March 19, 2020

ആശാൻ എഴുന്നേൽക്കുന്നു


‘കവിത മുഴുമിച്ച് ആശാൻ എഴുന്നേൽക്കുന്നു’ എന്ന പേരിൽ പി രാമനും, ‘കുമാരനാശാൻ’ എന്ന പേരിൽ  പി എൻ ഗോപീകൃഷ്ണനും ആശാനെപ്പറ്റി എഴുതിയ കവിതകൾ രണ്ടും മരണങ്ങളിലാണ് ചെന്നു മുട്ടി നിൽക്കുന്നത്. രാമന്റെ കവിതയിൽ പുഷ്പവാടിയിലെ(1922) കൊച്ചു കിളി,  അമ്പിളി എന്ന കവിതകളെ നേരിട്ടും വീണപൂവിനെ പരോക്ഷമായും പരാമർശിക്കുന്നുണ്ട്. വർണ്ണ്യങ്ങൾക്കുള്ളിൽനിന്നും   കുമാരനാശാൻ കണ്ടെടുത്ത ആശയമല്ല, മറിച്ച് ഇന്ന് ആ കവിതകളെ നോക്കുമ്പോൾ ലഭിക്കുന്ന ഒരു അനുഭൂതിയെയാണ് രാമൻ വ്യാഖ്യാനിക്കുന്നത്. കൊച്ചുകിളിയുടെ ഉല്ലാസത്തിന്റെ ഹേതുവെന്താണെന്നായിരുന്നു ആശാൻ അന്ന് ചോദിച്ചത്. മരക്കൊമ്പിൽനിന്ന് കോലോളം ദൂരത്തായി പൊങ്ങി നിൽക്കുന്ന അമ്പിളിയെ തൊടുമ്പോൾ കിട്ടുന്ന സുഖം  ചേട്ടൻ വന്നു തടയുന്നതാണ് അമ്പിളിയിലെ പ്രമേയം. പരമമായ സുഖം മാത്രം നൽകുന്ന സ്വപ്നലോകത്തിൽ മതിമറന്നു മുഴുകാൻ കഴിയാത്തതിന്റെ ബാധ ആശാന്റെ ഈ രണ്ടു കൊച്ചു കവിതകളിലും തലയുയർത്തി നിൽക്കുന്നതു കാണാം. വീണപൂവിന്റെ മരണത്തെ സാർത്ഥകമാക്കിയത് അതിന്റെ പിൽക്കാല (കാവ്യ) ജീവിതമാണ്. ആശാന്റെ ആത്മീയതയെ തികച്ചും ഭൗതികമായ ഒരു തലത്തിൽ മാറ്റി വയ്ക്കുകയാണ് രാമൻ എന്നു തോന്നുന്നു.  കവികൾ വിഭാവന ചെയ്യുന്ന സുഖം ഒരു പക്ഷേ വിവരണത്തിനു അതീതമാണ്. മറ്റൊരു തരത്തിൽ കേവല സങ്കല്പത്തിൽ മാത്രം നിലനിൽക്കുന്നതാണ്. അതിനു സാക്ഷാത്കാരമില്ല. അതു വിവരിക്കാൻ കഴിയാതെ ഉടലുവെടിയുന്ന മൂന്നു പ്രതീകങ്ങളെ (കിളി, കുട്ടി, പൂവ്) വച്ച് അവയുടെ സൃഷ്ടാവായ ആശാനെ മറ്റൊരു പ്രതീകമാക്കുകയാണ് രാമൻ ചെയ്യുന്നത്. ഇന്ദ്രിയങ്ങൾക്ക് അനുഭവിക്കാൻ പറ്റാത്തതതരത്തിലുള്ള സുഖത്തെയും സ്വാതന്ത്ര്യത്തെയും സ്നേഹത്തെയും പറ്റി അറിവുള്ളതിനാൽ ഉടൽ വെടിഞ്ഞ ആശാനാണ് എഴുന്നേൽക്കുന്നത്. അതായത് ആശാന്റെ മരണാനന്തര ജീവിതം പരമമായ സുഖ സ്നേഹ സ്വാതന്ത്ര്യങ്ങളെ ചൂണ്ടുന്ന ഒരു ദിശാസൂചിയാണ്. ഭൗതികമായ, അതിസാധാരണമായ ഒരു അനുഭവത്തിനപ്പുറം പോകാൻ വെമ്പുന്ന കവികളെല്ലാം ഒരു തരത്തിൽ ഉടലുവെടിയുകയും അവരുടെ ശ്രമം കവിതയുടെ രൂപത്തിൽ പ്രവർത്തന സജ്ജമായി ( എഴുന്നേൽക്കുന്നു... ) നിലനിൽക്കുകയും ചെയ്യുന്നു എന്ന വിഭാവനയല്ലേ ഈ കവിതയുടെ കാതൽ?

