October 19, 2011

പൽച്ചക്രങ്ങളിൽ ചോരയുമായി..
ജീവിതത്തെ കൂടുതൽ ജീവിതയോഗ്യമാക്കാൻ വേണ്ടിയുള്ള മനുഷ്യസ്നേഹികളുടെ ആത്മാർത്ഥമായ ആലോചനകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നുമാണ് വിവിധതരങ്ങളായ പ്രത്യയശാസ്ത്രസംഹിതകളുടെ പിറവിയെങ്കിലും അവയുടെ പ്രവൃത്തിമാർഗങ്ങൾ പിഴച്ചു ഭീതിദമായി തീർന്നതിനെക്കുറിച്ചുള്ള നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്. ആശയപംക്തികൾ രൂപപ്പെട്ട സാഹചര്യവും അവയുടെ പ്രയോഗയുക്തിയും തമ്മിൽ സ്ഥലകാലബദ്ധമായി ഇടഞ്ഞതിന്റെ ഫലം മാത്രമല്ല, ഈ പിഴച്ചപോക്കിനു കാരണം. വ്യക്തിമനോഭാവങ്ങൾ ജനസമൂഹത്തിനെതിരായതിന്റെ ദുരന്തഫലം കൂടിയാണിത്. ഉയരങ്ങളിൽ എത്താൻ വേണ്ടി കൈയിലെടുത്ത കറകളഞ്ഞ സിദ്ധാന്തങ്ങൾക്കു മേൽ പണിഞ്ഞ് പണിഞ്ഞ് അധികാരബദ്ധത പോലെയുള്ള മേൽക്കോയ്മാ മനോഭാവങ്ങൾ തല്ലിക്കൊഴിച്ചത് അവയുടെ ഉദ്ഭവം അടിസ്ഥാനമാക്കിയ മനുഷ്യസ്നേഹത്തിന്റെ ആന്തരസത്തയെയാണെന്നതാണ് ഇതിലെ ഏറ്റവും ദുരന്തം പിടിച്ച ഫലിതം. അങ്ങനെ, എന്തിനു വേണ്ടിയുണ്ടായോ അതിനെതിരായി തീർന്നു അവ പ്രായോഗിക തലത്തിൽ.

പുതിയ വ്യവസ്ഥിതിയിലൂടെ പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നതിനു പകരം അധികാരത്തിന്റെ സുഖാലസ്യം നുകർന്ന് ഭരണാധികാരികൾ, മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രങ്ങൾ പിഴപ്പിച്ചതിന്റെ ചോരയുറയുന്ന ദുരനുഭവങ്ങൾ വർണ്ണിക്കുന്ന കുറച്ചു പുസ്തകങ്ങളുടെ വായനാനുഭവം പങ്കു വയ്ക്കുന്ന കൃതിയാണ് എസ് ജയചന്ദ്രൻ നായർ എഴുതിയ തേരൊലികൾ. ‘അനീതിയുടെ ഇരുണ്ടകാലങ്ങളിൽ സൌഹാർദ്ദങ്ങളുടെ നിലമൊരുക്കാൻ വേണ്ടി കാണിക്കേണ്ടി വന്ന പരുഷതകളോട് നാം ഇത്രയേറെ അസഹിഷ്ണുത കാണിക്കേണ്ടതുണ്ടോ’ എന്ന ബ്രഹ്തിയൻ ചോദ്യത്തിന്റെ വിശദമായ മറുപടിയായി തീരുന്നുണ്ട് മറ്റൊരർത്ഥത്തിൽ ഈ പുസ്തകം. യഥാർത്ഥത്തിൽ ചരിത്രപരമായ കുറ്റകൃത്യങ്ങൾക്ക് ധാർമ്മികമായ വിധിതീർപ്പുകളും വിശദീകരണങ്ങളും വേണം എന്ന് ‘ദ റെഡ് ഫ്ലാഗി’ന്റെ ഉപസംഹാരത്തിൽ ഡേവിഡ് പ്രീസ്റ്റ് ലാൻഡ് പറഞ്ഞതു തന്നെയാണ് കാര്യം. സൈദ്ധാന്തികമായ ഉട്ടോപ്യൻ ആശയങ്ങൾ വിനാശകരമായി പോകാതെ കാക്കാൻ ചരിത്രപരമായ പുനരന്വേഷണങ്ങളും ജാഗ്രതകളും എത്രമാത്രം ആവശ്യമാണെന്നതിന് വർത്തമാനകാല സംഭവങ്ങളും സാക്ഷ്യം പറയുന്നുണ്ടല്ലോ. ബർദയേവു മുതൽ സോത്ഷെനിറ്റ്സൺ വരെയുള്ള ബുദ്ധിജീവികൾക്ക് സ്വരാജ്യം വിട്ടു വിദേശത്ത് പാർക്കേണ്ടി വന്നതിന്റെ സാഹചര്യം വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന ഒരു കൃതിയാണ് ‘ദ ഫിലോസഫി സ്റ്റീമർ’. 