January 28, 2010
ചേന നടേണ്ടതെങ്ങനെ?
“വീട്ടിൽ ചേന നടുന്നത് വെളുത്തവാവ് ദിവസമാണ്. എറ്റവും ഇളയവൻ ഞാനാണ്. ചേന നടുമ്പോൾ രസകരമായ ഒരു സംഭവം ഉണ്ട്. രാത്രിയിലാണ് ചേന നടുന്നത്. വിത്ത് നാലായി മുറിച്ച് ചാണകം പൊതിഞ്ഞ് ഉണക്കാൻ വെക്കും. എന്നിട്ടാണ് നടുന്നത്. രാസവളമൊന്നും ഉപയോഗിക്കില്ല. എന്നെ തുണിയില്ലാതെ നിർത്തിയാണ് ചേന നടുന്നത്. തുണിയില്ലതെ നിൽക്കുന്ന എന്റെ കൈയിൽ ചേന തരും. എന്നിട്ട് എന്നോട് ചേന ചന്ദ്രനെ കാണിക്കാൻ പറയും. ഞാൻ അങ്ങനെ ചെയ്യും. ” - സലിംകുമാർ, മാതൃഭൂമി ആഴ്ചപ്പതിപ്പ്.
തന്റെ വാദം സമർത്ഥിക്കാൻ ആശയങ്ങൾകൊണ്ട് ഒരു എതിർരൂപത്തെ ഉണ്ടാക്കുകയും അതിനെ യുക്തികൾ കൊണ്ട് തലങ്ങും വിലങ്ങും തല്ലി തറ പറ്റിക്കുകയും ചെയ്യുക എന്നൊരു വിദ്യയുണ്ട്, വിവാദങ്ങളിൽ. അനായാസം ആർക്കും ചെയ്യാവുന്ന അഭ്യാസണിത്. അതാണ് ഭൂമി മലയാളത്തിൽ കൂടുതലും നടക്കുന്നതും. അതല്ല, ശരിയായൊരു വിതണ്ഡതയാണ് ഉദ്ദേശ്യമെങ്കിൽ പണി ചിലപ്പോൾ പാളും. സമരരംഗത്തിറങ്ങി നിൽക്കാൻ ആയുധങ്ങൾ വേണ്ടേ? ജന്മായത്തമായി കിട്ടിയ കായക്ഷീണം എന്തിനെങ്കിലും സമ്മതിക്കുമോ? ചരിത്രം അറിയണ്ടേ? വസ്തുതകളെ കാലക്രമത്തിൽ നിരത്തണ്ടേ? അവയ്ക്കെല്ലാം അക്കമിട്ട് യോജിച്ച എതിർ യുക്തികൾ കണ്ടെത്തണ്ടേ? ഇതുവരെയുള്ളവയ്ക്കല്ല, ഇനി വന്നേയ്ക്കാവുന്ന വാദങ്ങളുടെ മുനയൊടിക്കാൻ തക്കവണ്ണമുള്ള വെടലചിരി വേണ്ടേ? ഒന്നും വേണ്ട ഒരു നിഴൽ യുദ്ധത്തിന്. ‘ദേ ഒരു ഭീകര രൂപം..’ എന്നു വിളിച്ചു പറഞ്ഞിട്ട് ഉറുമി വീശുന്നതായി അഭിനയിച്ചാൽ മതി. ആയുധം കൈയ്യിലില്ലാത്തോനും അക്കിലീസാവാം.
താത്കാലികമായ ഭൂതകാലങ്ങൾ എടുത്തു വച്ചാണ് നമ്മുടെ പ്രധാനപ്പെട്ട പല തർക്കങ്ങളും അരങ്ങേറി തിമിർത്താടുന്നത്. ചരിത്രത്തെക്കുറിച്ചു പറയാറുള്ളതുപോലെ ഭൂതകാലവും ഭാവനാത്മകമായ ഒരു പുനഃസൃഷ്ടിയാണ്. ഓർമ്മകൾ ഓടിക്കളിക്കുന്ന തിരുമുറ്റം. മസ്തിഷ്കസാദം നിമിത്തം ശേഷിച്ചതും കൈയെത്തുന്നതുമായ ഓർമ്മകളേ ഭൂതകാലവും പിന്നെ ചരിത്രവുമാവൂ. നമുക്കാവശ്യമായത് മാത്രം പരതിയെടുത്തു നിർമ്മിക്കുന്ന കലാസൃഷ്ടിയായി ചരിത്രത്തെ കാണണമെന്ന് ശക്തമായി വാദിച്ചവർ അങ്ങോട്ടാണ് കണ്ണയച്ചത്. ട്രെവലിയനെപ്പോലുള്ളവർ. അസ്ഥിരമായ സ്വഭാവവിശേഷങ്ങളും മനോഭാവങ്ങളും മുഖമുദ്രയാക്കിയ മനുഷ്യനെയും അവന്റെ ഭൂതകാലങ്ങളെയും പഠനവിഷയമാക്കുന്ന ശാഖയിൽ ശാസ്ത്രീയതയേക്കാൾ കലാപരതയായിരിക്കില്ലേ, മുന്നിട്ടു നിൽക്കുക എന്നാണ് വാദം. വസ്തുതാശേഖരണത്തിൽ എന്തു ആത്മനിഷ്ഠയാണെന്ന് ചോദിക്കാം. അവയുടെ തെരെഞ്ഞെടുപ്പിൽ മമതാബന്ധത്തിനു കുടിയേറി പാർപ്പുറപ്പിക്കാമല്ലോ. അടുത്തപടിയായ അവയുടെ വ്യാഖ്യാനത്തിൽ ആത്മനിഷ്ഠത കടന്നു വരും. പി കെ ബാലകൃഷ്ണൻ, നൂറ്റാണ്ടുയുദ്ധത്തിന്റെ (ചേര ചോളയുദ്ധം)മാപ്പെടുത്തു വച്ചിട്ട് ഇളംകുളം കുഞ്ഞൻപിള്ളയെ കുത്തിയത് ‘തെളിവില്ലായ്മയുടെ കഷണ്ടിയിൽ കവിത കൊണ്ടൊരു ചരിത്രരചന’ എന്നും പറഞ്ഞാണ്. കേരളോത്പത്തിയും(അജ്ഞാതകർതൃകം) കേരളവും (കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ) കേരളത്തിന്റെ ആദ്യത്തെ ആധികാരിക ചരിത്രം എന്നു പറയപ്പെടുന്ന അറബിഭാഷയിലെഴുതിയ തുഹ്‌ഫത്തുൽ മുജാഹിദീനും (ശൈഖ് സൈനുദീൻ) ആത്മനിഷ്ഠ ചരിത്രങ്ങളാണ്. ( അപ്പോൾ നമ്മൾ തുടക്കത്തിലേ ഇങ്ങനെ തന്നെയല്ലേ എന്നൊരു ന്യായം ഉണ്ട്) ചരിത്രം പക്ഷപാതപരവും ഭാഗികവും ആണെന്നും പറഞ്ഞാണ് ഉത്തരാധുനിക കാലം നവചരിത്രവാദമായി രംഗത്തെത്തിയത്. ചരിത്രം വസ്തുനിഷ്ഠമേയല്ല. ചരിത്രവാദത്തിന്റെ (ഹിസ്റ്റോറിസിസം) പ്രധാനസ്വഭാവമായ പഴമയോടുള്ള ആദരവിനെ, മനുഷ്യൻ എല്ലായിടത്തും ഒന്നാണെന്നും ഒരുപോലെയാണെന്നുമുള്ള എന്ന ചിന്തയെപ്പോലെ തന്നെ നവചരിത്രവാദം (ന്യൂ ഹിസ്റ്റോറിസിസം) തള്ളിക്കളഞ്ഞു. ചരിത്രത്തിൽ ആധുനികത തള്ളിക്കയറി വന്ന കാലത്ത് ചിന്തകന്മാർ പറഞ്ഞിരുന്നു, വർത്തമാനകാലത്തിന്റെ പ്രശ്നങ്ങളെ നിർദ്ധാരണം ചെയ്യാൻ വേണ്ടിയായിരിക്കണം ചരിത്രത്തെ ഉപയോഗിക്കേണ്ടത് എന്ന്. നവചരിത്രവാദം കുറച്ചുകൂടി മുന്നോട്ടു പോയി. ദൈനംദിന ജീവിതവ്യാപാരങ്ങളുടെ വിശകലനമാണ് ചരിത്രം ചെയ്യേണ്ടതെന്നും പാരമ്പര്യ ചരിത്രാഖ്യാനങ്ങൾ പുറംതള്ളുന്ന വിഭാഗങ്ങൾക്കാണ് സൂക്ഷ്മരാഷ്ട്രീയത്തിൽ സവിശേഷമായ സ്ഥാനമുള്ളതെന്നും ഉറപ്പിച്ചു പറഞ്ഞു.
