Showing posts with label നോളൻ. Show all posts
Showing posts with label നോളൻ. Show all posts

July 19, 2026

ഹെലനും ക്ലൈറ്റംനെസ്ട്രയും

 

ഹെലനെക്കുറിച്ചു മാത്രമേ കേൾക്കാനുള്ളൂ, അഗമ്നണിന്റെ ഭാര്യയായിരുന്നു ഹെലന്റെ സഹോദരി ക്ലൈറ്റംനെസ്ട്രയായി ക്രിസ്റ്റഫർ നോളന്റെ സിനിമയിൽ അഭിനയിച്ചതും കെനിയൻ -മെക്സിക്കൻ താരമായ ലുപിത അമോണ്ടി നിയോംഗോയാണ്. ഇതുപോലെ അവർ ഇരട്ട വേഷത്തിൽ അഭിനയിച്ചത്, ജോർദ്ദാൻ പീലിയുടെ US (2019) എന്ന ചിത്രത്തിലാണ്. അഡിലെയ്ഡ് എന്ന വീട്ടമ്മയായും, അവരെ തിരക്കി അധോലോകത്തിൽനിന്നെത്തുന്ന നിഴലായ 'റെഡ്' ആയും, നായികയായും പ്രതിനായികയായും, അവർ ആ സിനിമയിൽ അഭിനയിച്ചു. അതിന്റെ ഒരാവർത്തനം, ഒരു പക്ഷേ ‘അസ്-ലെ അവരുടെ വേഷത്തിൽനിന്നുള്ള പ്രചോദനമെന്നു പറയാവുന്ന സംഗതി, ഒഡീസിയിലുണ്ട്. ‘അസിലെ പ്രേതരൂപിയായ റെഡിനു പറയാൻ ഒരു കാരണമുള്ളതുപോലെ, മൈസീനിയുടെ രാജാവും ഗ്രീക്കിലെ കരുത്തുറ്റ പോരാളിയും അഹങ്കാരിയുമായ അഗമ്നണിനെ, കാമുകനായ ഈജിസ്റ്റസൂമായി ചേർന്ന് കൊന്നതിന് ക്ലൈറ്റംനെസ്ട്രയ്ക്ക് വിശ്വസനീയമായ ഒരു കാരണമുണ്ട്. തന്റെ സുഖകരമായ കപ്പൽ യാത്രയ്ക്കു വേണ്ടി മകളായ ഇഫിജീനിയയെ അയാൾ ബലി കൊടുത്തിരുന്നു. ഗ്രീക്കു പുരാണത്തിൽ, ആദ്യം വിസമ്മതിച്ചെങ്കിലും ഇഫിജീനിയ സ്വയം ആവശ്യപ്പെടുകയായിരുന്നു ബലിക്ക്. എന്നാൽ നോളന്റെ ഇഫിജീനിയ കൊച്ചുകുട്ടിയാണ്. അവൾക്ക് മരണത്തിന്റെയോ ബലിയുടെയോ അർത്ഥമറിയാനുള്ള പ്രായമായിട്ടില്ല. 
 
