October 1, 2013

ഗ്രാംഷിയുടെ പ്രസാധകർ


             ലക്സ്സസിന്റെ വൈമാത്രേയ സഹോദരനാണല്ലോ ( രണ്ടമ്മ മക്കൾ എന്ന് പച്ച മലയാളം) ടൊയോട്ട. ഇയിത്തുങ്ങൾ സ്മാരക ശിലകളിലെ ഖാൻ ബഹാദൂർ പൂക്കോയ തങ്ങളെയും പട്ടാളം ഇബ്രായിയെയും പോലെയാണ്. സഹോദരന്മാരാണ്, പക്ഷേ പറഞ്ഞിട്ടു കാര്യമില്ല. ഒരാൾ കോടീശ്വരനെങ്കിൽ മറ്റേയാൾ ശരിക്കും അഗതി, പിച്ചക്കാരൻ, കാര്യപ്രാപ്തിയില്ലാത്തവൻ. പുസ്തകപ്രസാധക സംഘങ്ങൾക്കും ഉണ്ട് ഇങ്ങനെ കണ്ടാൽ തിരിച്ചറിയാൻ വയ്യാത്ത സഹോദരൻമാർ. ലിറ്റ്മസും മാമ്പഴവും ഡിസിയുടെ വകയാണ്. പക്ഷേ കണ്ടാൽ ഒന്നാണോ എന്നറിയാൻ തുരന്നു നോക്കണം.  മാമ്പഴം കുട്ടികൾക്കുള്ള പ്രസിദ്ധീകരണമാണ്. അതുമാത്രമേ തൊടൂ. വില കൊമ്പത്തതുമാണ്. മൈത്രി വേറെ ഗ്രീൻ ലീഫ് വേറെ. മൈത്രി ഗൌരവമുള്ള പുരോഗമനപരമായ നിരീശ്വരവാദപരമായ പുസ്തകങ്ങൾ പുറത്തിറക്കുമ്പോൾ ഗ്രീൻ ലീഫ് അതേ അച്ചുകൾ വച്ചുകൊണ്ട്  കണ്ണീർ കായലിൽ കടലാസ്സിന്റെ തോണിയിറക്കുന്നു. പൊട്ടിക്കരയിക്കുന്ന കഥകൾ, നോവലുകൾ...... പെൻ‌ഗ്വിനുണ്ടായിരുന്നു വൈക്കിംഗ് എന്നു പേരുള്ള ഇംപ്രിന്റ്. പക്ഷേ എച്ച് ആൻഡ് സി ആ തരവഴി കാണിച്ചിട്ടില്ല. കുട്ടികൾക്കുള്ള ബൈബിൾ കഥകളും ഖുറാൻ കഥകൾ കുട്ടികൾക്കും ഒറിഗാമിയും പാചക മഞ്ജരിയും ഇറക്കിയ അതേ ബ്രാൻഡിൽ തന്നെ, അതേ അച്ചു കുത്തി തന്നെ സാറാജോസഫിന്റെ ഒരുവൾ നടന്ന വഴികളും, കെ പി അപ്പന്റെ തനിച്ചിരിക്കുമ്പോൾ ഓർക്കുന്നതും എം ടിയുടെ ഏകാകികളുടെ ശബ്ദവും വാക്കുകളുടെ വിസ്മയവും ഇറക്കി. രവിമേനോന്റെ ഹൃദയഗീതങ്ങൾ, സേതുവിന്റെ പ്രിയപ്പെട്ട കഥകൾ, എം സുകുമാരന്റെ ജനിതകം, പി സുരേന്ദ്രന്റെ ചെ, ഐ ഷണ്മുഖദാസിന്റെ സിനിമയും ചില സംവിധായകരും സുഗതകുമാരിയുടെ പച്ച, ഓ എൻ വിയുടെ അരിവാളും രാക്കുയിലും, സുസ്മേഷ് ചന്ത്രോത്തിന്റെ നായകനും നായികയും രവീന്ദ്രന്റെ ശീതകാല രാത്രികൾ, ഡോ ജേക്കബ് വി ചീരാന്റെ ആന  അതൊക്കെ പോട്ടെ, ഇന്ത്യൻ ഭാഷയിൽ  ആദ്യമായി കാറൽ മാക്സിന്റെ ജീവചരിത്രമിറങ്ങിയത് ഇങ്ങ് കൊച്ചു കേരളത്തിലും സുപ്രസിദ്ധ വാണിജ്യഭാഷയും പുരാവസ്തുവും ഒക്കെയായ മലയാളത്തിലുമാണ് എന്നാണ് വയ്പ്പ്. എഴുതിയത് രാമകൃഷ്ണപിള്ള. ഈ പൊത്തകത്തിന്റെ പുനഃ പ്രസിദ്ധീകരണം നിർവഹിച്ചിരിക്കുന്നതും ടി എച്ച് ആൻഡ് സിയാകുന്നു. അതുകൊണ്ട് സംഭവം നിലവിലുണ്ട്.

