July 10, 2012

കെട്ടെറെങ്ങുമ്പോൾരഘുനന്ദൻ മദ്യപിക്കാതിരുന്ന് നടത്തുന്ന ഒരേ ഒരു അഭിമുഖത്തിൽ എതിർവശത്ത് ആളില്ല. ഒഴിഞ്ഞ ഒരു കസേരമാത്രമേയുള്ളൂ. മുഴുക്കുടിയൻ പ്ലംബർ മണിയനെ അവിടെ ഇരുത്തിയിരിക്കുന്നു എന്നാണ് സങ്കൽ‌പ്പം. രഘു പറയുന്നത് തന്നെ തന്നെയാണ് അപ്പുറത്ത് ഇരുത്തിയിരിക്കുന്നതെന്നാണ്. അതൊരു വിനയം പറച്ചിലായി കണക്കാക്കിയാൽ മതി. മദ്യപാനം എന്ന ഒരൊറ്റ നൂലിൽ കോർത്തുകെട്ടാവുന്ന വസ്തുവകകളല്ല, ഇവർക്കിടയിലുള്ളതെന്ന് വളരെ വ്യക്തം. പ്ലംബർ മണിയൻ ഭാര്യയെയും കുട്ടിയെയും ക്രൂരമായി തല്ലുന്നിടത്താണ് അയാളിലെ സാമൂഹികവിരുദ്ധത പ്രകടമാവുന്നത്. ചിന്താശേഷിയും ലൈംഗിക ശേഷിയും നശിച്ച് സ്വന്തം ഭാര്യയെയും കുഞ്ഞിനെയും സംശയിക്കുകയും സംശയം മൂത്ത് അവരെ ഉപദ്രവിക്കുകയും ചെയ്യുന്നിടത്ത് കള്ളുകുടി അപകടകരമാണ്, നിങ്ങൾ ചിന്തിക്കൂ എന്ന സാരോപദേശം നൽകിയാണ് സിനിമ തീരുന്നത്. രഘുനന്ദനന്റെ അഭിമുഖപരിപാടി, ‘ഷോ ഓഫ് ദ സ്പിരിറ്റി’ന് ആളുകളെ സത്യം ധരിപ്പിക്കുക എന്ന ദൌത്യമാണുള്ളത് എന്നാണ് നാം മനസ്സിലാക്കേണ്ടത്. ഈ പഠിപ്പിക്കൽ പ്രക്രിയയ്ക്ക് ജനാധിപത്യവുമായി ബന്ധമൊന്നുമില്ല. ഏകപക്ഷീയമാണ് സംഗതി. ഒരുതരം ആളുകളി. ആളുകളെ മുന്നിലിരുത്തി തുണിയുരിക്കുന്ന പരിപാടി കാണാനും നല്ല ആളുണ്ടെന്ന് സിനിമ പറയുന്നു. അതിൽ നല്ലൊരു വിഭാഗം കള്ളു കുടിയന്മാരാണ്. അവർ തങ്ങളുടെ കൂട്ടത്തിലെ സ്വന്തം ആളായിട്ടാണ് രഘുനന്ദനെ കാണുന്നത്. പിന്നീട് അവരിലൊരാളുടെ ജീവിതത്തെയെടുത്ത് , ഈ പരിപാടി ശരിയല്ലെന്ന് അവർക്ക് തന്നെ കാണിച്ചു കൊടുത്തപ്പോൾ ലജ്ജയാൽ അവരുടെ മുഖം കുനിഞ്ഞു. വചനങ്ങൾക്ക് മാർദ്ദവമില്ലാതാവുമ്പോഴൊക്കെ ഉദ്ദേശ്യശുദ്ധികൾ മാപ്പു നൽകുമായിരിക്കും.

