August 14, 2021

മുകിലനും ചരിത്രവും

     പറുദീസയിൽനിന്നും മനുഷ്യൻ പുറത്തായതിന്റെ സാമൂഹികാഖ്യാനത്തെ രണ്ടു തരത്തിൽ ഫ്രെഡ്രിക് ജയിംസൺ വ്യാഖ്യാനിക്കുന്നു എന്നാണ് അദ്ദേഹത്തെപ്പറ്റിയുള്ള കുറിപ്പുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. അതിലൊന്ന് സ്വതന്ത്ര്യത്തിനായുള്ള സാമൂഹിക സമരമാണ്. മറ്റൊന്ന് സമ്പൂർണ്ണതയിലേക്കോ നിറവിലേക്കോ തിരിച്ചു പോകുന്നതിനെപ്പറ്റിയുള്ളതാണ്. എന്നുവച്ചാൽ എത്തിപ്പിടിക്കുന്നതിനെപ്പറ്റിയുള്ള സമൂഹത്തിന്റെ തൃഷ്ണയെ (കാമനയെ) ചലിപ്പിക്കുന്ന യന്ത്രങ്ങളാണ്. ആരോ കുഴിച്ചിട്ടിരിക്കുന്ന നിധി കണ്ടെത്താൻ കഴിയുക (മലർപ്പൊടിക്കാരന്റെ സ്വപ്നവും കുചേലന്റെ പരിണാമവും ലോട്ടറിയടിക്കലുമൊക്കെ അതുതന്നെ)  എന്ന ഭാവനായാഥാർത്ഥ്യം മനുഷ്യന്റെ തൃഷ്ണായന്ത്രത്തെ കുറച്ചു ആവേഗത്തോടെയാണ് ചലിപ്പിക്കുന്നത്. കന്നിമൂലയിൽ തുടങ്ങി വീടുമൊത്തം കുഴിച്ച് തറവാടു കുളം തോണ്ടിയവരെത്രയോ ഉണ്ട്. ഭൂമിക്കടിയിലെ നിധി പറഞ്ഞുകൊടുത്ത് ആളായവരും എത്രയോ ഉണ്ട്.. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ കണക്കില്ലാത്ത സമ്പദ് വകകൾ,  നിധിയെപ്പറ്റിയുള്ള സാമൂഹിക സ്വപ്നത്തിനു വച്ചുകൊടുത്ത കിന്നരിയും തൊങ്ങലും ചില്ലറയല്ല. ആലോചിച്ചാൽ നിധിയുടെ പേരിൽ വെകിളിയെടുക്കുന്ന ഒരു മനുഷ്യനും അതു തൊടാൻകൂടി കിട്ടില്ല. എങ്കിലുമതുണ്ടാക്കിവിട്ട ഇക്കിളി, നേരത്തേ പറഞ്ഞ യന്ത്രം തനിയേ സ്റ്റാർട്ടായതിന്റെയാണ്.


