December 30, 2010
ചെയ്യാത്ത തെറ്റിന്...
എഞ്ചിനീയറിംഗ് മെഡിക്കൽ പ്രവേശനത്തിന് പ്ലസ് വൺ - ടു സ്കോറുകളും പരിഗണിക്കുന്നതിനുള്ള ആലോചനകൾ നടക്കുന്ന സമയമാണല്ലോ. ടെർമിനൽ ഇവാലുവേഷനിൽ TE- വർഷാവസാന പരീക്ഷയിൽ- കുട്ടികൾക്കു ലഭിക്കുന്ന സ്കോറുകൾക്കൊപ്പം ‘തുടർ മൂല്യ നിർണ്ണയം’(കണ്ടിന്യൂസ് ഇവാലുവേഷൻ -C E) എന്നറിയപ്പെടുന്ന ഇന്റേണൽ അസെസ്‌മെന്റിന്റെ സ്കോറും കൂടി കൂട്ടിച്ചേർത്താണിപ്പോൾ പതിനൊന്ന് - പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ മൊത്തം സ്കോർ കണക്കാക്കുന്നത്. ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് നേരിട്ട് പതിനൊന്നാം ക്ലാസിലെ പരീക്ഷ കൂടി നടത്താൻ തുടങ്ങിയതോടെ സി ഇ സ്കോറുകളുടെ പ്രാധാന്യം വർദ്ധിച്ചിട്ടുണ്ട്.
സി ഇ സ്കോറുകളുടെ അടിസ്ഥാന ലക്ഷ്യം ക്ലാസിലുള്ള എല്ലാ വിദ്യാർത്ഥികളെയും ഒരു നിശ്ചിത തലത്തിൽ (Zone of Proximal Development - ZPD) അധ്യാപകരുടെ കൈത്താങ്ങോടെ എത്തിക്കുക എന്നതാണെങ്കിലും ഫലത്തിൽ പല സ്കൂളുകളിലും ഇത് കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നതിനുള്ള ഉപാധിയായി തരം താണിരിക്കുകയാണ്. പഴയ ചൂരലിനു പകരം പുതുതായി എത്തിയ, ഭീഷണിയ്ക്കുള്ള ഉപാധി എന്നു പറയാം. ഇത്, എന്താണ് C E എന്നതിനെക്കുറിച്ചുള്ള ധാരണക്കുറവിൽ നിന്നുണ്ടാകുന്നതാണ്. ഭാഷാവിഷയങ്ങളിൽ അവതരണം, ചർച്ച, അന്വേഷണം, രചന എന്നിങ്ങനെ നാലുമേഖലകളിലെ കുട്ടിയുടെ മികവിനെ വിലയിരുത്തി നിർണ്ണയിക്കേണ്ട ഒന്നാണ് ഈ മൂല്യ നിർണ്ണയം. (അതുപോലെ മറ്റു വിഷയങ്ങൾക്കു് സ്വഭാവമനുസരിച്ച് മേഖലകൾ മാറും) ഇതിലേതെങ്കിലും മേഖലയിൽ പിന്നാക്കം നിൽക്കുന്ന കുട്ടിയെ കണ്ടെത്തി ഗ്രൂപ്പു പ്രവർത്തനത്തിലൂടെയോ സഹകരണ- സഹവർത്തിത പഠനത്തിന്റെ അടിസ്ഥാനത്തിലോ ക്ലാസിന്റെ പൊതു നിലവാരത്തിലേയ്ക്ക് ഉയർത്തിക്കൊണ്ടു വരേണ്ട ചുമതല അദ്ധ്യാപകർക്കാണ്. സ്വാഭാവികമായും നിരന്തരമായ അത്തരം പ്രവർത്തനം വർഷാവസാനത്തിലെ എഴുത്തു പരീക്ഷയിൽ പ്രതിഫലിക്കും. പഠന - ചിന്താശേഷികളെ ഉദ്ദീപിപ്പിക്കും. പക്ഷേ ഈ ആശയമല്ല ക്ലാസ് മുറികളിൽ പലപ്പോഴും പ്രാവർത്തികമാവുന്നത്. പാഠഭാഗം വായിക്കാൻ അമാന്തിക്കുകയോ ചർച്ചകളിൽ മൌനിയായിരിക്കുകയോ അന്വേഷണ പ്രവർത്തനകളിൽ സഹകരിക്കാതിരിക്കുകയോ ചെയ്യുന്ന കുട്ടിയ്ക്ക്, പരീക്ഷ അടുക്കുന്ന സമയം, ഒന്നിനും കൊള്ളാത്ത കുട്ടി എന്ന ലേബലിൽ കുറഞ്ഞ സ്കോറു കൊടുക്കുന്ന പതിവിപ്പോൾ സാർവത്രികമായിക്കൊണ്ടിരിക്കുകയാണ്. വെറുതേ കൊടുക്കുന്ന ‘മാർക്ക്’ എന്ന പരിഹാസത്തിന്റെ ലേബലിലാണ് ഈ കുറഞ്ഞ സ്കോറിനു ന്യായീകരണം കണ്ടെത്തുന്നത്. എന്നാലിത് അധ്യാപകന്റെ(പികയുടെ) ധാരണക്കുറവിനു കുട്ടിയെ ശിക്ഷിക്കുന്നതിനു സമാനമാണ് .
ഈ പോരായ്മയ്ക്ക് നിലവിൽ പരിഹരണ മാർഗങ്ങളൊന്നും ഇല്ലെന്നതാണ് വാസ്തവം. പുതിയ പാഠ്യപദ്ധതിയുടെ ആവിഷ്കാരത്തിനുശേഷം ധാരാളം അദ്ധ്യാപക പരിശീലനങ്ങളും ക്ലസ്റ്റർ മീറ്റിംങുകളും കഴിഞ്ഞിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്നവർ മാത്രമായിരിക്കും തുടർമൂല്യനിർണ്ണയത്തിന്റെ കാതൽ ശരിയായി ഉൾക്കൊണ്ടവർ. ഭൂരിപക്ഷം പേർക്കും അതു ഒന്നിനും കൊള്ളാത്ത ‘ഞഞ്ഞാപിഞ്ഞ’ കൾക്ക് വെറുതെ കൊടുക്കുന്ന ‘മാർക്കാണ്‘. ആദ്യ കാലങ്ങളിൽ C E സ്കോറുകൾ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണമെന്നും അവസാന സ്കോർ നിർണ്ണയം പൂർത്തിയാക്കുന്നതിനു മുൻപ് കുട്ടികളുടെ പരാതികൾ പരിഹരിച്ചിരിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. പ്രിൻസിപ്പാളിനും, അവിടെ പരിഹരിക്കപ്പെടാത്ത പരാതികൾ അക്കാദമിക് ചുമതലയുള്ള ജോയിന്റ് ഡയറക്ടർക്കുമാണ് നൽകേണ്ടത്. ഇപ്പോൾ മിക്കസ്കൂളുകളിലും പേരിന് ഇത് പ്രസിദ്ധീകരിച്ചാലായി. അതും സ്കോർ അപ്‌ഡേറ്റു ചെയ്യുന്നതിന്റെ തലേ ദിവസം. പരാതികളെ എന്തെങ്കിലും മുരട്ടുന്യായം പറഞ്ഞ് മുടക്കും. പേരു തെറ്റിപ്പോയെന്നോ അടുത്തപ്രാവശ്യം ശരിയാക്കാമെന്നോ. എന്താണ് ചെയ്യേണ്ടതെന്നറിയാത്ത കുട്ടികൾക്ക് കിട്ടിയതും വാങ്ങിയിരിക്കുക മാത്രമേ നിവൃത്തിയുള്ളൂ. അതതു വിഷയങ്ങളിലുള്ള മോണിറ്ററിംഗ് ടീം സ്കൂളുകളിൽ വർഷാവസാനഘട്ടത്തിൽ എത്തുമ്പോൾ കൊടുക്കുന്ന C E സ്കോറുകളും അവസാനം അപ്ഡേറ്റു ചെയ്യുന്ന സ്കോറുകളും തമ്മിൽ വ്യത്യാസം വരാൻ പാടില്ലെന്ന നിർദ്ദേശം കൂടി വന്നതോടെ പരാതികൾ അനുസരിച്ച് മാർക്കു തിരുത്തുന്ന പ്രക്രിയ ഏറെക്കുറെ അവസാനിച്ചമട്ടാണ്. നിരന്തരമായ മൂല്യ നിർണ്ണയത്തെ സമയബന്ധിതമായി രേഖപ്പെടുത്താൻ വിദ്യാഭ്യാസവകുപ്പ് നൽകിയ സോഫ്റ്റ് വെയർ (ഇവാൽ പ്രോ) എത്ര സ്കൂളുകളിൽ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന കാര്യം പ്രത്യേകം കണക്കെടുക്കേണ്ടതാണ്. സ്കോർ അപ്‌ലോഡു ചെയ്യാനുള്ള സമയം മാത്രമാണ് അതിന്റെ ഉപയോഗം പലേടത്തും. കാരണം അതു മാത്രം നിർബന്ധിതമായതിനാൽ.
