July 29, 2010

താടി വടിക്കണോ വേണ്ടയോ....മരിയോ വർഗാസ് യോസയുടെ ‘രണ്ടാനമ്മയ്ക്ക് സ്തുതിയിൽ’ വിശദമായ ക്ഷൌര വർണ്ണനയുണ്ട്. ശൈശവസഹജം എന്നു വിളികൊണ്ട നിഷ്കളങ്കതയെ ചെറുക്കൻ (ഫോൺചിറ്റോ എന്ന അൽഫോൺസോ) പരണത്തു വച്ച് തന്തയുടെ (ഡോൺ റിഗോബെർത്തോയുടെ) കാമം തകർത്തു കുട്ടിച്ചോറാക്കി കൈയ്യിൽ കൊടുത്തതിനു ശേഷം നേരെ വിരുദ്ധമായ അവസ്ഥയും ഉണ്ട്. പിതാശ്രീയ്ക്ക് കുളിയില്ല ജപമില്ല പല്ലുതേപ്പില്ല താടി വടിപ്പില്ല. അല്ലെങ്കിൽ പുതുഭാര്യയെ കാണാൻ പോകുന്നതിനു മുൻപ് ഒറ്റയടിയ്ക്ക് രണ്ടുപ്രാവശ്യമൊക്കെയായിരുന്നു, ഷേവിംഗ്, കട്ടിംഗ്. മുഖമുരസ്സുമ്പോൾ ഒരു പോറലും പാടില്ലാതെ... മുഹമ്മദ് ദാർവിഷിന്റെ ഒരു കവിതയിലുമുണ്ട്, സമാഗമത്തിനായി പോകും മുൻപ് രണ്ടുവട്ടം ചെയ്യുന്ന ഷേവിനെപ്പറ്റി. ‘എന്റെ കൈപിടിച്ചമർത്തിക്കൊണ്ട് അവൾ പതിയെ എന്നോട് മൂന്നു വാക്കുകൾ പറഞ്ഞു./അന്നത്തേയ്ക്ക് എനിക്കു കിട്ടിയ ഏറ്റവും വിലപിടിച്ച വസ്തുക്കൾ/‘നാളെ നമ്മൾ സംഗമിക്കും’/പിന്നെ പാത അവളെ പൊതിഞ്ഞു/രണ്ടു തവണ ഞാൻ ഷേവ് ചെയ്തു....- ആദ്യസംഗമം എന്ന കവിത. മലയാളിയുടെ ആദ്യനോവൽ ഇന്ദുലേഖയിൽ ജീവൻമരണപ്രശ്നമാണ് സൂരി നമ്പൂതിരിപ്പാടിന്റെ ക്ഷൌരം. സംബന്ധത്തിനു പുറപ്പെടാൻ അമാന്തിക്കാൻ പാടില്ല. എന്നാൽ സന്ധ്യകഴിഞ്ഞതുകൊണ്ട് താടി വടിക്കൽ നമ്പൂരാർക്ക് നിഷിദ്ധമാണേനും. എന്താ ചെയ്ക.
കാട്ടിലായാലും ചമഞ്ഞിരിക്കണമെന്നത് ബ്രിട്ടീഷുകാരന്റെ സ്വഭാവമായി തന്നെ പ്രസിദ്ധിനേടിയ നയമാണ്.
പറഞ്ഞു വരുന്നത് ക്ഷൌരത്തിന് പ്രണയമോ കാമമോ ഒക്കെയായി ചില സാർവലൌകിക സഖ്യങ്ങൾ ഉണ്ടെന്നാണ്. പാശ്ചാത്യന്റെ മാത്രം കുത്തകയല്ല മുഖം മിനുക്കിക്കൊണ്ടിരിക്കൽ പ്രക്രിയ. ഓ വി വിജയൻ ഗുരുവിനെ കണ്ടെത്തിയ സ്ഥലം പോത്തങ്കോട് ശാന്തിഗിരി ആശ്രമത്തിലെ വിശ്വാസം മീശ ഹിംസയാണെന്നാണ്. ആശ്രമത്തിലെ അന്തേവാസികൾ കുമാരനാശാന്റെ കരുണയിലെ ആനന്ദബുദ്ധനെപ്പോലെ ‘മസ്രണമാക്കിയ’ മുഖപദ്മങ്ങളാണ്. പക്ഷേ എന്തുകൊണ്ട് ഹിംസ? പുകവലിപോലെ മേൽമീശയിലും ഒരു ഷോവനിസ്റ്റ് ഘടകം രൂക്ഷമായി പ്രവർത്തിക്കുന്നതുകൊണ്ടാവും.അത് സമത്വത്തിനെതിരാണല്ലോ. ആ യുക്തി അത്രയ്ക്കങ്ങ് യോജിക്കുന്നില്ല. എങ്കിലും ‘പ്രകടനപരമായൊരു സമത്വത്തിന്’ എന്ന് അനുബന്ധമെഴുതി തത്ക്കാലം തടി തപ്പാം.

ഇതിനൊരു മറുവശമുണ്ട്. പ്രണയത്തിനുള്ള തയാറെടുപ്പുകളിൽ താടിരോമങ്ങൾ പ്രതിയോഗികളാണോ? മേൽമീശയുള്ള പുരുഷന്മാരെയാണ് ജർമ്മൻ സ്ത്രീകൾക്ക് (കൂടുതൽ) ഇഷ്ടം എന്ന് മുൻപൊരു ഗവേഷണക്കുറിപ്പ് കണ്ടത് ഓർക്കുന്നു. ഉത്തരേന്ത്യയിൽ മധ്യവർഗം തൊട്ട് മേൽ‌പ്പോട്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ പരിഷ്കൃതരായാണ് അനുഭവം. അവർക്ക് മീശയില്ല. വേണ്ട. പക്ഷേ ദ്രാവിഡറൂട്ടുള്ള തെക്കെയിന്ത്യക്കാർക്ക് ഇതു പറ്റില്ല. സ്ത്രീകൾക്ക് ‘അയ്യേ’ എന്നൊരു മട്ടാണ്, ഇവിടെ സ്വന്തക്കാരായ രോമരഹിതരെ കാണുമ്പോൾ.
പഴയൊരു (തമാശ) ശ്ലോകമുണ്ട്. ആരുടെതാണെന്ന് അറിയില്ല. അതിങ്ങനെ :
മീശയാ ശോഭതേ മോന്ത
മോന്തയാമീശയും തഥാ
മീശയാമോന്തയാശ്ചൈവ
ഭവാനേറ്റം വിരാജതേ- അർത്ഥം സുതരാം വ്യക്തം. ‘നിങ്ങൾ തൻ മൂക്കിന്റെ താഴ്ത്തെ മീശയ്ക്കു ഭംഗിയി,ല്ലീ മീശ നല്ലതല്ല, സ്റ്റാലിന്റെ മീശതാൻ മീശ-യാമീശപോലീ ലോകത്തിനിന്നൊരു മീശയില്ലെന്ന്’ ചങ്ങമ്പുഴ. കളിയാക്കിയാണെങ്കിലും സംഗതികളിൽ രണ്ടിലും അടിയൊഴുക്ക് മുഖരോമങ്ങളോടുള്ള അനുഭാവം തന്നെ. ബുദ്ധിജീവികളെപ്പോലെ വിപ്ലവകാരികൾക്കും താടിയുണ്ടാവും എന്നാണ് ഒരു പതിവ് അപവാദങ്ങളില്ലെന്നില്ല. എങ്കിലും. അപാരവും അനന്യസാധാരണവുമായ ചിന്താപ്രക്രിയകൾക്കിടയിൽ താടിവടിക്കൽ പോലുള്ള സില്ലി പരിപാടികൾക്ക് മെനക്കെടാൻ നേരമില്ലാത്തതാവാം ഒരു കാരണം. മിനുക്കി പൌഡറിട്ട മുഖമെന്ന ബാഹ്യമായ ആലങ്കാരികങ്ങളിൽ കഠിനമായ വൈമുഖ്യം ഉള്ളതുകൊണ്ടും ആണ്. അമേരിക്കയിലെ കാരുണ്യവാനായ പ്രസിഡന്റ് എബ്രഹാം ലിങ്കന് താടിയുടെ കാര്യത്തിൽ കടപ്പാട് ഒരു ചെറിയ പെൺകുട്ടിയോടാണ് വായിച്ചത് ഓർമ്മ വരുന്നു. കവിളൊട്ടി, വിഷാദത്തിന്റെ കണ്ണുകളുമായി വല്ലതെയിരിക്കുന്ന വ്യാകുലമുഖത്തിന് ഇങ്ങനത്തെ ഒരു താടി ചേർന്നാലാണ് ഭംഗിയുണ്ടാവുക എന്നും പറഞ്ഞ് ഒരു സ്കൂൾ കുട്ടി ഫോട്ടോയിൽ താടി വരച്ചു ചേർത്തയച്ചുപോൽ. അദ്ദേഹത്തിന്റെ പിന്നീടുള്ള ‘മുഖച്ഛായ’മാറ്റിക്കളഞ്ഞു ആ കത്ത്. (സാർ, താടിയുണ്ടായാലാണ് അങ്ങയെ കാണാൻ ചന്തം!) യേശു താടി വടിക്കണോ വേണ്ടയോ എന്നു സംശയിക്കുന്ന കാര്യം സക്കറിയയുടെ ‘കണ്ണാടി കാണ്മോളവും’ എന്ന കഥയിലുണ്ടല്ലോ. ബുനുവലിന്റെ ‘മിൽക്കിവേയിലെ’ഒരു രംഗത്തെയാണ് സക്കറിയ കഥയിലേക്ക് ആവാഹിച്ചത്. സിനിമയിൽ താടി വടിക്കാനായി യേശു തയ്യാറെടുക്കുമ്പോൾ അമ്മ പറയുന്നു ‘മോനേ, താടിയുണ്ടായാലാണ് നിന്നെ കാണാൻ ചന്തം’. അമ്മയുടെ വാക്കുകൾ അനുസരിച്ച് യേശു താടി വടിക്കണ്ടെന്ന് വച്ചു.

