September 25, 2008

ജാലകത്തിനു പുറത്തെ കാഴ്ചകള്‍



‘ഇലയിളക്കം’ എന്ന പേരില്‍ മനോരമ ആഴ്ചപ്പതിപ്പില്‍ ചന്ദ്രമതി എഴുതിയ 25 കുറിപ്പുകളുടെ സമാഹാരമാണ് ‘സൂര്യരാജാവിന്റെ പ്രണയിനി’. ഭാഷയുടെ തച്ചിനെപ്പറ്റി അതിസൂക്ഷ്മമായ ബോധം കൈവശാവകാശമായി സൂക്ഷിക്കുന്ന ഒരെഴുത്തുകാരിയുടെ നിരീക്ഷണക്കുറിപ്പുകള്‍ക്ക് കഥയുടെ ശില്പഭംഗി വരിക സ്വാഭാവികം. എന്നാല്‍ കഥയുടെ കിന്നരിപ്പാവുകള്‍ അനുഭവസാക്ഷ്യത്തിന്റെ പൊരുന്നചൂട് നേരിട്ടു പകരുന്ന കുറിപ്പുകള്‍ക്ക് ആവശ്യമില്ല. ഈ ആര്‍ജവമായിരിക്കാം അവയുടെ ജനപ്രിയതയ്ക്കുള്ള ഒരു കാരണം. മറ്റൊരാളിന്റെ അനുഭവത്തെ, അനുഭവം എന്ന മട്ടില്‍ തൊട്ടറിയാന്‍ ആഗ്രഹമില്ലാത്ത ലൌകിക( ന്‍ ) ആരാണ്?

ജാലകത്തിലൂടെയുള്ള പുറംനോട്ടമാണ് പലപ്പോഴും കുറിപ്പുകള്‍ . പുറത്ത് വ്യത്യസ്തമായ ഋതുക്കളാവാം, ശുഭാപ്തിയുടെ പകലോ സര്‍വതും വിഴുങ്ങുന്ന ഇരുട്ടോ ആകാം. കണ്‍‌വഴികള്‍ പലപ്പോഴും തൊടിക്കപ്പുറം പോകാന്‍ വിസ്സമതിച്ച് നിസ്സഹായയായി മടങ്ങിയെന്നുവരാം. സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത ദൂരം യാത്ര ചെയ്ത് ചക്രവാളത്തിന്റെ അതിരുകളെ സ്വന്തമാക്കി എന്നും വരാം. കുറിപ്പുകളിലെ ആത്മനിഷ്ഠത അനുഗ്രഹവും ശാപവുമാകുന്ന പരിണതിയെപ്പറ്റിയാണ് പറഞ്ഞു വരുന്നത്. മനുഷ്യസ്നേഹത്താല്‍ പ്രചോദിതവും വിജ്ഞാനത്താല്‍ നിയമിതവുമായ മനസ്സ് ഇടുക്കുവഴികള്‍ തേടാനല്ല തിടുക്കപ്പെടുക, മേഘമാര്‍ഗങ്ങള്‍ അന്വേഷിക്കാനാണ്. ഏതനുഭവത്തിലും സന്നിഹിതമാവുന്ന സാര്‍വലൌകികമായ മാനം തിരയാനാണ്. അത്, ഭാരം കുറയ്ക്കാന്‍ പോയി, കാലുമുടന്തി പരിഹാസ്യയായ അനുഭവമാവാം, ഇത്തിരിക്കുഞ്ഞന്മാര്‍ അഹങ്കാരം കൊണ്ട് ആളുകളുടെ മെനകെടുത്തിയതെങ്ങനെയെന്നാവാം, ഉഗാണ്ട, എയിഡ്സില്‍ നിന്നും രക്ഷപ്പെടാന്‍ അവലംബിച്ച ധാര്‍മ്മിക വിചാരത്തെക്കുറിച്ചാവാം. മുനിഞ്ഞുകൊണ്ടിരിക്കുന്ന കാലത്തില്‍ അതെല്ലാം ആത്മനൊമ്പരമാണ്, ആത്മാലാപനമാണ്, പലപ്പൊഴും ഉപദേശമാണ്, സൌമ്യസ്വരത്തില്‍ താക്കീതാണ്.

മാനുഷികമായ നോവും സഹാനുഭൂതിയും പങ്കുവയ്ക്കുന്ന നിരീക്ഷണങ്ങളില്‍ ശ്രദ്ധേയമായി തോന്നിയത് വൃദ്ധജനങ്ങളുടെ ഒറ്റപ്പെടലിനെപ്പറ്റിയുള്ളതാണ്. പലപാട് പറഞ്ഞു പഴകിയ ഇക്കാര്യത്തില്‍ വ്യതിരിക്തമായ പ്രശ്നമാണ് ലേഖിക ഉന്നയിക്കുന്നത്. സാമാന്യവത്കരണത്തിലാണ് പൊതുജനത്തിനു താത്പര്യം. വൃദ്ധസദനങ്ങള്‍ വേണ്ട എന്നു നാം പറയും. വാര്‍ദ്ധക്യത്തിലെ അനാഥത്വമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്ന അതിലളിതവത്കരണത്തിലെത്തും. എന്നാല്‍ ഏതുപ്രശ്നത്തിനും വൈയക്തികമായ മാനമുണ്ടെന്നു സ്ഥാപിക്കുകയാണ് ‘വയോജനങ്ങള്‍ക്ക് ഒരു ദിവസ‘ത്തിലും അതിന്റെ തന്നെ തുടര്‍ച്ചയായ ‘നാണയത്തിന്റെ മറുപുറം’ എന്ന ലേഖനത്തിലും. നോബല്‍ സമ്മാനജേതാവ് ഹെരോള്‍ഡ് പിന്ററിന്റെ ജീവിതത്തിലെ പ്രതിനായിക അന്റോണിയ ഫ്രേസറുടെ വിഗ്രഹത്തെ ഉടച്ചു വാര്‍ക്കുകയാണ്, ‘സൂര്യരാജാവിന്റെ പ്രണയിനി’ എന്ന ലേഖനത്തില്‍ . പ്രശസ്തന്റെ നിഴലില്‍ ഒതുങ്ങികൂടാതെ പ്രായത്തെ അതിജീവിക്കുന്ന ബുദ്ധിശക്തിയും കര്‍മ്മകുശലതയും അന്റോണിയ സ്വായത്തമാക്കിയിരിക്കുന്നതെങ്ങനെയെന്ന് ആവേശം ബാധിച്ച തൂലികയാല്‍ തന്നെയാണ് ചന്ദ്രമതിയും എഴുതിപോകുന്നത്. ‘സംഗീതത്തിന്റെ അതിജീവനകലയും’ ‘സൃഷ്ടാവിന്റെ വേദനക‘ളും അക്കാദമിക് പശ്ചാത്തലം കനപ്പെടുത്തിയ കുറിപ്പുകളാണ്. അദ്ധ്യാപികയ്ക്കു മാത്രം കഴിയുന്ന തരം ഒരു പങ്കുവയ്ക്കല്‍ . അതേ സമയം ‘ഇന്നെനിയ്ക്കൊന്നിനും വയ്യ’ നിസ്സഹായമായ ഒരു വേദനയുടെ ചുളിവുകളില്ലാത്ത അവതരണവുമാണ്.

ഒരു ആഢംബരകല്യാണത്തിനു സാക്ഷിയാകേണ്ടി വന്നതിന്റെ നൊമ്പരമാണ് പരിഹാസത്തിന്റെ മേമ്പോടിയോടെ ‘ഉന്നതങ്ങളിലെ തിളക്ക’ത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജീവിതം, കഥയെ അതിശയിപ്പിക്കുന്നതിന് ഒരു ഉദാഹരണം കൂടിയാണ് ശിഷ്യയുടെ വിവാഹം. വിവാഹം കണ്ടു മടങ്ങുന്ന വഴിയ്ക്ക് മുന്‍പെഴുതിയ കഥ ‘വധു’വിനെപ്പറ്റി ഓര്‍മ്മിപ്പിക്കുന്നത് മറ്റൊരു ശിഷ്യ. ആഢംബരം പോലെതന്നെ ഉന്നതങ്ങളില്‍ പടര്‍ന്നുകയറിയിരിക്കുന്ന ജ്യോതിഷഭക്തിയും (ഗ്രഹനിലകളുടെ തിരനോട്ടം) അംഗീകരത്തിനുവേണ്ടിയുള്ള തത്രപ്പാടും അതു വഴി വരുന്ന ചൂഷണവും (അംഗീകാരങ്ങള്‍ വഴിയേ വഴിയേ) അഗ്രസ്സീവ് ബാങ്കിംഗ് ഔദാര്യപൂര്‍വം വച്ചു നീട്ടുന്ന ലോണുകള്‍ക്കുള്ളിലെ വഞ്ചനയും (ലോണ്‍ വേണോ ലോണ്‍ ?) സാഹിത്യത്തിലെ മോഷണവും (വെറുമൊരു മോഷ്ടാവായോരെന്നെ..) പരാമൃഷ്ടമാകുന്നു. സമൂഹത്തിലെ ഏതു ശ്രേണിയില്‍പ്പെടുന്നവരാണ് എളുപ്പം രോഗാതുരരാവുന്നതെന്നു വ്യക്തം. അപ്പര്‍ മിഡില്‍ക്ലാസ്സിന്റെ ഊതിവീര്‍പ്പിച്ച പൊങ്ങച്ചങ്ങളില്‍ ഞെരിഞ്ഞ് ഇല്ലാതായി പോകുന്നത് സമൂഹത്തിന്റെ സാമാന്യബോധമാണ്. നിഴല്‍‌രൂപങ്ങളോട് യുദ്ധം ചെയ്യുന്നവരെ നോക്കിയാണ് ലേഖിക ചിരിക്കുന്നത്. അതു കാണാനുള്ള സാമാന്യബോധമെങ്കിലും അവശേഷിച്ചിട്ടുണ്ടോ എന്നാണ് നാം നമ്മോടു തന്നെ ചോദിക്കേണ്ട ചോദ്യം.

--------------------------------------------------------------
സൂര്യരാജാവിന്റെ പ്രണയിനി
ചന്ദ്രമതി
ഡി സി ബുക്സ്

September 21, 2008

ലഹരി - ഉര്‍ദ്ദു കവിത



അതേ
ഇതാണ് ആ കാലം
കണ്ണുകള്‍ മൂകങ്ങളാവുകയും
ശരീരം സംസാരിക്കുകയും ചെയ്യുന്ന കാലം

അവന്റെ കൈക്കുമ്പിളിനുള്ളില്‍ എന്റെ മുഖം
പിന്നെയും ചിരിച്ചു കൊണ്ടിരുന്നെങ്കില്‍...
നിലയ്ക്കാത്ത ചുംബനങ്ങളുടെ പ്രവാഹത്തില്‍
ഇതളുകളുടെ ഭാവം മാറിമാറിക്കൊണ്ടിരുന്നെങ്കില്‍...
ഈ പേമഴയുടെ തോളില്‍
തല ചായ്ച്ചുകൊണ്ട്
ജീവിതം
നൃത്തം ഇങ്ങനെ തുടര്‍ന്നിരുന്നെങ്കില്‍..‍...........

-പര്‍വീണ്‍ ഷക്കീര്‍ (ഉര്‍ദ്ദു)
പത്രപ്രവര്‍ത്തകയും അദ്ധ്യാപികയുമായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഉദ്യോഗസ്ഥ. ‘ഖുശ്‌ബൂ’ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകൃതി. Jang -ല്‍ കോളം എഴുതിയിരുന്നു. Mah-e-Tamam രചനകളുടെ സമാഹാരമാണ്. 1994-ല്‍ ഒരു കാര്‍ അപകടത്തില്‍ മരിച്ചു.

ചിത്രം : പ്രസിദ്ധ ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിറോസ്താമിയുടെ ‘മഴ’.

September 16, 2008

നീലനീല മലയുടെ മുകളില്‍...



ആഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ 2 വരെ മലയാളമനോരമ ദിനപ്പത്രം ആഘോഷത്തോടെ തന്നെ ഒരു തുടര്‍ഫീച്ചര്‍ എഴുതി. ‘ബ്ലൂട്രൂത്ത്’. തയാറാക്കിയവര്‍ ജയന്‍ മേനോന്‍, ജിജോ ജോണ്‍ പുത്തേഴത്ത്, സുനീഷ് തോമസ്, ബെര്‍ളി തോമസ്. സങ്കലനം : അനില്‍ രാധാകൃഷ്ണന്‍. സംഭവത്തിന്റെ ഗൌരവം ഒറ്റവായനയില്‍ തന്നെ ആര്‍ക്കും ബോദ്ധ്യപ്പെടും. പക്ഷേ ആമുഖത്തില്‍ കണ്ട് തെറ്റിദ്ധരിച്ചതു പോലെ ‘നീലപ്പല്ലു’കളുടെ വിളയാട്ടു കഥയായിരുന്നില്ല മൊത്തം. പുട്ടിലെ തേങ്ങാചീളുകള്‍ പോലെ ആദ്യവും അവസാനവും മാത്രമാണ് ഒളിക്യാമറകളും ബ്ലൂടൂത്ത് വഴിയുള്ള പ്രചരണവും വിലസിയത്. ബാക്കി ഇന്റെര്‍നെറ്റ് വലയില്‍ നിങ്ങള്‍ ഏതു സമയത്തും കുടുങ്ങിപ്പോകാമെന്ന സദുദ്ദേശപരമായ താക്കീതുകളാണ്. അതില്‍ സ്പൂഫിങും ഫിഷിങും ഹാക്കിംങും ചാറ്റിങും ഓര്‍ക്കൂട്ടും വ്യക്തിദുരന്തങ്ങളുടെ കദനകഥകളായി പൂത്തു. ഇതൊക്കെ എന്തോന്നാണെന്നും പറഞ്ഞ് ജനസാമാന്യം അന്തംവിടാതിരിക്കാന്‍ വേണ്ടി ബോക്സില്‍ പ്രസക്തമായ വിവരങ്ങളും നല്‍കിയിട്ടുണ്ട്. വരും കാലങ്ങളില്‍ രാഷ്ട്രാന്തരീയ കുപ്രസിദ്ധിനേടിയാക്കാവുന്നത്ര മിടുക്കനായ ‘സ്ക്രൂ’ എന്ന മലയാളി ഹാക്കറുമായി അഭിമുഖവുമുണ്ടായിരുന്നു, മേമ്പൊടിയായി. ഹ്രസ്വമെങ്കിലും അര്‍ത്ഥഗര്‍ഭം.

മനോരമയാണ് പത്രം. ബഷീറിനു ശേഷം ഒന്നു വച്ചുള്ള കണക്കില്‍ പുതിയ സൂത്രവാക്യം എഴുതിച്ചേര്‍ത്ത മലയാളത്തിന്റെ സുകൃതമാണ്. വണ്‍ ഈസ് ബിഗ്ഗെര്‍ ദാന്‍ ടു പ്ലസ് ത്രീ പ്ലസ് ഫോര്‍ ! അങ്ങനെയൊരു പത്രത്തില്‍ ചില ദിവസങ്ങളില്‍ നാലാം പേജും കവിഞ്ഞ് നിറഞ്ഞു നിന്ന നിശ്ചിതവിഷയത്തിലുള്ള ഒരു ഫീച്ചര്‍ ഒരു ചലനവുമുണ്ടാക്കാതെ അസ്തമിച്ചു പോകുമോ? ചലനമുണ്ടായി എന്നതു നേര്. അതു പറഞ്ഞതും മനോരമയാണ്. രണ്ടു ബോക്സ് വാര്‍ത്തകളിലൂടെ. ബ്ലൂടൂത്തിലൂടെ പ്രചരിച്ച കൊച്ചിയിലെ വീട്ടമയുടെ മോര്‍ഫിങ് ചിത്രത്തിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് ഗൌരവമായി അന്വേഷിക്കുന്നതാണെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണര്‍ പറഞ്ഞു. (ഇത്രനാളും അവരതു കാര്യമായി എടുത്തിരുന്നില്ല.. ഓ എന്തോന്ന്..) രണ്ടാമത്തേത്, ക്യാമറ മൊബൈല്‍ നിരോധിക്കുന്നതു സംബന്ധിച്ച് വിദഗ്ദാഭിപ്രായം സമര്‍പ്പിക്കാന്‍ സൈബര്‍ സെല്‍ ഐ ജിയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയതാണ്. ഒരു തുടരന്‍ ഫീച്ചറിന്റെ ആദ്യവും ഒടുവിലും വന്ന ഒരു പ്രശ്നത്തെ മാത്രമേ - ഒളിക്യാമറ പ്രശ്നത്തെ മാത്രമേ- അധികാരികള്‍ ഗൌരവമായി കണ്ടുള്ളൂ? എ ടി എം കാര്‍ഡ്, ഇ മെയില്‍, ചാറ്റു റൂമുകള്‍, ഹാക്കിങ്ങിനു ഉപയോഗിച്ചുവരുന്ന പഞ്ച നക്ഷത്രഹോട്ടലുകളിലെ വി-ഫി കണക്ഷനുകള്‍ എന്നിവ നിരോധിക്കന്നതിനെക്കുറിച്ച് ചിന്തനകള്‍ ഒരിടത്തു നിന്നും ഉയരുന്നില്ല. അതെങ്ങനെ?

തിരുവനന്തപുരത്തെ പേട്ടയിലെ സ്കൂളില്‍ ഒരു പ്യൂണ്‍ കുട്ടികളുടെയും അദ്ധ്യാപികമാരുടെയും ചിത്രങ്ങള്‍ അശ്ലീലചിത്രങ്ങളുമായി കൂട്ടിയിണക്കി തന്റെ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട ഓളത്തെ മനോരമ ഉപയോഗിച്ചതാണ് സത്യത്തില്‍ ഈ തുടരന്‍. ചോക്കെടുക്കാന്‍ കുനിഞ്ഞ ടീച്ചറിന്റെ മുന്നില്‍ ഫോണ്‍ക്യാമറ മിന്നിയതും ഉത്തരക്കടലാസ്സില്‍ നൂലിട്ടു കെട്ടാനുള്ള പഴുതിലൂടെ ക്ലാസ്സില്‍ ക്യാമറയുടെ ഒളികണ്ണുകള്‍ പെണ്ണത്തങ്ങളെ നോക്കിയിരുന്നതും ഭാവുകത്വത്തോടെ വര്‍ണ്ണിക്കുന്ന ഫീച്ചര്‍ ആദ്യമേ ഒരു സത്യവാങ്മൂലം നടത്തിയിരുന്നു, ഇങ്ങനെ. “ഇപ്പോള്‍ വായിച്ചത് ഒരു നീലപര്‍വതത്തിന്റെ ഒരറ്റം മാത്രമാണ്. ഞങ്ങളുടെ അന്വേഷണത്തില്‍ ലഭിച്ച ആയിരക്കണക്കിനു ഞെട്ടിപ്പിക്കുന്ന വിവരങ്ങളില്‍ നിന്നു പ്രാതിനിധ്യസ്വഭാവമുള്ളതും പ്രസിദ്ധീകരണയോഗ്യമായതും സാമൂഹികപ്രസക്തിയുള്ളതും മാത്രമേ സ്വീകരിച്ചിട്ടുള്ളൂ.” (ഇതൊന്നുമല്ലാത്ത ബാക്കിയുള്ളവകളും ഞെട്ടിപ്പിക്കുന്നവയാണെന്ന അതിഭാവുകത്വം ശ്രദ്ധിക്കണം) വായിക്കുന്ന മദ്ധ്യവയസ്സുകഴിഞ്ഞ ആര്‍ക്കും കേറി കൊള്ളുന്ന ഒരു വാക്യവും ആമുഖത്തിലുണ്ട് . ‘കൂട്ടുകാര്‍ നിങ്ങളുടെ മകന് കാട്ടിക്കൊടുക്കുന്ന മൊബൈല്‍ക്ലിപ്പുകളിലൊന്നില്‍ നിങ്ങള്‍ തന്നെ നായകനോ നായികയോ’ ആവാമെന്ന്.

നമ്മെ ആരോ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നല്‍ പോലെ അരക്ഷിതമായ ഒരു മാനസികാവസ്ഥയില്ല. സ്വകാര്യതയെന്നത് ഒരു മിഥ്യയായിട്ടുണ്ട് ഏറെക്കുറെ ഇന്ന്. സാങ്കേതികതയുടെ വളര്‍ച്ചയോടെ. അല്ലെങ്കില്‍ എന്താണ് സ്വകാര്യത? നമ്മുടെ തന്നെ ഉടലുകളോ? മൊബൈല്‍ ക്യാമറാഫോണിന്റെ നിരോധനത്തിനു ആലോചിക്കുന്ന മനുഷ്യാവകാശ കമ്മീഷന്‍ പരിഗണിച്ച ഒരു കാര്യം ക്യാമറാഫോണുകളുടെ ദുരുപയോഗത്തിനു ഏറ്റവുമധികം വിധേയമാവുന്നത് സ്ത്രീകളും വിദ്യാര്‍ത്ഥിനികളുമാണെന്ന കാര്യമാണ്. പെണ്ണുടലുകളെ പിന്തുടരുന്ന കണ്ണുകള്‍ ബ്ലൂടൂത്ത് കാലത്തില്‍ പെട്ടെന്ന് ഉരുത്തിരിഞ്ഞതല്ല. ഓര്‍മ്മയില്ലേ ലീലാതിലകത്തിലെ പ്രസിദ്ധമായ ആ 'അശ്ലീലവും ഗ്രാമ്യവുമായ' ശ്ലോകം .. “ആറ്റില്‍ കുളിക്കിന്റ നേരം ചില നീരജലോചനായാം.....” കാലം പതിനാലാം നൂറ്റാണ്ട്. ഒരു പക്ഷേ അതിനും പിന്‍പ്. ലിഖിതസാഹിത്യം അന്നത്തെ ഏറ്റവും മുന്തിയ സാങ്കേതികത. കുളക്കടവിലും ആറ്റു തീരത്തും പെണ്ണുടലുകള്‍ക്ക് നേരെ കാലാകാലം പാഞ്ഞിരുന്ന ഈ ഒളിഞ്ഞുനോട്ടം കണ്ണുകളുടെ എക്സ്ടെന്‍ഷനായ ക്യാമറകള്‍ വഴി അടച്ചു ഭദ്രമായ കോണ്‍ക്രീറ്റു മുറികള്‍ക്കുള്ളിലും നുഴഞ്ഞു ചെല്ലുന്നതു വഴിയാണ് ‘നീലമലകള്‍’ ഉയരുന്നത്. ഒളിഞ്ഞുനോട്ടത്തില്‍ അധീശത്വപരമായ മനസ്സാണ് ചാരിതാര്‍ത്ഥ്യമടയുന്നത്. ‘നിന്നെ അനാവൃതയായി കണ്ടാല്‍ നിന്നെ ഞാന്‍ കീഴടക്കി’ എന്നാണര്‍ത്ഥം. അതില്‍ ലൈംഗികതയ്ക്ക് കുറച്ചേ പ്രവൃത്തിയുള്ളൂ. ഷര്‍ട്ടൂരുന്നതോടെയാണ് നാം ക്ഷേത്രത്തിലും പോലീസ് സ്റ്റേഷനിലും വിനീതരും വിധേയരുമാവുന്നത്. ഷര്‍ട്ടും ഊരിപ്പിടിച്ചു നില്‍ക്കുന്നവന്റെ ‘തടി’തന്നെയാണ് ഒരര്‍ത്ഥത്തില്‍ തുറിച്ചു നോക്കപ്പെടുന്ന പെണ്ണുടലും. രണ്ടും ‘മേല്‍’ നോട്ടങ്ങള്‍ക്കു കീഴെ ചുളിയുന്നു. ചൂളുന്നു.