സ്കോറു നൽകുന്നതുൾപ്പടെയുള്ള അക്കാദമിക് കാര്യങ്ങൾ ചർച്ച ചെയ്യാൻ സ്കൂളുകളിൽ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (SRG)യോഗം ചേരണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു. ഇത് കാര്യക്ഷമമായി നടന്നു പോകുന്ന സ്കൂളുകൾ തീരെ ഇല്ല എന്നു പറയുന്നില്ല. പക്ഷേ പലയിടത്തും ആദ്യഘട്ടങ്ങളിൽ കാണിച്ച ചൂട് ആറിയ മട്ടാണ്. അതുകൊണ്ട് അദ്ധ്യാപകർക്ക് തോന്നിയ മട്ടിൽ സ്കോറുകൾ കൊടുക്കാമെന്നായിട്ടുണ്ട്. മാത്രമല്ല സി ഇ സ്കോറുകളുടെ കാര്യം പറഞ്ഞ് വിരട്ടുന്ന പതിവും തല പൊക്കി തുടങ്ങി. നഗരത്തിലെ ഒരു സ്കൂളിലെ ഈ വർഷത്തെ ഒന്നാം വർഷ ഇമ്പ്രൂവ് മെന്റ് പരീക്ഷ എഴുതിയ ഹ്യുമാനിറ്റീസ് ബാച്ചിലെ ഏതാനും കുട്ടികളുടെ, വിവിധ വിഷയങ്ങളുടെ സ്കോറാണ് ചിത്രത്തിൽ കൊടുത്തിരിക്കുന്നത്. (2008-2009 ലെ +2 പരീക്ഷയിൽ 23 കുട്ടികൾ ഇംഗ്ലീഷിനു തോറ്റ സ്കൂളാണിതെന്നു കൂടി അറിയണം) ആദ്യ ഭാഗത്തുള്ള ഇംഗ്ലീഷ് C E സ്കോറുകളെ മറ്റു വിഷയങ്ങൾക്കു കിട്ടിയ സ്കോറുകളുമായി താരതമ്യം ചെയ്തു നോക്കുക. ഇംഗ്ലീഷിൽ 20 - ൽ 7 വരെ സ്കോറു കുറഞ്ഞ കുട്ടിയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത് 35 ശതമാനമാണെന്ന കാര്യം അതിട്ട അദ്ധ്യാപികയ്ക്കോ(കനോ) അതു ലഭിച്ച കുട്ടിയ്ക്കോ അറിയില്ലെന്നാണ് തോന്നുന്നത്. ( അതേ കുട്ടിയ്ക്ക് ചരിത്രത്തിന് 19 ഉം സാമ്പത്തിക ശാസ്ത്രത്തിനു 20 ഉം ആണു സ്കോർ.) മാത്രവുമല്ല, ഇത്രയധികം കുട്ടികൾക്ക് ഇത്ര കുറഞ്ഞ സ്കോറു വരണമെങ്കിൽ അതിന്റെയർത്ഥം പ്രസ്തുത വിഷയത്തിൽ തുടർപ്രവർത്തനങ്ങളോ അനുസാരിയായ മൂല്യ നിർണ്ണയമോ നടന്നിട്ടില്ല എന്നല്ലേ? കൃത്യമായി അവ നടന്നിരുന്നു എങ്കിൽ കുട്ടികൾ, സിദ്ധാന്തമനുസരിച്ച്, ആശാസ്യമായ ഒരു മേഖലയിൽ എത്തേണ്ടതല്ലേ. എങ്കിൽ തീർച്ചയായും ഒരു ക്ലാസിലെ ഇത്രയധികം കുട്ടികൾക്ക് കുറഞ്ഞ മൂല്യം ലഭിക്കുമായിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ചും അദ്ധ്യാപിക(കൻ) ബോധവതി(വാൻ)യായിരിക്കാൻ ഇടയില്ല. ഒരു ക്ലാസിലെ ഇത്രയധികം കുറഞ്ഞ സ്കോറുകൾ തന്റെ നേർക്കാണ് വിരൾ ചൂണ്ടുന്നതെന്ന് അവർക്ക് അറിയില്ലല്ലോ. മോശം കുട്ടിയ്ക്ക് കുറഞ്ഞ ‘മാർക്ക്’ എന്ന സാമ്പ്രദായിക നയമാണ് അവരെടുത്തിട്ടുള്ളതെന്നു കാണാം. ഒന്നു കൂടി ചുഴിഞ്ഞു നോക്കിയാൽ ഇതിൽ അദ്ധ്യാപിക(പകന്റെ)യുടെ ഇഷ്ടാനിഷ്ടങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും മനസ്സിലാവും. ഇഷ്ടമില്ലാത്ത കുട്ടിയ്ക്ക് കുറവ് സ്കോറ്. അതാണ് കൂട്ടത്തിൽ ഏറ്റവും വലിയ ദുരന്തം. എന്നാൽ പോലും പഠിക്കാത്തതിന്റെ പേരിലും അലസതയുടെ പേരിലും പഴിയും വഴക്കും മുഴുവൻ കേട്ടിരിക്കാൻ ഇട, കുട്ടി തന്നെ ആയിരിക്കും എന്ന് വ്യക്തം. (പി ടി എ മീറ്റിംഗുകൾ അതിനുള്ള വേദിയാണ്, അദ്ധ്യാപകർക്ക് രക്ഷിതാക്കളിൽ നിന്നും രണ്ടടിയും ചീത്തയും മറ്റു കുട്ടികളുടെ മുന്നിൽ വച്ച് വാങ്ങിക്കൊടുക്കാൻ പറ്റിയ വേദി! സ്വന്തം കഴിവുകേടുകളെ ശകാരം കൊണ്ട് അവർക്ക് മറച്ചു വയ്ക്കാം. ഗുരുത്വം ഇന്നും വിലപിടിച്ച മൂല്യമായതു കൊണ്ട് അച്ഛനമ്മമാർ നിന്ന് ഓച്ഛാനിച്ച് ഓച്ഛാനിച്ച് നടു വളയ്ക്കും. ഓരം പറ്റി നിന്ന് കരയുന്ന കുട്ടികളാൽ ശബളമാണ്, റിപ്പോർട്ട് ഒപ്പിടാൻ രക്ഷിതാക്കൾ കൂട്ടത്തോടെ സ്കൂളിലെത്തുന്ന (ഞാൻ കണ്ടിട്ടുള്ള) ക്ലാസ് അദ്ധ്യാപക രക്ഷാകർതൃ യോഗങ്ങൾ) അദ്ധ്യാപകരിൽ നിന്നും തുടർന്ന് രക്ഷിതാക്കളിൽ നിന്നും കുട്ടി വാങ്ങിച്ചു കൂട്ടും. മാനസിക സമ്മർദ്ദങ്ങളുടെതു മാത്രമായ കാലത്തിനാണ് പൊതുവേ കേരളത്തിൽ കൌമാരകാലം എന്നു പറയുന്നത്. ‘ഒരു സുഖവുമില്ല ജീവിതത്തിന് ’ എന്നാണ് അവരുടെ കോട്ടുവായകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. മറ്റൊന്നുകൂടിയുണ്ട് പ്രവേശനപരീക്ഷകൾ പോട്ടെ, വർഷാവസാന എഴുത്തു പരീക്ഷയിൽ നല്ല മാർക്കു നേടിയാലും ഈ കുറഞ്ഞ C E സ്കോറുകൾ ഒരു കുട്ടിയെ നല്ലൊരു കോളേജിൽ, നല്ല വിഷയത്തിന് പ്രവേശനം ലഭിക്കുന്നതിൽ നിന്നും തടയാൻ സാധ്യതയുണ്ട്. അദ്ധ്യാപകർക്ക് ചീള് കേസാണെങ്കിലും കഴുത്തറുപ്പൻ മത്സരങ്ങൾക്കിടയിൽ വെറും 1 സ്കോർ വിദ്യാർഥികൾക്ക് ചില്ലറയല്ല! ചിലപ്പോൾ ജീവിതം തന്നെയാവും! സ്വന്തമല്ലാത്ത തെറ്റിന് കുട്ടികൾ എന്തൊക്കെ അനുഭവിക്കണം!
അദ്ധ്യാപകർക്ക് ‘സിദ്ധാന്ത’മറിഞ്ഞുകൂടാതെ വന്നാലും പാട് കുട്ടിക്കാണ്. ചിലപ്പോൾ വഴി ചെന്നു കയറുന്നത് കൊലക്കയറിൽ. ഉദാഹരണങ്ങളുണ്ട്. ആർക്കും കുതിരകയറാവുന്ന മുതുക് പിള്ളാരുടേതായതു കൊണ്ട്, ഉറപ്പില്ല, ഇതിനു് പരിഹാരം വല്ലതും ഉണ്ടോ?
മുൻകൂർജാമ്യം : എല്ലാ സ്കൂളുകളിലെയും സ്ഥിതി ഇതുപോലെയാവണമെന്നില്ല. എങ്കിലും ഇതുപോലെയും ഇതിനേക്കാൾ മോശമായും സ്കൂളുകൾ ഉണ്ടെന്ന കാര്യം കാണാതെ പോകേണ്ടതില്ല. മാർക്ക് ലിസ്റ്റ് നെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തത്.
December 20, 2010
സ്വപ്നങ്ങളുടെ ഓടുന്ന കുതിരകൾക്കു പിന്നാലെ
പതിനഞ്ചാമത് IFFK യുടെ ഫെസ്റ്റിവൽ ബുക്കിലും ആദ്യ ഷെഡ്യൂളിലും അരവിന്ദന്റെ ആദ്യചിത്രം ‘ഉത്തരായണം’ ഉണ്ട്. പക്ഷേ 1974 -ൽ പുറത്തിറങ്ങിയ ആ ചിത്രത്തിന്റെ സ്ഥാനത്ത് -ഉച്ചപ്പടങ്ങളുടെ വിഭാഗത്തിൽ - ധന്യ തിയേറ്ററിൽ പ്രദർശിപ്പിക്കപ്പെട്ടത് ‘വാസ്തുഹാര’യാണ്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കൈയെത്തുന്ന ദൂരത്ത് നിന്നുപോലും ഒരു ഫിലിം പെട്ടിയ്ക്ക് ഫെസ്റ്റിവലിനെത്താനുള്ള കടമ്പകളെ മൂടൽമഞ്ഞിലെന്നപോലെ ഇതു മുന്നിൽ കാണിച്ചു തരുന്നില്ലേ? അതുകൊണ്ട് നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും ഗോദാർദ്ദിന്റെ പുതിയ ചിത്രം ‘സോഷ്യലിസം’ പ്രദർശിപ്പിക്കാനാവാതെ (ഇവിടെ കാണാനാവാതെ) പോയതിൽ അത്ര നിരാശയ്ക്കവകാശമില്ല. ആദ്യ ദിവസം മുതൽ കാത്തിരുന്ന ഒരു ഒറ്റ ഷോട്ട് ഹൊറർ ചിത്രം, എത്തിയത് അവസാനദിവസത്തെ അവസാനഷോയ്ക്കാണ്. ഫെസ്റ്റിവലിന്റെ മുഖ്യസംഘാടകരിലൊരാളായ ബീനാപോൾ ഫെസ്റ്റിവലിൽ അവശ്യം കണ്ടിരിക്കേണ്ട പത്തുപടങ്ങളുടെ കൂട്ടത്തിൽപ്പെടുത്തിയിരുന്ന ഈ ഉറുഗ്വൻ ചിത്രം കണ്ടില്ലെങ്കിലും വലിയ കുഴപ്പമൊന്നും ഇല്ലായിരുന്നു എന്ന് പരസ്പരം പറഞ്ഞുകൊണ്ടാണ് ആളുകൾ തിയേറ്റർ വിട്ടത്. ടൈറ്റിലുകൾക്കു ശേഷവും ഏതാണ്ട് അഞ്ചുമിനിട്ടോളം സിനിമയുണ്ടായിരുന്നു എന്ന സത്യമാണ് തിയേറ്ററിൽ നൊസ്റ്റാൾജിയയോടെ സീറ്റു വിടാൻ മടിപ്പിടിച്ചിരുന്നവർക്ക് കിട്ടിയ ആകെ നിർവൃതി. ആ സിനിമാമിച്ചമാകട്ടെ, വളരെ പ്രധാനപ്പെട്ടതാണെന്ന് സംവിധായകൻ ഗുസ്താവോ ഹെർണാണ്ടസ് വിചാരിക്കുന്നുണ്ടെന്ന് തോന്നുന്നു. നാൽപ്പതുകളിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമയിലെ നായിക ലാറ, അവൾ നടത്തിയ കൊലപാതകങ്ങൾക്കു ശേഷം എങ്ങോട്ടു പോയി കാണാതാവുന്നു എന്നാണ് ആ ഭാഗം കാണിച്ചു തരുന്നത്. ഇല്ലാത്ത മകളെ കൊഞ്ചിച്ചും വിരൽ പിടിച്ചും കടുത്ത മാനസികരോഗത്തിനു പിന്നാലെ അവൾ ചക്രവാളസീമയിളേയ്ക്കു നടന്നു മറയുന്നു. അവളെ നരകക്കുഴിയിൽ നിന്നു രക്ഷപ്പെടുത്താനും കൊലപാതകങ്ങൾ ഒഴിവാക്കാനും അവിടെ ഒരു ഡോ. സണ്ണിയില്ലെന്ന ദുഃഖത്തോടെ ഒരാഴ്ചത്തെ ഇരുട്ടുമുറിവാസം അവസാനിപ്പിച്ച് ആളുകൾ മൂരി നിവരുന്നു, കണ്ണു തിരുമ്മുന്നു.
എങ്കിലും കഥാമിച്ചം വീണു കിട്ടിയ കുറച്ചുപേർക്കു സന്തോഷമുണ്ട്. മറ്റുള്ളവർ കാണാത്തതാണല്ലോ വിചാരിച്ചിരിക്കാതെ അവർക്കു കിട്ടിയത്. ആസ്വാദനത്തിൽ മാത്രമല്ല സൃഷ്ടിയിലും ഈ ‘അപൂർവത’ നിസ്സാര കാര്യമല്ല. മുൻപില്ലാത്തത് ( അ - പൂർവം) എന്നു വച്ചാൽ ഇതുവരെ ആരും ചെയ്യാത്തത് എന്നും കൂടി ആലോചിച്ച് ആലോചിച്ച് സംവിധായകർ വശപ്പിശകാകുന്നു എന്ന് നമുക്ക് അറിയാം. മേള തുടങ്ങും മുൻപേ വിവാദമായ ‘ചിത്രസൂത്രം’ (വിപിൻ വിജയ്) മലയാള സിനിമകൾക്കിടയിൽ ഒരപൂർവതയായിരുന്നതുകൊണ്ടാണ് ആളുകൾ കലഹിച്ചത്. കൊള്ളാമോ കൊള്ളില്ലയോ? മുൻപൊരിക്കൽ ഇദ്ദേഹത്തിന്റെ ‘ഒപ്പുചിത്രത്തെ ആളുകൾ കൂട്ടായി കൂവി തോത്പിച്ചതാണ്. അന്നും കാണികൾ രണ്ടായി പിരിഞ്ഞു. കഴിഞ്ഞ വർഷത്തെ ഉത്സവത്തിൽ നിന്ന് ഒഴിവാക്കിയ ചിത്രത്തെ ഈ വർഷം മന്ത്രി ബേബി നേരിട്ട് ഇടപെട്ട് കൂട്ടത്തിൽ കൂട്ടിയതാണെന്ന്, മറ്റാരുമല്ല ബേബി തന്നെ പറഞ്ഞതും അതിനു തലമൂത്ത സംവിധായകർ ‘അതു ശരിയല്ലല്ലോ’ എന്നും പറഞ്ഞ് കുണുങ്ങിയതുമാണ്. ‘അതീതലോകത്തേയ്ക്കും സ്വത്വാന്വേഷണത്തിലേയ്ക്കുമുള്ള സാമ്പ്രദായികമല്ലാത്ത നോട്ടമാകുന്ന’ ഈ ചിത്രം ഗംഭീരമായ പരീക്ഷണമാണെന്ന് ലാൽ ജോസെഴുതി. ആദിമധ്യാന്തങ്ങൾ അവയവപ്പൊരുത്തത്തോടെ പീലിവിരിച്ചാടുന്ന കഥയും കാത്ത് തിയേറ്ററിലെത്തുന്ന ബഹുഭൂരിപക്ഷം എന്തു ചെയ്യണം? ഈ അതീതലോകം സിനിമയിൽ ഇപ്പോൾ ഒരു ആഖ്യാനവഴിയോ ആവിഷ്കാരരീതിയോ പുത്തൻ ചുവടുവയ്പ്പോ ഒക്കെയാണ്. ഈ വർഷം കാനിൽ സമ്മാനിതമായ അപിചാത്പോങ് വീരസെതാക്കുളിന്റെ സിനിമയിൽ ( അങ്കിൾ ബൂണ്മി ഹു ക്യാൻ റീക്കാൾ ഹിസ് പാസ്റ്റ് ലൈവ്സ്) ബൂണ്മിയുടെ മരിച്ചുപോയ ഭാര്യയും കുരങ്ങന്മാരുടെ ആത്മാവിനൊപ്പം ജീവിച്ച് അതുപോലെയായ മകനും ഒക്കെ വന്നിരുന്ന് ദീർഘദീർഘമായ സംഭാഷണത്തിൽ ഏർപ്പെടുന്നുണ്ട്. ചിത്രത്തിന്റെ അവസാനത്തിൽ ബുദ്ധസന്ന്യാസി കാവി വസ്ത്രം ഒക്കെ ഒഴിവാക്കി ജീൻസും ധരിച്ച് അമ്മായിയുമായി പുറത്തിറങ്ങി പോകുന്നുണ്ട്. അതേസമയം ഹോട്ടൽ മുറിയിലിരുന്ന് ടി വി കാണുന്നുമുണ്ട്.
