August 20, 2020

ഉംബെർട്ടോ എക്കോ പുസ്തകം

 

ഉംബെർട്ടോ എക്കോയുടെ ആദ്യ നോവൽ ‘റോസാപ്പൂവിന്റെ പേര്’ പ്രസിദ്ധീകരിക്കുന്നത് 1980 -ലാണ്. സാഹിത്യകാരൻ എന്ന നിലയ്ക്ക് ലോകപ്രശസ്തി നേടിക്കൊടുത്ത ഈ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങുമ്പോൾ എക്കോയ്ക്ക് 51 വയസ്സാണ്. ‘ന്യൂമെറോ സീറോ’ എന്ന ഏഴാമത്തെ നോവൽ ഇറ്റാലിയനിലും ഇംഗ്ലീഷിലുമായി  ഒന്നിച്ചു പുറത്തിറങ്ങിയത് എക്കോയുടെ എൺപത്തി മൂന്നാമത്തെ വയസ്സിലാണ്. 2015-ൽ. മരണത്തിന് ഒരു വർഷം മുൻപ്.  മനുഷ്യന്റെ സൃഷ്ടിപരമായ ശേഷികൾ നാല്പതുകളിൽതന്നെ വറ്റിപ്പോകുമെന്നു വിചാരിക്കുന്ന ഒരു വലിയ വിഭാഗം സാഹിത്യ മൂപ്പന്മാർക്കെതിരെയുള്ള ഗൂഢാലോചനയായിരുന്നു എക്കോയുടെ നോവൽ സംരംഭങ്ങൾ എന്നു വേണമെങ്കിൽ പറയാം.

എക്കോയുടെ എഴുത്തിന്റെ പിന്നിലെ ഒഴിയാബാധകളിലൊന്ന് ഗൂഢാലോചനാപദ്ധതികളായതുകൊണ്ട് ആ വാക്ക് കാവ്യാത്മകമായി പ്രയോഗിച്ചതാണിവിടെ. നോവലുകളുടെ കാര്യത്തിൽ മാത്രമല്ല, എക്കോയുടെ സവിശേഷപഠനമേഖലകളെയെല്ലാം ആകെ ആഗിരണം ചെയ്തുനിൽക്കുന്ന വെളിച്ചം അപസർപ്പകന്റെ കുശാഗ്രബുദ്ധിയോടെയുള്ള അന്വേഷണങ്ങളാണ്.  യൂറോപ്യൻ മധ്യകാലഘട്ടത്തിലേക്കും ആചാരങ്ങളിലേക്കും എന്നപോലെ ആധുനിക സമൂഹങ്ങളുടെ സ്വഭാവത്തിലേക്കും രാഷ്ട്രീയത്തിലേക്കും ജീവിതത്തിലേക്കും  ഒരുപോലെ അത് ഉത്സുകമാവുന്നു. മനുഷ്യരുടെ വിനിമയ സമ്പ്രദായങ്ങളും അവയുടെ യുക്തിവൈചിത്ര്യങ്ങളുമാണ് ഭൂത-വർത്തമാനകാലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നിഗൂഢമായ ഇടവഴി. ചരിത്രവും ചിഹ്നശാസ്ത്രവും പരിഭാഷകളുമെല്ലാം ഏകാന്തമായ അന്വേഷണയാത്രകൾക്കുള്ള ഉപാധികളാക്കുകയാണ് എക്കോ ചെയ്തത്. അദ്ദേഹത്തിന്റെ എഴുത്തിൽ, അവയുടെ പരസ്പരാശ്രിതത്വം വ്യാഖ്യാനാത്മകമായി തിളങ്ങുന്നതിനുള്ള കാരണം ഇതാണ്.

1956-ൽ ഇറ്റാലിയനിൽ പുറത്തിറങ്ങിയ ‘തോമസ് അക്വിനാസിന്റെ സൗന്ദര്യശാസ്ത്രം (Il problema estetico in San Tommaso) എന്ന പുസ്തകത്തിൽത്തന്നെ അപസർപ്പകശൈലി ഇടം പിടിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ പ്രഫസർമാരിലൊരാൾ കണ്ടുപിടിച്ചിട്ടുണ്ട്. (കൃതിയുടെ പരിഷ്കരിച്ച രൂപം ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത് 1988-ൽ).  ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ലോകത്തെ തങ്ങളുടെ കീഴിലാക്കാനുള്ള ജൂതന്മാരുടെ ഗൂഢാലോചനാ സിദ്ധാന്തത്തെ വിശദീകരിക്കുന്ന വ്യാജരേഖയായ ‘സെഹിയോൺ മൂപ്പന്മാരുടെ ചട്ടങ്ങൾ’ (The Protocols of the Elders of Zion) പ്രേഗ് സിമിത്തേരിയിൽ (2011) കടന്നു വരുന്നുണ്ട്.  ആ നോവലിലെ ഒരേയൊരു കല്പിത കഥാപാത്രമായ സൈമൺ സിമോണിനിയെയാണ് എക്കോ ആ രേഖയുടെ നിർമ്മാതാവായി അവതരിപ്പിക്കുന്നത്. മൂപ്പന്മാരുടെ ചട്ടങ്ങൾ ഒരു ഗൂഢാലോചനയാണ്. ഗൂഢാലോചനയ്ക്കുമേൽ എക്കോ നടത്തിയ സാഹിതീയമായ മറ്റൊരു ഗൂഢാലോചനയാണ് അതിന്റെ പിതൃത്വം സിമോണിനിയിൽ കെട്ടിയേൽപ്പിക്കുന്നത്. 1903-ൽ റഷ്യയിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന്, കല്പിത കഥകളിൽനിന്നാണ് അതിലെ തെളിവുകൾ എന്ന കാര്യംപോലും മറന്ന് ജനം വ്യാപകമായി വായിക്കുകയും സത്യമാണെന്ന് വിശ്വസിക്കുകയും ചെയത രേച്ചകാണ് ‘ചട്ടങ്ങൾ’. അതിനെ ജൂതന്മാർക്കെതിരെ രാഷ്ട്രീയമായി ഉപയോഗിച്ചത് ഹിറ്റ്ലറായിരുന്നു. അത് വ്യാജരേഖയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ. ഇപ്പോഴും ആ‍ അപവാദവിഷം പൂർണ്ണമായും ശമിച്ചിട്ടില്ല. ചരിത്രത്തിലേ ഏറ്റവും വലിയ ചതിയും നിഗൂഢപ്രമാണവുമായിട്ടാണ് എക്കോ ‘സെഹിയോൺ മൂപ്പന്മാരുടെ ചട്ടങ്ങളെ’ കാണുന്നത്. ലോകത്തെവിടെയും ഫാസിസംപോലെയുള്ള നിന്ദ്യമായ രാഷ്ട്രീയപ്രസ്ഥാനങ്ങൾ  വേരുപിടിക്കുന്നത് ഇത്തരം ഗൂഢാലോചനാ സിദ്ധാന്തങ്ങളെ ആവർത്തിച്ചുറപ്പിച്ചുകൊണ്ടാണെന്നതാണ് അവയെക്കുറിച്ചുള്ള പര്യാലോചനകളെ ഇപ്പോഴും പ്രസക്തമാക്കുന്ന ഘടകം.

ഉപജാപങ്ങൾ, രഹസ്യതന്ത്രങ്ങൾ, ഗൂഢാലോചനകൾ തുടങ്ങിയവ പൊതുവെയും നടപടിക്രമങ്ങൾ പ്രത്യേകിച്ചും എക്കോയുടെ രചനകളിൽ ആവർത്തിച്ചു വരുന്ന പ്രമേയങ്ങളാവുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ അധികം പ്രയാസമില്ല. ‘ഫൂക്കോയുടെ പെൻഡുലത്തിൽ (1989)  തമാശയെന്ന നിലയിൽ സാധാരണക്കാരായ മൂന്നു പുസ്തക എഡിറ്റർമാർ ഗംഭീരമായ ഉപജാപം കെട്ടിചമയ്ക്കുന്നു, അത് അവസാനം അവരുടെ ജീവൻതന്നെയെടുക്കുന്നു. വിശിഷ്ടമായ ക്രൈസ്തവസാമ്രാജ്യം നിഗൂഢമായ പൗരസ്ത്യനാടുകളിലെവിടെയോ ഉണ്ടായിരുന്നു എന്നു വിവരിക്കുന്ന കത്ത് കണ്ടെടുക്കുന്ന കാര്യം ബോദോലിനോ (2001) എന്ന നോവലിലുണ്ട്. ആ കത്ത് വ്യാജമാണ്. ചതിയും നുണയും ഗൂഢാലോചനകളും മനുഷ്യരാശിക്ക് ഒഴിവാക്കാൻ പറ്റുന്ന കാര്യങ്ങളല്ലെന്ന് ചരിത്രത്തിനുള്ളിൽ വീർപ്പുമുട്ടിക്കഴിഞ്ഞ സമൂഹങ്ങളെ അടുത്തു പരിശോധിച്ചാൽ മനസ്സിലാവുന്ന കാര്യം. എക്കോ ഈ വസ്തുതയെ, ഒളിമ്പസ് മലനിരകൾക്കു മുകളിൽ സദാ മനുഷ്യരുടെ പ്രശ്നങ്ങളിൽ അപകൃഷ്ടമായ താത്പര്യത്തോടെ ഒളിഞ്ഞു നോക്കിയും കരുക്കൾ നീക്കിയും ഗൂഢാലോചനയിലേർപ്പെട്ട ദൈവങ്ങളിലേക്ക് കൊണ്ടുപോകുന്നു. അതുവഴി ആ രഹസ്യപദ്ധതികളുടെ സാക്ഷിയായ എഴുത്തുകാരൻ ഹോമറിലേക്കും.  മനുഷ്യഭാഷയുടെ (മനുഷ്യവിനിമയങ്ങളുടെ എന്നും പറയാം) പ്രധാനപ്പെട്ട ഒരു ഘടകം കള്ളം പറയാനുള്ള സാധ്യതയാണ്. മൃഗങ്ങൾക്ക് കള്ളം പറയാൻ പറ്റില്ല. പട്ടി കുരയ്ക്കുമ്പോൾ അതിനർത്ഥം പുറത്ത് ആരോ പുറത്തുണ്ടെന്നാണ്. കള്ളങ്ങളിൽനിന്ന് ചതിയിലേയ്ക്കുള്ള ചുവട് അത്ര നീണ്ടതല്ല. ചതികളുടെ യുക്തിയിലെ സാങ്കേതിക കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടും ചരിത്രത്തിൽ ചതികളുടെ സ്വാധീനത്തെപ്പറ്റിയും നീണ്ട ലേഖനങ്ങൾ എക്കോ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിനു മരണത്തിനുശേഷം പ്രസിദ്ധീകരിച്ച ‘അതികായരുടെ ചുമലുകളിൽനിന്ന്’ (2019) എന്ന ലേഖനസമാഹാരത്തിൽ അസത്യത്തിനും (untruth) നുണപറച്ചിlലിനും (lying) തമ്മിലുള്ള വ്യത്യാസത്തെ വ്യക്തമാക്കുന്ന ആലോചനകൾ ഗാഢമാണ്. യക്ഷികഥകൾ പറയുന്നതും ഇല്ലാത്ത ലോകങ്ങൾ വിഭാവന ചെയ്യുന്നതും നുണപറഞ്ഞ് ആളുകളെ കുഴിയിൽ ചാടിക്കുന്നതും ഒന്നല്ലല്ലോ.

