July 29, 2008

മനസ്സിനുള്ളിലെ കോടതിമുറികള്‍എഴുത്തുകാരന്റെ/കാരിയുടെ ചൂണ്ടുവിരല്‍ത്തുമ്പിനു മുന്നില്‍ നിന്നു ചൂളുന്ന സമൂഹത്തെ ഭാവനയില്‍ കണ്ടാണ് വായനയുടെ പക്ഷപാതികള്‍ പുസ്തകങ്ങളെ താലോലിക്കുന്നത്. അധികം താമസിക്കാതെ, തെറ്റു തിരുത്തി സമൂലം പരിണമിക്കുന്ന സമൂഹം ഈ സ്വപ്നത്തിന്റെ നിറമുള്ള ഒരംശമാണ്. അതേ സമയം, നടപ്പുശീലങ്ങളില്‍ നിന്ന് വഴുതുന്ന വൈകാരിക പ്രതികരണങ്ങളെ ശാസിച്ചൊതുക്കാന്‍ വെമ്പുന്ന സമൂഹത്തിനു് ലഭിക്കുന്ന ഒന്നാംതരം സാക്ഷിമൊഴികളാണ് രചനാരൂപങ്ങള് എന്നറിയുക‍. ഭാവനകളുടെ മേല്‍ പോലും അദൃശ്യമായ വിലക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സത്യം പ്രത്യക്ഷത്തില്‍ പുറത്താവുന്നത്, രചനകളിലെ അശ്ലീലത്തിനു നേരെയുള്ള ആക്രോശങ്ങള്‍ അന്തരീക്ഷത്തിലിടം പിടിക്കുമ്പോഴാണ്. സ്ത്രീപുരുഷലൈംഗികാവയവങ്ങളെയോ സംയോഗത്തെയോ വിവരിക്കുന്ന ഒരു വൈജ്ഞാനികലേഖനത്തിനോടുള്ള (അതെഴുതിയത് സ്ത്രീ ആയാലും) സമീപനമല്ല, സ്ത്രീപുരുഷപ്രണയത്തെ വര്‍ണ്ണിക്കുന്ന, ഒരു കഥാഭാഗത്തിനുള്ളത് എന്നു വരാന്‍ കാരണമെന്താണ്?

അശ്ലീലമെഴുതിയെന്ന ആരോപണങ്ങള്‍ ഒരു പാട് ഏറ്റുവാങ്ങേണ്ടി വന്ന ‘സെലസ്റ്റിയല്‍ പ്ലെയിന്‍’ എന്ന കഥയോടുള്ള ആളുകളുടെ പ്രതികരണങ്ങള്‍ വിവരിച്ചുകൊണ്ട് തനൂജ എസ് ഭട്ടതിരി എഴുതുന്നു : “വാക്കോ വിവരണമോ അല്ല പ്രശ്നം, മനസ്സാണ്. മനസ്സിനെ ആരും തൊടാന്‍ ശ്രമിക്കരുത്. മനസ്സും ശരീരവും കൂട്ടിക്കലര്‍ത്തരുത്. പ്രത്യേകിച്ച് എഴുത്തുകാരികള്‍. അവര്‍ക്കതിനുള്ള സ്വാതന്ത്ര്യമില്ലാപോലും.” (സ്ത്രീയുടെ സ്വാതന്ത്ര്യവും മനസ്സും) ഭാവനയില്‍ മാത്രം സംഗതമായ ‘സ്വര്‍ഗീയമായ ഒരിട’ത്തിലേയ്ക്ക് കുതിയ്ക്കാന്‍ കഥാകാരികള്‍ എന്തുകൊണ്ടു വെമ്പുന്നു എന്നതിനുള്ള ഉത്തരം കൂടിയാവുന്നു, ഈ നിവേദനം. അഭിലാഷങ്ങള്‍ കൂടി കുറ്റബോധം നിറയ്ക്കുന്ന സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ നിന്നു കൊണ്ടാണ് തനുജ തന്റെ കഥക്കൂട്ടിനുള്ള അസംസ്കൃതവിഭവങ്ങളെ മിനുക്കുന്നത്. അവ ഒരേ സമയം വിമര്‍ശനസ്വരങ്ങളാണ്, സാധൂകരണങ്ങളുമാണ്. അവ തന്റെ തന്നെ സാക്ഷിമൊഴികളുമാണ്. ഏകാകിയായൊരാള്‍ തന്റെ മനസ്സില്‍ തീര്‍ത്ത വിചാരണാമുറിയില്‍ ഉറക്കെ സ്വയം സംസാരിക്കുകയാണ്‘സെലസ്റ്റിയന്‍ പ്ലെയിന്‍’ എന്ന കഥാസമാഹാരത്തിലെ കഥകളില്‍.

വിചാരണവേളകളിലെ ഇടസത്രമാണ് ഒത്തുതീര്‍പ്പുകള്‍. യാഥാര്‍ത്ഥ്യത്തിനും സങ്കല്പങ്ങള്‍ക്കും ഇടയ്ക്കുള്ള അപകടവഴിയിലൂടെ യാത്രയാവുന്നവര്‍ക്ക് ‘ഒന്ന് പതിയെ ആരെങ്കിലും വലിച്ചാല്‍ പൊട്ടാവുന്ന ആ നൂല്‍ പൊട്ടാതിരിക്കാന്‍ ‘ (കാഞ്ചനകൃഷ്ണന്‍) മുന്‍‌കരുതലെടുക്കാതിരിക്കാനാവില്ല. തന്റെ വിഡ്ഡിത്തമാര്‍ന്ന സ്വപ്നങ്ങള്‍ക്ക് തലചായ്ക്കാന്‍ ആഭരണങ്ങള്‍ അഴിച്ചുരുക്കി, ദീപ പണിയുന്ന കൃഷ്ണവിഗ്രഹം അത്തരമൊരു ഒത്തുത്തീര്‍പ്പാണ്. തന്നെ കാമിക്കുന്ന യുവാവായ ഡോക്ടറുടെ ഉള്ളിലെ അഴുക്കുച്ചാലു നീക്കി അവിടെ ആകാശം തൊടുന്ന ഒരു ചുവന്നകടല്‍ തീര്‍ക്കുന്ന പൂജനന്ദിത എന്ന മദ്ധ്യവയസ്കയായ പ്രശസ്തയും (ആകാശക്കടല്‍) ഉപഭോഗകൃത്രിമത്വങ്ങളില്‍ നിന്ന് താഴെയിറങ്ങി താനാരാണെന്ന് മുകുന്ദന് പറഞ്ഞുകൊടുക്കുന്ന രേണുകയും (കസ്റ്റമര്‍ കെയര്‍) താ‍ന്‍ സ്ത്രീയാണെന്നും അതായാല്‍ മാത്രം മതി തന്റെ മകനെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനെന്നു തിരിച്ചറിയുന്ന സുജയും (അപരാജിത) സാധാരണ ജീവിതവുമായി സന്ധി ചെയ്യുന്ന വ്യക്തിത്വങ്ങളാണ്.

