപ്പിക്കുന്ന ആഘാതത്തെപ്പറ്റിയുള്ള നിശ്ശബ്ദതപോലും പിന്മടങ്ങാനുള്ള അതിശക്തമായ പ്രേരണയ്ക്കുള്ള സാധൂകരണമായി മാറുകയാണ് ഇവിടെ.

ബിംബവിന്യാസങ്ങളുടെ ചില സൂക്ഷ്മതകളിലൂടെ ചലനം എന്ന പ്രക്രിയയെ കവിതകൾ ഉള്ളടക്കുന്ന രീതികൾ ശ്രദ്ധിച്ചാൽ പാരമ്പര്യവും സമകാലികവുമായ കാവ്യമാർഗങ്ങളിൽനിന്ന് ഈ കവിതകൾ നേടാൻ ആഗ്രഹിക്കുന്ന വിടുതലുകളെ അടുത്തു കാണാൻ കഴിയുമെന്നു തോന്നുന്നു. സ്വാസ്ഥ്യം, ഏറെ എന്നീ രണ്ടു കവിതകൾ നോക്കുക. പൂർവകല്പിതവും ഏറെക്കുറേ പ്രസിദ്ധവുമായ ആശയങ്ങളെ ഈ കവിതകളിൽ പുതുക്കിപ്പണിതിരിക്കുകയാണ്. പുൽക്കൊടിത്തുമ്പിലെ മഞ്ഞിൻ കണിക പഴയ കവിതയിൽ പ്രപഞ്ചത്തെ പ്രതിഫലിപ്പിച്ചുവെങ്കിൽ അടർന്നു വീഴുന്ന മഞ്ഞയിലയുടെ പുറത്തുകേറിയിരുന്നു പറന്നു താഴെ എത്തിയിട്ടാണ് അതിപ്പോൾ പ്രപഞ്ചത്തെ നെഞ്ചേറ്റി കാണിക്കുന്നത്. പ്രഭാതത്തിലെ പുൽനാമ്പിലെ പഴയ മഞ്ഞുതുള്ളിയുടെ വിസ്മയത്തിനും തലേന്ന് അന്തിക്കേ വീഴാറായ ഇലയുടെ പുറത്തുകയറിയ പുതിയ മഞ്ഞുതുള്ളിയുടെ പ്രായോഗികതയ്ക്കും തമ്മിൽ സമയദൂരവും സ്ഥലദൂരവുമുണ്ട്. കൊഴിഞ്ഞു വീഴുന്ന പൂവിന്റെ സുഗന്ധം കാറ്റെടുത്തുകൊണ്ടു പോകുന്നതിനെപ്പറ്റിയുള്ള സങ്കല്പത്തെ പൂവിനെ മൊത്തമായി വേരെടുത്തുകൊണ്ടു പോകുന്നതായി മാറ്റിയെഴുതുകയാണ് ‘ഏറെ’ എന്ന കവിതയിൽ. പാരമ്പര്യത്തെ ഭാവപരമായി തിരുത്തുകയാണ് രണ്ടിടത്തും കവി. ബാല്യവും വാർദ്ധക്യവും പഴമയും പുതുമയും നോവും ആഹ്ലാദവും മരണവും ജീവനവും തുടങ്ങിയ ജീവിതത്തിന്റെ വിരുദ്ധഭാവങ്ങളെ മുഖാമുഖം നിർത്തിക്കൊണ്ടാണ് ഈ തിരുത്ത്. ഉള്ളിലൊതുക്കിയതെല്ലാം പ്രകടമാക്കാതിരിക്കുന്നതാണ് ഏറ്റവും മാരകമായ മുറിവെന്നറിയുന്നത് വേരുകൾക്കാണ് (മുറിവ്) ‘അകത്തെന്താണെന്ന’ ആവർത്തിച്ചുള്ള ആവലാതിയെ (പക്ഷേ വാതിലകത്തെക്കുറ്റിയിലാണ,ടവെന്ത്? – എന്ത്? എന്ന കവിത) പല നിലയ്ക്ക് ആവിഷ്കരിക്കാനുള്ള താത്പര്യത്തിന്റെ ഭാഗം കൂടിയാണ് വേരുകളുടെ ബിംബപദവി.