എക്കോയെ സംബന്ധിച്ചിടത്തോളം ചരിത്രനോവൽ എന്നാൽ യഥാർത്ഥ സംഭവങ്ങളുടെ സാങ്കല്പിക പതിപ്പല്ല, ചരിത്രത്തെ നന്നായി മനസിലാക്കാൻ നമ്മെ സഹായിക്കുന്നവയാണ് കഥകൾ. അനുഭവങ്ങളുടെ പരമ്പരയിലൂടെ വളരുകയും പഠിക്കുകയും തുടർച്ചയായ പരീക്ഷണങ്ങളിൽ കഷ്ടപ്പെടുകയും ചെയ്യുന്ന യുവാവായ കഥാപാത്രം തന്റെ എല്ലാ നോവലുകളിലും ഉണ്ടെന്ന് എക്കോ ലിലാ അസമിനോട് അഭിമുഖത്തിനിടയിൽ പറയുന്നു.  ഒന്നിന്റെ തുടർച്ചയെന്നോണം വളരുന്ന ഈ കഥാപാത്രങ്ങളെ എക്കോയുടെ ആഖ്യാനനിർമ്മിതിയുടെ മൂർത്തരൂപമായും കാണാവുന്നതാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അറിവ് അല്ല, അതിന്റെ ആവിഷ്കാരസാധ്യതയാണ് വിഷയം. ശാസ്ത്രജ്ഞർ തങ്ങളുടെ കണ്ടുപിടിത്തം വിശദീകരിക്കുന്നതുപോലെ. ‘സിദ്ധാന്തങ്ങളിൽപോലും ഞാൻ ആഖ്യാനങ്ങൾ നിർമ്മിക്കുകയാണ്’ എന്ന് എക്കോ പറയുന്നതിന്റെ പൊരുളതാണ്. തികച്ചും അവിശ്വസനീയവും സാങ്കല്പികമെന്നു തോന്നുന്നതുമായ എന്തും നോവലിന്റെ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങും. അതിനുള്ളിലെ കല്പിതാംശങ്ങൾ പിന്നീട് ഇഴപിരിച്ച് അറിയാൻ വയ്യാതാവുകയും ചെയ്യും. ബോദോലിനോ (2001) എന്ന നോവലിൽ, വിശിഷ്ടമായ ക്രൈസ്തവസാമ്രാജ്യം പൗരസ്ത്യനാടുകളിൽ എവിടെയോ ഉണ്ടായിരുന്നു എന്നു വ്യക്തമാക്കുന്ന പ്രെസ്റ്റർ ജോണിന്റെ കത്ത് ഒരു വ്യാജരേഖയാണ്. നോവലിൽ ആ  കത്ത് റോമൻ ചക്രവർത്തിയായ ബാർബറോസയുടെ കൊട്ടാരത്തിൽ താമസിക്കുന്ന തട്ടിപ്പുകാരൻ ബോദോലിനോയാണ് കണ്ടെടുക്കുന്നത്.  ഗലീലിയോയുടെ എഴുത്തുകളിലുള്ള വിവരണത്തിൽനിന്നാണ് തലേന്നാളത്തെദ്വീപിൽ’ (1995),  വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ നോക്കാൻ ഫാദർ കാസ്പർ നിർമ്മിക്കുന്ന ഉപകരണത്തെപ്പറ്റിയുള്ള ആശയം എക്കോയ്ക്കു ലഭിക്കുന്നത്.  ഗലീലിയോ അത്തരമൊരു ഉപകരണത്തെ വിഭാവന ചെയ്തു. എക്കോ, നോവലിൽ അത് യാഥാർത്ഥ്യമാക്കുന്നു. ഇതിനൊരു മറുപാഠം കൂടിയുണ്ട്. യൂണിവേഴ്സിറ്റി ഓഫ് സതേൺ ഡെന്മാർക്കിൽ ലൈബ്രറിയിൽ 16-17 നൂറ്റാണ്ടുകളിലെ മൂന്ന് പഴയ പുസ്തകങ്ങളുടെ പുറംചട്ടയിലെ പച്ചനിറം പരിശോധിച്ച ഗവേഷകർ, അത് ആഴ്സനിക് വിഷമാണെന്ന് കണ്ടെത്തിയിരുന്നു. പുസ്തകങ്ങളെ നശിപ്പിക്കുന്ന പ്രാണികളെ കൊല്ലാനുള്ള ഉപായമായിരിക്കാം ഒരുപക്ഷേ അത്. എക്കോയുടെ കല്പനാലോകത്ത് മതിമറന്ന് ചുറ്റിത്തിരിഞ്ഞ ഒരാൾക്ക്  ദ നെയിം ഓഫ് ദ റോസിലെ’ ഗൂഢപദ്ധതിയുടെ വാസ്തവപാഠമായും ഈ വാർത്തയെ വായിക്കാമല്ലോ. ഫൂക്കോസ് പെൻഡുല’ (1989) ത്തിന്റെ വിദൂരാനുകരണമാണ് എന്ന ആരോപണമുള്ള ഡാവിഞ്ചിക്കോഡി’ന്റെ കർത്താവായ ഡാൻ ബ്രൗണിനെക്കുറിച്ചുള്ള എക്കോയുടെ നിഗമനം, ‘വാസ്തവത്തിൽ അയാൾ ഇല്ലാത്ത ഒരാളാണ്. തന്റെയൊരു കഥാപാത്രമാണ് അയാൾ എന്നാണ് എന്റെ തോന്നൽ’ എന്നാണ്.   ഭാവന യാഥാർത്ഥ്യമായും യാഥാർത്ഥ്യം ഭാവനയായും തീരുന്ന വിചിത്രമായ അനുഭവത്തെ എക്കോയുടെ നോവലുകൾ മാത്രമല്ല സാക്ഷ്യപ്പെടുത്തുന്നത് !

പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോൾതന്നെ കഥകളും നോവലുകളുടെ തുടക്കവുമെല്ലാം എഴുതി വയ്ക്കുമായിരുന്ന എക്കോ ഉപന്യാസങ്ങൾ രചിച്ചുകൊണ്ടാണ്  എഴുതാനുള്ള താത്പര്യത്തെ തൃപ്തിപ്പെടുത്തിയതെന്ന് ‘ദ ഗാർഡിയനി’ലെ സ്റ്റീഫൻ മോസ്സിനോട് പറയുന്നു. കുട്ടിയായിരിക്കുന്ന കാലംമുതൽക്ക് തുടങ്ങിയതാണ് പുസ്തകങ്ങളോടുള്ള ആരാധന. വടക്കേ ഇറ്റലിയിലെ അലക്സാൻഡ്രിയപോലെയൊരു നഗരത്തിൽ അത്ര പുസ്തകപ്രേമിയൊന്നുമല്ലാത്ത ഇടത്തരക്കാരായ മാതാപിതാക്കൾക്കൊപ്പമായിരുന്നു വളർച്ചയെങ്കിലും മുത്തശ്ശി വായന ഇഷ്ടപ്പെട്ടിരുന്നു. ആർത്തിപിടിച്ച് വായിച്ചു, വായിച്ചുകൊണ്ടേയിരുന്നു. 1500 അപൂർവപുസ്തകങ്ങളുൾപ്പടെ അൻപതിനായിരത്തോളം വരുന്ന അതിവിപുലമായ പുസ്തകശേഖരമായിരുന്നു അദ്ദേഹത്തിന്റേത്. വായിക്കാൻ ഇടയില്ലാതെ പോകുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള നെടുവീർപ്പ് ലേഖനങ്ങളിലൊന്നിൽ കടന്നു വരുന്നുണ്ടെങ്കിലും  നിരവധി പ്രാവശ്യം മറിച്ചു നോക്കുകയും അടയാളപ്പെടുത്തുകയും ചെയ്ത് സജീവവും സാർത്ഥകവുമായ ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന പുസ്തകക്കൂട്ടങ്ങളെയാണ്, എക്കോയുടെ അലമാരിയിൽ   അഭിമുഖകാരിയായ ലില അസം അടുത്തു കാണുന്നത്. മനുഷ്യമനസ്സിന്റെ ഇടനാഴികളായിരുന്നു എക്കോയ്ക്ക് പുസ്തകങ്ങൾ.  വായനയെക്കുറിച്ച് ഉംബെർട്ടോ എക്കോ പറയുന്നു : ‘നിരക്ഷരനായ മനുഷ്യന് ഒരു ജീവിതമേയുള്ളു. അതേസമയം വായന നിരവധി ജന്മങ്ങൾ ഒരു ജന്മത്തിനുള്ളിൽതന്നെ വച്ചു നീട്ടുന്നു’.

          എഴുത്തുകാരൻ എന്ന നിലയ്ക്ക്  സമ്പന്നമാണ് 84 വർഷത്തിനിടയ്ക്കുള്ള സംഭാവനകൾ. ബെലോണ സർവകലാശാലയിലെ ചിഹ്നശാസ്ത്ര പ്രൊഫസ്സറായിരുന്ന അദ്ദേഹം, ഉപന്യാസകാരൻ എന്ന നിലയ്ക്ക് തിരഞ്ഞെടുത്ത വിഷയങ്ങളുടെ വൈപുല്യവും എഴുത്തുരീതികളും അദ്ഭുതാവഹമാണ്. നോവലുകൾ, എങ്ങനെ തീസിസ് എഴുതാം പോലെയുള്ള അക്കാദമിക് രചനകൾ,  അൻപതിൽപ്പരം നോൺ-ഫിക്ഷൻ രചനകൾ, കുട്ടികൾക്കുള്ള മൂന്ന് പുസ്തകങ്ങൾ,  സമാഹാരങ്ങൾ...  ഗൗരവമുള്ള വിഷയങ്ങളും സരസമായ കാര്യങ്ങളും ഒരുപോലെ അദ്ദേഹം കൈകാര്യം ചെയ്തു. കാലിക വിഷയങ്ങളെപ്പറ്റി കോളങ്ങളെഴുതി. സാംസ്കാരികമായ ഈടുവയ്പ്പുകൾ എന്ന നിലയ്ക്ക് മനുഷ്യർ ഉണ്ടാക്കി വയ്ക്കുന്ന പട്ടികകളുടെ സ്വഭാവം (the essential nature of lists) എന്ന വിഷയത്തിൽ  പാരീസിലെ പ്രസിദ്ധമായാ ലൂവ്റ് മ്യൂസിയത്തിൽ  നടന്ന ഒരു പ്രദർശനം ക്യൂറേറ്റ് ചെയ്തു. അലക്സാണ്ടർ ഡ്യൂമ ഉൾപ്പടെ എഴുത്തുകാരെ ഇറ്റാലിയനിലേക്ക് പരിഭാഷപ്പെടുത്തി. ആളുകളെ കൂടുതൽ ആകർഷിക്കുന്ന വിഷയങ്ങളെയും ഇതിവൃത്തങ്ങളെയും അക്കാദമിക്ക് താത്പര്യത്തോടെ അപഗ്രഥിക്കാനും അതീവ പ്രാധാന്യമുള്ള വിഷയങ്ങളെ ലാഘവത്തോടെ (എന്നാൽ ജ്ഞാനസംബന്ധിയായ ആഴം കുറയാതെ) വിവരിക്കാനും ശ്രമിച്ചു. എക്കോയുടെ ഗൗരവമുള്ള പഠനങ്ങളിലൊന്ന് ജെയിംസ് ബോണ്ട് നോവലുകളുടെ ഇതിവൃത്തവിശകലനമാണ്. (Narrative Structures in Fleming, The Role of the Reader  എന്ന പുസ്തകം) സൗന്ദര്യം എല്ലാവർക്കും ആകർഷകമായിരിക്കുമ്പോൾ എക്കോയുടെ അഭിപ്രായത്തിൽ വൈരൂപ്യമാണ്, ഇഷ്ടവും ആകർഷണവും. പിശാചിന്റെ ചിത്രം സുന്ദരമായിരിക്കും, വൈരൂപ്യത്തെ അത് ശരിയായിത്തന്നെ പ്രതിനിധീകരിക്കുകയാണെങ്കിൽ. സൗന്ദര്യം നേരെ തിരിച്ച്  അകൽച്ചയ്ക്കുള്ള കാരണവും നിസ്സംഗമായ അവസ്ഥയുമാണ്.  കാരണം സൗന്ദര്യത്തോട് പ്രതികരിക്കുന്നതിന് സാർവലൗകികമായ വഴികളില്ല ആളുകൾക്ക്. സൗന്ദര്യത്തെ വിലയിരുത്താൻ കഴിയുന്നു എന്നതിനർത്ഥം അതുമായി നാം അകന്നു നിൽക്കുന്നു എന്നതാണ്. എന്നാൽ വിരൂപതയെ സൗന്ദര്യാത്മകമായി വിലയിരുത്താൻ സാധ്യതയിലലതിരിക്കുന്നത് അതിൽനിന്ന് അകന്നുനിൽക്കാൻ നമുക്ക് കഴിയാത്തതുകൊണ്ടാണ്. (Ugliness, On the Shoulders of Giants) പുതിയ ഒരുതരം ഒട്ടുവിദ്യയിലൂടെ ഒരു പുതിയ ഇനം ആപ്പിൾ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് മനസ്സിലാക്കുന്ന കർഷകനാണ് അദ്ദേഹത്തിന്റെ കണക്കിൽ ബുദ്ധിജീവി, അല്ലാതെ ഹെഡഗറെപ്പറ്റിയുള്ള പ്രഭാഷണം എല്ലാ വർഷവും ആവർത്തിക്കുന്ന കോളെജ് പ്രൊഫസ്സറല്ല. പുതിയ അറിവ് സർഗാത്മകമായി സൃഷ്ടിക്കുന്ന ഏതൊരാളും ബുദ്ധിജീവിയാണെന്ന് അദ്ദേഹം പറയുമ്പോൾ  വിമർശനാത്മകമായ സൃഷ്ടിപരതയാണ്   ബൗദ്ധിക പ്രവർത്തനത്തിന്റെ അടയാളം എന്നാണ് അദ്ദേഹം അർത്ഥമാക്കുന്നത്. കേവലവിമർശനം മാത്രമല്ല, കാര്യക്ഷമമായി അതു ചെയ്യാനുള്ള വഴി കണ്ടെത്തുകകൂടി എക്കോയുടെ നോട്ടത്തിൽ ധൈഷണികപ്രവർത്തനത്തിന്റെ ലക്ഷ്യം.

