February 23, 2016

മലയിടുക്ക് : ഉംബെര്‍ട്ടോ ഇക്കോ




 അറകളായി തിരിഞ്ഞ് ചേര്‍ന്നിരിക്കുന്നവയാണ് എന്റെ ഓര്‍മ്മകൾ‍. നാടവിരയുടെ ശരീരം പോലെ. എന്നാല്‍ ഓര്‍മ്മകൾക്ക് തലയില്ല. ഇടുക്കു വഴികളില്‍ അവ ചുറ്റിതിരിഞ്ഞു കൊണ്ടിരിക്കുന്നു. ഏതു സ്ഥലത്തു നിന്നും അവ തുടങ്ങും. ഏതു സ്ഥലത്തും അവ അവസാനിപ്പിക്കും. സ്വന്തം യുക്തിയെ പിന്തുടര്‍ന്ന്  ഓര്‍മ്മകള്‍ അവയുടെ രീതിയില്‍ കടന്നു വരാന്‍  ഞാന്‍ കാത്തിരിക്കണം. മൂടല്‍ മഞ്ഞിലങ്ങനെയാണ്. സൂര്യവെളിച്ചത്തിലാവുമ്പോള്‍ കുറച്ചകലെയായാലും കാര്യങ്ങള്‍ വ്യക്തമായി തെളിയും. ചില വസ്തുക്കളെ അടുത്തു കാണാന്‍ സൂക്ഷിച്ചു നോക്കാം, തലതിരിക്കാം, നോട്ടത്തിന്റെ ദിശമാറ്റാം.  കനത്ത മൂടല്‍മഞ്ഞുള്ളപ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. എന്താണ് നിങ്ങളുടെ അടുക്കലേയ്ക്കു വരുന്നതെന്ന് അടുത്തെത്തുന്നതുവരെയും നിങ്ങള്‍ അറിയുകയില്ല.

പക്ഷേ ഒററ്റോറിയോയിലെ ജീവിതത്തെക്കുറിച്ച്  ചിന്തിക്കുമ്പോള്‍ എനിക്കെല്ലാം വ്യക്തമായി കാണാം. ചലച്ചിത്രം പോലെ. അതു കുഴമറിയുന്നില്ല. യുക്തിപരമായ ഒരു തുടര്‍ച്ചയുണ്ട് ആ ഓര്‍മ്മകള്‍ക്ക്.

1943-ല്‍ സൊളാറയിലേയ്ക്ക് കുടിയൊഴിപ്പിക്കപ്പെട്ടതോടെ എന്റെ ജീവിതം പാടേ മാറിപ്പോയി. അന്നെനിക്ക് 11 വയസ്സായിരുന്നു. പട്ടണത്തില്‍ ഞാനൊരു ദുഃഖിതനായ കുട്ടിയായിരുന്നു. ദിവസവും കുറച്ചു മണിക്കൂറുകള്‍ മാത്രം  കൂട്ടുകാരോടൊപ്പം കളിച്ചിട്ട്, ബാക്കി സമയങ്ങളില്‍   ഞാന്‍ ‍പുസ്തകങ്ങളുമായി ചുരുണ്ടു കൂടി. സൊളാറയില്‍, പട്ടണത്തിലെ സ്കൂളിലേയ്ക്ക് എനിക്കു നടന്നു പോകാമായിരുന്നു. പാടങ്ങളിലും മുന്തിരിത്തോപ്പുകളിലും ഞാന്‍ അലഞ്ഞു നടന്നു. ഞാന്‍ സ്വതന്ത്രനായിരുന്നു. ആരുടെയുമല്ലാത്ത വിശാലസ്ഥലങ്ങള്‍ എനിക്കു മുന്നില്‍ വേലികളില്ലാതെ കിടന്നു. ചുറ്റി നടക്കാന്‍ ധാരാളം കൂട്ടുകാരെയും കിട്ടി.

സഖ്യ കക്ഷികള്‍ പട്ടണത്തില്‍ ബോംബുകളിട്ടപ്പോള്‍, സൊളാറയിലെ വീട്ടിലെ ജനാലയ്ക്കരികില്‍ നിന്ന് ദൂരെ ആകാശത്തില്‍ അവയുടെ മിന്നായങ്ങള്‍ ഞങ്ങള്‍ കണ്ടു. ഇടിനാദം പോലെ എന്തൊക്കെയോ മുരളുന്നതും കേട്ടു. യുദ്ധം ഞങ്ങളെ വിധിയില്‍ വിശ്വസിക്കുന്നവരാക്കി തീര്‍ത്തു. കൊടുങ്കാറ്റു പോലെയാണ് ബോംബുവര്‍ഷം.  കുട്ടികളായ ഞങ്ങള്‍  ചൊവാഴ്ച വൈകുന്നേരങ്ങളില്‍ ശാന്തരായി കളിക്കാറുണ്ട് . ബുധനാഴ്ചയും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അങ്ങനെ തന്നെ. എന്നാല്‍ ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ ശാന്തരായിരുന്നോ? ശവശരീരങ്ങള്‍ ചിതറിക്കിടക്കുന്ന പാടം കടന്നു പോകുന്ന, ജീവനുള്ള ആര്‍ക്കും തോന്നുന്ന  നെടുവീര്‍പ്പ്, ഉത്കണ്ഠ, സ്തബ്ധത  അങ്ങനെ ചിലതു കൊണ്ട് സ്വയം അടയാളപ്പെടുത്താന്‍ ഞങ്ങള്‍ തുടങ്ങിയിരുന്നില്ലേ?

ഒററ്റോറിയോയില്‍ സ്കൂള്‍ സമയത്തിനു ശേഷമുള്ള ഉച്ചകളില്‍ ഞങ്ങള്‍ ഇഷ്ടം പോലെ കറങ്ങി നടന്നിരുന്നു. മതബോധനക്ലാസിനും അനുഗ്രഹത്തിനുമായി ആറുമണിയ്ക്കെത്തിയാല്‍ മതി. അതുവരെ ഞങ്ങള്‍ക്ക് സന്തോഷമുള്ള കാര്യങ്ങള്‍ ചെയ്യാം. അവിടെ പൂര്‍ത്തിയാകാത്ത ഒരു മെറിഗോ റൌണ്ട്, കുറച്ച് ഊഞ്ഞാലകള്‍,  ഒരു ചെറിയ തിയേറ്റര്‍ - അതിലാണ് ഞാന്‍ ആദ്യമായി അഭിനയിച്ച ‘പാരീസുകാരി കൊച്ചു പെണ്‍കുട്ടി’ എന്ന നാടകം അരങ്ങേറിയത് - എന്നിവയുണ്ടായിരുന്നു. മുതിര്‍ന്നവരും ഒററ്റോറിയോയില്‍ വരുമായിരുന്നു. ഞങ്ങളേക്കാള്‍ പ്രായം കൂടിയ ആണ്‍കുട്ടികളും. അവര്‍ പിങ്-പോങ്ങും ചീട്ടും കളിച്ചു. പണം വച്ചല്ല. ഒററ്റോറിയോയുടെ ഡയറക്ടരും നല്ല മനുഷ്യനുമായിരുന്ന ഡോണ്‍ കോഗ്നാസ്സോയ്ക്ക് അവരെ ആവശ്യമായിരുന്നു. മതവിശ്വാസമില്ലാത്തതിന്റെ പേരിലല്ല, സൈക്കിളില്‍ ബഹളമുണ്ടാക്കിക്കൊണ്ട് പട്ടണത്തിലേയ്ക്കു പോകുന്നതിനു പകരമാണ് അവരവിടെ എത്തിക്കൊണ്ടിരുന്നത് എന്നതോ ബോംബുകള്‍ വീണു തലചിതറാനുള്ള സാഹചര്യമുണ്ടായിട്ടും അവര്‍ അതൊട്ടും വകവച്ചില്ല എന്നുള്ളതോ ആയിരുന്നില്ല പ്രശ്നം. പ്രവിശ്യ മുഴുവന്‍ പ്രസിദ്ധമായിരുന്ന വേശ്യാലയം, കാസറോസ്സയില്‍ കയറുന്നതിനു വേണ്ടിയാണ് അവര്‍ അവിടെ വന്നുകൊണ്ടിരുന്നത്. കോഗ്നാസ്സായ്ക്ക്  അത്രയും മതി.

 1943 സെപ്റ്റംബര്‍ 8 -നു ശേഷമാണ് ഞാന്‍ ആദ്യമായി ഒളിപ്പോരാളികളെക്കുറിച്ച് കേള്‍ക്കുന്നത്. ഒററ്റോറിയോയില്‍ വച്ച്. ‘സോഷ്യല്‍ റിപ്പബ്ലിക്കാ’യുടെ പുതിയ രേഖകളെയോ ജര്‍മ്മനിയില്‍ ജോലിചെയ്യാന്‍ വേണ്ടി യുവാക്കളെ പിടിച്ച് കയറ്റി അയയ്ക്കുന്ന നാസി സംഘങ്ങളെയോ അംഗീകരിക്കാത്ത കുറച്ചു മുതിര്‍ന്ന ആണ്‍കുട്ടികളുടെ കൂട്ടമായിരുന്നു അത്, കുറച്ചു കാലത്തേയ്ക്ക്. പിന്നീട് ആളുകള്‍ അവരെ റിബലുകള്‍ എന്നു വിളിക്കാന്‍ തുടങ്ങി. ഔദ്യോഗിക രേഖകളില്‍ അവര്‍ അങ്ങനെയാണ് അറിയപ്പെട്ടത്. അതാണ് കാരണം. സൊളാറയില്‍ നിന്നുള്ള ഒരാളുള്‍പ്പടെ അവരില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു എന്നു കണ്ടെത്തുകയും പ്രത്യേക സന്ദേശങ്ങള്‍ അവര്‍ക്കു കൈമാറിയിരുന്നു എന്ന് റേഡിയോ ലണ്ടന്‍ വഴി  കേള്‍ക്കുകയും ചെയ്തപ്പോഴാണ് അവര്‍ തന്നെ ആഗ്രഹിച്ചിരുന്ന പോലെ  ഒളിപ്പോരാളികള്‍ എന്നും ദേശസ്നേഹികളെന്നും അവരെ ഞങ്ങള്‍ വിളിക്കാന്‍ തുടങ്ങിയത്.  സൊളാറയില്‍ ആളുകള്‍ക്ക് ഒളിപ്പോരാളികളോട്  പ്രത്യേക സ്നേഹമുണ്ട്. കാരണം ആണ്‍‌കുട്ടികളില്‍ കൂടുതല്‍ പേരും ആ ഭാഗത്തു വളര്‍ന്നവരാണ്. തിരിച്ചു വന്നപ്പോഴേയ്ക്കും അവര്‍ പേരുകള്‍ മാറ്റിയിരുന്നു. ഹെഡ്ജെഹോക്, ഫെറൂസിയോ, മിന്നല്‍, നീലക്കിളി...  പക്ഷേ ആളുകള്‍ അവരെ പഴയ പേരുകള്‍ തന്നെ വിളിച്ചു. ഒററ്റോറിയോയില്‍ ഞാന്‍ കണ്ടിട്ടുള്ള മെലിഞ്ഞ കൈകളുള്ള, പിഞ്ഞിയ, വിലകുറഞ്ഞ ജാക്കറ്റിട്ടു നടന്ന പഴയ പയ്യന്മാര്‍, വട്ടത്തൊപ്പി വച്ച്, മെഷീന്‍ ഗണുകള്‍ കൈയില്‍ പിടിച്ചും വെടിയുണ്ട പിടിപ്പിച്ച ബെല്‍റ്റുകള്‍ തോളില്‍ തൂക്കിയിട്ടും ഗ്രനേഡുകള്‍ ഘടിപ്പിച്ച ബെല്‍റ്റുകള്‍ ധരിച്ചുമാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. തുകലില്‍ പൊതിഞ്ഞ കൈത്തോക്കുകളും അവര്‍ കരുതിയിരുന്നു. ഇംഗ്ലീഷു സൈന്യത്തിന്റെ ജാക്കറ്റോ ചുവന്ന ഷര്‍ട്ടോ ആണ് അവര്‍ ധരിച്ചിരുന്നത്. അല്ലെങ്കില്‍ പാന്റ്സും രാജസൈന്യത്തിന്റെ ശരായിയും. അവര്‍ സുന്ദരന്മാരായിരുന്നു.

 ഫാസിസ്റ്റുകളായ കരിമ്പട്ടാളം ദൂരെയായിരിക്കുന്ന സമയം നോക്കി ചെറിയതരം ആക്രമണങ്ങളും റെയ്‌ഡുകളും നടത്തിക്കൊണ്ട് 1944 ആയപ്പോഴേയ്ക്കും ഒളിപ്പോരാളികള്‍ സോളാറയിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഒളിപ്പോരാളികളുടെ ഇടയിലും വിഭജനങ്ങളുണ്ടായിരുന്നു. ചില അവസരങ്ങളില്‍ കഴുത്തില്‍ നീല ഉറുമാലുകള്‍ ചുറ്റിയ ബഡോഗ്ലിയാനികള്‍ താഴേയ്ക്കിറങ്ങി വന്നു. ഏകാധിപത്യത്തെ പിന്തുണയ്ക്കുന്ന അവര്‍ “സാവോയ്..” എന്നു വിളിച്ചുകൂവിക്കൊണ്ട് ഇപ്പോഴും യുദ്ധരംഗത്തേയ്ക്ക് കവാത്തു നടത്തുകയാണെന്ന് ആളുകള്‍ വിശ്വസിച്ചു. മറ്റു ചിലപ്പോള്‍ കഴുത്തില്‍ ചുവന്ന ഉറുമാലു ചുറ്റി, രാജാവിനും അദ്ദേഹത്തിന്റെ വലതു കൈയായ ബഡോഗ്ലിയയ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഗാരിബാള്‍‍ഡിനികള്‍ വന്നു. ബഡോഗ്ലിയാനികളുടെ കൈവശമുള്ള ആയുധങ്ങള്‍ മെച്ചപ്പെട്ടവയായിരുന്നു. ഇംഗ്ലീഷുകാര്‍ അവര്‍ക്ക് സഹായമെത്തിച്ചിരുന്നു എന്നൊരു സംസാരമുണ്ടായിരുന്നു. ആ സൌകര്യം കമ്മ്യൂണിസ്റ്റുകളായ മറ്റു പോരാളികള്‍ക്ക് കിട്ടിയിരുന്നില്ല. ഗാരിബാള്‍ഡിനികള്‍ക്ക് കരിമ്പട്ടാളത്തെ പോലെ സബ് മെഷീന്‍ ഗണ്ണുകളുണ്ട്. അവ ഇടയ്ക്കിടെയുള്ള ലഹളകളില്‍ നിന്ന് പിടിച്ചെടുത്തതോ ആയുധപ്പുരകള്‍ അപ്രതീക്ഷിതമായി ആക്രമിച്ച് കൈക്കലാക്കിയതോ ആണ്. ബഡോഗ്ലിയാനികള്‍ക്ക് ഏറ്റവും പുതിയ മോഡല്‍ ഇംഗ്ലീഷ് സ്റ്റണ്‍ഗണ്ണുകളാണുണ്ടായിരുന്നത്. ഒരിക്കല്‍ ഒരു ബഡോഗ്ലിയാനി എന്നെ ഒരു റൌണ്ട് വെടി വയ്ക്കാന്‍ അനുവദിച്ചു. മിക്ക സമയവും അവര്‍ പരിശീലനത്തിനു വേണ്ടി അല്ലെങ്കില്‍ പെണ്ണുങ്ങളെ സുഖിപ്പിക്കാന്‍ വെടിവയ്പ്പു നടത്തിക്കൊണ്ടിരിക്കും.

 ഗ്രഗ്‌നോള ഒററ്റോറിയയില്‍ സ്ഥിരമായി വന്നിരുന്നു. ‘ഗ്രാഗ്‌നൊള’ എന്നാണ് തന്റെ പേരുച്ചരിക്കേണ്ടത് എന്ന് അയാള്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. പക്ഷേ ആളുകള്‍ ഗ്രഗ്‌നോള എന്നു തന്നെ വിളിച്ചു. വെടിവയ്പ്പിനെ സ്തുതിക്കുന്ന ഒരര്‍ത്ഥമാണ് ആളുകളുടെ ഉച്ചാരണം മനസ്സില്‍ കൊണ്ടു വന്നിരുന്നത്. ‘ഞാന്‍ സമാധാന പ്രിയനായ മനുഷ്യനാണ് ‘ അയാള്‍ പറഞ്ഞു. “ കളഞ്ഞേക്കുക... അതെല്ലാം ഞങ്ങള്‍ക്കറിയാം...” കൂട്ടുകാര്‍ പ്രതിവചിച്ചു. കുന്നിന്‍ മുകളിലെ ഗാരിബാള്‍ഡിനി സംഘവുമായി അയാള്‍ക്ക് ചില ബന്ധങ്ങളുണ്ടെന്ന്  രഹസ്യ സംസാരമുണ്ടായിരുന്നു. ‘അയാള്‍ മഹാനായ ഒരു നേതാവാണ്‘. ആരോ പറഞ്ഞു. ഒളിച്ചിരിക്കുന്നതിനു പകരം നഗരത്തിലിറങ്ങി കറങ്ങി നടക്കുന്നതിലൂടെ സ്വന്തം ജീവന്‍ അയാള്‍ കൂടുതല്‍ അപകടത്തിലാക്കി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയപ്പെട്ടിരുന്നെങ്കില്‍ ആ നിമിഷം അയാള്‍ വെടികൊണ്ടു വീണേനേ.

‘പാരീസുകാരി കൊച്ചു  പെണ്‍കുട്ടി'യില്‍ എന്നോടൊപ്പം ഗ്രഗ്‌നോള അഭിനയിച്ചിട്ടുണ്ട്. അതിനു ശേഷം അയാള്‍ക്ക് എന്നോട് കൂടുതല്‍ കാര്യമായി. എന്നെ ട്രസ്സറ്റ കളിക്കാന്‍ പഠിപ്പിച്ചത് അയാളാണ്. ഒററ്റോറിയയിലെ മറ്റു മുതിര്‍ന്നവരുമായി അടുക്കാന്‍ എന്തോ വിമുഖത അയാള്‍ക്കുള്ളതു പോലെ തോന്നി. എന്നാല്‍ മണിക്കൂറുകള്‍ എന്നോടു സംസാരിച്ചു കൊണ്ട് കഴിച്ചുകൂട്ടുകയും ചെയ്തു. താന്‍ പറയുന്നത് മറ്റുള്ളവര്‍ കേട്ടാല്‍ ക്രിസ്തുവിനെതിരെ സംസാരിക്കുന്നവന്‍ എന്നു പേരു പതിയും എന്നുറപ്പുള്ളതുകൊണ്ടാവണം, അയാള്‍ ഒരു കുട്ടിയെ മാത്രം വിശ്വസിച്ചത്.

അയാളെനിക്ക് രഹസ്യമായി കൈമാറുന്ന ലഘുലേഖകള്‍ കാട്ടിത്തന്നു. പക്ഷേ അവ കയ്യില്‍ വയ്ക്കാന്‍ എന്നെ അനുവദിച്ചില്ല. കാരണം ആ രേഖകളോടെ പിടിക്കപ്പെടുന്ന ആള്‍ തത്ക്ഷണം കൊല്ലപ്പെടും എന്നു തീര്‍ച്ചയായിരുന്നു. അങ്ങനെയാണ് ഞാന്‍ റോമിലെ ആര്‍ഡിയാറ്റിന്‍ കൂട്ടക്കൊലയെക്കുറിച്ചു കേള്‍ക്കുന്നത്. “നമ്മുടെ സഖാക്കള്‍ കുന്നിന്‍ മുകളില്‍ നിരന്നു നിന്നു.“ ഗ്രഗ്‌നോള എന്നോടു പറയാറുണ്ടായിരുന്നു. “മേലില്‍ ഇവയൊന്നും  ആവര്‍ത്തിക്കാന്‍ പാടില്ല. നശിച്ച  ജര്‍മ്മന്‍‌കാര്‍ .”

ഒരു തൊഴില്‍ പാഠശാലയില്‍  അദ്ധ്യാപകനായിരുന്നു ഗ്രഗ്‌നോള. എന്തായിരുന്നു അയാള്‍ പഠിപ്പിച്ചിരുന്നത് എന്നറിയില്ല. എല്ലാ ദിവസവും രാവിലെ അയാള്‍ സ്കൂളിലേയ്ക്ക് തന്റെ സൈക്കിളില്‍ പുറപ്പെടും, ഉച്ചതിരിഞ്ഞ് വീട്ടിലെത്തും. ആ ജോലി അയാള്‍ക്ക് നിര്‍ത്തേണ്ടി വന്നു. അയാളുടെ ഹൃദയവും ആത്മാവുമെല്ലാം ഒളിപ്പോരാളികള്‍ക്ക് വേണ്ടി ഉഴിഞ്ഞു വച്ചതുകൊണ്ടാണ് എന്ന് ആരോ പറഞ്ഞു. ചിലരു പിറുപിറുത്തതു വേറൊരു കാരണമാണ്, അയാള്‍ക്ക് ക്ഷയരോഗമാണെന്ന്. സത്യം. ഗ്രഗ്‌നോളയെ കണ്ടാല്‍‍ രോഗം ബാധിച്ചവനെപ്പോലെയുണ്ടായിരുന്നു. ചാരനിറമുള്ള മുഖം ഉന്തിനില്‍ക്കുന്ന ഇളംചുവപ്പുള്ള കവിളെല്ലുകള്‍, കുഴിഞ്ഞ കവിള്‍, വിട്ടുമാറാത്ത ചുമ. ചീത്ത പല്ലുകളായിരുന്നു അയാള്‍ക്കുണ്ടായിരുന്നത്. ചെറിയ കൂനും മുടന്തുമുണ്ടായിരുന്നു. തോള്‍പ്പലകകള്‍ കൂടിച്ചേര്‍ന്നിരുന്നു. അയാളുടെ ജാക്കറ്റിന്റെ കോളര്‍ കഴുത്തില്‍ തൊടാതെ  അകന്നുനില്‍ക്കുന്നതുകൊണ്ട് വസ്ത്രം ആ ശരീരത്തില്‍ ചാക്കുക്കഷ്ണം പോലെ തൂങ്ങിക്കിടക്കുകയാണെന്നേ തോന്നൂ. ഈ പ്രത്യേകതകള്‍ കൊണ്ട് നാടകത്തില്‍ അയാള്‍ക്ക് എപ്പോഴും ചീത്ത കഥാപാത്രങ്ങളേ കിട്ടിയുള്ളൂ.   അല്ലെങ്കില്‍  രഹസ്യക്കൊട്ടാരത്തിലെ ഒട്ടും പ്രാധാന്യമില്ലാത്ത മുടന്തന്‍ കാവല്‍ക്കാരന്റെ റോള്‍.