220 ബുദ്ധിജീവികളെ നാടുകടത്താൻ വേണ്ടി തയാറാക്കിയ പ്ലാനിനെ അടിസ്ഥാനമാക്കി ലെസ്ലി ചേംബർലൈൻ എഴുതിയതാണ് ഇത്. ജീവിതാവസാനം വരെയും സ്വന്തം രാജ്യത്തിലേയ്ക്ക് മടങ്ങിപോകാനാവുമെന്ന ആശ അവരാരും തന്നെ വെടിഞ്ഞിരുന്നില്ലത്രേ. സുദീർഘമായ തടങ്കലിനും മാനസികപീഡനങ്ങൾക്കും ഒരു മനുഷ്യന്റെ സ്വാതന്ത്ര്യസങ്കല്പത്തെ തല്ലിക്കൊഴിക്കാനാവില്ലെന്ന് ഷാവോ സിയാങിന്റെ ‘ദി പ്രിസണർ ഓഫ് ദ സ്റ്റേറ്റ് എന്ന കൃതിയും ഉറക്കെ വിളിച്ചു പറയുന്നു. ചൈനയിലെ മുൻ പ്രധാനമന്ത്രിയും ആക്ടിംഗ് സെക്രട്ടറി ജനറലും ആയിരുന്നു ഷാവോ. ഏതാണ്ട് രണ്ടു കൊല്ലം കൊണ്ട് ഷാവോ രഹസ്യമായി രേഖപ്പെടുത്തിയ കുറിപ്പുകൾ പുറത്തു കടത്തിയാണ് കൂട്ടുകാർ പ്രസിദ്ധീകരിക്കുന്നത്. ടിയാനെന്മെൻ വിദ്യാർത്ഥിപ്രക്ഷോഭം നടക്കുമ്പോൾ കൂടിയാലോചനകൾക്കുള്ള ക്വാതിലുകൾ അടയ്ക്കുന്നതിനെ അദ്ദേഹം അനുകൂലിച്ചില്ല. മാർഷ്യൽ നിയമം പ്രഖ്യാപിക്കുന്നതു സംബന്ധിച്ച ഉത്തരവിൽ ഒപ്പുവയ്ക്കാനും കൂട്ടാക്കിയില്ല. അതോടെ തീർന്നു ഷാവോയുടെ രാഷ്ട്രീയഭാവി. പിന്നെ പതിനാറുവർഷം നീണ്ട തടവ്.

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അദ്ധ്യാപകനായ ബെർട്രാൻഡ് പ്രാറ്റിനാഡിന്റെ ‘സ്റ്റാലിൻസ് നെമസിസ്..’ എന്ന പുസ്തകത്തിൽ ലിയോൺ ട്രോട്സ്കിയുടെ അന്ത്യനാളുകളുടെ വിശദമായ വിവരണമുണ്ട്. ട്രോട്സ്കിയുടെ മരണത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കലും വിട്ടുപോകാത്ത പേടിസ്വപ്നങ്ങൾ അവശേഷിപ്പിക്കുന്ന തരത്തിൽ രചിച്ചിരിക്കുന്ന മേൽ‌പ്പറഞ്ഞ പുസ്തകം കൂട്ടത്തിൽ വേറിട്ടു നിൽക്കുന്നു എന്ന് ലേഖകൻ എഴുതുന്നു. സാർവലൌകിമായ യുവത്വത്തിന്റെയും നിർഭയത്വത്തിന്റെയും എക്കാലത്തെയും പ്രതിബിംബമായുയർന്ന വിപ്ലവകാരി ചെ ഗുവേരയുടെ വ്യക്തിത്വത്തിലെ വ്യത്യസ്തമായ ഭാവത്തെ തുറന്നു കാണിക്കുന്ന കൃതിയാണ് റെജിസ് ദെബ്രെയുടെ ആത്മകഥ - പ്രൈസ്‌ഡ് ബി ഔർ ലോർഡ്‌സ്. ചെയോടൊപ്പം ബൊളിവിയയിൽ പോയ വ്യക്തിയായിരുന്നു ദെബ്രെ. ചെക്കോസ്ലോവാക്യയുടെ പ്രസിഡന്റായിരുന്ന വക്ലാവ് ഹാവേലിന്റെ ആത്മകഥാഖ്യാനം ‘ടു ദ കാസിൽ ആന്റ് ബാക്ക് ’ സുഖാനുഭവങ്ങളോട് മുഖം തിരിക്കാത്ത ഭരണാധികാരിയുടെ തുറന്നു പറച്ചിലിനൊപ്പം സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ദാഹങ്ങൾ രാഷ്ട്രീയമായ ഉന്നതാവസ്ഥയിലുള്ള ഒരാളിൽ പോലും വിട്ടൊഴിയാത്ത ഒന്നായി നിലനിൽക്കുന്നതിന്റെ അദ്ഭുതത്തെ പങ്കു വയ്ച്ചേക്കും. ലെനിന്റെ പതിനാറു വർഷത്തെ പ്രവാസജീവിതത്തെപ്പറ്റി ഹെലൻ റാപ്പാപോർട്ട് എഴുതിയ ‘കോൺസ്പിറേറ്ററെ’ കുറിച്ചുള്ള ലേഖനമാണ് ഈ പുസ്തകത്തിൽ ഏറ്റവും ദീർഘമായ ലേഖനം. വിപ്ലവത്തിന്റെ മുന്നൊരുക്കങ്ങളെപ്പറ്റിയുള്ള ഏകാന്തമായ അന്വേഷണം കൂടിയാവുന്നു ഹെലന്റെ രചന. കാലഘട്ടത്തിന്റെ ചിന്താധാരയെ സ്വാധീനിക്കുകയും വിശ്വാസത്തിനനുസരിച്ച് യുദ്ധങ്ങളിൽ മുഴുകയും മുറിവേൽക്കുകയും ചെയ്ത് ഒടുവിൽ ആത്മഹത്യയിൽ അഭയം പ്രാപിച്ച ആർതർ കെയ്‌സ്ലെറുടെ ജീവിതകഥ പ്രതിപാദിക്കുന്ന, മൈക്കൽ സ്കാമെലിന്റെ ‘കെയ്‌സ്ലർ’, ‘നട്ടുച്ചയ്ക്കിരുട്ടെന്ന’ നോവലാൽ നമുക്കു പരിചിതനായ അതേ കെയ്‌സ്ലർ തന്നെ. വ്യവസ്ഥയെ ഉന്മാദം കൊണ്ട് നേരിട്ട ഡാനീൽ ഹാംസിന്റെ ടുഡേ ഐ റോട്ട് നതിംഗ്, റെസാക് ഹുക്നോവിച്ചിന്റെ ബോസ്നിയൻ കോൺസന്റ്‌റേഷൻ ക്യാമ്പുകളിലെ അനുഭത്തെപ്പറ്റിയുള്ള ദ‘ടെൻ‌ത് സർക്കിൾ ഓഫ് ഹെൽ’, യൂഗോസ്ലാവിയയിലെ വംശഹത്യയെ അപലപിക്കുന്ന, സ്ലാവേങ്ക ഡ്രാക്കുലിക്കിന്റെ ‘ദേ വുഡ് നെവെർ ഹർട്ട് എ ഫ്ലൈ’, ആത്മാഭിമാനം പരിരക്ഷിക്കാൻ ഒരു വിട്ടു വീഴ്ചയ്ക്കും തയാറാവാതെ നിന്ന ഓസീപ് മാൻഡൽ സ്റ്റാമിന്റെ ‘ക്രിട്ടിക്കൽ പ്രോസ് ആന്റ് ലെറ്റേഴ്സ്‘ , ഭരണാധികാരികളുടെ രഹസ്യലോകത്തിലേയ്ക്ക് അസാധാരണമായ ധീരതയോടെ കടന്നു ചെല്ലുന്ന, റിച്ചാർഡ് മഗ് ഗ്രഗറുടെ ‘ദ പാർട്ടി’ തുടങ്ങിയവയാണ് ‘തേരൊലികളി’ൽ ആലോചനയ്ക്കു വിഷയമാകുന്ന മറ്റു പുസ്തകങ്ങൾ. അധികാരത്തിലിരുന്നവർ ഒരു ഘട്ടത്തിൽ ആത്മപരിശോധനയ്ക്ക് വിധേയമാവുന്നതും നമുക്കിവിടെ കാണാം. മാൻഡൽ സ്റ്റാമും ഡാനീൽ ഹാംസും തടങ്കൽ പാളയങ്ങളിൽ പട്ടിണികൊണ്ടാണ് മരിച്ചതെങ്കിൽ മറുവശത്ത് ഷാവോയും ദെബ്രെയും ഹാവേലും അധികാരത്തിന്റെ രക്തസാക്ഷികളാണ്. സ്വാതന്ത്ര്യാഭിലാഷവും നിർഭയത്വവും ആത്മാഭിമാനവും ഏതു നിഷ്ഠുരതയെയും സഹിക്കാൻ മനുഷ്യാത്മാവിനെ പ്രാപ്തനാക്കുന്നതാണ് ഈ നിര പുസ്തകങ്ങൾ നൽകുന്ന ആശ്വാസക്കാഴ്ച.

ആരാധനാലയം ശൂന്യമാണെന്ന് അറിയുന്ന ഗായകസംഘാംഗത്തോട് ചേർത്തു വച്ച്, തന്റെ പുസ്തകത്തിലൊരിടത്ത് വക്ലാവ് ഹാവെൽ സ്വയം ഉപമിക്കുന്നുണ്ട്. ആൾക്കൂട്ടത്തിലല്ല, ഏകാന്തതയിലാണ് ഒച്ചകൾ, സംഗീതമായിരുന്നില്ലെന്ന തിരിച്ചറിവിന് ആക്കം കൂട്ടുന്നതെന്ന് ഈ പുസ്തകത്തിൽ പരാമർശവിധേയമാവുന്ന ആഖ്യാനങ്ങൾ തെളിവുനൽകുന്നുണ്ട്. ഈ രചനകളുടെയെല്ലാം മറുപുറത്ത് - എല്ലാമല്ലെങ്കിലും ഭൂരിഭാഗവും - ഇവയുടെ എഴുത്തുകാർ പാശ്ചാത്യമായ ഒരു തരം പ്രത്യയശാസ്ത്രഭയത്തിന്റെ സന്തതികളോ ചാർച്ചക്കാരോ അല്ലേ എന്ന വിചാരണയ്ക്കു കൂടി ‘തേരൊലികൾ’ അവസരമൊരുക്കുന്നുണ്ട്. അതു വിശദമായ മറ്റൊരു ചർച്ചയാണ്. എങ്കിൽ പോലും ചോരമണക്കുന്ന അനുഭവകഥനങ്ങളുടെ സത്യസന്ധതയെ സംശയിക്കാൻ അത് കാരണമാവേണ്ടതില്ല. അധികാരത്തിന്റെ തേർവാഴ്ചകൾക്കിടയിൽ കുടുങ്ങിയും തകർന്നും ഹതാശരായ ഒരുകൂട്ടം ജീവിതമാണ് മുന്നിൽ. ഇരകളുടെ മാത്രം ആഖ്യാനമല്ല ഇവിടെ ആലോചനാവിഷയം എന്നത് വൈകാരികമായ ഏകതാനതയിൽ നിന്ന് പുസ്തകത്തെ മാറ്റി നിർത്തുന്ന ഘടകമാവുന്നു. ഒരിക്കൽ തേരിലിരുന്നവരും എപ്പോഴും പൽച്ചക്രങ്ങളിൽ ഞെരിഞ്ഞവരും ഒറ്റപ്പന്തിയിലാവുന്നത്, മനുഷ്യനാണ് പ്രധാനം എന്ന നിർണ്ണായകമായ ബോധ്യത്തിന്റെ തട്ടകത്തിലാണ്. പ്രത്യക്ഷ അനീതികളും അസമത്വങ്ങളും വാലിൽ കെട്ടി ആകാശത്തേയ്ക്കു പറത്തുന്ന ആകർഷകമായ ഉട്ടോപ്യൻ രാഷ്ട്രീയവിശ്വാസങ്ങളുടെ പ്രതിപക്ഷത്തു നിൽക്കാൻ ആകെ വേണ്ട മൂലധനം, മനുഷ്യത്വത്തിലുള്ള വിശ്വാസവും അതിരുകളില്ലാത്ത മനുഷ്യസ്നേഹവുമാണ്. കേവലവികാരത്തിന്റെ കോലം തുള്ളലുകളിൽ നിന്ന് അക്ഷരങ്ങളെ രക്ഷിച്ചെടുക്കുന്നതാവട്ടെ, ചരിത്രബോധവും സുദീർഘമായ നാൾവഴികളെ കൈവശമാക്കിയ വായനസംസ്കാരവും. ഇതെല്ലാം കൂടിയാണ് ‘തേരൊലികളെ’ പ്രസക്തമാക്കുന്നത്.

