April 2, 2022

നെരൂദയുടെ മകൾ

 

    നെഫ്താലി റിക്കാർഡോ റെയിസ് ബാസെൽറ്റോ എന്നായിരുന്നു പാബ്ലോ നെരൂദയുടെ പേര്. അദ്ദേഹത്തിന്റെ പെൺകൂട്ടുകളെപ്പറ്റി ഇപ്പോൾ അവിടവിടെയായി ചില അപശബ്ദങ്ങൾ ഉയരുന്നുണ്ട്. സ്ത്രീകൾ നെരൂദയുടെ കവിതയ്ക്കു പ്രചോദനമായിരുന്നു, വളമായിരുന്നു. ഏതൊക്കെ കവിത ആർക്കൊക്കെ വേണ്ടി, ആരുടെയെല്ലാം പ്രചോദനത്താൽ എന്ന അന്വേഷണം തന്നെയുണ്ട്. അൽബെർട്ടിന റോസ അസോകാറിന്റെ കലാലയപ്രണയത്തിൽനിന്നാണ് അറിയപ്പെടുന്ന തുടക്കം. ഡച്ചുകാരിയായ മരിയ അന്റോണിയേറ്റാ ഹാഗ്നാറാണ് ആദ്യഭാര്യ. രണ്ടാമത്തെയാൾ - അർജന്റീനകാരി ഡെലിയ ഡെ കാരിൽ, നെരൂദയുടെ രാഷ്ട്രീയവീക്ഷണത്തെ സ്വാധീനിച്ചു. മൂന്നാമത്തെ ഭാര്യ ചിലിയിൽനിന്നുള്ള മെറ്റിൽഡ ഉറൂഷ്യ, ശരിയായ ഇണ. അദ്ദേഹത്തിന്റെ കവിതകളുടെ യഥാർത്ഥ ദേവത.
ഉറൂഷ്യ മെറ്റിൽഡ എഴുതിയ പുസ്തകം - നെരൂദയോടൊപ്പം - ഇഷ്ടപ്പെട്ടതെല്ലാം വാങ്ങിച്ചുകൂട്ടുന്ന, (ഒരിക്കൽ ഒരു കടയിലുള്ള കൗതുകവസ്തുക്കൾ മുഴുവനായി നെരൂദ വാങ്ങി) ലോകം ചുറ്റുന്ന, ഭാര്യയെ കുട്ടിത്താറാവേ എന്നു വിളിച്ചു പിറകേ നടക്കുന്ന അതീവ കാൽപ്പനികനായ ഒരു മനുഷ്യനെയാണ് മുന്നിൽ നിർത്തുന്നത്. താൻ പാതിയെന്ന മട്ടിൽ അത്ര തന്നെ അലിഞ്ഞും, വികാരമൊലിപ്പിച്ചും എഴുതിയതാണ് ഉറൂഷ്യയുടെ ആഖ്യാനം. പ്രത്യേകിച്ചും അതിന്റെ ആദ്യഭാഗങ്ങൾ അത്രയൊന്നും റൊമാന്റിക്കല്ലാത്ത വായനക്കാരെ ചെടിപ്പിക്കും. പിൽക്കാല കവിതകളെല്ലാം നെരൂദ, മൂന്നാം ഭാര്യയ്ക്ക് വായിക്കാനായി പ്രയാസപ്പെട്ടിരുന്നു എഴുതിയതാണോ എന്നു സംശയിക്കാനും പുസ്തകം സഹായിക്കും.
തികച്ചും വ്യത്യസ്തനായ നെരൂദയാണ്, പാബ്ലോ ലാറയിന്റെ 2016 ലെ ചലച്ചിത്രത്തിലുള്ളത്. ഗബ്രിയേൽ ഗോൻസാലെസ് വിദേലയുടെ രഹസ്യ പോലീസിനാൽ പിന്തുടരപ്പെട്ട് ഒളിച്ചു നടക്കുന്ന രാഷ്ട്രീയക്കാരനാണ് ചലച്ചിത്രത്തിൽ നെരൂദ. രഹസ്യപോലീസിന്റെ രാഷ്ട്രീയം ഓർമ്മയാവുകയും കവിതയുടെ സാംസ്കാരികത ജീവിക്കുകയും ചെയ്യുന്ന അവസാനമാണ് ചിത്രത്തിനുള്ളത്. അവിടെ ഡെലിയ ഡെൽ കാരിലാണ് നെരൂദയുടെ കാവൽ മാലാഖ, പിന്തുണ, സഹായി.
