February 28, 2010

ചെരിപ്പുകൾ പുറത്തു വയ്ക്കണോ?
കഷ്ടിച്ച് ഒരാഴ്ച മുൻപ് സർക്കാർ ആപ്പീസുകളിലേയ്ക്ക് ഒരു സർക്കുലർ പോയിട്ടുണ്ട്. ജനപ്രതിനിധികൾ വരുമ്പോൾ എങ്ങനെ പെരുമാറണം എന്നു നിർദ്ദേശിച്ചുകൊണ്ടുള്ളതാണ് ഇണ്ടാസ്. അതിൽതന്നെ പ്രധാനപ്പെട്ട ഒരു കാര്യം മേൽ‌പ്പടി പ്രതിനിധികൾ ആപ്പീസുകളിൽ എത്തുമ്പോൾ ഉദ്യോഗസ്ഥർ എഴുന്നേറ്റു നിൽക്കണം എന്നതാണ്. സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിൽ കാലാകാലമായുള്ള വടംവലി ചെറിയ അളവിൽ ഈ സർക്കുലറിലെ വരികൾക്കിടയിലിരുന്ന് പല്ലിളിക്കുന്നുണ്ട്. മറയൊന്നുമില്ല. ജനപ്രതിനിധികളോടുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ഇടപെടലുകളെപ്പറ്റി നിരവധി ആരോപണങ്ങൾ വന്നതിന്റെ വെളിച്ചത്തിലാണ് ഇത്തരമൊരു സർക്കുലർ എന്ന് അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരാപ്പീസുകളിൽ ആയിരക്കണക്കിനു ജനം നിത്യേനയെന്നോണം അനുഭവിക്കുന്ന അവഹേളനങ്ങൾക്കും അവകാശലംഘനങ്ങൾക്കും തടയില്ല. അതാരുടെയും വേവലാതിയല്ല. ഭരണവർഗപ്രതിനിധികൾ ‘സാമാന്യ ജനത്തിൽ നിന്നും കൂടിയ പുള്ളികളായതു’കൊണ്ട് അവരോട് പെരുമാറേണ്ട രീതി അടിയന്തിരമായി തന്നെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട് എന്നാർക്കോ തോന്നുകയാണ് പെട്ടെന്ന്. സ്വാതന്ത്ര്യം ലഭിച്ച് അറുപതാണ്ടുകൾ കടന്നു പോകുന്നതുവരെ ഇക്കാര്യത്തിൽ ഉദാസീനത പുലർത്തിയിരുന്നത് അക്ഷന്തവ്യമായ തെറ്റു തന്നെയല്ലേ. ഒന്നോർത്താൽ ഏതു പെരുമാറ്റച്ചട്ടനിർമ്മിതിയിലും ഒരധികാരപ്രയോഗത്തിന്റെ സുഖം വട്ടം ചുറ്റുന്നുണ്ട്. എനിക്കു വേണ്ടി നിന്നെ പാകപ്പെടുത്തുക എന്നതാണ് അതിന്റെ കാതൽ. അതിനും അപ്പുറം കടന്ന് എനിക്കു വേണ്ടി നീ എന്തു ചെയ്യണമെന്ന് ആക്രോശിക്കാൻ തുടങ്ങുന്നിടത്താണ് ഏകപക്ഷീയമായ വിവേചനാധികാരം സിംഹാസനത്തിൽ കയറി വിരാജിക്കുന്നത്.

പതിവുപോലെ ഇക്കാര്യത്തിനും രണ്ടഭിപ്രായം ഉണ്ടാവും. ജനപ്രതിനിധികൾ, കൊമ്പത്തെ ജീവികളും അഹോരാത്രം കഷ്ടപ്പെടുന്നത് ജനങ്ങൾക്കുവേണ്ടിയുമാകയാൽ അവർക്ക് കുറച്ച് സൌകര്യങ്ങളൊക്കെ വേണം എന്നും, ജനപ്രതിനിധികൾ അടിസ്ഥാനപരമായി ജനസേവകരായതുകൊണ്ട് അവർക്ക് പ്രത്യേക പരിഗണന ഭരണകൂട ഉപകരണങ്ങൾ നൽകിക്കൂടെന്നും. പക്ഷേ രണ്ടാമത്തെ വാദമൊക്കെ എന്നേ കടലെടുത്തു. ഇപ്പോൾ തെരെഞ്ഞെടുപ്പു സമയത്തുള്ള കഷ്ടപ്പാടുകളും അതുകഴിഞ്ഞാൽ അധികാരം നിലനിർത്താനും പിടിച്ചടക്കാനുമുള്ള ആയാസങ്ങളും ഒഴിച്ചാൽ ഈ വിഷയത്തിൽ അവർക്കുള്ള മറ്റു പ്രശ്നങ്ങൾ സമക്ഷത്തു വരാറില്ല. അനൂകൂല്യങ്ങൾ ധാരാളമുണ്ടു താനും. അതായിക്കോട്ടെ, എന്നാൽ ജനപ്രതിനിധികളുടെ ഉത്തരവാദിത്വത്തെ ഓർമ്മിപ്പിക്കാൻ ചെന്നു നിൽക്കുന്ന ഒരാൾ പിച്ചക്കാരനെക്കാൾ താഴ്ന്ന നിലയലാണെന്ന മട്ടിൽ പ്രതിനിധി പെരുമാറി തുടങ്ങുമ്പോഴോ? പ്രാതിനിത്യഭരണസംവിധാനം ജനാധിപത്യപരമാവുകയില്ലെന്ന് റൂസോ പറഞ്ഞിരുന്നു. തെരെഞ്ഞെടുപ്പുസമയത്തു മാത്രമാണ് ജനങ്ങൾ സ്വതന്ത്രരാകുന്നത്. അതു കഴിഞ്ഞാൽ അവരെ ഭരണാധികാരികൾ അടിമപ്പെടുത്തുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. അടിമത്തത്തേക്കാൾ മെച്ചപ്പെട്ടതല്ല ഇത് എന്നായിരുന്നു റൂസ്സോയുടെ വാദം. ഏകകക്ഷിഭരണത്തിനു മുറവിളി കൂട്ടുന്ന തീവ്ര ഇടതു നിലപാടുകളും ജനങ്ങൾക്ക് അർഹതപ്പെട്ടതിലേറെ നൽകുന്നു എന്ന വലതുപക്ഷ വീക്ഷണങ്ങളും ആത്യന്തികമായി ജനാധിപത്യവിശ്വാസങ്ങളെ എതിർചേരിയിൽ നിർത്തുന്ന നയമാണ് സ്വീകരിച്ചു വരുന്നത് എന്നു നമുക്കറിയാം. എന്നാലും പുറമേ ഉള്ള സ്വരം അനുരഞ്ജനത്തിന്റേതാണ്. ആ കപടനാട്യങ്ങൾ പോലും അപ്രസക്തമാവുന്ന കാലത്തിലേയ്ക്ക് നാം പതിയെ പ്രവേശിച്ചു തുടങ്ങുന്നതിന്റെ കുളമ്പൊച്ചകളാണ് പുതിയ സാമൂഹിക നിയമങ്ങൾ എന്നു സംശയിച്ചു തുടങ്ങാവുന്നിടത്തേയ്ക്ക് കാര്യങ്ങൾ നീങ്ങുന്നു. ജനങ്ങൾക്കിടയിൽ ജീവിക്കുക എന്ന നിലവിട്ട് ‘നിങ്ങളും ഞങ്ങളും’ എന്ന വിഭാഗീയതയെ ഔദ്യോഗികതലത്തിൽ സ്ഥിരീകരിക്കുന്ന ഒന്നല്ലേ ഈ ‘എഴുന്നേറ്റു നിൽ‌പ്പ്’ സർക്കുലർ? ജനസേവനത്തിൽ പങ്കാളികളാവേണ്ട രണ്ടു വിഭാഗങ്ങളിലൊന്നിനെ മേലേ കേറ്റി, അവർ തന്നെ അവതരിപ്പിക്കുന്നത് സത്യത്തിൽ കണ്ണടച്ച് ഇരുട്ടാക്കൽ മാത്രമല്ല, ആ ഇരുട്ടിൽ തങ്ങൾ മാത്രമേ ഉള്ളൂ എന്ന അധികാരപരമായ ആന്ധ്യത്തിന്റെയും കൂടി തെളിവാണ്.

യാദൃച്ഛികമായിരിക്കും, എങ്കിലും ചില സംഗതികൾ രൂപപ്പെട്ടുവരുന്നതിനു പിന്നിലെ സാമൂഹികകാലാവസ്ഥകൾക്കുള്ള പങ്കിനെ കുറച്ചു കാണരുതല്ലോ. തിരുവനന്തപുരം നഗരത്തിലെ പ്രധാനസ്ഥലങ്ങളിലേയ്ക്ക് വെള്ളം എത്തിക്കുന്ന പൈപ്പിൽ വിള്ളൽ കണ്ടതിനെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രാത്രിയും പകലും ജോലി ചെയ്തുകൊണ്ടിരുന്ന ഒരു ജീവനക്കാരനെ വാർഡ് കൌൺസിലർ, ചവിട്ടി കുഴിയിൽ തള്ളിയിട്ടതിനെപ്പറ്റി പത്രത്തിൽ ഒരു വാർത്ത വന്നിരുന്നു. ദിവസങ്ങളായി കുടിവെള്ളം കിട്ടാതെ നട്ടം തിരിയുന്ന നഗരവാസികളെ സഹായിക്കാൻ വേണ്ടി പണിയെടുക്കുന്നവരുടെ ജോലി കുറേക്കൂടി കാര്യക്ഷമമായിക്കൊള്ളട്ടേ എന്നു വിചാരിച്ചല്ല ഈ പീഡനം, മറിച്ച് അവിടെ നിന്ന് മൊബൈൽ ഫോണിൽ ഉറക്കെ സംസാരിക്കുന്നത് ജീവനക്കാരൻ വിലക്കി എന്നുള്ളതുകൊണ്ടാണ്. രണ്ടാമത്തെ സംഭവം കുറേക്കൂടി വിവാദമായതാണ്. നെയ്യാറ്റിൻ കരയിൽ വച്ച് തന്റെ കാറിൽ തട്ടിയ കെ എസ് ആർ ടി സി ബസിന്റെ ഡ്രൈവറെ എം എൽ എ മർദ്ദിച്ചതാണ്. മുൻപൊരിക്കൽ ഒരു ജനപ്രതിനിധിയുടെ കാറിൽ ലോറി ലോറി ഓടിച്ചപ്പോൾ ഉണ്ടായ ചെറിയ പോറലിന് നിയമാനുസൃതമല്ലാതെ പ്രതിവിധി കണ്ടെത്തിക്കൊടുത്തത് കേരളാപോലീസാണ്. ലോറി എന്നല്ല ഒരു വാഹനവും ഇനി ഒരിക്കലും ഓടിക്കാൻ വയ്യാത്ത രീതിയിലാക്കി ശുഷ്കാന്തിയോടെ പ്രശ്നം പരിഹരിച്ചുകൊടുത്തു. പത്രങ്ങളുടെ പ്രാദേശികമായ പതിപ്പുകൾ വന്നതോടെ മറ്റുപ്രദേശങ്ങളിൽ സമാനമായി എന്തു സംഭവിക്കുന്നു എന്നറിയാൻ വയ്യാതായി. എങ്കിലും ജനപ്രതിനിധികൾ സിനിമയിൽ കാണുന്നതുപോലെ മുന്നിൽ വന്നു നിന്ന് ശിക്ഷണാധികാരങ്ങൾ സ്വന്തം ശരീരം ഉപയോഗിച്ച് പ്രയോഗിക്കാൻ തുടങ്ങുന്നത് പുതിയകാലത്തിന്റെ ലക്ഷണമാണ്. അങ്ങനെ നമ്മുടെ ജനാധിപത്യം പുതിയ വഴിത്തിരിവിലെത്തുകയാണ്.