ചെറിയ ഒരു ആലോചനാപ്രശ്നം ഇവിടെ കടന്നു വരുന്നുണ്ട്. അതിലേയ്ക്ക് പിന്നാലെ വരാം. താടി വളർത്തൽ നീലരക്തമുള്ളവരുടെ പ്രത്യേക അവകാശമായിരുന്ന ഒരുകാലം ഉണ്ടായിരുന്നു. നഖം നീട്ടൽ പോലെ. ഹിപ്പികളുടെ നീണ്ട താടിമീശകളുടെ അർത്ഥം മറ്റൊന്നായിരുന്നു. അതല്ലല്ലോ, തൊഴിലാളി തേനീച്ചകൾക്ക് കൂടുകൂട്ടാൻ താടി വളർത്തിയ ഫിഡലിന്റെയും ചെയുടെയും പാരമ്പര്യം. (എന്ന് മേതിൽ) രോമങ്ങളെല്ലാം പൊഴിച്ച് പരിഷ്കാരിയായ മനുഷ്യൻ -ഹോമോ സാപ്പിയൻസ്- മുഖത്തിങ്ങനെ പൊഴിക്കാത്ത രോമവുമായി നടക്കുകയും ആവശ്യമായ ഇടങ്ങളിൽ അവറ്റകളിൽ ചില തിരുമാലികൾ കൃത്രിമ ഉപകരണങ്ങളുപയോഗിച്ച് ‘പൊഴിച്ചതായി’ നടിക്കുകയും ചെയ്യുന്നതിന്റെ ഗുട്ടൻസ് എന്താണ്? വില്യം ജെ ഹാമിൽട്ടണെ ഉദ്ധരിച്ചുകൊണ്ട് മേതിൽ എഴുതിയിടുന്ന വാചകം. കമ്മ്യൂണിക്കേഷൻ എന്നതാണ്. ആശയവിനിമയം. പ്രകൃതിയുടെ പശ്ചാത്തലത്തിൽ നിവർന്ന് നിന്ന് ഒരു ജീവിവർഗത്തിന്റെ ആൺപിറന്നോന്മാർ താടിമീശരോമങ്ങളിലൂടെ ചിലത് പറയാതെ പറയുന്നുണ്ട്. സെൻ കഥയിലെ തത്ത്വചിന്തകൻ ബുദ്ധനോട് പറഞ്ഞതുപോലെ ‘വാക്കും വാക്കില്ലായ്മയും കൂടാതെ.’
മൃഗങ്ങളുടെ വാലുകൾക്കും കൊമ്പുകൾക്കും പൂവന്റെ തൊപ്പിയ്ക്കും മയിലിന്റെ പീലിക്കും മറ്റും മറ്റും ഉള്ളതുപോലെ കാഴ്ചയിൽ ഒരാശയം വിനിമയം ചെയ്യാൻ ഉദ്ദേശിച്ചുള്ളതാണ് മുഖരോമങ്ങളും. ലൈംഗികമായി വളർച്ചയെത്തിയ പുരുഷന്റെ പ്രത്യേകതയാണല്ലോ താടി. മനുഷ്യശരീരത്തിലെ പ്രാഥമികവിനിമയമേഖലയായ മുഖത്തെ ഇവയുടെ ഇരിപ്പിന് മുഖ്യമായ അർത്ഥമുണ്ട്. സാധാരണനിലയിൽ തലമുടിയേക്കാൾ കട്ടിയുള്ളതും വക്രവും ഇരുണ്ടതും പരുക്കനുമാണ് മുഖത്തെ രോമങ്ങൾ. ഇത് ആക്രമണവാസന സ്ഫുരിക്കുന്ന ദൃശ്യചിഹ്നമാണെന്ന് പറയപ്പെടുന്നു. തലമുടിയ്ക്ക്, അതെന്തിനുള്ളതായാലും അതിന്റെ മൃദുസ്വഭാവവും സ‌മൃദ്ധിയും കൊണ്ട് ലൈംഗിക ഉത്തേജകമെന്ന മട്ടിൽ പ്രവർത്തിക്കാനുള്ള കഴിവും ഉണ്ട്. അതല്ല മുഖരോമങ്ങളുടെ സ്ഥിതി. (അങ്ങനെയാണെന്ന് പറഞ്ഞിട്ടുള്ളവരുണ്ടെങ്കിലും അതെല്ലാം പുരുഷന്മാരുടെ കൽ‌പ്പനകളാണെന്ന് ഹാമിൽട്ടൺ എടുത്തുപറഞ്ഞകാര്യവും സൂചിപ്പിക്കേണ്ടതുണ്ട്) മീശയുടെ സ്പർശമില്ലാത്ത ചുംബനം കുരുമുളകില്ലാതെ മുട്ടക്കഴിക്കുമ്പോലെയാണെന്ന് പറഞ്ഞ ഹോളിവുഡ് നടിയുടെ കമ്പം തീർത്തും ആനുഷംഗികമായിരിക്കാനാണ് സാധ്യതയെന്ന് മേതിൽ. വസ്ത്രധാരണം ശീലമാക്കിയതോടെ രോമം പൊഴിച്ചു തുടങ്ങിയ മനുഷ്യ വർഗത്തിന്റെ മുഖത്തിന് (അവിടം മറയ്ക്കാൻ അത്ര എളുപ്പമല്ലല്ലോ) സംരക്ഷണം നൽകുകയാണ് താടിയുടെ ലക്ഷ്യമെന്നും ( വേട്ടയാടാൻ പോകുന്ന പ്രായപൂർത്തിയായ ആണിന്റെ മുഖത്തിനാണ് സൂര്യ്യോഷ്ണത്തിൽ നിന്ന് കൂടുതൽ സംരക്ഷണം വേണ്ടത് എന്ന യുക്തി വച്ച് സ്ത്രീകളെ ഇതിൽ നിന്ന് ഒഴിവാക്കപ്പെടുന്നു) വേട്ടയാടാൻ - ഇരപിടിക്കാൻ- കാത്തിരിക്കുന്ന ആണിനെ ഇരയ്ക്ക് ഇലപ്പടർപ്പുകളിൽ നിന്ന് വേർതിരിച്ച് അറിയാൻ കഴിയാതിരിക്കാൻ വേണ്ടിയുള്ള പ്രകൃതിയുടെ വച്ചുകെട്ടാണെന്നും (അങ്ങനെ അതിജീവനത്തിനു സഹായിക്കാൻ) മറ്റു രണ്ട് സിദ്ധാന്തങ്ങൾ കൂടി ഉണ്ട്.

എന്തായാലും താടിമീശകളുടെ ദൃശ്യചിഹ്നം എന്ന നിലയ്ക്കുള്ള വിനിമയപരമായ അർത്ഥത്തിനാണ് കൂടുതൽ സാംഗത്യം എന്നു തോന്നുന്നു. അതു ഭീഷണാത്മകമാണ്. ഒരു പക്ഷേ അതുതന്നെയാവണം അതിന്റെ ലൈംഗികമായ ആകർഷകത്വവും. മാർക്സിന്റെയും ഫിഡലിന്റെയുമൊക്കെ താടിയ്ക്കും സ്റ്റാലിന്റെ മീശയ്ക്കും ഒക്കെ ധ്വനിമൂല്യം നരവംശശാസ്ത്രപരമായി തന്നെ വന്നു കൂടുന്നു എന്ന് വെറുതേ സങ്കൽ‌പ്പിക്കാമല്ലോ. താടിക്കാരായ സന്ന്യാസിമാരൊക്കെ കെട്ടാൻ ഒരു തൊഴുത്തുമായി. ഒക്കെയും അക്രമവാസനയുടെ പൈതൃകം സൈൻബോഡായി തന്നെ കൊണ്ടു നടക്കുന്നവരാണ്. മീശ ഹിംസയാണ് എന്ന അർത്ഥാന്തരത്തിനും പൊരുളു തിരിഞ്ഞുകിട്ടുന്നു. ഈ വഴിക്കു വച്ചു പിടിച്ചാൽ താടി വടിക്കൽ മാറ്റി വച്ച യേശു, ബുനുവലിന്റെ യേശുവായതിന്റെ സുഖം ആലോചനാമധുരമാണ്. കൃഷ്ണമണി മുറിക്കുന്നതു സ്ക്രീനിൽ കാണിച്ചുകൊണ്ടാണല്ലോ ടിയാൻ തേങ്ങയുടച്ചത് തന്നെ. ജീവിതത്തിലൊന്ന് കലയിലൊന്ന്. അങ്ങേരെക്കാൾ കടുത്ത ആക്രമണകാരിയെ വേറെ തപ്പണോ.

അനു:
ഒരു നഗരത്തിൽ ഒരു ക്ഷുരകൻ ഉണ്ടായിരുന്നു. സ്വയം ഷേവ് ചെയ്യുന്ന ആരെയും അദ്ദേഹം ക്ഷൌരം ചെയ്യില്ല. സ്വന്തമായി അതു ചെയ്യാത്ത എല്ലാവരെയും അദ്ദേഹം ഷേവ് ചെയ്യുകയും ചെയ്യും.
ഇനിയാണ് ചോദ്യം.
ഈ പറഞ്ഞ ക്ഷുരകൻ സ്വയം താടി വടിക്കുമോ ഇല്ലയോ.
താടി തന്നത്താനെ വടിക്കുന്ന ആളാണെങ്കിൽ ക്ഷുരകൻ ഷേവ് ചെയ്യുന്നു എന്നല്ലേ അർത്ഥം? അയാൾ സ്വയം താടി വടിക്കാത്ത ആളാണെങ്കിൽ ക്ഷുരകൻ അയാൾക്ക് ഷേവ് ചെയ്യേണ്ടതല്ലേ? അതു തന്നത്താനെ വടിക്കുന്നതു പോലെയാവില്ലേ?
അപ്പോൾ.. അയാൾ താടി വടിക്കുന്ന ആളാണോ അല്ലയോ?


