March 30, 2008

ശിക്ഷയും കുറ്റവും

“Let the punishment fit the crime” -Proverb

 1805-ല്‍ ലണ്ടനില്‍ പ്രസിദ്ധീകരിച്ച Punishments in China എന്ന സചിത്ര പീഡനവിവരണ പുസ്തകം നക്സലൈറ്റ് വേട്ടക്കാലത്ത് നമ്മുടെ പോലീസുകാരുടെ കൈയിലുണ്ടായിരുന്നു എന്നൊരു കഥയുണ്ട്. ഈ പുസ്തകത്തിന്റെ ഏടുകള്‍ തഞ്ചാവൂരിലെ സരസ്വതിമഹള്‍ എന്ന ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അധികാരത്തിന്റെ വലിയ കൊതികളിലൊന്നാണ് ശിക്ഷയ്ക്കുള്ള നവീന മാര്‍ഗങ്ങള്‍ കണ്ടെത്തി പരീക്ഷിക്കുകയെന്നത്. ജയറാം പടിക്കലിന്റെ കേസ് ഡയറി കയ്യിലുണ്ട്. എന്തുകൊണ്ടോ, അതൊന്നു മറിച്ചു നോക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞിരുന്നുവെങ്കില്‍ ചൈനീസ് പീഡനവിധികളുടെ കേരളാറിസൈപ്പിയില്‍ ഉപ്പാണോ അജിനമോട്ടൊയാണോ എന്നൊക്കെ വരികള്‍ക്കിടയില്‍ വായിച്ച് അതിസാമര്‍ത്ഥ്യം കാട്ടാമായിരുന്നു. ആ ചാന്‍സ് നഷ്ടപ്പെട്ടു ! (എന്നു പറയാന്‍ വരട്ടേ ) പ്രജകളെ മര്യാദപഠിപ്പിക്കാനുള്ള പാഠങ്ങളന്വേഷിച്ച് ചീനദേശം വരെ നമ്മുടെ പോലീസു കുതിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. ഇവിടെയെന്താ ശിക്ഷണമാര്‍ഗങ്ങള്‍ക്ക് വല്ല കുറവുമുണ്ടായിരുന്നോ? പക്ഷേ പറഞ്ഞിട്ടെന്താ, പോലീസല്ലേ, ചരിത്രത്തില്‍ അവരെങ്ങാനുമുണ്ടോ ചരിത്രപുസ്തകമെടുത്തു മറിച്ചു നോക്കീട്ട് ? പുലപ്പേടിയും മണ്ണാപ്പേടിയും നിര്‍ത്തലാക്കിക്കൊണ്ട് ഉണ്ണിക്കേരളവര്‍മ്മ 1666-ല്‍ പുറപ്പെടുവിച്ച വിളംബരത്തിലെ നടുക്കുന്ന ഒരു വാചകം ഇങ്ങനെ : “ ഈ കല്‍പ്പന ലംഘിക്കുന്നവരെ മാത്രമല്ല, അവരുടെ കുടുംബത്തെ ഒന്നടങ്കം സ്ത്രീകളുടെ ഗര്‍ഭത്തില്‍ കിടക്കുന്ന കുട്ടികളെപ്പോലും തോണ്ടിയെടുത്ത് വെട്ടി നുറുക്കുന്നതാണ്.” ആസ്ട്രിയന്‍ പുരോഹിതനായിരുന്ന ബര്‍ത്തലോമിയോ എഴുതിയ ‘ഈസ്റ്റിന്തീസ് പര്യടനം’ (A Voyage to East Indies -1867) എന്ന പുസ്തകത്തില്‍ കഴുവേറ്റലിനെക്കുറിച്ചുള്ള ഒരു വിവരണമുണ്ട്. മുതുകിന്റെ അടിയില്‍ നിന്ന് കഴുത്തറ്റം കൂര്‍ത്ത ഒരു ഇരുമ്പുകമ്പി കയറ്റി അതിന്റെ താഴത്തെയറ്റം ഒരു തൂണില്‍ ചേര്‍ത്തു തറച്ച് സ്റ്റൂളില്‍ നിര്‍ത്തുന്നതാണ് കഴുവേറ്റലിന്റെ രീതി. മൂന്നു ദിവസമെടുക്കും ദാഹിച്ചും വിശന്നും വേദനിച്ചും എരിപിരി കൊണ്ട് അയാള്‍ മരിക്കാന്‍. മൂന്നു തേങ്ങ മോഷ്ടിച്ചതിനായിരുന്നു, കൊല്ലം, ലക്ഷ്മീനടയില്‍ നടന്ന ഈ കഴുവേറ്റല്‍. ഒരു പശുവിനെ കൊന്ന കുറ്റത്തിന് അമ്പലപ്പുഴയ്ക്കടുത്ത് ഒരു വൃക്ഷത്തില്‍ അഞ്ചുപേരെ കെട്ടിത്തൂക്കിയിട്ടിരിക്കുന്നതു കണ്ടെന്നും ബര്‍ത്തലോമിയോ എഴുതിയിട്ടുണ്ട്. ‘കെട്ടിത്താഴ്ത്തല്‍‘ എന്ന ശിക്ഷ എല്ലാ കായലിലും നടത്താറില്ല. ചിലയിടങ്ങളില്‍ മാത്രം. പ്രതിയെ കൊണ്ടുവന്ന് കഴുത്തില്‍ വാവട്ടം മുകളിലാക്കി ഒരു കുടം കെട്ടിത്തൂക്കി, കൈയുംകാലും ബന്ധിച്ച് വെള്ളത്തില്‍ തള്ളിയിടും. കുടത്തില്‍ വെള്ളം നിറയുന്നതുവരെ അയാള്‍ക്ക് മരണവെപ്രാളം കാണിക്കാനുള്ള സമയം കിട്ടും! പ്രധാനരാജപാതയ്ക്കരികെ സ്ഥാപിച്ചിരിക്കുന്ന, നാലുപാടും മുകളിലും അഴികളുള്ള ഇടുങ്ങിയ പെട്ടിയാണ് ‘പുലിക്കൂട്‘. ഇതിലിട്ടടച്ചാല്‍ നടക്കാനോ നിവര്‍ന്നു നില്‍ക്കാനോ പറ്റില്ല. വെയിലും മഴയും കൊണ്ട് വിശപ്പും ദാഹവും സഹിച്ച് ഇഞ്ചിഞ്ചായി മരിക്കാം. ആ മരണപരാക്രമം കണ്ട് മര്യാദരാമന്മാരാവാനുള്ള സൌകര്യം വിനീതപ്രജകള്‍ക്കു ലഭിക്കുകയും ചെയ്യും. കഴുവേറ്റലിനെ ‘ചിത്രവധം’ (വിചിത്രമായ കൊല !) എന്നു പറഞ്ഞിരുന്നുവെങ്കിലും ഇതേ പോലെയൊരു ഇരുമ്പുകൂട്ടിലടച്ച് മരത്തില്‍ കെട്ടിത്തൂക്കിയിട്ട് പക്ഷികളെക്കൊണ്ട് കൊത്തിച്ചു കൊല്ലുന്ന രീതിയും നടപ്പായിരുന്നു. അതിനും ‘ചിത്രവധം’ എന്നാണ് പേര്. (ചിത്രം എന്നാല്‍ പക്ഷി) പദ്മനാഭപുരം കൊട്ടാരത്തില്‍ ‘ചിത്രവധ’ത്തിനുപയോഗിച്ചിരുന്ന കൂടുകള്‍ ഇപ്പോഴും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 1343-ല്‍ കേരളത്തിലെത്തിയ ഇബിന്‍ബത്തൂത്ത പറയുന്നത് ‘വഴിയില്‍ വീണു കിടന്ന നാളികേരം ചിലയാത്രക്കാര്‍ എടുത്തുകൊണ്ടു പോയതായി അറിഞ്ഞ രാജാവ്, അവരെ തെരഞ്ഞുപിടിച്ച് പലകകളില്‍ മലര്‍ത്തിക്കിടത്തി കുറ്റികളടിച്ച് കൊന്ന് ജനങ്ങള്‍ കണ്ടു മനസ്സിലാക്കാന്‍ വേണ്ടി കാഴ്ചയ്ക്ക് വച്ചിരുന്നതായി അറിയാന്‍ സാധിച്ചു‘ എന്നാണ്. കഴുത്തുവെട്ടിയുള്ള കൊലകള്‍ക്കുപുറമേ ശരീരമാകെ തുണിചുറ്റി എണ്ണയൊഴിച്ച് കത്തിക്കുക, ആനക്കാലില്‍ കെട്ടി ഓടിക്കുക, വാണം കെട്ടി കത്തിച്ച് പറപ്പിക്കുക, ഓരോ അവയവങ്ങളായി മുറിച്ചു കൊല്ലുക തുടങ്ങിയ രീതികളായിരുന്നു സാര്‍വത്രികമായി അവലംബിച്ചു വന്നിരുന്നത്. പ്രവൃത്തിദോഷം ഉണ്ടായാല്‍ സ്ത്രീകളെ മുറിയ്ക്കകത്തിട്ടടച്ച് ബന്ധുക്കള്‍ തന്നെ കഠാരകൊണ്ടോ കുന്തം കൊണ്ടോ കുത്തിക്കൊന്നുകളയുന്ന പതിവും നിലനിന്നിരുന്നു. നായര്‍ സ്ത്രീകളെയാണ് ഇങ്ങനെ ചെയ്തിരുന്നത് . അല്ലെങ്കില്‍ കുടുംബത്തിന് വലിയ അപമാനമാണ്. ഇങ്ങനെ ചെയ്യുന്നതില്‍ രാജാവ് എതിരല്ല. ചെയ്യുന്നവര്‍ സാമൂഹിക സേവനമാണ് അനുഷ്ഠിക്കുന്നത് എന്നുള്ളതിനാല്‍ ശിക്ഷയില്ല. സ്മാര്‍ത്തവിചാരത്തില്‍ പേരുദോഷം വന്ന പുരുഷന്മാര്‍ക്ക് ജാതിഭ്രഷ്ട് നീങ്ങാന്‍ തിളച്ചനെയ്യില്‍ കൈമുക്കി സത്യം തെളിയിച്ചാല്‍ മതി. കൈമുക്ക് ഇങ്ങനെയാണ്. തിളച്ച നെയ്യില്‍ ചെറിയലോഹവിഗ്രഹം (ശുചീന്ദ്രത്ത് അത് നന്ദികേശ്വരന്റെ ചെറിയ വിഗ്രഹമാണ്) ഇടുന്നു. കുറ്റാരോപിതന്‍ വലതുകൈകൊണ്ട് അതെടുത്ത് മുറുക്കെ പിടിക്കണം. വിഗ്രഹവും കൈയും ചേര്‍ത്ത് ഒരു തുണി ചുറ്റി വയ്ക്കും. അയാളെ ജയിലില്‍ സൂക്ഷിക്കുന്നു. മൂന്നാം ദിവസം വിചാരണക്കാരുടെ മുന്നില്‍ വച്ച് ചുറ്റഴിക്കുമ്പോള്‍ കൈപൊള്ളിയിട്ടില്ലെങ്കില്‍ അയാള്‍ കുറ്റവിമുക്തനാവും. പകരം വാദി കൊലമുറിയിലേയ്ക്ക് തലയും താഴ്ത്തി പോകണം. കുറ്റക്കാരനെ കനത്ത ഒരു കല്ലോടെ ചാക്കിലാക്കി വലിയ കുളത്തിലിടുമ്പോള്‍ അയാള്‍ താണു പോയില്ലെങ്കില്‍ നിരപരാധിയാണെന്നാണ് അര്‍ത്ഥം ! ഇതാണ് ജല പരീക്ഷ. ഇരുമ്പുപലക പഴുപ്പിച്ച് കുറ്റവാളിയെ അതിലിരുത്തുകയോ കൈപ്പത്തി അതില്‍ പതിക്കുകയോ ചെയ്തിട്ടും പൊള്ളിയില്ലെങ്കില്‍ അയാള്‍ക്കു വീട്ടില്‍ പോകാം. പേര് അഗ്നിപരീക്ഷ. തുലാസിന്റെ ഒരു തട്ടില്‍ കല്ലും മറ്റേ തട്ടില്‍ അപരാധിയെയും വച്ചു തൂക്കുമ്പോള്‍ അപരാധിയുടെ തട്ടു താണാല്‍ അയാള്‍ വീണ്ടും ശിക്ഷിക്കപ്പെടും. (തുലാപരീക്ഷ). കുറ്റവാളി കഴിച്ച ഭക്ഷണത്തില്‍ നിന്ന് അല്പമെടുത്ത് കഠിനവിഷം ചേര്‍ത്ത് ഒരാടിന്റെ തുടയില്‍ മുറിവുണ്ടാക്കി അതില്‍ വച്ചു കെട്ടുന്നു. ആടു ചത്തില്ലെങ്കില്‍ കുറ്റവാളി നിരപരാധിയാവുന്നു. (വിഷപരീക്ഷ). പഴുപ്പിച്ച ഇരുമ്പില്‍ നക്കിച്ചും സത്യപരീക്ഷ നടത്തിയിരുന്നു. വലിയ തുകകള്‍ കക്കുന്ന ബ്രാഹ്മണന്റെ കണ്ണു കുത്തിപ്പൊട്ടിയ്ക്കുകയും അംഗഛേദം വരുത്തുകയും ചെയ്തിരുന്നു എന്ന് അല്‍ബറൂണി എഴുതുന്നു. വേണാട്ടു രാജാവ് വീര കേരളവര്‍മ്മ തന്റെ മരുമകന്‍ ഒരു മാങ്ങയെടുത്തതു കണ്ട് രണ്ടു പൊളിയാക്കി അവനെ മുറിക്കാന്‍ പടയാളികള്‍ക്ക് ഉത്തരവു കൊടുത്തു എന്ന് ഇബ്‌നു ബത്തൂത്ത. ഡച്ച് ക്യാപ്റ്റനായിരുന്ന ന്യൂ ഹോഫ് കണ്ടത്, ആനയെക്കൊണ്ടു ചവിട്ടിച്ച് കേരളത്തില്‍ വധശിക്ഷ നടപ്പിലാക്കുന്നതായിരുന്നു. കരം കുടിശ്ശിക, ആടു - കോഴി മോഷണം തുടങ്ങിയ ചെറിയതരം കുറ്റങ്ങള്‍ക്ക് മുക്കാലിയില്‍ കെട്ടി നാലാളു കാണക്കെ അടികൊടുക്കുക എന്നതായിരുന്നു സാര്‍വത്രിക ശിക്ഷ. മുതുകിലാണ് അടി. ഓരോ അടിയ്ക്കും തൊലി പൊളിയും. വേദനസഹിക്കാതെ കുറ്റവാളി തളര്‍ന്നു വീഴുമ്പോള്‍ കുറച്ചു നേരത്തേയ്ക്ക് അടി നിര്‍ത്തും. വീണ്ടും തുടരും. അടി കഴിഞ്ഞാല്‍ പുളിവെള്ളം കുടിക്കണം. വയറിളക്കം പിടിച്ച് അടികൊണ്ടവന്‍ തളരാനും മുറിവുകള്‍ പഴുക്കാനും വേണ്ടിയാണ് പുളിവെള്ളം. ദളവ വേലുത്തമ്പി, കള്ളസാക്ഷ്യം പറയുന്നവരുടെ മൂക്കും കാതും ചെത്തിക്കളഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ക്ക് സ്വത്തു കണ്ടുകെട്ടലും ദേഹദണ്ഡവും. ബലാത്സംഗത്തിനു വധശിക്ഷ. മോഷണത്തിന് അടി, ശരീരാവയവങ്ങള്‍ മുറിക്കല്‍, ശൂലത്തിലോ മരത്തിലോ തറച്ചു നിര്‍ത്തല്‍. തിരുവിതാംകൂര്‍ ദിവാനായിരുന്ന കൃഷ്ണരായര്‍ ആപ്പീസില്‍ വൈകിയെത്തിയ ഉദ്യോഗസ്ഥരോട് പിഴ നല്‍കാന്‍ ആവശ്യപ്പെട്ടു, 1858-ല്‍. കൈക്കൂലി വാങ്ങുന്നതു ‘പണ്ടാരകാര്യങ്ങള്‍ക്കു വളരെ ദോഷങ്ങളായിട്ടു കണ്ടിരിക്കുന്നതിനാല്‍‘ അതു കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ക്ക് കഠിനമായിട്ടുള്ള ശിക്ഷ നടപ്പാക്കാനിടവരും’ എന്നാണ് ദിവാന്‍ സുബ്ബരായരുടെ നീട്ട്. (1837-ആം ആണ്ട് മേടമാസം 19-‌ാം തീയതി). അനു : 1. നഗരസഭയിലെ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ എല്‍ ശശിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. 2. പട്ടയത്തിലെ തെറ്റു തിരുത്തുന്നതിനു 40,000 രൂപ കൈക്കൂലി വാങ്ങിയതിനു ലാന്‍ഡ് ട്രൈബ്യൂണല്‍ സ്പെഷ്യല്‍ തഹസീല്‍ദാര്‍ കെ പി അയ്യപ്പനെയും അറ്റന്‍ഡര്‍ ടി പി സജില്‍കുമാറിനെയും പ്രതികളാക്കി വിജിലന്‍സ് കേസെടുത്തു. 3. പെണ്‍‌വാണിഭ കേസില്‍ പ്രതിസ്ഥാനത്തു നിന്നൊഴിവാക്കാന്‍ 45,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ കൊല്ലം DCRB DYSP എം ജി ചന്ദ്രമോഹനനു തടവും പിഴയും വിജിലന്‍സ് കോടതി വിധിച്ചു. 4. കടയ്ക്കല്‍ ഇട്ടിവ വില്ലേജ് ഓഫീസര്‍ പ്രഫുല്ല കുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തു. 5. മുന്‍‌മന്ത്രി വക്കം പുരുഷോത്തമനും മക്കളും വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍ വിജിലന്‍സ് അന്വേഷണത്തിനു വിജിലന്‍സ് കോടതി ഉത്തരവിട്ടു. പലയിടത്തു നിന്നല്ല, ഒറ്റ ദിവസത്തെ പത്രത്തിലെ വാര്‍ത്തകളാണിവ. ഒരു ചെറിയ തലതിരിച്ചില്‍. മുന്‍പ് ശിക്ഷയ്ക്കായിരുന്നു പ്രാധാന്യം കുറ്റം ഭയത്തോടെ പിന്നില്‍ ഒതുങ്ങി നിന്നു. സമൂഹം പുരോഗമിച്ചു പുരപ്പുറത്തു കയറിയപ്പോള്‍ ശിക്ഷ ഒതുങ്ങി കുറ്റങ്ങള്‍ തലക്കെട്ടും കാര്യങ്ങളുമായി വിരാജിക്കുന്നു. കുറ്റത്തിന്റെ തോത് കൂടുംതോറും ശിക്ഷയുടെ അളവു കുറയും ! തട്ടകത്തേയ്ക്കും തട്ടിന്‍പുറത്തേയ്ക്കും ചരിത്രത്തിലേയ്ക്കും എല്ലാം കൂടി എത്രയെത്ര വഴികള് !! പുസ്തകങ്ങള്‍ : തിരുവിതാംകൂര്‍ ചരിത്രം സഞ്ചാരികള്‍ കണ്ട കേരളം കേരളചരിത്രപഠനങ്ങള്‍