ഇനി നമുക്ക് പയ്യന്നൂർ സംഭവത്തിലേയ്ക്ക് പോകാം. അവിടെ ഏറ്റു മുട്ടിയത് സത്യത്തിൽ ഒരേ ഭൂതകാലത്തെക്കുറിച്ചുള്ള രണ്ടു തരം നിർമ്മിതികളാണ്. പഴയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവുകാലജീവിതത്തെപ്പറ്റിയുള്ള രണ്ടു ‘ഭാവനാത്മക’ നിർമ്മിതികൾ. രാജ്മോഹൻ ഉണ്ണിത്താനെതിരെ മഞ്ചേരിയിൽ നടന്ന കൈയേറ്റം ശരിയായിരുന്നില്ലെന്ന് സ്ഥാപിക്കാൻ സക്കറിയ പോയത് ഒരു പ്രത്യേക ഭൂതകാലത്തിലേയ്ക്കാണ്. പതിനൊന്നാം നൂറ്റാണ്ടിലെ വൈശികതന്ത്രത്തെ അതിനു ശേഷമുണ്ടായ ചന്ദ്രോത്സവത്തെയൊക്കെ തെളിവായി (ഡാറ്റകളായി) സ്വീകരിക്കാമെങ്കിൽ ഭൂമി മലയാളത്തിന്റെ മേൽത്തട്ട് സംബന്ധവും പുടകൊടയുമൊക്കെയായി ഭേദപ്പെട്ട രീതിയിൽ (കുറ്റബോധം തീരെയില്ലാതെ) തന്നെ ലൈംഗികമായ സ്വാതന്ത്ര്യം അനുഭവിച്ചവരാണ്. കുഞ്ഞിരാമൻ നായർക്ക് ‘അച്ഛ’നെന്ന വിളി സഹിക്കാൻ പറ്റുമായിരുന്നില്ല. (പിയുടെ പ്രണയപാപങ്ങൾ) യുഗപുരുഷനായ വി ടിഭട്ടതിരിപ്പാടിന് ശ്രീദേവിയെ വിവാഹം കഴിക്കുന്നതിനു മുൻപ് മാധവിക്കുട്ടി വാരസ്യാരുമായി സംബന്ധമുണ്ടായിരുന്നു. അതിനും മുൻപത്തെ പ്രണയ(ശാരീരിക) ബന്ധത്തിന്റെ കഥ കണ്ണീരും കിനാവിലുമുണ്ട്. തൊട്ടെടുക്കാവുന്ന രീതിയിൽ മലയാളിജീവിതത്തിന്റെ വാസനാപ്രകൃതം വ്യക്തമായിരുന്നിട്ടും സക്കറിയ, സാഹിതീയഭൂതകാലത്തെ തൊടാതെ രാഷ്ട്രീയ ഒളിവുജീവിതങ്ങളിലേയ്ക്ക് പോയതിന് കാരണം സാമൂഹികപ്രവർത്തനവും ലൈംഗികസ്വാതന്ത്ര്യവും എന്ന സമവാക്യത്തെ സാധൂകരിക്കാനായിരുന്നു. തനിക്കു മെച്ചപ്പെട്ടതെന്നു തോന്നിയ സാമൂഹിക ജീവിതത്തിന്റെ ഒരു കഷ്ണത്തെ മുറിച്ചെടുത്തു വച്ചുകൊണ്ടാണ് സക്കറിയ പ്രസംഗിച്ചത്. പക്ഷേ അദ്ദേഹം പറഞ്ഞതല്ല ‘ജനം’ കേട്ടത്. കാരണം ആസന്നമായ ഭൂതകാല നിർമ്മിതിയ്ക്ക് സക്കറിയ ഉപാദാനമാക്കിയ അതേ വസ്തുതകളെ മറ്റൊരു ഭൂതകാലനിർമ്മിതിയ്ക്ക് ഉപയോഗിച്ചവരാണ് സക്കറിയയ്ക്ക് എതിർ വന്നത്. അവരെ സംബന്ധിച്ചിടത്തോളം ഒളിവുജീവിതം നൈഷ്ഠികമായ വ്രതാനുഷ്ഠാനത്തിന്റെ വിശുദ്ധിയുള്ളതാണ്. വിട്ടുവീഴ്ചയില്ലാത്തതും പ്രതിജ്ഞാബദ്ധവുമായ സാഹസികവുമായ സാമൂഹികപ്രവർത്തനത്തിൽ ലൈംഗികത തെറിക്കില്ല. (ഗാന്ധിജി ഇത്തരം വ്രതാനുഷ്ഠാനത്തിൽ വിശ്വസിച്ച വ്യക്തിയായിരുന്നു. സന്തതിയുത്പാദനത്തിനുമാത്രമുള്ള ലൈംഗികതയിലെ നിഷ്ഠ കുറെ ഗാന്ധിയന്മാരുടെ ജീവിതത്തെ പരോക്ഷമായി ഹിംസാത്മകമാക്കിയിട്ടുണ്ട്, പിൽക്കാലത്തും) ഇത് തീർത്തും മതപരമാണ്. ഡി വൈ എഫ് ഐ പ്രവർത്തകരെ ന്യായീകരിച്ചുകൊണ്ട് പിണറായി വിജയൻ ശംഖുംമുഖത്ത് ചെയ്ത പ്രസംഗത്തിൽ വിശുദ്ധമായ‘മത’പരാമർശങ്ങൾ വന്നത് അതുകൊണ്ടു തികച്ചും സ്വാഭാവികമാണ്. ഒരു ആശയം എവിടുന്ന് ജീവനജലം സ്വീകരിക്കുന്നുവോ അതിനോടുള്ള കടപ്പാട് അബോധതലത്തിൽ വ്യക്തമാക്കിക്കൊണ്ടിരിക്കും. (ക്രിസ്ത്യാനികളുടെ അടുത്തുപോയി യേശുവിനേയോ മുസ്ലീങ്ങളുടെ അടുത്തു ചെന്ന് അല്ലാഹുവിനേയോ വിമർശിക്കാൻ പാടില്ലെന്ന പരാമർശം) സക്കറിയ അവതരിപ്പിച്ച ഭൂതകാലം ആദർശാത്മകമായ പുനർനിർമ്മിതി ആയിരിക്കുന്നതുപോലെ പാർട്ടി പ്രവർത്തകരുടെ ആവേശവും ഭാവനാത്മകവും അതേപ്പോലെ ആദർശാത്മകവുമായ ഭൂതകാലത്തിനു വേണ്ടിയായിരുന്നു. (ഇത് കുറച്ചുക്കൊടി വ്യക്തമാവാൻ സക്കറിയയുടെ ഉദാഹരണങ്ങളും അശോകൻ ചരിവിൽ അതീവ ഘടനാവൈദഗ്ദ്ധ്യത്തോടെ സക്കറിയയ്ക്കെതിരെ മാധ്യമത്തിലെഴുതിയ ലേഖനത്തിലെ പേരുകളും ശ്രദ്ധിച്ചാൽ മതി) ഇതിലേതാണ് ശരി?
ശരി അറിയാൻ ജാഥ(കളിൽ)യിൽ നിന്ന് പുറത്തിറങ്ങണം. രണ്ടു പക്ഷത്തും ഉദാഹരണങ്ങൾ നുള്ളിപ്പെറുക്കുക പ്രയാസമാണ്. അവ ഉണ്ടെങ്കിൽ തന്നെ തുച്ഛമാണ്. രാഷ്ട്രീയനേതാക്കളുടെ ഒളിവുജീവിതത്തിലേയ്ക്കു് വസ്തുനിഷ്ഠവും വസ്തുതാപരവുമായ ചുഴിഞ്ഞു നോട്ടത്തിനു സഹായിക്കുന്ന അന്തരീക്ഷം എന്തായാലും കേരളത്തിലെ രാഷ്ട്രീയജീവിതം സർവാത്മനാ ചരിത്രത്തിന് പണിഞ്ഞു കൊടുക്കില്ല. അപ്പോൾ റിസ്കെടുക്കാൻ വയ്യാതെ ഒരാൾക്കും അതു കിട്ടാൻ പോകുന്നില്ല. അപ്പോൾ ഭാവന മൂടൽമഞ്ഞു കൊണ്ട് ആശയങ്ങൾ ഉണ്ടാക്കും. എന്നാലും സക്കറിയ പുതുതലമുറയ്ക്ക് അതിന്റെ ഭാവനാത്മക ഭൂതകാലത്തെ പുനർ നിർമ്മിച്ചുകൊടുത്തതിന്റെ ഒരർത്ഥം സാമൂഹികപരിഷ്കരണമാണ്. നിങ്ങളുടെ ഭൂതകാലം ഇങ്ങനെ അല്ലായിരുന്നു എന്നും കേരളത്തിന്റെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്ന് ലൈംഗികമായ യാഥാസ്ഥിതികത്വത്തിന്റെ തകർച്ചയാണെന്നും (ലൈംഗികതയെ നിയന്ത്രിക്കുക എന്നാൽ അധികാരം കൈയാളുക എന്നർത്ഥമുണ്ട്. അധികാരവും അതിന്റെ രൂപങ്ങളും അവയുടെ പരസ്പരബന്ധവും ആണ്, ഉത്തരാധുനികമായ ചിന്തകളുടെ എന്ന പോലെ നവചരിത്രവാദത്തിന്റെയും കാതൽ) അതും കൂടി ചേരുമ്പോഴേ സമൂഹത്തിന്റെ ‘ഉറച്ചിരിപ്പിന്’ ഇളക്കം വയ്ക്കൂ എന്നും ധ്വനി ഭംഗിയിൽ സൂചിപ്പിക്കുകയായിരുന്നു സക്കറിയ. വിരുദ്ധമായ പ്രവൃത്തി നിങ്ങളിൽ നിന്നു പ്രതീക്ഷിച്ചതല്ലെന്ന നിരാശയായിരുന്നു അതിൽ. ആ വിമർശനത്തിൽ വിരോധമല്ല, ബൌദ്ധികമായ അതിലേറെ വൈകാരികവുമായ ഒരധികാരപ്രകടനമായിരുന്നു ഉണ്ടായിരുന്നത്. (ഇത് സുകുമാർ അഴീക്കോട് മറ്റൊരു തരത്തിൽ വെളിവാക്കി കൊളമായതാണ്. താൻ പാർട്ടിയുടെ സുപ്രീം അഡ്വൈസർ ആണെന്ന് വച്ചടിച്ച മാതൃഭൂമി അഭിമുഖത്തിൽ. പിണറായി തന്റെ അനുജൻ, അച്യുതാനന്ദൻ ചേട്ടൻ. രണ്ടുപേരെയും ശാസിക്കാൻ തനിക്കു സ്വാതന്ത്ര്യമുണ്ടെന്നും അതിൽ പറഞ്ഞു.) എന്നാൽ അണികളെ സംബന്ധിച്ചിടത്തോളം (അത് പയ്യന്നൂരിലെ ഏതാനും പ്രവർത്തകരിൽ മാത്രം ഒതുങ്ങിക്കൂടുന്ന സംഗതിയല്ലെന്ന് പിന്നീടു വരുന്ന ലേഖനങ്ങളും അഭിപ്രായപ്രകടനങ്ങളും തെളിവു തരുന്നു) പൂർവികരായ വിപ്ലവകാരികളുടെ സംശുദ്ധമായ (എന്നു വച്ചാൽ സമകാലികമായ നോട്ടം വച്ച് വിവാഹേതരമായ ലൈംഗികത അവിശുദ്ധിയാണ് !) ഭൂതകാലത്തിന്റെ സംരക്ഷണം പ്രതിച്ഛായയുടെ സംരക്ഷണം ആണ്. ഇത്തരം ഒരു പ്രതിച്ഛായാസംരക്ഷണം സമകാലിക വിവാദങ്ങളിലെല്ലാം നിറഞ്ഞു നിൽപ്പുള്ളത് കണ്ണുള്ളവർക്ക് കാണാം. ലൈംഗികമായ അധികാരാതിർത്തികളെ ലംഘിക്കുക എന്നത് പൊതുസമൂഹത്തെ പ്രത്യക്ഷമായി തന്നെ ബാധിക്കുന്ന കാര്യമാണ്. കക്ഷിരാഷ്ട്രീയത്തിന്റെ,(അതേതു കക്ഷിയായാലും സംഘടനയായാലും..) അതിന്റെ നായകന്മാരുടെ (അവരെത്ര വലിയ ആളുകളായാലും) പ്രതിച്ഛായ സംരക്ഷണം അത്ര തന്നെ പൊതുസമൂഹത്തിന്റെ വേവലാതിയാണോ? അങ്ങനെ ആവേണ്ടതുണ്ടോ, എപ്പോഴെങ്കിലും?
ചില പ്രവൃത്തികളിൽ കാലത്തെ നിർവചിക്കാൻ കഴിയുന്ന തരത്തിലുള്ള സൂക്ഷ്മമായ രാഷ്ട്രീയം സ്ഥിതി ചെയ്യുന്നുണ്ട്. രാഷ്ട്രീയമായ പകപോക്കൽ എന്നൊക്കെയുള്ളത് സ്ഥൂലമായ ലേബലിംഗ് മാത്രമേ ആകുന്നുള്ളൂ. ഉത്തരവാദി ആരായാലും അതിന്റെ പ്രതിലോമകരമായ അനുരണനങ്ങൾ ഠാവട്ടത്തുമാത്രം ഒതുങ്ങി തീരുകയില്ലെന്ന് തിരിച്ചറിയുക എന്ന ആവശ്യമാണ് മുഖ്യം. ദൈനംദിന ജീവിതവ്യാപാരങ്ങൾക്ക് നേരെ ചരിത്രം പാഞ്ഞടുക്കുന്നതിന്റെ ഒരളുക്ക് ആ വഴിയ്ക്കാണ്. ഏതു പുനർനിർമ്മിതിയോടാണ് നമ്മൾ കൂടുതൽ ചാഞ്ഞു നിൽക്കേണ്ടത് എന്ന് അതല്ലേ പറയേണ്ടത്?