വേണ്ടത്ര തയാറെടുപ്പില്ലാതെയിരിക്കുന്ന ഒരാള്‍ക്കു നേരെ ക്യാമറയുടെ ഷട്ടര്‍ തുറന്നടയുമ്പോഴും അയാള്‍ ചൂളും. അനാവൃതത്വം ശരീരത്തിനു മാത്രമല്ല. മറ്റൊരാളിന്റെ ഇച്ഛയ്ക്കു വിധേയ(ന്‍)യായതിന്റെ സങ്കോചമാണത്. അതൊരു മനോനിലയാണ്. അപ്പോള്‍ അനുവാദമില്ലാത്ത ഏതു ചിത്രവും (അനുവാദം കിട്ടിയാല്‍ തന്നെ ചില ചിത്രങ്ങളും!) ഒരു ഒളിച്ചുനോട്ടത്തിന്റെ അധികാരത്തെ മനശ്ശാസ്ത്രപരമായി ഊട്ടി ഉറപ്പിക്കുകയല്ലേ ചെയ്യുന്നത്? ഫോട്ടോഗ്രാഫി തൊഴിലായി കൊണ്ടു നടക്കുന്നവര്‍ക്ക് എവിടെ വച്ചും ആരെയും ക്ലിക്കാം എന്നൊരു ധ്വനിയുണ്ട് മേലുദ്ധരിച്ച ക്യാമറാമൊബൈല്‍ നിരോധനാലോചനാ ചര്‍ച്ചയില്‍. കാരണം മൊബൈല്‍ സാദ്ധ്യമാക്കുന്നത് ആര്‍ക്കും ആരെയും പകര്‍ത്തി തന്റേതാക്കാമെന്ന നിലയാണ്. താന്‍ എവിടെ നോക്കുന്നു എന്നതിന്റെ രജിസ്ട്രേഷനാണ്. എന്തിനെയാണ് നമ്മള്‍ സത്യത്തില്‍ നിരോധിക്കേണ്ടത്? സ്വന്തം ഇച്ഛകളില്ലാത്ത ക്യാമറകളെയാണോ? പകരം കണ്ണുകളെയല്ലേ, കാഴ്ചകളുടെ ദിശനിര്‍ണ്ണയിക്കാന്‍ തരിക്കുന്ന മസ്തിഷ്കകോശങ്ങളെയല്ലേ? ബോധനിര്‍മ്മിതികളാല്‍ മനസ്സുകളെ മുച്ചൂടും മലീമസമാക്കിക്കൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രങ്ങളെ? മനോരമയിലെ തുടരന്‍ പറയുന്നുണ്ട്, സ്ത്രീ/പെണ്‍കുട്ടി അനാവൃത തന്നെയാവണമെന്നില്ലത്രേ ഇപ്പോള്‍. അപരിചിതമായ ഏതു മുഖവും മതി സൈബര്‍ വലയ്ക്ക്. 100 രൂപവരെ പ്രതിഫലം കിട്ടും, അങ്ങനെയൊരു കാഷ്വല്‍ മുഖത്തിന്. നീലമലയുടെ പൊക്കം നോക്കണേ!

തീര്‍ന്നില്ല. മനോരമ പത്രത്തിന് അടുത്തകാലത്തായി ഒരു അനുസാരിയുണ്ട്. നാലുപേജ് അനുബന്ധം. ‘മെട്രോമനോരമ.’ അതിലെ ഒരു സ്ഥിരം പംക്തി കുറച്ചു പെണ്‍കുട്ടികളുടെ പടമാണ്. (അപൂര്‍വമായി മദ്ധ്യവയസ്കകളെ കാണാം. ഒരിക്കല്‍ മാത്രം ഒരു മാവേലി വേഷക്കാരനെ കണ്ടു. എങ്കിലും ‘പ്രാതിനിത്യ‘സ്വാഭാവമനുസരിച്ച് എല്ലാം പെണ്‍കുട്ടികള്‍ തന്നെ ) ആള്‍ക്കൂട്ടത്തിലും സ്കൂള്‍ കോളേജുകളിലും ബസ്റ്റാന്‍ഡിമൊക്കെ വച്ച് അതി സമര്‍ത്ഥമായി എടുത്ത ചിത്രങ്ങള്‍. അവരറിയാതെ. കൂട്ടത്തിലൊരാളിന്റെ മുഖത്തിനു ചുറ്റും വട്ടം വരച്ചിട്ട് പത്രം ചോദിക്കുന്നു “ഞാന്‍ ആര്?” വലയത്തിനുള്ളിലായ ആ ഭാഗ്യവതി, താനറിയാതെ എടുത്ത ( പത്രം കാണുമ്പോഴായിരിക്കും ആ പാവം അയ്യടാന്നായി പോവുക. ദേ തന്റെ പടം!) തന്റെ ഫോട്ടോ വന്ന പത്രവുമായി മനോരമ ആപ്പീസില്‍ ചെന്നാല്‍ 1000 രൂപയുടെ സമ്മാനവുമായി മടങ്ങാം. (സൈബര്‍ ലോകത്ത നീലപരവതാനികളില്‍ കാഷ്വല്‍ മുഖങ്ങള്‍ക്ക് 100 രൂപയേ ഉള്ളൂ.....മീഡിയം മാറുമ്പോള്‍ എന്തുവ്യത്യാസം !) ബ്ലൂട്രൂത്ത് തുടരന്‍ വന്ന ദിവസങ്ങളിലും ഞാനാര് വട്ടം വരയ്ക്കല്‍ മുറയ്ക്കു തുടര്‍ന്നിരുന്നു. അതിപ്പോഴും തുടരുന്നു. വിരോധാഭാസത്തിനു ഇതിനേക്കാ‍ള്‍ നല്ല ഉദാഹരണം വേറെ എവിടെ കിട്ടാനാണ്?

കൌമാരപ്രായക്കാരന്‍ സഹപാഠിയുടെ ചിത്രമെടുക്കുന്നത് ‘നീലമലയുടെ’ തുഞ്ചം! അപ്പം ഇതോ?

September 12, 2008

ഓലക്കുടയുടെ കീഴെ



വിഷ്ണുവിന്റെ ‘വാമനന്‍’ രണ്ടു അസുരരാജാക്കന്മാരെ ചവിട്ടി താഴ്ത്തിയിരുന്നു. പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകനായ മഹാബലിയുടെ കാര്യത്തിനു കിട്ടിയ പ്രസിദ്ധി മറ്റേയാള്‍ക്ക് എന്തുകൊണ്ടോ കിട്ടിയില്ല. രണ്ടാമത്തെയാള്‍ കാശ്യപന് ദയ എന്ന ഭാര്യയില്‍ ജനിച്ച ധുന്ധുവാണ്. ബാലനായിരിക്കുന്ന സമയത്തു തന്നെ ഈ ധുന്ധു, സ്വര്‍ഗത്തില്‍ച്ചെന്ന് ഇന്ദ്രനെയും അനുസാരികളെയുമൊക്കെ അടിച്ചോടിച്ച് അവിടെ രാജാവായി വാണു. അന്ന് ഹിരണ്യകശിപു -സംശയിക്കേണ്ട പ്രഹ്ലാദന്റെ അച്ഛന്‍ തന്നെ- ഈ ധുന്ധുവിന്റെ ആശ്രിതനായി മന്ദരപര്‍വതത്തിന്റെ പരിസരപ്രദേശത്ത് കഴിഞ്ഞു കൂടുകയായിരുന്നു. സ്വര്‍ഗം നഷ്ടപ്പെട്ട ദേവന്മാര്‍ വിഷ്ണുവിനെ ചെന്നു കണ്ടു പരാതി പറഞ്ഞു. വിഷ്ണു അവരെ സമാധാനിപ്പിച്ചയച്ചിട്ട് വാമനവേഷധാരിയായി ദേവികാജലത്തില്‍ ചെന്ന് പൊങ്ങിക്കിടന്നു. അശ്വമേധത്തിനു വ്രതം ദീക്ഷിച്ചിരുന്ന ധുന്ധുവും സന്ന്യാസിമാരും അതുവഴി വരുമ്പോള്‍ വെള്ളത്തില്‍ക്കിടക്കുന്ന ബാലനെ കണ്ടു. ഒരു വര്‍ഷം അവന്‍ അവിടെ കിടക്കുകയായിരുന്നു എന്നാണ് പറഞ്ഞത്. തറവാട്ടു സ്വത്ത് ഭാഗം വയ്ക്കുന്നതു സംബന്ധിച്ച വഴക്കില്‍ ചേട്ടന്‍ എടുത്തെറിഞ്ഞതാണ് ഈ പുഴയില്‍ എന്ന വാമനന്റെ കള്ളം രാജാവു വിശ്വസിച്ച് അവനുവേണ്ട പാര്‍പ്പിടവും മറ്റു സമ്പത്തും നല്‍കാന്‍ തയ്യാറായി. സ്വത്ത് വിപത്താണെന്ന് തിരിച്ചരിഞ്ഞു കഴിഞ്ഞ വാമനന്‍ പറഞ്ഞു : ഒന്നും വേണ്ട.. മൂന്നടി മണ്ണുമാത്രം! സമ്മതത്തോടെ തീര്‍ന്നു, ധുന്ധുവിന്റെ കഥ. വാമനന്റെ ത്രിവിക്രമരൂപം രണ്ടടിയളന്നിട്ട് മൂന്നാമതു അളക്കാന്‍ സ്ഥലമില്ലാത്ത ദേഷ്യത്തില്‍ രാജാവിന്റെ മേലേയ്ക്ക് വീണപ്പോള്‍ ഉണ്ടായ ഗര്‍ത്തത്തില്‍ അദ്ദേഹത്തെ പിടിച്ചിട്ട് പൊടിയിട്ടു മൂടി എന്ന് പദ്മപുരാണം. പാതാളത്തിലേയ്ക്കു തന്നെ.

രണ്ടു തലമുറയ്ക്കു ശേഷമാണ് മഹാബലി വരുന്നത് എന്നിട്ടും കഥയ്ക്കും വാമനാവതാരത്തിനും വലിയ വ്യത്യാസമില്ല. ധുന്ധുവിന്റെ വിധി നിശ്ചയിച്ച വാമനന്‍ താന്‍ പ്രഭാസന്റെ പുത്രനാണെന്ന് പറയുന്നു. മഹാബലിയെ ചവിട്ടിയ വാമനന്‍ കശ്യപന്റെയും അദിതിയുടെയും പുത്രനാണ്. ഭാദ്രപദമാസത്തില്‍ ശുക്ലപക്ഷത്തില്‍ പന്ത്രണ്ടാം തീയതി ശ്രാവണം നക്ഷത്രത്തില്‍ അഭിജിത്തെന്ന മുഹൂര്‍ത്തത്തിലാണ് ജനനം. അതു തന്നെ തിരുവോണം. വിഷ്ണുഭക്തനായ പ്രഹ്ലാദനായിരുന്നു മഹാബലിയുടെയും വഴികാട്ടി. സ്വാഭാവികമായും അദ്ദേഹം വിഷ്ണുവിനോട് അതിരുവിട്ട വിധേയത്വം പുലര്‍ത്തി. (അതു ദൈത്യധര്‍മ്മമല്ല, എന്നിട്ടും. ‘പരധര്‍മ്മോ ഭയാവഹഃ’ എന്നു ഉപദേശിച്ചത് കൃഷ്ണന്‍ തന്നെയാണ്, വിഷ്ണുവിന്റെ മറ്റൊരവതാരം) വാമനന് മൂന്നടി മണ്ണു ദാനം ചെയ്യാനുള്ള മഹാബലിയുടെ ഒരുക്കത്തെ തടഞ്ഞ് പരാജയപ്പെട്ട ശുക്രാചാര്യര്‍ ദര്‍ഭപുല്ലുകൊണ്ടുള്ള വലതു കണ്ണും പൊത്തിപ്പിടിച്ച് ഇച്ഛാഭംഗം തീര്‍ത്തത് ഒരു ശാപത്തിലൂടെയാണ്. “അങ്ങ് പണ്ഡിതനെന്ന് സ്വയം അഹങ്കരിക്കുന്നു. എന്നാല്‍ അങ്ങ് അജ്ഞനും മന്ദനും അനുസരണയില്ലാത്തവനുമാകയാല്‍ അങ്ങയുടെ എല്ലാ ഐശ്വര്യങ്ങളും നശിച്ചുപോകട്ടേ..” എന്ന്. (ഭാഗവതം എട്ടാം സ്കന്ധം)

സത്യസന്ധനും ധര്‍മ്മിഷ്ഠനുമാകാന്‍ ശ്രമിച്ച മഹാബലിയെന്തു പിഴച്ചു? ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധത്തിനിടയ്ക്കുള്ള ഒരു ഉടമ്പടിയില്‍ കുറിയവനായ വാമനന് അളക്കാന്‍ കഴിയുന്ന ഭൂമി വിട്ടുകൊടുക്കാന്‍ അസുരന്മാര്‍ തയ്യാറായതായി ഒരു കഥ ശതപഥബ്രാഹ്മണത്തിലുണ്ട്. (വാമനകഥയുടെ മൂലരൂപം ഋഗ്വേദത്തിലും തൈത്തരീയ സംഹിതയിലും തൈത്തരീയബ്രാഹ്മണത്തിലുമുണ്ട്. മഹാഭാരതത്തിലും ഹരിവംശത്തിലുമുണ്ട്. ഭാഗവതം കഥ വിശദീകരിക്കുന്നു) വാമനനെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള പരാമര്‍ശം ഇതാണ്. ഈ കരാറാണ് വാമനമിത്തിന്റെ കരട്. കര്‍ണ്ണാടകത്തിലെ ബദാമി, പട്ടടക്കല്‍, തമിഴ്‌നാട്ടിലെ മഹാബലിപുരം, കാഞ്ചീപുരം, നാംക്കല്‍, കുംഭകോണം, ശുചീന്ദ്രം, മഹാരാഷ്ട്രയിലെ എല്ലോറ, മധ്യപ്രദേശിലെ രാജീവലൊചന, രാജസ്ഥാനിലെ അബനേരി, ഓസ്യ, ഒറീസയിലെ ഉദയഗിരി, ഉത്തര്‍പ്രദേശിലെ ഭീതര്‍ ഗോം എന്നിവിടങ്ങളിലൊക്കെ വാമനകഥ ശിലാരൂപങ്ങളായി കൊത്തി വച്ചിട്ടുണ്ട്. ലോഹ-ദാരു ശില്പങ്ങളും ചുമര്‍ച്ചിത്രങ്ങളുമായി മറ്റു പലേടത്തും. ഇന്ത്യയൊട്ടാകെ വേരോട്ടമുണ്ടായിരുന്ന ഒരു മിത്തായിരുന്നു ഇതെന്നര്‍ത്ഥം. കേരളത്തില്‍ ആലത്തിയൂര്‍, ഊരമന, തൃപ്രയാര്‍, ചുടുവാലത്തൂര്‍, പാഴൂര്‍ എന്നിവിടങ്ങളിലാണ് വാമനന്റെ ത്രിവിക്രമ (വാമനന്റെ വിശ്വരൂപം) ചുവര്‍ച്ചിത്രങ്ങളുള്ളത്. പദ്മനാഭക്ഷേത്രത്തിലേത് കരിങ്കല്‍ ശില്പവും കവിയൂര്‍ ക്ഷേത്രഭിത്തിയിലേത് ദാരുശില്പവുമാണ്. ശ്രദ്ധേയമായ സംഗതി ബലിയെ അല്ലാതെ ധുന്ധുവിനെ ഒരിടത്തും കാണാനില്ല എന്നതാണ്.