നിലമേൽ എൻ എസ് എസ് കോളേജിലെ അദ്ധ്യാപകനായ ലഫ്റ്റനന്റ് ഡോ. ദീപു പി കുറുപ്പ് എഴുതിയ മുകിലൻ എന്ന നോവൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയുടെ ചരിത്രം തേടുന്ന കഥ പറയുകയാണ്. ഒരു ട്രില്യൺ ഡോളർ നിലവറയ്ക്കകത്തുണ്ടെന്നാണ് ഫോർബ്സിൽ വന്ന വാർത്ത.  1681 -ൽ ക്ഷേത്രം തീയിട്ട് നശിപ്പിച്ചിരുന്നു. അഗ്നിബാധകൾ തുടർച്ചയാണെങ്കിലും മാർത്താണ്ഡവർമ്മയുടെ വാഴ്ചയ്ക്കു തൊട്ടുമുൻപുള്ള തീപിടിത്തത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും മാർത്താണ്ഡവർമ്മ ഭരണം തുടങ്ങിയതിനുശേഷം നിലവറകൾ നിറഞ്ഞതായിരിക്കാനാണ് സാധ്യതയെങ്കിൽ അതിൽ ചെറിയ ഒരു ഭാഗം ഊഴിയവേലയും അടിമവേലയും നൂറുകണക്കിനുള്ള കരങ്ങളിലൂടെ ഇടപ്രഭുക്കന്മാർ പിരിച്ചേൽപ്പിച്ച പണത്തിന്റെ അംശവും കൂട്ടിച്ചേർത്താലും ഇത്രയും വലിയ തുക ആരുവാമൊഴിവരെ മാത്രം നീളമുണ്ടായിരുന്ന ഒരു രാജ്യത്തിന് ഉണ്ടാക്കിയെടുക്കുക സാധ്യമായിരുന്നോ എന്നൊരു പ്രശ്നമുണ്ട്. ദീപു പറയുന്നത് ഔറംഗസേബിന്റെ പടയാളികളുടെ ഒരു കൂട്ടം ആറു സംസ്ഥാനങ്ങളിൽ (പ്രവിശ്യകളിൽ)നിന്നും കൊള്ളയടിച്ചുകൊണ്ടുവന്ന അതിഭീകരമായ നിധി, അവർ രഹസ്യമായി കുഴിച്ചിട്ടിരുന്നത്  മാർത്താണ്ഡവർമ്മ കണ്ടെടുത്ത് നിലവറയ്ക്കകത്ത് സൂക്ഷിച്ചു എന്നാണ്. മുകിലപ്പടയുടെ ആക്രമണത്തെപ്പറ്റി അവിടവിടെയായി ചില സൂചനകളേ ചരിത്രത്തിലുള്ളൂ. തിരുവിതാംകൂർ, ആർക്കാട് നവാബിന് കപ്പം കൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. പദ്മനാഭന്റെ മൂലസ്ഥാനമായ തിരുവട്ടാർ ആദികേശവക്ഷേത്രത്തിലെ എഴുന്നള്ളത്തു കാണാൻ നവാബ് പണികഴിപ്പിച്ച തിരുവള്ളാ മണ്ഡപം ഇപ്പോഴും അവിടെയുണ്ട്. (എന്നു പറയപ്പെടുന്നു) അസദലിയും ഖുറൈഷിയും നയിച്ച മുകിലപ്പട ദക്ഷിണേന്ത്യ പിടിച്ചടക്കുക എന്ന ആഗ്രഹവുമായി വന്നു. ടിപ്പുവിനെ പെരിയാറിലെ വെള്ളം തോൽപ്പിച്ചതുപോലെ  മുകിലപ്പടയെ കേരളവർമ്മയുടെ ബുദ്ധിയും ഉമയമ്മറാണിയുടെ പിന്തുണയും ബ്രിട്ടീഷുകാരുടെ ആയുധങ്ങളും  കാട്ടുകടന്നലുകളുടെ ആക്രമണവും ചേർന്ന് പരാജയപ്പെടുത്തിയെന്നാണ് വാചിക ചരിത്രം പറയപ്പെടുന്നത്. (തിരുവട്ടാറ്റു വച്ചു നടന്ന യുദ്ധത്തിൽ അദൃശ്യ അമ്പുകൾ വന്നുകൊണ്ട് മുകിലപ്പട ഓടി എന്നും കഥയ്ക്ക് പാഠഭേദം ഉണ്ട്) മുകിലന്റെ ഖബറിനുമേൽ ഇപ്പോൾ കുരിശടയാളമാണെങ്കിലും അതിനു മുകളിൽ മരത്തിൽ ഇന്നും കടന്നലുകൾ കൂടികെട്ടി കിടപ്പുണ്ടെന്ന പ്രാദേശിക വിശ്വാസവും നോവൽ പങ്കുവയ്ക്കുന്നു.


പൊന്നറപോലെയുള്ള സ്ഥലനാമങ്ങളും ഇനിയും എണ്ണിത്തിട്ടപ്പെടുത്താത്ത നിലവറയിലെ മുതലും അധികാരലബ്ധിക്കുശേഷം പാപപരിഹാരാർത്ഥം മാർത്താണ്ഡവർമ്മ ചെലവഴിച്ച നിസ്സാരമല്ലാത്ത സമ്പത്തും എല്ലാം ചേർത്തുവച്ചാലോചിക്കുമ്പോൾ തിരുവിതാംകൂർ 1600 മുതൽ സ്വർണ്ണഖനനം നടക്കുന്ന സ്ഥലമാണെങ്കിലും ഈ ഭീകരമായ നിധിക്ക് വാചിക ചരിത്രങ്ങളുമായെല്ലാം എന്തൊക്കെയോ ബന്ധമുണ്ടെന്നു തോന്നാം. ആപത്ത് കാലങ്ങളില്പോലും എത്തിപ്പിടിക്കാൻ പറ്റാത്ത ചരിത്രത്തിനു പിന്നെ ഭാവനായുക്തികളുടെ പിൻബലമാണ് അനുയോജ്യം. പ്രസിദ്ധമായ ആറ്റിങ്ങൽ കലാപംപോലും മുകിലന്റെ നിധിക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നു എന്നാണ് നോവലിൽ. അല്ലാതെ റാണിക്ക് ഉപഹാരവുമായിപോയ ബ്രിട്ടീഷുകാരെ ഒരു കാര്യവുമില്ലാതെ നാട്ടുകാർ ആക്രമിച്ചതല്ല.


