ജി ആർ ഇന്ദുഗോപന്റെ ‘ആനോ‘ കഴിഞ്ഞ ലക്കത്തോടെ (101:21)അവസാനിച്ചു.
ബഹുകാര്യവ്യഗ്രമായ
ജീവിതത്തിനിടയിൽ മുറതെറ്റാതെ വായിച്ച ഭാഗങ്ങൾ തുടർച്ചയായി
ഓർത്തുവയ്ക്കുന്നതു പ്രയാസമായതുകൊണ്ട് ആഴ്ചതോറും ഖണ്ഡങ്ങളായി
മുറിഞ്ഞുവരുന്ന നോവലുകൾ വായിക്കുക പതിവില്ലെന്നും നോവൽ പുസ്തകമായി വരുന്നത്
കാത്തിരിക്കുകയാണെന്നും പലരും പറയുന്നത് കേട്ടിട്ടുണ്ട്. മുറിഞ്ഞും
മറന്നും പോയ കഥാഭാഗങ്ങൾ വായിക്കാൻ പഴയ ലക്കങ്ങൾ തപ്പുന്നത് അനാവശ്യമായ
അദ്ധ്വാനമാണ്. ‘ആനോ‘യ്ക്ക് ആ പ്രശ്നമുണ്ടായിരുന്നില്ല. ഓരോ ലക്കവും
വായിക്കാനെടുക്കുമ്പോൾ കഴിഞ്ഞയാഴ്ച വായിച്ചു നിർത്തിയ ഭാഗം കൃത്യമായി
ഓർത്തുവയ്ക്കാൻ കഴിയുന്നതരം ഏകാഗ്രത ഇന്ദുഗോപൻ എഴുത്തിൽ സൂക്ഷിച്ചിരുന്നു.
അത് ആഖ്യാനത്തിന്റെ സവിശേഷതകൂടിയാണ്. മുന്നിൽ കഥ കേൾക്കാനിരിക്കുന്ന
മനസുകളിൽ ഇപ്പോഴും അവശേഷിക്കുന്ന പ്രാകൃതമായ വാസനകളെ പരിഗണിച്ചുകൊണ്ടുള്ള
പറച്ചിൽരീതിയുടെ വിശേഷഗുണം. തൊട്ടടുത്തുതന്നെ എന്തോ സംഭവിക്കാൻ പോകുന്നു
എന്ന ഭാവപരമായ മുറുക്കം ഇന്ദുഗോപന്റെ സവിശേഷമായ ശൈലിയാണ്. ഇരുട്ടിൽ,
തീകുണ്ഡത്തിനു മുന്നിലിരുന്നു, ആംഗ്യവിക്ഷേപങ്ങളോടെ പിരിമുറുക്കത്തിന്റെ
ചരടു മുറിയാതെ കഥ പറയുന്ന പഴയ വിദഗ്ധനായ പറച്ചിലുകാരന്റെ സന്നാഹങ്ങൾ
‘ആനോ‘യിൽ സ്വാഭാവികമായിതന്നെ ഇന്ദുഗോപൻ കൈക്കൊണ്ടിരുന്നു.
മറ്റൊരു
പ്രദേശത്ത് ആകസ്മികമായി ലഭിച്ച ഒരു ആനയുടെ അസ്ഥിക്കൂടത്തിനു ചുറ്റുമായി
ഭാവനകൊണ്ട് കെട്ടിയുയർത്തിയ കഥമാത്രമായിരുന്നില്ല, ആനോ. വളരെ മുൻപു നടന്ന
കഥയിൽ ചരിത്രത്തെയും ഭാവനയെയും പഴുതകളടച്ച് ഇന്ദുഗോപൻ കൂട്ടിക്കലർത്തി.