 ‘ഷോ ഓഫ് ദ സ്പിരിറ്റെ’ന്ന ഒറ്റ പരിപാടി കൊണ്ടാണ് ആ ചാനലുപോലും നിലനിന്നു പോകുന്നത്. ഒരൊറ്റ പൈസ പ്രതിഫലം വാങ്ങാതെ, ഇടയ്ക്കിടയ്ക്ക് കള്ളും കുടിച്ചിട്ടും മൂർച്ച ഒട്ടും ചോരാത്ത മസ്തിഷ്കവുമായി രഘു നടത്തുന്ന സാമൂഹിക വിപ്ലവങ്ങളുടെ അനനതരഫലമെന്താണ്? സാംസ്കാരിക മന്ത്രിയുടെ വിദേശത്തെ സാംസ്കാരികമായ വിളയാട്ടുകളുടെ ഫോട്ടോ ലാപ് എടുത്തുവച്ച് കാണിച്ചുകൊടുത്തിട്ടും പുള്ളിക്കാരന് ഒരു പോറലുപോലും ഏറ്റിട്ടില്ലെന്ന് സ്വന്തം പാർട്ടിക്കാർ ആ പടത്തിനു വില പറയാനെത്തുന്നിടത്ത് കാണാം. കൂട്ടിക്കൊടുപ്പിനൊന്നും താത്പര്യമില്ലാത്ത രഘു ആ ചിത്രങ്ങൾ അത്തരം വിലകുറഞ്ഞ രാഷ്ട്രീയ കളിയ്ക്കായി വിട്ടു കൊടുക്കില്ല. (അയാൾ ഏതു കൂട്ടിക്കൊടുപ്പിലൂടെ ഉണ്ടാക്കിയതാണീ ചിത്രങ്ങൾ? സിനിമ ഒരൊറ്റയക്ഷരം മിണ്ടുന്നില്ല!!) പിന്നെ? പിന്നെയെന്താണ് അയാളുടെ ഉദ്ദേശ്യം? 15 വയസ്സുള്ള ചെറുക്കനെ പൊതുജനമദ്ധ്യത്തിലിട്ടു തല്ലിയ വനിതാ പോലീസ് ഓഫീസറും മനംമാറ്റത്തിനു വിധേയയായ ലക്ഷണമില്ല. പൊതുസമൂഹം വിശ്വസിക്കുന്നതെന്തോ അതിനു വിലങ്ങനെയൊരു പോക്ക്. നൊടിച്ചിൽ! അത്രമാത്രമേ രഘു ഉദ്ദേശിക്കുന്നുള്ളൂ എന്നു തോന്നുന്നു. അതായത് അത് മറ്റൊരു പൊള്ളയായ കെട്ടുകാഴ്ചയാണെന്ന്. കള്ളിന്റെ ലഹരിയിൽ  അയാൾ കലഹിക്കുന്നുണ്ട്, മൂർച്ചയില്ലാത്ത ആസ്വാദനത്തിനു മേൽ. താൻ പാടുന്നതിനിടയ്ക്ക് ഒരാൾ ഫോണിൽ സംസാരിച്ചതാണ് ലഹളയ്ക്ക് ഹേതു. മറ്റൊരിക്കൽ കൂട്ടുകാരൻ ഭാര്യയോട് ‘തനിക്ക് ക്യാൻസറല്ല’ എന്ന് കള്ളം പറഞ്ഞതിന്റെ മേൽ. പിന്നൊരിക്കൽ കേരളാപോലീസിന്റെ മനുഷ്യത്വരഹിതവും അയുക്തികവുമായ നിലപാടുകൾക്കു മേൽ. മദ്യം അയാളുടെ ബോധമനസ്സിനു സമൂഹവുമായുള്ള നീക്കുപോക്കുകളെ അഴിച്ചുകളയുന്നു. അയാൾ കലമ്പുന്നു. രഘു ആത്മാനുരാഗിയും സ്വാർത്ഥിയും അഹങ്കാരിയും ആണെന്നാണ്  പൂർവപത്നിയുടെ മതം. അതുകൊണ്ട് അയാളുമായി ഒത്തുപോകാൻ സാദ്ധ്യമല്ലത്രേ. ബുദ്ധിജീവിയായ രഘുനന്ദനന് സാമൂഹികജീവി ആയിരിക്കാൻ പറ്റില്ലെന്നർത്ഥം. എന്നാൽ അതേ ഗുണങ്ങളാണ് അയാളെ തുറന്നുപറച്ചിലുകാരനും പൊളിച്ചെഴുത്തുകാരനുമാക്കി നില നിർത്തുന്നത്. അതാണ് അയാളുടെ പ്രശസ്തിയ്ക്ക് ഹേതു. ഏതു കള്ളുകുടിയനും അയാളെ അറിയാം. ചെറിയ കാര്യമല്ല അത്. കള്ളുകുടി ഉപേക്ഷിച്ച് സമൂഹവുമായി നീക്കുപോക്കുണ്ടാക്കുന്ന നിമിഷം അയാളിലെ നിഷേധി മരിക്കും. പിന്നെ അയാളൊരു സാധാരണക്കാരനാണ്. പിന്നെ അയാളുടെ മൂലധനമെന്താണ്?

