February 22, 2023

ദുരവസ്ഥയും അധിക്ഷേപവും


  

കുമാരനാശാന്റെ ദുരവസ്ഥയുടെയും മുസ്ലീം സമുദായത്തിനു നേരെയുള്ള ആരോപണത്തിന്റെയും  ആദിരൂപമായി  കാരക്കോട്ടൈ വടിവേലു ചെട്ടിയാർ എഴുതിയ കലഹച്ചിന്തിനെ അവതരിപ്പിച്ചുകൊണ്ട് ചെയ്ത് വി മുസഫിർ അഹമ്മദ് എഴുതിയ ലേഖനം (100:45) കൃതിയുടെ രചനാപ്രേരണകൾക്ക് പിന്നിലുള്ള യാഥാർത്ഥ്യങ്ങളെപ്പറ്റി പുനരാലോചിക്കാൻ പ്രേരിപ്പിക്കുന്നതാണ്. കലഹച്ചിന്ത് ബ്രിട്ടീഷ് കമ്മീഷൻഡ് രചനയായിരിക്കാനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്ന ലേഖകൻ ദുരവസ്ഥയുടെയും സമാനമായ ദൗത്യനിർവഹണത്തെക്കുറിച്ച് പരോക്ഷമായി പരാമർശിക്കുകയായിരുന്നില്ലേ? വെയിൽസ് രാജകുമാരനിൽനിന്ന് പട്ടും വളയും ആശാൻ സ്വീകരിച്ചതിനെതിരെയുള്ള ആരോപണങ്ങളെക്കൂടി ചേർത്തുവച്ചാൽ കുമാരനാശാന്റെ വീക്ഷണപക്ഷത്തെ സംശയിക്കുന്നതിനുള്ള കാരണവുമാകും.

ലേഖനത്തിൽ  വക്കം ഖാദർ മൗലവിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ചിറയിങ്കീഴ് മുസ്ലീം സമാജൻ ആശാനെ വിമർശിച്ചിറക്കിയ പ്രസ്താവനയെപ്പറ്റിയും  തനിക്ക് അബദ്ധം പിണഞ്ഞതായി ആശാൻതന്നെ സമ്മതിച്ചതായും ഒരു പരാമർശമുണ്ട്. തായാട്ട് ശങ്കരന്റെ ദുരവസ്ഥ ഒരു പഠനത്തെ ആസ്പദമാക്കിയാണ് ആ വിവരം മുസഫിർ കൊടുത്തിരിക്കുന്നത്. സി വി കുഞ്ഞുരാമന്റ്രെ ആശാൻ സ്മരണകളിൽ സമാനമായ മറ്റൊരു വിവരമാണ് കാണുന്നത്. ദുരവസ്ഥഎന്ന പദ്യകൃതിയിൽ ഇസ്ലാം മതത്തെയും സമുദായത്തെയും അകാരണമായും അടിസ്ഥാനരഹിതമായും അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഒട്ടനേകം പ്രയോഗങ്ങൾ കാണുന്നതിനാൽ ദുരവസ്ഥയോടു മുസ്ലീങ്ങൾക്കുള്ള വെറുപ്പിനെ രേഖപ്പെടുത്തുകയും  പ്രസ്തുത കൃതിയുടെ പ്രസിദ്ധീകരണത്തെ കുമാരനാശാൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു പ്രമേയം 1098 വൃശ്ചികം 23 -ന് (1922 ഡിസംബർ 8) ആലപ്പുഴ മുസ്ലീം യുവജനസംഘം അവതരിപ്പിക്കുകയും അത് ആശാന് അയച്ചുകൊടുക്കുകയുംചെയ്തിരുന്നു.