ഇറാനിയൻ സിനിമകൾ തുടക്കത്തിൽ ഉണ്ടാക്കിയ വിസ്മയത്തിന്റെ ഏകതാനതയിലേയ്ക്കാണ് അപിചാത്പോങിനെപ്പോലുള്ള ഏഷ്യയുടെ വ്യത്യസ്തമായ ആഖ്യാനങ്ങൾ പുതി വഴി വെട്ടുന്നത്. പതിഞ്ഞ ശൈലിയും മങ്ങിയ വെളിച്ചവുമാണ് ബൂണ്മി അമ്മാവന്റെ അന്തരീക്ഷം. അങ്ങനെ എടുത്തുപറയാൻ ഒരു കഥയില്ല. നമുക്കും അപരിചിതമാകാൻ ഇടയില്ലാത്ത ഒരു പാട് ചിത്രങ്ങൾ ഉണ്ടു താനും. (ചിത്രത്തിന്റെ ആദ്യത്തിലെ ആ പോത്ത് അല്ലെങ്കിൽ ഇങ്ങനെ നമ്മളെ തന്നെ നോക്കി നിൽക്കുകയില്ലായിരുന്നു.) എല്ലാം കൂടി കൂട്ടി വച്ച് നമ്മളുണ്ടാക്കുന്നതാണ് മൊത്തത്തിൽ സിനിമ. സാഹിത്യം പ്രസവിക്കുന്നതല്ല സിനിമ എന്നു പറയും പോലെ സിനിമയും സാഹിത്യത്തെ പ്രസവിക്കേണ്ടതില്ലെന്ന് അതിനു പറയാം. പോർട്ടുഗീസു സംവിധായകൻ മാനുവൽ ഒലിവേരയുടെ (പുള്ളിയ്ക്ക് പ്രായം നൂറിലധികമായി ) ആഞ്ചലിക്കയിലും - ദ സ്ട്രെയിഞ്ച് കേസ് ഓഫ് ആഞ്ചലിക്ക- ആത്മാവിന്റെ സഞ്ചാരമുണ്ട്. മരിച്ച യുവപ്രഭ്വിയുടെ ചിത്രമെടുക്കാൻ നിയുക്തനായ യുവാവ് അവളുടെ ആത്മാവുമായി പ്രണയത്തിലായി ഒടുവിൽ ‘ഭൌതികമായി’ മരിക്കുന്നതാണ് കഥ. കഴിഞ്ഞ വർഷം ഇതേ സംവിധായകന്റേതായി പ്രദർശിപ്പിക്കപ്പെട്ട സിനിമ - ‘എക്സൻട്രിസിറ്റീസ് ഓഫ് എ ബ്ലോണ്ട് ഗേൾ’ ആയിരുന്നു. പേരിനു തന്നെയുണ്ട് തുടർച്ച. ആഞ്ചലിക്കയിൽ ഒരു സമാധാനമുള്ളത് മരിച്ചു കിടന്ന സ്ത്രീയുടെ അസാധാരണമായ സൌന്ദര്യത്തിൽ വീണുപോയ യുവമനസ്സിന്റെ ഭ്രമാത്മകമായ അവസ്ഥയായി വ്യാഖ്യാനിക്കാനുള്ള പഴുത് സംവിധായകൻ കനിഞ്ഞു നൽകിയിട്ടുണ്ടെന്നുള്ളതാണ്. സംസ്കാരത്തിന്റെ അടിവേരുകളിൽ നിന്ന് കാഴ്ചയുടെ പദാർഥങ്ങൾ വലിച്ചെടുക്കാൻ പ്രതിഭകളുടെ അബോധം തുനിയുമ്പോൾ ആസ്വാദനം കൂടുതൽ ജാഗ്രതകൾ ആവശ്യപ്പെട്ടു തുടങ്ങുന്നു.
ആഞ്ചലിക്കയുടെ ഭൂതകാലമല്ല, അങ്കിൾ ബൂണ്മിയുടെ. (മറ്റൊരു സമാനത. രണ്ടും കാനിലുണ്ടായിരുന്നു, ന്യൂയോർക്കിലും, ടൊറൊന്റോയിലും മെൽബോണിലും ഉണ്ടായിരുന്നു) ആഞ്ചലിക്കയുടെ ഫോട്ടോഗ്രാഫർ നഷ്ടപ്പെട്ടലയുന്നതുപോലെയൊരു കാലത്തിന്റെ കയത്തിലല്ല ബൂണ്മി നഷ്ടപ്പെട്ടു കിടക്കുന്നത്. പല ലയറുകൾ തീർത്തുവച്ച കാലമാണ് ബൂണ്മിയുടെ ജീവിതം ഉള്ളിത്തൊലിപോലെ പിരിച്ച് അവതരിപ്പിക്കുന്നത്. മേളയിലെ ഉച്ചപ്പട വിഭാഗത്തിലെ കബനീനദി ചുവന്നപ്പോൾ എന്ന സിനിമയിലെ മലയാളിയുടെ ഭൂതകാലവും ഫ്യൂഡൽ ഭൂതകാലത്തെ ചീത്തപറഞ്ഞുകൊണ്ടുള്ള നമ്മുടെ ‘സോദ്ദേശ്യ’സിനിമകളും കുഞ്ചാക്കോ കാലഘട്ടത്തിലെ വടക്കൻ വീരഗാഥകളും ചേർത്തുവച്ചാൽ രസകരമായ സമീകരണങ്ങൾക്ക് ദിശാസൂചികൾ കിട്ടും. അങ്ങനെയുള്ള കോപ്പുകൾ കൂടി തരുന്നുണ്ട് ചില സിനിമകൾ.
ഒരു കലാസൃഷ്ടി നമ്മെ സന്തോഷിപ്പിക്കുന്നില്ലെന്നത് അതിന്റെ നിലവാരത്തകർച്ചയുമായി ഏതെല്ലാം തോതിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നത് ശാസ്ത്രീയമായി ആലോചിക്കേണ്ട കാര്യമാണ്. ‘അവാർഡു തുക വർദ്ധിപ്പിച്ചു, അതിനനുസരിച്ചുള്ള മെച്ചം ഉണ്ടാവണേ സംവിധായകന്മാരേ.. ’എന്ന് മനോരമയുടെ സിനിമാപ്പേജ് പായാരം പാടിയിരുന്നു. ഒരു കണക്കിനു ശരിയാണ്, പതിനഞ്ചു വയസ്സു പ്രായമുള്ള ഒരു മേളയിൽ മത്സരിക്കാൻ ‘അഹമഹമികയാ’ ലോകോത്തര സിനിമകൾ വന്നു ക്യൂ നിൽക്കും എന്നു വിചാരിക്കാനൊക്കുമോ? 78 രാജ്യങ്ങളിൽ നിന്ന് 220 ഓളം ചിത്രങ്ങളിൽ കൊള്ളാവുന്ന കുറെ കാണണമെന്നുണ്ടെങ്കിൽ ചിലതൊക്കെ ഒഴിവാക്കണം. എളുപ്പം മത്സര സിനിമകൾ ഒഴിവാക്കുകയാണ്. പക്ഷേ അതോടെ അടഞ്ഞു പോകുന്നത് നവാഗതതെളിച്ചങ്ങളെ അടുത്തറിയാനുള്ള ഒരവസരമായിരിക്കും. മേളകൾ പൊലിക്കേണ്ടത് അന്യഥാ പ്രശസ്തരായ വ്യക്തികളെയാണോ തിരിച്ചറിയേണ്ട പുതുനാമ്പുകളെയാണോ എന്നൊരു ചോദ്യമുണ്ട്. ഗോദാർദ്ദിനെയോ ക്രിസ്റ്റി പിയുവിനെയോ ഇനാറിറ്റുവിനെയോ അറിയാൻ ഇനി ഈ ഡിവിഡികാലത്ത് മേളകളുടെ സന്നാട്ടകൾ ആവശ്യമില്ല. പക്ഷേ കാർലോസ് ഗാവിറിയയുടെ ‘പോട്രൈറ്റ് ഇൻ എ സീ ഓഫ് ലൈസോ’ ജൂലിയ സോളമെനോഫിന്റെ ‘ദ ലാസ്റ്റ് സമ്മർ ഓഫ് ലാ ബോയിറ്റയോ മറ്റെവിടെ നാം ഇനി ഓർത്തെടുത്തു കാണാൻ പോകുന്നത്? മത്സര സിനിമകൾ തലയ്ക്കടിച്ച അനുഭവങ്ങളുണ്ട്. ഡീഗോ ഫ്രീഡിന്റെ ‘വൈൻ’ എന്ന അർജന്റീനിയൻ ചിത്രം കൊള്ളാവുന്ന തലവേദനകേസുകെട്ടാണെന്ന് കിംവദന്തി പരന്നിരുന്നു. ക്യാമറ അടങ്ങിയിരിക്കാതെ ഓടി നടന്നാൽ ചിത്രീകരണത്തിൽ വൈവിധ്യമാകും പക്ഷേ ഇരുട്ടുമുറിയിൽ അഞ്ചാമത്തെ സിനിമയ്ക്കായി നഖം കടിക്കുന്ന മ്ലാനമുഖമുള്ള കാണിയുടെ സ്ഥിതിയെന്താവും? പക്ഷേ, ജെ ദേവിക പറഞ്ഞത് തനിക്ക് ഇഷ്ടപ്പെട്ട പടമാണത് എന്നാണ്. ലൈംഗികജീവിതത്തെയും പ്രണയത്തെയും സിനിമ വ്യാഖ്യാനിക്കുന്ന രീതിയുടെ പുതുമകൊണ്ടാണത് എന്നും. മത്സരചിത്രങ്ങളിൽ ആളുകൾ ഇടിച്ചു കയറിയത് ഒരു വലിയ വീടിന്റെ നിലവറയ്ക്കുള്ളിൽ -അതു വേലക്കാരികളുടെ താമസമുറിയായിരുന്നു-ഒളിച്ചു താമസിക്കുന്ന 3 സ്ത്രീകളുടെ കഥ പറയുന്ന ‘ബറീഡ് സീക്രട്ടി’നാണ്. പുരുഷലോകത്തിന്റെ ചതിയിൽനിന്നും വക്രതയിൽ നിന്നും ഒഴിഞ്ഞുമാറി ജീവിക്കുന്ന സ്ത്രീകളുടെ സ്വകാര്യലോകമാണെന്ന് നമ്മൾ തിരിച്ചറിയുന്നു. പക്ഷേ അതത്ര ശുദ്ധലോകവും അല്ല. ആധിപത്യവും ക്രൂരതയും മറ്റൊരുതരത്തിൽ അവിടെയും നടമാടുന്നുണ്ട്. അലങ്കാരങ്ങളും ലൈംഗിക പ്രണയസുഖങ്ങളും നിഷേധിക്കപ്പെട്ട ഒരു ലോകത്തിൽ നിന്നും ‘മമ്മ’യെ കൊന്ന് അയിഷ പുറം ലോകത്ത് സാകൂതം നടന്നെത്തുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. വാസനകളുടെ നിഷേധത്തെ പ്രതിഷേധാത്മകമായി തന്നെ സമീപിച്ചിരിക്കുകയാണ് ടുണീഷ്യൻ സംവിധായിക രാജ അമരി. സ്ത്രീകൾ ആൺ ലോകവുമായി ബന്ധപ്പെടുന്ന രണ്ടിടത്തും - അവർ നെയ്യുന്ന അലങ്കാരവസ്ത്രങ്ങൾ വിൽക്കാൻ കൊണ്ടു പോകുന്നിടത്തും കാമുകിയെ കാണാനില്ലാതെയാവുമ്പോൾ കൂട്ടുകാരന്റെ പ്രണയിനിയുമായി കിടക്കയിലേയ്ക്കു പോകുന്ന സ്വന്തം കാമുകനെ, സ്ത്രീകൾ പുതുതായി തട്ടിക്കൊണ്ടു വന്ന പെൺകുട്ടി കാണുന്നിടത്തും - സാമ്പത്തികവും വൈകാരികവുമായ തറകളിൽ- തങ്ങളുടേതിൽ നിന്ന് വേറിട്ട ലോകത്തിന്റെ - ഉപരി ലോകത്തിന്റെ - നെറിയില്ലായ്മ അമരി എടുത്തു കാണിച്ചിട്ടുണ്ട്. പക്ഷേ അവ സ്ത്രീകളുടെ ഇരുണ്ട ലോകത്തിന്റെ സാധൂകരണമായിട്ടല്ല, അതിനു സമാന്തരമായി നില നിൽക്കുന്നു എന്നതാണ് സിനിമ നൽകുന്ന സൂചന. ഒന്നു മറ്റൊന്നിനേക്കാൾ മെച്ചമല്ലെന്ന്. ആൺ ലോകം ഈ സിനിമയ്ക്കു ഇടിച്ചു കയറുന്നതിന്റെ പ്രേരണകൾ വ്യക്തമാണ്.