ചരിത്രത്തെ അങ്ങനെ നോവലും കഥകളുമ്പോലെയുള്ള ഭാവനായാഥാർത്ഥ്യങ്ങളിൽ ഇഴചേർക്കണമെന്നത് വളരെ വിശാലമായ മറ്റൊരു ചർച്ചയ്ക്കുള്ള വിഭവമാണ്. ഉദ്വേഗം ജനിപ്പിക്കുന്ന കുറ്റാന്വേഷണ കഥപോലെ വായിച്ചു പോകാവുന്ന നോവലാണ് ദീപുവിന്റെ മുകിലൻ. ആധുനികകാലത്ത് പുതുക്കിയെഴുതുമ്പോൾ  ചരിത്രം ആധുനികപ്രബുദ്ധതാസങ്കല്പങ്ങളെകൂടി സ്വാംശീകരിച്ചുകൊണ്ട് പുതിയ ഭാവങ്ങൾ നേടും. അതുകൊണ്ട് മുകിലൻ പ്രതിസ്ഥാനത്തോ ഉമയമ്മ റാണിയും രാജകുടുംബവുമെല്ലാം നിഷ്കളങ്ക സ്ഥാനങ്ങളിലോ ഒന്നും അല്ല.  ചതിയും വഞ്ചനയും പ്രലോഭനവും എല്ലാം കൂടി കൂടിക്കുഴഞ്ഞുകിടക്കുന്ന അധികാരത്തിന്റെ പഴയ പ്ലെനിറ്റ്യൂഡിലേക്കുള്ള - നിധി കണ്ടെത്തലെന്ന പറുദീസയിലേക്കുള്ള - അന്വേഷണയാത്രയാണ് മുകിലൻ അനുഭവേദ്യമാക്കുന്നത്. അല്ലെങ്കിൽതന്നെ  മുകിലന്റെ നിധി സ്വന്തമാക്കിയ തിരുവിതാംകൂർ രാജാക്കന്മാരും ഇന്ത്യയിലെ നിധി പിന്നീട് കടത്തിയ ബ്രിട്ടീഷുകാരുംതമ്മിൽ വലിയ വ്യത്യാസമൊന്നും ഇല്ലല്ലോ എന്ന ആശയം നോവൽ സ്വീകരിക്കുന്നുമുണ്ട്.  ആറ്റിങ്ങലും തിരുവട്ടാറ്റും നെടുമങ്ങാടും അഞ്ചുതെങ്ങും മണക്കാടുമൊക്കെയായി പരന്നു കിടക്കുന്ന  ഭൂതകാലങ്ങളുടെ വാമൊഴി തോറ്റങ്ങളെ  കൈകാര്യം ചെയ്യുമ്പോൾ അവയിൽ ഒളിക്കുന്ന  ചരിത്രാംശങ്ങൾ നിരക്കെ ഉണ്ടാവുമെന്നത് വാസ്തവമാണ്. അവയെ വിശകലനത്തിനു വിധേയമാക്കിയാൽ പുതിയ പാഠങ്ങളുടെ വേറെയും നിലവറകൾ തുറന്നുകിട്ടിയേക്കും. അതിനുള്ള സാധ്യത മുകിലനിലുണ്ട്.  


അനുബന്ധങ്ങൾ

    1. 1934 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചിത്തിരതിരുന്നാൾ അധികാരമേറ്റയുടൻ നിലവറ തുറന്ന് കുറച്ചു വസ്തുവകകൾ മാറ്റിയതായി വിവരം കിട്ടിയതായും അനധികൃതമായി മാറ്റുന്ന നിധിയിരിപ്പുകളെപ്പറ്റി അന്വേഷിക്കാൻ വേണ്ട ഏർപ്പാടു ചെയ്യണമെന്നും ഒരു വാർത്തയുണ്ട്. ഹബീബുള്ളയാണ് അപ്പോൾ ദിവാൻ. 1880 -നു ശേഷം നിലവറ ആരും തുറന്നിട്ടില്ലെന്ന വാചിക പ്രചാരങ്ങളെ റദ്ദുചെയ്യുന്നതാണ് ഈ വാർത്ത.

