October 26, 2020

ഭാഷ അതിജീവനത്തിനുള്ള തന്ത്രം എന്ന നിലയിൽ

  

                                                                               ഫോട്ടോ : മാതൃഭൂമി

ചെറുകഥ ഇന്നു വായിക്കപ്പെടുന്നത് നാം ഇതുവരെ അനുശീലിച്ചുവന്ന കാലഹരണപ്പെട്ട ശാഠ്യങ്ങളുടെ പാട്ടവെളിച്ചത്തിലല്ല. യഥാസ്ഥിതികരായ ആസ്വാദകപക്ഷത്തിന്റെ മുൻധാരണകളും നിർബന്ധങ്ങളും  നല്ല കഥകളെ കണ്ടെത്താനുള്ള ശ്രമങ്ങളെ നിരന്തരം നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ഇതിനൊരു ഉദാഹരണമാണ് ചെറുകഥ ഭാവഗാനം പോലെയാണെന്ന താരതമ്യം. ഈ ഋജുവായ നിർവചനത്തിൽ അഭിരമിക്കുമ്പോൾ ലളിതബുദ്ധികളായ നാം ഒരേ സ്വഭാവവിശേഷത്തോടുകൂടിയ രണ്ടു സാഹിത്യരൂപങ്ങൾ എന്തിനെന്ന ചോദ്യം സ്വയം ചോദിക്കുന്നില്ല. ഭാവഗാനത്തിന്റെ മുഴക്കോലുമായി കണ്ണുകെട്ടിയ കുതിരകളെപ്പോലെ ചെറുകഥയുടെ വിശാലസ്ഥലികളിൽ നിസ്സഹായരായി നടന്നു മരിക്കുന്നു. ഭേദപ്പെട്ട എഴുത്തുകാർപോലും ചെറുകഥയ്ക്ക് യോജിച്ച ഉപമ ഭാവഗീതമോ മറ്റോ ആണെന്ന വിശ്വാസപ്രമാണക്കാരാണ്.  കാല്പനികതയുടെ ഉദയകാലവും സാഹിത്യരൂപം എന്ന നിലയിൽ ചെറുകഥയുടെ പിറവിയും തമ്മിൽ കാലികസാമീപ്യമുള്ളതുകൊണ്ടാണ് പ്രഭാവസമഗ്രത, ഏകാഗ്രത, ആത്മപരത, വിഷാദാത്മകത്വം തുടങ്ങിയ റൊമാന്റിസത്തിന്റെ ഓമനസന്താനങ്ങളെ കഥയുമായി ചേർത്തുവച്ചു ലാളിക്കാൻ നാം ശ്രമിച്ചത്. ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കാല്പനികത ഗുണപരം എന്നു കരുതുന്ന മൂല്യങ്ങളാണ് (അതു മാത്രമാണ്) ഒരു കലാസൃഷ്ടിയുടെ മേന്മകളെങ്കിൽ ആധുനികതതൊട്ട് ആധുനികോത്തരതവരെ തുടരുന്ന അകാല്പനികമായ ഒരു നീണ്ട കാലയളവിൽ ആ കലാസൃഷ്ടിയുടെ പ്രസക്തിയും നിലനില്പും സംശയാസ്പദമാകേണ്ടതാണ്. എന്നാൽ ഈ കാഴ്ചയല്ല നാമിന്ന് കഥാസാഹിത്യത്തിൽ കാണുന്നത്.

പരമമായ ഒരു യാഥാർത്ഥ്യം ഉണ്ടെന്നു വിശ്വസിക്കുകയും ആ യാഥാർത്ഥ്യത്തെ സൗന്ദര്യതലത്തിൽ മാറ്റി പ്രതിഷ്ഠിക്കാനുള്ള മാധ്യമമായി ഭാഷയെ കണക്കാക്കുകയും ചെയ്യുമ്പോഴാണ് എഴുത്തുകാരന്റെ /രിയുടെ ഭാഷ വ്യക്തിഗതവും ആത്മനിഷ്ഠവുമാണെന്ന പ്രതീതിയുണ്ടാക്കുന്നത്. ഭാഷ ഒരു പ്രായോഗികബോധമാണ്. സവിശേഷമായ പദഘടനയിലൂടെ എഴുത്തുകാർ സൃഷ്ടിക്കാൻ ശ്രമിക്കുന്ന അർത്ഥമായിരിക്കില്ല വായാനാസമൂഹം രൂപീകരിക്കുന്ന അർത്ഥഭേദങ്ങൾ. ഭാവഗാനങ്ങളുടെ ഇഷ്ടക്കാർ വിചാരിക്കുന്നതുപോലെ കതഹ്യുടെ ഇതിവൃത്തഘടനയ്ക്കുള്ളിൽ ഒരു പ്രതിസന്ധി അവതരിപ്പിക്കുകയും അതിനെ വികാരവിക്ഷോഭങ്ങളുടെ നിറച്ചാർത്തണിയിച്ച് സാന്ദ്രമാക്കുകയും ചെയ്യുന്ന ജോലിയല്ല കഥാകാരുടേത്. ‘ഉദാരമായ മാനവികതയുടെ ആശയനിക്ഷേപമുള്ള സാഹിത്യരൂപം’ എന്ന നിലയിലാണ് ചെറുകഥകൾ ചർച്ച ചെയ്യപ്പെടുന്നത്. വാമൊഴികളെയും ആത്മഗതങ്ങളെയും ഭാഷാഭേദങ്ങളെയും ആഖ്യാനത്തിന്റെ നടവഴികളായി അതു കൂട്ടിയിണക്കുന്നു. കേന്ദ്രീയം ഐച്ഛികം എന്നീ ഘടകങ്ങളിൽനിന്ന് കേന്ദ്രീയങ്ങളെമാത്രം ഉള്ളടക്കിക്കൊണ്ട് സ്ഥൂലതയുടെ ദുർമ്മേദസ്സുകളെ എരിച്ചു കളയുന്നു. വാക്കുകളുടെ വിനിമയത്തിൽ കാണിക്കുന്ന കൃത്യതകൊണ്ടാണ് കഥ മറ്റു ഗദ്യാഖ്യാനങ്ങളിൽനിന്ന് വേറിട്ടു നിൽക്കുന്നത്. അതുകൊണ്ട് ‘സമൂഹത്തിൽ പരസ്പരം പോരടിച്ചുകൊണ്ടു നിൽക്കുന്ന ചിഹ്നവ്യവസ്ഥകളുടെ വിരുദ്ധഭാവങ്ങൾ ഉൾക്കൊള്ളാൻ കെല്പുള്ള ശബ്ദമുഖരിതമായ ഭാഷാവ്യവഹാരം’ എന്ന നിർവചനത്തെ കഥകളെ കൂടുതൽ മനസിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നാം സ്വീകരിക്കേണ്ടതുണ്ട്.