കൂടെ ഒരു കാര്യം ചൂണ്ടിക്കാണിക്കാതെ വയ്യ. വേണ്ടത്ര എഡിറ്റിംഗും പ്രൂഫ് തിരുത്തലുമില്ലാതെ ഇതിൽ കടന്നു കൂടിയിരിക്കുന്ന പിശകുകളെപ്പറ്റിയാണ് അത്. പരാമൃഷ്ടമായ പുസ്തകങ്ങളുടെ പേരു തെറ്റിച്ചും (ദേ വുഡ് നെവെർ ഹർട്ട് എ ഫ്ലൈ എന്ന പുസ്തകത്തിന്റെ പേര്, ദ നെവെർ ഹാർട്ട് എ ഫ്ലൈ എന്ന്. പേ.118) വാക്യങ്ങളുടെ ഘടനയും വ്യാകരണവും തെറ്റിച്ചും (‘ചതുശ്ശക്തി സമ്മേളനത്തിൽ പങ്കെടുത്ത അമേരിക്കൻ പ്രസിഡന്റ് വിത്സൺ ഇൻ ഡോ ചൈനയ്ക്ക് സ്വയം ഭരണാ‍വകാശം നൽകുന്നതും അനുഭാവത്തോടെ പരിഗണിക്കണമെന്ന അപേക്ഷയുമായി എത്തിയ 29 കാരനായ ഹോചിമിനിലൂടെയും ഏഷ്യയുടെ... സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.’ പേ. 20, ‘... ജനനത്തിനു വഴി തെളിക്കുകയും അവർ മനുഷ്യ ചരിത്രത്തിൽ ഒരിക്കലും ഉണങ്ങാത്ത.. മുറിവുണ്ടാക്കിയതെങ്ങനെയെന്നും..” പേ.22, ‘ഒളിച്ചോട്ടത്തിൽ നിന്നും അംഗമാകുന്നത് ഉപകരിക്കുമെന്നും..’ പേ. 155, ‘ലേഡി മാക്ബത്തിനെ കമ്പോടു കമ്പ് വിമർശിച്ച പ്രാവ്ദ എന്ന് വിശേഷിപ്പിച്ചു.‘ പേജ് 105, ‘ശ്രവണപുടങ്ങളിൽ ഒച്ചയില്ലാത്ത ഒച്ച നിറയുന്നു.’ പേ.61, ‘.. മകൻ പശ്ചാത്തപിക്കുകയും അയാളുടെ മൃതദേഹം പുറത്തെടുത്തിരുന്നത്.’ പേ.12) വാക്കുകളും പേരുകളും തെറ്റായി ചേർത്തും ( ഓൾഗ യ്ക്ക് ഒഗ, നാദിയയ്ക്ക് നാട്യ, മരണം വരെ എന്ന അർത്ഥത്തിൽ ആമരണം എന്നതിനു പകരം ‘ആ മരണം’, ‘അദ്ധ്യാപകനശൈലി, ഒന്നാമന്റെ ക്ഷാത്രപാത്രം, തൊഴിലാളിക‘ലെ’, ഒരു കൃതിയ്ക്ക് ‘കൃതികളെ’) എന്നിങ്ങനെ അച്ചടിപ്പിശാചുകളുടെയും തിരുത്തപ്പെടേണ്ട, ഭാഷാപരമായ തെറ്റുകളുടെയും ഘോഷയാത്രതന്നെയുണ്ട് പുസ്തകത്തിൽ, അങ്ങോളമിങ്ങോളം.