   2.  സിദ്ധാർത്ഥൻ എന്നാണ് മുകിലനിലെ കേന്ദ്രകഥാപാത്രത്തിന്റെ പേര്. ചരിത്രം പ്രമേയമാകുമ്പോൾ ബുദ്ധൻ കൂടുതലായി നമ്മുടെ കഥകളിലേക്കും നോവലുകളിലേക്കും കടന്നു വരുന്നു. എസ് ആർ ലാലിന്റെ ‘ജയന്റെ അജ്ഞാതവാസം’ എന്ന നോവലിലിലെ പ്രധാന കഥാപാത്രം ഗൗതമനാണ്. പറഞ്ഞു വരുമ്പോൾ അതും നഷ്ടപ്പെട്ട പ്രതീകാത്മക നിധിയെപ്പറ്റിയുള്ള അന്വേഷണമാണല്ലോ. പേര് ജയൻ !

 

http://themaarga.com/mikilan-maarga

August 8, 2021

ടാഗോറിന്റെ ദേശീയത

 


    1916-17 കാലഘട്ടത്തിൽ  അമേരിക്കയിലും ജപ്പാനിലുമായി ഇന്ത്യയുടെ ദേശീയ കവി, രബീന്ദ്രനാഥ ടാഗോർ നടത്തിയ പ്രഭാഷണങ്ങളുടെ പരിഭാഷയാണ് ‘ദേശീയത’ എന്ന പുസ്തകം. പാശ്ചാത്യ ദേശീയത, ജപ്പാനിലെ ദേശീയത, ഇന്ത്യയിലെ ദേശീയത എന്നീ മൂന്ന് പ്രബന്ധങ്ങളാണ് പുസ്തകത്തിലുള്ളത്. അനുബന്ധമായി  പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തെ ദിവസം ടാഗോർ എഴുതിയ ‘നൂറ്റാണ്ടിന്റെ സൂര്യാസ്തമയം’ എന്ന കവിതയും നൽകിയിരിക്കുന്നു.  ദേശീയത എന്താണെന്ന് ടാഗോർ ഒറ്റവാക്യത്തിൽ എവിടെയും നിർവചിക്കുന്നില്ല. അദ്ദേഹത്തിന്റെ പ്രഭാഷണം അക്കാദമികമല്ല, വേരുകളുടെ പടർച്ചപോലെ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക്  കാവ്യാത്മകമായ നിരീക്ഷണങ്ങളും മുന്നറിയിപ്പുകളും കൊണ്ട് മുന്നേറുന്നതാണ്.  അതിന്റെ കാതലായ ഭാഗം താരതമ്യങ്ങളാണ്; കിഴക്കും പടിഞ്ഞാറും തമ്മിൽ, യൂറോപ്പും അമേരിക്കയും തമ്മിൽ, യൂറോപ്പും ഏഷ്യയും തമ്മിൽ എന്നിങ്ങനെ. ഇന്ത്യയിലെ ജാതി വിവേചനത്തെപ്പറ്റി ചോദിക്കുന്ന അമേരിക്കൻ വിമർശകരുടെ വായടയ്ക്കാൻ,  നിങ്ങൾ കറുത്തവർഗക്കാരോടും റെഡ് ഇന്ത്യാക്കാരോടും എന്താണ് ചെയ്തതെന്ന് അദ്ദേഹം തിരിച്ചു ചോദിക്കുന്നുണ്ട്. തദ്ദേശീയ ജനവിഭാഗത്തെ ഏതാണ്ട് ഉന്മൂലനം ചെയ്തുകൊണ്ടാണ് യൂറോപ്പ് സ്വന്തം പ്രശ്നങ്ങൾ പരിഹരിച്ചത് എന്ന് അതിന്റെ അധീശസ്വഭാവത്തെ ചൂണ്ടി വിമർശിക്കുന്നു. അതേസമയം മറ്റൊരിടത്ത്,  മനസ്സിന്റെ സൂക്ഷ്മമായ ശീലങ്ങളും  സമ്പ്രദായങ്ങളുമുള്ള നാടാണ് അതെന്നും അഭിപ്രായപ്പെടുന്നു. പരീക്ഷണങ്ങളിൽ താത്പര്യമുള്ള (യുവ) അമേരിക്കയുടെ മഹത്വത്തിന്റെ അടിസ്ഥാനം ഭൂതകാലമല്ല, ഭാവിയാണെന്ന് കണ്ടെത്തുന്നു. ദീർഘദൃഷ്ടിയുണ്ടെങ്കിൽ നാളത്തെ അമേരിക്കയെ സ്നേഹിക്കാതിരിക്കാൻ ആർക്കും സാധ്യമല്ലെന്ന് പ്രവചിക്കുന്നു. ജപ്പാനിൽ അദ്ദേഹം കാണുന്ന വലിയ ഗുണവും മാതൃകയും ആത്മവിശ്വാസമാണ്. ഇതെല്ലാം നിങ്ങൾ -ഞങ്ങൾ എന്നുള്ള വിഭജനത്തെ അബോധത്തിൽ സ്വീകരിച്ചുകൊണ്ടുള്ള  മേന്മാവാദമല്ല, പകരം മനുഷ്യപ്രകൃതിയ്ക്ക് ഭൂമിശാസ്ത്രപരമായ വിഭജനങ്ങൾ ബാധകമല്ലെന്ന് (അതുവഴി പരസ്പര കുറ്റാരോപണങ്ങൾകൊണ്ടു കാര്യമില്ലെന്ന്) അന്യഥാ സ്ഥാപിക്കലാണ്. ഇന്ത്യയിലെ ദേശീയതയെപ്പറ്റി പറയുന്ന ഭാഗത്ത് അദ്ദേഹം അത് കൂടുതൽ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട് :