ഇന്ത്യ മുഴുവന്‍ പ്രചാരമുണ്ടായിരുന്ന ഒരു മിത്ത് മലയാളിയുടെ സ്വകാര്യവും പ്രധാനവുമായ ഉത്സവം ആയിത്തീര്‍ന്നു. എങ്ങനെയോ. (പട്ടം താണുപിള്ളയാണ് മുന്‍പിന്‍ നോക്കാതെ ഓണത്തെപ്പിടിച്ച് ദേശീയോത്സവമാക്കിയത്. അതു ശരി. ഓണം കൊള്ളാന്‍ ചിലരെങ്കിലും കാണം അതിനു മുന്‍പേ തന്നെ വിറ്റു തുടങ്ങിയിട്ടുണ്ടായിരുന്നല്ലോ... ) കുടിയേറി പാര്‍ത്തവരും വിവിധ രാജവംശങ്ങളുടെ സ്വാധീനതയുമൊക്കെയാവണം മിത്തുകളെ പല പരിവേഷങ്ങളണിയിച്ച് കൂടെ നടത്തിയത്. പക്ഷേ നമ്മളീ മിത്തിനെ തകിടം മറിച്ചാണ് സ്വീകരിച്ചതെന്ന കാര്യമാലോചിക്കുമ്പോഴാണ് സന്തൊഷകരമായ ഒരിദ് ! ഭാഗവതം വാമനാവതാരത്തെയാണു പ്രകീര്‍ത്തിക്കുന്നതെങ്കിലും നമ്മള്‍ ബലിയ്ക്കു പിന്നാലെയാണ് യാത്ര ചെയ്തത്. പാതാളത്തില്‍ നിന്ന് അദ്ദേഹമെത്താനാണ് സദ്യയൊരുക്കി കാത്തിരിക്കുന്നത്. സത്യത്തില്‍ സ്നേഹവാത്സല്യങ്ങളുള്ള കാരണവരല്ലേ മഹാബലി? പഴയ മരുമക്കത്തായ തറവാടുകളിലെ. പ്രഭുത്വ വ്യവസ്ഥിതിയിലെ. ഇനിയും മാഞ്ഞു പോകാത്ത ചില പ്രസാദങ്ങള്‍. ഇലയില്‍ ഉണ്ണാന്‍ കൊതിക്കുകയും വാട്ടിയ വാഴയിലയുടെ ഗന്ധത്തെക്കുറിച്ചു പറഞ്ഞ് ഗൃഹാതുരമായ നെടുവീര്‍പ്പിടുകയും ചെയ്യുന്ന നമ്മളില്‍ പഴയ എന്തൊക്കെയോ ഉണ്ട്. അതുകൊണ്ടല്ലേ അദ്ദേഹത്തിന് കുടവയറും കൊമ്പന്‍ മീശയും വന്നുപോകുന്നത്? കാക്കുടകൂടിയുണ്ട് മഹാബലി ചിത്രങ്ങളില്‍. വാമനന്റെ കൈയില്‍ നിന്ന് അതു വാങ്ങി നാം ബലിയെ എല്‍പ്പിച്ചതാണ്. (മേല്‍പ്പറഞ്ഞ ശിലാദാരു ശില്പങ്ങളിലൊക്കെ കുട വാമനന്റെ കൈയിലാണ്. മഹാബലി കുടയും ചൂടി നില്‍ക്കുന്ന ഒരു ചിത്രീകരണവുമില്ല) ആ കുട നമ്മുടെ കരുണയുടെയും കരുതലിന്റെയും പ്രതീകമാണ്. ബലി ഒരു ഫാദര്‍ ഫിഗറാണ്. അനുകമ്പാര്‍ഹനായ രക്ഷകന്‍. കടുത്ത വെയിലില്‍ നിന്ന് രക്ഷപ്പെടാന്‍ സൂര്യന്‍ തന്നെയാണ് ചെരിപ്പും കാക്കുടയും (കാക്കാനുള്ള കുട, കാവല്‍ക്കുട. ഓലക്കുട. ‘മറക്കുട’ മഹാദുരിതമായിരുന്നു. പക്ഷേ ഇതു അതല്ല) ജമദഗ്നിയ്ക്കു നല്‍കിയതെന്ന് ഒരു കഥയുണ്ട് മഹാഭാരതം അനുശാസന പര്‍വത്തില്‍. ‘വൈശാലി’യിലെ രാജാവിന്റെ ശരീരഘടന നമ്മുടെ ശീലങ്ങളില്‍ മഹാബലിയ്ക്കുണ്ടാവാത്തതിനു കാരണം രാജാവായിട്ടല്ല മഹാബലി നമ്മുടെ അബോധത്തിന്റെ വാതിലുകള്‍ തുറന്നു വരുന്നത് എന്നതാണ്. മറിച്ച് പഴയൊരു കാരണവരായിട്ടാണ്. വാമനനു കൊടുക്കേണ്ട ആദരവ് നമ്മുടെ സ്വന്തം ആളായിരുന്ന ഒരു കാരണവരിലേയ്ക്ക് നാം വച്ചു മാറി. അതാണു കാര്യം. അപ്പോള്‍, ശരിക്കും ചവിട്ടിയവന്റെ അക്രമപരതയിലല്ല, അധൃഷ്യതയിലല്ല, അവനോടൊപ്പം നിന്നാല്‍ കിട്ടാവുന്ന പ്രയോജനങ്ങളിലല്ല, ചവിട്ടുകൊണ്ടവന്റെ നീതിയിലും നിസ്സഹായതയിലും ആര്‍ദ്രമാവുന്ന ഒരു ഒരു മനസ്സ്, കളക്ടീവ് കോണ്‍ഷ്യസ്‌നെസ് മലയാളിയ്ക്കുണ്ടായിരുന്നു. നമ്മുടെ സ്വന്തം ആളെന്ന മനസ്സ്.

എവിടെ വച്ചാണതു കൈമോശം വന്നത്?

September 6, 2008

ജീവിതത്തിന്റെ മറ്റേ വശം



വേദന ഒരു പങ്കാളിത്തം ആവശ്യപ്പെടുന്നുണ്ട്. ട്രാജഡികളില്‍ നിങ്ങള്‍ കൂടി ഭാഗഭാക്കാണ്. അതല്ല തമാശകളുടെ സ്ഥിതി. അവിടെ നമുക്കുള്ളത് ദൃക്‌സാക്ഷിത്വമാണ്. ആള്‍ഡസ് ഹക്‍സ്‌ലി ആ വഴിയ്ക്ക് ആലോചിച്ചിട്ടുണ്ട്. മറ്റൊരുത്തന്റെ മാത്രമല്ല, സ്വന്തം ദുരന്തത്തെ തന്നെ ഒരുവനു മാറിനിന്നു കണ്ടു ചിരിക്കാം. അതെക്കുറിച്ച് പറഞ്ഞ് ചിരിപ്പിക്കുകയും ചെയ്യാം. അങ്ങനെ അയാള്‍ക്ക് ഒറ്റപ്പെടുക എന്ന അവസ്ഥയില്‍ നിന്നു രക്ഷപ്പെടാം. ‘ശവക്കുഴിയിലേയ്ക്ക് എത്തിനോക്കിയ ഒരുവന്റെ തൊപ്പി അതിലേയ്ക്കു വീഴുന്നതു കണ്ടും നമ്മള്‍ ചിരിക്കും എന്ന് കുന്ദേര. തീക്ഷ്ണമായ ക്രോധത്തിലും തീവ്രമായ ദുഃഖത്തിലും ഇച്ഛാഭംഗങ്ങളിലും ലൈംഗികതയിലുമൊക്കെ വേരുകളാഴ്ത്തി നിന്നു കൊണ്ടാണ് ചിരി നമ്മുടെ തലയുടെ നെരിയാണി തെറ്റിക്കുന്നത്. ‘ഹാളിന്റെ മൂലയില്‍ നിന്ന് വിലാപം പോലെ ചിരിയുയര്‍ന്നു’ എന്നു പറഞ്ഞാല്‍ പ്രസംഗവഴിപാട് നടത്തിക്കൊണ്ടിരുന്നവനു കാര്യങ്ങള്‍ തീരെ പ്രോത്സാഹനപരമായിരുന്നില്ലെന്ന് അര്‍ത്ഥമുണ്ട്. അതിനെ ആഖ്യാതാവ് നേരിട്ട ഒരു വഴിയാണ് ഈ തമാശ. എതിരില്‍ വരുന്ന വിപരീതങ്ങള്‍ക്ക് നേരെ ആത്മവിശ്വാസത്തോടെയിരിക്കാനുള്ള മൂലധനം സ്വരൂപിക്കലാണ് കോമാളിയായിരിക്കുക എന്നത്. ജീവിതത്തിന്റെ മറ്റേ വശം. ജീവിച്ചിരിക്കുന്നതിന്റെ ‘സഹനീയമായ ലാഘവത്വം’. ദ ബെയറബിള്‍ ലൈറ്റ്‌നെസ്സ് ! അതു കൊണ്ടാവും, തനിക്ക് കോമാളിയായിരുന്നാല്‍ മതിയെന്ന് ചാപ്ലിന്‍ പറഞ്ഞു. ( ലോകമറിയുന്ന സൂപ്പര്‍സ്റ്റാറായിട്ടെന്ത്? അമ്മയ്ക്ക് വേണ്ടിയിരുന്ന സമയത്ത് ആഹാരം വാങ്ങിക്കൊടുക്കാനുള്ള ചില്ലി കൈയിലുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് ഭ്രാന്ത് വരില്ലായിരുന്നു എന്ന് ആത്മകഥയില്‍ നെടുവീര്‍പ്പിട്ട പുള്ളിയാണ് ചുള്ളന്‍! )