നിരന്തരമായ സാമൂഹിക-രാഷ്ട്രീയ വിമർശനത്തിൽ ഏർപ്പെട്ടുകൊണ്ട് ഉംബെർട്ടോ എക്കോ ജീവിതാവസാനംവരെയും പ്രവർത്തനനിരതനായിരുന്നതിന്റെ ഉത്തരം ബുദ്ധിജീവികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണത്തിലുണ്ട്. (സത്യത്തെക്കുറിച്ചുള്ള എല്ലാ പ്രഖ്യാപനങ്ങൾക്കും പിന്നിൽ.. - ലില അസം) ഫാസിസത്തിന്റെ രാഷ്ട്രീയകാലാവസ്ഥയിൽ ജനിച്ചു ജീവിച്ച ആളായതുകൊണ്ട് അദ്ദേഹം ഏറ്റവും അടുത്തറിഞ്ഞതും വിശദീകരിച്ചതുമായ, ഒരർത്ഥത്തിൽ ലോകജനതയ്ക്ക് ശക്തമായി താക്കീതു നൽകിയതുമായ, പ്രത്യയശാസ്ത്രം ഫാസിസത്തിന്റേതാണ്. വിദ്യാർത്ഥിയെന്ന നിലയിൽ മുസ്സോളിനിയുടെ പ്രഭാവലയത്തിൽ ഫാസിസ്റ്റായിട്ടാണ് എക്കോ ഇറ്റലിയിലെ അന്നത്തെ മിക്ക ചെറുപ്പക്കാരെയുംപോലെ ജീവിതമാരംഭിക്കുന്നത്. പക്ഷേ പിന്നീട് ഫാസിസത്തിന്റെ അപകടകരമായ വശങ്ങളെപ്പറ്റിയുള്ള ശക്തമായ ആശയരൂപീകരണം നടത്തുന്നതും എക്കോയാണ്. ഫാസിസ്റ്റുരാഷ്ട്രീയത്തിന്റെ പ്രകടഭാവങ്ങൾക്കൊപ്പം അതിന്റെ പരോക്ഷവും പ്രച്ഛന്നവുമായ ജീവിതത്തെക്കുറിച്ചും അദ്ദേഹം കാര്യമായി ചിന്തിച്ചിരുന്നു. ഈ പുസ്തകത്തിന്റെ സാധുതയെ ഒരർത്ഥത്തിൽ പ്രസക്തമാക്കുന്നതും എക്കോയുടെ വിപുലമായ വൈചാരിക ലോകത്തിന്റെ ആ വശമാണ്. ഫാസിസം അതിന്റെ എല്ലാ ലക്ഷണങ്ങളോടെയും ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്നൂറ്റം കൊണ്ടിരുന്ന ഇന്ത്യയെ ആവേശിച്ചു തുടങ്ങിയ അവസ്ഥയിൽ ഉംബെർട്ടോ എക്കോ സൂക്ഷ്മമായ വായന ആവശ്യപ്പെടുന്നുണ്ട്. അപ്രാപ്യമായ ബൗദ്ധികജീവിതത്തിന്റെ ദൂരെയെവിടെയോ ഉള്ള നിഴൽ രൂപമായി ബി മുരളിയുടെ ഒരു കഥയിൽ ഉംബെർട്ടോ എക്കോ ശീർഷകമായി വരുന്നതൊഴിച്ചാൽ നിരൂപകരുടെ വിശേഷണങ്ങൾ പ്രകാരം, മസ്തിഷ്കപ്പെട്ടിയും (Brain box) ചിന്താഭണ്ഡാര (Think Bank) വുമൊക്കെയായ അദ്ദേഹത്തിന് മലയാളത്തിൽ തീരെ വിവർത്തനങ്ങളില്ല. എന്നാൽ ഇത് അദ്ദേഹത്തിന്റെ തീക്ഷ്ണമായ മനീഷ കൂടുതലായി നമ്മുടെ സമൂഹത്തിനു ആവശ്യമുള്ള സമയമാണുതാനും.

   ഉർ-ഫാസിസം എന്ന പേരിൽ എക്കോ ഫാസിസത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള 14 ലക്ഷണങ്ങൾ വിശദീകരിച്ചുകൊണ്ട് ഒരു ലേഖനമെഴുതിയിട്ടുണ്ട്. ‘ദ ന്യൂയോർക്ക് റിവ്യൂ ഓഫ് ബുക്സിൽ’  ജൂൺ 22 1995 -ൽ വന്ന ആ ലേഖനം, ഇന്ത്യയിൽ തീവ്രഹിന്ദുത്വം  തെരെഞ്ഞെടുപ്പിൽകൂടിത്തന്നെ അധികാരത്തിൽ വന്ന സമയത്ത് വീണ്ടും ചർച്ചയാവുകയുണ്ടായി. ‘ഫൈവ് മോറൽ പീസെസ്’ (2001) എന്ന പുസ്തകത്തിൽ ആ പഠനം ചേർത്തിട്ടുണ്ട്.  എമിലിയോ ജെന്റിൽ, എഫ് എ ഹായേക്, ജോൺ വെയിസ് തുടങ്ങിയ പണ്ഡിതരും ബ്രെഹ്ടിനെയും ട്രോട്സ്കിയെയും  ക്ലാര സെറ്റ്കിനെയും പോലുള്ള മാർക്സിസ്റ്റുകളും  ജോർജ്ജ് ഓർവെലിനെപോലെയുള്ള എഴുത്തുകാരും  ഫ്രാങ്ക്ലിൻ റൂസ് വെൽറ്റിനെപോലെയുള്ള  രാഷ്ടത്തലവന്മാരും   ഫാസിസത്തെപ്പറ്റി എഴുതിയിട്ടുണ്ട്.  ‘ഫാസിസമെന്ന പദപ്രയോഗത്തിന്റെ ആവശ്യമില്ലെന്നും ഇന്നത്തെ വലതുപക്ഷത്തിന്റെ വളർച്ച വലിയ ദുഃസൂചനയാണ് നൽകുന്നതെന്നും അതിനെ അതിന്റെ സ്വഭാവവിശേഷങ്ങളോടെ പഠിക്കണമെന്നും’ 2018 -ൽ ഫ്രണ്ട് ലൈനിനു നൽകിയ അഭിമുഖത്തിൽ നോം ചോംസ്കി സൂചിപ്പിക്കുകയുണ്ടായി. ജർമ്മനിയിലെ ഹിറ്റ്‌ലർ, ഇറ്റലിയിലെ മുസ്സോളിനി, സ്പെയിനിലെ ഫ്രാങ്കോ, ഇന്തോനേഷ്യയിലെ സുഹാർത്തോ, ചിലിയിലെ പിനോഷേ എന്നിവരുടെ ഭരണകൂടങ്ങൾക്ക് പൊതുവായ ഫാസിസ്റ്റ് ഘടകങ്ങളെ വിശകലനം ചെയ്ത് ബ്രിട്ടീഷ് രാഷ്ട്രീയചിന്തകനും ബിസിനസുകാരനുമായ ഡോ. ലോറൻസ് ബ്രിറ്റ് 2003 -ൽ കണ്ടെത്തിയ 14  പൊതുഘടകങ്ങൾക്ക് വ്യാപകമായ പ്രചരണം ലഭിച്ചു. (ബ്രിറ്റിന്റെ നിരീക്ഷണങ്ങൾ ന്യായവൈകല്യങ്ങളാണെന്ന വിമർശനവും ഉണ്ട്) വലതുപക്ഷങ്ങളുടെയും പാരമ്പര്യവാദങ്ങളിൽ അമിതമായ ഭ്രമമുള്ള രാഷ്ട്രീയമതത്തിന്റെയും (പൊളിറ്റിക്കൽ റിലീജിയൻ) നവോദയത്തെ ഫാസിസത്തിന്റെ തിരിച്ചുവരവായിത്തന്നെ കാണുന്നതാണ് ഉചിതം. അതിന്റെ കാലികമായ അവതാരരൂപങ്ങളെയെല്ലാം കൃത്യമായി തിരിച്ചറിയാനുള്ള ആന്തരികബലമാണ് കൂട്ടത്തിൽ തലയുയർത്തിപ്പിടിച്ചു നിൽക്കാനുള്ള വ്യത്യസ്തത എക്കോയുടെ ലക്ഷണനിർവചനങ്ങൾക്ക് നൽകുന്നത്. അത് കൂടുതൽ വായിക്കുകയും പടിക്കുകയും വേണം. എക്കോ വിശദീകരിച്ച ഫാസിസത്തിന്റെ ലക്ഷണങ്ങളെപ്പറ്റി മലയാളത്തിൽ ആദ്യമായി എഴുതിയ ബൈസ്റ്റാൻഡറുടെ ലേഖനം മൂലവിവർത്തനത്തോടൊപ്പം ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ഗൂഗിൾ പ്ലസിലും, ഫെയിസ് ബുക്കിലുമായിരുന്നു ബൈസ്റ്റാൻഡറുടെ കുറിപ്പുകൾ വന്നത്. സംസ്കാരത്തിലേക്ക് ഒളിച്ചു കടക്കുന്ന ഫാസിസ്റ്റ് മൂലകങ്ങളുടെ വേഷപ്രച്ഛന്നതയെ വിശകലനം ചെയ്യാൻ പി എൻ ഗോപീകൃഷ്ണനും രാഷ്ട്രീയമണ്ഡലത്തിന്റെ അപചയത്തിനു കാരണമാവുന്ന ഫാസിസ്റ്റുപ്രവണതകളെ അപഗ്രഥിക്കാൻ  വിശാഖ് ശങ്കറും ആ‍ധാരമാക്കുന്നത് എക്കോയുടെ ലേഖനത്തെയാണ്. 25 വർഷങ്ങൾക്കിപ്പുറം നിന്നു നോക്കുമ്പോഴും എക്കോ നടത്തിയ നിരീക്ഷണങ്ങളുടെ പ്രവചനസ്വഭാവവും അതിൽ തെളിയുന്ന ഉൾക്കാഴ്ചയും അമ്പരപ്പിക്കുന്നതാണ്.

ഫാസിസ്റ്റ് വിരുദ്ധതയാണ് ‘മലയിടുക്ക്’ (The Gorge) എന്ന കഥയുടെയും പ്രമേയതലം.  വിവരണങ്ങൾ ചിലപ്പോൾ സിദ്ധാന്തങ്ങളേക്കാൾ ഫലപ്രദമായി പ്രവർത്തിക്കും എന്നാണ് എക്കോയുടെ കാഴ്ചപ്പാട്. താൻ അതുവരെ എഴുതിയ കല്പിതകഥകളല്ലാത്ത പുസ്തകങ്ങളിലുള്ളതിനേക്കാൾ മികച്ച ആശയങ്ങൾ ‘ഫൂക്കോയുടെ പെൻഡുല’ത്തിലുണ്ടെന്ന് എക്കോ പറയുന്നുണ്ട്. സിദ്ധാന്തവത്കരിക്കാൻ പറ്റാത്ത ആശയങ്ങളാണ് ചിലപ്പോൾ വിശദീകരിക്കേണ്ടി വരിക. ഫാസിസത്തിന്റെ മുഖലക്ഷണങ്ങൾ വ്യക്തമാക്കാൻ കഴിയുന്നതുപോലെ  അതിന്റെ ആഘാതം ചെന്നു തറയ്ക്കുന്ന സമൂഹത്തിലെ അറ്റത്തെ കണ്ണികളുടെ ജീവിതം ആവിഷ്കരിക്കാൻ കഴിയാതെ വരുന്നിടത്ത് കഥ പറയാനുള്ള ചോദന സഹായിക്കാനെത്തുന്നു. മലയോരപ്രദേശമായ ഒററ്റോറിയോയിൽ, ഏകാധിപത്യത്തിന്റെയും യുദ്ധത്തിന്റെയും കെടുകാലത്തെ കുട്ടികളുടെ ജീവിതം പകർത്തുന്നതിൽ എക്കോ സ്വന്തം ബാല്യകാലാനുഭവത്തിന്റെ നിറംകൂടി ചേർത്തിട്ടുണ്ട്.

സിഗ്മണ്ട് ബോമാന്റെ ആശയത്തെ അധികരിച്ച് സമൂഹത്തിന്റെ അസ്ഥിര സ്വഭാവം വ്യക്തമാക്കുന്ന ദ്രവസമൂഹം (The liquid Society) എന്ന ലേഖനത്തിന്റെ വിവർത്തനവും ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. “വോട്ടു മറിക്കാൻ പ്രാപ്തിയുള്ള മൂന്നാംകിട നേതാക്കളോ മാഫിയ തലവൻമാരോ വാടകയ്ക്കെടുത്ത ടാക്സികളെപ്പോലെയായിട്ടുണ്ട് ഇന്ന് രാഷ്ട്രീയ പാർട്ടികൾ” എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം നാൾക്കുനാൾ രാഷ്ട്രീയകുതിരക്കച്ചവടങ്ങൾ  ഏറിവരുന്ന കാലത്ത് കൂടുതൽ പ്രസക്തമാണ്. പ്രത്യയശാസ്ത്രങ്ങളുടെ തകർച്ച സമൂഹത്തെകൊണ്ടെത്തിച്ചിരിക്കുന്ന അപകടകരമായ അവസ്ഥയിൽനിന്ന് രക്ഷപ്പെടാൻ പൊതുവായ ജാഗ്രതയിലും തിരിച്ചറിവിലുമാണ് അദ്ദേഹം ഊന്നുന്നു.    അജയ് പി മങ്ങാട്ടിന്റെയും രാഹുൽ രാധാകൃഷ്ണന്റെയും  ലേഖനക്കുറിപ്പുകൾ എക്കോയുടെ പുസ്തകങ്ങൾക്കുള്ള ദേശാന്തര വായനകളാണ്. ‘മലയിടുക്കിന്റെ’ ആസ്വാദനം എന്ന നിലയിൽ പ്രമോദ് കുമാറിന്റെ ലേഖനവും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ലേഖനങ്ങൾ പുസ്തകത്തിൽ ചേർക്കാൻ അനുവാദം തന്നെ എഴുത്തുകാർക്കും വിവർത്തകരായ ദിവ്യ ജാഹ്നവി, വിനോദ്കുമാർ, ഷാജി അനിരുദ്ധൻ എന്നിവർക്കും പുസ്തകത്തിന്റെ ലേ ഔട്ടും ഡിസൈനും നിർവഹിച്ച് ഈ പുസ്തകത്തിന്റെ നിർവഹണത്തിനായി കൂടെനിന്ന ഷാജി ബാലമോഹനും പ്രസാധനം സന്തോഷത്തോടെ ഏറ്റെടുത്ത മൈത്രി ബുക്സിനും നന്ദി പറയുന്നു.