അയാള്‍ ശരിക്കും നല്ല ശാസ്ത്രജ്ഞാനമുള്ള ആളായിരുന്നു എന്നാണ് എല്ലാവരുടെയും അഭിപ്രായം. ഇടയ്ക്കിടയ്ക്ക് യൂണിവേഴ്സിറ്റികളില്‍ നിന്ന് പ്രഭാഷണത്തിനായി അയാള്‍ക്ക് ക്ഷണം കിട്ടുമായിരുന്നു. സ്വന്തം വിദ്യാര്‍ത്ഥികളോടുള്ള ഇഷ്ടം കാരണം മുറയ്ക്ക് ക്ഷണങ്ങളെ നിരസിച്ചുകൊണ്ടുമിരുന്നു. “കുതിരച്ചാണകം” പിന്നീട് ഗ്രഗ്‌നോള എന്നോട് പറഞ്ഞു.” യാംബോ.. ഞാന്‍ പാവപ്പെട്ട കുട്ടികളുടെ സ്കൂളില്‍ മാത്രമേ പഠിപ്പിച്ചിട്ടുള്ളൂ, അതും പകരക്കാരനായി മാത്രം. ഈ നാശം പിടിച്ച യുദ്ധം കാരണം എനിക്ക് ബിരുദമെടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഇരുപതു വയസ്സുള്ളപ്പോഴാണ് ഗ്രീസിന്റെ പിന്‍ഭാഗ സൈന്യത്തെ നേരിടാന്‍ അവരെന്നെ ഇവിടെനിന്നു പറഞ്ഞയയ്ക്കുന്നത്. അവിടെ വച്ച് എന്റെ മുട്ടു തകര്‍ന്നു. ഉറപ്പിച്ചു പറയാന്‍ ഒക്കുകയില്ലെങ്കിലും ആ ചെളിയിലെവിടുന്നോ ആണ് എനിക്ക് ഈ വൃത്തിക്കെട്ട അസുഖം കിട്ടിയത്. അതിനു ശേഷം ചോരതുപ്പിക്കൊണ്ടേയിരിക്കുന്നു. ആ പെരും തലയനെ (മുസ്സോളിനിയ്ക്ക് അയാളിട്ട പേര്) എന്റെ കൈയിലെന്നെങ്കിലും കിട്ടിയാല്‍,  കൊല്ലില്ല, കാരണം  ഞാന്‍ അത്രയ്ക്ക് ഭീരുവാണ്. പക്ഷേ  നിയമം അയാള്‍ക്ക് ജീവിക്കാന്‍ അനുവദിച്ചുകൊടുക്കുന്ന അത്രയും കാലം ആ ജൂദാസിന്റെ  ചന്തിയ്ക്കിട്ടു ചവിട്ടും“.

 ഒററ്റോറിയോയില്‍ വന്നതെന്തിനാണെന്നു ഒരിക്കല്‍ ഞാന്‍ ചോദിച്ചു.  അയാള്‍ ഈശ്വരനില്‍ വിശ്വസിക്കാത്ത ആളാണെന്നു ആളുകള്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. മനുഷ്യരെ കാണാന്‍ കഴിയുന്ന ഏകസ്ഥലം ഇതാണെന്നായിരുന്നു അതിനു മറുപടി. പുറമെ താന്‍ നിരീശ്വരവാദി അല്ലെന്നും അരാജകവാദിയാണെന്നും അയാള്‍ പറഞ്ഞു. അന്ന് ‘അരാജകവാദി’ എന്താണെന്ന് എനിക്കറിയില്ലായിരുന്നു.  യജമാനന്മാരില്ലാത്ത, രാജാക്കന്മാരില്ലാത്ത, ഭരണകൂടമില്ലാത്ത, പുരോഹിതന്മാരില്ലാത്ത, സ്വാതന്ത്ര്യം മാത്രം ഇഷ്ടപ്പെടുന്ന മനുഷ്യര്‍.. എന്ന് എനിക്കത് വിശദീകരിച്ചു തന്നു. “ ഭരണകൂടമില്ലാത്ത... അതാണ് ഏറ്റവും പ്രധാനമായത്.” അയാള്‍ പറഞ്ഞു. “പക്ഷേ അത് ആ റഷ്യയെപ്പോലെയല്ല, എപ്പോഴാണ് നിങ്ങള്‍ കാഷ്ടം ഉപയോഗിക്കേണ്ടത് എന്ന് അവിടെ ഭരണകൂടമാണ് അവര്‍ക്ക് പറഞ്ഞു കൊടുക്കുന്നത് ”.

കമ്മ്യൂണിസ്റ്റുകള്‍ക്ക് എതിരാണെങ്കില്‍, കമ്മ്യൂണിസ്റ്റുകളായ ഗാരിബാള്‍ഡിനികളുമായി കൂട്ടുചേരുന്നതെന്തിനാണെന്ന് ഞാന്‍ ഗ്രഗ്‌നോളയോട് ചോദിച്ചു. നമ്പര്‍ ഒന്ന്, എല്ലാ ഗാരിബാള്‍ഡിനികളും കമ്മ്യൂണിസ്റ്റുകളല്ല, സോഷ്യലിസ്റ്റുകളും അരാജകക്കാരും അവര്‍ക്കിടയിലുണ്ട്. നമ്പര്‍ രണ്ട്, ഇപ്പോഴത്തെ ശത്രുക്കള്‍ നാസികളും ഫാസിസ്റ്റുകളുമാണ്, കമ്മ്യൂണിസ്റ്റുകളല്ല. തലമുടിയിഴ പിരിച്ചുകൊണ്ടിരിക്കാന്‍ നമുക്കധികം സമയമില്ല.  ആദ്യം ഒന്നിച്ച് നിന്ന് ജയിക്കും, വ്യത്യസ്തതകളൊക്കെ പറഞ്ഞ്  രാജിയാകുന്നത് പിന്നീടാകാം.” അദ്ദേഹം മറുപടി പറഞ്ഞു.

ഒററ്റോറിയോയില്‍ വരാന്‍ കാരണം അതൊരു നല്ല സ്ഥലം കൂടിയായതാണെന്നു അയാള്‍ കൂട്ടിച്ചേര്‍ത്തു. പുരോഹിതന്‍മാര്‍ ഗാരിബാള്‍ഡിനികളെപ്പോലെയാണ്. തിന്മയിലാണ് അവര്‍ കഴിഞ്ഞുകൂടുന്നത്, എങ്കിലും ആദരിക്കേണ്ട നല്ല മനുഷ്യരും അവര്‍ക്കിടയിലുണ്ട്. "  നമ്മുടെ കുട്ടികള്‍ക്ക് എന്തുസംഭവിക്കും എന്നു പ്രവചിക്കാന്‍ ആര്‍ക്കും കഴിയാത്ത ഈ സമയത്ത്,‍ പ്രത്യേകിച്ച്.  കഴിഞ്ഞ വര്‍ഷം വരെ പുസ്തകങ്ങളും നാടന്‍ തോക്കുകളും നല്ല ഫാസിസ്റ്റുകളെ നിര്‍മ്മിക്കുന്നു എന്നാണ് അവരെ പഠിപ്പിച്ചുകൊണ്ടിരുന്നത്. ‍പട്ടികളുടെ അടുത്തേയ്ക്ക്  പോകാന്‍ അവരെ എന്തായാലും  ഒററ്റോറിയോയില്‍ അനുവദിക്കില്ല. അങ്ങേയറ്റത്തെ കുഴപ്പങ്ങളുണ്ടായാല്‍ പോലും മാന്യമായി പെരുമാറിക്കൊള്ളാനാണ് അവരെ പഠിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ കുഴപ്പമുണ്ടാക്കുമെന്നുള്ളത് ഒരു വലിയ കാര്യമല്ല.  നിങ്ങളെല്ലാം ചിലപ്പോഴൊക്കെ കുഴപ്പങ്ങളില്‍ ചെന്നു ചാടാറുണ്ട്. പിന്നീട് കുറ്റം ഏറ്റു പറഞ്ഞ് കാര്യം അവസാനിപ്പിക്കും. അതുകൊണ്ട് ഞാന്‍ ഇവിടെ വന്ന് കോഗ്‌നാസ്സോയെ സഹായിക്കുന്നത് കുട്ടികളെ കളിക്കാന്‍ അനുവദിക്കുന്നതിനു വേണ്ടിയാണ്.  പള്ളിയില്‍ ഞങ്ങള്‍ പ്രാര്‍ത്ഥനയ്ക്കു പോകുമ്പോള്‍  ഏറ്റവും പിന്‍ നിരയില്‍ ഞാന്‍ നിശ്ശബ്ദനായി ഇരിക്കും. ദൈവത്തെ അംഗീകരിക്കുന്നില്ലെങ്കിലും ഞാന്‍ യേശുവിനെ ബഹുമാനിക്കുന്നു.”

ഗ്രാഗ്‌നോളയും ഞാനും പല കാര്യങ്ങളെ പറ്റിയും സംസാരിച്ചു. വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തെപ്പറ്റി ഞാന്‍ അയാളോടു പറയും. താത്പര്യത്തോടെ അയാള്‍ അക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യും. “സല്‍ഗാരിയെക്കാള്‍ നല്ല എഴുത്തുകാരനാണ് വെര്‍‌ണേ“ അയാള്‍ പറയും. “കാരണം അയാള്‍ക്ക് ശാസ്ത്രീയയുക്തിയുണ്ട്.  പ്രേമിക്കുന്ന ഏതോ പതിനഞ്ചുകാരി പെണ്‍കുട്ടിയ്ക്കുവേണ്ടി കൈനഖങ്ങളാല്‍‍ സ്വന്തം നെഞ്ചു മാന്തിപ്പൊളിക്കുന്ന സന്‍ഡോകനെക്കാള്‍, സൈറസ് സ്മിത്ത് നിര്‍മ്മിക്കുന്ന നൈട്രോഗ്ലിസറിനാണ് കൂടുതല്‍ യഥാര്‍ത്ഥം.”

സോക്രട്ടീസിനെയും ജിയോര്‍ഡാനോ ബ്രൂണോയെയും എനിക്കു പഠിപ്പിച്ചു തന്നത് ഗ്രഗ്‌നോളയാണ്. ജീവിതത്തെയും കൃതികളെയും പറ്റി  വളരെ കുറച്ചുമാത്രം എനിക്ക് അറിയാമായിരുന്ന ബകുനിനെയും. ശാസ്ത്രീയ തത്ത്വങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിന് പുരോഹിത വര്‍ഗ്ഗം തടവിലിടുകയും ഭീകരമായി പീഡിപ്പിക്കുകയും ചെയ്ത കാമ്പനെല്ലയെയും സാര്‍പ്പിയെയും ഗലീലിയോയെയും പറ്റി അയാള്‍ പറഞ്ഞു. ആര്‍ഡിഗോയെപ്പോലെ സ്വന്തം കഴുത്തു മുറിച്ചവരെക്കുറിച്ചും ഗ്രഗ്‌നോള പറഞ്ഞിരുന്നു. പ്രഭുക്കന്മാരും വത്തിക്കാനും ഇവരെ ചവിട്ടിത്താഴ്താന്‍ നോക്കിയിരുന്നതിനെപ്പറ്റി.   പാന്‍‌തീയിസ്റ്റ് സ്കൂളില്‍ വച്ചു് വായിച്ച ഹെഗലിനെപ്പറ്റി ഞാന്‍ ഗ്രെഗ്‌നോളയോടു ചോദിച്ചു. “ഹെഗല്‍ ബ്രഹ്മവാദിയേ അല്ലായിരുന്നു. നിന്റെ സ്കൂളുകാര്‍  വിവരദോഷികളാണ്”. അയാള്‍ പറഞ്ഞു. ജിയോഡാര്‍നോ ബ്രൂണോ ഒരു പക്ഷേ ബ്രഹ്മവാദി ആയിരുന്നിരിക്കാം. ഒരു ബ്രഹ്മവാദി ദൈവം എല്ലായിടത്തും സ്ഥിതി ചെയ്യുന്നു എന്നു വിശ്വസിക്കുന്ന ആളാണ്. ദാ അവിടെ കാണുന്ന ഈച്ചയുടെ മൂക്കിന്‍‌തുമ്പത്തു പോലും. എത്ര നല്ല കാര്യമാണ് അതെന്നു ആലോചിച്ചു നോക്കിയാല്‍ മനസ്സിലാകും. എല്ലായിടത്തും ഉണ്ടായിരിക്കുക എന്നാല്‍ ഒരിടത്തും ഇല്ലാതിരിക്കുക. പക്ഷേ ഹെഗല്‍ പറഞ്ഞത് ദൈവമല്ല, സ്റ്റേറ്റ് ആണ് എല്ലായിടത്തുമുള്ളത് എന്നാണ്. അതുകൊണ്ട് അയാളൊരു ഫാസിസ്റ്റായിരുന്നു.”
“പക്ഷേ നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പല്ലേ അദ്ദേഹം ജീവിച്ചിരുന്നത്?”
“അതുകൊണ്ടെന്ത്? ആളുകളുടെ ആദരവ് നേടിയെടുത്ത മറ്റൊരു ഫാസിസ്റ്റാണ് ജോണ്‍ ഓഫ് ആര്‍ക്ക്. ഫാസിസ്റ്റുകള്‍ എപ്പോഴുമുണ്ട്. ദൈവത്തിന്റെ കാലം മുതല്‍.....ദൈവത്തിന്റെ കാര്യമെടുക്ക്.. ഒരു ഫാസിസ്റ്റാണ്..”
“ദൈവമില്ല എന്നു വാദിക്കുന്ന കൂട്ടരില്‍ ഒരാളല്ലേ നിങ്ങളും..?”
“ആരാണ് അതു പറഞ്ഞത്? നിസ്സാരകാര്യങ്ങള്‍ പോലും ഇനിയും മനസ്സിലാക്കാന്‍ കഴിയാത്ത ഡോണ്‍ കോഗ്‌നാസ്സയോ? ദൈവം ഉണ്ട്  എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. നിര്‍ഭാഗ്യവശാല്‍, അതു നിലനില്‍ക്കുന്നു. പ്രശ്നം ദൈവം ഫാസിസ്റ്റാണ് എന്ന കാര്യത്തിലാണ്.“
“ദൈവം എന്തുകൊണ്ടാണ് ഫാസിസ്റ്റാവുന്നത്?”
“എന്റെ ദൈവശാസ്ത്ര പ്രഭാഷണം മനസ്സിലാക്കാന്‍ വേണ്ടിയുള്ള പ്രായമായില്ല നിനക്ക്. നിനക്കു മനസ്സിലാവുന്ന കാര്യം വച്ചു നമുക്ക് തുടങ്ങാം. എനിക്കു വേണ്ടി പത്തു കല്‍പ്പനകള്‍ ഒന്നു പറയ്. നോക്കട്ടെ, ഒററ്റോറിയോ നിന്നെ ഓര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടോ എന്നറിയട്ടെ.”
ഞാനവ ഉറക്കെ ചൊല്ലി. “കൊള്ളാം” അയാള്‍ പറഞ്ഞു. “ഇനി ശ്രദ്ധിക്ക്, ഈ പത്തു കല്പനകളില്‍ നാലെണ്ണം.. വെറും നാലെണ്ണം മാത്രമാണ് നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളത്. ആലോചിച്ചു നോക്ക്. നമുക്ക് അവയെ ഒന്നുകൂടി നോക്കാം. കൊല്ലരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷി പറയരുത്, അന്യന്റെ ഭാര്യയെ വ്യഭിചരിക്കരുത്.  ഈ അവസാനത്തെ കല്‍പ്പന, അന്തസ്സ് എന്താണെന്ന് അറിയാവുന്ന ആണുങ്ങള്‍ക്കുള്ളതാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, നിന്റെ കൂട്ടുകാരനെ വഞ്ചിക്കരുത്. വേറൊരു രീതിയില്‍, നിന്റെ കുടുംബജീവിതത്തെ സംരക്ഷിക്കുക. കാരണം അതിലാണ് സുഖമിരിക്കുന്നത്. അരാജകത്വം കുടുംബങ്ങളെയും ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ എല്ലാം കൂടി ഒന്നിച്ചു നേടിയെടുക്കാന്‍ നമ്മള്‍ക്കു കഴിയില്ല. ഏതു സാമാന്യ ബുദ്ധിയ്ക്കും പറയാവുന്ന കാര്യങ്ങളെ ഈ മൂന്നു കല്പനകളിലുള്ളൂ. എങ്കിലും അവയുടെ ഭാരം നോക്കുക. നമ്മളെല്ലാം ചില സമയം കള്ളങ്ങള്‍ പറയും, ചിലപ്പോള്‍‍ നല്ലതിനു വേണ്ടി. എന്നാല്‍ കൊല... അതൊരിക്കലും ചെയ്യാന്‍ പാടില്ല.”
“രാജാവ് യുദ്ധം ചെയ്യാന്‍ അയച്ചാലും....?”
“അവിടെയാണ് മര്‍മ്മം. പുരോഹിതന്മാര്‍ പറയും രാജാവാണ് നിന്നെ യുദ്ധത്തിനയയ്ക്കുന്നതെങ്കില്‍ നിനക്കു തീര്‍ച്ചയായും ശത്രുക്കളെ കൊല്ലാം. അവിടെ ഉത്തരവാദിത്വം രാജാവോടു ചേര്‍ന്നു കിടക്കുകയാണ്. അങ്ങനെയാണ് അവര്‍ പൈശാചികമായ യുദ്ധത്തെ ന്യായീകരിക്കുന്നത്. പെരുംതലയനും അതാണു ചെയ്തത്. പക്ഷേ കല്പനകള്‍ യുദ്ധത്തില്‍ കൊല്ലുന്നത് ശരിയാണെന്നു പറയുന്നില്ല. അവര്‍ പറയുന്നു, കൊല്ലരുത്..  പിന്നെ..”
“പിന്നെ..”

“നമുക്ക് മറ്റു കല്പനകള്‍ നോക്കാം. ആദ്യ കല്പന പറയുന്നു നിനക്ക് മറ്റു ദൈവങ്ങള്‍ പാടില്ല എന്ന്. അങ്ങനെയാണ് ദൈവം നിന്നെ ചിന്തിക്കുന്നതില്‍ നിന്നു തടയുന്നത്. ഉദാഹരണത്തിന് അല്ലാഹുവോ, ബുദ്ധനോ, അല്ലെങ്കില്‍ വീനസ് ആയിക്കൊള്ളട്ടെ, സത്യസന്ധമായി പറഞ്ഞാല്‍ നിന്റെ ദേവതയായി ചിന്തയില്‍ കടന്നു വരുന്നത് ഒരിക്കലും മോശമായ കാര്യമല്ല.  പക്ഷേ കല്പന പറയുന്നത് നീ  ഒരിക്കലും തത്ത്വചിന്തയിലോ ശാസ്ത്രത്തിലോ വിശ്വസിക്കരുതെന്നാണ്.  അല്ലെങ്കില്‍ മനുഷ്യന്‍ ആള്‍ക്കുരങ്ങില്‍ നിന്നു കയറിവന്നതാണെന്നു പറയുന്ന ഒന്നിനെയും കണക്കിലെടുക്കരുതെന്ന്‍. ദൈവം മാത്രം. അത്രേയുള്ളൂ. ശ്രദ്ധിക്ക്,  നിലനിന്ന സമൂഹത്തെ അങ്ങനെതന്നെ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്ന ഫാസിസ്റ്റ് കല്പനകളാണ് എല്ലാം. ശാബത്തു ദിനത്തെ പുണ്യദിനമായി കണക്കാക്കണം എന്നു പറഞ്ഞുള്ള ഒന്ന് ഓര്‍ത്തു നോക്ക്. നിനക്കെന്താണതിനെപ്പറ്റിയുള്ള അഭിപ്രായം?”
“ഞായറാഴ്ചകളില്‍ പ്രാര്‍ത്ഥനയ്ക്കു പള്ളിയിലെത്തണം എന്നു പറയുന്നതില്‍ എന്തു തെറ്റാണ് ഉള്ളത്?”
“ അതാണ് ഡോണ്‍ കോഗ്‌നാസ്സോ നിന്നോടു പറയുന്നത്. മറ്റെല്ലാ പാതിരിമാരെയും പോലെ. ബൈബിളിനെപ്പറ്റിയുള്ള ആദ്യത്തെ കാര്യം അയാള്‍ക്കറിഞ്ഞുകൂടാ. നോക്ക്, നിങ്ങള്‍ നിങ്ങളുടെ ആചാരങ്ങള്‍ നിരീക്ഷിക്കണം എന്നായിരുന്നു  മോശയോടൊപ്പം നടന്ന പ്രാചീനഗോത്രത്തില്‍ ഇതിന്റെ  അര്‍ത്ഥം. ത്യാഗത്തിനു വേണ്ടി മുകളില്‍ നിന്നുള്ള ആദേശമായാലും ശരി, പിയെസ്സ വനെസിയായിലെ പെരുംതലയന്റെ റാലിയായാലും ശരി ആചാരങ്ങളെല്ലാം മനുഷ്യന്റെ തലച്ചോറു ചീത്തയാക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്. പിന്നെയെന്താണ്..? നിങ്ങള്‍ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം എന്ന്. ബഹുമാനിക്കുക എന്നുവച്ചാല്‍ മുതിര്‍ന്നവരുടെ ആജ്ഞകളെയും ആശയങ്ങളെയും ശിരസ്സാ വഹിക്കുക. പാരമ്പര്യത്തെ എതിര്‍ക്കരുത്. ഗോത്രങ്ങളുടെ ജീവിത രീതിയെ തടയാന്‍ ശ്രമിക്കരുത്. കണ്ടോ? സ്വന്തം സൈന്യത്തെ ചതിക്കുകയും തന്റെ ഉദ്യോഗസ്ഥരെ മരണത്തിലേയ്ക്ക് പറഞ്ഞയയ്ക്കുകയും ചെയ്ത ആ കുള്ളന്‍ സാവോയെപ്പോലുള്ള രാജാവിന്റെ ശിരസ്സു മുറിയ്ക്കരുത് എന്ന്.  അത് നമ്മുടെ കഴുത്തിനു മുകളില്‍ തലയുണ്ടെങ്കില്‍ നമ്മളത് ചെയ്യും എന്നു ദൈവം അറിഞ്ഞു വച്ചുകൊണ്ട് പറയുകയാണ്.   ഇനി ‘മോഷ്ടിക്കരുത്” എന്ന കല്പന നോക്കുക. കാണുമ്പോലെ അതത്ര നിഷ്കളങ്കമായ ഒന്നല്ല എന്നു മനസ്സിലാവും. കാരണം നിന്റെ വസ്തുക്കള്‍ മോഷ്ടിച്ച് ധനവാനായ ഒരുത്തന്റെ സ്വകാര്യമായ വസ്തുക്കളില്‍ തൊടരുത് എന്നാണ് അത് ആജ്ഞാപിക്കുന്നത്.   ഇനി മൂന്ന് കല്പനകള്‍ ബാക്കി കിടക്കുന്നു. ‘വ്യഭിചരിക്കരുത് ‘എന്ന കല്പന നോക്കുക. ഈ ലോകത്തിലെ ഡോണ്‍ കോഗ്‌നാസ്സോകള്‍ നിങ്ങളെ പറഞ്ഞു പഠിപ്പിക്കുന്നത് ‘നീ പരിശുദ്ധിയില്ലാത്ത കാര്യങ്ങള്‍ ചെയ്യരുത്‘ എന്നു മാത്രമാണ് ഇതിന്റെ അര്‍ത്ഥം എന്നായിരിക്കും.പക്ഷേ അതിന്റെ ശരിയായ ഉദ്ദേശ്യം, നിന്റെ കാലുകള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്ന ആ സാധനത്തെ ആട്ടിക്കളിക്കുന്നതില്‍  നിന്നും നിന്നെ ദൂരെ നിര്‍ത്തുക എന്നുള്ളതാണ്. ഇടയ്ക്കിടയ്ക്കുള്ള സ്വയംഭോഗത്തെപ്പോലും ‍‍ ഒരു ശിലാലിഖിതത്തിലിലേയ്ക്ക് വലിച്ചിഴയ്ക്കുക അല്പം കടന്ന കൈയായിപ്പോയി. ഒരു പരാജയമായ എന്നെ പോലൊരാള്‍ പിന്നെ എന്താണു ചെയ്യേണ്ടത്?  എന്റെ അമ്മയെന്ന സുന്ദരിയായ സ്ത്രീ എന്നെ സുന്ദരനായല്ല സൃഷ്ടിച്ചത്. പോരാത്തതിന്   മുടന്തനും.  ഒരു പെണ്ണിനെയും ഞാന്‍ ഇതുവരെ തൊട്ടിട്ടില്ല. പെണ്ണായിട്ട് ഒന്നിനെയും. അപ്പോള്‍ ആ ആശ്വാസം പോലും എനിക്കു പാടില്ല എന്നാണോ?