മൂത്രാശയസംബന്ധമായ രോഗത്തിന്റെ നിഴലുപിടിച്ച് വി കെ എന്‍ ‘പാത്രാശയ സംബന്ധമായ രോഗ’മെന്നെഴുതി വിട്ടത് ഒരു പാരഡിയാണ്. രാജീവ് ചേലാട്ടിന്റെ നിശ്ശബ്ദവും ഗൌരവമുള്ളതുമായ ‘അഭിവാദ്യങ്ങളെ’ കുഴല്‍‌വാദ്യങ്ങളും തകില്‍ വാദ്യങ്ങളും പഞ്ചവാദ്യങ്ങളുമൊക്കെയാക്കി ‘മഞ്ഞ ഒതളങ്ങ’ അനോനിമാഷുടെ ബ്ലോഗില്‍ ഒച്ചയും ബഹളവുമുണ്ടാക്കി. വാക്കുകളുടെ പാരഡിയില്‍ നിന്നാണ് അവിടെയെമ്പാടും ചിരി പെയ്തത്. വര്‍മ്മാലയത്തിന്റെ പൂട്ടു തകര്‍ത്തും
കെട്ടു പൊട്ടിച്ചും ഇറങ്ങിവന്ന വര്‍മ്മമാര്‍ ഭ്രാന്തു പറഞ്ഞ് കൂട്ടചിരിയും കൂക്കുവിളിയുമുയര്‍ത്തി. ‘വി കെ എന്‍-ന്റെ‘ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഗൌരവങ്ങള്‍ അത് തലങ്ങും വിലങ്ങും ചത്തു വീഴുന്ന ശബ്ദമായിരുന്നു. ബ്ലോഗെന്ന അതിവാസ്തവ ലോകത്തില്‍, അനോനിമാഷെന്ന ഏതു നിമിഷവും രൂപം മാറാവുന്ന അജ്ഞാതവ്യക്തിത്വത്തിന് തത്ത്വചിന്താപരമായ ആഴമുണ്ട്. വെറുമൊരു കുട്ടിക്കളിയല്ല അയാള്‍/അവള്‍. അജ്ഞാതര്‍ വര്‍മ്മമാരും കരടികളും മറ്റും മറ്റുമായി അവിടെയ്ക്കൊഴുകിയത് അതിന്റെ കാര്‍ണിവല്‍ സ്വഭാവം കൊണ്ടാണ്. അതു വിശദമായി പഠിക്കപ്പെടേണ്ടതാണ്. ‘കേറിനിരങ്ങിയവര്‍’ എന്ന വിശേഷണം കൊണ്ട് അയാള്‍ തന്റെ പക്ഷത്തേയ്ക്കും കല്ലു പായിച്ചിട്ടുണ്ട്. അതും ചിരിയാണ്. അതു കണ്ടാലും ചിരിവരും. പലതരത്തിലുള്ള ‘ഗൌരവ’ങ്ങളെ കൊല്ലുന്നതിലൂടെ അധികാരത്തെ വെല്ലുവിളിക്കുകയാണ് ഹാസ്യം ചെയ്യുന്നത്. സുകുമാരവദനനായ നിഷേധം?

സ്വയം പുറപ്പെടുവിച്ച അതിവികാരത്തിന്റെ തീപിടിച്ചവാക്കുകളില്‍ പുകഞ്ഞ്, ടംബ്ലറില്‍ കുറച്ചുവെള്ളമെടുത്തു കുടിച്ചിട്ട് ബാക്കി കാലുറയ്ക്കകത്തേയ്ക്കും ഒഴിക്കുന്നുണ്ട്, ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ചാര്‍ലി ചാപ്ലിന്റെ ഹിറ്റ്ലര്‍, ‘ദ ഗ്രേറ്റ് ഡിക്ടേറ്ററി’ല്‍. എവിടെയൊക്കെയാണ് ചൂട് ! അതുകണ്ട് സാക്ഷാല്‍ ഹിറ്റ്ലറിനു പിന്നെയും ചൂടു കയറിയതില്‍ വല്ല അദ്ഭുതവുമുണ്ടോ? ‘യുദ്ധം ചെയ്യാന്‍ അഭ്യസിക്കുവിന്‍ എന്ന ഉപദേശം ജര്‍മ്മനിയിലെ യുവാള്‍ക്ക് നല്‍കിയ ഡോക്ടര്‍ ഗീബത്സിനെ നോക്കി സഞ്ജയന്‍ (മാണിക്കോത്ത് രാമുണ്ണിനായരാണ് ഈ സഞ്ജയന്‍. ശ്രദ്ധിക്കണം അനോനികളും അവരുടെ മാഷും അന്നേയുണ്ട്, കാലം മുപ്പതുകള്‍. സഞ്ജയന്‍ 1943-ല്‍ മരിച്ചു) പറഞ്ഞു : ‘നീന്തുവാന്‍ അഭ്യസിക്കുവിന്‍’ എന്ന് ഡോക്ടര്‍ ഗീബത്സ് ജര്‍മ്മനിയിലെ മത്സ്യങ്ങളോട് ഉപദേശിക്കുന്ന ശോഭനമുഹൂര്‍ത്തത്തെ ഞങ്ങള്‍ സകൌതുകം പ്രതീക്ഷിക്കുന്നു! “ലോകത്തിലെ മറ്റൊരു സ്വേച്ഛാധിപതിയും ചെയ്യാന്‍ ധൈര്യപ്പെടാത്ത വിധത്തിലാണ് ഹിറ്റ്‌ലര്‍ ജൂതരെ മര്‍ദ്ദിക്കുന്നത്” എന്ന പത്ര വാര്‍ത്തയ്ക്ക് സഞ്ജയന്റെ കമന്റ് : ‘സചിവോത്തമന് അവമാനകരമായ ഈ പ്രസ്താവന പ്രസ്തുതപത്രം ഉടനെ പിന്‍‌വലിക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.’ഇന്ത്യക്കാരെ കാടന്മാരും പ്രാകൃതരുമായി വിചാരിച്ച് ഭരിച്ചുവെളുപ്പിച്ചുകൊണ്ടിരുന്നവരാണല്ലോ വെള്ളയാന്മാര്‍.അധികാരത്തെ വെറുതെവിടാന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത ‘തമാശയ്ക്ക് ’ അവരെ വെറുതേ വിടാന്‍ കഴിയുമോ? ‘റാന്തല്‍ക്കാര്‍’ എന്ന കഥ നോക്കുക : ഇന്ത്യയില്‍ കപ്പലിറങ്ങിയ ആദ്യദിവസം രാത്രി രണ്ടു ഇംഗ്ലീഷുക്കാര്‍ തമ്പില്‍ ഉറങ്ങാന്‍ പോയിക്കിടന്നു. പക്ഷേ കൊതുകുകടി കൊണ്ട് ഉറക്കം തീരെ വന്നില്ല. ഒടുക്കം പൊറുതിമുട്ടിയ പാശ്ചാത്യര്‍ ചൂട് അസഹ്യമായിരുന്നുവെങ്കിലും ഓരോ കമ്പിളിയെടുത്ത് ആപാദചൂഡം മൂടിപ്പുതച്ചു കിടന്നു. കൊതുകുശല്യവും നിന്നു. അങ്ങനെ കുറെക്കഴിഞ്ഞപ്പോള്‍ ആ നരകപ്രാണികള്‍ തിരിച്ചുപോയോ എന്നറിയുവാന്‍ ഒരു വിദ്വാന്‍ തന്റെ കമ്പിളിയുടെ അറ്റം അല്പം പൊന്തിച്ച് ഇരുട്ടിലേയ്ക്ക് നോക്കി. നാലഞ്ചു മിന്നാമിനുങ്ങുകള്‍ പറക്കുന്നതാണ് അയാള്‍ കണ്ടത്. ഭയവിഹ്വലനായ ആ മനുഷ്യന്‍ പെട്ടെന്ന് വിളിച്ചു പറഞ്ഞു: “ഐ സേ ഡിക് ! നമുക്കു രക്ഷയില്ല. ആ നശിച്ച പ്രാണികള്‍ റാന്തലും കൊളുത്തി നമ്മളെ തിരയുവാന്‍ വരുന്നുണ്ട്.”

കമ്മ്യുണിസത്തോട് അത്രയല്ല, ഒട്ടും പഥ്യമുണ്ടായിരുന്നില്ല സഞ്ജയന്. അതുകൊണ്ട് കിട്ടിയ ദിക്കിലൊക്കെ വച്ച് തമാശപൊട്ടിച്ചു. “പണ്ടു കുറുക്കന്മാര്‍ ഓളിവിളിച്ച മുക്കുകളിലും മൂലകളിലും ഇപ്പോള്‍ ഇങ്ക്വിലാബ് സിന്ദാബാദ് വിളികള്‍ മുഴങ്ങുന്നു. എന്തു വ്യത്യാസം !”
സോഷ്യലിസ്റ്റ് നേതാവ് രങ്കയുടെതായി പത്രത്തില്‍ വന്ന ഈ വാര്‍ത്ത ഉദ്ധരിച്ചിട്ട് സഞ്ജയന്‍ ചോദിക്കുന്നു. “എന്തുവ്യത്യാസം?”
പ്രസംഗവുമായി ബന്ധപ്പെട്ട മറ്റു തമാശകള്‍ ഇങ്ങനെയാണ് :
ചാരുകസേരകളില്‍ കിടന്ന് ആലോചിച്ചെഴുതുന്നതുകൊണ്ടു മാത്രം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്ന് ഒരു പ്രാസംഗികന്‍ പറയുന്നു. പ്ലാറ്റ്ഫോറങ്ങളില്‍ നിന്ന് ആലോചനയില്ലാതെ പ്രസംഗിക്കുന്നതുകൊണ്ട് അവ എത്രമാത്രം പരിഹരിക്കപ്പെടുമെന്നാണ് ഇനി ആലോചിക്കാനുള്ളത് !

“ആകപ്പാടെ ആലോചിക്കുമ്പോള്‍ നമ്മള്‍ എന്തു വിഡ്ഢികളാണ് !” എന്ന് ഒരു പ്രസംഗകന്‍. “ഏകവചനം മതി സാറേ” എന്ന് സദസ്സിലിരുന്ന ഒരാള്‍ വിളിച്ചു പറഞ്ഞു.
അപ്പോള്‍ പ്രാസംഗികന്‍ “ശരി. ആകപ്പാടെ ആലോചിക്കുമ്പോള്‍ താനെന്തൊരു വിഡ്ഢിയാണ്!”

സമസ്യാപൂരണക്കാര്‍ക്കുമിട്ട് താങ്ങിയിട്ടുണ്ട് പാറപ്പുറത്ത് സഞ്ജയന്‍. അതന്നത്തെ പതിവായിരുന്നതുകൊണ്ടാവും. “ആറും പിന്നെയൊരാറും ഗണിച്ചീടുമ്പോളേഴായ് വരും !“ എന്ന സമസ്യയ്ക്ക് ചില പൂരണ നിര്‍ദ്ദേശങ്ങള്‍ വഴിയാണത്. ഗദ്യത്തിലാണ് പൂരണം. അതു പിന്നെ പദ്യത്തിലാക്കാവുന്നതേയുള്ളൂ. ‘ഞാന്‍ ഈയിടെ ഒരു ദിവസം കുതിരവട്ടത്ത് റോഡിന്മേലൂടെ നടക്കുകയായിരുന്നു.(ഒരു വരി സന്ധ്യാവര്‍ണ്ണനം). ആ സമയത്ത് അകത്തു നിന്ന് വളരെ ഗംഭീരസ്വരത്തില്‍, തലയുടെ കല്ലിളകിപ്പോയതിനാല്‍ ചികിത്സാര്‍ത്ഥം അവിടെ ആനയിക്കപ്പെട്ട ഒരു മാത്തമാറ്റിക്സ് പ്രൊഫസര്‍ ഇങ്ങനെ പറയുന്നതു കേട്ടു : ‘ആറും പിന്നെ.....”
അല്ലെങ്കില്‍
ഈയിടെ എലിമെന്ററി സ്കൂളിന്റെ വരാന്തയില്‍ ഞാന്‍ ചെന്നു നിന്നപ്പോള്‍ അകത്തു നിന്ന് കണക്കുക്ലാസിലുള്ള ഒരു കുട്ടിയുടെ ഉത്തരവും തുടര്‍ന്നുകൊണ്ട് ഗംഭീരമായ പ്രഹരത്തിന്റെ ശബ്ദവും കേള്‍ക്കുകയുണ്ടായി. അടിയ്ക്ക് ഇടയുണ്ടാക്കിയ ഉത്തരം ഇതായിരുന്നു : ‘ആറും പിന്നെ...’
‘കേരളത്തിലെ സമസ്യക്കാരുടെ ഇടയില്‍ പണ്ടുണ്ടായിരുന്ന ഇമ്മാതിരി ദ്രോഹികളാണ്, കര്‍മ്മത്തിന്റെ തിരിഞ്ഞു ചവിട്ടു ഹേതുവായി, പദക്ഷാമമുള്ള യുവകവികളായി ഇക്കാലത്തു വന്നു പിറന്നു വങ്കത്തമെഴുതി മറ്റുള്ളവരുടെ ചീത്തപ്പറച്ചില്‍ കേട്ടു നശിക്കുന്നതെന്നാണ് എന്റെ സ്വകാര്യമായ അഭിപ്രായം’ (സമസ്യാപൂരനങ്ങള്‍) എന്നും പറഞ്ഞ് പുതിയ കവികള്‍ക്കും കൊടുത്തു ചവിട്ട്. അന്ന് ആധുനികനായിരുന്ന ചങ്ങമ്പുഴയെയും സഞ്ജയന് ഇഷ്ടമായിരുന്നില്ല എന്നോര്‍ക്കുക.