അതുകൊണ്ടാണ് ജനപ്രതിനിധികളെ എങ്ങനെ ബഹുമാനിക്കണം എന്ന് നിർദ്ദേശിക്കുന്ന സർക്കുലറിനെ പ്രത്യേക ശ്രദ്ധയോടെ നോക്കുന്നത്. ഫ്യൂഡൽ -കൊളോണിയൽ മനോഭാവങ്ങൾ ഇപ്പോഴും ആധിപത്യം പുലർത്തിക്കൊണ്ടിരിക്കുന്ന സമൂഹമാണ് നമ്മുടേത്. സ്കൂൾ അസംബ്ലികളെ നോക്കുക. സ്ഥാപനമേധാവികൾ കുട്ടികളെക്കൊണ്ട് ‘ഗുഡ്മോണിംഗ് ‘ പറയിപ്പിച്ചശേഷം പിന്നീട് എഴുന്നള്ളിക്കുന്നതെല്ലാം താക്കീതുകളും ഭീഷണികളുമാണ്. ജനാധിപത്യത്തെ സംബന്ധിച്ച് പ്രത്യേക പരിശീലനം കിട്ടുന്ന ഒരു സ്ഥലമാണതെന്നാണ് വയ്പ്പ്. കാലം കഴിയുന്തോറും ഭൂതകാലങ്ങളിൽ നിന്ന് വിടുതൽ നേടുകയല്ല, ശിശുസഹജമായ ലാഘവബുദ്ധിയോടെ അധികാരത്തിന്റെ ചൂടുപറ്റി ചുരുണ്ടുകൂടാനുള്ള പ്രവണത വർദ്ധിപ്പിക്കുന്ന തരത്തിലുള്ള മരുന്നുകളാണ് വിതരണം ചെയ്യപ്പെടുന്നത്. കാരണവരെ കണ്ടാൽ ചെരിപ്പും പുറം കുപ്പായവും ഊരി കാണിക്കേണ്ട കാലത്തിൽ നിന്ന് മാറി ചെരിപ്പുകൾ വീടിനുള്ളിലും ഇടുന്നത് വിപ്ലവമായ ഒരു കാലത്തിൽ നമ്മളെത്തിയിരുന്നു. ഇപ്പോൾ അതു മാറി. ചെരിപ്പുകൾ ഊരി വയ്ക്കുക എന്നതാണ് മിക്ക സ്ഥലങ്ങളിലേയും ചുവരെഴുത്ത്. ഉടുപ്പും ചെരിപ്പുമൊക്കെ ഊരി വയ്പ്പിച്ച് എഴുന്നേൽ‌പ്പിച്ചു നിർത്തി നിങ്ങളെ വിനയാന്വിതരാക്കാനും വാലാട്ടിക്കാനും ഉരുവിട്ടു പഠിക്കാനുള്ളത് ചൊല്ലി തരാനും ഉറക്കം തെറ്റിയ ഒരു കാലം മുന്നിൽ വന്നു നിൽക്കുന്നു. എത്രത്തോളം അനുസരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ സമൂഹത്തിൽ നമുക്കുള്ള സ്വീകാര്യത.

പുസ്തകം :
ജനാധിപത്യം 80 ചോദ്യങ്ങളും ഉത്തരങ്ങളും
ഡേവിഡ് ബീഥാം- കെവിൻ ബോയൽ
ചിത്രം :
ഉണ്ണിയുടെ രാഷ്ട്രീയ കാർട്ടൂണുകളിലെ കണ്ണടവച്ച പയ്യൻ

February 23, 2010

ചാരുലതയുടെ വഴിയേ...?രവീന്ദ്രനാഥടാഗോറിന്റെ നോവലിനെ അടിസ്ഥാനമാക്കി സത്യജിത് റേ സംവിധാനം ചെയ്ത ചാരുലത പുറത്തു വരുന്നത് 1964 -ലാണ്. 1965 -ലെ ദേശീയ അവാർഡും അതേ വർഷം ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ‘വെള്ളിക്കരടി’യും നേടീ ചിത്രം. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലുള്ള കൽക്കട്ടയും അവിടത്തെ ഭദ്രലോകിന്റെ കുടുംബജീവിതവുമാണ് ടാഗോർ നോവലിനു വിഷയമാക്കിയത്. ചലച്ചിത്രത്തിലെ കാലം അത്രയ്ക്കു പിന്നിലേയ്ക്കു പോയില്ല. നോവലിലെ കഥയ്ക്ക് മാറിയ കാലത്തിലും നിലനിൽക്കുന്ന പ്രസക്തിയാണ് സിനിമ അടിവരയിട്ടത്. പത്രപ്രവർത്തനത്തിന്റെ തിരക്കിനിടയിൽ ഭാര്യയെ വേണ്ടവിധത്തിൽ പരിഗണിക്കാൻ അവസരം കിട്ടുന്നില്ലെന്നു മനസ്സിലാക്കുന്ന ഭൂപതി (ശൈലൻ മുഖർജി), എഴുത്തുകാരനും ബന്ധുവുമായ അമലിനെ (സൌമിത്രോ ചാറ്റർജി) വീട്ടിൽ കൊണ്ടു വന്നു താമസിപ്പിക്കുന്നതോടെ ഉടലെടുക്കുന്ന ബന്ധങ്ങളുടെ ദുരൂഹമായ അവസ്ഥാന്തരങ്ങളെ ചാരുതയോടെ ഒപ്പിയെടുക്കാൺ കഴിഞ്ഞതാണ് ചാരുലത എന്ന സിനിമയുടെ ശക്തി. പാതിവ്രത്യവും ഭർത്തൃശുശ്രൂഷയും നിഷ്ഠയായ പാരമ്പര്യജീവിതത്തെയാണ് മാധബി മുഖർജിയുടെ ചാരുലത നടുക്കിയത്. ഭാര്യ ഭർത്താവ് കാമുകൻ സമവാക്യങ്ങൾ പിന്നീട് പല പല രൂപങ്ങളിൽ മുഖ്യധാരയുൾപ്പടെയുള്ള സിനിമകളിൽ കടന്നു വന്നിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ സംഭവഗതികളെ ആവിഷ്കരിക്കുന്ന ( കഴ്സൺ പ്രഭുവിന്റെ ബംഗാൾ വിഭജനമാണ് നോവലിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലം) ടാഗോറിന്റെ ‘ഘരേബായിരേ’ (വീട്ടിലും പുറത്തും) എന്ന നോവലും ഭാര്യ -ഭർത്താവ്- കാമുകൻ ത്രിത്വത്തിന്റെ പ്രശ്നങ്ങളെ സാമൂഹികവും ചരിത്രപരവുമായ സാഹചര്യങ്ങളിൽ പ്രതിഷ്ഠിക്കുന്ന രചനയാണ്. ആ നോവലിനെയും സത്യജിത് റേ ചലച്ചിത്രമാക്കുകയുണ്ടായി. സിനിമ പുറത്തിറങ്ങിയത് 1984-ൽ. ആത്മീയവും ആദർശാത്മകവുമായ പാരമ്പര്യത്തിനും വിദ്യാഭ്യാസം വഴി ലഭിച്ച നവീനമായ സദാചാരബോധത്തിനും ഇടയിൽ കിടന്നു വീർപ്പുമുട്ടിയ ആധുനിക സ്ത്രീ, തന്റെ ശരീരത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് ബോധവതിയാവുന്നതിന്റെ പ്രാരംഭസൂചനകൾ ടാഗോറിന്റെ നോവലുകൾക്കും അവയുടെ ആവിഷ്കാരമായ ചലച്ചിത്രരൂപങ്ങൾക്കും ഉണ്ടായിരുന്നു. അതേ സമയം അവ വീടിന്റെ ചുവരുകൾക്കുള്ളിൽ തറഞ്ഞു പോയ സ്ത്രൈണസത്തകളെക്കുറിച്ചുള്ള കരുണാമയമായ ആൺ‌വിലാപങ്ങളുമായിരുന്നു. കാലത്തിന്റെ ബൌദ്ധികവും സാംസ്കാരികവുമായ ഉണർവുകളാൽ മിഴിച്ച സംവേദനങ്ങളായിരുന്നു അവരുടെ ഈടുവയ്പ്പ്. ആത്മീയപാരമ്പര്യം സ്ത്രീകൾക്ക് ചാർത്തിക്കൊടുത്തിരിക്കുന്ന പതിവ്രതാ സങ്കൽ‌പ്പവും ഭർത്തൃശുശ്രൂഷാപദവിയും കാമനകളെ അടക്കലും മറ്റും മറ്റും ആണുങ്ങളുടെ വീണ്ടുവിചാരത്തിനു വഴിവയ്ക്കുന്നതാണ് തിരിഞ്ഞു നോക്കുമ്പോൾ ഇവിടങ്ങളിൽ നാം കാണുന്നത്. ആശയതലത്തിലും സങ്കല്പതലത്തിലും ഉണ്ടാവുന്ന മാറ്റങ്ങൾ സാമൂഹികജീവിതം എങ്ങനെ ഉൾക്കൊണ്ടു എന്നതിന്റെ നല്ല ഉത്തരം, സ്ത്രീ ശരീരത്തിന്റെ വ്യവഹാരപരിധികളുടെ ചരടുകൾ സമകാലത്തും എത്രത്തോളം അവളിൽ നിക്ഷിപ്തമാണെന്ന കാര്യത്തിലുണ്ട്. ആശയ -സങ്കല്പ തലത്തിൽ ഉദാരപ്രണയങ്ങൾ താലോലിക്കപ്പെടുമ്പോഴും സ്ത്രീ ശരീരത്തെ ഉദാത്തവത്കരിച്ച് ഗൃഹാതിർത്തിക്കുള്ളിൽ തളച്ചിടാൻ വെമ്പുന്ന ശാഠ്യങ്ങൾക്ക് ലോപമില്ല. കാലം നൽകുന്ന വിഹിതം പങ്കുപറ്റിക്കൊണ്ട് കലാസൃഷ്ടികൾ ചില പ്രമേയങ്ങളെ ആവർത്തിക്കുന്നതിൽ ഈ ശാഠ്യങ്ങളെ അതിജീവിക്കാനും കാഴ്ചവട്ടങ്ങളെ പരിഷ്കരിക്കാനുമുള്ള താത്പര്യങ്ങൾ സന്നിഹിതമായിരിക്കും. ആ നിലയ്ക്കാണവ മൂലസൃഷ്ടിയുടെ ആന്തരസത്തയെ സ്വാംശീകരിക്കുന്നത്. അല്ലെങ്കിൽ ആവിഷ്കാരങ്ങൾ കാലഹരണപ്പെട്ട ചണ്ടിയുടെ പുനരവതരണമോ വിഗ്രഹവത്കരണമോ ആയി തരം താഴും. സംഗീതപദ്മനാഭൻ സംവിധാനം ചെയ്ത ‘ചാരുലതയുടെ ബാക്കി’ എന്ന 24 മിനിട്ട് ദൈർഘ്യമുള്ള ഹൃസ്വചിത്രം ശീർഷകത്തിനപ്പുറത്ത്, പിൻപറ്റുന്നത് ഏതേതു പ്രവണതകളെയും കാഴ്ചപ്പാടുകളെയും യാഥാർത്ഥ്യങ്ങളെയുമാണെന്ന ആലോചന പ്രസക്തമാവുന്നത് ഈ പ്രകരണത്തിലാണ്.

