ഒരു കവി, തന്റെ സമകാലികനോ പൂർവികനോ ആയ
മറ്റൊരു കവിയുടെ കവിതകൾ തെരെഞ്ഞെടുത്ത് അവതരിപ്പിക്കുമ്പോൾ അതിൽ വായനക്കാരന്റെ പക്ഷത്തു നിന്ന് പങ്കു ചേരുന്നത്,
കവികളുടെ പൊതുവായ ഭാവുകത്വം ഇരുന്നു പകിടകളിക്കുന്ന തിരുവരങ്ങ് ഏതെന്ന് അറിയാനുള്ള
കേവലകൌതുകം മാത്രമല്ല. പ്രത്യക്ഷത്തിൽ അതു പ്രധാനമാണെങ്കിൽ കൂടിയും. കലയുടെ രഹസ്യം
പോലെ മൌലികതയും തെരെഞ്ഞെടുപ്പിലാണിരിക്കുന്നത് എന്ന് വേണമെങ്കിൽ നമുക്കിവിടെ തത്ത്വം
പറയാം. മുന്നിലുള്ള എണ്ണമറ്റ അനുഭവചോദനകളിൽ കവി ‘ഒന്നിനു’കൊടുത്ത മൂല്യമാണല്ലോ കവിതയായി സാക്ഷാത്താവുന്നത്. ഒരർത്ഥത്തിൽ തെരെഞ്ഞെടുപ്പിന്റെ സമാഹാരങ്ങൾ കാവ്യനയപ്രഖ്യാപനം
കൂടിയാണ്. ‘എന്നിലേയ്ക്ക്’ ഒഴുകി വന്ന പൈതൃകവഴികൾ’ ഇതാണെന്ന ഏറ്റു പറച്ചിലുണ്ടാവും,
ഏതു സൂക്ഷ്മമായ തെരെഞ്ഞെടുപ്പുകളിലും. ചിലപ്പോൾ നിഷേധാത്മകമായിട്ടാവും എന്നു മാത്രം. ഓർക്കാപ്പുറത്ത് അവ വായനക്കാരന്റെ പൂർവനിശ്ചിതമായ
ധാരണകളിൽ നിന്ന് പിണങ്ങിയെന്നും വരും. അറിഞ്ഞ ഒരു കവിയുടെ അറിയാമേഖലകളാണ് അയാളുടെ തെരെഞ്ഞെടുപ്പുകളിൽ
ഭൂപടം നിവർത്തുന്നത് എന്നു വരാം. നാം ഏർപ്പെടുന്നത് തെരെഞ്ഞെടുക്കപ്പെട്ട കവിതകളുടെ വായനയിൽ മാത്രമല്ല.
അവ തെരെഞ്ഞെടുത്ത കവിയുടെ രചനകളുടെ വിചാരണകളിൽ കൂടിയാണ്. ഒരേ സമയം രണ്ടു പുഴകളിൽ നാം
യാത്ര ചെയ്യുന്നു.
അയ്യപ്പൻ
തെരെഞ്ഞെടുത്ത ‘കുമാരനാശാൻ കവിതകൾ’ കൌതുകകരമാവുന്നത് ആശാന്റെ ആന്തരികമായ അലച്ചിലും
അയ്യപ്പന്റെ നിരന്തരമായ യാത്രകളും ഏതു രസപാകത്തിൽ ഒന്നിക്കും എന്നതിനെപ്പറ്റി സാമാന്യേന
നമുക്കുള്ള ധാരണയുടെ ബലത്തിൽ തന്നെ. ആശാൻ അർത്ഥത്തിൽ സൂക്ഷ്മവേദിയായിരുന്നു. ശ്ലഥബിംബങ്ങൾ
കൊണ്ട് മേൽവിലാസങ്ങൾ വെട്ടിയും തിരുത്തിയും ഉന്മാദം കൊണ്ട് തരിക്കുമ്പോഴും അയ്യപ്പനും
അർത്ഥനിഷ്കർഷകൾ ജാതാനുരാഗമായിരുന്നു. സ്വാതന്ത്ര്യം ഈ കവികളെ ഒന്നിച്ചിരുത്തുന്ന വലിയ
മന്ത്രമാണ് എന്നും നമുക്കറിയാം. ‘ഒരു സിംഹപ്രസവവും’, ‘ഒരു ഉദ്ബോധനവും’, ‘സിംഹനാദവും’
ഒരു തീയക്കുട്ടിയുടെ വിചാരവും’ ‘പരിവർത്തനവും’ ആ നിലയ്ക്ക് വന്നേ മതിയാവൂ. ഈ രണ്ടു
കവികൾക്കും പൊതുവായി പങ്കുവയ്ക്കാനുള്ള മറ്റൊരു തലം മരണാഭിമുഖ്യത്തിന്റെയാണ്. (‘മൃത്യുവിന്
ഒരു വാക്കേയുള്ളൂ വരൂ, പോകാം..’ എന്ന് അയ്യപ്പന്റെ കവിതയിൽ)‘നിജ ജന്മകൃത്യം നിറവേറ്റിയവർ വേഗം പൊയ്ക്കോട്ടെ, വഴിയാത്രക്കാരുടെ കാലു നോവിക്കുന്ന
