May 14, 2022

ജോൺപോൾ : കാലം നിറച്ചുകൊടുത്തതാണ് ആ മഷിപ്പേന

 പാറപ്പുറമെഴുതിയ തിരക്കഥയിൽ തൃപ്തിവരാതെ സംവിധായകനായ ഐ വി ശശി തിരക്കഥ തിരുത്താൻ മറ്റൊരാളെ ഏൽപ്പിക്കാൻ തീരുമാനിക്കുന്നിടത്തുനിന്നാണ് സഹപ്രവർത്തകർ ‘അങ്കിൾ’ എന്നു സ്നേഹപൂർവം വിളിക്കുന്ന ജോൺപോളിന്റെ ചലച്ചിത്രമേഖലയിലേക്കുള്ള രംഗപ്രവേശം. അതിനു മുൻപ് ജോൺ, ബാങ്ക് ജീവനക്കാരനും പത്രപ്രവർത്തകനുമായിരുന്നു. ‘ഈ മനോഹര തീരം’ (1978) എന്ന സിനിമയിൽ എഴുത്തുകാരനായി ജോണിന്റെ പേരില്ല. 1979 -ൽ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രം ഐ വി ശശിയുടെ ‘ഞാൻ ഞാൻ മാത്രം’ എന്ന സിനിമയുടെ കഥയെഴുതിയത് ജോണായിരുന്നു. തിരക്കഥയും സംഭാഷണവും തോപ്പിൽ ഭാസി. ഐ വി ശശിയുടെ പ്രിയപ്പെട്ട എഴുത്തുകാരനായ എ ഷെറീഫിനും ടി ദാമോദരനും ഇടയിലുള്ള വളരെ ചെറിയൊരു ഘട്ടമാണ് ജോൺപോൾ ഐ വി ശശി കൂട്ടുകെട്ടിന്റേത്. അതിരാത്രം, വ്രതം, ഭൂമിക, വെള്ളത്തൂവൽ എന്നിവയോടൊപ്പം, ഇംഗ്ലീഷ് എഴുത്തുകാരൻ ഹെൻട്രി ഡെ വേരെ സ്റ്റാക്‌പൂളിന്റെ നോവലിനെ ആസ്പദമാക്കി റെൻഡൽ ക്ലെയിസർ സംവിധാനം ചെയ്ത പ്രസിദ്ധ ചിത്രം, ബ്ലൂ ലഗൂണിന്റെ മലയാളം പതിപ്പായ ‘ഇണ’യും ചേർന്ന് ആകെ അഞ്ചു ചിത്രങ്ങൾ.

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ പല നിലയ്ക്കും ‘ഇണയുടെ’ ഔചിത്യം ഇന്ന് ചോദ്യം ചെയ്യപ്പെടാവുന്നതാണ്. ബ്ലൂ ലഗൂണിൽ  എമിലിൻ ആയി അഭിനയിക്കുമ്പോൾ ചൈൽഡ് മോഡലായിരുന്ന ബ്രൂക്ക് ഷീൽഡിനു 15 വയസ്സായിരുന്നു പ്രായം. മാസ്റ്റർ രഘു എന്ന കരണിന് ഇണയിൽ അഭിനയിക്കുമ്പോൾ 13 വയസ്സ്.  അതിൽ അനിതയായി അഭിനയിച്ച ദേവിയെപ്പറ്റിയുള്ള ഒരു വിവരവും ലഭ്യമല്ല. മറ്റൊരു ചിത്രത്തിലും അവർ അഭിനയിച്ചിട്ടുമില്ല. കൗമാരപ്രണയത്തെ അതിന്റെ ശാരീരിക വിവക്ഷകളോടെ അവതരിപ്പിക്കാൻ ശ്രമിച്ചതായിരുന്നു ബ്ലൂ ലഗൂണിന്റെ വിജയത്തിന്റെ അടിസ്ഥാനം. ആദം ഔവ്വ മിത്തിന്റെ പുനരവതരണമായി പാശ്ചാത്യലോകം ഉൾക്കൊള്ളുമ്പോലെ അത്ര എളുപ്പമല്ല കേരളത്തിന്റെ സാംസ്കാരിക വ്യവസ്ഥയ്ക്കകത്ത് അത്തരമൊരു പ്രണയത്തിന്റെ പ്രവർത്തനം. ലക്ഷ്യം കച്ചവടമായിരുന്നിട്ടുപോലും, മലയാളത്തിൽ അതിനെ റോമിയോ ആൻഡ് ജൂലിയറ്റ് മിത്താക്കി മാറ്റിയ തിരക്കഥാകൃത്തിന്റെ കരവിരുത് അവിടെയാണ്.  ‘ബ്ലൂ ലഗൂൺ’ ഉറങ്ങുന്ന കമിതാക്കളിലാണ് അവസാനിച്ചതെങ്കിൽ ‘ഇണ’ ദുരന്തപര്യവസായിയായിരുന്നു.  ഒരാൾ കമിതാക്കളിൽ പെൺകുട്ടി രോഗംകൊണ്ടും മറ്റെയാൾ ആ ദുഃഖം സഹിക്കാതെ ആത്മഹത്യചെയ്തും ഒന്നായി തീരുന്നു. പറുദീസയിൽനിന്നുള്ള പുറത്താവൽ,  നിഷ്കളങ്കതയുടെ മരണം, പാപത്തിനുള്ള ശിക്ഷ എന്നിങ്ങനെയുള്ള പൗരാണിക സങ്കൽപ്പവുമായി ചേർന്നു നിൽക്കുന്ന ഘടന സ്വീകരിച്ചതുകൊണ്ട് ‘ഇണ’ മാംസബദ്ധമായ അപക്വരാഗത്തിനെതിരെയുള്ള താക്കീതുമായി മാറി. ചിത്രത്തിലെ ദൃശ്യങ്ങൾ മറിച്ചുള്ള കാര്യമാണ് പറഞ്ഞതെങ്കിലും.  

കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ആരോരുമറിയാതെ (1984) എന്ന ചിത്രത്തിനു വേണ്ടിയെഴുതിയ ജോൺപോൾ ഈ പ്രമേയത്തെ തിരിച്ചുവച്ചു. അതിൽ  വൃദ്ധരായ മനുഷ്യരുടെ ഗൂഢമായ രതിതാത്പര്യമാണ് വിചാരണയ്ക്ക് വിധേയമായത്.  ഈ രണ്ടു തിരക്കഥകളും ചേർത്തുവച്ചാൽ ചലച്ചിത്രങ്ങൾക്കു വേണ്ടിയുള്ള എഴുത്തും അതിന്റെ ചിത്രീകരണവും തമ്മിലുള്ള വിടവ് അത്ര നിസ്സാരമായിരുന്നില്ലെന്നു കാണാം. ഭൂരിപക്ഷം വരുന്ന പ്രേക്ഷകരുടെ താത്പര്യങ്ങളെ താലോലിച്ചുകൊണ്ടാണ് കാഴ്ചകൾ രൂപപ്പെടുന്നത്. മറിച്ച് എഴുത്തിന്റെ നീക്കുപോക്കുകൾ സംസ്കാരവുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്. ജോൺ പോളിന്റെ രചനകളുടെ അടിയൊഴുക്കായി ബൈബിൾ സങ്കല്പങ്ങളുണ്ട് എന്നതിന്റെ ഉദാഹരണം കൂടിയാണ് ഇണ. ജേസി സംവിധാനം ചെയ്ത ‘പുറപ്പാട്’  പോലെ ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കി തരുന്ന മറ്റു ചിത്രങ്ങളും ഉണ്ട്. പാപങ്ങളുടെ ഭാരം വഹിക്കാൻ ബദ്ധപ്പെടുന്ന മനുഷ്യരുടെ മാനസിക സമ്മർദ്ദങ്ങളെ പൊലിപ്പിക്കാൻ അദ്ദേഹത്തിനു വിശേഷസിദ്ധിതന്നെയുണ്ടായിരുന്നു. 80മുതൽ 90കളുടെ മധ്യംവരെയുള്ള ജോണിന്റെ പ്രഭാവകാലത്തെ രചനകളിൽ അപൂർവം ചിലതൊഴിച്ച് മിക്കതും ഈ വസ്തുതയെ ശരിവയ്ക്കുന്നവയാണ്.

ഭരതനുവേണ്ടിയാണ് ജോൺ കൂടുതലും എഴുതിയത്.  ‘ചാമര’ത്തിന്റെ (1980) കഥ  ബാലകൃഷ്ണൻ മങ്ങാടാണ്. മർമ്മരത്തിന്റെ (1982) കഥ വിജയൻ കാരോട്ടായിരുന്നു. എന്നാൽ ഈ രണ്ടു ചിത്രങ്ങളും എഴുത്തുകാരൻ എന്ന നിലയ്ക്ക് ജോണിനെ മലയാള സിനിമയിൽ സ്ഥാനപ്പെടുത്തിവയാണ്.  ജോൺ പോളിന്റെ രചനകൾ പലതും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായിരുന്നു. ‘ഓർമ്മയ്ക്കായി’ (1982), കാതോടു കാതോരം (1985), പാളങ്ങൾ (1981) സന്ധ്യമയങ്ങും നേരം (1983) തുടങ്ങിയ ചിത്രങ്ങളുടെ രചനയിൽ ഭരതന്റെ കൂട്ടുണ്ട്. ഇത്തിരിപ്പൂവേ ചുവന്നപൂവേ (1984) തിക്കോടിയന്റെ കഥയും ടി ദാമോദരന്റെ സംഭാഷണവുമാണ്. തിരക്കഥയിൽ മാത്രമേ ജോണിന്റെ പങ്കുള്ളൂ. പി എൻ മേനോന്റെയാണ് അസ്ത്രത്തിന്റെ കഥ.  ‘ആരോരുമറിയാതെയുടെ’ കഥയെഴുതിയത് കമൽ,  ഇണക്കിളിയുടെ (1984) കഥ  കൊച്ചിൻ ഹനീഫ. രേവതിക്കൊരു പാവക്കുട്ടിയുടേത് (1986) രവി വള്ളത്തോൾ. ‘പണ്ട് പണ്ടൊരു രാജകുമാരി (1992) ഒരു കടം കഥപോലെ (1993) എന്നീ സിനിമകളുടെ കഥകൾ നെടുമുടി വേണു.  മോഹന്റെ ‘കഥയറിയാതെ’ (1981) അശോക് കുമാറിന്റെ തേനും വയമ്പും (1981) എന്നീ ചിത്രങ്ങളിലാണ് കഥയും തിരക്കഥയും സംഭാഷണവും ഏറ്റെടുത്ത ജോൺ പോളിനെ നാം കാണുന്നത്. എങ്കിലും സുരാസുവും പെരുമ്പടവം ശ്രീധരനും സംവിധായകനായ മോഹനും ചേർന്നെഴുതിയ ‘വിടപറയും മുൻപേ’ അദ്ദേഹത്തെ തിരക്കഥാകൃത്തെന്ന നിലയിൽ പ്രശസ്തനാക്കിയിരുന്നു. ജോൺപോളിന്റെ പിൽക്കാല ചലച്ചിത്രങ്ങളിലെ കേന്ദ്രകഥാപാത്രങ്ങൾ അനുഭവിക്കുന്ന ഒരു തരം വീർപ്പുമുട്ടലും അകം പുറം മറിയുന്ന തരത്തിലുള്ള വ്യക്തിത്വവും ഏറ്റവും മൂർത്തമായി കാണാം, വിടപറയും മുൻപേയിലെ സേവ്യറിൽ. മാത്രമല്ല, കഥയുടെ മർമ്മം വൈകാരികമായ ഏതു സന്ധിയിലാണെന്ന് അറിഞ്ഞ് തിരക്കഥ തയാറാക്കാൻ ശേഷിയുള്ള ഒരു എഴുത്തുകാരൻ തന്റെ സാന്നിദ്ധ്യത്തെ പ്രകടമാക്കിയ ചിത്രംകൂടിയായിരുന്നത്.    

സംഭവങ്ങൾക്കുള്ള പ്രാധാന്യത്തിൽനിന്ന് മലയാളസിനിമ കഥാപാത്രങ്ങളുടേ അന്തസ്സംഘർഷത്തിലേക്ക് കൂടുതൽ നോക്കാൻ തുടങ്ങുന്ന കാലഘട്ടമായിരുന്നു എൺപതുകൾ ജോണിന്റെ പ്രതാപകാലമായതിൽ അദ്ഭുതമില്ല. അറുപതുകളുടെ അവസാനമുള്ള തീവ്രഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഉദയവും പ്രവർത്തനവും അതിന്റെ പെട്ടെന്നുള്ള തകർച്ചയും 70 കളുടെ മധ്യത്തിലുണ്ടായ അടിയന്തിരാവസ്ഥയും അതിനെ തുടർന്നുള്ള ആശങ്കകളും ഒന്നും കേരളത്തിലെ അപ്പോഴും പിന്നീടുമുള്ള പ്രത്യക്ഷരാഷ്ട്രീയത്തെ സ്വാധീനിച്ചില്ലെന്ന്  പറയാറുണ്ട്. അടിയന്തിരാവസ്ഥയെ തുടർന്നു വന്ന തെരെഞ്ഞെടുപ്പിൽ കേരളം സ്വീകരിച്ച നിലപാടിനെയാണ് രാഷ്ട്രീയവിശകലനത്തിന് പൊതുവേ ഉദാഹരണമായെടുക്കുന്നത്.  പക്ഷേ കേരളത്തിന്റെ സാംസ്കാരികചരിത്രം വ്യത്യസ്തമായ അന്തരീക്ഷത്തെ മുന്നിൽ വയ്ക്കുന്നു. എഴുപതുകളുടെ അവസാനവും എൺപതുകളുടെ തുടക്കത്തിലുമായി ഉണ്ടായ പല ചലച്ചിത്രങ്ങളുടെയും പശ്ചാത്തലം  വ്യക്തിഗതമായ നിരാശാബോധമാണ്. പ്രിയപ്പെട്ടവരുടെ മരണംകൊണ്ടോ രോഗംകൊണ്ടോ മനുഷ്യരുടെ ക്രൂരമായ ചെയ്തികൾകൊണ്ടോ പൊലിപ്പിച്ചു നാടകീയമായി ചലച്ചിത്രങ്ങൾ അതിനു മുൻപുള്ള ദശാബ്ദങ്ങളിൽ കാഴ്ചവച്ച കഥകളെപോലെയായിരുന്നില്ല അവ.

കാലമാണ് ജോൺപോളിന്റെ തൂലികയിൽകൂടി പ്രവർത്തിച്ചത്. പൊതുവേ കഥാപാത്രങ്ങളുടെ അതൃപ്തി, പരാധീനതകൾ, വാസനകൾക്കു പിന്നാലെയുള്ള ഉടന്തടിച്ചാട്ടങ്ങൾ എന്നിവയ്ക്കു പുറമേ കഥയുടെ പശ്ചാത്തലങ്ങളിൽ വീർപ്പുമുട്ടി നിൽക്കുന്ന മ്ലാനത കൃത്യമായി ഒപ്പിയെടുക്കുന്നയാണ് ജോണിന്റെ രചനകൾ. മർമ്മരത്തിലെ നാരായണ അയ്യർ, ചാമരത്തിലെ വിനോദ്, ഓർമ്മയ്ക്കായിലെ മൂകനായ കലാകാരൻ നന്ദു, സന്ധ്യമയങ്ങും നേരത്തിലെ ജഡ്ജ് ബാലഗംഗാധര മേനോൻ, രചനയിലെ അച്യുതനുണ്ണി,  ഇത്തിരി പൂവേ ചുവന്ന പൂവേ യിലെ ഉണ്ണി, ഉത്സവപ്പിറ്റേന്നിലെ അനിയൻ തമ്പുരാൻ.. കെട്ടുകാഴ്ചകളുടെ പകിട്ടൊന്നും ഇല്ലാഞ്ഞിട്ടും ചില അസാധാരണത്വങ്ങൾ ഉള്ളിൽ വഹിക്കുന്ന കഥാപാത്രങ്ങളാണ് ജോണിന്റെ കഥപാത്രങ്ങളിൽ ഭൂരിപക്ഷവും. നന്മയാണ് അവരുടെ സ്വകാര്യമൂലധനം. തുറന്നുപറയാനാവാതെ ഇവരനുഭവിക്കുന്ന നിലയില്ലാത്ത സമ്മർദ്ദങ്ങളിലാണ്  ജോൺപോൾ എന്ന എഴുത്തുകാരൻ തിരക്കഥയുടെ നാടകീയതകൾ  ഒരുക്കിവച്ചത്. അതൊരു പുതുമയായിരുന്നു. മരണം ഒരൊഴിയാബാധയായി ഈ കഥാപാത്രങ്ങളെ ചൂഴ്ന്നു നിൽപ്പുണ്ട്. ആളുകളുടെ സ്വഭാവവൈചിത്ര്യങ്ങൾക്കിടയിലും മനുഷ്യത്വത്തെ ഇതുപോലെ വിലമതിച്ച ഒരു കാലം ഉണ്ടായിട്ടില്ല. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിൽനിന്ന് (1987) വലിയ ദൂരമില്ല, ജോൺ നിർമ്മിച്ച്, എം ടി സംവിധാനം ചെയ്ത ‘ഒരു ചെറുപുഞ്ചിരി’യിലേക്ക്. ചെറുതുകളുടെയും അപരാഹ്നവെയിലിന്റെയും സൗമ്യസ്വരങ്ങളുടെയും ലോകമായിരുന്നു അദ്ദേഹത്തിന്റേത്.  വ്യാപാരചലച്ചിത്രങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത  ലോകവുമായുള്ള നീക്കുപോക്കുകളായി ‘അതിരാത്രം’പോലെയുള്ള അപൂർവം അപവാദങ്ങൾ ഇല്ലാതില്ല. എങ്കിലും ജോണിനു താത്പര്യമുണ്ടായിരുന്ന കഥാവസ്തുക്കളുടെ പൊതുവേയുള്ള ചിത്രം കെട്ടുകാഴ്ചകളുടെയോ ബഹളങ്ങളുടെയോ അല്ല.