March 26, 2008

ഓര്‍മ്മകളിലെ തീനാളങ്ങള്‍




സ്വജീവിതാഖ്യാനങ്ങളിലെ ‘ഞാന്‍’ അതിസങ്കീര്‍ണ്ണമായ കര്‍ത്തൃത്വമാണ്. ‘തന്നെ’ കേന്ദ്രമാക്കി നിര്‍ത്തി ചുറ്റുപാടുകളെ വ്യാഖ്യാനിക്കുന്ന താന്‍പോരിമയാവാം അത്, മറ്റു ചിലപ്പോള്‍ വിനീതനായി മാറിനിന്നുള്ള സത്യസന്ധങ്ങളായ സാക്ഷ്യങ്ങളുമാവാം. രാവണന്‍ കോട്ടയ്ക്കുള്ളിലെന്ന പോലെ നോട്ടങ്ങളും വിശകലനങ്ങളും എതു നിമിഷവും കുഴമറിയാം. ഏതായാലും ‘ഞാന്‍’ എന്ന ബോധത്തെ കീഴ്‌സ്ഥായിയില്‍ നിര്‍ത്തുന്നതാണ് ആത്മകഥാഖ്യാനങ്ങളെ മികച്ചതാക്കുന്ന ഘടകം എന്നൊരു സാമാന്യധാരണയുണ്ട്. എപ്പോഴും ശരിയാവണമെന്നില്ല, ഈ സങ്കല്പം. സംക്രമണകാലങ്ങളില്‍ സമൂഹത്തിനു മുന്നില്‍ പതാകാവാഹകരായി നടക്കാന്‍ വിധിക്കപ്പെട്ട ധ്രുവനക്ഷത്രങ്ങളുടെ കാര്യങ്ങളില്‍ പ്രത്യേകിച്ചും.

കര്‍മ്മബഹുലമായി 86 വര്‍ഷം നീണ്ട ഒരു സാര്‍ത്ഥക ജീവിതത്തിന്റെ വിവിധകാലയളവിലെ അലച്ചിലും കടച്ചിലും അടയാളപ്പെടുത്തിയ മൂന്നു ഖണ്ഡങ്ങളാണ് ‘കര്‍മ്മവിപാകം’ എന്ന ആത്മകഥാ സമാഹാരത്തിലുള്ളത്. (1896-ലായിരുന്നു വെള്ളത്തിരുത്തിത്താഴത്ത് രാമന്‍ ഭട്ടതിരിപ്പാട് എന്ന വി ടി യുടെ ജനനം) സത്യത്തിലത് വെവ്വേറെ രചിച്ച് പിന്നീട് കൂട്ടിച്ചേര്‍ത്ത മൂന്നു പുസ്തകങ്ങളുടെ സമവായമാണ് (കണ്ണീരും കിനാവും, ദക്ഷിണായനം, കര്‍മ്മവിപാകം). ‘ആത്മകഥാപരമായ’ എതാനും ലേഖനങ്ങള്‍ എന്നാണ് വി ടി തന്നെ വിനീതനായി ആമുഖത്തില്‍ അവയെ വിളിക്കുന്നത്. ചിതറിക്കിടക്കുന്ന ആ അനുഭവഖണ്ഡങ്ങളുടെ സാമൂഹിക വിവക്ഷകള്‍ക്ക് കാലികമായ നൈരന്തര്യമുണ്ട്. ഭാഷാപരമായ ഉള്ളിണക്കവും. അടുത്തകാലത്ത് അനുഭവകഥനങ്ങള്‍ക്ക് ഇന്നു വന്നുച്ചേര്‍ന്നിരിക്കുന്ന തരത്തിലുള്ള വിലോഭനീയത ഭാവുകത്വത്തിനു നിറം പകരുന്നതിനു മുന്‍പ് തന്നെ വി ടിയുടെ ആത്മകഥനങ്ങളെ മലയാളി നെഞ്ചേറ്റിയിരുന്നു. സാമൂഹികധാരകളെ വൈയക്തിക സത്തകള്‍ പുഷ്കലമാക്കുന്ന ചരിത്രത്തിന്റെ വഴി കാട്ടിത്തന്നുകൊണ്ടായിരുന്നു അത്. അല്ലാതെ വ്യക്തിനിഷ്ഠമായ അനുഭവത്തിന്റെ അപൂര്‍വത എന്ന ക്ലീഷേയാലല്ല.

എന്നാല്‍ മാറിയകാലം വി ടിയുടെ വ്യക്തിത്വത്തെ ഒരു അപൂര്‍വതയാക്കാതിരിക്കുന്നില്ല. ചരിത്രത്തിന്റെ നിര്‍ബന്ധനിമിഷങ്ങള്‍ വളമിട്ടു പുലര്‍ത്തിയ ‘തന്റേടം’ കെട്ടുക്കാഴ്ചയും എടുപ്പുകുതിരകളുമായി ഇന്നുമുണ്ട് സമൂഹത്തില്‍. പക്ഷേ അവലംബിക്കുന്നതു ഇടവഴികളും കുറുക്കുവഴികളുമാണെന്നു മാത്രം. അതറിയാന്‍ നൂറോളം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള അനുഭവപാഠങ്ങളിലേയ്ക്ക് വീണ്ടും വീണ്ടും തിരിയേണ്ടതുണ്ട് . അതു തന്നെയാണ് വി ടിയുടെ കൃതിയെ നിരന്തരം പ്രസക്തമാക്കുന്ന വാസ്തവവും. മലയാളത്തിലെ എണ്ണം പറഞ്ഞ ആത്മകഥകളുടെ കൂട്ടത്തില്‍ പ്രധാന സ്ഥാനം തന്നെയുണ്ട് ‘കണ്ണീരും കിനാവും‘ എന്ന രചനയ്ക്ക്. വി ടി എന്ന സാമൂഹികസത്തയ്ക്ക് അരങ്ങൊരുങ്ങിയ ചായ്പ്പുകളുടെ രേഖാചിത്രങ്ങളാല്‍ സമൃദ്ധമാണ് ഈ ഭാഗം. സാമൂഹികമാറ്റത്തിന് അക്ഷരചൈതന്യത്തെ സഫലമായി ഉപയോഗിച്ച വ്യക്തി, അക്ഷരപ്പിച്ച നേടിയത്, ശാസ്താംകാവിലെ ശാന്തിപ്പണിക്കിടയില്‍, ഇത്തിരിയോളം പോന്ന ഒരു പെണ്‍കിടാവില്‍ നിന്നുമാണെന്നും അതു തന്റെ പതിനെട്ടാമത്തെ വയസ്സിലായിരുന്നെന്നും തുറന്നു പറയുമ്പോള്‍, സ്ഥിരോത്സാഹം സജീവമായ ഒരു കര്‍മ്മമണ്ഡലത്തിന്റെ പണിക്കുറ തീര്‍ത്തതെങ്ങനെയെന്നുള്ളതിന്റെ അന്യാപദേശയും ആ അനുഭവഖണ്ഡത്തെ വായിക്കാമെന്ന തിരിച്ചറിവിലാണ് നാമെത്തുക. ശിക്ഷയുടെ കാഠിന്യം സഹിക്കവയ്യാതെ കുഞ്ചുണ്ണി നമ്പൂതിരിപ്പാടിനെ പിന്നില്‍ നിന്നു ചക്ക കാണിച്ച വി ടിയിലെ നിഷേധം ഇതുപോലെ തന്നെ നീട്ടിയെടുക്കാവുന്ന രൂപകമാണ്. അവിടെ പാരമ്പര്യത്തിന്റെ ജടിലതകളില്‍ കുടുങ്ങി, വീണ്ടുവിചാരമില്ലാതെ പുലര്‍ന്ന ഒരു മനസ്സിന്റെ പരിവര്‍ത്തനമാണ് നടന്നതെങ്കില്‍ പില്‍ക്കാലത്ത് അന്ധകാരത്തില്‍ കിടന്നു തപിച്ച ഒരു സമൂഹത്തിന്റെ സമൂല മാറ്റത്തിനു വിളക്കു വച്ചു എന്ന വ്യത്യാസം മാത്രം.