 “ആത്മീയമായ ഐക്യത്തെ ദർശിക്കാനും സ്നേഹിക്കാനുമുള്ള ധാർമ്മികശക്തിയും അന്യരോട് ഏറ്റവും കുറഞ്ഞ അളവിൽ ശത്രുതാമനോഭാവവും മറ്റുള്ളവരുടെ സ്ഥാനത്തുനിന്ന് തന്നെത്തന്നെ നോക്കിക്കാണാനുള്ള അനുകമ്പാപൂർവമായ ഉൾക്കണ്ണുമുള്ളവരാണ് ഇനിയുള്ള കാലത്ത് ജീവിക്കാൻ ഏറ്റവും യോഗ്യരായ മനുഷ്യർ. അന്യരോട് അസഹിഷ്ണുതയും യുദ്ധം ചെയ്യാനുള്ള പ്രേരണയുമായി ജീവിക്കുന്നവർ നശിക്കുമെന്നുള്ള കാര്യത്തിൽ എനിക്ക് യാതൊരു സന്ദേഹവുമില്ല.”

 ടാഗോർ എന്ന കവിയെ പ്രഭാഷകൻ പിന്നിൽ നിർത്തുകയാണെങ്കിലും ഉപമകളിലൂടെ സംസാരിക്കുക, കാര്യങ്ങൾ വ്യക്തമാക്കാൻ കൂടുതൽ സഹായകരമായിരിക്കുമെന്ന് അദ്ദേഹത്തിന്നറിയാം.  “പല്ലും നഖവും, എവിടെയുമെത്തിപ്പിടിക്കാൻ കഴിവുള്ള ഇരുമ്പുകൈകളും, പൊള്ളയായ ശരീരവും ഹൃദയത്തിനു പകരം ആമാശയവുമുള്ള നിഷ്ഠുരതയായാണ്’ ദേശമെന്ന സങ്കല്പത്തെ ഒരിടത്ത് ടാഗോർ വരച്ചു കാണിക്കുന്നത്. മറ്റൊരിടത്ത് “ബോധം നശിപ്പിക്കാൻ മനുഷ്യൻ കണ്ടു പിടിച്ച ഏറ്റവും ശക്തമായ മരുന്നാണ് ഈ ദേശീയത.....” ( മാർക്സിന്റെ മതനിർവചനവുമായി അടുത്തുനിൽക്കുന്നത്?) എന്ന് വ്യക്തമാക്കുന്നുമുണ്ട്.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് ടാഗോർ മരിച്ചു. അതിന്റെ സാഹചര്യത്തിൽനിന്നുകൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയെ, അതിന്റെ സ്വഭാവത്തെ, രാഷ്ട്രീയവും സാമ്പത്തികവുമായ യൂണിറ്റ് എന്ന നിലയിൽ (‘ദേശരാഷ്ട്ര’മെന്ന സങ്കല്പത്തെ ടാഗോർ, ‘യാന്ത്രികമായ ഒരു ലക്ഷ്യത്തിനുവേണ്ടി സംഘടിക്കുന്ന ജനതയുടെ സ്വഭാവം ’ എന്നു നിർവചിക്കുന്നു)  വിലയിരുത്താൻ,  അദ്ദേഹത്തിന് അവസരം  കിട്ടിയിട്ടില്ല. എന്നാൽ ദേശീയതയിലുറച്ച പ്രബോധനങ്ങൾകൊണ്ട്, സ്വതന്ത്ര ഇന്ത്യയിൽ വേരുകളാഴ്ത്തി പടരാൻ പോകുന്ന അപകടങ്ങളെക്കുറിച്ച്, അദ്ദേഹം ചിന്തിക്കാതെയോ അറിയാതെയോ ഇരുന്നിട്ടില്ല. മറ്റു പല കാര്യങ്ങളിലെന്നപോലെ ക്രാന്തദർശിത്വം അവിടെയും അദ്ദേഹത്തെ സഹായിക്കാനെത്തിയിരുന്നു എന്നതായിരിക്കും വാസ്തവം.   