ടി പത്മനാഭന്റെ കഥകളെ കാല്പനികതയുടെയും ഭാവഗാനത്തിന്റെയും അഴിവിലലത്ത തടവുമുറികളിൽ അടച്ചിടാനുള്ള ഉത്സാഹം ഇന്നും നിലനിന്നു പോരുന്നുണ്ട്. മലയാള കഥാസാഹിത്യത്തിലെ ഏകാകികളായ എഴുത്തുകാരുടെ സൃഷ്ടികളും അവയുടെ ആഖ്യാനപരമായ സവിശേഷതകളും ഉയർത്തുന്ന പ്രശ്നങ്ങളും പുതിയ വെളിച്ചത്തിൽ പഠിക്കാനുള്ള ശ്രമം ചില ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽനിന്നുണ്ടായിട്ടുണ്ടെങ്കിലും അവ നമ്മുടെ പൊതുബോധത്റ്റിന്റെ ഭാഗമായി തീർന്നിട്ടില്ല. അസംബന്ധം നിറഞ്ഞ ജീവിതത്തിനു മുന്നിൽ കരയുകയാണോ ചിരിക്കുകയാണോ വേണ്ടതെന്നറിയാതെ കുഴങ്ങുന്ന ലോർക്കയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഒറ്റപ്പെടുന്ന മനുഷ്യന്റെ ജീവിതസമസ്യകളാണ് പത്മനാഭൻ തന്റെ മഷിയായി ഉപയോഗിച്ചത്. കഥകൾ കുറുക്കിയെഴുതുന്നത് ശീലമാക്കിയ വ്യക്തി, ഭാഷയെക്കുറിച്ചുള്ള വേവലാതിയും സന്ദേഹവും തന്റെ എഴുത്തിലെ രൂക്ഷമായ സാന്നിദ്ധ്യമായി തിരിച്ചറിഞ്ഞ പ്രതിഭയാണ്. ഇത്തരം കഥകൾക്ക് ഭാവഗാനം ഒരിക്കലും ഉപമാനമാവുന്നില്ല.

ഒരു മനുഷ്യൻ തന്നോട് സഫലമായി സംസാരിക്കുന്നതെങ്ങനെയെന്നും അങ്ങനെ സംസാരിച്ചുകൊണ്ട് സമൂഹത്തോട് എങ്ങനെ സംസാരിക്കാമെന്നും  സമൂഹം ഏകാകിയായ വ്യക്തിയിലൂടെ സംസാരിക്കുന്നതെങ്ങനെയെന്നും  ഈ കഥകൾ വെടിപ്പായി വെളിവാക്കി തരുന്നു. ആന്തരിക അനുഭവങ്ങളുമായി കഥാകൃത്തിന്റെ ആത്മവത്ത (സെൽഫ്) നടത്തുന്ന സംവാദങ്ങളാണിവ. അതേ സമയം ആ സംഭാഷണങ്ങൾ വായനക്കാരനോടുംകൂടിയാണ്. ഒറ്റ വ്യക്തിയായ ആഖ്യാതാവ് നിലനിൽക്കുന്ന സ്ഥലവും  കാലവുമായി ബന്ധപ്പെടുത്തി തന്നിൽത്തന്നെയുള്ള അന്യനോട് സംസാരിക്കുന്നു എന്ന നിലയിലാണ് ഈ ഭാഷണക്രമം  പ്രവർത്തിക്കുന്നത്. ഒപ്പം സമൂഹത്തിന്റെ ശീലവഴക്കങ്ങളിൽ ചിലത്  ശസ്ത്രക്രിയയ്ക്ക് സന്നദ്ധമാവേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും ആഖ്യാനത്തിന്റെ സ്വരഘടനയ്ക്ക് കഴിയുന്നു. താരതമ്യേന ലളിതമായ ആഖ്യാനത്തിനുള്ളിൽ പരസ്പരം പോരടിക്കുന്ന വ്യവസ്ഥകൾ ഇത്തരത്തിലാന് ഉരുത്തിരിയുന്നത്. കഥ പറച്ചിലിന്റെ മാധ്യമങ്ങൾക്കപ്പുറം ഭാഷ നിർമ്മിക്കുന്ന അദൃശ്യമായ ലാവണ്യപ്പൊയ്കകളാണിവ.

പത്മനാഭൻ പദങ്ങളെ പരീക്ഷണവിധേയമായി മാത്രം പ്രയോഗിക്കുന്നു. അവ നിലവിലുള്ള അർത്ഥത്തെ ഭേദിക്കുന്ന ബഹുസ്വരമായ ഭാഷാശില്പത്തെ അനാവരണം ചെയ്യുന്നു. അപൂർണ്ണവാക്യങ്ങളുടെ സവിശേഷധ്വനികൾ നിലനിൽപ്പിന്റെ വിഷമാവസ്ഥകളെ അപഗ്രഥനം ചെയ്യുന്നതായി മനസിലാക്കണം. തന്റെ കഥയ്ക്ക് ‘സ്വപ്നസന്നിഭം’ എന്നു പേരിടുന്ന കഥാകൃത്ത് അനുഭവത്തിന്റെ സ്വപ്നാത്മകമായ ചേരുവകൾ നിർമ്മിക്കുന്ന ആവിഷ്കാരകലയെക്കുറിച്ച് ബോധവാനാണ്. തീരുവ കൊടുക്കേണ്ടതില്ലാത്ത സംവേദനത്തിന്റെ പ്രസരണിയായി നിന്നുകൊണ്ട് ഭാഷ ഇങ്ങനെയെല്ലാം മറ്റു മനുഷ്യർക്കായുള്ള പ്രായോഗികബോധം തീർക്കുന്നു.