 

August 16, 2020

ഇടത്തട്ടുനില എന്ന പ്രായോഗിക രൂപകം

 ഇന്ത്യയിലെ ഒന്നാമത്തെ സ്വാതന്ത്ര്യ സമരം എന്ന് അറിയപ്പെടുന്ന സൈനികപ്രക്ഷോഭം നടന്ന അതേ വർഷമാണ്  ബംഗാൾ, ബോംബേ, മദ്രാസ് തുടങ്ങിയ നഗരങ്ങളിൽ ലണ്ടൻ മാതൃകയിൽ സർവകലാശാലകൾ സ്ഥാപിക്കപ്പെടുന്നതും. 1857-ൽ. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ നിയന്ത്രണസമിതി പ്രസിഡന്റായിരുന്ന സർ ചാൾസ് വുഡ്സിന്റെ നിർദ്ദേശങ്ങളുടെ തുടർച്ചയാണ് ഈ സ്ഥാപനങ്ങൾ. ”പ്രയോജനപ്രദമായ വിദ്യാഭ്യാസത്തിൽനിന്ന് ഉദ്ഭൂതമാകുന്ന, ധാർമ്മികവും ഭൗതികവും അതിവിപുലവുമായ അനുഗ്രഹം ഇന്ത്യയിലെ നാട്ടുകാർക്കും ലഭ്യമാകുന്നതിന് ഉപകരണമായി ഭവിക്കുകയെന്നത് നമ്മിൽ നിക്ഷിപ്തമായ പവിത്രമായ കർത്തവ്യമാണെന്ന്’ വിവരിക്കുന്ന വുഡ്സ്,  പൂർവദേശത്തിലെ അറിവിന്റെ ഭാഗമായ ശാസ്ത്രവും തത്ത്വശാസ്ത്രവും വമ്പിച്ച അബദ്ധങ്ങൾ നിറഞ്ഞതാണെന്നും കമ്പനി ഭരണാധികാരികൾക്ക് കൂടുതൽ വിശ്വാസ്യതയോടെ ചുമതലകൾ ഏൽപ്പിച്ചു കൊടുക്കുന്നതിനു പറ്റിയ സേവകന്മാരെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കണമെന്നും അതിൽ എഴുതിവച്ചിട്ടുണ്ട്.

പാരമ്പര്യമതവിശ്വാസത്തെ മുറിപ്പെടുത്തുന്ന ഒരു പ്രചരണത്തെ ഇന്ധനമാക്കി അധിനിവേശശക്തിയ്ക്കെതിരെയുള്ള പ്രക്ഷോഭം, ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള ആദ്യത്തെ ചുവടുവയ്പിന്റെ അവസരത്തിൽതന്നെ  ഉയർന്നതിൽ  അസ്വാഭാവികമായി ഒന്നുമില്ല. ഇന്ത്യയുടെ ആധുനികീകരണത്തിലേക്കുള്ള ചരിത്രസന്ദർഭങ്ങളിലെല്ലാം ഏറിയോ കുറഞ്ഞോ യാഥാസ്ഥിതികതയും പാരമ്പര്യവിശ്വാസവും പുരോഗമനതാത്പര്യങ്ങളും വിമോചനാഭിലാഷങ്ങളുംപോലെ പരസ്പരം പോരടിക്കുന്ന വൈരുദ്ധ്യങ്ങൾ കൂടിക്കലരുന്നതു പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  ഇന്ത്യക്കാരെ ബുദ്ധിയിലും ധാർമ്മികബോധത്തിലും ബ്രിട്ടീഷ് ആക്കിത്തീർക്കാൻ സ്ഥാപിക്കപ്പെട്ട കൽക്കട്ടാ സർവകലാശാലയിൽനിന്ന് ആദ്യ ബിരുദം നേടിയവരിൽ ഒരാളായ ബങ്കീം ചന്ദ്ര ചാറ്റർജിയാണ്  പിന്നീട് സന്ന്യാസിമാരുടെ വിപ്ലവം വിഭാവന ചെയ്തതും ‘വന്ദേ മാതരം’ എഴുതിയതും എന്നുകൂടി ഓർമ്മിക്കുക. വിദ്യാഭ്യാസപരിഷ്കരണത്തിനായി ബ്രിട്ടീഷുകാരും  മിഷണറിമാരും നാട്ടുഭരണാധികാരികളും ചേർന്നു നടത്തിയ രാഷ്ട്രീയ- സാംസ്കാരിക- സാമ്പത്തിക മൂലധനനിക്ഷേപങ്ങളെ ആധുനികീകരണപ്രക്രിയയ്ക്കുള്ളിലെ വിരുദ്ധഘടകങ്ങളും ചേർന്നാണ് സ്വാധീനിച്ചിട്ടുള്ളത്. പാഠ്യപദ്ധതിരൂപീകരണങ്ങളെയും  വിദ്യാഭ്യാസ ഘടനാനിർണ്ണയങ്ങളെയുമൊക്കെ സംബന്ധിക്കുന്ന പൊതുധാരണകൾക്കുള്ളിൽ അവ പുറമേക്ക് കാണാനാവാതെ നിലകൊള്ളുകയും  ചെയ്യുന്നു.  

ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച സർവകലാശാലകളിൽ ചേർന്നു പഠിക്കാൻ 2 വർഷത്തെ എഫ് എ (ഫൈനൽ എക്സാമിനേഷൻ ഇൻ ആർട്സ്) കോഴ്സ് വിദ്യാർത്ഥികൾ പൂർത്തിയാക്കണം എന്ന വ്യവസ്ഥയുണ്ടായിരുന്നു. പരമ്പരാഗതവും അല്ലാത്തതുമായ പഠനസമ്പ്രദായങ്ങളിലൂടെ കടന്നു വന്ന ഇന്ത്യൻവിദ്യാർഥികളെ പാശ്ചാത്യമാതൃകയിലുള്ള സർവകലാശാലകളിലെ  പാഠ്യക്രമത്തിന് യോജിച്ചവിധം മാറ്റിയെടുക്കാനുള്ള മധ്യവർത്തി കോഴ്സായിട്ടാണിത് വിഭാവന ചെയ്തിരുന്നത്.  തദ്ദേശീയമായ പ്രാകൃതസമൂഹത്തിന് യൂറോപ്യൻ മട്ടിലുള്ള പരിഷ്ക്കൃതസമൂഹത്തിലേക്കുള്ള മോചനപാത ആധുനികവിദ്യാഭ്യാസത്തിലൂടെ മാത്രമാണെന്ന ഉത്തമവിശ്വാസം വ്യാപകമായി ആവേശിച്ചിരുന്ന കാലത്ത് കോളേജുകൾക്കും  സ്കൂളുകൾക്കും ഇടയിൽ സ്ഥാപിക്കപ്പെട്ട  ഈ കോഴ്സുകളുടെ രൂപകല്പനയിൽ  അറിഞ്ഞോ അറിയാതെയോ കടന്നുകൂടിയിട്ടുള്ളത്, അന്നത്തെ ഇടത്തട്ട് സമൂഹത്തിന്റെ നിഴലുകൾ തന്നെയായിരുന്നില്ലേ? നിലവിലുണ്ടായിരുന്ന സമൂഹത്തിന്റെ പ്രായോഗികരൂപകങ്ങളായിരുന്നു അവ എന്നർത്ഥം.

 സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞാൽ ബിരുദ പഠനത്തിനെത്തും മുൻപ് വിദ്യാർത്ഥികൾ മുന്നൊരുക്കപഠനം നടത്തണമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടായിരുന്നില്ല എന്നു കാണാം.  കൊളോണിയലിസത്തിനെ പിന്താങ്ങുന്ന അക്കാദമികനില അനുകൂലമാക്കുക എന്ന തന്ത്രപരമായ സമീപനത്തിന്റെ ഭാഗമായി രൂപംകൊണ്ട ചിന്താഗതികൾ  വേഷവും ഭാവവും മാറി വിദ്യാഭ്യാസമേഖലയിൽ സ്വതന്ത്രമായി സഞ്ചരിക്കുന്നു.  സ്കൂൾ ക്ലാസുകളിലെ ചോദ്യപേപ്പറുകളും തെരെഞ്ഞെടുക്കപ്പെട്ട പാഠഭാഗങ്ങളുമെല്ലാം ആത്യന്തികമായി തൊട്ട് അനുവദിക്കേണ്ട ചുമതല സർവകലാശാലയിൽ നിന്നുള്ള വിഷയവിദഗ്ദ്ധർക്കാണ് ഇപ്പോഴും.  ബോധനമാർഗങ്ങളും മൂല്യനിർണ്ണയരീതികളുമൊക്കെ വ്യത്യസ്തമാണെങ്കിലും. ഉയർന്ന ഉദ്യോഗസ്ഥരും കോളേജുകളിൽനിന്നാണ്. ഒന്നാം ഭാഷയായി ഇംഗ്ലീഷ്, രണ്ടാമത്തേതായി നാട്ടുഭാഷ എന്നിങ്ങനെ തുടക്കത്തിൽ അവർ ഉണ്ടാക്കിവച്ച പഠനക്രമത്തിന് ഇന്നും ഇന്ത്യൻ സർവകലാശാലകളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ബ്രിട്ടീഷ് നീതിന്യായ കോടതികൾക്കും നാട്ടുകാർക്കും ഇടയിൽ നിൽക്കാൻ വേണ്ട ഒരു വിഭാഗത്തെ വാർത്തെടുക്കാൻ  എഫ് എൽ (ഫസ്റ്റ് എക്സാമിനേഷൻ ഇൻ ലോ) എന്ന  കോഴ്സും അവർ ഏർപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ ഡോക്ടറോ എഞ്ചിനീയറോ ആകുന്നതിനേക്കാൾ മേന്മയുള്ള പദവി ലഭിച്ചിരുന്ന അഭിഭാഷകവൃത്തിയിലേക്ക് തിരിയാനുള്ള അടിസ്ഥാന കോഴ്സുകൂടിയായിരുന്നു, പ്ലീഡർമാരെ സൃഷ്ടിക്കുന്ന ഈ എഫ് എൽ.  

കേരളത്തിലെ കോളേജുകളിൽ 1866 –ൽ തുടങ്ങിയ എഫ് എ കോഴ്സുകൾ  1905 ആയപ്പോഴേക്കും അവയുടെ സാമൂഹികനിലയെ കൂടുതൽ വ്യക്തമാക്കുന്നതരത്തിൽ ‘ഇന്റെർമീഡിയറ്റ്’ എന്ന് പേരുമാറ്റി. സാതന്ത്ര്യം കിട്ടുന്ന സമയത്ത് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന  11 വർഷത്തെ സ്കൂൾ പഠനം, 2 വർഷത്തെ ഇന്റെർമീഡിയറ്റ്, 2 വർഷത്തെ ബിരുദം, 3 വർഷത്തെ ഓണേഴ്സ്, 2 വർഷത്തെ ബിരുദാനന്തരബിരുദം  എന്നിങ്ങനെയുള്ള ഘടനയ്ക്ക് മാറ്റം വരുന്നത് 1944 –ലെ സാർജന്റ് കമ്മീഷൻ, ‘ഇന്റെർമീഡിയറ്റ്’ കോഴ്സ് നിർത്തൽ ചെയ്യണമെന്ന ആവശ്യം മുന്നോട്ടു വച്ചതോടെയാണ്. ഇന്റെർമീഡിയറ്റിന്റെ 2 വർഷ കാലാവധിയിൽ ആദ്യത്തെ വർഷം സ്കൂളിനോട് ചേർക്കുക, രണ്ടാം ഭാഗം കലാശാലാ പ്രവേശനത്തിനു വേണ്ട യോഗ്യതയുണ്ടോ എന്ന പരീക്ഷ നടത്താനുള്ള കോഴ്സാക്കുക എന്നായിരുന്നു റിപ്പോർട്ടിലെ നിർദ്ദേശം. 6 മുതൽ 14 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുക, സ്ത്രീകളെ അദ്ധ്യാപക വൃത്തിയിലേക്കു കൊണ്ടുവരുന്നതിന് ആവശ്യമായ പ്രേരണകൾ ചെലുത്തുക തുടങ്ങി ഈ റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും  ഇന്ത്യൻ സാഹചര്യങ്ങളോട് ചേർന്നു നിൽക്കുന്ന കാഴ്ചപ്പാടും കാലത്തെ കടന്നു കാണുന്ന സൂചനകളും ഉള്ളതായിരുന്നു. ജോൺ സാർജന്റിന്റെ പേരിൽ അറിയപ്പെടുന്നെങ്കിലും വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്ന സർദാർ സർ ജോഗേന്ദ്ര സിങ് ചെയർമാനായ 23 അംഗ സമിതി തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട് എന്നതാവാം കാരണം.