വേരിൽനിന്ന് കുറേക്കൂടി ആന്തരികമായ പിന്മാറ്റമാണ് വിത്തിനുള്ളത്. മരത്തിന്റെ പ്രകടനപരതയെയും ചലനത്തെ സംബന്ധിക്കുന്ന പരിമിതിയെയും റദ്ദാക്കാനുള്ള വിളിയാണത്. ഒപ്പം  ആ പിൻവിളിയിൽ മൂലകാരണത്തിലേക്ക് മടങ്ങാനുള്ള ആഹ്വാനവുമുണ്ട്. പരമാണുവിന്റെ ബഹിർസ്ഫുരലോകമാണ് ഇക്കാണുന്നതെല്ലാം എന്ന് ഉദ്ദാലകഗുരു ശ്വേതകേതുവിനെ ഛാന്ദോഗ്യോപനിഷത്തിൽ പഠിപ്പിക്കുന്നത് ഒരു ആലിൻകായകൊണ്ടാണ്.  ‘ആകാശത്തിനുള്ള ഏതോ അഴകിനെ ഗാഢമായി ആശിക്കാനും അതിനായി ആയാസപ്പെടാനും അതെല്ലാം മൂടി വയ്ക്കാനും മരത്തിനുള്ള ആഗ്രഹപ്പെരുക്കങ്ങളെ സംഗ്രഹിച്ചു വച്ചുകൊണ്ടാണ് വിത്തുകൾ മിടിക്കുന്നത്’ എന്നു മറ്റൊരു കവിതയായ ‘ഭൂമി’യിൽ ഒരു നിരീക്ഷണം ഉണ്ട്. പുറത്തേക്കു വന്ന് ആകാവുന്നിടത്തോളം വികസിക്കുക എന്ന ജീവചൈതന്യത്തിന്റെ സ്വാഭാവിക ഗതിയെ തിരിച്ചിട്ട രൂപത്തിലാണ് അസീം സമീപിക്കുന്നത്.  ‘ഗർഭം’ എന്ന പേരുള്ള കവിതതന്നെയുണ്ട്. ജീവിതത്തിലൊരിക്കലും പെറ്റെഴുന്നേൽപ്പ് എന്നൊരവസ്ഥയോ പേറ്റുനോവാറുകയോ ഇല്ലെന്ന് അതിൽ കാണാം. എങ്കിൽ പിന്നെ എന്തിന് പുറത്തേക്ക് വരണമെന്ന പ്രതിസന്ധി ഉത്തരമില്ലാത്ത ചോദ്യമായി തീരുന്നിടത്തു നിന്നാണ് ‘ഗർഭാവസ്ഥയിലേക്ക് തിരിച്ചു പോകാൻ കഴിയാത്തതിലുള്ള അസ്വസ്ഥത കവിതകളിൽ പല തരത്തിൽ നിറയുന്നത്. ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്തി’ൽ ‘തിരിച്ചു വിളിക്കണം എന്നത് പ്രതിഭാസമ്പന്നമായ സങ്കല്പം മാത്രമാണെന്ന് മനസ്സിലാക്കുകയും ‘വിരിഞ്ഞിറങ്ങിയ ഒന്നിനും മടങ്ങിപോകാനാവില്ലെന്നു’മുള്ള അങ്കലാപ്പിനെ സർവജീവജാലങ്ങളുടെയും വേവലാതിയായി ധരിക്കുകയും ചെയ്യുന്നുണ്ട്.  ഈ വേവലാതിയുടെ ഐക്യധർമ്മത്തിലാണ് പ്രപഞ്ചത്തിലെ ഇതരജീവവസ്തുക്കളുമായുള്ള താദാത്മ്യം കവി കണ്ടെത്തുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