“പകരം ദൈവത്തിന് ഇങ്ങനെ പറയാമായിരുന്നു :‘നിനക്കു ഭോഗിക്കാം, പക്ഷേ കുട്ടികളെ ഉണ്ടാക്കാനായി മാത്രം.‘ ലോകത്ത് അധികം ജനങ്ങള്‍ ഇല്ലാതിരുന്നുല്ലോ അക്കാലത്ത്. പത്തുകല്പനകള്‍ അതു മിണ്ടുന്നതേയില്ല. ഒരു വശത്ത് നിന്റെ കൂട്ടുകാരന്റെ ഭാര്യയെ വ്യഭിചരിക്കാന്‍ പാടില്ല, മറ്റേവശത്ത് വൃത്തികേടുള്ള പ്രവൃത്തിയും പാടില്ല. പിന്നെ എപ്പോഴാണ് ഭോഗം അനുവദനീയമാകുന്നത്? മുഴുവന്‍ ലോകത്തിനും പാകമാവുന്ന ഒരു നിയമമുണ്ടാക്കാനാണ് നീ ശ്രമിക്കുന്നത്. അല്ലേ? അതേ സമയം റോമാക്കാര്‍, - ശ്രദ്ധിക്കണം, ദൈവമല്ല - നിര്‍മ്മിച്ച നിയമങ്ങള്‍ നോക്ക്, ഇന്നും പ്രസക്തമാണവ. എന്നാല്‍ ദൈവം നിനക്ക് കല്പനകള്‍ എറിഞ്ഞു തരുന്നു, അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളെയെല്ലാം ഒഴിവാക്കിയിരിക്കുന്നു.

“ഇനി അവസാനത്തെ കല്പനയിലേയ്ക്കു വരാം. ‘മറ്റൊരാളുടെ സാധനങ്ങള്‍ ആഗ്രഹിക്കരുത്’. ‘മോഷ്ടിക്കരുത്’ എന്നൊരു കല്പന നേരത്തെയുള്ളപ്പോള്‍ എന്തിനാണ് വീണ്ടും ഇങ്ങനെയൊരെണ്ണം എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? നിന്റെ കൂട്ടുകാരന്റേതു പോലെ ഒരു സൈക്കിള്‍ നിനക്കും വേണമെന്നാഗ്രഹിക്കുന്നത് അത്ര വലിയ പാപമാണോ? നീ അവനില്‍ നിന്നു അത് മോഷ്ടിക്കുന്നതല്ല. ഈ കല്പന വെറും അധമവികാരമായ അസൂയയെ ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ഡോണ്‍ കോഗ്‌നാസ്സോ നിനക്ക് വ്യാഖ്യാനിച്ചു തന്നിട്ടുണ്ടാവും. നിന്റെ സുഹൃത്തിന് സൈക്കിളുണ്ട്, നിനക്ക് ഇല്ല, അതുകൊണ്ട് കുന്നില്‍ ചെരുവില്‍ വച്ച്  അതു ഓടിച്ചു വരുമ്പോള്‍ താഴെ വീണ്
അവന്റെ കഴുത്തൊടിയും എന്നു നീ വിചാരിക്കുന്നെങ്കില്‍ അതു ചീത്ത അസൂയയാണ്. നിന്റെ കൂട്ടുകാരനുള്ളതു പോലെ ഒരു സൈക്കിള്‍  ‍-അതു ഉപയോഗിച്ചതാണെങ്കിലും വേണ്ടില്ല,  വാങ്ങിക്കാന്‍ വേണ്ടി നീ ചന്തി നോവുന്നതു വരെ പണിയെടുക്കുകയാണെങ്കില്‍ അതു നല്ല അര്‍ത്ഥത്തിലുള്ള അസൂയയാണ്. ലോകം മുന്നോട്ടുരുളുന്നത് അങ്ങനെയുള്ള വികാരങ്ങളാലാണ്. വേറൊരുതരം അസൂയയുമുണ്ട്. നീതിയ്ക്കു വേണ്ടിയുള്ള അസൂയ എന്നു വിളിക്കുന്നത്. ഈ ലോകത്ത്, കുറച്ചാളുകള്‍ എല്ലാ സൌകര്യങ്ങളോടെയും രമിക്കുമ്പോള്‍ വലിയൊരു വിഭാഗം മനുഷ്യര്‍ പട്ടിണികിടന്ന് ചാവുന്നതിന് ഒരു കാരണം കണ്ടെത്താന്‍ നിനക്ക് കഴിയാതെ വരുമ്പോഴാണ് അതുണ്ടാവുന്നത്.  മികച്ച ഒരു മാനുഷിക ഭാവമായ ഈ സോഷ്യലിസ്റ്റ് അസൂയ നിന്റെ ഉള്ളില്‍‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ നീ ഒരു പുതിയ ലോകം നിര്‍മ്മിക്കുന്ന തിരക്കിലായിരിക്കും എപ്പോഴും. കൂടുതല്‍ ധനികരായ ആളുകളുള്ള, അവര്‍ സമൂഹത്തില്‍ നന്നായി വിന്യസിക്കപ്പെട്ടിട്ടുള്ള, ഒരു ലോകം. ഈ പ്രവര്‍ത്തനത്തിനാണ് പത്താം  കല്പന കൃത്യമായി തടയിടുന്നത്. അത് സാമൂഹിക വിപ്ലവങ്ങളെ തടയുന്നു. എന്റെ കുഞ്ഞേ, നിന്നെ പോലുള്ള പാവപ്പെട്ട കുട്ടികളെ കൊല്ലരുത്, അവരില്‍ നിന്നും ഒന്നും മോഷ്ടിക്കരുത് .ശരി.  എന്നാല്‍ മറ്റുള്ളവര്‍ നിന്നില്‍ നിന്നും കവര്‍ന്നെടുത്തത് തിരിച്ചെടുക്കാന്‍ നീ മുന്നോട്ടു തന്നെ പോകുക തന്നെ വേണം. അതാണ് ഇനി വരാന്‍ പോകുന്ന കാലത്തിന്റെ സൂര്യന്‍. അതിനുവേണ്ടിയാണ് നമ്മുടെ സഖാക്കള്‍ മലമുകളില്‍ അണിനിരന്നിരിക്കുന്നത്. കാര്‍ഷികഭൂവുടമകളുടെയും ഹിറ്റ്ലറുടെ പിണിയാളുകളുടെയും പണം കൊണ്ട് അധികാരത്തില്‍ കയറിയ പെരുംതലയനെ പറഞ്ഞയയ്ക്കാന്‍. ഇത്രേം നീളത്തില്‍ കോളറും വച്ചു നടക്കുന്ന ആ നശിച്ച ജര്‍മ്മന്‍കാരന്‍ ഹിറ്റ്ലര്‍ ലോകം കീഴടക്കാന്‍ തുനിഞ്ഞതെന്തിനാണെന്നറിയാമോ.. കൂടുതല്‍ പീരങ്കികള്‍ വിറ്റു പണമുണ്ടാക്കാന്‍. അനുസരണയുടെ പ്രതിജ്ഞാപാഠങ്ങളും മുസ്സോളിനിയുടെ ആജ്ഞകളും ഉരുവിട്ട് കാണാതെ പഠിച്ചു വളരുന്ന നിനക്കിതെല്ലാം എങ്ങനെ മനസ്സിലാവാനാണ്?”

“ എനിക്കു മനസ്സിലാവുന്നുണ്ട്.. എല്ലാം ഇല്ലെങ്കിലും ചിലതൊക്കെ.”
“എന്ന് ഞാനും ആശിക്കുന്നു.”
ഗ്രഗ്‌നോള സദാസമയവും  തോലില്‍ പൊതിഞ്ഞ, നീണ്ട് കട്ടികുറഞ്ഞ എന്തോ ഒന്ന് കഴുത്തിലിട്ട് ഷര്‍ട്ടിനുള്ളില്‍ ധരിച്ചു നടക്കുന്നതു ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
“എന്താണത് ?”
“ലാന്‍സെറ്റ്”
“താങ്കള്‍ ഡോക്ടറാവാന്‍ പഠിക്കുകയാണോ?”
“തത്ത്വശാസ്ത്രമാണ് ഞാന്‍ പഠിച്ചിരുന്നത്. ഗ്രീസില്‍ വച്ച് എന്റെ റെജിമെന്റിലെ ഒരു ഡോക്ടര്‍ മരിക്കുന്നതിനു തൊട്ടു മുന്‍പ് തന്നതാണീ കത്തി. ‘എനിക്കിനി ഇത് ആവശ്യമില്ല’. അദ്ദേഹം എന്നോട് പറഞ്ഞു. ‘ ആ ഗ്രനേഡ് എന്റെ വയറു പിളര്‍ന്നു കഴിഞ്ഞു. എനിക്കിപ്പോള്‍ ആകെ വേണ്ടത് സ്ത്രീകളുടെ കൈയിലുള്ളതുപോലെ സൂചിയും നൂലുമുള്ള ഒരു കിറ്റാണ്. തുന്നാന്‍ പോലും കഴിയാത്തത്ര വലുതായി പോയി ഈ ദ്വാരം. എന്നെ ഓര്‍മ്മിക്കാന്‍ വേണ്ടി ഈ ലാന്‍സെറ്റ് സൂക്ഷിച്ചു വച്ചേക്കുക .’ അതിനു ശേഷം ഇതു ഞാന്‍ കഴുത്തില്‍ നിന്നൂരിയിട്ടില്ല.“
“കാരണം..?”
“കാരണം, എനിക്കറിയാവുന്നതും ഞാന്‍ ചെയ്തതുമായ കാര്യങ്ങളില്‍ ഞാനൊരു ഭീരുവാണ്. എസ്.എസ് -ഓ കരിമ്പട്ടാളമോ എപ്പോഴെങ്കിലും എന്നെ പിടിച്ചാല്‍ അവരെന്നെ തല്ലിചതയ്ക്കും. എനിക്കു പിടിച്ചു നില്‍ക്കാനാവില്ല. അതെന്നെ പേടിപ്പിക്കുന്നു. എന്റെ സഖാക്കളെ ഞാന്‍ കൊലയ്ക്കു കൊടുക്കും. അതുകൊണ്ട്... എന്നെ പിടിച്ചാലുടന്‍ ഈ കത്തികൊണ്ട് എനിക്കെന്റെ കഴുത്തു മുറിക്കണം. ഇതു കൊണ്ടാവുമ്പോള്‍ വേദനിക്കില്ല. കുറച്ചു സെക്കന്റുകള്‍...ഷ്..ഷ്..ഷ്..സ്...സ്...എല്ലാവന്മാരും നാണം കെട്ടു പോകും. ഫാസിസ്റ്റുകള്‍ ( ഒരു രഹസ്യവും എന്നില്‍ നിന്നു കിട്ടിയില്ല എന്നുള്ളതുകൊണ്ട്) പാതിരികള്‍ (ഞാന്‍ ആത്മഹത്യ എന്ന പാപം ചെയ്തതു കൊണ്ട്) ദൈവം...(ഞാന്‍ ചാവുന്നത് അങ്ങോര്‍ തീരുമാനിച്ച സമയത്തല്ല, ഞാന്‍ തെരെഞ്ഞെടുത്ത സമയത്താണ്) അങ്ങനെ എല്ലാറ്റിനെയും ഒറ്റയടിക്ക് ഞാന്‍ വലിപ്പിക്കും.”

ഗ്രഗ്‌നോളയുടെ പ്രസംഗം എന്നെ വല്ലാതെ ദുഃഖിതനാക്കി. അയാള്‍ പറഞ്ഞകാര്യങ്ങളെല്ലാം ചീത്തയായതുകൊണ്ടല്ല, അവ കൊള്ളാവുന്ന കാര്യങ്ങളാണല്ലോ എന്നു ഞാന്‍ ഭയന്നതു കൊണ്ട്. മോശപ്പെട്ട ഒരു ദൈവം ദുഃഖം നിറച്ചുവച്ച ലോകത്തിലാണ് അയാള്‍ ജീവിച്ചത്. സോക്രട്ടീസിനെപ്പറ്റിയും യേശുവിനെപ്പറ്റുയും സംസാരിച്ചപ്പോള്‍ ഒരിക്കല്‍ അയാല്‍ പുഞ്ചിരിക്കുന്നതു ഞാന്‍ കണ്ടു. അപ്പോള്‍ മാത്രം. എനിക്കു ഓര്‍മ്മിക്കാന്‍ കഴിയുന്നിടത്തോളം, രണ്ടുപേരും കൊല്ലപ്പെട്ടവരാണ്. അതുകൊണ്ട് അവരെക്കുറിച്ചു പറയുമ്പോള്‍ പുഞ്ചിരിക്കാന്‍ മാത്രം എന്താണുള്ളത് എന്നു ഞാന്‍ സംശയിച്ചു.

അല്പത്തരം തീരെയുണ്ടായിരുന്നില്ല ഗ്രഗ്‌നോളയ്ക്ക്. ചുറ്റുമുള്ള മനുഷ്യരെയെല്ലാം അയാള്‍ ഇഷ്ടപ്പെട്ടു. ദൈവത്തിനു വേണ്ടി അതുമാത്രമാണ് അയാള്‍ ചെയ്തത്.  മടുപ്പുണ്ടാക്കുന്ന പതിവു നടപടിയായിരുന്നിരിക്കണം അയാള്‍ക്ക് അത്. കാരണം ആളുകളെ ഇഷ്ടപ്പെടുക എന്നാല്‍ കാണ്ടാമൃഗത്തെ കല്ലെറിയുന്നതു പോലെയുള്ള പ്രവൃത്തിയാണ്.  ഒന്നും ശ്രദ്ധിക്കാതെ, കാണ്ടാമൃഗം അതിന്റെ കച്ചവടവും കണക്കുകൂട്ടലുമായി പൊയ്ക്കൊണ്ടിരിക്കും. നമ്മള്‍ ദ്വേഷ്യംകൊണ്ടു ചുവന്ന്, ഒരു ഹൃദയാഘാതത്തിന് പാകമാവുകയും ചെയ്യും.

രണ്ട്
ഞാനും കൂട്ടുകാരും ഒരു വലിയ കളിയ്ക്ക് കോപ്പുകൂട്ടിയത് എപ്പോഴായിരുന്നു? എല്ലാവരും പരസ്പരം വെടിവച്ചു വീഴ്ത്തുന്ന ഒരു ലോകത്തില്‍ ഞങ്ങള്‍ക്കും ഒരു ശത്രു വേണമായിരുന്നു. അങ്ങനെ ഞങ്ങള്‍ തൊട്ടു മുന്നിലെ മലയോര ഗ്രാമമായ സാന്‍ മാര്‍ട്ടിനോയിലെ കുട്ടികളെ തെരെഞ്ഞെടുത്തു.

ഞങ്ങളുടെ മനസ്സില്‍  സാന്‍ മാര്‍ട്ടിനോയിലുള്ളവരെല്ലാം ഫാസിസ്റ്റുകളായിരുന്നതുകൊണ്ട് മാതൃകാ ശത്രുക്കളാവാന്‍ പരമയോഗ്യര്‍ അവരേക്കാള്‍ വേറെ ആരുമില്ല‍.  പക്ഷേ സത്യം അങ്ങനെയല്ലായിരുന്നു. ആകെ രണ്ടു സഹോദരന്മാര്‍ മാത്രമാണ് കരിമ്പട്ടാളത്തില്‍ പോയി ചേര്‍ന്നത്. അവരുടെ രണ്ട് ഇളയ സഹോദരന്മാരും ഗ്രാമത്തില്‍ തന്നെയുണ്ടായിരുന്നു. അവര്‍ കുട്ടികളുടെ സംഘത്തിന്റെ നേതാക്കളുമായിരുന്നു. പട്ടണം യുദ്ധത്തിനുപോയവരോട് കൂടുതല്‍ താത്പര്യം കാണിക്കും. സാന്‍ മാര്‍ട്ടിനോയിലെ ആളുകള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന പിറുപിറുക്കല്‍ സൊളാറയിലെങ്ങുമുണ്ടായിരുന്നു.

ഫാസിസ്റ്റ് ആണെങ്കിലും അല്ലെങ്കിലും സാന്‍ മാര്‍ട്ടിനോയിലെ പിള്ളാര് മൃഗങ്ങളേക്കാള്‍ ഒട്ടും മെച്ചമല്ലെന്നാണ് ഞങ്ങള്‍ പറഞ്ഞിരുന്നത്. നിങ്ങള്‍ ഒരു ശപിക്കപ്പെട്ട സ്ഥലത്താണ് ജീവിക്കുന്നതെങ്കില്‍,  എല്ലാ ദിവസവും ദ്രോഹബുദ്ധിയോടെ വേണം ഉണര്‍ന്നെഴുന്നേല്‍ക്കാന്‍. അല്ലെങ്കില്‍ ജീവിക്കുന്നു എന്ന തോന്നല്‍ ഉണ്ടാകില്ല. അതാണു സത്യം. സാന്‍ മാര്‍ട്ടിനോയിലെ പിള്ളാര്‍ക്ക് സ്കൂളില്‍ പഠിക്കാന്‍ സൊളാറയിലേയ്ക്കു വരണം. നഗരത്തില്‍ താമസിച്ചിരുന്ന ഞങ്ങള്‍ അവരെ കണ്ടിരുന്നത് പ്രാകൃതരായ നാടോടിക്കൂട്ടങ്ങളെ പോലെയാണ്. ഞങ്ങള്‍ മിക്കവരും റൊട്ടിയും മര്‍മലാഡുമൊക്കെയായി സ്കൂളില്‍ പോകുമ്പോള്‍ അവര്‍ പുഴുവരിച്ച ആപ്പിളൊക്കെയാണ് കൊണ്ടു വരിക.(അത്രയെങ്കിലുമുണ്ടെങ്കില്‍ ഭാഗ്യം!) ചുരുക്കത്തില്‍, അവര്‍ക്കെന്തെങ്കിലുമൊക്കെ ചെയ്യേണ്ടി വന്നു. സൊളാറയിലെ വലിയ ഗേറ്റിനടുത്തു ഞങ്ങളെത്തുന്നതും പാറക്കല്ലുക്കൊണ്ട് അവര്‍ പലപ്രാവശ്യം ഞങ്ങളെ ബോംബാക്രമണം നടത്തിയിട്ടുണ്ട്. അതിനുള്ള വില അവരെ കൊണ്ട് നല്‍കിക്കണം.  സാന്‍ മാര്‍ട്ടിനോയില്‍ ചെന്ന്,  പിയാസ്സ പള്ളിയില്‍ അവര്‍ പന്തുകളിക്കുന്ന സമയം നോക്കി ആക്രമിക്കാന്‍ ഞങ്ങള്‍ അങ്ങനെയാണ് തീര്‍ച്ചപ്പെടുത്തിയത്.

മലയിലേയ്ക്ക് നേരെ കയറിപോകുന്ന ഒരു റോഡുമാത്രമാണ് സാന്‍ മാര്‍ട്ടിനോയിലേയ്ക്കുള്ള ഏക വഴി. പിയാസ്സ പള്ളിമുറ്റത്തുനിന്നാല്‍ ആ റോഡിലൂടെ ആരു വന്നാലും വ്യക്തമായി കാണാം. അപ്രതീക്ഷിത നീക്കത്തിലൂടെ അവരെ ആക്രമിക്കാം എന്ന പ്രതീക്ഷ ഏതാണ്ട് ഞങ്ങള്‍ ഉപേക്ഷിച്ചിരുന്നു. കൃഷിക്കാരന്റെ മകനും അബിസീനിയക്കാരെപ്പോലെ വലിയ കറുത്ത തലയുമുള്ള  ഡുറാന്റേ പറഞ്ഞു. “നമുക്കത് കഴിയും. ആ മലയിടുക്ക് കയറിക്കടക്കാന്‍ പറ്റിയാല്‍..”

അതുവരെ ആരും മലയിടുക്ക് കയറിയിട്ടുണ്ടായിരുന്നില്ല. കയറിയിട്ടു വേണമല്ലോ തിരിച്ചിറങ്ങാന്‍. കുത്തനെയുള്ള പാറയാണ്, ഏതു നിമിഷവും കാലുതെറ്റാം. കുറേദൂരത്തേയ്ക്ക് ഒരു കുറ്റിച്ചെടിപോലുമില്ല, ഭൂമി പിന്‍‌വലിഞ്ഞു കിടക്കുകയാണ്. ഇടയ്ക്ക് അല്പം തുറന്ന സ്ഥലവും അക്കേഷ്യയുടെയും കാട്ടുഞാവല്‍ച്ചെടികളുടെയും കൂട്ടവും കാണുമ്പോള്‍ ഒരു വഴി കണ്ടത്തിക്കഴിഞ്ഞു എന്നു തോന്നും. പക്ഷേ അത് പാറക്കല്ലുകള്‍ക്കിടയ്ക്കുള്ള താത്കാലിക ഭ്രമങ്ങളാണ്. പത്തുചുവടുവയ്ക്കേണ്ടി വരില്ല അതിനു മുന്‍പ് നിങ്ങള്‍ വീണ്ടും വഴുതാന്‍ തുടങ്ങും, ഇരുപതു മീറ്ററെങ്കിലും ആഴമുള്ള വശത്തേയ്ക്കാണ് നിങ്ങള്‍ തലയിടിച്ചു വീഴാന്‍ പോകുന്നത്.  എല്ലുകളൊടിയാതെ  രക്ഷപ്പെട്ടാലും വശത്തുള്ള ചെടികളുടെ മുള്ളുകള്‍ കണ്ണുകള്‍ കുത്തിക്കീറിയിരിക്കും. മുഴുത്ത അണലിപ്പാമ്പുകള്‍ അതിനു മുകളിലുണ്ടെന്നും പറഞ്ഞുകേട്ടിട്ടുണ്ട്.

മലകയറ്റം കഠിന പരിശീലനം ആവശ്യമുള്ള പണിയായിരുന്നു. കുറെക്കാലമെടുത്തു അതു പൂര്‍ത്തിയാക്കാന്‍. ആദ്യദിവസം ഞങ്ങള്‍ പത്തുമീറ്റര്‍ കയറി. ഓരോചുവടുവയ്പ്പും ഓരോ വിള്ളലും ഓര്‍മ്മിച്ചുകൊണ്ട്, കയറിയപ്പോള്‍ വച്ച അതേ സ്ഥലത്തു തന്നെ കാലുകള്‍ വയ്ക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് തിരിച്ചിറങ്ങി.  അടുത്ത ദിവസം അതുപോലെ അടുത്ത പത്തുമീറ്റര്‍ കൂടി. സാന്‍ മാര്‍ട്ടിനോയില്‍ നിന്നു ഞങ്ങളെ കാണാന്‍ പറ്റില്ല. അതുകൊണ്ട് താത്പര്യം തോന്നിയപ്പോഴൊക്കെ പരിശീലനത്തിനു വേണ്ടി ഞങ്ങള്‍ മലയില്‍ ഒത്തുകൂടി. എങ്ങനെയെങ്കിലും  ചെയ്തുതീര്‍ക്കാവുന്ന പണിയായിരുന്നില്ല, അത്. മലയിടുക്കിലെ ചരിവുകളില്‍ വീടുണ്ടാക്കുന്ന ജന്തുക്കളെപോലെ ആയി തീരേണ്ടതുണ്ടായിരുന്നു ഞങ്ങള്‍ക്ക്, പാമ്പുകളെ പോലെ അല്ലെങ്കില്‍ തടിയന്‍ പല്ലികളെ പോലെ.

