August 21, 2011

കോലങ്ങളുടെ തിരക്കഥ1980 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് കെ എസ് സേതുമാധവൻ - എം ടി കൂട്ടുകെട്ടിന്റെ ‘ഓപ്പോളി‘നായിരുന്നു. മികച്ച രണ്ടാമത്തെ ചിത്രം ഭരതൻ സംവിധാനവും ജോൺപോൾ തിരക്കഥയും രചിച്ച ‘ചാമര’ത്തിനും. കെ ജി ജോർജ്ജിന്റെ ‘കോലങ്ങൾ’ക്ക് ആ വർഷത്തെ മികച്ച സഹനടിക്കുള്ള (ചന്തമറിയം - രാജം കെ നായർ) ഒരവാർഡ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കൂട്ടത്തിൽ കോലങ്ങളായിരുന്നു മികച്ച ചിത്രമെന്നും താൻ ജൂറിയിലുണ്ടായിരുന്നെങ്കിൽ അതിനെയായിരിക്കും നല്ല ചിത്രമായി തെരെഞ്ഞെടുക്കുകയെന്നും ജോൺപോൾ അഭിപ്രായപ്പെട്ടത് വിവാദത്തിനു തിരിപിടിപ്പിച്ചു. അല്ലെങ്കിൽ അവാർഡുകൾ എന്നാണ് വിവാദത്തിനു വഴിമരുന്നിടാതിരുന്നിട്ടുള്ളത്? പക്ഷേ കോലങ്ങളെക്കുറിച്ച് നല്ല അഭിപ്രായം തന്നെയായിരുന്നു ഭരതനും അടൂർ ഗോപാലകൃഷ്ണനും സേതുമാധവനുമുണ്ടായിരുന്നതെന്ന് ‘കോലങ്ങൾ പിറന്ന വഴി’ എന്ന ആമുഖ ലേഖനത്തിൽ ജോൺ പോൾ എഴുതുന്നു. എന്നുവച്ചാൽ പച്ചമനുഷ്യരുടെ ജീവിതപശ്ചാത്തലത്തിൽ കാട്ടിയ ആലേഖനസൂക്ഷമതയും മാധ്യമപരമായ കൈയടക്കവും ഗ്രഹണപടുത്വമുള്ള ആളുകൾ അന്നേ ശ്രദ്ധിച്ചിരുന്നു എന്നു തന്നെ. നിറം പിടിപ്പിച്ച അതിശയലോകത്തിൽ നിന്ന് ഇറങ്ങി മലയാള സിനിമ യഥാതഥമായ ഭൂമികകളിൽ കാലുറച്ചു നിൽക്കാനുള്ള പുനരാലോചന തുടങ്ങിയ കാലമായിരുന്നു. വർണ്ണശബളമല്ലാത്ത ഗ്രാമീണദാരിദ്ര്യങ്ങൾക്ക് കറുപ്പും വെളുപ്പുമെന്ന പാരമ്പര്യശീലത്തിൽ നിന്നുള്ള ഇറങ്ങി നടപ്പും കോലങ്ങൾ നടപ്പാക്കി. ചിത്രം കളറായിരുന്നു. താൻ സിനിമ കൺസീവ് ചെയ്തതു തന്നെ വർണ്ണത്തിലാണെന്ന് കെ ജി ജോർജ്ജ് ഏറ്റു പറഞ്ഞിട്ടുണ്ട്. ദരിദ്രവും ഏകതാനവുമായ ജീവിതത്തെ നിറം പിടിപ്പിക്കുന്നത് മനുഷ്യപ്രകൃതിയിലെ വൈവിധ്യങ്ങളാണല്ലോ. മോഹങ്ങളും ഇഷ്ടങ്ങളും വഴക്കങ്ങളും സ്വപ്നങ്ങളും അസൂയയും അഹമ്മതിയും ഏഷണിയും കാലുഷ്യങ്ങളും മത്സരങ്ങളും തിടമ്പേറ്റി തുള്ളുന്ന പ്രകൃതിയെയാണ് അങ്ങനെ ജോർജ്ജ് ഒപ്പിയെടുത്തത്. നന്മകൾ മാത്രം കുടികൊള്ളുന്ന ഒരു ഭാവനാത്മക ഗ്രാമത്തെയല്ല.