----------------------------------
തേരൊലികൾ
എസ് ജയചന്ദ്രൻ നായർ
ഒലീവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
വില : 120 രൂപ

October 2, 2011

വീട്ടുമുറ്റത്തെ ഓക്കുമരം
മാടമ്പിന്റെ ‘പൂച്ചക്കുറിഞ്ഞ്യാര് ’ എന്ന (കുട്ടികൾക്കുള്ള) പുസ്തകത്തിന്റെ ആമുഖത്തിൽ, ഇതുപോലുള്ള കഥകൾ കിട്ടിയാൽ കൂട്ടുകാർ തനിക്ക് അയച്ചു തരണമെന്ന് ഒരു അഭ്യർത്ഥനയുണ്ട്. വലിയ ആളുകൾ പറഞ്ഞത് പകർത്തിയെഴുതി അയക്കുകയല്ല, മറിച്ച് നിങ്ങൾ കേട്ട കഥകൾ നിങ്ങളുടെ രീതിയിൽ എഴുതി അയക്കാനാണ് അപേക്ഷ. മുതിർന്ന ഒരാൾ - അപ്പൂപ്പൻ തന്നെ- കുട്ടികൾക്കായുള്ള കഥകൾ, കുട്ടികളുടെ ഭാഷയിൽ സമാഹരിക്കാൻ ശ്രമിക്കുന്നതിൽ തലമുതിർന്ന ഒരു കുട്ടികൌതുകമുണ്ട്. നമ്മളിതുവരെ അമ്മൂമ്മക്കഥകളെക്കുറിച്ചാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോൾ കുട്ടികൾ പറയുന്നതുകേൾക്കാൻ അപ്പൂപ്പന് കൌതുകമുണ്ടെന്നാണ് പറയുന്നത്. ലോകം തലതിരിഞ്ഞു. കാർട്ടൂൺ സിനിമകളിൽ ഇങ്ങനെയൊരു ലോകം വന്ന് പല്ലിളിച്ച് നിൽ‌പ്പാണ്. ഉറുമ്പ് സന്നാഹങ്ങളുമായി സ്രാവുവേട്ടയ്ക്കു പോകുന്നതിലെ കിസ്സ കുട്ടിയ്ക്കു മനസ്സിലാകുന്നതുപോലെ അമ്മാമ്മയ്ക്ക് മനസ്സിലാവില്ല. പുതിയൊരു കാർട്ടൂൺ സിനിമയിലെ - അപ്പ് എന്നാണ് പേര്- അപ്പൂപ്പൻ, അമ്മൂമ്മയുടെ ജീവിതാഭിലാഷം സാധ്യമാക്കാൻ, അതുവരെ താമസിച്ചു വന്ന വീടിനെ പറപ്പിച്ച് ഹൈഡ്രജൻ ബലൂണുകളുടെ സഹായത്താൽ പറപ്പിച്ച് കൊടുമുടിയുടെ അഗ്രത്ത് കൊണ്ടു വച്ച് ചാരിതാർത്ഥ്യം അടയുന്നതുകണ്ടു, മൂക്കത്തു വിരളു വച്ചു പോയി. ബലൂണുകൾ കൊണ്ട് പൊക്കിപ്പറത്താവുന്ന ഒരു വീട്! മാത്രമല്ല അപ്പൂപ്പൻ അസുഖം വന്നു മരിച്ചുപോയ അമ്മൂമ്മയെ പോലെ തനി വികൃതിയായ സാഹസികകാരൻ കുട്ടിയാണെന്ന് അധികം താമസിക്കാതെ നാം മനസ്സിലാക്കുന്നു. പഴം കഥകൾ അമ്മൂമ്മ വ്യാഖ്യാനിച്ചു തന്നതുപോലെ ഇനി കുട്ടി അമ്മൂമ്മയ്ക്ക്, അവരുടെ ജീവിതം പ്രമേയമായി വരുന്ന ആധുനിക ജനപ്രിയ ആഖ്യാനം, അപ്പൂപ്പനമ്മൂമ്മമാർക്ക് വ്യാഖ്യാനിച്ചുകൊടുക്കേണ്ടതായി തല തിരിഞ്ഞു കാലം എന്നാണ് മൊത്തത്തിൽ അർത്ഥം.

ആഖ്യാനമാണല്ലോ കഥകളുടെ ജീവൻ. അതുകൊണ്ട് മുൻപ് കേട്ട കഥകളല്ല നമ്മൾ പിന്നെ കേൾക്കുന്നതെന്നും പറയാം. സ്വർണ്ണപ്പക്ഷിയെ കിട്ടിയ മരംവെട്ടുകാരൻ രാജകുമാരിയെ ചിരിപ്പിച്ചതുകൊണ്ട് അയാൾക്ക് പകുതി രാജ്യം കിട്ടി. രാജകുമാരിയെയും കിട്ടി. (കഥകളിൽ ഇങ്ങനെ പങ്കുവയ്ക്കപ്പെടുന്ന പാതിരാജ്യങ്ങളെത്രയാണ്, ദരിദ്രന്റെ ഭാര്യയാവുന്ന രാജകുമാരിമാരെത്ര! മറ്റെവിടെയാണ് ഈ വിസ്മയകരമായ വ്യവസ്ഥ നിങ്ങൾക്ക് കാണാനാവുക?) പക്ഷേ അയാളുടെ പക്ഷിയുടെ തൂവലിൽ ഒട്ടി പിന്നാലെ നടന്ന സത്രം സൂക്ഷിപ്പുകാരനെയും മൂന്നു പെണ്മക്കളെയും കണ്ട് നാട്ടുകാരും അവസാനം രാജകുമാരിയും ചിരിയോടു ചിരി ചിരിച്ചതിന്റെ പരിണതഫലമാണ് അയാളുടെ സൌഭാഗ്യം. പക്ഷേ ആർത്തി മൂത്ത് സ്വർണ്ണപക്ഷിയെ തൊട്ട് ഒട്ടി ജീവിതം കുരുക്കിലായ ഒരു കുടുംബത്തെപ്പറ്റി ഒന്നും പറയാതെ കഥ തീർന്നു. കഥയിൽ ചോദ്യമില്ല. രാജാവ് നഗ്നനാണെന്ന് വിളിച്ചു കൂവിയ കഥയിലെ, ഉടുതുണിയില്ലാത്ത രാജാവിനെ നന്നാക്കിയ വിദേശികളായ നെയ്തുകാരെ മറന്നിട്ടാണ് സമൂഹബോധം വിടുവായനായ ഒരു കുട്ടിയുടെ പിന്നാലെ പാഞ്ഞതെന്ന് തോന്നുന്നു. ഇതേ കുട്ടി ചെന്നായ വന്നേ എന്നു വിളിച്ചു പറഞ്ഞ് കഥയിലും ഉണ്ട്. വിളിച്ചു പറയൽ ഒന്നും അറിയിക്കാനല്ല. തന്നിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കാനും കൂടിയാണ്. എന്നു വച്ചാൽ മാധ്യമം. വാക്കിലാണല്ലോ ഇന്നും നമ്മുടെ കൂടുതൽ ശ്രദ്ധ. പ്രവൃത്തിയിലല്ല. അതുകൊണ്ട് ആഢംബരഭ്രമക്കാരനായ രാജാവിനെതിരെയുള്ള ചെയ്‌വന, -അയാളെ തുണിയുരിച്ച് ജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ച ബുദ്ധിശാലിത്വം- നമുക്കത്ര പ്രാധാന്യമുള്ളതായി തോന്നിയില്ല. ഇന്നും തോന്നുന്നില്ലെന്നിടത്ത് കഥകൾ പുനരവലോകനത്തിനായി കാത്തുകെട്ടി കിടക്കുന്നു. അറിവിലേയ്ക്ക് തിരിച്ചെത്തുമ്പോൾ ജീവിതം സുഖകരമാവും എന്നു പറഞ്ഞാണ് നാടോടികഥകളുടെ പൊരുളുറപ്പിക്കുന്നത്. ഉപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് മകൾ അച്ഛന് ബോധ്യപ്പെടുത്തിക്കൊടുത്ത ഒരു കഥയില്ലേ? അച്ഛനോട് തനിക്ക് ഉപ്പോളം സ്നേഹമുണ്ടെന്ന് പറഞ്ഞ സത്യസന്ധയായ മകളെ പുറത്താക്കിയ അച്ഛന്റെ കഥ. അവസാനം ജീവിതത്തിൽ ഉപ്പാണ് പ്രധാനം എന്ന് മകൾ, പാചകത്തിലും കണ്ണീരിലും ഉള്ള ഉപ്പ് അനുപാതങ്ങളുടെ അനുഭവസാക്ഷ്യങ്ങളോടെ അച്ഛന് ബോധ്യപ്പെടുത്തിക്കൊടുത്തു. അരയന്നങ്ങളുടെ കൂട്ടത്തിൽ തിരിച്ചെത്തിയപ്പോൾ അംഗീകൃതയും ബഹുമാന്യയുമായ ചണ്ടിത്താറാവിന്റെ കഥയിലും - യഥാർത്ഥത്തിൽ വളൊരു അരയന്നക്കുട്ടിയായിരുന്നു. താറാക്കൂട്ടത്തിൽ‌പ്പെട്ടുപോയതുകൊണ്ട് അപഹാസ്യയും നിന്ദ്യയുമായി കഴിഞ്ഞു വരികയായിരുന്നു- രാജകുമാരിയെ ചിരിപ്പിച്ച മന്ദൻ ജാക്കിന്റെ ആഖ്യാനത്തിലും തിരിച്ചറിവുകളാണ് ഗുണപാഠങ്ങളേക്കാൾ പ്രധാനമാവുന്നത്.

അപ്പോൾ കുട്ടിക്കഥകൾ വായിക്കുകയും രസിക്കുകയും ചെയ്യുന്നത് ഉള്ളിൽ വളരാൻ മടിച്ചു നിൽക്കുന്ന കുട്ടിയാണെന്ന സങ്കൽ‌പ്പത്തെ അതുപോലെ ഉപ്പിലിട്ടു സൂക്ഷിക്കണോ ഇനിയും ? കഥകൾ നമ്മുടെ കൂടെ വളരുകയും മുതിരുകയുമാണ്. വിജാതീയ വിവാഹത്തിന്റെ ദോഷങ്ങളെക്കുറിച്ചുള്ള ആലോചനയുടെ ഒടുവിൽ അതുവേണ്ടെന്ന് തീരുമാനിക്കുന്ന പുതിയ ഒരു മിനികഥയിലെ കഥാപാത്രങ്ങൾ മണ്ണാങ്കട്ടയും കരിയിലയുമായത് ആകസ്മികമല്ല. ലോകത്തെ സംഗ്രഹിച്ച് ഉള്ളിലേയ്ക്കു പകർന്നു കിട്ടുന്ന ആദ്യാനുഭവങ്ങളായാണ് കുട്ടിക്കഥകളുടെ അവതരണം. പിന്നീട് ജീവിതഘട്ടങ്ങളിലോരോന്നിലും വച്ച് ഉചിതമായതെടുത്ത് സ്വയം അളക്കാൻ അതു കൂട്ടു നിൽക്കും. എത്ര ലേഖനങ്ങളിൽ ‘രാജാവ് നഗ്നനാണെന്ന് വിളിച്ചു കൂവിയ കുട്ടി’ കയറിപ്പറ്റിയിട്ടുണ്ടെന്ന് നോക്കുക. ഗുണപാഠങ്ങളായി മാത്രം പ്രവർത്തിക്കുകയാണ് അവയുടെ ലക്ഷ്യം എന്നു വിചാരിച്ചാൽ തെറ്റി. അതുകൊണ്ട് വലിപ്പങ്ങളുടെ ആപേക്ഷികത തെറ്റിച്ച് ആഖ്യാനം, ഉറുമ്പിനെ സ്രാവുവേട്ടക്കാരനാക്കുകയും വീടിനെ ബലൂണുകൾ കൊണ്ട് പറത്തുകയും കളിപ്പാട്ടങ്ങൾ കുട്ടിയുടെ ഭാഗധേയത്തിൽ ഇടപെടുകയും ഇതിലൊക്കെ നമ്മെ തലയറഞ്ഞ് വിലയിപ്പിക്കുകയും