November 22, 2009

ഉടമസ്ഥത -തമിഴ് കവിതപരുന്തിന്‌
ആകാശം

മീനിന്
ജലം

കടുവയ്ക്ക്
കാട്‌
കന്നിന്
തൊഴുത്തു്

ദൈവത്തിന്
ക്ഷേത്രവും
പ്രേതത്തിന്
ശ്മശാനവും.

മനുഷ്യനു മാത്രമാണ് -
വീടും ലോകവും
അകവും പുറവും
നില്‍പ്പും ഓര്‍മ്മയും...

- വിക്രമാദിത്യന്‍
1947-ല്‍ ജനിച്ചു. 13 കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒപ്പം രണ്ടു ചെറുകഥാസമാഹാരങ്ങളും രണ്ടു ഗദ്യകൃതികളും. കവിതയ്ക്ക് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


ചിത്രം : www. browsei.com

November 16, 2009

ബുദ്ധിജീവികളുടെ സംസ്ഥാനസമ്മേളനംഒരിക്കല്‍ ഒരു പ്രസിദ്ധകവിയെ സഭ്യമല്ലാത്ത ഒരിടത്ത് വച്ച് ഒരു ആരാധകന്‍ കണ്ടുമുട്ടി. അപ്പോള്‍ കവിയ്ക്ക് ചുറ്റും സ്വതവേ ഉള്ള പ്രഭാവലയം ഉണ്ടായിരുന്നുമില്ല. ആരാധകന് ആകെ അദ്ഭുതമായി. കാരണം തിരക്കിയപ്പോള്‍ കവി പറഞ്ഞത് തന്റെ പ്രഭാവലയം ആള്‍ക്കൂട്ടത്തില്‍ തിക്കിതിരക്കുന്നതിനിടയില്‍ താഴെ വീണു പോയി എന്നാണ്. തിരക്ക് അസാധാരണമായിരുന്നതിനാല്‍ കുനിഞ്ഞെടുക്കാന്‍ പറ്റിയില്ല. ചീറി പാഞ്ഞു വരുന്ന വാഹനങ്ങള്‍ ഏതു സമയവും ഇടിച്ചിട്ടേക്കാം എന്നു തോന്നി. പ്രഭാവലയത്തേക്കാള്‍ വലുതല്ലേ ജീവന്‍ . അതു നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം പ്രഭാവലയം ഇല്ലാത്തതുകൊണ്ടല്ലേ ഇതുമാതിരിയുള്ള സ്ഥലങ്ങളില്‍ വരാന്‍ കഴിഞ്ഞത്. മാത്രമല്ല. ഏതെങ്കിലും രണ്ടാം കിടകവിയ്ക്ക് അതു കിട്ടുമായിരിക്കും. അയാള്‍ അര്‍ഹതയില്ലാതെ അതും തലയില്‍ ചൂടി നടക്കുന്ന കാഴ്ച കണ്ട് ഗൂഢമായി ആനന്ദിക്കാനുള്ള അവസരവും ഇനി കിട്ടുമല്ലോ..!

പ്രസിദ്ധീകരണയോഗ്യമല്ലെന്നു പറഞ്ഞ് തള്ളിക്കളഞ്ഞതും എഴുത്തുകാരന്റെ മരണശേഷം വെളിച്ചം കണ്ടതുമായ ഒരു കഥയാണ് മുകളില്‍ കൊടുത്തത്. എഴുതിയത് ലോകമെമ്പാടുമുള്ള സിംബലിസ്റ്റുകളുടെ പ്രിയകവി ബോദ്‌ലയര്‍ . ദൈവത്തിന്റെ ഭാവന അത്ര പോരെന്ന് തുറന്നടിച്ച ഫ്രഞ്ചുകാരന്‍. ഈ കഥയെ ഇല്ല്യൂമിനേഷന്‍സ് എന്ന വിഖ്യാത പുസ്തകമെഴുതിയ വാള്‍ട്ടര്‍ ബെഞ്ചമിന്‍ സാമൂഹികശാസ്ത്ര ദൃഷ്ട്യാ വ്യാഖ്യാനിച്ചിട്ടുണ്ട്. ഏതുതരം പരിവേഷവും ഒരു വച്ചുകെട്ടാണ് എന്ന ബോധ്യം നിസ്സാരമായ കാര്യമല്ല. എന്നാലും അതല്ല, കഥയുടെ അവസാനഭാഗത്തെ പരിഹാസമാണ് കുറച്ചുകൂടി ഗൌരവം അര്‍ഹിക്കുന്നത് എന്നാണെന്റെ തോന്നല്‍ . ഈ കഥ പങ്കുവയ്ക്കുന്ന ഭാവന, ഭയപ്പെടുത്തുന്ന തരം ഭൂരിപക്ഷ അജ്ഞതയെ സംബന്ധിച്ചും കൂടിയുള്ളതാണ്. ഈസോപ്പിന്റെ കഥയിലെ കുരങ്ങന്മാരെ ഉപദേശിക്കാന്‍ പോയ കുരുവിയുടേതിനു സമാനമായ ഏകാകിതയുടെയും പീഡനാനുഭവത്തിന്റെയും ഭാവതലമാണത്. ദൈനംദിനാനുഭവങ്ങളുടെ ഉപരിതലം മാത്രമാണ് സാധാരണജനം അറിയുന്നത്. അനുഭവഘടനകളുടെ ആഴം കവികള്‍ക്ക് പ്രത്യേകിച്ച് സര്‍ഗാത്മക എഴുത്തുകാര്‍ക്ക് മാത്രം പ്രാപ്യമായ സംഗതിയാണ്. അനുഭവത്തെ നിര്‍വ്യക്തികവും സാര്‍വജനീനവുമാക്കുന്നത് ഈ ആഴക്കാഴ്ചകളാണ്. ആ നിലയ്ക്കാണ് കവിയും ബുദ്ധിജീവിയാകുന്നത്. പഠനമനനങ്ങളിലൂടെ സവിശേഷമായി ആര്‍ജ്ജിച്ച ജ്ഞാനരൂപങ്ങളെ സാമൂഹികമോ സാംസ്കാരികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ പ്രശ്നങ്ങളുടെ വിശകലനത്തിനും പരിഹാരനിര്‍ദ്ദേശത്തിനുമായി പ്രയോഗിക്കുന്ന ഒരാളാണ് ബുദ്ധിജീവി. സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ കെല്‍പ്പുള്ള ഉന്നതമായ ചിന്തകള്‍ക്കും ദിനസരികളില്‍പ്പെട്ട് നട്ടം തിരിയുന്ന സാമാന്യഭൂരിപക്ഷത്തിനും ഇടയില്‍ പാലം പണിയുന്നത് എണ്ണത്തില്‍ കുറഞ്ഞ ഈ അനംഗീകൃത നിയമനിര്‍മ്മാതാക്കളാണ് എന്നൊരു പരമ്പരാഗത വിശ്വാസമുണ്ട്. പക്ഷേ ബുദ്ധിജീവിയ്ക്ക് വ്യാപകമായി ഒരു മഹിമാ പരിവേഷമില്ല. പ്രബുദ്ധകേരളത്തില്‍ ഒട്ടും ഇല്ല. കുളിക്കാത്ത, താടി വളര്‍ത്തിയ, പ്രത്യേകതരം വസ്ത്രം ധരിക്കുന്ന, അലസതയും പരാന്നജീവിതവും വ്രതമാക്കിയ, കടിച്ചാല്‍ പൊട്ടാത്ത വിചിത്രഭാഷയില്‍ സംസാരിക്കുന്ന ജീവിവര്‍ഗമായാണ് കേരളത്തിലെ സവിശേഷമായ സാംസ്കാരികാന്തരീക്ഷത്തില്‍ ബു.ജീ. ചിത്രങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇതിനൊരു കാരണം ചലനാത്മകതയുടെ കൂമ്പെന്നോ അടഞ്ഞുപോയ കേരളീയസമൂഹത്തില്‍ നിലനില്‍ക്കുന്ന ബുദ്ധിജീവികള്‍ വെറും പകര്‍പ്പുകള്‍ മാത്രമാണ് ഒര്‍ജിനലല്ല എന്ന പൊതുബോധത്തിന്റെ ശക്തമായ വിശ്വാസമാണ്. അപ്പോള്‍ മിമിക്രിയ്ക്കു കിട്ടുന്ന കൈയ്യടിയേ ഏതു ബുദ്ധിജീവി നാട്യത്തിനും ലഭിക്കൂ എന്നു വരുന്നു. രണ്ടാമത്തെകാരണം നിലവിലുള്ള ബുദ്ധിജീവികളുടെ, കാലത്തിനു ചേരാത്ത പെരുമാറ്റ രീതികള്‍ (ബുദ്ധിജീവികള്‍ വരും കാലത്തോടാണല്ലോ സംവദിക്കുന്നത്) സ്വതവേ പരിഹാസവും പരപുച്ഛവും മുഖമുദ്രയാക്കിയ ആള്‍ക്കൂട്ടത്തിനു രുചിക്കാതെ പോകുന്നതാവാം.