ജീവിതത്തിന്റെ വിള്ളലുകളെ പുതയ്ക്കാന്‍ സ്നേഹത്തിന്റെ കരിമ്പടം അവശേഷിക്കുന്നുണ്ട് എന്നാണ് ഈ ഉടമ്പടികള്‍ പറയുന്നതെന്ന് പെട്ടെന്നു നാം തിരിച്ചറിയുന്നു. രക്തബന്ധങ്ങള്‍ക്കും പുറത്തേയ്ക്കു നീളുന്ന ആശ്വാസമായിട്ടാണത് കുടിയിരിക്കുന്നത്. അമ്മ-മകള്‍ (സ്വപ്നത്തില്‍ നിന്നുണരുന്നത് ഓരോരോ ഭാവങ്ങളിലേയ്ക്കാണ്) അച്ഛന്‍ - മകന്‍ (കാണാമറയത്തെ അസ്വാസ്ഥ്യങ്ങള്‍) കാമുകന്‍ -കാമുകി (കസ്റ്റമര്‍ കെയര്‍) കൂട്ടുകാര്‍ (തിരികെ നടന്ന വഴി) ഭൃത്യ ( ഭൂമിയുടെ വാക്ക്) തുടങ്ങിയ ബന്ധങ്ങളിലെല്ലാം നിര്‍വചിക്കപ്പെട്ട ബന്ധങ്ങള്‍ക്കപ്പുറത്തേയ്ക്ക് എത്തിനോക്കുന്ന സങ്കല്പനങ്ങളുണ്ട്. ഐഹികജീവിതത്തില്‍ താത്കാലിക സമാശ്വാസത്തിന്റെ താവളത്തിലേയ്ക്കുള്ള വഴിയാണു് ഇവ പണിയുന്നത്. എന്നാല്‍ ഉടമ്പടികളില്‍ നിന്നും വിടുതല്‍ നേടി കുതിക്കുന്ന രോഷങ്ങളെ അടയാളപ്പെടുത്താനും അവ മറക്കുന്നില്ല. നിഷേധത്തിന്റെയും കലഹത്തിന്റെ മുള്‍വഴികളുടെ അറ്റം സ്വര്‍ഗീയമായ ഒരു തലത്തിലാണ്. ദാമ്പത്യജീവിതത്തോട് പ്രത്യക്ഷമായി കലഹിക്കുന്ന കഥ ‘താത്രിക്കുട്ടി(രണ്ടാംഭാഗം)‘ അവസാനിക്കുന്നത്“ ഭൂമിയില്‍ നിന്ന് ആകാശത്തിലേയ്ക്കവള്‍ മനോഹരമായി നൃത്തം വച്ചു പറന്നുകയറി” എന്നു പറഞ്ഞുകൊണ്ടാണ്. സ്നേഹിക്കുന്ന രണ്ടു വ്യക്തികളുടെ ലൈംഗികബന്ധം സാധാരണത്വം വെടിഞ്ഞ് പ്രണയത്തിന്റെ നാലാം മാനത്തിലേയ്ക്കുയരുന്ന കഥയ്ക്ക് ‘സെലെസ്റ്റിയല്‍ പ്ലെയിന്‘ എന്നു പേരുവന്നതും ആകസ്മികമാകാനിടയില്ല. എന്നിട്ടും രചനാപ്രക്രിയകളുടെ രാസപരിണാമങ്ങളെക്കുറിച്ച് സ്വന്തം കുടുംബത്തിന്റെ പേരില്‍ തൊട്ട് ആണയിടുന്ന ഒരു ലേഖനം ഒരു എഴുത്തുകാരിയ്ക്ക് ഇക്കാലത്തും തന്റെ കഥാസമാഹാരത്തിന്റെ പിന്നുരയായി ചേര്‍ക്കേണ്ടി വരുന്നു എന്നത് അത്ര ആശാസ്യമായ ഒരു കാര്യമല്ല. മലയാളി സമൂഹത്തിന്റെ ‘പ്രബുദ്ധത‘യെയാണ് ചോദ്യം ചെയ്യുന്നത്. ആ നിലയ്ക്കും ഒരു വിചാരണയാണ് ഈ പുസ്തകം.
-------------------------------------------------------------
‘സെലസ്റ്റിയല്‍ പ്ലെയിന്‍‘
തനുജ എസ് ഭട്ടതിരി
ഡി സി ബുക്സ്

July 23, 2008

പാളയിലെ ജലവും കിണറും
കമലിന്റെ പുതിയ ചിത്രം, ‘മിന്നാമിന്നിക്കൂട്ട‘ത്തിലെ റോമയുടെ റോസ് മേരി എന്ന കഥാപാത്രം ഒറ്റയ്ക്ക് ഒരു വീടു വയ്ക്കുന്നുണ്ട്. അത് പൂര്‍ത്തിയാവുന്നതു വരെ ആരും- അവളുടെ അമ്മയും അനുജത്തിമാരും കൂട്ടുകാരും ഒന്നും- അതു കാണുന്നില്ല. അത്രയ്ക്ക് സ്വകാര്യമായ ഒരു സ്വപ്നത്തെ തനിയെ സാക്ഷാത്കരിക്കാന്‍ ശ്രമിച്ച് അവള്‍ വിജയിക്കുന്നതും കൂടിയാണ് സിനിമയുടെ ശുഭപര്യവസായിത. അവള്‍ക്ക് അതിദാരിദ്ര്യത്തിന്റെ ഒരു ഭൂതകാലമുണ്ട്. ഉള്‍നാട്ടിലൊരിടത്ത് കഷ്ടപ്പെടുന്ന വിധവയായ അമ്മയെയും ബോര്‍ഡിംഗിലെ അനുജത്തിമാരെയും പട്ടണത്തിലേയ്ക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് അവള്‍ക്ക് ഈ വീട്. പക്ഷേ മെട്രോയിലെ ജീവിതത്തില്‍ അവള്‍ തന്റെ ഭൂതകാലത്തെ മറച്ചു. അമ്മയെ അമേരിക്കയില്‍ നിന്ന് ഡോളറുകള്‍ അയക്കുന്ന പരിഷ്കാരിയാക്കി. തമാശ പറഞ്ഞ് ചാടി തുള്ളി നടന്നു. അവളുടെ കാമുകന് പോലും അവളുടെ സ്വപ്ന മന്ദിരം പൂര്‍ത്തിയാവുന്നതു വരെ അതൊന്നു എത്തിനോക്കാന്‍ സാധിക്കുന്നില്ല, പിന്നല്ലേ, ജനപ്രിയ സിനിമയിലെ പതിവനുസരിച്ച് അവളെ സഹായിക്കുന്നത്!

