May 6, 2026

അഭിമുഖം അരങ്ങാകുമ്പോൾ

 

           ‘മിണ്ടാട്ടം – കേരളത്തിന് ഒരു സംഭാഷണചരിത്രം സങ്കല്പിക്കുമ്പോൾ’ എന്ന ലേഖനത്തിൽ ഇ പി രാജഗോപാലൻ ‘സംസാരം (Speech) പുരാരേഖാശാസ്ത്രപരമായി ദൃശ്യ മായ അടയാളങ്ങളൊന്നും ബാക്കിയാക്കുന്നില്ലെന്ന’ നിരീക്ഷണം പങ്കുവയ്ക്കുന്നുണ്ട്. 2021-ൽ പ്രസിദ്ധീകരിച്ച ‘മിണ്ടാട്ടങ്ങളി’ലാണ് ഈ ലേഖനമുള്ളത്.  ഉച്ചരിക്കപ്പെടുന്ന നിമിഷത്തെ പൊലിപ്പിക്കുന്നുവെങ്കിലും കാലത്തിനു സൂക്ഷിച്ചുവയ്ക്കാൻ ഒന്നുമില്ലാതെ മാഞ്ഞുപോകുന്ന ‘വർത്തമാന’സന്ദർഭങ്ങളുടെ പ്രാധാന്യത്തിലേക്ക് സൂക്ഷിച്ചുനോക്കിക്കൊണ്ടാണ് അത്തര മൊരു അഭിപ്രായം അദ്ദേഹം പാകപ്പെടുത്തുന്നത്. വർത്തമാനത്തിന് സംഭാഷണമെന്നും അർത്ഥമുണ്ടായത് നിരന്തരമായ വർത്തമാനകാലത്തിൽ (present) മാത്രം സംഭവിക്കുന്ന തുകൊണ്ടായിരിക്കണം. ഒപ്പം അതിൽ ഒരു അവതരണസാധ്യതയും (to present) സന്നി ഹിതമാണ്.

          വ്യവഹാരരൂപമെന്ന നിലയിൽ പല അഭിമുഖങ്ങൾക്കും ചരിത്രത്തിൽ ഇടം കിട്ടിയിട്ടുള്ള സന്ദർഭങ്ങളുണ്ട്. കേരളത്തിന്റെ നവോത്ഥാനചരിത്രത്തിലെ പ്രധാനപ്പെട്ട രണ്ട് അഭിമുഖസന്ദർഭങ്ങളിൽ നാരായണഗുരുവുണ്ട്. അദ്ദേഹവും ഗാന്ധിജിയുമായി നടത്തിയ സംവാദത്തിനു (1925) സാക്ഷിയായവരുടെ ലിഖിതരേഖകൾ ലഭ്യമാണ്. എന്നാൽ ശിവഗിരിമഠത്തിൽവച്ച് രവീന്ദ്രനാഥ ടാഗോറും ഗുരുവുംതമ്മിൽ നടത്തിയ സംഭാഷണ ത്തിന്റെ (1922) വിശദാംശങ്ങൾ ഒന്നും അവശേഷിപ്പിക്കാതെ മാഞ്ഞുപോവുകയാണ് ചെയ്തത്. സാങ്കേതികതയുടെ കടന്നുവരവോടെ ശബ്ദരേഖയായും ദൃശ്യാലേഖനമായും കാല ത്തിനു സൂക്ഷിച്ചുവയ്ക്കാൻ അവ ലഭ്യമായി തുടങ്ങി. ചെമ്പൈ വൈദ്യനാഥഭാഗവതരുമായി ഉറൂബും ഓ വി വിജയനുമായി നരേന്ദ്രപ്രസാദും നടത്തിയ അഭിമുഖത്തിന്റെ ഡിജിറ്റൽ പതിപ്പുകൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിച്ചത് സമീപകാല ഉദാഹരണം. കൈരളി