സംഗീതയുടെ ‘ചാരുലത’ (പദ്മപ്രിയ) വിവാഹിതയല്ല, വിവാഹിതയായ സ്ത്രീയെക്കുറിച്ചുള്ള സമൂഹത്തിന്റെ കടുത്ത ധാരണകളിൽ വല്ലാതെ ഭയപ്പെടുന്നവളാണ്. പക്ഷേ പ്രണയത്തെപ്പറ്റി ഉദാരമായ സങ്കൽ‌പ്പങ്ങൾ അവൾ വച്ചു പുലർത്തുന്നു. ഒരു പാടു പേരെ പ്രണയിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യണമെന്ന ആഗ്രഹത്തെ അവൾ ആൺസുഹൃത്തിൽ (വിനീത്) നിന്ന് മറച്ചു വയ്ക്കുന്നില്ല. അയാളെയും അവളെയും കൂട്ടിയിണക്കുന്ന ഘടകം റേയുടെ ചാരുലതയാണ്. പ്രണയം എന്നു തന്നെ പറയാവുന്ന അഭിനിവേശം അയാൾക്ക് സിനിമയിലെ ആ പഴയ കഥാപാത്രത്തോടുണ്ട്. ഒരു പക്ഷേ സിനിമാക്കാരനാവണമെന്ന് ആഗ്രഹിക്കുന്ന അയാളുടെ ഭാവനയിലെ ചാരുലതയെയാണ് അയാൾ കൂട്ടുകാരിയിൽ കാണുന്നത്. ചാരുവാകട്ടെ അവളെ സംബന്ധിച്ചിടത്തോളം ആശയം മാത്രമായ റെയുറ്റേ ചാരുലതയെ സ്വന്തം ശരീരവും മനസ്സും കൊണ്ട് യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നവളും. നിറയെ വായിക്കുകയും അമ്മയുടെ അഭിപ്രായത്തിൽ ആർക്കും മനസ്സിലാവാത്തതരത്തിൽ കവിതയെഴുതുകയും ചെയ്യുന്ന ‘ചാരു’ തന്റെ വിചിത്രം എന്നു പറയപ്പെടുന്ന മാനസികപ്രവണതകൾക്ക് കണ്ടെത്തുന്ന സാധൂകരണമാണ് ചലച്ചിത്രകഥാപാത്രമായ ‘ചാരുലത’. അവൾ വീട്ടിൽ വരുന്നവരോട് ഇടപഴകുന്നില്ല, സംസാരിക്കുന്നില്ല. ആൺ സുഹൃത്തിനോട് ഉപാധിയില്ലാതെ ഇടപെടുന്നു. അണിഞ്ഞൊരുക്കങ്ങളിൽ വിശ്വസിക്കുന്നില്ല. ഫിനിഷിംഗ് സ്കൂളിനെ പരിഹസിക്കുന്നു. സമൂഹത്തിന്റെ നടപ്പുശീലങ്ങളോടും വഴക്കങ്ങളോടും രാജിയാവാത്ത മനസ്സുമായാണ് അവൾ ജീവിക്കുന്നത്. ചുറ്റുപാടുമായി സംവദിക്കാനാവാത്ത അവളുടെ തിക്കുമുട്ടൽ തന്നെയാണ് ആർക്കും മനസ്സിലാവാത്ത അവളുടെ കവിത. അതുകൊണ്ട് വീട്ടിലെ/അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഒടുവിൽ വിവാഹിതയാവാൻ സമ്മതിക്കുന്ന ‘ചാരു’ നടത്തുന്നത് ആത്മഹത്യയാണെങ്കിൽ ഒരു കാര്യത്തിൽ ആശ്വാസം അഥവാ പുനരുജ്ജീവനം സാധ്യമായി നിലനിൽക്കുന്നുണ്ട്. അതു നൽകുന്നതാവട്ടേ പഴയ ‘ചാരുലത’യാണ്. തന്റെ വരന് ഒരനിയനുണ്ട് എന്നതാണ് അത്. അയാൾക്ക് കവിതയും സംഗീതവും ഉണ്ടാവുമായിരിക്കും ! അയാളോട് സംവേദനം സാദ്ധ്യമായിരിക്കും.

അവളുടെ ഈ ആത്മഗതം അവളുടെ ആൺ സുഹൃത്തിൽ ( എന്നേ പറയാനൊക്കൂ, സിനിമയിൽ ചാരുലത ഒഴിച്ചുള്ള ആർക്കും പേരില്ല. ചാരുലതയെചുറ്റിയാണ് അവരുടെ അസ്തിത്വങ്ങൾ, ചാരുവിന്റെ അമ്മ, സുഹൃത്ത്, സുഹൃത്തിന്റെ കൂട്ടുകാർ എന്നിങ്ങനെ..) ഉണ്ടാക്കുന്ന പ്രതികരണവൈവിധ്യമാണ് സിനിമയിലെ നിർണ്ണായകഘട്ടം. പ്രണയത്തിന്റെ ഉദാരതയെക്കുറിച്ചു പറയുമ്പോൾ മന്ദഹസിച്ച സുഹൃത്തു് വൈവാഹികജീവിതത്തിന്റെ ചട്ടക്കൂടിനുള്ളിലും താൻ തുടരാൻ പോകുന്ന ‘അവിഹിതത്തെ’ക്കുറിച്ചുള്ള തീർപ്പു കേൾക്കുമ്പോൾ ഞെട്ടുന്നു. ആശയവും യാഥാർത്ഥ്യവും തമ്മിലുള്ള കടിപിടികൂടൽ ഏതു കാലത്തും കലശലാണെന്നല്ലേ ഇതിനർത്ഥം. സുഹൃത്ത് ഞെട്ടുന്നതും പിണങ്ങുന്നതും (വിവാഹക്ഷണക്കത്ത് തിരിച്ചു വച്ചുനീട്ടുന്നത് കാര്യമാക്കാതെ ഇറങ്ങിപ്പോവുകയാണ് ചാരുലത) തന്റെ വർഗത്തെ ഓർത്താവണം. ആൺ വർഗത്തെ. തങ്ങൾ ചതിക്കപ്പെടാനുള്ള സാധ്യതയാണ് അവളുടെ വാക്കുകളിൽ നിലനിൽക്കുന്നത്. മറ്റൊന്ന്, കാമുകി ഭാര്യ എന്നീ രണ്ടു സത്തകൾ ഭാവനയും യാഥാർത്ഥ്യവുമായി നെടുവേ പിളർക്കപ്പെട്ട മട്ടിൽ അയാളുടെ മസ്തിഷ്കത്തിൽ സ്ഥിതി ചെയ്യുന്നു എന്നുമാവാം. ഇയാളെ ഒരു ഘട്ടത്തിൽ വിവാഹം കഴിച്ചാലോ എന്നാലോചിക്കുന്നുണ്ട് ചാരുലത. പിന്നെ അവൾ തന്നെ വേണ്ടെന്നു വയ്ക്കുന്നതാണ്. ഇവരെ തമ്മിൽ കൂട്ടിയിണക്കുന്ന ഘടകം റേയുടെ ചാരുലതയാണ് എന്ന് ചാരുലതയുടെ ബാക്കി സൂചിപ്പിക്കുന്നത് റേയുടെ സിനിമയിലെ പ്രസിദ്ധമായ ‘ഫുലേഫുലേ ധോലെ ധോലെ’ എന്ന രബീന്ദ്രഗാനം പാടി ഊഞ്ഞാലാടുന്ന ചാരുലതയെ ആവർത്തിച്ചു കാണിച്ചുകൊണ്ടാണ്. ഊഞ്ഞാലാട്ടം ലൈംഗികവിവക്ഷകളുള്ള ദൃശ്യസൂചനയാണെന്നതിനൊപ്പം ചാഞ്ചല്യമുള്ള മനസ്സിനെ നോക്കിക്കാണുന്ന വിധം കൂടിയാണ്. ആരുടെ മനസ്സിനാണ് ചാഞ്ചല്യം. സുഹൃത്തും ചാരുവും തമ്മിലുള്ള കാതരമായ നിമിഷങ്ങളെ രബീന്ദ്രസംഗീതം അടയാളപ്പെടുത്തുമ്പോൾ വിവാഹനിശ്ചയം കഴിഞ്ഞ് ക്ഷണപത്രവുമായി അവന്റെ അടുക്കലേയ്ക്ക് വരുന്ന സമയം ഉയരുന്നത് ഹിന്ദി ചിത്രമായ ഗുരുവിലെ ‘മയ്യ’ എന്നു തുടങ്ങുന്ന മാദകഗാനവുമാണ്. ചാരുലത എന്ന മൂല കഥാപാത്രത്തിന്റെ അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള യാത്രകളെ ആണിന്റെയും പെണ്ണിന്റേതുമായി തരം തിരിച്ചവതരിപ്പിച്ചിരിക്കുന്നു, സിനിമ. വിവാഹത്തിനായി അണിഞ്ഞൊരുങ്ങി ചാരുലത പടിയിറങ്ങി വരുന്നിടത്ത് സിനിമ അവസാനിക്കുന്നു. സാമ്പ്രദായികത്വത്തോട് അരു നിന്നുകൊണ്ട് ഉദാരമായ പ്രണയത്തെ അവൾ ഉള്ളിലേയ്ക്കെടുത്തിരിക്കുന്നു. അതുകൊണ്ടൊരു മരണമാണ് വിവാഹത്തോടെ സംഭവിക്കുന്നതെന്ന എടുത്തുച്ചാട്ടങ്ങളെ വെറുതേ വിടാം. അതേ സമയം, റേയുടെ ചാരുലതയെ ആവർത്തിച്ചു കണ്ടാലും മതിവരാത്ത ‘അവനെ’ യഥാർത്ഥത്തിൽ സാമ്പ്രദായിത്വങ്ങൾ ചുറ്റിപ്പിടിച്ചിരിക്കുന്നതായും നമ്മെ സിനിമ അറിയിക്കുന്നു.