January 22, 2010
ഒരു സിസക്കിയന്‍ വൈകുന്നേരത്ത്
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകമാണ് 2009-ലിറങ്ങിയ പുതിയ പുസ്തകത്തിലെ വിശകലന വിഷയം. 2001-ലെ 9/11 എന്ന അമേരിക്കന്‍ ദുരന്തത്തിലാണ് തുടക്കം. 2008 ലെ സാമ്പത്തികമാന്ദ്യത്തില്‍പ്പെട്ട് നട്ടം കറങ്ങി അതങ്ങനെ ഏന്തിയും വലിഞ്ഞും മുന്നേറുകയാണ്. ഈ രണ്ടു സന്ദര്‍ഭങ്ങളിലും ജനങ്ങളെ അഭിസംബോധന ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ബുഷ് ഉപയോഗിച്ച വാക്കുകളിലെ അദ്ഭുതകരമായ സാമ്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സിസക്ക് പുസ്തകം തുടങ്ങുന്നത്. ഹെഗലിന് ഒരു കൂട്ടിച്ചേര്‍പ്പുമായി, ‘ചരിത്രം ആവര്‍ത്തിക്കുന്നു ആദ്യത്തെ തവണ ദുരന്തമായി, അടുത്ത തവണ കോമാളിക്കളിയായി. ഈ ജനുവരി 9-ന് എറണാകുളത്തെ ഇ എം എസ് ടൌണ്‍ ഹാളില്‍ നിന്നു കൊണ്ട് ജലദോഷം പിടിച്ചതുപോലെ മൂക്കു ഇടയ്ക്കിടയ്ക്ക് തുടച്ച്, ശരീരം മൊത്തം ഇളക്കി സിസക് ചോദിച്ചത് ‘wither left’ എന്നാണ്. ‘ഇടതുപക്ഷം ഇല്ലാതായോ? ഉണങ്ങിക്കരിഞ്ഞോ?’ അന്നേദിവസം രാവിലെ നടന്ന സെഷനുകളില്‍ പ്രത്യേകിച്ച് പ്രഭാത് പട്നായിക്കിന്റെ ‘പരിഷ്കരണവാദമോ സോഷ്യലിസമോ’ എന്ന പ്രഭാഷണത്തിനു ശേഷം നടന്ന ചര്‍ച്ചയില്‍ , കൂടുതല്‍ സമയമെടുക്കുന്നതില്‍ അടിയ്ക്കടി ക്ഷമാപണം നടത്തിക്കൊണ്ട് ദേഹം മൊത്തം കുലുക്കി, സകലശക്തിയോടെയും താന്‍ ‘ഇടപെടുക തന്നെയാണെന്ന്’ സദസ്സിനെ മുഴുവന്‍ ബോധ്യപ്പെടുത്തിക്കൊണ്ട് തര്‍ക്കിച്ച സിസക്ക് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്, ‘നമ്മുടെ സമയമാണിനി’ എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ്. നമ്മള്‍ എന്നാല്‍ വിമര്‍ശനാത്മക ഇടതുപക്ഷം. സ്റ്റാലിന്‍ തുടങ്ങിയുള്ള ഭൂതകാല അസ്വസ്ഥതകള്‍ മുഴുവന്‍ എതിര്‍പക്ഷത്തിന്റെ മാത്രം വേദനയാണെന്ന് അദ്ദേഹം സംശയമില്ലാതെ പറഞ്ഞു. പുതിയ പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നു : ക്ഷമാപണങ്ങള്‍ മറ്റേ വശത്തു നിന്നും ആരംഭിച്ചു തുടങ്ങട്ടേ, നമ്മുടെ പക്ഷത്തിന് ഇനി അതിന്റെ ആവശ്യമില്ല. വിശാല-ജനാധിപത്യ ആദര്‍ശാത്മക ഭീഷണികളുടെ കാലം കഴിഞ്ഞിരിക്കുന്നു !
താന്‍ ഒരു ലെനിനിസ്റ്റാണെന്ന് ഉറക്കെപ്രഖ്യാപിക്കുന്ന സിസക്കിന് (എന്നാല്‍ ഇരുപതാം നൂറ്റാണ്ടിലെ കമ്മ്യൂണിസം ചരിത്രത്തിലെ ഏറ്റവും വലിയ വംശീയ രാഷ്ട്രീയ ദുരന്തമാണെന്നും ഫാസിസത്തേക്കാള്‍ അതു ക്രൂരമായിരുന്നെന്നും വിശ്വസിക്കുന്ന സിസക്ക്, വീട്ടില്‍ സ്റ്റാലിന്റെ പടം സ്വീകരണമുറിയില്‍ ചില്ലിട്ടു വച്ചിട്ടുണ്ട്, തന്നെ കാണാന്‍ വരുന്നവരെ ഞെട്ടിക്കാന്‍ ) ഹോളിവുഡും പഥ്യമായതിന് ഒരു കാരണമുണ്ട്. കുഴഞ്ഞുമറിഞ്ഞ രൂപത്തില്‍ സദാ പ്രത്യക്ഷപ്പെടുന്ന യാഥാര്‍ത്ഥ്യത്തെ അമേരിക്കന്‍ സിനിമകള്‍ വാറ്റിയെടുത്ത് അങ്ങനെതന്നെ ഉപയോഗിക്കാവുന്നരീതിയിലാണത്രേ നമുക്കു മുന്നില്‍ വച്ചു തരുന്നത്. സെയിത്സ്മാന്‍മാര്‍ മിണ്ടാത്തതുകൊണ്ട് മറ്റൊരിടത്തും 916 ആയി വാസ്തവങ്ങള്‍ നമുക്കു മുന്നില്‍ പ്രത്യക്ഷമാവുന്നില്ല, ഇതുപോലെ. വാട്ട് ഡിസ്നി കാര്‍ട്ടൂണുകളില്‍ മലയിടുക്കുപോലുള്ള സ്ഥലങ്ങളില്‍ നടന്ന് നടന്ന് വീണുപോകുന്ന കഥാപാത്രങ്ങളെ ഉദാഹരിച്ചുകൊണ്ടാണ് യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. നില്‍ക്കുന്നതു ശൂന്യതയിലായാലും ആ കഥാപാത്രങ്ങള്‍ പിന്നെയും മുന്നോട്ടു നീങ്ങും, വന്നതിന്റെ ആയത്തില്‍ . പിന്നെ താഴേയ്ക്ക് നോക്കി താഴെ താങ്ങാന്‍ ഒന്നുമില്ലെന്ന സത്യം മനസ്സിലാക്കി നടുങ്ങിയിട്ടാണ് ശൂ.. എന്ന് താഴേയ്ക്ക് പോരുന്നത്. ‘ലകാനെക്കുറിച്ച് നിങ്ങള്‍ അറിയാന്‍ ആഗ്രഹിച്ചതെല്ലാം, എന്നാല്‍ ഹിച്ച്കോക്കിനോട് ചോദിക്കാന്‍ വല്ലാതെ ഭയപ്പെട്ടവയും’ എന്നാണ് ഒരു പുസ്തകത്തിന് സിസക്ക് നല്‍കിയ തലക്കെട്ട്. ഫുക്കുയാമയുടെ ‘ചരിത്രത്തിന്റെ അന്ത്യം’ ലോകമെങ്ങുമുള്ള ഇടതുപക്ഷചിന്തകര്‍ രണ്ടാമതൊരു ചിന്തയ്ക്ക് കോപ്പില്ലാത്തത് എന്ന മട്ടില്‍ തള്ളിക്കളയുമ്പോഴും ആ ആശയത്തെ ഭൂരിപക്ഷം ഉള്ളില്‍ കൊണ്ടു നടക്കുന്നുണ്ടെന്നാണ് സിസക്ക് പറയുന്നത്. മാത്രമല്ല കണ്ണടച്ച് സ്വയം തിരിച്ചറിയാതെ അതിനെ പിന്‍ പറ്റുന്നുമുണ്ട്. ലോകനാശത്തെക്കുറിച്ചുള്ള ഹോളിവുഡ് സിനിമകളുടെ ഉത്കണ്ഠകളുടെ നിഴലുകള്‍ നീളം വയ്ക്കുന്നത് അത്തരം വെയിലുകള്‍ കൂടി ഏറ്റിട്ടാണ്. പക്ഷേ സിസക്കിനു സംശയമില്ല. ലോകത്തിന്റെ അന്ത്യമെന്നത് മറ്റെന്തിനെക്കാളും മുതലാളിത്തതിന്റെ അന്ത്യമാണ് അദ്ദേഹത്തിന്. സാമ്പത്തികമാന്ദ്യത്തിനെതിരെ പ്രതിരോധവുമായി മുന്നിട്ടിറങ്ങുന്നവരെ സൂക്ഷിച്ചു നോക്കിയിട്ട് അദ്ദേഹം പറയുന്നു. ഒക്കെ ശരി. പക്ഷേ ഒരു ബദലും മുന്നോട്ടു വയ്ക്കാന്‍ ഇവര്‍ക്കാകുന്നില്ലല്ലോ. കാരണം വ്യക്തമാണ്, മാനുഷികമുഖമുള്ള ആഗോളമുതലാളിത്തതിലാണ് ഭൂരിപക്ഷത്തിന്റെയും താത്പര്യങ്ങള്‍ കിടന്ന് വട്ടം കറങ്ങുന്നത്. എങ്കിലും ലോകത്ത് ആത്യന്തിക വിജയം കമ്മ്യൂണിസത്തിനു തന്നെയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. ഒരടവും ഇല്ലാത്ത ശബ്ദത്തില്‍ . ഇവിടെ വച്ചാണ് വിട്ടുവീഴ്ചയും വച്ചുകെട്ടുമില്ലാത്ത ഇടതുപക്ഷ നിലപാടാണ് സ്ലാവോജ് സിസക്കിന്റേതെന്നു നാം തിരിച്ചറിയുന്നത്. സിസക്ക് പറയുന്നു, “നമ്മുടെ സമയമാണ് വീണ്ടും ആഗതമായിരിക്കുന്നത്.... ”
പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു സംഭവത്തെക്കുറിച്ചുള്ള വേദനിപ്പിക്കുന്ന ഒരു തമാശയുണ്ട്, first as tragedy, then as farce എന്ന പുസ്തകത്തിന്റെ തുടക്കത്തില്‍ . മംഗോളിയര്‍ റഷ്യയെ ആക്രമിച്ചു കീഴടക്കിയ സമയം. ഒരു പാവം കര്‍ഷകനും അയാളുടെ ഭാര്യയും കൂടി പൊടിപിടിച്ച റോഡിലൂടെ നടക്കുന്നത് കുതിരപ്പുറത്തു വന്ന ഒരു മംഗോളിയന്‍ പടയാളി കണ്ടു. കുതിര നിര്‍ത്തി താഴെയിറങ്ങി അയാള്‍ കര്‍ഷകനോട് പറഞ്ഞു, ഞാന്‍ നിന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ പോവുകയാണ്. അത്രയും സമയം എന്റെ വൃഷണങ്ങള്‍ തറയില്‍ കിടന്നിഴഞ്ഞ് പൊടിപറ്റാതെ നോക്കുകയാണ് നിന്റെ ജോലി. മംഗോളിയന്‍ കാര്യം നടത്തി പോയിക്കഴിഞ്ഞ ഉടനെ കര്‍ഷകന്‍ ആര്‍ത്തു വീണു കിടന്ന് ചിരിക്കാന്‍ തുടങ്ങി. മുന്നില്‍ വച്ച് സ്വന്തം ഭാര്യ ഈ വിധം ആക്രമിക്കപ്പെട്ടതിനു ശേഷവും അയാള്‍ക്കെങ്ങനെ ചിരിക്കാന്‍ കഴിയുന്നു എന്ന് സാധു സ്ത്രീ ഭര്‍ത്താവിനോട് ചോദിച്ചു. ‘ നിനക്കറിയില്ല’ അയാള്‍ പറഞ്ഞു.’ഞാനവനെ കുടുക്കി. അവന്റെ ജനനേന്ദ്രിയം മുഴുവന്‍ പൊടിപറ്റി കൊളമായിപ്പോയിട്ടുണ്ട്.’ വിമര്‍ശനവാദവുമായി മുന്നോട്ടു വരുന്നവര്‍ അകപ്പെടുന്ന ആശയക്കുഴപ്പത്തിന് സിസക്ക് ഉദാഹരിച്ചതാണ് ഈ പഴയ തമാശ. ഗൌരവമുള്ള എന്തോ കാര്യവുമായി തങ്ങള്‍ മുന്നോട്ടുപോവുകയാണെന്ന ആത്മാര്‍ത്ഥതയാണവര്‍ക്ക്. ഭരണവര്‍ഗമാവട്ടേ ജനങ്ങളെ ബലാത്സംഗം ചെയ്യുന്നത് തുടരുകയുമാണ്. അവരുടെ വൃഷണങ്ങളെ ചെളിയില്‍ നനക്കുകയല്ലാതെ.....