ടി വി, സം‌പ്രേക്ഷണം ചെയ്ത രണ്ടു ഭാഗങ്ങളുള്ള പ്രസിദ്ധമായ ഒരു അഭിമുഖസംഭാഷണത്തെ മുൻനിർത്തി ഇ പി രാജഗോപാലൻ അടുത്തകാലത്ത് ദേശാഭിമാനി വാരികയിലെഴുതിയ ലേഖനം (4 ജനുവരി 2026) ‘ഒരു സംഭാഷണം : സന്ദർഭങ്ങളും സന്ദേശങ്ങളും’ (1922) സംസാരത്തെ ദൃശ്യപരമായി അടയാളപ്പെടുത്തിയ ‘ആർക്കൈവി’ന്റെ കാലാന്തരപരിശോ ധനയാണല്ലോ നിർവഹിക്കുന്നതെന്ന് തോന്നി. 2005 മേയിലാണ് ചാനലിൽ ആ പരിപാടി ആദ്യമായി പ്രദർശിപ്പിക്കുന്നത്. ‘ഒരു വടക്കൻ വീരഗാഥ’യെന്ന പേരിൽ രണ്ടു ഭാഗങ്ങളായി വന്ന അഭിമുഖം, 20 വർഷങ്ങൾക്കുശേഷം പുനരവലോകനത്തിനു വിധേയമാകുമ്പോൾ, ഇ പി ആർ വിഭാവന ചെയ്തതുപോലെ സവിശേഷമായ ഒരു സംഭാഷണമാതൃകയന്നെ നിലയി ൽ, കാലത്തിനു സൂക്ഷിക്കാനുള്ള ദൃശ്യ-ശ്രാവ്യരേഖയായി പരിണമിച്ചു കഴിഞ്ഞിരിക്കുന്നു. അന്നത്തെ രാഷ്ട്രീയസാഹചര്യം മാറി, ശ്രീനിവാസൻ നമ്മോടൊപ്പമില്ല. രാഷ്ട്രീയഅഭിമുഖത്തിന്റെ ചിട്ടപ്പടിമാതൃകകളിൽനിന്നു വ്യത്യസ്തമായി ആകസ്മികമായ തിരിവുകളിലൂടെയും ശാരീരികമായ നിലകളുടെ സ്വാഭാവികതകളിലൂടെയും ഇടപെടൽ രീതിയുടെ ഗതിവിഗതികളിലൂടെയും രണ്ടു ഭാഗങ്ങളുള്ള ആ അഭിമുഖസംഭാഷണം, പ്രകടനസിദ്ധാന്തത്തിന്റെ സങ്കല്പനരീതികളെ എങ്ങനെ ഉള്ളടക്കുന്നു എന്നാണ് സാങ്കേതികമായ പദാവലികളൊന്നും ഉപയോഗിച്ചു സങ്കീർണ്ണമാക്കാതെതന്നെ ലേഖകൻ കാണിച്ചുതരുന്നത്.

          ‘ഒരു വടക്കൻ വീരഗാഥ’യെന്ന ചലച്ചിത്രശീർഷകത്തെ സ്വീകരിച്ചതിൽത്തന്നെ ആരംഭിക്കുന്നതാണ് അഭിമുഖവ്യവഹാരത്തിന്റെ വ്യാഖ്യാനാത്മകത. പിണറായി വിജയ ന്റെയും പാട്യം ശ്രീനി എന്ന ശ്രീനിവാസന്റെയും ജന്മസ്ഥലങ്ങളുടെ ദിശയും,  വ്യത്യസ്ത മേഖലകളിലാണെങ്കിലും അവരുടെ പ്രവർത്തനങ്ങൾക്കുള്ള ജനപ്രിയതയും കൂട്ടിയിണക്കു ന്നതാണ് തലക്കെട്ട്. വടക്കൻപാട്ടുകഥയുടെ അനുകല്പനമായ ഒരു സിനിമയുടെ ശീർഷക പശ്ചാത്തലം ആധുനികകാലത്തെ രാഷ്ട്രീയപ്രവർത്തനത്തിന്റെ സാഹസികവും ധീരവുമായ കല്പനാലോകത്തിന്റെ നാടോടിയംശത്തെക്കൂടി സ്വാഭാവികമായി ആ ശീർഷകത്തിൽ വില യിപ്പിക്കുന്നു എന്നു കാണാം. സാമൂഹികപ്രകടനങ്ങളെ സംബന്ധിച്ച സമകാലിക ജ്ഞാന ധാരകളുടെ വെളിച്ചത്തിൽ വായിക്കുമ്പോൾ, ആശയവിനിമയമാതൃകയോ സർവ സാധാര ണമായ വ്യവഹാരരൂപമോ ആയ അഭിമുഖപരിപാടിക്കു കൈവരുന്നത്, വേറിട്ട രൂപഭാവങ്ങളാണെന്ന് ഇ പി ആറിന്റെ നിരീക്ഷണങ്ങൾ തെളിയിക്കുന്നു. അവതരണങ്ങളുടെ സാങ്കേതികമായ രസനീയതയാണ് അവിടെ സന്നിഹിതമാകുന്നത്. സാമ്പ്രദായികമായ അർത്ഥത്തിൽ മാനുഷികമായ പ്രവർത്തനത്തിനുള്ള നല്ല ഉപമയല്ല, നാടകം. പൗരസ്ത്യദശരൂപക വിഭാഗത്തിൽപ്പെടുന്ന പ്രഹസനവുമായുള്ള താരതമ്യങ്ങളിൽ ഉപഹാസത്തിന്റെ അംശം കൂടുതലുമാണ്. ആ അർത്ഥത്തിൽ കാര്യഗൗരവമുള്ള അഭിമുഖവും രാഷ്ട്രീയപ്രസംഗങ്ങളും പോലെയുള്ള വിനിമയമാതൃകകൾ പ്രകടനമാണെന്ന് വാദിക്കുന്നതിൽ പ്രതിലോമഘടക മാണുള്ളതെന്ന് ആളുകൾ സംശയിക്കും. ലോകമൊരു വേദിയും മനുഷ്യർ അഭിനേതാക്കളും എന്ന പാശ്ചാത്യകല്പനയിൽ കാര്യങ്ങൾ നേരെ തിരിച്ചാകുന്നു. അവിടെ ജീവിതത്തിൽനിന്നു മാറി നിൽക്കുന്നതല്ല, അതിനുള്ളിലും അതിനെ കവിഞ്ഞും നിൽക്കുന്ന പ്രതിഭാസമായിട്ടാണ് നാടകത്തിന് ഉപസ്ഥിതി. നാടകത്തെയും നരവംശശാസ്ത്രത്തെയും കൂട്ടിയിണക്കിക്കൊണ്ട് സാമൂഹികമായ ഇടപെടലുകളെക്കുറിച്ച് ആലോചിച്ച റിച്ചാർഡ് ഷെക്നർക്ക്, മനുഷ്യരുടെ ദൈനംദിനവ്യവഹാരങ്ങളെല്ലാംതന്നെ അവയുടെ വിശദാംശങ്ങളോടെ ഉൾപ്പെ ടുന്ന ഭീമാകാരമായ വലയത്തിലെ ചെറിയൊരു ബിന്ദുവേ ആകുന്നുള്ളൂ, നമ്മുടെ ആവിഷ്കാര രൂപങ്ങളിലൊന്നായ നാടകം. ലിംഗപദവിപോലും സ്വത്വത്തിന്റെ പ്രകടനങ്ങളായി വിക സിക്കുന്ന സങ്കല്പനത്തിൽ ‘നാടകം’ അതിന്റെ വിശേഷാർത്ഥത്തിൽ ‘പ്രകടനരൂപേണ’ മാനു ഷികമായ സകലവ്യവഹാരങ്ങളിലും സാമൂഹികവൃത്തികളിലും കുടിയിരിക്കുന്ന പ്രതിഭാസമാകുന്നു.