സമകാല കേരളീയ ജീവിതത്തിന് അത്ര പെട്ടെന്ന് വിഴുങ്ങാവുന്ന കാര്യമല്ല, കമല്‍ റോസ് മേരിയുടെ ഉപകഥയിലൂടെ പറയുന്നത്. വീടു പൂര്‍ത്തിയാവുന്നതിനു വേണ്ടി അവള്‍ കാട്ടിക്കൂട്ടുന്ന ചടങ്ങുകള്‍ കൂടിച്ചേരുമ്പോഴാണ് പോഴത്തം കൂടുതല്‍ വ്യക്തമാവുന്നത്. വീടു പണിക്കുള്ള ധനം അവള്‍ നേടിയെടുക്കുന്നത് തൊഴിലിനു പുറത്തുള്ള വ്യാപാരത്തില്‍ കൂടിയാണ്. റിയല്‍ എസ്റ്റേറ്റ്. അല്പം മുട്ടിയുരുമി ഇരുന്നുകൊടുത്തിട്ടൊക്കെയാണ് കച്ചവടം ഉറപ്പിക്കുന്നതെന്ന് ഒട്ടൊരു തമാശയിലൂടെ അവള്‍ കൂട്ടുകാരോട് പറയുന്നുണ്ട്. വീടിനു വേണ്ട വൈദ്യുതി കണക്ഷന്‍ ഒപ്പിക്കാന്‍ ഒരിക്കല്‍ മന്ത്രിപുത്രന്റെ കൂട്ടുകാരനോടൊപ്പം കാറില്‍ യാത്രചെയ്യുന്നുമുണ്ട്. സ്വന്തം കൂട്ടുകാരിയ്ക്കു നേരെ ഒരിക്കല്‍ അതിക്രമം കാണിച്ച ശൂരനാണ് ഇവന്‍. സിനിമയിലെ പൊടി വില്ലന്‍. അതിന്റെ പേരില്‍ കാമുകനുമായുണ്ടായ കശപിശ തമാശയില്‍ തന്നെ അവസാനിച്ചു. റോസ് മേരിയ്ക്കു ചുറ്റും രഹസ്യത്തിന്റെ ഒരു ആവരണമുണ്ട്. അതു അഴിച്ചുകളയുക എന്നത് സിനിമയുടെയല്ല, കാഴ്ചക്കാരുടെ ആവശ്യമാണ് കഥാഗതിയെ ശുഭാന്ത്യത്തില്‍ കൊണ്ടെത്തിക്കുന്നത്. അതാവട്ടേ സാമ്പ്രദായിക രീതിയനുസരിച്ച് റോസ് മേരിയുടെ പരിശുദ്ധിയെ അരക്കെട്ടുറപ്പിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. അത്രയും സംശുദ്ധയായ (ഒപ്പം സ്മാര്‍ട്ടും) അവളെ സംശയിച്ചുപോയതില്‍ മാണിക്കുഞ്ഞുമാത്രമല്ല, തിയേറ്ററിലിരുന്നു മിഴിക്കുന്ന ഒരുമാതിരിപ്പെട്ട എല്ലാ പൈങ്കിളിക്കുഞ്ഞുങ്ങളും നെടുവീര്‍പ്പിടും. പക്ഷേ ധാരാളം കള്ളം പറയുന്ന റോസ് മേരി (പുളുമേരി എന്നൊരു പേരു തന്നെയുണ്ടവള്‍ക്ക്)യ്ക്കൊപ്പം നിന്ന് സിനിമ നമ്മളോട് ഒരു കള്ളം പറയുകയായിരുന്നില്ലേ?

തന്റെ വീട് എന്ന സ്വപ്നം സാക്ഷാത്താവാന്‍ റോസ് മേരി മുട്ടിയുരുമിയിരിക്കുന്ന രണ്ടുപേര്‍, ആഭ്യന്തരമന്ത്രിയോടു പോലും അഗാധമായ അടുപ്പമുള്ള പണച്ചാക്ക് കോണ്‌ട്രാക്ടര്‍, മന്ത്രി പുത്രന്റെ കൂട്ടുകാരനും വിടത്തം രക്തത്തിലുള്ളവനുമായ പയ്യനും സമ്പത്ത്, അധികാരം എന്നീ രണ്ടു അനിവാര്യതകളുടെ പ്രത്യക്ഷമായ പ്രതീകങ്ങളാണ്. രണ്ടിനും പൊതുവായുള്ളത് സ്വാധീനവും. കേരളത്തിന്റെ സമകാല ജീവിതത്തില്‍ സാമൂഹികമായ മേല്‍ക്കോയ്മ രൂപീകരിക്കുന്നതില്‍ ഈ നവീനമൂല്യങ്ങള്‍ക്കുള്ള പങ്ക് സുതരാം വ്യക്തം. എന്നാല്‍ സിനിമയില്‍ ഇവര്‍ ശുദ്ധവിഡ്ഢികളാണ്. വെറുമൊരു സ്പര്‍ശത്തിനായി അത്ര നല്ലവരൊന്നുമല്ലെന്ന് ബോഡെഴുതി കഴുത്തില്‍ കെട്ടി തൂക്കിയിട്ടുള്ള ഇവര്‍ റോസിനു ചെയ്തു കൊടുക്കുന്ന സേവനം ചെറുതല്ല. മുട്ടിയുരുമി....അത്രേയുള്ളൂ എന്നു അവള്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും അത്രേയുള്ളോ? അതു കഴിഞ്ഞ് പൊടിയും തട്ടി പോകുന്നത്ര ശുദ്ധഗതിക്കാരായിരിക്കുമോ ഇവര്‍? രണ്ടാമത്തെ സംഗതി ഒരു മെട്രോനഗരത്തില്‍ സ്ഥലം വാങ്ങി വീടു വയ്ക്കാനുള്ള റോസിന്റെ ധനസ്രോതസ്സ് അവളുടെ കള്ളങ്ങള്‍ പോലെ തന്നെ ധൂമിലമാണെന്നതാണ്. ആരുടെയും സഹായമില്ലാതെ ഒരു സുപ്രഭാതത്തില്‍ അച്ചനു വന്നു വെഞ്ചെരിക്കാനായി വീടു റെഡിയാവുന്നു. ആരോ മയില്‍പ്പീലി ഉഴിഞ്ഞു !