അനു :
കൂട്ടത്തില്‍ പറയട്ടെ, ഈ തമാശയെ വിമര്‍ശിച്ചുംകൊണ്ടും കൂടിയാണ് ഉഷാസക്കറിയാസ് സിസക്കിന്റെ പ്രഭാഷണത്തിനു ശേഷമുള്ള തര്‍ക്കം തുടങ്ങിയത്. കമ്മ്യൂണിസത്തിന്റെ സ്ത്രീ വിരുദ്ധ, പരിസ്ഥിതി വിരുദ്ധ നിലപാടുകളെയാണ് ഉഷ ഉച്ചയ്ക്കു നടന്ന സെഷനില്‍ ('Left interventions and Self-reflection in Art, Literature and Academic writing') വിമര്‍ശനവിധേയമാക്കിയിരുന്നു. കൊച്ചിന്‍ ലൈഫ് എന്ന സംഘടന ജനുവരി 8, 9 തിയതികളില്‍ ‘ചിന്തയെ പൊതുജനങ്ങളിലേയ്ക്ക് കൊണ്ടുപോവുക’ എന്ന ലക്ഷ്യത്തോടെ നടത്തിയ ദ്വിദിന സെമിനാറില്‍ പങ്കെടുക്കാനാണ് സിസക്ക് സംഘാടകരുടെ ഭാഷയില്‍ ‘സ്ലാവോജ് ഷീഷാക്- വന്നത്. ബാംഗ്ലൂരിലെ ഐടി വ്യവസായം പോലെയുള്ള ആധുനികരീതികളെയും ആഗോളവത്കരണത്തിന്റെ കാലത്തെ വൈരുദ്ധ്യങ്ങള്‍ക്കിടയില്‍ പാരമ്പര്യവഴിയ്ക്കുള്ള ജീവിതങ്ങളുടെ നിലനില്‍പ്പിനെയുംക്കുറിച്ച് അന്വേഷിക്കുകയായിരുന്നു തന്റെ ഇന്ത്യയിലേയ്ക്കുള്ള വരവിന്റെ ലക്ഷ്യം എന്നാണ് സിസക് പറഞ്ഞത്. രണ്ടു ദിവസത്തെ പരിപാടിയില്‍ പങ്കെടുത്തവര്‍ ശശികുമാര്‍ , ദിലീപ് രാജ് (സംഘാടകരായി) സി അയ്യപ്പന്‍ (കഥാകൃത്ത്), അകീല്‍ ബില്‍ഗ്രാമി, ഗെയില്‍ ഓംവെദ്, തേജസ്വിനി നിരജ്ഞന, പ്രഭാത് പട്നായിക്, ഗോപാല്‍ ഗുരു, കുമാര്‍ സഹാനി, അന്നപൂര്‍ണ്ണ ഗരിമെല്ല, ഉഷാ സക്കറിയാസ്, ജാവേദ് അലം എന്നിവര്‍ . കാഴ്ചക്കാരായി രവീന്ദ്രന്‍ , സദാനന്ദമേനോന്‍ , മുരളി നാഗപ്പുഴ, ബാബു ഭരദ്വാജ് ...... അങ്ങനെ കുറെപേര്‍ . മുപ്പതുകളിലെയും നാല്‍പ്പതുകളിലെയും ഇന്ത്യയെ അടയാളപ്പെടുത്തിയ പഴയ ഫോട്ടോഗ്രാഫര്‍ സുനില്‍ ജാനായുടെ 500 -ഓളം ചിത്രങ്ങളെ മള്‍ട്ടി മീഡിയയുടെ സഹായത്തോടെ രാം റഹ്‌മാന്‍ അവതരിപ്പിച്ചതാണ് ആ ദിവസങ്ങളിലെ മറക്കാനാവാത്ത മറ്റൊരു അനുഭവം. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു സുനില്‍ ജാന. സ്വാതന്ത്ര്യപൂര്‍വ- അനന്തര കാലത്തെ പല ചിത്രങ്ങളും ജാനയുടേതെന്നറിയാതെ ഇന്നും നമുക്കിടയിലുണ്ട്. നെഞ്ചില്‍ തൂക്കുന്ന ക്യാമറയുമായി സാധാരണമല്ലാത്ത കാഴ്ചകള്‍ വരും കാലത്തിനായി പാത്തു വച്ച സുനില്‍ ജാന പക്ഷേ ഇപ്പോള്‍ അന്ധനാണ്.
ചിത്രം : തുളസി
January 16, 2010
ഉള്‍ക്കാട്ടിലെ മരങ്ങള്‍
അനില്‍ കുമാര്‍ ടി പി യുടെകവിതയിലൊരിടത്ത് (മരം) കൈക്കണക്കിന്റെ ഗോവണി ഇറങ്ങി വന്നേയ്ക്കാവുന്ന ആശാരിയെപ്പറ്റിയും മരംവെട്ടിയെപ്പറ്റിയും ഒരു പരാമര്‍ശമുണ്ട്. രാത്രിയും പകലും പോലെയുള്ള വ്യത്യാസം ഈ ഇരട്ടകളിലുണ്ട്. ഒന്നുപോലെ ഇരിക്കുമെങ്കിലും ഒരാളല്ല മറ്റേയാള്‍ . അതേ കവിതയുടെ തൊട്ടടുത്തവരിയില്‍ ആ പഴയകഥയിലെ വനദേവത കനകമാണോ വെള്ളിയാണോ ഇരുമ്പാണോ എന്നു തിരിച്ചറിയാന്‍ വയ്യാത്ത ഒരു കോടാലിയുമായി വ്യാകുലമുഖവുമായി നില്‍ക്കുന്നതും കാണാം. കൌതുകകരമായ ഈ കാഴ്ചയില്‍ ചില കാര്യങ്ങളുണ്ട്. ഒന്ന് ഒരു യുക്തിവിചാരമാണ്. മരംവെട്ടിയുടെ പ്രവൃത്തിയില്‍ സംഹാരകത്വമാണുള്ളത്. പച്ചമരങ്ങളെ മുറിച്ചിട്ട് വെട്ടിക്കീറുകയാണല്ലോ അയാള്‍ . വിറക് തീയെരിക്കുന്നതിനു വേണ്ടിയുള്ളതാകയാല്‍ അതിലൊരു ‘ശവ’സംസ്കാരമുണ്ട്. മരംവെട്ടിയ്ക്ക് ആ നിലയ്ക്ക് ഒരു കാര്‍മികത്വവും ഉണ്ട്. മരംവെട്ടിയില്‍ നിന്നും വെട്ടിത്തിരിഞ്ഞ് ആശാരിപ്പണി ചെന്നെത്തുന്നത് സൃഷ്ടിയുടെ വിചിത്രമായ മേഖലയിലാണ്. മരിച്ച മരങ്ങളാണ് തച്ചന്റെയും തട്ടകം. അതില്‍ പ്രകൃതിയെ അയാളുടെ വൈദഗ്ധ്യം പുനരുജ്ജീവിപ്പിക്കുന്നു. ചിന്തേരിട്ട മരക്കഷ്ണങ്ങള്‍ ആശാരിയുടെ മാന്ത്രികപരിചരണങ്ങളാല്‍ ഇമയടയും പോല്‍ തമ്മില്‍ ചേരുന്നു. എണ്ണ കിനിയുന്ന മരപ്പലകകള്‍ ജീവിച്ചിരിക്കുന്നവരുടെ സുരക്ഷിതത്വം തീര്‍പ്പാക്കുന്നു. ആശാരി കൊത്തിയ മുന്തിരിക്കുലകളില്‍ നിന്ന് ജീവിതത്തിലേയ്ക്ക് മധുരം കിനിയുന്ന അനുഭവമുണ്ട്. ഒന്നാലോചിച്ചു നോക്കിയാല്‍ ആ പഴയ വനദേവത സ്വര്‍ണ്ണത്തില്‍ തീര്‍ത്ത കോടാലി നല്‍കിയത് മരം വെട്ടിയ്ക്കു തന്നെയായിരുന്നോ? അയാള്‍ക്കെന്തായിരുന്നു അതിന്റെ ആവശ്യം? കാട്ടാളന്‍ ചിതല്‍പുറ്റിറങ്ങി വാല്മീകി ആയതുപോലെ അയാളില്‍ ഒരു മാറ്റം സംഭവിച്ചിരുന്നുവോ? അതായിരുന്നോ അയാള്‍ക്കു പൊടുന്നനെ കൈവന്ന കുബേരത്വം? ആ കഥയിലെ ആദ്യത്തെയാള്‍ ആശാരിയും രണ്ടാമത്തെ ദുരാഗ്രഹി മരംവെട്ടിയുമായിരുന്നിരിക്കാനല്ലേ കൂടുതല്‍ സാധ്യത? തൂലികയും നാക്കുമൊക്കെ സ്വര്‍ണ്ണമാവുന്നതിന്റെ വിവക്ഷകള്‍ അറിയാവുന്ന നമുക്ക് കോടാലി സ്വര്‍ണ്ണമായതിന്റെ വിവക്ഷകള്‍ പിടി കിട്ടാതെ പോയതാണോ?