ഈ വിഘടിതസ്വത്വം ആണിനെപ്രതി സ്ത്രീയ്ക്കുള്ള മുൻ‌ധാരണയുടെ ഫലവും പലപാട് ആവിഷ്കാരവ്യാഖ്യാനവും നേടിയിട്ടുള്ള ഉത്കണ്ഠയും ആണെന്ന വാദത്തിന് പ്രസക്തി ഇല്ലാതില്ല. വിവാഹിതയായ സ്ത്രീസത്തയുടെ മോചനാഭിലാഷങ്ങളാണ് വ്യത്യസ്തമായ നിലയിൽ ടാഗോറിന്റെ നോവലിലും റേയുടെ സിനിമയിലും ചിത്രീകരിക്കപ്പെട്ടതെങ്കിൽ ദശാബ്ദങ്ങൾക്കപ്പുറത്ത് നിന്ന് (നോവലിന്റെ കാലത്തെപ്പറ്റി ചിന്തിച്ചാൽ നൂറ്റാണ്ടിനപ്പുറത്തു നിന്ന്) ‘ചാരുലതയുടെ ബാക്കി’ എന്ന പുതിയ സിനിമ സ്വീകരിക്കുന്നത് വിവാഹസംബന്ധിയായി ഒരു പെൺ മനസ്സിൽ നിലനിലനിൽക്കുന്ന ആകുലതകൾ മാത്രമാണ്. അവയെ അകറ്റാൻ വിവാഹേതരബന്ധത്തെപ്പറ്റിയുള്ള ഭാവനയാക്കി സ്വയം രമിക്കുന്നതാണ് നാം കാണുന്നത്. പലയാളുകളിലേയ്ക്ക് വിരിച്ചിടുന്ന പ്രണയത്തെക്കുറിച്ചവൾ വാചാലയാവുന്നതല്ലാതെ അത്തരം പ്രകടനങ്ങളോട് താദാത്മ്യം കൽ‌പ്പിക്കാവുന്ന ഒരു സൂചനയും സിനിമയിലില്ല. ഒരു പതി-വ്രതക്കാരിയെപ്പോലെ ആൺ‌കൂട്ടുകാരനോട് അങ്ങേയറ്റത്തെ വിധേയത്വം ഉണ്ടു താനും. സദാചാരവിരുദ്ധമായ പ്രണയോദാരതയെക്കുറിച്ചുള്ള പരാമർശങ്ങളെ തെറ്റിദ്ധരിക്കാതിരിക്കാനുള്ള മുൻ‌കരുതലുകളാണ് അവളുടെ കവിതയെഴുത്തിനെയും വായനയെയും സൌന്ദര്യത്തെയും സമ്പത്തിനെയും നേടിയ റാങ്കിനെയും പറ്റിയുള്ള പരാമർശങ്ങൾ. (ഇതൊന്നും ഇല്ലാത്ത സ്ത്രീ ചട്ടക്കൂടുകളെ വെല്ലുവിളിക്കുന്നത് അപകടകരമാണ്) ഏതു കഥാപാത്രത്തിന്റെയും ‘അസ്വാഭാവികമായ’ പെരുമാറ്റത്തെ (നിലവിൽ പുരുഷകേസരികളിൽ) ന്യായീകരിക്കാൻ ജനപ്രിയ ആവിഷ്കാരങ്ങൾ സ്വീകരിക്കുന്ന വഴിയാണത്. ഇത്രയും ഉദാത്തയായ ഒരു സ്ത്രീയ്ക്ക് ലഭിക്കേണ്ടുന്ന ഹിതകരമായ ഒരു വിവാഹം എന്ന സ്വപ്നത്തിൽ മാത്രമല്ലേ അവളുടെ ചുറ്റിത്തിരിയലുകൾ എന്ന സംശയം ന്യായമായും ഉദിക്കാവുന്നതാണ്. അതുകൊണ്ട് ചാരുലതയുടെ യാത്ര വീട്ടിനകത്തേയ്ക്കാണ്. വീട്ടിൽ നിന്ന് പുറത്തേയ്ക്കുള്ള വഴികളെ വിമോചനത്തിന്റെ വഴിയായി അടയാളപ്പെടുത്തിയ നവോഥാനകാല കലാകാരന്മാർ ചെയ്തത്, ഭാവിയിലെ ലോകം നിർമ്മിക്കുക എന്ന പണിയായിരുന്നു. സംക്രമണകാലത്തിൽ നിന്നു കൊണ്ട് വരും സമൂഹത്തിലേയ്ക്കുള്ള വിത്തുപാകലിലാണ് കെട്ടുപ്പൊട്ടിക്കലും മോചനകാംക്ഷകളുമെല്ലാം സാധൂകരണം നേടുന്നത്. ചരിത്രത്തെ നിലയ്ക്കാത്ത പ്രവാഹമായി വിചാരപ്പെട്ടുകൊണ്ടാണ് അത്തരം ആവിഷ്കരണങ്ങൾ പ്രകാശനം നേടിയത്. ‘ചാരുലതയുടെ ബാക്കി’ എന്ന ചിത്രമാകട്ടെ, പഴയ ചാരുലതയുടെ അനുഭവങ്ങളെ മായികമായി മാത്രം പിൻ‌പറ്റിക്കൊണ്ട് അങ്ങേയറ്റം സമകാലികമായ വിഹ്വലതകളെ പ്രതീക്ഷകളിൽ ഇറക്കി വച്ച് ആശ്വാസം കൊള്ളാൻ മാത്രമായി നടന്നു വീട്ടിനുള്ളിലേയ്ക്ക് കയറുന്നു. ആ നിലയ്ക്ക് ‘ചാരുലതയുടെ ബാക്കി’ ഒരാശങ്കയാണ്, ആശ്വാസമോ വിമോചനപരമായ പ്രതീക്ഷയോ അല്ല.

അനു: ഒന്ന്‍
ഒരേ കുറ്റങ്ങളും കുറവുകളും എപ്പോഴും കണ്ടുകൊണ്ടിരിക്കേണ്ടി വരുമെന്നതിനാൽ വിവാഹത്തിൽ വിശ്വസിക്കാതിരിക്കുകയും എന്നാൽ ഒളിവും മറവുമില്ലാത്ത പ്രണയബന്ധങ്ങളിൽ വല്ലാതെ അഭിരമിക്കുകയും ചെയ്ത ബൂനി എന്ന കഥാപാത്രത്തെ മലയാളത്തിൽ ബി സരസ്വതിയമ്മ അവതരിപ്പിക്കുന്നത് 1944 -ലാണ്. പ്രേമഭാജനം എന്ന നോവലിൽ. തന്റെ ‘കാമുകർ’ക്കുണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു ബൂനിയ്ക്ക്. അതിലൊന്ന് സ്ത്രീയേക്കാൾ പ്രായക്കുറവുണ്ടാവണം പുരുഷന് എന്നുള്ളതാണ്. എന്നുവച്ചാൽ 18 -നും 21 -നും മദ്ധ്യേ. ആ പ്രായക്കാർ തീരെ ഒന്നും അറിയാത്തവരല്ല, എന്നാൽ എല്ലാം കണ്ടു മടുത്തവരുമല്ല. ശരീരബലം ആണിനും പ്രായക്കൂടുതൽ പെണ്ണിനും എന്ന സമവാക്യമാണ് സ്ത്രീപുരുഷസമത്വത്തിന്റെ പടിവാതിൽ എന്നൊരു സിദ്ധാന്തമായിരുന്നു ബൂനിയ്ക്കുണ്ടായിരുന്നത്.

അനു : രണ്ട്
പശ്ചിമബംഗാളിലെ ചിത്രബാനി മേളയിൽ ഉദ്ഘാടനചിത്രമായിരുന്നു ചാരുലതയുടെ ബാക്കി. സിയോളിൽ നടക്കുന്ന ഇന്റെർനാഷണൽ വിമൺസ് ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേയ്ക്കും ചെന്നൈ ഇന്റെർനാഷണൽ വിമെൻസ് ഫിലിം ഫെസ്റ്റിവലിലേയ്ക്കും ഈ ഹ്രസ്വചിത്രം തെരെഞ്ഞെടുത്തിട്ടുണ്ട്.

February 16, 2010

ശേഷം കാഴ്ചയിൽ

2008 ഡിസംബറിലാണ്, താഴേയ്ക്കു കൂപ്പുകുത്തുന്ന മലയാളം സിനിമയെ രക്ഷിക്കാൻ നിർമ്മാതാക്കളെല്ലാം ചേർന്ന് അരപ്പട്ട മുറുക്കാൻ പോവുകയാണെന്ന സൂചന നൽകിക്കൊണ്ട് കെ എഫ് പി എ യുടെ കാര്യദർശി സാബു ചെറിയാൻ പത്രസമ്മേളനം നടത്തിയത്. ഒന്നരക്കോടിയിൽ തീരുന്ന മട്ടിൽ 6 സിനിമകൾ വരും വർഷം (അതായത് 2009-ൽ) നിർമ്മിക്കാൻ നിർമ്മാതാക്കളുടെ സംഘം തയാറെടുക്കുകയാണെന്നും അതിൽ അഭിനയിക്കുന്നതെല്ലാം പുതുമുഖങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സൂപ്പർ സ്റ്റാറിനെ വച്ച് സിനിമയെടുത്താൽ ഏതാണ്ട് 3.5 മുതൽ 4 കോടി വരെയാണ് ചെലവ്. അതിൽ പകുതിയിലേറെ താരത്തിനാണ് പോവുക. സൂപ്പർ താരവും രണ്ടാംകിട നടന്മാരും തമ്മിൽ ഫീൽഡിൽ നിലനിൽക്കുന്ന വ്യത്യാസം ഭീകരമാണ്. തനി മുതലാളിത്തമട്ടിലാണ് മലയാളസിനിമയുടെ ലോകത്തെ സാമ്പത്തികവ്യവസ്ഥ. ‘ഉള്ളവരായ’ മഹാന്യൂനപക്ഷം വീണ്ടും വീണ്ടും പണം കൊണ്ടു കൊഴുക്കുമ്പോൾ, കഴിവുള്ള മഹാഭൂരിപക്ഷം അവസരത്തിനായി വെള്ളിത്തിരയിലെ ആൾദൈവങ്ങളുടെ കാൽതൊട്ട് കുമ്പിട്ടു നിന്നാലെ പറ്റൂ. ഒരഭിമുഖത്തിൽ രാജൻ പി ദേവ് പറഞ്ഞത് ‘മമ്മൂട്ടിയ്ക്ക് നൃത്തം ചെയ്യാൻ അറിഞ്ഞുക്കൂടാത്തതല്ല, അതറിയാവുന്ന മമ്മൂട്ടി തനിക്കത് അറിയില്ലെന്ന മട്ടിൽ അഭിനയിക്കുന്നതാണ് അദ്ദേഹത്തിന്റെ വൈഭവം എന്നാണ്. തൊമ്മനും മക്കളും എന്ന സിനിമയിൽ ‘തൊമ്മൻ’ നായകനായ മമ്മൂട്ടിയല്ല. സിനിമയ്ക്ക് അങ്ങനെ പേരിടാൻ സമ്മതിച്ചതു തന്നെ മമ്മൂട്ടിയുടെ വലിയ മനസ്സിനെയാണത്രേ കാണിക്കുന്നത് ! സാധാരണ കാര്യങ്ങൾ തുറന്നു പറയാൻ മടികാണിക്കാത്ത സലീം കുമാർ ഒരഭിമുഖത്തിനിടയിൽ പറഞ്ഞു, ഫ്ലെക്സിബിലിറ്റി എന്ന കഴിവ് മമ്മൂട്ടിയ്ക്കാണ് കൂടുതൽ, മോഹൻ ലാലിനല്ല എന്ന്. വ്യക്തിപരമായ അഭിപ്രായപ്രകടനം എന്ന നിലയിൽ ഇതൊന്നും അത്രകാര്യമാക്കേണ്ടതില്ല. എന്നാൽ മമ്മൂട്ടി മോഹൻലാൽ ദിലീപ് പ്രഭൃതികളുടെ സിനിമകൾ എടുത്തുവച്ചുനോക്കുക. അവയിൽ ഉപഗ്രഹങ്ങളായി ചുറ്റുന്നത് സ്ഥിരം ചില നടൻമാരാണ്. അപ്പോൾ അഭിപ്രായപ്രകടനങ്ങൾ ആത്മനിഷ്ഠമായി ഒരിടത്തേയ്ക്ക് ചാഞ്ഞിരുന്നല്ലേ പറ്റൂ. ബി ഉണ്ണികൃഷ്ണൻ (സംവിധായകൻ) മോഹൻലാലിന്റെ നാവായാണ് അറിയപ്പെടുന്നത്. ഒരിക്കൽ ഒരു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിലപിച്ചത്, ‘കൊച്ചിൻ ഹനീഫ, സലീംകുമാർ, ഹരിശ്രീ അശോകൻ, സുരാജ് വെഞ്ഞാറമ്മൂട്.... തുടങ്ങിയർ ഒരിടത്ത് താമസിച്ചിരുന്നെങ്കിൽ തന്റെ പണി എളുപ്പമായേനേ’ എന്ന്. ഒരു കൂട്ടം ഒന്നിച്ചാണ് ഒരു സിനിമയിൽ. ദിലീപിന്റെ സിനിമയിൽ നോക്കുക, ഒരു കൂട്ടം. മോഹൻ ലാലിന്റെ സിനിമയിൽ മറ്റൊരു കൂട്ടം, മമ്മൂട്ടിച്ചിത്രത്തിൽ വേറെ കൂട്ടം. ഇവരെ ഒന്നിച്ചു കൊണ്ടു വരികയും പോവുകയും ചെയ്താൽ എക്സിക്യൂട്ടീവിനു പണി കുറയും. നിർമ്മാതാവിന് ആവകയിൽ കുറച്ചു ലാഭവും കിട്ടും. കഥാപാത്രങ്ങൾ പ്രസക്തമല്ല. നടന്മാരും പക്ഷപാതങ്ങളുമാണ് മലയാള സിനിമയെ ഭരിക്കുന്നത്. പിന്നെ അതിന്റെ കലാപരമായ ഗ്രാഫ് താഴോട്ടു പോകാതെന്തു ചെയ്യും?