സ്വതന്ത്രാഭിലാഷങ്ങളുടെയും മോചനാകാംക്ഷകളുടെയും പാരമ്പര്യപ്രതീകങ്ങളായ പക്ഷികൾ അസീമിന്റെ കവിതയിൽ സ്വച്ഛമായ ഒരവസ്ഥയിൽ കടന്നുകയറുന്ന ഒച്ചകളും കലമ്പലുകളുമായി തീർന്നിരിക്കുന്നതിൽ അദ്ഭുതമൊന്നും ഇല്ല. എന്നാൽ അവ ഒഴിവാക്കപ്പെടുകയല്ല, തുടർച്ചയായി കവിതകളിൽ സകലധർമ്മങ്ങളോടെയും പ്രത്യക്ഷപ്പെടുന്നു എന്ന കാര്യത്തിലും  ശ്രദ്ധിക്കേണ്ട വശമുണ്ട്. പുഴയിൽ വലയെറിഞ്ഞിരിക്കുന്നയാളിന്റെ അടുക്കൽ കൊതിയോടെ വരുന്ന കിളികൾ അയാളുടെ ചുറ്റുപാടുകളെ  മലീമസമാക്കുന്ന കാഴ്ചയാണ് ‘ശേഷിപ്പു’കൾക്ക് മുന്നിൽ വയ്ക്കാനുള്ളത്. (‘ചിറകടി ഒച്ചകൾ, എല്ലുംതോലും ചിന്നിയ ദൃശ്യങ്ങൾ, കൂർമുള്ളിന്റെ ശേഷിപ്പുകൾ’) മുറിയിലെ ഭിത്തിയിൽ വരച്ചുവച്ച മരത്തിന്മേൽ പുറത്തെ ഇരുട്ടിൽനിന്നും പറന്നുവന്ന് ചിറകൊതുക്കിയിരിക്കുന്ന പറവയുമുണ്ട്, കവിതകളിൽ ഒരിടത്ത്. (ജാലകപ്പഴുത്) പക്ഷിയെ വരയ്ക്കുമ്പോൾ ചുണ്ടിനും നഖത്തിനും കൂർപ്പുകൂടുന്നു, തൂവൽ കൊഴിയുമന്നു, ചിറകിനു കൃത്യതയില്ലാതാവുന്നു, പടം വരതന്നെ കൈവിട്ടു പോവുന്നു. (പക്ഷിയെ വരയ്ക്കൽ) എനിക്കു നീ ചിറകുകളാകേണ്ട, കാരണം പറന്നുയരുകയെന്നാൽ അഗാധമായൊരു ആഴം സൃഷ്ടിക്കുകയാണെന്നും ആഴം അപകടകരമാണെന്നും (അതുമാത്രം മതി) ഭയപ്പെടുന്ന മാനസികാവസ്ഥകൾ സൃഷ്ടിക്കുന്ന കിളികളാണ്  കവിതകളിലുള്ളത്. ചിറകൊതുക്കാതെ പറന്നുയരുന്ന പക്ഷിയുടെ ഒരു ദൃശ്യമുള്ളത് ‘ലഹരി’യെന്ന കവിതയിലാണ്. ‘ജലത്തിലൂടെ ഒഴുകി നീങ്ങുന്ന ഒരാളുടെ ശിരസ്സിൽനിന്നു കിളി ചിറകുകുടഞ്ഞ് നനവില്ലാതെ പറന്നുപോകുന്ന ഒരു കിളിയുടെ ചിറകിന്റെ നിഴലിൽ ഭൂതലം ഇരുളുന്നു’ എന്നാണതിലെ വിചിത്രകല്പന. ചലനം ഒരു വേവലാതിയായി കവിതയിൽ നിറയുന്നതിന്റെ അസ്വസ്ഥതകളെ  എടുത്തു കാണിക്കാനുള്ള ഒരു ഉപാധിയെന്ന നിലയ്ക്കാണ് പക്ഷിബിംബങ്ങളെ പ്രത്യേകമായി അടുത്തു നോക്കിയത്.  സമാഹാരത്തിലെ ഭൂരിഭാഗം കവിതകളും നിശ്ചലതയെ സ്വാഭാവികമായ ഉപസ്ഥിതിയാക്കുകയും പുറത്തേക്കു കുതിക്കാൻ വെമ്പുന്ന എല്ലാ ചലനങ്ങളേയും വലിച്ചടുപ്പിക്കുന്ന ഭൂഗുരുത്വത്തെ അവയുടെ ഭാവബദ്ധതയുടെ കേന്ദ്രമാക്കുകയും ചെയ്യുന്നു.

ബഹിർമുഖതയിൽ കുറ്റബോധം അനുഭവിക്കുന്ന, തുടർച്ചയായി ഒളിക്കാൻ ഇടം തേടുന്ന സത്തയുടെ സന്ത്രാസങ്ങളാണ് അവസ്ഥയുടെയും പരിണാമത്തിന്റെയും ഇടയിലുള്ള സഞ്ചാരവഴികളെ സജീവമാക്കുന്നതെന്നാണ് ഇതിൽനിന്നെല്ലാം കൂടി ഉരുത്തിരിഞ്ഞു കിട്ടുന്ന അർത്ഥം. മുറിച്ചുമരിൽ വരച്ചു വച്ചിരിക്കുന്ന വൃക്ഷക്കൊമ്പിലേക്ക് പാഞ്ഞുവന്നിരുന്ന് ചിറകൊതുക്കുന്ന പക്ഷിയിലുള്ളതും മരത്തെ തിരിച്ചു വിളിക്കുന്ന വിത്തിന്റെ അതേ ആകർഷണബലമാണ്. ചലനങ്ങളെ നിശ്ചലമാക്കുന്ന ബലതന്ത്രങ്ങളുടെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ, പെട്ടുകിടക്കാനാണോ വിട്ടുപോകാനാണോ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നതെന്ന കാര്യത്തിൽ കവിത പ്രത്യക്ഷത്തിലൊരു കുഴമറിച്ചിലും കാണിക്കുന്നില്ല. ഇരിക്കുന്നിടത്തിരിക്കുക, മടങ്ങിപ്പോകാൻ തീവ്രമായി അഭിലഷിക്കുക, അതിനു കഴിയായ്കയാൽ വേദനിക്കുക, ഈ വേദന തന്നെയാണ് സമസ്ത ജീവജാലങ്ങളിലും പ്രതിഫലിക്കുന്നതെന്ന് സ്വയം സമാധാനിക്കുക,  അതിനെപ്പറ്റി വാചാലനായിക്കൊണ്ട് വിനിമയം സാധ്യമാക്കുക... ഇങ്ങനെ ഉരുത്തിരിച്ചെടുക്കാവുന്ന ഋജുവായൊരു ഭാവരേഖ അസീമിന്റെ കവിതകളുടെ അടിസ്ഥാനഘടനയായി നിലനിൽക്കുന്നു.  