തെങ്ങു വീണു മരിച്ചു എന്ന പത്രവാര്‍ത്തയ്ക്ക് സഞ്ജയന്‍ കൊടുത്ത അടിക്കുറിപ്പ് ഹാര്‍ട്ട് ഫെയ്‌ല്യര്‍
കാരണമാവും എന്നാണ്. അല്ലാതെ ‘ആരോഗദൃഢപാത്രമായിരുന്ന’തെങ്ങ് നിന്ന നിലയില്‍ നിന്ന് വീണ് വടിയാവുമോ? വിഷമില്ലാത്ത പാമ്പുകടിച്ചു മരിക്കുന്നവര്‍ ശരിക്കും വിഷം തീണ്ടിയല്ല മരിക്കുന്നതെന്നപോലെ സാധുക്കളായ പുലികള്‍ ഒന്നു മാന്തുകയൊ മറ്റോ ചെയ്യുമ്പോള്‍ പേടിച്ചു കാഞ്ഞുപോകുന്ന മനുഷ്യ ദുഷ്ടാത്മാക്കളുടെ അന്ധവിശ്വാസമാണത്രേ പുലിപ്പേടി. ( അന്ധവിശ്വാസികള്‍) അലസഗമനകളാണ് സ്ത്രീകള്‍ എന്ന കാര്യത്തില്‍ കവികളെ പോലെ സഞ്ജയനും സംശയമില്ല. എന്നാല്‍ അങ്ങനെയല്ലാത്ത ചില സ്ഥലങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം മടിക്കുന്നില്ല. ‘കുളിച്ചുവരുന്ന വഴിയില്‍ ഒരു മഹാഗംഭീരനായ തവളയുടെ പുറത്തു കാലെടുത്തുവച്ച ഒരു ഘനശ്രോണിപയോധര ആശാരിക്കോലിന്ന്‍ അഞ്ചകലം ദൂരത്ത് ഒരൊറ്റ ചാട്ടത്തിനു ചാടിവീഴുന്ന മനോഹരക്കാഴ്ച കണ്ടു നിന്നവനാണ് പി. എസ് ’ എന്ന്. (ഭര്‍ത്തൃജാഥ)
സാക്ഷി വിസ്താരത്തിനായി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കൂലിപ്പണിക്കാരനോട് വക്കീലിന്റെ ചോദ്യം. “നിങ്ങള്‍ കണ്ടതുപോലെയല്ലാതെ അതിനെതിരായ മറ്റു വല്ലതും ഇവിടെ വച്ച് നിങ്ങളെക്കൊണ്ട് പറയിക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ?”
“ഇല്ല”
“നല്ലവണ്ണം ആലോചിച്ചു നോക്കൂ”
“പുറമേ ആരും ശ്രമിച്ചിട്ടില്ല. പക്ഷെ കുറേ നേരമായി അവിടുന്നു ആവുന്ന കളിയൊക്കെ കളിക്കുന്നതെന്നു തോന്നുന്നു.”(എതിര്‍വിസ്താരം)
‘‘ഞങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു’ എന്ന തലക്കെട്ടില്‍ കുറെ അന്വേഷണങ്ങള്‍. അതില്‍ ആദ്യത്തേതിങ്ങനെ : ‘യുക്തിവാദിയോട് തളിയല്‍ അമ്പലത്തില്‍ അപ്പം നിവേദിക്കുന്നതോ പായസം നിവേദിക്കുന്നതോ അധികം ഫലപ്രദം എന്ന്വേഷിച്ച വഴിപാടുകാരനെ.’

വ്യക്തിയുടെ വൈകല്യങ്ങളും പൊരുത്തക്കേടുകളും പെരുപ്പിച്ചുകാട്ടി ചിരിയുണ്ടാക്കാം. അതല്ല, വിഷയങ്ങളെ മുള്ളും മുനയുമായി കൊമ്പുമായി സമീപിക്കുമ്പോള്‍ സംഭവിക്കുന്നത്. തമാശയ്ക്ക് ഒരു പാരമ്പര്യമുണ്ട്. വിമര്‍ശനത്തിന്റെ ജനപക്ഷമായിരുന്നു നമ്മുടെ തമാശകള്‍. സ്ത്രീവിരുദ്ധതയും ജാതി പക്ഷപാതവും അതില്‍ കലരാന്‍ കാരണം ഒരു പക്ഷേ അതില്‍ ചാലിക്കപ്പെട്ട ഭൂരിപക്ഷതാത്പര്യങ്ങളുടെ കാര്‍ണിവല്‍ സ്വഭാവമായിരിക്കണം. താന്‍പോരിമയുടെ കുംഭഗോപുരങ്ങളെ ആള്‍ക്കൂട്ടത്തിന്റെ കൂടെ നിന്ന് കണ്ട് കല്ലെറിയുകയാണ് വിശുദ്ധനായ കോമാളി. ജനത്തെ കൂടെ നിര്‍ത്താന്‍ അയാള്‍ക്കുള്ള ആയുധമാണ് ഹാസ്യം. അയാളുടെ തമാശ ജനാധിപത്യപരവും ചരിത്രത്തോടുള്ള പ്രതികരണവുമാവുന്നതങ്ങനെയാണ്. അതു സ്വയം ഒരു യാഥാര്‍ത്ഥ്യം സൃഷ്ടിക്കുന്നുണ്ട്. സ്വകാര്യമായ യാഥാര്‍ത്ഥ്യം. എന്നാല്‍ ആളുകളിരമ്പുന്നത്. സഞ്ജയന് ചങ്ങലം പരണ്ട എന്നൊരു സാങ്കല്പിക ദേശമുണ്ടായിരുന്നു. കാലിക സംഭവങ്ങളുടെ പാരഡികള്‍ സംഭവിച്ചത് അവിടെയാണ്. വി കെ എന്നിന്റെ ഭ്രാന്തന്‍ കല്പനകളും അരങ്ങേറിയത് ഒരു അതിവാസ്തവിക ലോകത്തായിരുന്നില്ലേ? അതു തന്നെയല്ലേ വിലാസിനി അമ്മാളുടെ കല്‍പ്പാത്തിയും ?

പിന്‍‌കുറിപ്പ് :
‘ഈയിടെ മുതലയായി വേഷം മാറിക്കളഞ്ഞ ഒരു സന്ന്യാസിയുടെ കഥ ‘സണ്‍‌ഡേ ടൈംസ്’ പത്രത്തില്‍ കാണുന്നു.
- അതുസാരമില്ല. വേഷം മാറി നടക്കുന്ന മുതലകളാണെന്ന് അനുമാനിക്കാവുന്ന എത്രയോ സന്ന്യാസിമാരെ ഞങ്ങള്‍ കണ്ടിട്ടുണ്ട്.’
( സഞ്ജയന്‍)
***************************************************************************
-“ആശ്രമത്തിനുപുറത്ത് നിരത്തില്‍ ഒരു മ്ലാനത നീ ദര്‍ശിച്ചിട്ടുണ്ടോ?”
-“ഉണ്ട്.”
-“എന്താണു കാരണം?”
-“അറിയില്ല.”
-“ മൈനസ് പോയന്റ്. എട മണുക്കൂസേ. ആനന്ദം മുഴുവന്‍ ആശ്രമത്തില്‍ സ്റ്റോക്ക് ചെയ്തിരിക്കയല്ലേ? പുറം ലോകത്ത് പിന്നെ മ്ലാനതയല്ലാതെ എന്തോന്ന് ഉലുവാച്ചെടിയുണ്ടാവാനാണ്?”
(വി കെ എന്‍)

September 1, 2008

ഹിന്ദിയാണോ നമ്മള്‍?




എണ്ണക്കൂടുതലാണ് ദേശീയചിഹ്നങ്ങളെ തെരെഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമെങ്കില്‍ നമ്മുടെ ദേശീയജന്തുവാകേണ്ടത് പെരുച്ചാഴിയല്ലേ എന്നു ചോദിച്ചത് പെരിയാര്‍ രാമസ്വാമിയാണ്. ദേശീയഭാഷ എന്ന നിലയ്ക്കുള്ള ഹിന്ദിയുടെ പ്രചാരത്തെ ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. തമിഴന്റെ ഹിന്ദി വിരോധം മലയാളിയ്ക്ക് തമാശയാണ്. മലയാളികളേതോ കൂടിയ ഇനമാണെന്ന അബോധമുണ്ട്, ഇമ്മാതിരിയുള്ള ചിറികോണിപ്പുകളില്‍. ഭാഷാ അസഹിഷ്ണുതകള്‍ക്കപ്പുറം തമിഴാച്ചിയുടെ ഹിന്ദി വിരോധത്തില്‍ ഒരു ഇടംചെറുപ്പുള്ളത് കാണാന്‍ മലയാളത്ത്ന്മാര്‍ക്ക് കഴിയാതെ പോകുന്നതു ഇങ്ങനെയുള്ള മുന്‍‌വിധികളാലല്ലേ? സ്വത്വത്തെക്കുറിച്ചുള്ള അഗാധമായ ബോധത്തില്‍ നിന്നുണ്ടായതാണ് തമിഴന്റെ ചില ചെറുത്തുനില്‍പ്പുകള്‍. പാരമ്പര്യം കൊണ്ടോ സമ്പന്നതകൊണ്ടോ ഒപ്പം എത്താത്ത ഹിന്ദിയെ അവരെന്തിന് സ്വന്തം ഭാഷയ്ക്കുമേലെ വയ്ക്കണം? ഇതു മനസ്സിലാവാതെയാണ് നമ്മുടെ വക്രിച്ച ചിരി. ഇവിടെയുമുണ്ടായിരുന്നു, പേരിന് മലയാളമാത്ര വാദികള്‍, ലോനപ്പന്‍ നമ്പാടനെപ്പോലുള്ള സാമാജികര്‍. എന്നാല്‍ മലയാളഭാഷാ വിപ്ലവങ്ങളൊന്നും ക്ലച്ചു പിടിച്ചില്ല. കുറേ ബോഡുകളില്‍ കരിവാരിപ്പൂശിയതിനപ്പുറം ഒന്നും പോയില്ല. പിന്നെ കുറേ ഇണ്ടാസുകളും. ചിങ്ങമാസം വന്നുച്ചേര്‍ന്നാല്‍ എന്നു പറയുമ്പോലെ നവംബര്‍ വന്നാല്‍ മലയാള വാരാഘോഷങ്ങള്‍‍. പേരിന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭാഷാ പ്രതിജ്ഞ. മുണ്ടും കവണിയുമായി കെട്ടിയെഴുന്നള്ളിപ്പ്. അത്ര തന്നെ. ഭാഷയെന്നാല്‍ എന്തു കുന്തമാണെന്ന് പൊതുജനത്തിന് അറിയില്ല. കാര്യം മനസ്സിലായാല്‍ പോരേ എന്നാണ് മട്ട്. മലയാളത്തില്‍ തെറ്റെഴുതിയാലും എഴുതാന്‍ തന്നെ അറിയാതിരുന്നാലും സംസാരിക്കാതിരുന്നാലും ഒരു കുറവുമില്ല കേരളത്തില്‍. കൈയില്‍ ആയുധമില്ലെന്നു പറയുന്നതുപോലെ ഒരു ഭാഷ അതിന്റെ സമൂഹത്തില്‍ നിന്ന് തെന്നിത്തെറിച്ചു പോവുകയാണ്.

സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തില്‍ ഹിന്ദി ഇന്ത്യയുടെ വൈവിദ്ധ്യത്തെ ഏകീകരിക്കാനുള്ള ഏകമാര്‍ഗമായിരുന്നു. ഐക്യത്തിനൊരു ഭാഷ വേണം. ഇംഗ്ലീഷ് പഠനം, ഹിന്ദിയേക്കാള്‍ സാര്‍വത്രികവും എളുപ്പവും ആയിരുന്നിട്ടും അതു പ്രതിരോധിക്കപ്പെട്ടത് യജമാനന്റെയും ചൂഷകന്റെയും ഭാഷയായിരുന്നതിനാലാണ്. ഇന്ത്യ എന്ന വികാരത്തിന്റെ ചലനങ്ങള്‍ ആവിഷ്കരിക്കാനും ഉപദേശീയതകളിലേയ്ക്കു പകരാനും അതുകൊണ്ട് ഹിന്ദി ഒരനിവാര്യതയായിരുന്നു. ഇന്ത്യയെ അറിയാനുള്ള വഴിയായിരുന്നു ഹിന്ദി. ചലച്ചിത്രമുള്‍പ്പടെയുള്ള കലാരൂപങ്ങളുടെ പ്രാദേശികഭേദങ്ങള്‍ക്കുള്ള ദേശീയമാതൃക ഹിന്ദിയിലൂടെയാണ് പ്രചരിച്ചത്. കേരളഹിന്ദി പ്രചാരസഭയും ദക്ഷിണഭാരതഹിന്ദി പ്രചാരസഭയും മലയാളിയുടെ ഹിന്ദി പഠനത്തിന് ആക്കം കൂട്ടി. ഹിന്ദി സംസാരിക്കുക എന്നത് ഖദര്‍ ധരിക്കുമ്പോലൊരു വിപ്ലവപ്രവര്‍ത്തനമായിരുന്നു.