ഹെലനെ ആരും തട്ടിക്കൊണ്ടു പോയതല്ല, അതിസുന്ദരനായ പാരീസിനൊപ്പം രാജ്യം വിട്ടുപോയതാണ്. (പ്രണയിച്ചു, വശീകരിച്ചു വിവാഹവാഗ്ദാനം നൽകി.. എന്നിടംവരെ ശരിയാണ്.. വഞ്ചിച്ചു എന്നു പറയാനാവില്ല.) തനിക്കു ചെയ്ത ഉപകാരത്തിനു പകരമായി, കാമത്തിന്റെ ദേവതയായ ആഫ്രോഡൈറ്റി പാരീസിനു നൽകിയ സമ്മാനമാണ്, ഹെലൻ. ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ’ എന്ന ആശയത്തെ രൂപകമായെടുത്താൽ ഇരുവർക്കും പരസ്പരമുള്ള അതിയായ ശാരീരികാകർഷണം വ്യക്തമാകും. തതപ്രയമുള്ളവർക്കാല്ലാതെ മറ്റാർക്കാണ് പങ്കാളി ലോകത്തിലേക്കുംവച്ച് ഏറ്റവും സുന്ദരൻ/സുന്ദരി എന്നു തോന്നുക? താത്പര്യമില്ലെങ്കിൽ വെളുത്തും ചുവന്നും തവിട്ടുനിറത്തിലും ഇരുന്നതുകൊണ്ട് ആരും സുന്ദരിയോ സുന്ദരനോ ആയി വകവച്ചുകൊടുക്കുകയുമില്ല. നോളൻ മാനസികഭാവങ്ങളെയാണ്, അബോധത്തിലെ ഉയിർപ്പുകളെയാണ്, ദൈവങ്ങളായി എണ്ണുന്നത്. ബുദ്ധിയുടെയും വിവേകത്തിന്റെ പ്രതീകമായ അഥീന, (നവനീത കോമളാംഗിയായ യവനി...) പുരാണത്തിലും നോളന്റെ സിനിമയിലും ഒഡീസിയൂസിന്റെ കൂടെയുണ്ട്. ഉടനീളം. അമേരിക്കയിലെ ജനപ്രിയതാരമായ സെൻഡായ മാരി സ്റ്റോമർ കോൾമാനാണ് ചിത്രത്തിലെ അഥീന. ടെലിമാക്കസായി അഭിനയിച്ച ടോം ഹോളണ്ടിന്റെ കൂട്ടുകാരി. അഥീന ദൈവമല്ല, ഒഡീസിയൂസിന്റെ ധാർമ്മിക അബോധമാണെങ്കിൽ അതു ശുഭവും ശുഭ്രവുമാണ്.. സഹോദരിമാരായ ഹെലനെയും ക്ലൈറ്റംനെസ്ട്രയെയും ഒരു വശത്തും അഥീനയെ മറുവശത്തും (ഒപ്പം ആൻ ഹാത്തവേയുടെ പെനിലോപ്പിയെയും) വച്ചാലോചിച്ചാൽ അവിടെ ഒരു വിപരീതമുണ്ടെന്നു മനസിലാകും.
ഒരാൾ വാത്സല്യംകൊണ്ടും മറ്റേയാൾ കാമം കൊണ്ടും എടുത്തുചാടുന്നു. അതിന്റെ ഫലം കൂടിയാണ് ട്രോജൻ യുദ്ധത്തിന്റെ എന്നപോലെ അതിന്റെ പരിണാമത്തിന്റെയും ബാക്കി ദുരന്തങ്ങൾ. ഇത് സിനിമയുടെ അബോധമാണ്. ചലച്ചിത്രത്തിന്റെ പ്രമേയഗതിയും ബോധവും ഇങ്ങനെയേ അല്ല. എന്നാലും അനേകം ബലികളെ ഊട്ടുന്ന യുദ്ധത്തെയും അതിന്റെ പരിണാമത്തെയും ഇരുണ്ട വശമായി ചിത്രീകരിക്കാനുള്ള ക്രിയാത്മക സന്നാഹത്തിന്റെ ഭാഗമല്ലേ ഹെലൻ - ക്ലൈറ്റംനെസ്ട്ര കഥാപാത്രങ്ങൾക്കുവേണ്ടിയുള്ള ലുപിതയുടെ തെരെഞ്ഞെടുപ്പ്.
 
സിനിമ സമൂഹത്തിന്റെ ബോധംമാത്രമല്ല അബോധം കൂടിയായതിനാൽ, ഈ തെരെഞ്ഞെടുപ്പിന്റെ പുറഭാഗഭംഗിമാത്രം നോക്കിയാൽ പോരല്ലോ.. അതുകൊണ്ട് ‘വോക്ക്’ എന്നും പറഞ്ഞ് ആർക്കുന്നതിനു മുൻപ് ഒന്നുകൂടി ചിന്തിച്ചാലെന്താണ്? 
 
fb