(littnow.com/thaanuyarunna-chalam-r-p-sivakumar-article-littnow)
(https://www.dcbooks.com/marathine-thirichu-vilikunna-vithu-by-azeem-thannimoodu-rr21.html)

 

 

October 15, 2021

റോസാപ്പൂവിന്റെ പേര്

 


മെൽക്കിലെ അഡ്സോ, എൺപത്തി നാലാം വയസ്സിൽ ഇറ്റലിയിലെ സന്ന്യാസി മഠത്തിലിരുന്ന് എഴുതിയ, അയാളുടെ ചെറുപ്പത്തിൽ നടന്ന, അയാൾകൂടി സാക്ഷിയായ ഒരു സംഭവകഥയുടെ പ്രാചീന ലത്തീനിലുള്ള കൈയെഴുത്തു പ്രതിയാണ് ‘റോസാപ്പൂവിന്റെ പേര് എന്ന നോവലിന്റെ അടിസ്ഥാന പ്രമാണം. ആബെ വാലെറ്റ് എന്ന മനുഷ്യൻ പതിനെട്ടാം നൂറ്റാണ്ടിലെ ലത്തീനിലേക്ക് അത് പരിഭാഷപ്പെടുത്തിയിരുന്നു. നോവലിന്റെ ആഖ്യാതാവിന് (സൗകര്യത്തിന് അത് ഉംബെർത്തോ എക്കോ തന്നെയാണെന്ന് വിചാരിക്കാം) ലഭിക്കുന്നത് ഡോം ജെ മാബിയോൺ ഫ്രെഞ്ചിലേക്ക് പരിഭാഷപ്പെടുത്തിയ കൃതിയാണ്. അത് ഇറ്റാലിയനിലേക്ക് മാറ്റിയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. വില്യം വീവർ അതിനെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. അതിനെ മലയാളത്തിലേക്ക് രാധികാ സി നായർ വിവർത്തനം ചെയ്യുമ്പോൾ വിവർത്തനത്തിന്റെ ആറു കൈ മറിഞ്ഞാണ് അനുഭവകഥ നമ്മുടെ കൈകളിലെത്തുന്നതെന്നർത്ഥം. ആദ്യത്തെ മൂന്നു വിവർത്തനങ്ങൾ ഭാവനയിലുള്ളതാണ്. അവസാനത്തെ മൂന്നു വിവർത്തനങ്ങൾ യാഥാർത്ഥ്യവും. ഉംബെർത്തോ എക്കോ എന്ന പ്രതിഭ സങ്കല്പ-യാഥാർത്ഥ്യങ്ങളുടെ സ്വർഗനരകങ്ങൾക്കിടയിൽ പകുതി മറഞ്ഞും പകുതി തെളിഞ്ഞും നിന്നുകൊണ്ടാണ് ചിരിക്കുന്നത്. അതികഥയുടെ തന്ത്രങ്ങൾകൊണ്ടു താൻ മെനഞ്ഞ ഒരു നോവലിനെ ചൂണ്ടി ‘നമ്മുടെ കാലത്ത് ഒരു പ്രസക്തിയുമില്ലാത്ത കഥ’യെന്നു പറഞ്ഞുകൊണ്ട്. 
 