ഇന്ന് അങ്ങനെയല്ല. ഇന്ത്യയിലെ 180-ഓളം ഭാഷകളില്‍ ഒന്നു മാത്രമായിരിക്കേണ്ട ഹിന്ദി, വ്യക്തമായ നിര്‍ദ്ദേശങ്ങളോടെ പടച്ചുണ്ടാക്കിയ മാനകഹിന്ദി, കൂടുതല്‍ ആളുകള്‍ സംസാരിക്കുന്നത് എന്ന വ്യാജേന, ഭരണഭാഷയായി, ദേശീയതയുടെ അടയാളമായി, അധികാരത്തിനുള്ള കുറുക്കുവഴിയായി ചക്രങ്ങളുരുട്ടുമ്പോള്‍ പഴയ വിവേകം നമ്മള്‍ തന്നെ നഷ്ടപ്പെടുത്തുന്നു. അധിനിവേശത്തിന്റെ ഭാഷ ഇന്ന് ഹിന്ദിയാണെന്ന കാര്യം മറന്ന് അതിനെ ആശ്ലേഷിക്കുന്നു. രമേഷ് ചെന്നിത്തലയെ ഇന്ദിരാഗാന്ധി ഇഷ്ടപ്പെട്ടുപോയത് അദ്ദേഹത്തിന്റെ ഹിന്ദിപ്രസംഗപാടവം കണ്ടാണെന്ന് പത്രങ്ങള്‍ വീമ്പെഴുതിയത് ഓര്‍ക്കുന്നില്ലേ? സ്വാതന്ത്ര്യം കിട്ടിയിട്ടും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനവിഭജനങ്ങള്‍ക്കു ശേഷവും ഹിന്ദി ഒരു വികാരമായിരിക്കുകയാണെങ്കില്‍ അതിനു കാതലായ ഒരു കാരണം ചൂണ്ടിക്കാണിക്കാനുണ്ടാവണമല്ലോ. നിര്‍ഭാഗ്യവശാല്‍ യുക്തിയ്ക്കു നിരക്കുന്ന അങ്ങനെയൊരു കാരണം എവിടെ പരതിയിട്ടും കിട്ടാനില്ല. കേരളത്തില്‍ ഇന്ന് പത്താം തരത്തിനുശേഷം സ്വന്തം ഭാഷ കളഞ്ഞും ഹിന്ദി പഠിക്കാന്‍ മുളയുന്ന ഒരു വലിയ സമൂഹമുണ്ട്. അവര്‍ക്ക് ക്ലാസ്സ് മുറികളില്‍ അദ്ധ്യാപകര്‍ പറഞ്ഞു കൊടുക്കുന്നത് കാരണങ്ങള്‍ ഇവയാണ്. 1. ഹിന്ദി കീശയിലാണെങ്കില്‍ ഇന്ത്യയിലെവിടെ പോയാലും ആശയവിനിമയത്തിനു (ഇപ്പോള്‍ വിദേശത്തും) ബുദ്ധിമുട്ടുണ്ടാവില്ല . 2, ദേശീയഭാഷയാണ് (അതുകൊണ്ട് അതറിഞ്ഞിരുന്നേ മതിയാവൂ) 3. ഹോളിവുഡിന്റെ തലത്തിലേയ്ക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഹിന്ദി ചലച്ചിത്രങ്ങള്‍ മനസ്സിലാക്കാന്‍ ഹിന്ദി പഠനമില്ലാതെ പറ്റില്ല. 4. മലയാളം അറിയാമല്ലോ അതുകൊണ്ട് മറ്റൊരു ഭാഷ കൈവശം വച്ചിരിക്കുന്നതാണ് എന്തു കൊണ്ടും നല്ലത്. 5.ചുളുവില്‍ മാര്‍ക്ക് (സ്കോര്‍) അധികം കിട്ടുന്ന ഭാഷയാണ് ഹിന്ദി. (ഇതാണ് ഏറ്റവും പ്രധാനം) സ്കൂളുകളില്‍ പന്ത്രണ്ടു വര്‍ഷവും പിന്നെ ബിരുദത്തിനും ഹിന്ദി ഒരു ഭാഷയായി പഠിക്കാന്‍ ചൂണ്ടി കാണിക്കാറുള്ള കാരണങ്ങളാണ് മുകളിലെഴുതിയത്. വര്‍ഷങ്ങളായി ഒരു സംശയത്തിന്റെ ആനുകൂല്യം പോലുമെടുക്കാതെ മലയാളി കോമണ്‍ സെന്‍സ് സ്വന്തം പിള്ളേര്‍ക്ക് വിളമ്പികൊടുക്കുന്ന ‍ഭാഷാപരമായ വിവരക്കേടിനെ പട്ടികപ്പെടുത്തിയതാണ് മുകളില്‍.

സാംസ്കാരികാധിനിവേശങ്ങളുടെ അടിത്തറ ഭാഷാധിനിവേശമാണെന്ന കാര്യം അധികം ആരും ശ്രദ്ധിച്ചിട്ടില്ല ഇവിടെ എന്നു തോന്നുന്നു. സത്യത്തില്‍ നമ്മുടെ നമ്മുടെ ഹിന്ദിപ്രേമം ഒരു തരം ആര്യാഭിനിവേശമാണ്. ഹിന്ദിയുടെ പ്രചരണമാവട്ടെ, ആര്യാധിനിവേശത്തിന്റെ പ്രച്ഛന്ന രൂപവും. ദ്രാവിഡഗോത്രത്തില്‍ പിറന്ന് അതിന്റെ തണലില്‍ പുലരുന്ന ഒരു ജനത ഇങ്ങനെ അധികാരത്തിന്റെ ഭാഷയെ കൊതിയോടേ നോക്കിയിരിക്കുന്നതിനു കാരണമെന്താണ്, പ്രത്യേകിച്ച് അതൊന്നും നല്‍കുന്നില്ല എന്നു ചിന്തിക്കാതെ? ഏതുഭാഷയും വാഹകമാണ്. അതിലൂടെ ഒലിച്ചുവന്ന് തലമുറകളില്‍ നിറയേണ്ട ചിലതുണ്ട്. ഇംഗ്ലീഷിലൂടെ നാം ലോകത്തെ അറിയുന്നുണ്ട്. സാഹിത്യമോ സാംസ്കാരികമോ രാഷ്ട്രീയമോ വിജ്ഞാനപരമോ ആയ ഏതു അവസ്ഥയുടെയും ചലനങ്ങളുടെയും പ്രതിച്ഛായകള്‍ മലയാളത്തിലെത്തുന്നത് ഇംഗ്ലീഷിലൂടെയാണ്, പ്രാഥമികമായി. അതില്ലാതെ ഒരു താരതമ്യം നമുക്ക് അസാദ്ധ്യമാണ്. പൊതുവിദ്യാഭ്യാസത്തിലെ ഇംഗ്ലീഷ് പഠനം ഇത്ര അധഃപതിച്ച നിലയിലായിട്ടും നമ്മുടെ പിടിവള്ളി അതു മാത്രമാണ്. പതിനെട്ടാം നൂറ്റാണ്ടു മുതല്‍. ഇംഗ്ലീഷ് മലയാളിയെ സമൂലം മാറ്റി മറിച്ചിട്ടുണ്ട്. ഭാഷയായോ അധിനിവേശ ശക്തിയായോ അതു കയറിയിറങ്ങാത്ത മൂലകളില്ല, നമ്മുടെ ജീവിതത്തില്‍. (ആ കണക്കെടുപ്പ് പലപാട് നടത്തിയിട്ടുള്ളതാണ്) നാം കൊണ്ടു പിടിച്ചു പഠിക്കുന്ന ഹിന്ദിയോ, അത്യന്തികമായി അതു നമുക്കെന്താണ് തന്നത്? പ്രസ്ഥാനങ്ങള്‍ക്കോ സാഹിത്യത്തിലെ പുതുചലനങ്ങള്‍ക്കോ മലയാളി ഒരിക്കലും ഹിന്ദിയെ കാതോര്‍ത്തിട്ടില്ല. (ആദ്യകാല സിനിമകള്‍, അവയിലെ പാട്ടുകള്‍, മിസ്റ്റിസിസം തുടങ്ങിയവയുടെ തുടക്കത്തിലെ ദുര്‍ബല അനുകരണങ്ങള്‍ ചില അപവാദങ്ങളായി ചൂണ്ടിക്കാട്ടുന്നവരുണ്ട് ) ഇംഗ്ലീഷ് ചെയ്യുന്നതുപോലെ ഉപരിപഠനത്തിനുള്ള വിജ്ഞാനമണ്ഡലം തുറന്നിടാനും പന്ത്രണ്ടു വര്‍ഷത്തെ സ്കൂള്‍ ജീവിതം കൊണ്ടും നാം തീര്‍ക്കാത്ത ഈ ഭാഷയുടെ പഠനം സഹായിക്കില്ല. സാഹിത്യഗുണത്തിന്റെ കാര്യം കുട്ടികളുടെ ഹിന്ദി പാഠപുസ്തകങ്ങള്‍ മറിച്ചു നോക്കിയാലറിയാം. പ്രേംചന്ദും ടാഗോറും നിരാലയും സുഭദ്രാകുമാരി ചൌഹാനും ദോഹകളുമാണ് ഇന്നും. അതൊക്കെ അവിടെയുണ്ട് എന്നല്ലാതെ മറ്റൊന്നും മനസ്സിലാക്കേണ്ടതില്ല. സത്യത്തില്‍ മനസ്സിലാക്കാന്‍ ഒന്നുമില്ല. 1968-ല്‍ രൂപപ്പെടുത്തിയ, അന്യസംസ്ഥാനങ്ങളിലെ ഹിന്ദി പഠനത്തിനായി ചെത്തിമിനുക്കി ചിന്തേരിട്ട ഒരു ഭാഷയാണ് നമ്മുടെ മലയാളിത്തലമുറകള്‍ ഹിന്ദിയെന്ന പേരില്‍ പഠിച്ചുവരുന്നത്. സ്കൂളുകളിലെ ഹിന്ദിയ്ക്ക് കാലികജീവിതവുമായോ സമൂഹവുമായോ ബന്ധമൊന്നുമില്ല. മറാത്തിയോ ബംഗാളിയോ തമിഴോ നമുക്ക് നല്‍കിയതില്‍ കൂടുതലായി ഒന്നും പഠിപ്പിക്കാന്‍ അതിനു കഴിവില്ല. എന്നിട്ടും നമ്മുടെ മക്കള്‍ക്ക് ഹിന്ദിയാണു പഥ്യം ഇവിടെ. കൂട്ടത്തില്‍ പറയട്ടേ, കേരളത്തിലെ ഹിന്ദി ജാടയൊന്നും ഗള്‍ഫിലില്ല, ഗല്‍ഫിലെ മലയാളി സെറ്റില്‍മെന്റുകളിലുമില്ല. അവിടെയത് ബംഗ്ലാദേശില്‍ നിന്നും നേപ്പാളില്‍ നിന്നും ബീഹാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വരുന്ന കൂലിത്തൊഴിലുകാരുടെ ഭാഷയാണ്.