23 മത്തെ വയസ്സിലാണ് നെരൂദ ചിലിയുടെ സ്ഥാനപതിയായി റങ്കൂണിലെത്തുന്നത്, അവിടെനിന്ന് ഇന്ത്യയിൽ പിന്നെ ശ്രീലങ്കയിൽ നേരെ ജക്കാർത്തയിൽ. ബ്രിട്ടീഷുകാരായ യുവാക്കൾ ഈസ്റ്റിന്ത്യാ കമ്പനിയുടെ തുടക്കക്കാലത്ത് ഇന്ത്യയിലെത്തി ആർഭാടമായ ജീവിതം നയിച്ചതിനെപ്പറ്റി വില്യം ഡാൽറിമ്പിളിന്റെ പുതിയ പുസ്തകം അനാർക്കി വ്യക്തമായ ചിത്രം നൽകുന്നുണ്ട്. കൽക്കട്ടയിലെ അതിസമ്പന്നവും കാമോദ്ദീപകവുമായ ജീവിതത്തെപ്പറ്റി പ്രത്യേകിച്ചും. യുവത്വത്തിനു വേറെന്തുവേണം? ബർമ്മയിലെയും സിലോണിലെയും നെരൂദയുടെ ജീവിതത്തെക്കുറിച്ചെഴുതുന്ന ജാമി ജെയിംസ് ബ്രിട്ടീഷുകാരിൽനിന്ന് വ്യത്യസ്തമായ മനോഭാവമുള്ള നെരൂദയെയാണ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന് കൊളോണിയൽ മനോഭാവങ്ങളെ ഒട്ടും സഹിക്കാൻ പറ്റിയിരുന്നില്ലത്രേ.. യാത്രയ്ക്കിടയിൽ നാട്ടുകാരിൽ ആരുടെയോ പാട്ടു കേട്ട് ലയിച്ചുനിന്നുപോയതിനെപ്പറ്റി പറഞ്ഞപ്പോൾ ശ്രീലങ്കയിലെ യൂറോപ്യന്മാരായ കൂട്ടുകാർ ചോദിച്ചത്രേ അതിനു തദ്ദേശവാസികൾക്കെന്തു പാട്ട്? അയൽപക്കങ്ങളിലും ക്ലബ്ബുകളിലും തങ്ങളെ ഉറപ്പിച്ച, എല്ലാ വൈകുന്നേരങ്ങളിലും ഡിന്നർ ജാക്കറ്റ് ധരിച്ചു പാർട്ടികളിൽ സ്വയം ഉറപ്പിച്ച ഇംഗ്ലീഷുകാർക്കും, ഒരിക്കലും സാധ്യമാകാത്ത അപാരത ആഗ്രഹിച്ചു നടക്കുന്ന ഹിന്ദുക്കൾക്കും ഇടയിൽ കുടുങ്ങി താൻ അനുഭവിച്ച ജീവിതത്തിലെ ഏറ്റവും കടുത്ത ഏകാന്തതയെപ്പറ്റി ഓർമ്മക്കുറിപ്പുകളിൽ നെരൂദ എഴുതുന്നത് ഈ കാലത്തെപ്പറ്റിയാണ്.
ബർമ്മയിൽവച്ച് അദ്ദേഹത്തിന്റെ സെക്രട്ടറിയുമായി മാരകമായ പ്രണയമുണ്ടായിരുന്നു. കടുത്ത മമതാബോധമുള്ള ജോസി ബ്ലിസ്സ്, പിന്നീട് ഒരു ഉപദ്രവമായി മാറി. പ്രണയതീവ്രവാദിയെന്നും ബർമ്മീസ് പുള്ളിപ്പുലിയെന്നുമാണ് നെരൂദ അവരെ വിളിക്കുന്നത്. നെരൂദയെ പോകുന്നിടത്തെല്ലാം അക്രാത്മകമായൊരു ആവേശവും കൊടുവാളുമായി പിന്തുടർന്ന് അവരവസാനം സിലോണിലും എത്തിച്ചേർന്നിരുന്നു. അവിടെയും നെരൂദയുടെ അടുത്തുവന്ന മറ്റൊരു സ്ത്രീയെ കത്തിയുമായി അവർ നേരിട്ടു. ‘അഴിഞ്ഞുലഞ്ഞ വസ്ത്രവും മൂർച്ചയുള്ള കത്തിയുമായി തന്റെ കട്ടിലിനു ചുറ്റും നടക്കുന്ന ഭൂതം’ എന്നും അവരെ അദ്ദേഹം വിളിക്കുന്നുണ്ട്. വേർപിരിയുന്ന സമയത്ത് ചുംബനങ്ങൾകൊണ്ടു മൂടുകയും കണ്ണീരിനാൽ തന്റെ ശരീരം കുതിർക്കുകയും ചെയ്യുന്ന ജോസിയെപ്പറ്റി അല്പം ആർദ്രനാവുന്നുണ്ടെങ്കിലും അവരെ നെരൂദ വല്ലാതെ ഭയന്നിരുന്നു. അവരെപ്പറ്റിയുമുണ്ട് ഒരു കവിത, ‘ദ വിഡോവേഴ്സ് ടാങ്കോ’.