പറഞ്ഞുവന്നത് വേറൊരു കാര്യമാണ്. എച്ച് ആൻഡ് സിയെന്നും പറഞ്ഞ് ആളെ കളിയാക്കുന്ന ഒരു തമാശ പൊട്ടിച്ചത് സൂരജ് രാജനാണെന്നാണ് ഓർമ്മ. അവകൾ വായിച്ച വിവരം മാത്രമുള്ള ആളുകളോടുള്ള പുച്ഛമോ ദേഷ്യമോ ഒക്കെയാണ് സ്വയം അല്ലാതെ സ്വബോധമുള്ള മറ്റാർക്കും ആസ്വദിക്കാൻ കഴിയാത്ത ആ തമാശയുടെ മൂലകാരണം. അതേറ്റു പിടിച്ചുകൊണ്ട് ക്ലീഷേയുടെ മേൽ ക്ലീഷേയായി ആ സാധനം മാതൃഭാഷ - വാണിജ്യഭാഷ വിവാദത്തിനിടയിലും കേറി വന്നിരുന്നു. മുൻപ് പലപ്പോഴും എന്നപോലെ. (ഇപ്പോൾ അതിന്റെ ഉപജ്ഞാതാവ് ദീപക് ശങ്കരനാരായണനാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ). സമാനമായ വാചകം കണ്ടത് ഒരു ഷാജി കൈലാസ് പടത്തിലാണ്. രാഷ്ട്രാന്തരീയ തലത്തിൽ തായം കളിക്കുന്നു എന്ന് അവകാശപ്പെടുന്ന വില്ലൻ നായകനെയോ മറ്റോ ഉപദേശിക്കുന്നു,  മറ്റവർക്ക് ലോക്കൽ മലയാളം പത്രത്തിൽ നിന്നു കിട്ടുന്ന രാഷ്ട്രീയ വിവരമേ ഉള്ളൂ എന്ന്. എന്നിട്ട് ഈ രാഷ്ട്രാന്തരീയ വില്ലൻ സിനിമയിൽ  മൊത്തത്തിൽ പങ്കു വയ്ക്കുന്ന വിവരം എന്താണ്? സിനിമ സിനിമ മാത്രം. അത്രയ്ക്കൊന്നും ആരും ആലോചിക്കരുത്..

മുകളിലത്തെ സാമാന്യം നീണ്ട ലിസ്റ്റ് എന്തിനെന്ന് ഇപ്പോൾ മനസ്സിലായി കാണുമല്ലോ. തമാശപറയുന്നവർക്കു പോലും സംഭവം ഒരു പുകമറയായി എന്തോ എന്ന് ഓർമ്മയുണ്ടെന്നല്ലാതെ, എന്താണ്  ഏതാണെന്ന് വ്യക്തമായി തിരിഞ്ഞിട്ടില്ല എന്നു വ്യക്തം. കാര്യത്തിലേയ്ക്ക് വരാം. മലയാളത്തിലെ മുൻകിടക്കാരുടെ (ആരു നിശ്ചയിച്ചു? തത്കാലം ഇപ്പോൾ ആരെങ്കിലും നിശ്ചയിക്കട്ടെ, ) പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു വരുന്ന ടി പ്രസാധകർ, എച്ച് ആൻഡ് സി - ട്രെയിനിലും മറ്റും വിൽക്കാനായി 10 രൂപയ്ക്ക് പുസ്തകം അടിച്ചിറക്കിയിട്ടുണ്ടെങ്കിൽ അതൊരു നല്ല കാര്യമാണ്. കാരണം ആരും ‘മൂലധനം‘ വായിച്ചിട്ടല്ല, രാഷ്ട്രീയ പ്രബുദ്ധത നേടുന്നത്. തോപ്പിൽ ഭാസിയുടെ മൂലധനമോ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയോ ചിലപ്പോൾ യഥാർത്ഥ ‘മൂലധന’ത്തിനേക്കാളും ചിലതൊക്കെ നിർവഹിക്കുകയും ചെയ്യും. മിലോവാൻ ജിലാസ് (വാക്കു ശരിയല്ലേ?) ‘പുതിയ വർഗ’ത്തിലാണെന്നു തോന്നുന്നു സ്റ്റാലിൻ ‘മൂലധനം’ വായിച്ചിട്ടേയില്ലെന്നു പറയുന്നത്. രണ്ടറ്റവും കൂട്ടിതൊടുവിക്കാൻ നെരിയാണിയിൽ തീപ്പന്തവുമായി പായുന്നതിനിടയിൽ പാവപ്പെട്ടവന് എന്തു വ്യായാമം എന്നതുപോലെ എന്തു പുസ്തകം? അതിനിടയിൽ ഒറിഗാമിയെക്കുറിച്ച്, പാചകത്തെക്കുറിച്ച്, നാടൻ സൌന്ദര്യവിദ്യകളെക്കുറിച്ച്  അല്ലെങ്കിൽ  നാടൻ പാട്ടുകൾ, പഴംഞ്ചൊല്ലുകൾ, നാടോടികഥകൾ, സദാചാരകഥകൾ, ആയിരത്തൊന്നു രാവുകളുടെ സംഗ്രഹം ( ജോർജ്ജ് ഇമ്മട്ടിയാണ് ഭൂരിഭാഗത്തിന്റെയും എഴുത്തുകാരൻ) അങ്ങനെ സാധാരണക്കാരന്റെ വായന ലാക്കാക്കി അവന്റെ കീശയ്ക്കിണങ്ങുന്ന വിലയ്ക്ക് നൽകാൻ ഇറങ്ങി വരുന്ന പ്രസാധകർ എങ്ങനെയാണ് മോശം ആകുന്നത്? തമാശയാകുന്നത്? അല്ലെങ്കിൽ ആളെ കളിയാക്കാൻ അവരുടെ പേരുപയോഗിക്കാമെന്നു വരുന്നത്?