രണ്ടുകൂട്ടുകാര്‍ക്ക് കാലുളുക്കി, വേറൊരുത്തന്‍ മരിച്ചു എന്നു തീര്‍ച്ചപ്പെടുത്താവുന്ന അവസ്ഥവരെയെത്തി. താഴെവീഴാതിരിക്കാന്‍ പാറയില്‍ അള്ളിപ്പിടിച്ചതു കാരണം അവന്റെ കൈപ്പത്തിയിലെ തോലു മുഴുവന്‍ ഉരഞ്ഞുപ്പൊളിഞ്ഞു നാശമായി. പക്ഷേ ഒടുവില്‍ മലയിടുക്ക് കുഴപ്പം കൂടാതെ കയറാന്‍ അറിയാവുന്ന ഒരേ ഒരു കൂട്ടമായി ഞങ്ങള്‍ മാറുകതന്നെ ചെയ്തു. ഒരു ദിവസം ഉച്ചതിരിഞ്ഞ് ഞങ്ങള്‍ അതു ചെയ്തു. ഒരു മണിക്കൂറോ അതില്‍ കൂടുതലോ എടുത്തുകാണും, മലയിടുക്ക് അതിസാഹസികമായി കടന്ന്,  ശ്വാസം കിട്ടാതെ കിതച്ചുകൊണ്ട്, സാന്‍ മാര്‍ട്ടിനോയുടെ തുടക്കസ്ഥലമായ  കുറ്റിക്കാട്ടില്‍ പൊങ്ങി. അവിടെയുള്ള വീടുകള്‍ക്കും കുത്തനെയുള്ള മലഞ്ചരിവിനുമിടയ്ക്ക് നടപ്പാതയുണ്ട്. രാത്രികാലങ്ങളില്‍ ആളുകള്‍ മലഞ്ചരിവിലേയ്യ്ക്ക് വീണുപോകാതിരിക്കാനായി പാതയോട് ചേര്‍ത്ത് മതിലുക്കെട്ടിവച്ചിരിക്കുന്നു. ഞങ്ങളുടെ വഴി ചെന്നെത്തിയത് മതിലിലുള്ള ഒരു വിള്ളലിനടുത്താണ്. ഞങ്ങള്‍ക്ക് നുഴഞ്ഞു കയറാന്‍ തക്കവണ്ണമുള്ള വലിപ്പം ആ വിടവിനുണ്ടായിരുന്നു. അതിനപ്പുറം ഒരു ഇടവഴിയാണ്. പള്ളിയിലച്ചന്‍ താമസിക്കുന്നിടവും കഴിഞ്ഞ്,  വലത്തു തിരിഞ്ഞ് അത് പിയാസ്സ പള്ളിയിലേയ്ക്കു പോകുന്നു.

പള്ളിയ്ക്കു മുന്നിലുള്ള തുറസ്സായ ചതുരത്തില്‍  ഞങ്ങള്‍ ചാടി വീഴുമ്പോള്‍ സാന്‍ മാര്‍ട്ടിനോ പിള്ളേര്‍ “കുരുടന്റെ കള്ളം’ കളിയുടെ നടുവിലായിരുന്നു.  ഒരു ചെറുക്കനെ കണ്ണു കെട്ടി വിട്ടിട്ടുണ്ട്. ശക്തമായ ഒരടി. അവന്‍ തൊടാതെ മറ്റുള്ളവര്‍ കഴിയുന്നിടത്തോളം ഊക്കില്‍ അവിടെയും ഇവിടെയും ചാടി രക്ഷപ്പെടുന്നു. അതാണു കളി. ഒരുത്തന്റെ തലമണ്ടയ്ക്ക് കൃത്യമായി പറ്റിച്ചു കൊണ്ടാണ് ഞങ്ങള്‍ തുടങ്ങിയത്. ബാക്കിയുള്ളവരെല്ലാം നിലവിളിച്ചുകൊണ്ട് പള്ളിക്കകത്തേയ്ക്കോടി. അച്ചന്റെ സഹായം കിട്ടുമെന്നു വിചാരിച്ചുകൊണ്ട്. അപ്പൊഴത്തേയ്ക്ക് അത്രയും മതിയായിരുന്നു. ഇടവഴി കടന്ന്, മതിലിലെ വിടവു നൂഴ്ന്ന്, കുത്തനെയുള്ള പാറക്കെട്ടിനു താഴെ ഞങ്ങള്‍  തിരിച്ചെത്തി. കുറ്റിക്കാട്ടില്‍ ഞങ്ങളുടെ തലകള്‍ താഴുന്നതു മാത്രം കാണാനേ അച്ചനു കഴിഞ്ഞിരിക്കുകയുള്ളൂ. അങ്ങേര്‍ അവിടെനിന്നും ചില ഭീഷണികള്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ... “വാ‍...ഹ്...” സന്തോഷം സഹിക്കവയ്യാതെ,  ഇടതു കൈകൊണ്ട് ശക്തിയായി വലതു തുടയിലടിച്ച് ഡുറാന്റേ ആര്‍ത്തു.

സാന്‍ മാര്‍ട്ടിനോയിലെ പിള്ളാര്‍ക്ക് ഇതോടെ ബുദ്ധിയുദിച്ചു. മലയിടുക്കു കയറി ഞങ്ങള്‍ ആക്രമിക്കാന്‍ വന്ന കാര്യം മനസ്സിലാക്കി അവര്‍ മതിലിന്റെ പിന്‍ഭാഗത്ത് കാവല്‍ക്കാരെയിട്ടു. അവരുടെ കണ്ണില്‍പ്പെടാതെ ഞങ്ങള്‍ക്ക് മതിലിന്റെ ഏതാണ്ട് അടുത്തുവരെ എത്താന്‍ പറ്റും. പക്ഷേ അത്രയേ പറ്റൂ. അവസാന കുറച്ചുഭാഗം തുറന്നു കിടക്കുകയാണ്. കറുത്ത മുള്ളുള്ള കുറ്റിച്ചെടികള്‍ നിറഞ്ഞ ആ ഭാഗം ഞങ്ങളുടെ വേഗതയെ കാര്യമായി തന്നെ ബാധിക്കും. വേണ്ടപ്പെട്ടവര്‍ക്കു അപകടസൂചന നല്‍കാന്‍ കാവല്‍ക്കാര്‍ക്ക് ആവശ്യത്തിനു സമയം ലഭിക്കുകയും ചെയ്യും. ഇടവഴിയുടെ അങ്ങേയറ്റത്ത് വെയിലില്‍ ഉണക്കിയെടുത്ത ഇഷ്ടികക്കഷ്ണങ്ങളുമായി തയ്യാറായി നില്‍ക്കുന്ന ചെറുക്കന്മാര് ഞങ്ങളെ നടപ്പാത തൊടീയ്ക്കില്ല.

മലയിടുക്ക് കയറാന്‍ ഇത്രയും കഷ്ടപ്പെട്ടു പരിശീലിച്ചിട്ട്, ഒറ്റയടിക്ക് എല്ലാം പാഴായിപ്പോവുക ഞങ്ങള്‍ക്ക് വല്ലാത്ത നാണക്കേടായിപ്പോയി. അപ്പോള്‍ ഡുറാന്റേ പറഞ്ഞു “നമ്മള്‍ മൂടല്‍മഞ്ഞുള്ള സമയത്ത് മലകയറാന്‍ പഠിക്കണം”.

ശിശിരകാലത്തിന്റെ ആരംഭമായിരുന്നതുകൊണ്ട് ആഗ്രഹിക്കുന്നത്രയും മഞ്ഞു് ആ ഭാഗങ്ങളില്‍ അപ്പോഴുണ്ടായിരുന്നു. കനത്ത മഞ്ഞുള്ള ദിവസം സൊളാറ മുഴുവന്‍ അപ്രത്യക്ഷമാവും. സാന്‍ മാര്‍ട്ടിനോയിലെ പള്ളിമണിസ്തൂപം മാത്രമാണ് നരച്ചനിറത്തില്‍ ആകെ കാണാനാവുക. ആ സമയം അതില്‍ക്കയറി നില്‍ക്കുന്നത് മേഘങ്ങള്‍ക്കു മുകളില്‍ ഒരു ആകാശക്കപ്പലില്‍ നില്‍ക്കുന്നതിനു തുല്യമാണ്.

സൂര്യപ്രകാശത്തില്‍ മലയിടുക്കു കയറുന്നതു പോലെയല്ല മഞ്ഞുള്ളപ്പോള്‍ കയറുന്നത്. ഓരോ ചുവടുവയ്പ്പും കൂടുതല്‍ ഹൃദിസ്ഥമായിരിക്കണം. ഇന്നയിന്ന പാറക്കല്ലുകള്‍ ഇവിടെ ഇവിടെയുണ്ടെന്നു കൃത്യമായി പറയാന്‍ കഴിയണം. കനത്തമുള്ളുകളുള്ള കുറ്റിച്ചെടികളുടെ അതിര് പ്രത്യേകം ശ്രദ്ധിക്കണം. അഞ്ചു ചുവട് മുന്നോട്ടു നടന്നാല്‍ ‍(ശ്രദ്ധിക്കണം.. അഞ്ച്.. നാലോ ആറോ അല്ല.) തറനിരപ്പ് തീരുകയാണെന്നറിയണം. വഴിമുട്ടിക്കിടക്കുന്ന വലിയ പാറക്കല്ലിന്റെവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞാണു പോകുന്നതെങ്കില്‍ കൊക്കയില്‍ തലയിടിച്ചു വീഴും എന്നറിയണം.. അങ്ങനെ....

കാര്യങ്ങള്‍ സ്വയം വ്യക്തമാവാന്‍ വേണ്ടി ഞങ്ങള്‍, സൂര്യന്‍ തെളിഞ്ഞു നിന്ന ദിവസങ്ങളില്‍ മലയിലേയ്ക്ക് കുറേ യാത്രകള്‍ നടത്തി.  അതു കഴിഞ്ഞുള്ള ഒരാഴ്ച മുഴുവന്‍ പരിശീലനം നടന്നത് ഞങ്ങളുടെ തലയ്ക്കുള്ളിലാണ്. ചുവടുകള്‍ എങ്ങനെ വയ്ക്കണം  ... എവിടെ വയ്ക്കണം.. അതെല്ലാം  കണക്കുകൂട്ടി വച്ചു.  സാഹസിക പുസ്തകങ്ങളിലൊക്കെ കാണുന്നതു പോലെ ഞാനൊരു മാപ്പുണ്ടാക്കാന്‍ ശ്രമിച്ചു. പക്ഷേ കൂട്ടത്തിലുള്ള പകുതിയിലധികം പേര്‍ക്കും മാപ്പ് എങ്ങനെ വായിക്കണമെന്നറിഞ്ഞുകൂടാ. വളരെ മോശം! ഞാനത് എന്റെ തലയ്ക്കകത്തു തന്നെ അച്ചടിച്ചു വച്ചു. കണ്ണടച്ചുകൊണ്ട് വേണമെങ്കില്‍ എനിക്കു മലയിടുക്കു കടക്കാം. സത്യത്തില്‍ മൂടല്‍ മഞ്ഞുള്ള രാത്രിയില്‍ മലകടക്കുക എന്നു പറഞ്ഞാലും അതു തന്നെയാണ് അര്‍ത്ഥം.

കുറേ പരീക്ഷണങ്ങള്‍ക്കു ശേഷം ഞങ്ങള്‍ കാര്യമൊപ്പിച്ചു. മലയുടെ മുകളില്‍ കയറിയതെങ്ങനെ എന്നു ഞങ്ങള്‍ക്കു തന്നെ അറിഞ്ഞുകൂടാ. പക്ഷേ ഞങ്ങളതു ചെയ്തു. മൂടല്‍ മഞ്ഞ് ഒഴിവായിപ്പോയ പിയസ്സയില്‍ ഇളംകാറ്റേറ്റു കൊണ്ട് അവര്‍ പള്ളിമുറ്റത്തിരിപ്പുണ്ടായിരുന്നു. കാരണം സാന്‍ മാര്‍ട്ടിനോ പോലൊരു സ്ഥലത്ത് നിങ്ങള്‍ക്ക് കവലയില്‍ കറങ്ങി നടക്കുകയോ റൊട്ടിയും പാലും ചേര്‍ന്ന അത്താഴം കഴിച്ച് ഉറങ്ങാന്‍ പോവുകയോ അല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടാവില്ല.

ഞങ്ങള്‍ പിയസ്സായില്‍ ചെന്നു വളഞ്ഞു നിന്ന് അവരെ കല്ലെറിഞ്ഞു. നിലവിളിച്ചുകൊണ്ട് അവറ്റകള്‍ വീടുകളിലേയ്ക്കോടി മറയുന്നതുവരെ കൂക്കിവിളിച്ചു. മലയിറങ്ങി തിരിച്ചു വന്നു. ഉല്ലസിച്ച്, വിജയോന്മത്തരായി.

ഞങ്ങള്‍ അത്രയും സാഹസികത കാണിച്ചതു കാരണം, ഇരുട്ടായാല്‍  കാവല്‍ക്കാരെ നിര്‍ത്താനുള്ള ധൈര്യം പിന്നീട് അവര്‍ക്കുണ്ടായിട്ടില്ല. നരകപ്പൂച്ചകള്‍ കാരണം ഭൂരിഭാഗത്തിനും ഇരുട്ടിനെ പേടിയായിരുന്നു. ഒററ്റോറിയോയില്‍ നിന്നുള്ള ഞങ്ങള്‍ക്ക് അതത്ര പ്രശ്നമായിരുന്നില്ല, കാരണം വിശുദ്ധ മറിയം അവയെ ചലനമില്ലാതാക്കി നിര്‍ത്തുമെന്നു ഞങ്ങള്‍ക്കറിയാമായിരുന്നു. കുറേ മാസങ്ങള്‍ ഞങ്ങള്‍ ഈ പരിപാടി തുടര്‍ന്നു. പിന്നെ ഞങ്ങള്‍ക്കു തന്നെ മുഷിഞ്ഞു. ഏതു കാലാവസ്ഥയായാലും മലയിടുക്കു കയറുക എന്നതു വെല്ലുവിളി തീരെയില്ലാത്തൊരു പ്രവൃത്തിയായി മാറി.

മൂന്ന്
അതൊരു ഞായറാഴ്ച ദിവസമായിരുന്നു. ഉച്ച സമയം. എന്തോ സംഭവിക്കാന്‍ പോകുകയാണെന്ന തോന്നല്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു. നിറയെ പട്ടാളക്കാരുമായി രണ്ടു ജര്‍മ്മന്‍ ട്രക്കുകള്‍ സൊളാറയില്‍ വന്നു നിന്നു. പട്ടണം ഒന്നോടിച്ചു പരിശോധിച്ചു, എന്നിട്ട് സാന്‍ മാര്‍ട്ടിനോയിലേയ്ക്കുള്ള റോഡില്‍ കയറി.

കനത്ത മൂടല്‍ മഞ്ഞ് രാവിലെ മുതല്‍ പട്ടണത്തെ ആവേശിച്ചിരുന്നു. മരക്കൊമ്പുകളിലെ കുരുവികളുടെ കരച്ചില്‍ പോലും കമ്പിളിക്കെട്ടുകൊണ്ടു മൂടിയതു പോലെയിരുന്നു. അന്ന് അവിടെ ഒരു ശവസംസ്കാരച്ചടങ്ങ് നടക്കേണ്ടതുണ്ടായിരുന്നു. മൃതദേഹത്തെ അനുഗമിക്കേണ്ട ആളുകള്‍ റോഡിലിറങ്ങിയില്ല. ആ ദിവസം ആരെയും മറവു ചെയ്യാന്‍ താന്‍ ഒരുക്കമല്ലെന്ന് കുഴിവെട്ടുകാരന്‍ പറഞ്ഞു. കുഴിയിലേയ്ക്ക് ശവപ്പെട്ടി താഴ്ത്തുന്ന സമയം, തന്റെ തന്നെ ശവക്കുഴിയായി പോവും അതെന്നു പേടിച്ചിട്ട്.

സൊളാറയില്‍ നിന്ന് രണ്ടുപേര്‍ ജര്‍മ്മന്‍‌കാര്‍ എന്തിനാണ് മുകളിലേയ്ക്ക് പോകുന്നതെന്നറിയാന്‍ വാഹനങ്ങളെ പിന്തുടര്‍ന്നു. അവര്‍ വളരെ പതുക്കെയാണ് പൊയ്ക്കൊണ്ടിരുന്നത്. ഹെഡ്‌ലൈറ്റുകള്‍ കത്തിക്കിടന്നു, പക്ഷേ  ഒരു മീറ്ററിനപ്പുറം റോഡുകാണുക പ്രയാസമായിരുന്നു. സാന്‍ മാര്‍ട്ടിനോയിലേയ്ക്കുള്ള റോഡ് കയറാന്‍ തുടങ്ങിയപ്പോള്‍ തന്നെ മുന്നോട്ട് ഓടിക്കാന്‍ ധൈര്യമില്ലാതെ വണ്ടികള്‍ നിന്നു. വാഹനങ്ങളുടെ കുഴപ്പമായിരുന്നില്ല, കുത്തനെയുള്ള കയറ്റത്തിന്റെ  രണ്ടു വശത്തും എന്താണെന്ന് അവര്‍ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. കൊക്കയില്‍ വീണുരുളാന്‍ ജര്‍മ്മന്‍‌കാര്‍ക്ക് ഒട്ടും  താത്പര്യമുണ്ടായിരുന്നില്ല.  മുന്നോട്ട് ഒന്നും കാണാന്‍ വയ്യാത്ത റോഡില്‍ കൊടും വളവുകളും അവര്‍ പ്രതീക്ഷിച്ചിരിക്കണം. റോഡ് എങ്ങിനെയാണെന്ന് അറിയാന്‍ വയ്യാത്തതുകൊണ്ടു നടന്നു പോകാനും അവര്‍ ധൈര്യപ്പെട്ടില്ല. സാന്‍ മാര്‍ട്ടിനോയിലേയ്ക്കു പോകാന്‍ ഈ റോഡു മാത്രമേയുള്ളൂ എന്നും മലയിടുക്കുള്ളതു കൊണ്ട്  ഈ കാലാവസ്ഥയില്‍   മറ്റൊരു വഴിയെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാന്‍ പോലും സാദ്ധ്യമല്ലെന്നും ആരെങ്കിലും അവരെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയിരിക്കും. അതുകൊണ്ടവര്‍ ബാരിക്കേഡുകള്‍ റോഡില്‍ നിരത്തി വച്ച് അവിടെ കാത്തു നിന്നു. ഹെഡ്‌ലൈറ്റുകള്‍ കത്തിക്കിടന്നു. ആരും അവരെ കടന്നു പോകാത്ത വിധം തോക്കുകള്‍  സ്ഥാപിച്ചു. കൂടുതല്‍ പട്ടാളക്കാരെ അയയ്ക്കാന്‍ വേണ്ടിയായിരിക്കും തുടര്‍ച്ചയായി അവര്‍ ടെലിഫോണിലൂടെ വിളിച്ചുകൂവിക്കൊണ്ടിരുന്നു. പിന്നാലെ പോയ ഞങ്ങളുടെ ആള്‍ക്കാര്‍ പറഞ്ഞത് നിരവധി പ്രാവശ്യം അവര്‍ “വോള്‍സുന്‍ഡേ.....വോള്‍സുന്‍ഡേ...” എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു എന്നാണ്. ഗ്രഗ്‌നോള പെട്ടെന്നു തന്നെ അതു വിശദീകരിച്ചു. “ അവര്‍ വിളിച്ചു പറഞ്ഞത് വോള്‍ഫ്‌ഷുന്‍ഡേ എന്നായിരിക്കും. .. ജര്‍മ്മന്‍ ആട്ടിടയന്മാര്‍..എന്നാണ് അതിന്റെ അര്‍ത്ഥം”

ഏതാണ്ട് നാലുമണിവരെ ജര്‍മ്മന്‍‌കാര്‍ അവിടെ കാത്തു നിന്നു. ചുറ്റും എല്ലാം നരച്ചു തന്നെ കിടന്നു , എങ്കിലും അപ്പോഴും അവിടെ പ്രകാശമുണ്ടായിരുന്നു. അപ്പോള്‍ ആരോ സൈക്കിളില്‍ താഴേയ്ക്കു വരുന്നത് അവര്‍ കണ്ടു. അതു സാന്‍ മാര്‍ട്ടിനോ പള്ളിയിലെ അച്ചനായിരുന്നു. വര്‍ഷങ്ങളായി അദ്ദേഹം ഈ വഴി ഉപയോഗിക്കുന്നു, സ്വന്തം കാലുകള്‍ ബ്രേക്കുകളാക്കി പോലും അദ്ദേഹത്തിനിതുവഴി സുഖമായി വരാന്‍ പറ്റും. ഒരു പാതിരിയെ കണ്ടപ്പോള്‍ ജര്‍മ്മന്‍‌കാര്‍ തോക്കുകള്‍ മാറ്റിപ്പിടിച്ചു. കാരണം പിന്നീട് ഞങ്ങള്‍ മനസ്സിലാക്കിയ പോലെ അവര്‍ കസോക്കുകളെയല്ല  കൊസാക്കുകളെയാണ് നോട്ടമിട്ടിരുന്നത്. സൊളാറയ്ക്കടുത്ത് ഒരു പാടത്തില്‍ ഒരു മനുഷ്യന്‍ മരിക്കാന്‍ കിടക്കുകയാണെന്ന് അച്ചന്‍ വാക്കുകളേക്കാള്‍ കൂടുതലായി ആംഗ്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പറഞ്ഞു. അയാള്‍ക്ക് അന്ത്യ കൂദാശ നല്‍കാന്‍ താന്‍ പോകുന്നത്. സൈക്കിളിന്റെ ഹാന്‍ഡില്‍ ബാറില്‍ തൂക്കിയിട്ടിരിക്കുന്ന ബാഗില്‍ നിന്നും അച്ചന്‍ തെളിവുകള്‍ എടുത്തുകാട്ടി. ജര്‍മ്മന്‍‌കാര്‍ അച്ചനെ വിശ്വസിച്ചു. പോകാന്‍ അനുവാദം നല്‍കി. അച്ചന്‍ നേരെ ഒററ്റോറിയോയിലേയ്ക്ക് പോയി ഡോണ്‍ കോഗ്‌നാസ്സോയോട് രഹസ്യമായി കാര്യങ്ങള്‍ പറഞ്ഞു.

ഡോണ്‍ കോഗ്‌നാസ്സോ രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെട്ടിരുന്നില്ല. പക്ഷേ അയാള്‍ക്ക് എന്തെല്ലാം, എവിടെയെല്ലാം എന്ന് നല്ല ബോദ്ധ്യമുണ്ടായിരുന്നു. ഗ്രഗ്‌നോളയെയും   കൂട്ടാളികളെയും  വിവരം അറിയിക്കാന്‍  വളരെ ചുരുങ്ങിയ വാക്കുകളില്‍ നിര്‍ദ്ദേശിച്ചു, എന്താണ് പറയേണ്ടതെന്നും വിശദീകരിച്ചു കൊടുത്തു. അയാള്‍ക്ക് നേരിട്ടിറങ്ങി ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയുമായിരുന്നില്ല, അങ്ങനെ അയാള്‍ ആഗ്രഹിക്കുന്നുമില്ല.

നാല്
യുവാക്കളുടെ സംഘം വളരെ പെട്ടെന്ന് ചീട്ടുമേശയ്ക്കു മുന്നില്‍ കൂടി. ശ്രദ്ധ എന്റെ നേരെ വരാതിരിക്കാനായി ഏറ്റവും പിന്നില്‍ നിന്നവരുടെ പിറകിലേയ്ക്ക് ഞാന്‍ നീങ്ങി.