ഇന്ത്യയുടെ തെക്കേ മുനമ്പിൽനിന്ന് കടലുകടന്ന് ഇറ്റലിവരെ പോകുന്ന
യാത്രയ്ക്കുവേണ്ട എല്ലാ സജ്ജീകരണങ്ങളോടെയും വിശദാംശങ്ങളോടെയുമായിരുന്നു
എഴുത്ത്. അതിനേക്കാൾ പ്രധാനം അഞ്ചു നൂറ്റാണ്ടോളം പിന്നിൽ നിൽക്കുന്ന
കാലത്തിൽക്കൂടിയുമായിരുന്നു ആ യാത്ര എന്നുള്ളതാണ്. പ്രതികാരവും ചതിയും
അവഹേളനവും സാഹസികതയും അതിജീവനവുമൊക്കെതന്നെയാണ് കഥയുടെ ഉള്ളിൽ. അതിനു
പുറത്തെ പാളിയിൽ അധികാരവും മതവും പ്രണയവും വിധേയത്വവും ഭക്തിയും
വിശ്വാസവും, അതിനും പുറത്താണ് ചരിത്രത്തിന്റെയും ഭൂവിജ്ഞാനീയത്തിന്റെയും
പുരാവസ്തുശാസ്ത്രത്തിന്റെയും അടരുകൾ. തത്വചിന്തയുടെയും ജീവിതപാഠങ്ങളുടെയും
നരവംശശാസ്ത്രത്തിന്റെയും ജന്തുശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും
കലയുടെയും സാഹിത്യത്തിന്റെയുമെല്ലാം പല വിധത്തിലുള്ള ചേരുവകൾ ഉള്ളടക്കത്തെ
നിറം പിടിപ്പിക്കുകയും ചെയ്യുന്നു. വാചിക പാരമ്പര്യങ്ങളിൽക്കൂടി പ്രചരിച്ച
ക്ലാസിക് കൃതികളുടെ പ്രാചീനമായ ആഖ്യാനസമ്പ്രദായത്തിന് ഇത് അറകളായി
വിഭജിക്കാൻ സാധ്യമല്ലാത്ത ജ്ഞാനവിജ്ഞാനങ്ങളുടെ സമഗ്രതയെക്കുറിച്ചുള്ള
കാഴ്ചപ്പാടിന്റെ ഭാഗമാണ്. എന്നാൽ ഉള്ളടക്കത്തിന്റെ കാര്യത്തിൽ നോവലിസ്റ്റ്
ബോധപൂർവം സ്വീകരിച്ച ജ്ഞാനമാതൃകകളുടെ ഈ കലർപ്പ് ഉത്തരാധുനികമായ
ഭാവുകത്വമണ്ഡലം സാധ്യമാക്കിയ വഴക്കവുമാണ്.
താൻ ചെറിയ
കാര്യങ്ങളുടെയും സംഭവങ്ങളുടെയും ആവേദകനാണ് എന്ന ഭാവമാണ് പൊതുവേ
ഇന്ദുഗോപന്റെ ആഖ്യാനശൈലിക്കുള്ളത്. സങ്കീർണ്ണത തീണ്ടാത്ത ഈ ചെറുതുകൾ
നോക്കിയിരിക്കെ വായനയിലോ അതിനുശേഷമുള്ള സമയങ്ങളിലോ വലുതാകുന്നു. അറുപതു
വർഷങ്ങൾക്കു മുൻപ് വത്തിക്കാനിലെ ബെൽവീദുയ ലൈബ്രറി പരിസരം നവീകരണത്തിനായി
കുഴിച്ചപ്പോൾ കിട്ടിയ വലിയ അസ്ഥികൂടത്തിൽനിന്നും ഭാവനകൊണ്ട്
ഉരുത്തിരിച്ചെടുത്ത ‘ആനോ‘യുടെയും ചീരന്റെയും കഥ, ചരിത്രത്തെ
വാറ്റിക്കുറുക്കിയെടുത്ത് മുന്നിൽ വച്ചുകൊണ്ട് ജീവിതത്തെപ്പറ്റി വലിയ
പാഠങ്ങളാണ് സംസാരിച്ചത്. കാര്യമായ ഗൃഹപാഠവും വിശ്രമമില്ലാത്ത
പ്രയത്നവുമില്ലാതെ ഇത്തരമൊരു ആഖ്യാനവിസ്മയം സാധ്യമല്ല. ഏതു മികച്ച
നോവലിനോടൊപ്പവും ചേർത്തുവയ്ക്കാവുന്ന വിശേഷണമാണിതെങ്കിലും
കാലാന്തരയാത്രയ്ക്കൊപ്പം ദേശാന്തരതയും ചരിത്രബോധവും ജീവിതപാഠങ്ങളും
എഴുത്തുകാരന്റെ അദ്ധ്വാനത്തെ സമാന്തരങ്ങളില്ലാത്ത
സാഹസികതയാക്കിയിട്ടുണ്ടാവുമെന്നുതന്നെയാണ് വിശ്വാസം. നോവലിനെ വിശേഷതരമാക്കിത്തീർക്കുന്നതിൽ അതും പങ്കുവഹിച്ചിട്ടുണ്ട്.
മാതൃഭൂമി ആഴ്ചപ്പതിപ്പ്, വായനക്കാർക്കുള്ള കത്തുകൾ, 2023 ഓഗസ്റ്റ് 20-26
No comments:
Post a Comment