പരാജയത്തിന്റെ മൂല്യം എന്തെന്ന് അനുഭവിപ്പിക്കുന്ന വാക്കുകളുടെ സൗമ്യകലയാണ് പത്മനാഭന്റെ കഥകൾ. അവ നഗരവത്കരണത്തിന്റെയും കൺസ്യൂമറിസത്തിന്റെയും ആഘാതത്താൽ തകരുന്ന സാമൂഹികവും കുടുംബപരവുമായ ബന്ധങ്ങൾക്കിടയിൽ മനുഷ്യത്വത്തിന്റെ അഗാധയാഥാർത്ഥ്യം തിരയുന്നു. ജീവിതം നാം വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ഹിംസാത്മകമായതുകൊണ്ട് പെട്ടെന്നുള്ള കടന്നാക്രമണങ്ങളെ നേരിടാനാകാതെ പോകുന്ന നിസ്സഹായനായ മനുഷ്യൻ  പലപ്പോഴും ഈ കഥകളിൽ കടന്നുവരുന്നു. ഇയാൾ യുക്തിഭംഗം ബാധപോലെ ആവേശിച്ച ഒരു ലോകത്തെ കരുണാർദ്രമായ മനസ്സോടെ നോക്കിക്കാണുന്നവനാണ്.  തകർച്ചയും കാരുണ്യവുമാണ് ഇയാൾ നേരിടുന്ന പ്രതിസന്ധി. ജീവിതത്തിന്റെ വാസ്തവങ്ങളേക്കാൾ മരണത്തിന്റെയും ഹിംസയുടെയും ഉണ്മകളെക്കുറിച്ച് നമ്മെ തെര്യപ്പെടുത്താനാണ് ഇയാൾ മുന്നിൽ വരുന്നത്.

 

ഈ ലോകത്തിന് നിരവധി അർത്ഥങ്ങളുണ്ടെന്നും ഒരർത്ഥവുമില്ലെന്നും പറഞ്ഞ് ചിരിച്ചത് നീഷേയാണ്. പത്മനാഭന്റെ കേന്ദ്രകഥാപാത്രങ്ങളെല്ലാം സന്ദേഹികളാണ്. തങ്ങൾ ചെയ്തത്, ചെയ്തുകൊണ്ടിരിക്കുന്നത് ശരിയാണോ എന്നവർക്ക് നിശ്ചയിക്കാൻ കഴിയുന്നില്ല. ഈ സന്ദിഗ്ദ്ധതയുടെ രൂക്ഷതയിൽത്തന്നെ  ഒടിഞ്ഞു വീണ മുരിങ്ങയും  വഴിവക്കിലെ പൂച്ചക്കുറ്റികളും പശുക്കളും നനഞ്ഞ മാടത്തയും  കിണറ്റിലെ മീനെന്ന, വെടിയേറ്റു മരിച്ച അന്ധനായ കുട്ടിയും രാമേട്ടന്റെ മാവും അങ്ങനെ പലതും അവരുൾപ്പെടുന്ന വലിയൊരു ആവാസവ്യവസ്ഥയിലെ ഭാഗങ്ങളാണ്. മനുഷ്യനപ്പുറത്തേക്ക് നീളുന്ന സ്നേഹസ്പർശിനിയായി ഭാഷ ഇവിടെ പ്രച്ഛന്നവേഷം ധരിക്കുന്നു. വിലോമതകൾ ഉയർത്തുന്ന ലോകത്തിൽനിന്നു പിണങ്ങി അകലാനും അതേ ലോകത്തെ കാരുണ്യപൂർവം വാരിപുണരാനും ആഗ്രഹിക്കുന്ന ചേതന സൃഷ്ടിക്കുന്ന അനുഭവസമസ്യകളാണ് പത്മനാഭന്റെ കഥകളുടെ ദാർശനിക പരിസരം. പാപം-പുൺയ്യം, വ്യക്തി-സമൂഹം, നിഷ്കളങ്കത-സൂത്രശാലിത്തം, പ്രകൃതി-യാന്ത്രികത,  സ്വാഭാവികത-കൃത്രിമത്വം എന്നിങ്ങനെ അനേകങ്ങളായ വിപരീതങ്ങളിൽപ്പെട്ടുഴലുന്ന മനുഷ്യരാണ് ഈ കഥകലിലെ പ്രത്യക്ഷങ്ങൾ. പിൽക്കാലത്ത് മലയാളസാഹിത്യത്തിൽ വളർച്ചമുറ്റിയ പല സങ്കല്പങ്ങളും പത്മനാഭന്റെ  ആദ്യകാലകഥകളിലൂടെ ആവിഷ്കാരം നേടിയവയായിരുന്നെന്നു കാണാം. അധികാരം പീഡനയന്ത്രമായി വരുന്നു, അറ്റുപോകുന്ന ബന്ധങ്ങൾ,  കജീവിക്കാൻ മറന്ന മനുഷ്യൻ എന്നീ കഥകളിൽ. തത്ത്വചിന്താപരമായ ആകുലതയിൽനിന്നു പിറക്കുന്ന ഫലിതബോധം, ‘ഒരു പിഎച്ച് ഡി പുരാണം’, ‘മനുഷ്യൻ എത്ര മഹത്തായ പദം’ എന്നിവയിൽ പ്രവർത്തിക്കുന്നു. കാല്പനികമായ തരളഭാവത്തോടെയല്ല, പ്രവചനസ്വഭാവമുള്ള ദുരന്തചിഹ്നങ്ങളായാണ് മഴ പോലും ആ കഥാലോകത്ത് പ്രത്യക്ഷപ്പെടുന്നത്. ഉദാഹരണത്തിന് ഭോലാറാം, യാത്ര, വനവാസം തുടങ്ങിയ കഥകൾ നോക്കുക.