ധാരാളം സ്ത്രീകൾ യുവാവായ ഉയർന്ന ഉദ്യോഗസ്ഥനെ കണ്ണുമടച്ച് സേവിക്കാൻ തയ്യാറായി സിലോണിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നെങ്കിലും അവിടെ നെരൂദയുടെ മനസ്സ് ഉടക്കിയത് മാലിന്യമെടുക്കാൻ വരുന്ന താഴ്ന്നജാതിക്കാരിയായ ഒരു സ്ത്രീയിലായിരുന്നു. പ്രാചീന വെങ്കലശില്പംപോലെ ഉടലുള്ള അവർ നെരൂദ നൽകിയ സമ്മാനങ്ങൾ നിരസിച്ചെന്നും അവരെ കിടക്കയിലേക്ക് കൊണ്ടുവരാൻ നോക്കിയിട്ട് നടന്നില്ലെന്നും ഒടുവിൽ നിർബന്ധിക്കപ്പെട്ടപ്പോൾ അവരുടെ കണ്ണുകൾ തുറന്നുതന്നെയിരുന്നെന്നും നെരൂദതന്നെ ഒരു തുറന്നു പറച്ചിൽ ഓർമ്മക്കുറിപ്പിൽ നടത്തിയിട്ടുണ്ട്. ആ സംഭവം പിന്നെ ആവർത്തിച്ചില്ല. അവർ തന്നെ നിരസിച്ചത് ശരിയായിരുന്നുവെന്നും അദ്ദേഹം എഴുതി. കുറ്റബോധത്തോടെയുള്ള ഈ തുറന്നു പറച്ചിൽ നെരൂദയുടെ മരണാനന്തരഖ്യാതിയെ ബാധിച്ചിട്ടുണ്ട്. സാന്തിയാഗോ വിമാനത്താവളത്തിന്റെ പേർ നെരൂദയുടെതാക്കി മാറ്റാനുള്ള തീരുമാനം സർക്കാരിനു തിരുത്തേണ്ടതായി വന്നതിനു പിന്നിൽ ഈ സംഭവത്തോടുള്ള ആളുകളുടെ എതിർപ്പാണ്. പട്ടാളമേധാവി ആർതുറോ മെരിനോ ബെനിറ്റെസിന്റെ പേരിൽ ആ താവളം അറിയപ്പെടുന്നു.