അച്ചന്‍ പറഞ്ഞതനുസരിച്ച് ജര്‍മ്മന്‍ സൈന്യത്തിനുള്ളില്‍ തന്നെ കൊസാക്കുകളുടെ ഒരു ചെറിയ സൈന്യവുമുണ്ടായിരുന്നു. അവര്‍ തടവുകാരെ റഷ്യയ്ക്കെതിരെ  യുദ്ധം ചെയ്യുന്നതിനായി കൊണ്ടുപോയിരുന്നു. അവരുടേതായ കാരണങ്ങള്‍ കൊണ്ട് കൊസാക്കുകള്‍ പക്ഷേ യുദ്ധം ചെയ്തത് സ്റ്റാലിനു വേണ്ടിയാണ്. അവരില്‍ ഭൂരിഭാഗവും സഹായസേനയില്‍ പേരു ചേര്‍ക്കാന്‍ പ്രേരിപ്പിക്കപ്പെട്ടവരാണ്. പ്രലോഭനങ്ങള്‍ പലതായിരുന്നു. പണം, സോവിയറ്റുകളോടുള്ള വെറുപ്പ്, തിരിച്ച് തടവറകളിലേയ്ക്ക് പോകാതിരിക്കാനുള്ള അഭിലാഷം, കുതിരകളെയും, വാഹനങ്ങളെയും കുടുംബത്തെയും ഒപ്പം കൂട്ടി അവരുടെ സോവിയറ്റ് പറുദീസ വിടാനുള്ള അവസരം.... അങ്ങനെ. കൊസാക്കുകളില്‍കൂടുതല്‍ പേരും യുദ്ധം ചെയ്തിരുന്നത്, കാര്‍ണിയ പോലുള്ള കിഴക്കന്‍ മേഖലയിലാണ്. പരുക്കന്‍ പെരുമാറ്റവും ക്രൂരതയും കൊണ്ട് അവരവിടെ പേരു കേള്‍പ്പിച്ചിരുന്നു. ആളുകള്‍ മംഗോളിയന്മാര്‍ എന്നു വിളിച്ചുവന്ന ഒരു തുര്‍ക്കി ഡിവിഷനും പാവിയ പ്രദേശത്തുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ കൊസാക്കുകളല്ലാത്ത പഴയ റഷ്യന്‍ തടവുകാരും പിയഡ്‌മോണ്ടില്‍ ഒളിപ്പോരാളികളുമായി കറങ്ങി നടന്നിരുന്നു.

യുദ്ധം എങ്ങിനെയാണ് അവസാനിക്കാന്‍ പോകുന്നതെന്ന് എല്ലാവരും മനസിലാക്കിക്കഴിഞ്ഞു. ജര്‍മ്മന്‍‌കാര്‍ ഇപ്പോള്‍ അന്വേഷിച്ചു നടക്കുന്ന എട്ടു കൊസാക്കുകള്‍ മതവിശ്വാസം കാര്യമായി തന്നെയുള്ളവരായിരുന്നു. രണ്ടോ മൂന്നോ പട്ടണങ്ങളെ പൂര്‍ണ്ണമായി കത്തിച്ചതും  ഡസന്‍ കണക്കിനു പാവപ്പെട്ടവരെ തൂക്കിലിട്ടതും വൃദ്ധരെയും കുട്ടികളെയും വെടിവച്ചു കൊല്ലാന്‍ മടിച്ചതിന് കൂട്ടത്തിലുള്ള രണ്ടുപേരെ കൊന്നതും നേരിട്ട് കണ്ടതുകൊണ്ട് ഇനി  എസ്.എസുമായി യാതൊരു ബന്ധവും വേണ്ട എന്നവര്‍ തീരുമാനിക്കുകയായിരുന്നു. “അതുമാത്രമല്ല..” ഗ്രഗ്‌നോള വിശദീകരിച്ചു. “ജര്‍മ്മന്‍‌കാര്‍ യുദ്ധത്തില തോല്‍ക്കുകയാണെങ്കില്‍, ഇപ്പോള്‍ തന്നെ അവര്‍ തോറ്റു കഴിഞ്ഞു, ‍എന്തായിരിക്കും അമേരിക്കക്കാരും ഇംഗ്ലീഷുകാരും ചെയ്യുക? അവര്‍ കൊസാക്കുകളെ പിടിച്ച് അവരുടെ സഖ്യകക്ഷിയായ റഷ്യക്കാരെ ഏല്‍പ്പിക്കും. റഷ്യയില്‍ ഇവര്‍ നശിച്ചവരാണ്. അതുകൊണ്ട് ഇവര്‍ സഖ്യകക്ഷികളുമായി ചേരാനാണ് ഇപ്പോള്‍ നോക്കുന്നത്, യുദ്ധത്തിനു ശേഷം സ്റ്റാലിന്റെ കൈയെത്താത്ത എവിടെയെങ്കിലും ഇവര്‍ക്ക് അഭയാര്‍ത്ഥികളായി പോകാം.”
“അതെ” അച്ചന്‍ പറഞ്ഞു. “ ഈ എട്ടുപേരും അമേരിക്കക്കാരും ഇംഗ്ലീഷുകാരുമായി ചേര്‍ന്ന് യുദ്ധം ചെയ്യുന്ന ഒളിപ്പോരാളികളെക്കുറിച്ച് കേട്ടിട്ടുണ്ട്. അവരുടെ അടുക്കല്‍ എത്താണാണ് ഇപ്പോഴത്തെ ശ്രമം. അവര്‍ക്ക് സ്വന്തം ആശയങ്ങളുണ്ട്. നല്ല വിവരവുമുണ്ട്. അവര്‍ക്ക് ഗാരിബാള്‍ഡിനികളുമായി ചേരാനല്ല, ബഡോഗ്ലിയാനികളാവാനാണ് താത്പര്യം.

അവര്‍ സൈന്യത്തില്‍ നിന്ന് ഒളിച്ചോടി. പിന്നീട് ബഡോഗ്ലിയാനികള്‍ ഇവിടെയാണെന്ന് കേട്ടറിഞ്ഞ് അവര്‍ സൊളാറയിലേയ്ക്കു തിരിച്ചു. പ്രധാന റോഡു വിട്ട് അവര്‍ കിലോമീറ്ററുകള്‍ നടന്നു. രാത്രികള്‍ മാത്രം. ശരിക്കും നടക്കേണ്ട ദൂരത്തിന്റെ പലയിരട്ടി. എസ്. എസുകള്‍ പലയിടത്തും കാത്തു നിന്നു. വെളിമ്പ്രദേശത്തെ കാവല്‍പ്പുരകളില്‍ ഭക്ഷണമിരന്ന്, അവരാല്‍ കഴിയുന്നിടത്തോളം നന്നായി ആളുകളോട് സംസാരിച്ച്, ( മുറി ജര്‍മ്മനാണ് അവരെല്ലാം സംസാരിക്കുന്നത്. ഒരാള്‍ക്കു മാത്രം ഇറ്റാലിയന്‍ അറിയാം) ചാരന്മാരായിരിക്കാന്‍ ഇടയുള്ള ആളുകളുടെ കണ്‍‌വെട്ടത്തു നിന്ന് കഷ്ടിച്ച് ഓടിമറഞ്ഞ് ഒടുവില്‍ അവര്‍ എങ്ങനെയോ നമ്മുടെ അടുക്കല്‍ തന്നെ എത്തിച്ചേര്‍ന്നു എന്നത് വല്ലത്തൊരു അദ്ഭുതമാണ്. 

ഒരു ദിവസം മുന്‍പ്, എസ്. എസ് എങ്ങനെയോ അവരെ പിടിക്കും എന്ന കാര്യം തിരിച്ചറിഞ്ഞിട്ട് അവര്‍ സാന്‍ മാര്‍ട്ടിനോയിലേയ്ക്കു പോയി. അവിടെയാകുമ്പോള്‍ കുറച്ചു ദിവസത്തേയ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയും എന്ന തോന്നലവര്‍ക്കുണ്ടായിരുന്നു. അന്തസ്സോടെ മരിക്കുകയും ചെയ്യാം. ഒപ്പം അവിടെ ഒരു പ്രത്യേക താലിനോ താമസിക്കുണ്ടെന്നും അയാള്‍ക്ക് അവരെ സഹായിക്കാന്‍ കഴിവുള്ള ആരെയോ അറിയാമെന്നും  ആരോ അവരോട് പറഞ്ഞിരുന്നു. അവരപ്പോള്‍ ദുഃഖിതരായ ഒരു കൂട്ടമായിരുന്നു. ഇരുട്ടിന്റെ മറവു പറ്റി, അവര്‍ സാന്‍ മാര്‍ട്ടിനോയിലെത്തി താലിനോയെ കണ്ടുപിടിച്ചു. സാന്‍ മാര്‍ട്ടിനോ പോലുള്ള ചെറിയ ഗ്രാമത്തിന് രഹസ്യങ്ങള്‍ അധികകാലം സൂക്ഷിക്കാനാവില്ലെന്നും ഒരു ഫാസിസ്റ്റു കുടുംബം അവിടെ താമസിക്കുന്നുണ്ടെന്നും അയാള്‍  അറിയിച്ചു. അവര്‍ക്കു താമസിക്കാന്‍ പറ്റിയയിടമായി അയാള്‍ക്ക് തോന്നിയത് പള്ളീലച്ചന്റെ സ്ഥലമാണ്.
പാതിരി അവരെ അകത്തേയ്ക്കു ക്ഷണിച്ചു. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടോ അവരുടെ മനസ്സിലെ നന്മ മനസ്സിലാക്കിയതു കൊണ്ടോ അല്ല, അവരെ അങ്ങനെ അവിടെ അലഞ്ഞുതിരിയാന്‍ വിടുന്നത് ഒളിച്ചിരുത്തുന്നതിനേക്കാള്‍ അപകടമാണെന്നു മനസ്സിലാക്കിയതു കൊണ്ട്. ഒരുപാടു ദിവസം അവരെ അവിടെ താമസിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയില്ല. എട്ടുപേര്‍ക്കുള്ള ആഹാരം അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നില്ല. ജര്‍മ്മന്‍‌കാര്‍ വരികയാണെങ്കില്‍ തന്റെ ഭവനമുള്‍പ്പടെ എല്ലാ വീടുകളും  ഒരു നിമിഷം പോലും പാഴാക്കാതെ അവര്‍ അരിച്ചുപെറുക്കും, അതോര്‍ത്ത് അദ്ദേഹത്തിനു വല്ലാത്ത ഭയവുമുണ്ടായിരുന്നു.

“കുട്ടികളേ.. കാര്യം മനസ്സിലാക്കുക” അച്ചന്‍ പറഞ്ഞു. “ കെസ്സെല്‍‌റിംഗിന്റെ മാനിഫെസ്റ്റോ നിങ്ങള്‍ കണ്ടിരിക്കും. എല്ലാടത്തും അവരത് ഒട്ടിച്ചു വച്ചിട്ടുണ്ട്. നമ്മുടെ ഏതെങ്കിലും വീട്ടില്‍ നിന്ന് അവരെ പിടിച്ചാല്‍ ഗ്രാമം മുഴുവന്‍ ജര്‍മ്മന്‍‌കാര്‍ കത്തിയ്ക്കും. കാര്യങ്ങള്‍ അതിലും മോശമാവും ഇവരിലാരെങ്കിലും തിരിച്ചു വെടിവച്ചാല്‍, നമ്മളെ ഒറ്റയൊരുത്തനെ അവന്മാര്‍ പിന്നെ ജീവനോടെ  വച്ചേക്കില്ല.”

നിര്‍ഭാഗ്യവശാല്‍, ഞങ്ങള്‍ ഫീല്‍ഡ് മാഷല്‍ കെസ്സെല്‍‌റിംഗിന്റെ മാനിഫെസ്റ്റോ കണ്ടിട്ടുണ്ടായിരുന്നു. അതു കൂടാതെ തന്നെ ഞങ്ങള്‍ക്കറിയാം എസ്. എസ് അത്ര നിസ്സാരന്മാരൊന്നുമല്ലെന്ന്. അവര്‍ അതിനകം തന്നെ എത്രയോ ഗ്രാമങ്ങള്‍ മൊത്തമായി കത്തിച്ചിരിക്കുന്നു!

“ ശരി.. അതുകൊണ്ട്....” ഗ്രഗ്‌നോള ചോദിച്ചു.
“അതുകൊണ്ട്...ഈ മൂടല്‍മഞ്ഞ് നമ്മളിലേയ്ക്കിറങ്ങി വന്ന ദൈവാനുഗ്രഹമാണ് എന്നു കണ്ടു കൊണ്ട്, ജര്‍മ്മന്‍‌കാര്‍ക്ക് ഈ സ്ഥലം ഒട്ടും പരിചയമില്ല എന്നു മനസ്സിലാക്കിക്കൊണ്ട് സൊളാറയില്‍ നിന്ന് ആരെങ്കിലും വന്ന് ആ അനുഗൃഹീതരായ കൊസ്സാക്കുകളെ ഇങ്ങോട്ടു കൊണ്ടുവന്ന് ബഡോഗ്ലിയാനിയെ ഏല്‍പ്പിക്കണം.”
“അതിന് സൊളാറയില്‍ നിന്നു തന്നെ ആളുവരണോ?”
“തുറന്നു തന്നെ പറയാം, ഒന്നാമത്, ഇക്കാര്യം സാന്‍ മാര്‍ട്ടിനോയിലെ ആരോടെങ്കിലും ഞാന്‍ പറഞ്ഞാല്‍ രഹസ്യം പെട്ടെന്ന് പരസ്യമാകും. ഇക്കാലത്ത് കുറച്ചു വാക്കുകളാണ് കൂടുതല്‍ ചുറ്റിക്കറങ്ങുന്നത്‍. രണ്ടാമത്തെ കാര്യം, ജര്‍മ്മന്‍‌കാര്‍ റോഡടച്ചതു കൊണ്ട് ആര്‍ക്കും ആ വഴി സാന്‍ മാര്‍ട്ടിനോയില്‍ നിന്നു ഇറങ്ങി വരാന്‍ കഴിയില്ല. ഒരു വഴിയേ മുന്നിലുള്ളൂ അത് മലയിടുക്കു കയറുക എന്നതാണ്.”

“ ഞങ്ങളെന്താ ഭ്രാന്തന്മാരാണോ..” മലയിടുക്കിന്റെ പേരു കേട്ടപാടെ ആളുകള്‍ വിളിച്ചുകൂവി. “അതും ഇതുപോലുള്ള മഞ്ഞത്ത്.. താലിനോ ദേഹത്തിന് ഇതു ചെയ്യാന്‍ പറ്റില്ലേ?“ ബഹളം ഒതുങ്ങിയപ്പോള്‍ പാതിരി താലിനോയ്ക്ക് എണ്‍പതു വയസ്സായ കാര്യം അവരെ ഓര്‍മ്മിപ്പിച്ചു. സൂര്യന്‍ കത്തിനില്‍ക്കുന്ന സമയത്തു് പുറത്തുവരാനും  വേണമെന്നു വിചാരിച്ചാല്‍ പോലും അദ്ദേഹത്തിനു കഴിയില്ല. എനിക്കു തോന്നിയത് അച്ചന്‍  പകരം തീര്‍ക്കുകയാണ് എന്നാണ്.. ഞങ്ങള്‍ ഒറന്റോറിയോയിലെ ആണ്‍പിള്ളാര്‍ അങ്ങേര്‍ക്കു കൊടുത്ത ഭയത്തിനു പ്രതികാരം. “ മൂടല്‍മഞ്ഞില്‍ പോലും മലയിടുക്കു കടക്കുന്നതെങ്ങനെയെന്നറിയാവുന്ന ആകെയുള്ള മനുഷ്യര്‍ നിങ്ങളുടെ കുട്ടികളാണ്. അതവര്‍ പരിശീലിച്ചതു കുഴപ്പമുണ്ടാക്കാന്‍ വേണ്ടിയാണ്. പക്ഷേ ഇപ്പോള്‍ കുട്ടികള്‍ അവരുടെ കഴിവ് ഒരു നല്ലകാര്യത്തിനു വേണ്ടി ഉപയോഗിക്കട്ടെ. ഏതെങ്കിലും ഒരു കുട്ടിയുടെ സഹായത്തോടെ ആ കൊസാക്കുകളെ താഴെ കൊണ്ടു വാ..”

“യേശുവേ..” ഗ്രഗ്‌നോള പറഞ്ഞു.”അതു സത്യമാണെങ്കില്‍ തന്നെ, അവരെ താഴെക്കൊണ്ടുവന്നിട്ട് ഞങ്ങള്‍  പിന്നെ എന്തു ചെയ്യും? തിങ്കളാഴ്ച രാവിലെ  ജര്‍മ്മന്‍‌കാര്‍ക്ക് കണ്ടുപിടിക്കാന്‍ വേണ്ടി അവരെ സൊളാറയില്‍ സൂക്ഷിക്കണം. അതായത് നിങ്ങളുടെ ഗ്രാമം കത്തിക്കുന്നതിനു പകരം ജര്‍മ്മന്‍‌കാര്‍ ഞങ്ങളുടെ പട്ടണം കത്തിക്കട്ടെ എന്ന്. അല്ലേ?”

കൂട്ടത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള രണ്ടു ചെറുപ്പകാര്‍ സ്റ്റിവുലുവും ഗിജിയോയുമുണ്ടായിരുന്നു. “സമാധാനിക്ക്..” രണ്ടുപേരില്‍ വച്ച് കുശാഗ്രനായ സ്റ്റിവുലു പറഞ്ഞു. “ഞങ്ങള്‍ സംസാരിച്ചപ്പോള്‍ ബഡോഗ്ലിയാനി ഒര്‍ബെഗ്നോയിലാണ്. എസ്.എസോ കരിമ്പട്ടാളമോ അവിടെ അവരെ തൊടാന്‍ ധൈര്യം കാണിക്കില്ല. അദ്ഭുതങ്ങള്‍ കാണിക്കാന്‍ പറ്റുന്ന ഇംഗ്ലീഷ് മെഷീന്‍ ഗണ്ണുകളുമായി നല്ലപൊക്കമുള്ള സ്ഥലത്ത്  നിലയുറപ്പിച്ചിരിക്കുന്നതുകൊണ്ട്  താഴ്വരയുടെ മൊത്തം നിയന്ത്രണവും അവരുടെ കൈകളിലാണ്. ഗിജിയോയെപ്പോലെ റോഡ് നല്ലവണ്ണം അറിയാവുന്ന ഒരാള്‍ക്ക്,  മഞ്ഞിലും വഴി കാണാന്‍ കഴിയുന്ന തരം പ്രത്യേക ഹെഡ്‌ലൈറ്റുകളുള്ള ബെര്‍സെല്ലിയുടെ ട്രക്കുപയോഗിച്ചാല്‍, ഈ കാലാവസ്ഥയില്‍ പോലും അങ്ങേയറ്റം രണ്ടു മണിക്കൂറു മാത്രമേ എടുക്കൂ, ഇവിടെ നിന്ന് ഒര്‍ബെഗ്നോയിലെത്താന്‍. നേരം ഇപ്പോള്‍ തന്നെ ഇരുണ്ടു കഴിഞ്ഞു, അതുകൊണ്ടു മൂന്നുമണിക്കൂര്‍ എന്നു വയ്ക്കാം. ഇപ്പോള്‍  സമയം അഞ്ചു് മണി. ഗിജിയോ എട്ടുമണിയോടെ അങ്ങെത്തും. കാര്യങ്ങള്‍ അവരെ അറിയിച്ചാല്‍ അവര്‍ കുറച്ചു താഴോട്ട് ഇറങ്ങി വിഗ്നോലെറ്റാ കവലയില്‍ കാത്തു നിന്നോളും.  പത്തു മണിയാവുമ്പോഴേയ്ക്കും ട്രക്ക് ഇവിടെ തിരിച്ചെത്തും. കുറച്ചുകൂടി നീട്ടി പതിനൊന്നു മണി എന്നു പറയാം. മലയിടുക്കിന്റെ തുടക്കത്തിലുള്ള കുറ്റിക്കാട്ടില്‍, മഡോണയുടെ ചെറിയ പള്ളിയ്ക്കരികില്‍ നമുക്ക് ട്രക്കിനെ ഒളിപ്പിച്ചു വയ്ക്കാം. നമ്മളിലൊരാള്‍ പതിനൊന്നു മണിയ്ക്കു ശേഷം മലയിടുക്കു കടന്ന് അച്ചന്റെ ഭവനത്തില്‍ നിന്ന് കൊസാക്കുകളെ താഴെ കൊണ്ടുവരണം. അവരെ ട്രക്കില്‍ കയറ്റണം. പ്രഭാതത്തിനു മുന്‍പ് അവര്‍ ബാഡൊഗ്ലിയാനികളോടൊപ്പം ചേര്‍ന്നിരിക്കും.”

“അപ്പോള്‍, ഇന്നലെ വരെ എസ്. എസുകളുടെ കൂടെയായിരുന്ന ഈ എട്ടു മാമലൂക്കുകളോ,  കല്‍മിക്സുകളോ മംഗോളിയന്‍മാരോ എന്തു പണ്ടാരമോ ആയ ഈ എട്ടെണ്ണത്തിനു വേണ്ടി സ്വന്തം കഴുത്തു പണയപ്പെടുത്തി ഇത്രയും കുഴപ്പങ്ങളിലൂടെ പോണമെന്നാണോ..?” ചുവന്ന തലമുടിക്കാരനായ ഒരു മനുഷ്യന്‍ -അയാളുടെ പേര് മിഗ്ലിയവാക്ക എന്നായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്- എഴുന്നേറ്റു നിന്നു ചോദിച്ചു.

“ചങ്ങാതീ, ഈ മനുഷ്യര്‍ അവരുടെ മനസ്സു മാറ്റിക്കഴിഞ്ഞു.” ഗ്രഗ്‌നോള പറഞ്ഞു. “അതൊരു നല്ല കാര്യമല്ലേ? പിന്നെ അവര്‍ എട്ടുപേരും നല്ല വണ്ണം ആയുധം പ്രയോഗിക്കാനറിയാവുന്ന കരുത്തന്മാരാണ്. അതുകൊണ്ട് അവര്‍ ഉപയോഗമുള്ളവരാണ്. ബാക്കിയെല്ലാം പോട്ടെ.”

“അവര്‍ ഉപയോഗമുള്ളവരാണ്,... ബഡോഗ്ലിയാനിയ്ക്ക്.” മിഗ്ലിയവാക്ക മുരണ്ടു.
“ബഡോഗ്ലിയാനിയോ ഗാരിബാള്‍ഡിനിയോ ആരായാലും അവര്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയല്ലേ യുദ്ധം ചെയ്യുന്നത്? എല്ലാവരും പറയാറുള്ളതു പോലെ കണക്കുകള്‍ തീര്‍ക്കേണ്ടത് പെട്ടെന്നല്ല, പിന്നീടാണ്. നമ്മളിപ്പോള്‍ കൊസാക്കുകളെ സഹായിക്കുകയാണ് വേണ്ടത്.“

“നിങ്ങള്‍ പറഞ്ഞതാണ് അതിന്റെ ശരി. മാത്രവുമല്ല അവര്‍ സോവ്യറ്റ് പൌരന്മാരാണ്. അതുകൊണ്ടവര്‍  സോഷ്യലിസത്തിന്റെ മഹത്തായ പിതൃരാജ്യവുമായി ബന്ധമുള്ളവരാണ്.” ആളുകളുടെ നിമിഷം തോറും ഉടുപ്പുമാറ്റുന്നതിനെപ്പറ്റി അധികമൊന്നും അറിയാന്‍ വയ്യാത്ത മാര്‍ട്ടിനെന്‍‌ഗോ എന്നു പേരുള്ള മനുഷ്യന്‍ പറഞ്ഞു. പക്ഷേ മാസങ്ങളായി ആളുകള്‍ ഇത്തരം വേഷംകെട്ടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കരിമ്പട്ടാളത്തിലുണ്ടായിരുന്ന ജിനോയുടെ കാര്യമെടുക്കുക. അവര്‍ക്കിടയിലെ ഭ്രാന്തമാരില്‍ ഒരുത്തന്‍. അവിടുന്ന് ഓടിപ്പോയി ഒളിപ്പോരാളികളോടൊപ്പം ചേര്‍ന്നു. ചുവന്ന ഉറുമാല്‍ കഴുത്തില്‍ ധരിച്ച് സൊളാറയില്‍ തിരിച്ചു വന്നു. പിന്നെയും അയാള്‍ക്ക് അടങ്ങിയിരിക്കാന്‍ പറ്റുമായിരുന്നില്ല. ഒളിച്ചുകഴിയുമ്പോഴും ഒരു പെണ്ണിനെകാണാനായി വന്നു കൊണ്ടിരുന്നു. ഒടുവില്‍ ഒരു പ്രഭാതത്തില്‍, കരിമ്പട്ടാളം പിടിച്ച് വെടിവച്ചു കൊന്നു. അസ്തിയില്‍ വച്ച്.