ജോൺ പോളിന്റെ വ്യക്തിത്വത്തിന്റെ സൗഹാർദ്ദപരമായ വശത്തെ വെളിവാക്കുന്ന ഒരുദാഹരണം   ഡെന്നിസ് ജോസഫ് അദ്ദേഹത്തിന്റെ ‘നിറക്കൂട്ടുകളില്ലാതെ’ എന്ന ആത്മകഥയിൽ നൽകുന്നുണ്ട്. ‘ഈറൻസന്ധ്യ’യ്ക്ക് ഡെന്നിസ് ജോസഫ് എഴുതിയ തിരക്കഥയിൽ തൃപ്തിയില്ലാതെ സംവിധായകൻ ചെന്നെയിലായിരുന്ന ജോൺ പോളിനെ വിളിച്ചുവരുത്താൻ പറയുന്നു. “ഡെന്നിസിന് അതു വിഷമമാകും എനിക്ക് അടുപ്പമുള്ള ആളാണ്. അനിയനെപോലെയാണ്. അവൻ ആഗ്രഹിച്ച് എഴുതിയ തിരക്കഥയാണ്‘ എന്നു പറഞ്ഞ് നിരസിക്കുകയാണ് ജോൺ പോൾ ആദ്യം ചെയ്തത്. അവസാനം ജോൺ എഴുതിയില്ലെങ്കിൽ പ്രോജക്ട് തന്നെയും നിന്നുപോകും എന്നു ഡെന്നിസ് തന്നെ അപേക്ഷിച്ചതിന്റെ ഭാഗമായാണ് അദ്ദേഹം അതു തീർത്തുകൊടുക്കുന്നത്.  കച്ചവടങ്ങളുടെ ലോകമായ ചലച്ചിത്രമേഖലയിൽ അണയാതെ അദ്ദേഹത്തിനു സൂക്ഷിക്കാൻ കഴിഞ്ഞ ചെരാതു വെളിച്ചമാണ് സമീപദൃശ്യങ്ങളായി അദ്ദേഹം ജീവൻ നൽകിയ കഥാപാത്രങ്ങളിലേക്കും പകർന്നത്. തനിക്കു മുൻപേ നടന്നുപോയവരെക്കുറിച്ച് ജോൺ പോൾ  എഴുതിയ ‘കാലത്തിനു മുൻപേ നടന്നവർ’ എന്ന പുസ്തകത്തിന്റെ അവതാരികയിൽ എം കെ ലോഹിതദാസ് എഴുതി:

“ജോൺ പോളിന്റെ കൈത്തഴക്കം ഈ ഓർമ്മക്കുറിപ്പുകളെ കഥകളാക്കി ചമച്ചിരിക്കുന്നു.  ഇതിലെ കഥാപാത്രങ്ങളുടെ ജീവിതങ്ങൾ നമ്മെ ആഹ്ലാദിപ്പിക്കുന്നു. അവർ അവശേഷിപ്പിച്ച ശൂന്യത നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു.”

ഓർമ്മക്കുറിപ്പുകളെ ചലച്ചിത്രങ്ങൾ എന്നു മാറ്റിയാൽ ഇപ്പോൾ ജോണിനും ഇണങ്ങുന്നവയായി തീർന്നിരിക്കുന്നൂ, ഈ വരികൾ.  ഡെന്നിസ് ജോസഫ്, ലോഹിതദാസ്, ജോൺപോൾ ആരും ഇപ്പോൾ നമ്മോടൊപ്പമില്ല. 

 

(മൂല്യശ്രുതി മാസിക, മെയ് 2022)

May 3, 2022

വേരുകളെ ചിറകുകളിലേക്ക് വിവർത്തനം ചെയ്യാനുള്ള ശ്രമംകൂടിയാണ്, പ്രവാസം

 


കേരളസർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിന്റെ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽനിന്ന് പെട്ടെന്ന് പറിച്ചു നട്ടതുകൊണ്ടായിരിക്കണം, ഒമാനിൽ കുറേക്കാലത്തേയ്ക്ക് മനസ്സിൽ ഇടയ്ക്കിടയ്ക്ക് അക്കേഷ്യാമരങ്ങളിലേക്ക് പെയ്യുന്ന മഴ കടന്നുവന്നുകൊണ്ടിരുന്നു. ഉച്ചതിരിഞ്ഞുള്ള സമയങ്ങളിലെ മഴ ഏറെക്കുറേ അനാഥമാണ്. അരക്ഷിതാവസ്ഥയാണ് അതിന്റെ സ്ഥായി.  വെളിച്ചവും വെയിലുമാണ് ഒമാന്റെ ആദ്യചിത്രം. ഒട്ടും ഈർപ്പമില്ലാത്ത അന്തരീക്ഷം.  നേരെ തിരിച്ചാണ് ക്യാമ്പസ്, ഇരുണ്ട പച്ചപ്പ്, പുല്ലുകളിലും മരങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന നനവ്. കലഹിക്കുന്ന പ്രണയത്തിന്റേയോ ഒട്ടും വെളിവാക്കപ്പെടാത്ത രതിയുടെയോ വീർപ്പു പിടിച്ച അന്തരീക്ഷം.

എന്നാലും അപരിചിതദേശം ഗന്ധമായിട്ടാണ് ആദ്യം ശരീരത്തെ ബാധിക്കുന്നത് എന്നേ ഞാൻ പറയൂ. നാം ചെന്നുപെടുന്ന ഭൂപ്രദേശത്തിൽകൂടി എപ്പോഴെങ്കിലും നമ്മുടെ സാങ്കല്പികവിമാനം പറന്നു പോയിട്ടുണ്ടാവാം. കൂമൻകാവിൽ ബസ്സിറങ്ങുമ്പോൾ രവിക്ക് ആ സ്ഥലം അപരിചിതമായി തോന്നാത്തതുപോലെ ഭാവന, മനക്കാഴ്ചകളുടെ കോശങ്ങളിൽ രഹസ്യമായ കൊത്തുവേലകൾ ചെയ്യുന്നുണ്ടാവും. പത്തിരുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ്, എയറിന്ത്യാ വിമാനത്തിന്റെ ചതുരജാലകത്തിലൂടെ തെളിഞ്ഞ വെയിലിൽ, കണ്ട ഒമാന്റെ ഭൂപ്രകൃതി കണ്ടു മറഞ്ഞ ചിത്രങ്ങളിലോ, അന്ന് റേഡിയോ അർദ്ധരാത്രികളിൽ പേരറിയാത്ത വിദൂരദേശങ്ങളിൽനിന്ന് കൊണ്ടുവന്നു തന്നിരുന്ന അറബിപാട്ടുകളിൽനിന്ന് സ്വരൂപിച്ചെടുത്തതിലോ എല്ലാം ഉണ്ടായിരുന്നതിൽനിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല. അതായിരുന്നില്ല സീബ് എയർപോർട്ടിൽ വച്ച് ആദ്യമായും പിന്നെ ഒമാന്റെ മണ്ണിൽ കഴിഞ്ഞുകൂടിയ നാളുകളത്രയും ചൂഴ്ന്നു നിന്ന പ്രത്യേകതരം ഗന്ധത്തിന്റെ അവസ്ഥ. അതു തീർത്തും പുതുമയുള്ളതായിരുന്നു. വിചിത്രമായിരുന്നു. അസാധാരണമായ ഭാവനയുള്ള ഒരാൾക്കുപോലും വേണമെന്നുവച്ചാലും കഴിയാത്തത്ര  വഴക്കമില്ലാത്തതാണ് പ്രദേശങ്ങളുടെ പ്രത്യേക മണം.

പ്രവാസം എന്ന് കേൾക്കുമ്പോഴെല്ലാം ഒമാന്റെ ആ ഗന്ധവിസ്തൃതിയിലേക്ക് മനസ്സ് പോകും.  അൽഗുബ്രയിലെ ഇന്ത്യൻ സ്കൂൾ ലൈബ്രറിയിൽ ആറ്റൂർ രവിവർമ്മയുടെ കവിതാപുസ്തകമുണ്ടായിരുന്നു. പ്രവാസാനുഭവത്തെപ്പറ്റി പല കവിതകളും എഴുതിയിട്ടുള്ളയാളാണ് ആറ്റൂർ. വേരറ്റവർക്ക് പഴയ ഭൂമികയിലേക്കുള്ള മടക്കം സാധ്യമാണോ എന്ന് അന്വേഷിക്കുന്ന ‘നാട്ടിൽ പാർക്കാത്ത ഇന്ത്യക്കാരൻ’ എന്ന കവിത പ്രസിദ്ധമാണ്. തിരിച്ചു ചെല്ലുമ്പോഴേക്കും  വിട്ടുപോന്ന ഭൂമിയാകെ മാറിയിരിക്കും. അതുകൊണ്ട് സ്ഥിരമായൊരു പ്രവാസിത്വമാണ് പടിയിറങ്ങിപ്പോയവരുടെ വിധി.  താനിങ്ങു ദേശകാലങ്ങളറ്റവൻ/ പുറത്തു നിൽക്കുന്നവൻ/ സദസ്സിനു കോമാളിയായവൻ/ കടൽകൊണ്ട മരം‌പോലെ കരയറ്റവൻ/ ചാട്ടം പിഴച്ചവൻ - എന്ന് സുന്ദരമൂർത്തിയായ നടേശനിലൂടെ സ്വയം വിലയിരുത്തുന്ന കവിത, നിറവും മണവും പുതുതായ ഭൂമിയിലെ ആദ്യത്തെ പകപ്പിക്കുന്ന ആനന്ദത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ആറ്റൂരിന്റെ ‘മോക്ഷമു’ എന്ന കവിതയിൽ, അലയുന്ന കാവേരിതന്നെ പ്രവാസദുഃഖത്തിന്റെ മുദ്രയായി തീരുന്നു. വേറെയുമുണ്ട് ഇതേ ഗണത്തിൽ വരുന്നവ. മടക്കം, പോംവഴികൾ, പാണ്ടി, കര-തിര, നേരങ്ങൾ, മഴനാട്.  ഓരോന്നും പ്രവാസത്തിന്റെ അനുഭവഘടകങ്ങളെ സൂക്ഷ്മമായി ഇഴപിരിക്കാൻ ശ്രമിക്കുന്നവ. ദേശം വിട്ടു പോക്കിനെ, പ്രവാസത്തെ ആറ്റൂരിനെപ്പോലെ ഉള്ളിലറിഞ്ഞ മലയാളകവികൾ അധികം ഇല്ല.

പറഞ്ഞും എഴുതിയും ഉറച്ചുപോയെങ്കിലും സംസ്കൃത ഉപസർഗത്തോടുകൂടിയുള്ള പ്രവാസം - ‘പ്രകർഷേണയുള്ള വാസം’ - എന്ന വാക്കിനെന്തോ പ്രശ്നമുണ്ട്. ജോലി തേടി അന്യനാട്ടിൽ പോകുന്ന പലർക്കും അതു ‘പ്രകർഷം’ അല്ല. കവി വിനയചന്ദ്രൻ ഒരിക്കൽ സംസാരിച്ചിരിക്കുമ്പോൾ ഗൾഫുകാരുടേത് ‘പ്രവാസം’ അല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. സ്വയം തെരെഞ്ഞെടുക്കലിന്റെ ഒരു ഘടകം ഉണ്ട്, ഉപരിപഠനത്തിനും ജോലി തേടിയുമുള്ള യാത്രകൾക്ക്. അതല്ല, കുടിയിറക്കപ്പെടുന്നതിന്റെയും പലായനങ്ങളുടെയും അലച്ചിലുകളുടെയും സ്ഥിതി. ദാരുണമായ കുടിയിറക്കുകളുടെയും രാഷ്ട്രീയസമ്മർദ്ദങ്ങളുടെയും വിശാലമായ അനുഭവങ്ങളും മനുഷ്യാവസ്ഥകളും ആയിരുന്നിരിക്കണം, കവിയുടെ മനസ്സിൽ. ഗൾഫ്-യൂറോപ്യൻ പ്രവാസാനുഭവങ്ങളുടെ സംഘർഷവിനിമയങ്ങളെ സംശയത്തോടെ കണ്ട അദ്ദേഹം തന്നെയാണ് ‘വീട്ടിലേക്കുള്ള വഴി’യെന്ന കവിതയെഴുതിയതും. വേരുപടർച്ചകളുടെ അസ്ഥിരതയെക്കുറിച്ചുള്ള വേവലാതി ആ കവിതയുടെ ഭാവതലമായുണ്ട്. പ്രവാസാനുഭവം ബാഹ്യമായ കാര്യമല്ലെന്നും ആന്തരികമാണെന്നും അദ്ദേഹത്തിനറിയാമായിരുന്നു എന്നാണല്ലോ അതിനർത്ഥം.  ‘പ്രവാസിയായ ജൂതൻ എന്ന വിളിപ്പേരും’ വിനയചന്ദ്രനുണ്ടായിരുന്നു. എങ്കിലും ഗൾഫ് യൂറോപ്യൻ പ്രവാസങ്ങളെ അവയുടെ യോഗ്യതയിൽ  അംഗീകരിക്കാൻ അദ്ദേഹം മടിച്ചു.

‘വീട്ടിലേക്കുള്ള വഴി(കൾ)’, പവിത്രൻ തീക്കുനിയും എഴുതിയിട്ടുണ്ട്. അത് വീട്ടിൽനിന്നുള്ള കാഴ്ചയാണ്. തന്നിലേക്കുള്ള പലതരം വഴികളാണതിൽ വീട്ടിലേക്കുള്ള വഴികളായി തീരുന്നത്. അതിൽ ‘വീട്ടിലേക്കെന്നു പോകുന്നു’ എന്ന ചോദ്യം ചോദിക്കുന്ന കൂട്ടുകാരില്ല. വിനയചന്ദ്രന്റെ വീട്ടിലേക്കുള്ള വഴി പ്രദേശത്തിനുള്ളിൽത്തന്നെയുള്ള പ്രവാസാനുഭവമാണ്. കുഴൂർ വിൽസന്റെ ‘കമറുൽ നാട്ടിൽ പോകുന്നു’ എന്ന കവിതയിൽ കുഴൂർ വിൽസൺ ഗൾഫ് അനുഭവത്തെ അതുപോലെ പകർത്തിവച്ചു. കമറുൽ വീട്ടിലേക്കു പോകാനുള്ള തയ്യാറെടുക്കുകയാണ്. അയാളുടെ കൂടെ ഒരു കൂട്ടം നെടുവീർപ്പുകളും വീട്ടിലേക്കു പോകാൻ ഒത്തുകൂടുന്നുണ്ട്. ‘ഞങ്ങളുടെ കത്തുമായി കമറുൽ നാട്ടിലേക്കു പോകുന്നു’ എന്ന വരിയിൽ ഒറ്റമുറിയിലെ ആൾക്കൂട്ടങ്ങളും അവരുടെ പ്രതീക്ഷകളും വെമ്പലുകളും മൊത്തമായുണ്ട്.

‘കുഴൂർ ഷഷ്ഠിയുടെ അന്ന് നാട്ടിലുള്ള നിനക്ക്’ എന്ന കവിതയിൽ വിൽസൺ നാട്ടിലേക്ക് കൊടുത്തു വിടുന്നത് കത്തല്ല, കാലുകളും കയ്യുകളും കാതുകളും നാവുമെല്ലാമാണ്. എന്നുവച്ചാൽ തന്നെത്തന്നെയാണ്. ശരീരാവയവങ്ങൾ നാട്ടിലയച്ച പ്രവാസിക്ക് മറ്റൊരിടത്ത് എങ്ങനെയാണ് ചലിക്കാനാവുക? ഈന്തപ്പനകൾ, വിവർത്തനശേഷമുള്ള തെങ്ങുകളാണെന്ന് കവിയോട് കനിഞ്ഞു പറയുന്ന ഒരു കവിതയുണ്ടല്ലോ, ‘വിവർത്തനത്തിനു ഒരു വിഫലശ്രമം’, ആ കവിതയുടെ സ്ഥൂലമായ രൂപങ്ങളെ ഗൾഫിലെ മലയാളിഉത്സവങ്ങളിൽ ആനപ്രതിമകളായും തെയ്യം കോലങ്ങളായും കഥകളി തലകളായും ഓണസ്സദ്യയായും പലതരങ്ങളിൽ, പലതലങ്ങളിൽ കണ്ടിട്ടുണ്ട്. ഒരിക്കൽ മസ്കറ്റിൽ വിശിഷ്ടാതിഥിയായി പ്രഭാഷണത്തിനെത്തിയ സുകുമാർ അഴീക്കോട്, അവിടെ ഉണ്ടാക്കിവച്ചിരുന്ന ആനപ്രതിമയെ ചൂണ്ടി,  തുമ്പിക്കൈയും കൊമ്പും നെറ്റിപ്പട്ടവും ഒഴിവാക്കാൻ വയ്യാത്ത മലയാളി ആഘോഷങ്ങളെപ്പറ്റി തമാശപറഞ്ഞതും ഓർക്കുന്നു. കുഴൂർ കവിതയിൽ പറഞ്ഞതുപോലെ, ഈന്തപ്പനകൾ വിവർത്തനശേഷമുള്ള തെങ്ങുകളാണെങ്കിൽ മറുനാട്ടിലെ മലയാളികളുടെ ഓരോ ചെയ്തിയും വ്യത്യസ്തമായ വിവർത്തനങ്ങൾക്കുവേണ്ടിയുള്ള ശ്രമദാനങ്ങളാകാൻ പാടില്ലേ?  പ്രവാസങ്ങളെല്ലാം ഒരേ അനുഭവരാശിയിലൂടെ വരിതെറ്റാതെ സഞ്ചരിക്കുന്നവയല്ല. അതിന്റെ വൈവിധ്യങ്ങൾക്കെല്ലാം എപ്പോഴെങ്കിലും പൂർണ്ണമായ വിനിമയസാഫല്യം കൈവരുമെന്നും വിചാരിക്കാനാവില്ല.  എങ്കിലും ‘കയ്യും കാലും നാട്ടിൽ കൊടുത്തുവിട്ട് പരദേശത്ത് പ്രതീകാർത്ഥത്തിൽ നിശ്ചലനായി പോകുന്ന മനുഷ്യർ’ സ്വയം വിവർത്തനം ചെയ്യാൻ നടത്തുന്ന വിഫലമായ ശ്രമമാണ് ഓരോ പ്രവാസജീവിതവും എന്നാലോചിക്കുമ്പോൾ അതിലെ  സാർവജനീനത പെട്ടെന്ന് പിടികിട്ടും.  

പ്രവാസത്തെപ്പറ്റി ധാരാളമായി എഴുതിയിട്ടുള്ള സിറിയൻ കവി അലി അഹമ്മദ് സൈഇദ് ഇസ്ബർ എന്ന അഡോണിസ്, ചാരത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെ കവിതകളിൽ ബിംബമായി ആവർത്തിച്ചിട്ടുള്ളത് സ്വദേശത്തും പരദേശത്തുമുള്ള ഇരട്ടജീവിതത്തെ പുനർജ്ജന്മമായി വിവർത്തനം ചെയ്യാനായിരിക്കണം. ‘സ്വന്തം മരണത്തോട് പ്രണയത്തിലായ പക്ഷി’ എന്നാണ് അദ്ദേഹത്തിന്റെ ഒരു വിശേഷണം. പുതിയ നാളെയുടെ പേരിൽ, പുനർജ്ജന്മത്തിന്റെ പേരിൽ, അതു കത്തിച്ചാമ്പലായിക്കൊണ്ടിരിക്കുന്നു എന്ന് ‘സ്വപ്നം’ എന്ന കവിതയിൽ വായിക്കാം.  മരണത്തിന്റെ വേദന പുനർജ്ജന്മത്തിന്റെ സ്വപ്നത്തിൽ ഇല്ലാതാവുന്ന ശുഭാപ്തിവിശ്വാസമാണ്, അഡോണിസിന്റേത്.

ഗൾഫിൽവച്ച് സർജ്ജുവിന്റെയും മണികണ്ഠന്റെയും മറ്റും നേതൃത്വത്തിൽ നടത്തിയിരുന്ന മൂന്നാമിടം എന്ന മാസികയ്ക്കുവേണ്ടി ഒരിക്കൽ ബാബു ഭരദ്വാജുമായി അഭിമുഖം നടത്തിയിരുന്നു. പ്രസിദ്ധമായ ‘പ്രവാസിയുടെ കുറിപ്പുകൾ’ അദ്ദേഹത്തിനെ നാട്ടിൽ പാർക്കാത്തവരുടെ സാംസ്കാരിക പ്രതിനിധിയാക്കി മാറ്റിയ കാലത്താണ്.  ‘കാശുണ്ടാക്കാനാണ് ഗൾഫിൽ പോയതെങ്കിലും അതുണ്ടാക്കാതെ അലഞ്ഞുതിരിഞ്ഞു നടന്ന് ജീവിതം തീർത്ത് തിരിച്ചുവന്ന ഒരാളാണ് ഞാൻ’ എന്ന് അഭിമുഖത്തിനിടയിൽ അദ്ദേഹം പറയുന്നു. ഗൾഫ് യാത്രകളെല്ലാം സാമ്പത്തിക മാനങ്ങളുള്ളതായിരിക്കെ അങ്ങനെയല്ലാതെ മരുഭൂമിയിൽ അലയാൻ പറ്റിയത് തനിക്കുമാത്രമായി കൈവന്ന അനുഭവത്തിന്റെ മൂല്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു.  അക്കാര്യത്തിൽ ഏതൊക്കെയോ തരത്തിൽ അദ്ദേഹം സന്തോഷിക്കുന്നതായി തോന്നി.

നേരെ തിരിച്ചാണ് എൻ ടി ബാലചന്ദ്രന്റെ അനുഭവം. നിശ്ശബ്ദനാക്കിമാറ്റിയ മറുനാടൻ ജീവിതത്തെപ്പറ്റിയായിരുന്നു അദ്ദേഹത്തിന്റെ വീർപ്പുമുട്ടലെല്ലാം. ‘എഴുത്തോ നിന്റെ കഴുത്തോ’ എന്ന പഴയ ഗോവിന്ദൻ ചോദ്യത്തെ തിരിച്ചിട്ടാൽ, നിലനിൽപ്പിന്റെ കഴുത്തുത്തന്നെയല്ലേ പ്രവാസജീവിതത്തിന്റെ ആധാരം എന്നൊരുത്തരമാണ് ലഭിക്കുക. പ്രതിബദ്ധതയെയും ആവിഷ്കാരസ്വാതന്ത്ര്യത്തെയും പ്രസ്തുതത്തിൽ ആ ഉത്തരം ഉള്ളടക്കുന്നില്ല. പക്ഷേ അദ്ഭുതകരമായി, എൻ ടി ബാലചന്ദ്രൻ ദീർഘകാലത്തെ മൗനത്തിനുശേഷം എഴുതാൻ തുടങ്ങി. ‘യക്ഷികളും ഗന്ധർവന്മാരും’ അങ്ങനെയുണ്ടായ നോവലാണ്. ‘തീവണ്ടിയും മറ്റുകഥകളും’ പുനഃപ്രസിദ്ധീകരിച്ചു.  മൂന്നാമിടത്തിൽ അദ്ദേഹം എഴുതിയിരുന്ന പംക്തി, ‘ഇക്കരെ’ എന്ന പേരിൽ ലോഗോസ് ബുക്സ് അടുത്തിടെ പുറത്തിറക്കുകയും ചെയ്തു.

സാംസ്കാരികപ്രവർത്തകരെ അടുത്തു കാണാൻ അവസരം ലഭിച്ചത് ഗൾഫിലായിരിക്കുമ്പോഴാണ്. അവരിൽ കുറച്ചു പേരെങ്കിലും ഗൾഫിലെത്തിയാൽ അസാധാരണമായ സൗഹൃദം പ്രകടിപ്പിക്കുന്നവരാണ്. നാട്ടിലാണെങ്കിൽ അടുത്തു പോകാൻ മടിക്കാത്തവർ കൂടി അടുത്തിരുന്നു കുശലങ്ങൾ പറഞ്ഞു അപൂർവം ചിലരോട് വിമർശനം പറഞ്ഞ് വഴക്കുകൂടി. എങ്കിലും പിരിയുമ്പോൾ നാട്ടിലെത്തിയാൽ വിളിക്കണം, മറക്കരുതെന്ന അവർ ഉപചാരം പറഞ്ഞു. അതു പിന്നെയും തുടർന്നു പോയവരുണ്ട്. അവിടെ വച്ച് ഉപേക്ഷിച്ചവരുമുണ്ട്. യു എ ഇ യിൽ ഉള്ളതുപോലെ വിപുലമായ സഹൃദയ കൂട്ടായ്മയൊന്നും മസ്കറ്റിൽ ഉണ്ടായിരുന്നില്ല. എങ്കിലും ‘മൂന്നാമിട’ത്തിലും അതിന്റെ പൂർവഗാമിയായ ‘സംഭാഷണ’ത്തിലും എം കെ പോൾ തുടങ്ങിയ ചിന്ത.കോം എന്ന പോർട്ടലിന്റെ മാഗസീനായ തർജ്ജനിയിലും (മലയാളത്തിലെ ആദ്യത്തെ വെബ് മാഗസീനാണ് തർജ്ജനി)  ഗൾഫ് മേഖലയിലെ പുതിയവരും പഴയവരുമായ എഴുത്തുകാർ സഹകരിച്ചിരുന്നു. അങ്ങനെ രൂപപ്പെട്ടുവന്ന എഴുത്തുകാരുമുണ്ട്. മാതൃഭൂമി – മലയാളമനോരമ പത്രങ്ങൾ ആരംഭിച്ച ഗൾഫ് ഫീച്ചറുകളാണ് അതിനു തുടക്കം കുറിച്ചത്.  അതതു പ്രദേശങ്ങളിലെ സംഘടനകൾ ചില കാര്യങ്ങളൊക്കെ ചെയ്തിരുന്നു എങ്കിലും സാംസ്കാരിക ശൃംഖല രൂപപ്പെടുത്തിയെടുക്കുന്നതിൽ അച്ചടി-വെബ് മാഗസീനുകൾ ചെയ്ത സംഭാവന മറക്കാവുന്നതല്ല, വളരെ ചെറിയ വിഭാഗത്തിന്റെ ഓർമ്മയിൽ മാത്രമേ ഒരു പക്ഷേ അവ നിലനിന്നേക്കുകയുള്ളൂ എങ്കിലും. ഫീച്ചറുകലിൽ എഴുതിയവർക്കിടയിൽ ദീർഘമോ ഹ്രസ്വമോ ആയ സൗഹൃദങ്ങൾ രൂപപ്പെട്ടു. പിന്നീട് സാംസ്കാരിക കൂട്ടായ്മയായി മാറി. ചിലതെല്ലാം ഇപ്പോഴും നിലനിൽക്കുന്നു.

രാഷ്ട്രീയമായിരുന്നു പ്രവർത്തനാടിസ്ഥാനമെങ്കിലും ഒമാനിലെ മലയാളി സംഘടനകളായ മലയാളംവിങ്ങും കേരളാവിങ്ങും തമ്മിലുണ്ടായിരുന്ന മത്സരങ്ങൾ ചിലപ്പോഴെങ്കിലും ആരോഗ്യപരമായി മാറിയിരുന്നു. വിശേഷാവസരങ്ങളിലെ ആഘോഷം മാത്രമാകാതെ സാംസ്കാരിക സംഭവങ്ങളായി പ്രഭാഷനവും ചർച്ചകളും സെമിനാറുകളും നടന്നു. ഇടവഴിയിലൂടെ നടന്ന് ഇതിലൊക്കെയും ഭാഗഭാക്കാവാനും പങ്കെടുക്കാനും കഴിയുന്നതുപോലെ സന്തോഷം വേറെയെന്തുണ്ട്? ഈ രണ്ടു ഗ്രൂപ്പിലും ഉൾപ്പെട്ടും പെടാതെയും നിന്നുകൊണ്ട് അബ്ദുൾ ഗഫൂർ എന്ന ഗഫൂറിക്ക സ്വന്തം നിലയ്ക്കും ചിലതെല്ലാം ചെയ്തിരുന്നു. അമ്മയറിയാൻ എന്ന ജോൺ എബ്രഹാം ചലച്ചിത്രത്തിന്റെ പ്രദർശനം. ഷഹ്ബാസ് അമന്റെ ഗസൽ.  നാരായണഗുരുജയന്തിയുമായി ബന്ധപ്പെട്ട് വർഷാവർഷം ഗൗരവമുള്ള ഒരു പ്രഭാഷണം. അതൊന്നുമല്ല,  അൽക്വയറിലെ ഒരു മുറിയിൽ ഗഫൂറിക്ക ഒരു ലൈബ്രറി തുടങ്ങാൻ നടത്തിയ പരിശ്രമമാണ് കൂട്ടത്തിൽ പച്ച പിടിച്ചു നിൽക്കുന്നത്. സ്കൂൾ സമയം കഴിഞ്ഞ് ലൈബ്രറിയിലേക്കുള്ള പോക്കും രാത്രി ലൈബ്രറിയടച്ച് ബുക്കുകൾ ഒതുക്കിവച്ച് പുൽത്തകിടികളുടെ ഓരംപറ്റി തിരിച്ച് മുറിയിലേക്കുള്ള യാത്രയും ഇന്നലത്തെപ്പോലെ ഓർമ്മയുണ്ട്.

ക്യാമ്പസ്സിൽനിന്നു ഒമാനിലേക്ക് പോകുമ്പോൾ മരങ്ങളും മഴയും പൂർത്തിയാവാത്ത പ്രണയവും ആയിരുന്നു മനസ്സിലെങ്കിൽ തിരിച്ചു നാട്ടിലെത്തി വീട്ടിലെ മുറിയിൽ ജനാലയിൽകൂടി കാണുന്ന ആകാശമോ അതിലൂടെ പാഞ്ഞു പോകുന്ന വിമാനമോ നോക്കിയിരിക്കവേ, മരുഭൂമിയിലെ സൗഹൃദങ്ങളും റെഡ്‌ലോബ്സ്റ്ററിലെ ഹിന്ദിപാട്ടുകളും ഈജിപ്തുകാരനായ സാമിയുടെ തീംബാറിലെ ചുവരിൽ പതിച്ചു വച്ചിട്ടുള്ള ക്ലാസിക് ചിത്രങ്ങളുമൊക്കെയാണ് ഓർമ്മ വരിക. മനസ്സിന്റെ വിവർത്തനയത്നങ്ങളായിരിക്കാം. ഓരോരുത്തരും അവരവരുടെ ഭാഷയിലേക്ക് അനുഭവങ്ങളെ വിവർത്തനം ചെയ്തെടുക്കുന്നു. ഗഫൂറിക്ക നാട്ടിൽ വന്നു. ഇ ജി മധുവും ഷംസുദീനും അവിടെ തുടരുന്നു. എൻ ടിയുടെ കാര്യം അറിയില്ല. എങ്കിലും അവരും ഇതുപോലെ അക്കരെയിക്കരെകളുടെ വ്യത്യസ്തമായ ചിത്രങ്ങളും ഗന്ധങ്ങളും നിറങ്ങളും രുചിയുമൊക്കെ മനസ്സിൽ സൂക്ഷിക്കുന്നുണ്ടാവണം. അൽക്വയറിലെ ആ ലൈബ്രറിയിലെ പുസ്തകങ്ങളൊക്കെ ഇപ്പോൾ എവിടെയായിരിക്കും? പല വഴി പിരിഞ്ഞു കാണും. അൽഗുബ്രയിലെ സ്കൂൾ ലൈബ്രറിയിൽ മലയാളം പുസ്തകങ്ങൾ കൂടിക്കാണും.  മനുഷ്യർക്കു മാത്രമല്ല, പുസ്തകങ്ങൾക്കും ഉണ്ട് പ്രവാസിത്വം.

കുറച്ചു ദിവസങ്ങൾക്കു മുൻപ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (2022 ജനുവരി 16) സുകുമാരൻ ചാലിഗദ്ധയുടെ റാവുള ഭാഷയിലുള്ള ഒരു കവിത പരിഭാഷയോടെ വന്നിരുന്നു. ‘ഒച്ചയില്ലാത്ത ഒരു റ്റാറ്റ’ എന്നാണ് കവിതയുടെ പേര്. കൊടഗിൽ പോയ ആദിവാസിയുവാവ് രണ്ടു ദിവസത്തെ അവധിക്ക് ഊരിലേക്ക് തിരിച്ചു വരുന്നതാണ് കവിത. കയ്യിൽ അഞ്ചെട്ട് പച്ചനോട്ടുകളുണ്ട്, കുറച്ചു തുട്ടുകളും. രണ്ട് മുണ്ട്, രണ്ട് ഷർട്ട്, ഒരു തോർത്ത്, ഒരു ഹിന്ദി പുതപ്പ്, ഒരു കവർ മിക്ച്ചറ്. അയാലുടെ വരവ് പ്രമാണിച്ച് വീട്ടിൽ ചെറുതായ ആഘോഷം നടക്കുന്നു. അയാൾക്ക് മറ്റെന്നാൾ തിരിച്ചു പോകണം. കൊടഗിലെ ഇഞ്ചിക്ക് മണ്ണിടണം. അഡ്വാൻസ് കിട്ടിയ പണം തീർത്ത്, ഇനി കാവിനു വരാമെന്നു പറഞ്ഞ് മൂന്നാമത്തെ ദിവസം അയാൾ ജീപ്പിൽ മടങ്ങുന്നു. ഒച്ചയില്ലാത്ത ഒരു ടാറ്റ അയാളെ വന്നു മൂടുന്നു. ഈ കവിത അതിലെ അനുഭവമല്ലാതെ മറ്റൊന്നും സൂചിപ്പിക്കുന്നില്ല. വരികളെ പൊലിപ്പിക്കാൻ അലങ്കാരങ്ങളൊന്നുമില്ല. സ്വന്തം മണ്ണിൽനിന്ന് പറിഞ്ഞുപോയ ഒരാൾ ഇഞ്ചിയെ മണ്ണിട്ട് ഉറപ്പിക്കാൻ പോകുന്നതിലുള്ള നേർത്ത സംഘർഷം മുള്ളായി കുത്തിനോവിക്കുന്ന നിലയിൽ അതിന്റെ ഉള്ളിൽ കിടക്കുന്നുണ്ട്. എന്നാൽ അതൊന്നുമല്ല, ഒച്ചയില്ലാത്ത കൈവീശലുകളുടെ കനം ഉള്ളിൽ വഹിച്ച് പല പ്രാവശ്യം അത്തരം പോക്കുവരവുകൾക്ക് വിധേയനായ ഒരു ഏകാകിക്ക് മനസ്സിലാവുന്നതുപോലെ ആ കവിതയുടെ  പ്രവാസിത്വത്തിന്റെ അനുഭവതലവും അതിന്റെ പിടച്ചിലും മറ്റൊരാൾക്ക് മനസ്സിലാകുമോ എന്ന് സംശയമാണ്.  മറ്റൊരുതരത്തിൽ പറഞ്ഞാൽ പാസ്പോർട്ടും വിസയുമായി രാജ്യാതിർത്തി കടന്നുപോകുന്ന ഒരാളുടേതുമാത്രമല്ല പ്രവാസാനുഭവം. തന്നിൽനിന്ന് തെറിച്ചു പോകുന്ന വിശേഷാവസരങ്ങളൊക്കെയും പ്രവാസത്തിന്റേതാണ്. വേർപാടുകളെല്ലാം വിവർത്തനം ചെയ്യപ്പെട്ട പ്രവാസങ്ങളാണ്.

നോബൽ സമ്മാനജേതാവായ അബ്ദുൾ റസ്സാക് ഗുർണ്ണയുടെ ‘പറുദീസ’യെന്ന നോവലിൽ, വാങ്ങിയ കടം വീട്ടാനാവാതെ പിതാവ്, അമ്മാവനായ അസീസിന് അടിമയായി വിറ്റ യൂസഫിന്റെ വീടുവിട്ടുള്ള ആദ്യയാത്രയെപ്പറ്റി വിവരിക്കുന്നുണ്ട്. അന്നവന് 12 വയസ്സേയുള്ളൂ. ഉമ്മ അവനെ ആലിംഗനം ചെയ്യുകയോ ചുംബിക്കുകയോ കണ്ണീർ വാർക്കുകയോ ചെയ്യുന്നില്ല. പക്ഷേ ഉമ്മയ്ക്ക് സുഖമില്ലെന്ന് അവനു തോന്നുന്നു. യാത്രയ്ക്കുള്ള സമയമായപ്പോൾ അവന്റെ മനസ്സിൽ വന്നത് മുന്നിലെ വഴിയിലെ ചുട്ടുപൊള്ളുന്ന ചൂടാണ്.


 “തീവണ്ടി കുറച്ചോടിയപ്പോൾ അതിന്റെ പുതുമ യൂസഫിലില്ലാതായി തുടങ്ങി. താൻ വീടു വിട്ടിരിക്കുന്നു എന്ന ചിന്ത സഹിക്കാനാകാതെയായി. അമ്മയുടെ ചിരി ഓർമ്മവന്നു. കരച്ചിൽ വന്നു. കുറച്ചു കഴിഞ്ഞപ്പോൾ തന്റെ കണ്ണിൽ ഈറൻ വറ്റിയിരിക്കുന്നു എന്നവനറിഞ്ഞു. എന്നാലും മനസ്സിലെ ദുഃഖം മാറുന്നില്ല.”

പ്രവാസം ഭൗമാതിർത്തികളെമാത്രം സംബന്ധിക്കുന്ന കാര്യമല്ല എന്നാണ് ടാൻസാനിയയിൽ ജനിച്ച് യു കെ യിൽ ജീവിക്കുന്ന നോവലിസ്റ്റും പറയുന്നത്.  n

 (ഏറുമാടം മാർച്ച് 2022)

 

April 2, 2022

നെരൂദയുടെ മകൾ

 

    നെഫ്താലി റിക്കാർഡോ റെയിസ് ബാസെൽറ്റോ എന്നായിരുന്നു പാബ്ലോ നെരൂദയുടെ പേര്. അദ്ദേഹത്തിന്റെ പെൺകൂട്ടുകളെപ്പറ്റി ഇപ്പോൾ അവിടവിടെയായി ചില അപശബ്ദങ്ങൾ ഉയരുന്നുണ്ട്. സ്ത്രീകൾ നെരൂദയുടെ കവിതയ്ക്കു പ്രചോദനമായിരുന്നു, വളമായിരുന്നു. ഏതൊക്കെ കവിത ആർക്കൊക്കെ വേണ്ടി, ആരുടെയെല്ലാം പ്രചോദനത്താൽ എന്ന അന്വേഷണം തന്നെയുണ്ട്. അൽബെർട്ടിന റോസ അസോകാറിന്റെ കലാലയപ്രണയത്തിൽനിന്നാണ് അറിയപ്പെടുന്ന തുടക്കം. ഡച്ചുകാരിയായ മരിയ അന്റോണിയേറ്റാ ഹാഗ്നാറാണ് ആദ്യഭാര്യ. രണ്ടാമത്തെയാൾ - അർജന്റീനകാരി ഡെലിയ ഡെ കാരിൽ, നെരൂദയുടെ രാഷ്ട്രീയവീക്ഷണത്തെ സ്വാധീനിച്ചു. മൂന്നാമത്തെ ഭാര്യ ചിലിയിൽനിന്നുള്ള മെറ്റിൽഡ ഉറൂഷ്യ, ശരിയായ ഇണ. അദ്ദേഹത്തിന്റെ കവിതകളുടെ യഥാർത്ഥ ദേവത.
ഉറൂഷ്യ മെറ്റിൽഡ എഴുതിയ പുസ്തകം - നെരൂദയോടൊപ്പം - ഇഷ്ടപ്പെട്ടതെല്ലാം വാങ്ങിച്ചുകൂട്ടുന്ന, (ഒരിക്കൽ ഒരു കടയിലുള്ള കൗതുകവസ്തുക്കൾ മുഴുവനായി നെരൂദ വാങ്ങി) ലോകം ചുറ്റുന്ന, ഭാര്യയെ കുട്ടിത്താറാവേ എന്നു വിളിച്ചു പിറകേ നടക്കുന്ന അതീവ കാൽപ്പനികനായ ഒരു മനുഷ്യനെയാണ് മുന്നിൽ നിർത്തുന്നത്. താൻ പാതിയെന്ന മട്ടിൽ അത്ര തന്നെ അലിഞ്ഞും, വികാരമൊലിപ്പിച്ചും എഴുതിയതാണ് ഉറൂഷ്യയുടെ ആഖ്യാനം. പ്രത്യേകിച്ചും അതിന്റെ ആദ്യഭാഗങ്ങൾ അത്രയൊന്നും റൊമാന്റിക്കല്ലാത്ത വായനക്കാരെ ചെടിപ്പിക്കും. പിൽക്കാല കവിതകളെല്ലാം നെരൂദ, മൂന്നാം ഭാര്യയ്ക്ക് വായിക്കാനായി പ്രയാസപ്പെട്ടിരുന്നു എഴുതിയതാണോ എന്നു സംശയിക്കാനും പുസ്തകം സഹായിക്കും.
തികച്ചും വ്യത്യസ്തനായ നെരൂദയാണ്, പാബ്ലോ ലാറയിന്റെ 2016 ലെ ചലച്ചിത്രത്തിലുള്ളത്. ഗബ്രിയേൽ ഗോൻസാലെസ് വിദേലയുടെ രഹസ്യ പോലീസിനാൽ പിന്തുടരപ്പെട്ട് ഒളിച്ചു നടക്കുന്ന രാഷ്ട്രീയക്കാരനാണ് ചലച്ചിത്രത്തിൽ നെരൂദ. രഹസ്യപോലീസിന്റെ രാഷ്ട്രീയം ഓർമ്മയാവുകയും കവിതയുടെ സാംസ്കാരികത ജീവിക്കുകയും ചെയ്യുന്ന അവസാനമാണ് ചിത്രത്തിനുള്ളത്. അവിടെ ഡെലിയ ഡെൽ കാരിലാണ് നെരൂദയുടെ കാവൽ മാലാഖ, പിന്തുണ, സഹായി.
23 മത്തെ വയസ്സിലാണ് നെരൂദ ചിലിയുടെ സ്ഥാനപതിയായി റങ്കൂണിലെത്തുന്നത്, അവിടെനിന്ന് ഇന്ത്യയിൽ പിന്നെ ശ്രീലങ്കയിൽ നേരെ ജക്കാർത്തയിൽ. ബ്രിട്ടീഷുകാരായ യുവാക്കൾ ഈസ്റ്റിന്ത്യാ കമ്പനിയുടെ തുടക്കക്കാലത്ത് ഇന്ത്യയിലെത്തി ആർഭാടമായ ജീവിതം നയിച്ചതിനെപ്പറ്റി വില്യം ഡാൽറിമ്പിളിന്റെ പുതിയ പുസ്തകം അനാർക്കി വ്യക്തമായ ചിത്രം നൽകുന്നുണ്ട്. കൽക്കട്ടയിലെ അതിസമ്പന്നവും കാമോദ്ദീപകവുമായ ജീവിതത്തെപ്പറ്റി പ്രത്യേകിച്ചും. യുവത്വത്തിനു വേറെന്തുവേണം? ബർമ്മയിലെയും സിലോണിലെയും നെരൂദയുടെ ജീവിതത്തെക്കുറിച്ചെഴുതുന്ന ജാമി ജെയിംസ് ബ്രിട്ടീഷുകാരിൽനിന്ന് വ്യത്യസ്തമായ മനോഭാവമുള്ള നെരൂദയെയാണ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന് കൊളോണിയൽ മനോഭാവങ്ങളെ ഒട്ടും സഹിക്കാൻ പറ്റിയിരുന്നില്ലത്രേ.. യാത്രയ്ക്കിടയിൽ നാട്ടുകാരിൽ ആരുടെയോ പാട്ടു കേട്ട് ലയിച്ചുനിന്നുപോയതിനെപ്പറ്റി പറഞ്ഞപ്പോൾ ശ്രീലങ്കയിലെ യൂറോപ്യന്മാരായ കൂട്ടുകാർ ചോദിച്ചത്രേ അതിനു തദ്ദേശവാസികൾക്കെന്തു പാട്ട്? അയൽപക്കങ്ങളിലും ക്ലബ്ബുകളിലും തങ്ങളെ ഉറപ്പിച്ച, എല്ലാ വൈകുന്നേരങ്ങളിലും ഡിന്നർ ജാക്കറ്റ് ധരിച്ചു പാർട്ടികളിൽ സ്വയം ഉറപ്പിച്ച ഇംഗ്ലീഷുകാർക്കും, ഒരിക്കലും സാധ്യമാകാത്ത അപാരത ആഗ്രഹിച്ചു നടക്കുന്ന ഹിന്ദുക്കൾക്കും ഇടയിൽ കുടുങ്ങി താൻ അനുഭവിച്ച ജീവിതത്തിലെ ഏറ്റവും കടുത്ത ഏകാന്തതയെപ്പറ്റി ഓർമ്മക്കുറിപ്പുകളിൽ നെരൂദ എഴുതുന്നത് ഈ കാലത്തെപ്പറ്റിയാണ്.
ബർമ്മയിൽവച്ച് അദ്ദേഹത്തിന്റെ സെക്രട്ടറിയുമായി മാരകമായ പ്രണയമുണ്ടായിരുന്നു. കടുത്ത മമതാബോധമുള്ള ജോസി ബ്ലിസ്സ്, പിന്നീട് ഒരു ഉപദ്രവമായി മാറി. പ്രണയതീവ്രവാദിയെന്നും ബർമ്മീസ് പുള്ളിപ്പുലിയെന്നുമാണ് നെരൂദ അവരെ വിളിക്കുന്നത്. നെരൂദയെ പോകുന്നിടത്തെല്ലാം അക്രാത്മകമായൊരു ആവേശവും കൊടുവാളുമായി പിന്തുടർന്ന് അവരവസാനം സിലോണിലും എത്തിച്ചേർന്നിരുന്നു. അവിടെയും നെരൂദയുടെ അടുത്തുവന്ന മറ്റൊരു സ്ത്രീയെ കത്തിയുമായി അവർ നേരിട്ടു. ‘അഴിഞ്ഞുലഞ്ഞ വസ്ത്രവും മൂർച്ചയുള്ള കത്തിയുമായി തന്റെ കട്ടിലിനു ചുറ്റും നടക്കുന്ന ഭൂതം’ എന്നും അവരെ അദ്ദേഹം വിളിക്കുന്നുണ്ട്. വേർപിരിയുന്ന സമയത്ത് ചുംബനങ്ങൾകൊണ്ടു മൂടുകയും കണ്ണീരിനാൽ തന്റെ ശരീരം കുതിർക്കുകയും ചെയ്യുന്ന ജോസിയെപ്പറ്റി അല്പം ആർദ്രനാവുന്നുണ്ടെങ്കിലും അവരെ നെരൂദ വല്ലാതെ ഭയന്നിരുന്നു. അവരെപ്പറ്റിയുമുണ്ട് ഒരു കവിത, ‘ദ വിഡോവേഴ്സ് ടാങ്കോ’.
ധാരാളം സ്ത്രീകൾ യുവാവായ ഉയർന്ന ഉദ്യോഗസ്ഥനെ കണ്ണുമടച്ച് സേവിക്കാൻ തയ്യാറായി സിലോണിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നെങ്കിലും അവിടെ നെരൂദയുടെ മനസ്സ് ഉടക്കിയത് മാലിന്യമെടുക്കാൻ വരുന്ന താഴ്ന്നജാതിക്കാരിയായ ഒരു സ്ത്രീയിലായിരുന്നു. പ്രാചീന വെങ്കലശില്പംപോലെ ഉടലുള്ള അവർ നെരൂദ നൽകിയ സമ്മാനങ്ങൾ നിരസിച്ചെന്നും അവരെ കിടക്കയിലേക്ക് കൊണ്ടുവരാൻ നോക്കിയിട്ട് നടന്നില്ലെന്നും ഒടുവിൽ നിർബന്ധിക്കപ്പെട്ടപ്പോൾ അവരുടെ കണ്ണുകൾ തുറന്നുതന്നെയിരുന്നെന്നും നെരൂദതന്നെ ഒരു തുറന്നു പറച്ചിൽ ഓർമ്മക്കുറിപ്പിൽ നടത്തിയിട്ടുണ്ട്. ആ സംഭവം പിന്നെ ആവർത്തിച്ചില്ല. അവർ തന്നെ നിരസിച്ചത് ശരിയായിരുന്നുവെന്നും അദ്ദേഹം എഴുതി. കുറ്റബോധത്തോടെയുള്ള ഈ തുറന്നു പറച്ചിൽ നെരൂദയുടെ മരണാനന്തരഖ്യാതിയെ ബാധിച്ചിട്ടുണ്ട്. സാന്തിയാഗോ വിമാനത്താവളത്തിന്റെ പേർ നെരൂദയുടെതാക്കി മാറ്റാനുള്ള തീരുമാനം സർക്കാരിനു തിരുത്തേണ്ടതായി വന്നതിനു പിന്നിൽ ഈ സംഭവത്തോടുള്ള ആളുകളുടെ എതിർപ്പാണ്. പട്ടാളമേധാവി ആർതുറോ മെരിനോ ബെനിറ്റെസിന്റെ പേരിൽ ആ താവളം അറിയപ്പെടുന്നു.
നെരൂദയുടെ ഏകാന്തമായ സിലോൺ ജീവിതമാണ് അശോക ഹാൻഡഗാമ സംവിധാനം ചെയ്ത ‘ദ ഡാണിങ് ഓഫ് ദ ഡേ’ (അൽബൊരാഡ, 2021) എന്ന ശ്രീലങ്കൻ ചിത്രത്തിന്റെ പ്രമേയം. പാബ്ലോ ലാറയിന്റെ ചിത്രത്തിൽനിന്നു വ്യത്യസ്തനായ നെരൂദ അഥവാ റിക്കാർഡോ റെയിസാണ് ചിത്രത്തിലുള്ളത്. കവിതയും രാഷ്ട്രീയവുമൊന്നുമല്ല അവിടെ കേന്ദ്രവിഷയം. ചുവന്ന ചേല ചുറ്റിയ നിശ്ശബ്ദയും ബഹിഷ്ക്കൃതയുമായ ഒരു സ്ത്രീയോട് കാല്പനികനായ ഉദ്യോഗസ്ഥപ്രഭുവിനു തോന്നിയ അഭിനിവേശമാണ്. സിനിമയിൽ കവിയുടെ ബർമ്മീസ് പ്രണയിനി ജോസി ബ്ലിസും ഒരു കഥാപാത്രമാണ്. അവർ അരിയും പായും കൊടുവാളുമായി വെല്ലവാട്ടയിലെ വീടിന്റെ തുറക്കാത്ത വാതിലുമുന്നിൽ ഉടുതുണീ തെറുത്തുകേറ്റി ഇരിക്കുകയും കിടക്കുകയും ചെയ്യുന്നു. ‘അവൾ പിശാചാണ്’ എന്നാണ് ഭയന്നിരിക്കുന്ന നെരൂദ, ബ്രൂമ്പിയെ അറിയിക്കുന്നത്. സിലോണിൽ കിരിയ എന്നു പേരുള്ള ഒരു കീരിയും കുതാകാ എന്ന പട്ടിയും നെരൂദയുടെ സന്തതസഹചാരികളായുണ്ടായിരുന്നു. അവർ സിനിമയിലില്ല. വീട്ടുസഹായിയായി ഇംഗ്ലീഷ് സംസാരിക്കുന്ന മധ്യവയസ്സുകഴിഞ്ഞ മനുഷ്യനെയാണ് ചിത്രത്തിൽ കാണിക്കുന്നത്. അയാൾ തമിഴനാണ്. വെള്ളക്കാരോട് വിധേയത്വമുള്ള, എന്നാൽ അവരുടെ ജീവിതരീതികളോട് അബോധാത്മകമായി പ്രതിഷേധമോ ഔത്സുക്യമോ ഉള്ള, താൻ ഉയർന്ന ജാതിക്കാരനാണെന്ന് അഭിമാനിക്കുന്ന ആളാണ്. അതുപോലെ നെരൂദ മോഹാവേശിതനാവുന്ന സ്ത്രീ, തമിഴ് കുടിയേറ്റക്കാരിയായ ചക്കിലിയ ജാതിക്കാരിയാണ്. ചക്കിലിയരുടെ ജീവിതത്തെപ്പറ്റി (അവരുടെ വേതനദിനാഘോഷത്തെയും മരണാഘോഷത്തെയും പറ്റി) ചലച്ചിത്രത്തിൽ ചില ദൃശ്യപരാമർശങ്ങളും ഉണ്ട്. ചലച്ചിത്രത്തിൽ ഉള്ള ഏക ശ്രീലങ്കൻ കഥാപാത്രം, നെരൂദയുടെ അയല്പക്കക്കാരി നിശ്ശബ്ദയായ നിരീക്ഷകയാണ്. കടലിനാൽ ചുറ്റപ്പെട്ട ശ്രീലങ്കൻഭൂമിയുടെ നിസ്സംഗമോ നിഷ്പക്ഷമോ ആയ പ്രതീകമാണ് ആ സ്ത്രീ. അവർ നെരൂദയ്ക്കായി കൊടുക്കുന്ന പായസം വീട്ടു വേലക്കാരൻ തമിഴനാണ് കുടിക്കുന്നത്. അവരതു കാണുന്നും ഉണ്ട്.
ഇവിടെ വ്യത്യസ്തദേശങ്ങളിൽനിന്നുള്ള, കറുത്തതും വെളുത്തതുമായ തൊലിയുള്ള മനുഷ്യരുടെ വ്യവഹാരങ്ങളാണ് സിനിമ ചർച്ച ചെയ്യാൻ മുന്നിൽ വയ്ക്കുന്നത്. തമിഴ് നാട്ടിൽ നിന്നുള്ളവർ ലാറ്റിനമേരിക്കയിൽ നിന്നുള്ളവർ യൂറോപ്പിൽ നിന്നുള്ളവർ. സിനിമയിലെ വൃത്തിയാക്കൽ/ മാലിന്യം ചുമക്കലിന് അങ്ങനനെയൊരത്ഥം കൊടുക്കാവുന്നതാണ്. വന്നുകയറുന്നവരുടെ പലതരത്തിലുള്ള മാലിന്യം ചുമക്കാൻ വിധിക്കപ്പെട്ട സുന്ദരമായ ഭൂമിയെന്ന്. അങ്ങനെ കൊളോണിയൽ മാലിന്യത്തെയും ജാതിമാലിന്യത്തെയും പുരുഷാധികാര മാലിന്യത്തെയുംപ്പറ്റിയുള്ള നിരീക്ഷണമായും ‘ദിവസത്തിന്റെ പ്രഭാത’ത്തെ കണക്കിലെടുക്കാം.
നെരൂദ ഓർമ്മക്കുറിപ്പുകളിൽ എഴുതുമ്പോലെയല്ല, അതിരാവിലെ മാലിന്യമെടുക്കാൻ വരുന്ന ചുവന്ന ചേല ചുറ്റിയ സ്ത്രീയെ ചുറ്റിപ്പിടിച്ച് ആക്രമിക്കുകയാണ് സിനിമയിൽ. കട്ടിലിൽ നഗ്നയായി കിടന്ന് വിതുമ്പി കരയുകയും കടലിൽ ഇറങ്ങി മുങ്ങുകയുമാണ് അവൾ പിന്നീട് ചെയ്യുന്നത്. അതു കണ്ടു നിൽക്കുന്ന ബ്രുമ്പി കാഴ്ച സഹിക്കാനാവാതെ വീടു വിട്ടു പോകുന്നു. അയാൾ വീടു വിട്ടു പോകുന്നത് സ്ത്രീപീഡനത്തോടുള്ള എതിർപ്പുകൊണ്ടാണെന്നോ ചക്കിലിയ ജാതിക്കാരിയെ ശുദ്ധാശുദ്ധവിവേകമില്ലാതെ വീട്ടിനകത്തു കേറി പ്രാപിച്ചതിന്റെ പ്രതിഷേധംകൊണ്ടാണെന്നോ വ്യാഖ്യാനിക്കാം. യജമാനവിധേയത്വത്തേക്കാൾ പ്രധാനമാണ് ജാതിബോധം. ഇതിനെ സ്ഥാപിക്കാനുതകുന്ന ഒരു ദൃശ്യം സിനിമയിൽ ഉണ്ടുതാനും. നെരൂദയുടെ കുറ്റബോധത്തെ, അവൾ ചുമക്കേണ്ട മാലിന്യം സ്വയം തലയിൽ ചുമന്നു നടക്കുന്ന നെരൂദയെ ചിത്രീകരിച്ച് സംവിധായകൻ ഒരൊത്തുതീർപ്പിൽ എത്തിച്ചിട്ടുമുണ്ട്. പുരുഷന്റെ ആക്രമണത്തിനിരയായ ദളിത് സ്ത്രീയെ കടലിൽനിന്ന് ഉയർത്തികൊണ്ടുവന്നാണ് സിനിമ അവസാനിപ്പിക്കുന്നത്. ഇന്ന് എന്ന് സ്ക്രീനിൽ എഴുതികാണിക്കുന്നതുകൊണ്ട് കാലങ്ങൾക്കു ശേഷമാണ് ഈ ഉയിർത്തെഴുന്നേൽപ്പ്. 1929-30 ൽ സിലോണിൽ ഉണ്ടായിരുന്ന നെരൂദയുടെ ചെയ്തിയ്ക്ക് ഏതാണ്ട് നൂറു വർഷങ്ങൾക്ക്ശേഷം മറവിയുടെ സമുദ്രത്തിൽനിന്ന് ഒരു ഉയിത്തെഴുന്നേൽപ്പുണ്ടാകുന്നു. ഇതാണ് ചിത്രത്തിന്റെ സന്ദേശമായി സംവിധായകൻ എടുത്തുകാണിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതൊട്ടും കലാപരമല്ലെന്ന് പറയേണ്ടതില്ലല്ലോ.
സിനിമയിൽ കാണുന്ന ജാതിബോധമുള്ള തമിഴൻ സഹായി, നെരൂദയുടെ ഓർമ്മക്കുറിപ്പിൽ ഒരു ശ്രീലങ്കനാണ്. പേര് രത്നായകെ. അത് നാവിനു വഴങ്ങാത്തതുകൊണ്ടാണ് ബ്രുമ്പിയെന്നാക്കിയത് കവി. സിനിമയിൽ കാണുന്നതുപോലെയല്ല, ബ്രൂമ്പി, ‘അധികം സംസാരിക്കാത്ത, വലിയ കുതിരപ്പല്ലുകളുമായി എപ്പോഴും ചിരിക്കുകമാത്രം’ ചെയ്യുന്ന ഒരു പയ്യനുമായിരുന്നു. അതെന്തായാലും നെരൂദയാൽ ആക്രമിക്കപ്പെട്ട സ്ത്രീയ്ക്ക് ഒരു പിൽക്കാല കഥയുണ്ട്, തിസ്സ ദേവേന്ദ്രദ്ര എഴുതിയ ‘ഓൺ ഹോഴ്സ്ഷൂ സ്ട്രീറ്റ്’ എന്ന പുസ്തകത്തിലെ ഒരദ്ധ്യായത്തെ ആസ്പദമാക്കി ഡോ. കുമാർ ഗുണവർദ്ധനെ ആ കഥ പൂരിപ്പിച്ചിട്ടുണ്ട്. അതനുസരിച്ച് ആ സ്ത്രീയുടെ പേര് തങ്കമ്മ എന്നായിരുന്നുവത്രേ (ഈ പേര് അവരുടെ തമിഴ് സ്വത്വത്തെ വെളിപ്പെടുത്തുന്നുണ്ട്). തങ്കമ്മ ഗർഭിണിയാണെന്ന് നെരൂദ അറിയുകയും അവളെ വിവാഹം കഴിക്കാൻ ബ്രൂമ്പിയെ പ്രേരിപ്പിക്കുകയും ചെയ്തുവത്രേ ജനിക്കുന്നത് പെൺകുട്ടിയാണെങ്കിൽ അവൾക്ക് എമിൽഡ എന്നു പേരിടണമെന്നും നിർദ്ദേശിച്ചിരുന്നു. നെരൂദയുടെ സഹായത്തോടെ ബ്രൂമ്പി ധനിക കർഷകനായെന്നും രത്നായകെ - തങ്കമ്മ ദമ്പതികൾക്ക് ജനിച്ച കുട്ടി സങ്കരജാതിക്കാരിയും അതിസുന്ദരിയുമായിരുന്നെന്നും അവരെ ഒരിക്കൽ പുഹുൽവേവ ഗ്രാമത്തിൽ വച്ച് കണ്ടതും പൂർവ ചരിത്രം അറിഞ്ഞ് ഞെട്ടിയതുമായ കഥയാണ് തിസ്സ ദേവേന്ദ്ര തന്റെ പുസ്തകത്തിലെ ‘ബ്രൂമ്പിയുടെ മകൾ’ എന്ന അദ്ധ്യായത്തിൽ എഴുതുന്നത്. 1950 ഒരിക്കൽക്കൂടി നെരൂദ ശ്രീലങ്ക സന്ദർശിച്ചിരുന്നു.
ആദ്യഭാര്യയിൽ നെരൂദയ്ക്ക് ജനിച്ച ഏകമകൾ, എട്ടാം വയസ്സിൽ തലച്ചോറിലെ നീരുവീക്കം കാരണം മരിച്ചു പോയ മാൾവാ മരീനയോടും കവിക്ക് അടുപ്പമുണ്ടായിരുന്നില്ലെന്ന് കഥകലും പുസ്തകവും ഉണ്ട്. ‘മൂന്നു കിലോഗ്രാം തൂക്കമുള്ള വവ്വാല്’ എന്നായിരുന്നു അർജന്റീനയിലെ ഒരു സുഹൃത്തിനോട് കവി മകളെപ്പറ്റി പറഞ്ഞതത്രേ. ബന്ധങ്ങൾ കവിയ്ക്ക് പ്രചോദനമെന്നതുപോലെ ബാധ്യതയുമാണ്.
ശ്രീലങ്കയിൽനിന്ന് ബതാവിയയിലേക്ക് (ജക്കാർത്ത) പോകുമ്പോൾ കിരിയയെയും (കീരി) ബ്രൂമ്പിയെയും നെരൂദ കൂടെകൊണ്ടുപോവുകയാണ് ചെയ്തതെന്ന് ലാക്സിരി ഫെർണാണ്ടോ ‘ദ കൊളംബോടെലിഗ്രാഫി’ൽ എഴുതിയ ലേഖനത്തിൽ കാണാം. അതിനദ്ദേഹം അടിസ്ഥാനമാക്കിയത് ‘ഡിപ്ലോമാറ്റ് ആസ് എ ക്രിയേറ്റീവ് റൈറ്റെർ : പാബ്ലോ നെരൂദ’ എന്ന ജയന്ത ധനപാലയുടെ പുസ്തകത്തെയാണ്.
 
(എഫ് ബി)

March 1, 2022

പാഠം പഠിപ്പിച്ചു തീർക്കാൻ താത്പര്യമില്ലാത്തവർ?


 

സർക്കാരിന്റെ വിശ്വാസ്യതയുടെ പ്രശ്നമായതിനാൽ ഫോക്കസ്- നോൺ ഫോക്കസ് മേഖലപ്രശ്നം, വിവാദത്തിനു ശേഷവും പരിഹരിക്കപ്പെട്ടിട്ടില്ല. കുട്ടികൾ അങ്ങനെ ചുളുവിൽ ചില പാഠങ്ങൾ മാത്രം പഠിച്ച് ജയിക്കേണ്ടതില്ല എന്ന തീരുമാനം വളരെ നല്ലതാണ്. അവർക്ക് ഭാവിയിൽ ആത്മവിശ്വാസം ലഭിക്കാൻ അതു കാരണമാകും.

എങ്കിലും പലരും പറഞ്ഞ കാര്യം വീണ്ടും പറയാം : ഒരു ടെക്സ്റ്റ് തീർക്കാനുള്ള സമയം എവിടെ?

ഇവിടെയാണ് അദ്ധ്യാപകരുടെ ആന്തരിക സംഘർഷവും ഉത്തരവുകളുമായുള്ള ബാഹ്യസംഘർഷവും മൂർച്ഛിക്കുന്നത്.   ഏതു പാഠപുസ്തകം പഠിപ്പിക്കാനും തീർക്കാനും നിശ്ചിതസമയം വേണമല്ലോ. അതിനനുസരിച്ച് മൊഡ്യൂൾ ഉണ്ടാക്കിയാണ് പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതും. ജൂൺ മുതൽ ഫെബ്രുവരിവരെയുള്ള 9 മാസങ്ങൾകൊണ്ടു തീർക്കേണ്ട  ഈ സംഗതി നവംബർ മുതൽ ഫെബ്രുവരിവരെയുള്ള നാലുമാസങ്ങൾകൊണ്ട് തീർക്കണമെന്നും മാർച്ചിൽ റിവിഷൻ തുടങ്ങണമെന്നുമാണ് പറയപ്പെടുന്നത്. അതിനു വേണ്ടി പ്രത്യേകിച്ച് ഉണ്ടാക്കിയ സൗകര്യം ശനിയാഴ്ചത്തെ ക്ലാസുകളാണ്. കൂടാതെ ഓൺലൈനിൽ ക്ലാസെടുത്ത് പ്രശ്നം പരിഹരിക്കാമെന്ന നിർദ്ദേശവും ഉണ്ട്. കൈറ്റ്സ് നൽകിയ സൗകര്യമനുസരിച്ച് അദ്ധ്യാപകർ ഗൂഗിൾ ക്ലാസുറൂമിൽ കയറിയിരിക്കണമെന്ന അനുശാസനവും അടുത്തയിടെ വന്നിട്ടുണ്ട്.

ഹയർ സെക്കന്ററിയിൽ 60+ ആണ് ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം. കൊറോണ പ്രമാണിച്ച് ഇവരെ രണ്ടായി പിരിച്ച് 30 പേർക്ക് ആദ്യത്തെ മൂന്നു ദിവസവും (തിങ്കൾ ചൊവ്വ ബുധൻ) അടുത്ത് 30 പേർക്ക് അടുത്ത 3 ദിവസവും ( വ്യാഴം വെള്ളി ശനി) ആണ് ഇപ്പോൾ ക്ലാസ് നടക്കുന്നത്. ഇതിലേതെങ്കിലും ഒരു ദിവസം ക്ലാസ് മുടങ്ങിയാൽ ആകെ കുഴമറിയും. രണ്ടു ദിവസം മുടങ്ങിയാൽ കുക്കുഴമറിയും.. ഈ മാസം 21 മുതൽ എല്ലാ കുട്ടികളെയും സ്കൂളിൽ വരുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. അപ്പോഴും അദ്ധ്യാപകർക്ക് പാഠപുസ്തകം മുഴുവൻ തീർക്കാനായി മുഴുവൻ കുട്ടികളെയും ഒന്നിച്ച് കിട്ടുന്നത് ആകെ ഒരാഴ്ചയാണ്.

ഇതിനിടയ്ക്ക് ഒരു സമരം, ആറ്റുകാൽ പൊങ്കാല, ശുചിത്വ മിഷന്റെ പരിശോധനയുമായി ബന്ധപ്പെട്ട് കുട്ടികളുടെയും അദ്ധ്യാപകരുടെയും  സ്കൂൾ പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കൽ, പതിനൊന്നാം ക്ലാസ് ഇമ്പ്രൂവ്മെന്റ് മൂല്യനിർണ്ണയം പ്രമാണിച്ച് അദ്ധ്യാപകർ ഇല്ലാത്തതുകൊണ്ട് നിശ്ചിതക്ലാസുകൾക്ക് ഒഴിവ്.. പ്രാദേശികമായ ഉത്സവങ്ങളും പരിപാടികളും കാരണമുള്ള തടസ്സങ്ങൾ.. അങ്ങനെ പലതും വന്ന് ക്ലാസ് മുറി പഠനം തടസ്സപ്പെടുത്തിയിട്ടുണ്ട്.

ഇതിനെല്ലാം പരിഹാരമാണ് ഓൺലൈൻ പഠനസംവിധാനം എന്നു പറയാൻ പറ്റില്ല. ഓൺലൈൻ ക്ലാസ് പട്ടണങ്ങളിൽ കാര്യക്ഷമമായി നടക്കുമ്പോലെ ഗ്രാമപ്രദേശങ്ങളിൽ നടക്കില്ല. കുട്ടികൾക്ക് സ്വതവേ മണിക്കൂറുകളോളം മൊബൈലിന്റെ മുന്നിലിരിക്കാൻ മടിയുണ്ട്. ഡേറ്റാ പ്രശ്നം രണ്ടാമത്തേത്. നെറ്റുവർക്ക് പ്രശ്നം മൂന്നാമത്തേത്. ഓൺലൈൻ ക്ലാസെടുക്കുമ്പോൾ കഷ്ടിച്ച് 20 മുതൽ 30 വരെ കുട്ടികൾ കയറുന്നതാണ് കണ്ടിട്ടുള്ളത്. (ആകെ ക്ലാസിലുള്ളവർ 110+) അതിൽത്തന്നെ കുട്ടികൾ വന്നും പോയും ഇരിക്കും. അവരെന്താണ് കേൾക്കുന്നത്, എന്താണ് കാണുന്നത്, എന്തു തുടർച്ചയാണവർക്ക് കിട്ടുന്നത് എന്നത് മറ്റൊരു പ്രശ്നം.  പലപ്പോഴും ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ കുട്ടികളിൽനിന്നല്ലാതെ മറുപടി കിട്ടാറില്ല. അതുകൊണ്ട് ക്ലാസ് മുറി വിദ്യാഭ്യാസത്തിനുള്ള ബദൽ രീതിയായി നമ്മുടെ നാട്ടിലെ അവസ്ഥയിൽ ഗൂഗിൾ ക്ലാസ് റൂം മുന്നോട്ടു കൊണ്ടുപോകാൻ ആവില്ല. പരിഹാരബോധനമായി കൊണ്ടുപോകാം. വളരെ കുറച്ചു കുട്ടികൾക്കേ അതുകൊണ്ടു പ്രയോജനം ഉണ്ടാവൂ.

എല്ലാ പാഠങ്ങളുടെ വലിപ്പം ഒരു പോലെയല്ല. ഒരു പേജിൽ തീരുന്ന പാഠങ്ങളുണ്ട്.. 13 പേജുകളിലായി പരന്നു കിടക്കുന്ന അഗ്നിവർണ്ണന്റെ കാലുകൾ എന്ന നാടകവും 12-ൽ പഠിപ്പിക്കാനുണ്ട്.  പഴയ ചേഷ്ടാവാദ രീതിയനുസരിച്ചാണെങ്കിൽ ഉള്ളടക്കം പറഞ്ഞുകൊടുത്ത്  ശകുന്തളയുടെ ഭർത്താവാരാണ് എന്നു ചോദിച്ച്,  ‘ദുഷ്ഷന്തൻ ...’ എല്ലാവരും പറയൂ....  എന്നാവർത്തിച്ച് പറയിച്ച്, പിന്നീട് ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയാതെ നഖം കടിക്കുന്നവർക്ക് 175 പ്രാവശ്യം ഇമ്പോസിഷനും കൊടുത്താൽ പണി കഴിഞ്ഞു.   ജ്ഞാനനിർമ്മിതി വാദമനുസരിച്ചാണെങ്കിൽ ‘പ്രക്രിയകൾ’ വേണം. കുട്ടി അറിവു നിർമ്മിക്കണം, അതു അദ്ധ്യാപകർ പകരുകയല്ല വേണ്ടത്. ആദ്യത്തേതു പോലെയല്ല, അതിനിത്തിരി സമയമെടുക്കും. ഇതാണ് നിലവിൽ സർക്കാർ നയം. ഇതാണ് ഇപ്പോഴുള്ള വിദ്യാഭ്യാസ സമീപനം. അതു മാറ്റിയതായി ഒരുത്തരവും വന്നിട്ടില്ല. അതേസമയം ചോദ്യത്തിന്റെ രീതി മാറുന്നു. വസ്തുനിഷ്ഠചോദ്യങ്ങൾ വരുന്നു. ഫോക്കസ് -നോൺ ഫോക്കസ് മേഖലാവ്യത്യാസമില്ലാതെ പാഠങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ പഠിപ്പിച്ചു തീർക്കണമെന്ന നിർദ്ദേശമുത്തരവായി വരുന്നു.

മലയാളത്തിന്റെ കാര്യമെടുത്താൽ ഒരു പാഠത്തെപ്പറ്റി ഒന്നോരണ്ടോ വിവരം പറഞ്ഞ അടുത്ത പാഠത്തിലേക്ക് ചാടാം. (അങ്ങനെ പറ്റില്ലെന്ന് സയൻസ് ഹ്യുമാനിറ്റീസ് കോമേഴ്സ് അദ്ധ്യാപകർ) പക്ഷേ അതു കുട്ടികളോട് ചെയ്യുന്ന ദ്രോഹമല്ലേ? പ്രത്യേകിച്ച് ഒരു സ്കോറിന്റെയും രണ്ടു സ്കോറിന്റെയും വസ്തുനിഷ്ഠചോദ്യങ്ങൾ ഉള്ള സ്ഥിതിയ്ക്ക്  (മുൻപ് ഭാഷയ്ക്ക് വിവരണാത്മക ചോദ്യങ്ങൾ മാത്രമായിരുന്നു. പിന്നീട് 2 സ്കോറിനുള്ളതു വന്നു. ഒരു സ്കോറിനുള്ളത് ഇപ്പോൾ പുതുതായി കൂട്ടിച്ചേർത്തതാണ്) പാഠപുസ്തകം മുഴുവൻ വരിയോടു വരി കുട്ടി കടന്നുപോകേണ്ടതായി വരും. അപ്പോൾ വിശദമായ പഠനം വിഷയം തന്നെയാണ്. അതിനുള്ള സമയം ഇല്ല. ഭാരം ആത്യന്തികമായി കുട്ടിയുടെ തലയിലാണിപ്പോഴും. അദ്ധ്യാപകർ നടപടികളുടെ ഭീഷണിയിലാണെങ്കിലും.

ഇപ്പോൾ ആഴ്ചതോറും അദ്ധ്യാപകർ പഠിപ്പിച്ച പാഠങ്ങളുടെ ശതമാനക്കണക്കെടുക്കുന്നുണ്ട്. ശതമാനം കൂടുകയല്ലാതെ കുറയാൻ സാധ്യതയില്ലല്ലോ. ഇടക്ക് പ്രചരിക്കുന്ന ഒരു വാട്സാപ്പ് മെസ്സേജിൽ കണ്ടത്, പാഠഭാഗം പഠിപ്പിച്ചു തീർക്കാൻ താത്പര്യമില്ലാത്ത അദ്ധ്യാപകരുടെ പേരു വിവരങ്ങൾ പ്രിൻസിപ്പാൾമാർ ജില്ലാ ഉപമേധാവികൾക്ക് സമർപ്പിക്കണമെന്നാണ്. (അങ്ങനെ ഒരു വിഭാഗം ഉള്ളതായി കാണുന്നത്രേ. പല ഭീഷണികളും വാട്സാപ്പു വഴി പ്രചരിക്കുന്നതാണ്. വിവാദമായാൽ നിഷേധിക്കാനുള്ള സൗകര്യം കൂടും. ഇല്ലെങ്കിൽ അവ നിലനിൽക്കും.  ഉമ്പാച്ചി, അവിടെയില്ലെങ്കിലും ഇരുട്ടിനെ ചൂണ്ടിക്കാട്ടി പേടിക്കാമല്ലോ എന്ന നയമാണ് ഇവിടങ്ങളിൽ പ്രവർത്തിക്കുന്നത് എന്നു തോന്നുന്നു) പഠിപ്പിച്ചു തീർക്കാൻ പറ്റുമോ എന്നല്ല, പഠിപ്പിച്ചു തീർത്തിരിക്കണം, ഇല്ലാത്തവർ താത്പര്യമില്ലാത്തവരാണ്, എന്നാണ് ഇപ്പോൾ വന്നിരിക്കുന്ന പുതിയ മാറ്റം.  

വിമതശബ്ദങ്ങളെ ഒഴിവാക്കാനും തങ്ങൾക്ക് അനുകൂലമായി സാമൂഹിക യാഥാർഥ്യത്തെ തമസ്കരിക്കാനുമായി ഉണ്ടാക്കിയെടുക്കുന്ന ആശയങ്ങൾക്ക് സാമൂഹിക സംഘർഷങ്ങളെ മൂടിവയ്ക്കുക എന്ന ലക്ഷ്യമുണ്ടെന്നും യഥാർത്ഥ വൈരുദ്ധ്യങ്ങൾക്ക് സാങ്കല്പികമായ പരിഹാരം  എന്ന നിലയിലുള്ള പ്രത്യയശാസ്ത്രസങ്കല്പനങ്ങൾ രൂപം കൊള്ളുന്നത് ഇതിൽ നിന്നാണെന്നും ടെറി ഈഗിൾടൻ പറയുന്നത് പ്രസ്തുതത്തിൽ വച്ച് ഒന്ന് ആലോചിച്ചു നോക്കുക.  ബാർത്തിന്റെ ഡോക്സാ സങ്കല്പത്തെ തിരിച്ചിട്ടാലും, നമുക്കീ പേരുകൊടുക്കലിനെ പെട്ടെന്ന് മനസിലാക്കാൻ പറ്റും. അദ്ധ്യാപകർ പാഠങ്ങൾ പഠിപ്പിച്ചു തീർക്കാൻ താത്പര്യം കാണിക്കാത്തതുകൊണ്ട്  വരുന്ന പ്രശ്നങ്ങളാണെല്ലാം. സാമാന്യബോധനിർമ്മിതിക്കൊപ്പം കുറ്റബോധനിർമ്മാണവും ക്രമത്തിൽ നടക്കും. പാഠ പുസ്തകം പഠിപ്പിച്ചു തീർക്കാത്തത് സ്വന്തം കുഴപ്പംകൊണ്ടാണെന്ന് ഓരോ അദ്ധ്യാപികയ്ക്കും തോന്നും. തോന്നണം.   

അതുപോട്ടെ, ശരിക്കും അദ്ധ്യാപകർക്ക് പാഠം തീർക്കാൻ എന്തെങ്കിലും വിഷമമുണ്ടോ? എങ്ങനെ തീർത്തു എന്നതല്ലല്ലോ വിഷയം, തീർക്കാത്തതെന്ത് എന്നതല്ലേ? ചുരുങ്ങിയ സമയത്തിനുള്ളിൽ ആറു വിഷയങ്ങൾ (+1) അദ്ധ്യാപകർ ആത്മാർത്ഥതയോടുകൂടി   പല തരത്തിൽ - ഓൺ ലൈനിലും ക്ലാസ് മുറിയിലും എക്സ്ട്രാ ക്ലാസു വച്ചും ശബ്ദസന്ദേശം അയച്ചും - കുത്തിച്ചെലുത്തിയാൽ എങ്ങനെയിരിക്കും? സയൻസുകാർക്ക് ഇതിനെല്ലാം പുറമേ ട്യൂഷനും പോകേണ്ടതുണ്ട്. അതാരു വിലക്കിയാലും നിൽക്കില്ല.

ഇതൊന്നും പരിഗണനാവിഷയമാകാതെ പോകുന്നു. പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ താത്പര്യമില്ലാത്തവർ എന്ന് ചാർത്തിക്കൊടുക്കുന്ന ലേബലിനു കീഴിൽ അദ്ധ്യാപകർ സ്വാഭാവികമായും നടപടിക്ക് വിധേയമാകേണ്ടവരായി തീരും. വിദ്യാർത്ഥികൾ തിരശ്ശീലയിൽനിന്ന് ഒഴിവാകുകയും അവരുടെ മേലുള്ള സമ്മർദ്ദം അവർക്കു പ്രത്യേകിച്ചു നാവില്ലാത്തതുകൊണ്ട്  റദ്ദായി പോവുകയും ചെയ്യുന്നു.  

പാഠങ്ങൾ തീർത്തതായി കണക്കെഴുതുകയല്ലാതെ മറ്റെന്താണിവിടെ അദ്ധ്യാപകർക്കു ചെയ്യാൻ കഴിയുക? പാഠങ്ങൾ തീർത്തിട്ടുണ്ടോ എന്നറിയാൻ ക്ലാസ് റൂമിൽ വന്ന് വിദ്യാഭ്യാസ ആപ്പീസർമാർ പരിശോധന നടത്തുമെന്നും സർക്കുലർ പറയുന്നു.  വർഷം ഇത്രേയായിട്ടും ഇതുവരെ അങ്ങനെയൊരു കലാപരിപാടിയുണ്ടായിരുന്നില്ല. അത്തരം പരിശോധനകൾ ഉണ്ടായാൽ കുട്ടികൾ സ്വയം ത്യാഗം സഹിച്ചും അവർക്കു പ്രിയപ്പെട്ട അദ്ധ്യാപകരെ രക്ഷിക്കുമായിരിക്കും. അവരെപോലെ സത്യദർശകരും ത്യാഗികളും മറ്റാരെങ്കിലുമുണ്ടോ? പക്ഷേ ബലപ്രയോഗത്തിലൂടെ സാധിക്കേണ്ട കാര്യമായി വിദ്യാഭ്യാസം മാറുന്നതിനെ അത്ര സന്തോഷത്തോടേ കാണാൻ സാധിക്കുമോ എന്നതാണ് അടിസ്ഥാന ചോദ്യം.  കൊറോണക്കാലം പലതിനും ഒപ്പം അതിനും സാക്ഷ്യം വഹിക്കുകയാണ്. ശതമാനം കേറ്റിയെഴുതി സ്വയം വഞ്ചിക്കാനുള്ള സാധ്യതയാണിപ്പോൾ സംഖ്യാശാസ്ത്രംകൊണ്ടുണ്ടാകുന്ന നേട്ടം.  സത്യസന്ധരും സന്മാർഗികളുമായ അദ്ധ്യാപകർ അവിടെയും താഴെ പോകും. ദുരിതാശ്വാസ ചലഞ്ചിൽ പങ്കെടുക്കാത്തവർ, ശ്രദ്ധയില്ലാതെ പേപ്പറു നോക്കിയവർ, സർക്കാർ നയവിരുദ്ധർ, എന്നിവയ്ക്കൊപ്പം ‘പാഠം പഠിപ്പിച്ചു തീർക്കാൻ താത്പര്യമില്ലാത്തവർ’ എന്ന ലേബലുകൂടി അദ്ധ്യാപകരെ കാത്തിരിക്കുന്നു.

(കേരളഭൂഷണം 19/2/2022) 

February 10, 2022

അടിയിൽ രാഷ്ട്രീയമുണ്ട് !

 


നെടുമങ്ങാട് ചന്തയിൽ ചട്ടമ്പി പീസ് നിർത്തലാക്കാൻ സമരം നടത്തിയവരെ തെരച്ചിവാലും പൊക്കി പിടിച്ച് അടിച്ചു പഞ്ചറാക്കിക്കൊണ്ട് ചട്ടമ്പിമാർ അഴിഞ്ഞാടുമ്പോഴാണ് രക്ഷകനെപോലെ കാട്ടുമാക്കാൻ ചാടി വീഴുന്നത്. ആ സമയം പേശ വെട്ടിത്തയ്ച്ച വരയൻനിക്കറുമാത്രമിട്ട് ഉടുതുണി നഷ്ടപ്പെട്ട് ഗതികെട്ടു നിൽക്കുകയായിരുന്ന് സെക്രട്ടറി. കൂടെ ജാഥയായി വന്ന എല്ലാം അടി വാങ്ങിച്ചും പേടിച്ചും പല വഴി ഓടി.. ആ സമയത്താണ് കാട്ടുമാക്കാന്റെ തള്ളയ്ക്കു വിളിയുമായുള്ള പ്രവേശനം..

ഉരുക്ക്, മനുഷ്യരൂപം പൂണ്ട മല്ലനാണ് കാട്ടുമാക്കാൻ. ലോറി നേരത്തേ പോയതുകാരണം, പുത്തരിക്കണ്ടം മൈതാനിയിൽ ഇ എം സിന്റെ പ്രസംഗം കേട്ടിട്ട് ഉത്തേജിതനായി, നടന്ന് നെടുമങ്ങാട്ടേയ്ക്ക് പോകുന്നതിനിടയിൽ പാക്കുകുലകൾ തൂങ്ങി കിടക്കുന്ന കവുങ്ങുകളെ കണ്ട് കേറാൻ കാലും ഉടലും തരിച്ചിട്ടും, വെറുതേ ഇ എം സിന് ചീത്തപ്പേരുണ്ടാക്കണ്ട എന്നു വച്ച് സ്വയം അടങ്ങിയ പുരുഷാകാരമാണ്. നെഞ്ചിലെ പച്ചച്ചതയിൽ കള്ളിമുള്ളുകൊണ്ടാണ് അരിവാൾ ചുറ്റിക പടമുള്ള കടലാസ് കുത്തി വച്ചിരിക്കുന്നത്.

അങ്ങനെയുള്ള കാട്ടുമാക്കാന്റെ ഇടപെടലോടെ നെടുമങ്ങാട് ചന്തസമരം വിജയിച്ചു. അവിടെ അന്ന് നടന്ന പൊരിഞ്ഞ അടി, കലംകാരി കൗസുവും കുണുക്കത്തി രായമ്മയും ‘സൂക്ഷം’ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“പയലിന് നല്ല ചുണ, കാണാൻ നല്ല മെന”
“റപ്പറ് പന്തുപോലെയല്ലേ പാഞ്ഞടിച്ചത്”

– എന്നുമാത്രമല്ല, കൗസു ഇതും കൂടി പറഞ്ഞു :

“പക്ഷേ അവൻ പേശേരടിയില് കോണാൻ കെട്ടിയിട്ടുണ്ട്. ” അതുകേട്ട് രായമ്മ അവളെ ചെറഞ്ഞ് നോക്കി. എന്നിട്ടു പറഞ്ഞു: ചെമലയല്ലേ?”

രണ്ടു പേരുടെ ചുരുങ്ങിയ വാക്കുകളിലുള്ള ഈ വിനിമയത്തിൽ വിശേഷതാത്പര്യങ്ങളുണ്ട്, അവയ്ക്ക് ബാഹ്യവും ആന്തരികവുമായ പിരിവുകളുണ്ട്, മനശ്ശാസ്ത്രപരവും സാമ്പത്തികവുമായ അടരുകളുണ്ട്, സംസ്കാരത്തെക്കുറിച്ചുള്ള ചിന്തയുണ്ട്, അഭിലഷണീയമായ വ്യതിയാനം ഏതു വഴിക്കാണന്നതിനെപ്പറ്റിയുള്ള സൂചനയുണ്ട്. അതോടൊപ്പം പരിണമിക്കുന്ന ജീവിതത്തെ സംബന്ധിക്കുന്ന ഊറിപ്പിടിക്കുന്ന ചിരിയുമുണ്ട്. ( ആ ചിരി പ്രത്യേകതരമാണ്, സുവിശേഷവേല നടത്തുന്നവർക്ക് തിരിഞ്ഞു കിട്ടാത്തതും കലാ(കഥാ)കൃത്തുകൾക്കു മാത്രമായി ലഭിക്കുന്ന വിശേഷസിദ്ധിയുമാണ്.. )

വർഗശക്തികൾ സാർവദേശീയവും ദേശീയവുമായി മാത്രമല്ല പ്രാദേശികമായും ബലാബലങ്ങളിൽ ഏർപ്പെടും. ഉത്പാദനശക്തിയുടെയും ഉത്പാദനബന്ധത്തിന്റെയും നിലവാരത്താൽ നിർണ്ണയിക്കപ്പെടുന്ന സാമൂഹിക സാമ്പത്തിക അടിത്തറകൾ വസ്തുനിഷ്ഠഘടകങ്ങളെ എന്നപോലെ ആത്മനിഷ്ഠ സാഹചര്യങ്ങളെയും സ്വാധീനിക്കും. കലകളിൽ ആത്മനിഷ്ഠഘടകങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൈവരും. പ്രബോധനങ്ങളിൽ ആദ്യത്തേതും. അതാണ് സാംസ്കാരിക നിർമ്മിതികളുടെ താളം. ഷിനിലാലിന്റെ നോവൽ അടി, പ്രചരണസ്വഭാവമൊന്നും ഇല്ലാതെ തന്നെ മനുഷ്യബന്ധങ്ങളെ, അതിൽത്തന്നെ സ്ത്രീപുരുഷബന്ധങ്ങളെ പ്രത്യേകിച്ച് ഈ പശ്ചാത്തലത്തിൽ പുനർനിർമ്മിക്കുന്നതായി ഒറ്റവായനയിൽ തന്നെ അനുഭവപ്പെടാതിരിക്കില്ല. “കലകളിലെല്ലാം പ്രചരണാംശമുണ്ട്.. (എന്നാൽ പ്രോപഗണ്ടകളെല്ലാം കലയാവില്ല എന്ന് മൃണാൾ സെൻ)

‘അടി‘യിൽ രാഷ്ട്രീയമുണ്ട്, അതാണ് നോവലിന്റെ വീക്ഷണസ്ഥാനത്തെ ഉറപ്പിക്കുന്നതും. എന്നാൽ അത് കലാപരതയ്ക്കു മുന്നിൽ കേറി നടക്കുന്നില്ല. നോവലായിത്തന്നെ രസിച്ചു വായിക്കാം. മടക്കി വച്ചതിനുശേഷം മനുഷ്യബന്ധങ്ങളെ നിർണ്ണയിക്കുന്ന ഘടകങ്ങളെപ്പറ്റി സാമൂഹികശാസ്ത്രപരമായി ചിന്തിക്കുകയും ചെയ്യാം.

(ഡി സി ബുക്സ്.കോം)

ഭരണഘടനയുടെ പ്രസക്തിയും പ്രാധാന്യവും കാലിക സാഹചര്യങ്ങളിൽ അന്വേഷിക്കുന്ന ഗവേഷണ സ്വഭാവമുള്ള രചന

 Text

    ശബരിമലയിലെ സ്ത്രീ പ്രവേശനം, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, പൗരത്വബിൽ… കൊറോണക്കാലത്തിനു തൊട്ടുമുൻപ് ഇന്ത്യടെ രാഷ്ട്രീയ ഭൂപടത്തെ സംശയത്തോടെ നോക്കാനും ഭരണഘടനയെ അവിശ്വാസത്തോടെ കൈയിലെടുക്കാനും പ്രേരിപ്പിച്ച വസ്തുതകളാണ്. അതിനെ തുടർന്നാവണം ഭരണഘടനയെസംബന്ധിക്കുന്ന പല പുസ്തകങ്ങളും മലയാളത്തിൽ വന്നു. ഇന്ത്യൻ ഭരണഘടന ഇപ്പൊഴും മഹാഭൂരിപക്ഷത്തിനും പൊതുവിജ്ഞാനത്തെ സംബന്ധിക്കുന്ന കാര്യമാണ്. അതിനപ്പുറം അതിൽ ആലോചിക്കാനും അന്വേഷിക്കാനുമുണ്ടെന്ന് അധികം പേർക്കും തോന്നിക്കാണാനിടയില്ല. ദൂരവ്യാപകമായ ഫലങ്ങളുള്ള മഹാവിപത്തുകളായി ചില വിധികൾ തലക്കു മുകളിൽ വന്നു പതിക്കുമ്പോഴും. എഴുപതു വർഷക്കാലത്തെ ഇന്ത്യൻ ജനാധിപത്യാനുഭവത്തിൽ നമ്മുടെ ഭരണഘടനയുടെയും നീതിന്യായവ്യവസ്ഥയുടെയും സ്ഥാനവും പങ്കും പരമോന്നതനീതിപീഠത്തിന്റെ (സുപ്രീം കോടതി) വ്യത്യസ്തചരിത്രസാഹചര്യങ്ങളിലുള്ള നിലപാടും തീർപ്പുകളും മുന്നിൽ നിർത്തികൊണ്ട് അന്വേഷിക്കുന്ന പുസ്തകമാണ് അഡ്വ. വി എൻ ഹരിദാസിന്റെ ‘ഭരണഘടന ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം’. വെറുമൊരു പൊതുവിജ്ഞാനഗ്രന്ഥമല്ല. ഭരണഘടനയുടെ പ്രസക്തിയും പ്രാധാന്യവും കാലിക സാഹചര്യങ്ങളിൽ അന്വേഷിക്കുന്ന ഗവേഷണ സ്വഭാവമുള്ള രചനയാണ്. വായിച്ചു മാറ്റിവയ്ക്കാവുന്നതല്ല. ഇടയ്ക്ക് എടുത്തു മറിച്ചു നോക്കേണ്ടതായ പുസ്തകമാണ്.

1950 മുതൽ 2019 വരെയുള്ള കാലയളവിലെ പ്രധാന വിധിന്യായങ്ങൾ പരിശോധിച്ച് അവയോട് ബന്ധമുള്ള ഭരണഘടനാ അനുച്ഛേദങ്ങളെപ്പറ്റി ആലോചിക്കുകയാണ് ഹരിദാസ് ചെയ്യുന്നത്. പൗരത്വം, സ്വാതന്ത്ര്യം, മതേതരത്വം, ജീവിക്കാനുള്ള അവകാശം, നീതിന്യായസംവിധാനം, ജമ്മു കാശ്മീർ സ്വയം ഭരണ പദവി എന്നിങ്ങനെ ആറ് അദ്ധ്യായങ്ങളിലായി, ഭരണഘടനാമൂല്യങ്ങളുമായി ബന്ധപ്പെട്ട കോടതി കേസുകളുടെയും വിചാരണകളുടെയും വിധിതീർപ്പുകളുടെയും വിശദാംശങ്ങളിൽ ഇന്ത്യയുടെ ഭൂതവും വർത്തമാനവും ഉണ്ട്. ആമുഖമായി പ്രസക്തമായ ഭരണഘടനാഭാഗങ്ങൾ റഫറൻസിനായി കൊടുത്തുകൊണ്ട്, ഈ അദ്ധ്യായങ്ങൾക്കുള്ളിൽ സമത്വം, ലിംഗനീതി, ജാതിസംവരണം, അഭിപ്രായസ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം, ഇന്ത്യൻ മതനിരപേക്ഷത, ന്യൂനപക്ഷാവകാശങ്ങൾ, ഏകീകൃതവ്യക്തിനിയയമം, ജീവിക്കാനുള്ള അവകാശം, ദയാവധം, പരിസ്ഥിതി സംരക്ഷണം, അടിയന്തിരാവസ്ഥ, കരുതൽ തടവു നിയമങ്ങൾ, മൗലികാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളെപ്പറ്റി, അവയെ മുൻ നിർത്തിയുണ്ടായ കേസുകളുടെയും വിധിന്യായങ്ങളുടെയും പശ്ചാത്തലത്തിൽ സ്വന്തം അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കൂട്ടിച്ചേർത്താണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

അതിവിശദമായ ചർച്ചയ്ക്കു ശേഷം പുസ്തകത്തിന്റെ ഉപസംഹാരത്തിൽ ഹരിദാസ് എഴുതുന്നു :
ഇന്ത്യൻ ഭരണഘടന ചെയ്യാൻ ശ്രമിച്ചത് രണ്ടു കാര്യങ്ങളാണ്. 1. കൊളോണീയൽ ബ്രിട്ടീഷ് പ്രജകളിൽനിന്ന് സ്വതന്ത്രജനാധിപത്യപൗരന്മാരെ വാർത്തെടുക്കുക. 2. ഇന്ത്യയിലെ സാമൂഹിക സാമ്പത്തിക സാംസ്കാരിക ബന്ധങ്ങളിലെ ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുക.
ആദ്യത്തെ കാര്യത്തിൽ ഏറെക്കുറേ വിജയിച്ചു, രണ്ടാമത്തേതിൽ ഒറ്റപ്പെട്ട ചലനങ്ങൾ ഉണ്ടായി എന്നല്ലാതെ കാര്യമായ പുരോഗതിയുണ്ടായില്ല. ഫലത്തിൽ രണ്ടും ഇപ്പോഴും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. ഇവയെ എങ്ങനെ തരണം ചെയ്യുന്നു എന്നതിനെ ആസ്പദമാക്കിയാണ് രാജ്യത്തിന്റെ ഭാവി.

സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിയുമ്പോൾ പൗരത്വബിലിലൂടെ പഴയ ബ്രിട്ടീഷ് കോളോണിയൽ യുക്തിയിലേക്ക് നാം തിരിച്ചെത്തുന്നു. കുറച്ചുപേർ ആനുകൂല്യം ഉള്ളവരാകുന്നു. മറ്റു കുറച്ചുപേർ വിദേശ വേരുകളുള്ള രണ്ടാം തരം പൗരരാകുന്നു. ലിംഗനീതിയുടെ കാര്യത്തിൽ ഷബാനു കേസിൽ സുപ്രീം കോടതിയെടുത്ത നിലപാടിനു നേരെ വിരുദ്ധമാണ് മേറി റോയി കേസിൽ എടുത്തത്. ആദ്യത്തേതിൽ കോടതി മത നിയമങ്ങളിലേക്കും തത്ത്വങ്ങളിലേക്കും തിരിഞ്ഞു മേരി റോയിയുടെ കാര്യത്തിൽ വ്യക്തിനിയമങ്ങളെ റദ്ദാക്കി ഇന്ത്യൻ പിന്തുടർച്ചാവകാശം മതനിരപേക്ഷമായി ബാധകമാക്കി. തനിക്കർഹതപ്പെട്ട പൈതൃകസ്വത്ത് അവർ നേടിയെടുത്തു. എന്നാൽ അതുകൊണ്ട് ക്രിസ്ത്യൻ പിന്തുടർച്ചാവകാശത്തിലെ സ്ത്രീ വിവേചനങ്ങൾ പരിഹരിക്കപ്പെട്ടു എന്നർത്ഥമില്ലെന്ന് പറയുന്നതിനു കാരണം അവിടെ നടന്നതും ഭരണഘടനാ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധനയായിരുന്നില്ലെന്ന കാര്യം വ്യക്തമാക്കിക്കൊണ്ടാണ്.

ഇതേ ആശയക്കുഴപ്പം മറ്റൊരു തരത്തിൽ മതേതരത്വങ്ങളുടെ കാര്യത്തിലും കോടതികളിൽ കടന്നു വരുന്നു. മതസംഘടനകളും രാഷ്ട്രീയ താത്പര്യങ്ങളും നിർമ്മിച്ചെടുക്കുന്ന മതപൊരരൂപങ്ങൾക്കു പുറമേ കോടതിവിധികൾ നിർമ്മിച്ചെടുക്കുന്ന മതവുമുണ്ടെന്ന് ഹരിദാസ് വ്യക്തമാക്കുന്നു. ഒരു വ്യക്തിയെ ആരാധനാലയത്തിൽ കയറുന്നതിൽനിന്നു വിലക്കുന്നത് ആ മതവിഭാഗത്തിന്റെ സവിശേഷാധികാരത്തിൽപ്പെട്ടകാര്യമാണോ എന്ന് ശ്രീ വെങ്കിടരമണ ദേവരൂ – മൈസൂർ സംസ്ഥാനം എന്ന 1958 ലെ കേസ് ഒരു തീർപ്പിലെത്തിയിരുന്നു. അതനുസരിച്ച് ഒരു വിഭാഗം അവകാശപ്പെടുന്ന മതാചാരം അനുപേക്ഷണീയമായ ആചാരമാണോ എന്ന് തീരുമാനിക്കാനുള്ള അവകാശം കോടതികൾക്കായി. ഇത് കേസുകളുടെ പെരുപ്പം സൃഷ്ടിച്ചു. ബ്രാഹ്മണരല്ലാത്തവർക്ക് പൂജ ചെയ്യാനുള്ള അധികാരവും കോടതിതീർപ്പാണ്. ശബരിമല വിധിന്യായത്തിൽ എത്തിയപ്പോൾ മതതത്ത്വങ്ങളുടെ വെളിച്ചത്തിൽ നിന്നു മാറ്റി വിചാരണ ഭരനഘടനാതത്ത്വങ്ങളുടെ അടിസ്ഥാനത്തിലാക്കി. പൊതുസ്ഥലത്ത് പ്രവേശനം വിലക്കുന്നത് ഭരണഘടനയനുസരിച്ച് പൗരാവകാശലംഘനമാണ്. ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ വിലക്കുന്നത് ‘യഥാർത്ഥ മതസങ്കല്പത്തിനു’ വിരുദ്ധമാണെന്ന് വിധിച്ചിരുന്നെങ്കിൽ ഇത്രയും അലോസരം ഉണ്ടാകുമായിരുന്നില്ലെന്നാണ് ഹരിദാസ് പറയുന്നത്. ആചാരം, മതം, മതനിരപേക്ഷത തുടങ്ങിയവയെ പുനർനിർവചിക്കുക എന്ന വഴിയാണ് മുന്നിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ജമ്മു കാശ്മീർ ഭരണഘടനയുടെ അടിത്തറ ഇളക്കിമാറ്റിയ ഉത്തരവുകളെപ്പറ്റിയുള്ള വിശദീകരണം തന്നെ അതിനുള്ള തെളിവ്. അനുച്ഛേദങ്ങളിൽ വരുത്തിയ തിരുത്തും കൂട്ടിച്ചേർപ്പും കാരണം നിയമവാഴ്ചകളെ ലംഘിക്കുകയും ഭരണഘടനയെതന്നെ അപ്രസക്തമാക്കുകയും ചെയ്യുന്ന കീഴ്വഴക്കം ഇതുവഴി സൃഷ്ടിക്കപ്പെടാമെന്ന ഭീഷണിയെ ആ ഭാഗം മുന്നിൽ കൊണ്ടുവരുന്നു. ഭരണഘടനാഭേദഗതിക്ക് വിശദമായ പ്രക്രിയ ഭരണഘടനയുടെ 368-ആം അനുച്ഛേദം നിർദ്ദേശിക്കുന്നുണ്ട്. അതൊന്നും കൂടാതെ രാഷ്ട്രപതിയുടെ വിജ്ഞാപനം വഴി പുതിയ ഒരു ഉപഅനുച്ഛേദം കൂട്ടിച്ചേർക്കാൻ കഴിയുന്നത് സുപ്രീം കോടതിയും ശരിവച്ചാൽ (നിലവിൽ അയഞ്ഞ സമീപനമാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായതത്രേ) ജനാധിപത്യമൂല്യങ്ങളെ ഇല്ലാതാക്കാൻ പാർലമെന്ററി ജനാധിപത്യം തന്നെ വഴിയൊരുക്കുന്ന വിചിത്രമായ അവസ്ഥയായിരിക്കും ഉണ്ടാകാൻ പോകുന്നത്.

ഹരീഷിന്റെ മീശയുടെയും പെരുമാൾ മുരുകന്റെ മാതോരുപാകന്റെയും കാര്യത്തിൽ കോടതികൾ മനുഷ്യരുടെ അഭിപ്രായ-ആവിഷ്കാരസ്വാതന്ത്ര്യങ്ങൾക്കൊപ്പമാണ് നിന്നത്. സർഗാത്മക സൃഷ്ടികൾക്കെതിരെ പരാതിയുമായി പോകുന്ന മനുഷ്യർ വ്യവസ്ഥയുമായി ഒട്ടി നിൽക്കാൻ ആഗ്രഹിക്കുന്ന യാഥാസ്ഥിതികരാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. നിലനിൽക്കുന്ന വ്യവസ്ഥയെ പരിക്കുകൂടാതെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്ന ആൾക്കൂട്ടമനോഭാവമാന് അവരെ ഭരിക്കുന്നത് കോടതിപോലെയുള്ള സ്ഥാപനങ്ങളിൽനിന്നു വരുന്ന ശാസനാപരമായ എതിർശബ്ദങ്ങൾ അവരെ രണ്ടു മടങ്ങ് നിശ്ശബ്ദരാക്കും. അതുകൊണ്ട് ഇത്തരക്കാരുടെ കാര്യത്തിൽ ജോലി എളുപ്പമാണ്. നിർഭാഗ്യവശാൽ ആൾക്കൂട്ടത്തെ പ്രതിനിധീകരിക്കുന്ന ഈ മനുഷ്യർക്ക് ഭരണകൂടസ്ഥാപനങ്ങൾവഴി പ്രാധാന്യം ലഭിക്കുകയാണ് ചെയ്യുന്നത്. വെണ്ടി ഡോണിങറുടെ പുസ്തകം പെൻഗ്വിൻ പിൻവലിച്ചതോർക്കുക. മീശ പ്രസിദ്ധീകരിച്ചിട്ടും മാതോരുപാകൻ ധാരാളം കോപ്പികൾ വിറ്റഴിഞ്ഞിട്ടും ഒരു സാമുദായിക പ്രശ്നവും ഉണ്ടായില്ല. കുത്തിത്തിരിപ്പുകൾക്കുള്ള നല്ല മറുപടിയാകാൻ കോടതിവിധികൾക്കു കഴിയുമെന്നിരിക്കേ പലപ്പോഴും ആശാവഹമായ രീതിയിലല്ല വിധികൾ പോകുന്നതെന്നുള്ളതാണ് ആശങ്കാജനകം. നിർഭയമായ അന്തരീക്ഷത്തിൽ സർഗവൃത്തികൾ നടത്താനുള്ള സാഹചര്യത്തെപ്പറ്റിയാലോചിച്ചാൽ നിരാശ ഫലമായിത്തീരുന്നത് അതുകൊണ്ടാണ്. എം എഫ് ഹുസ്സൈനു രാജ്യം വിടേണ്ടതായി വന്നതും തസ്ലീമ നസ്രീന് ഭീഷണികൾ ഉണ്ടായതും ഹരിദാസ് എടുത്തു പറയുന്നുണ്ട്. ആൾക്കൂട്ടഭീഷണിയിലൂടെയും അക്രമത്തിലൂടെയും വിയോജിപ്പിന്റെ സ്വരം ഉയർത്തുന്നവരെ സ്വയം സെൻസർഷിപ്പിനും നിയന്ത്രണത്തിനും വിധേയരാക്കുക എന്ന തന്ത്രം പല നിലയിൽ വിജയകരമായി ഇവിടെ നടപ്പിലാക്കി വരുന്നുമുണ്ട്.

കോടതിയലക്ഷ്യത്തെപ്പറ്റിയുള്ള ഭാഗവും അതുപോലെ പ്രധാനപ്പെട്ടതാണ്. ഫ്രാങ്കോ കേസിനെ തുടർന്ന് വ്യാപകമായി വാട്സാപ്പു വഴിയും മറ്റും അതിശയോക്തിപരമായി പ്രചരിച്ച ഇം എം എസിനെപ്പറ്റിയുള്ള വിവരമുണ്ട്. അതിന്റെ യഥാർത്ഥ വസ്തുത പുസ്തകത്തിലുണ്ട്. 1967 ൽ നടന്ന പത്രസമ്മേളനത്തിൽ കോടതികൾ അധീശത്വത്തിന്റെ ഉപകരണമാണെന്നും വർഗതാത്പര്യങ്ങളിൽനിന്ന് അവ മുക്തമല്ലെന്നും പറഞ്ഞതിന് ഹൈക്കോടതി ഒരു മാസത്തെ തടവിനും 100 രൂപ പിഴയ്ക്കും ശിക്ഷിക്കുകയായിരുന്നു. സുപ്രീം കോടതിയിൽ വി കെ കൃഷ്ണമേനോനാണ് ഇ എം എസിനു വേണ്ടി ഹാജരായത്. മാർക്സ്, എംഗൽസ്, ലെനിൻ എന്നിവരുടെ പാഠങ്ങളിൽ ഇ എം എസിനുള്ള ‘അജ്ഞത’ കോടതിക്കു ബോധ്യപ്പെടുകയും ബഹുജനങ്ങളെ അതറിയിക്കാൻ പ്രതീകാത്മകമായി ശിക്ഷ- 50 രൂപ പിഴ മതിയെന്നു വയ്ക്കുകയുമാണ് പിന്നീടുണ്ടായത്. സ്വാഭാവിക നീതിയുടെ ലംഘനം എന്നു പറയാവുന്ന ഒരവസ്ഥ കോടതിയലക്ഷ്യകേസുകളിലുണ്ട്. സംശയാതീതമായി കുറ്റം തെളിയേണ്ടതില്ല, മാനസിക പ്രേരണ തെളിയിക്കേണ്ടതില്ല. മാനസികപ്രേരണയില്ലാത്തതുകൊണ്ട് പ്രതിരോധവും കുറ്റാരോപിതനു സാധ്യമല്ല. കുറ്റമാണോ അല്ലയോ എന്നു തീരുമാനിക്കാനുള്ള അധികാരം കോടതിക്കുമാത്രമാണ്. കോടതിയലക്ഷ്യ കുറ്റം ക്രിമിനലുമാണ്. പഴയകാല ഭരണാധികാരികളുടെ അനിഷേധ്യമായ പ്രാമാണിത്തത്തിന്റെ ഘടനയാണ് ചോദ്യം ചെയ്യാൻ പാടില്ലാത്ത നീതി പീഠം എന്ന സങ്കല്പത്തിലുള്ളത്. എങ്ങനെയാണ് മാറിയകാലത്തിൽ കോടതികൾ അവയുടെ അന്തസ്സും മാന്യതയും നിലനിർത്തേണ്ടത് എന്ന ചോദ്യം പ്രധാനപ്പെട്ടതാണ്. തിരുവായ്ക്ക് എതിർവായില്ലാത്ത ബലപ്രയോഗ ശിക്ഷണങ്ങളിലൂടെയാണോ? വിമർശനങ്ങളെയും സ്വാംശീകരിച്ചും തെറ്റുകൾ വീണ്ടു വിചാരത്തിനു വിധേയമാക്കിയുമുള്ള കാലോചിതമായ പരിഷ്കാരങ്ങളിലൂടെയാണോ? കാലിക വിധികളുടെ പശ്ചാത്തലത്തിൽ കാര്യമായി ആലോചിക്കാവുന്ന വിഷയമാണ്.

എടുത്തെഴുതാനാണെങ്കിൽ പുസ്തകം മുഴുവനായി എടുത്തു ചേർക്കണം. സാംസ്കാരിക ജീവിതത്തിന്റെ രേഖകൾ എന്ന നിലയ്ക്ക് സാഹിത്യത്തിന്റെ വായന മറ്റൊരു കാര്യമാണ്. ആ പതിവിൽനിന്ന് മാറി നിൽക്കുമ്പോൾ എട്ടുന്നത് മറ്റൊരു യഥാതഥമായ ലോകത്താണ്. സംഗ്രഹിച്ചതും കാര്യമാത്രപ്രസക്തവുമാണ് ഹരിദാസിന്റെ ഭാഷ. കോടതിഭാഷപോലെ വ്യക്തവും ശക്തവുമായ ഭാഷാരീതി ! അർത്ഥവ്യക്തതയില്ലായ്മയോ ആശയക്കുഴപ്പമോ ഇല്ല. ഹരിദാസ് പ്രയോഗിക്കുന്നിടത്തുനിന്നും ഉദാഹരണങ്ങൾ സന്ദർഭം മാറി അർത്ഥം നിർമ്മിക്കും എന്ന പ്രത്യേകതയും ഉണ്ട്. സ്വാഭാവികം.

അതിനേക്കാൾ പ്രധാനം, ഭരണഘടനയുടെ ബലത്തിൽ വാദങ്ങൾക്കുവേണ്ടിയെങ്കിലും നമ്മൾ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസത്തെ ഏതൊക്കെയോ നിലയിൽ പ്രശ്നാത്മകമാക്കുന്നുണ്ട്, ഈ പുസ്തകത്തിലെ ഉദാഹരണങ്ങൾ എന്നതാണ്. ഇന്ത്യയിലെ ഒരു സാധാരണ വ്യക്തിയുടെ (സാമാന്യമാതൃകയായി ഉച്ചരിക്കപ്പെടുന്ന നിമിഷം റദ്ദായി പോകുന്നതാണ് ‘സാധാരണ വ്യക്തി’ എന്ന ഉദാഹരണം. ഇക്കാലത്ത് പ്രത്യേകിച്ച്. പലതരം മുൻഗണന- അവഗണനാക്രമത്തിലാണ് ശരാശരി ജീവിതങ്ങളുടെ ഗതാഗതം എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്.) ആത്മവീര്യത്തെ സംരക്ഷിക്കാനും പ്രതിഫലിപ്പിക്കാനും എത്രത്തോളം ശേഷി ഇപ്പോഴും അവശേഷിപ്പിക്കുന്നുണ്ട് ഭരണഘടനയുടെ പ്രയോഗസന്ദർഭ ചരിത്രങ്ങൾ എന്ന പ്രശ്നം രൂക്ഷമായിത്തന്നെ വായിച്ചു കഴിയുമ്പോൾ മുന്നിൽ ഉയർന്നുവരാതിരിക്കില്ല. രാഷ്ട്രീയജീവിതത്തിലെ സന്ദിഗ്ദ്ധതകളെ വ്യത്യസ്തനിലയിൽ അഭിസംബോധന ചെയ്യുക എന്നുവച്ചാൽ തീർത്തും ആശാവഹമല്ലാതെ നമ്മളെ മാറ്റി വരയ്ക്കുന്നതിനെ നോക്കിയിരിക്കുക എന്നാണ് അർത്ഥം. അതുകൊണ്ടും കൂടിയാണ് മുകളിൽ പറഞ്ഞത്, ഈ പുസ്തകം വായിച്ചു മാറ്റി വയ്ക്കാനുള്ളതല്ലെന്ന്.

(ഡി സി ബുക്സ്.കൊം)