പുസ്തകം
രോമം - മേതിൽ രാധാകൃഷ്ണൻ

July 22, 2010

നോട്ടപ്പുള്ളികളുടെ റിപ്പബ്ലിക്*മനോജ് എബ്രഹാം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണർ ആയിരിക്കുമ്പോഴാണ് കാറുകളിൽ ഇരുണ്ട സൺഗ്ലാസുഷീറ്റുകൾ പതിക്കാൻ പാടില്ലെന്ന ഉത്തരവിറക്കിയത്. പോലീസുകാർ എത്തി വലിഞ്ഞു നോക്കുമ്പോൾ അകത്തെന്താണെന്നും എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഒറ്റനോട്ടത്തിൽ കാണാൻ കഴിയുന്നില്ലെന്നതാണ് കാരണം. എല്ലാവരും ചീത്തയല്ല, പക്ഷേ ചീത്തയാളുകളും സമൂഹത്തിലുണ്ട്. അവർ കാറിൽ എന്തെങ്കിലുമൊക്കെ ഒപ്പിക്കും. അതു നിയമപാലകരുടെ കണ്ണിൽ‌പ്പെടാതെപോയാൽ ആർക്കു പോയി? ഇനി നല്ല മനുഷ്യർക്ക് ഒളിച്ചു വയ്ക്കാൻ ഒന്നുമുണ്ടാവില്ലല്ലോ. ഒരു ക്ലീസ് സ്ലേറ്റുപോലെ പരിശുദ്ധമായ ഉള്ളുകളുള്ള അവർ കാറുകളിൽ അകം കാണാതിരിക്കാനുള്ള വകുപ്പുകൾ ഒപ്പിച്ചു വയ്ക്കില്ല. അങ്ങനെ ചെയ്യുന്നവർക്ക് ഒരല്പം ക്രിമിനൽ -വളമിട്ടുകൊടുക്കുകയോ ഒന്നു കണ്ണടയ്ക്കുകയോ ചെയ്താൽ വളർന്നു പന്തലിക്കാവുന്ന- താത്പര്യം ഇല്ലെന്ന് പറഞ്ഞുകൂടുമോ? ഇതാണ് നിയമപാലനത്തിന്റെ യുക്തി. അടിയന്തിരാവസ്ഥയെ ന്യായീകരിക്കുന്ന ശുഷ്കാന്തിയോടെ സാധാരണമനുഷ്യരുടെ സ്വകാര്യതയിലേയ്ക്കുള്ള എത്തിനോട്ടത്തെ കൈയടിച്ച് സമ്മതിച്ചുകൊടുക്കുന്നവരുടെ വെള്ളരിക്കാ റിപ്പബ്ലിക്കാണ് നമ്മുടെ ദേശം. അടുത്തകാലത്ത് പുതിയ കമ്മീഷ്ണർ എം ആർ അജിത്ത്കുമാർ വിളിച്ചുകൂട്ടിയ യോഗത്തിൽ ഈ പഴയ സംഭവത്തെ അനുസ്മരിച്ചുകൊണ്ട് ഒരു പൌരപ്രതിനിധി സംസാരിക്കുകയുണ്ടായി. പഴയ ആ നിയം തിരിച്ചുകൊണ്ടുവന്ന് കൂടുതൽ സക്രിയമായി നടപ്പാ‍ക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ സുചിന്തിതമായ വാദം. മനോജ് അങ്ങനെയെന്തെങ്കിലും നിയമം കൊണ്ടുവന്നതായി അറിയില്ലെന്നു മാത്രം പറഞ്ഞ് പുതിയ കമ്മീഷ്ണർ ഒഴിഞ്ഞുമാറി. ഇടയ്ക്കെങ്ങനെയോ തേഞ്ഞുമാഞ്ഞു നിറം കെട്ട നിയമം തലസ്ഥാനത്ത് വീണ്ടുമെത്തുമോ അരുതായ്മകൾ ഇല്ലാതാവുമോ എന്നൊക്കെ അറിയാനുള്ള ‘ഉത്കണ്ഠ പാർശ്വസ്ഥിതർ പാഴിലേന്തി‘!

കോഴിക്കോട് കടപ്പുറത്ത് ‘അരുതാത്തത്’ എന്തെങ്കിലും നടക്കുന്നോ എന്നറിയാൻ നിരീക്ഷണക്യാമറകൾ സ്ഥാപിക്കാൻ പോലീസ് ഉത്സാഹിക്കുന്നതിനെപ്പറ്റി കുറച്ചുകാലം മുൻപ് വാർത്തയുണ്ടായിരുന്നു. ഈ അരുതായ്മകളിൽ സ്കൂൾ കോളെജു പിള്ളാരുടെ പ്രണയലീലകളാണ് ഏറിയകൂറും. പ്രണയിക്കാൻ ഒരു സ്ഥലം അവരെ സംബന്ധിച്ചിടത്തോളം ഒരു ബാലികേറാമലയാണ്. ഇതു വിലക്കാനും പിള്ളാരുടെ ലൈംഗികജീവിതത്തിന് അതിന്റെ തുടക്കത്തിൽ വച്ചുതന്നെ ആപ്പു വച്ചുകൊടുക്കാനുമായിട്ടാണ് ലക്ഷങ്ങൾ വിലയുള്ള ക്യാമറകളും അതുനോക്കി വിലയിരുത്താൻ സ്പെഷ്യൽ ഡ്യൂട്ടിക്കാരും. അല്ലാതെ കൊലപാതകങ്ങളും പിടിച്ചുപറികളും വർഗീയകലാപങ്ങളും ക്യാമറക്കണ്ണുകൾക്കു മുന്നിൽ വച്ച് ആസൂത്രണം ചെയ്യാൻ മാത്രം ബുദ്ധിയുറക്കാത്തവല്ലല്ലോ നമ്മുടെ സമൂഹത്തിലെ സോക്കാൾഡ് ആന്റി സോഷ്യൽ എലിമെന്റുകൾ. അതറിയാത്തവരല്ലല്ലോ നമ്മുടെ നിയമപരിപാലന വകുപ്പ്! ക്യാമറാസ്ഥാപനത്തിന്റെ മുഖ്യലക്ഷ്യം തിമിംഗലവേട്ടയല്ല, അത്തപ്പാടികളായ പെറ്റികളാണ് എന്നു സുതരാം വ്യക്തം. കൂട്ടത്തിൽ ചില സ്രാവുകളും രാത്രിയുടെ മറപറ്റി കുടുങ്ങിക്കൂടാതെയില്ല എന്നൊരു ശുഭപ്രതീക്ഷയ്ക്ക് നേരിയ വകയുണ്ട്. ഗതാഗതനിയമം ലംഘിക്കുന്നോ എന്നു നോക്കാനും ആളുകൂടുന്നിടത്ത് മനസ്സറിയാതെ പ്രാകൃതവാസനകളുണർന്നുപോകുന്നവരെ കൈയോടെ പിടികൂടാനുമായി സ്ഥാപിച്ചിരിക്കുന്ന ക്യാമറക്കണ്ണുകളെ, അങ്ങനെയൊരെണ്ണം നിലവിലുണ്ടെന്ന ബോധം ചില തിരുത്തലുകൾക്ക് വഴി വച്ചുകൊടുക്കുമെങ്കിൽ ആവട്ടെ. അതിനകത്തും കടന്നുകയറി വിരാജിക്കുന്ന സ്വകാര്യതാലംഘനത്തെ സാമൂഹികമായ ചില മര്യാദാനടത്തിപ്പിന്റെ പേരിൽ കടിച്ചുപിടിച്ച് സഹിച്ചേക്കാം. എങ്കിലും സ്ഥിരമായൊരു നോട്ടപ്പുള്ളിസംവിധാനത്തെ മഹത്തായകാര്യമെന്നമട്ടിൽ അവതരിക്കുകയും അതിന് ചിലയിടങ്ങളിൽ നിന്നെങ്കിലും അംഗീകാരം കിട്ടുകയും ചെയ്യുന്നത് സാമൂഹികമായ അനാരോഗ്യത്തിന്റെ ലക്ഷണമാണ്. കേരളീയ സമൂഹം, ആർക്കോ കാഴ്ചപ്പണ്ടമായ ഒരു ബിഗ് ബ്രദർ സംവിധാനമാവേണ്ടതുണ്ടോ? ആരുടെയോ സ്ഥിരമായ നിരീക്ഷണത്തിനു എപ്പോഴും വിധേയമാക്കിക്കൊണ്ടിരിക്കേണ്ട ഒരു ജയിൽ വളപ്പാകേണ്ടതുണ്ടോ എന്നൊക്കെയുള്ള സംശയങ്ങൾക്കു മരുന്നുകൂടി കണ്ടെത്തി തരണം. മഞ്ചേരിയിലെ ആളൊഴിഞ്ഞ വീടും രാജ് മോഹൻ ഉണ്ണിത്താനും വിതുരയിലെ പോലീസ് സ്റ്റേഷനും അബ്ദുള്ളക്കുട്ടിയുടെ കാറും പിന്നാലെ വന്ന മറ്റൊരു കാറും കണ്ടോൻ മെന്റ് സ്റ്റേഷനടുത്ത് ഒരു സ്ത്രീയും നാലഞ്ചുപുരുഷന്മാരുമായി യാത്ര ചെയ്യുന്നതാഇ കണ്ടതിനാൽ ആളുകൾ തല്ലി തകർത്ത കാറ്.. ഇതൊക്കെ വച്ചു നോക്കുമ്പോൾ കേരളം സദാ ജാഗരൂകമാണ്. വെള്ളെഴുത്തു തുടങ്ങുമ്പോൾ തന്നെ കണ്ണട വേണം എന്നു പറയുമ്പോലെ ക്യാമറ എന്ന എക്സ്റ്റൻഷന് ചിലതൊക്കെ നിവർത്തിച്ചുകൊടുക്കാനുണ്ട് നമ്മുടെ സമൂഹത്തിന്.

തിരുവനന്തപുരത്ത് നിരത്തുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ വഴി പ്രതിദിനം 150 കേസുകൾ കണ്ടെത്തുന്നതായാണ് വാർത്ത. എം.ജി റോഡില്‍ എൽ‍.എം.എസ് മുതല്‍ കിഴക്കേകോട്ടവരെ 12 നിരീക്ഷണ ക്യാമറകളുണ്ട്. സിഗ്‌നല്‍ ലംഘനം, ഹെല്‍മെറ്റ്- സീറ്റ്‌ബെല്‍റ്റ് എന്നിവ ഒഴിവാക്കുക, സീബ്രലൈനില്‍ വാഹനം നിര്‍ത്തുക, തുടങ്ങിയവയാണ് പ്രധാനമായും പിടികൂടുന്നത്. നിയമം ലംഘിക്കുന്ന വാഹനത്തിന്റെ വിദൂരദൃശ്യവും നമ്പര്‍ പ്ലേറ്റ് വ്യക്തമാകുന്ന വിധത്തില്‍ മറ്റൊരു ചിത്രവും ക്യാമറ പകര്‍ത്തും. സ്ഥലം തിരിച്ചറിയുന്നതിനുള്ള തെളിവാണ് വിദൂരദൃശ്യം. ഈയിനത്തിൽ ഏതാണ്ട് മൂന്നുലക്ഷം രൂപയാണ് പോലീസുവഴിയുള്ള പ്രതിമാസ വരുമാനം. തരക്കേടില്ല. പക്ഷേ ഈ അടുത്തകാലത്തു വന്ന വാർത്തയിൽ ഒരു ‘പ്രണയലീല’യെയും പോലീസ് പെറ്റിയടിച്ചു വിട്ടു. എന്നല്ല, ഈ പെറ്റി കേസുകൾവാർത്തയായതു തന്നെ പ്രസ്തുത സ്നേഹപ്രകടനം കണ്ടൊപ്പിയെടുത്ത ‘കണ്ണി’നാലാവുന്നു. സിഗ്നൽ കാത്തുകിടക്കവേ യുവാവ് സഹയാത്രികയോട് 'അതിരുവിട്ട സ്‌നേഹം' പ്രകടിപ്പിച്ചതാണ് യുവാവിനെ കുടുക്കിയത് എന്നാണ് പത്രം എഴുതിയത്. സദാചാരനിരതനായ ‘പിതാവിന്’ അത്തരം അതിരുവിടലുകൾ നേരിട്ടു കാണാനും ശിക്ഷിക്കാനുമുള്ള സൌകര്യം നൽകുന്നു നഗരത്തിലെ ക്യാമറകൾ.