തിരിഞ്ഞു നോക്കുമ്പോൾ സാമ്പ്രദായിക ധാരണയിൽ ഇന്നും പുലർന്നുപോരുന്ന മൂല്യസഞ്ചയങ്ങളുടെ ഇരിപ്പിടമായ ഗ്രാമം എന്ന സങ്കൽ‌പ്പത്തെ കോലങ്ങൾ അട്ടിമറിച്ച കാഴ്ച ശ്രദ്ധേയമാണ്. പി ജെ ആന്റണിയുടെ ‘ഒരു ഗ്രാമത്തിന്റെ ആത്മാവ്’ എന്ന നോവലിനെ ആസ്പദമാക്കി ജോർജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കോലങ്ങൾ. ഇതേ നോവലിനെ ആന്റണി നാടകമാക്കിയപ്പോൾ നൽകിയ പേര്, ‘ മൂന്നു പെണ്ണുങ്ങളും കുറേ നാട്ടുകാരും’ എന്നായിരുന്നു. കുഞ്ഞമ്മ, ലീല, ദേവയാനി എന്നീ പെൺകുട്ടികളുടെ ജീവിതം സമൂഹത്തിന്റെ സദാചാരജാഗ്രതകൾ കുട്ടിച്ചോറാക്കിയതെങ്ങനെ എന്നതിന്റെ വിചാരിപ്പാണ് സിനിമയുടെ കാതൽ. കുഞ്ഞമ്മയെ സ്നേഹിച്ച ചെറിയാന് അവളെ കിട്ടാത്തത് അയാൾ വരത്തനായിരുന്നെന്ന ഒറ്റ ദോഷത്താലാണ്. അയാൾ അവൾക്കുവേണ്ടി കൂടി പണിത വീടു കാണാൻ അയാളുടെ ക്ഷണപ്രകാരം ഒരിക്കൽ ചെന്നത്, അവളുടെ ചാരിത്ര്യത്തെപ്പറ്റിയുള്ള തത്പരകക്ഷികളുടെ ദൂഷണത്തിനു കണക്കിന് മരുന്നിട്ടു കൊടുത്തു. നിവൃത്തിയില്ലാതെ കുഞ്ഞമ്മയ്ക്ക് രണ്ടാം കെട്ടുകാരനും മുൻ ഭാര്യയെ ചവിട്ടിക്കൊന്നവനുമായ കള്ളുവർക്കിയുടെ ഭാര്യയാകേണ്ടി വരുന്നു. നഗരത്തിന്റെ ആകർഷണവലയത്തിലേയ്ക്ക് എടുത്തു ചാടി ദുഷിച്ചുപോയതാണ് ലീലയുടെ ദുരന്തം. ഒളിഞ്ഞു നോട്ടക്കാരനായതിനാൽ നാട്ടിലെ സ്ത്രീകളുടെ രഹസ്യ മറുകുകൾ അറിയാവുന്ന പരമുവിന്റെ ഏഷണിയിൽ നശിച്ചുപോയതാണ് ദേവയാനിയുടെ ജീവിതം. സിനിമയുടെ അവസാനം ഒരു ഭ്രാന്തിയായി എല്ലാവരെയും കൊല്ലുമെന്ന് നിസ്സഹായമായ ഭീഷണിമുഴക്കി അവൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഫലത്തിലിത് തിരിച്ചിട്ട മൂല്യങ്ങളുടെ ദുരന്തയാത്രയാണ്. ശുദ്ധാത്മാക്കളായ സ്ത്രീകൾ സദാചാരവിചാരണകളിൽ കുറ്റമൊന്നും ചെയ്യാതെ വേവുകയും കുറ്റവാളികളായ വിചാരിപ്പുകാർ മൂല്യവിചാരത്തിന്റെ മുഖമറയ്ക്കുള്ളിൽ വിശുദ്ധാത്മാക്കളായി ചിരിക്കുകയും ചെയ്യുന്ന കെട്ടകാലത്തിന്റെ കോലമാണ് സിനിമ ചിത്രീകരിക്കുന്നത്. ആണത്താധികാരങ്ങളാണ് സദാചാരവിചാരിപ്പുകൾക്കുള്ളിലുള്ളത്. അതിനു ഗ്രാമ-നഗര ഭേദമില്ല. സാക്ഷര - നിരക്ഷര വ്യത്യാസമില്ല. തന്റെ സ്ഥലം കൈയേറിയവനെ വൃഷണത്തിൽ പിടിച്ച് നിരായുധനാക്കുകയും ഉറക്കെ സംസാരിക്കുകയും ചെയ്യുന്ന ചന്തമറിയയുടെ വിമതസ്വരം പോലും ദീനമാവുന്നുണ്ട് ഒടുവിൽ. ആത്യന്തികജയം