സ്മിർനോഫ്, ബെൽ, റെമി മാർട്ടിൻ തുടങ്ങിയ വില കൂടിയ മദ്യങ്ങൾ നുണയുകയും 200 രൂപ പെഗ്ഗിനു വിലയുള്ള ബാറിലെ സ്ഥിരം പറ്റുകാരനായിരിക്കുകയും ചെയ്യുന്ന രഘുനന്ദന്റെ ധനസ്രോതസ്സ് സിനിമയിൽ വ്യക്തമല്ല. (ഒരു ദിവസം ഏതാണ്ട് 14 പെഗ്ഗ്, കൈയിൽ വിസ്കി ഫ്ലാസ്കുമുണ്ട്) ഏറെ ജനപ്രിയം എന്നു പറയുന്നുണ്ടെങ്കിലും രഘുനന്ദനനെ വലിയ പുള്ളിയായി നില നിർത്തുന്ന ‘സ്പിരിറ്റ് ഓഫ് ദ ഷോ’ എന്ന ടി വി പരിപാടിക്ക് അയാൾ പ്രതിഫലം പറ്റുന്നുമില്ല. മദ്യം അയാളുടെ ജോലിയ്ക്ക് തടസ്സമല്ല. മദ്യപിച്ചുകൊണ്ടു മാത്രമേ അയാൾക്ക് നോവൽ പോലും എഴുതാൻ കഴിയുന്നുള്ളൂ. ഭാര്യ വേർപിരിഞ്ഞെങ്കിലും ആർക്കും അസൂയ തോന്നുന്നതരത്തിൽ സൌഹൃദപരമായ ബന്ധം സൂക്ഷിക്കാൻ അയാൾക്കിപ്പോഴും കഴിയുന്നുണ്ട്. അയാളുടെ മകനെ മറ്റൊരാൾ സ്വന്തം രക്തമായി തന്നെ സൂക്ഷിക്കുന്നത് തൊട്ടടുത്ത് നിന്ന് അയാൾ അറിയുന്നുണ്ട്. മദ്യം അയാൾക്ക് എന്തെങ്കിലും നഷ്ടപ്പെടുത്തിയതായി ഒരു സൂചനയും സിനിമയിലില്ല. മറിച്ച് അരാജകവും ആകർഷണീയവുമായ ഒരു തരം സ്വാതന്ത്ര്യം അത് അയാൾക്ക് കനിഞ്ഞു നൽകുകയും ചെയ്യുന്നു. ചെറിയ കൈ വിറയൽ, മറവി ഇങ്ങനെ ചില സൂചനകൾ സിനിമയിലുണ്ടെന്നത് മറക്കുന്നില്ല. സ്റ്റൌ കത്തിക്കാൻ കിണയുന്നത് മദ്യദൂഷ്യം കൊണ്ടാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. അയാൾ  വൈകാരികമായി സ്വതേ ദുർബലനാണ്. അതിനു മദ്യത്തിനെ പഴിക്കുന്നതു ശരിയാണോ?മറ്റുള്ളവർക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയാണ് സിനിമയിൽ ദുരന്തങ്ങൾ.  മണിയനാണ് ഒരു ഇര, മറ്റൊരാൾ ചെറുപ്രായത്തിൽ കരളു തകർന്നു മരിച്ച കവി സമീറാണ്. ഇവരുടെ ദുരവസ്ഥകൾ, തന്റെ പ്രിയപ്പെട്ട ജീവിതത്തെ ആലോചനയ്ക്ക് വിധേയമാക്കാൻ ഉപയോഗിക്കുകയാണ് രഘുനന്ദൻ ചെയ്തത്. ആ ആലോചനപോലും അയാൾക്കു വേണ്ടിയല്ല. നമുക്കു വേണ്ടിയാണ്. ഇവരുടെ ദുരന്തം സത്യത്തിൽ മദ്യമാണോ? രഘുനന്ദന്റേതു പോലെ വിശിഷ്ടമായ ജീവിതം നയിക്കാൻ കഴിയാത്ത പിച്ചക്കാരായി പോയി എന്നതല്ലേ ഈ ദുരാത്മാക്കളുടെ ദുര്യോഗം? സ്രോതസ്സറിയാതെ ഒഴുകിയെത്തുന്ന പണം കൊണ്ട് ഒരുത്തൻ ജീവിക്കാനാഗ്രഹിക്കുന്ന ജീവിതം, തുപ്പലിറക്കി ജീവിക്കുന്ന ഇത്തിപ്പക്കികൾ കാംക്ഷിക്കരുത് എന്നതല്ലേ യഥാർത്ഥത്തിൽ ‘സ്പിരിറ്റ്’ നൽകുന്ന ഗുണപാഠം?