കുറേക്കാലം മുൻപ്, ആളുകളെ സ്ഥിരം നിരീക്ഷണത്തിനു കീഴിലാക്കുന്ന സർക്കാർ സംവിധാനത്തെ വിമർശിച്ചെഴുതിയ ലേഖനത്തിന് ‘നോട്ടപ്പുള്ളികളുടെ റിപ്പബ്ലിക്’ എന്ന് തലക്കെട്ട് കണ്ടിട്ടുണ്ട്. കരമന പോലീസ് സ്റ്റേഷനിൽ ഈയടുത്ത് ലോക്കപ്പിൽ ‘വിഷം കുടിച്ചു മരിച്ചു’ എന്നു പറയപ്പെടുന്ന മനുഷ്യനെ അവിനാശ് ദേശ്പാണ്ഡെ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ദ ഗ്രേറ്റ് ഇന്ത്യൻ സ്കൂൾ ഷോ’ ഇമ്മാതിരി ക്യാമറകൾക്ക് കീഴിൽ ചെലവഴിക്കേണ്ടി വരുന്ന കുറേ ബാല്യങ്ങളെക്കുറിച്ചാണ്. ഏതാനും ബാല്യങ്ങളല്ല, നല്ല ഒന്നാതരം മുന്തിയ ബാല്യങ്ങളാണ്. നാഗ്പൂരിലെ മഹാത്മാഗാന്ധി സെന്റിനിയൽ സിന്ധു ഹൈസ്കൂളിലെ ഏറ്റവും വലിയ ‘ആകർഷണം’ വിദ്യാർത്ഥികൾ (അദ്ധ്യാപക- അനദ്ധ്യാപകജീവനക്കാരും) സദാ -ക്ലാസ് മുറികളിലും വരാന്തയിലും സ്കൂൾ മൈതാനത്തും- ക്യാമറക്കണ്ണിന്റെ നിരീക്ഷണവലയത്തിനകത്താണെന്നതാണ്. കുട്ടികളുടെ നിസ്സാരമായ ഒരൊറ്റ കുസൃതിപോലും പ്രിൻസിപ്പാളായ ദീപക് ബജാജിന്റെ കണ്ണിൽ‌പ്പെടാതെ പോകില്ല. കുട്ടികളെ എന്തെങ്കിലുമൊക്കെ ‘ആക്കി’ ലഭിക്കാൻ മുനിയുന്ന രക്ഷാകർത്താക്കൾക്ക് ആനന്ദലബ്ധിയ്ക്ക് ഇനിയെന്തെങ്കിലും വേറിട്ട് കരുതേണമോ? ക്യാമറാസ്ഥാപനം ഉൾപ്പടെയുള്ള വകകൾക്ക് ചെലവ് അവറ്റകളുടെ കീശയിൽ നിന്നാണല്ലോ കൊടുത്തിരിക്കുന്നത്, സസന്തോഷം. സിനിമയുടെ ആഖ്യാനം വിപരീതോക്തിയിലാണെങ്കിലും ഇക്കാര്യത്തിൽ അതീവ സന്തുഷ്ടനും ചരിതാർത്ഥനുമാണ് സ്കൂൾ പ്രിൻസിപ്പാൾ. അയാൾ അറിഞ്ഞിട്ടില്ല, ഫലത്തിൽ അയാൾ എന്തിന്റെ പേരിൽ അഭിമാനിക്കുന്നോ അതിന്റെ പരിഹാസ്യതയാണ് സിനിമയുടെ മൂല്യമെന്ന്. ചിന്തയ്ക്ക് അത്രയും ദാരിദ്ര്യം പിടിച്ച ആ മനുഷ്യനാണ് ‘നിങ്ങളുടെ കുട്ടികളെ ഞങ്ങളെ ഏൽ‌പ്പിക്കൂ, അവരെ ഞങ്ങൾ എന്തെങ്കിലുമാക്കി തിരികെ തരാം’ എന്ന് പരസ്യം നൽകുന്നത്. ഇയാൾ കുട്ടികളെ എന്താക്കുമെന്നാണ്?

ഈ സിനിമയെക്കുറിച്ചെഴുതിയ അനൂപ് രാജൻ കേരളത്തിലെ വിദ്യാഭ്യാസവിചക്ഷണന്മാരും അദ്ധ്യാപകപുംഗവന്മാരും മാനേജർമാരും സ്വാശ്രയവീരന്മാരും സ്വകാര്യക്കാരുമൊന്നും ഇത് കാണാതെപോകട്ടേ എന്നൊരു അനുബന്ധം എഴുതി വച്ചിരുന്നു അവസാനം. (മാധ്യമം) കഷ്ടിച്ച് ഒരുമാസം കഴിഞ്ഞുകാണില്ല, ആലപ്പുഴയിലെ അർച്ചന എഞ്ചിനീയറിംഗ് കോളേജ് നിരീക്ഷണക്യാമറകളുടെ പേരിൽ വാർത്തയിൽ കയറിപ്പറ്റാൻ. എന്തൊരു വിരോധാഭാസം! വിധി വൈപരീത്യം, വൈപരീത്യം എന്നൊക്കെ പറയുന്നത് ഇതിനെയല്ലേ സാർ?

*വിജു വി നായരുടെ പ്രയോഗം

July 15, 2010

സ്വാതന്ത്ര്യത്തിന്റെ അർത്ഥംഒറ്റയിരുപ്പിനു വായിച്ചു തീർക്കാവുന്ന പുസ്തകം എന്ന മേൽച്ചാർത്ത് ഒരു നോവലിനെ സംബന്ധിച്ചിടത്തോളം പ്രശംസയാകുമോ എന്നു സംശയമുണ്ട്. നോവലിനുള്ളിൽ, പരസ്പരം ഏറ്റുമുട്ടുകയും ദിശമാറി ഒഴുകുകയും പുതിയവയ്ക്ക് ഉരുവം നൽകുകയും ചെയ്യുന്ന നിരവധി ധാരകളെ അവഗണിച്ചുകൊണ്ടല്ലേ ‘ഒറ്റവായന’ എന്ന രസനീയതയിൽ മാത്രം അഭിരമിക്കാൻ പറ്റൂ എന്നാണ് ചോദ്യം. ദുർഗ്രഹത എന്ന പോലെ ഘടനാപരമായ ലാളിത്യവും ആന്തരികമായ സങ്കീർണ്ണതകളുടെ പ്രച്ഛന്നവേഷങ്ങൾ ആകാം. ചിലപ്പോൾ; ചിലയിടങ്ങളിൽ. ചരിത്രവും രാഷ്ട്രീയവും മതവും കൂടിക്കുഴഞ്ഞുകിടക്കുന്ന ഒരു ഭൂപ്രദേശമാണ് കശ്മീർ ഒരിന്ത്യൻ നോവലിനു പറ്റിയ ഏറ്റവും വളക്കൂറുള്ള തട്ടകമാണെന്നതിൽ തർക്കമുണ്ടാവില്ല. പക്ഷേ എന്തുകൊണ്ടോ ഭാവനാത്മകവ്യവഹാരങ്ങളിൽ സമകാലിക കശ്മീർ ആ നിലയ്ക്ക് കയറിപ്പറ്റിയിട്ടില്ല. വിവരണാത്മകവ്യവഹാരങ്ങളിൽ കശ്മീർ കൂടുതലായി ഉണ്ടുതാനും. അതിനുള്ള ഒരു കാരണം സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ, പ്രത്യേകിച്ച് അൻപതുകളുടെ അവസാ‍നത്തോടെ ഒരു ഭൂപ്രദേശമെന്ന നിലയിൽ ഭൂമിയിലെ ഈ സ്വർഗം, ഇന്ത്യയെന്ന വികാരത്തിൽ നിന്ന് മാറി ഒറ്റപ്പെടാൻ തുടങ്ങി എന്നുള്ളതായിരിക്കും. പട്ടാളനിരകൾ മറക്കുട തീർത്തു നിൽക്കുന്ന ഒരു പ്രദേശത്തെ ജീവിതങ്ങളുമായി വൈകാരികമായ കൊടുക്കൽ വാങ്ങലുകൾ സർഗാത്മകത്യ്ക്ക് സാധ്യമാവുന്നതെങ്ങനെ എന്നതും ആലോചനാവിഷയമാണ്. ഇന്ത്യാവിഭജനഘട്ടത്തിൽ ഇസ്ലാമിന്റെ പേരിൽ ജന്മം കൊണ്ട പാകിസ്താനോടൊപ്പം ചേരാനല്ല, ഇന്ത്യയെ മാതൃരാജ്യമാക്കാനുള്ള തീരുമാനത്തിൽ ഷേക്ക് അബ്ദുള്ളയുടെ നേതൃത്വത്തിനു കീഴെ ഉറച്ചു നിന്നവരാണ് കാശ്മീരിലെ ഭൂരിപക്ഷജനത. പക്ഷേ ഷേക്ക് അബ്ദുള്ളയുടെ സർക്കാരിനെ തെറ്റായ വിവരത്തിന്റെ പേരിൽ, 1953-ൽ നെഹ്രൂ ഭരണകൂടം പിരിച്ചു വിട്ടു. ഒറ്റപ്പെടലിന്റെ രാഷ്ട്രതന്ത്രം തുടങ്ങുന്നത് അവിടെ നിന്നാണെന്ന് പറയപ്പെടുന്നു. ആ ഒഴിവിടങ്ങളിലേയ്ക്ക് അയൽ‌ദേശങ്ങളുടെയും മതതീവ്രവാദസ്വരൂപങ്ങളുടെയും ഭരണകൂടത്തിന്റെയും സ്ഥാപിതതാത്പര്യങ്ങൾ കുടിയേറി ഉറഞ്ഞുതുള്ളാൻ തുടങ്ങുന്നതോടെ ഒരു ജനത നിസ്സഹായരായി തീരുന്നത് നാം കാണുന്നു. സ്വാതന്ത്ര്യത്തിന്റെ സാമ്പ്രദായിക അർത്ഥങ്ങൾ പടം പൊഴിച്ച് മറ്റൊന്നായിക്കൊണ്ടിരിക്കുന്നതാണ് പുതിയ യാഥാർത്ഥ്യം. ഇന്ത്യയുടെ കിഴക്കൻ മേഖലകളിൽ നിന്നുള്ള വാർത്തകൾ കൂടി പരിഗണിച്ചു തുടങ്ങുമ്പോൾ വിടുതലുകളുടെ രാഷ്ട്രീയാർത്ഥങ്ങൾ വേവലാതിയാക്കുന്ന ഏതു സർഗാത്മകരചനയ്ക്കും രസനീയതയിൽ കവിഞ്ഞ പ്രാധാന്യം സ്വതവേ ഉണ്ടാവും.