വൃശ്ചികം 28 നു ആശാൻ അതിനൊരു മറുപടി തയ്യാറാക്കി കാര്യദർശിക്കു അയച്ചു. അതിൽ ആശാൻ എഴുതിയതിങ്ങനെയാണ് :  നിങ്ങളുടെ മതത്തെയും സമുദായത്തെയും പൊതുവേ സ്പർശിക്കുന്ന സഭ്യേതരമായ യാതൊരു വാക്കും പ്രയോഗിച്ചിട്ടുള്ളതായി ഓർക്കുന്നില്ല. മലബാറിൽ ലഹള നടത്തിയ അക്രമികളായ മുഹമ്മദീയരെയും മതഭ്രാന്തിനെ മുൻ നിർത്തിയുള്ള അവരുടെ പൈശാചികപ്രവൃത്തികളെയും അതിൽ കാവ്യയോഗ്യമായ വിധത്തിൽ വർണ്ണിക്കുകയാണ് ചെയ്തത്. ലഹളയെ സംബന്ധിച്ചു ഞാൻ അറിഞ്ഞിട്ടുള്ള വാസ്തവങ്ങളെ അടിസ്ഥാനമാക്കിയും ചെയ്തിട്ടുള്ള പദപ്രയോഗങ്ങൾ അവരെയും അവരുടെ പ്രവൃത്തികളെയും മാത്രം കുറിക്കുന്നവയാണ്. ദൂരസ്ഥമായ മതത്തെയോ സമുദായത്തെയോ അതുകൾ വിവക്ഷിക്കുന്നില്ല.

സമുദായ പരിഷ്കരണമാണ് ആ കൃതിയുടെ ഉദ്ദേശ്യം തന്നെ. ഒരു കാവ്യത്തിൽ ദോഷങ്ങളെ ദുഷിപ്പിക്കുന്നത് അവയിൽനിന്ന് മുക്തമാക്കി വ്യക്തികളെയും സമുദായത്തെയും ശുദ്ധീകരിക്കണമെന്ന സദുദ്ദേശ്യത്തോടുകൂടിയാണ്. ഈ കൃതിയിലും അപ്രകാരമേ ചെയ്തിട്ടുള്ളൂ. പല സംഗതിയിലും എനിക്കു ബഹുമാനമുള്ള മുസ്ലീം മതത്തെയും അനവധി യോഗ്യന്മാരും എനിക്കു തന്നെ മാന്യസ്നേഹിതന്മാരുമുള്ള നിങ്ങളുടെ സമുദായത്തേയും വൃഥാ ആക്ഷേപിച്ച് അതൃപ്തി സമ്പാദിപ്പാനുള്ള ഉദ്ദേശ്യത്തോടുകൂടിയാണ് ഈ കൃതി  എഴുതാൻ ഞാൻ സമയവ്യയം ചെയ്തതെന്ന് തീരുമാനിക്കുന്നതു കഷ്ടമല്ലേ? അതുകൊണ്ട് വൃഥാ തെറ്റിദ്ധരിച്ചു ക്ഷോഭമുണ്ടാക്കാതിരിപ്പാൻ പ്രതിഷേധയോഗക്കാരോടു ഞാൻ സ്നേഹപൂർവം അപേക്ഷിക്കുന്നതായി അറിയിപ്പാൻ താത്പര്യപ്പെടുന്നുഎന്നു പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

വാക്കുകൾ വളരെ സൂക്ഷ്മമായി ഉപയോഗിച്ചാണ് ആശാൻ മറുപടി കത്ത് തയ്യാറാക്കിയിരിക്കുന്നത്.  ശ്രദ്ധിച്ചാൽ മുസ്ലീം യുവജനസംഘത്തിന്റെ പ്രമേയത്തിന്റെ ഭാഷയും അത്രതന്നെ സൂക്ഷ്മമാണ്. ഒരു കൃതി തങ്ങൾക്ക് അപമാനകരമാണെന്നല്ല, അതിലെ ചില പ്രയോഗങ്ങൾ അധിക്ഷേപകരമാണെന്നാണ് അതിൽ പറയുന്നത്. ഒരു കണക്കിൽ അതു ശരിയുമാണ്.  ഭാഷയുടെ ഈ ജാഗ്രതയും കൃത്യതയും കാലത്തിന്റെ പ്രത്യേകതയാണ്.