 ദേശീയതയെന്ന ആധുനിക സങ്കല്പത്തെ വിശദമായി അപഗ്രഥിച്ചുകൊണ്ട് പുസ്തകത്തിന് സുനിൽ പി ഇളയിടം എഴുതിയ അവതാരിക,  ടാഗോറിന്റെ വാക്കുകളെ, സമകാലികമായ രാഷ്ട്രീയപശ്ചാത്തലത്തിൽ  കൂടുതൽ ആഴത്തിൽ ആലോചനയ്ക്കു വിഷയമാക്കാൻ ഒന്നാംതരം പ്രേരണയാവുന്നുണ്ട്.  ദേശീയതയുടെ സങ്കുചിതമായ ഗൃഹഭിത്തികൾ മാനവികതയെ ഞെരിക്കുമ്പോൾതന്നെ സാമ്രാജ്യത്വത്തിനെതിരായുള്ള വിമോചനാദർശമായും ഇവിടെ അതിന് ഒരാവിഷ്കാരമുഖമുണ്ടെന്ന കാര്യം അവതാരികയിൽ സുനിൽ പി ഇളയിടം ചൂണ്ടിക്കാട്ടുന്നു.  


എന്താണ് ദേശീയത? 1908 -ൽ നടത്തിയ  ഒരു പ്രഭാഷണത്തിൽ അരബിന്ദോഘോഷ് ദേശീയതയെ ദൈവദത്തമായ മതമെന്ന് വിശേഷിപ്പിച്ചു,  പിന്നീട്  അത് സനാതനധർമ്മമായി മാറി. മതപരതയുടെ ചിഹ്നവ്യവസ്ഥയെ ആളുകളെ സംഘടിപ്പിക്കാൻ ഉപയോഗിച്ച ഗാന്ധിജി അതിന്റെ ഉള്ളടക്കത്തിലെ ഹൈന്ദവതയെ  നിരോധിച്ചു എന്നാണ് ഇ വി രാമകൃഷ്ണൻ മറ്റൊരിടത്ത് (വിയോജിപ്പിന്റെ വാങ്മയങ്ങൾ) എഴുതുന്നത്.  മതാത്മകമായ ബാഹ്യഘടന സ്വീകരിക്കുമ്പോഴും  അതിന്റെ ആന്തരികതയിൽ മതേതരമായ ദേശീയതയെ ഗാന്ധിജി വിഭാവന ചെയ്തു എന്നർത്ഥം. മനുഷ്യനെ മുൻനിർത്തിയുള്ള ധാർമ്മികത എന്ന ഘടകത്തിനാണ് രാജ്യാതിർത്തികളേക്കാൾ ടാഗോർ പ്രാധാന്യം നൽകിയത്.  ശാസ്ത്രത്തിന്റെ സൗകര്യങ്ങളിലൂടെ ഒരു രാജ്യമായിക്കൊണ്ടിരിക്കുന്ന ലോകത്തിൽ രാഷ്ട്രീയത്തിന്റേതല്ലാത്ത ഒരു ഐക്യം ആവശ്യമാണെന്നും അത് കണ്ടെത്തേണ്ട ബാധ്യത പാശ്ചാത്യലോകത്തിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മനുഷ്യരുടെ ചരിത്രം മാത്രമേ(നിലനിൽക്കുന്നതായി)ഉള്ളൂവെന്നും അതിലെ അദ്ധ്യായങ്ങൾ മാത്രമാണ്,  എല്ലാ ദേശീയ ചരിത്രങ്ങളെന്നുമുള്ള കാര്യത്തിൽ  ടാഗോറിന് സംശയം ഉണ്ടായിരുന്നില്ല.