ഭൂമിയിലെ സ്വർഗമായിരുന്നു കശ്മീർ. തിളക്കമുള്ള ഒരു ഭൂതകാലം സ്വന്തമായുണ്ടായിരുന്ന കാശ്മീരിനെ പശ്ചാത്തലമാക്കി എസ് മഹാദേവൻ തമ്പി എഴുതിയ ‘ആസാദി’ എന്ന നോവൽ ഉന്നയിക്കുന്ന കാതലായ പ്രശ്നവും സ്വാതന്ത്ര്യത്തിന്റെ അർത്ഥസന്ദിഗ്ദതയാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ പ്രത്യേകിച്ചും. പാലോത്ത് പ്രഭാകര മേനോൻ എന്ന പഴയ ബ്രിട്ടീഷ് ഇന്ത്യയിലെ ഉന്നതോദ്യോഗസ്ഥൻ നാലു ദശാബ്ദകാലം താൻ ജോലി ചെയ്തിരുന്ന പ്രദേശത്തേയ്ക്ക് പഴയ കൂട്ടുകാരനെ കണ്ട് വ്യക്തിപരമായ ചില ദൌത്യങ്ങൾ പൂർത്തിയാക്കാൻ കൊച്ചുമകനും സ്വതന്ത്ര ഇന്ത്യയിലെ ഉന്നതോദ്യോഗസ്ഥനുമായ ഹരിയോടൊപ്പം നടത്തുന്ന യാത്രയാണ് നോവലിലെ വിഷയം. ജോലി ചെയ്തത് ബ്രിട്ടീഷുകാർക്കു വേണ്ടി ആയിരുന്നെങ്കിലും മനസ്സാ സ്വാതന്ത്ര്യസമരസേനാനികളുടെ കൂടെയായിരുന്നു മേനോൻ. അതുകൊണ്ടാണ് അദ്ദേഹത്തിന് ‘അകത്തെ പോരാളി’ എന്ന വിളിപ്പേരു കിട്ടിയത്. ബൈത്തുള്ള എന്ന പഴയകൂട്ടുകാരന്റെ സന്ദേശത്തെ തുടർന്നാണ് വിശ്രമജീവിതം നയിച്ചിരുന്ന വയോധികനായ മേനോൻ, യാത്ര അങ്ങേയറ്റം അപകടകരമായി തീർന്നിരിക്കുന്ന കാശ്മീരിന്റെ ഉൾഭാഗങ്ങളിലേയ്ക്ക് ചെറുമകനോടൊപ്പം യാത്രതിരിക്കുന്നത്. കാശ്മീരിന്റെ പഴയതും പുതിയതുമായ അവസ്ഥകൾ ഈ യാത്രയ്ക്കിടയിൽ വന്നു നിറയുന്നു. കാശ്മീരിന്റെ വർത്തമാനകാലാവസ്ഥ മംഗളകരമാകാത്തതിന്റെ കാരണത്തെ ഏകപക്ഷീയമായി പാകിസ്താനിലേയ്ക്കും മതതീവ്രവാദങ്ങളിലേയ്ക്കും കുത്തിച്ചെലുത്തുകയല്ല നോവലിസ്റ്റ്. ചായ്‌വ് സ്വാഭാവികമായി തന്നെ പ്രകടമാണെങ്കിലും. കശ്മീർ കാര്യത്തിൽ ഇന്ത്യ നടത്തിയ എടുത്തുച്ചാട്ടങ്ങൾ എങ്ങനെ മതൈകപക്ഷപാതികൾക്ക് വളമായി എന്ന് നോവൽ തെളിവു തരുന്നുണ്ട്. അതിനുദാഹരണമാണ് സ്വാതന്ത്ര്യസമരസേനാനിയായ ബൈത്തുള്ളയുടെ കൊച്ചുമകൻ ഷംസീർ ചെന്നകപ്പെട്ടിരിക്കുന്നത് തീവ്രവാദികളുടെ കയ്യിലാണെന്ന കാര്യം. കശ്മീർ ജനതയ്ക്ക് സർവാദരണീയനായ ബൈത്തുള്ളയെയും കുടുംബത്തെയും പിടിച്ചുക്കൊണ്ടുപോയി അജ്ഞാത കേന്ദ്രത്തിൽ വച്ച് വധിച്ചിട്ട് അതു ചെയ്തത് ഇന്ത്യൻ സൈന്യമാണെന്ന് വരുത്തിതീർത്താൽ ജനം സൈനികർക്ക് എതിരാവും എന്ന മതതീവ്രവാദ ഗ്രൂപ്പിന്റെ ഗൂഢാലോചനയെയാണ് മേനോന്റെ യാത്ര തകർത്തത്. ആസാദി ആരിൽ നിന്ന്, ആർക്കാണ് എന്നും അതെന്തിനുവേണ്ടിയാണെന്നും ചോദിക്കപ്പെടേണ്ടതുണ്ടെന്ന് നോവൽ പറയുന്നു. നോം ചോംസ്കി ഉൾപ്പടെയുള്ള ചിന്തകർ കാശ്മീരിലെ ഇന്ത്യൻ ഇടപെടലുകളെ വിമർശിച്ചിട്ടുണ്ടെന്ന വാസ്തവം നാം ഇവിടെ ഓർത്തുപോകാതിരിക്കില്ല. ന്യായാന്യായ വിവേചനത്തിന്റെ യുക്തി ഭാവനാത്മക ഭൂമികളെ ജ്ഞാനസ്നാനം ചെയ്യിക്കാൻ കുറച്ചേ തുനിഞ്ഞിറങ്ങാറുള്ളൂ എന്ന മുൻ‌ധാരണയോടെ തന്നെ.

ഒരു കുടുംബരഹസ്യം വെളിവാക്കിക്കൊണ്ടാണ് നോവൽ അവസാനിക്കുന്നത്. ബ്രിട്ടീഷുകാരിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനു നിർഭയം പോരാടിയ ബൈത്തുള്ളയുടെ മകൻ അബുതാജിന് ഒരപരൻ കൂടിയുണ്ട്. ഹരിയുടെ അച്ഛൻ. സത്യത്തിൽ ബൈത്തുള്ളയുടെ ഭാര്യ ജരിയാബീഗം ഇരട്ടപ്രസവിച്ചതാണ്. മേനോന്റെ കുട്ടികളുണ്ടാവാത്ത ഭാര്യ പാർവതിയ്ക്ക് ഒരു കുഞ്ഞിനെ പ്രസവിച്ച ഉടൻ നൽകുകയായിരുന്നു. അബുതാജിനെ വീണ്ടുവിചാരമില്ലാത്ത എടുത്തുച്ചാട്ടത്തിന്റെ പേരിൽ ബൈത്തുള്ള തന്നെ കൈയൊഴിയുന്നു. അബുതാജിന്റെ മകനായ ഷംസീർ തന്റെ തീവ്രവാദി ബന്ധത്തിൽ പശ്ചാപിക്കുന്നതു നാം കാണുന്നു. ഈ വ്യക്തിത്വങ്ങളുടെ അപരങ്ങളെയാണ് നാടിനു വേണ്ടി (എന്നു വച്ചാൽ ഇന്ത്യ) ഉറച്ചു നിൽക്കുന്ന ബ്യൂറോക്രാറ്റുകളായ ഹരിയുടെ മാതൃകയിൽ നോവലിസ്റ്റ് നെടുനായകസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്. സാമൂഹികപദവികൊണ്ടും സാമ്പത്തികനേട്ടം കൊണ്ടും ജീവിതത്തിൽ വിജയിച്ചവരാണ് ഇങ്ങേപ്പുറത്ത് നിൽക്കുന്ന ഇവർ. രണ്ടു തരക്കാരെയും ഒരേ കുടുംബത്തിന്റെ കൈവഴിയാക്കുന്നതിലൂടെ പല കാര്യങ്ങൾ നോവലിസ്റ്റ് സ്ഥാപിച്ചെടുത്തിട്ടുണ്ട്. ഒരേ സാംസ്കാരികഭൂതകാലം പേറുന്ന ഇന്ത്യയിലെ ഇസ്ലാം-ഹൈന്ദവ വഴികളെ തമ്മിലിടയുന്നതോടെ രാഷ്ട്രതന്ത്രം പ്രശ്നസങ്കുലമാവുന്നു എന്നത്. (അമർനാഥ് പ്രശ്നത്തിലെ പുതിയ വഴക്കുകൾ ഈ വഴിക്കുള്ള വേറൊരു ഉദാഹരണമാണ്). നായകത്വവും പ്രതിനായകത്വവും ഒരേ താവഴിയാണെന്നത്. ശരിയായ മാർഗവും ശരിയായ സ്വാതന്ത്ര്യവും ഏതെന്നുള്ളത്. ബൈത്തുള്ള കുടുംബത്തിലെ പുതിയ അംഗമായ ‘ആസാദി’ എന്ന പെൺകുട്ടിയെ ഹരിയെ ഏൽ‌പ്പിക്കുന്നതോടെ ചരിതാർത്ഥനാവുന്ന ബൈത്തുള്ളയെയാണ് നോവലിന്റെ അവസാനത്തിൽ നാം കാണുന്നത്. കശ്മീർ പ്രശ്നത്തിൽ നോവൽ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയവും പരിഹാരവും പ്രതീക്ഷയും ഈ പ്രതീകാത്മക സംഭവത്തിലുണ്ട്. കശ്മീർപ്രദേശം ആരുടെ കൈയിലാണ് സുരക്ഷിതമായിരിക്കുക എന്നതിനോടൊപ്പം സ്വാതന്ത്ര്യം എന്താണെന്നതിനുള്ള നോവലിസ്റ്റിന്റെ തീർപ്പുകൂടിയാണിത്.

--------------------------
ആസാദി
നോവൽ
എസ് മഹാദേവൻ തമ്പി
ഗ്രീൻ ബുക്സ് തൃശ്ശൂർ
വില : 115 രൂപ

July 10, 2010

സർക്കാർ സ്കൂളുകൾ എന്ന വൂവുസേലകൾ?ഇക്കഴിഞ്ഞ ഹയർ സെക്കണ്ടറി പരീക്ഷയിൽ കഴിഞ്ഞ വർഷത്തേക്കാൾ 10% കുറച്ച് വിജയം നേടിയ തിരുവനന്തപുരം നഗരത്തിലെ പെൺകുട്ടികൾക്കു മാത്രമായുള്ള ഒരു സ്കൂൾ ജൂൺ 5 -ന് പരിസ്ഥിതിദിനാഘോഷം നടത്തിയത് മറ്റൊരു രീതിയിലും കൂടിയാണ്. മറ്റൊരു രീതിയിലും കൂടി എന്നു പറയാൻ കാരണമുണ്ട്. മരത്തണലിൽ ഒന്നിച്ചു കൂടിയിരിക്കുകയും ശിവൻ കുട്ടി എം എൽ എ യെക്കൊണ്ട് ചെടി നടുവിക്കുകയും തണൽ എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം ജയകുമാർ മുഖ്യപ്രഭാഷണം നടത്തുകയും ഭൂമിയെ സ്നേഹിക്കാൻ ആഹ്വാനം ചെയ്യുന്ന വരികൾ വിവിധ ഭാഷയിലെഴുതിയ പ്ലക്കാർഡുകളും പിടിച്ച് ബോധ വത്കരണയാത്ര നടത്തുകയും ചെയ്ത അന്നാണ്, സ്കൂളിൽ പി ടി എ യുടെ നേതൃത്വത്തിൽ ശബ്ദമലിനീകരണത്തിന്റെ പേരിൽ ഹൈക്കോടതി നിരോധിച്ചിട്ടുള്ള രണ്ടു കോളാമ്പിസ്പീക്കറുകൾ സ്ഥാപിച്ചത്. ഇതു ചൂണ്ടിക്കാണിച്ചപ്പോൾ പി ടി എ അംഗവും മുതിർന്ന അദ്ധ്യാപകരും ഇതൊക്കെ ഇത്രവലിയ കാര്യമാണോ എന്നാണ് തിരക്കിയത്.. വെളുക്കുവോളം വെള്ളം കോരിയിട്ട് കലമിട്ടുടയ്ക്കുന്ന ശൈലിയ്ക്ക് ഇതിനേക്കാൾ നല്ല ശിക്ഷാ അഭിയാൻ വേറെ എവിടുന്നു കിട്ടാനാണ്!

കോമൺ സെൻസ് അത്ര കോമണല്ലെന്ന് അറിയാൻ നമ്മുടെ സ്കൂളുകളിൽ കയറി ഇറങ്ങണം. പക്ഷേ എന്തുകൊണ്ടോ അതിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ സർക്കാരാപ്പീസുകളിലെ കൈക്കൂലി കാര്യങ്ങൾ പോലെ അത്ര വിമർശന വിധേയമാവാറില്ല. അധ്യാപകരുടെ തലയ്ക്കു ചുറ്റും പൌരാണികകാലം മുതൽ മുനിഞ്ഞു കിടക്കുന്ന പരിവേഷത്തിന്റെ ചൂടിനാലായിരിക്കും. ബസ്സിലെ ഒരു പോസ്റ്റിൽ കണ്ടതുപോലെ (റാണി രജനി) ‘മുഖക്കുരു വരാതിരിക്കാൻ ആർത്തവരക്തം നനഞ്ഞ പാഡു കൊണ്ട് മുഖം തുടച്ചാൽ മതിയെന്നു ആത്മാർത്ഥമായി പെൺകുട്ടികളെ ഉപദേശിക്കുന്ന ഗസറ്റഡ് പോസ്റ്റിൽ വിരാജിക്കുന്ന അദ്ധ്യാപകരും ഇതിനിടയിൽ ഉണ്ടെന്നറിയുക. വായനാദിനത്തോടനുബന്ധിച്ച് പുതിയ പരിപാടികൾ എന്തെങ്കിലും ആസൂത്രണം ചെയ്യാൻ വിളിച്ചുകൂട്ടിയ യോഗത്തിൽ നല്ലൊരു നിർദ്ദേശം ഉണ്ടായി. വായനയുടെ പ്രാധാന്യത്തെപ്പറ്റി നെടുങ്കൻ പ്രസംഗം ആരെങ്കിലും എഴുതി തയ്യാറാക്കി വായിക്കുന്നതിനേക്കാൾ അദ്ധ്യാപകർ അവരവരുടെ വിഷയത്തിലെ പുതിയ അല്ലെങ്കിൽ രസകരമായ ഒരു പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് സംസാരിക്കുക. പാഠപുസ്തകത്തിനുപുറത്തുള്ള ലോകം അസംബ്ലിയിലേയ്ക്ക് നേരിട്ട് ഇറങ്ങി വരും. “ഓ ഇനി പുസ്തകം വായിക്കാത്ത കൊറവേയുള്ളൂ’ എന്നായിരുന്നു ഒരു അദ്ധ്യാപികയുടെ കമന്റ്. അവരു പഠിപ്പിക്കുന്ന വിഷയമാകട്ടേ, ലോകഭാഷയായ ഇംഗ്ലീഷും! അക്ഷരം എഴുതാൻ അറിയാത്ത കുട്ടികളോടുള്ള പുച്ഛവും അവരെ വേറുതേ ജയിപ്പിച്ചുവിടുന്ന പദ്ധതികളോടുള്ള അതൃപ്തിയുമാണ് സ്ഥായീഭാവം. തനിക്ക് ഒരക്ഷരവും തെറ്റാറില്ലെന്ന് നിരവധിപ്രാവശ്യം അവർ തുറന്നു പറഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് നിഘണ്ടുവിൽ വാക്കുകൾ പത്തുലക്ഷം കഴിഞ്ഞകാര്യം പാവം അറിഞ്ഞിട്ടുണ്ടോ എന്തോ?

അടിയന്തിരമായി സ്കൂളുകളിൽ മൂത്രപ്പുരകൾ പണിയാനും കുടിവെള്ളം ലഭ്യമാക്കാനും കോടതി നിർദ്ദേശം നൽകിയത് ഈ അടുത്തകാലത്താണ്. മൂത്രപ്പുരകൾ ഉണ്ടായിട്ടെന്താകാര്യം എന്നൊരു ചോദ്യമുണ്ട്. വിശദീകരിക്കാം. രാവിലെ 9.30 മുതൽ 4.15 വരെയാണ് പ്ലസ് വൺ പ്ലസ് ടു ക്ലാസുകളുടെ അംഗീകൃതസമയം. 40 മിനിട്ടുകൾ വീതമുള്ള 8 പിരീഡുകൾ. പ്രാദേശികമായ സൌകര്യങ്ങൾ കണക്കിലെടുത്ത് സമയത്തിൽ ചില നീക്കുപോക്കുകൾ ആകാമെന്നുണ്ട്. വന്നു വന്ന് നീക്കുപോക്കുകളേ ഉള്ളൂ എന്നായിട്ടുണ്ട്. നഗരത്തിൽ എത്ര സ്കൂളുകളാണ് കൃത്യമായി ഈ സമയം പാലിക്കുന്നത് എന്ന് അന്വേഷിച്ചാൽ കുടുങ്ങിപ്പോകും. യു പി/ഹൈ സ്കൂളുകളുടെ സമയം 3.30 വരെ ആയതുകൊണ്ട് ഒരു സ്കൂളിലെ ഡ്രൈവർമാർ ബസ്സ് 3.20 ആകുമ്പോൾ സ്റ്റാർട്ടു ചെയ്തിടും. ‘ജനഗണമന’ കഴിഞ്ഞാലുടൻ ആരു വന്നാലും വന്നില്ലേലും ബസ്സു സ്കൂൾ പരിസരം വിട്ടു പോകും. 4.15 വരെ ക്ലാസിൽ അടങ്ങിയിരിക്കേണ്ട കുട്ടികൾ എന്തു ചെയ്യണം? അവർ ക്ലാസുകളഞ്ഞ് ബസ്സുകയറാൻ ഓടും. അദ്ധ്യാപകർക്ക് നേരത്തേ വീട്ടിൽ പോകാം. എന്നു വച്ചാൽ പി ടി എ ശമ്പളം കൊടുക്കുന്ന ഡ്രൈവർമാർ തീരുമാനിക്കുന്നു ക്ലാസ്സുകൾ എപ്പോൾ തീരണമെന്ന്. ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു സ്കൂളിൽ ക്ലാസ് മൂന്നിനും മൂന്നരയ്ക്കുമൊക്കെ തോന്നിയതു പോലെ വിടും ക്ലാസുകൾ. അദ്ധ്യാപകർക്ക് പൊതുവേ ഉച്ചയ്ക്കു ശേഷമുള്ള ക്ലാസുകളിൽ പോകാൻ മടിയാണ്. എന്തോ ഒരാലസ്യം. ഓ.. നമ്മളൊക്കെ പഠിപ്പിച്ചിട്ടാണോ ഇവനൊക്കെ ജയിക്കുന്നത്.. അവന്മാര് വല്ല പെണ്ണുങ്ങളെയുമൊക്കെ വായി നോക്കി നേരത്തേ കാലത്തൊക്കെ വീടു പറ്റട്ടെന്ന്..’ എന്നും പറഞ്ഞാണ് ഒരു മുതിർന്ന അദ്ധ്യാപകൻ സംഗതിയെ നിസ്സാരവത്കരിച്ചത്! ഇതൊന്നുമല്ല, ആദ്യം പറഞ്ഞ പെൺപള്ളിക്കൂടത്തിന്റെ കാര്യം. അവിടെ 3.40 -നു സ്കൂളു തീരുന്നത് സമയത്തിൽ ഒരു തിരിമറി നടത്തിയിട്ടാണ്.. ഉച്ചഭക്ഷണത്തിനുള്ള ഒരു മണിക്കൂർ ഇടവേള, അരമണിക്കൂറായി ചുരുക്കി. രാവിലെയും ഉച്ചയ്ക്കുമുള്ള ഇടവേളകൾ 5 മിനിട്ടുകളാക്കി. പരമസുഖം. അധ്യാപകർക്ക് നേരത്തേ വീടു പറ്റാം. പക്ഷേ ഒന്നാലോചിച്ചു നോക്കുക. 360 കുട്ടികൾ പഠിക്കുന്ന 5 ടോയ്ലെറ്റ് മുറികളും 6 വാഷ് ബെയിസിനുകളും മാത്രമുള്ള, കൈവരിയുടെ അരികിൽ നിന്ന് പുറത്തേക്ക് നോക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത (പ്രായം അതല്ലേ വഴിതെറ്റി പോയാലോ!) ഒരു സ്കൂളിൽ ഈ അരമണിക്കൂറുകൊണ്ട് ഊണുകഴിച്ച്, കാര്യങ്ങൾ നിർവഹിച്ച്...തിരിച്ചെത്തണം. അതും ആഴ്ചയിൽ ആറുദിവസം. കോടതി നിർദ്ദേശമനുസരിച്ച് സ്കൂളുകൾക്ക് മൂത്രപ്പുരകൾ ഉണ്ടായിട്ടെന്താണ്, ഒന്നു ശ്വാസം വിടാൻ അവർക്ക് സമയം കൊടുക്കുന്നില്ലെങ്കിൽ? ഒരദ്ധ്യാപകൻ/പിക അല്പം വൈകി ക്ലാസിൽ നിന്നിറങ്ങിയാൽ കുട്ടികൾക്ക് നഷ്ടമാകുന്നത് ഒരു ദിവസത്തെ, ആകെയുള്ള 5 മിനുട്ട് ഇടവേളയാണ്.. കൌമാരക്കാരെ നാം പുഴുക്കിയെടുക്കുന്ന ഒരു രീതിയാണ് ഇത്.. പെൺപള്ളിക്കൂടങ്ങളിൽ ലീഡർമാർ അദ്ധ്യാപകർക്ക് ചായ വിളമ്പാനും അവർ കുടിച്ച ഗ്ലാസുകൾ കഴുകി വയ്ക്കാനുമുള്ള സ്കൂൾ ജോലിക്കാർ കൂടിയാണ്. അച്ചടക്കത്തോടെ അവർ ആ പണിയിൽ മുഴുകുന്നതു കണ്ട് മാതാപിതാക്കൾ തന്നെ കുളിരണിഞ്ഞ സന്ദർഭങ്ങളും ഉണ്ട്. എന്തൊരടക്കം, എന്തൊരു വിനയം, എന്തൊരു കാര്യപ്രാപ്തി. എന്നാൽ സ്കൂൾ പാർലമെന്റ് ഉൾപ്പടെയുള്ള പ്രഹസനങ്ങളിൽ കുട്ടികളുടെ റോൾ എന്താണെന്ന് നോക്കണം. പല സ്കൂളുകളിലും ഇത്തരമൊരു പരിപാടി തന്നെയില്ല.