പലതരത്തിൽ നമുക്കിടയിൽ ആവിഷ്ടമായിരിക്കുന്ന ലോകങ്ങളെ സിനിമകൾ കൈകാര്യം ചെയ്യുന്ന വിധം തിയേറ്ററിൽ നിന്ന് തിയേറ്ററിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ ചിലപ്പോൾ വന്നു തൊടും. വാസ്തവമോ അതീതമോ ഗർഭിതമോ സമാന്തരമോ ഒക്കെയായ പലലോകങ്ങൾ. സിനിമയുടെ വിഭ്രാത്മകതകൾക്ക് മാത്രം കഴിയുന്ന വിലോഭനീയതയോടെ. തൊട്ടടുത്തുണ്ടായിരുന്നിട്ടും പലപ്പോഴും നാം ചെന്നിടിച്ച് മൂക്കു മുറിഞ്ഞ ആ കണ്ണാടിലോകങ്ങൾ.. ! അതല്ലേ എല്ലാം. ഉം. ശരിയാണ്.. എങ്കിലും നമ്മുടെ ഗതികിട്ടാത്ത ആലോചനകളെ തിരക്കി തിരശ്ശീലയിൽ നിന്നും ഇറങ്ങിവരുന്ന കൈകുലുക്കങ്ങളെ ഇനിയും നിങ്ങൾ, സ്തുതിഗീതങ്ങൾ എന്നാണോ വിളിക്കുന്നത് ? ഇരുട്ടുമുറിയിലായതു കൊണ്ട് ആരും കാണില്ലെന്നു വച്ച് ? മോശം തന്നെ.
അനു :
“കൊള്ളാം താങ്കൾ പറഞ്ഞ ആ കേവലം കഥ പറച്ചിൽ ഉണ്ടല്ലോ, അതു തന്നെ ഒരു സിനിമയ്ക്ക് ധാരാളമാണ്.”
- വെർണർ ഹെർസോഗ്
December 11, 2010
വായിച്ചറിയുവാന്‍ ഒരു സങ്കടഹര്‍ജി
ഇന്നത്തെ (10-12-2010) മനോരമ പത്രത്തിലെ പഠിപ്പുരയില്‍ ‘നിങ്ങളുടെ സ്കൂളില്‍ അവകാശലംഘനമുണ്ടോ?’ എന്നൊരു ചോദ്യമുണ്ടായിരുന്നല്ലോ. ഇന്നുച്ചയ്ക്ക് കിട്ടിയ ഫ്രീ പിരീഡില്‍ ഞങ്ങള്‍ കുറച്ചുപേര്‍ ഈ വിഷയം ഏതെങ്കിലും അദ്ധ്യാപകര്‍ അസൈന്മെന്റായി തന്നിരുന്നുവെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ ഞങ്ങള്‍ എഴുതുമായിരുന്നു എന്ന് വെറുതേ ആലോചിച്ചു. അങ്ങനെയെങ്കിലും ഞങ്ങളുടെ ഉള്ളിലുള്ള കാര്യങ്ങള്‍ ഇവിടെയുള്ള അദ്ധ്യാപികമാരെ അറിയിക്കാന്‍ അവസരം കിട്ടുമായിരുന്നു. അല്ലാതെ അവസരമില്ല. പറഞ്ഞിട്ടെന്തു ഫലം? അങ്ങനെയൊന്നും ഉണ്ടാവില്ല. ‘നിലവാരം കണക്കിലെടുക്കാതെയുള്ള പഠനരീതിയും കനമുള്ള ബാഗു‘മൊന്നുമല്ല ഞങ്ങളുടെ പ്രശ്നം.
പഠിക്കാത്തതുകൊണ്ടും ഉഴപ്പുന്നതുകൊണ്ടുമുള്ള കുറ്റങ്ങള്‍ കേട്ടു കേട്ട് ജീവിതം തന്നെ മടുത്തിരിക്കുന്ന ഞങ്ങള്‍ക്ക് ഇതൊക്കെ അവകാശ ലംഘനം തന്നെയാണോ എന്നും അറിയില്ല.
എന്തായാലും ഒന്നു കേട്ടു നോക്കുക. ഒരുപാട് കാര്യങ്ങള്‍ക്ക് ദിവസവും പഴി കേള്‍ക്കുന്നതിനാല്‍ ഇക്കാര്യം തുറന്നു പറഞ്ഞതിന്റെ ‘ഗുരുത്വദോഷം’ കൂടി ഞങ്ങളുടെ തലയില്‍ ഇരുന്നോട്ടെ.
1. പത്തുവരെ സ്കൂളുകളില്‍ ഉച്ചയ്ക്കുള്ള ഇടവേള ഒരു മണിക്കൂറായിരുന്നെങ്കില്‍ ഹയര്‍ സെക്കണ്ടറിയില്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് അരമണിക്കൂറേ ഉള്ളൂ. 12.30- ന് ക്ലാസു കഴിഞ്ഞാല്‍ മരണവെപ്രാളത്തോടെ ഓടിപോയി കൈ കഴുകി ഉള്ളതെന്തായാലും വാരിത്തിന്ന് റെഡിയാവണം.
2. ആകെ രണ്ടു വാഷ് ബേയ്സിനേയുള്ളൂ. കൈകഴുകാനുള്ള കുട്ടികളുടെ എണ്ണം മുന്നൂറ്റി അന്‍പതോളം വരും.. ഉച്ചയാവുമ്പോള്‍ അവിടെ തള്ള്, ക്യൂ.. ഇപ്പോള്‍ പുതിയ നിയമം വന്നിട്ടുണ്ട്. അതായത് കൈ കഴുകാം, പാത്രം കഴുകാന്‍ പാടില്ല. സ്കൂള്‍ പരിസരം വൃത്തികേടാവുന്നു. അതുകൊണ്ട് എച്ചില്‍പ്പാത്രവും മിച്ചം വന്നതും കഴുകാതെ പഠിക്കുന്ന പുസ്തകങ്ങളോടൊപ്പം വച്ച് കൊണ്ടുപോകണം. പരിസ്ഥിതി വൃത്തിയായി. ഞങ്ങളുടെ ബാഗ് എച്ചില്‍ ബാഗായിയിരിക്കുന്നു.
3. അദ്ധ്യാപകര്‍ക്ക് തോന്നിയതുപോലെ ക്ലാസില്‍ വരാമെങ്കിലും - വാരാതെയുമിരിക്കാമെങ്കിലും - ഞങ്ങള്‍ സ്കൂള്‍ സമയത്തിനു 5 മിനിട്ട് മുന്‍പേ സ്കൂളില്‍ എത്തിയിരിക്കണം. വഴി മുഴുവന്‍ കുഴിയാണ്, റോഡ് ബ്ലോക്കാണ്, ബസ്സു സമയത്തിനു വന്നില്ല എന്ന ന്യായമൊന്നും പറയാന്‍ പാടില്ല. എന്നല്ല, ഒന്നും തിരിച്ചു പറയാന്‍ പാടില്ല. ലേറ്റായി വരുന്നവരെല്ലാം ബോയ്സിന്റെ കൂടെ കറങ്ങാന്‍ പോയിട്ടു വരുന്നവരാണെന്നാണ് പ്രിന്‍സിപ്പാള്‍ പറയുന്നത്. ചിലപ്പോള്‍ അച്ഛനും അമ്മയ്ക്കും കൂടി ചേര്‍ത്താണ് തെറി. ലേറ്റായി വരുന്നരുടെ പേര് ബുക്കിലെഴുത്ത്, വഴക്കു പറച്ചില്‍ ശിക്ഷ, കരച്ചില്‍... എല്ലാം കൂടി ചേര്‍ന്ന് ക്ലാസില്‍ ചെല്ലുമ്പോള്‍ അവിടെയും ചിലപ്പോള്‍ പുറത്ത് നില്‍ക്കേണ്ടി വരും. അതായത് 5 മിനിട്ട് ലേറ്റാവുന്ന കുട്ടികള്‍ വഴക്കുപറയല്‍, ഗുണദോഷ ചടങ്ങുകളൊക്കെ കഴിഞ്ഞ് ചിലപ്പോള്‍ ക്ലാസിലിരിക്കുന്നത് മൂന്നാമത്തെ പിരീഡായിരിക്കും.
4. സ്കൂളില്‍ എത്തുന്ന കാര്യത്തില്‍ മാത്രമാണ് സമയനിര്‍ബന്ധം. അതുകഴിഞ്ഞാല്‍ പല ആവശ്യങ്ങള്‍ക്കായി കറങ്ങി നടക്കുന്ന കുട്ടികളെ കാണാം. ഹൈസ്കൂളില്‍ ചില ആണ്‍ കുട്ടികളെ ( ഞങ്ങളുടെ സ്കൂളില്‍ ഹൈസ്കൂള്‍ വരെ ആണ്‍ കുട്ടികള്‍ ഉണ്ട്, ഹയര്‍ സെക്കണ്ടറി പെണ്‍കുട്ടികള്‍ക്കു മാത്രം) ക്ലാസിനു പുറത്തോ ഓഫീസിനു വെളിയിലോ നിര്‍ത്തിയിരിക്കുന്നതു കാണാം. ദിവസം മുഴുവന്‍ അവരെ അവിടെ നിര്‍ത്തിയിരിക്കും.
5. ലീഡര്‍മാരുടെ പ്രധാന ജോലി ക്ലാസിലുള്ള കുട്ടികളുടെ പ്രേമം കണ്ടെത്തുകയാണ്. ഒരു കുട്ടി ആരെ നോക്കി ചിരിച്ചു, ബസ്സില്‍ ആരുടെ അടുത്താണ് നില്‍ക്കുന്നത്, ട്യൂട്ടോറിയല്‍ കോളേജില്‍ ആരോടു സംസാരിക്കുന്നു ഇതൊക്കെ ചെന്നു ടീച്ചറോടു പറഞ്ഞുകൊടുക്കണം. അല്ലെങ്കില്‍ വഴക്കു കിട്ടും. നല്ല ലീഡറാവാന്‍ ഇതൊക്കെ ചെയ്യണം. അതുകൊണ്ട് ക്ലാസില്‍ എല്ലാവരും എല്ലാവരെയും സംശയിക്കുന്നു. ക്ലാസിലിരുന്ന് ഒരു തമാശപറയാന്‍ പോലും ആര്‍ക്കും കഴിയില്ല. എപ്പോള്‍ ആരുടെ തലയില്‍ ഇടിവീഴും എന്നു പറയാന്‍ പറ്റില്ലല്ലോ.
6. ഏതെങ്കിലും കുട്ടിയുടെ നാവില്‍ നിന്ന് ആരുടെയെങ്കിലും പേരു വീണു കിട്ടിയാല്‍ പൂരമാണ് പിന്നെ. ചോദ്യം ചെയ്യാന്‍ പ്രിന്‍സിപ്പാള്‍ വിളിപ്പിക്കും. സ്കൂള്‍ സമയം കഴിഞ്ഞും നീളും ചോദ്യം ചെയ്യല്‍. അപ്പോള്‍ ക്ലാസില്‍ പോകേണ്ടതില്ല. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ മതി. സ്വന്തം കാര്യം മാത്രമല്ല. മറ്റു കുട്ടികളുടെ പ്രേമത്തെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും പറഞ്ഞുകൊടുക്കണം. കണ്ടെത്തിയ പ്രേമങ്ങളുടെ നീണ്ട ലിസ്റ്റ് അവരുടെ കൈയ്യിലുണ്ട്. അവിടെ വരുന്ന എല്ലാവരെയും അതു കാണിക്കും.