2008 -ൽ നിർമ്മിച്ച 54 പടങ്ങളിൽ നാലെണ്ണമാണ് വിജയിച്ചത്. 2009 -ലെ 37 സിനിമകളിൽ ഹരിഹര നഗർ 2-ഉം ഭാഗ്യദേവതയുമാണ് ബോക്സ് ഓഫീസ് കടന്നു കൂടിയത്. (കണക്കുകൾ സാബു ചെറിയാന്റെ വക) കേരളത്തിലെ ചലച്ചിത്ര വിതരണക്കാരുടെ അസോസ്സിയേഷൻ പ്രസിഡന്റ് ജി ജയകുമാറും സമാന അഭിപ്രായം വച്ചു പുലർത്തുന്ന ആളാണ്. മൊത്തം നിർമ്മാണച്ചെലവിന്റെ 10% മാത്രമേ പരസ്യത്തിനായി നിർമ്മാതാവിന് മുടക്കാൻ പറ്റൂ. പ്രധാനപത്രത്തിൽ സിനിമാപരസ്യം ഒരു പ്രാവശ്യം വരാൻ നിലവിൽ രണ്ടു ലക്ഷം രൂപ കൊടുക്കണം. ഇങ്ങനെ എത്ര പരസ്യം കൊടുക്കാൻ നിർമ്മാതാക്കൾക്കു ഇപ്പോൾ പറ്റും? പിന്നെ ടി വി, ഫ്ലക്സ്, വാൾപോസ്റ്ററുകൾ... (താരത്തിനുള്ള ഫ്ലക്സുകൾ പാലഭിഷേകം തുടങ്ങിയവ ഫാൻസുകാരുടെ വകയാണ്) ഇതുകൊണ്ടൊക്കെയാണ് മലയാളം സിനിമയെ അങ്ങേയറ്റം പോയാൽ 3.5 കോടിയിൽ ഒതുക്കിയിടണം എന്ന് നിർമ്മാതാക്കളെല്ലാം കൂടി നിശ്ചയിച്ചത്. അതിനപ്പുറം ഒരണ ചെലവാക്കാൻ നിൽക്കരുതെന്നാണ് അന്ത്യശാസനം. കൂടെ വേറെയുമുണ്ട് നിയമങ്ങൾ. 45 ദിവസം കൊണ്ടവസാനിക്കണം ഷൂട്ടിംഗ്. സെറ്റിൽ നിർമ്മാതാവിനല്ലാതെ മറ്റാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദം നൽകരുത്. കൃത്യം ഏഴു മണിക്ക് ഷൂട്ടിംഗ് ആരംഭിച്ചിരിക്കണം. 60 അസംസ്കൃത ഫിലിം റോളുകൾ മാത്രമേ മൊത്തം ഷൂട്ടിംഗിനായി ഉപയോഗിക്കൻ പാടുള്ളൂ. നിർമ്മാതാക്കളും സാങ്കേതികക്കാരും വിതരണക്കാരുടെ നേതാക്കളും കൈയ്യടിച്ചു പാസാക്കിയെങ്കിലും ഈ അഞ്ചിനപരിപാടി വിജയത്തിലെത്തുന്ന കാര്യം സംശയമാണ്. സാബു ചെറിയാൻ 2009 -ലെ പ്രോജക്ട് ആയി അവതരിപ്പിച്ച 6 സിനിമകളിൽ ഒന്നിന്റെയെങ്കിലും ആരവം എങ്ങാനും കേൾക്കാനുണ്ടോ? ഒന്നു കാതോർത്തു നോക്കിക്കേ. ഇതിപ്പോൾ 2010 ആയി. അങ്ങും ഇങ്ങും തൊടാതെ മോഹൻലാൽ പറഞ്ഞത് ‘പ്രതിഫലം വാങ്ങുന്നത് കൂടുതലാണെന്ന് തോന്നുന്നെങ്കിൽ എന്നെ വിളിക്കണ്ട. മറ്റാരെയെങ്കിലും വച്ച് സിനിമ ചെയ്തോളാൻ’. പുള്ളിയ്ക്ക് സ്വന്തമായി ഒരു നിർമ്മാണക്കമ്പനിയുണ്ട്. കൊള്ളാമെന്നു തോന്നുന്ന തിരക്കഥയെല്ലാം ആന്റണി പെരുമ്പാവൂരിനാണ് എന്ന കിംവദന്തി പണ്ടേ ഫീൽഡിലുള്ളതാണ്. (ദശരഥത്തിന്റെയും ഹിസ് ഹൈനസ്സ് അബ്ദുള്ളയുടെയും കഥ ഒന്നിച്ചു കേട്ടിട്ട് ദശരഥം, കഥ കേൾപ്പിക്കാൻ വന്നവനു കൊടുത്തു. കണ്ണടച്ചിരുന്നിട്ട് ഹൈനസ്സ് ഇങ്ങെടുത്തു..ദശരഥം എട്ടു നിലയിൽ പൊട്ടി, ഹൈനസ്സോ...) മമ്മൂട്ടിയും തുടങ്ങിയിട്ടുണ്ട് ഒരു വിതരണക്കമ്പനി. ചന്തുമാരെ തോത്പിക്കാൻ ആർക്കും പറ്റില്ല മക്കളേ. പിന്നെയുള്ള ഭീഷണി ഡബ്ബു ചെയ്തതും ചെയ്യാത്തതുമായ മറ്റു ഭാഷാചിത്രങ്ങൾ പണം വാരിക്കൊണ്ടു പോകുന്നതാണ്. ‘കോട്ടിട്ട കൊമ്പന്മാരെ’ (സി എസ് വെങ്കിടേശ്വരന്റെ പ്രയോഗം) എത്ര എന്നു വച്ച് ജനം കണ്ടു കൊണ്ടിരിക്കും. മോഹൻലാൽ അതിനും മറുപടി പറഞ്ഞു. വിദേശഭാഷാചിത്രങ്ങൾ നിരോധിക്കുകയോ നിയന്ത്രണം വയ്ക്കുകയോ വേണം. മൂന്നു മൂന്നരക്കോടി പ്രബുദ്ധമലയാളം സ്വന്തം മുരിങ്ങച്ചോട്ടിലെ കാഴ്ചകൾ കണ്ടേച്ചാൽ മതി. കൂടുതൽ സ്വപ്നങ്ങൾ മാണ്ട. ഇനി സാബു ചെറിയാൻ പറഞ്ഞതുപോലെ 3.5 കോടിയുടെ ബഡ്ജറ്റിലേയ്ക്ക് ചുരുങ്ങാൻ തുടങ്ങിയാൽ സീരിയലുകളേക്കാൾ ഗതികെട്ട സാധനങ്ങളായിരിക്കും സിനിമയെന്ന പേരിൽ ഇവിടെ ഉടലെടുക്കാൻ പോകുന്നത്. അതിന്റെ ലാഞ്ഛനകളുണ്ട്. പത്തും ഇരുന്നൂറും ഒക്കെ കടന്ന് 1000 കോടികളുടെ ഇംഗ്ലീഷ് തമിഴ് തെലുങ്കു ബ്രഹ്മാണ്ഡങ്ങൾ തട്ടു പൊളിക്കുന്നിടത്താണ് മൂന്നരക്കോടിയുടെ തനതു ചെവിതോണ്ടി! ഇതറിയാവുന്നതു കൊണ്ടാണ് ക്രാന്തദർശിയായ ലാലേട്ടൻ ഒരു മുഴം നീട്ടി എറിഞ്ഞത്. അന്യഭാഷാചിത്രങ്ങൾ നിരോധിക്കണം!!

പരിവേഷങ്ങൾക്ക് പ്രഭ കൂടുതലായതുകൊണ്ടും വീരാരാധന പല തരത്തിൽ കിടന്നു കറങ്ങുന്ന മേഖലയായതുകൊണ്ടും ചലച്ചിത്രമേഖലയിൽ ഈഗോകൾ തമ്മിൽ കൂട്ടിയിടിക്കും. (എം ജി ആറിനെയും ലതാമങ്കേഷ്കറെയും പറ്റി എത്ര കഥകളാണ്) അതു മുൻപും ഇവിടെ ഉണ്ടായിട്ടുണ്ട്. രണ്ടു സൂപ്പർസ്റ്റാറുകളുടെ പടത്തിലും കുറെക്കാലമായി ഞാനില്ലല്ലോ എന്ന് ജഗതി ശ്രീകുമാർ ഒരിക്കൽ തുറന്നടിച്ചിരുന്നു. പിന്നീട് അതെങ്ങനെയോ ര‌മ്യതയിലായതാണ്. സെറ്റിൽ മമ്മൂട്ടി വന്നപ്പോൾ സിഗററ്റു കുത്തിക്കെടുത്തിയില്ലെന്ന പേരിൽ സുകുമാരന് കുറേക്കാലം സിനിമകളൊന്നും ഇല്ലായിരുന്നത്രേ. ജയൻ മരിച്ച വേളയിൽ സുകുമാരന്റെ വാലായിട്ടായിരുന്നു മമ്മൂട്ടിയുടെ മുഖ്യധാരാ രംഗപ്രവേശം. സിനിമ സ്ഫോടനം. അപ്പോൾ സ്വാഭാവികമായും സുകുമാരൻ പൊട്ടിത്തെറിച്ചിരിക്കും. ഫലം തത്കാല വിശ്രമം! പത്തുമുപ്പതുവർഷമായി ഫീൽഡിൽ ഉള്ളതുകൊണ്ട് എനിക്കറിയാം എന്തുചെയ്യണമെന്ന് എന്നാണ് താരങ്ങളുടെ പൊതുമനോഭാവം. ക്യാമറയും ലൈറ്റും ഒക്കെ ഉറപ്പിച്ച് സംവിധായകൻ കാത്തിരിക്കുന്നു. താരം കാറിൽ വന്നിറങ്ങി മറ്റൊരിടത്ത് പോയി നിൽക്കുന്നു. അതായത് സംവിധായകനും ക്യാമറാമാനും കൂടി നിശ്ചയിച്ചിടത്തല്ല താരത്തിനു താത്കാലികമായി തോന്നിയ ഇടത്തു വച്ചേ അങ്ങേർ അഭിനയിക്കൂ. ക്യാമറയും കിടുപിടിയും ഉപദംശങ്ങളും തൂക്കി വിദഗ്ദ്ധർ പിന്നാലെ ഓടണം. സമയ നഷ്ടം, മാനഹാനി ഇതൊക്കെയാണ് വിനീതവിധേയനല്ലാത്ത പുതുമുഖസംവിധായകന്റെ വിധി. മുഖം മുറിഞ്ഞാൽ പിന്നീട് ആ പാവം പച്ച തൊടുകയുമില്ല. അതും സംഭവിക്കുന്നുണ്ട്, മലയാളസിനിമയിൽ. ‘മഹാസമുദ്രം’ എടുത്ത ഡോ.ജനാർദ്ദനനൊക്കെ എന്തായി?