കാരണമെന്തായാലും ബുദ്ധിജീവി എന്നത് ഒരു കളിപ്പേരും തമാശയുമൊക്കെയാണ്. ഏതു നിലയ്ക്കായാലും ഇതൊരു ഭീകരമായ അജ്ഞതയുടെ ഫലമാണ്. ഒന്നുകില്‍ നമ്മുടെ സമൂഹത്തില്‍ ഒരു ധൈഷണിക വിഭാഗം ഇല്ലെന്നു മനസ്സിലാക്കാനുള്ള വിവേകം ബഹുഭൂരിപക്ഷം കൈയ്യാളണം. അല്ലെങ്കില്‍ ഉള്ളതെന്തായാലും അവരെ തിരിച്ചറിയാനും കൊള്ളാനും തള്ളാനും തക്കവിധത്തിലുള്ള ഒരു വിവര്‍ത്തനസമൂഹം രൂപപ്പെടുകയും അതുമായി നീക്കുപോക്ക് സാദ്ധ്യമായി വരികയും വേണം. ഇതു രണ്ടും സംഭവിക്കുന്നില്ല. ഈ വിടവാണ് നമ്മുടെ സാംസ്കാരികവും രാഷ്ട്രീയവുമായ വിനിമയങ്ങളെ എല്ലാം ഉള്ളുപൊള്ളയാക്കുന്നത്. ബൌദ്ധികനാട്യങ്ങള്‍ക്ക് കുറവൊന്നുമില്ല. പക്ഷേ ബൌദ്ധികതയുടെ ആധികാരികതയെക്കുറിച്ച് നമുക്ക് സംശയങ്ങള്‍ മാത്രമേ ഉള്ളൂ. അതെന്താ അങ്ങനെ? നിഖില്‍ പദ്ഗാവോങ്കറുമായി നടത്തിയ അഭിമുഖത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ സ്വതന്ത്ര ചിന്തകരില്‍ പ്രമുഖന്‍ എന്നു പേരുകേട്ടയാളും ഓറിയന്റലിസം എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ എഡ്വേഡ് സെയ്ദ് മനുഷ്യാവകാശലംഘനത്തിനും അനീതിയ്ക്കുമെതിരെ ഉണര്‍ന്നിരിക്കുക എന്നതാണ് ബുദ്ധിജീവികള്‍ എന്നു വിളിക്കപ്പെടുന്ന ധൈഷണികരുടെ ഒന്നാമത്തെ ചുമതല എന്നു തീര്‍ത്തു പറഞ്ഞു. നീതിയും അനീതിയും ആര്‍ക്കും എളുപ്പം തിരിച്ചറിയാനാവും. സാഹചര്യത്തോടുള്ള സവിശേഷമായ ബന്ധത്തില്‍ നിന്നാണ് ചരിത്രബോധം ആവശ്യപ്പെടുന്ന സത്യത്തിലേയ്ക്ക് ഒരാള്‍ക്ക് നടന്നു കയറാന്‍ പറ്റൂ.. ഈ സാഹചര്യം വ്യക്തിപരമോ സ്വന്തം സമൂഹത്തിന്റെയോ പരിമിതികളുടെയൊക്കെയോ ആവാം. സാഹചര്യങ്ങളെക്കുറിച്ചുള്ള ചിന്തയില്‍ മുഴുകിയിരിക്കുന്നതിനാല്‍ ബുദ്ധിജീവി ഒരിക്കലും സന്ദേഹമില്ലാത്തവനായി തീരില്ല. ഇതാണ് അയാള്‍ക്ക്/അവള്‍ക്ക് ശത്രുക്കളെ സമ്പാദിച്ചുകൊടുക്കുന്ന ഘടകം. അതേസമയം ദൈവത്തെ ആരാധിക്കുന്ന ബുദ്ധിജീവികളെ താനെന്നും ശക്തമായി തന്നെ എതിര്‍ക്കുമെന്നും സെയ്ദ് കൂട്ടിച്ചേര്‍ത്തു. സ്ഥായിയായ ഒരു മൂല്യബോധമാണ് ബുദ്ധിജീവിയെ ഭരിക്കേണ്ടത്. അതതുകാലത്തെ വീക്ഷണങ്ങള്‍ തങ്ങളുടെ കാഴ്ചപ്പാടിനെ തീണ്ടാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കണം. സത്യമെന്നതു ഒരിക്കലും കണ്ടെത്തുകയില്ലെങ്കിലും എന്താണു സാധ്യമെന്നതിനെക്കുറിച്ച് ഒരു അവബോധം എപ്പോഴും ഉണ്ടായിരിക്കേണ്ടതാണ്.