ഡോ ലക്ഷ്മണ സ്വാമി മുതലിയാരുടെ നേതൃത്വത്തിൽ കേന്ദ്ര ഗവണ്മെന്റ് രൂപം നൽകിയ 1952 -ലെ സെക്കന്ററി വിദ്യാഭ്യാസ കമ്മീഷൻ ഇന്റെർമീഡിയറ്റിനു പകരം,  8 മുതൽ 12 വരെയുള്ള ഒരു ഹയർ സെക്കന്ററി ഘട്ടമാണ് മുന്നോട്ടു വച്ചത്. എന്നാലും കോളേജിലേക്കു പോകുന്നതിനു മുൻപായി ഒരു വർഷത്തെ പ്രീ യൂണിവേഴ്സിറ്റി പഠനം വേണമെന്ന കാര്യത്തിനു അതിലും മാറ്റമില്ല. തൊഴിലധിഷ്ഠിത പഠനത്തിനു പോകാൻ ആഗ്രഹിക്കുന്നവർ ഒരു വർഷത്തെ  പ്രീ പ്രൊഫഷണൽ കോഴ്സ് കൂടി പൂർത്തിയാക്കണം. അവ പ്രൊഫഷണൽ കോളേജുകളോട് ചേർത്തുനടത്തുന്നതാണ് നല്ലത്. മധ്യവേനൽ അവധിക്കാലത്തിനു പുറമേ പത്തോ പതിനഞ്ചോ ദിവസം വീതമുള്ള രണ്ട് അവധിക്കാലം കൂടി വിദ്യാർത്ഥികൾക്കുകൊടുക്കണമെന്നുമൊക്കെ മുതലിയാർ കമ്മീഷൻ റിപ്പോർട്ടിൽ വായിക്കാം.  

കേരളത്തിലെ പിയുസിയും പ്രീഡിഗ്രിയും

മുതലിയാർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനിടയിൽ കേരളത്തിൽ ചില പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സംസ്ഥാന രൂപീകരണത്തിനുശേഷം മൂന്നു മേഖലകളായി പിരിഞ്ഞുകിടന്ന പ്രവിശ്യകളെ ഒന്നാക്കിയപ്പോൾ പ്രാദേശികമായി നിലനിന്നിരുന്ന വിവിധതരത്തിലുള്ള വിദ്യാഭ്യാസ ഘട്ടങ്ങൾ കൂടിക്കുഴഞ്ഞ് ആശയക്കുഴപ്പമുണ്ടായിരുന്നു. തിരുക്കൊച്ചി സംസ്ഥാനങ്ങളിൽ നാലാം ക്ലാസുവരെയുള്ള പഠനത്തിനുശേഷം ഒന്നാം ഫോറത്തിലേക്കു പോകുന്ന കുട്ടി, സിക്‌സ്തു ഫോറത്തിലെത്തുമ്പോൾ  പത്തു വർഷത്തെ പഠനം പൂർത്തിയാക്കി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റു നേടുന്നു.  മദ്രാസ് പ്രവിശ്യയിലായിരുന്ന, വടക്കൻ ഭാഗങ്ങളിൽ സ്കൂൾപഠനം 11 വർഷം നീളുകയും ചെയ്യുന്നു.   മുതലിയാർ കമ്മീഷൻ റിപ്പോർട്ടനുസരിച്ച് കോളേജിനോട് ചേർന്നു നിൽക്കുന്ന പ്രീ യൂണിവേഴ്സിറ്റി കോഴ്സിൽ ചേരുന്നതിനു മുൻപ്, ഒരു വർഷം സ്കൂളിൽതന്നെ കുട്ടി വീണ്ടും പഠിക്കേണ്ടതുണ്ട്. എല്ലായിടത്തും അതല്ല സ്ഥിതി. അങ്ങനെ ചില കുട്ടികൾക്ക് സ്കൂളുകളിൽ 11 വർഷം പഠിക്കാതെ പിയുസിക്കു ചേരാം എന്ന അവസ്ഥ വന്നു. ഒരു വർഷം അവർക്ക് ലാഭമാകുന്നുവെങ്കിലും കോളേജുകളിൽ പഠിക്കേണ്ട അടിസ്ഥാനവിഷയത്തിലുള്ള  അറിവ് പകുതിയായി ചുരുങ്ങിപ്പോകുന്നു എന്ന ആരോപണം ഉണ്ടായി. ഈ പ്രശ്നം പരിഹരിക്കാൻ വേണ്ടിയാണ് പ്രീഡിഗ്രി എന്ന രണ്ടു വർഷപഠനത്തിന്റെ ആശയം ഉടലെടുക്കുന്നതും, അതു കോളേജിനോട്  ചേർത്തു വയ്ക്കാൻ തീരുമാനിക്കുന്നതും.

കേരളത്തിൽ സർവകലാശാല  വിദ്യാഭ്യാസത്തെക്കുറിച്ചുള്ള  ശുപാർശകൾ സമർപ്പിക്കാൻ 1945-ൽതന്നെ ഒരു സമിതിയെ നിയമിച്ചിരുന്നു. തിരുവിതാംകൂർ സർവകലാശാലയിലെ പ്രോ-വൈസ് ചാൻസിലറായിരുന്ന  ഹരോൾഡ് സി പാപ്‌വർത്തിന്റെ നേതൃത്വത്തിലുള്ള ആ സമിതി വിദ്യാഭ്യാസഘട്ടങ്ങളെ സ്കൂൾ പഠനം  - 11 വർഷം, പ്രീ യൂണിവേഴ്സിറ്റി 1 വർഷം എന്നിങ്ങനെ നിജപ്പെടുത്തി ഒരു നിർദ്ദേശം വച്ചിരുന്നു. മുതലിയാർ കമ്മീഷന്റെ നടപ്പാക്കലിനെ സംബന്ധിച്ച് ആശയക്കുഴപ്പം കേരളത്തിൽ ഉണ്ടായെങ്കിൽ അതിനർത്ഥം ചിലയിടങ്ങളിലെങ്കിലും പാപ്‌വർത്ത് കമ്മീഷൻ റിപ്പോർട്ട് നടപ്പായില്ലെന്നാണല്ലോ. എന്നാലും ഇന്നു കാണുന്ന രീതിയിൽ  മെഡിസിൻ, എഞ്ചിനീയറിങ് തുടങ്ങിയ പ്രൊഫഷണൽ കോഴ്സിനു പോകാൻ തയ്യാറെടുക്കുന്ന കുട്ടികൾ സവിശേഷമായ ഒരു വർഗമാണെന്ന പരിഗണന പാപ്‌വർത്ത് കമ്മീഷൻ റിപ്പോർട്ടിന്റെ കാലത്തോളം പഴക്കമുണ്ട്. വൈദ്യം, വാസ്തുശാസ്ത്രം, കൃഷി തുടങ്ങിയ തൊഴിൽ പഠനമേഖലകളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനം, പ്രീ യൂണിവേഴ്സിറ്റി കോഴ്സിനു ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നതുകൊണ്ട് അത് ശരിയല്ലെന്നും അവർക്ക് ഒരു വർഷത്തെ മറ്റൊരു കോഴ്സുതന്നെ ആവശ്യമാണെന്നുമായിരുന്നു പാപ്‌വർത്ത് സമിതിയുടെ ശുപാർശ.  സ്കൂളിനും കോളേജിനുമിടയിൽ മറ്റൊരു വാർഷിക കോഴ്സ് എന്ന ആശയം പ്രീ യൂണിവേഴ്സിറ്റി കോഴ്സായി  1946- 47 വർഷം തന്നെ നിലവിൽ വന്നു. തിരുവനന്തപുരത്തു് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മേൽനോട്ടത്തിലായിരുന്നെങ്കിൽ  കൊല്ലത്തും ചങ്ങനാശ്ശേരിയിലും എസ് എൻ ഡി പിയുടെയും എൻ എസ് എസിന്റെയും ആഭിമുഖ്യത്തിലാണ് പ്രീ യൂണിവേഴ്സിറ്റി ക്ലാസുകൾ ആരംഭിച്ചത് എന്ന കാര്യം തുടക്കംമുതൽ ഈ മേഖലയിലുള്ള സാമുദായിക ഇടപെടലിനെക്കുറിച്ചുള്ള വ്യക്തമായ സൂചന നൽകുന്നുണ്ട്.

പ്രീഡിഗ്രി കോഴ്സ്, സർക്കാർ- സ്വകാര്യ കോളേജുകളിൽ സമാന്തരമായി ആരംഭിക്കുന്ന 1964 -ലാണ് ഇന്ത്യയിലെ വിദ്യാഭ്യാസപ്രശ്നങ്ങൾ മനസിലാക്കാനും പ്രശ്നപരിഹാര നിർദ്ദേശങ്ങൾക്കുമായി യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ  ചെയർമാനായിരുന്ന ഡോ. ഡി എസ് കോത്താരിയുടെ നേതൃത്വത്തിൽ 17 അംഗങ്ങളുള്ള കമ്മീഷൻ നിലവിൽ വരുന്നത്. രണ്ടു വർഷത്തിനു ശേഷം റിപ്പോർട്ട് സമർപ്പിച്ച കോത്താരിക്കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്ന് കോളേജിനും സ്കൂളിനും ഇടയ്ക്കുള്ള എഫ് എ/ ഇന്റെർ മീഡിയറ്റ്/ പ്രീ യൂണിവേഴ്സിറ്റി  എന്നിങ്ങനെ കാലാകാലം പല പേരുകളിൽ അറിയപ്പെട്ട കോഴ്സുകൾ, കോളേജിൽനിന്നു മാറ്റി സ്കൂളിനോട് ചേർക്കണമെന്നും അത് പ്രത്യേക വിഭാഗമായി 11, 12 എന്നിങ്ങനെയുള്ള പേരുകളിൽ നിലനിർത്തണമെന്നുമായിരുന്നു. ഭാഷാപഠനം നിർബന്ധമാക്കേണ്ടതില്ലെന്നും ദേശീയബോധം ഉത്തേജിപ്പിച്ചു വളർത്തിയെടുക്കണമെന്നും ഹിന്ദിയെ സമ്പന്നമാക്കണമെന്നും റഷ്യൻ ഭാഷാപഠനത്തിനു പ്രത്യേകം ശ്രദ്ധ നൽകണമെന്നുമൊക്കെ പറയുന്നുണ്ട് കോത്താരി കമ്മീഷൻ. ഇവയിൽ ഏതൊക്കെ നമുക്ക് സ്വീകാര്യമാണ് എന്നുള്ളത് അടുത്ത കാലത്ത് ഖാദർക്കമ്മീഷന്റെ പ്രഥമ റിപ്പോർട്ട് പുറത്തുവന്ന ഘട്ടത്തിൽ ചർച്ചയായതാണ്. സാർജന്റ് റിപ്പോർട്ടിലെ ഒരു വാക്യത്തിന്റെ രൂപഭേദം മാത്രമായ, ‘ക്ലാസ് മുറികളിൽ രൂപപ്പെടുന്ന ഇന്ത്യയുടെ ഭാവിയെ’പ്പറ്റിയുള്ള ഒരു ആമുഖവാക്യത്തിന്റെ പേരിൽ അനുസ്മരിക്കാറുണ്ടെങ്കിലും മറ്റു നിർദ്ദേശങ്ങളുടെ കാര്യമൊന്നും കാര്യമായ പരിഗണനയ്ക്കു വിധേയമാക്കിയുമില്ല.  