മറ്റൊന്നു കൂടി, അനിലിന്റെ തന്നെ മരംകൊത്തി എന്ന കവിതയിലുമുണ്ട് ഒരു മൂത്താശാരി. മരങ്ങളായ മരങ്ങള്‍ മേടി നടക്കുന്നതുകൊണ്ട് അയാള്‍ക്കു കിട്ടിയ വിളിപ്പേരാണ് ‘മരംകൊത്തി’. മരംകൊത്തിയെപ്പറ്റി ഒരമ്മൂമ്മ കഥയുണ്ട്. ഉപ്പന്റെ (ചെമ്പോത്ത്) ഉപ്പും കയറ്റി കച്ചവടത്തിനു പോയ അവന്റെ തോണി കടലില്‍ മുങ്ങിപ്പോയത്രേ. ഒരേക്കല്ലില്‍ ചവിട്ടി രണ്ടു പ്രാവശ്യം വീണു പോകരുതല്ലോ. മുങ്ങാത്ത വള്ളം നിര്‍മ്മിക്കാനുള്ള തടി തേടിയാണ് മരംകൊത്തിപ്പക്ഷി ഇക്കണ്ടമരങ്ങളുടെയൊക്കെ തുഞ്ചവും പോടുമെല്ലാം മേടി പനിച്ച് തളരുന്നത്. പാവം. ഒരിക്കലും നിര്‍മ്മിക്കാനാവാതെ ചോര്‍ന്നുപോയ്ക്കൊണ്ടിരിക്കുന്ന ഭാവിയെ മരംകൊത്തിയില്‍ കെട്ടി വയ്ക്കുകയായിരുന്നു അമ്മൂമ്മ കഥയ്ക്കു പിന്നിലെ ഭാവന. മാറിയിരുന്നാലോചിച്ചാല്‍ ആ പക്ഷി നിതാന്തമായ നൈരാശ്യത്തിന്റെ ഒരു പ്രതീകമാണ്. ഒരു രൂപകം. ഒരിക്കലും തീരാനിടയില്ലാത്ത ഒരു അലച്ചിലിനെ ചുറ്റിപ്പറ്റിയുള്ള ഈ അസംബന്ധ കഥ അതൃപ്തമായ വാസനകള്‍ക്കു പിന്നാലെ ഇറങ്ങി തിരിക്കുന്ന മനുഷ്യമനസ്സെന്ന പ്രഹേളികയെ ഇടം കണ്ണിട്ടു നോക്കുന്നു. തകരാത്ത ഒന്നിനുവേണ്ടിയുള്ള വെമ്പല്‍ മനുഷ്യജീവിവിതത്തെ നിരന്തരം വട്ടം ചുറ്റിപ്പിടിക്കുന്ന നിസ്സഹായതയുടെ ഒരു ചുഴലിയാണ്. അനിലിന്റെ ‘മരംകൊത്തി’, അതിന്റെ ഉള്ളില്‍ ജീവിക്കേണ്ട ജീവിതത്തെപ്പറ്റിയൊരു പ്രതീക്ഷ പാത്തു വച്ചിട്ടുണ്ട്. മകള്‍ പനിമതിയ്ക്കു വാങ്ങാനുള്ള മരുന്നിനെക്കുറിച്ച് ഉത്സവപ്പറമ്പില്‍ അയാള്‍ ഓര്‍ക്കുന്നതിനെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. മകള്‍ക്ക് ‘മധുരമുള്ള’ മരുന്നും വാങ്ങി തിരിച്ചു ചെല്ലുന്ന അച്ഛനാണ് കവിതയിലെ ആദര്‍ശം. അതാണ് മുങ്ങാത്ത കപ്പല്‍ നിര്‍മ്മിക്കാനുള്ള പദാര്‍ത്ഥം. സന്തുഷ്ടമായ കുടുംബം! ആ സ്വപ്നലോകത്തെ തൊട്ടറിയാം എന്നാല്‍ അനുഭവിക്കാന്‍ കഴിയുന്നില്ലെന്നിടത്താണ് കവിതയില്‍ സംഘര്‍ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ജീവിതം മരിച്ച മരമാണ്. ( നീളവും വീതിയും തെറ്റിമുറിച്ച പണിത്തരമാണ് ജീവിതം എന്ന് കവിതയില്‍ ) അതിനു മേല്‍ പണിഞ്ഞിരിക്കാന്‍ രണ്ടു വഴികളുണ്ട്. ഒന്ന് ഒരാശാരിയുടെ നിര്‍മ്മാണപ്രവര്‍ത്തനം. മറ്റേത് മരം വെട്ടിയുടെ സംസ്കരണപ്രവര്‍ത്തനം. പരസ്പരം വച്ചുമാറുകയും പല സന്ദര്‍ഭങ്ങളിലും തിരിച്ചറിയാന്‍ വയ്യാതാവുകയും ചെയ്യുന്ന വേഷപ്പകര്‍ച്ചകള്‍ക്കിടയില്‍ താന്‍ ഇവരില്‍ ആരായിട്ടു വരുമെന്ന സംഘര്‍ഷം അനിലിന്റെ കവിതകള്‍ക്ക് എപ്പോഴുമുണ്ട്. ആദര്‍ശാത്മകമായ കുടുംബത്തെ പരമലക്ഷ്യമായി നിലനിര്‍ത്തുന്നതുകൊണ്ട് കവിതയിലെ ഉണ്ണികള്‍ക്ക് (പുതിയ നിരൂപണത്തിലെ കര്‍ത്തൃത്വങ്ങള്‍ ) അരാജകവാസനകളുടെ ഇടവഴികള്‍ സൃഷ്ടിക്കാനും അവയെ അവലംബിച്ചു നടക്കുന്നതു സ്വപ്നം കാണാനും എളുപ്പം കഴിയുന്നു. കെട്ടുപൊട്ടിച്ചു ഇറങ്ങി നടക്കാനുള്ള ഇടവഴികള്‍ പോലും അനിലിന്റെ കവിതയില്‍ പൂര്‍വ നിശ്ചിതങ്ങളാണ്. ലൈംഗികമായ ഔത്സുക്യങ്ങള്‍ , മദ്യം , ഉത്സവം, കാട് , പാര്‍ക്ക്, സിമിത്തേരി എന്നിങ്ങനെ. മരംകൊത്തി എന്ന കവിതയില്‍ വഴിവിട്ട ജീവിതത്തെ അടയാളപ്പെടുത്തിയിരിക്കുന്നത് ലൈംഗികവിവക്ഷകളുള്ള പദാവലികളിലൂടെയാണ്. പണിക്കിരിപ്പ്, എണ്ണ കിനിഞ്ഞ് മലര്‍ന്നുള്ള മരങ്ങളുടെ കിടപ്പ് , ഇമയടപ്പ്, പഴുതില്ലാതെ ചേരുന്ന കട്ടിള‘ക്കാലുകള്‍ ’ , മാത്രമല്ല, രാഘവന്റെ പെണ്ണ് ക്ഷണിച്ചു മടുത്ത് ഓലവാതിലിനുള്ളില്‍ അരകാഞ്ഞ് പ്‌രാകി കിടക്കുന്നതിന്റെ സൂചനയുമുണ്ട്.
ഇറങ്ങി നടപ്പുകള്‍ പുതിയ വഴികളെയാണല്ലോ അവലംബിക്കേണ്ടത്. അവയും പൂര്‍വ നിശ്ചിതങ്ങളാണെന്നു വരുമ്പോള്‍ അരാജകത്വത്തിനും വ്യവസ്ഥയുണ്ടെന്ന് സമ്മതിക്കേണ്ടതായി വരും. എന്നാല്‍ പ്രശ്നം അത്ര സങ്കീര്‍ണ്ണമല്ല. അനിലിന്റെ കവിത ആന്തരികമായ വഴിമാറി നടപ്പിനെ ലക്ഷ്യമാക്കുന്നില്ല. അതിലെ പുതുവഴികളെല്ലാം ഒരര്‍ത്ഥത്തില്‍ അതീവ വൈകാരികമായ സ്വപ്നദര്‍ശനങ്ങള്‍ മാത്രമാണ്. പാളം മാറി സഞ്ചരിക്കുക എന്നത് കവി ഏറ്റെടുത്ത വേദനയല്ല, ആയിത്തീരാനുള്ള വെമ്പലു മാത്രമാണ്. മരംകൊത്തിയിലേയ്ക്ക് വരാം. ലൈംഗികസുഖത്തിന്റെ പ്രലോഭിപ്പിക്കുന്ന പിന്‍ വിളികളില്‍ നിന്നും, അവയുടെ സ്വച്ഛന്ദതയില്‍ നിന്നും ഇറങ്ങി നടന്നാണ് മൂത്താശാരി ഉത്സവപ്പറമ്പിലെത്തുന്നത്. അയാള്‍ വിരക്തനൊന്നുമല്ല. ആയിരുന്നെങ്കില്‍ അയാളിലെ ഓര്‍മ്മ തടഞ്ഞു നില്‍ക്കുന്നത് ഇത്തരം ലൈംഗികസൂചനകള്‍ പ്രകടമായുള്ള ചിഹ്നങ്ങളിലാവുമായിരുന്നില്ല. വിട്ടു വന്നവയുടെ മഹത്വം എത്ര വലുതാണെന്ന് സൂചിപ്പിക്കാനാണു അയാളുടെ ശ്രമം. സത്യത്തില്‍ താന്‍ വിട്ടു കളയുന്ന മുന്തിരിക്കുലകളുടെ മധുരത്തെക്കുറിച്ച് നമ്മെ (വായിക്കുന്നവരെ) ബോദ്ധ്യപ്പെടുത്താനാണ് അയാളുടെ ശ്രമം എന്ന് അല്പം ആലോചിച്ചാല്‍ അറിയാം. കവിതയുടെ അവസാനവരികളില്‍ കവി അനുഭവിക്കുന്ന ഒരു തരം ലയം മൂത്താശാരിയുമായുള്ള അയാളുടെ ചാര്‍ച്ച വ്യക്തമാക്കിത്തരും. സൃഷ്ടിപരമായ സവിശേഷ ശേഷികളുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തി തന്ന ഒരു മനുഷ്യന് എന്തുശേഷിയാണുള്ളത് എന്ന് ഒരാള്‍ സ്വന്തം നിലയ്ക്ക് കവിതയ്ക്കുള്ളില്‍ അന്വേഷിക്കാന്‍ പുറപ്പെട്ടാല്‍ മൂക്കത്തു വിരലു വയ്ക്കുകയേയുള്ളൂ. ചെയ്യാന്‍ കഴിവുള്ള ആള്‍ / ചെയ്യേണ്ട ആള്‍ (കര്‍ത്താവ്) അനുഭവിക്കുന്ന ആളായി (കര്‍മ്മം) നില്‍ക്കുന്നതാണ് കവിതയില്‍ നാം കാണുന്ന വാസ്തവം. (‘കൈകളില്ലാതെ പുണരുക’ എന്ന സങ്കല്പത്തെ അനിലന്‍ തന്നെയാണ് മറ്റൊരു കവിതയില്‍ അവതരിപ്പിച്ചിട്ടുള്ളത്. - സര്‍പ്പശാപം. വി പി ശിവകുമാറിന്റെ ഒരു കഥയില്‍ കിടപ്പറയില്‍ നിസ്സഹായനാവുന്ന മനുഷ്യനെ ‘പടക്കളത്തില്‍ ശത്രുവിനു മുന്നില്‍ കൈകളറ്റവനെപ്പോലെ നിന്നു’ എന്ന ഉപമ കൊണ്ടാണ് കോറിയിടുന്നത്. ആവാന്‍ ആഗ്രഹിക്കുന്നതിനും ആയി തീര്‍ന്നതിനും ഇടയ്ക്കുള്ള നിസ്സഹായതയെയാണ് ഇല്ലാത്ത കൈകള്‍ അടയാളപ്പെടുത്തുന്നത്. ഒരു തരം പാസീവ്നെസ്സ്. പ്രവൃത്തിയുടെ മൂലമാണല്ലോ കയ്യ്. (‘ചെയ് ’ എന്ന ധാതുവില്‍ നിന്നാണ് ‘കയ്യു’ടെ ഉത്പത്തി) ‘പാണന്റെ വിരലും കോലും ചെണ്ടയില്‍ കൊത്തിപ്പണിത മേളഗോപുരങ്ങള്‍ കണ്ട് കണ്ണു നിറയ്ക്കുകയാണ് മൂത്താശാരി’. ‘കൊത്തിപ്പണിത’ എന്നു മരപ്പണിയുമായി ബന്ധപ്പെട്ട വാക്കുപയോഗിച്ചുകൊണ്ടാണ് മൂത്താശാരിയുടെ നിഷ്ക്രിയതയെ (പാസീവ്നെസ്സ്) കവി അടയാളപ്പെടുത്തുന്നത്. സ്വയം നിശ്ചയിച്ച ഗൃഹസ്ഥന്റെ കടമകളില്‍ നിന്ന് ഇറങ്ങി നടക്കുന്ന ആളല്ല, അങ്ങനെ പുറപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്, അയാളുടെ പ്രത്യാശകളാണ് കവിതകളില്‍ ഇടം നേടുന്നതെന്നു പറഞ്ഞാല്‍ എല്ലാമായി. സന്താനങ്ങളെ സാഫല്യസ്ഥാനമായി കാണുന്ന അനിലിന്റെ കവിതകളില്‍ പലയിടത്തും അതേ ആവൃത്തിയില്‍ വന്നു നില്‍ക്കേണ്ട ഭാര്യയുടെ അഭാവം ശ്രദ്ധേയമാണ്. (ഉണ്ണിമൂത്രത്തില്‍ ‘നെഞ്ചിലെ കറയെല്ലാം പോയോ, ഇരട്ടക്കുട്ടികളുടെ അച്ഛാ’ എന്നു ചിരിക്കുന്ന ‘അവള്‍ ‘ ഉണ്ട്. അതു ഭാര്യതന്നെയാണോ?) ‘വ്യഭിചാരത്തെ’ സംബന്ധിക്കുന്ന കുറ്റബോധം നേരിട്ടുള്ള ഭാര്യയുമായുള്ള അഭിമുഖത്തിനു വിമുഖനാക്കുന്നു എന്ന ഒരു കാരണമുണ്ടിതിന്. എന്തുകൊണ്ട് വ്യഭിചാരത്തെക്കുറിച്ച് വേവലാതിപ്പെടുന്നു എന്നാണ് ചോദ്യമെങ്കില്‍ അരാജകമായ ജീവിതത്തിനുള്ള ഒരു വഴി, വഴിവിട്ട ബന്ധങ്ങളാണെന്നും വീട് ലൈംഗികസ്വാതന്ത്ര്യങ്ങള്‍ക്ക് അതിരു നിശ്ചയിക്കുകയണെങ്കില്‍ അത് സാമ്പ്രദായിക വഴക്കങ്ങള്‍ക്കുള്ളില്‍ തന്നെ തളച്ചിടുമെന്നുമുള്ള അബോധപരമായ ഭീതി. മൂത്താശാരിയുടെ സവിശേഷതകള്‍ കവിതയില്‍ ലൈംഗികസൂചനകളുള്ള പദാവലികളാല്‍ ആവിഷ്കരിക്കപ്പെടാനുള്ള കാരണം ഇതാണ്.
ഉത്സവപറമ്പും കാടും വീടിന്റെ അപരസ്ഥാനങ്ങളായാണ് അനിലിന്റെ കവിതകളില്‍ പ്രത്യക്ഷപ്പെടുന്നത്. ‘(ഉള്‍വനങ്ങള്‍ കുപ്പായമൂരി കാക്കപ്പുള്ളികള്‍ കാണിച്ചു തന്നു. കാട്ടുപുഴകള്‍ പൂക്കളുമായ് ഇരുണ്ട ഗുഹകള്‍ തേടി - കാട് ) ചിലപ്പോഴൊക്കെ നഗരത്തിന്റെ കാടായ ‘ബാറും’. (അമ്പത് ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്റെ ഏഴാം നാള്‍ , ത്രിശ്ശിവപേരൂര്‍ ) അത്തരമൊരു അപരസ്ഥാനം കൂട്ടുകാര്‍ക്കുമുണ്ട്. ഗൃഹാതിര്‍ത്തിയിലേയ്ക്ക് ചുരുണ്ടു കൂടാതിരിക്കാനുള്ള വിളി അവരില്‍ നിന്നാണ് പുറപ്പെട്ടു വരുന്നത്. വീട്ടില്‍ നിന്ന് ഇറങ്ങിനടക്കാനുള്ള കാരണത്തെ ഒരു യുക്തിയില്‍ കവിത ബന്ധിപ്പിച്ചിട്ടുണ്ട്. അതവിടത്തെ ദാരിദ്ര്യമാണ്. സൂര്യന്‍ പണിയുന്ന മേല്‍ക്കൂരയെക്കുറിച്ചുള്ള സാന്ദര്‍ഭിക പരാമര്‍ശം വെറുതെയല്ല. കൂരയില്ലാത്ത ലോകത്തെ സ്വപ്നം കണ്ടു നടക്കുന്ന ആള്‍ ചോര്‍ന്നൊലിക്കുന്ന കൂരയെക്കുറിച്ചും അതു പണി തീര്‍ക്കുന്ന സൂര്യന്‍ എന്നെ തച്ചനെപ്പറ്റിയും വിചാരപ്പെടുന്നത് നേരത്തെ സൂചിപ്പിച്ചതുപോലെ ചില നിശ്ചയിച്ചു വച്ച ആദര്‍ശങ്ങള്‍ ഭരിക്കുന്നതുകൊണ്ടാണ്. മിഖായേല്‍ ബക്തിനാണ് സാഹിത്യത്തിലെ ‘ഉത്സവീകരണങ്ങളെ’ക്കുറിച്ച് ചിലതെല്ലാം നമുക്ക് പറഞ്ഞു തന്നത്. എഴുത്തച്ഛന്റെ കാലത്ത് ഫ്രാന്‍സില്‍ ജീവിച്ചിരുന്ന റാബലേയുടെ ലോകത്തെക്കുറിച്ചെഴുതിയ പുസ്തകത്തില്‍ . ഉത്സവങ്ങളുടെ പ്രത്യേകത അതൊരു കാഴ്ചയല്ലെന്നുള്ളതാണ്. കാണുന്നയാള്‍ അതില്‍ പങ്കെടുക്കുകയും ജീവിക്കുകയുമാണ്. ചട്ടിയും കലവും കലമ്പുന്ന വീടു വിട്ട്, വെയിലേറ്റ് വളയുന്ന മാമ്പലകകളെ വിട്ട് , നീക്കി വച്ച് എളുപ്പം കയറാവുന്ന ഓലവാതിലുകളോട് ഉദാസീനനായി കൂട്ടുകാരന്റെ പ്രലോഭനത്തിനൊത്ത് ആശാരി എത്തുന്നത് അടിത്തട്ട് വാസനകളുടെ ഒച്ചയും മേളവും നിറവും കാവു തീണ്ടലുകളുമായി സന്നിഹിതമാവുന്ന -പലപ്രാവശ്യം സാഹിത്യത്തില്‍ (മലയാളത്തിലും) ആവിഷ്കരണം നേടിയിട്ടുള്ള - ഉത്സവപ്പറമ്പുകളിലൊന്നിലാണ്. അവിടെ അയാളെ വീണ്ടും ഒരു വിളി തേടിയെത്തുന്നു, മകള്‍ പനിമതിയുടെ. അതും ഒരോര്‍മ്മയുടെ രൂപത്തില്‍ . ഒന്നാലോചിച്ചാല്‍ പല തരത്തിലുള്ള വിളികള്‍ ഊടും പാവുമിട്ട ചിത്രപടമാണ് മരംകൊത്തി. ഉണങ്ങിയ മരങ്ങളുടെ, മരപ്പലകകളുടെ, രാഘവന്റെ പെണ്ണിന്റെ, കൂട്ടുകാരന്റെ, ഉത്സവബഹളത്തിന്റെ, സ്വന്തം വാസനകളുടെ, മകള്‍ പനിമതിയുടെ.... ഇതെല്ലാം അയാള്‍ കേള്‍ക്കുന്നുണ്ട്. വക്കിടുങ്ങിയ ജീവിതത്തില്‍ നിന്നു കുതറാനുള്ള കൌതുകമാണ് , കിനാവില്‍ ജീവിക്കാനുള്ള അയാളുടെ കഴിവാണ് ഇവയ്ക്ക് അസ്തിത്വം നിര്‍ണ്ണയിച്ചു കൊടുത്തിരിക്കുന്നത്. അപരത്വം (അദര്‍നെസ്സ്) ഇവിടെല്ലാമുണ്ട്. വീടിന്റെ വീര്‍പ്പുമുട്ടലില്‍ നിന്ന് ഉത്സവമേളയുടെ തുറസ്സിലേയ്ക്ക്. വ്യഭിചാരത്തിനുള്ള പ്രലോഭനത്തെക്കുറിച്ചുള്ള ‘സ്വകാര്യ’ത്തില്‍ നിന്ന് ആള്‍ക്കൂട്ടത്തിന്റെ ലഹരിയിലേയ്ക്ക്. പണിത്തിരക്കില്‍ നിന്ന് ഉദാസീനതയിലേയ്ക്ക്. പനിമതിയുടെ രോഗാവസ്ഥയില്‍ നിന്ന് ആഹ്ലാദമേളയുടെ ആരോഗ്യത്തിലേയ്ക്ക്. ആ നിലയ്ക്ക് കൂട്ടുകാരന്റെ ക്ഷണത്തിനു ബദലായി പനിമതിയുടെ ഓര്‍മ്മയെ കൊണ്ടു നിര്‍ത്താം. ഇമപോല്‍ ചേരുന്ന മരപ്പലകകള്‍ക്ക് ബദലായി ചോരുന്ന മേല്‍ക്കൂരയെ കാണാം. അങ്ങനെ അങ്ങനെ...അപ്പോള്‍ നേരത്തെപ്പറഞ്ഞ ചിത്രപടത്തിലെ ഇഴകളുടെ എണ്ണം തലങ്ങും വിലങ്ങുമായി കൂടി വരുന്നു. മൂത്താശാരി കൈക്കണക്കുമായി മലയിറങ്ങിയ ആശാരി തന്നെയാണോ സ്വര്‍ണ്ണക്കോടാലി അന്വേഷിച്ച മരംവെട്ടിയാണോ എന്ന സംശയം അപ്പോഴും ഉയിര്‍ത്തെഴുന്നേറ്റു വരുന്നെങ്കില്‍ അത് കവിതയിലെ ഇഴപ്പെരുപ്പങ്ങള്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ശബളതയാണെന്നു വേണം നാം മനസ്സിലാക്കാന്‍ . .‘കാടു കണ്ട് കണ്ട് ക്ഷീണിച്ച് മരച്ചുവട്ടിലുറങ്ങുമ്പോള്‍ ഉണര്‍ച്ചകള്‍ കാവല്‍ നിന്നിട്ടും പഴങ്കഥകള്‍ മുയല്‍ വടിവില്‍ വന്ന് കാട്ടുകിഴങ്ങെന്നു കരുതി പെരുവിരല്‍ കടിച്ചു‘ എന്ന് കാട് എന്ന കവിതയിലുണ്ട്, അപ്പോള്‍ അത് ആന്തരികമായ ഒരു സംഭവമാണ്. ബോധാബോധങ്ങളെക്കുറിച്ചുള്ള ചര്‍ച്ച വിട്ട് അന്തരുറവകളില്‍ നിന്ന് കിനിയുന്നതാവണം ഇതെല്ലാം എന്ന് എഴുതി വരയിട്ട് ഇത് അവസാനിപ്പിക്കാം. കാരണം, ‘ഉള്‍ക്കാട്ടില്‍ നിന്നും മുലയൂട്ടുന്ന കവിതയുടെ ഒച്ച’ എന്ന ഒറ്റവരിയില്‍ ഈ പറഞ്ഞ കാര്യങ്ങളെല്ലാം അനില്‍ സംഗ്രഹിച്ചിട്ടുണ്ട്, മറ്റൊരു കവിതയില്‍ . പേര്, അയ്യപ്പന്‍ .