സമൂഹത്തിന്റെ ചില അബോധപ്രേരണകള്‍ ജനപ്രിയസിനിമകള്‍ ആവിഷ്കരിക്കുന്ന രീതി ആലോചിച്ചാല്‍ രസകരമാണ്. ‘അദ്ഭുതദ്വീപി‘ല്‍ ആണുങ്ങളെ ചുമക്കുന്ന പെണ്ണുങ്ങളെ നാം കൌതുകത്തോടെ കണ്ടു. അതിന്റെ സൌന്ദര്യപരമായ അംശം (കുള്ളത്തിപ്പെണ്ണുങ്ങളായിരുന്നെങ്കില്‍ സിനിമ ആരു കാണും?) നീക്കിവച്ചാല്‍ സമകാലിക സമൂഹത്തിലെ സ്ത്രീയുടെ അവസ്ഥയെയും അതൃപ്തിയെയും സംബന്ധിക്കുന്ന ചില കൌതുകക്കാഴ്ചകള്‍ ആ രൂപകത്തിലുണ്ടെന്ന് എളുപ്പം തിരിച്ചറിയാനാവും. നാടിനെ വിറപ്പിക്കുന്ന ഊച്ചാളിയുടെ മടിക്കുത്തിലുണ്ടായിരുന്നത് പാക്കുപോലും ചുരണ്ടാന്‍ കൊള്ളാത്ത കൊച്ചു പിച്ചാത്തിയാണെന്ന് ‘നരനി‘ല്‍ വെളിവാക്കുന്നത് ഒരു സ്ത്രീ തന്നെയാണ്. വിവാഹത്തെ അയാള്‍ ഭയക്കുന്നു. ഒപ്പം ഒരു വേശ്യയ്ക്ക് കാവലു കിടക്കുന്നതും ചേര്‍ത്തു വായിക്കുമ്പോള്‍ ഈ പിച്ചാത്തി കൃത്യമായ അര്‍ത്ഥാന്തരങ്ങള്‍ കൈയാളുന്ന ദൃശ്യരൂപകമാവും. പട്ടി പുല്ലു തിന്നുകയുമില്ല തീറ്റിക്കുകയുമില്ലെന്ന് സന്ദര്‍ഭോചിതമായി ഒരു ആത്മഗതവുമുണ്ട്, അതില്‍. പലതരത്തിലുള്ള ആണ്‍പേടികളെ വെള്ളപൂശിയും ന്യായീകരിച്ചും ആഘോഷിച്ചിരുന്ന മലയാളസിനിമ അതിന്റെ ചിട്ടവട്ടങ്ങളില്‍ ഒരു പൊളിച്ചെഴുത്തും വരുത്താതെ തന്നെ പുതിയ കാലത്തെ അറച്ചറച്ച് സ്വാശീകരിക്കുന്ന രീതി കൂടുതല്‍ ഗൌരവമായ പഠനം അര്‍ഹിക്കുന്ന ഒന്നാണ്. പക്ഷേ ജനപ്രിയസിനിമകളില്‍ പൊതുബോധത്തിനാണ് മുഖ്യസ്ഥാനം. പ്രത്യക്ഷമായ വ്യതിയാനങ്ങള്‍ സിനിമയെ എട്ടു നിലയില്‍ പൊട്ടിയ്ക്കും. അഴിച്ചെടുക്കേണ്ട രൂപകങ്ങളിലൂടെയും ഇരുട്ടടഞ്ഞു കിടക്കുന്ന ദിശാസൂചികളിലൂടെയും സമൂഹത്തിന്റെ യഥാര്‍ത്ഥ ചോദനകളെ ആവിഷ്കരിക്കാതിരിക്കാന്‍ സിനിമയെന്ന മാദ്ധ്യമത്തിന് അപ്പോഴും കഴിയാതെ വരില്ല. ഏറ്റവുമധികം വിലക്കുകള്‍ കെട്ടുപിണഞ്ഞുകിടക്കുന്ന മേഖല ലൈംഗികതയുടേതാകയാല്‍, ഇന്നും നമ്മുടെ സിനിമയിലെ പ്രഥമവും പ്രധാനവുമായ പ്രമേയം ആണ്‍ പെണ്‍ സംയോഗത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളുടെ വിശദാംശങ്ങള്‍ മാത്രമാകയാല്‍, ബോധത്തില്‍ നിഴലായി പതിഞ്ഞു കിടക്കുന്ന ആ വിലക്കപ്പെട്ട ഇരുണ്ടഭൂഖണ്ഡത്തിലേയ്ക്ക് ഒരു നോട്ടം ഇടയ്ക്കെങ്കിലും അയക്കാതിരുന്നാല്‍ അത് ആത്മവഞ്ചനയാകും. അപ്പോള്‍ റോസ് മേരി നടത്തുന്ന കാര്‍ യാത്രകള്‍ വലിയൊരു നുണയാണ്. സമൂഹമദ്ധ്യത്തിലൂടെ അടച്ചുറപ്പുള്ള കാറിലിരുന്ന് നിരുപദ്രവകരമായ യാത്ര എന്നത് നമ്മുടെ ബോധമനസ്സിനെ തൃപ്തിപ്പെടുത്താനുള്ള ഒരു ഒത്തുതീര്‍പ്പ്. റോസ് താന്‍ പോരിമയുള്ള ഒരു പുതിയ സ്ത്രീയാണ്. അരിയുടെ മാര്‍ക്കറ്റ് വില, തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവനോട് ചോദിക്കുന്ന സ്ത്രീയില്‍ നിന്ന് പിന്നെയും കുറേ (പിഴച്ച) ചുവടുകളുണ്ട് ഇവളിലെത്താന്‍. ഇവള്‍ക്ക് ഹിതകരമല്ലാത്ത ഭൂതകാലത്തില്‍ (തിരിച്ചറിയല്‍) നിന്ന് സ്വപ്നസാക്ഷാത്കാരത്തിന്റെ ഒരു ലോകത്തിലേയ്ക്ക് (വിശകലനം, വിമോചനം) മാറേണ്ടതുണ്ട്. കൂട്ടുകാരെയും കാമുകനെയുമൊന്നും പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്തുന്ന സ്വപ്നമന്ദിര നിര്‍മ്മാണത്തില്‍ അവളെ ആരൊക്കെയോ സഹായിക്കുന്നു എന്നു വ്യക്തം. റോസ് തനിക്കുള്ള വീടാണു വയ്ക്കുന്നത്. ഇതൊരു ചുവടുമാറ്റമാണ്, ‘വഴി’ വിട്ട പോക്കാണ്, (വ്യതിചരണമാണ്, വ്യഭിചാരം ) സ്വച്ഛന്ദതയാണ്. വിവാഹത്തെ ആത്യന്തിക ലക്ഷ്യമായി കാണുകയും ലൈംഗികത ഒരാളിനുമാത്രമായി നിജപ്പെടുത്തി നിയന്ത്രിക്കുകയും ചെയ്യുന്ന (സഹായം അയാളില്‍ നിന്നു മാത്രം എന്ന) സാമ്പ്രദായിക സ്ത്രീയുടെ വാര്‍പ്പു മാതൃകയല്ല, എന്തായാലും ഈ താന്‍ പോരിമ.

ചിത്രം : സുലേഖാ.കോം

July 18, 2008

എഴുത്തിനെപ്പറ്റി രണ്ടു തമിഴ് കവി(ത)കള്‍ശിലാലിഖിതം

എന്റെ
ശവക്കല്ലറയില്‍
ഒന്നും
എഴുതി വയ്ക്കരുത്

എഴുത്തുകൊണ്ട്
ചിതറിപ്പോയവന്
അക്ഷരങ്ങളുടെ
ആമുഖമെന്തിന്?

-മഗുദേശ്വരന്‍
1974-ല്‍ ജനിച്ചു. തിരുപൂരിലെ വസ്ത്രക്കമ്പനിയില്‍ ഉപദേശകനായി ജോലി നോക്കുന്നു. മൂന്നു കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

ഭ്രാന്ത്

കവിതയെ തടയാന്‍
ഞാന്‍ വാക്കുകള്‍ ഉപേക്ഷിച്ചു.

വെള്ളകടലാസിനെ കവിതയായി
കരുതുന്നത്
ശുദ്ധഭ്രാന്താണെന്ന്
അവരു പ്രഖ്യാപിച്ചു.

-കരികാലന്‍
1965-ല്‍ ജനിച്ചു. സ്കൂള്‍ അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ കാലം പുതിത് എന്ന ലിറ്റില്‍ മാഗസീന്റെ പത്രാധിപര്‍. ആറു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

July 13, 2008

വേഷംകെട്ടല്‍ ദോഷം ചെയ്യുമോ?
“കല്ലൈ മറ്റ്‌റും കണ്ടാല്‍ കടവുള്‍ തെരിയാത്..
കടവുള്‍ മറ്റ്‌റും കണ്ടാല്‍ കല്ലടി തെരിയാത്..”