7. സ്കൂള്‍ അസംബ്ലിയിലും സ്കൂളില്‍ നടക്കുന്ന പരിപാടികളിലും കുട്ടികളില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ പ്രിന്‍സിപ്പാള്‍ മൈക്കിലൂടെ പറയും. ഇത് നാണം കെടുത്തുന്ന പരിപാടിയാണ്. കുട്ടിയുടെ പേരു പറയാറില്ലെങ്കിലും കൂട്ടുകാര്‍ക്കും അവരോടൊപ്പം ഉള്ള അച്ഛനമ്മമാര്‍ക്കും ആ കുട്ടിയെ അറിയാമായിരിക്കും. ഇങ്ങനെ ഒരു കാര്യത്തിനു പേര് മൈക്കിലൂടെ പറഞ്ഞതിന്റെ പേരില്‍ ഒരു കുട്ടിക്ക് മനശ്ശാസ്ത്ര ചികിത്സ വേണ്ടി വന്നു.
8. ചില ടീച്ചര്‍മാരും ചോദ്യം ചെയ്യാറുണ്ട്. സ്കൂളില്‍ പ്രേമം പിടിക്കുന്ന പരിപാടിയാണ് മുഖ്യം. പഠിപ്പിക്കലിന് അത്ര പ്രാധാന്യമില്ല. സ്റ്റാഫ് റൂമില്‍ ചെന്നാല്‍ ചിലപ്പോള്‍ ചില കുട്ടികള്‍ക്ക് ‘റാഗിംഗ്’ നേരിടേണ്ടി വരും. “ഇന്നു നിന്റെ മറ്റേയാളിനെ കണ്ടില്ലേ? അയാള്‍ എന്തു ഷര്‍ട്ടാണ് ഇട്ടുകൊണ്ട് വന്നിരിക്കുന്നത്? നീ നന്നായി നോക്കിയോ, എന്താണ് മുഖത്തൊരു ദുഃഖം? ... (ഏതെങ്കിലും സിനിമാതാരത്തിന്റെയോ പുരാണ കഥാപാത്രത്തിന്റെയോ പേരു്..) ..കണ്ടിട്ട് മൈന്‍ഡ് ചെയ്തില്ലേ? അയാള്‍ നിന്നെ മറന്ന് മറ്റാരെങ്കിലും കണ്ടെത്തിയോ? ” ഇതൊക്കെയാണ് ചോദ്യങ്ങള്‍. എന്നിട്ട് ടീച്ചര്‍മാരെല്ലാം കൂടി കൂട്ട ചിരി. ക്ലാസില്‍ വന്നും ചിലര്‍ ഇതൊക്കെ കാണിക്കാറുണ്ട്. ഇവര്‍ പ്രേമിക്കാന്‍ പ്രേരിപ്പിക്കുകയല്ലേ ചെയ്യുന്നത്? എന്നിട്ട് അതു കുറ്റമായി എല്ലാവരോടും പറഞ്ഞു നടക്കും.
9. അച്ഛനോ അമ്മയോ കാണാന്‍ വരുമ്പോള്‍ ടീച്ചര്‍മാര്‍ പറയുന്നത് ‘ഇവള്‍ എപ്പഴും ആലോചിച്ചുകൊണ്ടിരിക്കുന്നു. പഠിക്കുന്നില്ല. ഇവള്‍ക്ക് ചികിത്സ വേണം’ എന്നാണ്. ‘ആലോചിച്ചുകൊണ്ടിരിക്കുന്നു’ എന്നു പറഞ്ഞാല്‍ അവള്‍ ആരെയോ പ്രേമിക്കുന്നു എന്നാണ്. പിന്നെ അമ്മമാര്‍ക്ക് സംശയമായി. അവര്‍ക്ക് അതു സഹിക്കാന്‍ പറ്റില്ല. അതോടെ അമ്മയോട് എന്തു പറഞ്ഞാലും ദേഷ്യം പിടിക്കും. ഞങ്ങളെ സംശയിക്കാന്‍ തുടങ്ങും.
10. ചായ കുടിച്ച ഗ്ലാസു കഴുകുക, ഇരിക്കാനുള്ള കസേര തുടപ്പിക്കുക, തുടങ്ങിയ പരിപാടികളും ഉണ്ട്, ടീച്ചര്‍മാര്‍ക്ക്. പലപ്പോഴും സ്നേഹത്തോടെയാണ് പറയുന്നത്. ദേഷ്യത്തോടെ പറയുന്നവരും ഉണ്ട്. നിഷേധിക്കാന്‍ പറ്റില്ല. നിഷേധി എന്ന പേരു കേള്‍ക്കേണ്ടി വരും. എല്ലാത്തിനും ഇമ്പോസിഷന്‍ കിട്ടും. ടീച്ചര്‍മാര്‍ ചെയ്യേണ്ട ജോലികള്‍ ഞങ്ങളെക്കൊണ്ട് ചിലപ്പോള്‍ ചെയ്യിക്കും. മാര്‍ക്കു ലിസ്റ്റ് വായിച്ചു കൊടുക്കുക. ഉത്തരക്കടലാസിലെ മാര്‍ക്കെഴുതുക, റിപ്പോര്‍ട്ട് കാര്‍ഡിലെ മാര്‍ക്കും മറ്റും എഴുതി കൊടുക്കുക, നോട്ടീസ് കൊണ്ടു കൊടുക്കുക...അങ്ങനെ അങ്ങനെ. ചെയ്തു കൊടുത്താല്‍ കുറച്ചു നാള്‍ വഴക്കു പറച്ചില്‍ ഇല്ല. പ്രിന്‍സിപ്പാളിന്റെയും ടീച്ചര്‍മാരുടെയും പ്രിയപ്പെട്ട കുട്ടിയാവാം.
11. ഇതൊന്നും സാരമില്ല, ഞങ്ങളൊക്കെ പിച്ചക്കാരികളാണെന്ന മട്ടില്‍ ടീച്ചര്‍മാര്‍ സംസാരിക്കും അതാണ് സഹിക്കാന്‍ പറ്റാത്തത്. ഒരു അദ്ധ്യാപിക ക്ലാസില്‍ പറഞ്ഞത് നിന്നെയൊക്കെ പഠിപ്പിക്കാനല്ല ഞാന്‍ വരുന്നത് ശമ്പളം കിട്ടും അതുകൊണ്ടാണെന്നാണ്. ഞങ്ങളെ വിശേഷിപ്പിക്കാന്‍ ഒരു ചീത്തപ്പേരും അവര്‍ ഉപയോഗിച്ചു. ദേഷ്യം കൊണ്ടല്ല. അവര്‍ ആത്മാര്‍ത്ഥമായി തന്നെ പറഞ്ഞതാണ്. കാരണം അവര്‍ പഠിപ്പിക്കാനേയല്ല ക്ലാസില്‍ വരുന്നത്. അവര്‍ പഠിപ്പിച്ചാല്‍ ഞങ്ങള്‍ക്ക് ഒന്നും മനസ്സിലാകുകയും ഇല്ല. ഇങ്ങനെ മനോഭാവമുള്ള ഒരാള്‍ ആത്മാര്‍ത്ഥമായി പഠിപ്പിക്കുമോ? ചില അദ്ധ്യാപികമാര്‍ മറ്റു ടീച്ചേഴ്സിനെ കുറ്റം പറയും. ------- സാറിനോട് സംസാരിച്ചാൽ ചീത്തയായി പോകും എന്നൊക്കെ. അതാണ് അവര്‍ പഠിപ്പിക്കുന്ന പാഠം.
12. സി ഇ മാര്‍ക്ക് കുറയ്ക്കുമെന്നും കോണ്ടക്ട് സര്‍ട്ടിഫിക്കറ്റില്‍ ബാഡ് എന്നെഴുതി ഭാവി തുലയ്ക്കുമെന്നും ടി സി തരുമെന്നും ഞങ്ങളെ അദ്ധ്യാപികമാര്‍ ഭീഷണിപ്പെടുത്താറുണ്ട്. സി ഇ മാർക്ക് നല്ലവണ്ണം കുറ്ച്ചിട്ട ടീച്ചർ മാരുണ്ട്. ചോദിച്ചപ്പോൾ തെറ്റിപ്പോയതാണെന്ന് പറഞ്ഞു. ചില കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വളരെ ഭയമുണ്ട്. ക്ലാസില്‍ സംശയം ചോദിച്ചാലും അതങ്ങനെയാണോ എന്ന് തിരിച്ചു ചോദിച്ചാലും ഭീഷണിയാണ്. അതു കുറച്ചു ദിവസം നീണ്ടു നില്‍ക്കും. ഏതെങ്കിലും ടീച്ചറിനു ഒരു കുട്ടിയോടു ഇഷ്ടക്കേടുണ്ടായാല്‍ പിന്നെ ആ കുട്ടിയുടെ കാര്യം പോക്കാണ്. എന്തു ചെയ്താലും അതിനെ വഴക്കു പറഞ്ഞുകൊണ്ടിരിക്കും.
13. ചില ടീച്ചര്‍മാര്‍ക്ക് ചില കുട്ടികളെ ഇഷ്ടമാണ്. പക്ഷേ ടീച്ചര്‍മാര്‍ക്കു തമ്മില്‍ തമ്മില്‍ വഴക്കുണ്ട്. അതിന്റെ ഫലം പാവം ഞങ്ങളാണ് അനുഭവിക്കേണ്ടത്. ഒരു ടീച്ചറിന്റെ പെറ്റായ കുട്ടിയെ കാണുന്നത് മറ്റേ ടീച്ചറിനു കലിയാണ്..അതുകൊണ്ട് ആ ക്ലാസില്‍ ആ കുട്ടി എന്തു ചെയ്താലും കുറ്റമാണ്. വെറുതെ വഴക്കു പറഞ്ഞുകൊണ്ടിരിക്കും. കണ്ണീരു കണ്ടാല്‍ പോലും ചില അദ്ധ്യാപികമാര്‍ക്ക് ദയയുണ്ടാവില്ല. വഴക്കു പറഞ്ഞു കൊണ്ടിയിരിക്കും. എന്തെങ്കിലും മനസ്സിലാവണ്ടേ? അതിന്റെ കൂടെ വഴക്കും. രണ്ടു ദിവസം മുന്‍പ് ഏതോ കരിയര്‍ ഗൈഡന്‍സുകാര്‍ ഒരു സ്ലിപ്പു കൊണ്ടു വന്ന് പൂരിപ്പിക്കാന്‍ പറഞ്ഞു, അതിലൊരു ചോദ്യമുണ്ടായിരുന്നു, നിങ്ങളെ ഏറ്റവും സ്വാധീനിച്ച വ്യക്തി ആര്? അതിനൊരു കുട്ടി ഒരു ടീച്ചറിന്റെ പേരെഴുതി മറ്റൊരു ടീച്ചറിന്റെ പേരെഴുതിയില്ല എന്നും പറഞ്ഞ് അതിനും കിട്ടി ഞങ്ങള്‍ക്ക് വഴക്ക്. അദ്ധ്യാപികമാര്‍ക്ക് എന്തോ മാനസികക്കുഴപ്പമുണ്ടെന്നു തോന്നും ഒരു കാര്യവുമില്ലാതെ അവര്‍ ദേഷ്യം കൊണ്ട് തുള്ളിച്ചാടിക്കൊണ്ടിരിക്കുന്നതു കണ്ടാല്‍. കാരണം ഒന്നും പറയുകയും ഇല്ല.