“അപ്പോള്‍ നമുക്കതു ചെയ്യാം.”ഗ്രഗ്‌നോള പറഞ്ഞു.
“പക്ഷേ ഒരു കുഴപ്പമുണ്ട്.”  മിഗ്ലിയവാക്ക പറഞ്ഞു. “പിള്ളാര്‍ക്കു മാത്രമേ മലയിടുക്കു കയറാന്‍ അറിയാവൂ എന്ന് അച്ചന്‍ പറഞ്ഞെങ്കിലും ഇത്രയും ഗൌരവമുള്ള ഒരു പ്രശ്നത്തില്‍ ഏതെങ്കിലും ഒരു കുട്ടിയെ ഞാന്‍ വലിച്ചിഴച്ചുകൊണ്ടുവരില്ല. നീതിയുടെ പ്രശ്നം ഒരു വശത്ത്. പിള്ളാരാവുമ്പോള്‍ ഇതൊക്കെ പറഞ്ഞു നടന്ന് ആകെ കുഴപ്പമാക്കുകയും ചെയ്യും.”

“ഇല്ല.” സ്റ്റിവുലു പറഞ്ഞു.”ഉദാഹരണത്തിന് യാംബോവിനെ എടുക്ക്. നിങ്ങളാരും അവനെ ശ്രദ്ധിച്ചിട്ടില്ല. പക്ഷേ അവന്‍ ഇവിടെയിരുന്ന് എല്ലാം കേള്‍ക്കുകയായിരുന്നു. മലയിടുക്ക് സ്വന്തം പുറംകൈ പോലെ അവനറിയാം. കഴുത്തിനു മുകളില്‍ ചിന്തിക്കാനറിയാവുന്ന ഒരു തലയും കിട്ടിയിട്ടുണ്ട്.  വേറെന്താ വേണ്ടത്? അവന്‍ അധികം സംസാരിക്കുന്ന ടൈപ്പ് അല്ല. വേണമെങ്കില്‍ ഞാന്‍ എന്റെ ജീവിതം പന്തയം വയ്ക്കാം. കൂടാതെ കുടുംബത്തില്‍ എല്ലാവരും നമ്മുടെ വശവും. അതുകൊണ്ട് ഇക്കാര്യത്തില്‍ ഒരപകടവുമില്ല.”

തണുപ്പിലും എനിക്കു വിയര്‍ത്തു. ഒരുപാട് വൈകി. വീട്ടില്‍ പോകണം എന്നു ഞാന്‍ പറയാന്‍ തുടങ്ങുകയായിരുന്നു.

ഗ്രഗ്‌നോള എന്നെ വശത്തേയ്ക്ക് തള്ളിമാറ്റി നിര്‍ത്തി കുറേ കാര്യങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു. ഇത് സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്, പാവപ്പെട്ട എട്ടു തകര്‍ന്ന പോരാളികളെ രക്ഷിക്കാന്‍ വേണ്ടിയാണ്.., എന്റെ പ്രായത്തിലുള്ള കുട്ടികള്‍ക്കും ഹീറോ ആകാവുന്നതാണ്.., എല്ലത്തിനും പുറമേ ഞാന്‍ പല പ്രാവശ്യം മലയിടുക്ക് കയറിയിട്ടുണ്ട്. ഇപ്രാവശ്യവും കാര്യങ്ങള്‍ വ്യത്യസ്തമൊന്നുമല്ല, ഒരുകാര്യമൊഴിച്ച്, എട്ടു കൊസാക്കുകളാണ് എനിക്കു പിന്നാലെ വരുന്നത്, ഏതു വിധേനയും അവരെ ഞാന്‍ നഷ്ടപ്പെടുത്താതെ നോക്കണം.  റോഡിന്റെ അറ്റത്ത് മലയിടുക്ക് എവിടെയാനെന്നറിയാതെ മിഴിച്ചു നോക്കിക്കൊണ്ട് ജര്‍മ്മന്‍‌കാര്‍ തനി വങ്കന്മാരായി നില്‍പ്പുണ്ട്. തീരെ വയ്യെങ്കിലും അയാളും എനിക്കൊപ്പം വരാം, കാരണം ചുമതലകള്‍ വന്നു വിളിക്കുമ്പോള്‍ നമ്മള്‍ പുറം തിരിഞ്ഞു നിന്നുകൂടാ..നമ്മള്‍ പതിനൊന്നു മണിക്കല്ല കുറെക്കൂടിക്കഴിഞ്ഞ് എന്റെ വീട്ടിലുള്ള എല്ലാവരും ഉറക്കമായിക്കഴിഞ്ഞ്, അര്‍ദ്ധരാത്രിയ്ക്കാണ് പുറപ്പെടുക. ആരും ശ്രദ്ധിക്കാതെ എനിക്കങ്ങനെ കാര്യം നടത്താം, രാവിലെ ഒന്നും സംഭവിക്കാത്തതുപോലെ കിടക്കയില്‍ കിടന്നുറങ്ങുന്ന എന്നെയാണ് വീട്ടുകാര്‍ കാണുക.. അങ്ങനെ കുറേ കാര്യങ്ങള്‍... അയാള്‍ എന്നെ സംസാരിച്ചു മയക്കി.

ഒടുവില്‍ ഞാന്‍ സമ്മതിച്ചു. ഒന്നുമില്ലെങ്കിലും ഇതൊരു സാഹസിക സാധനമാണ്. എനിക്കു പിന്നീട് അതു വച്ച് കഥകള്‍ ഉണ്ടാക്കാം. ഗംഭീരന്‍ ഒരു  ഒളിപ്പോരാളി സംഭവം. അര്‍ബോറിയാ കാട്ടില്‍ ഫ്ലാഷ് ഗോര്‍ഡന്‍ ചെയ്തികളേക്കാള്‍, കറുത്ത കാട്ടില്‍ ട്രെമല്‍ നായിക്ക് കാട്ടിക്കൂട്ടിയതിനേക്കാള്‍, തികച്ചും വ്യത്യസ്തം. എന്തായാലും രഹസ്യ ഗുഹയിലെ ടോം സായറേക്കാള്‍ മെച്ചം.

പക്ഷേ നല്ലൊരു തല, കഴുത്തിനു മുകളില്‍ എനിക്കുണ്ടായിരുന്നതു കൊണ്ട്   ചില കാര്യങ്ങള്‍ പെട്ടെന്നു ഗ്രഗ്‌നോളയോട് ചര്‍ച്ച ചെയ്യാന്‍ പറ്റി.
അയാള്‍ പറഞ്ഞത് എട്ടു കൊസാക്കുകളെ കൊണ്ടുവരാനുണ്ടെന്നാണ്, താഴേയ്ക്കുള്ള വഴിയില്‍ അവരെ നഷ്ടപ്പെടാന്‍ പാടില്ലെന്നും. അതുകൊണ്ട് മലകയറ്റക്കാര്‍ ചെയ്യുന്നതു പോലെ അവരെയെല്ലാം നല്ല നീണ്ട ഒരു കയറുകൊണ്ട് നമ്മള്‍ ബന്ധിപ്പിക്കണം.  അങ്ങനെ അവര്‍ക്ക് ഓരോരുത്തര്‍ക്കും എങ്ങോട്ടാണ് പോകുന്നതെന്നറിയാതെ തന്നെ തൊട്ടു മുന്നിലുള്ള ആളിനെ കൃത്യമായി പിന്തുടരാന്‍ സാധിക്കും. ഞാന്‍ അതു വേണ്ടെന്നു പറഞ്ഞു. ആദ്യത്തെയാള്‍ ഒരു പക്ഷേ വീഴുകയാണെങ്കില്‍, കെട്ടിലുള്ള എല്ലാവരും അയാള്‍ക്കൊപ്പം കൊക്കയില്‍ വീഴും. പകരം നമുക്കു വേണ്ടത് കയറിന്റെ പത്തു കഷ്ണങ്ങളാണ്. മുന്നിലുള്ള ആളിന്റെ കയറിന്റെ അറ്റം പിന്നിലുള്ള ആള്‍ മുറുക്കെ പിടിക്കണം. അതുപോലെ നമ്മുടെ കയറിന്റെ അറ്റം നമ്മുടെ പിന്നിലുള്ള ആളും. തൊട്ടു മുന്നിലെ ആളു വീഴുകയാണ് എന്നു മനസ്സിലാക്കിയാല്‍, നമ്മുടെ കൈയിലുള്ള കയറിന്റെ അറ്റം വിടുകയാണ് വേണ്ടത്, കാരണം എല്ലാവരും മരിക്കുന്നതിനേക്കാള്‍ നല്ലതാണ് ഒരാള്‍ പോകുന്നത്.
“ നീ ബുദ്ധിമാനാണ്” ഗ്രഗ്‌നോള പറഞ്ഞു.

ആയുധം വല്ലതും കൈയില്‍ കരുതുന്നുണ്ടോ എന്നു  ഉത്സാഹത്തോടെ ഞാന്‍  ഗ്രഗ്‌നോളയോട് ചോദിച്ചു. ഇല്ലെന്നു അയാള്‍ പറഞ്ഞു. അയാള്‍ ഒരു ഈച്ചയെ കൊല്ലാന്‍ പോലും ആഗ്രഹിക്കുന്നില്ല. ഇനി ദൈവം കൈയൊഴിഞ്ഞ്, വല്ല ഏറ്റുമുട്ടലും സംഭവിച്ചാല്‍, കൊസാക്കുകളുടെ കൈയില്‍ ആയുധമുണ്ട്. ഈ സംഭവത്തിടയ്ക്കെങ്ങാനും പിടിക്കപ്പെട്ടാല്‍ കൈയില്‍ ആയുധമില്ലാത്ത ഒരുത്തനെ  ഉടനെ അവര്‍ മതിലിനു മുഖം ചേര്‍ത്തു നിര്‍ത്തില്ല.

 കാര്യങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞെന്നും ഒരു മണിയോടെ കൊസാക്കുകള്‍ തയ്യാറായി നില്‍ക്കണമെന്നും ഞങ്ങള്‍ തിരിച്ചുച്ചെന്ന് അച്ചനെ അറിയിച്ചു.

ഏഴുമണിയോടെ അത്താഴത്തിനു ഞാന്‍ വീട്ടില്‍ പോയി.  അര്‍ദ്ധരാത്രിയ്ക്ക് മഡോണയുടെ ചെറിയ പള്ളിക്കടുത്തു വച്ചായിരുന്നു കൂടിച്ചേരാമെന്നു പറഞ്ഞിരുന്നത്. ധൃതിപിടിച്ചു നടന്നാല്‍ 45 മിനിട്ടെടുക്കും എനിക്ക് അവിടെയെത്താന്‍. “നിന്റെ കൈയില്‍ വാച്ചുണ്ടോ?” ഗ്രഗ്‌നോള ചോദിച്ചു. “ഇല്ല. പതിനൊന്നു മണിയ്ക്ക് എല്ലാവരും ഉറങ്ങാന്‍ പോകുന്ന സമയം നോക്കി  ഞാന്‍ ഊണുമുറിയില്‍ കാത്തുനില്‍ക്കും. അവിടെ ഒരു ക്ലോക്കുണ്ട്.” ഞാന്‍ പറഞ്ഞു.

കത്തുന്ന മനസ്സുമായിരുന്നു അത്താഴം കഴിച്ചു. അതിനുശേഷം വീട്ടുകാര്‍ കാണാന്‍ വേണ്ടി റേഡിയോ വാര്‍ത്ത കേട്ടു. എന്റെ സ്റ്റാമ്പുകള്‍ നോക്കി. പതിനൊന്നു മണിക്ക് വീട് കനത്ത നിശ്ശബ്ദതയില്‍ മുഴുകിയപ്പോള്‍, ഞാന്‍ ഊണുമുറിയില്‍ നില്‍ക്കുകയായിരുന്നു, ഇരുട്ടത്ത്.  ഇടയ്ക്കിടെ ഞാന്‍ തീപ്പെട്ടിയുരച്ച് ക്ലോക്കു നോക്കി. 11.15 ആയപ്പോള്‍ പതുക്കെ ഇറങ്ങി മൂടല്‍ മഞ്ഞിലൂടെ മഡോണയുടെ ചെറിയ പള്ളി ലാക്കാക്കി നടക്കാന്‍ തുടങ്ങി.

ഗ്രഗ്‌നോള അവിടെ ഉണ്ടായിരുന്നു. ഞാന്‍ വൈകിപ്പോയി എന്നു പരാതിപ്പെട്ടു. അയാള്‍ വിറയ്ക്കുന്നതു ഞാന്‍ കണ്ടു. ഞാന്‍ വിറയ്ക്കുന്നില്ല. ഞാന്‍ എന്റെ ചുമതല നിര്‍വഹിക്കാന്‍ പോകുകയാണ്. അയാള്‍ കയറിന്റെ അറ്റം എന്നെ ഏല്‍പ്പിച്ചു. ഞങ്ങള്‍ മലയിടുക്ക് കയറാന്‍ തുടങ്ങി. 

തലയ്ക്കുള്ളില്‍ എനിക്കെന്റെ മാപ്പുണ്ട്. പക്ഷേ ഗ്രഗ്‌നോള കരഞ്ഞുകൊണ്ടേയിരുന്നു.”ദൈവമേ ഞാന്‍ വീഴാന്‍ പോകുകയാണ്!“ ഒരു ശ്രുതി പിന്തുടരുന്നതുപോലെ ഞാന്‍ കാലുകള്‍ വച്ചു. ഇങ്ങനെതന്നെയായിരിക്കണം പിയാനിസ്റ്റുകള്‍ കട്ടകളില്‍ അവരുടെ വിരലോടിക്കുന്നത്. അതെ വിരലുകള്‍, കാലുകളല്ല. ഒരു ചുവടും എനിക്കു പിഴച്ചില്ല. പക്ഷേ അയാള്‍, എന്നെ പിന്തുടരുകയായിട്ടുപോലും തുടര്‍ച്ചയായി കാലിടറുകയും ചുമയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക്  തിരിഞ്ഞ് കൈകള്‍കൊണ്ട് എനിയ്ക്കു് അയാളെ പിടിക്കേണ്ടി വന്നു. കനത്ത മൂടല്‍മഞ്ഞ്. എങ്കിലും അരമീറ്ററിനകത്താണെങ്കില്‍ പരസ്പരം കാണാം. ഞാന്‍ കയര്‍ ഒന്നു വലിച്ചാല്‍ കനത്തുമൂടിക്കിടക്കുന്ന നീരാവിയില്‍ ഗ്രഗ്‌നോള  ഇരുട്ടും മഞ്ഞുമെല്ലാം തകര്‍ത്ത് പെട്ടെന്ന് എന്റെ മുന്നില്‍ തെളിഞ്ഞു വരും. ലാസറസ് ശവക്കച്ച നീക്കി എഴുന്നേറ്റു വന്നതു പോലെ..

കയറ്റം തീരാന്‍ ഒരു മണിക്കൂറെടുത്തു. അത് ശരാശരിയാണ്. ആകെ ഞാന്‍ ഗ്രഗ്‌നോളയ്ക്ക് താക്കീതു നല്‍കിയത് കുത്തനെയുള്ള വലിയ പാറക്കല്ലിനടുത്തെത്തിയപ്പോള്‍ മാത്രമാണ്. അതിനെചുറ്റി നടപ്പാതയിലേയ്ക്ക് നിരങ്ങിയിറങ്ങുന്നതിനു പകരം വെള്ളാരങ്കല്ലുകളെ ചവിട്ടി ഇടത്തോട്ടു പോയാല്‍,  കഥ അവസാനിക്കുന്നത് കൊക്കയിലായിരിക്കും.

ഞങ്ങള്‍ മുകളില്‍ മതിന്റെ വിടവിനടുത്തെത്തി. സാന്‍ മാര്‍ട്ടിനോ കാണാന്‍ വയ്യാത്ത ഒരൊറ്റ കഷ്ണമായിക്കിടക്കുന്നു. “ഇടവഴിയിലൂടെ നമ്മള്‍ നേരെ നടക്കും“. ഞാന്‍ പറഞ്ഞു. “20 ചുവടുകള്‍... എണ്ണിക്കോ... നമ്മള്‍ അച്ചന്റെ വീട്ടു വാതില്‍ക്കല്‍ എത്തിയിരിക്കും.”

പറഞ്ഞു വച്ചിരുന്നതുപോലെ ഞങ്ങള്‍ വാതിലില്‍ മുട്ടി. മൂന്നു മുട്ട്.. ഒരു നിര്‍ത്തിനു ശേഷം വീണ്ടും മൂന്നു മുട്ട്. അച്ചന്‍ കതകു തുറന്ന് ഞങ്ങളെ അകത്തു കയറ്റി. വേനല്‍ക്കാലത്തെ പൊടിപറ്റി വിളര്‍ത്ത വയല്‍ച്ചെടിയെ  പോലെയിരുന്നു, അദ്ദേഹത്തിന്റെ നിറം. എട്ടു കൊസാക്കുകളും  അവിടെ തന്നെയുണ്ട്. കൊള്ളക്കാരെപ്പോലെ കൈകളില്‍ തോക്കൊക്കെയായി, പക്ഷേ കൊച്ചുകുട്ടികളെ പോലെ പേടിച്ചു വിറച്ചുകൊണ്ട്. ഇറ്റാലിയന്‍ ഭാഷ അറിയാവുന്നവനോട് ഗ്രഗ്‌നോള സംസാരിച്ചു. ഉച്ചാരണം ഭീകരമായിരുന്നെങ്കിലും അവന്‍ നന്നായി ഇറ്റാലിയന്‍ പറയുന്നുണ്ട്, പക്ഷേ ഗ്രഗ്‌നോള വിദേശികളോട് ആളുകള്‍ സംസാരിക്കുമ്പോള്‍ ചെയ്യുന്നതുപോലെ കേവലക്രിയകള്‍ മാത്രം ഉപയോഗിച്ചു.

“നിങ്ങള്‍ കൂട്ടുകാരുടെ മുന്നില്‍ നടക്കണം. എന്നെയും കുട്ടിയെയും പിന്തുടരണം. നിങ്ങള്‍ ഞാന്‍ പറയുന്നത് കൂട്ടുകാര്‍ക്ക് പറഞ്ഞുകൊടുക്കണം. ഞാന്‍ പറയുന്നത് അവര്‍ ചെയ്യണം. മനസ്സിലായോ?”
“എനിക്കു മനസ്സിലായി. ഞങ്ങള്‍ റെഡിയാണ്.”

“മൂത്രം മുട്ടി നില്‍ക്കുന്നതു പോലെ അച്ചന്‍ വാതിലു തുറന്ന് ഞങ്ങളെ ഇടവഴിയിലേയ്ക്കിറക്കി. ആ നിമിഷം തന്നെ മേലേയ്ക്കുള്ള റോഡു വന്നുചേരുന്ന ഗ്രാമത്തിന്റെ ഭാഗത്തു നിന്ന് ജര്‍മ്മന്‍ ഭാഷയിലുള്ള ബഹളവും പട്ടിയുടെ ശക്തമായ കുരയും ഞങ്ങള്‍ കേട്ടു.
“നശിച്ച നരകം.” ഗ്രഗ്‌നോള മുരണ്ടു. അച്ചന്‍ ഇമവെട്ടികൂടിയില്ല. “കാല്‍നക്കി ചെറ്റകള്‍ ഇങ്ങ് മുകളിലെത്തിക്കഴിഞ്ഞു. അവന്മാരുടെ കൂടെ പട്ടികളുണ്ട്. അവറ്റയ്ക്ക് മഞ്ഞൊന്നും പ്രശ്നമല്ല.  മണപ്പിച്ച് മണപ്പിച്ച് ഇങ്ങെത്തിക്കോളും. നാശം. നമ്മളിനി എന്തു ചെയ്യും? ”

കൊസാക്കുകളുടെ നേതാവ് പറഞ്ഞു.”അവന്മാര്‍ എന്തു ചെയ്യും എന്ന് എനിക്കറിയാം. അഞ്ചാളുകള്‍ക്ക് ഒരു പട്ടിയാണ് കണക്ക്. നമുക്ക് തീരുമാനിച്ചപോലെ തന്നെ മുന്നോട്ടു പോകാം. പട്ടിയില്ലാതെ ഒറ്റയ്ക്കു കിട്ടുന്നവരെ കൈകാര്യം ചെയ്തേക്കാം.”
“കൂടുതല്‍ ആലോചന വേണ്ട” കാര്യം മനസ്സിലായ ഗ്രഗ്‌നോള പറഞ്ഞു. “പതുക്കെ പോയാല്‍ മതി. വെടിവയ്ക്കുന്നതു ഞാന്‍ പറഞ്ഞതിനുശേഷം മാത്രം. തൂവാലയും തുണിക്കഷ്ണങ്ങളും കയറും തയ്യാറാക്കി വയ്ക്കാം.” പിന്നെ വിശദീകരിക്കുന്ന മട്ടില്‍ എന്നോട് പറഞ്ഞു. “ നമ്മള്‍ ഇടവഴിയുടെ അറ്റത്ത് പെട്ടെന്ന് എത്തണം. അവിടെ മൂലയില്‍ പാത്തു നില്‍ക്കാം. അവിടെ ആരും ഇല്ലെങ്കില്‍ നമ്മള്‍ വലത്തോട്ട് തിരിഞ്ഞ് മതിലിന്റെ വിടവു വഴി താഴേയ്ക്കിറങ്ങും. ആരെങ്കിലും പട്ടികളുമായി വന്നാല്‍ നമ്മുടെ കഥ തീര്‍ന്നു. അങ്ങനെ സംഭവിച്ചാല്‍, എത്രപേരുണ്ടെന്നു നോക്കിയിട്ട് നമ്മളവന്മാരെ വെടിവയ്ക്കും, പട്ടികളെയും. കൂടെ പട്ടികളില്ലെങ്കില്‍ അവരു നമ്മെ കടന്നു പോട്ടെ, അവരെ പിന്നില്‍ നിന്നു പിടികൂടാം, കൈകള്‍ പിറകില്‍ കെട്ടി വായില്‍ തുണിതിരുകാം. പിന്നെ ഒച്ചയുണ്ടാക്കില്ല.”
“എന്നിട്ട് അവന്മാരെ അവിടെ ഇട്ടിട്ടു പോകാമെന്നോ?”
“ഇല്ല.  മലയിടുക്കിലേയ്ക്ക് കൊണ്ടുപോകാം. വേറൊന്നും ചെയ്യാനില്ല.”
അയാള്‍ പെട്ടെന്നത് കൊസാക്കിനു വിവരിച്ചുകൊടുത്തു. അവന്‍ മറ്റുള്ളവര്‍ക്കും. അച്ചന്‍ കുറച്ചു തുണിക്കഷ്ണങ്ങളും തിരുവസ്ത്രത്തില്‍ നിന്നുള്ള നാടകളും തന്നു. “പൊയ്ക്കോള്ളൂ..പൊയ്ക്കോള്ളൂ... ദൈവം നിങ്ങളെ രക്ഷിക്കും” അദ്ദേഹം പറഞ്ഞു.

ഇടവഴിയിലൂടെ ഞങ്ങള്‍ മുന്നോട്ട് നടന്നു. മൂലയിലെത്തിയപ്പോള്‍ ജര്‍മ്മന്‍ ഭാഷയിലുള്ള സംസാരം  ഇടത്തു ഭാഗത്ത് നിന്നും കേട്ടുതുടങ്ങി. എന്നാല്‍ കുരയോ മുരള്‍ച്ചയോ ഇല്ല.  ഞങ്ങളെല്ലാം മതിലിനോട് ചേര്‍ന്ന്  നിന്നു. പരസ്പരം സംസാരിച്ചു കൊണ്ട് രണ്ടുപേര്‍ വരുന്നുണ്ടായിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് തിരിച്ചറിയാന്‍ വയ്യാത്ത ഇരുട്ടിനെ ശപിക്കുകയായിരുന്നിരിക്കണം അവര്‍. “രണ്ടുപേര്‍ മാത്രം” ഗ്രഗ്‌നോള ആംഗ്യം കാണിച്ചു. “അവരാദ്യം കടന്നു പോകട്ടെ, എന്നിട്ടു ചാടിവീഴാം.”