നന്മയുടേതെന്ന് ഉരുവിട്ടു പഠിച്ച വായ്ത്താരികളുടെ ഗതിയും ശ്രുതിയും തെറ്റിച്ചുകൊണ്ടാണ് ചലച്ചിത്രത്തിന്റെ അവസാനത്തിൽ ആസുരമായ ചിരികൾ വീണുരുളുന്നത്. ഇത്തരം സന്ദർഭങ്ങളിൽ നാം കൂട്ടുപിടിച്ചു പഴകിയ വിധി സങ്കൽ‌പ്പത്തിനു നേരെ കൂർത്ത പരിഹാസവും സിനിമ ഉയർത്തുന്നുണ്ട്. ചായക്കടക്കാരൻ കേശവൻ കാക്കയെ എറിയുന്ന കല്ല് അവന്റെ തലയിൽ തന്നെ പതിക്കുന്ന ദൃശ്യമാണ് അതിലൊന്ന്. ഏഷണികൊണ്ട് വിവാഹം മുടക്കുന്നവർ മാത്രമല്ല, നല്ല മനുഷ്യരുടെ നിവൃത്തികേടുകളും മറ്റുള്ളവരുടെ ദുരന്തത്തിനു വരി കൊടുക്കുന്നുണ്ട്. ചെറിയാനുമായുള്ള ബന്ധവും മറിയത്തിന്റെ വാശിയും പത്രോസിന്റെ മരണവും പൈലിയുടെ സ്നേഹവും വർക്കിയുടെ കാമവും ഒത്തുച്ചേർന്നാണ് കുഞ്ഞമ്മയെ തകർക്കുന്നത്. ഇത്രയധികം തേർചക്രങ്ങളുരുളാൻ ഒരു പതിനാറു വയസ്സുകാരി ചെയ്തപാതകം എന്താണ്, ദരിദ്രയും നിസ്സഹായയും ആയ ഒരു പെൻ കുട്ടിയായി ജനിച്ചു. അത്രമാത്രം. സമാനമായ ചെറിയാന്റെ ദുരന്തത്തിനോ? കുട്ടിശങ്കരൻ നായരുടെ സംശയമാണ് ദേവയാനിയെ ഭ്രാന്തിയാക്കുന്നത്. അനാഥയായി തെരുവിലേയ്ക്കിറക്കി വിടുന്നത്. ലീലയെ കൂട്ടിക്കൊണ്ടുപോയത് വകയിലൊരു സഹോദരനാണ്. അവൾ ഗർഭിണിയായി തിരിച്ചെത്തുന്നു. ഗർഭമലസിക്കലിന്റെ വേദനയുൾപ്പടെ അവളുടെ സഹനം നിശ്ശബ്ദതയിലാണ്. സഹജീവികൾ പരസ്പരബന്ധിതമായ ശൃംഖലയിലെ കണ്ണികളാണെന്ന ബോധം അവരുടെ വൈകാരികമായ ജീവിതത്തിൽ നിഴലുപരത്തിക്കൊണ്ട് സിനിമ പങ്കുവയ്ക്കുന്നുണ്ട്.

ക്യാമറ ഒപ്പുന്ന വിശദാംശങ്ങൾ അതിനു പിന്നിൽ തുറന്നുപിടിച്ച കണ്ണുമായി നിൽക്കുന്ന പ്രതിഭയുടെ തെരെഞ്ഞെടുപ്പുകളാണ്. കണ്ടറിഞ്ഞവയുടെ ഭാവാത്മകതയും ആഴവും സങ്കീർണ്ണതയും പങ്കുവയ്ക്കാൻ ഒരു പിൽക്കാലവായനയ്ക്ക് കഴിഞ്ഞെങ്കിലോ എന്ന സന്ദേഹമാണ് നമ്മെ തിരക്കഥാരൂപങ്ങളിലേയ്ക്ക് പിന്നെയും എത്തിക്കുന്നത്. സിനിമയ്ക്കു പകരമാവില്ല തിരക്കഥ. സാഹിത്യരൂപം എന്ന നിലയ്ക്കു് അതിന്റെ പ്രസക്തി ഏറെക്കുറേ സംശയാസ്പദവുമാണ്. എങ്കിലും തിരക്കഥയുടെ എലുകകൾ കോറുന്ന ചിത്രങ്ങൾക്കു മേൽ വായനയുടെ ഭാവനയ്ക്കും മേയാനുള്ള പുൽമേടുകളുടെ പ്രസക്തി കാണാതെ പോവേണ്ടതില്ലെന്നു തോന്നുന്നു.
-------------------------------------------------------------------
കോലങ്ങൾ
തിരക്കഥ
കെ ജി ജോർജ്ജ്
മാതൃഭൂമി ബുക്സ്
വില : 80 രൂപ