ആരാണ് ഒരു കൃതി വിവർത്തനം ചെയ്യേണ്ടത്? സ്രോതഭാഷയിൽ നിഷ്ണാതനായ ആളാണോ ലക്ഷ്യഭാഷയിൽ സിദ്ധിയും ശേഷിയും ഉള്ള ആളാണോ? മലയാള വിവർത്തനങ്ങളെ സംബന്ധിച്ചിടത്തോളമുള്ള സാമാന്യബോധം ഇംഗ്ലീഷ് ( മറ്റു ഭാഷകളിൽനിന്ന് നേരിട്ട് വിവർത്തനം ചെയ്തിട്ടുള്ള കൃതികൾ ഭൂരിപക്ഷവും നല്ലതാണ് മലയാളത്തിൽ) നല്ലവണ്ണം അറിയാവുന്ന ഒരാളിന് മലയാളത്തിലെ വാക്യഘടനയോ എന്തിനു മതിയായ ഭാവുകത്വം പോലുമോ ഇല്ലെങ്കിലും വിവർത്തനം ആകാമെന്നുള്ളതാണ്. അല്ലാതെ വരുമ്പോഴാണ് ഒരു ശൈലിയോ ഒരു വാക്കോ തെറ്റിയാലും, ഇനിയും തീരെ മാഞ്ഞു പോകാത്ത കോളോണിയൽ ബോധങ്ങൾക്ക് ‘അയ്യോ പോയേ !’ എന്ന് ആർത്തു വിളിക്കാനുള്ള സൗകര്യം കിട്ടുന്നത്. എന്നാൽ സാംസ്കാരികമായ ഈടുവയ്പ്പിനെ സഹായിക്കുന്നത് ലക്ഷ്യഭാഷയിലുള്ള വിവർത്തകരുടെ സാമർത്ഥ്യമാണ്. മൂലകൃതിയുടെ മഹത്വമറിയാനല്ല പരിഭാഷകൾ, അവയെ നമ്മുടെ ഭാഷ എത്രത്തോളം ഉൾക്കൊള്ളുന്നു എന്ന് അനുഭവിക്കാനാണ്. അതുവഴി വികസിക്കുന്ന ഭാഷയുടെ അനുഭവമാണ് കൃതിയുടെ അനുഭവം. അതുകൊണ്ട് വിവർത്തക/ന്റെ യുടെ ഭാഷാസിദ്ധിയാണ് പരിഭാഷകളുടെ മേന്മ നിശ്ചയിക്കുന്നത്. മലയാളത്തിൽ അടുത്തകാലത്തിറങ്ങിയ മൂന്നു മികച്ച പരിഭാഷകളിൽ ഒന്നാണ് രാധികയുടെ ‘ റോസാപ്പൂവിന്റെ പേര്’. (പി രാമൻ തർജ്ജിമ ചെയ്ത ‘മായപ്പൊന്നും’, കെ ആർ അശോകന്റെ ‘സ്കൂൾ പഠനത്തിന്റെ ഫിൻലന്റ് മാതൃകയും.) ഈ രണ്ടു പുസ്തകങ്ങളേക്കാൾ കഠിനമായൊരു ഉത്തരവാദിത്തദൗത്യം 661 പുറങ്ങളുടെ വലിപ്പവും ഇറ്റാലിയൻ ഫ്രെഞ്ച് ലത്തീൻ ഭാഷകളുടെയും മധ്യകാല യൂറോപ്പിന്റെയും പ്രേഷിതസഭകളുടെയും ചരിത്രത്തിന്റെയും തത്ത്വചിന്തമുതൽ കാവ്യമീമാംസവരെ നീണ്ടുകിടക്കുന്ന നീണ്ടു കിടക്കുന്ന വിജ്ഞാനശാഖകളുടെയും എല്ലാം മിശ്രിതമായ ഒരു പുസ്തകം, അതും ഭ്രമിപ്പിക്കുന്ന കല്പനകളും ചരിത്രയാഥാർഥ്യങ്ങളും കൂടിക്കുഴഞ്ഞുകിടക്കുന്ന ഒരു ‘വിജ്ഞാനകോശം’ വിവർത്തനം ചെയ്യുന്നതിലുണ്ട്. ചെറിയകാര്യമല്ല അത്. പുസ്തകത്തിലെ മറ്റു ഭാഷകളിലെല്ലാമുള്ള പദങ്ങൾക്കും വാക്യങ്ങൾക്കും കാവ്യശകലങ്ങളെയും എല്ലാം ചേർത്താണ് പരിഭാഷ നിർവഹിച്ചിരിക്കുന്നത്. അതിനു വേണ്ടിവന്ന ശ്രമത്തെക്കുറിച്ച് രാധിക ആമുഖത്തിൽ വിശദീകരിച്ചിട്ടുണ്ട്.
 