‘കണ്ണീരും കിനാവും’ ആത്മാലാപനപരമാണ്. ‘അദ്ധ്വാനിക്കുന്ന വര്‍ഗത്തിന്റെ ചുമലിലിരുന്ന് ഉറക്കം തൂങ്ങുന്ന ജന്മിത്വമായി സ്വയം ഉപദര്‍ശിക്കുകയും ‘ഈ വ്യവസ്ഥിതി മാറിയേ തീരൂ’ എന്ന് ആക്രോശിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും ഭാഷയുടെ കാവ്യാത്മകത ഒന്നു പ്രത്യേകമാണ്. ഇതില്‍ നിന്ന് പ്രകടമായ വ്യത്യാസമുണ്ട്, ‘ദക്ഷിണായന’ത്തിന്. ജീവിതത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നതും സ്വന്തം കര്‍മ്മമണ്ഡലവും ലക്ഷ്യവും സ്വയം നിര്‍ണ്ണീതമായി തീരുന്നതുമാകാം ആഖ്യാനരീതിയെ പോലും മാറ്റി മറിക്കുന്ന ഈ വ്യത്യസ്തതയ്ക്കു കാരണം. ഉപജീവനം തേടി തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയാണ് ‘ദക്ഷിണായനം‘. ബ്രാഹ്മണജീവിതത്തിന്റെ ജീര്‍ണ്ണമുഖം കുറെകൂടി വാസ്തവോക്തിവൈചിത്ര്യം നേടുന്നതിവിടെയാണ്. ശുദ്ധാശുദ്ധങ്ങളെ പ്രശ്നവത്കരിക്കുന്ന നിരവധി സംഭവങ്ങളുണ്ട് ഇതില്‍. തിരുവനന്തപുരത്തെ ഊട്ടുപുരയില്‍ കാക്കക്കൊത്തിന്നുകയും തിരിഞ്ഞിരുന്ന് കാഷ്ടിക്കുകയും ചെയ്തതിന്റെ ഉച്ചിഷ്ടം ജാത്യാഭിമാനത്തിന്റെ കൊടി ഉയര്‍ത്തിപ്പിച്ചിരിക്കുന്ന നമ്പൂതിരിമാര്‍ തന്നെ തിന്ന് ഏമ്പക്കം വിട്ടു പോകുന്നതും ശുദ്ധജലം നിറച്ചു വച്ചിരിക്കുന്ന കല്‍ത്തൊട്ടിയില്‍ വെള്ളം കോരിക്കൊടുക്കാന്‍ നില്‍ക്കുന്ന ഉണ്ണിനമ്പൂതിരി അതില്‍ തന്നെ മൂത്രമൊഴിക്കാറുണ്ടെന്ന സത്യം തുറന്നു സമ്മതിച്ചതും ഉദാഹരണങ്ങളാണ്. മുറജപത്തിന്റെയും തിരുന്നാളാഘോഷത്തിന്റെയും കലവറയില്ലാത്ത ദക്ഷിണകളും സൌജന്യസദ്യകളുമല്ല, തൃശ്ശിവപേരൂരിലെ യോഗക്ഷേമവും മംഗളോദയവുമാണ് ഒരു വി ടിയെ വാര്‍ത്തെടുത്തത് എന്നതിന്റെ നേര്‍സാക്ഷ്യവുമിവിടുണ്ട്. 1930-ല്‍ ‍(കൊല്ലം 1105) ഇടക്കുന്നിയിലെ യോഗക്ഷേമസഭയില്‍ അവതരിപ്പിച്ചുകൊണ്ട് ചരിത്രത്തിലേയ്ക്കു കടന്ന ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്’ എന്ന നാടകത്തിന്റെ (പ്രഹസനം എന്നാണ് വി ടി വിളിക്കുന്നത്) ആവിര്‍ഭാവത്തിനു പിന്നിലെ ആകസ്മികതയും നിയോഗവും വരച്ചിട്ടുകൊണ്ടാണ് ‘ദക്ഷിണായനം’ അവസാനിക്കുന്നത്. ഏതു ചരിത്രവിസ്മയങ്ങള്‍ക്കും അതുണ്ട്.

രചയിതാവിനെ കവച്ചു വയ്ക്കുന്ന പ്രശസ്തി നേടിയെടുത്ത അപൂര്‍വം മലയാള രചനകളില്‍ ഒന്നായി വരുമെങ്കിലും ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്’ ഒരു പൂമെത്തയായിരുന്നില്ല. നാടകമവതരിപ്പിക്കാന്‍ ഏര്‍പ്പെട്ട കഷ്ടപ്പാടുകള്‍ വിശദമായി തന്നെ വി ടി തുടര്‍ന്ന് ‘കര്‍മ്മവിപാകത്തില്‍’ വിവരിക്കുന്നുണ്ട്. ജീവന്‍ വരെ അപകടത്തിലായ സന്ദര്‍ഭങ്ങളെ. അതുമാത്രമല്ല. ബഹുകാര്യവ്യഗ്രനായി സമൂഹത്തിന്റെ ഉച്ചവെയിലില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങി നില്‍ക്കുന്ന വി ടി യാണ് ‘കര്‍മ്മവിപാക’ത്തിലെ കാതല്‍. ഇവിടെ സ്വരം ഉച്ചവും വിമര്‍ശനം ശക്തവുമാണ്. ചിത്രങ്ങള്‍ക്ക് മിഴിവ് കൂടുതലാണ്. നിലപാട് സുവ്യക്തമാണ്. നമ്പൂതിരിയെ മനുഷ്യനാക്കാന്‍ വി ടി ആഹ്വാനം നല്‍കിയ വിപ്ലവങ്ങള്‍ സ്വജാതി വിവാഹം, ഘോഷാബഹിഷ്കരണം, വിധവാ വിവാഹം, മിശ്രവിവാഹം ഒക്കെ വിശദാംശങ്ങളോടെ ആവിഷ്കാരം നേടുന്നുണ്ട് ഈ ഖണ്ഡത്തില്‍. 1921-ലെ അഹമ്മദാബാദിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വി ടി പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ്സില്‍ അംഗമായിട്ടല്ല, അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുമില്ല. എങ്കിലും ഉത്കടമായ ദേശീയവികാരത്തിന്റെ അലകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ വയ്യ എന്ന അവസ്ഥയാണ് വിദ്യാഭ്യാസത്തെപ്പോലും പ്രതികൂലമായി ബാധിക്കുമെന്നറിഞ്ഞിട്ടും ദേശാന്തരഗമനത്തിന് വി ടിയിലെ പരിഷ്കര്‍ത്താവിനെ സജ്ജനാക്കിയ ഘടകം. എന്നാല്‍ ‘സഖാവുണ്ണി’ എന്ന ആഖ്യാനത്തിന് ഒരു തൂലികാചിത്രത്തിന്റെ പരിധിയിലൊതുങ്ങാത്ത, വേറിട്ട രാഷ്ട്രീയ ധ്വനികളുണ്ട് എന്ന് ഇന്നു നമുക്ക് തോന്നിക്കൂടായ്കയില്ല.

-------------------------------------------------------------------------------------


കര്‍മ്മവിപാകം
വി ടി ഭട്ടതിരിപ്പാട്
ഡി സി ബുക്സ്

March 21, 2008

വടി പിടിച്ച കൈയുകള്‍



“അസംബ്ലിയ്ക്കുള്ള അറിയിപ്പു കിട്ടുമ്പോള്‍ കുട്ടികള്‍ക്ക് ആകെ അമ്പരപ്പായിരുന്നു. പതിവില്ലാതെ ഈ ഉച്ച നേരത്ത് എന്തിനാണാവോ ഒരു അസംബ്ലി? ആ ചോദ്യവും കൊളുത്തി വച്ചാണ് പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ ഇരുനൂറോളം കുട്ടികള്‍ അന്ന് അസംബ്ലിക്കെത്തിയത്.

മരണം വരെ മനസ്സില്‍ നിന്ന് മായാന്‍ ഇടയില്ലാത്ത ഒരു കാഴ്ചയാണ് കാണാന്‍ പോകുന്നതെന്നു കുട്ടികളോ മറ്റു ടീച്ചര്‍മാരോ അപ്പോഴും കരുതിയില്ല. പെട്ടെന്നു മറച്ചു പിടിച്ചിരുന്ന ചൂരല്‍ വടി നീട്ടി മീനാക്ഷി ടീച്ചര്‍ സ്വന്തം കൈയില്‍ ആഞ്ഞാഞ്ഞ് അടിച്ചു. ഒന്ന്.. രണ്ട്.. മൂന്ന്...
ആ കാഴ്ച കാണാനാവാതെ കുട്ടികള്‍ അവരുടെ കുഞ്ഞിക്കണ്ണുകള്‍ മുറുകെ അടച്ചു കളഞ്ഞു.” (വനിത, മാര്‍ച്ച് 1-14, 2008)

ശാരീരിക ശിക്ഷയില്ലാത്ത ആദ്യത്തെ ജില്ലയായി ഇടുക്കി പ്രഖ്യാപിക്കപ്പെട്ടതിന്റെ രണ്ടോമൂന്നോ ദിവസങ്ങള്‍ക്കു ശേഷമാണ് ഈ സംഭവം പൈനാവില്‍ നടക്കുന്നത്. മലയാള മനോരമ മുന്‍പേജില്‍ തന്നെ ഫീച്ചറിന്റെ എല്ലാ വര്‍ണ്ണ ശബളിമയോടെയും വാര്‍ത്ത നല്‍കി. സ്പോര്‍ട്സ് മത്സരങ്ങള്‍ക്ക് സ്കൂളിന് ട്രോഫിയോടൊപ്പം കിട്ടിയ സമ്മാനത്തുക ഹോസ്റ്റല്‍ മുറിയിലെ പെട്ടിയില്‍ നിന്നും എതോ കുട്ടി കട്ടെടുത്തു. ആരാണെന്നറിയാന്‍ മാര്‍ഗമില്ല. കുട്ടികള്‍ കുരുത്തക്കേടു കാണിക്കുന്നതിന്റെ ഉത്തരവാദിത്വം ടീച്ചര്‍ക്കാണല്ലോ എന്നു പറഞ്ഞാണ് മീനാക്ഷിക്കുട്ടി ടീച്ചര്‍ സ്വയം ശിക്ഷിച്ചത്. വല്ലാത്ത കുറ്റബോധത്തോടെ ചെയ്ത കുറ്റം ഏറ്റു പറഞ്ഞു കുട്ടി മുന്നോട്ടു വന്നതാണ് ഇതിലെ ഏറ്റവും ഹൃദ്യമായ വശം.

ഉള്‍പ്രദേശത്തുള്ള ഒരു സ്കൂളില്‍ നടന്ന ഒരു ചെറിയ സംഭവം മനോരമ വാര്‍ത്തയാക്കിയതോടെ കേരളം മുഴുവനറിഞ്ഞു. ദേശീയ വിദ്യാഭ്യാസഉപദേശക സമിതിയുടെയും യു ജി സി യുടെയും ചെയര്‍മാനായിരുന്ന പ്രൊഫ. യശ്പാല്‍ കൂടിയുള്ള വേദിയില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി എം എ ബേബി മീനാക്ഷിക്കുട്ടി ടീച്ചറെ അദ്ധ്യാപകര്‍ക്കുള്ള ഉത്തമ മാതൃകയാക്കി സദസ്സിനു പരിചയപ്പെടുത്തുകകൂടിയുണ്ടായി. അതീവ സങ്കോചത്തോടെയാണ് ടീച്ചര്‍ അന്ന് എഴുന്നേറ്റു നിന്നത്. അതിന്റെ കാരണം വനിതയുടെ ലേഖികയോട് അവര്‍ വ്യക്തമാക്കിയിരുന്നു :“ഒരു നിമിഷം തോന്നിയ വട്ടായിരുന്നു എന്റെ സ്വയം ശിക്ഷ.”
പക്ഷേ ആരു കേള്‍ക്കാന്‍?

പഠിപ്പിക്കുന്ന കുട്ടികളുടെ മുന്നില്‍ വച്ച് മറ്റൊരു മാര്‍ഗവും തെളിയുന്നില്ലെങ്കില്‍ പോലും ഒരു അദ്ധ്യാപിക സ്വയം ശാരീരികമായി ശിക്ഷിക്കുന്നത്, ഒരു നല്ല മാതൃകയാവുമോ? അതും ശരിതെറ്റുകളെക്കുറിച്ചുള്ള ബോധം ഇനിയും ഉറച്ചിട്ടില്ലാത്ത കൌമാരക്കാരികളുടെ മുന്നില്‍ ? തെറ്റ്, സ്വയം എറ്റെടുക്കുന്നതു പോലെയല്ല, അതിനു ശിക്ഷ സ്വയം വിധിക്കുകയും അതു മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്യുന്നത്. മറ്റൊരാളിനെ അടിക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാനസികഭാവങ്ങള്‍ തന്നെയാണ് തന്നെ അടിക്കുന്നതിന്റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍. രണ്ടു ശിക്ഷാവിധിയിലും ശാരീരികമായ കടന്നുകയറ്റമുണ്ട്. മറ്റൊരാളെ അടിക്കാന്‍ കഴിയാത്ത ദേഷ്യമാണ് സ്വയം തീര്‍ക്കുന്നത് എന്നു വരുന്നത് അടിയേക്കാള്‍ മെച്ചപ്പെട്ട മാനസികാവസ്ഥയാണോ? തീര്‍ച്ചയായുമല്ല. മറ്റൊന്നുകൂടിയുണ്ട്, കേരളത്തില്‍, പ്രത്യേകിച്ചും താഴ്ന്ന വരുമാനക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ വ്യാപകമായ ഒന്നാണ് മസോക്കിസ്റ്റ് പ്രവണത. ആത്മഹത്യ ചെയ്യുന്ന കുട്ടികളില്‍ ഭൂരിപക്ഷവും തന്റെ ശരീരത്തില്‍ സ്വയം ശിക്ഷ നടപ്പാക്കുന്നവരാണ്. ആണുങ്ങളെല്ലാം തന്നെ നോക്കി വൃത്തികേടുകള്‍ പറയുന്നത് താന്‍ മോശമായതുകൊണ്ടാണ് എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ ഒരു പത്താംക്ലാസുകാരിയെ എനിക്കറിയാം. അതിന്റെ കൈത്തണ്ട മുഴുവന്‍ ബ്ലെയിഡു കൊണ്ടു വരഞ്ഞ പാടുകളായിരുന്നു. അതു മരിക്കാന്‍ വേണ്ടി ചെയ്തതല്ല, താന്‍ ചീത്തയായതു കൊണ്ട് ചീത്തയാണെന്ന് മറ്റുള്ളവര്‍ ബോധിപ്പിക്കുന്ന സമയമെല്ലാം അവള്‍ സ്വകാര്യമായി സ്വയം വേദനിപ്പിച്ചതിന്റെ തെളിവുകളായിരുന്നു. ഒരു അദ്ധ്യാപിക അസംബ്ലിയില്‍ അതേ മനോഭാവത്തെ അനുവര്‍ത്തിച്ചു കാണിക്കുന്നതോടു കൂടി, ആ പ്രവൃത്തി വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസവിചക്ഷണനും പൊതുധാരാപത്രവുമെല്ലാം മാതൃകയാണെന്നു വാഴ്ത്തുന്നതോടെ സംഭവിക്കുന്നതെന്തായിക്കും. അതു ആരോഗ്യമുള്ളൊരു മാനസികാവസ്ഥ സൃഷ്ടിക്കില്ല. ബാല്യകാലത്തെ ശക്തമായ ചോദനകള്‍ മറക്കില്ല എന്നുള്ളതു കൊണ്ട് ‘ടീച്ചര്‍‘ സ്വയം അടിക്കുന്ന കാഴ്ച അവരെ ഭാവിയില്‍ എങ്ങനെയാണ് സ്വാധീനിക്കാന്‍ പോകുന്നത് എന്ന് ഒന്ന് ആലോചിക്കേണ്ടതല്ലേ. (അതിവൈകാരികതയുടെ ആലങ്കാരിക ഭാഷയിലാണെങ്കിലും വനിതയിലെ ഫീച്ചെറെഴുതിയ ലേഖിക ചില ദിശാസൂചികളിട്ടുണ്ട്, അറിയാതെ !)