കാലികമനുഷ്യന്റെ ദുരന്തബോധത്തിന്റെ കാരണങ്ങളുടെ നേർക്കാഴ്ചയ്ക്ക് ഈ കഥകളിലൂടെയുള്ള പ്രയാണം സഹായിച്ചേക്കും. മൂല്യത്തിനും സമഗ്രതയ്ക്കും വേണ്ടിയുള്ള അന്വേഷണത്തിന് സ്വയം സമർപ്പിതനാവുക എന്നതല്ലാതെ നമ്മുടെ ദുരന്തങ്ങൾക്ക് മരുന്നില്ലെന്നു പറഞ്ഞ ലൂഷ്യൻ ഗോൾഡ്മാനെ ഓർമ്മിക്കുക. ദുരിതത്തിന്റെ കറുത്തപ്പൂക്കളിൽ മരവിച്ച ലോഹച്ചിറകുകളുമായി ദുഃസ്വപ്നങ്ങളിരിക്കുന്ന തകരാറുപിടിച്ച കാലത്ത് ജ്ഞേയമല്ലാത്ത ആധികളെ അതിജീവിക്കാൻ ഭാഷയെ നിലനിൽപ്പിന്റെ അനുഭവമായി മനസിലാക്കുമ്പോഴാണ് നമ്മുടെ വായന അന്ധതയിൽനിന്ന് മോചനം നേടുന്നത്.


 

October 23, 2020

തനിച്ചിരിക്കുമ്പോൾ ഓർക്കുന്നത് *

 



ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ 'ജീവിതം ഒരു പെൻഡുലം' വായിച്ചത് ഇത്തവണ  അത് കെ പി അപ്പനെക്കുറിച്ചായിരുന്നതുകൊണ്ടാണ്. അപ്പനെ ചൂഴ്ന്നു ഒരു നിഗൂഢത ഉണ്ടായിരുന്നു എന്നാണ് തമ്പിയും പറയുന്നത്. പഠിക്കുന്ന സമയത്തേ പ്രശസ്തനായ ശ്രീകുമാരൻ തമ്പി, പുസ്തകങ്ങളെ മാത്രം കൂട്ടുകാരനാക്കിയിരുന്ന കെ പി അപ്പൻ. നല്ല രസമായിരുന്നിരിക്കണം അന്നത്തെ ആ കൂട്ടുകെട്ട്. അപ്പന്റെ അച്ഛനെക്കുറിച്ചുള്ള പരാമർശവും (വേറെ ഒരിടത്തും കാണാത്തത്) ഇതിനകത്തുണ്ട്..
രസവിദ്യയുടെ ചരിത്രം നേരത്തെ എഴുതിയിരുന്നെങ്കിലും എസ് ഹരീഷ് പെട്ടെന്ന് വെളിച്ചത്തിന്റെ വെളിച്ചത്തിലേക്ക് *  കടന്നു വരുന്നത് അപ്പനെന്ന മാതൃഭൂമി കഥയുമായാണ്. അപ്പനെ അന്ന് പിന്നെയും വായിച്ചു. അപ്പനെമാത്രമല്ല അപ്പന്റെ അനുഭവലോകത്തെയും ഹരീഷ് അതിനകത്ത് കൂട്ടു പിടിച്ചിട്ടുണ്ട്,  സത്യന്റെ കഥ പറഞ്ഞ്. എം എയ്ക്ക് പഠിക്കുന്ന സമയത്ത് കൊല്ലം എസ് എൻ കോളേജിൽ നിന്നു വന്ന,  എങ്ങനെയെങ്കിലുമൊക്കെ അപ്പനെ പരിചയമുള്ള,  സ്വാധീനത്തിൽപ്പെട്ട് കിടന്ന്  അപ്പനെ അനുകരിച്ചു സംസാരിക്കുകയും അദ്ദേഹത്തെ എത്ര വാഴ്ത്തിപ്പറഞ്ഞാലും മതിയാവാതിരിക്കുകയും ചെയ്യുന്ന കുട്ടിയപ്പൻന്മാരെക്കൊണ്ട് പൊറുതിമുട്ടിയിട്ടുണ്ട്. വിദൂരതയിൽ കണ്ണു പായിച്ചു കൊണ്ട്, അവർ പതിഞ്ഞ ശബ്ദത്തിൽ 'നോക്കൂ, കേട്ടോ' എന്നൊക്കെപ്പറഞ്ഞ് അവർ അജ്ഞതയിൽനിന്ന് അപരാധങ്ങളെ പ്രസവിക്കും! * പക്ഷേ പാവങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, 'വർത്തമാനകാലത്തിന്റെ മുന്നിൽ നിൽക്കുന്ന ശരണമില്ലാത്ത ഒരേകാന്തതയാണു ഞാൻ, എന്നും ഉജ്ജ്വലമായ സ്തുതിഗീതങ്ങളും ദിവ്യയവനികകളും തത്കാലം നമുക്ക് മാറ്റിവയ്ക്കാമെന്നുമൊക്കെ സാധാരണ സംഭാഷണത്തിൽപോലും ഉപയോഗിക്കുന്ന മനുഷ്യനെ ദിവാസ്വപ്നം കൊണ്ടല്ലെങ്കിൽ പിന്നെ പൂജിച്ച ഭസ്മവും  വീര്യം നിറഞ്ഞ തീർത്ഥജലവും കൊണ്ടല്ലേ കീഴടക്കാൻ പറ്റൂ..*
തീരെ നിവൃത്തിയില്ലാതെ വന്നപ്പോൾ കൊല്ലത്ത് അശ്വതിയിൽ പോയി കാണുകയും ചെയ്തു. കഷ്ടിച്ച് അഞ്ചോ പത്തോ മിനിട്ട്... വെള്ളയും വെള്ളയും ഇട്ടു നടക്കുന്നുണ്ടെങ്കിലും (അതിന്റെ യുക്തി എന്നോട് ചോദിക്കരുതെന്ന് ഒരു അഭിമുഖത്തിൽ അപ്പൻ പറയുന്നു,  എന്നാൽ ചിലപ്പോൾ താൻ കടുത്ത നിറം ഉപയോഗിക്കാറുണ്ടത്രേ അതു തന്റെ കത്തി വേഷമാണെന്നും) ഞാനൊരു അമ്പല്ല, വെടിയുണ്ടയുമല്ല* എന്ന് പറയുന്നുണ്ടെങ്കിലും, പതിഞ്ഞ സംസാരമാണെങ്കിലും അദ്ദേഹം അത്ര സൗമ്യനായിരുന്നില്ല. അന്നത്തെ നിരൂപക കേസരിമാരെ ഒതുക്കി ഒരു വശത്താക്കി ചിലരെ കീറി ചുവരിൽ തേയ്ക്കുകയും ചെയ്തു.. കെ സുരേന്ദ്രൻ, ( ഒരു വിമർശനഗ്രന്ഥം പറയുന്ന ദുഃഖകഥ) സുകുമാർ അഴീക്കോട് (നിലനിൽപ്പിനു വേണ്ടിയുള്ള) വിലാപം  പ്രൊഫസർ ഗുപ്തൻ നായർ (വിശദാംശങ്ങളിലേക്ക് കടക്കാത്ത ചിന്ത) പ്രൊഫസ്സർ കെ എം തരകൻ ( ഉറൂബിന്` ഒരു തുറന്ന കത്ത്, ഖേദപൂർവം) പ്രൊഫസർ കെ എം ഡാനിയൽ (നവചക്രവാളത്തിൽ ഉരുണ്ടുകൂടിയ മഴക്കാറുകൾ) തായാട്ടു ശങ്കരൻ (പരിമിതികളുടെ കൊടിയേറ്റം) അങ്ങനെ  ഒരാളിനെയും വെറുതേ വിട്ടിട്ടില്ല. ജി എൻ പണിക്കർ, നരേന്ദ്രപ്രസാദ്, വി സി ശ്രീജൻ, കേസരി, ഇ എം എസ്...  എല്ലാവരെപ്പറ്റിയും അദ്ദേഹത്തിന് ഖണ്ഡനാഭിപ്രായം ഉണ്ടായിരുന്നു; പ്രശംസിക്കുമ്പോഴും. അക്രമത്തിനും സംഗീതത്തിനും മധ്യേ എന്നാണ് തന്റെ കലയ്ക്ക് അദ്ദേഹം നൽകിയ പേര്.
യാത്ര ഒട്ടും ഇഷ്ടപ്പെടാതിരുന്ന മനുഷ്യൻ ഒരഭിമുഖത്തിൽ  ആൽപ്സും ഹിമാലയവും അടുത്തു നിന്നു കാണണമെന്ന് വലിയൊരു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മറ്റൊന്ന് വിലാസിനിയുടെ അവകാശികൾ വായിക്കുക എന്നതുമായിരുന്നു. (രണ്ടാഗ്രഹങ്ങളും നടന്നിട്ടില്ലെന്നാണ് എന്റെ വിശ്വാസം)
എഴുത്തുകാർ കക്ഷിരാഷ്ട്രീയത്തിന്റെ കുറുവടിയാകരുതെന്ന് ഉറപ്പിച്ച് പറഞ്ഞതുകൊണ്ട്  ആ ലെവലിലുള്ള കോക്കസ് അപ്പനുചുറ്റും ഉരുണ്ടു കൂടിയില്ല. അവാർഡുകളും ഇല്ല. പാഠപുസ്തകത്തിലും കേറിയില്ല. പാഠപുസ്തകമായില്ലെങ്കിലും അപ്പനെ ഇപ്പോഴും എപ്പോഴും വായിക്കാം.  വിക്രമാദിത്യ സദസ്സുപോലും സംഘടനയായിരുന്നു എന്നും ചരിത്രം അറിഞ്ഞു കൂടാത്തതുകൊണ്ടാണ് സംഘടനകളുടെ മാലിന്യത്തെക്കുറിച്ച് അപ്പൻ പറയുന്നതെന്നും പറഞ്ഞ~ പരിഹസിച്ച പി ഗോവിന്ദപ്പിള്ളയെപ്പറ്റി അപ്പൻ പറഞ്ഞത്:
- എന്നെപ്പറ്റി പറയുമ്പോൾ ശ്രീ പി ഗോവിന്ദപ്പിള്ള മാരകസാമഗ്രികൾകൊണ്ടാണ് ചിന്തിക്കുന്നത്. എന്നാൽ കടുവാ വേഷം കെട്ടുന്നവർ കുഞ്ഞുങ്ങളെ പേടിപ്പിക്കും എന്നതിൽ കവിഞ്ഞ് മനുഷ്യരെ പിടിച്ചു തിന്നാറില്ല.
ചോദ്യം : ഡോ കെ എം തരകൻ, സി പി ശ്രീധരൻ, ജി എൻ പണിക്കർ എന്നിവരുടെ നിലപാടുകളെക്കുറിച്ച് എന്തു പറയുന്നു?
- ക്ഷമിക്കണം വേലകളി പടയണി അമ്മൻകുടം തുള്ളൽ എന്നീ കലകളെക്കുറിച്ച് എനിക്ക് വലുതായൊന്നും അറിഞ്ഞു കൂടാ..
വേറൊരിടത്ത് സി പി ശ്രീധരനെ നാട്ടിൻ പുറത്തുകാർക്കുപോലും അറിയാം ( എന്നാൽ അപ്പനെ ആരറിയും?) എന്ന പ്രസ്താവനയ്ക്ക് മറുപടി പറയുന്നത് ഇങ്ങനെയാണ്..
- അദ്ദേഹത്തെ കേരളത്തിലെ നാട്ടിൻ പുറത്തുകാർക്കുപോലും അറിയാമെന്നത് നല്ല കാര്യമാണ്. സന്തോഷം. എന്നാൽ ചെറിയ കുഴപ്പമുണ്ട്. ഇക്കാരണത്താൽ ഇനിമേൽ നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം എന്നു പാടാൻ പറ്റുകയില്ല.
എൻ എൻ വിജയനെപ്പറ്റിയും ഇതുപോലെയൊരു പരാമർശമുണ്ട്, സാഹചര്യങ്ങൾ കൊണ്ടു ചെയ്യേണ്ടി വരുന്ന കക്ഷിരാഷ്ട്രീയ പൂജ, ആശയവാദിയുടെ ഗർവ് ഇതെല്ലാം ഒന്നിച്ചുകൊണ്ട് നടന്നാൽ സത്യത്തെ തലകുത്തി നിർത്തേണ്ടി വരുമെന്നതിന് തെളിവാണ് എം എൻ വിജയൻ..
എം എൻ വിജയനോട് മാങ്ങാട് രത്നാകരനാണെന്ന് തോന്നുന്നു, കെ പി അപ്പനെപ്പറ്റി ചോദിച്ചു : കോളിൻ വിൽസൻ അങ്ങനെ പലതും പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി.
വാക്കുകളുടെ സൂക്ഷ്മമായ പ്രയോഗത്തെപ്പറ്റി അപ്പനു നല്ല ബോധ്യമുണ്ടായിരുന്നു.  വിമർശനമാണെങ്കിൽപോലും അപ്പനെഴുതിയ വാക്കും വാക്യവും  മാറ്റിയെഴുതിയാൽ അതിന്റെ ഭാവവും ഗതിവേഗവും ലാവണ്യവും പൊയ്പോകും.  ശ്രീകുമാരൻ തമ്പിയുടെ അനുസ്മരണത്തിൽ അപ്പൻ കഥയെഴുതിയ കാര്യം പറയുന്നുണ്ട്. അക്കാര്യം അപ്പൻ മറ്റൊരിടത്തും സൂചിപ്പിച്ചിട്ടില്ല. സ്വയം തിരുത്തിരിക്കണം. തോമസ് ഹാർഡിയുടെ ടെസ്സിനെപ്പറ്റി എഴുതിയ ആദ്യലേഖനത്തെപ്പറ്റി എന്നാൽ നല്ല ഓർമ്മയുമാണ്. ശ്രീകുമാരൻ തമ്പിയുടെ വിവരണം വായിച്ചപ്പോൾ സിനിമയുമായുള്ള അപ്പന്റെ ബന്ധത്തെപ്പറ്റിയാണ് ആലോചിച്ചത്. സിനിമയെക്കുറിച്ച് അപ്പൻ എഴുതിയിട്ടില്ല. 1994 ൽ കുങ്കുമത്തിലെ അനിലാൽ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തപ്പറ്റി ചോദിക്കുമ്പോൾ കോസിൻസ്കിയുടെ ദ പെയിന്റഡ് ബേർഡ് എന്ന മനോഹരമായ നോവൽ അടുത്തകാലത്ത് വായിച്ചതിനെപ്പറ്റി പറയുന്നുണ്ട്. ആ പുസ്തകത്തെ ആസ്പദമാക്കി വക്ലാവ് മർഹോൾ  സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ വർഷമാണല്ലോ പുറത്തിറങ്ങിയത്. എന്നാലും എനിക്കിഷ്ടപ്പെട്ടത് സി പി ശ്രീധരനെപ്പറ്റി പറയുന്ന പരിഹാസത്തിനിടയിലെ ആ വാക്യമാണ്.. "എന്നാൽ ചെറിയ കുഴപ്പമുണ്ട്."  - ഇതല്ലേ ലൂസിഫറിൽ മോഹൻ ലാലു വർമ്മസ്സാറായ സായികുമാറിനോട് പറയുന്നത് !