14. എക്സ്ട്രാ ക്ലാസുകള്‍ ഞങ്ങള്‍ക്ക് പേടി സ്വപ്നമാണ്. ശനിയും ഞായറുമൊക്കെ ഞങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍ വക എക്സ്ട്രാക്ലാസുകളാണ്. അവധി ദിവസങ്ങളിലും എക്ട്രാക്ലാസാണ്, പോയില്ലെങ്കില്‍ വീട്ടില്‍ വിളിച്ച് പരാതി പറയും. പിന്നെ തുടര്‍ച്ചയായി ചോദ്യം ചെയ്യും. അതു പേടിച്ച് എല്ലാവരും പോകും. എന്നാല്‍ പോര്‍ഷന്‍ ഒരിഞ്ചു പോലും മുന്നോട്ടു പോകുന്നില്ല. പ്രിന്‍സിപ്പാളിനു പഠിപ്പിക്കാന്‍ സമയമില്ലാത്തതുകൊണ്ട് ഞങ്ങള്‍ അവധികള്‍ ഇല്ലാതെ ചെന്നിരുന്നുകൊടുക്കണം. ക്ലാസെടുപ്പൊന്നുമില്ല. വെറും വാചകമടിമാത്രം. മണിക്കൂറുകളോളം നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കും. അതില്‍ പഠിക്കാനുള്ള ഒന്നും ഉണ്ടാവില്ല. ഞങ്ങള്‍ വെറുതേ കേട്ടുകൊണ്ടിരിക്കണം. അങ്ങോട്ടും ഇങ്ങോട്ടും നോക്കിക്കൂടാ, കോട്ടുവായിട്ടുകൂടാ, പുറത്തേയ്ക്ക് നോക്കിക്കൂടാ, ഉറങ്ങിക്കൂടാ, അനങ്ങാതെ ബാഗും പിടിച്ച് പാവകളെപ്പോലെ രാവിലെ മുതല്‍ ഓരോ സെക്കന്റും എണ്ണി കഴിച്ചുകൂട്ടും. അപ്പോള്‍ തോന്നും, ജീവിതം എന്ത് ബോറാണ്!
15. ഇപ്പോള്‍ സ്കൂളില്‍ പുതിയൊരു നിയമം കൂടി വന്നു. നാട്ടില്‍ സ്ത്രീ പീഡനം വര്‍ദ്ധിച്ചു വരുന്നതിനാല്‍ ആണ്‍ അദ്ധ്യാപകരോട് (അവര്‍ ആണുങ്ങളാണ്. ആകെ നാലുപേരേയുള്ളൂ സ്കൂളില്‍) ഞങ്ങള്‍ ക്ലാസിനു പുറത്തു വച്ച് സംസാരിക്കാന്‍ പാടില്ല. അവരുടെ സ്റ്റാഫ് റൂമില്‍ പോകാന്‍ പാടില്ല. എന്തു സംശയവും ക്ലാസില്‍ വച്ചു തന്നെ തീര്‍ക്കണം. ക്ലാസ് മുറിയില്‍ നടക്കുന്ന രഹസ്യങ്ങളൊക്കെ ഞങ്ങള്‍ അവരോട് പറയുമോ എന്നായിരിക്കും പേടി. എന്നാല്‍ പെണ്‍ ടീച്ചര്‍മാരുടെ സ്റ്റാഫ് റൂമില്‍ പോയി തന്നെ സംശയങ്ങള്‍ തീര്‍ക്കണം. അദ്ധ്യാപകരുടെ അടുത്തു നിന്ന് പെണ്‍കുട്ടികള്‍ സംസാരിക്കുന്നു. തോളില്‍ കൈയ്യിടുന്നില്ലെന്നേയുള്ളൂ, എന്നൊക്കെ പ്രിന്‍സിപ്പാള്‍ ക്ലാസ് പി ടി എയ്ക്കു വന്ന അമ്മമ്മാരോട് പറയുന്നു. രക്ഷാകര്‍ത്താക്കള്‍ ചോദിച്ച ചോദ്യത്തിനൊന്നും ഉത്തരമില്ല. എല്ലാമറിയാവുന്ന വൃദ്ധയുടെ ഗൂഢമായ മന്ദസ്മിതത്തില്‍ തന്ത്രപൂര്‍വം ഒളിപ്പിച്ചു വച്ചിരിക്കുന്നു, അവര്‍ എല്ലാം.
16. പിന്നെയുമുണ്ട് നിയമങ്ങള്‍. ക്ലാസില്‍ വച്ച് കൈപൊക്കാന്‍ പാടില്ല. ക്ലാസു കഴിഞ്ഞ് പുറത്തിറങ്ങാന്‍ പാടില്ല. കാരണം താഴെ നിന്ന് ആണ്‍കുട്ടികള്‍ മൊബൈലില്‍ ഫോട്ടോ എടുക്കും. എന്നും ഒരേ ബസ്സില്‍ കയറാന്‍ പാടില്ല. കാരണം ആണ്‍ കുട്ടികളെ എന്നും കണ്ടാല്‍ പ്രേമമാകും. തൊട്ടിരിക്കാനും കൊഞ്ചിക്കുഴയാനും പാടില്ല. തൊട്ടടുത്ത് ബോയ്സ് സ്കൂളായതിനാല്‍ മുന്‍പേ തന്നെ സ്കൂള്‍ ഗ്രൌണ്ടിലൊന്നും പോകാന്‍ പാടില്ല. ഇപ്പോള്‍ ക്ലാസിനു പുറത്തിറങ്ങാനും അവിടെ നില്‍ക്കാനും പാടില്ലെന്ന നിയമം വന്നതോടെ സ്കൂള്‍ ഒരു ജയില്‍ ആയി. അന്‍പതില്‍ കൂടുതല്‍ കുട്ടികളാണ് ഈ ജയിലില്‍. സിനിമകളില്‍ പോലും ഇതിനേക്കാള്‍ വലിയ മുറിയാണ് ജയില്‍. അതിലിത്രയും തടവുകാരെ ഒരു സമയം ഇടില്ല.
17. രണ്ടു ദിവസം മുന്‍പ് നടന്ന ഞങ്ങളുടെ ക്ലാസ് പി ടി എ സ്കോര്‍ കുറഞ്ഞതിനു കുറ്റം കുറ്റം തന്നെ. ടീച്ചര്‍മാര്‍ക്ക് ഒരു കുഴപ്പവുമില്ല. ഒരു കുട്ടിയ്ക്ക് നല്ല സ്കോര്‍ ഏതിനെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ അതു ടീച്ചര്‍ വെറുതേ കൊടുത്തത്. ഗ്രേഡു മോശമായത് കുട്ടി പഠിക്കാത്തതുകൊണ്ട്. അതു സാരമില്ല. “നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടിയാണ് ഇപ്പോള്‍ മോശമായിരിക്കുന്നത്.. ഇങ്ങനെ പോയാല്‍ ഇവള്‍ തോല്‍ക്കും.” ഇതാണ് അച്ഛനമ്മമാരോട് പറയാന്‍ ടീച്ചര്‍മാര്‍ റെക്കോഡു ചെയ്തു വച്ചിരിക്കുന്ന വാക്യം. വല്ലാത്ത ക്രൂരതയാണിത്. ഒന്നുരണ്ട് ടീച്ചര്‍മാരെപ്പറ്റി കുറ്റം പറയാന്‍ എഴുന്നേറ്റവരെ അതൊന്നും ഇവിടെ പറയണ്ട എന്നു പറഞ്ഞ് ഇരുത്തി. ഒരു മണിക്കൂറോളം ക്ലാസെടുത്ത പ്രിന്‍സിപ്പാളിന് പഠനം മെച്ചപ്പെടുത്തുന്നതിനെപ്പറ്റി ഒന്നും പറയാനില്ല. പരാതികള്‍ക്ക് മറുപടി ഇല്ല. പകരം സ്കൂളിലെ പെണ്‍കുട്ടികളുടെ സ്വഭാവം ചീത്തയാണെന്ന് മാത്രമാണ് എല്ലാ ക്ലാസിലും വിളിച്ചു പറഞ്ഞത്. പെണ്‍കുട്ടികള്‍ കൊഞ്ചുകയും കുഴയുകയും ചെയ്യുന്നു. ആണ്‍കുട്ടികളുടെ തോളില്‍ കൈയിടുന്നില്ലെന്നു മാത്രം ബാക്കിയെല്ലാം ചെയ്യുന്നുണ്ട്. ആണുങ്ങളുടെ മൊബൈലില്‍ എല്ലാം ഇവിടുള്ള പെണ്‍കുട്ടികളുടെ പടമാണ്. ചില പെണ്‍കുട്ടികള്‍ വിസിലടിക്കുന്നു, ആരുടെയൊക്കെയോ കൂടെ കാറില്‍ കേറി പോകുന്നു, ഐസ്ക്രീം കുടിക്കാന്‍ പോകുന്നു. ബൈക്കിന്റെ പിന്നില്‍ മോശമായ രീതിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നു. അതൊന്നും ശരിയല്ല. നമ്മുടേത് അമേരിക്കയല്ല. കേരളത്തിന്റെ സംസ്കാരം നമ്മള്‍ പുലര്‍ത്തണം. ആരാണ് ഇതൊക്കെ ചെയ്തതെന്ന് ചോദിച്ചിട്ട് മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ പി ടി എ മീറ്റിംഗ് കഴിഞ്ഞതിനു ശേഷം വീട്ടിലും അടിയന്തിരാവസ്ഥയാണ്.. ആരും ഒന്നും മിണ്ടുന്നില്ല. ‘നീ പറഞ്ഞത് കേട്ടാല്‍ മതി. പഠിക്കാന്‍ പോയാല്‍ പഠിച്ചാല്‍ മതി മറ്റൊന്നും നീ ചിന്തിക്കണ്ട, അതിനൊക്കെ വേറെ ആളുകള്‍ ഇവിടുണ്ട്..’ എന്നൊക്കെയാണ് ഉഗ്രശാസനം.
ഇടയ്ക്ക് സ്കൂളില്‍ ഒരു കൌണ്‍സിലര്‍ വന്നിരുന്നു. ചില കാര്യങ്ങള്‍ തുറന്നു പറയാമെന്നു മനസ്സിലായത് അപ്പോഴാണ്. കേള്‍ക്കാനാളുണ്ടാവുമ്പോഴല്ലേ പറയാനും ആളുണ്ടാവൂ.. ഒന്നോരണ്ടോ കുട്ടികള്‍ ചെയ്ത തെറ്റിനു ഒരു സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ മുഴുവന്‍ പീഡനം അനുഭവിക്കേണ്ടി വരില്ലേ? അതാണിവിടെ സംഭവിക്കുന്നത്. അദ്ധ്യാപകര്‍ക്ക് കുട്ടികളെ അറിയില്ലെങ്കില്‍ അവരുടെ ജീവിതം ദുരന്തമാവില്ലേ? അതാണ് ഇവിടെയും. പറഞ്ഞതില്‍ ഏതൊക്കെയാണ് അവകാശ ലംഘനം എന്ന് ഞങ്ങള്‍ക്ക് അറിയില്ല. എന്തായാലും പെണ്‍കുട്ടികളായി ജനിക്കുന്നത് ശാപമാണെന്ന് ഇവിടെ വന്നതിനു ശേഷമാണ് കൂടുതലായി മനസ്സിലാവുന്നത്. തൊട്ടടുത്തുള്ള സ്കൂളിലെ ആണ്‍കുട്ടികള്‍ക്ക് ഒരു കുഴപ്പവുമില്ല. ഇവിടെ അവര്‍ ഇഷ്ടം പോലെ കറങ്ങി നടക്കുന്നുണ്ട്. അത്രയും ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം കുറയുന്നു. അധികം താമസിക്കാതെ ഞങ്ങളില്‍ ആര്‍ക്കെങ്കിലും ഭ്രാന്തുവരും. പേരെഴുതി വച്ച് ആത്മഹത്യ ചെയ്താല്‍ ചിലപ്പോള്‍ ഒരു സ്കൂളിന്റെ കാര്യം പുറത്തറിയുമായിരിക്കും. എന്നിട്ടും എന്തു പ്രയോജനം? അയിരൂപ്പാറ സ്കൂളില്‍ മരണം നടന്നു കഴിഞ്ഞിട്ടും അദ്ധ്യാപകരുടെ പെരുമാറ്റത്തിലൊന്നും ഒരു മാറ്റവും വന്നിട്ടില്ലല്ലോ..ഞങ്ങളുടെ വിധി!
( നഗരത്തിലെ മറ്റു പെണ്‍പള്ളിക്കൂടങ്ങളിലെ സ്ഥിതിയും ഇതൊക്കെ തന്നെയാണ്. ഇതെങ്ങാനും പ്രസിദ്ധീകരിച്ചോ അല്ലാതെയോ സ്കൂളിലെ ആരെങ്കിലും കണ്ടാല്‍ പിന്നെ നേരെ കിണറ്റില്‍ ചാടിയാല്‍ മതി. ഇതിങ്ങനെ പ്രസിദ്ധീകരിക്കാതെ ഇതില്‍ പറഞ്ഞ കാര്യങ്ങളില്‍ എന്തെങ്കിലും വാസ്തവമുണ്ടോ എന്നു പരിശോധിച്ച് അതൊരു റിപ്പോര്‍ട്ടായി മെട്രോയിലോ പെണ്മയിലോ പ്രസിദ്ധീകരിച്ചാല്‍ പഠിപ്പിസ്റ്റുകളും ടീച്ചേഴ്സ് പെറ്റുകളും സ്പൈകളും പോമറേനിയനുകളുമായ കുറച്ചു കുട്ടികളുടെ മുഖം ചുളിക്കല്‍ ഒഴിച്ച് ബാക്കി ഈ സ്കൂളിലെ 300-ല്‍ അധികം വരുന്ന ‘പാവം’ പെണ്‍കുട്ടികളുടെ ആത്മാര്‍ത്ഥമായ സ്നേഹവും ആശംസയും മനോരമയോടൊപ്പം എന്നും ഉണ്ടാവും. മറ്റുള്ള സ്കൂളില്‍ എന്തു നടക്കുന്നു എന്ന് അറിയാനും അതു വഴിയൊരുക്കും. ‘വാടരുതീ മലരുകള്‍’ എന്നൊക്കെ മനോരമ ലേഖനം എഴുതിയതല്ലേ? അങ്ങനെ മാത്രമല്ല, ഇങ്ങനെയും സ്കൂളുകളില്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ വാടുന്നുണ്ട്. അതു മനസ്സിലാക്കും എന്നു വിചാരിക്കുന്നു.
എന്ന് ...
സ്നേഹത്തോടെ,
- ഞങ്ങള്‍,
..................സ്കൂളിലെ പന്ത്രണ്ടാം തരത്തില്‍ പഠിക്കുന്ന ചില ‘നിഷേധി’കളായ വിദ്യാര്‍ത്ഥിനികള്‍.
- പെണ്ണുങ്ങളായി ജനിച്ചതുകൊണ്ട് സ്വാതന്ത്ര്യം നഷ്ടപ്പെടുന്നവര്‍)
( P S : ഭാഷ മാറ്റിയിട്ടുണ്ട്. ബാക്കിയെല്ലാം കുട്ടികള്‍ എഴുതിയതും പറഞ്ഞതുമായ കാര്യങ്ങളാണ്)
December 3, 2010
മരിച്ച മനുഷ്യരുടെ വഴി -ചിനുഅ അചെബെ
വിചാരിച്ചതിനേക്കാളൊക്കെ നേരത്തേ മൈക്കൽ ഒബിയുടെ ആശകൾ പൂവണിഞ്ഞു. 1949 ജനുവരി ഒന്നാം തീയതി അദ്ദേഹം എൻഡ്യൂമെ സെൻട്രൽ സ്കൂളിലെ ഹെഡ്‌മാസ്റ്ററായി നിയമിതനായി. വികസനമൊട്ടും ഇല്ലാതെ കിടന്ന സ്കൂളാണ്. അതുകൊണ്ടാണ് അധികാരികൾ ഊർജ്ജസ്വലനായ ഒരു യുവാവിനെ തന്നെ അങ്ങോട്ടയയ്ക്കാൻ തീരുമാനിച്ചത്. ഒബി പുതിയ ഉത്തരവാദിത്വത്തെ സന്തോഷത്തോടെ സ്വീകരിച്ചു. പുതുപുത്തൻ ആശയങ്ങൾ കുറെയധികം തലയിൽ കൊണ്ടുനടന്നയാളാണ് ഒബി. കൈവന്നിരിക്കുന്നത് അതെല്ലാം പ്രായോഗിക തലത്തിൽ കൊണ്ടു വരാനുള്ള അവസരവും. ഔദ്യോഗിക രേഖകളിൽ ‘നല്ല അദ്ധ്യാപകൻ’ എന്നു എഴുതിയിടാൻ തക്കവിധം മെച്ചപ്പെട്ട സ്കൂൾ വിദ്യാഭ്യാസം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ മേഖലയിലുള്ള മറ്റു ഹെഡ്‌മാസ്റ്റർമാരിൽ നിന്ന് അദ്ദേഹത്തെ മാറ്റി നിർത്തിയ ഘടകമിതാണ്. കൂടുതൽ പേരും അവിടെ നല്ല വിദ്യാഭ്യാസം ഇല്ലാത്തവരോ ഇടുങ്ങിയ ചിന്താഗതിക്കാരോ ആണ്. ആ പഴഞ്ചൻ വാധ്യാന്മാരോടുള്ള അതൃപ്തി അദ്ദേഹം ഉറക്കെ തുറന്നു തന്നെ സംസാരിച്ചിരുന്നു പലപ്പോഴും.
“ഈ ജോലി നമ്മൾ നന്നായി ചെയ്യും ഇല്ലേ?” തന്റെ ഉദ്യോഗക്കയറ്റത്തെ സംബന്ധിച്ച സന്തോഷകരമായ വാർത്ത കേട്ട അവസരത്തിൽ അദ്ദേഹം ഭാര്യയോട് ചോദിച്ചു.
തങ്ങളെക്കൊണ്ട് കഴിയുന്നത്ര ഭംഗിയായി തന്നെ അത് ചെയ്യുമെന്ന് അവൾ മറുപടി പറഞ്ഞു. “മനോഹരമായ ഉദ്യാനങ്ങൾ ഉണ്ടാക്കണം. അതുപോലെ പുതിയ ഒട്ടേറെ കാര്യങ്ങൾ കൊണ്ടു വരണം”. രണ്ടു വർഷത്തെ അവരുടെ വിവാഹ ജീവിതത്തിനിടയിൽ ഒബിയുടെ ഭാര്യ, ആധുനിക രീതികളോടുള്ള അദ്ദേഹത്തിന്റെ താത്പ്പര്യത്താലും അദ്ധ്യാപന മേഖലയിലുള്ള കാലഹരണപ്പെട്ട പഴഞ്ചൻ വിശ്വാസികളായ ആളുകളെ തരം താഴ്ത്തുന്ന അദ്ദേഹത്തിന്റെ സംഭാഷണരീതിയാലും നന്നായി സ്വാധീനിക്കപ്പെട്ടിരുന്നു. കുട്ടികളെ പഠിപ്പിക്കുന്നതിനേക്കാൾ ശോഭിക്കുക ഒനിട്ഷാ ചന്തയിലെ കച്ചവടത്തിലാണ് പഴമക്കാർ ശോഭിക്കുക, കുട്ടികളെ പഠിപ്പിക്കുന്നതില്ലല്ല. യുവാവായ സ്കൂൾ തലവന്റെ ബഹുമാനിതയായ ഭാര്യയായി അവർ സ്വയം പരിഗണിക്കാൻ തുടങ്ങിയിരുന്നു. സ്കൂളിലെ റാണി.
മറ്റധ്യാപകരുടെ ഭാര്യമാർക്ക് അവളുടെ പദവിയിൽ അസൂയ തോന്നണം. എല്ലാത്തിലും അവൾ ഒരു പുതുമ കൊണ്ടു വരും..... പെട്ടെന്ന് അവിടെ മറ്റുള്ള ഭാര്യമാർ ഉണ്ടെന്ന കാര്യം തന്നെ അവളിൽ നിന്നു മാഞ്ഞു പോയി. പ്രതീക്ഷയ്ക്കും ഭയത്തിനും ഇടയിൽ ചാഞ്ചാടിക്കൊണ്ട് അവൾ ആകാംക്ഷയോടെ ഭർത്താവിനെ നോക്കി.
“നമ്മുടെ എല്ലാ സഹപ്രവർത്തകരും യുവാക്കളും അവിവാഹിതരുമാണ്.” അവൾക്ക് മനസ്സിലാക്കാൻ കഴിയാത്ത പ്രത്യേക സന്തോഷത്തോടെ അയാൾ പറഞ്ഞു. “അത് നല്ലൊരു കാര്യമാണ്”. അയാൾ തുടർന്നു.
“എന്തുകൊണ്ട്?”
“എന്തുകൊണ്ടെന്നോ? അങ്ങനെയെങ്കിൽ അവർ കഴിവു മുഴുവനും എപ്പോഴും സ്കൂളിനായി വിനിയോഗിക്കില്ലേ?” അയാൾ ചോദിച്ചു.
നാൻസിയ്ക്ക് എന്തോ പെട്ടെന്ന് നിരാശതോന്നി. കുറച്ചു നിമിഷങ്ങൾ അവൾക്ക് പുതിയ സ്കൂളിനെപ്പറ്റിയൊരവിശ്വാസം മനസ്സിൽ വന്നു നിറഞ്ഞു. പക്ഷേ, കുറച്ചു നിമിഷങ്ങൾ മാത്രം. അവളുടെ വ്യക്തിപരമായ ചെറിയ ദൌർഭാഗ്യം, ഭർത്താവിന്റെ നിറഞ്ഞ അഭിലാഷങ്ങൾക്കു നേരെ കണ്ണടച്ചുപിടിക്കാൻ അവളെ പ്രേരിപ്പിച്ചില്ല. കസേരയിൽ മടങ്ങിയിരിക്കുന്ന അയാളെ അവൾ നോക്കി. അല്പം കുനിഞ്ഞ ചുമലുകളുള്ള മനുഷ്യനാണ് അയാൾ. ഒറ്റനോട്ടത്തിൽ ക്ഷീണിതൻ. പക്ഷേ ചില നേരങ്ങളിൽ വല്ലാത്ത ശാരീരികമായ ഊർജ്ജം പ്രസരിപ്പിച്ചുകൊണ്ട് അയാൾ ആളുകളെ അദ്ഭുതപ്പെടുത്തുന്നു. ഇപ്പോഴത്തെ ഇരിപ്പിൽ അയാളുടെ തുളച്ചുകയറുന്ന അസാധാരണമായ ആഴക്കണ്ണുകൾക്കു പിറകിൽ അയാൾക്കുള്ള എല്ലാ ശാരീരികമായ കരുത്തും പിൻ വാങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നാണ് തോന്നുക. 26 വയസ്സേ ഉള്ളൂ, തോന്നിക്കുന്നത് മുപ്പതിലധികം. മൊത്തത്തിൽ തീരെ ഭംഗിയില്ലാത്തവനല്ല, ഒബി.
“ നിന്റെ ചിന്തകൾക്ക് ഒരു പെനി, മൈക്ക്” സ്ത്രീകളുടെ ഒരു മാസികയിൽ വായിച്ച വാക്യം ഓർത്തുകൊണ്ട് കുറച്ചു സമയത്തിനു ശേഷം നാൻസി പറഞ്ഞു. “ഒരു സ്കൂൾ എങ്ങനെ നടത്തണമെന്ന് ഇക്കൂട്ടർക്ക് കാണിച്ചുകൊടുക്കാൻ നമുക്ക് മികച്ച ഒരവസരമാണ് കൈ വന്നിരിക്കുന്നു എന്നാണ് ഞാൻ വിചാരിക്കുന്നത്”.
അക്ഷരാർത്ഥത്തിൽ തന്നെ എൻഡൂം സ്കൂൾ വളരെ പിന്നാക്കമാണ് പലകാര്യത്തിലും. സ്കൂളിനെ നന്നാക്കിയെടുക്കാനുള്ള മുഴുവൻ സമയപ്രവർത്തനത്തിൽ ഒബി മുഴുകി. അയാളുടെ ഭാര്യയും അതു തന്നെ ചെയ്തു. രണ്ടു ലക്ഷ്യങ്ങളായിരുന്നു അയാൾക്ക്. മികച്ചരീതിയിലുള്ള പഠനത്തിന് ഊന്നൽ കൊടുക്കുക. സ്കൂൾ പരിസരം അതീവ മനോഹരമാക്കിത്തീർക്കുക. മഴക്കാലം തുടങ്ങിയതോടെ നാൻസിയുടെ സ്വപ്നത്തിലുണ്ടായിരുന്ന ഉദ്യാനം യാഥാർത്ഥ്യമായി, പൂവിട്ടു. പൂത്തുലഞ്ഞ ചെമ്പരത്തിപ്പൂക്കളുടെയും അരളികളുടെയും തിളങ്ങുന്ന ചുവപ്പും മഞ്ഞയും അയൽപ്പക്കങ്ങളിലെ പുല്ലാനിപ്പൊന്തകളിൽ നിന്ന് സ്കൂൾ മുറ്റത്തിന്റെ അതിർത്തിയെ പ്രത്യേകം എടുത്തുകാട്ടി.
ഒരു സായാഹ്നത്തിൽ സ്വന്തം പ്രയത്നത്തെ തലകുലുക്കി അഭിനന്ദിച്ചുകൊണ്ട് പരിസരം നോക്കി ഒബി നിൽക്കുമ്പോൾ ഗ്രാമത്തിലെ പ്രായം ചെന്ന ഒരു സ്ത്രീ വേച്ചു വേച്ച് സ്കൂൾ മുറ്റം മുറിച്ചുകടക്കുന്നത് മാരിഗോൾഡ് ചെടികളുടെ ഇടയിലൂടെ കണ്ടു. അയാൾക്ക് അസ്വസ്ഥത തോന്നി. ചെന്നുനോക്കുമ്പോൾ മുൾക്കാടുകൾക്കിടയിലൂടെ സ്കൂൾ മുറ്റം മുറിച്ചു കടന്നുപോകുന്ന, മിക്കവാറും ഉപയോഗിക്കാതെ ആളുകൾ ഉപേക്ഷിച്ചു കഴിഞ്ഞ ഒരു വഴിയുടെ ചില അടയാളങ്ങൾ അവിടെ.