ചിത്രം : www.world.std.com
January 11, 2010
ഏകാന്തതയുടെ ദൈവം
ഫെബ്രുവരിയിലെ ഒരു തണുത്ത ഞായറാഴ്ച രാവിലെ
നീണ്ട തുരുത്തിന്റെ കിഴക്കുമൂലയ്ക്കുള്ള വലിയ കെട്ടിടത്തിലെ
അമേരിക്കന്‍ കളിപ്പാട്ടക്കടയുടെ വാതിലുകള്‍ തുറക്കാന്‍
കാത്തിരിക്കുന്ന എട്ടുപേരിലൊരാളാണ് ഞാന്‍ .
കിട്ടാന്‍ വളരെ പ്രയാസമുള്ള
ജാപ്പാനിസ് ഇലക്ട്രോണിക്
കളിപ്പാട്ടത്തിനായാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്.
കഴിഞ്ഞാഴ്ച മന്‍ഹാട്ടനിലെ ഒരു സ്റ്റോറില്‍ മൂന്നുമണിക്കൂര്‍
കാത്തിരുന്നിട്ട് നിരാശനായി മടങ്ങിപ്പോയതാണ്.
ഇന്ന് നേരത്തെ എത്തി,
മറ്റുള്ളവര്‍ കാണാതിരിക്കാന്‍
ആറു പേപ്പറിട്ടു പൊതിഞ്ഞ
ഏനിഡിന്റെ പുതിയ വിവര്‍ത്തനം വായിച്ചും
ബൂട്ടുകള്‍ കൊണ്ട് നിലത്തു തല്ലിയും
ഗ്ലൌസിടാത്ത കൈപ്പത്തികള്‍ കൂട്ടിയുരച്ചും
നന്ദിയില്ലാത്ത സന്തതികള്‍ക്കായി
ഉറക്കം നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് തമാശപറഞ്ഞും
പ്രഭാതവെളിച്ചത്തില്‍ ദാ നിന്നു വിറക്കുന്നു, ഞാന്‍ .
“എന്റെ മകന്‍ മുന്‍വരിയിലെ രണ്ടു പല്ലു ഹോക്കി കളിച്ചു കളഞ്ഞു”
എന്നും പറഞ്ഞ്
ഷോട്സ് ധരിച്ച മനുഷ്യന്‍ ചിരിക്കുന്നു.
“ഈ സമ്മാനം കണ്ട് മകന്‍ എന്റെ കൈകളിലേയ്ക്ക് ചാടും”
പ്രഭാതം, ജീവിതങ്ങളെ അവരവരുടെ ഓര്‍മ്മയില്‍ കൊണ്ടു വന്നു നിര്‍ത്തുന്നു.
“ഇപ്പോള്‍ ഇറാക്കില്‍ നിന്നും എത്തിയ എന്റെ മൂത്തമകനുവേണ്ടിയാണ്
ഈ കളിപ്പാട്ടം.”
വരിയില്‍ പിന്നില്‍ നില്‍ക്കുന്ന മനുഷ്യന്‍ പറയുന്നു
“ അടച്ചിട്ട മുറിയില്‍ ഈ കളി അവന്‍ എല്ലാദിവസവും കളിക്കട്ടെ.
എനിക്ക് പേടിയില്ല, ഒരിക്കല്‍ അവന്‍ ഇതില്‍ നിന്ന് രക്ഷപ്പെടുമായിരിക്കും.
ബാക്കിയുള്ള ജീവിതത്തിനു വേണ്ടത് അവന്‍ സമ്പാദിച്ചിട്ടുണ്ടല്ലോ”
മറ്റു മനുഷ്യരുടെയും സ്വപ്നങ്ങള്‍ക്ക് അടിത്തറ പണിയുകയാണ്,
ചോര്‍ച്ചകള്‍ അടയ്ക്കുന്ന വാക്കുകള്‍ കൊണ്ട് ഇയാള്‍ .
ഏനിയനുകള്‍ ചോരപ്പുഴയുടെ തീരത്ത്
റോം കണ്ടെത്തിയ അന്നു മുതല്‍
തണുപ്പില്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്.
മരണത്തിനു തുടക്കമുണ്ടെന്നും
ഒരിക്കലും അതിനു ഒടുക്കമില്ലെന്നും
അതാണ് ഏകാന്തതയുടെ ദൈവമെന്നും
വെര്‍ജില്‍ മനസ്സിലാക്കിയിരുന്നു.
ജാലകത്തിലിലൂടെ ഗുമസ്ഥന്‍ വിളിച്ചു പറഞ്ഞു.
“അഞ്ചെണ്ണം മാത്രമേ ഇവിടെ ബാക്കിയിരിപ്പുള്ളൂ”
കൈകള്‍ എവിടെ വയ്ക്കുമെന്നറിയാതെ
ആളുകള്‍ കുഴങ്ങി.
കീശക്കുള്ളില്‍ തിരുകണോ
ഒഴിഞ്ഞതും പ്രയോജനമില്ലാത്തതുമായി
ശരീരത്തിനിരുവശത്തുമായി
വെറുതേ തൂക്കിയിടണോ.
എന്താണിത്രയും നേരം വിട്ടുകൊടുക്കാതെ
മുറുക്കെപ്പിടിച്ചുകൊണ്ടിരുന്നതെന്ന്
നമ്മുടെ കൈകള്‍ക്ക് എപ്പോഴും ഓര്‍മ്മയുണ്ടാവും.
കുട്ടികള്‍ യുദ്ധങ്ങള്‍ക്കു പാകമായി വളര്‍ന്നു കഴിഞ്ഞപ്പോള്‍
ഏതെല്ലാം പ്രതിജ്ഞകളാണ് എടുത്തിരുന്നതെന്ന്
അവയ്ക്ക് ഓര്‍മ്മയുണ്ടാവും.
പെട്ടെന്ന്
ഞങ്ങളില്‍ മൂന്നുപേര്‍ തെരുവിനപ്പുറത്തേയ്ക്കോടി
ഉന്നം കാത്തു നിന്നു
അതല്ലാതെ മറ്റെന്താണ്
ആളുകള്‍ സ്വന്തം ആണ്‍മക്കള്‍ക്കു വേണ്ടി ചെയ്യാനുള്ളത്?
- ഫിലിപ്പ് ഷൂള്‍ട്സ്
റൈറ്റേഴ്സ് സ്റ്റൂഡിയോയുടെ സ്ഥാപകനായ അമേരിക്കന്‍ കവി. Failure, Living in the Past, Deep Within the Ravine,The Holy Worm of Praise, Like Wings തുടങ്ങിയ പ്രധാനകൃതികള്‍ .
ചിത്രം : http://www.benoitcolsenet-peintures.com
January 3, 2010
ലജ്ജിക്കാനുള്ള കാര്യങ്ങള്‍
1993-ലാണ് തസ്ലീമ നസ്രീന്റെ വിവാദ നോവല്‍ ‘ലജ്ജ’ പുറത്തിറങ്ങുന്നത്. ഇന്ത്യയില്‍ മതമൌലികവാദികളാല്‍ ബാബറി മസ്ജിത്ത് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുള്ള പതിമൂന്നു ദിവസങ്ങളില്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുകള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളും അവരനുഭവിച്ച അരക്ഷിതമായ അവസ്ഥയുമാണ് സുരഞ്ജന്റെയും കുടുംബത്തിന്റെയും കഥയിലൂടെ തസ്ലീമ ചിത്രീകരിച്ചത്. പത്രവാര്‍ത്തകളെയും യഥാര്‍ത്ഥ സംഭവങ്ങളെയും പശ്ചാത്തലമാക്കികൊണ്ടാണ് നോവല്‍ രചിച്ചതെങ്കിലും പ്രധാനകഥാപാത്രമായ സുരഞ്ജന്‍ ഭാവനാസൃഷ്ടിയായിരുന്നു. ജനിച്ചു വീണ മണ്ണിനോട് ചേര്‍ന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യന് സ്വന്തം നാടു തന്നെ അറവുശാലയായി പരിണമിച്ചാല്‍ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യമാണ് നോവല്‍ ഉടനീളം മുഴക്കിയത്. ലോകത്തെവിടെയും മതന്യൂനപക്ഷങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റങ്ങള്‍ക്ക് ക്രൂരതയുടെയും യുക്തിരാഹിത്യത്തിന്റെയും ഭീഷണമായ മുഖമാണുള്ളത്. എന്തൊക്കെ സംഭവിച്ചാലും സ്വന്തം മണ്ണുവിട്ടോടി പോകുന്നത് ഭീരുത്വമാണെന്ന് ഉറച്ച ബോധമുള്ള ഡോ. സുധാമൊയ് ദത്ത(സുരഞ്ജന്റെ പിതാവ്) തങ്ങളുടെ അഭയസ്ഥാനം ഇന്ത്യായാണെന്ന് സമ്മതിക്കുകയും അവിടേയ്ക്ക് പോകാന്‍ തയ്യാറാവുകയും ചെയ്യുന്നിടത്താണ് തസ്ലീമ ‘ലജ്ജ’ അവസാനിപ്പിച്ചത്. മാനുഷികത, മതങ്ങളുടെ പര്യായമായി മാറേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് ചൂണ്ടുന്ന സന്ദേശം പ്രകടമായി തന്നെ നോവലില്‍ കുടിയിരുത്തിക്കൊണ്ട്.