 വിമർശകനായ കെ പി അപ്പൻ തന്റെ കാവ്യ/സാഹിത്യ നയം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തു വന്ന തിരസ്കാരം എന്ന പുസ്തകത്തിലെ എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്ന ലേഖനത്തിനും (ആ ആശയത്തിനും) ബാർത്തിന്റെ 'എഴുത്തുകാരന്റെ/രിയുടെ മരണത്തെ' കുറിച്ചെഴുതിയ 'ഗ്രന്ഥകാരന്റെ മരണത്തെക്കുറിച്ച് ചില ഖണ്ഡികകൾ' എന്ന ലേഖനത്തിനും ബി രാജീവൻ മറുപടി എഴുതിയിട്ടുണ്ട്. അപ്പന്റെ 'കലാപം വിവാദം വിലയിരുത്തൽ' എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പിൽ രണ്ടാമത്തെ ലേഖനത്തിനു താഴെ അടിക്കുറിപ്പായി, 'ഈ ലേഖനത്തിന് അപ്പന്റെ അനീതികൾ എന്ന പേരിൽ ബി രാജീവൻ ഒരു പ്രതികരണമെഴുതിയിട്ടുണ്ട് ' എന്നു കൊടുത്തിട്ടുണ്ട്. അത് 18 ഒക്ടോബർ, 1987 ലെ കലാകൗമുദിയിലാണ്. സ്വാതന്ത്ര്യത്തിന്റെ സമഗ്രത, ഗ്രന്ഥകാരന്റെ മരണം എന്നീ പേരുകളിലാണ് ഈ ലേഖനങ്ങൾ 1991 ൽ ഇറങ്ങിയ 'ജനനിബിഡമായ ദന്തഗോപുരം' എന്ന പുസ്തകത്തിൽ കൊടുത്തിരിക്കുന്നത്. അതിൽ പക്ഷേ ഗ്രന്ഥകാരന്റെ മരണം എന്ന ലേഖനത്തിന്റെ രചനകാലമായി കൊടുത്തിരിക്കുന്നത് 1989 ആണ്. കലാകൗമുദി ലേഖനത്തിനും പുസ്തകത്തിലെ ലേഖനത്തിനും ഇടയ്ക്കുള്ള രണ്ടു വർഷം  എങ്ങനെ നഷ്ടപ്പെട്ടു എന്നറിയില്ല. ഒരു വിഷയത്തെപ്പറ്റി രണ്ട് ലേഖനങ്ങൾക്ക് പ്രസക്തിയില്ലാത്തതിനാൽ ആദ്യത്തേത് പുതുക്കിയതാവാനാണ് സാധ്യത.