 “ആശാൻ അവർകളുടെ ഉദ്ദേശ്യശുദ്ധിയിൽ ഞങ്ങൾക്കു ലേശം സംശയമില്ലെങ്കിലും ഈ കൃതി ഉദ്ദേശിക്കുന്ന ദുരവസ്ഥയെ വെളിപ്പെടുത്തുന്നതിന് ഈ വക പപ്രയോഗങ്ങൾ ആവശ്യമാണെന്ന് ഞങ്ങൾ വിചാരിക്കുന്നില്ലെന്ന’ ആമുഖക്കുറിപ്പോടെ  ഈ രണ്ടു കത്തുകളും  സി വി പ്രസിദ്ധീകരിച്ചിരുന്നു. 1098 ധനു 6നു കേരളകൗമുദിയിൽ. (21 ഡിസംബർ 1922)

ഈ കത്തിന്റെ കാര്യംതന്നെയാണോ തായാട്ട് ശങ്കരൻ തന്റെ കൃതിയിൽ സൂചിപ്പിക്കുന്നത്, ഇതിനു പുറമേ മറ്റു കത്തുകളും ആശാനു കിട്ടിയിരുന്നോ എന്നൊന്നും  വ്യക്തമല്ല. എന്തായാലും ആലപ്പുഴയിലെ മുസ്ലീം യുവജനസമാജത്തിന്റെ കാര്യദർശിക്കു നൽകുന്ന മറുപടിയിൽ കവിതക്കാര്യത്തിൽ ആശാനുള്ള ആത്മവിശ്വാസം വ്യക്തമാണ്. തിരുത്താമെന്ന സമ്മതമെന്ന നേരിയ സൂചനപോലും അവിടെയില്ല. അതേ സമയം സി വി കുഞ്ഞുരാമനും മറ്റും സമുദായ ഐക്യത്തെയും സൗഹാർദ്ദത്തെയും മുൻനിർത്തി എടുക്കുന്ന മധ്യസ്ഥനിലപാട് തായാട്ടു ശങ്കരനും സ്വീകരിച്ചതാവാൻ സാധ്യതയുണ്ട്. സ്വന്തം കവിതയെപ്പറ്റി ആരെങ്കിലും ഉന്നയിക്കുന്ന ഔചിത്യദോഷങ്ങളുടെയും മറ്റും കാര്യത്തിലും ആശാന്റെ നിലപാട് ഇതേവിധമാണെന്നതിനും ഉദാഹരണങ്ങളുണ്ട്.

സമുദായ പരിഷ്കരണം എന്നു മാത്രമേ ആശാൻ പറയുന്നുള്ളൂ. പി ശങ്കരൻ നമ്പ്യാരും പി കെ ബാലകൃഷ്ണനും ഉൾപ്പടെയുള്ളവർ ‘ഹിന്ദുസമുദായ പരിഷ്കരണം’ എന്ന അർത്ഥമാണെടുത്തത്. യുവജനസംഘം കാര്യദർശിക്കുള്ള കത്തിലെ ‘സമുദായപരിഷ്കരണ’പ്രയോഗത്തിൽ മുസ്ലീം സമുദായത്തെയും വ്യംഗ്യമായി ആശാൻ ഉദ്ദേശിച്ചിരുന്നോ എന്ന് ആലോചിക്കാവുന്നതാണ്. കാവ്യം എന്ന നിലയിലായാലും സാമൂഹിക വിപ്ലവപ്രബന്ധം എന്ന നിലയിലായാലും ദുരവസ്ഥ തികഞ്ഞ പരാജയമാണെന്ന അഭിപ്രായമാണ് പി കെ ബാലകൃഷ്ണനുണ്ടായിരുന്നത്. കാവ്യം എഴുതി തീർക്കാൻ ആശാൻ കാണിച്ച ധൃതിതന്നെ (മറ്റു രചനകളിൽനിന്ന് വ്യത്യസ്തമായി 1700 ഓളം വരികളുള്ള ഏറ്റവും ദീർഘമായ ഈ കാവ്യം മൂന്നുമാസംകൊണ്ട് എഴുതിത്തീർത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു!) പിടിച്ച പുലിവാലിൽനിന്ന് ഊരിപ്പോരാനുള്ള അക്ഷാന്തിയാണ് ആശാന്റെ കാവ്യദേവതയെക്കൊണ്ട് കാട്ടുനൃത്തം ചെയ്യിച്ചതെന്നാണ് പി കെ യുടെ വിമർശനം.