ടാഗോറിന്റെ മുന്നിലുണ്ടായിരുന്ന വർത്തമാനകാലം നമുക്കിന്ന് 100 വർഷങ്ങൾക്കുമുൻപുള്ള ഭൂതകാലമാണ്. പക്ഷേ അത് പോയ്മറഞ്ഞ വിപത്തല്ല, വാക്കുകളുടെ ഒരുപചാരത്തിനും മെരുക്കാനാവാതെ, നിരന്തരം വലിപ്പം വച്ച് ഭീമാകാരമായി തീരുകയും വന്യമായി പല്ലുറുമുകയും ചെയ്യുന്ന വർത്തമാനമാണ്. ഏതു സമയത്തും തലയിൽ ചാടിവീഴാൻ കാത്തിരിക്കുന്ന ദാരുണമായ യാഥാർത്ഥ്യമാണ്.  

അതെല്ലാം ശരിയായിരിക്കുമ്പോഴും നൂറുവർഷങ്ങൾക്കുശേഷം ടാഗോറിനെ വായിക്കുമ്പോൾ, ഇന്ത്യയെയും അതിന്റെ പാരമ്പര്യത്തെയും മുൻനിർത്തിയുള്ള ചില അനുഭാവങ്ങൾ  ദേശീയതയെ അതിശക്തമായി എതിർക്കുമ്പോഴും ടാഗോറിൽ ഒരു ധാരയായി നിലനിൽക്കുന്നില്ലേ എന്ന സംശയം തോന്നിയേക്കാം. ഇന്ത്യയിലെ ജാതിവ്യവസ്ഥയെ താത്ത്വികമായി അവതരിപ്പിക്കുമ്പോൾ ഇത് വളരെ പ്രകടമാവുന്നുമുണ്ട്. സംഘർഷങ്ങളെ ഒഴിവാക്കിയും  എല്ലാവർക്കും അവരവരുടെ അതിർത്തികൾക്കുള്ളിൽ പരമാവധി സ്വാതന്ത്ര്യം നൽകിയും  വംശീയപ്രശ്നത്തെ പരിഹരിക്കാനുള്ള ഗൗരവമേറിയ ഉത്തരവാദിത്വമാണ് ജാതിവ്യവസ്ഥയുടെ സ്ഥാപനത്തിലൂടെ ഇന്ത്യ ഏറ്റെടുത്തതെന്നും ഇതു മനസിലാക്കാനുള്ള കഴിവ് പാശ്ചാത്യ നിരീക്ഷകർക്കില്ലെന്നും ഒരിടത്ത് അദ്ദേഹം പറയുന്നു. മറ്റൊരിടത്ത്, ഇന്ത്യ വംശങ്ങളുടെ വിഭിന്നതകളെ സഹിഷ്ണുതയോടെ അംഗീകരിച്ചിട്ടുണ്ടെന്നും  സഹിഷ്ണുതയുടെ ആ അന്തഃസത്ത ഇന്ത്യയുടെ ചരിത്രത്തിലുടനീളം പ്രതിഫലിക്കുന്നുണ്ടെന്നും പറയുന്നു. ഈ അന്തഃസത്തയുടെ പ്രതിഫലനമാണ് ടാഗോറിനു ഇവിടുള്ള ജാതിവ്യവസ്ഥ. മാനവികതയെയും ധാർമ്മികതയെയും രാഷ്ട്രീയാതിർത്തികൾക്കുപരിയായി ഉയർത്തിപ്പിടിക്കുമ്പോഴും ജാതിയുടെ നെറിയില്ലായ്മയെ ടാഗോർ മറ്റൊരു കണ്ണിലൂടെയാണ് കാണുന്നതെന്നുള്ളത് ചർച്ച ചെയ്യേണ്ട വിഷയമാണ്. ‘സാഹോദര്യത്തെ വക്രീകരിക്കുന്ന സ്വാർത്ഥതയെ’ അദ്ദേഹം പുറത്ത് അന്വേഷിച്ചതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയുടെ ശ്രേണീവത്കൃതമായ സമൂഹഘടനയിലെ ( വർണ്ണാശ്രമത്തിനു പുറത്തും അതീവ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്ന ജാതിസങ്കല്പങ്ങളിലെ) വൈരുദ്ധ്യം പ്രസക്തമായി അദ്ദേഹത്തിനു തോന്നാതിരുന്നത്. അല്ലെങ്കിൽ ദേശരാഷ്ട്രം എന്ന വലിയ തിന്മയുടെ മുന്നിൽ താഴേത്തട്ടിലുള്ള അസമത്വപ്രശ്നങ്ങൾ അതിനേക്കാൾ വലിയ അസമത്വവ്യവസ്ഥയുടെ ഭാഗമായി കണ്ടതുകൊണ്ടുമാവാം.