നമ്മുടെ സാഹിത്യത്തിലെ ആധുനികതയുടെ ആരംഭം പ്രത്യക്ഷമോ പരോക്ഷമോ ആയ വിവർത്തനങ്ങളിലൂടെയാണ്. ഐവാൻ ഹോ, ഹെൻട്രീറ്റാ ടെമ്പിൾ, ആയിരത്തൊന്ന് രാവുകൾ, വിക്രമാദിത്യ കഥകൾ, പാവങ്ങൾ, കുറ്റവും ശിക്ഷയും, ക്വിക്സോട്ട്..... നാടകം, ചെറുകഥ, കവിത, വൈജ്ഞാനിക സാഹിത്യം.. അങ്ങനെ നോക്കിയാൽ സമകാലത്തോളം നീളുന്ന വലിയൊരു പട്ടികയുണ്ട്, പരിഭാഷകളുടേതായി. ആളുകൾ വിചാരിച്ചു വശായതുപോലെ മറ്റു ഭാഷകളിലെ സാഹിത്യം വായിച്ചു ചാർതാർത്ഥ്യം കൊണ്ടവരല്ല, അവയെ വഴിവെട്ടിത്തിരിച്ചു ഇവിടെകൊണ്ടുവന്നവരാണ് പുറമേ ആരും അറിയാതെ മുഴക്കങ്ങൾ സാഹിത്യത്തിൽ സൃഷ്ടിച്ചത്. എഴുത്തുകാരുടെ കാര്യത്തിൽ സംഗതികൾ വ്യത്യസ്തമായിരിക്കും. തൊഴിൽ പരമായി അവർ അവർക്കു വേണ്ടത് കണ്ടെത്തുമായിരിക്കും. എന്നാൽ അവർക്കു വേണ്ടി ഒരു വായനാലോകത്തെ പാകപ്പെടുത്തുന്നതിൽ പരിഭാഷകരുടെ സംഭാവനകൾ വളരെ വലുതാണ്. മഹാസമുദ്രങ്ങളിൽ തോണിയിറക്കാൻ (പി കെ രാജശേഖരന്റെ ഒരു ഉപമ കടമെടുത്തുകൊണ്ടാണെങ്കിൽ കടലിൽ സ്രാവു വേട്ടയ്ക്കിറങ്ങാൻ) മാത്രമല്ല കായലും കൈത്തോടും തമ്മിലുള്ള വ്യത്യാസങ്ങൾ പരിഗണിക്കാനും പരിഭാഷകളുടെ ഒത്താശകൾ സഹായിച്ചിട്ടുണ്ട്. നമ്മൾ ആ കാര്യം വേണ്ടത്ര പഠിച്ചിട്ടില്ല.
മലയാളത്തിലെ പ്രധാനപ്പെട്ട പരിഭാഷകളിലൊന്നാണ് ‘റോസാപ്പൂവിന്റെ പേരും’. സംശയമൊന്നും ഇല്ല. നോവലിന്റെ ഭാവാന്തരീക്ഷം അതേ പടി നിലനിർത്തിക്കൊണ്ടുള്ള തർജ്ജിമയാണ് ഇത്. രാത്രി കേൾക്കാനുള്ള സംഗീതം എന്നൊക്കെ പറയുമ്പോലെ, ഉറക്കത്തിനുള്ള സമയം കഴിഞ്ഞും നീളുന്ന നിശ്ശബ്ദരാത്രികളിൽ വായിക്കാനുള്ള ഒരു പുസ്തകം !
 
മെൽക്കിലെ സന്ന്യാസി മഠത്തിൽ ബ്രദർ വില്യമിനോടൊപ്പം അഡ്സോ ചെലവഴിച്ച ഏഴുദിവസങ്ങളിൽ നടന്ന സംഭവവിവരണങ്ങൾ വിവർത്തനം ചെയ്യുമ്പോൾ ആബേ വാലറ്റ് തന്റെ ഒരു മുദ്ര അവയിലുടനീളം പതിപ്പിച്ചു വച്ചു. തുടക്കത്തിൽ ഒന്നോരണ്ടോ വരിയിൽ എന്താണ് പ്രസ്തുത അധ്യായത്തിൽ വിവരിക്കുന്നതെന്ന് ചുരുക്കി എഴുതി. അതിലൂടെ ഉത്തമ പുരുഷനിലുള്ള (ഫസ്റ്റ് പേഴ്സണിൽ ) കഥയിൽ, ഒരു മനുഷ്യന്റെ കൂടി സാന്നിദ്ധ്യം വരുന്നു. അവ തൃതീയ പുരുഷനിലുള്ള (തേഡ് പേഴ്സൺ) ആഖ്യാനം കൂടിയായി മാറുന്നു. എക്കോ ആഖ്യാനത്തിന്റെ കാര്യത്തിൽ തുറന്നിട്ട ഒരു അട്ടിമറിയാണിത്.
രാധികയുടെ മലയാള പരിഭാഷയിലും മറ്റൊരു തരത്തിൽ ഇത്തരമൊരു മുദ്ര കടന്നു വരുന്നുണ്ട്. ഹെർസി എന്ന വാക്കിനു പകരമായി ഉപയോഗിച്ചിരിക്കുന്നത് പാഷണ്ഡത എന്ന വാക്കാണ്. ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ വേദദൂഷണം എന്നാണർത്ഥം. മഠാധിപന്റെ മോതിരക്കല്ലുകളെ അയാൾ വിവരിക്കുന്നിടത്ത് സ്നേഹം എന്ന് ഗുണ്ടർട്ട് അർത്ഥം നൽകിയിട്ടുള്ള ഉപവി എന്ന പ്രാചീനപദം കാണാം. മലയാളത്തിൽ ഗ്രന്ഥാലയമല്ലാതെ മറ്റൊന്നുമാകാൻ ഇടയില്ലാത്ത കെട്ടിടഭാഗത്തെ ലേഖാലയം ആക്കിയതിലും ഒരു മിന്നിത്തിളക്കമുണ്ട്. പതിനാലാം നൂറ്റാണ്ടിലെ അഡ്സോയുടെ വിവരണത്തിലെ കുപ്രസിദ്ധമായ സന്ന്യാസി മഠത്തിലെ കുഴപ്പം പിടിച്ച മുറി, ലാബിറന്ത്’ (ലാബുരിന്തോസ്) മലയാളത്തിൽ രാവണൻ കോട്ടയാണ്. ഗ്രീക്കു പുരാണത്തിലെ മിനോട്ടോറിന്റെ വസതിയാണ് മധ്യകാല ഇംഗ്ലീഷിൽ ലാബിറന്തായി മാറിയത്. അകത്തുകയറിയാൽ തിരിച്ചിറക്കം സംശയാസ്പദമായ, ‘രാവണൻ കോട്ട’യായി അതു മാറുമ്പോൾ പരിചിതമായ അപരിചിതത്വം അനുഭവേദ്യമാണ്. അതിന്റെ പ്രാചീനതയ്ക്കൊപ്പം. ‘ഫെം ഫെറ്റാലെ’യെ പൂതനയെന്നോ താടകയെന്നോ മാറ്റും പോലെയല്ല അത്. 
 