സെയ്ദ് നിര്‍ദ്ദേശിക്കുന്ന ബുദ്ധിജീവിചര്യകള്‍ ചില സംശയങ്ങള്‍ ന്യായമായും ഉണ്ടാക്കുന്നുണ്ട്. മൂല്യങ്ങളുടെ സ്ഥിരതയില്‍ ഊന്നുന്ന സെയ്ദ് എന്തിനു ദൈവം എന്ന മൂല്യസഞ്ചയത്തെ തള്ളിക്കളയുന്നു എന്നതാണ് ഒന്നാമത്തെ ചോദ്യം. എങ്കിലും, ധാര്‍മ്മിക ബോധത്തോടെയും ബുദ്ധിപരമായ ഉണര്‍വോടെയും ഇങ്ങനെയൊരു ബുദ്ധിജീവിയായിരിക്കുന്നതില്‍ എന്താണ് തകരാറ്‌? ഭാഷാശാസ്ത്രത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ വിപ്ലവകരമായ ഇടപെടലുകള്‍ നടത്തിയ നോം ചോംസ്കി ഒരഭിമുഖത്തില്‍ അറുത്തു മുറിച്ചു പറഞ്ഞു : “ഞാന്‍ ഒരു ബുദ്ധിജീവിയല്ല, ഭാഷാശാസ്ത്രജ്ഞനും മനുഷ്യനുമാണ്. ലോകരാഷ്ട്രീയ പ്രശ്നങ്ങളിലും സാമൂഹികപ്രശ്നങ്ങളിലും എന്റെ നിലപാടുകള്‍ മനുഷ്യനെന്ന നിലയ്ക്കുള്ളതാണ്. ” ഭാഷാശാസ്ത്രജ്ഞന്‍ എന്ന നിലയ്ക്കുള്ള സ്വാധീനത്തെ മറ്റു മേഖലയില്‍ പ്രയോഗിച്ചിട്ടില്ലെന്നും അതിനു പ്രത്യയശാസ്ത്ര പ്രതിഫലനങ്ങളില്ലെന്നും ചോംസ്കി പറയുന്നതിനെ സൂക്ഷിച്ച് വായിച്ചാല്‍ ബുദ്ധിജീവിയുടെ ചോംസ്കിയന്‍ നിര്‍വചനം നമുക്ക് തെളിഞ്ഞു കിട്ടും. ചോംസ്കി ബുദ്ധിജീവിയല്ലെങ്കില്‍ മറ്റാരാണ് ബുദ്ധിജീവി? മാര്‍ക്സ് തന്റെ നിര്‍വചനമനുസരിച്ച് താന്‍ ശരിയായ മാര്‍ക്സിസ്റ്റല്ലെന്നു പറഞ്ഞതുപോലെ ചോംസ്കി തന്റെ തന്നെ നിര്‍വചനത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു രക്ഷപ്പെട്ട് സത്യസന്ധനാവാനായിരിക്കും വിനയാന്വിതനാവുന്നത്. ബുദ്ധിജീവി നിര്‍വചനത്തിന്റെ പരിധികളെ വലുതാക്കിയ ചിന്തകന്‍ അന്തോണിയോ ഗ്രാംഷിയാണ്. ബുദ്ധിജീവികള്‍ സ്വതന്ത്രമായ ഒരു വര്‍ഗ്ഗമാണോ ഓരോ സാമൂഹിക വര്‍ഗ്ഗത്തിനും പ്രത്യേകം പ്രത്യേകം ബുദ്ധിജീവികളുണ്ടോ എന്നാണ് ഗ്രാംഷി അന്വേഷിച്ചത്.