രൂക്ഷശിലയുടെ വാഴ്വിനേക്കാൾ, വെളിച്ചം കാണിച്ചു പൊലിയുന്ന മേഘജ്യോതിസ്സിന്റെ ക്ഷണികജീവിതമല്ലേ
നല്ലത് ’ എന്ന് ആമുഖത്തിൽ എടുത്തെഴുതിയ ആശാന്റെ വരികളിലൂടെ അയ്യപ്പൻ ഈ രണ്ടു കാര്യങ്ങളെയും
കോർത്തിണക്കി. ആത്മീയമായ പേശീബലങ്ങൾ ഉള്ളതിനാൽ കുമാരനാശാനിലെ ഈ തലം കുറെ കൂടി പ്രസന്നമാണ്. പ്രരോദനത്തിലെയും വീണപൂവിലെയും വിഷാദത്തിന്റെ കരിനീലതടാകങ്ങളിൽ
തുഞ്ചെത്തിനോക്കുന്ന തുരുത്തുകൾ ദർശനസൂക്ഷ്മതകളാണ്. സിവിയെക്കുറിച്ചുള്ള കവിത ‘സിവി
സ്മാരകം അഥവാ നിന്നുപോയ നാദം’, ജീവിതവും മരണവും, ചരമശ്ലോകങ്ങൾ, പുതുപ്പള്ളിൽ പി കെ
പണിക്കരുടെയും ചാവർകോട്ടു കുഞ്ഞുശങ്കരൻ വൈദ്യരുടെയും വേർപാടിൽ അനുതപിച്ചുകൊണ്ടെഴുതിയ
ശ്ലോകങ്ങൾ എന്നിവ അയ്യപ്പൻ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ‘ ഹാ കഷ്ടം സുഖമല്ലതാൻ സുഖം, ഇല്ലൈകാന്തികം സൌഖ്യം, ഉപാസിക്കുന്നു ദുഃഖത്തെ ഞാൻ’
എന്ന് തന്റെ അന്തർമുഖമായ വീക്ഷണത്തെ മറയില്ലാത്ത
വിധം തുറന്നു പറഞ്ഞ ‘ഒരു അനുതാപം’ (അമ്മയുടെ
മരണത്തിലുള്ള വിലാപമാണ് അനുതാപം) കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
അദ്ധ്യാത്മബോധം
പോലും എനിക്കു സുഖം തരുന്നില്ലെന്ന് ദുഃഖത്തിന്റെ പരകോടിയിൽ നിന്ന് ആശാൻ എഴുതി.
എങ്കിലും ചിന്നസാമിയായി നാരായണ ഗുരുവിന്റെ തണലിൽ ജീവിച്ച ആശാന് ആത്മീയപാഠങ്ങൾ എത്രമാത്രം
വിലപ്പെട്ടതായിരുന്നു ബാക്കി കൃതികൾ തെളിവു നൽകുന്നുണ്ട്. അത് ഏകശിലാമുഖമായിരുന്നില്ലെന്നു
മാത്രം. ആശാൻ കവിതയുടെ ആ ഒരു വശം നഷ്ടപ്പെടരുതെന്നു കരുതിയാവണം അയ്യപ്പൻ, സൌന്ദര്യലഹരിയുടെ വിവർത്തനവും ‘ശിവസുരഭിയും’
‘കാമിനീഗർഹണവും’ ‘വിഭൂതിയും’ സമാഹാരത്തിൽ ഉൾപ്പെടുത്തിയത്. ഏ ആറിന്റെ ചരമവിലാപമായ
‘പ്രരോദനവും’, കവിതയെക്കുറിച്ചുള്ള കവിത ‘കാവ്യകല
അഥവാ ഏഴാമിന്ദ്രിയവും’ ചില സാഹിതീസങ്കൽപ്പങ്ങളുടെ കാലഭേദമില്ലാത്ത പങ്കുവയ്ക്കൽ
എന്ന രീതിയിൽ ഇന്നു വായിക്കാൻ രസമാണ്. കപോതപുഷ്പം
, മിന്നാമിനുങ്ങ്, തോട്ടത്തിലെ എട്ടുകാലി, വണ്ടിന്റെ പാട്ട്, പ്രാണിദയ, ഉദിക്കുന്ന
നക്ഷത്രം ഇങ്ങനെ ചില കവിതകളുടെ തെരെഞ്ഞെടുപ്പ് ‘ചെറുതുകളോടുള്ള’ ആശാന്റെ താത്പര്യത്തെ
കൌതുകമാക്കുന്ന കരുതലിനെയാണ് കാണിച്ചു തരുന്നത്.