ചെറ്റ എന്ന വാക്ക് മലയാളത്തിൽ ചീത്തയാണ്. ‘ചെറ്റത്തരം‘ ചെറ്റക്കുടിലിൽ താമസിക്കുന്നവന്റെ മാന്യതയില്ലാത്ത പെരുമാറ്റവുമാണ്. പക്ഷേ ഈ മാന്യത മറ്റെവിടെയോ തീരുമാനിക്കപ്പെട്ടതാണെന്ന് മറന്നാൽ വേറൊരുത്തന്റെ അളവിനനുസരിച്ച് കാലു മുറിക്കാത്തവന്റെ പ്രവൃത്തിയാണ് ‘ചെറ്റത്തരം‘. ആ നിലയ്ക്ക് എച്ച് ആൻഡ് സിയുടെ 10 രൂപാ പുസ്തകങ്ങൾ (കാലം മാറി ഇപ്പോൾ മിനിമം 20 രൂപയാണ്)  ആർക്കെങ്കിലുമൊക്കെ ‘ചെറ്റത്തര‘മാകുകയും അതു വായിക്കുന്നവർ ‘ചെറ്റ‘യാവുകയും കാഴ്ചപ്പാടിൽ വളരെ ചെറിയ എന്തോ ഒന്ന് ആയിത്തീരുകയും ചെയ്യുന്നത് ശരിയാണോ? ഇന്ന് പുസ്തകങ്ങൾ അടുക്കി വയ്ക്കുന്നതിനിടയിൽ നോക്കുമ്പോൾ  ഡിസി പോലെയൊരു ഒന്നാംകിടയെ വായനകൊണ്ട് സഹായിക്കുന്ന ആളായി സ്വയം സാക്ഷാത്കരിക്കുകയുണ്ടായി !!! ( ലോകത്തിൽ പിയേഴ്സണാണത്രേ ഒന്നാം സ്ഥാനം, ഹാർപ്പർ കോളിൻസിനു പത്തൊൻപതാം സ്ഥാനമേ ഉള്ളൂ) എച്ച് ആൻഡ് സി പുസ്തകങ്ങൾ ഇവിടെ കൂട്ടത്തിൽ തീരെ കുറവ് ... എന്നിട്ടും ഇനി അവർ നാണത്തെക്കുറിച്ച് ഇറക്കാൻ പോകുന്ന പുസ്തകങ്ങളുടെ വായനക്കാരനൊക്കെയായി ഈ കൊള്ളരുതാത്തവന്റെ പേരും കൊരുത്തിട്ടു, പ്രവചനസ്വഭാവത്തോടെ, കമന്റുകളിൽ. കഷ്ടം എന്നല്ലാതെ എന്തു പറയാൻ.. സത്യത്തിൽ അമ്മായിയപ്പനെ അടിക്കാൻ വയ്യാത്തതുകൊണ്ട് ഭാര്യയെ അടിക്കുന്നു എന്ന നയം വച്ച്, എച്ച ആൻഡ് സിയുടെ ( പാവപ്പെട്ടവരുടെ വേശ്യ എന്നു പറയും പോലെ, ഷാരോൺ, ഹെരിറ്റേജ് വിദ്യാരംഭം തുടങ്ങി  പാവപ്പെട്ടവരുടെ പ്രസാധകർ വേറെയുമുണ്ട്..നക്ഷത്രങ്ങളെ മാത്രം നോക്കിയപ്പോൾ ആളുകൾ ഒരു കരിക്കട്ട മാത്രം കണ്ടു അതിനെ കുത്തിക്കൊണ്ടിരിക്കുന്നു എന്നേയുള്ളൂ... :(  വിലകുറഞ്ഞ പുസ്തകങ്ങളെ പരിഹസിക്കുന്നവർ  അതിന്റെ യഥാർത്ഥ വായനക്കാരായ ‘ദരിദ്രവാസികളെ’യാണ് പരിഹസിക്കുന്നത്. അതുകൊണ്ട് അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്റെ ജന്മാവകാശമാണ്. പി കൃഷ്ണപിള്ള പറഞ്ഞതു പോലെ ‘അതെന്റെ ജീവിതരീതിയാണ്‘ !!!

( സമർപ്പണം : ഗ്രാംഷിയുടെ പ്രസാധകരായ കൊളംബിയ യൂണിവേഴ്സിറ്റി പ്രസ്സ് കാർക്ക്..)