നിർമ്മാതാക്കൾ പറയുന്നതു മാത്രം കേട്ട് കാര്യങ്ങൾ തീരുമാനിക്കേണ്ടതില്ലെന്നും ഒരു പറച്ചിലുണ്ട്. സൂപ്പർസ്റ്റാറിന്റെ ഡേറ്റാണ് നിർണ്ണായകമായ സംഗതി. അതുകാണിച്ചാൽ തിയേറ്ററുടമകൾ നൽകുന്ന അഡ്വാൻസ് വച്ച് സിനിമയെടുക്കാം. ചാനലുകൾ, വിദേശവിപണി, സിഡി റൈറ്റ് തുടങ്ങിയവയാൽ മിനിമം ഗ്യാരന്റിയുള്ള കച്ചവടമാണ് സിനിമ എന്നാണ് ജനസംസാരം. പുതിയ നിർമ്മാതാക്കളെ ചാക്കിലാക്കാനുള്ള അടവുനയമാണോ ഈ പ്രചരണമെന്നും സംശയിക്കണം. കാരണം സിനിമാനിർമ്മാണം ജീവിതവ്രതമാക്കിയ സ്ഥിരം ബ്രാൻഡുകൾ ഇപ്പോൾ നിലവിലില്ല. (മഞ്ഞിലാസ്, ചന്ദ്രതാരാ, മെരിലാൻഡ്, ഗൃഹലക്ഷ്മി, സെഞ്ചുറി...) ഉണ്ടെങ്കിൽ തന്നെ ഉദാസീനതയാണ് അവയുടെ മുഖമുദ്ര. വിദേശങ്ങളിൽ മടച്ചുകിട്ടിയ പണം കൊണ്ട് പടമെടുത്ത് കൈയ്യും വായും പൊള്ളി പടം മടക്കിയവരാണ് ഇപ്പോൾ കൂടുതൽ. പുതുപ്പണക്കാരും. മിനിമം ഗ്യാരന്റിയുണ്ടെങ്കിൽ ആരെങ്കിലുമൊക്കെ ഉറച്ചു നിൽക്കണ്ടേ ഇവിടെ? നിൽക്കുന്നവരാവട്ടെ തായം കളിക്കാൻ അറിയാവുന്നവരുമാണ്. പടമെത്ര പൊളിഞ്ഞാലും സൂപ്പർ സ്റ്റാറുകൾക്കു മാത്രം സാമ്പത്തികമായി ഒരുവാട്ടവും ഇല്ല. അത്രയൊന്നും സൂപ്പറല്ലാത്ത ഒരു സ്റ്റാർ ഓരോ പടവും പൊളിയുമ്പോൾ അഞ്ചു ലക്ഷം വച്ചു റേറ്റു കൂട്ടിക്കൊണ്ടിരുന്നെന്ന് ഗോസിപ്പു കേട്ടിട്ടുണ്ട്. മറ്റൊരു സ്റ്റാർ കാണാൻ വരുന്നവരോട് ഡേറ്റില്ലെന്നു പറയും. അന്നോ അടുത്തദിവസമോ താരത്തിന്റെ സിൽബന്ദി നിർമ്മാതാവിനെ കാണും. ഡേറ്റു തരമാക്കിക്കൊടുക്കാം പക്ഷേ ഇത്ര രൂപ കൊടുക്കേണ്ടി വരുമെന്നറിയിക്കും. തിരക്കുള്ള താരത്തെ കിട്ടിയ സന്തോഷത്തിൽ പുത്തൻ നിർമ്മാതാവ് തലകുലുക്കും. പടമില്ലാതെ ഈച്ചയടിച്ചിരിക്കുമ്പോഴും താരപദവികൾ എഴുന്നള്ളത്തിനിറങ്ങുന്നത് അമ്പലം വിഴുങ്ങികളായ സിൽബന്ധികളുടെ ഊർജ്ജസ്വലതയിലാണ് എന്നതാണീ കഥയുടെ ഗുണപാഠം. സൂപ്പർ സ്റ്റാറുകൾ മലയാളം സിനിമയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കുറെ നാളായി ആവർത്തിക്കുന്നത് തിലകൻ അടുത്തകാലത്ത് ഒന്നുകൂടി ഉറപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ ഓർത്തുപോയതാണിതൊക്കെ. തിലകൻ ഇല്ലാത്ത ഒരു ശത്രുവിനെ സൃഷ്ടിച്ച് നിഴൽ യുദ്ധം നടത്തുകയാണെന്നാണ് എതിർവാദം. കുറെകാലം മുൻപ് നെടുമുടി വേണുവായിരുന്നു തിലകന്റെ എതിരാളി. അപ്പോൾ ജാതിയായിരുന്നു പ്രശ്നം. കൂടെ അതേ ജാതിയിൽ‌പ്പെടുന്ന ഒരു സൂപ്പർസ്റ്റാറുമുണ്ടെന്നു പറഞ്ഞിരുന്നു. ഇപ്പോഴത് മമ്മൂട്ടിയിലേയ്ക്ക് കൂടുതൽ തിരിഞ്ഞിരിക്കുന്നതു കൊണ്ട് ജാതിക്കെർവിന്റെ പട്ടികയിൽ‌പ്പെടുത്തി താഴെയിടാൻ പറ്റില്ല. തിലകൻ ഉന്നയിച്ച ചോദ്യത്തെ അവയിലെ പതിരും പുകയും ഊതിപ്പാറ്റിയാൽ ജാഗ്രതയുള്ള മനസ്സുകൾ കൈക്കൊള്ളാനായി ചിലതെല്ലാമുണ്ട്. ആരുടെ സിനിമയിൽ അഭിനയിക്കണം, ആരുടെ സിനിമയിൽ അഭിനയിക്കണ്ട എന്നൊക്കെ പറയാൻ അഭിനേതാക്കളുടെ സംഘടനയ്ക്ക് അവകാശമുണ്ടോ എന്നതാണ് തിലകന്റെ ഒന്നാമത്തെ ചോദ്യം. രണ്ടാമത്തേത് ഒരാളെ താനുള്ള സിനിമയിൽ അഭിനയിപ്പിക്കണ്ടെന്നു പറഞ്ഞു വിലക്കാനും സിനിമകളിൽ താരനിർണ്ണയം നടത്താനും സൂപ്പർസ്റ്റാറുകൾക്ക് എന്തവകാശം എന്നതാണ്. മൂന്ന്, കോടികൾ സൂപ്പർസ്റ്റാറുകൾക്കായി മാറ്റിവയ്ക്കുന്ന മലയാളം സിനിമ സാമ്പത്തികമായി വർഷാവർഷം താഴേയ്ക്ക് കൂപ്പു കുത്തുകയാണ്. ഇത് സിനിമയെ ഉപജീവിക്കുന്ന നിരവധിപേരുടെ കഞ്ഞികുടി മുട്ടിക്കുന്ന ഏർപ്പാടായതുകൊണ്ട് വിലക്കപ്പെടേണ്ടതല്ലേ?

കളിക്കാവുന്നിടത്തോളം കളിക്കാനേ മിടുക്കന്മാർക്കു തോന്നൂ. തിലകൻ അങ്ങനെ പറഞ്ഞതുകൊണ്ട് മാനസാന്തരപ്പെട്ട് താരങ്ങൾ നല്ലവരാവും എന്നും അവർ പുതു തലമുറകൾക്കും ഇതുവരെ തങ്ങളെ ചുറ്റിയ ഉപഗ്രഹങ്ങൾക്കുമായി സ്വയം കാറിൽ നിന്നിറങ്ങി വാതിൽ തുറന്നുകൊടുക്കും എന്നും ചിന്തിച്ചു സായൂജ്യമടയാൻ ശുദ്ധഗതിക്കാർക്കേ സാധിക്കൂ. ശരി തന്നെ. നമുക്ക് കാത്തിരിക്കാം, ആര് ആരെ വിലക്കാൻ പോകുന്നു എന്നു കാണാൻ. നാടുനീളെ നടന്ന് സൂപ്പർസ്റ്റാറുകളെ തെറി പറയുന്നതിന് തിലകനോട് ‘അമ്മ’ വിശദീകരണം ചോദിച്ചിട്ടുണ്ട്. ഫലം എന്താവുമെന്നറിയാൻ അധികം മെനയേണ്ടതില്ല. നടപടിയുണ്ടാവും. നിലവിലെ സാഹചര്യം വച്ച് അവിടവും ഇവിടവും ശരിയാക്കാം എന്ന് സംഘടനയ്ക്ക് തോന്നാൻ ഇടയില്ല. സ്വാഭാവികമായി തന്നെ അതൊന്ന് ചായും. സാംസ്കാരികവകുപ്പു മന്ത്രിയുടെ സ്വരത്തിൽ പോലും പഴയ കമ്മ്യൂണിസ്റ്റുകാരനായ തിലകനെതിരെ ഒരു മുനയുണ്ട്. എല്ലാക്കാലത്തും എല്ലാവരും മിണ്ടാതിരിക്കില്ലെന്ന് തിരിച്ചറിയാനെങ്കിലും ഭ്രാന്തമായ ചില വാക്കുകൾ വഴി വക്കുന്നത് നല്ലതാണ് എന്ന് ആരും മനസ്സിലാക്കാതെ പോകുന്നതാണ് അദ്ഭുതം. തിലകന്റെ വാക്കുകളെ പിൻപറ്റി ക്രിസ്ത്യൻബ്രദേഴ്സിന്റെ സെറ്റിലേയ്ക്ക് ഒരു കൂട്ടം ഇരച്ചു കയറി അലമ്പുണ്ടാക്കി എന്ന് വാർത്തയുണ്ടായിരുന്നു. കേരളം മൊത്തം ഫാൻസുകാരല്ലെന്നതിനു ഒരു തെളിവായി. വെള്ളിത്തിരയിലെ പ്രകാശം മാത്രം നോക്കിയിരുന്നാൽ മതിയോ ഇടയ്ക്കൊക്കെ, ഇരിക്കുന്നത് ഇരുട്ടിലാണെന്ന് നമ്മൾ തിരിച്ചറിയണ്ടയോ?