“ഇരുണ്ട രാഷ്ട്രാധികാരത്തിന്റെ മുരൾച്ച ലോകമെമ്പാടുനിന്നും വീണ്ടും കേട്ടു തുടങ്ങുന്ന ഈ അവസരത്തിൽ ഹതാശമായി ചെവിയോർക്കാൻ ആവശ്യപ്പെടുന്നതാണ്” ടാഗോറിന്റെ വാക്കുകളെന്ന സുനിൽ പി ഇളയിടം അവതാരികയിൽ എഴുതുന്നു. ശരിയാണ്. ദേശീയതയെപ്പറ്റിയുള്ള ടാഗോറിന്റെ വാക്കുകൾ ഇപ്പോൾ നമ്മുടെ മുന്നിലെത്തുന്നത് രാജീവ് ചേലനാട്ട് തയ്യാറാക്കിയ പരിഭാഷയിലൂടെയാണ്. കവിതയുടെയോ കഥയുടെയോ വിവർത്തനങ്ങൾപോലെ ഇത്  സ്വാഭാവികമായ പ്രക്രിയയല്ല, സോദ്ദേശ്യകമായ രാഷ്ട്രീയപ്രവർത്തനമാണ്. അനുഭൂതിപരമെന്നതിനേക്കാൾ അതിന്റെ പ്രസക്തി, ധൈഷണികവും ചരിത്രപരവുമാണ്. വർത്തമാനകാലംകൂടി ചേർന്നല്ലാതെ പൂർത്തിയാവാത്ത ഒരു ആശയമേഖലയാണ് ടാഗോറിന്റെ ‘ദേശീയത’യ്ക്ക് ഇപ്പോഴുള്ളത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, ഈ പുസ്തകം വിവർത്തനം ചെയ്യുന്നതിലൂടെ,  നൂറുവർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലെ ചിന്തിക്കുന്ന മനസ്സുകൾ ഉച്ചാടനം ചെയ്യാൻ ആഗ്രഹിച്ച ഭൂതങ്ങൾ, ഒഴിഞ്ഞുപോയിട്ടില്ലെന്ന വാസ്തവത്തെ മുന്നിൽ വയ്ക്കുകയാണ് രാജീവ് ചെയ്യുന്നത്. അതുകൊണ്ട് ഭൂതവും വർത്തമാനവുമായ കാലങ്ങൾ ചേർന്നെഴുതിയ പുസ്തകമാണ് ഇപ്പോൾ നമ്മുടെ മുന്നിലുള്ളതെന്നും പറയാം.  വിവർത്തനത്തെ എന്നപോലെ വായനയെയും ഇക്കാര്യം വിശേഷമായ ഒരു രാഷ്ട്രീയപ്രസ്താവനയാക്കിമാറ്റുന്നു.  ഇതിനു മുൻപ് രാജീവ് നടത്തിയ രണ്ടു പരിഭാഷകളും - സയിദ് നഖ്വിയുടെ ‘ഇന്ത്യയിലെ മുസ്ലീം ജീവിതവും’, ടീസ്ത സെതൽവാദിന്റെ ‘സംശയാതീതവും’ - സാംസ്കാരികപ്രവർത്തനം എന്ന നിലയ്ക്കല്ല, രാഷ്ട്രീയ ഇടപെടലെന്ന നിലയ്ക്കാണ് പുസ്തകരൂപത്തിൽ നമുക്കു മുന്നിലെത്തിയതെന്ന് ഈ അവസരത്തിൽ  ഓർക്കുന്നത് നന്നായിരിക്കും.