പതിവുപോലെ ഗോപികൃഷ്ണൻ തന്നിലേക്ക് കുറച്ചേ നോക്കുന്നതായി ഭാവിക്കുന്നുള്ളൂ. വാസവദത്തയെ കൊല്ലാൻ തീരുമാരുമാനിച്ച് ( കരുണ 1924)  ഈ കവിതയിലും ആശാൻ എഴുന്നേൽക്കുന്നുണ്ട്. രാമന്റെ കവിതയിലെന്നപോലെ മരണത്തിനു ശേഷമല്ല, മരണത്തിനു (രണ്ടു പേരുടെയും ആശാന്റെയും വാസവദത്തയുടെയും) മുൻപാണ്  ആ എഴുന്നേൽപ്പ്. ആശാനെ വെള്ളത്തിലേക്ക് തള്ളിയിടുന്നത് തിരിച്ചറിവാണ്. ശരീരബദ്ധമല്ലാത്ത പ്രണയത്തെ സംബന്ധിച്ച് ആണായ ആശാൻ വച്ചു പുലർത്തുകയും പാടി പുകഴ്ത്തുകയും ചെയ്തിരുന്ന സങ്കല്പത്തിൽനിന്ന് വിരുദ്ധമായൊരു അവബോധം വന്ന്  അദ്ദേഹത്തെ ചുറ്റിപ്പിടിക്കുകയാണ് ചെയ്തത്. രാമന്റെ കവിതയിലെന്നപോലെ അറിവിന്റെ ഭാരം തന്നെയാണ് ഇവിടെയും ഉടലു വീഴ്ത്തുന്നത്.  പക്ഷേ അത് മാറിയ ലോകാവബോധത്തിന്റെ ഭാരംകൂടിയാകുന്നു. ആശാന്റെ മരണം റാസ്കൽ നിക്കോഫിന്റെ ശിക്ഷപോലെ ഒരു ശിക്ഷയാണ്. അത് തികച്ചും ഭൗതികമാണ്. അദ്ദേഹത്തെ “വെള്ളത്തിലേക്ക് തള്ളിയിട്ടതാരെന്ന് ആർക്കും അറിയില്ല” കവിതയുടെ കാപട്യമാണ്. കവി തന്നെയാണ് അവിടെ കുറ്റവാളി.. അയാൾ തന്നെയാണ് വിചാരണക്കാരനും ന്യായാധിപനും. ആശാൻ തന്റെ തന്നെ ആദിരൂപമായതുകൊണ്ട് ആശാന്റെ കൊല തന്റെ തന്നെ ആത്മഹത്യയാണെന്ന തിരിച്ചറിവ് അയാൾക്കുണ്ട്. അതുകൊണ്ട് കുറ്റവാളിയെ അയാൾ മറച്ചു പിടിക്കുന്നു. കുറ്റവാളിയും ന്യായാധിപനും ഒരാൾ തന്നെയാവുന്ന അപൂർവമായൊരു ബിന്ദുവിൽ കവിത ലയിക്കുന്നു..

ഒരേ വസ്തുതയെ പ്രതീകമാക്കുന്ന രണ്ട് ചെറിയ കവിതകളാണ്, അതും ഏതാണ്ട് സമകാലത്ത് എഴുതിയവ. എങ്കിലും  അവയ്ക്ക് പരസ്പരമുള്ള  ദൂരം വലുതാണ്.  അവ പൂർവികനായ ഒരു കവിയുമായി സന്ധിക്കുന്ന രേഖാംശങ്ങൾ വേറെയാണ്. അവ വ്യത്യസ്തങ്ങളായ കാവ്യനയപ്രഖ്യാപനങ്ങളുമാണ്.

(ഹരിതകം.കോം)