          അഭിമുഖത്തിന്റെ വ്യത്യസ്തതകളെ പ്രകടനപരമായി വിലയിരുത്തുന്നതിന് നാടകാ സ്വാദനത്തിന്റെ ഉപായരീതികളാണ് പരോക്ഷമായി ഇ പി ആർ ഉപയോഗിക്കുന്നത്. ആ രീതി കൗതുകകരമാണ്. രണ്ടുപേർതമ്മിലുള്ള സംഭാഷണത്തിന്റെ ഭൗതികവും ആശയ പരവുമായ പശ്ചാത്തലം, പങ്കാളികളുടെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും വീക്ഷണപരവും പ്രവർത്തന പരവുമായ സമാനതകൾ, അവയ്ക്കൊപ്പം അത്രതന്നെ ശ്രദ്ധേയമായ വ്യത്യസ്തതകൾ. ഇതെല്ലാം അദ്ദേഹത്തിന്റെ നോട്ടപ്പാടേൽക്കാതെ പോകുന്നില്ല. സംഭാഷണങ്ങളുടെ ഉള്ളടക്കത്തെയും പ്രതികരണങ്ങളെയും പിന്തുണയ്ക്കുന്ന ശരീരഭാഷയുടെ പ്രാധാ ന്യത്തിനു അവിടെ വിശേഷിച്ചൊരു ഊന്നലുണ്ട്. ‘ചിരിയടക്കമുളള മുഖഭാവങ്ങൾ, കയ്യാംഗ്യങ്ങൾ തുടങ്ങിയവയുടെ പ്രമേയങ്ങൾ കണക്കിലെടുത്തുകൊണ്ട് അഭിമുഖസംഭാഷണം സൂക്ഷ്മമായ വ്യവഹാരമായി മാറുന്നു’ എന്നാണ് നിരീക്ഷണം. സന്ദർഭത്തിന്റെ പ്രകൃതത്തെപ്പറ്റി കാണികൾക്കുണ്ടാവുന്ന പ്രതീതി, പങ്കാളികളുടെ ശരീരഭാഷണത്തെക്കൂടി (body language) ആശ്രയിച്ചാണിരിക്കുന്നത്. കോഴിക്കോട് സർവകലാശാലയിലെ ഓണറ-റി ബിരുദദാനച്ചടങ്ങിലും കെ എം മാത്യുവിൽനിന്നു സമ്മാനം വാങ്ങുന്ന വേളയിലും ബഷീറിന്റെ ശരീരഭാഷണങ്ങൾ ആ സന്ദർഭങ്ങളെ സർഗാത്മകമാക്കിത്തീർത്തതെങ്ങനെയെന്ന് വിശദമായി ഉപന്യസിക്കുന്ന (ബഷീറിന്റെ മറ്റൊരു ഭാഷ, പ്രത്യക്ഷം) ഇ പി ആറിൽ  സാന്ദർഭികമായ ശരീരഭാഷകളുടെ ധ്വനിമൂല്യത്തെപ്പറ്റിയുള്ള ധാരണകൾ സ്വതവേ രൂഢമാണെന്നു കാണാം. കാണിയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള നോട്ടത്തിനു സാധ്യമാവുന്ന സവിശേഷമായ തിരിച്ചറിവാണത്. ലേഖനത്തിൽ രണ്ടിടത്താണ് ലേഖകൻ തന്നോടൊപ്പം കാണികളെയും കൂട്ടുന്നത്. സംഭാഷണത്തിന്റെ സ്വഭാവത്തെപ്പറ്റി പ്രേക്ഷകർ നിർമ്മിക്കുന്ന പ്രതീതിയെ അഭിമുഖപങ്കാളികളുടെ ശരീരഭാഷ സ്വാധീനിക്കുമെന്ന് പറയുന്നിടത്തും, കക്ഷിരാഷ്ട്രീയത്തിന്റെ വിമർശകനായി ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ശ്രീനിവാസൻ, പിണറായി വിജയൻ ഇന്ത്യൻ രാഷ്ട്രീയത്തെപ്പറ്റി പറയുന്ന കാര്യങ്ങളിൽ ഇടപെട്ട് സംസാരിക്കു മെന്ന പ്രതീക്ഷ തെറ്റിച്ചുകൊണ്ട് സംഭാഷണത്തെ മറ്റൊരു വഴിക്കു നയിക്കുന്നതിനെക്കുറിച്ചു പറയുന്നിടത്തും.