സുകുമാർ അഴീക്കോടിന്റെ പുസ്തകങ്ങളെ വിമർശിക്കുന്ന ഒരു ലേഖനത്തിൽ (എല്ലാം തുറന്നു പറയുന്നത് ഫലിതമാണ്) അപ്പൻ, ദരീദയെ വേണ്ടപോലെ മനസിലാക്കിയ ആളല്ല സുകുമാർ അഴീക്കോടെന്ന് പറയുന്നത് 'എങ്ങും തൊടാതെ നിൽക്കുന്ന ചില വരികൾ അദ്ദേഹം എഴുതി വച്ചിരിക്കുന്നു, അത് ദരീദയെപ്പോലുള്ളവരുടെ സാഹിത്യദർശനവും തനിക്ക് വശമാണെന്ന്  കാണിക്കുവാൻ വേണ്ടി നടത്തുന്ന തലപ്പാവ് പ്രദർശനം ബുദ്ധിയുള്ളവർക്ക് പെട്ടെന്ന് മനസ്സിലാവും എന്നു വ്യക്തമാക്കികൊണ്ടാണ്. പ്രൊഫ. അഴീക്കോടിന്റെ തലപ്പാവ് തെറിച്ചു പോകും വിധം അടിതെറ്റി വീഴുന്നത്, ദറിദയെ നന്നായി മനസിലാക്കിയ പാശ്ചാത്യ ചിന്തകൻ എന്ന നിലയിൽ അംബ്രാസിനെ അവതരിപ്പിക്കുമ്പോഴാണെന്നും പറയുന്നു. ദെറീദയെ അംബ്രാസിനു മനസിലായിട്ടില്ലെന്ന് പ്രസിദ്ധമാണ്.  റൈറ്റിങ് ടെക്സ്റ്റ് തുടങ്ങിയ സംജ്ഞകളെ  തെറ്റായി വ്യാഖ്യാനിച്ചു എന്ന് ആരോപണമുള്ള അംബ്രാസിനെ ദറീദയെ വ്യാഖ്യാനിക്കാൻ സഹായിയാക്കിയപ്പോൾ "ഉപ്പുപാവയെ നദികടക്കാൻ കൂട്ടു പിടിച്ച ഒരാളെപ്പോലെയായി തീർന്നു സുകുമാർ അഴീക്കോട് " എന്നാണ് അപ്പന്റെ ഉപമ. പ്രായോഗിക വിമർശനത്തിന്റെ ആളായ റിച്ചാർഡ്സിനെയും ജീവചരിത്രവിമർശകനായ സാങ്ബോയെയും ഒരേ സ്വഭാവമുള്ള വിമർശകരായി കാണുന്ന സുകുമാറിൽനിന്ന് സമചിത്തത പൂർണ്ണമായും ഒഴിഞ്ഞു പോയിരിക്കുന്നു എന്നും അത് നല്ല വായനക്കാരനു ഹാസ്യത്തിന്റെ നുര നിറഞ്ഞ വീഞ്ഞു കുപ്പികൾ സമ്മാനിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്. ഇതിലെ ബാക്കിയെല്ലാം വിട്ട് സമചിത്തതയുടെ കാര്യം മറ്റൊരു രീതിയിൽ മറ്റൊരിടത്ത്  അവതരിപ്പിച്ചതിനാണ് മോഹൻ ലാലുവിനെതിരെ സുകുമാർ അഴീക്കോട് മാനനഷ്ടക്കേസു കൊടുത്തത്..