1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിനും പ്രോഗ്രാം ഓഫ് ആക്ഷൻ എന്ന പേരിൽ 1992 ൽ വരുത്തിയ അതിന്റെ പരിഷ്കരണത്തിനും ഇടയിൽ2016 -ലെ ടി എസ് ആർ സുബ്രഹ്മണ്യം കമ്മിറ്റി, സ്കൂൾ -കോളേജ് വിദ്യാഭ്യാസ പരിഷ്കരണങ്ങളെപ്പറ്റി  ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു.  പ്രമുഖ വിദേശസർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ തുടങ്ങാൻ അനുമതി നൽകുകയാണ് അവയിലൊന്ന്. അദ്ധ്യാപകരാവാൻ വേണ്ടി പഠിക്കുന്നവർക്ക് മിനിമം 50% മാർക്ക് ബിരുദതലത്തിൽ ഉണ്ടാവണമെന്നും പഠിപ്പിക്കുന്നതിന് ലൈസൻസ് (സർട്ടിഫിക്കേഷൻ) നിർബന്ധമാക്കണമെന്നും പത്തുവർഷത്തിലൊരിക്കൽ അതു പുതുക്കിയിരിക്കണമെന്നും അതിലുണ്ട്.  ജൂലൈ 29, 2020 ബുധനാഴ്ച  ക്യാബിനറ്റ് അംഗീകരിച്ച ഡോ. കസ്തൂരിരംഗൻ കമ്മറ്റി റിപ്പോർട്ടിലെ പരിഷ്കാരങ്ങളെ  അവതരിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖാരേ  34 വർഷമായി പരിഷ്കരിക്കാതിരുന്ന വിദ്യാഭ്യാസ നയത്തെപ്പറ്റിയാണ് പറഞ്ഞത്. കേരളത്തിലെ ഹയർ സെക്കന്ററിയുടെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ലബ്ബ കമ്മറ്റിയുടെ ആകെ ഒരു നിർദേശത്തെ മാത്രമെടുത്ത് ( ഹയർ സെക്കന്ററിയിലെ ശനിയാഴ്ച പ്രവൃത്തിദിവസം ഒഴിവാക്കുക) ബാക്കി ഉപേക്ഷിച്ചതുപോലെ സുബ്രഹ്മണ്യം കമ്മറ്റി നിർദ്ദേശങ്ങൾക്കും തുടർച്ചയുണ്ടായില്ല. MHRD  സൈറ്റുപോലും അതിനെ പരാമർശിക്കുന്നില്ല. പക്ഷേ ഡോ. കസ്തൂരിരംഗൻ റിപ്പോർട്ട്, സുബ്രഹ്മണ്യം കമ്മറ്റി നിർദ്ദേശങ്ങളിലൊന്ന് അതുപോലെ സ്വീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ പൊതുച്ചെലവ് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 6% ആയി ഉയർത്തുക എന്നത്. ഗുണമേന്മാ വിദ്യാഭ്യാസത്തെ ചൂണ്ടി അദ്ധ്യാപക സ്കൂൾ തലത്തിൽ നൂറു ശതമാനം സർവകലാശാലാ തലത്തിൽ  അൻപതു ശതമാനം എന്നിങ്ങനെ അടുത്ത രണ്ട് ദശാബ്ദങ്ങൾക്കുള്ളിൽ വിദ്യാഭ്യാസം സാർവത്രികമാക്കുക എന്ന ലക്ഷ്യത്തെയാണ് കസ്തൂരിരംഗൻ റിപ്പോർട്ടും മുന്നിൽ കാണുന്നത്. സ്കൂൾക്ലാസുകൾക്കൊപ്പം ബിരുദ ബിരുദാനന്തര വിദ്യാഭ്യാസത്തിന്റെ ഘടനയെയും പൊളിച്ചെഴുത്തിനു വിധേയമാക്കിയിട്ടുണ്ട് എന്നൊരു വ്യത്യാസമുണ്ട് ഇതിൽ. ഇതോടെ ഹയർ സെക്കന്ററി എന്ന മധ്യസ്ഥ നില ഇല്ലാതാവുകയാണ്. അതോടൊപ്പം എം ഫിൽ കോഴ്സുകളും നിർത്തലാക്കുകയാണ്. പക്ഷേ സർവകലാശാലാ പ്രവേശനത്തിന് പൊതുപ്രവേശനപരീക്ഷകൾ മുകളിൽ പറഞ്ഞ സാർവത്രികതയെന്ന ലക്ഷ്യത്തിന് എത്രത്തോളം അനുഗുണമാണെന്ന് കണ്ടറിയണം.  പരിശീലനകേന്ദ്രങ്ങളെന്ന കച്ചവടസ്ഥാപനങ്ങളുടെ സാർവത്രികതയ്ക്കാണ് അവ വഴിയൊരുക്കുക. കേന്ദ്രീകൃതമായ നിയന്ത്രണ ബോർഡ് വരുന്നതോടെ വിദ്യാഭ്യാസകാര്യത്തിൽ സംസ്ഥാനങ്ങൾ അനുഭവിച്ചു വന്ന സമാന്തരമായ അവകാശം അവസാനിക്കും. അതിന്റെ ആശങ്കകൾ അന്തരീക്ഷത്തിൽ ഉയർന്നു തുടങ്ങിയിട്ടുണ്ട്. അത്രതന്നെ പ്രാധാന്യമുള്ള കാര്യമാണ്  8 മുതൽ 12 വരെ സെക്കന്ററി വിഭാഗമായി മാറുകയും ഹയർ സെക്കന്ററി ഇല്ലാതാവുകയും ചെയ്താലും 10 ലെയും 12 ലെയും ബോർഡു പരീക്ഷകൾ നിലനിൽക്കുമെന്നതാണ് പുതിയ വിദ്യാഭ്യാസ നയം.  സെക്കന്ററി തലത്തിൽ രണ്ട് പൊതു പരീക്ഷ! കേവലം 5  സ്കോറു വാങ്ങിയാൽ ജയിക്കുന്ന പത്താം ക്ലാസ് ബോർഡ് പരീക്ഷ ഇപ്പോൾ തന്നെ ഇവിടെ തമാശയാണ്. രണ്ടു ഘട്ടമായി നിൽക്കുമ്പോൾതന്നെ ഇതാണവസ്ഥ. അടിസ്ഥാനപരമായി മാറ്റം എവിടെയാണ് സംഭവിക്കേണ്ടത്?

വിദ്യാഭ്യാസ വിഷയത്തിൽ കേരളത്തിനുള്ളത് നീണ്ട പാരമ്പര്യമാണ്. ഇന്നും ഉയർത്തിപ്പിടിക്കാവുന്ന പ്രധാനപ്പെട്ട സേവനമേഖലകളിലൊന്നായി വിദ്യാഭ്യാസം നിലനിൽക്കുന്നതിനു കാരണം ആധുനിക വിദ്യാഭ്യാസത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ഉണ്ടായി വന്ന ആവശ്യബോധമാണ്. 1848 -ൽ,  കോട്ടയത്തുവച്ച് ഹെന്റ്റി ബേക്കർ ജൂനിയറെ സ്വന്തമായി സ്കൂൾ വേണമെന്ന ആവശ്യമുന്നയിച്ച് മലയരയ വിഭാഗത്തിൽപ്പെടുന്ന ആളുകൾ വന്നു പല പ്രാവശ്യം കണ്ട കാര്യം വിനിൽ പോൾ എഴുതുന്നത് ഇതിനൊരു ഉദാഹരണമാണല്ലോ. (കൊളോണിയൽ കേരളത്തിലെ ദളിത്വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയചരിത്രം) വിദ്യ സമ്പാദിക്കാനുള്ള ഉത്സാഹങ്ങൾ സമൂഹത്തിന്റെ അടിത്തട്ടുവരെ വ്യാപിച്ചിരുന്നതിനെപ്പറ്റി സരസ്വതിവിജയം തുടങ്ങിയ നോവലുകളും തെളിവു തരുന്നു.  കേരളത്തിൽ നിലനിന്ന ഭൂവുടമാ സമ്പ്രദായത്തിലാണ് തായാട്ട് ശങ്കരൻ വിദ്യാസമ്പാദനത്തിന് അനുകൂല സാഹചര്യം ഇവിടെയുണ്ടായതിന്റെ വേരുകൾ കണ്ടെത്തുന്നത്. ജന്മിക്കും കർഷകർക്കും ഇടയിൽ ഭൂമിയെ ആധാരമാക്കി ജീവിച്ച  ഇടത്തരക്കാരാണ് വിദ്യാഭ്യാസ വിളവെടുപ്പിന്റെ മികച്ച ഉപഭോക്താക്കളായി തീർന്നത്. സാമൂഹിക ബന്ധങ്ങൾ പല നിലക്കും മാറി മറിഞ്ഞപ്പോഴും കേരളത്തിലെ മധ്യവർഗത്തിന്റെ പ്രധാന ആഗ്രഹനിക്ഷേപസ്ഥാനമായി വിദ്യാഭ്യാസം നിലനിൽക്കാനുള്ള പ്രധാനകാരണം ഈ പാരമ്പര്യമാണ്.

മറ്റൊരു തരത്തിൽകൂടി ഈ സങ്കല്പനത്തെ വികസിപ്പിക്കാവുന്നതാണ്. വിദ്യ തങ്ങളുടെ സാമൂഹിക പദവിയ്ക്ക് വേണ്ട സഹായം ചെയ്യും എന്നു വിശ്വസിച്ച ഇടത്തട്ടുകാരാണ് കേരളത്തിലെ എന്നത്തേയും അതിന്റെ മികച്ച ഉപഭോക്താക്കൾ.  ആശയും പ്രതീക്ഷയും ഭാവിയും സ്വപ്നവുമൊക്കെ  അടുത്ത തലമുറയെ ലാക്കാക്കി വിതച്ചിട്ട പ്രധാന വിളഭൂമിയാണ് ഇവിടെ എല്ലാക്കാലവും വിദ്യാഭ്യാസമേഖല. സ്കൂൾ വിദ്യാഭ്യാസഘട്ടത്തിന്റെ രൂപരേഖ തയ്യാറാക്കിയവരെല്ലാം ഏറ്റവും അധികം വെട്ടുകയും തിരുത്തുകയും കയ്യാങ്കളി നടത്തുകയും ചെയ്തത്,  സ്കൂളിനും കോളേജിനും ഇടയ്ക്കുള്ള പിയുസി എന്നും ഇന്റെർമീഡിയറ്റ് എന്നും പ്രീഡിഗ്രിയെന്നും ഹയർ സെക്കന്ററിയെന്നും പേരുകൾ മാറിയും തിരിഞ്ഞും വന്ന അന്തരാളക്കാലത്തെയാണെന്ന് വിദ്യാഭ്യാസഘട്ടപരിഷ്കാരത്തിന്റെ ഈ നീണ്ട ചരിത്രം നോക്കിയാൽ ആർക്കും മനസ്സിലാകും. ഇത് ആകസ്മികമല്ല. യൗവനത്തിന്റെ ബാല്യകാലമാണ് കൗമാരം. ഏറ്റവും വഴക്കമുള്ള, കുടുംബത്തിനും സമൂഹത്തിനും കൈകാര്യം ചെയ്യാൻ എളുപ്പമുള്ള എന്നാൽ ഒരൊത്ത വ്യക്തിയാണ് കോളേജിലേക്ക് പോകാൻ തയ്യാറെടുക്കുന്ന കുട്ടി. അയാളുടെ മുതിർച്ചയെ തങ്ങൾക്ക് അനുകൂലമാക്കാനുള്ള പാരമ്പര്യകുടുംബത്തിന്റെ ആശങ്കയെ കാലാകാലമുള്ള ഭരണകൂടസ്ഥാപനങ്ങളും അതേപടി ഏറ്റെടുത്തു പകർത്തുന്ന കാഴ്ചയാണ് തുടർച്ചയായ പരിഷ്കാരവ്യഗ്രതകളിലുമുള്ളതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്.

പ്രവേശനപ്പരീക്ഷകളുടെ ഗൃഹപ്രവേശം

1986-ൽ പ്രീഡിഗ്രി പരീക്ഷാ നടത്തിപ്പ്  സർവകലാശാലകളിൽനിന്ന് മാറ്റി പ്രത്യേക ബോർഡിനു കീഴിലാക്കാൻ നടത്തിയ ശ്രമം വമ്പിച്ച സമരത്തിൽ കലാശിച്ചത്  പ്രസിദ്ധമാണല്ലോ. കോളേജുകളിലെ പ്രീഡിഗ്രി ക്ലാസുകൾ കോളേജുകളിൽതന്നെ പ്രവർത്തിക്കുകയും ജൂനിയർ അദ്ധ്യാപകരെ ആ ക്ലാസുകളിൽ വിന്യസിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. പ്രതിപക്ഷ സർവീസ് സംഘടനകളുടെയും വിദ്യാർത്ഥി സംഘടനകളുടെയും രൂക്ഷമായ സമരം ആ തീരുമാനത്തെ തോത്പിച്ചു. സമരത്തിന്റെ കാരണങ്ങളിലൊന്ന് ദേശീയ വിദ്യാഭ്യാസ നയത്തിനെതിരാണ് പ്രീഡിഗ്രീ ബോർഡെന്ന സങ്കല്പം എന്നതായിരുന്നു. സ്കൂളിന്റെ ഭാഗമായി നിൽക്കേണ്ടതാണ് പ്രീഡിഗ്രി വിഭാഗം എന്ന നിലപാടിൽ നിന്നാണത്രേ ശക്തമായ പ്രതിഷേധം ഉണ്ടായത്. അപ്പോഴേക്കും കോത്താരി കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നിട്ട് 20 വർഷം കഴിഞ്ഞു എന്ന കാര്യം കൂടി ഓർക്കണം.  പ്രീഡിഗ്രി ക്ലാസുകളിൽ പഠിപ്പിക്കുന്നവരെ കോളേജ് അദ്ധ്യാപകരായി പരിഗണിക്കാൻ കഴിയില്ലെന്ന നിലപാട് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ കർശനമാക്കിയപ്പോഴാണ് വീണ്ടും ഈ പ്രശ്നം സജീവമാകുന്നത്. ഡോ. എം എ ഉമ്മൻ കമ്മീഷന്റെ കണക്ക് പ്രകാരം  അന്ന് അങ്ങനെ പുറത്താകുമായിരുന്ന അദ്ധ്യാപകർ 48% ആയിരുന്നു. അവരെ മുഴുവൻ കോളേജുകളിൽത്തന്നെ നിലനിർത്തിക്കൊണ്ട് സർക്കാർ സമരക്കാരുമായി രാജിയായി. എന്നാൽ പ്രീഡിഗ്രിയെ, ഹയർ സെക്കന്ററിയായി സ്കൂളുകളോട് ചേർത്ത് പുനർവിന്യസിക്കുകയും ചെയ്തു.

          സ്കൂൾക്ലാസുകൾക്കായി നിർമ്മിച്ച ക്ലാസ്‌മുറികളും അവിടെ നിലനിന്നുപോന്ന അക്കാദമിക- ഭരണസംവിധാനങ്ങളും ഒന്നും കോളേജിൽനിന്ന് സ്കൂളിലേക്ക് മാറ്റി നിർത്തിയ ഹയർ സെക്കന്ററിയെന്ന പുത്തൻ കൂറ്റുകാരെ സ്വീകരിക്കാൻ പൂർണ്ണമായി പര്യാപ്തമായിരുന്നില്ല. സർവ സന്നാഹങ്ങളോടെയും ഒന്നും തുടങ്ങാനാവില്ലെന്നും എല്ലാം കാലം പരിഹരിക്കുമെന്നുമൊക്കെയുള്ള ഉത്തമവിശ്വാസത്തെയാണ് ഈ പ്രതിസന്ധിഘട്ടം സഹായിയാക്കിയത്. 1980-90 കാലഘട്ടത്തിൽ ഉണ്ടായ സ്വകാര്യവിദ്യാലയങ്ങളുടെ പെരുപ്പവും ഇംഗ്ലീഷ് മീഡിയത്തോടുണ്ടായ പുത്തൻഭ്രമവും സർക്കാർ സ്കൂളുകളോട് പൊതുവേ ഉണ്ടായ അലംഭാവവും ചേർന്ന് തകർത്തുകൊണ്ടിരുന്ന പൊതുവിദ്യാഭ്യാസത്തെ കരകേറ്റാൻ ഹയർ സെക്കന്ററിയുടെ വരവ് ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്. സർക്കാർ സ്കൂളുകളിലെ പഠനം 2 വർഷത്തെ അക്കാദമികമായ സമ്മർദ്ദങ്ങളിൽനിന്ന് ഒഴിവാക്കി പ്രവേശനപ്പരീക്ഷയ്ക്ക് കൂടുതൽ ശ്രദ്ധകൊടുക്കാൻ കുട്ടികളെ സഹായിച്ചിരുന്നു എന്ന വാസ്തവവും ഇതിനടിയിലുണ്ട്. എന്നാലും ഭൗതികമായ സാഹചര്യത്തിന്റെ ഞെരുക്കമോ കാര്യനിർവഹണപരമായ വ്യത്യാസങ്ങളോ ഒന്നുമല്ല, (എന്നാലും അവയ്ക്കൊപ്പം) സിലബസ് നിശ്ചയിക്കുന്ന ഘട്ടത്തിൽ  കൂട്ടിച്ചേർത്ത വിഷയങ്ങളും അതിന്റെ വിന്യാസക്രമവുമാണ് ഇപ്പോഴും ഹയർ സെക്കന്ററി മേഖലയിൽ തുടരുന്ന അക്കാദമികമായ പല പ്രശ്നങ്ങളുടെയും കാതൽ.  

കോളേജുകളിൽ  ഫസ്റ്റ് ഗ്രൂപ്പ്, സെക്കന്റ് ഗ്രൂപ്പ് എന്നിങ്ങനെ 4 വിഭാഗങ്ങളിലായി കണക്ക്, ജീവശാസ്ത്രം, വാണിജ്യം, മാനവികം എന്നീ വിഷയഗ്രൂപ്പുകളും ഒന്നാം ഭാഷ ഉപഭാഷ എന്നീ രണ്ട് ഭാഷകളും പഠിച്ചിരുന്ന കുട്ടി, ഹയർ സെക്കന്ററിയിൽ കണക്കും ജീവശാസ്ത്രവും ഒന്നിച്ചു പഠിക്കണമെന്ന അവസ്ഥ ഈ കൂട്ടിച്ചേർപ്പിനിടയിൽ ഉണ്ടായി. മെഡിക്കൽ - എഞ്ചിനീയറിങ് പ്രവേശനപ്പരീക്ഷ എന്ന പ്രലോഭനീയമായ ലക്ഷ്യത്തെ മുന്നിൽ കണ്ടുള്ള ഘടനാമാറ്റമായിരുന്നു അത്.  കോളേജിൽ ഫസ്റ്റ് ഗ്രൂപ്പെടുത്ത് കണക്കു പഠിച്ചിരുന്ന കുട്ടിക്ക് മെഡിസിനു പ്രവേശനപരീക്ഷയെഴുതാൻ സാധ്യമല്ലെന്ന അവസ്ഥയെ മറികടക്കാനൊരു സാഹചര്യമാണ് ഹയർ സെക്കന്ററിയിലെ പുതിയ വിഷയവിഭാഗങ്ങൾ അവസരമൊരുക്കിയത്. (സയൻസ് പഠിക്കുന്ന കുട്ടിക്ക് കണക്ക് ഒരു പേപ്പറായി പ്രത്യേകം പഠിച്ചാൽ എഞ്ചിനീയറിങ് പരീക്ഷയെഴുതാമായിരുന്നു) അതോടെ കോടികൾ മറിയുന്ന പ്രവേശനപരീക്ഷാ പരിശീലന മാമാങ്കങ്ങളിലേക്ക് വലിയൊരു  കുത്തൊഴുക്കാണുണ്ടായത്. മൂവായിരത്തിൽ താഴെ മാത്രം സീറ്റുകളുള്ള ഒരു മത്സരപ്പരീക്ഷയിൽ കേരളത്തിലെ ഹയർ സെക്കന്ററിയിൽ സയൻസ് ഗ്രൂപ്പെടുത്തു ചേരുന്ന ഏതാണ്ട് മുക്കാൽ പങ്ക് വിദ്യാർത്ഥികളും ജീവന്മരണപ്രശ്നംപോലെ മൽപ്പിടിത്തത്തിൽ ഏർപ്പെടുന്ന അവസ്ഥയെ ഈ മാറ്റം യാഥാർത്ഥ്യമാക്കിത്തീർത്തു. പത്തു കഴിഞ്ഞാൽ സയൻസ്, അവിടുന്നു നേരെ മെഡിക്കൽ എന്ററൻസ്,  അതിനായുള്ള കസർത്ത് എന്ന നിലയിലേക്ക് മധ്യവർഗബോധത്തെ മാറ്റിയെടുക്കാൻ ഈ പരിണതിക്ക് കഴിയുകയുംചെയ്തു.

കേരളത്തിലെ സാധാരണമനുഷ്യർ സ്വപ്നങ്ങൾ വിളയിക്കാൻ മുതിരുന്ന ഇടത്തെ കൂടിയ വിലയ്ക്ക് അവർക്കുതന്നെ വിലപേശി വിൽക്കുന്ന ചൂതാട്ടമാണ് നമ്മുടെ പ്രവേശനപരീക്ഷകൾ. കേരള സർവകലാശാലയിലെ വിവാദമായ മാർക്കു തിരുത്തൽ കേസുമായി ബന്ധപ്പെട്ടുണ്ടായ ഹൈക്കോടതി വിധിയുടെ ഫലമായാണ്, 1981 -ൽ കേരളത്തിൽ ആദ്യമായി മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ നടക്കുന്നത്. തെറ്റായ മാർഗങ്ങളിലൂടെ പ്രൊഫഷണൽ കോഴ്സുകളിൽ ചിലർ പ്രവേശനം തരമാക്കുന്നു എന്ന കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് പ്രീഡിഗ്രി മാർക്കു തിരുത്തൽ വാർത്ത പുറത്തുവരുന്നത്. പ്രവേശനസമയത്തോ മറ്റോ യഥാർത്ഥ മാർക്കുലിസ്റ്റുമായി ഒത്തു നോക്കിയാൽ തള്ളിപ്പോകാൻ ഇടയുണ്ടായിരുന്നതാണ് ഈ കള്ളത്തരം. മാധ്യമങ്ങളിൽ വാർത്തയ്ക്കു കിട്ടിയ അമിതപ്രാധാന്യം, പ്രവേശനപ്പരീക്ഷയുടെ അടിയന്തിരാവശ്യം ജനമനസ്സുകളിൽ ഊട്ടി ഉറപ്പിക്കാൻ സഹായിച്ചു എന്നതാണ് ഇതുകൊണ്ടുണ്ടായ ഏകനേട്ടം.

  തൊട്ടടുത്ത വർഷം എഞ്ചിനീയറിങ് കോഴ്സുകൾക്കുള്ള പ്രവേശനത്തിനും പരീക്ഷ ഏർപ്പെടുത്തുകയും അതിനടുത്ത് 1983 -ൽ  എന്ററൻസ് എക്സാമിനേഷൻ കമ്മീഷ്ണറേറ്റ് സ്ഥാപിതമാവുകയും ചെയ്തു. പ്രവേശനപ്പരീക്ഷകളുടെ നടത്തിപ്പിന്റെ ചുമതലയുള്ള കമ്മീഷണറേറ്റ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ്. ഹയർ സെക്കന്ററിയാവട്ടെ ഇപ്പോൾ പൊതുവിദ്യാഭ്യാസഡയറക്ടറുടെ നിയന്ത്രണത്തിലും. ഭാഗികമായി നടപ്പിലാക്കിക്കഴിഞ്ഞ ഖാദർക്കമ്മീഷൻ റിപ്പോർട്ട് (പൂർണ്ണരൂപത്തിൽ അതു പുറത്തു വന്നിട്ടില്ല) വിദ്യാഭ്യാസത്തിന്റെ മറ്റൊരു മധ്യസ്ഥ (ഇന്റെർമീഡിയേറ്റ്) വിഭാഗത്തെക്കൂടി യാഥാർത്ഥ്യമാക്കി. വരേണ്യവും അഭിലഷണീയവുമായ ഒരു സാമൂഹിക ക്രമത്തിലേക്ക് വരിചേരാനുള്ള ഒരു വിഭാഗത്തിന്റെ അഭിലാഷനിക്ഷേപങ്ങളെ താലോലിക്കുന്ന ഇടമായി പ്രവേശനപ്പരീക്ഷയുടെ എടുപ്പുകൾ ഹയർ സെക്കന്ററിയ്ക്കും  മുകളിൽ മറ്റൊരു സമാന്തര തലമായി മാറിക്കഴിഞ്ഞു. പുറത്ത് ദൃശ്യമാവുന്നതരത്തിൽ അതിന് രൂപഘടനകളൊന്നും ഇല്ല.  എങ്കിലും നാടൊട്ടുക്ക് മുളച്ചു പൊന്തിയ പ്രവേശനപരീക്ഷാ പരിശീലനകേന്ദ്രങ്ങളും അനുബന്ധവ്യവസായങ്ങളും പൊതുജനത്തിന്റെ മനോഭാവവും അധികാരികളുടെ പരിപാലനവും എല്ലാം ചേർന്ന് പ്രവേശനപ്പരീക്ഷകളെ കണ്ണഞ്ചിപ്പിക്കുന്ന ഒരു ഭൗതികസത്തയാക്കി മാറ്റിക്കഴിഞ്ഞു. സാമൂഹികവ്യവഹാരങ്ങൾക്കുമേൽ ചരിത്രം വീഴ്ത്തിയ നിഴലുകളുടെ കാലികമായ വളർച്ച ഈ തരത്തിലാണ്. 

          വരുമാനത്തിനനുസരിച്ച് ലോട്ടറികൾ വാങ്ങാമെന്നതുപോലെ ആളുകളുടെ തരമനുസരിച്ചുള്ള ശ്രേണീബദ്ധമായ പരിശീലനസ്ഥാപനങ്ങളും ഒറ്റയ്ക്കുള്ള ട്യൂഷൻ സെന്ററുകളും നാട്ടിലുടനീളമായിക്കഴിഞ്ഞു. കൂടുതൽ പണം ചെലവാക്കാൻ തയ്യാറാവുന്നവർക്ക് കൂടുതൽ സദ്ഫലം തരുന്ന സ്ഥാപനങ്ങളിൽ ചേരാം. എന്നു മാത്രമല്ല, അവിടെ ചേരാൻ വേണ്ടിമാത്രമുള്ള മാർക്കു നേടാനുള്ള പരിശീലനവും കുട്ടിക്ക് കൊടുക്കാൻ മാതാപിതാക്കൾക്ക് കഴിയുകയും വേണം. എന്ററൻസ് പരീക്ഷയിൽ കടന്നു കൂടാത്ത കുട്ടികളും രക്ഷാകർത്താക്കളും തുടർവർഷങ്ങളിൽ അത് ലഭിച്ചേക്കുമെന്ന പ്രതീക്ഷയിൽ പരിശീലനം ആവർത്തിക്കാറുണ്ട്. 75% ഇങ്ങനെ ആവർത്തിച്ചു പരീക്ഷയെഴുതുന്നവരാണെന്ന് എന്ററൻസ് കമ്മീഷ്ണരുടെ വെബ്സൈറ്റു പറയുന്നത്. മെഡിക്കൽ- എഞ്ചിനീയറിങ് പ്രവേശന പരീക്ഷയെ മുഖ്യമായി കണ്ട് തീവ്രപരിശീലനത്തിലേർപ്പെടുന്ന ഒരു  കുട്ടിയുടെ വാർഷിക ചെലവ് ശരാശരി ഒരു ലക്ഷം രൂപയാണെന്ന് കണക്ക്. പരീക്ഷാ പരിശീലന സ്ഥാപനങ്ങൾക്കു ചുറ്റുമായി കുട്ടികളെ സഹായിക്കാനായുള്ള (താമസം, ഭക്ഷണം, സ്റ്റേഷനറികൾ) ഇതര വ്യാപാരസ്ഥാപനങ്ങളും പച്ച പിടിക്കുന്നു. ഇതെല്ലാം കൂടിച്ചേർന്നുണ്ടാക്കുന്നത് കോടികളുടെ വ്യവസായമാണ്. രോഗബാധ ഭയന്ന് സ്കൂളുകൾ അടച്ചിട്ടിരിക്കുമ്പോഴും പ്രവേശനപരീക്ഷകളുടെ പരിശീലനങ്ങൾ പുതിയ സങ്കേതങ്ങൾ ഉപയോഗിച്ച് മുറയ്ക്ക് നടന്നിരുന്നു.  ഇനി നടക്കാൻ പോകുന്നവയ്ക്കുള്ള ക്ലാസുകൾ മുടക്കം കൂടാതെ നടന്നു വരുന്നു. മുപ്പതിനായിരം രൂപയായി വെർച്വൽ പരിശീലനക്ലാസ് പഠനത്തിനുള്ള ഫീസ് ഇപ്പോൾ.