അനു :
ഉയരത്തിലുള്ള ഒരാളുടെ പ്രതിച്ഛായ തകർക്കുക എന്ന ഗൂഢോദ്ദേശ്യം തിലകന്റെ ആരോപണങ്ങൾക്ക് പിന്നിലുണ്ടെന്ന് ആർക്കുവേണമെങ്കിലും സമർത്ഥിക്കാവുന്നതാണ്. ഒപ്പം വിവാദങ്ങളിലൂടെ കുറച്ചു മൈലേജും കിട്ടുമല്ലോ എന്ന് പഴമനസ്സിൽ തോന്നാമെന്ന്. വീരാരാധന എന്ന ഉത്തരകാൽ‌പ്പനികമനോഭാവം കൂടെക്കൊണ്ടു നടക്കുന്നവരായതുകൊണ്ട്, സമീപകാലത്ത് അതു കൂടി കൂടി വരുന്നതുകൊണ്ട് രാഷ്ട്രീയമാവട്ടേ സിനിമയാവട്ടേ അങ്ങനെയും പ്രതിരോധങ്ങൾ വരാം.

February 10, 2010

അകര മുതൽ എഴുത്തെല്ലാം....


പന്തിരുകുലത്തിന്റെ കഥയ്ക്ക് കേരളത്തിൽ നല്ല പ്രചാരമുണ്ടെങ്കിലും അതിലെ കഥാപാത്രങ്ങളെല്ലാവരും ഒരുപോലെ ജനപ്രിയരല്ല. ചരിത്രത്തിന്റെ അടിവേരു തിരഞ്ഞ കേസരി ബാലകൃഷ്ണപിള്ളയ്ക്കും വടുതല നായർ ആരാണെന്ന് പറയാൻ കഴിഞ്ഞില്ല. ചേരാനല്ലൂർ കർത്താവിന്റെ വംശത്തിലെ ഒരു ഹിന്ദു പണ്ഡിതനായിരിക്കാം എന്നു പറഞ്ഞ് കേസരി വരയിട്ടു നിർത്തി. ഉപ്പുകൊറ്റൻ (ഉപ്പു കൂറ്റൻ) ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ മുഹമ്മദീയനാണോ പരദേശിയാണോ എന്നൊക്കെയുള്ള തർക്കം ഇപ്പോഴുമുണ്ട്. വരരുചിയുടെ സന്താനങ്ങളിലെ ഏക സ്ത്രീ കാരയ്ക്കലമ്മയെക്കുറിച്ചും അധികം വിവരം നമുക്ക് ലഭിച്ചിട്ടില്ല. ഐതിഹ്യമാല എഴുതിയ കൊട്ടാരത്തിൽ ശങ്കുണ്ണി രജകൻ ഉൾപ്പടെ ആറുപേരെക്കുറിച്ചുള്ള കഥകൾ അത്ര പ്രസിദ്ധമായി കേട്ടിട്ടില്ലെന്നു പറയുന്നു. കേരളം എന്ന പേരിൽ ആദിമ ചരിത്രത്തെ പദ്യത്തിലാക്കിയ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, പന്തിരുകുലത്തിന്റെ ജാതിവൈചിത്ര്യത്തെ പരാമർശിച്ചിട്ട് അഗ്നിഹോത്രി, നാറാണത്തുഭ്രാന്തൻ, പെരും തച്ചൻ, പാണൻ, ചാത്തൻ, പാക്കനാര് എന്നീ പേരുകൾ മാത്രമെഴുതി. ഇവരിൽ നിന്നും കേരളത്തിൽ ജാതി ഉരുത്തിരിഞ്ഞു എന്ന ഐതിഹ്യത്തെ ഒന്നു സൂചിപ്പിച്ചു വിട്ടു. കേരളീയസമൂഹത്തിലെ ജാതിപ്രതിനിധാനം എത്രത്തോളം ഈ ഐതിഹ്യം വഹിക്കുന്നുണ്ടെന്നതു പ്രശ്നമാണ്. അതു പിന്നീടാവട്ടെ, അതല്ല . ഇക്കൂട്ടത്തിൽ തന്നെപ്പെടുന്ന, അധികം കഥകൾ ലഭിച്ചിട്ടില്ലാത്ത, നാം തീരെ പ്രാധാന്യം കൊടുത്തിട്ടില്ലാത്ത ‘വള്ളോൻ’ തമിഴർ നെഞ്ചേറ്റിഅഭിമാനമായി കൊണ്ടു നടക്കുന്ന തിരുവള്ളുവർ തന്നെയാണോ എന്നുള്ളതാണ് വിഷയം.

അതെ എന്നൊരു വാദമുണ്ട്. സംഘകാല കവികളുമായി വിദൂരബന്ധം എങ്ങനെയോ പന്തിരുകുല കഥയ്ക്ക് വന്നുച്ചേർന്നിട്ടുണ്ട്. ചോളരാജാക്കന്മാരിൽ പ്രസിദ്ധനായിരുന്ന കരികാലചോളൻ കാവേരിയിൽ ഒരു അണകെട്ടാൻ ശ്രമിച്ചിട്ട് (നരബലി വരെ നടത്തിയിട്ടും) അതുറയ്ക്കാതെ വന്നപ്പോൾ തിരുവള്ളുവർ മേഴത്തോൾ അഗ്നിഹോത്രിയെ വിളിക്കാൻ ഉപദേശിച്ചതായി ഒരു കഥയുണ്ട്. ഭാരതപ്പുഴയിലെ ഏറ്റവും ആഴമുള്ള സ്ഥലമായ കണ്ണനൂർ കയത്തിൽ ധാരാളമായി കാണുന്ന കോഴിപ്പരൽ (അയേൺ ഫോസ്ഫേറ്റ് ഹൈഡ്രേറ്റ്) ഉപയോഗിച്ച് അഗ്നിഹോത്രി അണ ഉറപ്പിച്ചു നിർത്തി. ഏതാണ്ട് രണ്ടായിരം കൊല്ലങ്ങൾക്കു മുൻപുള്ള സംഭവമാണ്. അഗ്നിഹോത്രി തിരിച്ചു വന്നപ്പോൾ ആ പ്രഭാവത്തിൽ മയങ്ങി, കരികാലന്റെ മകൾ ആതിമന്തിയും കൂടെ ചേരനാട്ടിലേയ്ക്കു പോന്നു. കരിങ്കളവാതനാർ എന്ന സംഘകവി ഇക്കാര്യം പദ്യത്തിൽ പരാമർശിച്ചിട്ടുണ്ട്. രാജപുത്രിയുടെ മലയാളികാമുകനെ അദ്ദേഹം വിളിക്കുന്നത് ‘അട്ടനത്തി’ എന്നാണ്. ‘അഗ്നിഹോത്രി’ ആദിദ്രാവിഡലിപിയിൽ മാറിയ ഒരു മാറ്റം ! ഈ കഥ കണ്ണടച്ചങ്ങു വിശ്വസിച്ചാൽ പന്തിരുകുലത്തിന്റെ ചരിത്രം ചികയൽ പിന്നെയും പ്രശ്നസങ്കുലമായി നീറും. കാരണം വിക്രമാദിത്യൻ എന്നു പ്രസിദ്ധനായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ കാലം ക്രിസ്തുവിനു ശേഷം 376-413 ആണ്. അദ്ദേഹത്തിന്റെ സദസ്സിലെ നവരത്നങ്ങളിലൊന്നായിരുന്നല്ലോ വരരുചി. (ആവണമെന്നില്ല. പല രാജാക്കന്മാർക്കും വിക്രമാദിത്യൻ എന്നു പേരുണ്ടായിരുന്നു. പെരുമാൾ തിരുമൊഴി രചിച്ച കുലശേഖരനും ഒരു വിക്രമാദിത്യനാണ്. അതുപോലെ വരരുചിമാരും പലരാണ്) ‘കടപയാദി’ സമ്പ്രദായപ്രകാരം (അക്ഷരങ്ങൾക്ക് സംഖ്യനിശ്ചയിച്ച് കാലഗണന നടത്തുന്ന സമ്പ്രദായമാണ് കടപയാദി. അക്ഷരസംഖ്യയെന്നും പരല്പേരെന്നും പേരുണ്ടിതിന്. ഇതു കണ്ടുപിടിച്ചതു വരരുചിയാണെന്ന് പറയപ്പെടുന്നു. അല്ലെന്നും പറയുന്നു) വരരുചിയുടെ കാലം ക്രിസ്തുവിനു മുൻപ് 200-400 നും ഇടയ്ക്കാണ്. കേസരി പറയുന്നത് ഏ ഡി 682 -നു അടുത്ത് മരിച്ച കുമാരിലഭട്ടനാണ് വരരുചി എന്നാണ്. തിരുച്ചിറപ്പള്ളിയ്ക്കടുത്തുള്ള ശ്രീരംഗം ക്ഷേത്രത്തിലെ 18 ആഴ്വാർമാരിലൊരാൾ നമ്മുടെ പാണനാരാണ്. ഈ പാണനാരും സംഘകവയിത്രിയായ ഔവ്വയാരും ഒന്നാണെന്ന് വിശ്വസിക്കുന്നവർ തമിഴ്നാട്ടിലുണ്ട്. കാവേരിയിലൂടെ ഒഴുകി വന്ന പെൺകുട്ടിയായിരുന്നു ഔവ്വയാർ. പാട്ടുപാടി നടക്കുന്ന ഒരു വർഗത്തിന്റെ മുറവച്ചാണോ ഈ ഐതിഹ്യം രൂപപ്പെട്ടത് എന്നാലോചിക്കേണ്ടതുണ്ട്. മറ്റൊരു സാന്ദ്രീകരണം കൂടി നടന്നിട്ടുണ്ട്. പന്തിരുകുലത്തിന്റെ മാതാവ് ‘ആദി’ ഇങ്ങനെ നദിയിൽ ഒലിച്ചു വന്ന പെൺകുട്ടിയാണ്. ചെന്നെത്തിയത് ‘നദി പെറ്റ മന’യിൽ (നരിപ്പറ്റമന). അങ്ങനെയാണ് ദേശാന്തരക്കാരനായ വരരുചിയുടെ ‘കുടി’യായത്. അവരുടെ ജീവിതം പെരും ദുരന്തത്തിലായിരുന്നു. നഷ്ടപ്പെട്ട മക്കളെയോർത്ത് (അല്ലെങ്കിൽ അവിരാമമായ അലച്ചിലുകൾ ബാധിച്ച്) അവർ ജീവിതത്തിന്റെ മിച്ചഭാഗങ്ങളിൽ ഭ്രാന്തിയായിതീർന്നു എന്നൊരു കഥയുണ്ട്. മണ്ണൂർ വടവട്ടൂർകുറിശ്ശി ക്ഷേത്രത്തിനടുത്ത് വച്ച് സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു, പന്ത്രണ്ടു മക്കളെ പെറ്റിട്ടും ഒന്നിനെപ്പോലും ലാളിക്കാൻ കഴിയാത്ത ആ അമ്മ. പന്തിരുകുലത്തിലെ സന്തതികൾക്ക് ഒന്നൊഴിയാതെ അലച്ചിലും ഉന്മാദാവസ്ഥയും പകർന്നു കിട്ടിയിട്ടുണ്ട്. വെറും കഥയാണെന്നു വരികിലും ഇങ്ങനെ (മലയാളിയുടെ) മാനസികജീവിതവുമായി ഒത്തുപോകുന്ന കഥകളധികമുണ്ടോ?