2009-ല്‍ ലജ്ജയുടെ തുടര്‍ച്ചയെന്നു വിശേഷിപ്പിക്കപ്പെടാവുന്ന ‘വീണ്ടും ലജ്ജിക്കുന്നു’ പുറത്തിറങ്ങുമ്പോള്‍ കാര്യങ്ങള്‍ ഒരുപാട് മാറി കഴിഞ്ഞിരിക്കുന്നു. പതിനാറു വര്‍ഷങ്ങള്‍ക്കിടയില്‍ നോവലിസ്റ്റ് എന്ന നിലയില്‍ തസ്ലീമ കടന്നുപോയ അനുഭവങ്ങള്‍ തീര്‍ച്ചയായും പുതിയ നോവലിന്റെ വാസ്തുശാസ്ത്രത്തില്‍ ഉപസ്ഥിതി നേടിയിട്ടുണ്ട്. ലജ്ജാകരമായ അനവധി അനുഭവങ്ങളിലൂടെ ഇക്കാലം കൊണ്ട് നോവലിസ്റ്റ് യാത്ര ചെയ്തു കഴിഞ്ഞു. മതമൌലികവാദികളുടെ ഭീഷണി കാരണം സ്വീഡനിലേയ്ക്കു പലായനം ചെയ്യേണ്ടി വന്നു. അവിടുന്ന് അഭയം തേടി ഇന്ത്യയിലേയ്ക്കു വന്ന അവരെ കാത്തിരുന്നത് കടുത്ത അപമാനങ്ങളാണ്. വീണ്ടും അഭയാര്‍ത്ഥിയായി ന്യൂയോര്‍ക്കിലേയ്ക്ക്. നോവല്‍ എന്ന നിലയ്ക്ക് ‘ലജ്ജ’ മുന്നോട്ടു വച്ച പ്രതീക്ഷയുടെ സങ്കല്പങ്ങളാകെ തകര്‍ന്നു തരിപ്പണമായ ഊഷരഭൂമിയാണ് ‘വീണ്ടും ലജ്ജിക്കുന്നു’വിന്റെ നിര്‍മ്മാണപരിസരം. വാഗ്ദത്ത ഭൂമിയിലേയ്ക്കുള്ള പുറപ്പാടിനെ രൂപകം എന്ന നിലയില്‍ ‘ലജ്ജ’ഉപയോഗിച്ചിരുന്നു. അതാണ് ഇന്ത്യയിലേയ്ക്കുള്ള സുരഞ്ജന്‍ കുടുംബത്തിന്റെ യാത്ര. മനുഷ്യത്വത്തിലധിഷ്ഠിതമായ മതാത്മകതയെക്കുറിച്ചുള്ള ശുഭചിന്തകള്‍ നേരിയ വെളിച്ചം പോലും അവശേഷിപ്പിക്കാതെ പൊലിഞ്ഞു പോയതിന്റെ നേര്‍സാക്ഷ്യമാണ് ‘വീണ്ടും ലജ്ജിക്കുന്നു’. ഇരയ്ക്കും വേട്ടക്കാരനും ഇടയിലുള്ള ദൂരം ആളെണ്ണത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ ഏതുസമയവും റദ്ദായിപ്പോവാം. മാനുഷികമായ മുഖം എന്നെങ്കിലും കൈവന്നാല്‍ പോലും മതം ഏതു നിലയ്ക്കും ഒരഭയസ്ഥാനമല്ല -പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്- എന്ന കണ്ടെത്തലിലേയ്ക്ക് നോവല്‍ നീങ്ങുന്നത്. മനുഷ്യാവകാശചിന്തയില്‍ നിന്നും കുറച്ചുകൂടി മുന്നോട്ടു പോയി സ്ത്രീകള്‍ക്കു മാത്രമായൊരു ബദല്‍ അന്വേഷിക്കേണ്ട സാഹചര്യത്തെ നോവല്‍ മുന്നില്‍ കൊണ്ടു വയ്ക്കുന്നു.
നോവലിസ്റ്റായ തസ്ലീമ സ്വയം ‘വീണ്ടും ലജ്ജിക്കുന്നു’വിലെ ഒരു പ്രധാന കഥാപാത്രമാണ്. ശാന്തി കെട്ട മനസ്സുമായി സുരഞ്ജന്‍ അവരെ കാണാന്‍ വരുന്നിടത്തു നിന്നാണ് നോവല്‍ തുടങ്ങുന്നത്. സുരഞ്ജനോടുള്ള നോവലിസ്റ്റിന്റെ മമത പീഡനം താറുമാറാക്കിയ ആത്മാവിനോടുള്ള കരുതലാണ്. അയാളില്‍ ശക്തമായി തന്നെ മതബോധം കുടിയിരിക്കുന്നത് നോവലിസ്റ്റ് കാണിച്ചു തരുന്നുണ്ട്. തന്റെ മാത്രമല്ല, സ്വന്തം സഹോദരിയുടെയും പ്രണയത്തോട് അയാള്‍ വിമുഖനാവുന്നത് കവിയുന്ന മതബോധം കൊണ്ടു തന്നെ. നോവലിന്റെ കേന്ദ്രസ്ഥാനം എന്ന നില വിട്ട് അയാളിതില്‍ നിരീക്ഷണവസ്തുവാണ്. അയാളുടെ അലച്ചിലും മടിയും തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മയും ആന്തരികമായ അരക്ഷിതത്വത്തിന്റെ അടയാളപ്പെടുത്തല്‍ എന്ന മട്ടിലാണ് ആവിഷ്കാരം നേടുന്നത്. എന്തില്‍ നിന്നാണോ അയാള്‍ ഓടി പോന്നത് അതിനൊക്കെ അയാള്‍ നിമിത്തമാകുന്നുണ്ട്. മഹബത്ത് ഹസനോടുള്ള പ്രതികാരം തീര്‍ക്കാന്‍ അയാളുടെ ഭാര്യ സുലേഖയെ കൂട്ടുകാരോടൊപ്പം തട്ടിക്കൊണ്ടു വന്ന് ബലാത്സംഗത്തിനു മുതിരുന്നു. തന്റേതല്ലാത്ത തെറ്റിന് നശിച്ചുപോയത് അവളുടെ ജീവിതമാണ്. മഹബത്ത് അവളെ തലാക്ക് ചൊല്ലി വേറെ നിക്കാഹ് ചെയ്തു. മകനെ അവള്‍ക്കു വിട്ടു കൊടുത്തില്ല. സുരഞ്ജന്റെ സഹോദരി മായ (നീലാഞ്ജന) മൌലികവാദികളാല്‍ മാത്രമല്ല ബലാത്സംഗം ചെയ്യപ്പെട്ടത്, ശങ്കര്‍ഘോഷും അവളെ ഉപദ്രവിക്കുന്നുണ്ട്. പീഡിപ്പിക്കപ്പെട്ട പെണ്ണിന് പിന്നെ ജീവിതമില്ലെന്ന് അവള്‍ വിവാഹം ചെയ്ത മദ്യപാനിയായ തപന്‍ മണ്ഡലിലൂടെ നോവല്‍ തെളിവു തരുന്നു.
സുരഞ്ജന്റെ അമ്മ കിരണ്മയിയും നോവലിസ്റ്റുമുള്‍പ്പടെ നോവലിലൂടെ നാം കടന്നുപോകുന്ന സ്ത്രീകഥാപാത്രങ്ങളെല്ലാം പുരുഷനിര്‍മ്മിതമായ ഒരു ലോകത്തിന്റെ ദയാദാക്ഷണ്യങ്ങളില്ലാത്ത നിയമങ്ങള്‍ ഏറ്റു വാങ്ങി ക്ഷീണിതരായവരാണ്. ആണുങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ പോലും സ്ത്രീപീഡനരൂപത്തിലാണ് വിജയപരാജയങ്ങളായി കലാശിക്കുന്നത്. മായയ്ക്കും സുലേഖയ്ക്കും സമാനമാണ് അനുഭവങ്ങള്‍ . അപമാനത്തിനു വിധേയയായതിന്റെ പേരില്‍ ശരീരം വില്‍ക്കാനാണ് മായ ആലോചിച്ചതെങ്കില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ച ആണിനെ സ്നേഹിക്കുകയും ന്വീണ്ടും അവന്റെ അവഹേളനം ഏറ്റു വാങ്ങേണ്ടി വരികയും ചെയ്തവളാണ് സുലേഖ. കാമുകി സുദേഷ്ണയെ സുരഞ്ജന്‍ ഉപേക്ഷിക്കുന്നുണ്ട്. . മതവിദ്വേഷങ്ങള്‍ ഉപരിതലത്തിലെ കുമിളകള്‍ മാത്രമാണെന്ന രീതിയില്‍ മാറിയ നോവലിസ്റ്റിന്റെ വീക്ഷണം, മായയുടെ മുസ്ലീം വിദ്വേഷം സൊബ്‌ഹാന്റെ നല്ല പെരുമാറ്റത്തിലൂടെ ഇല്ലാതാവുന്നതില്‍ നിന്നും തിരിച്ചറിയാം. ‘ലജ്ജ’യിലെ ആണ്‍മുസ്ലീമിനെക്കുറിച്ചുള്ള വിമര്‍ശനപരമായ ചിത്രണങ്ങള്‍ക്ക്, ഈ നോവലിലെ സോബ്‌ഹാന്‍ എന്ന തിളക്കമുള്ള കഥാപാത്രം പകരമാണ് എന്നു പറയാം. ‘ലജ്ജ‘യിലെ ഡോ. സുധാമൊയ് ദത്തയെപ്പോലെ ( ഈ നോവലില്‍ ) ആകര്‍ഷണീയമായ വ്യക്തിത്വമുള്ള ഏക ആണ്‍കഥാപാത്രമാണ് സോബ്‌ഹാന്‍. ഒരു തിരിനാളത്തിനു കൂരിരുട്ടില്‍ ചെയ്യാനാവുന്നത് സോബ്‌ഹാനും കഴിയുന്നുണ്ട്. തന്റെ കഥാപാത്രമായ സുരഞ്ജനെ വീട്ടില്‍ ഇറക്കിവിട്ടിട്ട് തസ്ലീമ കാറോടിച്ച് ചെന്നു കയറുന്ന ഹോസ്റ്റലില്‍ വച്ച് പുതിയ പെണ്‍കൂട്ടായ്മയായ ‘സാഹസിനി’യെക്കുറിച്ച് അറിവു ലഭിക്കുന്നത്. അവിടെ മതവൈരങ്ങള്‍ ഇല്ലാതെ കുറച്ചുപേര്‍ ഒത്തുച്ചേരാനുള്ള തയാറെടുപ്പിലാണ്. വീട് എന്ന സങ്കല്പത്തിനു പകരം ഹോസ്റ്റലിനെ വിഭാവന ചെയ്യുന്നിടത്ത് പൊളിച്ചെഴുത്തുണ്ട്. ആണുങ്ങളില്ലാത്ത ഒരു കമ്മ്യൂണിലാണ് ഇനി പ്രതീക്ഷ. തുരുമ്പെടുത്തു തുടങ്ങിയ ശരീരത്തെ രക്ഷപ്പെടുത്തണമെന്ന നോവലിസ്റ്റിന്റെ ആത്മഗതത്തോടെ നോവല്‍ അവസാനിക്കുന്നു. യാത്രയ്ക്കുള്ള തയാറെടുപ്പാണത്. പുനരുജ്ജീവനത്തിനായുള്ള മുഴക്കമുള്ള ആന്തല്‍ ഈ വരികളിലുണ്ട്. സ്ഥലകാലഭേദമില്ലാതെ ലജ്ജിക്കുവാന്‍ മാത്രമുള്ള കാര്യങ്ങള്‍ ചുറ്റും നടമാടുന്ന കാലത്ത് പ്രതീക്ഷാനിര്‍ഭരമായ നെടുനിശ്വാസങ്ങള്‍ക്കും ചിലതൊക്കെ ചെയ്യാനുണ്ടാവും.
------------------------------------------------------------------
വീണ്ടും ലജ്ജിക്കുന്നു
നോവല്‍
തസ്ലീമ നസ്‌റിന്‍
ഗ്രീന്‍ ബുക്സ്
Subscribe to:
Posts (Atom)