മറ്റുള്ളവര്‍ പിയസ്സയ്ക്കു ചുറ്റും പട്ടികളുമായി വിശദമായ പരിശോധന നടത്തുമ്പോള്‍  പ്രദേശം നോക്കി വരാന്‍വേണ്ടി നിയോഗിക്കപ്പെട്ടവരായിരുന്നു ഈ രണ്ടു ജര്‍മ്മന്‍‌കാര്‍. തോക്കു നീട്ടിപ്പിടിച്ച്, പെരുവിരലുമാത്രം നിലത്തൂന്നിയാണ് അവര്‍ നടന്നിരുന്നത്. അവിടെ ഒരു ഇടവഴിയുണ്ടെന്ന കാര്യം പോലും അവര്‍ കണ്ടില്ല. കൊസാക്കുകള്‍ രണ്ടു നിഴലുകളിലേയ്ക്കാണ് ചാടിവീണത്,  ആ ജോലിയില്‍ അവന്മാരെത്ര മിടുക്കന്മാരാണെന്ന് ഒരു നിമിഷം കൊണ്ടവര്‍ തെളിയിച്ചു. ഒരൊറ്റ മിന്നായത്തില്‍ ജര്‍മ്മന്‍‌കാര്‍ വായില്‍ തിരുകികയറ്റിയ തുണിയുമായി തറയില്‍ കിടന്നു ഞരങ്ങി. രണ്ടുപേരുചേര്‍ന്നു പിടിച്ചു വച്ചാണ് ആ പിശാചുപിടിച്ചവന്മാരുടെ  കൈകള്‍ പിന്നിലാക്കിക്കെട്ടിയത്.

“നമ്മളതു ചെയ്തു.” ഗ്രഗ്‌നോള പറഞ്ഞു. “യാംബോ... അവന്മാരുടെ തോക്കെടുത്ത് മതിലിനപ്പുറത്തിട്, നീ....ഇവന്മാരുടെ പിന്നില്‍ നിന്ന് ഉന്തിക്കൊണ്ടു വാ..താഴേയ്ക്ക്.”

ഞാന്‍ ഭയന്നു പോയി. ഇപ്പോള്‍ ഗ്രഗ്‌നോളയായി കഴിഞ്ഞു നേതാവ്. മതിലിന്റെ വിടവിലൂടെ  എളുപ്പം ഇപ്പുറം കടന്നു.  അയാള്‍ കയറുകള്‍ നല്‍കി. അവിടെയായിരുന്നു കുഴപ്പം. വരിയുടെ ആദ്യം അവസാനവും നില്‍ക്കുന്ന ആളുകളൊഴിച്ച്  മറ്റെല്ലാവര്‍ക്കും കയറുപിടിക്കാന്‍ രണ്ടു കൈകളും ഉപയോഗിക്കണം. പിന്നിലും മുന്നിലുമായി.  ഇപ്പോള്‍ ചുമക്കാന്‍‍ രണ്ടു ജര്‍മ്മന്‍‌കാരുകൂടിയുണ്ട്. അവരെ പിന്നില്‍ നിന്നു തള്ളി നടത്തിക്കുന്ന ആളിന് കയറുപിടിക്കാന്‍ കഴിയില്ല. ആദ്യത്തെ പത്തുച്ചുവട് ഞങ്ങള്‍ ചേര്‍ന്നു നടന്നു. കുറ്റിക്കാടിന്റവിടെ വച്ച് വഴുതാനാരംഭിച്ചപ്പോള്‍ ഗ്രഗ്‌നോള കയറുപിടിക്കുന്ന രീതി മാറ്റാന്‍ നോക്കി. ജര്‍മ്മന്‍‌കാരുടെ മുന്നില്‍ നടക്കുന്നവര്‍ അവരുടെ കയറുകളെ തടവുകാരുടെ ബല്‍റ്റുമായി ബന്ധിപ്പിച്ചു. ജര്‍മ്മന്‍‌കാര്‍ക്കു തൊട്ടു പിന്നാലെ വരുന്നവര്‍ വലതുകൈകൊണ്ട് അവരുടെ കോളറില്‍ പിടിക്കാം, ഇടതു കൈകൊണ്ട് പിന്നിലേയ്ക്കുള്ള കയറിലും.  തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ കോളറില്‍ പിടിച്ചു പിന്നില്‍ നിന്നവനെകൂടി തള്ളിയിട്ടുകൊണ്ട്, ജര്‍മ്മന്‍‌കാരിലൊരുത്തന്‍‍ കാലിടറി തൊട്ടു മുന്നില്‍ നിന്ന കൊസാക്കിന്റെ മുകളിലൂടെ വീണു.  കിതപ്പിനിടയിലും കൊസാക്കുകള്‍ പതിഞ്ഞശബ്ദത്തില്‍ എന്തോ പറഞ്ഞു. അവരുടെ ഭാഷയിലുള്ള കടുത്ത ശാപവാക്കുകളായിരിക്കണം. നിലവിളിക്കാതെ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവന്മാര്‍ മിടുക്കന്മാരാണ്.

ആദ്യത്തെ വീഴ്ചയ്ക്കു ശേഷം ജര്‍മ്മന്‍‌കാരന്‍  സഹായത്തിനു ശ്രമിച്ചുകൊണ്ട്, സംഘവുമായി കുറച്ച് അകലം പാലിച്ചാണ് നടന്നത്. പോകുന്നത് എങ്ങോട്ടാണെന്ന് അറിയില്ല, ജര്‍മ്മനെ വിശ്വസിക്കാനും വയ്യ. അതു കൊണ്ട് അവന്റെ പിന്നാലെ വന്ന രണ്ടു കൊസാക്കുകള്‍ വഴി സ്വയം തപ്പിയും തടഞ്ഞും നീങ്ങി. കുറച്ചു ചുവടുകള്‍ വച്ചു കഴിഞ്ഞപ്പോഴേയ്ക്കും ജര്‍മ്മന്‍ വീണ്ടും വഴുതി മുന്നിലേയ്ക്കാഞ്ഞു. കൊസാക്കുകള്‍ അവനെ പിടിച്ചു. ബഹളത്തിനിടയില്‍ അവന്റെ ഹെല്‍മറ്റ്  താഴെ പോയി. അതവിടെ ഇട്ടിട്ടു പോകാന്‍ പറ്റില്ലെന്നു കൊസാക്കുകളുടെ നേതാവ് പറഞ്ഞു. പട്ടികള്‍ മണം പിടിച്ചെത്തും. വളരെയെളുപ്പം ജര്‍മ്മന്‍‌കാര്‍ക്ക് താഴേയ്ക്ക് അവര്‍ പോയ വഴി കണ്ടുപിടിക്കാന്‍ പറ്റും. അപ്പോള്‍ മാത്രമാണ് ഞങ്ങള്‍ ശ്രദ്ധിച്ചത് മറ്റേ ജര്‍മ്മന് ഹെല്‍മറ്റില്ലെന്ന കാര്യം. “തന്തയില്ലാ കഴുവേറികള്‍ ... ഗ്രഗ്‌നോള മുരണ്ടു. “ ഇടവഴിയില്‍ വച്ച് നമ്മള്‍ ഇവനെ പിടിച്ചപ്പോള്‍ പോയതായിരിക്കുമത്. പട്ടികളുമായി  എത്തിയാല്‍ അവര്‍ക്കു മണം കിട്ടും! ”

ഒന്നും ചെയ്യാനില്ല. ഞങ്ങള്‍ ഏതാനും മീറ്ററുകള്‍‍  മുന്നോട്ട് നീങ്ങിയിട്ടേയുണ്ടാവൂ.. മുകളില്‍ നിന്നും ശബ്ദങ്ങള്‍ കേട്ടു തുടങ്ങി. പട്ടികള്‍ കുരയ്ക്കുന്നു. “അവര്‍ ഇടവഴിയില്‍ എത്തിയിട്ടുണ്ട്. ജന്തുക്കള്‍ ഹെല്‍മറ്റ് മണപ്പിച്ചു കാണും. ഞങ്ങള്‍ ഈ വഴിയിലൂടെയാണ് പോയിട്ടുള്ളത് എന്നാണ് അവര്‍ പറയുന്നത്.“
“ ബഹളമുണ്ടാക്കാതെ ശാന്തരായിരിക്കൂ..അവര്‍ക്ക് മതിലിലെ വിടവ് ആദ്യം കണ്ടുപിടിക്കണം. അതു എളുപ്പമല്ലെന്നു നിനക്കറിഞ്ഞുകൂടേ..പിന്നെ താഴെയിറങ്ങണം. പട്ടികള്‍ ശ്രദ്ധിച്ച് പതുക്കെയാണിറങ്ങുന്നതെങ്കില്‍ അവരും പതുക്കെ മാത്രമേ ഇറങ്ങൂ.. പട്ടികള്‍ ചാടിയാണിറങ്ങുന്നതെങ്കില്‍ അവര്‍ക്ക്  അവറ്റകളോടൊപ്പം ഓടാന്‍ പറ്റില്ല. ചന്തിയിടിച്ചു വീഴും. അവന്മാര്‍ക്ക് നീയില്ലല്ലോ.. യാംബോ.. പെട്ടെന്ന് നടക്ക്..”
“ശ്രമിക്കാം. പക്ഷേ ഞാന്‍ ആകെ പേടിച്ചിരിക്കുകയാണ്.”
“ നീ പേടിച്ചതല്ല, അസ്വസ്ഥനായതാണ്. നല്ലവണ്ണം ശ്വാസം വലിച്ചെടുത്തോ. എന്നിട്ട് നടക്ക്..”
അച്ചന്റെ അവസ്ഥയായി എനിക്ക്. മൂത്രമൊഴിക്കണമെന്നു തോന്നുന്നു. അതേ സമയം എല്ലാ കാര്യങ്ങളും എന്നെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്ന് എനിക്കു മനസ്സിലായി.  പല്ലുകള്‍ കടിച്ചു പിടിച്ചു. ആ നിമിഷം ഞാന്‍ ജിറാഫോണോ ജോജോയൊ ആയി. ഹൊറെയ്സ് ഹോര്‍സ് കോളര്‍, ക്ലരാബെല്‍ കൌ അല്ലെങ്കില്‍  സിഞ്ഞ്യോര്‍ പാം‌പുര്‍നോ. എന്തായാലും റൊമാനയോ മിക്കി മൌസോ ഫ്ലാഷ് ഗോര്‍ഡനോ അല്ല. നിങ്ങള്‍ നൃത്തവേദിയിലായിരിക്കുമ്പോള്‍ നൃത്തം ചെയ്യുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. ഓര്‍മ്മയിലുള്ള ഓരോ ചുവടും വായിച്ചു കൊണ്ട് ഞാന്‍ മലയിടുക്ക് ഇറങ്ങാന്‍ തുടങ്ങി, എനിക്കു കഴിയുന്നിടത്തോളം വേഗത്തില്‍.

തടവുകാര്‍ രണ്ടുപേരും ഞങ്ങളുടെ യാത്രയുടെ വേഗതയെ കാര്യമായി കുറച്ചു. വായില്‍ തുണിക്കഷ്ണങ്ങള്‍ തിരുകിക്കയറ്റി വച്ചിരുന്നതു കാരണം ശ്വാസമെടുക്കാന്‍ വേണ്ടി ഓരോ ചുവടിലും നിന്നു. 15 മിനിട്ട് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വലിയ പാറയുടെ അടുത്തെത്തി. അതെവിടെയാണെന്ന് എനിക്ക് നല്ല ഉറപ്പുള്ള കാരണം കാണുന്നതിനു മുന്‍പ് നീട്ടിപ്പിടിച്ച കൈകൊണ്ട് ഞാനതില്‍‍ തൊട്ടു. അതിനെചുറ്റി പോകാന്‍ ഒന്നിച്ചു ചേര്‍ന്നു നീങ്ങണം. ആരെങ്കിലും മാറി ചുവടുവച്ചാല്‍ പാറയിലിടിച്ച് അവന്‍ കൊക്കയില്‍ വീഴും. മുകളില്‍ നിന്നുള്ള ശബ്ദം ഇപ്പോഴും ദൂരെ നിന്നാണ് കേള്‍‍ക്കുന്നത്. അത് ജര്‍മ്മന്‍‌കാര്‍ അവരുടെ മടിയന്‍ പട്ടികളെ ഉത്തേജിപ്പിക്കാനായി കാറിവിളിക്കുന്നതാണോ മതില് എങ്ങനെയെങ്കിലും കടന്ന് അടുത്തു വന്നുകൊണ്ടിരിക്കുന്നതിന്റെയാണോ എന്നു തീരെ വ്യക്തമല്ല.

തടവുകാര്‍ രണ്ടുപേരും അവരുടെ സഖാക്കളുടെ ശബ്ദം കേട്ടതോടെ കള്ളത്തരങ്ങള്‍ തുടങ്ങി. വീഴുന്നതു പോലെ അഭിനയിക്കുക, വശങ്ങളില്‍ ചെന്നിടിച്ച് മറിയാന്‍ നോക്കുക ഇതൊക്കെയായി പരിപാടി. പരിക്കു പറ്റുന്നതൊന്നും കണക്കാക്കിയില്ല. ശബ്ദം കേള്‍ക്കും എന്നുള്ളതു കൊണ്ട് ഞങ്ങള്‍ക്കവരെ വെടിവയ്ക്കാന്‍ പറ്റില്ലെന്ന് അവര്‍ക്കറിയാം. പട്ടികള്‍ അവരെ കണ്ടെത്തിക്കൊള്ളും എന്നു കരുതിക്കാണും. അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. നഷ്ടപ്പെടാന്‍ ഒന്നുമില്ലാതാവുമ്പോള്‍ ആളുകള്‍ അപകടകാരികളാവും.

പെട്ടെന്ന്, മെഷീന്‍ ഗണിന്റെ ഒച്ച ഞങ്ങള്‍ കേട്ടു. താഴെ ഇറങ്ങാന്‍ പറ്റില്ലെന്നു മനസ്സിലാക്കിയ ജര്‍മ്മന്‍‌കാര്‍ വെടി വയ്ക്കാന്‍ തീരുമാനിച്ചതാണ്. 180 ഡിഗ്രിയില്‍ മുന്‍പില്‍ മലയിടുക്ക് കിടക്കുന്നു, ഏതു വഴിയാണ് ഞങ്ങള്‍ പോയിരിക്കുക എന്ന് തിരിച്ചറിയുക എളുപ്പമല്ല. അതുകൊണ്ട് അവര്‍ എല്ലായിടത്തേയ്ക്കും വെടിവയ്ക്കുകയാണ്. മലയുടെ ഇറക്കം എത്രയാണെന്നും അവന്മാര്‍ക്ക് പിടിയില്ല, അതുകൊണ്ട് മൂക്കിനു നേരെ പിടിച്ചാണ് ഉണ്ടകള്‍ പായിക്കുന്നത്. ഒടുവില്‍ താഴെ ഞങ്ങള്‍ നിന്ന ദിശയിലേയ്ക്കും  അവര്‍ വെടിവയ്ക്കാന്‍ തുടങ്ങി. തലയ്ക്കുമുകളില്‍ മരണം ചീറുന്നതിന്റെ സീല്‍ക്കാരം ഞങ്ങള്‍ കേട്ടു.

“വേഗം... വേഗം...“ ഗ്രഗ്‌നോള പറഞ്ഞു. “ഇപ്പോഴും അവര്‍ക്ക് നമ്മെ കിട്ടിയിട്ടില്ല.”

പക്ഷേ ഈ സമയം കൊണ്ട് ആദ്യം വന്നവന്മാര്‍ മലയിറങ്ങാന്‍ തുടങ്ങിയിരിക്കും. ഇറക്കത്തെപ്പറ്റി ഏതാണ്ട് ഒരു ധാരണയും കിട്ടിയിരിക്കണം. പട്ടികളും ഏറ്റവും എളുപ്പമുള്ള  ദിശ നോക്കി  പുറപ്പെട്ടുക്കഴിഞ്ഞിരിക്കും. ഇപ്പോള്‍ അവര്‍ താഴേയ്ക്കാണ് വെടി വയ്ക്കുന്നത്. നമ്മുടെ നേരെ തന്നെ. തൊട്ടടുത്തുള്ള കുറ്റിച്ചെടികളിലൂടെ വെടിയുണ്ട പായുന്ന ശബ്ദം കേട്ടു.
“പേടി വേണ്ട..” കൊസാക്ക് പറഞ്ഞു “ അവരുടെ ‘മെഷീനണിന്റെ റെയ്ച്ചുവെയിറ്റ്’ എനിക്കറിയാം”.
“മെഷീന്‍ ഗണിന്റെ ഷൂട്ടിങ് പരിധി അറിയാമെന്നാണ് പറയുന്നത്” ഗ്രഗ്‌നോള വിശദീകരിച്ചു.
“അതെ. അവര് കുറച്ചുകൂടെ താഴെയിറങ്ങി വന്നില്ലെങ്കില്‍ നമ്മള്‍ വേഗം മുന്നോട്ടു പോകും. വെടിയുണ്ട നമ്മുടെയടുത്ത് എത്തില്ല. അതുകൊണ്ട് വേഗം പോകാം.”
“ഗ്രഗ്‌നോളാ...” ഞാന്‍ പറഞ്ഞു. കണ്ണില്‍ കണ്ണീരു നിറഞ്ഞു നിന്നിരുന്നു. “എനിക്കു വേഗം പോകാന്‍ പറ്റും. ബാക്കിയുള്ളവര്‍ക്ക് പറ്റില്ല. എങ്ങനെയെങ്കിലും താഴെയെത്താന്‍ നോക്കുമ്പോള്‍ നമ്മളെ ഇവിടെ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന  ഈ രണ്ടെണ്ണത്തിനെ കൂടെ ചുമക്കേണ്ട ഒരു കാര്യവുമില്ല. നമുക്കിവരെ ഇവിടെ വിടാം. അല്ലെങ്കില്‍ ഉറപ്പായി പറയുകയാണ്. ഞാന്‍ എന്റെ കാര്യം നോക്കും.”
“ഇവരെ വിട്ടിട്ടു പോയാല്‍ ഒരു നിമിഷം കൊണ്ട് ഇവര്‍ കെട്ടഴിച്ച് മറ്റുള്ളവരെ വിളിച്ചു വരുത്തും.“ ഗ്രഗ്‌നോള പറഞ്ഞു.
“ തോക്കിന്റെ പാത്തി വച്ച് ഞാന്‍ കൊന്നോളാം രണ്ടിനെയും, ശബ്ദമുണ്ടാവില്ല.” കൊസാക്ക് പറഞ്ഞു.

രണ്ടെണ്ണത്തിനെ കൊല്ലുന്ന കാര്യം കേട്ട് ഞാന്‍ മരവിച്ചു. സമനില കിട്ടിയത് ഗ്രഗ്‌നോള പിറുപിറുക്കുന്നതു കേട്ടപ്പോഴാണ്. “അതു വേണ്ട. ദൈവശാപം കിട്ടുന്ന കാര്യം. കൊന്ന് ഇവിടെ ഇട്ടിട്ടു പോയാലും പട്ടികള്‍ മണപ്പിച്ചെത്തും. നമ്മള്‍ ഏതു വഴിയാണ് പോയതെന്നു കണ്ടെത്തുകയും ചെയ്യും. ഒരു കാര്യമേ ചെയ്യാനുള്ളൂ. മറ്റേ വഴിയിലൂടെ പോകാന്‍ അനുവദിച്ച് ഇവരെ താഴെ വീഴ്ത്തുക. പട്ടികള്‍ ആ വഴി പിന്തുടര്‍ന്നോളും. നമുക്ക ങ്ങനെ പത്തോ അതിലധികമോ മിനിട്ടുകള്‍ കൂടുതലായി കിട്ടും. യാംബോ.. ഇവിടുന്ന് വലത്തോട്ട്...കൊക്കയിലേയ്ക്ക് തിരിയുന്ന ഒരു കള്ളവഴി ഇവിടെയല്ലേ... നല്ലത്.. നമുക്കിവരെ അങ്ങോട്ട് തള്ളി വിടാം. നീ പറഞ്ഞത് അതു വഴി പോകുന്നവര്‍ പാറയുള്ള കാര്യം ശ്രദ്ധിക്കില്ലെന്നും കൊക്കയില്‍ എളുപ്പം വീണുപോകുമെന്നുമല്ലേ..? അവിടെ നിന്നു വീണാല്‍ ചാവും എന്നുറപ്പാണല്ലോ അല്ലേ?“
“ചാവും എന്ന് ഉറപ്പൊന്നുമില്ല. പക്ഷേ എല്ലൊടിയും. ഭാഗ്യമില്ലെങ്കില്‍ തലപൊട്ടുകയും ചെയ്യും.”
“നാശം...നീ നേരത്തെ ഒന്നു പറഞ്ഞു, ഇപ്പോള്‍ വേറൊന്നു പറയുന്നു. താഴെ വീഴുമ്പോള്‍ ഇവന്മാരുടെ കെട്ടുകള്‍ അയഞ്ഞാല്‍ അലറി വിളിക്കാനുള്ള ശ്വാസം മിച്ചമുണ്ടെങ്കില്‍ ഇവന്മാര്‍ മറ്റവന്മാര്‍ക്ക് മുന്നറിയിപ്പു കൊടുക്കും, ഇവിടെ ഇങ്ങനെയൊരു ചതിക്കുഴിയുണ്ടെന്ന്.“
“ എങ്കില്‍ ഇവര്‍ മരിച്ചതിനു ശേഷം വീഴുന്നതാണ് നല്ലത്..” ഈ ചീത്ത ലോകത്തില്‍ കാര്യങ്ങള്‍ നടക്കുന്നതെങ്ങനെ എന്നറിയാവുന്ന കൊസാക്ക് അഭിപ്രായപ്പെട്ടു.

ഗ്രഗ്‌നോളയുടെ തൊട്ടടുത്തു നിന്ന എനിക്ക് അയാളുടെ മുഖം വ്യക്തമായി കാണാന്‍ കഴിഞ്ഞു. എപ്പോഴും വിളറിയിരിക്കുന്ന മുഖം ഇപ്പോള്‍ കൂടുതല്‍ വെളുത്തു. സ്വര്‍ഗ്ഗത്തില്‍ നിന്നും  കല്പന വരാന്‍ കാത്തിനില്‍ക്കുന്നതു പോലെ മുകളിലേയ്ക്കു നോക്കി അയാള്‍ നിന്നു. ആ നിമിഷം വെടിയുണ്ട ഒരാളിന്റെ തലയുടെ പൊക്കത്തില്‍ ചീറി ഞങ്ങളുടെ അടുത്തുകൂടി പാഞ്ഞു തുടങ്ങി. ജര്‍മ്മന്‍‌കാരിലൊരുത്തന്‍ അവന്റെ കാവല്‍ക്കാരനായ കൊസാക്കിനെ ഉന്തി. രണ്ടുപേരും കൂടി തറയില്‍ വീണുരുണ്ടു. തന്റെ പല്ലില്‍ അവന്‍ തലകൊണ്ടിടിച്ചെന്നു കൊസാക്ക് പരാതി പറയാന്‍ തുടങ്ങി. ഒത്താലൊക്കട്ടെ എന്നു വച്ച് ജര്‍മ്മന്‍‌കാര്‍ കളിക്കുകയാണ്.  എങ്ങനെയെങ്കിലും കുറേ ബഹളമുണ്ടായാല്‍ അവരുടെ കാര്യം നടക്കും. അപ്പോഴാണ് ഗ്രഗ്‌നോള തീരുമാനമെടുത്തത്. “ഒന്നുകില്‍ അവര്‍ അല്ലെങ്കില്‍ നമ്മള്‍. യാംബോ...വലത്തോട്ട് പോയാല്‍ എത്ര ചുവടുകള്‍ വേണം പാറയിലെത്താന്‍..” അയാള്‍ ചോദിച്ചു
“പത്ത്.. എന്റെ കാലു വച്ച് പത്ത്.. നിങ്ങള്‍ക്ക് ചിലപ്പോള്‍ എട്ടു മതിയാവും.മുന്‍പില്‍ വയ്ക്കുന്ന കാലു അമര്‍ത്തി നോക്കി നടന്നാല്‍ എവിടെയാണ് ചരിവ് ആരംഭിക്കുന്നതെന്ന് പറയാന്‍ പറ്റും. അവിടെനിന്ന് നാലാമത്തെ ചുവടില്‍ കുഴിയാണ്. അപകടമൊഴിവാക്കാന്‍ മൂന്നു ചുവടു വച്ചാല്‍ മതി.“
“ശരി.”ഗ്രഗ്‌നോള പറഞ്ഞു. “ഞാന്‍ മുന്‍പേ പോകുകയാണ്. നിങ്ങളില്‍ രണ്ടുപേര്‍ ഈ തെണ്ടികളെ ഉന്തിത്തള്ളികൊണ്ടുവരണം. തോളില്‍ മുറുക്കെ പിടിക്കാന്‍ മറക്കരുത്. ബാക്കിയുള്ളവര്‍ ഇവിടെ നിന്നാല്‍ മതി.”
“നിങ്ങള്‍ എന്തു ചെയ്യാനാണ് പോകുന്നത്?” പല്ലുകള്‍ കൂട്ടിയിടിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു.
“നീ വായടയ്ക്ക്.. ഇതു യുദ്ധമാണ്. മറ്റുള്ളവരോടൊപ്പം ഇവിടെ നില്‍ക്കുക. ഇതു കല്പനയാണ്.”

