June 29, 2011

ദൈവം സ്നേഹിക്കുന്നവരുടെ പേരുകൾ



ആദാമിന്റെ മകൻ അബുവിന്റെ പേര് ദൈവത്തെ ഇഷ്ടപ്പെടുന്നവരുടെ പട്ടികയിൽ ഇല്ലായിരുന്നു, അന്ന് അബു പകലന്തിയോളം പണിയെടുത്ത് ക്ഷീണിച്ച് വന്നു കിടന്നുറങ്ങിയ പീടികത്തിണ്ണയുടെ തൊട്ടു മുകളിലായി വന്നു നിന്ന വെളിച്ചത്തിന്റെ മേഘത്തിലിരുന്ന് കൃത്രിമ ഗൌരവത്തോടെ നന്മയുടെ മാലാഖ മറിച്ചത് കുട്ടിക്കഥയുടെ ആഹ്ലാദകരമായ പരിണാമഗുപ്തിയുടെ സ്വർണ്ണത്താളായിരുന്നു. ആശകൾ അത്രയ്ക്കു കുറവായിരുന്നതിനാൽ ചെറിയൊരു സങ്കടത്താൽ അബുവിന്റെ തല ആ ഇരുട്ടിൽ കുനിഞ്ഞിരിക്കണം. അപ്പോഴേയ്ക്കും മാലാഖ ദൈവം ഇഷ്ടപ്പെടുന്നവരുടെ പേരുകൾ വായിച്ചു. അതിലാദ്യത്തേത് ‘ആദാമിന്റെ മകൻ അബു’.

ഹൃദയം നുറുങ്ങിയവർക്കു മാത്രമല്ല മനസ്സിൽ നന്മയുള്ളവർക്കും ദൈവം സമീപസ്ഥനാണെന്ന് ഓതി തരുന്ന കഥയായിരുന്നത്. ദുരൂഹവും നിഗൂഢവുമായ ദൈവപ്രീതി, ഭൌതികമായ ഒരു വകയ്ക്കും കൊള്ളുകയില്ലെങ്കിലും കൂടി അതു വിലവയ്ക്കേണ്ടതാണെന്നൊക്കെയുള്ള ചിന്തകൾ ആട്ടിയാലും പോകാത്ത വകകളായി തലച്ചോറിന്റെ അറകളിൽ കയറിക്കൂടിയതിനൊക്കെ കാരണങ്ങളുണ്ട്. ടീച്ചർമാർ തുടങ്ങി പ്രത്യക്ഷദൈവതങ്ങളുടെ ഇഷ്ടക്കാരാവാൻ കുട്ടികൾ കൊതിച്ചു തുടങ്ങിയതിനു പിന്നിലെ കേവല മനശ്ശാസ്ത്രം തിരഞ്ഞാൽ ഇമ്മാതിരി കഥകളുടെ സ്വാധീനശക്തി ചില്ലറയായിരുന്നില്ലെന്ന് മനസ്സിലാവും. അത് ഒരു വശം. സലിം അഹമ്മദിന്റെ സിനിമ ‘ആദാമിന്റെ മകൻ അബു’ -വിൽ ഹജ്ജിനുപോവുക എന്ന ജീവിതലക്ഷ്യം - ഇസ്ലാമികജീവിതത്തിന്റെ അഞ്ചു നെടും തൂണുകളിലൊന്ന്- ചുണ്ടിനും കപ്പിനും ഇടയിൽ വച്ചു വഴുതിയ ‘അബു’ എന്ന എഴുപത്തിയഞ്ചുകാരൻ, പേരു കൊണ്ടു തന്നെ കുഴിച്ചെടുത്ത് കൂടെക്കൂട്ടുന്ന ഈടുവയ്പ്പിൽ ഏറ്റവും കനപ്പെട്ടത് പ്രാഥമിക പാഠാവലിയിലെ പഴയകഥയുടെ അനുഭവമാണ്. എന്നാൽ ഈ അനുഭവം അബുവിന്റെ വ്യക്തിത്വത്തിന്റെ ആമുഖമായി തുടങ്ങി അവിടെ തന്നെ അവസാനിക്കുന്നു. കഥയിൽ നിന്നു പ്രസരിച്ചിരുന്ന നന്മ, തീരെ മതപരമല്ല. എന്നാൽ സിനിമയിലാവട്ടെ അത് മതപരമല്ലാതെ മറ്റൊന്നുമാവുന്നില്ല എന്ന വ്യത്യാസമുണ്ട്. ആദാമിന്റെ മകൻ അബുവിലെ ‘രാഷ്ട്രീയം’ അതിനുള്ളിലെ മതജീവിതത്തെ ചുറ്റിപ്പറ്റി നീങ്ങുന്നതാണ്. ജീവിതത്തെ താങ്ങി നിർത്തുന്നതെന്നു നാം കരുതിപ്പോരുന്ന മൂല്യങ്ങൾക്ക് മതവുമായി മാത്രമാണ് നേരിട്ട് ബന്ധമുള്ളതെന്ന സാമാന്യധാരണയ്ക്കുള്ളിലാണ്, അബുവിന്റെ ലാളിത്യവും സത്യസന്ധതയും ആത്മാർത്ഥതയും വിലപ്പെട്ടതെന്നും മതിപ്പുള്ളതെന്നും തോന്നുന്നത്.

കൂട്ടത്തിൽ പറയട്ടെ വെറും പ്രചരണം മാത്രം ലക്ഷ്യമാക്കുന്ന നമ്മുടെ ‘രാഷ്ട്രീയപടങ്ങളും’ ഇതേ തന്ത്രത്തെ പയറ്റാറുണ്ട്. നായകന്റെ നന്മയും ആത്മാർത്ഥതയും സത്യസന്ധതയും കടന്നു വന്ന വഴി അയാളുടെ സമരോന്മുഖമായ രാഷ്ട്രീയപ്രവർത്തനത്തിന്റെ ഫലമാണെന്ന് പ്രകടമായി തന്നെ സൂചിപ്പിച്ചുകൊണ്ട്. മറ്റൊരു സാജാത്യം കൂടി എടുത്തു പറയാവുന്നതാണ്. ജനപ്രിയരാഷ്ട്രീയ ചിത്രങ്ങളിൽ മതമൂല്യങ്ങൾ എങ്ങനെയാണോ പ്രതിസ്ഥാനത്ത് നിൽക്കുന്നത് അതേ പോലെയാണ് ‘അബു’ കക്ഷിരാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നത്. ബോംബുപൊട്ടി മരിച്ച രക്തസാക്ഷിയെക്കുറിച്ച് തമാശരൂപത്തിലുള്ള ഒരു സംഭാഷണമുണ്ട്, സിനിമയിൽ. അയാൾ ബോംബു നിർമ്മിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ‘കൊല്ലപ്പെട്ട്’ രക്തസാക്ഷിയായത്‘ എന്ന് ! പൊതുബോധം തുന്നിക്കൊടുത്ത രാഷ്ട്രീയക്കുപ്പായമാണിത്. രാഷ്ട്രീയം മതത്തെ നോക്കിക്കാണുന്ന രീതിയിൽ തന്നെ മതം രാഷ്ട്രീയത്തെ നോക്കിക്കാണുന്നു എന്നർത്ഥം. അക്കരെയിക്കരെ നിന്ന് നോക്കിക്കളിച്ചുകൊണ്ടിരിക്കുന്ന മതത്തിനും രാഷ്ട്രീയത്തിനും ഇടയ്ക്ക് തോന്നുന്നതുപോലെ ഒരു കടലോളമൊന്നും ദൂരമില്ലെന്ന് ധ്വനിപ്പിച്ചുകൊണ്ടാണ് നമ്മുടെ സർഗാവിഷ്കാരങ്ങൾ ജനപ്രിയമാകുന്നത്.