ദക്ഷിണാഫ്രിക്കയിലെ ടോള്‍സ്റ്റോയ് ഫോമിലെ രണ്ടു കുട്ടികള്‍ ഏതോ സദാചാരവിരുദ്ധപ്രവൃത്തിയിലേര്‍പ്പെട്ടതിന്റെ ഉത്തരവാദിത്വം സ്വയം എറ്റെടുത്ത് ഗാന്ധിജി ഏഴുദിവസത്തെ ഉപവാസം വരിച്ചിരുന്നു. 1911-12 വര്‍ഷങ്ങളിലാണ്. ചെയ്ത തെറ്റിന്റെ ഭീകരതയും ബീഭത്സതയും ബോധ്യപ്പെടുത്താന്‍ പിന്നെ നാലരമാസക്കാലം ഒരു നേരത്തെ ഭക്ഷണം കൊണ്ടു മാത്രം കഴിയുമെന്നും അദ്ദേഹം ശഠിച്ചു. (എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍) കൌമാരക്കാരെ ആണ്‍ പെണ്‍ ഭേദമില്ലാതെ ഒന്നിച്ചു കുളിക്കാനും ഉറങ്ങാനും അനുവദിച്ചിരുന്നിടത്താണ് ഈ സദാചാരവിരുദ്ധത. എന്തായിരുന്നു തെറ്റെന്നറിയില്ല. ഗാന്ധിജി അനുഷ്ഠിച്ച ഉപവാസത്തിന്റെ ഫലം എന്തായി എന്നുമറിയില്ല. മാര്‍ഗദര്‍ശകരുടെ സ്വയംശിക്ഷ അഭികാമ്യമായ ഒന്നാണെന്നു പൊതുബോധം തീരുമാനിക്കുന്നതിന്റെ വേര് ഒരു പക്ഷേ ഇവിടെ നിന്നാകാം. മതനിഷ്ഠമായ ധാര്‍മ്മിക നീതിയായിരുന്നു ഗാന്ധിജിയുടേത്. അതിന്റെ സ്വാധീനം വളരെ പതുക്കെയാണ് കുറ്റവാളിയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുക. ശാരീരികമായ പീഡനം കണ്ടു നില്‍ക്കുന്ന കുട്ടികളുടെ അബോധത്തില്‍ സംഭവിക്കുന്നതും അതേ പ്രവര്‍ത്തനം തന്നെയായിരിക്കുമെന്ന് എനിക്കൊരു ഉറപ്പുമില്ല.

സാഡിസ്റ്റിക് താത്പര്യങ്ങളുടെ കൂത്തരങ്ങായ നമ്മുടെ സ്കൂളുകളില്‍ മീനാക്ഷിക്കുട്ടി ടീച്ചര്‍ വേറിട്ടൊരു സ്വരമാണെന്നു സമ്മതിക്കുന്നു. ടീച്ചറിന്റെ പ്രവൃത്തിയിലെ ആത്മാര്‍ത്ഥത കാണാതെയോ അതിനെ ഇടിച്ചു കാട്ടാനോ അല്ല ഇതെഴുതുന്നത്. അദ്ധ്യാപിക എന്ന നിലയില്‍ അവര്‍ ചെയ്തിട്ടുള്ളതില്‍ വച്ച് എറ്റവും താഴേ തട്ടിലെ പ്രവൃത്തിയായിരുന്നിരിക്കാം ഇത്. (ഒരു നിമിഷത്തെ ഭ്രാന്ത് എന്ന് ടീച്ചര്‍ തന്നെ പരയുന്നു) നല്ലതൊന്നും കാണാതെ, എന്തുകൊണ്ട് അത്ര ആശാസ്യമല്ലാത്ത ഈ പ്രവൃത്തി കണ്ട് മാതൃകയാക്കുന്നു എന്നാണ് ചോദ്യം. അതിനൊരു ഉത്തരമേയുള്ളൂ. സമൂഹത്തിന് നല്ല പ്രവൃത്തിയേക്കാള്‍ ആവശ്യം വിഗ്രഹങ്ങളെയാണ്. വൈകാരികത കൂടുന്നതിനനുസരിച്ച് വിഗ്രഹങ്ങളുടെ ആകര്‍ഷിക്കാനുള്ള കഴിവും കൂടും. അതറിയാവുന്നതുകൊണ്ട് ബൂര്‍ഷ്വാ പത്രം പോയ വഴിയേ മന്ത്രിയും പോയി. വിദ്യാഭ്യാസ വിചക്ഷണനും പോയി. എല്ലാവര്‍ക്കുമറിയാം ചെയ്യുന്നതിലെ അസംബന്ധം. പക്ഷേ തിരിച്ചുപോക്കില്ല. ശരിയായ കാഫ്കേയിയന്‍ ചുറ്റുപാട്. ഇതല്ലേ “സമ്മിതി നിര്‍മ്മാണം’(manufacturing consent) എന്നു വിളിക്കുന്ന സംഗതി ?

അനുബന്ധം:
ബാള്‍ട്ടിമൂര്‍ നഗരത്തിലെ ഒരു കോളെജിലെ അദ്ധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രോജെക്ട് കൊടുത്തു. ചേരിപ്രദേശത്തു താമസിക്കുന്ന 200 സ്കൂള്‍ വിദ്യാര്‍ത്ഥികലെ കണ്ടു പിടിച്ച് അവരുടെ ഭാവി വിലയിരുത്തുക എന്നതായിരുന്നു അത്.
സാമൂഹികശാസ്ത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആ ചേരിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളാരും രക്ഷപ്പെടാന്‍ ഇടയില്ല എന്നു വിലയിരുത്തി. അത്ര ദരിദ്രാവസ്ഥയിലും പിന്നാക്കാവസ്ഥയിലുമായിരുന്നു അവര്‍. അവരുടെ ഭാവി ഇരുളടഞ്ഞതാണ് എന്ന് കുട്ടികള്‍ റിപ്പോര്‍ട്ടെഴുതി.
25 വര്‍ഷങ്ങള്‍ക്ക് ശേഷം യാദൃച്ഛികമായി ഈ റിപ്പോര്‍ട്ട് കാണാനിടയായ മറ്റൊരു അദ്ധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ റിപ്പോര്‍ട്ട് നല്‍കിയിട്ട് ഇതിനൊരു ഫോളോ അപ് തയാറാക്കാന്‍ ആവശ്യപ്പെട്ടു. കുട്ടികളുടെ വിലാസം ആദ്യ റിപ്പോര്‍ട്ടിലുണ്ടായിരുന്നതു കൊണ്ട് അവരെ തപ്പിപ്പിടിക്കുക പ്രയാസമായിരുന്നില്ല. പ്രതീക്ഷയ്ക്കു വിപരീതമായി 200 കുട്ടികളില്‍ 180 കുട്ടികള്‍ നല്ല നിലയിലായി. അവരില്‍ ഡോക്ടര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍, നിയമബിരുദധാരികള്‍, നേതാക്കന്മാര്‍ എന്നിവരുണ്ട്. അദ്ധ്യാപകന് അദ്ഭുതമായി. അദ്ദേഹം നേരിട്ട് ഇവരുമായി ബന്ധപ്പെട്ട് ജീവിതവിജയത്തിന്റെ കാരണം തിരക്കി. എല്ലാവര്‍ക്കും ഒരേ ഒരു ഉത്തരം മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.
“ഞങ്ങളെ പഠിപ്പിച്ച ഒരു ടീച്ചര്‍.”
(-Chicken Soup for the Soul)

March 17, 2008

പരാജയപ്പെട്ടവരുടെ ശരീരം


രേഷ്മ എന്ന നടിയെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ ക്ലിപ്പിങ് ആകസ്മികമായി കാണാനിടയായി. മൊബൈല്‍ ക്യാമറ ഉപയോഗിച്ചെടുത്ത ചിത്രം ആര്‍ക്കോ ഒക്കെ അയച്ചു കൊടുത്തതിന്റെ പേരിലാണ് കളമശ്ശേരി എസ് ഐ സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. ചോദ്യം ചെയ്യലിനിടയില്‍ ചിത്രീകരണം പതിവാണെന്ന് പോലീസിന്റെ ഭാഗത്തു നിന്ന് ദുര്‍ബലമായ ഒരു വിശദീകരണം കേട്ടിരുന്നു. ഇത് ചിട്ടപ്പടിയുള്ള ചിത്രീകരണമൊന്നുമല്ലെന്ന് കണ്ടാലറിയാം. ഹിന്ദിയിലാണ് ചോദ്യം ചെയ്യല്‍. ശബ്ദം പലയിടത്തും ഉയര്‍ന്നും കുറഞ്ഞും ചിതറിയും തീരെ വ്യക്തമല്ല. ദൃശ്യതയും മോശം. ഹോട്ടല്‍ മുറി പോലെയുള്ള ഒരിടത്താണ്. രേഷ്മ നില്‍ക്കുകയാണ്. ഇടത്തു നെറ്റിയില്‍ ഒരു മുറിപ്പാടുണ്ട്. ആത്മവിശ്വാസമില്ലാതെ, ആര്‍ക്കോ വേണ്ടി അവര്‍ ചിരിക്കുന്നുണ്ട്. പരുക്കന്‍ ശബ്ദത്തില്‍ ഉയര്‍ന്നു പൊങ്ങിയ ഒരു ചോദ്യം ‘നിനക്ക് കുടുംബമില്ലേയെന്നുള്ള‘താണ്. അതിനു പറഞ്ഞ മറുപടി വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല. അതു കഴിഞ്ഞ് അകത്തെ മുറിയില്‍ നിന്ന് സിമ്രാനെ വിളിക്കാന്‍ ആവശ്യപ്പെടുന്നു. (രേഷ്മയോടൊപ്പം സിമ്രാന്‍, രമ്യ, ബീന എന്നിവരെയാണ് പോലീസ് അനാശാസ്യത്തിന് അറസ്റ്റു ചെയ്തത്. ഒപ്പം ജോമോന്‍, ജിയോ ഫിലിപ്പ് എന്നീ ആണുങ്ങളെയും) ഒരാളില്‍ നിന്ന് എത്ര രൂപയാണ് വാങ്ങിക്കുന്നത് എന്നു മറുപടി പറഞ്ഞ ശേഷം സിമ്രാനോട് ചോദിച്ച ചോദ്യം ‘നീ രേഷ്മയേക്കാള്‍ സുന്ദരിയാണല്ലോ നിനക്ക് കൂടുതല്‍ പണം കിട്ടേണ്ടതാണല്ലോ‘ എന്നാണ്.

പോലീസ് ചോദ്യം ചെയ്യലിന്റെ വഴിത്താരകളെക്കുറിച്ച് അധികം അറിയേണ്ടതില്ല. പല രീതികള്‍ അവര്‍ അവലംബിക്കാറുണ്ടെന്നു മാത്രമറിയാം. അവ ചിലപ്പോഴൊക്കെ ക്രൂരമാവാറുള്ളത് സമൂഹം സ്വസ്ഥമായി ക്കിടന്നുറങ്ങാന്‍ വേണ്ടിയാണെന്നാണ് പോലീസുകാരായ സുഹൃത്തുക്കള്‍ നല്‍കിയിട്ടുള്ള സമാധാനം. ഇവിടെയും ചോദ്യം ചെയ്യലിലൂടെ പെണ്‍കുട്ടികളെ ഇങ്ങനെയൊരവസ്ഥയിലേയ്ക്ക് വലിച്ചിഴക്കുന്ന വ്യവസ്ഥയും തമ്പുരാക്കന്മാരുമൊക്കെ പുറത്തുവരികയും മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും ചെയ്യുമെങ്കില്‍ നല്ലത്. ഏതാനും സെക്കന്റുകളില്‍ അവസാനിച്ചു പോയതെങ്കിലും നടുക്കത്തോടെ മാത്രം കണ്ട ചോദ്യം ചെയ്യല്‍ എന്ന റിയാലിറ്റിയെപ്പറ്റിയും അതിന്റെ പരിണതഫലത്തെപ്പറ്റിയും അത്രയ്ക്കങ്ങ് ശുഭാപ്തിക്കാരനാവാന്‍ വയ്യ. അങ്ങനെയൊരു ശുഭസൂചനയും നമ്മുടെ സമകാല ചരിത്രം ആരുടെ മുന്നിലും നേദിച്ചിട്ടില്ല. അപ്പോഴീ ചോദ്യങ്ങള്‍ മുറപോലുള്ള സര്‍ക്കാരു കാര്യത്തിന്റെ പട്ടികയില്‍ എഴുതിതള്ളാമായിരുന്നു, പക്ഷേ ഇവിടെ എം എം എസ്സു വഴി പ്രചരിക്കപ്പെട്ട വീഡിയോ ക്ലിപ്പിങ്ങ് നല്‍കുന്ന ഒരു സൂചനയുണ്ട്. ‘ബി ക്ലാസ്സു സിനിമകളിലും സിഡികളിലും നിങ്ങള്‍ കണ്ടു വെള്ളമിറക്കിയ ഒരു പെണ്‍ശരീരം ‘ഞങ്ങളുടെ‘ മുന്നില്‍ ദാ നില്‍ക്കുന്ന നില്പ് നോക്ക്‘ എന്നാണ് അതു പറയാതെ പറഞ്ഞ അര്‍ത്ഥം. ചോദ്യങ്ങള്‍ സ്ഥാപനവത്കൃതമായ നമ്മുടെ പൊള്ള സദാചാരങ്ങളുടെ പ്രകടന പത്രികയും. ഇതു രണ്ടുമായിരുന്നു ഏറ്റവും വലിയ അശ്ലീലം. പക്ഷേ അവയിലെ ലീനദ്ധ്വനികള്‍ മനസ്സിലാക്കാനുള്ള പാകതമാത്രം ഇനിയും നമ്മുടെ തലച്ചോറുകള്‍ക്ക് കൈവന്നിട്ടില്ലല്ലോ.