പാറയുടെ വലത്ത് മൂടല്‍ മഞ്ഞില്‍ അവര്‍ അപ്രത്യക്ഷരായി. കുറെയേറെ മിനിട്ടുകള്‍ ഞങ്ങള്‍ അവിടെ നിന്നു. കല്ലുകള്‍ ഉരുളുന്നതിന്റെയും പിടിവലിയുടെയും അടിയുടെയും ശബ്ദം കേട്ടു.  ജര്‍മ്മന്‍‌കാരെ ഇല്ലാതെ ഗ്രഗ്‌നോളയും കൊസാക്കുകളും പ്രത്യക്ഷപ്പെട്ടു. “പോകാം.” ഗ്രഗ്‌നോള പറഞ്ഞു. “ഇനി നമുക്ക് വേഗത്തില്‍ നീങ്ങാം.”

അയാള്‍ എന്റെ തോളിലൂടെ കൈയിട്ടു. അയാള്‍ വിറയ്ക്കുന്നതു ഞാനറിഞ്ഞു. അയാള്‍ വീണ്ടും തൊട്ടടുത്താണ്. എനിക്കു വ്യക്തമായി മുഖം കാണാം. കഴുത്തിനുചുറ്റും പിടിച്ചുകിടക്കുന്ന ഒരു കമ്പിളിക്കുപ്പായമാണ് അയാള്‍ ധരിച്ചിരുന്നത്. പുറത്തെടുത്തിട്ടതു പോലെ ലാന്‍സെറ്റ് നെഞ്ചില്‍ കിടന്നാടുന്നുണ്ടായിരുന്നു.
“നിങ്ങളെന്താണ് അവരെ ചെയ്തത്..?” ഞാന്‍ ചോദിച്ചു, കരഞ്ഞുകൊണ്ട്.
“അതു ചിന്തിക്കണ്ട. ശരിയായ കാര്യം തന്നെയാണ് ചെയ്തത്. പട്ടികള്‍ രക്തം മണത്ത് മറ്റുള്ളവരെയും അവിടെ കൊണ്ടുവരും. നമ്മള്‍ സുരക്ഷിതരാണ്. പോകാം.”
എന്റെ കണ്ണുകള്‍ കലങ്ങിയിരിക്കുന്നതു അയാള്‍ കണ്ടു. “അവരല്ലെങ്കില്‍ നമ്മള്‍. പത്തുപേര്‍ക്കു പകരം രണ്ടുപേര്‍..യുദ്ധമാണ്.. വാ പോകാം.”

ഏതാണ്ട് അര മണിക്കൂറിനു ശേഷം കോപത്തോടെ ആക്രോശങ്ങളും പട്ടികളുടെ കുരയും മുകളില്‍ നിന്നു കേട്ടുകൊണ്ടിരിക്കുമ്പോള്‍  തന്നെ ഞങ്ങള്‍ മലയിടുക്ക് കടന്ന് താഴെയെത്തി. ബഹളങ്ങള്‍ ഞങ്ങളുടെ അടുക്കലെത്തിയില്ല, കൂടുതല്‍ ദൂരേയ്ക്കു പൊയ്ക്കൊണ്ടിരുന്നു. റോഡിനടുത്ത് മരക്കൂട്ടങ്ങളുടെ മറവില്‍, ഗിജിയോയുടെ ട്രക്ക് കാത്തുകിടന്നിരുന്നു. കൊസാക്കുകളെ അതിനുള്ളില്‍ കയറ്റിയിട്ട് ഗ്രഗ്‌നോള പറഞ്ഞു. “ഞാനും ഇവരോടൊപ്പം പോകുകയാണ്, ബഡോഗ്ലിയാനിയുടെ അടുത്ത് ഇവരെത്തി എന്നു ഉറപ്പുവരുത്താന്‍..” അയാള്‍ എന്നെ നോക്കാതിരിക്കാന്‍  ശ്രമിക്കുകയായിരുന്നു. എന്നെ അവിടന്നു പറഞ്ഞയയ്ക്കാന്‍ തിരക്കുകൂട്ടുന്നതു പോലെ തോന്നി.
“ നീ പൊയ്ക്കോ.. വേഗം വീട്ടിലെത്താന്‍ നോക്ക്.. വല്ലാത്ത ധൈര്യശാലി തന്നെ.. നീ ഒരു മെഡല്‍ അര്‍ഹിക്കുന്നുണ്ട്.. മറ്റൊന്നും ചിന്തിക്കേണ്ട.. നിന്നെ ഏല്‍പ്പിച്ച ജോലി നീ വളരെ നന്നായി ചെയ്തു തീര്‍ത്തു. ഇതില്‍ തെറ്റെന്തെങ്കിലും സംഭവിച്ചുപോയെങ്കില്‍ ഞാന്‍ മാത്രമാണ് ഉത്തരവാദി.”

ആ തണുപ്പിലും വിയര്‍ത്തുകൊണ്ട് വല്ലാതെ ക്ഷീണിച്ച് ഞാന്‍ വീട്ടില്‍ തിരിച്ചെത്തി. ചിലപ്പോള്‍ എനിക്കു പനിയായിരിക്കും.. എനിക്കു കുമ്പസാരിക്കണം.. മാപ്പു പറയണം.. ഞാന്‍ എന്നോടു പറഞ്ഞുകൊണ്ടിരുന്നു.

 പ്രഭാതം ഏറ്റവും ചീത്തയായിരുന്നു. എനിക്ക് പതിവു സമയത്തു തന്നെ എഴുന്നേല്‍ക്കേണ്ടതുണ്ട്. ഇങ്ങനെ ഞാന്‍ കുഴഞ്ഞ് തൂങ്ങിയിരിക്കുന്നതെന്തുകൊണ്ടാണെന്നു മമ്മയ്ക്ക് മനസ്സിലായില്ല. കുറേ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഗിജിയോ വീട്ടില്‍ വന്നു. മുന്തിരിത്തോപ്പില്‍ വച്ചു കാണാം എന്നു ഞാന്‍ ആംഗ്യം കാണിച്ചു. എന്നില്‍ നിന്ന് എന്തെങ്കിലും ഒളിച്ചു വയ്ക്കാന്‍ അയാള്‍ക്കു പറ്റില്ല.

 കൊസാക്കുകളെ അനുഗമിച്ച് ബഡോഗ്ലിയാനിയുടെ അടുത്തുപോയി,  ഗിജിയോയൊടൊപ്പം ട്രക്കില്‍ സൊളാറയിലേയ്ക്കു മടങ്ങും മുന്‍പ്, രാത്രി ആയുധമില്ലാതെ പോകരുതെന്നു ബഡോഗ്ലിയാനി ഗ്രഗ്‌നോളയോടു പറഞ്ഞിരുന്നു. കൂട്ടുകാരെ സഹായിക്കാന്‍ കരിമ്പട്ടാളത്തിന്റെ ഒരു വിഭാഗം സൊളാറയിലേയ്ക്ക് പോയതിനെപ്പറ്റി അവര്‍‍ക്ക് അറിവുകിട്ടിയിരുന്നു. അവര്‍ പഴയരീതിയിലുള്ള ഒരു കൈത്തോക്ക് അയാള്‍ക്കു നല്‍കി.

വിഗ്‌നോലെറ്റാ കവലയിലേയ്ക്കും തിരിച്ചുമുള്ള യാത്ര എല്ലാംകൂടി മൂന്നുമണിക്കൂര്‍ എടുത്തു. ട്രക്ക് ബാര്‍സെല്ലിയുടെ ഫാമില്‍  തിരിച്ചുകൊണ്ടിട്ടു.  അവര്‍ രണ്ടുപേരും സൊളാറയിലേയ്ക്ക് നടക്കാന്‍ തുടങ്ങി. പുറത്ത് പരസ്പരം കളിയായി അടിച്ചും ആളൊഴിഞ്ഞ റോഡില്‍ ഉറക്കെ ശബ്ദമുണ്ടാക്കിയും  ഇതുവരെ ഉണ്ടായിരുന്ന പിരിമുറുക്കത്തെ അയച്ചു വിടാന്‍ അവര്‍ ശ്രമിച്ചു. കരിമ്പട്ടാളത്തിലെ സൈനികര്‍ അവിടെ ഒരു കുഴിയില്‍ ഒളിച്ചിരിക്കുന്നതു അതുകൊണ്ട് തന്നെ അവര്‍ ശ്രദ്ധിച്ചില്ല. അങ്ങനെ സൊളാറയിലേയ്ക്ക് വെറും രണ്ടു കിലോമീറ്റര്‍ മാത്രമുള്ളപ്പോള്‍ അവര്‍ പിടിക്കപ്പെട്ടു. ഗ്ര്ഗ്‌നോളയുടെ കൈയില്‍ ആയുധമുണ്ട്, അതിനൊരു  വിശദീകരണം കൊടുക്കാന്‍ കഴിഞ്ഞുമില്ല. പട്ടാളക്കാര്‍ അവരെ ഒരു വാനിലേയ്ക്ക് തൂക്കിയെടുത്തെറിഞ്ഞു. അതിനുള്ളില്‍ അഞ്ചു ഫാസിസ്റ്റുകളാണുണ്ടായിരുന്നത്. രണ്ടെണ്ണം മുന്നില്‍, രണ്ടുപേര്‍ പിന്നില്‍ അവര്‍ക്ക് അഭിമുഖമായി, ഒരുത്തന്‍ മുന്നില്‍ നിന്ന് മഞ്ഞില്‍ റോഡു വ്യക്തമായി കാണാന്‍ സഹായിക്കുന്നു.

ഫാസിസ്റ്റുകള്‍ അവരെ കെട്ടുന്ന കാര്യത്തില്‍ വലിയ ശ്രദ്ധ കാണിച്ചില്ല. മടിയില്‍ മെഷീന്‍ ഗണ്ണുകള്‍ വച്ച രണ്ടുപേര്‍ അവരെ നോക്കിയിരിക്കുമ്പോള്‍ അതിന്റെ ആവശ്യമില്ലെന്നു തോന്നിക്കാണും. ഗ്രെഗ്‌നോളയെയും ഗിജിയോയെയും ചാക്കുകെട്ടുകളെപ്പോലെ താഴെയിട്ടു. കുറച്ചുകഴിഞ്ഞപ്പോള്‍ വിചിത്രമായ ഒരു ശബ്ദം ഗിജിയോ കേട്ടു, തുണികീറുന്നതു പോലെ. കട്ടികൂടിയ ദ്രാവകം മുഖത്തു വന്നു വീണു.ശ്വാസം മുട്ടിയുള്ള ഞരക്കം കേട്ട് ഫാസിസ്റ്റുകളിലൊരുത്തന്‍  ലൈറ്റടിച്ചു നോക്കി. അതു ഗ്രഗ്‌നോളയായിരുന്നു. കൈയില്‍ ലാന്‍സെറ്റുമായി. അയാളുടെ കഴുത്തു ആഴത്തില്‍ മുറിച്ചുവച്ചിരിക്കുന്നു.  ഫാസിസ്റ്റുകള്‍ രണ്ടും ചാടിയെഴുന്നേറ്റ് ശാപവാക്കുകള്‍ പറയാന്‍ തുടങ്ങി. വാന്‍ നിന്നു. ഗിജിയോയുടെ സഹായത്തോടെ ഗ്രഗ്‌നോളയെ വലിച്ച് റോഡിന്റെ വശത്തിട്ടു. അയാള്‍ മിക്കവാറും മരിച്ചിരുന്നു. എല്ലാടത്തും ചോരയൊഴുക്കിക്കൊണ്ട്. മറ്റേ മൂന്നെണ്ണവും വന്നു കുനിഞ്ഞു നിന്നു നോക്കി. പരസ്പരം അവര്‍ പഴി പറഞ്ഞുകൊണ്ടിരുന്നു. അവര്‍ക്ക് ഗ്രഗ്‌നോളയെ കൊണ്ട് സംസാരിപ്പിക്കേണ്ടതുണ്ടായിരുന്നു. അല്ലെങ്കില്‍ എല്ലാവരും അറസ്റ്റിലാവും. തടവുകാരുടെ കൈകള്‍ കെട്ടിയില്ല എന്ന മണ്ടത്തരം കാണിച്ചതിന്.

ഗ്രഗ്‌നോളയുടെ ശരീരം വച്ച് തമ്മില്‍ തമ്മില്‍ ഒച്ചവച്ചു കൊണ്ടിരുന്നപ്പോള്‍  കുറച്ച് നിമിഷത്തേയ്ക്ക് അവര്‍ ഗിജിയോയെ മറന്നു. ഈ കുഴപ്പത്തിനിടയിലും  ഇപ്പോഴില്ലെങ്കില്‍ പിന്നെ ഒരിക്കലുമില്ലെന്ന്‌ അയാള്‍ കണക്കുക്കൂട്ടി. അതുകൊണ്ട് കുഴി ലക്ഷ്യമാക്കി ഓടി. അതിനപ്പുറം കുത്തനെ ഒരിറക്കമുണ്ട്. ജര്‍മ്മന്‍‌കാര്‍ കുറച്ചു വെടിവച്ചു കൊണ്ട് പിന്നാലെ ഓടി, പക്ഷേ അപ്പോഴേയ്ക്കും ഗിജിയോ കുഴിയിലേയ്ക്ക് ചാടി കഴിഞ്ഞിരുന്നു. ഹിമപാതത്തിലെന്നപോലെ ചരിവിലൂടെ ഉരുണ്ടിറങ്ങി മരങ്ങള്‍ക്കിടയില്‍ ഒളിച്ചു. ആ മൂടല്‍മഞ്ഞില്‍ അയാള്‍ വയ്ക്കോല്‍ തുറുവിലെ സൂചിയാണ്. അയാളെ അന്വേഷിച്ചു കണ്ടുപിടിക്കുക എന്നതായിരുന്നില്ല, ജര്‍മ്മന്‍‌കാരുടെ അപ്പോഴത്തെ തലവേദന. മേധാവികളുമായുള്ള കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍, അവര്‍ക്ക് ഗ്രഗ്‌നോളയുടെ ശരീരം എവിടെയെങ്കിലും ഒളിപ്പിച്ചു വയ്ക്കണം. ആ രാത്രി തങ്ങള്‍ ആരെയും പിടിച്ചിട്ടില്ല എന്ന് കമാന്‍ഡറുടെ മുന്നില്‍ അഭിനയിക്കണം. അത്രയുമാണ് അത്യാവശ്യം വേണ്ടത്.

അന്നു രാവിലെ, കരിമ്പട്ടാളം പോയിക്കഴിഞ്ഞപ്പോള്‍, ഗിജിയോ കുറേ കൂട്ടുകാരുമായി ചെന്ന് ദുരന്തം നടന്ന സ്ഥലം പരിശോധിച്ചു. കുറച്ചു കുഴികളില്‍ നോക്കിയപ്പോഴേയ്ക്കും അവര്‍ക്ക് ഗ്രഗ്‌നോളയുടെ ശരീരം കിട്ടി. അരാജകവാദിയായിരുന്നതുകൊണ്ട് സൊളാറയിലെ പാതിരി ഗ്രഗ്‌നോളയുടെ ശവശരീരത്തെ പള്ളിയില്‍ കൊണ്ടു ചെല്ലാന്‍ സമ്മതിച്ചില്ല. പോരാത്തതിന് ഇത് ആത്മഹത്യയും. എന്നാല്‍ ശവശരീരത്തെ  ഒററ്റോറിയോയിലെ ചെറിയ പള്ളിയില്‍ കൊണ്ടുവരാന്‍ ഡോണ്‍ കോഗ്‌നാസ്സൊ പറഞ്ഞു.  നിയമങ്ങള്‍ ശരിക്കറിയാവുന്നത് ദൈവത്തിനാണ് ഈ പാതിരിക്കല്ല.

ഗ്രഗ്‌നോള മരിച്ചു. അയാള്‍ കൊസാക്കുകളെ രക്ഷപ്പെടുത്തി, എന്നെ സുരക്ഷിതനായി വീട്ടില്‍ പറഞ്ഞയച്ചു, എന്നിട്ടു മരിച്ചു. അതെങ്ങനെയായിരിക്കും സംഭവിച്ചിരിക്കുക എന്ന് എനിക്ക് നല്ലതു പോലെ അറിയാം. അയാള്‍ തന്നെ അതു പലപ്രാവശ്യം എന്നോടു മുന്‍‌കൂട്ടി പറഞ്ഞിട്ടുണ്ട്. അയാള്‍ ഭീരുവായിരുന്നു, രഹസ്യങ്ങള്‍ പറയാന്‍ വേണ്ടി അവര്‍ തന്നെ മര്‍ദ്ദിക്കുമെന്നു ഭയന്നിരുന്നു. അയാള്‍ പേരുകള്‍ പറയും. സഖാക്കളോരുരുത്തരായി അറവുശാലയിലേയ്ക്കു പോകും. അവര്‍ക്കു വേണ്ടിയാണ് അയാള്‍ മരിച്ചത്. ഷ്..ഷ്...ഷ്....സ്...സ്.. അത്രേയുള്ളൂ...അതു തന്നെയായിരിക്കും,  അയാള്‍ മലമുകളില്‍ വച്ച് രണ്ടു ജര്‍മ്മന്‍‌കാരെയും ചെയ്തത്. ദാന്തേയുടെ കാവ്യനീതി മാതിരി. ഒരു ഭീരുവിന്റെ ധീരമായ മരണം. സ്വന്തം ജീവിതത്തിലെ ഏക ഹിംസാത്മക പ്രവൃത്തിയുടെ വില അയാള്‍ മടക്കി നല്‍കിയിരിക്കുന്നു. സഹിക്കാനാവാതെ കൂടെകൊണ്ടു നടന്ന മനസ്സാക്ഷിക്കുത്തില്‍ നിന്ന് ഒരു സ്വയം ശുദ്ധീകരണം. അയാള്‍ എല്ലാവരെയും വലിപ്പിച്ചു... ഫാസിസ്റ്റുകളെ....ജര്‍മ്മന്‍‌കാരെ.... പിന്നെ ദൈവത്തിനെ...ഒരൊറ്റ ചീറ്റം കൊണ്ട്... ഷ്...ഷ്..ഷ്....സ്..സ്...

എന്റെ ഓര്‍മ്മയില്‍ പോലും മൂടല്‍മഞ്ഞിനു കട്ടികുറയുന്നു. ഇപ്പോള്‍ ഞാന്‍ കാണുന്നത് ഒളിപ്പോരാളികള്‍ ആര്‍ത്തുവിളിച്ചുകൊണ്ട് സൊളാറയില്‍ വരുന്നതാണ്. മിലാന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വാര്‍ത്ത ഏപ്രില്‍ 25-നു വന്നു. ആളുകള്‍ തെരുവിലിറങ്ങി നിന്നു. ഒളിപ്പോരാളികള്‍ ആകാശത്തേയ്ക്ക് നിറയൊഴിച്ചു. ട്രക്കുകളുടെ മുന്നിലും വശങ്ങളിലുമുള്ള ഇരുമ്പുച്ചട്ടങ്ങളില്‍ ഞെങ്ങിയിരുന്നും തൂങ്ങിപ്പിടിച്ചു കിടന്നുമൊക്കെയാണ് അവര്‍ വന്നത്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ ഒലീവു നിറത്തിലുള്ള കമ്പിളിവേഷം ധരിച്ച ഒരു പട്ടാളക്കാരനെ കണ്ടു. അയാള്‍ കുതിരകള്‍ക്കും ചെസ്റ്റ്‌നട്ട് മരങ്ങള്‍ക്കും ഇടയിലൂടെ സൈക്കിളോടിക്കുകയായിരുന്നു. അയാള്‍ ബ്രസീലിയനാണെന്ന് എന്നോട് പറഞ്ഞു. ഇപ്പോള്‍ അവധിക്കു പോകുകയാണ് അയാളുടെ സുന്ദരമായ ദേശത്തേയ്ക്ക്...അമേരിക്കക്കാരോടും ബ്രിട്ടീഷുകാരോടുമൊപ്പം അവിടെ ബ്രസീലുകാരും ഉണ്ടായിരുന്നോ? ആരും അതു് എന്നോട് പറഞ്ഞില്ല. വിചിത്ര യുദ്ധം തന്നെ.

 ജര്‍മ്മന്‍‌കാര്‍ കീഴടങ്ങിയ വാര്‍ത്ത വന്നു. ഹിറ്റ്ലര്‍ മരിച്ചു. യുദ്ധം അവസാനിച്ചു. സൊളാറയില്‍ ഒരു വലിയ സദ്യ നടന്നു. തെരുവില്‍ വച്ച്. ആളുകള്‍ പരസ്പരം കെട്ടിപ്പിടിച്ചു. അക്കോഡിയന്റെ ഈണത്തിനനുസരിച്ച് ചിലര്‍ നൃത്തം ചെയ്തു.

ഉത്തേജിതരായ ആളുകള്‍ക്കിടയില്‍ നില്‍ക്കുമ്പോഴും എന്റെയുള്ളില്‍ ദുരന്തം തന്നെയായിരുന്നു.  കൊക്കയിലേയ്ക്കു മറിഞ്ഞു വീഴുന്ന ആ രണ്ടു ജര്‍മ്മന്‍‌കാരുടെ, ഗ്രഗ്‌നോളയുടെ, കന്യകയുടെ, രക്തസാക്ഷികളുടെയൊക്കെ ചിത്രങ്ങള്‍. ഭയവും സ്നേഹവും  പകയും കൊണ്ടു നിര്‍മ്മിച്ച ചിത്രങ്ങള്‍!

ഡോണ്‍ കോഗ്‌നാസ്സോയുടെ അടുത്തുപോയി കുമ്പസരിക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല. അല്ലെങ്കില്‍ എന്തു കുറ്റസമ്മതമാണ് ഞാന്‍  നടത്തേണ്ടത്? ഞാന്‍ ചെയ്യാത്ത ഒന്നിനെപ്പറ്റിയോ, കാണുകപോലും ചെയ്യാത്ത ഒന്നിനെപ്പറ്റി,  ഊഹിക്കുകമാത്രം ചെയ്ത ഒന്നിനെപ്പറ്റി...? മാപ്പിനു വേണ്ടി അപേക്ഷിക്കാന്‍ ഒന്നുമില്ലാതെ ഞാന്‍ എന്താണ് കുമ്പസരിക്കേണ്ടത് ? . എനിക്കു മാപ്പു പോലും ഇല്ലായിരിക്കും.  ഒരു വ്യക്തിയ്ക്കു എന്നെന്നേയ്ക്കും നശിച്ചവനായി തോന്നാന്‍ അതു മതി ധാരാളം.