അത്തറു വിൽ‌പ്പനക്കാരനാണ് അബു. സാമ്പത്തികമായി നല്ല നിലയിലല്ലാത്ത അയാൾക്ക് കൊക്കിലൊതുങ്ങുന്നതല്ല ഹജ്ജ് കർമ്മം. എന്നാലും ഭാര്യ, ആയുസ്സുമ്മയുടെ കൈയും പിടിച്ച് പരിശുദ്ധഭൂമിയിൽ ‘കാബ’ വലം വയ്ക്കുന്നതാണ് അയാൾക്കുള്ള ഏക സ്വപ്നം. അതു കഴിഞ്ഞ് തിരിച്ചു വരാൻ കൂടി ആഗ്രഹിക്കുന്നില്ലെന്ന് ഒരിടത്ത് അയാൾ പറയുന്നുണ്ട്. അസാധ്യമായതിനുമേൽ വച്ചുകെട്ടിയ സ്വപ്നം നോക്കിയിരിക്കേ വഴുതുമ്പോൾ 3 സഹായഹസ്തങ്ങളാണ് അയാൾക്കു നേരെ നീളുന്നത്. സംവിധായകൻ സലീം അഹമ്മദ് ഒരഭിമുഖത്തിൽ പറഞ്ഞത് ( മാതൃഭൂമി ആഴ്ചപ്പതിപ്പ്) അബുവിന്റെ ജീവിതലക്ഷ്യത്തെ സഹായിക്കാൻ സർവാത്മനാ മുന്നോട്ടുവരുന്നവരിൽ ഇതരമതത്തിൽ‌പ്പെട്ടവരെകൂടി ഉൾപ്പെടുത്തിയതുകൊണ്ട് - ക്രിസ്ത്യാനിയായ മരക്കച്ചവടക്കാരൻ, ഹിന്ദുവായ സ്കൂൾ മാഷ്- ആ വഴിയ്ക്കുള്ള മതസൌഹാർദ്ദത്തെയും താൻ ലക്ഷ്യമാക്കുന്നുണ്ട് എന്നാണ്. മൂന്നാമത്തെയാൾ ട്രാവൽ ഏജൻസിയിലെ ഒരു മുസ്ലീമുമാണ്. നിർഭാഗ്യവശാൽ ഈ സഹായവാഗ്ദാനങ്ങളെ സ്വീകരിക്കാൻ അയാൾക്കു കഴിയുന്നില്ല. പ്രതീക്ഷയുടെ കടയ്ക്കൽ കത്തിവച്ച ആദ്യത്തെ ദുരന്തം അയാൾ വിറ്റ പ്ലാവിനുള്ളിലെ പോടാണ്. അതു സാരമാക്കാതെയാണ് നസ്രാണിയായ മരക്കച്ചവടക്കാരൻ പറഞ്ഞു വച്ച മുഴുവൻ തുകയും അയാൾക്ക് നൽകാമെന്നു പറയുന്നത്. അബുവിനത് സ്വീകരിക്കാൻ കഴിയുമായിരുന്നില്ല. ഒരാളുടെ നഷ്ടത്തിനുമേലല്ല തന്റെ സ്വപ്നത്തിന്റെ ചില്ലുമേട പണിയേണ്ടതെന്ന് അയാൾക്കറിയാം. ട്രാവൽ ഏജൻസിക്കാരന്റെ സഹായം നിരസിക്കുന്നതിനു പിന്നിൽ മതപരമായ ശാസനമാണുള്ളത്. കടം വാങ്ങിയല്ല, ഹജ്ജെന്ന പാവനകർമ്മം നിർവഹിക്കേണ്ടത് എന്നതാണത്. കടം വീട്ടലിന്റെ ഒരു നിർവാണത്തിന് കടം ബാക്കി വയ്ക്കാൻ പറ്റില്ല. രക്തബന്ധം ഉള്ളവരിൽ നിന്നല്ലാതെ ഇതരമതസ്ഥരിൽ നിന്ന് സഹായം പറ്റി ഇബാദത്ത് അനുഷ്ഠിക്കാൻ നിർവാഹമില്ലാത്തതുകൊണ്ടാണ് ഹിന്ദുവായ മാഷിന്റെ സഹായം അബു വേണ്ടെന്നു വയ്ക്കുന്നത്. ബന്ധങ്ങളെപ്പറ്റിയുള്ള പരാമർശം ഇവിടങ്ങളിൽ ഉണ്ട്. തന്റെ ഉമ്മായ്ക്കും ബാപ്പായ്ക്കും പകരമായാണ് നിങ്ങളെ കാണുന്നതെന്ന ട്രാവൽ ഏജൻസിക്കാരന്റെയും സഹോദരനും ഭാര്യയ്ക്കും തീർത്ഥാടനം നടത്താനുള്ള തുകയാണ് താനീ വച്ചു നീട്ടുന്നതെന്ന മാഷിന്റെയും വാദത്തെ അബുഅങ്ങേയറ്റം സ്നേഹത്തോടെയും എന്നാൽ മനോബലത്തോടെയും നിരസിക്കുകയാണ് ചെയ്തത്. ബന്ധം എന്നാൽ രക്തബന്ധം തന്നെയാണ് എന്ന് അബു അങ്ങനെ ഉറപ്പിക്കുന്നുണ്ട്. വിനീതമായിരിക്കുമ്പോഴും വിട്ടുവീഴ്ചയില്ലാത്ത മതത്തിന്റെ കാർക്കശ്യത്തിന് ചെവിയോർക്കാവുന്ന സന്ദർഭമാണിത്.

ഹജ്ജിനു ഒറ്റയ്ക്കു പോകാമെന്നായിട്ടും ഭാര്യയുമായി മാത്രമേ പോകൂ എന്ന അയാളുടെ ശാഠ്യത്തിലുമുണ്ട് ഈ സൌ‌മ്യമായ ബലം പിടുത്തം. പ്രത്യക്ഷത്തിൽ ദമ്പതികളുടെ ആശാഭംഗത്തിന് ഈ കാർക്കശ്യത്തിനു നല്ല പങ്കുണ്ട്. വച്ചു നീട്ടിയിട്ടും സ്വീകരിക്കാത്ത സഹായവാഗ്ദാനങ്ങളാണ് സിനിമയുടെ കഥാഘടനയെ സംഘർഷഭരിതമായി മുന്നോട്ടു നീക്കുന്നത്. അതേ സമയം ഇതേ കാർക്കശ്യം തന്നെയാണ് കഥയുടെ ശുഭപര്യവസായിത്വത്തിനും കാരണം. ജനപ്രിയ ആഖ്യാനങ്ങളുടെ വഴക്കം വച്ചു നോക്കിയാൽ അവസാന നിമിഷത്തിൽ ആകസ്മികമായി കിട്ടുന്ന സഹായം എല്ലാ നീർമിഴികളെയും തുടച്ച് വെള്ളിമേഘങ്ങൾക്കിടയിൽ പറന്നൂളിയിടുന്ന വിമാനത്തിന്റെ പിന്നാമ്പുറത്തിൽ സിനിമയുടെ അന്ത്യത്തെ കെട്ടിയിടാനുള്ള സാധ്യതയെയാണ് ഇതു തുലച്ചത്. സിനിമ എവിടെ തുടങ്ങിയോ അവിടെ, നട്ട പ്ലാവിൻ തൈയെയും നനച്ചു മിച്ചം വച്ച ബക്കറ്റു വെള്ളത്തെയും കാണിച്ച് അവസാനിക്കുന്നു. രണ്ടര മണിക്കൂർ പിൻപറ്റിയ ഒരു സാധാരണ ജീവിതത്തിൽ ആകെ സംഭവിച്ചത് പടർന്നു പന്തലിച്ചതെങ്കിലും ഉള്ളിൽ പോടുണ്ടായിരുന്ന ഒരു മരം നിലം പൊത്തി എന്നതാണ്. പകരമൊരു പുതുനാമ്പ്. അതേ സ്ഥലത്തു തന്നെ. ഇനി ഒരിക്കലും അബുവിന്റെ സ്വപ്നം സഫലമാകില്ലെന്നും ഇനി അധികകാലം തനിക്ക് ആയുസ്സില്ലാത്ത ഈ ലോകജീവിതത്തിൽ നീക്കുപോക്കില്ലാത്ത സത്യസന്ധതയുമായി പുലർന്നുപോകുന്ന അയാൾക്ക് ഹജ്ജ് ഒരിക്കലും സാധ്യമാവില്ലെന്നുമുള്ള സത്യത്തിന്റെ പ്രതീകാത്മക സൂചനയായി പടർന്നു പന്തലിച്ചു നിന്നിരുന്ന പ്ലാവിന്റെ അഭാവത്തെ കണക്കിലെടുക്കാം. പകരം മറ്റൊരു സ്വപ്നത്തെ അയാൾ നട്ടു നനയ്ക്കുന്നുമുണ്ട്. ഹജ്ജിനു ശേഷം തിരിച്ചുവരാൻ തന്നെ മനസ്സില്ലാത്തവിധം മുട്ടിപോയ ഒരു മനസ്സ് വീണ്ടും ജീവിതം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാവാം അത്. മരം മുറിക്കാനായി വിറ്റത് പടച്ചോന് ഇഷ്ടമായിക്കാണില്ലെന്ന് നെഞ്ചുകീറുന്ന നിലവിളി അബുവിൽ നിന്ന് ഉയരുന്നു. ‘അതും ഒരു ജീവനല്ലേ’ എന്നതാണ് കാരണം. ഇടിവെട്ടിയതുപോലെ വെളിപ്പെട്ടു കിട്ടിയ ആ അറിവിന്റെ അലിവിൽ, മുറിച്ചുകളഞ്ഞ് ജീവന്റെ കടം വീട്ടലു കൂടിയാണ് ബാക്കി ജീവിതത്തിന്റെ സാഫല്യമെന്നുമുള്ള ധ്വനിപ്പിക്കലുണ്ട് വൃക്ഷത്തൈയിൽ അവസാനിക്കുന്ന സീനിന്.

തീർത്ഥാടനം അസാധ്യമാണെന്ന് തീർച്ചപ്പെട്ട ഉടൻ, വിറ്റ പശുവിനെയും കുട്ടിയെയും അയാൾ തിരിച്ചെടുത്തു. പശു വെറുമൊരു നാൽക്കാലിയല്ല, അത്തറു വിൽ‌പ്പനയ്ക്കായി ദൂരങ്ങളിൽ അബു പോകുന്ന ദിവസങ്ങളിൽ ആയിസുമ്മയ്ക്ക് വല്ലതുമൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കാൻ അയിത്തുങ്ങളായിരുന്നു തുണ. വാർദ്ധക്യത്തിലെ ഏകാന്തതയെയും സൌഹൃദങ്ങളിലെ ഊഷ്മളതയെയും കൂടി സിനിമ അടക്കിപ്പിടിച്ച് കൂടെക്കൂട്ടുന്നത് ഇങ്ങനെ ചില രംഗങ്ങളിലൂടെയാണ്. കൂടെയുണ്ടായിരുന്നവർ കാലത്തിനൊത്ത് മാറി, ഇരുന്നെഴുന്നേറ്റതുപോലെ വലിയ ആൾക്കാരാവുന്നതിനെപ്പറ്റി കുട നന്നാക്കലിനിടയിൽ കൂട്ടുകാരൻ അബുവുമായി പങ്കുവയ്ക്കുന്നുണ്ട്. അത്തറു വിൽ‌പ്പനയും കുടനന്നാക്കലും കാലഹരണപ്പെട്ടു. പുതിയ രുചികളുടെ ബേക്കറികളും ഗൾഫുജീവിതവുമൊക്കെ പുതിയ സാമ്പത്തിക - സാമൂഹിക പരിണാമത്തിന്റെ സൂചികകളായി തലപൊക്കി നിൽക്കുന്നു. വാങ്ക് കൊടുത്തതിനാൽ നിസ്കാരത്തിനായി എഴുന്നേൽക്കുന്നിടത്താണ് ആ സംഭാഷണം അവസാനിക്കുന്നത്. സാമൂഹികമായ പൊരുത്തക്കേടുകൾക്ക് മതപരമായ പരിഹാരം സാന്ത്വനവും സമാശ്വാസവുമായി സിനിമയിൽ നിറയുന്നത് പ്രത്യേകം ശ്രദ്ധ അർഹിക്കുന്ന കാര്യമാണ്. ഉസ്താദെന്ന ദിവ്യൻ ആവലാതികളുമായി