ഒന്ന്
കമലാഹാസന്‍ ഉലകനായകനാണെന്നു പറയുന്നത് കമലാഹാസന്റെ തന്നെ സംവിധായകനാണ്. സംശയമുണ്ടെങ്കില്‍ ‘ദശാവതാരം’ അവസാനത്തെ പാട്ടു സീന്‍ വരെ ക്ഷമയോടെയിരുന്നു കാണുക. അത് കഥാപാത്രമായ ഗോവിന്ദരാജനെക്കുറിച്ചല്ല, സംവിധായക ബിനാമി ഏര്‍പ്പാടു വഴി തന്നെ ഒരു വലിയ ഒരാളാക്കിക്കൊണ്ടിരിക്കുന്ന കമല്‍‌സാറിനെപ്പറ്റിയാണെന്ന് ഏത് ആണ്ടിക്കും വരികള്‍ക്കിടയില്‍ വായിക്കാതെ തന്നെ മനസ്സിലാവും. അതിനായി ശ്രീമാന്‍ കെ എസ് രവികുമാര്‍ പ്രത്യേകം തയ്പ്പിച്ച കോട്ടും സ്യൂട്ടുമിട്ടാണ് പാടിക്കൊണ്ട് അറിയാന്‍ വയ്യാത്ത കളി കളിക്കുന്നത്. പരുത്തിവീരനും മൊഴിയും വെയിലും ഒക്കെ ഇറങ്ങുന്നുണ്ടെങ്കിലും തമിഴില്‍ ഇതും പതിവാണ്. ‘ശിവകാശി’ എന്ന പണം വാരി അടിപ്പടത്തില്‍ ചുണ്ടത്തെ ചോരയും തുടച്ചുകൊണ്ട് വിധേയോത്‌വിനമ്രനായി പഞ്ചപുച്ഛവും അടക്കി നിന്ന് വിജയിനെ അവതരിപ്പിക്കുന്നത് ആ സിനിമയുടെ സംവിധായകനാണ്. നായകന്‍ വന്ന് അയാളെയും കൂടി രക്ഷിക്കും. (സിനിമ സംവിധായകന്റെ മാത്രം കലയാണ്, സാമ്രാജ്യമാണെന്നൊക്കെ പതിറ്റാണ്ടുകളായി പറഞ്ഞുകൊണ്ടിരിക്കുന്ന അടൂര്‍ മലയാളത്താനെ തമിഴന്മാര്‍ പാണ്ടി ഏരിയയിലെങ്ങാനും കണ്ടാല്‍ ഓട്ടിച്ചിട്ടു കൊഞ്ഞനം കുത്തും. (പിന്നേ ഒരു ചംവിതായകന്‍! ) ഇളയദളപതിയുടെ സിനിമാപേരുകള്‍ കാണാതെ ഉരുവിട്ടുള്ള സംവിധായകന്റെ അഭ്യാസം കേട്ട് കടുത്ത ഫാന്‍സുകാരുടെ പോലും മുണ്ട് രോമാഞ്ചം കൊണ്ട് അഴിഞ്ഞുപോയതില്‍ എന്തെങ്കിലും അദ്ഭുതമുണ്ടോ ?

എനിക്കു തോന്നുന്നത് ‘ദാണ്ടെ ഉലകനായകന്‍’ എന്ന് ചൂണ്ടി തരുന്നതിനു മാത്രമാണ് കെ എസ്, സംവിധായകനുള്ള വൌച്ചര്‍ ഒപ്പിട്ടു വാങ്ങിച്ചതെന്നാണ്. പുള്ളിക്കതില്‍ വേറേ കാര്യമായ പണിയൊന്നുമില്ല. ‘ദശാവതാര‘ത്തിനു നിരൂപണങ്ങളെഴുതിയവരും കമല്‍ കമല്‍ എന്നല്ലാതെ രവികുമാര്‍ രവികുമാര്‍ എന്നു പറഞ്ഞിട്ടില്ലെന്നു ശ്രദ്ധിക്കണം. കമലാഹാസന്റെ ഫാന്‍സിഡ്രസ്സാണ് മെയിന്‍ തീം. അതിനു വേണ്ടുന്ന ചില അനുസാരികള്‍ കഥ, തിരക്കഥ, സംഭാഷണം എന്ന പേരില്‍ കമല്‍‌സാറു തന്നെ തയാര്‍ ചെയ്തിട്ടുണ്ട്. 10 കഥാപാത്രങ്ങള്‍ ഒരാളായാല്‍ പിന്നെ ബാക്കിയുള്ളവര്‍ക്ക് എന്തോന്നു പണി? സോ അഭിനയത്തിന്റെ ക്രെഡിറ്റും കമല്‍ സാറിനു തന്നെ. കമലാഹാസന്‍ കനിഞ്ഞു സ്വീകരിച്ച ആറിലധികം കഥാപാത്രങ്ങളുടെ മേക്കപ്പ്, മരത്തടിയില്‍ പെയിന്റടിച്ചതു പോലെ ആകയാല്‍ മേക്കപ്പ് സൂപ്പര്‍‌വൈസരും കമലു തന്നെ. ചെയ്യുന്നത് വെള്ളക്കാരനാണെങ്കിലും ഇങ്ങനെയൊക്കെ മതിയെന്നു തീരുമാനിക്കാന്‍ ഒരു ദേഹം വേണമല്ലോ. വസ്ത്രാലങ്കാരക്കുത്തക ഫാമിലി വക വാണിഗണപതി, സരിക വഴി ഇപ്പോള്‍ ഗൌതമി അവര്‍കളിലാണ്. അവിടെയും കമലാഹാസന്‍ ‍! ങേ..അപ്പോള്‍ ആനിമേഷന്‍ ‍, അടി, പാട്ട്, ശൃംഗാരം, നാടകം, കത്രിക..............സംശയിക്കാന്‍ ഇനിയുമെന്തിരിക്കുന്നു..?