ചെയ്യുന്നത്. കാർട്ടൂണുകളുടെ ആനിമേഷനുകളുടെയും കാലം ഭാവനകളുടെ നിലയില്ലാ കയങ്ങളെ ഒന്നു മെരുക്കിയെടുത്തിട്ടുണ്ട്. വാമൊഴിയിൽ നിന്ന് വരമൊഴിയിലേയ്ക്ക് കഥപറച്ചിലുകൾ കടന്നു കയറിയ കാലത്തും ഭാവുകത്വത്തിന്റെ അമൂർത്തതകൾ മൂർത്തമാവുന്നതിനെപ്പറ്റിയുള്ള നെടുവീർപ്പുകൾ എതെങ്കിലുമൊക്കെ കോണുകളിൽ നിന്നുയർന്നു കാണും. ദൃശ്യമാധ്യമങ്ങൾ ഇപ്പോൾ അവയെ പിന്നെയും മൂർത്തമാക്കുന്നു. നമ്മുടേത് കൂടുതൽ കൂടുതൽ കാഴ്ചയുടെ ലോകമായിക്കൊണ്ടിരിക്കുന്നു.എങ്കിലും കറുപ്പിലും വെളുപ്പിലുമായി രേഖീയമായി നീങ്ങുന്ന അമ്മൂമ്മ/ അപ്പൂപ്പൻ കഥകൾക്ക് പ്രേയസ്സ് നഷ്ടപ്പെടുന്നില്ലെന്നുള്ളതുകൊണ്ടാണല്ലോ പുതുഭാവങ്ങളിൽ മുതലയും മണ്ണാങ്കട്ടയും ഭീമനും ഹനുമാനും അലാവുദീനും കാർത്തുവും പൂപ്പിയും അവതരിച്ചുകൊണ്ടിരിക്കുന്നത്.

അതൊരു വശം. സിദ്ധാന്തം വിടാം. കുട്ടിക്കഥകളായി തന്നെയും അവയ്ക്ക് നിലനിൽ‌പ്പുണ്ട്. കളിക്കുടുക്കയിലെയും ബാലഭൂമിയിലെയും കഥകൾ കുട്ടികൾക്ക് വായിച്ചുകൊടുക്കാൻ മാത്രമുള്ളതല്ല, വായിക്കുന്നതിനിടയ്ക്ക്, മഷിത്തണ്ടു മണപ്പിച്ചു നടന്ന കാലം തന്ന ഈടു വയ്പ്പുകളെ, ദുർമേദസ്സും പ്രമേഹവും അടിഞ്ഞ് അന്യാധീനപ്പെട്ട് തകരാറിലായ ഒരു ജീവിതത്തിന് എന്തായിരുന്നു എന്ന് തിരിഞ്ഞു നോക്കി ചായാനുള്ള ഒരു ഉപാധികൂടിയായിപ്പോയാൽ എന്താ കുറ്റം? പ്രോഗ്രസ്സ് പബ്ലിക്കേഷന്റെ കുട്ടിക്കഥകളും ചിത്രങ്ങളും, വാളമീൻ കൽ‌പ്പിക്കുന്നു, തുടങ്ങിയവ പഴയ ഗ്രാമഫോൺ പോലെ ഇന്നും അന്വേഷിച്ചു നടക്കുന്നവരുണ്ട്. വെടിയുണ്ടയിൽ നിന്ന് ഒഴിഞ്ഞുമാറിയും ഹെലികോപ്ടറിൽ നിന്ന് പാറയിലേയ്ക്ക് ചാടി മൂട്ടിലെ പൊടിതട്ടിയും ഡിക്ടറ്റീവ് മൂസയും ഡിക്ടറ്റീവ് മാക്സും നിറഞ്ഞാടിയ കണ്ണാടി വിശ്വനാഥന്റെ ക്ലാസിക്കുകൾ ആരുടെയെങ്കിലും കൈവശം ഇന്നും ഉണ്ടാവുമോ എന്തോ? എന്തായാലും അവ ഓർമ്മയിലുണ്ട്. ഇന്ദ്രജാൽ കോമിക്സുകളുടെ വരവാണ് മൂസയുടെ പ്രതാപം തകർത്തത്. ഫാന്റവും മാൻഡ്രേക്കും ഫ്ലാഷ് ഗോർഡനും ആണ് നമ്മുടെ വീട്ടുമുറ്റത്തും ഓക്കുമരങ്ങൾ നട്ടത്. അടിയുടെ ഒച്ച ടമാർ പടാറിൽ നിന്ന് ഡിഷ്യൂം-മിലേക്ക് മാറി. അത് നമ്മുടെ ചുവടുമാറ്റത്തിന്റെ കാലം കൂടിയായിരുന്നെന്ന് തോന്നുന്നു. ഇംഗ്ലീഷുമീഡിയം ആഷ് പോഷുകൾ മാത്രമല്ല മലയാളിപ്പിള്ളേരും ടാർസനെയും ലോതറെയും പറ്റി സംസാരിച്ചു. ടാറ്റാപുരം സുകുമാരന്റെയോ സുമംഗലയുടെയോ മാലിയുടെയോ കഥകൾ കുറച്ചുകൂടി മുതിർന്ന കാലത്തിലിരുന്നാണ് നാം വായിച്ചതെന്നു തോന്നുന്നു. പൈ അങ്കിളിന്റെ അമർചിത്രകഥകൾ കൂട്ടികളെ കൂടുതൽ പഠിപ്പിസ്റ്റുകളാക്കി. ചരിത്രം ഓട്ടൻ സാറിന്റെ ക്ലാസിലെ മാത്രം കാര്യമല്ലെന്ന് അങ്ങനെ അറിഞ്ഞു. ചരിത്രത്തിൽ തിളങ്ങിയവരെല്ലാം സുന്ദരന്മാരും സുന്ദരികളും. ഝാൻസി റാണിയ്ക്കും ചന്ദ്രശേഖര ആസാദിനും അക്ബറിനും ശിവജിയ്ക്കും അമർ ചിത്രകഥകളിലെ സുന്ദരരൂപമല്ല ഉള്ളത് എന്ന് ആരു തെളിവു തന്നാലും വിശ്വസിക്കില്ല. രവിവർമ്മയ്ക്ക് ദൈവങ്ങളെ സൃഷ്ടിക്കാൻ കഴിഞ്ഞതുപോലെയാണ്, രാം വയീർക്കർക്കും മോഹൻദാസിനുമൊക്കെ ചരിത്രവ്യക്തിത്വങ്ങളെ.