 

പരിഷ്കരണസമിതിയുടെ ശുപാർശകൾ

തുടക്കത്തിൽ കോമൺ എന്ററൻസ് ടെസ്റ്റ് (CET)  എന്നറിയപ്പെട്ടിരുന്ന പരീക്ഷയ്ക്ക് കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അവയുടെ ഔചിത്യവും പ്രയോജനവും ആർക്കാണെന്ന കാര്യത്തിലാണ് സംശയം. പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിലെ വിലയിരുത്തൽ-മൂല്യനിർണ്ണയരീതികളെ അപ്രസക്തമാക്കുന്ന പ്രവേശനപരീക്ഷാ സമ്പ്രദായം മുഖ്യധാരാവിദ്യാഭ്യാസരീതിയെത്തന്നെ കളിയാക്കുന്നതല്ലേ എന്ന ചോദ്യം പലപ്പോഴും ഉയർന്നു വന്നിട്ടുണ്ട്. കമ്പ്യൂട്ടറിൽ ഉത്തരങ്ങൾ പരിശോധിക്കാമെന്നാകുമ്പോൾ മൂല്യനിർണ്ണയം കുറ്റമറ്റതാകും എന്നത് ശരിയാണ്. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് അടയാളപ്പെടുത്തി തീർക്കേണ്ട വസ്തുനിഷ്ഠ ചോദ്യങ്ങൾ (ഒബ്‌ജെക്ടീവ് ടൈപ്പ്) കൃത്യമായ പരിശീലനമില്ലാതെ ചെയ്തു തീർക്കാൻ സാധ്യമല്ലെന്ന അവസ്ഥയും അതോടൊപ്പം ഉണ്ടായി. ശതകോടികൾ മറിയുന്ന വ്യാപാരമായി എന്ററൻസ് പരിശീലന കേന്ദ്രങ്ങൾ മാറുന്നതിന് ഈ മാറ്റം ചെറിയ സഹായമല്ല ചെയ്തിട്ടുള്ളത്. ഈ വിഷയത്തിൽ ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ പഠനം ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള കുട്ടികളുടെ അനുപാതം കുറയുന്നതിനെ വ്യക്തമായി കാണിച്ചുതരുന്നതാണ്.  അതിന്റെ കാരണം അവർക്ക് മത്സരാധിഷ്ഠിതമായി കുതിക്കുന്ന പരിശീലനകേന്ദ്രങ്ങൾക്കൊപ്പം സഞ്ചരിക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ടാണ്.

1996-ലെ എം പി ചന്ദ്രശേഖരൻ കമ്മിറ്റിയും 2006 -ലെ അദ്ദേഹംതന്നെ അദ്ധ്യക്ഷനായ മറ്റൊരു കമ്മിറ്റിയും പരിശീലനങ്ങളുടെ ആധിക്യവും സമ്മർദ്ദവും കുറയ്ക്കുക, പരീക്ഷ  പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്കും പ്രാപ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ട് ചോദ്യബാങ്ക് രൂപീകരിക്കണമെന്നും ചോദ്യങ്ങൾ മലയാളത്തിലും ചേർക്കണമെന്നും രണ്ടു പ്രാവശ്യത്തിലധികം പ്രവേശന പരീക്ഷ എഴുതാൻ അവസരം നൽകരുതെന്നുമുള്ള ശുപാർശകൾ പരിഗണിക്കപ്പെട്ടിട്ടില്ല. ഭാരിച്ച തുക മുടക്കി പരിശീലനത്തിനു പോകാൻ കഴിവില്ലാത്ത കുട്ടികൾക്ക് പകരം സൗജന്യ പരിശീലനം നൽകാൻ ഉണ്ടായ ശ്രമങ്ങൾ ആളുകളുടെ ഉത്സാഹരാഹിത്യം കൊണ്ടുതന്നെ പാഴുമായി. തമിഴ്‌നാട് ഇക്കാര്യത്തിൽ നമുക്കു മുൻപേയാണ്. കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്നാണ് ഇതിനെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.  ഏതാണ്ട് മുഴുവൻ കുട്ടികളും തമിഴ്‌നാട്ടിൽ ബോർഡ് പരീക്ഷകഴിഞ്ഞു വരുന്നവരാണെങ്കിൽ ഇവിടെ സി ബി എസ് ഇ- ഐ സി എസ് ഇ പരീക്ഷകളും ഇന്റെർനാഷണൽ സിലബസും പഠിച്ചു വരുന്ന കുട്ടികളുടെ എണ്ണം വലുതാണ്. സ്കോറുകളുടെ ഐക്യരൂപ്യം അതുകൊണ്ടുതന്നെ കീറാമുട്ടിയാണ്. ഇതു പരിഹരിക്കാനാണ് രണ്ടാം കമ്മിറ്റി, വിവിധ യോഗ്യതാപരീക്ഷകളിലെ സ്കോറുകളെ മാനകീകരിക്കാൻ അംഗീകൃത സമവാക്യങ്ങൾ ഉപയോഗിക്കണമെന്നും യോഗ്യതാപരീക്ഷയുടെയും പ്രവേശനപ്പരീക്ഷയുടെയും സ്കോറുകൾ 50:50 എന്ന കണക്കിൽ  പരിഗണിക്കണമെന്നും നിർദ്ദേശിച്ചത്.  അവ നടപ്പിലായിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽനിന്നുകൊണ്ടു വേണം ഇക്കഴിഞ്ഞ ജൂലൈ 16 നു നടന്ന  കേരളാ എന്റെറെൻസ് ഫോർ ആർക്കിടെക്ട് ആൻഡ് മെഡിക്കൽ എഞ്ചിനീയറിങിനെ (KEAM) കാണാൻ.  കോവിഡ് പകർച്ചയെ തുടർന്ന് രണ്ടാംവട്ട ത്രിതല അടച്ചിടൽ പ്രഖ്യാപിച്ച സമയത്ത് പ്രത്യേകിച്ച് എല്ലാ പ്രോട്ടോക്കോളുകളെയും ലംഘിച്ചുകൊണ്ട് നടന്ന പരീക്ഷ ഇതിനകം സോഷ്യൽ മീഡിയകളിൽ ചർച്ചയായി അലയിളക്കി അവസാനിച്ചു. ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾ, കേരളത്തിലെയും മറ്റു സ്ഥലങ്ങളിലെയും 334 കേന്ദ്രങ്ങളിലായി ഒന്നിച്ചു കൂടി എഴുതിയ പരീക്ഷ കുറവുകളൊന്നുമില്ലാതെ നടന്നു എന്ന അവകാശവാദം ചില കേന്ദ്രങ്ങളിൽനിന്നുണ്ടായെങ്കിലും കോവിഡിന്റെ ഭീഷണിയെ വകവയ്ക്കാതെ അടിയന്തിരമായി പരീക്ഷ നടത്താനുണ്ടായ സാഹചര്യമെന്തായിരുന്നു എന്ന ചോദ്യത്തിനു പ്രത്യേകിച്ചു മറുപടിയില്ല. നീറ്റു (NEET)പോലെയുള്ള ദേശീയ പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കും രക്ഷാകർത്താവിനുമെല്ലാം കോവിഡു ബാധയുണ്ടായ വാർത്തകൾ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നു. രോഗവാർത്തകൾ പുറത്തു വന്നു കഴിഞ്ഞപ്പോൾ വേണ്ടത്ര ഗതാഗത സൗകര്യം പോലുമില്ലാതിരുന്ന സമയത്ത്, കുട്ടികളെയുംകൊണ്ട് ദൂരസ്ഥലങ്ങളിൽനിന്ന് പരീക്ഷാകേന്ദ്രങ്ങളിലെത്തിയ രക്ഷാകർത്താക്കളെ സാമൂഹികമായ അകലം പാലിക്കാത്തതിന്റെ പേരിൽ പ്രതിയാക്കി പോലീസ് കേസും എടുത്തു!

രോഗബാധയുടെ ആശങ്കകൾ നിലനിൽക്കേതന്നെയാണ് ബോർഡു പരീക്ഷകൾ കൃത്യമായി നടത്തിയും മൂല്യനിർണ്ണയം സമയബന്ധിതമായിതന്നെ പൂർത്തിയാക്കിയും ഫലം പ്രഖ്യാപിച്ചും എന്തായാലും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് അതിന്റെ കാര്യക്ഷമത തെളിയിച്ചത്. അടച്ചിരുപ്പു കാലത്തെ ഇടവേളകൾ ഉപയോഗിച്ചുകൊണ്ടായിരുന്നു  അവയെല്ലാം നടത്തിയത്. പ്രവേശന പരീക്ഷ നടക്കുന്ന കാലമാവട്ടെ രോഗം സമൂഹവ്യാപനത്തിലേക്കു നീങ്ങുന്ന ഘട്ടത്തിലുമായിരുന്നു. പ്രവേശനപരീക്ഷ പൊതുവിദ്യാഭ്യാസംപോലെയോ അതിനേക്കാൾ ഗൗരവത്തിലെടുക്കേണ്ടതോ ആയ കാര്യമായി പൊതുബോധത്തിൽമാത്രമല്ല ഉദ്യോഗസ്ഥരുടെ നിർവഹണ ഇടങ്ങളിലും കേറിപ്പറ്റിയിരിക്കുന്നു എന്ന ഒരർത്ഥം ഈ തിരക്കു പിടിക്കലിനുണ്ട്. നേരത്തെ കണ്ടതുപോലെ കോടികൾ മറിയുന്ന കച്ചവടമാണ് കേരളത്തിലെ പ്രവേശനപരീക്ഷാ പരിശീലനം. അധികാരകേന്ദ്രങ്ങളിലെല്ലാം ആഴത്തിൽ വേരുകൾ താഴ്ത്തിയിട്ടുള്ള ഈ കച്ചവടസംഘങ്ങളുടെ സ്വാധീനശേഷി നിസ്സാരമല്ലെന്ന സ്വർണ്ണക്കടത്ത് കേസിൽ അറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. തൊട്ടടുത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥന്മാർ എന്താണു ചെയ്യുന്നതെന്ന് അറിയാൻ നിർവാഹമില്ലാത്ത ഒരു ഭരണ ചക്രവ്യൂഹ വ്യവസ്ഥയിൽ, പ്രവേശനപരീക്ഷപോലെയുള്ള നോട്ടുകെട്ടുകൾ മറിയുന്ന മാമാങ്കങ്ങൾ കൃത്യമായി നടത്തിക്കൊടുക്കാനുള്ള ഉത്തരവാദിത്തം ആരെങ്കിലുമൊക്കെ ഏറ്റെടുക്കുന്നില്ലെന്ന് ആരുകണ്ടു? വേട്ടയാടിയും പെറുക്കിത്തിന്നും നടന്നകാലത്തിൽ നിന്നും വളരെയൊന്നും പരിണമിച്ചിട്ടില്ലാത്ത തലച്ചോറും വച്ചുകൊണ്ടാണ് മനുഷ്യൻ ഇപ്പോഴും നടക്കുന്നത്. സമൂഹത്തിന്റെ സങ്കീർണ്ണതകളെ മുഴുവനായി അളന്ന് തീരുമാനത്തിലെത്താൻ  കഴിയാതെപോകുന്നത് മനുഷ്യരുടെ കുറ്റമല്ലെന്ന് ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കൂള്ള 21 പാഠങ്ങളിൽ’ യുവാൽ നോവാ ഹരാരി വ്യക്തമാക്കുന്നു. കാര്യക്ഷമതയെന്ന പുറംപകിട്ടുള്ള ലേബലൊട്ടിച്ച് മാത്രം ഒതുക്കിയും ഒളിപ്പിച്ചും  നിർത്താവുന്നവയല്ല,  നിർവാഹകത്വം നഷ്ടപ്പെട്ട  ജനങ്ങളെ തെളിയിച്ചുകൊണ്ടു പോകുന്ന ആ സങ്കീർണ്ണതകൾ.

 

1.         ഇന്ത്യൻ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ – തായാട്ട് ശങ്കരൻ

2.       ഹയർ സെക്കന്ററി വിദ്യാഭ്യാസം കേരളത്തിൽ - പ്രൊഫ. വി കാർത്തികേയൻ നായർ

3.       കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കാരം പരിഷത്തിന്റെ സമീപനങ്ങൾ

4.       പ്രവേശനപരീക്ഷാ പരിഷ്‌കരണ സമിതി ശുപാർശകൾ - https://wiki.kssp.in

5.     Post-War Educational Development in India- report by the central advisory board of education 1944

 

 (പച്ചക്കുതിര ആഗസ്റ്റ് 2020)