റഷ്യന്‍, ഒരു ഭാഷയെന്ന നിലയില്‍ അതിന്റെ നിരവധി പ്രാദേശിക ഭാഷകളെ കൊന്നു കൊലവിളിച്ചിട്ടുണ്ട്. ഭാഷാധിനിവേശത്തിന്റെ രാഷ്ട്രീയരൂപകം. എന്‍‌ഗൂഗിയും ലിയോപോള്‍ഡ് സെദര്‍ സെങ്ഘോറും ചിനുവ അചബേയും സ്വന്തം മാതൃഭാഷകള്‍ തട്ടിക്കുടഞ്ഞെടുത്തടത്തുനിന്നാണ് സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പുതിയ സാംസ്കാരികാദ്ധ്യായങ്ങള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളില്‍ വിരിയുന്നത്. നമുക്ക് ഇപ്പോഴും തറ, പന, തല, വല എന്നിവയ്ക്കു ശേഷം മലയാളം വേണ്ടെന്നാണ്. (രണ്ടാം കിടയും മൂന്നാം കിടയുമൊക്കെയായ മലയാളസാഹിത്യശിങ്കങ്ങള്‍ ഗര്‍ജ്ജിക്കുന്നത് അവര്‍ ഇംഗ്ലീഷില്‍ രചന നടത്തിയിരുന്നെങ്കില്‍ ലോകപ്രശസ്തരാകുമായിരുന്നു എന്നാണ്. എന്താണ് അല്ലേ?) ഒരു പക്ഷേ ഹിന്ദിയുടെ അപകടത്തെക്കുറിക്ക് ഒ. വി വിജയനെപ്പോലെ ഉള്ളറിഞ്ഞ മറ്റൊരു മലയാളി എഴുത്തുകാരന്‍ ഇല്ലെന്നു തോന്നുന്നു. അറിയാവുന്ന മലയാളം വച്ചാണ് നമ്മുടെ അളവെടുപ്പുകള്‍ മുഴുവന്‍. അതുകൊണ്ടാണ് ഭാഷാപരമായ ആഴം മലയാളിയ്ക്കില്ലാതെ പോകുന്നത്. നിരന്തരം മനസ്സിലായില്ലെന്നുള്ള ആക്രോശങ്ങള്‍ ഉയര്‍ത്തേണ്ടിവരുന്നത്. മനസ്സിലാവുന്നില്ല. സത്യമാണത്. അവന്‍ കൈവിട്ടുകളഞ്ഞ മലയാളം അവനെ കൈവിടുന്നതിനുദാഹരണമാണത്. മനസ്സിലാവാത്ത എഴുത്തുമതേ, അവനെയും കൈവിടുന്നു മലയാളം. ഭാഷാപരമായ ധ്യാനത്തില്‍ നിന്നുവേണമല്ലോ ഭാഷാപരമായ ആഴം ജനിക്കാന്‍! നമുക്കു ഉപരിതലങ്ങളെയുള്ളൂ, രമിക്കാന്‍!

വെറുതേ എഴുതിയതല്ല. തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ ഇത്തവണ ബി എ ഇക്കണോമിക്സ് ക്ലാസില്‍ നിന്ന് മലയാളം ഉപഭാഷയായി പഠിക്കാനെത്തിയത് വെറും പത്തുപേരാണ്. പത്താം ക്ലാസുവരെ ഒന്നാംഭാഷയായ മലയാളം പതിനൊന്നിലെത്തുമ്പോള്‍ മറ്റു ഭാഷകള്‍ക്കൊപ്പം രണ്ടാമതാവും. ഇവിടെ മലയാളത്തിന് ശക്തനായ പ്രതിയോഗിയാണ് ഹിന്ദി. ചുക്കില്ലാത്ത കഷായമില്ല എന്നു പറഞ്ഞപോലെ മലയാളത്തിനൊപ്പം എല്ലാ സ്കൂളുകളിലും ഹിന്ദിയുണ്ട്. മാര്‍ക്കു കൂടുതല്‍ കിട്ടുന്നു എന്ന കാരണം വച്ച്, മലയാളം അറിയാവുന്നതുകൊണ്ട് മറ്റൊരു ഭാഷ പഠിക്കുന്നതല്ലേ നല്ലതെന്ന കാരണം പറഞ്ഞ്, കൂട്ടത്തോടെ കുട്ടികള്‍ ഹിന്ദിയെടുത്തു പോകുന്നു. തങ്ങളെന്തോ വരേണ്യമായ പഠനപ്രക്രിയയ്ക്ക് വിധേയമാവുകയാണ് ഹിന്ദിയിലൂടെ എന്നൊരു ബോധമുണ്ട് കുട്ടികള്‍ക്ക്. കണ്ണൂരില്‍ ഇത്തവണ വ്യാപകമായി മലയാളത്തിനു കുട്ടികള്‍ കുറഞ്ഞെന്ന നിവേദനം ഹയര്‍ സെക്കണ്ടറി ഡയറക്ടറേക്ടിനു ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു സ്കൂളില്‍ മലയാളം സീനിയര്‍ അദ്ധ്യാപക തസ്തിക ഇല്ലാതായി കുട്ടികള്‍ കുറവായ കാരണം. കൂടെ മറ്റദ്ധ്യാപകരുടെ മനോഭാവം (പ്രത്യേകിച്ചും ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ) മലയാളഭാഷാപഠനം തന്നെ അനാവശ്യമാണെന്ന മട്ടിലാണ്. മിക്ക സ്കൂളുകളിലും സയന്‍സ് പ്രാക്ടിക്കലിനു അധിക സമയം രണ്ടാം ഭാഷാപഠനസമയത്താണ് കണ്ടെത്തുന്നത് എന്നു ക്ലസ്റ്ററുകളില്‍ പരാതിയുന്നയിക്കപ്പെട്ടിരുന്നു. മലയാള ഭാഷയില്‍ പഠിക്കാനെന്തിരിക്കുന്നു എന്ന തോന്നലാണിതിനു പിന്നില്‍ അദ്ധ്യാപകരെന്ന പഴയകുട്ടികള്‍ പഠിച്ചു വന്നതും ഹിന്ദിയാണ്. അവര്‍ക്കെങ്ങനെ മലയാളത്തെ അനുകൂലിക്കാനാവും? കണ്ടിട്ടില്ലേ, ശുദ്ധമായ മലയാളത്തിലല്ല, തെറ്റായ ഇംഗ്ലീഷിലാണ് കുട്ടികള്‍ക്കുള്ള നോട്ടീസു പോലും സ്കൂളുകളില്‍. അറിയാന്‍ വയ്യാത്ത വിഷയങ്ങള്‍ അറിയാന്‍ വയ്യാത്ത ഭാഷയില്‍ പഠിപ്പിച്ച് അറിയാന്‍ വയ്യാത്ത ഭാഷയില്‍ കുട്ടികളെക്കൊണ്ട് ഉത്തരം എഴുതിക്കുന്നരീതിയിലാണ് ഏതു വിപ്ലവം വന്നിട്ടും നമ്മുടെ സ്കൂളുകളിലെ (കോളേജുകളിലെയും) അദ്ധ്യാപനം. പഠനത്തില്‍ മോശമായ കുട്ടികള്‍, ദരിദ്രമായ സാഹചര്യങ്ങളിലുള്ളവര്‍, പഠനവൈകല്യമുള്ളവര്‍ എന്നിവര്‍ക്കുള്ളതാണ് മലയാളം എന്നൊരു ധാരണയാണ് പൊതുവേ. ഒരു രണ്ടാംകിടഭാഷയാണല്ലോ. ഇതോടൊപ്പം ചേര്‍ത്തു വയ്ക്കാന്‍ മറ്റു ചിലതുകൂടിയുണ്ട്. കേരള-ദക്ഷിണപ്രചാരസഭകളുടെ ഹിന്ദിപ്രചാരപ്രവര്‍ത്തനങ്ങള്‍. പിന്നെ, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഓരോ ദിവസവും ഓരോ ഹിന്ദി വാക്കു വച്ച് മുറതെറ്റാതെ ജീവനക്കാരെയും നാട്ടുകാരെയും ബോഡെഴുതി പഠിപ്പിക്കുന്നുണ്ട്. (അങ്ങനെ പഠിച്ചിട്ടു വേണം ഗോസായിയോട് ഗോസായി ഭാഷയില്‍ സംസാരിക്കാന്‍ !) ഹിന്ദിരചനാ മത്സരങ്ങള്‍ കാലാകാലം സംഘടിപ്പിക്കുന്നുണ്ട്. മലയാളി പേരുകളെ ഹിന്ദി പണ്ടേ പരിഷ്കരിച്ച് സ്വന്തമാക്കിയിരുന്നു. (കുമാരനെ കുമാര്‍ എന്ന്...... ബാക്കി ഊഹിക്കാമെങ്കില്‍ അതു മാത്രം മതി. പേരില്‍ എന്തെല്ലാമിരിക്കുന്നു! ) രക്ഷാബന്ധനും ഹോളിയും പോലുള്ള ഉത്സവങ്ങളെ ക്യാമ്പസ്സുകള്‍ കാര്യമായി എടുത്തുതുടങ്ങുന്നത് അടുത്ത കാലത്താണ്. അങ്ങനെ ചില സാംസ്കാരിക കുത്തൊഴുക്കുകള്‍! പതുക്കെ പതുക്കെ.

ഭാഷാപഠനത്തെ സംബന്ധിച്ച കൌണ്‍സിലിംഗിന് നമ്മുടെ കുട്ടികള്‍ക്ക് സാഹചര്യമില്ല. എന്താണു പഠിക്കേണ്ടത് എന്തിന് എന്ന മാര്‍ഗനിര്‍ദ്ദേശം ഭാഷയ്ക്കും വേണ്ടതാണ്. ഭാഷ തന്നെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് പരിഷ്കാരങ്ങളായി അരങ്ങേറുന്നത്. ഒരു അപേക്ഷപോലും എഴുതേണ്ടി വരാത്ത ഒരു ഭാഷ ബിരുദം വരെ തുടരുന്ന വിദ്യാഭ്യാസസമ്പ്രദായത്തിലൊന്നും പൊളിച്ചെഴുത്തില്ല. കേരള പാഠ്യപദ്ധതി ചട്ടക്കൂട് മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങളിലൊന്ന് ഹയര്‍സെക്കണ്ടറി തലം മുതല്‍ ഒരു ഭാഷ മതിയെന്നതാണ്. എങ്കില്‍ മലയാളം പിച്ചച്ചട്ടിയെടുത്തേനേ! ഇംഗ്ലീഷൊഴിഞ്ഞ് മറ്റൊന്നു തൊടുമോ, നമ്മുടെ പ്രബുദ്ധത? ഹിസ്റ്റീരിയ പിടിച്ചപോലെ വിദ്യാര്‍ത്ഥികള്‍ പിന്നാലെ ഓടുന്ന ഹിന്ദി, കുറച്ചദ്ധ്യാപകര്‍ക്കു തൊഴില്‍ നല്‍കുന്നുണ്ടാവാം. എന്നാല്‍ ഒരു ഭാഷാപഠനത്തിന്റെ ന്യായീകരണമായി അതു മതിയോ? പഠനം ഇങ്ങനെ പുരോഗമിക്കുമ്പോള്‍ ഒരു കാര്യം സംഭവിക്കുന്നുണ്ട് എന്നു കാണാം, യജമാനഭാഷ പഠിക്കുന്നവര്‍ക്കു ഉണ്ടാവുന്ന വിധേയത്വം. ലാലുവിന്റെ റയില്‍‌വേ പരസ്യങ്ങള്‍ കണ്ടിട്ടില്ലേ? മലയാള പത്രങ്ങളിലും അത് ഹിന്ദിയിലാണ്. എന്താണു വ്യംഗ്യം? ദക്ഷിണേന്ത്യയിലേയ്ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അയക്കുന്ന ഇണ്ടാസുകള്‍ എല്ലാം തന്നെ ഹിന്ദിയിലാണ്. തര്‍ജ്ജുമക്കാരെ വച്ചാണ് അവ മൊഴിമാറ്റം ചെയ്തെടുക്കുന്നത്. അക്കാര്യത്തില്‍ ഗോസായിമാര്‍ ജാഗരൂകരാണ്. ആ വഴിയ്ക്ക് ചില പരിശോധനകളുമുണ്ട്. തമിഴ്‌നാട് അവരുടെ ഹിറ്റ് ലിസ്റ്റില്‍പ്പെട്ട സ്ഥലമാണ്. ഹിന്ദി പഠിക്കാതെ രക്ഷയില്ലെന്നു വരുത്തിതീര്‍ക്കുകയാണുദ്ദേശ്യം. വഴങ്ങിയാല്‍ രക്ഷപ്പെടാം. ദില്ലിയിലെ തെരുവില്‍ നിന്ന് ‘ഹിന്ദി മേം ബോലോ’ എന്നാക്രോശിക്കുന്ന ഗുണ്ടയുടെ ടൈകെട്ടിയ എടുപ്പുകുതിരകളെ വെറുതേ ഓര്‍ക്കുക.

വിശദമാക്കട്ടെ, സ്വന്തം ഭാഷയുടെ നിലങ്ങള്‍ ആവേശത്തോടെ മണ്ണിട്ടു നികത്തുന്നത് നോക്കി നിന്നുകൊണ്ട് ആയതിന്റെ യുക്തി ആലോചിക്കുകമാത്രമാണ് ഞാന്‍ ചെയ്യുന്നത്.

ഗ്രാഫ് :
http://www.languageinindia.com