സാഹിത്യകാരന്മാരോ ദാര്‍ശനികരോ കലാകാരന്മാരോ പത്രപ്രവര്‍ത്തകരോ പുരോഹിതന്മാരോ മാത്രമല്ല ഒരു സമൂഹത്തിലെ ബുദ്ധിജീവിവൃന്ദം. ഗ്രാംഷിയുടെ അഭിപ്രായത്തില്‍ സമൂഹത്തിലെ എല്ലാവരും ബുദ്ധിജീവികളാണ്. പക്ഷേ ബുദ്ധിജീവികള്‍ക്ക് സമൂഹത്തിലുള്ള കര്‍ത്തവ്യം എല്ലാവര്‍ക്കും ഇല്ലെന്നു മാത്രം. നമ്മളെല്ലാം ചിലപ്പോഴെങ്കിലും മുട്ട പൊരിക്കുകയോ പിന്നിക്കീറിയ തുണി തയ്ക്കുകയോ ചെയ്യാറുണ്ടല്ലോ. എന്നു വച്ച് നമ്മളെ ആരും പാചകക്കാരായോ തുന്നല്‍ക്കാരായോ കണക്കാക്കാറില്ല. ബുദ്ധിപരമായ ഇടപെടലുകള്‍ തീര്‍ത്തും ഒഴിവാക്കാവുന്ന ഒരൊറ്റ മാനുഷികപ്രവര്‍ത്തനവും ഇല്ല. അതുകൊണ്ട് ലോകത്തെക്കുറിച്ച് ഇന്നത്തെ ധാരണ നിലനിര്‍ത്തുന്നതിലോ അതു മാറ്റുന്നതിലോ പുതിയ ചിന്താസരണികള്‍ വെട്ടി തുറക്കുന്നതിലോ ഓരോരുത്തരും അവരുടേതായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കും. പിന്നെ എവിടെയാണ് വ്യത്യാസം? രണ്ടുതരം ബുദ്ധിജീവികളുണ്ടെന്ന് ഗ്രാംഷി. സമൂഹത്തിന്റെ പുരോഗതിയ്ക്ക് സഹായകമായ നിലപാടെടുക്കുന്നവരോട് ഒത്തുപോകുന്ന ജൈവം (ഓര്‍ഗാനിക്) എന്ന സംഘവും നേരത്തെ പറഞ്ഞ തരത്തിലുള്ള എഴുത്തു തൊഴിലാളികളും തൊണ്ട തൊഴിലാളികളും മാത്രം അടങ്ങിയ പരമ്പരാഗത (ട്രഡിഷണല്‍ ) സംഘവും. ഇവര്‍ തമ്മിലുള്ള സംഘര്‍ഷം ചരിത്രത്തിന്റെ സന്ധികളിലെല്ലാം ഉണ്ട്. അധികാരവുമായി ബന്ധപ്പെട്ട് എപ്പോഴും രൂപം കൊള്ളുന്ന പരമ്പരാഗതവിഭാഗങ്ങളെ കൂടെകൂട്ടാനും തങ്ങളുടെ ആശയഗതിയ്ക്കനുസരിച്ച് സ്വാധീനിക്കാനും ജൈവസംഘങ്ങള്‍ക്ക് കഴിഞ്ഞപ്പോഴൊക്കെയാണ് പല സമൂഹങ്ങളിലും വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായത്.

ലോകത്തെക്കുറിച്ചുള്ള ധാരണയുടെ അടിത്തറ, ചിന്തയും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമാണ്. പേശീ-നാഡീ സന്തുലിതാവസ്ഥ എന്നാണിതിനെ ഗ്രാംഷി വിളിക്കുന്നത്. ഈ പ്രവര്‍ത്തനമാണ് ഭൌതികലോകത്തെയും സാമൂഹിക ലോകത്തെയും തുടര്‍ച്ചയായി മാറ്റിക്കൊണ്ടിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യ അഭ്യസിക്കപ്പെട്ട തൊഴിലാളിയും പുത്തന്‍ ബുദ്ധിജീവിസങ്കല്‍പ്പത്തിന്റെ അടിത്തറയാണെന്ന് പറയുന്നത് അതുകൊണ്ടാണ്. ചിന്ത ഒരിടത്തും പ്രവര്‍ത്തനം മറ്റൊരിടത്തുമായി കേന്ദ്രീകരിക്കപ്പെട്ട് വ്യത്യസ്തമായ ദിശകളിലേക്ക് നീങ്ങിയാല്‍ സമൂഹത്തിന്റെ ചലനാത്മകത (മൊബിലിറ്റി) പ്രശ്നസങ്കുലമാവും എന്നു തന്നെയാണ് ചുരുക്കം. തീര്‍ത്തും പുരോഗമനപരമല്ലെന്ന് പറയാവുന്ന സമൂഹത്തിന്റെ കാപട്യങ്ങളില്‍ ഒരു വിള്ളല്‍ കാര്യമായി തന്നെ കാണാം. ചിന്താപ്രക്രിയ ഒരിക്കലും നശിക്കുന്നില്ല. ഇല്ലാതെയാവുന്നത് ശരിയായ ഒരു വിനിമയമാണ്. മനസ്സിലാകായ്ക. മനസിലാക്കാന്‍ വേണ്ടിയുള്ള ഉത്സാഹമില്ലായ്മ, മറുവശത്ത്, മനസ്സിലാക്കാന്‍ വേണ്ടിയുള്ള കാതലില്ലായ്മ. അതുകൊണ്ടുള്ള കപടനാട്യങ്ങള്‍ . ഈ രണ്ടാം പ്രത്യേകതകള്‍ തിരിച്ചറിയണമെങ്കില്‍ തന്നെ ബൌദ്ധികജാഗ്രതയും ധ്യാനമനസ്കതയും വേണമല്ലോ. അതു തിരിച്ചറിയിക്കാന്‍ പ്രാപ്തിയുള്ള ഏകാഗ്രമായ ഒരു ന്യൂനപക്ഷസമൂഹം ഉണര്‍ന്നിരിക്കണമല്ലോ. നമ്മളെത്ര വലിയ വിഷമസന്ധിയ്ക്കു നടുവിലാണെന്ന് തിരിച്ചറിയാന്‍ ഇത്രയും പോരേ? ആര്, ആരാവാനാണ് ശ്രമിക്കുന്നതെന്നൊരു പ്രശ്നം ഇവിടെയുണ്ട്. ബുദ്ധിപരമായ ഉയര്‍ച്ചയ്ക്കും സാമാന്യജനത്തിന്റെ പ്രവൃത്തികള്‍ക്കും ഇടയിലുള്ള പാലം പൊളിഞ്ഞ് അത് ഒരു ചരിത്രവസ്തുവായി ആദരിക്കപ്പെടുന്നതിന്റെ ഉത്സവാഘോഷങ്ങളാണ് സമൂഹത്തില്‍ പൊതുവേ കാണുന്ന ലാഘവമനോഭാവം. അതങ്ങനെ കൂക്കുവിളികളായി, തെറികളായി, ഭീഷണികളായി, ആക്രോശവും കാറിത്തുപ്പലുകളുമായി.. അങ്ങനെ അങ്ങനെ ...