രേഷ്മ, പതിവുപോലെ സിനിമാഭിനയം എന്ന സ്വപ്നവുമായി വന്ന് ഈ തൊഴിലിലേയ്ക്ക് എറിയപ്പെട്ടതാണ്. കൂടുതല്‍ സുന്ദരി എന്നു പോലീസുകാരന്‍ പറഞ്ഞ പെണ്‍കുട്ടി സിമ്രാന്റെയും കഥ മറ്റൊന്നാകാന്‍ തരമില്ല. നമ്മുടെതു പോലുള്ള സദാചാരവ്യവസ്ഥ നിലനില്‍ക്കുന്ന സമൂഹത്തില്‍ ഒരു പെണ്‍കുട്ടിയ്ക്ക് വേശ്യയായി തീരാന്‍ ഒരു പാട് ബലതന്ത്രങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്. അപ്പോള്‍ 23ഉം 21ഉം വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍, അവര്‍ കടന്നു പോയ പീഢന പര്‍വങ്ങള്‍ക്കു പുറമേ, സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കഷ്ടകാണ്ഡങ്ങള്‍ കൂടി കഴിച്ചുകൂട്ടിക്കഴിയുമ്പോള്‍ എന്താണ് മൊത്തത്തില്‍ സംഭവിക്കുക? അറസ്റ്റു ചെയ്യപ്പെട്ട പെണ്‍ജീവിതങ്ങള്‍ നേര്‍ വഴിക്കാവുമോ? അതിനു പിന്നാലെ വരുന്ന പെണ്‍കുട്ടികളൊക്കെ രക്ഷപ്പെടുമോ? കേരളത്തിലെ ആണുങ്ങളെല്ലാം വ്യഭിചാരബുദ്ധി ഉപേക്ഷിച്ച് രാഷ്ട്രീയം മതം ഏതെങ്കിലുമൊന്നില്‍ അഭയം തേടി, പരിശുദ്ധരാവുമോ? വേശ്യാവൃത്തി എന്നെന്നേയ്ക്കുമായി തുടച്ചു നീക്കപ്പെടുമോ, ഇവിടെ?

സദാചാരം എന്നും ആണത്താധികാരത്തിന്റെ മേഖലയായിരുന്നു. നിര്‍മ്മിക്കപ്പെട്ടത് ആര്‍ക്കുവേണ്ടിയാണോ അവരു തന്നെ ശിക്ഷാധികാരികളായി വരുന്നതരം വൈരുദ്ധ്യത്തിനു ചരിത്രത്തിന്റെ തുടക്കം മുതല്‍ വിധേയമായ ഒരു പ്രത്യേക നിയോജകമണ്ഡലമാണത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാവുന്നത് നമ്മുടെ നിയമത്തില്‍ ഏതു വഴിയ്ക്കാണെന്ന് ഒരു പിടിയുമില്ല. കുറ്റം അരുതാത്തത് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിലാണ്. ഇമ്മോറല്‍ ട്രാഫിക്ക്. പണവും പോക്കറ്റിലിട്ടു കിലുക്കി വീടിനു നടയില്‍ ചെന്നു നിന്നവരെ ഈ പാവം പെണ്ണുകള്‍ “അരുതാത്തതു“ ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നു വരുന്നതിന്റെ വിരോധാഭാസം, ക്വിന്റല്‍ കണക്കില്‍ വിറ്റു പോകും ഇപ്പോള്‍ മാര്‍ക്കറ്റില്‍ !

ഉത്പാദനബന്ധങ്ങള്‍ വച്ച് എംഗല്‍‌സ് തരം തിരിച്ച സമൂഹത്തിന്റെ മൂന്നാം ഘട്ടത്തിലാണ് നമ്മള്‍ മലയാളികളും. ഏകദാമ്പത്യ ലൈംഗിക ജീവിതം നയിക്കുന്ന പരിഷ്കൃതസമൂഹം. പരസ്പരവിരുദ്ധങ്ങളും ഉള്ളുപൊള്ളകളുമായ മൂല്യങ്ങള്‍ സന്നിഹിതമാണീ പരിഷ്കാരത്തില്‍ എന്ന് ആര്‍ക്കാണറിയാന്‍ വയ്യാത്തത്. അതു പറഞ്ഞു തരാന്‍ ചില ബൊഹീമിയനുകള്‍ നവാബു രാജേന്ദ്രനായി സുരാസുവായി ജോണ്‍ എബ്രഹാമായി അയ്യപ്പനായി കൊള്ളിയാന്‍ പാഞ്ഞിട്ടുണ്ട് ഇവിടെയും. നമുക്കില്ലാതെ പോയത് മുഖത്തടിക്കുന്ന ഒരു ലൈംഗിക അരാജകവാദിയാണ്. എണ്‍പതുകള്‍ അതിനു പറ്റിയ മണ്ണായിരുന്നു. ഗൊദാര്‍ദ് ടൈറ്റിലില്‍ ഒരാവശ്യവുമില്ലാതെ ഉദ്ധരിച്ച ലിംഗം കാണിച്ചു. മര്‍ലിനും മഡോണയും നിക്കോലി കിഡ്മാനും ശരീരത്തില്‍ നിന്ന് വേറിട്ടതല്ല സ്വത്വം എന്ന് മറ കൂടാതെ തെളിയിച്ചു. ( സ്മിതയ്ക്കോ രേഷ്മയ്ക്കോ അവിടങ്ങളില്‍ ജനിക്കാമായിരുന്നു ) പിന്നീട് ബര്‍ട്ടുലൂച്ചിയും (ഡ്രീമേഴ്സ്) കാസ്പര്‍ നോയിയും(ഇറിവേഴ്സിബിള്‍) ലൈംഗിക ധാരണകളെ തന്നെ, പ്രേക്ഷകനെ ഞെട്ടിച്ചു കൊണ്ടു പുതുക്കി. മറ്റു പലതും ലവലേശം കുറ്റബോധം കൂടാതെ ഇറക്കുമതി ചെയ്ത മലയാളി എന്തുകൊണ്ടോ അവിടെ മാത്രം തരിച്ചു നിന്നു. ആദ്യകാലത്ത് ചില സ്പാര്‍ക്കുകള്‍. അത്രമാത്രം. അതവിടെ കത്തി തീര്‍ന്നു. അവളുടെ രാവുകള്‍ക്കും സത്രത്തിലൊരു രാത്രിയ്ക്കും രതി നിര്‍വേദത്തിനും മലങ്കാറ്റിനും ശേഷം മലയാളസിനിമ കാനന സുന്ദരിയിലേയ്ക്കും അഞ്ചരയ്ക്കുള്ള വണ്ടിയിലേയ്ക്കും കിന്നാരത്തുമ്പികളിലേയ്ക്കും പോയതങ്ങനെയാണ്. പെണ്‍ശരീരങ്ങള്‍ പിന്നെയും ഒളിച്ചുനോട്ടങ്ങള്‍ക്കുള്ള സങ്കേതമായി. നമുക്കു മാത്രമല്ല. മറ്റു ഭാരതീയര്‍ക്കും. അവയൊന്നും പുതുക്കാന്‍ ശ്രമിച്ചില്ല. പകരം അനാരോഗ്യകരമായ കുറ്റബോധങ്ങള്‍ ബാല്യം തൊട്ടു വാര്‍ദ്ധക്യം വരെ നിറച്ചു വച്ചുകൊടുത്തു. വിജയശ്രീ, പ്രമീള, ജയമാലിനി, റാണി പദ്മിനി, സ്മിത, ഷക്കീല, രേഷ്മ... ശരാശരി മലയാളി ആണ്‍ കൌമാരത്തിന്റെ കാലാന്തരത്തിലുള്ള വളര്‍ച്ച (?) കൂടി ഈ പെണ്‍ശരീരങ്ങള്‍ അടയാളപ്പെടുത്തുന്നുണ്ട്. മറ്റൊന്നു കൂടി, അരിയും പച്ചക്കറികളും ഇറച്ചിയും പോലെ നിത്യോപയോഗ വസ്തുക്കളുടെ കൂട്ടത്തില്‍പ്പെടുത്തി പിന്നെ പിന്നെ മലയാളിക്ക് ഒളിഞ്ഞുനോക്കാനും അനുഭവിക്കാനുമുള്ള പെണ്‍ ശരീരങ്ങളും ഇറക്കുമതി ചെയ്യേണ്ടി വരുന്നു എന്നുള്ളതാണ് അത്. ഇപ്പോള്‍ മല്ലുവിന്റെ ‘രതിചിത്ര‘താരം രേഷ്മ മൈസൂര്‍ കല്യാണനഗരി സ്വദേശിയാണ് !


നമ്മളെങ്ങോട്ടേയ്ക്കും വളര്‍ന്നിട്ടില്ല, മൂത്രമൊഴിക്കുന്നിടത്തേയ്ക്കു നോക്കി വാപൊത്തി അമര്‍ത്തിപ്പിടിച്ചു ചിരിക്കുന്ന ശൈശവാവസ്ഥയില്‍ നിന്ന് എങ്ങോട്ടേയ്ക്കും. പോലീസുകാരുടെ മുന്‍പില്‍ നിന്ന് ആശ്രയമില്ലാതെ വിളറിയ ചിരി ചിരിച്ച രേഷ്മ ചെറുതല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഇത്രയും നാള്‍ അവര്‍ നമ്മളെ രസിപ്പിക്കുകയായിരുന്നു. പാവം. മലയാളിയുടെ അടക്കി വച്ച ആഗ്രഹങ്ങള്‍ക്ക് കൂട്ടു നില്‍ക്കാന്‍ തുണിയുരിഞ്ഞ ഒരു 23 -കാരിയുടെ ഇനിയുള്ള ജീവിതം എന്തായിരിക്കും, ഇവിടെ.
സ്മിത മരിച്ചപ്പോള്‍ അവര്‍ക്കുള്ള അര്‍ച്ചനാലാപത്തില്‍ യു രാജീവ് എഴുതി :
“ ഏതായാലും
നീ, സ്വയം മരിച്ചത്
നന്നായി.
അല്ലെങ്കില്‍
........
മുഖത്തെ രേഖാംശങ്ങളില്‍
വെടിയുപ്പു നിറച്ചോ
മുലക്കണ്ണില്‍ കുളമ്പടിയിട്ടോ
അടിവയറ്റില്‍
തേള്‍ കടിപ്പിച്ചോ
കല്ലെറിഞ്ഞോ
കുരിശിലേറ്റിയോ
നിന്നെ
ഞങ്ങള്‍ തന്നെ
കൊല്ലുമായിരുന്നു.” (വിശുദ്ധ സ്മിതയ്ക്ക്)

കാലം കഴിയുമ്പോഴെങ്കിലും കാര്യങ്ങള്‍ വ്യത്യാസപ്പെടുന്നുണ്ടോ?

March 13, 2008

തമിഴ് കവിതകള്‍


ഐക്യം

ഞങ്ങളുടെ ഗ്രാമത്തില്‍
പാതകള്‍ക്ക്
മേലേ കീഴേ എന്ന്
തരം തിരിവില്ല.

ചായക്കടകളില്‍
രണ്ടു തരം ഗ്ലാസുകളില്‍
ചായ പകരുന്നില്ല.

അമ്പലത്തിലെ രഥങ്ങളുരുളുന്ന
പവിത്രമായ വഴികളില്‍
ചപ്പലുമിട്ട് ഞങ്ങള്‍ക്ക്‍ അന്തസ്സായി നടക്കാം.

പൊതു കിണറ്റില്‍ നിന്ന്
എല്ലാവര്‍ക്കും വെള്ളം കോരാം.

എന്റെ ഗ്രാമത്തില്‍ മറ്റാരുമില്ല,
എന്റെ ജാതിക്കാരല്ലാതെ.

-എം മുരുകേഷ്
-1969-ല്‍ ജനനം. അഞ്ച് കവിതാസമാഹാരങ്ങളും അഞ്ച് ഹൈക്കുക്കവിതകളുടെ സമാഹാരവും ഒരു ലേഖനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുറമേ തമിഴ് കവിതകള്‍ എഡിറ്റു ചെയ്തിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ കോഡിനേറ്ററായി ജോലി നോക്കുന്നു.

കുപ്പുസാമി

സന്ദര്‍ശകന്‍ പറഞ്ഞു
എന്റെ ബാല്യകാല സുഹൃത്ത്
കുപ്പുസാമി മരിച്ചുപോയെന്ന്.

ശരി,
എന്നാല്‍
എപ്പോഴാണ് അവന്‍
ജീവിച്ചിരുന്നത്...?

-ഫീനിക്സ്
1968-ല്‍ ജനനം. രണ്ടു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡോ. കെ എസ് സുബ്രഹ്മണ്യന്‍ വിവര്‍ത്തനം ചെയ്തു് Katha poets Cafe പ്രസിദ്ധീകരിച്ച Tamil New Poetry എന്ന ഗ്രന്ഥത്തില്‍ നിന്നും

March 9, 2008

തണുത്ത നിഴലുകള്‍ വീണു കിടക്കുന്ന തുരുത്ത്




‘ഒരു ഗള്‍ഫ് പ്രവാസിയുടെ തിരിച്ചു പോക്കിനുള്ള സാദ്ധ്യതകള്‍’
എന്ന കഥയുടെ അവസാനവരിയില്‍ കഥാകൃത്തായ പെരിങ്ങോടന്‍ ആഖ്യാനപരമായ ഒരു അട്ടിമറി നടത്തിയിട്ടുണ്ട്. കഥയിലെ ആഖ്യാതാവ് ‘ഞാന്‍’ പ്രവാസത്തിന്റെ വര്‍ത്തമാനാവസ്ഥയില്‍ നിന്നും അത്രയൊന്നും ഹിതകരമല്ലെന്നു ഏതു വായനക്കാരനും തോന്നാവുന്ന ഭൂതകാലാനുഭവത്തിലേയ്ക്ക് യാത്രയായിട്ട്, ഭാവിയുടെ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് പ്രവേശിക്കുന്നത് ‘മരിച്ചു പോയ്’ എന്ന ഒരൊറ്റ അനുപ്രയോഗം കൊണ്ടാണ്. സാധാരണവ്യവഹാരം ക്ലാസ്സിനു പുറത്തു നിര്‍ത്തുന്ന വ്യാകരണ വിരുദ്ധതയാണ് ആ വാക്യത്തിന്റെ കാതല്‍. ‘ഞാന്‍ മരിച്ചു‘ എന്നത് ഒരു സ്വാഭാവികവാക്യമല്ല. അതിനേക്കാള്‍ ശ്രദ്ധേയമായ കാര്യം, മരിച്ചുപോയ വ്യക്തിയായിരുന്നു ഇതുവരെ ആഖ്യാനം നിര്‍വഹിച്ചിരുന്നതെന്ന് വായിക്കുന്നയാള്‍ മനസ്സിലാക്കുന്ന സന്ദര്‍ഭമാണ്. (അതിന് അവസാന വാക്യത്തിലെ അവസാന വാക്കുവരെ നയിച്ചുകൊണ്ടു പോകുന്ന ശില്പഭദ്രതയുണ്ട് ഈ കഥയ്ക്ക്). ഈ യുക്തിഭംഗത്തെ സാഹിത്യനീതിയുമായി തട്ടിച്ചു നോക്കി ശരിവയ്ക്കാന്‍ കഥാകൃത്ത് എന്തു സാധൂകരണമാണ് കഥയില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത് ? മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മരിച്ചതിനുശേഷം കഥ പറയുന്ന കഥാപാത്രത്തിന്റെ അസ്തിത്വത്തെ സംശയമില്ലാതെ സ്വീകരിക്കാന്‍ കഴിവുള്ളതാക്കുന്ന പ്രബലഘടകങ്ങള്‍ എന്തൊക്കെയാണീ കഥയില്‍?