‘ഞാൻ അദ്ഭുതപ്പെട്ടുപോയി’ - പിന്നീട് ഒബി മൂന്നു വർഷമായി ആ സ്കൂളിലുള്ള ഒരു അദ്ധ്യാപകനോട് പറഞ്ഞു. “നിങ്ങൾ ഗ്രാമത്തിലുള്ളവരെ ഈ വഴി ഉപയോഗിക്കാൻ അനുവദിച്ചിരിക്കുകയാണ്. അല്ലേ? അതു അസംബന്ധമാണ്”
“ആ വഴി” -ക്ഷമാപണത്തിന്റേതു പോലുള്ള സ്വരത്തിൽ അദ്ധ്യാപകൻ പറഞ്ഞു. “ അധികം ഉപയോഗിക്കാത്തതാണെങ്കിലും ഗ്രാമവാസികൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതാണ് ഗ്രാമചൈത്യത്തെയും പൊതുശ്മശാനത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നത്.”
“അതിനു സ്കൂളിപ്പോൾ എന്താണ് ചെയ്യേണ്ടത്?” സ്കൂൾതലവൻ ചോദിച്ചു.
“എനിക്കറിയില്ല”. ചുമലുകൾ ചുരുക്കിക്കൊണ്ട് അദ്ധ്യാപകൻ പറഞ്ഞു. “ പക്ഷേ ഒരിക്കൽ ഞങ്ങളത് അടയ്ക്കാൻ ശ്രമിച്ചപ്പോൾ വലിയ ഒരു കൂട്ടം ആളുകൾ ബഹളം വച്ചുകൊണ്ടു വന്നത് ഞാൻ ഓർക്കുന്നുണ്ട്.”
“അത് കുറച്ചുകാലങ്ങൾക്കു മുൻപ്. ഇനി ആ വഴി ആരും ഉപയോഗിക്കരുത്”. നടന്നു പോകുന്നതിനിടക്ക് ഒബി പറഞ്ഞു. “ഇതിങ്ങനെ കിടക്കുന്നതു കണ്ടാൽ അടുത്തയാഴ്ച സ്കൂൾ പരിശോധനയ്ക്കു വരുന്ന വിദ്യാഭ്യാസഓഫീസർ എന്തായിരിക്കും വിചാരിക്കുക? പരിശോധനയ്ക്കിടയ്ക്ക്, ഗ്രാമത്തിലുള്ളവരെല്ലാം അവരുടെ പ്രാകൃതമതാചാരങ്ങൾക്ക് സ്കൂൾ മുറി ഉപയോഗിച്ചോട്ടെയെന്നോ ”
രണ്ടു കനത്ത മരത്തൂണുകൾ വഴി സ്കൂൾ മുറ്റത്തേയ്ക്ക് തുറക്കുന്നവിടെയും അവസാനിക്കുന്നവിടെയുമായി ഉടൻ സ്ഥാപിക്കപ്പെട്ടു. അവ കമ്പികളാൽ ചുറ്റി വരിഞ്ഞ് കൂടുതൽ ശക്തമാക്കി.
മൂന്നു ദിവസത്തിനു ശേഷം ഗ്രാമപുരോഹിതൻ ഹെഡ്മാസ്റ്ററെ കാണാനായി വന്നു. കുറച്ചു കൂനുള്ള വളരെ വയസ്സായ മനുഷ്യനായിരുന്നു അദ്ദേഹം. ബലമുള്ള തടിച്ച ഒരു ഊന്നു വടി അദ്ദേഹം കൈയിൽ പിടിച്ചിരുന്നു. ആ കമ്പ് തറയിൽ ഉറക്കെ തട്ടാനായിട്ടാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. വാദങ്ങളിൽ തന്റെ അഭിപ്രായം ഒന്നുറപ്പിച്ചു പറയുമ്പോൾ അല്ലെങ്കിൽ പുതിയ ആശയം അവതരിപ്പിക്കുമ്പോൾ. അപ്പോഴെല്ലാം അദ്ദേഹം ഇത് ആവർത്തിച്ചു.
“ഞങ്ങളുടെ പൂർവകരുടെ നടപ്പാത ഈയിടെ അടച്ചു എന്നു കേട്ടല്ലോ?” പതിവു ഉപചാരങ്ങൾക്കു ശേഷം പുരോഹിതൻ ചോദിച്ചു. അതെയെന്ന് ഒബി പറഞ്ഞു. “സ്കൂൾ മൈതാനം ആളുകൾ നടവഴിയാക്കുന്നത് ഞങ്ങൾക്ക് അനുവദിക്കാൻ പറ്റില്ല.”
“നോക്കൂ മകനെ”- ഊന്നു വടി കൊണ്ട് താഴെ ഒന്നു തട്ടി പുരോഹിതൻ പറഞ്ഞു.” ഈ വഴി നീ ജനിക്കും മുൻപേ, നിന്റെ അച്ഛൻ ജനിക്കും മുൻപ് ഇവിടുണ്ടായിരുന്നു. ഗ്രാമത്തിലെ ജീവിതം മുഴുവൻ ഇതിനെ ആശ്രയിച്ചാണിരിക്കുന്നത്. മരിച്ചു പോയ ബന്ധുക്കൾ ഇതിൽ കൂടിയാണ് ഞങ്ങളെ വിട്ടു പിരിഞ്ഞത്. പൂർവികർ ഈ വഴിയാണ് ഞങ്ങളെ കാണാൻ വരുന്നത്. അതിനേക്കാളൊക്കെ പ്രധാനം ജനിക്കാൻ പോകുന്ന കുട്ടികൾ ഇതുവഴിയാണ് എത്തുന്നത്.”
സംതൃപ്തമായ ഒരു പുഞ്ചിരി വിരിഞ്ഞു, അദ്ദേഹത്തിന്റെ വാക്കുകൾ സശ്രദ്ധം കേട്ടിരുന്ന ഒബിയുടെ മുഖത്ത്.
“സ്കൂളു കൊണ്ട് സാധിക്കേണ്ട ലക്ഷ്യങ്ങളെ മുഴുവൻ ഇതു പോലുള്ള അന്ധവിശ്വാസങ്ങൾ വച്ചുകൊണ്ട് തള്ളിക്കളയാൻ പറ്റുമോ?” അവസാനം ഒബി പറഞ്ഞു. “മരിച്ചവർക്ക് നടവഴിയൊന്നും വേണ്ട. ഈ പറഞ്ഞ ആശയം മൊത്തം ഉഡായിപ്പാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ കേട്ടാൽ ആർത്തു ചിരിക്കാൻ വേണ്ടി കുട്ടികളെ പഠിപ്പിക്കുകയാണ് ഞങ്ങളിവിടെ ചെയ്യുന്നത്.”
“നിങ്ങൾ പറഞ്ഞതു സത്യമായിരിക്കും” പുരോഹിതൻ പറഞ്ഞു. “പക്ഷേ ഞങ്ങൾ ഞങ്ങളുടെ പ്രപിതാക്കന്മാരുടെ ആചാരങ്ങൾ പിന്തുടരുന്നു. വഴി തുറന്നു തരികയാണെങ്കിൽ വഴക്കടിക്കാനായി ഒന്നുമില്ല. ഞാൻ എപ്പോഴും പറയാറുള്ളതുപോലെ, കഴുകനും ഇര തേടട്ടേ, പരുന്തും ഇരതേടട്ടെ.”
അദ്ദേഹം പോകാനായി എഴുന്നേറ്റു.
ഇക്കാര്യത്തിൽ തനിക്കുള്ള വിഷമം ഹെഡ്‌മാസ്റ്റർ പുരോഹിതനെ അറിയിച്ചു.” എങ്കിലും സ്കൂൾ പരിസരത്തെ പൊതുവഴിയാക്കാൻ പറ്റില്ല. അതു ഞങ്ങളുടെ നിയമങ്ങൾക്കെതിരാണ്. മൈതാനം ഒഴിവാക്കി, നിങ്ങൾ മറ്റൊരു വഴി നിർമ്മിക്കണം. ഇവിടുള്ള ആൺകുട്ടികൾ അതിനു നിങ്ങളെ സഹായിക്കും. ഒരല്പം വളഞ്ഞു പോക്കേണ്ടി വരുന്നത് പ്രപിതാക്കൾ വലിയ ഭാരമുള്ള സംഗതിയായി കണക്കാക്കുമെന്നു എനിക്കു തോന്നുന്നില്ല.”
“കൂടുതലൊന്നും എനിക്കു പറയാനില്ല.” വൃദ്ധനായ പുരോഹിതൻ പറഞ്ഞു. അയാൾ പുറത്തിറങ്ങി.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഗ്രാമത്തിൽ പ്രസവക്കിടക്കയിൽ വച്ച് ഒരു യുവതി മരിച്ചു. സന്ദർശിച്ചവരോട് ഗ്രാമപുരോഹിതൻ ആവശ്യപ്പെട്ടത് പൂർവികരെ അപമാനിക്കുന്ന തരത്തിൽ വഴിക്കെട്ടിയടച്ചതിനുള്ള പ്രതിഫലമാണ്. പൂർവികർക്കു വേണ്ടി അനുഷ്ഠിക്കേണ്ട മഹത്തായ ത്യാഗം വേണമെന്ന്.
തൊട്ടടുത്ത ദിവസം ഒബി സ്വന്തം പ്രയത്നങ്ങളുടെ നഷ്ടാവശിഷ്ടങ്ങൾക്കിടയിൽ ഉറക്കമുണർന്നു. വഴിയരികിലുണ്ടായിരുന്നവ മാത്രമല്ല, സ്കൂളിനു ചുറ്റുമുണ്ടായിരുന്ന മനോഹരമായ ചെടിപ്പടർപ്പുകൾ മുഴുവൻ നശിപ്പിക്കപ്പെട്ടിരുന്നു. ചവിട്ടിയരയ്ക്കപ്പെട്ട പൂക്കൾ അവിടെമാകെ ചിതറിക്കിടന്നു. സ്കൂൾ കെട്ടിടങ്ങളിലൊന്ന് തകർന്ന് നിലം പൊത്തിക്കിടന്നു.
ആ ദിവസമാണ് വെള്ളക്കാരനായ സൂപ്പർവൈസർ സ്കൂൾ പരിശോധനയ്ക്കെത്തിയത്. സ്കൂളിന്റെ അവസ്ഥ നേരിട്ടു കണ്ട അയാൾ എഴുതാവുന്നതിൽ വച്ച് ഏറ്റവും മോശം റിപ്പോർട്ടെഴുതി. അതിൽ ഗൌരവത്തോടെ കൂട്ടിച്ചേർത്തിരുന്നതിതാണ് : ‘പുതിയ ഹെഡ്‌മാസ്റ്ററുടെ തെറ്റായ നയങ്ങൾ കാരണം സ്കൂളും ഗ്രാമവുമായുള്ള ബന്ധം വഷളായി ഒരു കലാപത്തിനുള്ള സാഹചര്യം ഉടലെടുത്തിട്ടുണ്ട്.’
ചിനുഅ അചെബെ : (1930- ) ആഫ്രിക്കൻ എഴുത്തുകാരിൽ പ്രസിദ്ധൻ. നൈജീരിയയിലെ ഒബിദിയിൽ സ്കൂളദ്ധ്യാപകന്റെ മകനായി ജനിച്ചു. ഇംഗ്ലണ്ടിൽ നിന്ന് നൈജീരിയയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ സ്വതന്ത്ര ബയാഫ്രയ്ക്ക് വേണ്ടി വാദിക്കുകയും നിരവധി രാജ്യങ്ങൾ ആനുകൂല്യം തേടി സന്ദർശിക്കുകയും ചെയ്തു. ബയാഫ്ര നാഷണൽ ഗൈഡൻസ് കമ്മറ്റിയുടെ ചെയർമാനായിരുന്നു. 1970-ഓടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി എഴുത്തിലുമാത്രമായി ശ്രദ്ധയൂന്നിതുടങ്ങി. 1958 -ലാണ് ആദ്യ നോവൽ ‘എല്ലാം ശിഥിലമാകുന്നു’ പുറത്തുവന്നു. അതോടെ പ്രസിദ്ധനായി. പാശ്ചാത്യവഴികൾ പിന്തുടരുന്ന ആഫ്രിക്കൻ പൈതൃകത്തിന്റെ തകർച്ചയാണ് നോവലിന്റെ പ്രമേയം. പിന്നീടു വന്ന നോവലുകളിലെല്ലാം അച്ചെബേ ഈ പ്രമേയം പിന്തുടർന്നു.
Subscribe to:
Posts (Atom)