 സംശയിച്ചു ഭാര്യയെ  തല്ലുന്ന മണിയനും മുണ്ടാലേ മുക്കാണി മലയാളികൾക്കും പരിചയമില്ലാത്ത വിധത്തിൽ ഭാര്യയും കൂട്ടുകാരനുമായി ഒന്നിച്ചു ജീവിക്കുന്നതു നോക്കി നിർവൃതിപ്പെടുന്ന രഘുനന്ദനനും തമ്മിൽ എവിടെയാണ് സാമ്യം? ഒരിടത്ത് ‘മദ്യത്തിന്റെ ലഹരിയിലായിരുന്നെങ്കിൽ ഞാനിപ്പോൾ നിന്നെ ബലാത്സംഗം ചെയ്യുമായിരുന്നു’ എന്നൊരു വാചകം തട്ടി  വിടുന്നുണ്ട് രഘു. മദ്യം ബലാത്സംഗത്തിനും ഭാര്യയെ തല്ലാനും കുട്ടിയെ കൊല്ലാനും കാരണമാവുന്നു എന്ന ഡയലോഗുകൾ മുന്നിൽ വച്ചുകൊണ്ടു നോക്കിയാൽ ഇതൊരു സാമൂഹികക്ഷേമചിത്രമാകുന്നു. അതല്ല ചിത്രത്തിൽ നിന്നു തെളിയുന്ന വാസ്തവം. പണം ഉള്ളവൻ കള്ളു കുടിക്കുമ്പോൾ ബുദ്ധിയ്ക്കു മൂർച്ച കൂടുകയും പാവപ്പെട്ടവന്റെ കള്ളുകുടി വൃത്തിഹീനവും അറപ്പുണ്ടാക്കുന്നതും ബുദ്ധിയ്ക്കു മന്ദതയുണ്ടാക്കുന്നതും ആകുന്ന സർക്കസ് സിനിമയിലുണ്ട്.  അറിഞ്ഞുകൊണ്ടല്ലെങ്കിലും മണിയന്റെ പണി, കവി സമീറിന്റെ കവിത, രഘുവിന്റെ അഭിമുഖം തുടങ്ങിയ ശേഷികൾക്ക് ആധാരം മദ്യമാണെന്ന് സിനിമയിൽ നിന്ന് വന്നു ഭവിക്കുന്നുണ്ട്. കവിയുടെ മരണം പ്രതീകമാണ്. മദ്യം നിലക്കുന്നതോടെ ഇവർ മറ്റാളുകളായി പരിവർത്തിക്കപ്പെടുന്നു. നിരന്തരമായ അപമാനങ്ങൾ ഏറ്റുവാങ്ങുന്ന കഥാപാത്രമാണ് മണിയൻ. മദ്യം അതിന്റെ ആവേഗം കൂട്ടുന്നു. പകരം അവൻ കണക്കു തീർക്കുന്നത് സ്വന്തം സ്ത്രീയിലും. അതല്ല രഘുവിന്റെ സ്ഥിതി. അയാളുടെ വാചകങ്ങൾക്കും താൻ പോരിമയ്ക്കും കൂസലില്ലായ്മയ്ക്കും ആയം നൽകുന്നത് അയാൾ കഴിക്കുന്ന മുന്തിയ ഇനം മദ്യമാണ്. എന്തൊരു മറിമായം! എന്നിട്ടും അയാൾ പറയുന്നു അപ്പുറത്തെ ഒഴിഞ്ഞ സീറ്റിൽ താനാണെന്ന്. അങ്ങനെ മദ്യപിക്കാത്ത രഘു ആദ്യമായി കള്ളം പറയുന്നുവെന്നും നാം മനസ്സിലാക്കുന്നു.

സിനിമ മറച്ചു പിടിക്കുന്ന സംഗതികൾ വച്ചാലോചിക്കുമ്പോൾ സിനിമയ്ക്ക് ഒഴിവാക്കിക്കൊടുത്ത നികുതി വലിയ തമാശയാണ്. ഈ വഴിക്ക് പോയാൽ കാട് പശ്ചാത്തലമാക്കി അല്പ വസ്ത്രാംബിനികളോ വസ്ത്രരഹിതകളോ ആയി അഭിനേതാക്കളെ മുഴുനീളം അണിനിരത്തിയിട്ട് സിനിമയുടെ അവസാനം മാന്യമായി വസ്ത്രം ധരിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ഒരു ടി വി പരിപാടി കൈയടികളോടെ കാണിച്ചും നികുതിക്കിഴിവ് നേടാൻ പറ്റുമെന്നാണ് എന്റെയൊരു തോന്നൽ.