സൂക്ഷിച്ചു നോക്കിയാല്‍ പല സങ്കീര്‍ണ്ണതകള്‍ കൂടിക്കുഴയുന്നുണ്ട് ഇവിടെ. മരിച്ചു പോയ്’ എന്നിടത്ത് പ്രകടമായുള്ളത് മരണത്തിന്റെ അനിച്ഛാപൂര്‍വതയാണ്. ‘രംഗബോധമില്ലാത്ത കോമാളി‘യായാണ് മരണം ഇവിടെയും എത്തുന്നത്. നാടിനെക്കുറിച്ചും ഭൂതകാലത്തെക്കുറിച്ചും തിരിച്ചുപോക്കിനെക്കുറിച്ചും ആലോചനയിലാണ്ടു നടന്നു പോകുന്ന ഒരു മനുഷ്യന്‍, ഒരു പ്രവാസി, വണ്ടിയിടിച്ചു മരിച്ചുപോകുന്നതില്‍ പ്രതീക്ഷയും വാസ്തവവും തമ്മിലുള്ള സംഘര്‍ഷവും ദുര്‍വാര്യമായ മനുഷ്യവിധിയെ സംബന്ധിച്ചുള്ള ദുരന്തവും നിഹിതമാണ് എന്നു തോന്നാം. ആകസ്മികമായ ഒരു ട്വിസ്റ്റില്‍ കഥയവസാനിപ്പിക്കുക എന്നത് പഴയൊരു ആഖ്യാനതന്ത്രമാണ്. ആശകളുടെയും യാഥാര്‍ത്ഥ്യത്തിന്റെയും കൂട്ടിമുട്ടലില്‍ തകരുന്ന മനുഷ്യാവസ്ഥയുടെ ചിത്രീകരണത്തിന് പരിണാമഗുപ്തിയുടെ വൈകാരികമായ മുറുക്കം കൂടി നല്‍കുകയാണ് ജനപ്രിയമായ കഥനരീതിയുടെ ഒരു വഴക്കം. ബാഹ്യതലത്തില്‍ ഈ പറഞ്ഞ രചനാസങ്കേതത്തെയാണ് ‘ഒരു ഗള്‍ഫ് പ്രവാസിയുടെ തിരിച്ചു പോക്കിനുള്ള സാദ്ധ്യതകളും’ പിന്തുടരുന്നത്. എന്നാലിവിടെ ആഖ്യാനരീതി തന്നെ, ധ്വനിപ്രധാനമായ അര്‍ത്ഥോത്പാദന വ്യവസ്ഥയായി പരിണമിക്കുന്നതിന്റെ ഒരു മാതൃകയാവുന്നു. വായനക്കാരന്റെ വൈകാരികതലത്തെ (ഏറെയും സഹാനുഭൂതിപരമായ) ഉണര്‍ത്തി ലയം കൊള്ളിക്കുക എന്ന (ജനപ്രിയ കഥകളുടെ) ലക്ഷ്യം ഈ കഥയ്ക്ക് കുറച്ചേ നിറവേറ്റാനുള്ളൂ. അതിനുള്ള കാരണം കഥയ്ക്കുള്ളിലെ ആന്തര സങ്കീര്‍ണ്ണതകളുടെ പെരുക്കമാണ്. വലിയ ഒരു ദുരന്തം എന്ന നിലയ്ക്കല്ല അയാളുടെ മരണം ഇവിടെ കടന്നു വരുന്നതെന്നു വ്യക്തം. വണ്ടിയ്ക്കടിയില്‍പ്പെട്ട് കോഴിയോ തവളയോ ചതഞ്ഞരയുമ്പോലെ, അത്ര തന്നെ നിസ്സാരവും പരിഹാസദ്യോതകവുമാണ് ആ മരണ പരാമര്‍ശം. ‘മരിച്ചു പോയ്’ എന്ന വാക്കുണ്ടാക്കുന്ന അലയൊലി അതാണ്. ഒപ്പം ശീര്‍ഷകം നിവേദിക്കുന്ന ഗൂഢമായ ഒരു സത്യമുണ്ട്, അത് തിരിച്ചുപോക്കിനുള്ള (പ്രബലമായ) ഒരു സാദ്ധ്യത മരണത്തിലേയ്ക്കാണ് എന്നതാണ്. അപ്പോള്‍ ‘മരിച്ചു’ എന്നതിനു പകരം ‘മരിച്ചുപോയ്’ എന്ന നിസ്സഹായത ധ്വനിപ്പിക്കുന്ന പ്രയോഗം എന്തിനു വേണ്ടിയായിരുന്നു?


കഥയില്‍ തിരഞ്ഞാല്‍ കിട്ടുന്ന അര്‍ത്ഥം ‘തിരിച്ചുപോക്കിനുള്ള നിരവധി വഴികളില്‍‘ ഒന്നായ മരണം മാത്രം പ്രതിരോധങ്ങളെ അത്യന്തികമായി നിര്‍വീര്യമാക്കുന്നു എന്നുള്ളതാണ്. അതാണ് ഒറ്റവാക്കിലെ കാതരമായ നിസ്സഹായതയുടെ പൊരുള്‍. പ്രതീകങ്ങളെ സമര്‍ത്ഥമാ‍യി വിന്യസിക്കുന്നതിലൂടെ കഥാകൃത്ത് നല്‍കുന്ന വിവരം തിരിച്ചു പോകാന്‍ ചില വഴികളല്ലാതെ ‘ഒരിടം’ ഇല്ല എന്നുള്ളതാണ്. കൃത്രിമമായി നിര്‍മ്മിച്ചിട്ടുള്ള തടാകകരയിലെ ജോലി സ്ഥലത്തു നിന്നും അതേ പോലെ തന്നെയുള്ള കൃത്രിമനിര്‍മ്മിതിയായ തടാകക്കരയിലെ ഫ്ലാറ്റിലേയ്ക്കാണ് അയാളുടെ ദൈനംദിനയാത്രകള്‍. കൊച്ചിയും അതുപോലെ കൃത്രിമമായിക്കൊണ്ടിരിക്കുകയാണെന്ന സൂചന കഥ പ്രകടമായി തന്നെ നല്‍കുന്നുണ്ട്. അങ്ങനെ സ്ഥലപരമായ ഒരു പിന്മടക്കം നിലവിലുള്ള ഏകാന്തതയും മടുപ്പും തന്നെയായിരിക്കും നല്‍കുകയെന്നറിയാന്‍ പ്രത്യേക ആലോചന ആവശ്യമില്ല. പിന്നെ അയാള്‍ പരിഗണനയ്ക്കെടുക്കുന്നത് അനുഭവങ്ങളുടെ ഭൂതകാലമാണ്. കൊച്ചിയില്‍ നിന്ന് ഏതെങ്കിലും ഗ്രാമപ്രദേശത്തേയ്ക്ക് -അതിനു പേരില്ല, അതയാളുടെ സ്വന്തം സൃഷ്ടിയാണ്- ഓടിച്ചെത്താവുന്ന ബൈക്ക് യാത്രയെക്കുറിച്ചുള്ള ചിന്ത അയാളെ ഡെയ്സണിലെത്തിക്കുന്നു, ധൌ റെസ്റ്റോറന്റിലെ മത്സ്യവിഭങ്ങളുടെ പേരുകള്‍, അയാളെ അച്ഛനിലേയ്ക്കും കണ്ടനിലേയ്ക്കും അയ്യപ്പനിലേയ്ക്കും ഒറ്റയ്ക്കൊറ്റയ്ക്കു നില്‍ക്കുന്ന ഈന്തപ്പനകള്‍, ശിവാനന്ദനിലേയ്ക്കും നയിക്കുന്നു. വര്‍ത്തമാനത്തില്‍ നിന്ന് ഭൂതത്തിലേയ്ക്ക് കൊരുക്കുന്ന ഈ ഓര്‍മ്മകളിലൊന്നും പച്ചപ്പില്ല. ഡെയ്സണ്‍ കൊലപ്പെട്ടു. അച്ഛന്റെയും കണ്ടന്റെയും കാര്യത്തില്‍, ‘ചില തിരിച്ചുപോക്കുകളെ പശിമ വറ്റിയ മണ്ണ് അടക്കം ചെയ്തിരിക്കുകയാണെന്ന‘ പരാമര്‍ശമുണ്ട്. കുന്നുമ്പുറത്തെ മനുഷ്യരെ, കൂടുതല്‍ മനുഷ്യരാക്കാന്‍ സാഹിത്യം പരതുന്ന ശിവാനന്ദന്റെ ഉദ്ദേശ്യങ്ങളോട് മുഖം തിരിച്ചാണ് അയാളുടെ നില്‍പ്പ്. ('ഞാന്‍ വായന നിര്‍ത്തി'). പ്രാഥമിക വികാരങ്ങള്‍ കൊടിക്കുത്തിയിരിക്കുന്ന അക്രമങ്ങളുടേതും വ്യഭിചാരങ്ങളുടേതും മാത്രമായ ഈ ഭൂതകാലത്തിലേയ്ക്കല്ല അയാള്‍ക്കു തിരിച്ചു പോകേണ്ടതെന്നു ഇത്രമേല്‍ വ്യക്തമായിരിക്കേ, കുറ്റബോധത്തിന്റെ അഴുക്കുഭാണ്ഡവുമായി അയാള്‍ക്കു ചെന്നു കയറാന്‍ ഒരിടമേയുള്ളൂ, അതാണ് റോഡ് മുറിച്ചു കടക്കവേ, ഒരു ലാന്‍ഡ്ക്രൂയിസറുടെ രൂപത്തില്‍ അയാളെ തേടിവന്നത്.


സത്യത്തില്‍ മരണം അയാളുടെ അബോധാഭിലാഷമാണ്. അതു സാക്ഷാത്കാരം നേടിയ ക്രിയാംശമല്ല. യാന്ത്രികവും നിശ്ചലവുമായ കാലിക ജീവിതത്തില്‍ (തടാകങ്ങളുടെ പ്രതീകകല്‍പ്പന മുന്നില്‍ വയ്ക്കുന്നത് ഇക്കാര്യമല്ലേ ) നിന്നും കുറ്റബോധം കുമിയുന്ന ഭൂതകാലത്തില്‍ നിന്നും രക്ഷ നേടാനുള്ള ഒരു ഉപാധി മരണമാണെന്ന് (അതു മാത്രമാണെന്ന്) അയാള്‍ക്കറിയാം, അതോടൊപ്പം അത്തരമൊരു ചിന്തയുടെ നേര്‍ക്കുള്ള പരിഹാസവും ചേര്‍ന്നു രൂപപ്പെടുത്തിയതാണ് ‘ഒരു ഗള്‍ഫ് പ്രവാസിയുടെ തിരിച്ചു പോക്കിനുള്ള സാദ്ധ്യതകള്‍’ എന്ന കഥ. അത് വായിക്കുന്നയാളിന്റെ അബോധവുമായി സന്ധി ചെയ്യത്തക്കവിധം ആഖ്യാനം ഭദ്രമാണ്. ആലോചിച്ചാല്‍ ഇതില്‍ വീണ്ടും വിരോധാഭാസങ്ങളുണ്ട്. ആളുകളെ കഠിനമായി വെറുക്കുന്ന, സഹിക്കാന്‍ വയ്യായ്കയുടെ ഒരംശം അതിലെ കഥാപാത്രത്തിനുണ്ട്. കുനാല്‍ ജെയിന്‍ പണക്കണക്ക് മാത്രം പറയുന്നതുകൊണ്ടാണോ അയാളുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ ഇയാള്‍ക്കു തോന്നുന്നത്? ഷാര്‍ജയിലെ ടാക്സിക്കാരെ ഇയാള്‍ക്ക് ഇഷ്ടമല്ല. ജോഗിങ് ട്രാക്കില്‍ ഓടുന്ന മനുഷ്യരെ ആരെയും അയാള്‍ തിരിച്ചറിയാറില്ല. അതിഭീകരമായ ഉള്‍വലിയലിന്റെ പ്രകടനപത്രികയായി വേണം ഈ സാന്ദര്‍ഭിക പരാമര്‍ശങ്ങളെ വായിക്കാന്‍. വിനിമയങ്ങളില്‍ പരാജിതരായ എഴുത്തുകാരെക്കുറിച്ചും അവരെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തതിനെക്കുറിച്ചും വാചാലനാവുന്ന കഥാപാത്രം, സ്വയം വെളിവാക്കുകതന്നെയാണെന്നു നാം തിരിച്ചറിയുന്നിടത്താണ് തണുത്ത നിഴലുകളുടെ തുരുത്ത് വെളിപ്പെടുന്നത്. തികച്ചും അബോധപൂര്‍വം കഥയുടെ തുടക്കത്തില്‍ രണ്ടിടത്ത് ‘തിരിച്ചു വരവ്’ എന്നാണ് കഥാകൃത്ത് പ്രയോഗിക്കുന്നത്. താന്‍ നില്‍ക്കുന്നിടത്തേയ്ക്ക് അല്ലെങ്കില്‍ എങ്ങോട്ടാണ് തിരിച്ചു വരേണ്ടത്? സാമൂഹികമായ സംവേദനങ്ങളെ റദ്ദാക്കിക്കൊണ്ട് തുരുത്തുപോലെ എകാകിയായി, മരണതുല്യമായ അവസ്ഥയില്‍ കഴിയുന്ന ഒരു വ്യക്തിയുടെ പൊറുതിയില്ലായ്മയെയാണ് നാം ‘തിരിച്ചുപോക്കായി‘ വായിച്ചത് എന്നര്‍ത്ഥം. ഇവിടെ നിന്ന് അല്പം ദൂരം മാത്രമെയുള്ളൂ ‘ഇരട്ടക്കൊലപാതകം‍’ എന്ന കഥയിലേയ്ക്ക്. അത് മറ്റൊരിക്കല്‍.