വരുന്ന മുഴുവൻ പേരുടെയും ദുരന്തം ഏറ്റുവാങ്ങി വ്യസനിച്ചുകൊണ്ട് സിനിമയിൽ സന്നിഹിതനാണ്. വല്ലാത്തൊരു ആലംബഹീനത്വമാണ് അദ്ദേഹത്തിന്റെ മരണത്തിൽ ചായക്കടക്കാരൻ അനുഭവിക്കുന്നത്. ഉസ്താദ് വന്നതോടെ പച്ചപിടിച്ചതാണ് അയാളുടെ കച്ചവടം. അദ്ദേഹം ഇല്ലാതാവുന്നതോടെ അതു നശിക്കുന്നതിനുള്ള സാധ്യത അയാളുടെ മതിഭ്രമത്തിൽ കുടിയിരിപ്പുണ്ട്. മതത്തിന്റെ ആശ്രയത്വം നഷ്ടപ്പെട്ട മനുഷ്യന്റെ ഉന്മാദിത്വമാണ് സൂചന. കാറ്റിലുലയുന്ന പുൽച്ചെടികൾക്കു നടുവിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു പൂമരമാണ് ഉസ്താദിന്റെ പ്രതീകം. അദ്ദേഹം ഒരു ആൾ ദൈവമല്ല. കൊണ്ടു വന്ന ചായയ്ക്ക് കൃത്യമായി തന്നെ പണം, തന്റെ കലുഷമായ ആലോചനകൾക്കിടയിലും, അദ്ദേഹം കൊടുക്കുന്നുണ്ട്. എങ്കിലും മരണാനന്തരം ‘ജാറ’ത്തിനു കൈവന്ന സാമ്പത്തിക നേട്ടത്തെക്കുറിച്ചുള്ള പരാമർശങ്ങൾ സിനിമയിലുണ്ട്. ശവത്തിന് അവകാശവാദം ഉന്നയിച്ച് രണ്ടു കൂട്ടർ കടിപിടികൂടിയത് ഭൌതികലാക്കു വച്ചാണ്. മതത്തെ ഒട്ടും നോവിക്കാതെയായാൽ പോലും, മതപരമായി നിലനിൽക്കുന്ന ചില ആചാരങ്ങളെ വിമർശിക്കുക, ജനപ്രിയ സിനിമകൾ സാമാന്യജനത്തിന്റെ ബോധവുമായി നടത്തുന്ന നീക്കുപോക്കുകൾക്ക് തെളിവാണ്. (ക്ഷേത്രസംരക്ഷണം ജന്മലക്ഷ്യമായി കൊണ്ടാടുന്ന ബദ്രിനാഥ് പോലെയുള്ള തട്ടുപൊളിപ്പൻ സിനിമകളിൽ പോലും മതത്തിന്റെ പേരിൽ നടത്തുന്ന തട്ടിപ്പുകൾ തമാശയായി കൂട്ടിച്ചേർത്തു വച്ചിരിക്കുന്നതു കാണാം) ഈ ആന്തരിക വൈരുദ്ധ്യം സിനിമയിൽ മറ്റൊരിടത്തുകൂടി പ്രകടമാണ്.

അബുവിന്റെ സ്വന്തം മകൻ സത്താറിനെക്കുറിച്ചുള്ള പരാമർശം ഉണ്ടാകുന്നിടങ്ങളിൽ. ഇത്രമേൽ നന്മ മനസ്സിലുള്ളയാളും പരമ സാത്വികനും കാരുണ്യവാനും സത്യസന്ധനും ആയ അബു, ഏക മകൻ സത്താറിന്റെ പേരു കേൾക്കുന്നിടങ്ങളിലൊക്കെ വല്ലാതെ അസ്വസ്ഥനാകുന്നതുകാണാം. ഉസ്താദ് മരിച്ച വാർത്ത അറിയിക്കുന്ന ചായക്കടക്കാരനോളം ചെല്ലുന്നില്ലെങ്കിലും മിതമല്ലാത്ത ഭാവാഭിനയത്തിലേയ്ക്ക് അബു മറിഞ്ഞു വീഴുന്ന ഏക സന്ദർഭം മകനെക്കുറിച്ചുള്ള ഓർമ്മയാണ്. അതിർത്തി തർക്കത്തിനിടയിൽ തന്റെ കൈയിൽ വെട്ടിയ ബന്ധുവിനോടു പോലും അബുവിന്റെ സമീപനം ഉദാരമാണ്. വഴക്കിന്റെ സമയത്തുപോലും. എന്നാൽ വിദേശത്ത് സ്വന്തം ജീവിതം കരുപിടിപ്പിച്ച വ്യക്തി, ആഖ്യാനത്തിൽ ദുഷ്ടനായിരിക്കുന്നതിന്റെ പിന്നിൽ ആദാമിന്റെ മകൻ വിനിമയം ചെയ്യുന്ന മൂല്യങ്ങൾക്ക് നല്ല പങ്കുണ്ട്. ഒന്നു ചരിഞ്ഞു ചിന്തിച്ചാൽ അബുവിന്റെ ജീവിതസാഫല്യമായ ഹജ്ജ് യാത്ര, കാരണമെന്തായാലും പലതരത്തിൽ പിഞ്ഞിപ്പോയതിന്റെ മുഴുവൻ ഉത്തരവാദിത്തവും ഫലത്തിൽ സത്താറിന്റെ തലയിൽ ചെന്നു കയറുന്നുണ്ട്. അബുവിന്റെ പണക്കാരനായ കൂട്ടുകാരൻ ഹാജിയുടെ സംഭാഷണത്തിൽ ഹജ്ജ് യാത്രയ്ക്കുള്ള പണം സത്താറിൽ നിന്നായിരിക്കും എന്ന സൂചനയ്ക്കിടയിൽ വിവർണ്ണമാകുന്ന അബുവിന്റെ മുഖം കാട്ടിത്തന്നുകൊണ്ട് ഇക്കാര്യം സംവിധായകൻ വെടിപ്പായി പറഞ്ഞു വച്ചു. അങ്ങനെ താരത‌മ്യേന ലളിതമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമ സ്ക്രീനിൽ വരാത്ത മകനെ, അബുവിന്റെ നന്മകളുടെയെല്ലാം വരമ്പിനപ്പുറത്ത് പ്രതിസ്ഥാനത്ത് നിർത്തി ഒരു അപരനെ സൃഷ്ടിച്ചു. അയാൾക്ക് സാധ്യമാവുന്ന ബദൽ സിനിമയുടെ നാലുകെട്ടിനകത്ത് ബുദ്ധിയെ വിയർപ്പിക്കുന്ന പണിയാവേണ്ടതില്ല. മാതാപിതാക്കളെ നിരാശ്രയകാലത്ത് പരിഗണിക്കാത്തവൻ എന്ന ഒറ്റക്കാരണത്താൽ അമ്മയെ തലയ്ക്കടിച്ചുകൊന്നവനുപോലും കൊള്ളരുത്താത്തവനാകും അയാൾ. അതാണ് സിനിമയുടെ രസതന്ത്രം. പറഞ്ഞുറപ്പിച്ച മൂല്യങ്ങളുടെ ഗുണതന്ത്രം.