ഫൈൻ എന്ന് ഓമനപ്പേരിലറിയപ്പെടുന്ന അച്ചടക്ക നടപടി തലസ്ഥാനത്തെ ഒരുമാതിരിപ്പെട്ട പെൺപള്ളിക്കൂടങ്ങളിലൊക്കെയുണ്ട്. വൈകി വരുന്നവർക്ക് 10 രൂപ ഫൈൻ. അതു കൊടുക്കാൻ കഴിയാത്ത 4 കുട്ടികളെ തറയിൽ ഇരുത്തി ശിക്ഷിച്ചതിനെപ്പറ്റി ഇതിനു മുൻപ് എഴുതിയിട്ടുണ്ടായിരുന്നു. 10 രൂപ ഫൈൻ കൊടുക്കാൻ കഴിയാത്തവരെ ‘തറ’യിലല്ലാതെ മറ്റെവിടെ ഇരുത്താനാണ്? ഇതു പ്രിൻസിപ്പാൾ വക ഫൈനാണെങ്കിൽ വൈകിയതു കൊണ്ട് രണ്ടുരൂപ ക്ലാസ് ടീച്ചറിനും കൊടുക്കേണ്ടതുണ്ട് കുട്ടികൾ. കിഴക്കേക്കോട്ടയ്ക്കു സമീപമുള്ള പ്രശസ്തമായ പെൺസ്കൂളിലെ ഫൈൻ വിവരം ലീഡർമാർ എഴുതി ചുവരിൽ പതിപ്പിച്ചു വച്ചിട്ടുള്ളത് ഇങ്ങനെ : കറുത്ത ബൺ ഇടാത്തത് - 1 രൂപ, ഐ ഡി കാർഡ് ഇടാത്തതിന് - 5 രൂപ, തല കെട്ടാത്തതിന് - 2 രൂപ, രണ്ടു വശവും പിന്നിക്കെട്ടാത്തതിന് - 1 രൂപ, ബണ്ണിടാത്തതിന് - 1 രൂപ, ഫുൾ യൂണിഫോമിൽ വരാത്തതിന് - 1 രൂപ. ഇതിനു താഴെ ഏതോ കുട്ടി ക്ലാസിൽ ഉറങ്ങുന്നതിന് - 20 രൂപ എന്നും കൂടി എഴുതി വച്ചിരിക്കുന്നതു കണ്ടു ചിരി പൊട്ടിപ്പോയി. അപ്പോൾ പെൺകുട്ടികൾക്കിടയിലും കലാപകാരികളുണ്ട്. ഏകജാലകം വഴി പ്രവേശനോത്സവം കൊടിപിടിച്ച് നടക്കുകയാണല്ലോ. 25.6.2007 ലെ ഉത്തരവു പ്രകാരം രക്ഷാകർത്താവിൽ നിന്ന് പിരിച്ചെടുക്കാവുന്ന പരമാവധി തുക 500 ആണ്. അതും നിർബന്ധിക്കാൻ പാടില്ലത്രേ. പക്ഷേ 500 രൂപ സ്കൂളുകാർ നിർബന്ധിതമാക്കി. കൂടെ മറ്റൊരു ആയിരവും. രണ്ടിനും രണ്ടു രസീത്. ഒന്നിൽ സ്വന്തം ഇഷ്ടപ്രകാരം സ്കൂളിനായി നൽകുന്നത് എന്ന് നേരത്തെ എഴുതി വച്ചതിൽ ഒപ്പിട്ടു കൊടുക്കണം. അതു കഴിഞ്ഞ് ഫീസ്. പിന്നെ യൂണിഫോം. (വിവരമില്ലാത്ത മാതാപിതാക്കൾ പലസ്ഥലങ്ങളിൽ ചെന്ന് തുണിയെടുത്ത് സ്കൂളിന്റെ അന്തസ്സ് കൊളമാക്കും, അതുകൊണ്ട് സ്കൂളിൽ നിന്നു തന്നെ അതു വാങ്ങണം. നല്ലത്!) അതുകഴിഞ്ഞ് ക്ലബ് ഫണ്ട്. ഇതെന്തു കുന്തമാണെന്ന് ചോദിക്കുന്നവരെ പുളുന്താന്മാരാക്കി പറഞ്ഞു വിടും. കൂടുതൽ പിരിക്കാത്തത് നീയൊക്കെ പിച്ചക്കാരാണെന്ന് അറിയാവുന്നതുകൊണ്ടാണെന്ന് പറഞ്ഞാൽ 200 എങ്കിൽ 200 കൊടുത്ത് മാനം രക്ഷിക്കാനേ മക്കളോടു സ്നേഹമുള്ള അച്ഛനമ്മമാർ ശ്രമിക്കൂ. ഏകജാലകമായതുകൊണ്ട് അടുത്ത അലോട്ട്മെന്റിന് കുട്ടിയ്ക്ക് മറ്റൊരു സ്കൂളിൽ ചേരേണ്ടി വരും. അപ്പോൾ ഈ കൊടുത്ത തുകകൾ കിട്ടിയാൽ കിട്ടി എന്നേ പറയാൻ പറ്റൂ. അധ്യാപകർ ചുഴിഞ്ഞു നോക്കും വിരട്ടിയാൽ വിരളുന്ന അത്തപ്പാടികളാണെങ്കിൽ ഫീസിന്റെ അഡ്ജസ്റ്റ്മെന്റൊഴികെ മറ്റൊന്നും കിട്ടാൻ പോകുന്നില്ല. അല്ലെങ്കിൽ കുറച്ചെങ്കിലും പി ടി എ ഫണ്ട് പിടിച്ചു വയ്ക്കാൻ നോക്കും. എന്തായാലും രസീതില്ലാത്ത, ക്ലബ് ഫണ്ടെന്ന എന്തോ ഒരു ഫണ്ട് പോയതു തന്നെ. പണം ഇല്ലാത്തതിന്റെ പേരിൽ രാവിലെ അഡ്മിഷനുവേണ്ടി വന്ന ഒരു കുട്ടി, അതിന്റെ അമ്മ വീട്ടിൽ പോയി പണം എടുത്തുകൊണ്ടു വരുന്നതുവരെ -ഏതാണ്ട് 3 മണി വരെ - പുറത്തുള്ള ബഞ്ചിൽ ഏകാകിയായി ഇരുന്നതിനു സാക്ഷിയാണിതെഴുതുന്നത്. അകത്തപ്പോൾ പ്രവേശനത്തിന് കഠിനാദ്ധ്വാനം ചെയ്ത അദ്ധ്യാപകർക്ക്, കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കൂടുതൽ തുക പിരിച്ചെടുക്കാൻ കഴിഞ്ഞതിലുള്ള അഭിനന്ദനവും സന്തോഷവും ഒരു മിച്ച് പങ്കിട്ട് സ്കൂൾ വക ബിരിയാണി സദ്യ നടക്കുകയായിരുന്നു. കമ്മലു വിറ്റാണ് ഫീസടക്കാൻ കൊണ്ടു വന്നത്, സാറു പറഞ്ഞ് എങ്ങനെയെങ്കിലും തുകയൊന്നു കുറച്ചു തരണം എന്ന് പറഞ്ഞ സ്ത്രീയോട് മറുപടിയൊന്നും പറയാനില്ലാതിരുന്ന വിഡ്ഢിയാണിതെഴുതുന്നത്.