March 3, 2008

നാളെ നാളെയെന്നായിട്ട്.......




2005 ജൂണില്‍ ആഢംബരത്തോടെയും അതിലേറെ ആഹ്ലാദവാനായുമാണ് ഞാന്‍ BSNL എന്ന ഭാരതസര്‍ക്കാര്‍ വക സാങ്കേതിക സ്ഥാപനത്തിന്റെ തിരോന്തരം ശാഖയില്‍ എന്റെ ഇന്റെര്‍നെറ്റു കണക്ഷന്‍ ‘വിശാലമനസ്കനാക്കി ഓര്‍ വിശാലാക്ഷിയാക്കി താ’ എന്നും പറഞ്ഞ് അപേക്ഷ സമര്‍പ്പിക്കുന്നത്. അത്ര ഭയങ്കരമായിരുന്നു അക്കാലത്തൊക്കെ ദേശീയ പത്രങ്ങളില്‍ വന്നിരുന്ന BSNL പരസ്യങ്ങള്‍. ആരും പ്രലോഭിതരായി പോകും. (ഇപ്പോഴെന്താ മോശമാണോ?) ആഗോളവത്കരണത്തിന്റെ ഭാഗമായി ഇന്ത്യ മാറി എന്നു തന്നെയാണ് പത്തുവര്‍ഷം അവിടെയുമിവിടെയുമൊക്കെ ചുറ്റി നടന്നിട്ട് നാട്ടില്‍ തിരിച്ചെത്തിയ ഞാനും ധരിച്ചു വശായിരുന്നത്. എന്നാല്‍ കഷ്ടം ! പ്രാദേശിക ഫുട്ബാളു കളിയിലൊക്കെ കമന്റ്‌റി പറയും പോലെ തുടര്‍ന്നുള്ള രണ്ടുമാസം ഒന്നും സംഭവിച്ചില്ലാ‍ാ‍ാ.. അതിനെ തുടര്‍ന്നുള്ള രണ്ടു മാസങ്ങളിലും അങ്ങനെ തന്നെ. എന്നാല്‍ പതിവുപോലെ ഞാനെന്നും രാവിലെ അണിഞ്ഞൊരുങ്ങി റോഡിലേയ്ക്കു നോക്കിയിരുപ്പാണ്. ഇപ്പം വരും ഇപ്പം വരും എന്റെ വിശാലത എന്ന മട്ടില്‍. ഇതിനിടയ്ക്ക് ‘അതി പ്രകര്‍ഷേണ‘ ഒന്നു രണ്ടു സാങ്കേതിക വിദഗ്ധരെ വിളിച്ച് ‘അദെങ്ങനെയാ, ഇദെങ്ങനെയാ, അപ്പോള്‍ ഐക്കണ്‍ ഡെസ്ക്ടോപ്പില്‍ കാണ്വോ.. ഡേറ്റാ ട്രാന്‍സ്ഫര്‍ അറിയാന്‍ പറ്റ്വോ ‘എന്നൊക്കെ ചോദിച്ച് ആളുകളെ മടുപ്പിച്ചിട്ടുണ്ട്. സ്വയം കൃതാനര്‍ത്ഥം! നമ്മളായിട്ടു ഹോം വര്‍ക്കു ഒന്നും ചെയ്തില്ലെന്നും എവനൊരു കണ്ട്രിയാണെന്നും BSNL-ല്‍ നിന്നു വരുന്ന സാറമാര്‍ക്കു തോന്നരുതെന്നും വിചാരിച്ചായിരുന്നു അന്തസ്സുകളഞ്ഞുള്ള അഭ്യാസങ്ങളൊക്കെ.

ഒക്കെ വെറുതെയായി !

ഒക്ടോബര്‍ അവസാനം കുടയുമെടുത്ത് ഞാന്‍ പട്ടത്തുള്ള BSNL-ന്റെ മെയിന്‍ ആപ്പീസില്‍ നേരിട്ടു തന്നെ പ്രത്യക്ഷനായി. ഉച്ചസമയമാണ്. കുറേ കാത്തു നിന്ന ശേഷമാണ് അവിടെയല്ല, ഇവിടെ ഇവിടെയല്ല, അവിടെ എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങളുടെ ദിശാസൂചിപിടിച്ച് ഞാന്‍ ആപ്പീസറുടെ മുന്നില്‍ ആനീതനായത്.
“നിങ്ങളിതൊക്കെ ഇവിടെയല്ല അന്വേഷിക്കണ്ടത്” ഗൌരവക്കാരനായ ആപ്പീസറു പറഞ്ഞു. “ ചെന്ന് എക്സ്ചേഞ്ചിലന്വേഷിക്ക്.”
എവിടെയാണ് കാര്യങ്ങള്‍ അന്വേഷിക്കേണ്ടത് എന്നു പോലും അറിവില്ലാത്തവന്റെ കുറ്റബോധത്തോടെ ഞാന്‍ വിമതമനസ്കനായി എക്സ്ചേഞ്ചിലേയ്ക്കു ചെന്നു. അപ്പോള്‍ അവിടെ ആരുമില്ല. ജീവിതം ഒരു പാടുകണ്ട ഒരു മനുഷ്യന്‍, സാറ്‌ (അവിടത്തെ) ഏതോ കല്യാണത്തിനു പോയിരിക്കുകയാണെന്നും ഇന്നിനി വരാന്‍ സാദ്ധ്യതയില്ലെന്നും നാളെ വന്നു തിരക്കുന്നതാണു ബുദ്ധി എന്നും തലോടും പോലെ എന്നെ ഉപദേശിച്ചു.

പിറ്റേന്ന്, അതീവസൌമ്യസ്വരത്തില്‍ സംസാരിക്കുമെങ്കിലും അസ്വസ്ഥതകൊണ്ട് പെട്ടെന്നു ചൂടാവുന്ന ഒരാപ്പീസറുടെ മുന്നിലാണ് ഞാന്‍ ചെന്നുപ്പെട്ടത്. അദ്ദേഹത്തിനു മാത്രമേ ബ്രോഡ്ബാന്‍ഡ് സംബന്ധമായി എന്തെങ്കിലും പറഞ്ഞു തരാനുള്ള അറിവുള്ളൂ, (ആ എക്സ്ചേഞ്ചില്). ബാക്കി ആ ആപ്പീസിലുള്ളവരൊക്കെ ലാന്‍ഡ് ഫോണും അതിന്റെ സ്ഥാപനവും കുഴിവെട്ടലുമൊക്കെയായി തട്ടിമുട്ടി ജീവിതം കഴിച്ചുകൂട്ടുന്നവരാണ്. ജോലി ചെയ്യാത്തവരുമുണ്ട്. അവര്‍ പഴയ ആള്‍ക്കാരാണ് പുതിയ ലോകവുമായി ഒത്തുപോകാന്‍ പറ്റാത്തതു കൊണ്ട് നിതാന്ത സമരത്തിലാണ്.

അപേക്ഷകൊടുത്ത സമയവും കാലവുമൊക്കെ ചോദിച്ചറിഞ്ഞിട്ട് ആപ്പീസറദ്ദേം ചിരിച്ച ഏങ്കോണിച്ച ചിരി ജീവിതത്തില്‍ മറക്കില്ല. അത്രയ്ക്ക് ഐസായി പോയീ ഞാന്‍. ബാന്‍ഡ് വിഡ്ത്തില്ല എന്നതായിരുന്നു പ്രശ്നം. അതുകൊണ്ട് അപേക്ഷകളൊക്കെ കെട്ടിക്കിടക്കുകയാണ്. ആ ‘വിഡ്ത്ത്’ വന്നാല്‍ മാത്രമേ അപേക്ഷകള്‍ പരിഗണിച്ചു തുടങ്ങൂ.. ശരിയാണ് ആദ്യം കുറച്ചു പേര്‍ക്കെല്ലാം കൊടുത്തിരുന്നു. അതിനുശേഷമാണ്, ‘വിഡ്ത്ത്‘ പ്രശ്നം സജീവമായത്. പിന്നെ സര്‍ക്കാരാപ്പീസുകളിലെ ഏറ്റവുമധികം മുഴങ്ങി കേള്‍ക്കുന്ന നിറമുള്ള വാക്യം, കീ വേഡ്, അദ്ദേം പറഞ്ഞു.

“പോയിട്ട് പിന്നെ വാ..”

എന്റെ ഡയലപ്പും വച്ച് ബാംഗ്ലൂരും ഡല്‍ഹിലുമുള്ള സകല നോഡല്‍ ആപ്പീസര്‍മാര്‍ക്കും ഗ്രീവിയന്‍സുകള്‍ക്കും ഞാന്‍ എഴുതി. എഴുതിയവ പ്രിന്റെടുത്ത് ഒച്ചായും അയച്ചു.
“നോക്ക് അപ്പീസറന്മാരേ... പറഞ്ഞുവരുമ്പോള്‍, കേരളത്തിന്റെ തലസ്ഥാനമാണ്. സിറ്റിയാണ്. ടെക്നോ പാര്‍ക്ക് ഇവിടെയാണ്. എന്നിട്ട് ഇവിടെയുള്ള ഒരു എക്സ്ചേഞ്ചില്‍ നെറ്റു കണക്ഷന്‍ നല്‍കാനുള്ള ‘വിഡ്ത്തില്ലെങ്കില്‍’ നാണക്കേട് ആര്‍ക്കാണ്..എനിക്കോ നിങ്ങള്‍ക്കോ രാഷ്ട്രപുരോഗതിയ്ക്കോ ?”
ഒറ്റവക സംഭവിച്ചില്ലാ.......

ഞാന്‍ പുതിയൊരു അപേക്ഷാ ഫാറം വാങ്ങിച്ച് ഞാനൊന്നുമറിഞ്ഞിട്ടില്ലെന്ന മട്ടില്‍ പുതിയ ഒരപേക്ഷ കൂടി കൊടുത്തു.
അതിനു ശേഷം കോര്‍പ്പറേഷന്‍ വക ശുദ്ധജലം എന്തുമാത്രം ടാപ്പുകളിലൂടെ ഒഴുകിപോയിക്കാണും ! തൃക്കണ്ണാപുരം പാലത്തിന്റെ അടീന്ന് എന്തോരം മണലു ആളുകളെല്ലാം കൂടി വാരി ലോറീകേറ്റിക്കൊണ്ടു പോയി !

2007 നവംബര്‍ മാസത്തിന്റെ തുടക്കത്തില്‍ ഒരു ഫോണ്‍കോള്‍ വന്നു. എക്സ്ചേഞ്ചില്‍ നിന്നാണെന്നു പറഞ്ഞു. അറിഞ്ഞതു പാതി അറിയാത്തതു പാതി ഞാന്‍ ഓടി പാഞ്ഞു ചെന്നു. ഒന്നിനും ഒരുമാറ്റവുമില്ല.
പേരും നാളും ജനനതീയതിയും ഫോണ്‍നമ്പറും പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു തുണ്ട് പേപ്പറ് ആപ്പീസര്‍ കൈയില്‍ തന്നു. എന്റെ ഇന്റെര്‍നെറ്റു കണക്ഷന്‍ വിശാലമാകാന്‍ പോകുന്നതിന്റെ തലക്കുറിയാണ്.
നാളെ ആളു വരും.
“ഇന്നു...” എന്നു തുടങ്ങുന്ന ചോദ്യം എന്റെ നാവിന്‍ത്തുമ്പില്‍ വന്നു കറങ്ങി അസ്തമിച്ചു.
എല്ലാത്തിനും ഓരോ സമയമുണ്ട് ദാസാ, അക്ഷമ കൊണ്ട് ആക്രാന്തം കാട്ടരുത്. വെളുക്കുവോളം കാക്കാമെങ്കില്‍ വേവുവോളം കാത്താലെന്ത്?

‘നാളെ’ ഒരാളും വന്നില്ല. എന്നല്ല അതുപോലെ പല നാളെകളിലും ആളെ കാണാതെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും എക്സ്ചേഞ്ചിന്റെ തിരുമുറ്റത്തു നിന്നു തലചൊറിഞ്ഞു.
“വരും’ ആപ്പീസറു ഉദാസീനമായ സ്വരത്തില്‍ പറഞ്ഞു.” എപ്പഴെന്നൊന്നും ഇപ്പം പറയാന്‍ പറ്റില്ല. കണക്ഷന്‍ നിങ്ങള്‍ക്കു മാത്രമല്ല പലര്‍ക്കും കൊടുക്കാനുണ്ട്. “
എന്നേക്കാള്‍ ക്ഷമാശീലരും സത്സ്വഭാവികളുമായ കുറേ മനുഷ്യരുടെ അവ്യക്തചിത്രങ്ങള്‍ എന്റെ മനോമുകുരത്തിലൂടെ പാഞ്ഞു. ശരിയല്ലേ. അക്കൂട്ടത്തില്‍ എത്ര ഉയര്‍ന്ന ഉദ്യോഗമുള്ളവര് കാണും. എന്തു പിടിപാടുള്ളവരായിരിക്കും. ഞാനാര്? അവര്‍ക്കൊക്കെ ക്ഷമിക്കാമെങ്കില്‍ എനിക്കെന്താ കൊമ്പുണ്ടോ?
രണ്ടാഴ്ചകഴിഞ്ഞപ്പോള്‍ ഒന്നോ രണ്ടോ പേര്‍ വന്ന് ചോദ്യം ചെയ്തിട്ടു പോയെന്നും ഫോണെവിടെ, മുറിയെവിടെ എന്നൊക്കെ ചോദിച്ചെന്നും പോലീസാവാന്‍ സാദ്ധ്യയുണ്ടെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് ഒരു കോള്‍ വന്നു. ഞാനെന്തെങ്കില്‍ ‘കന്നന്തിരു‘ ഒപ്പിച്ചിരിക്കും എന്ന മട്ടിലാണ് അമ്മയുടെ സംസാരം. മുറിയില്‍ കയറിയപാടെ ഞാന്‍ കവിടി നിരത്തി ഗണിച്ചു. നല്ലകാലമാണ്. എന്തായാലും പോലീസല്ല. ആണെങ്കില്‍ തന്നെ വെരിഫിക്കേഷനു വല്ലതുമായിരിക്കും. പത്തോനൂറോ കൊടുത്തു വിടാമായിരുന്നു.
അമ്മ പറഞ്ഞു :“അതു ഞാന്‍ കൊടുത്തു.”