ഉറുമ്പുകളെ എണ്ണുന്ന നാറാണത്ത് പാറ ഏഴുന്നു നിൽക്കുന്ന സർഗചേതനകളുടെ ഉള്ളിണക്കമാണിത്.
‘വീണപൂവെന്ന’ പേരിൽ തന്നെയുണ്ടായിരുന്നു
അതിസൂക്ഷ്മമായ ഒച്ചകൾ, ചുറ്റുപാടുകളെ കൺവഴികളാക്കുന്ന അപൂർവത. പക്ഷേ പിന്നീട് വായനകളിൽ
വാടിയ പൂവ്, നേർത്ത സ്വരങ്ങൾ വിട്ട് മുരടനക്കി, ആർപ്പുവിളിച്ച് സമരോത്സുകമായ സഞ്ചാരങ്ങൾ
തുടങ്ങി. അതു മറ്റൊരു വഴിയാത്ര. കവിതകളിൽ കോടതിമുറികളെ വിളിച്ചു വരുത്തിയ കവി, കുമാരനാശാന്റെ
‘ദൂഷിതമായ ന്യായാസന’ത്തെ തഴയുമോ? ആശാന്റെ
വിവർത്തനങ്ങളുടെ മാതൃകയെന്ന നിലയിലും പൂർവകവികളുമായുള്ള പൊക്കിൾക്കൊടി ബന്ധത്തിന്റെ
തഴമ്പുകൾ എന്ന നിലയിലും ‘മേഘസന്ദേശത്തിന്റെ’ അപൂർണ്ണമായ പരിഭാഷയുമുണ്ട്. ജി പ്രിയദർശൻ
സമ്പാദിച്ച ‘ആശാന്റെ അറിയപ്പെടാത്ത കവിതകൾക്കായി നീക്കി വച്ചിരിക്കുന്ന ഏഴു പേജുകൾ
മുന്നിൽ കൊണ്ടു വന്നു നിർത്തുന്നത് ആശാൻ ചെയ്ത ഗൃഹപാഠങ്ങളുടെ സമൃദ്ധിയെക്കുറിച്ചുള്ള
പുനരാലോചനയ്ക്ക് വേണ്ടികൂടിയാവണം.
ആശാൻ കവിത സമുദ്രമാണെങ്കിൽ അതിന്റെ ഓരത്തൂടെ
നടന്ന് ശേഖരിച്ച, അത്രയേറെ വായിക്കപ്പെടാത്ത കവിതകളുടെ സമാഹാരം എന്ന നിലയ്ക്കാണ് ‘ഈ
തെരെഞ്ഞെടുത്ത കവിതകളെ’ അവതരിപ്പിക്കുന്നതെന്ന്
അയ്യപ്പൻ പറയുന്നു. അതത്ര ശരിയാണെന്ന് തോന്നുന്നില്ല. അവ വായിക്കപ്പെടാത്തവയല്ല. അതേ
സമയം അതിൽ വലിയൊരു ശരി ഇല്ലാതെയുമിരിക്കുന്നില്ല.
‘ഈ രചനകൾ നിങ്ങൾ വായിച്ചതു തന്നെയാണോ’ എന്ന ചോദ്യത്തിന്റെ ഊന്നലിലാണ് ആ വലിയ ശരിയുള്ളത്. ‘(നിഷ്കപടതയോട്’ എന്നാണ് കുമാരനാശാൻ എഴുതിയ
ഒരു കവിതയുടെ പേര്) ചോദിക്കുന്നതാവട്ടേ ജീവിതം കവിതയാക്കിയ ഒരു കവിയും. ‘യഥാർത്ഥജീവിതത്തിനല്ല കാഴ്ചക്കാർ’ എന്നു മനസ്സിലാക്കിയ
ഒരാളുടെ ദാർശനികമായ വിരൽ ചൂണ്ടൽ!
-----------------------------------------------------
എ അയ്യപ്പൻ തെരെഞ്ഞെടുത്ത കുമാരനാശാൻ കവിതകൾ
ചിന്ത
പബ്ലിഷേഴ്സ്
തിരുവനന്തപുരം
വില
: 140 രൂപ