എന്താണ് ഈ സകലകലാ‍ഭ്യാസത്തില്‍ നിന്ന് ആത്യന്തികമായി നമുക്ക് ലഭിക്കുന്ന കോപ്പ്? സ്കിന്‍ ഗ്രാഫ്റ്റിംഗ് എന്ന വിദ്യ ലോകത്തിലാദ്യമായി പരീക്ഷിച്ച രജനീകാന്തിന്റെ ‘ശിവാജി’ യുടെ ടൈപ്പ് സാങ്കേതിക പ്രാധാന്യം എന്തെങ്കിലും ദശാവതാരത്തിനുണ്ടെന്ന് ശത്രുക്കള്‍ പോലും പറയില്ല. പിന്നെയുള്ളത് കമലിന്റെ അസാധാരണ ക്ഷമാശക്തിയെ ലോകസമക്ഷം വച്ച മേക്കപ്പുകളുടെ പുകഴാണ്. അതു വല്ലതും നമ്മുടെ കലാസ്വാദന സംസ്കാരത്തെയോ സൌന്ദര്യബോധത്തെയോ ഒരിഞ്ചെങ്കിലും മുന്നോട്ടു കൊണ്ടു പോകുന്നുണ്ടോ? ഏറ്റവും കനമുള്ള മേക്കപ്പിന് ഗിന്നസ് ബുക്ക് ഓഫ് റിക്കോഡില്‍ കയറിപ്പറ്റിയ കഥകളിയുടെ സ്വന്തം നാട്ടുകാരാണ് മലയാളത്താന്മാര്‍! വഴി വിടയ്യാ വഴി വിട് ! പഴയ വിട്ടലാചാര്യ സിനിമകളിലുമുണ്ടായിരുന്നു, തറടിക്കറ്റുകാരനെ വാപൊളിപ്പിക്കുന്ന മേക്കപ്പും മായാലോകങ്ങളും. പഴയസംഗീതനാടകാ‍സ്വാദനപാരമ്പര്യത്തിന്റെ കാണാന്‍ വയ്യാത്ത കൈകള്‍ താരാട്ടുകയാണ് ഇന്നും തമിഴ് സിനിമാവബോധത്തെ. ചവിട്ടുഹാര്‍മോണിയക്കാരന്‍ തിളങ്ങുന്നക്കുപ്പായവുമിട്ട് അലറിവിളിച്ചു ഓട്ടയാക്കിയ ഇന്ദ്രിയബോധം ഒരു ജനക്കൂട്ടത്തെ ഇരുട്ടിലും പ്രദര്‍ശകനെ/പെര്‍ഫോമന്‍സുകാരനെ (കഥാപാത്രയല്ല) തിരയാന്‍ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പതിനാറാം വയതിനിലേ, മൂന്നാം പിറ, നായകന്‍, പുഷ്പകവിമാനം. നാന്‍സി, മഹാനദി, ഗുണ, വിരുമാണ്ടി, അന്‍പേ ശിവം. ഒരു പിടി നല്ല ചിത്രങ്ങളുണ്ട് കമലിന്റെ ക്രെഡിറ്റില്‍. ഭൂരിഭാഗവും വിജയിക്കാതെ പോയവ. തമിഴ്നാട്ടില്‍ ആര്‍ക്കെങ്കിലുമൊക്കെ ആരെങ്കിലുമൊക്കെ ആയിരിക്കാതെ വയ്യ. ആ ടിക്കറ്റിലാണ് കമല്‍ ഉലകനായകനായത്. സൂര്യനൊന്നേയുള്ളൂ എന്നു പറയും പോലെ സൂപ്പര്‍സ്റ്റാര്‍ ഒന്നേയുള്ളൂ എന്നെന്നേയ്ക്കും. രജനികാന്ത് ! സൂപ്പര്‍ താരങ്ങളുടെ മാനറിസങ്ങളെല്ലാം ചെപ്പടി വിദ്യകളാണ്. ആ വഴിയ്ക്കു തന്നെയാണ് കമലും യാത്രയായിരുന്നത്. സകലകലാവല്ലഭന്‍, കാക്കിച്ചട്ടൈ, ഒരു കൈതിയിന്‍ കതൈ.. പിന്നെ ദിശമാറ്റി. ഷോമാനായി. വേഷം കെട്ട്, ട്രിക്ക്, ഗിമിക്ക്..ആ പരിണതിയുടെ ഇങ്ങേയറ്റമാണ് ദശാവതാരം. ഇതിനിയും വളരും.

ദശാവതാരത്തിലെ കമലിന്റെ പത്തുവേഷങ്ങള്‍ക്ക് പ്രത്യേകിച്ച് താത്ത്വികാടിത്തറയൊന്നുമില്ല. ഒരേ മനസ്സിന്റെ വ്യത്യസ്തഭാവങ്ങളെന്നോ, നരവംശാധിഷ്ഠിതമായ വിശകലനമെന്നോ.. അങ്ങനെയൊന്നും. കമലിന്റെ ഭാവാര്‍ദ്രമായ വിടര്‍ന്ന കണ്ണുകളാകട്ടെ ബദ്ധപ്പെട്ടുകെട്ടിയ വേഷങ്ങളുടെ തനിമയെ അങ്ങേയറ്റം കൃത്രിമമാക്കുന്നുണ്ട്, പലേടത്തും. ‘വലിയ’ കണ്ണുള്ള ജപ്പാന്‍കാരനെയും ജോര്‍ജ്ജു ബുഷിനെയും നോക്കുക. 7 അടിപ്പൊക്കക്കാരനായ അമാനുള്ളഖാനും മുത്തുപ്പാട്ടിയും പെയിന്റടിച്ച മരക്കഷ്ണങ്ങളാണ്. മുഖാവയവങ്ങളുടെ സ്വാഭാവികചലനം പോലും അസാദ്ധ്യമായ അവസ്ഥയില്‍ അതാര്‍ക്കും -സിനിമയുമായി പുലബന്ധം പോലുമില്ലാത്തയാളിനും- പറ്റുന്ന വേഷങ്ങളാണ്. നല്ലൊരു ആനിമേറ്റര്‍ കൂടി വേണമെന്നു മാത്രം, പോസ്റ്റ് പ്രൊഡക്ഷന്‍ യൂണിറ്റില്‍. പാട്ടുകാരന്‍ അവതാര്‍ സിംഗാവട്ടേ, വേഷം കൊണ്ട് സുന്ദരനെങ്കിലും നാടകീയതകൊണ്ട് ചുവപ്പുകലക്കിയൊഴിച്ച കഥാപാത്രം. ഇങ്ങനെയുണ്ടോ ഒരു സെന്റിമെന്റ്സ്..? വില്ലനായ ക്രിസ്ത്യന്‍ ഫ്ലെച്ചറും നായകനായ ഗോവിന്ദരാജനും ഒരാളുതന്നെയായതിലെ ഭാവന കൊള്ളാം. എങ്കില്‍ പന്ത്രണ്ടാം നൂറ്റാണ്ടിലെ വില്ലത്തരം (വിഷ്ണു വിഗ്രഹത്തെ പൊളിച്ചെടുത്ത് കടലില്‍ താഴ്തുന്ന ശൈവ ആക്രമണകാരിയായ രാജാവ് കുലോത്തുംഗചോളന്‍ ) എന്തിന് നെപ്പോളിയനായി മാറ്റി വച്ചു? അതും കമലുതന്നെയായാല്‍ മതിയായിരുന്നു. ആകെ പത്തുമിനിട്ടു പോലുമില്ലാത്ത ഇരുന്നുകൊണ്ടുള്ള പ്രകടനമാണ് രാജാവിന്റേത്. കയോസ് തിയറിക്ക് സ്ക്രീനില്‍ ഒരു യുക്തിയും കൂടി ലഭിച്ചേനേ. മണല്‍മാഫിയയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന വിന്‍സന്റ് പൂവരഗനും റാ ഉദ്യോഗസ്ഥന്‍ ബല്‍ റാം നായിഡുവുമാണ് ദശാവതാരത്തിലെ കമലാഹാസനു വേണ്ടിയുള്ള ശരിവേഷങ്ങള്‍ . പിന്നെ രണ്ടു കാലഘട്ടത്തിലെ നായകരായുള്ള രംഗരാജ നമ്പി- ഗോവിന്ദ രാമസ്വാമി ദ്വന്ദ്വങ്ങളും. ഈ നാലുപേര്‍ക്കു വേണ്ടിയാണ് നാം ബാക്കി ആറ്‌ അവതാരങ്ങളെയും അവരെ ചുറ്റുന്ന പാവം നിഴലുകളെയും 31/2 മണിക്കൂര്‍ കണ്ടിരിക്കേണ്ടത്.