പിറ്റേന്ന് വൈകുന്നേരം പതിവുപോലെ വെളിയില്‍ വെയിലത്ത് ചുറ്റിതിരിഞ്ഞിട്ട് വീട്ടില്‍ വരുമ്പോള്‍ കാണുന്നത് കുറേ കറുത്ത വയറുകള്‍ മുറ്റത്തു കിടക്കുന്നതാണ്. തലേന്നു വന്നവര്‍ പോലീസുകാരല്ലായിരുന്നു. ടെലഫോണ്‍ എക്സ്ചേഞ്ചില്‍ നിന്നു വന്ന തങ്കപ്പെട്ട മനുഷ്യരായിരുന്നു. മുറ്റത്തു കിടക്കുന്ന കറുത്ത വയറ് ഞാന്‍ രണ്ടായി മടക്കി എന്റെ മുറിയില്‍ കൊണ്ടു പോയി കണക്ഷന്‍ കൊടുക്കേണ്ട സ്ഥലത്തു വച്ചിട്ട് രണ്ടാമത്തെ അറ്റം വലിച്ചു ടെലഫോണ്‍ ലൈന്‍ കൊടുത്തിരിക്കുന്ന സ്ഥലത്തു കൊണ്ടു പോയി മുട്ടിച്ചു വയ്ക്കണം. അതാണ് നിര്‍ദ്ദേശം. ബാക്കി അവര് ‘നാളെ’ വന്നു ചെയ്തോളും.

കാര്യങ്ങള്‍ വ്യക്തമായി മനസ്സിലായിരുന്നില്ല. എങ്കിലും പറഞ്ഞതു പോലെയൊക്കെ ‘മുട്ടിച്ചു ‘ വച്ചു. അനാഥമായി രണ്ടു മടക്കിട്ട കറുത്തവയറ് രണ്ടു ദിവസം മഴ നനഞ്ഞു പനിച്ചു കിടന്നു. ആരും തിരിഞ്ഞു നോക്കിയില്ല. മുറ്റം തൂക്കുമ്പോഴുള്ള ബുദ്ധിമുട്ടു കാരണം ലീലചേച്ചി മാത്രം ശേ.. ശേ.. എന്നു പറഞ്ഞത് പത്രവായനയ്ക്കിടയില്‍ ഞാന്‍ കേട്ടായിരുന്നു. ഞാനെന്തു ചെയ്യും? പിന്നെ ഒരു ദിവസം പതിവു പോലെ ഓര്‍ക്കാപുറത്ത് അയ്യോ പൊത്തോ എന്നും പറഞ്ഞ് പഴയ കഥാപാത്രങ്ങള്‍ വന്നു. എന്റെ മുട്ടിച്ചു വയ്പ്പ് അവര്‍ക്ക് തീരെ പിടിച്ചില്ല. അതു പ്രശ്നമായി. സ്റ്റേഷനില്‍ ചെല്ലാന്‍ പറയും പോലെ എന്നെ അടിയന്തിരമായി എക്സ്ചേഞ്ചില്‍ ചെല്ലാന്‍ പറഞ്ഞിട്ട്, പെട്ടിയാട്ടോ പോലത്തെ വണ്ടിയോടിച്ച് അവരു പോയി.


എന്റെ പേരിലുള്ള കുറ്റം പലതായിരുന്നു.
ഒന്ന്, എക്സ്ചേഞ്ചില്‍ നിന്ന് ആളു വരുമ്പോഴൊക്കെ ഒരു സഹായവും ചെയ്യാതെ ഞാന്‍ ഒഴിഞ്ഞു മാറി. അവര്‍ പറഞ്ഞിട്ടു പോയ കാര്യങ്ങളുടെ ഗൌരവം മനസിലാക്കി അനുസരിച്ചില്ല എന്നു മാത്രമല്ല, ഒഴമ്പി തള്ളി. ഫോണ്‍, DSL‍, ലൈന്‍ എന്നെല്ലാമെഴുതിയിട്ടുള്ള ഒരു സോക്കറ്റ് ഉണ്ട്. അതു വാങ്ങി വച്ചില്ല, അങ്ങനെ സര്‍ക്കാരുദ്യോഗസ്ഥരുടെ വിലപ്പെട്ട സമയമാണ് ഞാന്‍ മുന്‍‌ക്കൈയെടുത്തു പാഴാക്കിയത്. സര്‍വോപരി മോഡം എന്നു പറയുന്ന ‘സാതനം‘ ഞാന്‍ വാങ്ങി വച്ചിട്ടില്ല.
‘ഈശോയേ.....അത് ഇവിടുന്നു കൊണ്ടു വരുമെന്നാണല്ലോ ഞാന്‍ കരുതീത്..‘ തലയില്‍ കൈ വച്ചു പോയീ ഞാന്‍
ആപ്പീസറുടെ കണ്ണില്‍ തീ പാളി.
‘ഞാന്‍ തന്ന മുന്‍പ് തന്ന സ്ലിപ്പ് വീട്ടില്‍ ചെന്ന് എടുത്തു വച്ച് കണ്ണു തുറന്ന് നോക്ക്..” ചീത്തവിളിക്കും പോലെ അദ്ദേം പറഞ്ഞു. “അതില്‍ മോഡം ഇവിടുന്നു തരുന്ന ‘പ്ലാനല്ല‘ തന്റേത്....”
“മോഡം കിട്ടുന്ന കട പറഞ്ഞാല്‍ നാളെ തന്നെ...”-ഞാന്‍
“കിട്ടില്ല..” -ആപ്പീസറ്.
“ പിന്നെന്തു ചെയ്യും.. “ കരച്ചിലിന്റെ വക്കിലെത്തിയ ഞാന്‍.
“ മെയിനാപ്പീസി ചെന്ന് അവിടത്തെ ആപ്പീസറെ കണ്ട് അപേക്ഷ കൊട്..” -എങ്കിലും വലിയ ഫലമൂണ്ടാവില്ല, മോഡം ഇപ്പം ഷോട്ടാ..” -ആപ്പീസറ്

അങ്ങനെയൊക്കെ തന്നെ ചെയ്തു. മെയിനാപ്പീസറു ഒരു സ്ത്രീയായിരുന്നു. അവരെന്നെ പെണ്‍സിംഹി നോക്കുന്നതുപോലെ നോക്കി. ‘ഇതൊക്കെ കണക്ഷനു അപേക്ഷിക്കുമ്പം ആലോചിക്കണമായിരുന്നു‘ എന്നും പറഞ്ഞ് ഫോണെടുത്ത് തൊട്ടടുത്ത ക്യാബിനില്‍ തന്നെയുള്ള ആരോടോ സംസാരിച്ചു. എന്റെ കൈയിലെ പേപ്പര്‍ കഷ്ണം വാങ്ങി അതിലൊരു ‘ശൂ‘ വരച്ചു. കൊണ്ടു പൊയ്ക്കൊള്ളാന്‍ പറഞ്ഞു.

ഒരു മാസം കൂടി കഴിഞ്ഞപ്പോള്‍ മോഡം കിട്ടി. നാലഞ്ചു ദിവസം കൂടി കാത്തപ്പോള്‍ കണക്ഷനും കിട്ടി. പക്ഷേ ഒച്ചിഴയുന്ന സ്പീഡേയുള്ളൂ. ‘എന്തൊരു സ്ഫീഡ്’ എന്നു പറഞ്ഞ് അന്തം വിടാന്‍ ഒരു സ്കോപ്പുമില്ല. അങ്ങനെയല്ലായിരുന്നു പരസ്യം. മാത്രമല്ല. പത്തോ ഇരുപതോ സെക്കന്റു കഴിയുമ്പോള്‍ പറഞ്ഞു വച്ചതുപോലെ കണക്ഷന്‍ കട്ടാവും. ഇനി ഒരിക്കലും കാണേണ്ട എന്നു വിചാരിച്ചിരുന്ന ആപ്പീസറുടെ അടുത്തേയ്ക്ക് തലയും ചൊറിഞ്ഞ് ഞാന്‍ പിന്നെയും ചെന്നു.
എന്നെ കണ്ടതും സാറ് ഇഞ്ചികടിച്ചു...
“അതൊന്നും ഇവിടെ പറയണ്ട.. “ ആപ്പീസറ് പറഞ്ഞു. ‘നൊമ്മടെ ജോലി കഴിഞ്ഞ്”
അപ്പോഴാണ് ഞാന്‍ അറിയുന്നത് ‘കസ്റ്റമര്‍ കെയറ്’ എന്നൊരു മഹാസംഭവമുണ്ട്. ഇനി അവരാണ് എന്റെയും ഇന്റെര്‍നെറ്റ് ‘വിശാലന്റെയും’ കാര്യങ്ങളില്‍ വേണ്ട ശ്രദ്ധ ചെലുത്താന്‍ പോകുന്നത്. ഓക്കെ. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്.
കെയറില്‍ വിളിച്ചു. ആരും ഫോണെടുക്കുന്നില്ല. പിന്നെയും പിന്നെയും പിന്നെയും വിളിച്ചു. വേറെ പണിയില്ലല്ലോ. ഒടുവില്‍ ഉറക്കച്ചടവിന്റെ ശബ്ദത്തില്‍ ഒരാള്‍, അയാളും ആപ്പീസറു തന്നെ, വിളികേട്ടു. കക്ഷി പ്രശ്നം കൃത്യമായി അപഗ്രഥിച്ച് വെളിവാക്കി തന്നു. അങ്ങനെ കട്ടാവുന്നെങ്കില്‍ സംഗതി വൈറസാണ്. മെഷ്യന്‍ മൊത്തം ഫോര്‍മാറ്റ് ചെയ്യണം. നല്ല ആന്റി വൈറസ് വിലകൊടുത്തു വാങ്ങി പിടിപ്പിക്കയും വേണം. എന്റെയൊരു ഭാഗ്യം ! വേറെ കമ്പ്യൂട്ടര്‍ വാങ്ങണം എന്നു പറഞ്ഞില്ലല്ലോ ഉദാരമതി!
ഫോണ്‍ വച്ചു.

അപ്പോള്‍ പറഞ്ഞു വന്നത് ഇങ്ങനെയൊക്കെയാണ് നമ്മുടെ നാട്ടിലെ കാര്യങ്ങള്‍. എല്ലാവര്‍ക്കും ഇതൊക്കെ തന്നെയാവണം അനുഭവം എന്നില്ലാ. ഭാഗ്യദോഷം കൊണ്ടാവാം, എന്റെ കാര്യം, ഇങ്ങനെയാണ്. കമ്പ്യൂട്ടര്‍ അറിയാവുന്ന ഒരു കൂട്ടുകാരനാണ് ‘റെഗ് എഡിറ്റില്‍‘ കയറി ഡിസ്ക്കണക്ഷന്‍ പ്രശ്നം ശരിയാക്കി തന്നത്. എങ്കിലും ഇപ്പോഴും പീക് അവേഴ്സില്‍ അതുണ്ട്. സ്പീഡു കുറയുന്നതിന് ‘സര്‍വെര്‍ ഡൌണ്‍‘ എന്നൊരു കാരണമുണ്ട്. അതാവട്ടെ ഇരിക്കുന്നത് ബാംഗ്ലൂരിലും. നമ്മുടെ എട്ടാവട്ടത്തുള്ള ആളുകളുടെ കൈപ്പിടിയിലൊതുങ്ങുന്ന കാര്യമല്ല അത്. അതു കൊണ്ട് സഹിക്കുക എന്നൊരുപദേശമാണ് ‘കസ്റ്റമര്‍ കെയറി‘ല്‍ നിന്നു പിന്നീടൊരിക്കല്‍ കിട്ടിയത് . എല്ലാദിവസവും അതിന്റെ സ്പീഡിങ്ങനെ കുറഞ്ഞും കൂടിയുമിരിക്കുമെങ്കില്‍‍ എത്രമാത്രം ‘എഫിഷ്യന്റായ സെര്‍വെര്‍ ആയിരിക്കുമത്? അതും കഴിഞ്ഞ് കടലിനടിയില്‍ കേബിള്‍ മുറിഞ്ഞു കിടന്നതിന്റെ പനിയും കഴിഞ്ഞിട്ടും ഇപ്പോഴും എന്റെ കണക്ഷന്‍ ഒരു ഭാഗ്യക്കുറിയാണ്. കിട്ടിയാല്‍ കിട്ടി. കട്ടാവാതിരുന്നാല്‍ ഒത്തു. അതുകൊണ്ട് പലപ്പോഴും ഡയലപ്പിലാണ് കാര്യങ്ങള്‍ മുറതെറ്റാതെ കൊണ്ടു പോകുന്നത് എന്നു പറയുമ്പോള്‍ ബില്ല് അത്ര ചെറുതാണെന്നുന്നൊന്നും വിചാരിക്കരുത്. മൂവായിരത്തോളം രൂപയാണ് (കൃത്യം 2651) ജനുവരിമാസത്തെ ബില്ല്. എക്സ്ട്രാ യൂസേജ് ഉള്‍പ്പടെ. ബില്ലിന്റെ പരാതി പറയാന്‍ ചില നമ്പരുകളുണ്ട്. ദൈവത്തിന്റെ കളി കൊണ്ട് അവിടെയാരും ഫോണെടുക്കുന്നില്ല. ബില്ലില്‍ തന്നെ കൊടുത്തിട്ടുള്ള നമ്പരുകള്‍ നോക്കി വിളിച്ചിട്ട് ‘ഈ നമ്പര്‍ നിലവിലില്ല‘ എന്ന കിളിമൊഴി കേട്ട് എത്ര പ്രാവശ്യമാണെന്നോ ഞാന്‍ സായൂജ്യമടഞ്ഞിട്ടുള്ളത് !
ഇത്രയൊക്കെയായിട്ടും തകഴിയുടെ പഴയ കൃഷിക്കാരന്‍ ചെയ്യുന്നതു പോലെ ഞാന്‍ മുറയ്ക്ക് ‘ജെ ടി ഓ‘യെയും കസ്റ്റമര്‍ കെയറിനെയും വിളിക്കുന്നുണ്ട്. അതിനും വേണ്ടിയുള്ള കാര്യങ്ങള്‍ നിത്യേന സംഭവിക്കുന്നുണ്ട്. അല്ലാതെ കൊതിയായിട്ടൊന്നുമല്ല. ഇപ്പോള്‍ അതു ശീലമായി പോയി. അങ്ങനെയാണ് എന്റെ ക്ഷമയുടെ ബാന്‍ഡ് വിഡ്ത്ത് കൂടിയ കാര്യം ഞാനീയിടെ തിരിച്ചറിഞ്ഞത്. ഒരു ഗുളികയും കഴിക്കാതെ തന്നെ. അത്രയെങ്കിലുമാവട്ടേ.. അതൊരു നല്ലകാര്യമല്ലേ. ..