വൈകുന്നേരത്തെ നാട്ടുക്കൂട്ടങ്ങളില്‍ പ്രാദേശിക ബുദ്ധിജീവി എന്ന വിശേഷണം ഇടയ്ക്കിടയ്ക്ക് നിറയുന്നതു കാണാം. ഇല്ലാത്ത ഒന്നിനു രൂപം നല്‍കുകമാത്രമല്ല ഗ്രേഡു നിശ്ചയിക്കുകയും കൂടി ചെയ്യുന്നിടത്തേയ്ക്ക് നീങ്ങിയിരിക്കുന്നു കാര്യങ്ങള്‍ . എടുത്തണിയാന്‍ എത്ര എത്ര പരിവേഷങ്ങളാണ് റോഡരികില്‍ നിന്നും നമുക്ക് കിട്ടുന്നത് ! കൂട്ടത്തില്‍ പറയട്ടേ, ഗ്രാംഷിയെ വിവര്‍ത്തനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യുമ്പോള്‍ പി ഗോവിന്ദപിള്ളയും ഇ എം എസും ബുദ്ധിജീവി എന്ന പേരിനെ മാറ്റി ‘ധൈഷണികര്‍ ’എന്ന വാക്കാണ് ഉപയോഗിച്ചത്. ഒരു വാക്കിനു വന്ന അപചയത്തിനു വ്യക്തമായ ഉദാഹരണം ! ഫിലിമോത്സവം തുടങ്ങുകയാണ്. വര @തല സുജിത്തിന്റെ കാര്‍ട്ടൂണുകളില്‍ ഇനി ബുജികള്‍ തലങ്ങും വിലങ്ങും നിറയും. എന്നാല്‍ പോലും ഇതൊന്നുമല്ല, ഈ പോസ്റ്റിന്റെ യഥാര്‍ത്ഥകാരണം. ഇതിനകം ബൂലോകത്ത് പലപാട് പ്രസിദ്ധമായി കഴിഞ്ഞ, അനോനിയുടെ കമന്റിലെ ആ പ്രസിദ്ധ വാചകമാണ്.

“ബുദ്ധിജീവിയാണത്രേ ബുദ്ധിജീവി....”