          മുൻപൊരിക്കൽ എൻ എൻ പിള്ളയുടെ ഏകാങ്കങ്ങളെപ്പറ്റി ചർച്ച ചെയ്യുന്ന അവസര ത്തിൽ, നാടകീയതയുടെ ഗംഭീരസാക്ഷ്യങ്ങളായി അദ്ദേഹത്തിന്റെ രചനകളെയും Dramatic എന്ന മുഴുത്ത വിശേഷണത്തിന്റെ കാർമിക’നായി നാടകകൃത്തിനെയും ഇ പി ആർ വിശേഷിപ്പിക്കുന്നതായി കാണാം. (‘സംസ്കാരത്തിന്റെ അടിയുടുപ്പുകൾ’, ആളുകളുടെ വഴികൾ എന്ന പുസ്തകം) രചനയെ കലാനുഭൂതിയായി പരിണമിപ്പിക്കുന്നതിൽ  നാടകീയതയ്ക്കുള്ള പങ്ക് പലതരം സംഘർഷങ്ങളിൽ അധിസ്ഥിതമാണ്. അവ കലാപരവുമാണ്. വൈരുദ്ധ്യങ്ങളെ അഭിമുഖം നിർത്തുന്നതിലൂടെയാണല്ലോ നാടകങ്ങൾ സംഘർഷങ്ങളെ പരിചരിക്കുന്നത്. അടുത്തത് എന്തു സംഭവിക്കുമെന്ന ഉത്കണ്ഠയും അതുവഴി ലഭ്യമാകുന്ന രസനീയതയുമാണ് പ്രേക്ഷകപക്ഷത്തിൽ അതിന്റെ ഫലം. ‘ഒരാളുടെ വ്യക്തിവിശേഷമായ ദാർഢ്യത്തെയും  ജീവിതോപാധിയായി അഭിനയമേഖല തിരഞ്ഞെടുത്തതിനാൽ വഴക്കമുള്ള മറ്റേയാളിന്റെ സാന്നിദ്ധ്യത്തെ’യും ചേർത്തുവയ്ക്കുന്ന വിവരണത്തിൽ അതിന്റെ മുഴക്കമുണ്ട്. “നീണ്ട കാലത്തെ അഭിനയജീവിതത്തിന്റെ ഉടമയായ ഒരാളുടെ മുന്നിൽ വസ്തുനിഷ്ഠതയുടെ ഭാഷണപ്രകൃതം സ്വന്തം ജീവിതത്തിന്റെ ഭാഗമായി സ്വരൂപിച്ച ഒരാളുടെ സാന്നിദ്ധ്യം” എന്നാണ് ലേഖനത്തിലെ വിശദീകരണം. എന്നാൽ ഈ സംഘർഷത്തിനു സ്ഥായിയില്ലെന്നു ഉടനെ തിരിച്ചറിയാനാകും. നാടകത്തിലെ വേഷങ്ങളുടെ പരസ്പരസ്വാധീനം‌പോലെ   ഒന്നാണിത്. അഭിമുഖങ്ങളിലെ സംഭാഷണങ്ങൾ ഓരോ തിരിവിലും ശുഭാപ്തമായിത്തീരുന്നതെന്ന് നാം മനസിലാക്കുന്നു. വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കാൻ താത്പര്യമില്ലാത്ത പിണറായി, അതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത കുടുംബകാര്യങ്ങൾ അകമഴിവോടെ പങ്കുവയ്ക്കുന്നതായും കുട്ടിക്കാലത്ത് പഠിച്ച സംസ്കൃതശ്ലോകംവരെ ചൊല്ലിക്കൊണ്ട് സരളമായ സൗഹൃദസംവാദത്തിന്റെ ഒഴുക്കിലേക്ക് ഇറങ്ങിനിൽക്കുന്നതായും ഇ പി ആർ വിവരിക്കുന്നു. പൊതുസങ്കല്പത്തിലുള്ളതിൽനിന്നു ഭിന്നമായ വ്യക്തിത്വമായി അദ്ദേഹം അഭിമുഖത്തിൽ കാണപ്പെടുന്നു. ഈ പകർച്ചയ്ക്കൊപ്പം, ‘അയഞ്ഞ മട്ടിൽ ചെറുതും വലുതുമായ കാര്യങ്ങൾ സൂക്ഷ്മമായി അഭിനയത്തിലൂടെ അവതരിപ്പിച്ച ഒരാളിന്റെ (ശ്രീനിവാസന്റെ) സാന്നിദ്ധ്യം, ഈ ദൃശ്യരേഖയ്ക്കു നൽകിയത് പിണറായി വിജയന്റെ വിഭിന്നങ്ങളായ സൂക്ഷ്മഭാവങ്ങളെ ഒപ്പിയെടുക്കാനുള്ള സാധ്യതയുമാണ്. അഭിമുഖത്തിൽ, ചോദിക്കുന്നയാൾ-ഉത്തരം പറയുന്നയാൾ, നിർദ്ദേശിക്കുന്നയാൾ-അനുസരിക്കുന്നയാൾ, -എന്നിങ്ങനെ വേഷങ്ങൾ പരസ്പരംവച്ചുമാറുന്ന വ്യതിയാനത്തെയും അദ്ദേഹം സ്ഥാനപ്പെടുത്തുന്നുണ്ട്.