വള്ളുവരുടെ കാലത്തെപ്പറ്റിയും ഇല്ല, ഏകീകൃതമായ അഭിപ്രായം. ക്രിസ്തുവിനു മുൻപാണോ പിന്നീടാണോ എന്നു തീർച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ബുദ്ധന്റെ മതാചാരങ്ങൾ വള്ളുവർ നിഷേധിക്കുന്നു എന്നു പറയുന്നവരുണ്ട്. (അതിനാൽ ബൌദ്ധകാലത്തിനുശേഷമാണെന്ന് തിരുക്കുറളിന്റെ രചന എന്ന്). പക്ഷേ കേസരി വള്ളുവനെന്ന പദത്തിന്റെ അർത്ഥം തന്നെ ശാക്യൻ അഥവാ ബുദ്ധമതക്കാരൻ എന്നാണെന്നു പറയുന്നു. അദ്ദേഹത്തിന്റെ കണ്ടെത്തൽ പ്രകാരം ബൌദ്ധന്യായശാസ്ത്രജ്ഞനായ ധർമ്മകീർത്തിയാണ് പന്തിരുകുലത്തിലെ വള്ളോൻ. തിരുവള്ളുവരെ പ്രകീർത്തിച്ച് എഴുതിയിട്ടുള്ള ‘തിരുവള്ളുവമാലൈ’യിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടത്രേ. തിരുമാൽ‌പുരത്തായിരുന്നു ഇദ്ദേഹത്തിന്റെ ജനനം എന്ന് ബൌദ്ധഗ്രന്ഥങ്ങൾ. എന്നുവച്ചാൽ തിരുമലയപുരം! മൈലാപ്പൂർ ! ഇതേസ്ഥലത്താണ് വരരുചിയും ജനിച്ചത്. (കാവേരി തീരത്തെ പൂംപുഹാറിലാണ് വള്ളുവർ ജനിച്ചതെന്നും വിശ്വാസമുണ്ട്) ഭഗവാൻ എന്ന സിദ്ധന് ആദി എന്ന ഭാര്യയിൽ പിറന്ന ഏഴു സന്താനങ്ങളിൽ ഒരാളായിരുന്നു വള്ളുവർ. ഈ സന്താനങ്ങളെ എല്ലാം മാതാപിതാക്കൾ ഉപേക്ഷിച്ചു എന്നാണ് തമിഴ് ഐതിഹ്യം. ഉപേക്ഷിക്കപ്പെട്ട സന്താനങ്ങളിലൊരാളായിരുന്നു ഔവ്വയാർ. കണക്കനുസരിച്ച് വള്ളുവരുടെ ചേച്ചി. പാണനാരാണ് ഔവ്വയാർ എന്ന സങ്കല്പത്തെ ചേർത്തു വച്ച് ഇതു വായിക്കണം. ഒരു പ്രദേശത്ത് നിന്ന് ദേശാന്തരം നടത്തുമ്പോൾ കഥകൾക്കു വരുന്ന പരിണാമം ! മാതാനുപങ്കി എന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. ദമ്പതികൾക്ക് മക്കളുണ്ടായില്ല. ജാതിയിൽ പറയനായിരുന്നു വള്ളുവർ. ക്രിസ്തുവർഷാരംഭത്തിനടുത്ത് പറയഗോത്രക്കാർക്ക് രാജ്യത്ത് മുന്തിയ പരിഗണനയുണ്ടായിരുന്നിരിക്കണം. ജൈനമതവിശ്വാസിയായിരുന്നെന്നും ആ വഴിയ്ക്ക് സിദ്ധിച്ചതാണ് പാണ്ഡിത്യമെന്നും മറ്റൊരഭിപ്രായം. കേസരി പറയുന്നത് ഇദ്ദേഹം ബുദ്ധമതാനുയായിയും വിശാരദനുമാണെന്നാണ്. വള്ളോൻ പറയഗോത്രക്കാരുടെ പുരോഹിതനാണത്രേ. എന്നാൽ തെക്കൻ കേരളത്തിലെ പുലയരുടെ സ്ഥാനപ്പേരാണ് വള്ളോൻ എന്നത്. പുലയർക്കിടയിലെ അനുഷ്ഠാനങ്ങൾക്ക് നേതൃത്വം നൽകുന്നത് വള്ളോനാണ്. നദിയിൽ മീൻ പിടിക്കുന്നവൻ എന്നൊരർത്ഥവും വള്ളോൻ എന്ന പദത്തിനുണ്ട്. അണകെട്ടുമായി ബന്ധപ്പെട്ട്, കരികാലചോളനെ ഉപദേശിക്കത്തക്ക പദവി വള്ളുവർക്കുണ്ടായിരുന്നെന്നാണല്ലോ കഥകൾ കാണിക്കുന്നത്. രാജാവിന്റെ കർമ്മത്തലവൻ എന്ന അർത്ഥം അപ്പോൾ സാധുവാണ്. ജാതിയെയും വിശ്വാസത്തെയും പറ്റി മാത്രം എത്ര പക്ഷാന്തരങ്ങൾ ! നിളാതീരത്തെ അഗ്നിഹോത്രിയുമായി കാവേരീതീരത്തെ വള്ളുവർക്ക് ഏതോ തരത്തിലുള്ള ബന്ധം ഉണ്ടായിരുന്നു എന്നത് സംശയമില്ലാത്ത വസ്തുതയാണ്. കന്യാകുമാരിയിൽ 133 അടി ഉയരമുള്ള ഒരു വലിയ പ്രതിമയായി വള്ളുവർ ഉയർന്നു നിൽക്കുന്നു. ചെന്നൈക്കടുത്ത് തിരുവള്ളുവർക്കോട്ടവുമുണ്ട്. കേരളത്തിൽ വള്ളോനെ ഓർമ്മിക്കാൻ ഒന്നുമില്ല. കുടിയോ ക്ഷേത്രമോ മലയോ കാവോ പറമ്പോ ഒന്നും. അപ്പോൾ വള്ളോൻ തമിഴൻ തന്നെ ആയിരുന്നിരിക്കണം. നമ്മളദ്ദേഹത്തെ സാംസ്കാരികമായി സ്വാംശീകരിച്ചതാണ്.

തിരുക്കുറലാണ് വള്ളുവരുടേതായി ലഭിച്ചിട്ടുള്ള പുസ്തകം. ദ്രാവിഡവേദം എന്നും അതിനു പേരുണ്ട്. ധർമ്മത്തിലധിഷ്ഠിതമായി അർത്ഥവും കാമവും നേടുന്നതിനെപ്പറ്റിയാണ് കുറൾ (ഏറ്റവും ചെറിയ ഈരടി) ഉദ്ബോധിപ്പിക്കുന്നത്. വള്ളുവർ മുജ്ജന്മ കർമ്മഫലങ്ങളിൽ വിശ്വസിച്ചു. 113 അധികാരങ്ങളിലായി 1330 ഈരടികളുണ്ട് തിരുക്കുറലിൽ. അധികാരങ്ങളിൽ ആദ്യത്തെ 38 എണ്ണം ധർമ്മ (അറം) ത്തെപ്പറ്റിയാണ്. 70 എണ്ണം രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങളെപ്പറ്റിയും (പുറം) ബാക്കി 25 എണ്ണം കാമത്തെ/സ്നേഹത്തെ സംബന്ധിച്ചുമാണ്. എൽ വി രാമസ്വാമി കൊല്ലവർഷം 770 വൃശ്ചികമാസം 28-നു (ക്രിസ്ത്വബ്ദം 1595) എഴുതി തീർത്ത ഒരു മലയാളവിവർത്തനം രാമവർമ്മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ കുറലുകൾ ഇങ്ങനെ :

കുറൽ 208.
തീയവേ ചെയ്താർ കെടുതൽ നിഴൽ
തന്നെ വീയാതു അടി ഉറൈന്തറ്റു
ദോഷംഞ്ചൈവനക്കേടു അവനെത്തന്നെ
ചുറ്റി നിഴൽ പോലെ നിൽക്കും
കുറൽ 209.
തന്നെത്താൻ കാതലൻ ആയിൻ
എനൈതൊന്റു തുന്നർക തീവിനൈപ്പാൽ
തന്നെതനിക്ക സ്നേഹമുള്ളവൻ ഒരുത്തരെക്കുറിച്ച
കുറെഞ്ഞൊരു ദോഷമെങ്കിലും ചെയ്യായ്ക.

ഇതേ കുറലുകൾ എം ആർ ആർ വാര്യർ വിവർത്തനം (2003-ൽ) ചെയ്തിരിക്കുന്നത് ഇങ്ങനെ :

208.
വിനചെയ്‌വീടുവോൻ തന്റെ
വിനാശം നിഴൽ പോലവേ
അവനെ പിന്തുടർന്നോരോ
ചുവടും ചൂഴ്ന്നു നിന്നിടും
209.
തന്നിൽ താൻ സ്നേഹമർപ്പിക്കിൽ
ഒരു നേരവുമന്യരിൽ
അണുമാത്രമതെങ്കിലും
വിന ചെയ്യാതിരിക്കുക. (ഭാഷയും പരിഭാഷയും - എം പി സദാശിവൻ)

തിരുക്കുറലിനു 1875 - ൽ അഴകത്തു നാരായണക്കുറുപ്പിന്റെയും 1899-ൽ ഗോവിന്ദപിള്ളയുടേയും പരിഭാഷകളുണ്ടായി. പുറമേ എം ആർ വിജയനാഥൻ, മലമൽ ഗോപാലപ്പണിക്കർ, വടയാറ്റുകോട്ട കെ പരമേശ്വരപിള്ള, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, കെ ചെല്ലൻ നാടാര്, പി രാമകൃഷ്ണപിള്ള, പി ദാമോദരൻ പിള്ള, എസ് രമേശൻ നായർ, വെള്ളയാണി സുധാകരൻ - കുമാരമംഗലം ശ്രീകുമാർ (ഒന്നിച്ച്), ജി ബാലകൃഷ്ണൻ നായർ, ഷൈലജ രവീന്ദ്രൻ തുടങ്ങിയവരുടെ ഭാഷാന്തരങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്.

പുസ്തകം -
പന്തിരുകുലത്തിന്റെ പിൻ‌ഗാമികൾ - ഡോ. രാജൻ ചുങ്കത്ത്

February 5, 2010

തുടര്‍ച്ച (തമിഴ് കവിത)
കാലത്തിന്റെ
തടാകത്തില്‍
ഇന്നലെയുടെയും
നാളെയുടെയും
വലയങ്ങൾ
അവസാനമില്ലാതെ
വിടര്‍ന്നുകൊണ്ടേയിരിക്കുന്നത്
എന്തുകൊണ്ട്?

അതിൽ എറിയുന്ന
വെള്ളാരംകല്ലുകളെ
ഇന്ന് എന്ന്
വിളിക്കുന്നതുകൊണ്ട്.

- പ്രമിൾ (1939-1997)
ജനനം ശ്രീലങ്കയിൽ‍. 1975 -ൽ ഇന്ത്യയിൽ താമസമാക്കി. മൂന്നു കവിതാസമാഹാരങ്ങളും രണ്ട് കഥാസമാഹാരങ്ങളും രണ്ട് ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.