ബാസ്കർ വില്ലിയിലെ ബ്രദർ വില്യമിനെ അഡ്സോ ആദ്യം പരിചയപ്പെടുത്തുന്നത് തീരെ മെലിഞ്ഞ് പൊക്കം കൂടിയ മനുഷ്യനായിട്ടാണ്. തവിട്ടു പുള്ളികളുള്ള നീണ്ട മുഖം. അയാളിൽ ആദ്യം ശ്രദ്ധിക്കുക കാതിലെ എഴുന്നു നിൽക്കുന്ന മുടികളാണത്രേ. ആത്മവിശ്വാസമില്ലെന്ന് തോന്നിപ്പിക്കുന്ന ഭാവം ജിജ്ഞാസയായിരുന്നു എന്ന് അഡ്സോ പിന്നീട് തിരിച്ചറിയുകയും ചെയ്യുന്നു. ഷോൺ ഷാക് അനൗഡ് സംവിധാനം ചെയ്ത ദ നെയിം ഓഫ് ദ റോസ് (1986) സിനിമയിൽ സീൻ കോണറി അവതരിപ്പിച്ച വില്യമിനെ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണങ്ങളിലൊന്ന് ഇതാണ്. എന്തൊക്കെ പ്രത്യേകതകളുണ്ടെങ്കിലും - രോമാവൃതമായ ശരീരം തന്നെ അവയിൽ പ്രധാനം‌ - ജെയിംസ് ബോണ്ടായി പകർന്നാടിയിരുന്ന വ്യക്തിയ്ക്ക് ഭ്രാന്തൻ വായനയുടെയും പുസ്തകപ്രേമത്തിന്റെയും വിശന്ന കണ്ണുകളുള്ള ആളായിരിക്കാൻ പ്രയാസമാണ്. അതിലേറെ പ്രയാസം ആത്മവിശ്വാസമില്ലാത്ത വ്യക്തിഭാവവുമായി കൂറ്റൻ ശരീരമുള്ള കോണറിയ്ക്ക് എന്തു ബന്ധമാണുള്ളത്? അപ്പോഴും സിനിമ അനുകരിച്ച മധ്യകാലത്തെ ഇരുട്ട് കുറെയൊക്കെ വില്യമിനെ രക്ഷിച്ചു. അഡ്സോ സിനിമയിൽ ആകെ തകർന്നു തരിപ്പണമാക്കി. 
 
നോവലിലെ മറ്റു ഘടകങ്ങൾ മാറ്റിവച്ചാലും അവശേഷിക്കുന്ന ഒരു വേതാളപ്രശ്നമുണ്ട് എന്തുകൊണ്ട് ഈ പേര്? ക്രിസ്തുവിന്റെ ദാരിദ്ര്യമോ, ക്രൂരമായ മതദ്രോഹവിചാരണകളോ, സഭകളുടെ പടല പിണക്കങ്ങളോ, തർക്കങ്ങളോ, പ്രാചീന വിജ്ഞാനമോ, പുസ്തകങ്ങൾക്കു ലഭിച്ച പ്രാധാന്യമോ, അരിസ്റ്റോട്ടിലോ ഒന്നിനുമല്ല അനൗഡിന്റെ ചലച്ചിത്രം ആവേശത്തോടെ ഊന്നൽ നൽകിയത്. അഗ്നിക്കുള്ള മാംസം എന്ന് നോവലിൽ വിശേഷിപ്പിച്ച പെൺകുട്ടിയെ രക്ഷിച്ച അഡ്സോയുടെ കൗമാര പ്രേമത്തിനാണ്. അതുകൊണ്ട് പേരില്ലാത്ത അവൾക്കുള്ള പേരാണ് റോസ്! റോമിയോയുടെ പ്രണയാർദ്രമായ വരികളെ ഓർമ്മിപ്പിച്ചുകൊണ്ട് പെൺകുട്ടിയെ റോസായി സിനിമയുടെ അവസാനം സ്നാനം ചെയ്യിക്കുന്നു. നോവലിനു ഇതിൽ പരം ദുരന്താത്മകമായ പരിണാമം വരാനിഉല്ലെന്നാണ് തോന്നിയത്. 
 