നെരൂദയുടെ ഏകാന്തമായ സിലോൺ ജീവിതമാണ് അശോക ഹാൻഡഗാമ സംവിധാനം ചെയ്ത ‘ദ ഡാണിങ് ഓഫ് ദ ഡേ’ (അൽബൊരാഡ, 2021) എന്ന ശ്രീലങ്കൻ ചിത്രത്തിന്റെ പ്രമേയം. പാബ്ലോ ലാറയിന്റെ ചിത്രത്തിൽനിന്നു വ്യത്യസ്തനായ നെരൂദ അഥവാ റിക്കാർഡോ റെയിസാണ് ചിത്രത്തിലുള്ളത്. കവിതയും രാഷ്ട്രീയവുമൊന്നുമല്ല അവിടെ കേന്ദ്രവിഷയം. ചുവന്ന ചേല ചുറ്റിയ നിശ്ശബ്ദയും ബഹിഷ്ക്കൃതയുമായ ഒരു സ്ത്രീയോട് കാല്പനികനായ ഉദ്യോഗസ്ഥപ്രഭുവിനു തോന്നിയ അഭിനിവേശമാണ്. സിനിമയിൽ കവിയുടെ ബർമ്മീസ് പ്രണയിനി ജോസി ബ്ലിസും ഒരു കഥാപാത്രമാണ്. അവർ അരിയും പായും കൊടുവാളുമായി വെല്ലവാട്ടയിലെ വീടിന്റെ തുറക്കാത്ത വാതിലുമുന്നിൽ ഉടുതുണീ തെറുത്തുകേറ്റി ഇരിക്കുകയും കിടക്കുകയും ചെയ്യുന്നു. ‘അവൾ പിശാചാണ്’ എന്നാണ് ഭയന്നിരിക്കുന്ന നെരൂദ, ബ്രൂമ്പിയെ അറിയിക്കുന്നത്. സിലോണിൽ കിരിയ എന്നു പേരുള്ള ഒരു കീരിയും കുതാകാ എന്ന പട്ടിയും നെരൂദയുടെ സന്തതസഹചാരികളായുണ്ടായിരുന്നു. അവർ സിനിമയിലില്ല. വീട്ടുസഹായിയായി ഇംഗ്ലീഷ് സംസാരിക്കുന്ന മധ്യവയസ്സുകഴിഞ്ഞ മനുഷ്യനെയാണ് ചിത്രത്തിൽ കാണിക്കുന്നത്. അയാൾ തമിഴനാണ്. വെള്ളക്കാരോട് വിധേയത്വമുള്ള, എന്നാൽ അവരുടെ ജീവിതരീതികളോട് അബോധാത്മകമായി പ്രതിഷേധമോ ഔത്സുക്യമോ ഉള്ള, താൻ ഉയർന്ന ജാതിക്കാരനാണെന്ന് അഭിമാനിക്കുന്ന ആളാണ്. അതുപോലെ നെരൂദ മോഹാവേശിതനാവുന്ന സ്ത്രീ, തമിഴ് കുടിയേറ്റക്കാരിയായ ചക്കിലിയ ജാതിക്കാരിയാണ്. ചക്കിലിയരുടെ ജീവിതത്തെപ്പറ്റി (അവരുടെ വേതനദിനാഘോഷത്തെയും മരണാഘോഷത്തെയും പറ്റി) ചലച്ചിത്രത്തിൽ ചില ദൃശ്യപരാമർശങ്ങളും ഉണ്ട്. ചലച്ചിത്രത്തിൽ ഉള്ള ഏക ശ്രീലങ്കൻ കഥാപാത്രം, നെരൂദയുടെ അയല്പക്കക്കാരി നിശ്ശബ്ദയായ നിരീക്ഷകയാണ്. കടലിനാൽ ചുറ്റപ്പെട്ട ശ്രീലങ്കൻഭൂമിയുടെ നിസ്സംഗമോ നിഷ്പക്ഷമോ ആയ പ്രതീകമാണ് ആ സ്ത്രീ. അവർ നെരൂദയ്ക്കായി കൊടുക്കുന്ന പായസം വീട്ടു വേലക്കാരൻ തമിഴനാണ് കുടിക്കുന്നത്. അവരതു കാണുന്നും ഉണ്ട്.
ഇവിടെ വ്യത്യസ്തദേശങ്ങളിൽനിന്നുള്ള, കറുത്തതും വെളുത്തതുമായ തൊലിയുള്ള മനുഷ്യരുടെ വ്യവഹാരങ്ങളാണ് സിനിമ ചർച്ച ചെയ്യാൻ മുന്നിൽ വയ്ക്കുന്നത്. തമിഴ് നാട്ടിൽ നിന്നുള്ളവർ ലാറ്റിനമേരിക്കയിൽ നിന്നുള്ളവർ യൂറോപ്പിൽ നിന്നുള്ളവർ. സിനിമയിലെ വൃത്തിയാക്കൽ/ മാലിന്യം ചുമക്കലിന് അങ്ങനനെയൊരത്ഥം കൊടുക്കാവുന്നതാണ്. വന്നുകയറുന്നവരുടെ പലതരത്തിലുള്ള മാലിന്യം ചുമക്കാൻ വിധിക്കപ്പെട്ട സുന്ദരമായ ഭൂമിയെന്ന്. അങ്ങനെ കൊളോണിയൽ മാലിന്യത്തെയും ജാതിമാലിന്യത്തെയും പുരുഷാധികാര മാലിന്യത്തെയുംപ്പറ്റിയുള്ള നിരീക്ഷണമായും ‘ദിവസത്തിന്റെ പ്രഭാത’ത്തെ കണക്കിലെടുക്കാം.