ചിത്രം : ടി കെ സുജിത്തിന്റെ വര@തലയിലെ ബുജി കാര്‍ട്ടൂണ്‍

November 9, 2009

ഒരു കപ്പ് കാപ്പി കൂടി പ്ലീസ്...കഫേകളെക്കുറിച്ചാലോചിച്ചപ്പോള്‍ ബി മുരളിയുടെ ഒരു മലയാള കഥയാണ് പെട്ടെന്ന് കയറി വന്നത്. ‘ച വര്‍ഗം താലവ്യമോ?’ പാരീസിയന്‍ കഫേയിലിരുന്ന് കാപ്പി കുടിക്കുകയും പരാജയപ്പെട്ട വിദ്യാര്‍ത്ഥിവിപ്ലവത്തിന്റെ നാനാവശങ്ങളെക്കുറിച്ച് തര്‍ക്കിക്കുകയും ഉത്കണ്ഠപ്പെടുകയും ചെയ്യുന്ന മാര്‍ത്തയെയും പിയറിയെയും ആന്ദ്രേയെയും പറ്റിയൊരു കഥ. പുന്നപ്രവയലാറിന്റെ ഓര്‍മ്മയുമായി അതില്‍ കുണ്ടംകുഴി രാമകൃഷ്ണനുമുണ്ട്. അയാള്‍ അന്ന് -അതായത് 1968-ല്‍ ‍- ഫ്രഞ്ചുകാരനായ വ്യൂഗോ രിസ്തായുമായിച്ചേര്‍ന്ന് പാരീസ് തെരുവുകളില്‍ ചിത്രങ്ങള്‍ വരച്ചു വിറ്റു നടക്കുകയായിരുന്നു. വിപ്ലവം ഇനി ഭാഷാശാസ്ത്രം വഴി എന്ന പരിഹാസമാണ് കഥയുടെ മൊത്തം ടോണ്‍ . തേവിടിശ്ശിക്കിളി എന്ന സമാഹാരത്തില്‍ മുകുന്ദന്റേതായിട്ടുമുണ്ട്, ‘കാപ്പിക്കടയില്‍ ‘ എന്നൊരു കഥ. അതു ഗോവയിലെ പെരേരയുടെ കടയാണ്. അവിടെ ബോബെന്ന അമേരിക്കന്‍ വെള്ളക്കാരനും മുകുന്ദനും രാജീവും ഐസക് തോമസും കൂടിയിരുന്ന് ഫ്രാന്‍സിസ് കപ്പോളയെപ്പറ്റി തര്‍ക്കിച്ചു. സാറാ ജോസഫിന്റെ കോഫീ ഹൌസി’ലിരുന്നവര്‍ തര്‍ക്കിച്ചില്ല ആണിടങ്ങളെയും നഗ്നത അശ്ലീലം എന്നിവയെയും പറ്റി വെളിപാടുകള്‍ കൊണ്ടു. ബാലചന്ദ്രന്‍ മുകുന്ദന്‍ ജോണ്‍ ക്ലീറ്റസ് റെജീന എന്നിവര്‍ . കോഫീ ഹൌസിനു പുറത്തപ്പോള്‍ കൊടുങ്കാറ്റ് ചീറ്റിയടിച്ചു. കോഫീ ഹൌസ് ആടി ഉലഞ്ഞു. ഹാരുകി മുറകാമിയുടെ നോവല്‍ ‘ആഫ്റ്റര്‍ ഡാര്‍ക്ക് ’ ഉറക്കമില്ലാത്ത ഒരു കഫേയില്‍ നിന്നാണ് തുടങ്ങുന്നത്. സമയം അപ്പോള്‍ 11.56. ഉറക്കമില്ലാത്തവരുടെയും ഉറങ്ങുന്നവരുടെയും വിചിത്രമായ കഥ. മേരി അസയ് അവിടെ നിന്നിറങ്ങി ദിവസങ്ങളായി ഉറങ്ങിക്കൊണ്ടേയിരിക്കുന്ന അവളുടെ സഹോദരി എറി അസയെ കെട്ടിപ്പിടിച്ചു കിടക്കുന്ന 6.52ന് നോവല്‍ അവസാനിക്കുകയും ചെയ്യുന്നു.