          മൂന്നു വ്യത്യസ്തമായ ദൗത്യധർമ്മങ്ങൾ അഭിമുഖത്തിൽ ശ്രീനിവാസനുണ്ടായിരുന്ന തായി ലേഖകൻ കണ്ടെത്തുന്നു.  1. പിണറായി വിജയനിൽനിന്ന് പല ഭാഷണമാ തൃകകൾ നേടിയെടുക്കുക. 2. പിണറായി വിജയനെ പുതുതായി, വ്യത്യസ്തമായി അറിയുക 3. വ്യക്തിപരതയെ ഏകാന്തമായ ഒരു വിചാരമാതൃകയാക്കുക. മൂന്നാമത്തെ ദൗത്യനിർവഹണ ത്തിൽ മറ്റൊരു ദിശാമാറ്റം സംഭവിക്കുന്നു. നാടകത്തിലെ ആകസ്മികമായ വഴിത്തിരിവിനെ അനുസ്മരിപ്പിച്ചുകൊണ്ട് ഇ പി ആർ എഴുതുന്നു : “അങ്ങനെയൊരു ആശയരൂപത്തിനൊത്ത ആളല്ല മുന്നിലിരിക്കുന്നത് എന്നു പതുക്കെ തെളിഞ്ഞു വരുന്നതോടെ, അദ്ദേഹം തുറന്ന പൊതുവിഷയങ്ങളിലേക്ക് സംഭാഷണത്തെ കൊണ്ടുപോകുന്നുണ്ട്.” ഒരു പ്രകടനപാഠത്തി ലെ പങ്കാളികൾ എന്ന നിലയിൽ, നിശ്ചിതലക്ഷ്യത്തിനായി ഒരാൾ നീക്കം നടത്തുകയും മറ്റേയാൾ അതിൽനിന്ന് സമർത്ഥമായി ഒഴിഞ്ഞു മാറുകയും രണ്ടു പേരും രണ്ടു നിലകളിൽ അവരവരുടെ ദിശകളിലൂടെ മുന്നേറുകയും ചെയ്യുന്ന ഒരു രേഖാചിത്രം ഈ വാങ്മയ ത്തിലുണ്ട്. നാടകീയമായ സംഘർഷത്തിന്റെ സമീപനരീതി ഉപയോഗിച്ച് പരിണാമഗുപ്തി യെ ത്വരിപ്പിക്കുന്ന ഘടകത്തെ ഇഴ പിരിക്കുകയല്ലേ അദ്ദേഹം ഇവിടെ ചെയ്യുന്നത്?

          ആകസ്മികമായ ഒരു ചോദ്യമാണ് അഭിമുഖത്തിന്റെ അവസാനം. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനെപ്പറ്റിയുള്ളതായിരുന്നു ആ  ചോദ്യമെന്ന് ഇ പി ആർ പറയുന്നില്ല. (“അപ്രതീക്ഷിതമായ ഒരു ചോദ്യത്തിലാണ് അഭിമുഖഭാഷണം അവസാ നിക്കുന്നത്. ഇതിലുള്ളതും ഈ സർഗ്ഗാത്മകത”) അഭിമുഖത്തെ സർഗാത്മക‘പ്രകടന’മായി വിലയിരുത്തുന്ന ലേഖനവും, അതിലെ ഉള്ളടക്കത്തിന്റെ അതേ സ്വഭാവത്തിൽ, നാടകീയവും അതിനാൽ സർഗാത്മകവുമായ നിർവഹണസന്ധി രൂപപ്പെടുത്തുന്നു എന്നാണതിനർത്ഥം. അഭിമുഖത്തെ നേരിട്ടു കണ്ടറിയാൻ വായനക്കാർക്കുള്ള ക്ഷണപത്രമെന്ന നിലയിലും പ്രസക്തമാണ് ഇ പി ആറിന്റെ പ്രസ്താവന. എങ്കിലും ലേഖനത്തിലെ ചോദ്യങ്ങളും ആകാംക്ഷയെ നിലനിർത്തുന്ന തരത്തിലുള്ള പ്രസ്താവനകളും, അദ്ദേഹത്തിന്റെ താത്പര്യം സവിശേഷമായി പതിഞ്ഞിട്ടുള്ള നാട്ടറിവാഖ്യാനങ്ങളുടെ ഘടനയെ ബോധപൂർവം പിൻപറ്റുന്നു എന്നു മനസിലാക്കുന്നത് കൗതുകകരമാണ്.    