കൊല്ലം പെരിനാടു പ്രദേശങ്ങളിൽ നടന്ന പുലയ-നായർ ലഹളയെപ്പറ്റി  വിവേകോദയത്തിൽ ‘എവിടെയും ക്ഷോഭം’ എന്ന പേരിൽ എഴുതിയ മുഖപ്രസംഗം ലഹളകളുടെ നേർക്ക് ആശാനുണ്ടായിരുന്ന മനോഭാവത്തെ വെളിവാക്കുന്നുണ്ട്. 

“ഒന്നു വിചാരിച്ചാൽ ലഹള ഒരു വലിയ സമുദായ പരിഷ്കാരിയാണ്. ലഹളകൊണ്ട് ചിലപ്പോൾ ചില ഗുണങ്ങളും ചില അറിവുകളും ലോകത്തിനു സിദ്ധിക്കാറുണ്ട്”.

– “ലഹള ദൂരെ നിൽക്കേണ്ടവരെ തമ്മിൽ കൂട്ടിമുട്ടിക്കുന്നു; തൊടാൻ പാടില്ലാത്തവരെ തൊട്ടു വിഷമിപ്പിക്കുന്നു. അവരുടെ അംഗങ്ങളേ തമ്മിൽ മർദ്ദിപ്പിക്കുന്നു. എന്നു വേണ്ട കൂസൽകൂടാതെ പരസ്പരം മാംസരക്തങ്ങളിൽക്കൂടി കടന്നു പെരുമാറിക്കുന്നു.”

സ്വയമേവ ഗൗരവപ്രകൃതിയായ ആശാൻ ചില സമയങ്ങളിൽ  നല്ല ഫലിതങ്ങൾ പ്രയോഗിച്ചു അഭിപ്രായങ്ങൾക്കു മൂർച്ച കൂട്ടാറുണ്ട് എന്നതിനു ഉദാഹരണമായിട്ടാണ് പ്രിയ ദർശനൻ ഈ മുഖപ്രസംഗവാക്യങ്ങൾ എടുത്തെഴുതുന്നത്. (ആശാന്റെ അറിയപ്പെടാ‍ത്ത മുഖങ്ങൾ) ആശാനെപ്പോലൊരു ഉചിതജ്ഞൻ ലഹളകൾപോലെ രക്തമൊഴുക്കുന്ന ദാരുണതകളെപ്പറ്റി പറയുന്നതു നർമ്മഭാവത്തിലാണെങ്കിൽക്കൂടി അതിനു തീവ്രതയും ആത്മാർത്ഥതയുമുണ്ടാവുമല്ലോ. മറ്റൊരു വശത്തുകൂടി നോക്കിയാൽ ദുരവസ്ഥയുടെ പശ്ചാത്തലത്തെ ഈ അഭിപ്രായം ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്.   

 മാതൃഭൂമി ആഴ്ചപ്പതിപ്പ്  വായനക്കാർ എഴുതുന്നു.   12 ഫെബ്രുവരി 2023

 

No comments: