July 28, 2013

ഏകാന്തമായ ചേരികൾ

ഹിംസാത്മക നിരൂപണങ്ങളും സർഗാത്മകകൃതികളും സൃഷ്ടിക്കാനുള്ള സുസജ്ജതയാണിന്ന് നമ്മുടെ സാംസ്കാരിക മേഖലയുടെ ശുദ്ധീകരണത്തിനാവശ്യം  എന്നതൊരു കർക്കശമായ നിലപാടാണ്. അസഹിഷ്ണുതയിൽ നിന്ന് സന്ദേഹത്തിലേയ്ക്കുള്ള ദൂരം ഈ കാർക്കശ്യത്തിൽ മറ്റൊരു തരത്തിൽ ഒളിച്ചു വച്ചിട്ടുണ്ടെന്നു പറയാം. നിരുപാധികമായ വിധേയത്വങ്ങളെയാണ്  വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ പമ്പകടത്തുന്നത്. വംശചിഹ്നങ്ങൾ എന്ന പുസ്തകത്തിലെ ആദ്യ ലേഖനത്തിൽ തന്നെ പൊതുബോധത്തിൽ മഹാമാതൃകയായി കയറിക്കൂടിയിരിക്കുന്ന സാമൂഹിക വിഗ്രഹങ്ങളോട് കലഹിക്കേണ്ടതിന്റെ ആവശ്യകതയിൽ സി ആർ പരമേശ്വരൻ ഊന്നുന്നുണ്ട്. ജോൺ എബ്രഹാമും ഗോവിന്ദനുമാണ് ഇവിടെ അമ്പു കൊള്ളുന്ന കുരുക്കൾ. മറ്റൊരു ലേഖനത്തിൽ ആധുനികതയുടെ പുതപ്പണിഞ്ഞു വന്ന കാൽപ്പനികതയെ വിമർശിക്കുന്ന കൂട്ടത്തിൽ ഏറു കൊള്ളുന്നത് അരിമ്പാറയുടെയും കുടുംബപുരാണത്തിന്റെയും രചയിതാക്കളാണ്. (ആധുനിക കവിയുടെ ആശയലോകം) വാക്കും ജീവിതവും പൊരുത്തപ്പെടാനാവാതെ കുഴങ്ങിയ ഒരു തലമുറയെ കടമ്മനിട്ടയിലൂടെ വ്യക്തമാക്കുന്നുണ്ട്, ഒരിടത്ത്. തൊലിപ്പുറത്തുള്ള കേവലകൗതുകമല്ല, അടിസ്ഥാനപരമായി നമ്മുടെ സാംസ്കാരിക ഉൽപ്പന്നങ്ങൾ ഉരുവം കൊള്ളുന്ന കാഴ്ചപ്പാടുകളുടെ മൂല്യമാണ് വിമർശനവിധേയമാകുന്നത്. കണ്ണീർപ്പാടത്തിന്റെയും ചോറൂണിന്റെയും താരതമ്യത്തിൽ സി ആർ ഇക്കാര്യം വ്യക്തമായി കാണിച്ചു തരുന്നു. രണ്ടു മനുഷ്യജീവികളുടെ ആകസ്മികമായ അവതരണത്തിലൂടെ തന്റെ സമൂഹത്തിന്റെ പ്രക്ഷുബ്ധത അവതരിപ്പിക്കാനായി എന്നതാണ് കണ്ണീർപ്പാടത്തിന്റെ അപൂർവത. അതേ സമയം സമാനമായ പ്രമേയം കൈകാര്യം ചെയ്യുന്ന ചോറൂണ് സ്വകാര്യകവിതയുടെ നിലയിൽ സന്നിഹിതമാവുകയും ചെയ്യുന്നു. 
സാഹിത്യകാരൻ, മൂല്യസംരക്ഷകൻ - കാവൽക്കാരൻ- തന്നെയാണെന്ന കാര്യത്തിൽ സി ആർ അടിവരയിടുന്നുണ്ട്. താരതമ്യേന തീർത്തും യാഥാസ്ഥിതികമായേക്കാവുന്ന ഈ പ്രസ്താവനയെ വികസിതമായ ലോകവീക്ഷണത്തിന്റെയും ചരിത്രബോധത്തിന്റെയും  പിൻ ബലത്തോടെ പരിശോധിക്കുമ്പോഴാണ് നഷ്ടപ്പെട്ടുപോയ വെളിച്ചത്തെ മുൻ നിർത്തിയുള്ള നോവാണ് സംഹാരാത്മകമായ പൊളിച്ചെഴുത്തിന്റെ കാതൽ എന്നു വെളിപ്പെടുന്നത്. എഴുത്തുകാരൻ തീർച്ചയായും ശുദ്ധരൂപത്തിലുള്ള മൂല്യബോധമല്ല വിളമ്പുന്നത്, അയാൾ പ്രബോധകനുമല്ല എന്ന് അഭാവത്തിന്റെ പരകോടിയിലെ ഭാവം എന്ന ലേഖനത്തിൽ കാണാം. പുരോഗമനപരമായ വിദ്യാഭ്യാസത്തിന്റെയും നവോത്ഥാനത്തിന്റെയും രാഷ്ട്രീയമായ ഉണർവിന്റെയും സമീപഭൂതകാലം മലയാളിയ്ക്കു നൽകിയ സകല നന്മകളും പണയം വച്ച് കാപട്യം കൊണ്ട് ഇരുട്ടിൽ തപ്പുന്നവരായി തീർന്നിരിക്കുന്നു നമ്മൾ. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സകലമേഖലകളും പരീക്ഷണവിധേയമായി തുലച്ചുകൊണ്ടേയിരിക്കുന്നു. ഇതിനിടയിൽ സാഹിത്യത്തെ രാഷ്ട്രീയവൽക്കരിക്കുകയും ചരിത്രവൽക്കരിക്കുകയും അങ്ങനെ ജനിതകമായ മൂല്യസമ്പത്തിനെ കാത്തു സംരക്ഷിക്കുകയും ചെയ്യുന്നു എന്നിടത്താണ് എഴുത്തുകാരന്റെ പ്രസക്തി നിലനിൽക്കുന്നത്. ബഷീറിനെ അനുസ്മരിക്കുന്നിടത്ത്  (ബഷീർ എന്ന ആദർശം) അദ്ദേഹം അനുഭവിച്ചിരുന്ന സാംസ്കാരികമായ സ്വാച്ഛന്ദ്യത്തെയും ഏകാന്തത അനുഭവിക്കുന്ന മനുഷ്യന്റെ ശൂന്യതയെ  നേരിടാൻ അദ്ദേഹം ഉപയുക്തമാക്കിയ ആത്മീയതയെയും സി ആർ വിഷയമാകുന്നുണ്ട്.  ഇന്നത്തെ മാരകമായ മതാന്ധതയ്ക്ക് ബഷീർ മരുന്നാകുന്നതിന്റെ ഉത്തരമാണ് ആ നിരീക്ഷണം..
പൊതുവിശ്വാസങ്ങളിൽ നിന്ന് വേറിട്ട് സ്വന്തം വ്യക്തിവിശ്വാസം രൂപീകരിച്ചെടുക്കുക എന്ന ശ്രമകരമായ കാര്യത്തിൽ പഴയ എഴുത്തുകാർ കാലങ്ങൾ കഴിച്ചു. അതായിരുന്നു അവരുടെ പ്രാജാപത്യത്തിനുള്ള കാരണം. കാവ്യസംസാരത്തിലെ സ്വയംഭരണംഎന്ന ലേഖനത്തിൽ സ്വാതന്ത്ര്യത്തിന്റെ ദുർവിനിയോഗമല്ല, പ്രതിബദ്ധതയാണ് എഴുത്തുകാരന്റെ ആധികാരികതയ്ക്ക് നിലപാടു തറയൊരുക്കുന്നതെന്ന് സി ആർ വാദിക്കുന്നു. പുതിയ ജീവിതാവസ്ഥകളെ പിടിച്ചെടുക്കാൻ മുൻപുണ്ടായിരുന്നതിന്റെ പത്തിരട്ടി ഊർജ്ജം എഴുത്തുകാരന് ഇന്ന് ആവശ്യമാണ്. ഏതു സാമൂഹികമാറ്റത്തോടാണ് താൻ പ്രതികരിക്കുന്നതെന്നു പോലും അയാൾ അറിയണമെന്നില്ല. അയാളുടെ പ്രസക്തിയെ നിർണ്ണായകമാക്കുന്ന ഘടകം വീക്ഷണങ്ങൾക്കുമേൽ അയാൾക്കുള്ള പിടിപാടാണ്. അതാണ് വ്യക്തിത്വത്തിന്റെ മുഖലക്ഷണം. ഈ ആധികാരികതയെയും സ്വന്തം വ്യക്തിവിശ്വാസത്തെയും അടിയറവയ്ക്കുന്ന കാലം എടുപ്പുകളും ഘോഷയാത്രകളുമായി മിച്ചമില്ലാതെ ഒടുങ്ങി പോകുന്നു.
ഈ കാലത്തോടാണ് സി ആർ കലഹിക്കുന്നത്. സാമാന്യധാരണകളോട് എളുപ്പം രമ്യതയിലാവുന്ന വിധം മനസ്സുകളെ പരുവപ്പെടുത്തുന്നതിൽ മുഴുകിയിരിക്കുകയാണ് നമ്മുടെ ബൃഹദാഖ്യാനങ്ങൾ. ഒച്ചപ്പാടുകൾ നിഗ്രഹോൽസുകമാവേണ്ടതിന്റെ ആവശ്യകതയിൽ കാലം തന്നെയാണ് അടിവരയിടുന്നത്.  ആത്മാംശം കലർത്തിയുള്ള രാസപ്രവർത്തനമായി സ്വന്തം വിശ്വാസപദ്ധതിയെ വിട്ടുവീഴ്ചയില്ലാതെ അവതരിപ്പിക്കുക എന്ന് സി ആർ എഴുതുന്നു. അത് ഇടവഴികളിലെ ഘോഷയാത്രകളിലെ പങ്കാളികളുടെ മുഖമില്ലാത്ത അവസ്ഥയിൽ നിന്ന് വ്യക്തിത്വത്തെ രക്ഷപ്പെടുത്തിയെടുക്കുന്ന കർത്തവ്യമാകും. അനാർക്കിസ്റ്റ് എന്ന സങ്കൽപ്പത്തെ പുതിയ പരിപ്രേക്ഷ്യത്തിൽ കാണാൻ പ്രേരിപ്പിക്കുന്ന ഉത്തമബോധ്യങ്ങളെ  ആധികാരികത എന്ന് എഴുത്തുകാരൻ വിളിക്കുന്നു. സമൂഹത്തിൽ നിന്നും വേറിട്ട ഞാൻ എന്നെ സങ്കൽപ്പത്തെ സാമൂഹികജീവിയായ ഞാൻ ആയി പരിവർത്തിക്കുന്നിടത്തു നിന്നാണ് രാഷ്ട്രീയത്തെയും ചരിത്രത്തെയും സംഗ്രഹിക്കാൻ കഴിയുന്ന തരത്തിലുള്ള ദാർശനികമായ സുസജ്ജത എഴുത്തുകാരനിൽ ഉടലെടുക്കുന്നത്.  അതുകൊണ്ടും കൂടിയാണ് ദാസ്യങ്ങളുടെ തകരാറുപിടിച്ച കാലത്തിൽ ശുഭാപ്തി വിശ്വാസിയായിരിക്കുക എന്നത് ആത്മവഞ്ചനയാണെങ്കിലും തന്നെക്കുറിച്ച് തനിക്ക് വിശ്വാസമുണ്ടെന്ന് അഭിമുഖത്തിൽ സി ആർ പറയുന്നത്. വലതുപക്ഷപാദദാസന്മാരെയോ വർഗീയവാദികളെയോ വിട്ട് എന്തുകൊണ്ട് ഇടതുപക്ഷത്തെ ശരവ്യമാക്കുന്നു എന്നതിനു സി ആർ പറയുന്ന മറുപടി ഇതാണ് : നവോത്ഥാനസംസ്കാരത്തിന്റെ ഏറ്റവും ഉജ്ജ്വലവും ഒടുവിലത്തേതുമായ അദ്ധ്യായമാണ് കമ്മ്യൂണിസത്തിന്റേത്. നവോത്ഥാനമൂല്യങ്ങളുടെ ജനിതകസമ്പത്തിനെ പടിപടിയായി ദ്രവിപ്പിക്കുന്നവയാണ് ഇടതുപക്ഷ അവസരവാദവും കാപട്യവും നെറികേടും. അതിന്റെ സാംസ്കാരികജീർണ്ണതയ്ക്ക് ആനുപാതികമായാണ് വർഗീയവാദം വളരുന്നത്. അതിനാൽ ആദ്യം ചികിൽസിക്കേണ്ട രോഗം ഇടതുപക്ഷാപചയമാണ്. (അസഹിഷ്ണുതയുടെ ആവശ്യം)

വംശചിഹ്നങ്ങൾ
ലേഖനങ്ങൾ
സി ആർ പരമേശ്വരൻ
ഡി സി ബുക്സ് കോട്ടയം
വില : 75 രൂപ