നെരൂദ ഓർമ്മക്കുറിപ്പുകളിൽ എഴുതുമ്പോലെയല്ല, അതിരാവിലെ മാലിന്യമെടുക്കാൻ വരുന്ന ചുവന്ന ചേല ചുറ്റിയ സ്ത്രീയെ ചുറ്റിപ്പിടിച്ച് ആക്രമിക്കുകയാണ് സിനിമയിൽ. കട്ടിലിൽ നഗ്നയായി കിടന്ന് വിതുമ്പി കരയുകയും കടലിൽ ഇറങ്ങി മുങ്ങുകയുമാണ് അവൾ പിന്നീട് ചെയ്യുന്നത്. അതു കണ്ടു നിൽക്കുന്ന ബ്രുമ്പി കാഴ്ച സഹിക്കാനാവാതെ വീടു വിട്ടു പോകുന്നു. അയാൾ വീടു വിട്ടു പോകുന്നത് സ്ത്രീപീഡനത്തോടുള്ള എതിർപ്പുകൊണ്ടാണെന്നോ ചക്കിലിയ ജാതിക്കാരിയെ ശുദ്ധാശുദ്ധവിവേകമില്ലാതെ വീട്ടിനകത്തു കേറി പ്രാപിച്ചതിന്റെ പ്രതിഷേധംകൊണ്ടാണെന്നോ വ്യാഖ്യാനിക്കാം. യജമാനവിധേയത്വത്തേക്കാൾ പ്രധാനമാണ് ജാതിബോധം. ഇതിനെ സ്ഥാപിക്കാനുതകുന്ന ഒരു ദൃശ്യം സിനിമയിൽ ഉണ്ടുതാനും. നെരൂദയുടെ കുറ്റബോധത്തെ, അവൾ ചുമക്കേണ്ട മാലിന്യം സ്വയം തലയിൽ ചുമന്നു നടക്കുന്ന നെരൂദയെ ചിത്രീകരിച്ച് സംവിധായകൻ ഒരൊത്തുതീർപ്പിൽ എത്തിച്ചിട്ടുമുണ്ട്. പുരുഷന്റെ ആക്രമണത്തിനിരയായ ദളിത് സ്ത്രീയെ കടലിൽനിന്ന് ഉയർത്തികൊണ്ടുവന്നാണ് സിനിമ അവസാനിപ്പിക്കുന്നത്. ഇന്ന് എന്ന് സ്ക്രീനിൽ എഴുതികാണിക്കുന്നതുകൊണ്ട് കാലങ്ങൾക്കു ശേഷമാണ് ഈ ഉയിർത്തെഴുന്നേൽപ്പ്. 1929-30 ൽ സിലോണിൽ ഉണ്ടായിരുന്ന നെരൂദയുടെ ചെയ്തിയ്ക്ക് ഏതാണ്ട് നൂറു വർഷങ്ങൾക്ക്ശേഷം മറവിയുടെ സമുദ്രത്തിൽനിന്ന് ഒരു ഉയിത്തെഴുന്നേൽപ്പുണ്ടാകുന്നു. ഇതാണ് ചിത്രത്തിന്റെ സന്ദേശമായി സംവിധായകൻ എടുത്തുകാണിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതൊട്ടും കലാപരമല്ലെന്ന് പറയേണ്ടതില്ലല്ലോ.