ആദാമിന്റെ മകൻ അബു എന്ന കുട്ടിക്കഥയിലേയ്ക്ക് തിരിച്ചു വരാം. ദൈവത്തിനോട് പ്രിയമുള്ളവനാകാൻ കൊതിച്ച് ദൈവത്തിന്റെ ഇഷ്ടം നേടിയ മഹാഭാഗ്യവാനായിരുന്നല്ലോ പുള്ളി. പടച്ചോന്റെ നീതിശാസനങ്ങളിൽ പുലർന്ന് അവസാനം ദൈവത്തിനു പ്രിയമുള്ളവനായി മാറിയ അബുവിനെയാണ് സലീം അഹമ്മദും ചിത്രീകരിച്ചത്. പ്രേക്ഷകരാണ് ഇവിടെ ദൈവം എന്നേ വ്യത്യാസമുള്ളൂ. പഴയ കുട്ടിക്കഥയുടെ പ്രമേയഘടനയിലേയ്ക്ക് ഇറക്കിവച്ചതാണ് അതിന്റെ ലാളിത്യം. ചോദ്യങ്ങളില്ലാത്ത മൂല്യബോധമാണ് അതിന്റെ ആധാരം. അതുകൊണ്ട് അതൊരു തിരിച്ചുപോക്കാണ്. ഓച്ചിറവേലയ്ക്കുപോകാൻ വർഷം മുഴുവൻ പിശുക്കിയും വയറു മുറുക്കിയും വഴക്കടിച്ചും പാത്തു വയ്ക്കുന്ന പണം അത്യാവശ്യത്തിനുപകരിക്കാതെ ഒലിച്ചുപോകുന്നതു കണ്ട് ‘അടുത്ത വർഷം ആകട്ടെ’ എന്ന് ആശ്വസിക്കുന്ന ഒരു ഏകാകിയായ ഗ്രാമീണസ്ത്രീയെയും (പി കേശവ ദേവ്) മകൾക്ക് പുടവ വാങ്ങാനായി കൊണ്ടു പോകുന്ന പണം കൊണ്ട്, അറക്കാൻ നിർത്തിയിരിക്കുന്ന തന്റെ പഴയ കൂട്ടുകാരനായ കണ്ണൻ എന്ന കാളയെ വാങ്ങിക്കൊണ്ടു വരുന്ന ഔസേപ്പിനെയും (പൊൻകുന്നം വർക്കി) അബു നേരിട്ടു ചെന്നു തൊടുന്നുണ്ട്. എന്നു വച്ചാൽ പഴയ സർഗാവിഷ്കാരങ്ങളെ കൂട്ടിത്തൊട്ടു കൊണ്ടു നടത്തുന്ന സഞ്ചാരം ഒരു കലാസൃഷ്ടിക്കു നൽകുന്ന ഭാവപരമായ നിറം പ്രത്യേകമാണ്. ഈ നിറം ഗൃഹാതുരതയാണ് തിരിച്ചുപോക്കിനുള്ള ആക്കത്തെ കൂട്ടുന്നത്. ആവിഷ്കാരം ബോധപൂർവം തന്നെയാകണമെന്നില്ല, എങ്കിലും ആസ്വാദനം ഈ പറഞ്ഞ മേഖലയിലേയ്ക്ക് അബോധസഞ്ചാരം നടത്തിയാണ് ചില നേട്ടങ്ങൾ കൊയ്യുന്നതെന്നതിന് എത്രവേണമെങ്കിലും ഉദാഹരണങ്ങളുണ്ട്. അബുവിന്റെ മുടങ്ങുന്ന ഹജ്ജ് യാത്ര, ഗ്രാമീണജീവിതം എന്ന മതാത്മകതജീവിതത്തിലേയ്ക്കുള്ള അയാളുടെ തളച്ചിടപ്പെട്ട ജീവിതത്തെതന്നെയാണ് അടയാളപ്പെടുത്തുന്നത് എന്നു കൂടി പറഞ്ഞാൽ സിനിമ തുടങ്ങിയടത്തു തന്നെയാണ് അവസാനിക്കുന്നത് എന്നു പറഞ്ഞതിന്റെ പൊരുൾ ഏറെക്കുറെ പൂർത്തിയാവുമെന്നു തോന്നുന്നു.

June 13, 2011

പുതിയ ചില പരലോകങ്ങൾ

മറ്റൊരു ലോകത്തിലേയ്ക്ക് അയയ്ക്കപ്പെട്ട സ്വത്വമാണ് പ്രേതം. ‘മരിച്ചവരുടെ ജീവൻ’ എന്നാണ് ആ വാക്കിനർത്ഥം. അതിന് ഭൂതകാലവുമായാണ് ബന്ധമുള്ളത്. അമൂർത്തമായ ആശയങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കാൻ മൂർത്തമായ വസ്തുക്കളെ കടം കൊള്ളുമ്പോലെയല്ല പ്രേതവും ഭൂതവും തമ്മിലുള്ള ബന്ധം. ഭൂതകാലം എന്ന അമൂർത്തതയെ പ്രേതമെന്ന മറ്റൊരു അമൂർത്തതകൊണ്ട് അടയാളപ്പെടുത്തുക കുഴഞ്ഞുമറിഞ്ഞ കാര്യമാണെങ്കിലും നമുക്കതൊരു ‘കാവ്യാത്മക’മായ ശീലമായിട്ടുണ്ട്. കുടത്തിലെ ഭൂതം കാലം തെറ്റി മുക്കുവനെ പിടികൂടിയ പ്രേതമാണ്. മറ്റൊരു ലോകത്തു നിന്നാണ് അത് കയറി വരുന്നത്. പഴയ നോർവീജിയൻ നാടകകൃത്ത് ഇബസന്റെ ‘ഗോസ്റ്റിന്‘ മലയാളത്തിൽ പ്രേതങ്ങൾ എന്നും ഭൂതം എന്നും രണ്ടു വിവർത്തനങ്ങൾ രണ്ടാണ്. അച്ഛന്റെ വൈകല്യങ്ങൾ മകനിലൂടെ വീണ്ടും ആവിഷ്കാരം നേടുന്നതുകണ്ട് ദുരിതപ്പെടുന്ന സ്ത്രീകളായിരുന്നു അതിലെ പ്രമേയവസ്തുക്കൾ. ചത്തുപോയ അച്ഛൻ തന്നെയല്ലേ മാൿബത്തിനെ വന്നു കണ്ട് വേണ്ടാത്തത് ചെയ്യിക്കുവാൻ കിണഞ്ഞത്? അവന്റെ ജീവിതത്തെ ദുരിതമയമാക്കിയത്? ചത്തവർ ജീവിച്ചിരിക്കുന്നവരെപ്പോലെ പെരുമാറുന്ന ‘പെഡ്രോപരാമോ’യെ സൌകര്യപൂർവം മറക്കാം. അത് ഇതൊന്നുമല്ലല്ലോ. സാമൂഹികവും സാംസ്കാരികവുമായ സകലമാനയിടത്തും കയറിപ്പറ്റിയിരിക്കുന്ന പ്രേതങ്ങളെപ്പറ്റി ‘കോലങ്ങൾ’ എന്ന കവിത പാടുന്നു. അത് രാഷ്ട്രാന്തരീയപ്രേതങ്ങൾക്കുള്ള കേരളീയമായ പാഠഭേദം. ഇനിയുമുണ്ട്. എന്നാലും മൊത്തത്തിൽ പരലോകം ഒരു നല്ല വാക്കല്ല. പല വഴിക്ക് ആ വഴക്കങ്ങൾ ടി വി ചന്ദ്രന്റെ ‘ശങ്കരനും മോഹനനും’ എന്ന തമാശപ്പടത്തിൽ (എന്നായിരുന്നു വിവരണം) ബോധപൂർവവും അബോധപൂർവവുമായ പല സ്വാധീനങ്ങളും ചെലുത്തി എന്ന് തമാശക്കുവേണ്ടിയെങ്കിലും നമുക്ക് ചിന്തിച്ചുകൂടേ? ഇമ്മാതിരി തമാശകളെ ബുദ്ധിപരമായ തമാശ എന്നുവേണം വിളിക്കാൻ. കാരണം ഇതുവരെ നാം ചർച്ച ചെയ്തുകൊണ്ടിരുന്നത് ജീവിച്ചിരിക്കുന്നവരുടെ പ്രശ്നങ്ങളാണെങ്കിൽ ഈ സിനിമ മരിച്ചവരുടെ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നുണ്ടെന്ന് സംവിധായകൻ തന്നെ പറയുന്നിടത്തുണ്ട് ഫലിതം. സുരാജ് വെഞ്ഞാറമൂടിന്റെ സ്ത്രീവിരുദ്ധമായ അമിട്ടുകളെപ്പോലെയല്ല, തത്ത്വചിന്താപരമായ അമൃതബിന്ദുക്കൾ. മരിച്ചവരുടെ പ്രശ്നം എന്ന പറച്ചിലിൽ പോലുമുണ്ട് ബുദ്ധിയുള്ള ഫലിതം. മരിച്ചവരുടെ പ്രശ്നങ്ങൾ എങ്ങനെയാണ് ജീവിച്ചിരിക്കുന്നവർ അറിയുക? യുക്തിപരമായി അതിന് സാദ്ധ്യതയൊന്നും ഇല്ല. പിന്നെയുള്ളത് മരിച്ചവർക്ക് ഉണ്ടെന്ന് ജീവിച്ചിരിക്കുന്നവർക്ക് തോന്നുന്ന ചില പ്രശ്നങ്ങളെ സിനിമയിൽ കൊണ്ടു വരികയെന്നുള്ളതാണ്. അതിലൊന്ന് ജനനത്തിന് 9 മാസത്തെ മുന്നറിയിപ്പുകാലം ഉള്ളതുപോലെ മരണത്തിനും 9 മാസം ഒരു ശേഷിപ്പുകാലം ഉണ്ടെന്ന (പുതിയ) സങ്കൽപ്പമാണ്. ഈ ആശയത്തെ അങ്ങനെയങ്ങ് ഉറപ്പിക്കാൻ പറ്റില്ലെന്ന് മരിച്ചുപോയ ശങ്കരനെക്കൊണ്ട് എഴുത്തുകാരനായ ടി വി ചന്ദ്രൻ പറയിക്കുന്നുണ്ട്. മരിച്ചതിനുശേഷം ‘ജീവിക്കാനായി’ പലവേഷങ്ങളിൽ പല സ്ഥലങ്ങളിൽ കറങ്ങുന്ന ശങ്കരന്റെ വേവലാതികളാണ് സിനിമയുടെ പ്രമേയം. വിവാഹപ്പിറ്റേന്ന് പാമ്പുകടിയേറ്റ് മരിച്ചുപോയതുകൊണ്ട് ശങ്കരന് ആശിച്ചുകെട്ടിയ, തന്നേക്കാൾ പ്രായം കുറഞ്ഞ വധുവിനെ വേണ്ട പോലെ സ്നേഹിച്ചു തീരാത്തതിന്റെ പ്രശ്നമാണ് അതിലൊന്ന്. ഇണയെ സ്നേഹിച്ചു തീരാത്തതിന്റെ പ്രശ്നം ആലോചിച്ചാൽ ശരീരവുമായി ബന്ധപ്പെട്ട കാര്യമാണ്. മരിച്ചയാൾക്കാവട്ടെ, ശരീരമില്ലാതായിരിക്കുന്നു താനും. പിന്നെ അയാൾ തന്റെ പെണ്ണ് മറ്റൊരാളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ചും തന്നെ മറക്കുന്നതിനെക്കുറിച്ചും അവളെ വിവാഹം കഴിക്കാൻ പോകുന്നവനെ ദേഹോപദ്രവം ഏൽ‌പ്പിക്കുന്നതിനെക്കുറിച്ചും വിട്ടൊഴിയാതെ ചിന്തിക്കുന്നതിലുള്ള അയുക്തിയിൽ വേണമെങ്കിൽ കഷ്ടപ്പെട്ട് തമാശ കണ്ടെത്തുകയും ചെയ്യാം. പ്രായം കുറഞ്ഞ ചേട്ടത്തിയമ്മയോട് അനുജനു തോന്നുന്ന അബോധപരമായ കാമത്തിന്റെ പ്രകടിതരൂപമാണ് ഈ പ്രേതബാധയെന്നൊരു മനശ്ശാസ്ത്രവ്യാഖ്യാനം കൊടുത്ത് യുക്തിയെ പൊടി തട്ടിയെടുക്കാം. അത്തരമൊരു ലളിതയുക്തിയിൽ ആളുകൾ ചെന്നു കയറുമെന്ന് അറിയാവുന്നതുകൊണ്ടാവും സംവിധായകനും തിരക്കഥാകൃത്തുമായ ടി വി ചന്ദ്രൻ ആഖ്യാനവണ്ടിയെ വഴിമാറ്റി ഓടിച്ചത്. പിന്നെ പിന്നെ മരിച്ചവരെല്ലാം സഹായിക്കാനായി മോഹനന്റെ അടുക്കലെത്തുകയാണ്. ശുപാർശ വരുന്നത് സ്വന്തം ചേട്ടൻ, പരേതൻ ശങ്കരൻ വഴിയും. അതായത് ‘വണ്ടി’ അടൂരിന്റെ അനന്തരം വഴി മനോജ് നൈറ്റ് ശ്യാമളന്റെ ‘സിക്സ്ത് സെൻസു’ വരെ പോയി കറങ്ങി വന്ന പ്രതീതി. സിനിമയിലെ പ്രേതങ്ങളുടേത് അടിമുടി ഭൌതികപ്രശ്നങ്ങളാണ്. തന്നെ മറന്ന് മറ്റൊരാളെ ഭാര്യ വിവാഹം കഴിക്കുന്നത്, വീടിന്റെ കടം അടച്ചു തീർക്കാത്തത്, മകളെ കാണാനാവാത്തത്... കൂട്ടത്തിൽ പറയട്ടെ, പല നാട്ടിൽ പലവേഷത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ശങ്കരൻ ഒരിക്കൽ മോഹനന്റെ വീട്ടിൽ പാശ്ചാത്യമായ വേഷവിതാനത്തിൽ മഞ്ഞു നനഞ്ഞ് വന്നു കയറിയിട്ട് സോഫയിലിരുന്ന് കാലുകളുടെ ആയാസം തീർക്കുന്ന ഒരു സീനുണ്ട്. ദേഹിയുടെ (ദേഹത്തിന്റെയല്ല) കായക്ലേശം! ശങ്കരന്റെ അലച്ചിലിൽ തന്നെ പൊരുത്തക്കേടിന്റെ വിഷമസമസ്യയുണ്ട്. നിലനിൽ‌പ്പിനാണെന്നാണ് അയാൾ പറയുന്നത്. മരിച്ചവന്റെ നിലനിൽ‌പ്പ്?