മാടമ്പിന്റെ പുസ്തകത്തിലെ ‘പൂച്ചകുറിഞ്ഞ്യാര് ’വെറും ഒരു വളർത്തു പൂച്ചയല്ല. ആലിബാബയിലെ ബുദ്ധിമതിയായ അടിമപ്പെണ്ണിനെപോലെ നിസ്വാർത്ഥമായ യജമാനസേവയുടെ പ്രതിരൂപമാണ്. അവളുടെ യജമാനൻ ഫ്യൂഡൽ പ്രഭുവൊന്നുമല്ല. അത്യാവശ്യം മണ്ടത്തരങ്ങളും അലസതയും കൊടുമ്പിരിക്കൊള്ളുന്ന ദാരിദ്ര്യവുമുള്ള സാധാരണക്കാരനായ ഒരു പാവം. അയാൾക്ക് പാതിരാജ്യം നേടിക്കൊടുത്തു രാജകുമാരിയെയും കെട്ടിക്കൊടുത്ത് സുഖിമാനാക്കാൻ അവളല്ലാതെ മാറ്റാരുണ്ട്! നാടോടി കഥകളിലെ ഭീകരസത്വം ക്രൂരജീവിയുമല്ല. (ബ്യൂട്ടിയും ബീസ്റ്റും അല്ലെങ്കിൽ രാജകുമാരിയെ തട്ടിക്കൊണ്ടുപോയി കാത്തു കാത്തു സൂക്ഷിക്കുന്ന രാക്ഷസൻ) ജീവിതത്തിലെ അവസ്ഥാന്തരങ്ങളെ കുട്ടിക്കഥകൾ കൈപ്പിടിയിലാക്കിവച്ചിരിക്കുന്ന രീതിയാണത്. സ്നേഹം ഏതു നരകത്തെയും സ്വർഗമാക്കുന്ന അനുഭവമാണ് അവയ്ക്കുള്ളിൽ. ദാരിദ്ര്യവും വിനയവും ജീവിത ഉയർച്ചയ്ക്കുള്ള ചവിട്ടു പടികളും. അസമത്വങ്ങളെ കാൽ‌പ്പനികവൽക്കരിക്കുന്ന പ്രവണത, കലയുടെ പ്രാഥമികമായ ആകർഷണതന്ത്രങ്ങളിൽ ഒന്നായി കുട്ടിക്കഥകളിൽ ചേക്കേറിയിരിക്കുന്നതിൽ അദ്ഭുതമൊന്നുമില്ല. പക്ഷേ അതിനേക്കാൾ ജീവിതത്തെ ജീവിക്കാൻ കൊള്ളാവുന്നതാക്കുന്ന മൂല്യങ്ങളെ കാലഘട്ടത്തിനനുസൃതമായി അന്വേഷിക്കുകയായിരുന്നു ഈ കഥകൾ എന്നു വിചാരിക്കുകയാണ് എളുപ്പം. പക്ഷേ അത് തിരിച്ചറിയുക അത്ര എളുപ്പമല്ല, വട്ടിയ്ക്കകത്തെ വട്ടിയ്ക്കത്തെ വട്ടിയ്ക്കകത്ത് സൂക്ഷിച്ചു വച്ചിരിക്കുന്ന കുന്നിമണിപോലെയാണ് കാര്യങ്ങൾ. ഈ കുട്ടിക്കഥകളുടെ പരിച്ഛേദം, ചുറ്റും കൈപൊക്കി ആർക്കുന്ന പ്രാതികൂല്യങ്ങളെ മുഖാമുഖം നേരിട്ട് ചുളിവു വീണുപോയ ഒരു മുഖം, കുഞ്ഞുറുമ്പിന്റെ വിസ്മയവുമായി മുന്നിലിരിക്കുന്ന ഇളം തളിരുകൾക്ക് പങ്കു വച്ച ഏറ്റവും പ്രസന്നമായ ജീവിതവീക്ഷണങ്ങളാണ്. അതും ഒരു തിരിച്ചറിവിന്റെ ഭാഗമാണ്. അജ്ഞാതമായ ആനന്ദത്തെ തേടി നാം ലോകം മുഴുവൻ അലയേണ്ടതില്ലെന്നും സ്വന്തം വീട്ടിലെ ‘ഓക്കു’മരത്തിന്റെ താഴെയുണ്ട് ആ നിധിയെന്നുമാണ് കഥകൾ പറഞ്ഞു. പറഞ്ഞിട്ടുകാര്യമില്ല, നമ്മൾ സ്വപ്നം കണ്ടു കണ്ട് ഉണരാതെ സന്നിഹിതരാവുകയാണ്. അതിൽ ചെറിയൊരു പ്രാണനും കൈയിൽ വച്ച് വെന്തകാലുമായി നമ്മൾ ഓടിക്കൊണ്ടേയിരിക്കുന്നു .