എക്കോ പുസ്തകത്തിന്റെ അവസാനം, പ്രാചീന ലത്തീൻ കവിതാശകലമുദ്ധരിച്ചുകൊണ്ട് ഒരു റോസാപ്പൂവിനെ കൊണ്ടുവരുന്നത് ആർക്കെന്നറിയാതെ (കാലത്തിനു സൂക്ഷിച്ചു വയ്ക്കാൻ) ഉപേക്ഷിച്ച പുസ്തകത്തെ സൂചിപ്പിക്കാനാണ്. പേരുകളെപ്പറ്റി മറ്റൊരിടത്തും പരാമർശിക്കുനുണ്ട്. ‘വസ്തുക്കൾക്ക് പേരിടാനായി ദൈവം ആദത്തിനെ ചുമതലപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും മാത്രമല്ല, പേരിടുന്നതു നേരിട്ട് കണ്ടറിയാൻ എല്ലാ ജീവികളെയും അവിടെ എത്തിച്ചിട്ട് ദൈവം ആദത്തിന്റെ സമീപം ചെന്നിരിക്കുകയും ചെയ്തു. വസ്തുക്കളുടെ കാരണം അവയുടെ പേരുകളാണെന്ന് വില്യം പറയുന്നു. 
 
അപാര വായനക്കാരനും അന്ധനും ലൈബ്രറി കാവൽക്കാരനും ആയിരുന്ന ലൂയി ബോർഹസിനെ - ഹോർഹേയെ - പ്രതിനായകനാക്കി ഭാവന ചെയ്യുകയായിരുന്നു എക്കോ എന്നൊരു വാദമുണ്ട്. അതുപോലെ പുസ്തകപ്രേമിയും അപാര വായനക്കാരനും ആയ എക്കോ, ഭാവനയിൽ ഒരു പ്രതിഭാശാലിയെ ശത്രുവായി കണ്ട് തോത്പ്പിക്കുന്നത് കൗതുകകരമാണല്ലോ. അതെന്തായാലും നോവൽ വായനക്കാർക്കായി എക്കോ മാറ്റിവച്ച രഹസ്യാന്വേഷണ ജോലിയായിരിക്കണം ‘റോസാപൂവിന്റെ പേരെന്ന’ പേരിനു പിന്നിലെ നിഗൂഢത. പലരും പലതും ആലോചിക്കും. ചലച്ചിത്ര സംവിധായകനായ അനൗഡിന് അതു അഡ്സോയുടെ ആദ്യ ലൈംഗിക പങ്കാളിയായ പെൺകുട്ടി. നമുക്കോ? 
 
ആണുങ്ങൾ മാത്രമുള്ള പുസ്തകമാണ് റോസാപ്പൂവിന്റെ പേര്. മലയാള നിരൂപകർ അലങ്കാരത്തിനു വേണ്ടി പ്രയോഗിക്കുന്ന വിശേഷണപദം എടുത്തുപയോഗിച്ചാൽ ‘പേശീബലം’ കൃത്യമായി കാണിക്കുന്ന ഒരു രചന. അതിനുള്ളിൽ ആകെ ചോരയും മാംസവുമുള്ള ഒരു സ്ത്രീ, പേരില്ലാതെ തീയിൽ കരിയാനുള്ള മാംസമായി, ഇരട്ട ചൂഷണത്തിന്റെ ഇരയായി ഒടുങ്ങുകയാണ് ചെയ്യുന്നത്. (നോവലിൽ വിശുദ്ധമാതാവായ മേരി കഴിഞ്ഞാലുള്ള മറ്റൊരു സ്ത്രീ പരാമർശം ക്ലാര എന്ന വാക്കിലൊതുങ്ങുന്നു). നമ്മുടെ ‘വൺ ഡൈമെൻഷണൽ ഏസ്തെറ്റിക്സ് ആൻഡ് ഐഡിയോളജി’ പതിവുവച്ചു നോക്കിയാൽ സ്ത്രീകളെ തമസ്കരിക്കുന്ന പുസ്തകം. 
 
എന്നിട്ടും റോസാപ്പൂവിന്റെ പേര് മലയാളത്തിലെത്തുന്നത്, രാധികാ സി നായർ വഴി. രാധിക ഫലത്തിൽ ഒരു സ്രാവുവേട്ടതന്നെ നടത്തിയതല്ലേ..? ആലോചിക്കുമ്പോൾ അതും ആകർഷകവും ശ്രദ്ധേയവുമായ എക്കോയിയൻ ട്വിസ്റ്റാണ് ; പുസ്തകത്തിനു പുറത്തുള്ള.
 
(https://www.dcbooks.com/rosapoovinte-peru-by-umberto-eco-readers-review.html) (എഫ് ബി)