രണ്ട്
യുദ്ധങ്ങളും ദുരന്തങ്ങളും ദേശീയതാസങ്കല്‍പ്പത്തെ ഉത്തേജിപ്പിക്കും. ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്നത് മനുഷ്യ ദുരന്തങ്ങളാണ്. സുനാമിയെക്കുറിച്ചോര്‍ത്തു ദുഃഖിക്കേണ്ടതില്ല, എന്ന് പറയുന്നത് 4 വര്‍ഷങ്ങള്‍ക്കു ശേഷമായതുകൊണ്ട് നമുക്കും ആ അഭിപ്രായത്തോട് ഒരനുഭാവം തോന്നിക്കൂടായ്കയില്ല. മനുഷ്യകുലത്തെ മുച്ചൂടും നശിപ്പിക്കാന്‍ പോന്ന അണുബാധയില്‍ നിന്ന് രക്ഷിക്കാനായിരുന്നത്രേ സുനാമി. കൂടുതല്‍ നല്ലതിനു വേണ്ടിയാവുമ്പോള്‍ കുറച്ചു ബലിയൊക്കെയാവാം. രംഗരാജ നമ്പി അങ്ങനെ വിഷ്ണുവിഗ്രഹം രക്ഷിക്കാനായി ബലിയായ വ്യക്തിയാണ്. ( ഇവിടെ സിനിമ, മതപരമായ സംഘര്‍ഷങ്ങള്‍ പണ്ടുമുതല്‍ക്ക് ഭാരതത്തില്‍ ഉണ്ട് എന്നകാര്യത്തിന് അടിവരയിടുന്നുണ്ടെന്നു തോന്നുന്നു. വൈഷ്ണവ-ശൈവ സംഘര്‍ഷത്തില്‍ സിനിമയുടെ പക്ഷം വ്യക്തം, ‘അന്യനി‘ലും കാണാം വൈഷ്ണവ പക്ഷപാതിത്വം. അതെങ്ങനെയുണ്ടായി ?) കടലില്‍ വീണ വിഗ്രഹം അതില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കുന്ന അസ്ഥികൂടത്തോടെ സുനാമിയില്‍ കരയ്ക്കടിയുന്നുണ്ട്. മാറിയ ഇന്ത്യന്‍ സാഹചര്യത്തില്‍ അതൊരു വലിയ ക്ഷേത്രവും തീര്‍ത്ഥാടനകേന്ദ്രവുമൊക്കെയായി പരിണമിക്കും. കടലിനടിയില്‍ ആ വിഗ്രഹം നൂറ്റാണ്ടുകള്‍ കാത്തു കിടന്നത് ഈയൊരു നിമിഷത്തിനും ആര്‍ത്തത്രാണനത്തിനും വേണ്ടിയായിരുന്നു. എല്ലാത്തിനും അര്‍ത്ഥമുണ്ട്. അതോ ഇതോ എന്നും പറഞ്ഞ് കരഞ്ഞും വിളിച്ചും രക്തം തുപ്പിയും നിന്ന അവതാര്‍ സിംഗിന് (പാവത്തിന് തൊണ്ടയില്‍ ക്യാന്‍സറാണ്, ഓപ്പറേഷന്‍ ചെയ്തില്ലെങ്കില്‍ ആളു തട്ടിപ്പോവും, ഓപ്പറേഷന്‍ ചെയ്താല്‍ പാട്ടു നിന്നു പോവും!) ഓര്‍ക്കാപ്പുറത്ത് വില്ലന്റെ വെടിയേറ്റപ്പോള്‍ എല്ലാവരും കരുതിയത്, മോങ്ങാനിരുന്ന കുരങ്ങന്റെ തലയില്‍ നീ തേങ്ങായും കൂടി വെട്ടിയിട്ടു കൊടുത്തല്ലോ ദൈവമേ എന്നാണ്. പക്ഷേ കാല്‍പ്പന്തുകളിയില്‍ പറയുന്നതു പോലെ ഒന്നും സംഭവിച്ചില്ലാ‍ാ‍ാ‍ാ. ഉണ്ട സിംഗിന്റെ ക്യാന്‍സറും കൊണ്ടു പോയി. അതും പറഞ്ഞുവച്ചപോലെ പെര്‍ഫെക്ടായിട്ട് ! ഡോക്ടര്‍ കുപ്പായമിട്ട് രംഗത്ത് നില്‍ക്കുന്ന നടന്‍ മൂക്കില്‍ വിരലു വച്ചുകൊണ്ട് പറയുന്നത് ഇതിനേക്കാള്‍ നന്നായി ലോകത്തിലെ എറ്റവും നല്ല സര്‍ജ്ജനും ‘കയൂല്ലാ‘ എന്നാണ് ! സിംഗിനിനിയും ആടിക്കൊണ്ട് പാടാം. വോക്കല്‍ കോഡ് വില്‍ ബി പെര്‍ഫെക്ട് ദാന്‍ എവെര് സിന്‍സ്‍. വിന്‍സന്റ് പൂവരഗന്‍ എന്ന നല്ല മനുഷ്യന്‍ സുനാമിയില്‍ ബലിയാവുന്നത് ശത്രുവിന്റെ കുട്ടിയെ രക്ഷിക്കുന്നതിനിടയിലാണ്. അതുകൊണ്ട് തടിമാടന്മാരായ കുറെ വില്ലന്മാരങ്ങ് (മണല്‍ മാഫിയ) നന്നായി. ജീവിതത്തില്‍ നല്ലതൊന്നും ചെയ്തിട്ടില്ലാത്ത അവര്‍ ഒരു നന്മ കണ്മുന്നില്‍ കണ്ടത് ആദ്യമായിട്ടായിരിക്കും. മറ്റൊരു സാമൂഹിക വിപ്ലവം കൂടി പൂവരഗന്റെ ബലി കൊണ്ട് സിനിമ സാധിച്ചെടുക്കുന്നുണ്ട്. അഗ്രഹാരത്തില്‍ ശുദ്ധിയും വെടിപ്പും പറഞ്ഞ് അടമ്പിടിത്തവും ഇത്തിരി നൊസുമായി നടക്കുന്ന വൃദ്ധകളുടെ സ്റ്റീരിയോ മാതൃക കൃഷ്ണവേണിപ്പാട്ടി മരിച്ചു പോയ മകനെ കാണുന്നത് ഈ പൂവരഗനിലാണ്. ആശാന്‍ സാവിത്രിയിലൂടെയും ചാത്തനിലൂടെയും 1924-ല്‍ വിഭാവന ചെയ്ത ഒരു സാമൂഹിക വിപ്ലവത്തിന്റെ മറ്റൊരു ചലച്ചിത്ര വെര്‍ഷന്‍. 2008-ല്‍. ഇവിടെ അമ്മ - മകന്‍ ബന്ധമാണ്. അതു കുറച്ചുകൂടി ആഴത്തിലുള്ളതാണ്. ആരാണ് ശരിയായ മകന്‍? ഉള്ളില്‍ തട്ടുന്ന ഒരു കലാപരതയുണ്ട് ഈ രംഗത്തിന്. സത്യം അറിയുന്നത് ഒരു ഭ്രാന്തിയാണെന്ന്. മറ്റൊരു ലോകത്തിന്റെ സൂര്യനുദിച്ച തലയാണെന്ന്. ഒരു തെറ്റും ചെയ്യാതെ ഖലീഫുല്ലാഖാനും കുടുംബത്തിനും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെയും (മേല്‍പ്പറഞ്ഞവയുടെ അത്രയില്ലെങ്കിലും) ബലി വകുപ്പില്‍പ്പെടുത്തണം. ഒരാവശ്യവുമില്ലാതെ പോലീസ് സ്റ്റേഷനില്‍ പിടിച്ചിരുത്തിയിരിക്കുകയായിരുന്നു അവരെ. തീവ്രവാദി ബന്ധം സംശയിച്ച്. അപ്പോഴാണ് സുനാമി. പോലീസ് സ്റ്റേഷനിലായതുകൊണ്ടാണ് മുന്നോറോളം പേര്‍ ഒരു പരിക്കുമില്ലാതെ രക്ഷപ്പെട്ടത്.

തമിഴ്‌നാട്ടില്‍ നിന്ന് ഇന്ത്യയിലേയ്ക്കും ലോകത്തിലേയ്ക്കും (ലോകം = അമേരിക്ക തന്നെ വേറെയെന്തോന്ന്?) പ്രപഞ്ചത്തിലേയ്ക്കും ഒരു നോട്ടമാണ് ദശാവതാരം. ജനപ്രിയ സിനിമകളുടെ തനതു മട്ടില്‍ ഒരു പാര്‍ശ്വവീക്ഷണം. സംഭവങ്ങള്‍ക്കെല്ലാം ഒരു കാര്യകാരണബന്ധമുണ്ടെന്ന് അടിവരയിട്ടാല്‍ നമ്മളെത്തുക കയോസ് തിയറിയിലല്ല, മറിച്ച് ദൈവമെന്ന അവസാനത്തെ അഭയത്തിലാണ്. പെണ്ണുങ്ങളെ കേറിപിടിക്കുന്ന തെമ്മാടികളെ മൂന്നാം കണ്ണു തുറന്ന് ഭസ്മമാക്കുകയും ദാരിദ്ര്യത്തിന് സ്വര്‍ണ്ണമഴ പൊഴിച്ചുകൊടുക്കുകയും തേരാപാരാ ശൂലം കുന്തം ഇത്യാദികളെ വായുവിലൂടെ പായിക്കുകയും കണ്ണുകളുറുട്ടി നൃത്തം ചെയ്യുകയും മരിച്ചവരെ പുനര്‍ജീവിപ്പിക്കുകയും ചെയ്തിരുന്നതു കൊണ്ട് ജനപ്രിയരായിരുന്ന ‘സിനിമാ ദൈവങ്ങള്‍‘ ഇപ്പോള്‍ ടിവിയിലേയ്ക്ക് മാറി. സിനിമയില്‍ ഇനി അവര്‍ക്ക് സ്കോപ്പില്ല. മറിച്ച് മറ്റൊരു തരം ദൈവത്തിന്റെ അവതരണമാണ് ദശാവതാരത്തിലൂടെ ഉദ്ഘാടനം ചെയ്യപ്പെട്ടത്. അദൃശ്യനും സര്‍വശക്തനും കാലവ്യാപിയും ആസൂത്രണങ്ങളുടെ മഹാമസ്തിഷ്കവുമായ പുതിയ ദൈവം. അദ്ദേഹത്തിന്റെ ആവിഷ്കാരങ്ങളായി ദൌത്യ നിര്‍വഹണം ചെയ്യുകയാണ് കമല്‍ഹാസന്‍ എന്ന നടന്‍ പത്തായി പിരിഞ്ഞ് ഈ ചിത്രത്തില്‍. ആ നിലയ്ക്ക് ആ വേഷങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്. സിനിമയിലെ ആദ്യരംഗങ്ങളില്‍ നാം കാണുന്നത് യോഗനിദ്രയിലാണ്ട ഒരു വലിയ വിഷ്ണു വിഗ്രഹത്തെയാണ്. അണുപാക്കറ്റ് ഉള്ളില്‍പ്പെട്ടുപോയ പെരുമാള്‍ വിഗ്രഹവും സിനിമയിലുടനീളമുണ്ട്. ഈ ചിഹ്നങ്ങളുടെ ധ്വനി ആലോചിച്ച് അധികം അലയേണ്ടതില്ല എന്നു തോന്നുന്നു. ദൈവം പ്രതിരൂപങ്ങളിലൂടെയാണ് അവതരിക്കുന്നത്. വിഗ്രഹങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ട ആശയത്തിന്റെ ചലിക്കുന്ന പ്രതിനിധിയാണ് കമല് എന്ന് ഒന്നാലോചിച്ചാല്‍ അറിയാം. ബലിയും സംരക്ഷണവും ദൈവേച്ഛയുടെ നടപ്പാക്കലും ദൈവാസ്തിത്വത്തിനു തെളിവുനല്‍കലുമാണ് മൊത്തത്തില്‍ അവതാരങ്ങളെല്ലാം കൂടി ചെയ്യുന്നത്. താന്‍ ദൈവവിശ്വാസിയല്ലെന്നും തനിക്ക് മതമില്ലെന്നും ആണയിട്ടു പറഞ്ഞിട്ടുണ്ടെങ്കിലും സിനിമയുടെ അബോധഘടനയില്‍ വിഗ്രഹാരാധനയുടെയും പ്രതിപുരുഷത്വത്തിന്റെയും പ്രേരണകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമയിതായതു കൊണ്ട് അങ്ങനെ കമലിന്റെ വേഷം കെട്ടലിനു പ്രത്യേക അര്‍ത്ഥങ്ങളുണ്ടാവുന്നു. 1. പലരൂപങ്ങളായി ഇറങ്ങി വരുന്നതു (അവതാരത്തിന് ഇറങ്ങി വരല്‍ എന്നാണര്‍ത്ഥം) ഒന്നു തന്നെയെന്ന് ബോധം ഉറപ്പിക്കുന്നു. 2. പ്രതിപുരുഷന്റെ (റെപ്രസന്റേറ്റീവ്) പ്രാധാന്യം അറിയിക്കുന്നു. ദൈവത്തിലേയ്ക്കുള്ള വഴിയിലെ സൈന്‍ ബോര്‍ഡുകളാണ് രണ്ടും. ‘ഉലകനായകന്‍’ എന്ന പദത്തിന് ദശാവതാരം കണ്ടു കഴിഞ്ഞപ്പോള്‍ മറ്റൊരര്‍ത്ഥം ഉണ്ടെന്നു തോന്നിയതു വെറുതെയല്ല.

July 8, 2008

കുളം, പുഴയാകുന്ന ചില വഴികള്‍വിഷ്ണുപ്രസാദിന്റെ കവിതാപുസ്തകത്തിന്റെ പ്രകാശന റിപ്പോര്‍ട്ട് എന്ന വ്യാജേന തനി ആത്മനിഷ്ഠമായ ഒരു കുറിപ്പ് ചിന്തയിലുണ്ട്. അതേപ്പറ്റി പറയാനായിരുന്നു, വന്നത്.

ചിത്രം : തുളസി