നിസ്സാരമായ തുകകളാണെന്ന് തോന്നുന്നെങ്കിലും ഇതിന്റെയൊക്കെയുള്ളിൽ മനുഷ്യത്വരഹിതമായ ഒട്ടേറെ അടരുകൾ പതുങ്ങിക്കിടപ്പുണ്ട്. പി ടി എ തുക എത്രപിരിക്കണമെന്ന് വ്യവസ്ഥയുണ്ടാക്കേണ്ടത് സർക്കാരാണ്. അല്ലാതെ സ്കൂളിലെ മേലാളന്മാരല്ല. സർക്കാരുത്തരവിനെ മറികടക്കാൻ അവർ കാട്ടിക്കൂടുന്ന തന്ത്രങ്ങളാവട്ടേ അങ്ങേയറ്റത്തെ അശ്ലീലവുമാണ്. ഈ ചെറിയ തുകകൾ കൊണ്ട് ആരെങ്കിലും വീടു വയ്ക്കുന്നു എന്നോ എസ്റ്റേറ്റുകൾ വാങ്ങിക്കൂട്ടുന്നു എന്നോ ആരോപിക്കുകയല്ല. സർക്കാർ സ്കൂളിൽ പഠിക്കാൻ വരുന്ന കുട്ടികൾ ഏതു സാഹചര്യത്തിൽ നിന്നാണ് വരുന്നതെന്ന് കണ്ടു മനസിലാക്കണം. ( 12 പേർ അദ്ധ്യാപകരായുള്ള പ്രസ്തുത സ്കൂളിലെ 4 അദ്ധ്യാപകരുടെ മക്കൾ പഠിക്കുന്നത് കേന്ദ്രീയവിദ്യാലയത്തിലാണ്. രണ്ടുപേരുടെ ചെറുമക്കൾ സ്വകാര്യ സ്കൂളുകളിലും. സർക്കാർ സ്കൂളിൽ പഠിക്കാനെത്തുന്ന കുട്ടികളോട് പുച്ഛം സ്വാഭാവികമായി തന്നെ ഉണ്ടാവുനതാണ്, നമ്മുടെ തരക്കാർക്ക് ചേർന്നതാണോ ഇവരൊക്കെ എന്നമട്ട് !) ഒരു ചെറു എതിർപ്പുപോലും അവരിൽ നിന്ന് ഉയരാത്തതിന്റെ കാരണം അവരുടെ അപകർഷം നിറഞ്ഞ അജ്ഞതയാണ്. അത്തരക്കാരെ ചൂഷണം ചെയ്യുന്ന പ്രവണത എന്തായാലും ആശാസ്യമല്ല. അതിനെതിരെ കണ്ണടയ്ക്കുന്ന രീതിയും നല്ലതല്ല. എത്ര ചെറുതായാലും ഫൈൻ തുകകൾ, ക്ലബ് ഫണ്ടുകൾ എന്നിവ എവിടെ പോകുന്നു എന്ന് നിലവിൽ ആരെയും ബോധിപ്പിക്കേണ്ടതില്ല. കഴിഞ്ഞ വർഷം നഗരത്തിലെ ഒരു സ്കൂളിൽ പിരിച്ചെടുത്ത തുക നോക്കുക. (പ്രവേശനസമയത്തെ മേൽ‌പ്പറഞ്ഞ പിരിവിനു പുറമേ) രണ്ടാം വർഷം പി ടി എ അംഗത്വ ഫീസ് - 100 (ഈ വർഷം ഒറ്റയടിക്ക് അതു 300 ആക്കി, ഫീസു കൊടുക്കേണ്ടതില്ലാത്ത എസ് സി/ എസ് ടി കുട്ടികൾക്കുൾപ്പടെ നിർബന്ധിതമാണിത്), സ്കൂളിൽ നടത്തുന്ന പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പറിന്- 15 രൂപ, റവന്യൂ കലോത്സവം - 10 രൂപ, പ്ലസ് വൺ മാർക്ക് ലിസ്റ്റിന്- 2 രൂപ, ഹാൾ ടിക്കറ്റിന്- 2 രൂപ, ഫോട്ടോ എടുപ്പ് - 20 രൂപ, സോഷ്യൽ നടത്താൻ - 50 രൂപ, ഐ ഡി കാർഡ്- 25 രൂപ, വാർഷികത്തിന്- 10 രൂപ, മോഡൽ പരീക്ഷാ ചോദ്യപ്പേപ്പർ - 15 രൂപ, ലാബിൽ നഷ്ടം വരുത്തിയതിന് കൂട്ടായി - 5000 രൂപ( എന്തു നഷ്ടമുണ്ടായി എന്ന് ആരെയും ബോധിപ്പിക്കേണ്ടതില്ല) ഇത്രയും തുക വേറീട്ട് പിരിക്കാനാണെങ്കിൽ പ്രവേശനസമയത്ത് പിരിക്കുന്ന പി ടി എ എന്തിനാണെന്ന് ഒരു ചോദ്യമുണ്ട്. ഇതിനൊക്കെ പുറമേ ക്ലാസുകളിൽ ചായയും വടയും കൊടുക്കാനെന്ന പേരിൽ പുറത്തുപോയും പിരിച്ചു. ഒരു ഫിലിം ഷോ നടത്താൻ ആളുവന്നാൽ 10 രൂപ വച്ച് പിടിച്ചു വാങ്ങിയാണ് നമ്മുടെ സ്കൂളുകൾ സിനിമയൊക്കെ തുടങ്ങിയ കാലത്തേയ്ക്ക് കുട്ടികളെ കൊണ്ടു പോകുന്നത്. കുട്ടികളിൽ നിന്ന് പിരിച്ചു കിട്ടുന്നതിന്റെ പകുതി കമ്മീഷനാണ്. അതാണേ സിനിമാപ്രേമത്തിന്റെ കാതൽ. പ്രദർശിപ്പിക്കുന്ന സിനിമ ഏതു തരത്തിലുള്ളതാണെന്ന് തിരിച്ചറിയാൻ കഴിയാത്തവരാണ് കുട്ടികളെ സിനിമകാണിച്ചുകൊടുത്തെന്ന പേരിൽ ചരിതാർത്ഥരാവുന്നത്. (പുതിയ സിനിമ സതീർത്ഥ്യൻ - കൌമാരപ്രായക്കാർ വഴിതെറ്റാതിരിക്കാനുള്ള ഒരു പാട് മരുന്നടങ്ങിയത്) കൂട്ടത്തിൽ പിന്നെയുമുണ്ട് സ്വകാര്യസ്ഥാപനങ്ങളിൽ നിന്ന് പരീക്ഷ നടത്താൻ വരുന്നവർ. അവർക്കു വേണ്ടത് കുട്ടികളുടെ മേൽ വിലാസമാണ്. അതിനുള്ള തന്ത്രമാണ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്. നടത്തിക്കാൻ നിൽക്കുന്ന അധ്യാപികയ്ക്കും പ്രിൻസിപ്പാളിനും ഒരു തുകയുണ്ട്..

പലപ്പോഴും കാണാം പല സ്കൂളുകൾക്കു മുകളിൽ ചത്തും ചാവാതെയും കാലഹരണപ്പെട്ട കോളാമ്പി സ്പീക്കറുകൾ. ആലോചിച്ചു നോക്കിയാൽ ഈ സ്കൂളുകൾക്ക് പറ്റിയ ചിഹ്നങ്ങൾ കോളാമ്പി സ്പീക്കറുകൾ തന്നെയല്ലേ. ഉള്ളുപൊള്ളയാവുമ്പോഴും ഒച്ച കിടുക്കുന്നതായിരുന്നാൽ പരിവേഷങ്ങൾ നിലനിൽക്കും. ഉണ്ടാക്കിവക്കുന്ന വിനകളിലേയ്ക്ക് പെട്ടെന്നൊന്നും ശ്രദ്ധ എത്തുകയുമില്ല.

July 5, 2010

ചിന്താക്കുഴപ്പംതെരുവിൽ നിങ്ങൾ നിങ്ങളെ തന്നെ കണ്ടുമുട്ടിയാൽ
എന്തായിരിക്കും ഫലം?
നിങ്ങൾ നിങ്ങളെ കണ്ടിഷ്ടപ്പെട്ടാൽ എങ്ങനെയിരിക്കും?
കൈകളിൽ വാരിയെടുത്ത് നിങ്ങൾക്ക് മാത്രമറിയാവുന്ന
തന്ത്രങ്ങളാൽ നിങ്ങൾ നിങ്ങളെ തന്നെ വിവാഹം കഴിച്ചാൽ?
പെറ്റുപെരുകിയാൽ?
നിങ്ങളുടെ കുട്ടിമാതൃകകൾ എവിടെയും നിറയും.
ചിലർ അറബികൾ.
മറ്റു ചിലർ ജൂതന്മാർ.
വട്ടകൂടാരങ്ങളിൽ* വേറെ ചിലർ.
അറപ്പിക്കുന്ന കാര്യമാണെങ്കിലും
എവിടെ നോക്കിയാലും അവിടുള്ളതെല്ലാം
ഉപ്പുത്തൂണുകളാക്കി മാറ്റുന്ന
മൊയന്തുകളായ നമ്മളേക്കാൾ മെച്ചം,
ഭൂമിയിലെ പല മൂലകളിൽ നിന്നും
കൊമ്പുള്ള ചന്ദ്രൻ ഉദിക്കുന്നതു നോക്കിരസിക്കാൻ
നിങ്ങളെ ചന്തത്തോടെ കണിശമായി
പകർത്തി വച്ചിരിക്കുന്ന ചെറുരൂപങ്ങൾ നിവർന്നു വരുന്നതാണ്.

നമുക്ക് ജനങ്ങളെ വേണമെങ്കിൽ,
കുഞ്ഞുചെടികൾക്ക് വെള്ളം പകരുകയും
പലവ്യഞ്ജനക്കടയിലേയ്ക്ക് സ്വയം വണ്ടിയോടിക്കുകയും
ഒരു കുഴൽ തോക്കുകൊണ്ട് സ്വന്തം അത്താഴം ശരിപ്പെടുത്തുകയും ചെയ്യുന്ന
നിങ്ങളാവട്ടെ അവർ.
അതെ, കാട്ടിൽ മാത്രമാണ് സമാധാനം ഉള്ളത്.
മുകളിലെ മരച്ചില്ലകളിലും മലയിടുക്കുകളുടെ അഗാധഗർത്തത്തിലും.
നിങ്ങളെല്ലാത്തിന്റെയും ഉള്ള് കണ്ടിട്ടുണ്ട്.
മഞ്ഞുറഞ്ഞ തടാകത്തിന്റെ മുകളിലൂടെ കിടിലം കൊണ്ട് ഓടിയിട്ടുണ്ട്
മരുഭൂയിലെ മണലിലും കൊട്ടാരത്തിലും തടവറയിലും
കപ്പൽ നിർമ്മാണശാലയ്ക്കടുത്തെ പുഴുക്കത്തിലും
നിങ്ങൾ മുഖാമുഖം നോക്കിനിന്നിട്ടുണ്ട്.

പണ്ടും
ഇതേ ഗ്രഹത്തിലെ
ശൂന്യമായ വീട്ടിൽ വന്നുകയറി
നിങ്ങൾ സ്കോച്ചും സോഡയുമായി
ചാരുകസേരയിൽ
വിളക്കു തെളിക്കാതെ
മുറിയിൽ ഇരുന്നിട്ടുണ്ട്,
നിങ്ങൾ എന്തായി തീർന്നിരിക്കുന്നു എന്ന് ചിന്തിച്ച് കുഴമറിഞ്ഞും കൊണ്ട്.

- വിജയ് ശേഷാദ്രി

- വിജയ് ശേഷാദ്രി (1954-) കവിയും ഉപന്യാസകാരനും സാഹിത്യ നിരൂപകനുമാണ്. ബാംഗ്ലൂരിൽ ജനനം. 1959 തൊട്ട് അമേരിക്കയിൽ താമസം. The Long Meadow, Wild Kingdom തുടങ്ങിയവ കവിതാ സമാഹാരങ്ങൾ. ബ്രൂൿലിനിലെ സാറാ ലോറൻസ് കോളേജിൽ അദ്ധ്യാപകനാണിപ്പോൾ.

* യർട്ട് (Yurt) മധ്യേഷ്യൻ നാടോടികളുടെ ചെലവുകുറഞ്ഞതും ബലമുള്ളതും ഉണ്ടാക്കാൻ എളുപ്പമായതുമായ വീടുകൾ.