സിനിമയിൽ കാണുന്ന ജാതിബോധമുള്ള തമിഴൻ സഹായി, നെരൂദയുടെ ഓർമ്മക്കുറിപ്പിൽ ഒരു ശ്രീലങ്കനാണ്. പേര് രത്നായകെ. അത് നാവിനു വഴങ്ങാത്തതുകൊണ്ടാണ് ബ്രുമ്പിയെന്നാക്കിയത് കവി. സിനിമയിൽ കാണുന്നതുപോലെയല്ല, ബ്രൂമ്പി, ‘അധികം സംസാരിക്കാത്ത, വലിയ കുതിരപ്പല്ലുകളുമായി എപ്പോഴും ചിരിക്കുകമാത്രം’ ചെയ്യുന്ന ഒരു പയ്യനുമായിരുന്നു. അതെന്തായാലും നെരൂദയാൽ ആക്രമിക്കപ്പെട്ട സ്ത്രീയ്ക്ക് ഒരു പിൽക്കാല കഥയുണ്ട്, തിസ്സ ദേവേന്ദ്രദ്ര എഴുതിയ ‘ഓൺ ഹോഴ്സ്ഷൂ സ്ട്രീറ്റ്’ എന്ന പുസ്തകത്തിലെ ഒരദ്ധ്യായത്തെ ആസ്പദമാക്കി ഡോ. കുമാർ ഗുണവർദ്ധനെ ആ കഥ പൂരിപ്പിച്ചിട്ടുണ്ട്. അതനുസരിച്ച് ആ സ്ത്രീയുടെ പേര് തങ്കമ്മ എന്നായിരുന്നുവത്രേ (ഈ പേര് അവരുടെ തമിഴ് സ്വത്വത്തെ വെളിപ്പെടുത്തുന്നുണ്ട്). തങ്കമ്മ ഗർഭിണിയാണെന്ന് നെരൂദ അറിയുകയും അവളെ വിവാഹം കഴിക്കാൻ ബ്രൂമ്പിയെ പ്രേരിപ്പിക്കുകയും ചെയ്തുവത്രേ ജനിക്കുന്നത് പെൺകുട്ടിയാണെങ്കിൽ അവൾക്ക് എമിൽഡ എന്നു പേരിടണമെന്നും നിർദ്ദേശിച്ചിരുന്നു. നെരൂദയുടെ സഹായത്തോടെ ബ്രൂമ്പി ധനിക കർഷകനായെന്നും രത്നായകെ - തങ്കമ്മ ദമ്പതികൾക്ക് ജനിച്ച കുട്ടി സങ്കരജാതിക്കാരിയും അതിസുന്ദരിയുമായിരുന്നെന്നും അവരെ ഒരിക്കൽ പുഹുൽവേവ ഗ്രാമത്തിൽ വച്ച് കണ്ടതും പൂർവ ചരിത്രം അറിഞ്ഞ് ഞെട്ടിയതുമായ കഥയാണ് തിസ്സ ദേവേന്ദ്ര തന്റെ പുസ്തകത്തിലെ ‘ബ്രൂമ്പിയുടെ മകൾ’ എന്ന അദ്ധ്യായത്തിൽ എഴുതുന്നത്. 1950 ഒരിക്കൽക്കൂടി നെരൂദ ശ്രീലങ്ക സന്ദർശിച്ചിരുന്നു.
ആദ്യഭാര്യയിൽ നെരൂദയ്ക്ക് ജനിച്ച ഏകമകൾ, എട്ടാം വയസ്സിൽ തലച്ചോറിലെ നീരുവീക്കം കാരണം മരിച്ചു പോയ മാൾവാ മരീനയോടും കവിക്ക് അടുപ്പമുണ്ടായിരുന്നില്ലെന്ന് കഥകലും പുസ്തകവും ഉണ്ട്. ‘മൂന്നു കിലോഗ്രാം തൂക്കമുള്ള വവ്വാല്’ എന്നായിരുന്നു അർജന്റീനയിലെ ഒരു സുഹൃത്തിനോട് കവി മകളെപ്പറ്റി പറഞ്ഞതത്രേ. ബന്ധങ്ങൾ കവിയ്ക്ക് പ്രചോദനമെന്നതുപോലെ ബാധ്യതയുമാണ്.
ശ്രീലങ്കയിൽനിന്ന് ബതാവിയയിലേക്ക് (ജക്കാർത്ത) പോകുമ്പോൾ കിരിയയെയും (കീരി) ബ്രൂമ്പിയെയും നെരൂദ കൂടെകൊണ്ടുപോവുകയാണ് ചെയ്തതെന്ന് ലാക്സിരി ഫെർണാണ്ടോ ‘ദ കൊളംബോടെലിഗ്രാഫി’ൽ എഴുതിയ ലേഖനത്തിൽ കാണാം. അതിനദ്ദേഹം അടിസ്ഥാനമാക്കിയത് ‘ഡിപ്ലോമാറ്റ് ആസ് എ ക്രിയേറ്റീവ് റൈറ്റെർ : പാബ്ലോ നെരൂദ’ എന്ന ജയന്ത ധനപാലയുടെ പുസ്തകത്തെയാണ്.
 
(എഫ് ബി)