          നാടകാ‍വതരണങ്ങളുമായുള്ള സുദീർഘപരിചയം ഇ പി ആറിനെ സാമൂഹികമായ ‘പ്രകടനങ്ങളെ’ സവിശേഷമായി അപഗ്രഥിക്കാൻ സന്നദ്ധനാക്കുന്നു എന്നതാണ് വാസ്തവം. അതിനു റിച്ചാർഡ് ഷെക്നറുടെയോ വിക്ടർ ടർണറുടെയോ സമീപനമാതൃകകളുടെ ഒത്താശ യുടെപോലും ആവശ്യമില്ല. പി കുഞ്ഞിരാമൻ നായരുടെ ഫോട്ടോഗ്രാഫുകളെ പഠന വിധേ യമാക്കുന്ന ‘പ്രത്യക്ഷം’ എന്ന കൃതിയിലെ അവതാരികയിൽ ജോഷി ജോസഫ്, കുറിക്കുന്ന ഒരു പ്രയോഗം, ‘ഫോട്ടോ നോക്കി ലക്ഷണം പറയുന്നു’ എന്നാണ്. (ദൃശ്യം-അദൃശ്യം) വ്യാഖ്യാനിക്കുക, ആസ്വദിക്കുക, നിരൂപിക്കുക തുടങ്ങിയുള്ള അക്കാദമികപ്രയോഗങ്ങളെ നിഷ്കരുണം തള്ളിയാണ് നാട്ടറിവുസ്പർശമുള്ള ‘ലക്ഷണം പറയൽ’ എന്ന വാചകം ഇ പി ആറിന്റെ വ്യവഹാരമാതൃകയ്ക്ക് ജോഷി കല്പിക്കുന്നത്. അദ്ദേഹത്തിനും ഇഷ്ടമുള്ള പ്രയോഗമായിരിക്കണമത്. സാംസ്കാരികഉല്പന്നങ്ങൾക്കൊപ്പം സാമൂഹികമായ പ്രകടനങ്ങൾക്കെല്ലാം ഈ ‘ലക്ഷണം പറയൽ’ സാധകമാണ് എന്നാണല്ലോ അഭിമുഖത്തെവച്ചുകൊണ്ട് ഇ പി ആർ നടത്തിയ വിശകലനവും തെളിയിക്കുന്നത്. കഥകളും കവിതകളും നാടകങ്ങളും ഡയറിക്കുറിപ്പുകളും ഉൾപ്പടെയുള്ള രചനകൾമാത്രമല്ല, ബഷീറിന്റെയും പി കുഞ്ഞിരാമൻ നായരുടെയും മറ്റും ഫോട്ടോകൾ,  എം എൻ വിജയന്റെ പ്രസംഗം,  അനുഷ്ഠാനകലകളിലെ നാടകങ്ങൾ, കുട്ടിക്കഥകളിലെ കഥാപാത്രങ്ങൾ, നാട്ടുപ്രയോഗങ്ങളിലെ ഉള്ളുകള്ളികൾ, ദൈനംദിനത്വത്തിലെ കൗതുകങ്ങൾ, നാട്ടുമനുഷ്യരുടെ സംഭാഷണങ്ങൾ, മനുഷ്യജീവിത ങ്ങളുമായി ബന്ധപ്പെട്ട വസ്തുവകൾ ഇവയെല്ലാം ചേർന്ന വിസ്തൃതമായ മേഖലയാണ് ഇ പി ആറി ന്റെ മനനലോകം. അവയിലെ ജ്ഞാനാന്തരതയുടെ മൂലകങ്ങൾ മനുഷ്യർതമ്മിലുള്ള കൊടുക്കൽ വാങ്ങലുകളുടെ സാംസ്കാരികപ്രതിഫലനങ്ങളെ ഓർമ്മിപ്പിക്കുന്നു. അത്രയ്ക്ക് ജീവിതവൃത്തികളുമായി അടുത്തു ശ്വസിച്ചുകൊണ്ടാണ് അവയുടെ നില എന്നും പറയാം.

           

 ഒരാൾ അയാളുടെ നീക്കങ്ങൾ, ചെമ്പരത്തി, ഏപ്രിൽ 2026