വിഷമദ്യദുരന്തത്തിൽ കൂട്ടത്തോടെ മരിച്ചവർ (ബന്ധുക്കളല്ല, മരിച്ചവർ തന്നെ) മോഹനനെക്കണ്ട് വിലപിക്കുന്നതിൽ നിന്നും - അയാൾക്കു മാത്രമേ അവരെ കാണാൻ പറ്റുന്നുള്ളൂ- ഒരു കാര്യം ഉറപ്പാണ്. അടിച്ചമർത്തി വച്ചിരിക്കുന്ന വികാരങ്ങൾ കെട്ടുപൊട്ടിച്ച് ‘തോം തോം തോം’ കളിക്കുന്നിടത്ത് കിടന്ന് കറങ്ങുകയല്ല സംവിധായകന്റെ ഇംഗിതം. മറിച്ച് സമൂഹത്തിന്റെ കാലിൽക്കെട്ടി പിന്നാക്കം വലിക്കുന്ന ചില ശക്തികൾക്ക് ബോധമനസ്സുകൾക്കുമേലുള്ള സ്വാധീനം വ്യക്തമാക്കുകയാണ്. ചിത്രാവസാനത്തിലെ ഒരു വരി - ഫലശ്രുതിപരമായ ഉദ്ധരണി- ഇക്കാര്യത്തെ സംശയമില്ലാത്ത വിധം തെളിയിക്കുന്നുണ്ട്. ‘ഒരു മരണം നമുക്കിടയിലൂടെ കടന്നുപോകുന്നുണ്ടെന്ന്’ ആണ് ആ വാക്യം. ചെയ്തു വച്ചിരിക്കുന്ന കാര്യം വേണ്ടരീതിയിൽ ആളുകൾ മനസ്സിലാക്കാതെ പോകുമോ എന്ന ആശങ്കയാണ് സംവിധായകന്റെ ആത്മവിശ്വാസക്കുറവിനൊപ്പം ആ വരിയിലൂടെ സ്ക്രീനിൽ തെളിയുന്നത് എന്നത് വേറെ കാര്യം. അപ്പോൾ ഭൂതകാലം വർത്തമാനകാലത്തിനുമേൽ മുറുക്കുന്ന പിടിയെ, കാലഹരണപ്പെട്ട ഒരു ഗ്രാമീണജീവിതത്തിന് ആധുനികമായ ഒരു നാഗരിക ജീവിതത്തിനുമേൽ മരണത്തിനു ശേഷം കൈവരുന്ന സ്വാധീനമായി ആവിഷ്കരിച്ചിരിക്കുന്ന ചിത്രമാണ് ശങ്കരനും മോഹനനും എന്നു വരും. ചിത്രത്തിന്റെ മലയാള ശീർഷകത്തിനുപരിയായി നൽകിയിരിക്കുന്ന ആംഗലേയ തലക്കെട്ട് ‘നിഴലും വെളിച്ചവും‘ എന്നാകുന്നു. ശങ്കരനാണ് പ്രസ്തുതത്തിൽ നിഴൽ. അയാൾ ഒരു പിന്തിരിപ്പനായിരുന്നു എന്നതിന് ചിത്രത്തിൽ തെളിവുണ്ട്. അനുജൻ വിവാഹം ചെയ്തുകൊണ്ടു വന്ന ക്രിസ്ത്യാനിപെണ്ണിനെ വീട്ടിൽ കയറ്റാതെ ന്യായം പറയുന്നുണ്ടയാൾ. കാലം തെറ്റിയ സമയത്തുള്ള അയാളുടെ വിവാഹം തന്നെ പെണ്ണിന്റെ അച്ഛന്റെ വയ്യായ്കയെ ചൂഷണം ചെയ്തുകൊണ്ടുള്ള ഒന്നായി മനസ്സിലാക്കുകയാണെളുപ്പം. മരണശേഷം പോലും അയാൾ മുറുക്കിപ്പിടിക്കുന്ന ‘മമതാബോധം’ (പൊസ്സസ്സീവ്നെസ്സ്) പോലും അയാൾ ഇരുട്ടുപറ്റിയ മനസ്സുകാരനാണെന്നതിന് തെളിവായി എടുക്കാവുന്ന കാര്യമാണ്. അയാളൊരു മാഷാണ്. നിലനിൽക്കുന്ന വ്യവസ്ഥയെ താലോലിച്ചും വ്യാഖ്യാനിച്ചും ആണ് അയാൾ ചോറ് നേടാൻ. വിപരീതദശയിലാണ് ‘ജീവിച്ചിരിക്കുന്ന’ മോഹനന്റെ ഉപസ്ഥിതി. സാമ്പത്തികമായി സ്വതന്ത്രനും നഗരവാസിയും പരിഷ്കാരിയുമായ അയാൾ, ഭാര്യയുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാതിരിക്കാനാണ് അവളുമായി അകന്നു താമസിക്കുന്നത്. അവൾ സിനിമയിൽ അഭിനയിക്കുന്നതും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും അയാൾ പ്രശ്നമാക്കുന്നില്ല (‘അനക്കറിയാമെടാ നെന്റെ വെഷമം’ എന്ന് ഭാര്യയുടെ ഷൂട്ടിംഗ് കണ്ടു കൊണ്ട് നിൽക്കുന്നതിനിടയിൽ പ്രത്യക്ഷപ്പെടുന്ന ശങ്കരൻ അനുജനോട് പറയുന്നുണ്ട്. അതയാളുടെ വിഷമം.) അയാളുടെ പാചകജോലികൾ ചെയ്യുന്നത് ഒരു ചെറുപ്പക്കാരനാണ്. നിഴലിന്റെ കാര്യം ഓക്കെ. എന്നാൽ വെളിച്ചം തന്നെയാണോ ടി മോഹനൻ എന്നു ഉറപ്പിച്ചു ചോദിച്ചാൽ കുടുങ്ങും. അടിസ്ഥാനമാലോചിച്ച് തല ചൊറിയേണ്ടി വരും. വെളിച്ചത്തിന്റെ ആപേക്ഷികതയാണ് പ്രശ്നം. മോഹനൻ വെളിച്ചമാണെങ്കിൽ അതിന്റെ നിഴൽ ശങ്കരൻ എന്നോ ജീവിച്ചിരിക്കുന്നവരുടെ നിഴൽ, മരിച്ചവർ എന്നോ പറഞ്ഞ് തത്കാലം തടി തപ്പുക. സ്ത്രീയുടെ നിസ്സഹായാവസ്ഥയിൽ അവളുടെ രക്ഷാകർത്തൃസ്ഥാനം ഏറ്റെടുക്കുന്നയാളിൽ നിന്നും കൂടുതൽ സ്വതന്ത്രയായ ഒരു സ്ത്രീയുടെ സ്നേഹിതസ്ഥാനത്തേയ്ക്കുള്ള പുരുഷന്റെ അവസ്ഥാന്തരങ്ങളുടെ വച്ചുമാറ്റമാണ് യഥാർത്ഥത്തിൽ പ്രേതബാധയിലൂടെ സംഭവിക്കുന്നത് എന്നു വരാം. താൻപോരിമയുള്ള ഒരു സ്ത്രീയുടെ സ്നേഹിതസ്ഥാനത്തു തുടരുന്നതിൽ മധ്യവർഗപുരുഷനുള്ള അസ്വസ്ഥതകൾ ഈ പ്രേതബാധയിലുണ്ടെന്നു കാണാം. കൂടെ, മരിച്ചവരുടെ മുഴുവൻ അസ്വസ്ഥതകളെ ഉള്ളറിയാനുള്ള കഴിവായി ആ മനഃശല്യത്തെ കഴുകിയെടുക്കാനുള്ള ശ്രമം സിനിമയെ ശിഥിലമായൊരു നെയ്ത്താക്കി അവസാനിപ്പിച്ചു. നാടകസംവിധായകരുടെ ചിട്ടപ്പടിയുള്ള പതിവനുസരിച്ച് സാമൂഹികവിമർശനം മേമ്പൊടിയായി വിതറി കഥാഗതിയെ കനപ്പെടുത്താനുള്ള വിഫലശ്രമം സമകാല മലയാളസിനിമയിൽ കള്ളഗൌരവമായി കടന്നുകൂടിയിട്ടുണ്ട്. ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്‘ എന്ന പ്രിയനന്ദനൻ ചിത്രം മറ്റൊരു ഉദാഹരണം. വിപ്ലവകരമായ ആഖ്യാനരീതികൾക്കുപകരം അന്യഥാ കനപ്പെടുത്താനുള്ള ശ്രമം നമ്മുടെ വൃദ്ധസംവിധായകരെ ബാധിച്ചിട്ടുള്ള മറ്റൊരു പ്രേതബാധയായി കണക്കാക്കുന്നതിൽ തെറ്റൊന്നുമില്ല. കഥാപാത്രങ്ങളുടെ സ്വാഭാവിക വികാസങ്ങൾക്കു വരുന്ന മുടന്തിനേക്കാൾ ഭീതിദമായ ഒരു കാര്യം സിനിമയിലുണ്ട്. ചിട്ടവട്ടങ്ങൾക്കുള്ളിലാവുമ്പോൾ അഭിനേതാക്കൾക്ക് വരുന്ന വൈകല്യവും കൃത്രിമത്വവുമാണത്. സുരാജ് വെഞ്ഞാറമൂടിന്റെ കൂട്ടുകാരൻ നിർജീവമായ അവസ്ഥയിലായതിന് ഇത്തരം സിനിമയുടെ കൃത്രിമമായ ചിട്ടവട്ടങ്ങൾക്ക് നല്ല പങ്കുണ്ട്. ( സുരാജിന്റെ കാട്ടിക്കൂട്ടലുകൾക്കുള്ള ന്യായീകരണമല്ലയിത്. അയാളെ ജനപ്രിയനാക്കുന്നത് ആ കാട്ടിക്കൂട്ടലുകളാണെങ്കിൽ അതൊഴിവാക്കി കള്ളത്തൊണ്ടയിൽ സംസാരിക്കുന്ന ഒരു സുരാജ് എന്തിനാണ് ഇത്തരം ഒരു സിനിമയുടെ അവിഭാജ്യതയാകുന്നത്?) രണ്ടു റോളിലാണെങ്കിലും ജയസൂര്യയും ഫലത്തിൽ ഇതേ അവസ്ഥയിലാണ്. കണ്ണൂർ ഭാഷയുടെ ചടുലതപോലും അരോചകമായി തീരുന്നുണ്ട്, ആവർത്തനത്താൽ. സുരാജിന്റെ തിരുവനന്തപുരം ഭാഷപോലെ തന്നെ. തെക്കും വടക്കും കൂട്ടിക്കെട്ടാനുള്ള ഭാഷാപരമായ ശ്രമവും ഇത്തരം സിനിമകളിലെ ക്ലീഷേകളിലൊന്നായി തീർന്നിട്ടുണ്ട്. (അമിതമായ റിഹേഴ്സലുകൾ അടൂരിന്റെ സിനിമയിലെ അഭിനേതാക്കൾക്കുണ്ടാക്കുന്ന ഒരു തരം യാന്ത്രികമായ പെരുമാറ്റ രീതികളെക്കുറിച്ച്, മങ്കടരവിവർമ്മ എഴുതിയത് വച്ചുകൊണ്ട് ഓർക്കുക). പ്രേതം പിടിച്ച മോഹനന്റെ വീട്ടിലെ ചുവരിൽ പതിച്ചു വച്ചിരിക്കുന്ന ചിത്രം ശ്രദ്ധേയമാണ്. മരിച്ചുപോയ സംവിധായകൻ ജോൺ എബ്രഹാമിന്റേതാണ് അത്. ചിത്രം സമർപ്പിച്ചിരിക്കുന്നത് ജോണിനാണ്. (ടി വി ചന്ദ്രന്, പി എ ബക്കർ ഒരു വിഷയമല്ലാതെയായി പോയത് എന്തുകൊണ്ട്? ആലോചിക്കേണ്ട വിഷയമാണത് ) പരസ്യചിത്രങ്ങളുടെ സംവിധായകനും സിനിമയെടുക്കാൻ നടന്ന് പരാജയപ്പെട്ട് അവസാനം സീരിയലിൽ അഭയം തേടുന്ന സുഹൃത്തിന്റെ സാമ്പത്തിക സ്രോതസ്സുമായ മോഹനന്റെ നഗരത്തിലെ വീട്ടിലെ ആ പടം നമ്മുടെ വിഖ്യാത ‘കലാചിത്രങ്ങളെ’ (സോ കോൾഡ് ആർട്ട്ഫിലിംസ്) ബാധിച്ചിരിക്കുന്ന പ്രേതത്തെക്കുറിച്ച് സൂചനകൾ തരാതിരിക്കുന്നില്ല. ഇനി അതും തമാശയാണോ? എങ്കിൽ അങ്ങനെ.