സുകുമാർ അഴീക്കോടിനുണ്ടായി എന്ന് അപ്പൻ വിമർശിക്കുന്ന അബദ്ധത്തിന്റെ മറ്റൊരു വശമാണ് ബി രാജീവൻ അപ്പന്റെ ബാർത്ത് വായനയിൽ ആരോപിക്കുന്നത്. വർക്കും (കൃതി) ടെക്സ്റ്റും (പാഠം) രണ്ടാണെന്ന് അപ്പനും സമ്മതിക്കുന്നുണ്ട്. എഴുത്തുകാരൻ മരിക്കുന്നതോടെ ജീവചരിത്ര നിരൂപണം മരിക്കുന്നു.. അതിന്റെ കർത്താവായ സാങ്ബോ മരിക്കുന്നു. (അങ്ങനെ മൊത്തം മൂന്നു മരണങ്ങൾ..) എന്ന പ്രസ്താവനയെയാണ് ബി രാജീവൻ ആദ്യം എതിർക്കുന്നത്. പക്ഷേ അത് അപ്പന്റെ ബുദ്ധിപരമായ  തമാശയാണ്. സാമൂഹിക ജ്ഞാന നിർമ്മിതിയെ എതിർക്കുന്ന അലൻ ഡേവിഡ് സോക്കൽ, എല്ലാം വ്യവഹാരങ്ങളാണ് സൃഷ്ടിക്കുന്നതെങ്കിൽ നിങ്ങൾക്ക് പത്താം നിലയിൽ നിന്ന് ചാടാമോ എന്നു ചോദിക്കുന്നുണ്ടല്ലോ, ( സുനിൽ പി ഇളയിടത്തിന്റെ ബ്രൂണോ ലാത്വായെപ്പറ്റിയുള്ള പ്രഭാഷണം ) അതുപോലെയൊന്ന്. സാമൂഹിക ജ്ഞാനനിർമ്മിതിക്കാർ അത്തരം വ്യവഹാരങ്ങളല്ല ഉദ്ദേശിച്ചതെന്ന അറിയാൻ വയ്യാതെയായിരിക്കുമോ സോക്കൽ അങ്ങനെ ചോദിച്ചത്? ഡയോജനിസ് കോഴിയുടെ ചിറകു വെട്ടിക്കളഞ്ഞ് തെരുവിലൂടെ ഇതാ പ്ലേറ്റോയുടെ മനുഷ്യൻ എന്നു പറഞ്ഞ് നടത്തിച്ചത്? (മാൻ ഈസ് വിംഗ്‌ലെസ് ഡിപ്ഡ് എന്ന് പ്ലേറ്റോപറഞ്ഞതിനെ വിമർശിക്കാൻ). എഴുത്തുകാരനും ആഖ്യാതാവും രണ്ടാണ്.. ഈ ആഖ്യാതാവ് ( നരേറ്റർ) ന്യൂ ക്രിട്ടിസിസത്തിന്റെ സ്വന്തം ആളാണ്. വളച്ചൊടിക്കലിലൂടെ  അപ്പൻ  ഘടനാവാദാനന്തര ചിന്തയുടെ വക്താവായ  റൊളാങ് ബാർത്തിനെ പരസ്പര വിരുദ്ധമായ ന്യൂ ക്രിട്ടിസത്തിന്റെ ആളാക്കിയെന്നാണ് ബി രാജീവന്റെ രണ്ടാമത്തെ ആരോപണം. പാഠം എന്ന പരികല്പനയ്ക്ക് അപ്പൻ,  കൃതിയുടെ ലിഖിതരൂപം എന്ന അർത്ഥം നൽകി ലളിതവത്കരിച്ചു എന്നതാണ് മൂന്നാമത്തെ വിമർശനം. എഴുത്തുകാരൻ മരിച്ചെങ്കിൽ പിന്നെ എഴുത്തുകാരന്റെ മരണം എഴുതിയ ബാർത്തിനെപ്പറ്റി നമ്മൾ പറയുന്നതെങ്ങനെ എന്ന ആർക്കും പെട്ടെന്നു മനസ്സിലാവുന്ന ഒരു സാമാന്യയുക്തിയെ കേന്ദ്രസ്ഥാനത്തുനിർത്തിയാണ് അപ്പൻ സംസാരിക്കുന്നത്. ആത്മകഥ പോലും യഥാർത്ഥ ജീവിതത്തിൽനിന്നു വരുന്ന കഥയല്ല,   കഥാരൂപത്തിൽ എഴുതാൻ വേണ്ടി സ്വരുക്കൂട്ടിയ മറ്റൊരു കഥയാണ്.  ഇങ്ങനെയാണ്  വ്യവഹാരരൂപങ്ങളിൽ രൂപപ്പെടുന്ന പാഠത്തെക്കുറിച്ച് രാജീവൻ വ്യക്തമാക്കുന്നത്. ആ വാസ്തവം  മനസ്സിലാക്കാത്ത ആളായിരിക്കുമോ അപ്പൻ? ഒന്നാലോചിച്ചാൽ ബാർത്തിന്റെ കൃതി മറ്റൊരു പ്രദേശത്തുണ്ടാക്കിയ പാഠവുമായിട്ടല്ലേ അപ്പൻ സംവദിച്ചത്?  ആ സിദ്ധാന്തം വച്ചു നോക്കിയാൽ ശരിയല്ലേ? അപ്പോൽ മറ്റൊരു പാഠവായനയാണല്ലോ ബി രാജീവൻ നടത്തുന്നത്. അതും ശരിയാണല്ലോ.. ( ആകെ കുഴപ്പം തന്നെ)

അപ്പനെപ്പോലെ എതിരാളികളെ നേരിടാൻ കമ്പിനു കമ്പിനു ഉപമകളുടെ ചുറ്റികപ്രയോഗമൊന്നും ബി രാജീവൻ നടത്തുന്നില്ല.. പക്ഷേ ആകെ ആ ലേഖനത്തിൽ ഒരടിയും ഒരു ചവിട്ടും മാത്രമാണുള്ളത് : "അടകല്ലും ചുറ്റികയും ചവണയും ഉപകരണങ്ങളായുള്ള ഒരു കൊല്ലന് അയാൾ എത്ര പ്രതിഭാശാലിയായാലും ഒരു ഇലക്ട്രോണിക് സൂക്ഷ്മോപകരണത്തിനുമേൽ പണി ചെയ്യാനാവിലല്ലോ.. "

ആസന്നഭൂതകാലത്തെ കലവറയില്ലാതെ ആക്രമിച്ചുകൊണ്ട് നവീനം നവീനം എന്നു പറഞ്ഞുകൊണ്ടിരുന്ന അപ്പനെ ഒരു ഉപമകൊണ്ട് ബി രാജീവൻ പഴയകാലത്തെ കൊല്ലനാക്കി മാറ്റി! കയ്യിലിരിക്കുന്ന ഉപകരണങ്ങൾ പഴഞ്ചനും... എല്ലാ വിമർശകർക്കും ആറ്റിക്കുറിക്കി മറുപടികൊടുക്കുന്ന അപ്പൻ തന്റെ പുസ്തകത്തിലെ തന്റെ ലേഖനത്തിനു താഴെ ബി രാജീവൻ ഒരു വിമർശനം എഴുതിയിട്ടുണ്ടെന്ന് കൊല്ലം തീയതി വച്ച് കുറിച്ചിട്ടുണ്ടല്ലോ. അതും കൂടി ചേർന്നാലേ ഇതു പൂർത്തിയാവൂ എന്നദ്ദേഹത്തിനു തോന്നിയിരിക്കണം.
മറ്റൊന്ന് റൊളാങ് ബാർത്തിനെ ഘടനാവാദിയെന്ന (സ്ട്രക്ച്ചറലിസ്റ്റ്) നിലയിലാണ് അപ്പൻ അവതരിപ്പിക്കുന്നത്. ബി രാജീവൻ ഘടനാനന്തരവാദിയെന്ന നിലയിലും ( പോസ്റ്റ് സ്ട്രക്ച്ചറലിസ്റ്റ്) അതൊരു ചെറിയ വ്യത്യാസമല്ല!

(*അപ്പന്റെ തന്നെ പ്രയോഗങ്ങൾ)