ഇല്ലാതെ പോകുന്ന ഒരിടത്തെയാണോ കഫേകള്‍ വിഭാവന ചെയ്യുന്നത്, ചര്‍ച്ച ചെയ്യുന്നതിന്, പ്രണയിക്കുന്നതിന്, കണ്ടു മുട്ടുന്നതിന് നൊമ്പരപ്പെടുന്നതിന് നിശ്ശബ്ദനാവുന്നതിനൊക്കെ കഫേ പലപാട് വന്നു മുട്ടി വിളിക്കുന്നുണ്ട്. സാഹിത്യത്തിലല്ല. നേരിട്ട്. അതൊരു കാലം. ക്യാമ്പസ്സുകളിലെ കഫേ സംവാദങ്ങള്‍ പില്‍ക്കാല ബൌദ്ധികനിലപാടുകള്‍ക്ക് നല്‍കിയ പിന്‍‌ബലത്തെക്കുറിച്ച് ചില ആത്മകഥനങ്ങളെങ്കിലും ഉള്‍പ്പുളകത്തോടെ തിരിഞ്ഞു നോക്കിയിട്ടുണ്ട്. (ഷാജഹാന്‍ മാടമ്പാടിന്റെ അരാവല്ലിയുടെ ഉദയാസ്തമയങ്ങള്‍ മുന്‍പിലുള്ള ഒരു ഉദാഹരണം) യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഉച്ച ഇടവേളകളില്‍ പാളയത്തെ പ്രസിദ്ധമായിരുന്ന കോഫീഹൌസിലേയ്ക്ക് ചിരിച്ചുല്ലസിച്ചു നീങ്ങിയ ആണ്‍പെണ്‍ സൌഹൃദങ്ങളെ, തൊട്ടടുത്ത സ്റ്റാര്‍ ഹോട്ടല്‍ സൌത്ത് പാര്‍ക്കിന്റെ മുകളില്‍ നിന്ന് നോക്കിക്കണ്ടിട്ടാണ് ഐ ജിയും എഴുത്തുകാരനുമായിരുന്ന കൃഷ്ണന്‍ നായര്‍ ‘ആടിയാടി ഉലയുന്ന യൌവനങ്ങളെ’ ഛെ ഛേ... എന്ന് പഴി പറഞ്ഞു കൊണ്ട് മുന്‍പ് കലാകൌമുദിയില്‍ ലേഖനമെഴുതിയത്. കോളേജിന്റെ ശതാബ്ദി ആഘോഷം നടക്കുന്ന വേളയില്‍ ആ വാരികയും ചുരുട്ടിപ്പിടിച്ചു നിന്ന് അന്ന് അന്‌വര്‍ അലി അതിനു ചുട്ട മറുപടി പറഞ്ഞു. വേദിയില്‍ ഉണ്ടായിരുന്ന കൃഷ്‌ണന്‍ നായര്‍ കമാ എന്നൊരക്ഷരം മിണ്ടാതെ സ്ഥലവിട്ടു. കാലം തൊണ്ണൂറുകളുടെ തുടക്കം. നഗരത്തിലെ കലാശാലായൌവനങ്ങളുടെ തര്‍ക്കങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും നെടുവീര്‍പ്പുകള്‍ക്കും കോഫീഹൌസിലെ വെന്ത കാപ്പിപ്പൊടിയുടെ മണമുണ്ടായിരുന്നു ഒരിക്കല്‍ . കേരളത്തിലുടനീളം രുചികളുടെ ഏകതാനത. തലപ്പാവു വച്ച പരിചാരകന്മാര്‍ . എത്രനേരം വേണമെങ്കിലും ഇരിക്കാമെന്ന സൌകര്യം. നഗരങ്ങളിലെ സ്ഥിരം കണ്ടുമുട്ടല്‍ ഇടം ! ഒരു കാപ്പിക്കപ്പുമായി മുഖാമുഖം നോക്കിയിരിക്കുന്ന ആണിനും പെണ്ണിനുമിടയില്‍ ചിലന്തിവല പിടിച്ചത് വരച്ചു വച്ചിരിക്കുന്ന ജോയി കുളനടയുടെ ഒരു കാര്‍ട്ടൂണ്‍ ഓര്‍മ്മവരുന്നു. എത്രകാലമായിക്കാണും അവരാ ഇരിപ്പു തുടങ്ങിയിട്ട് ! കോഫീഹൌസ് എന്നൊരു ബോഡുണ്ടായിരുന്നു പ്രണയമിഥുനങ്ങളുടെ തലയ്ക്കു മുകളില്‍ . തമ്പാനൂരത്തെ കാപ്പിക്കട ലാറിബേക്കര്‍ എന്ന കലാകാരനായ വാസ്തുശില്പിയുടെ ചെലവുകുറഞ്ഞ കെട്ടിടനിര്‍മ്മാണ വൈദഗ്ധ്യത്താല്‍ തലതൊട്ടനുഗ്രഹം നേടിയ ഒന്നാണ്. കാലം മാറി. അത് റസ്റ്റോറന്റല്ല ! അകത്തു കയറിയാല്‍ എന്താണ് തിരക്ക് !!

ഗ്രാമങ്ങളിലെ വായനശാലകള്‍ പോലെയല്ല. കഫേകളിലെ ഒത്തുച്ചേരലുകള്‍ക്കും തികഞ്ഞ സ്വകാര്യതകളുണ്ടായിരുന്നു. ഒരു ടേബിളില്‍ രാഷ്ട്രീയം, മറ്റൊരിടത്ത് സാഹിത്യം. കോഫീ ഹൌസുകളുടെ പ്രാമാണിത്തം അസ്തമിച്ചു തുടങ്ങിയപ്പോള്‍ പുതിയ തലമുറ കഫേകള്‍ നഗരത്തില്‍ സ്ഥാനം പിടിച്ചു തുടങ്ങിയതാണ്. സ്വിസ്സ് കഫേ, കഫേ മാഗ്നറ്റ്, കോഫീ ബീന്‍സ്... ഇന്നലെ മഴയത്ത് വെറുതേ വണ്ടിയോടിച്ച് പോകുമ്പോള്‍ ഈ പറഞ്ഞ കഫേകളെല്ലാം എ ടി എം കൌണ്ടറുകളും ഓഫീസുകളുമായി മാറിയിരിക്കുന്നു. വിശ്രമ ഇടങ്ങള്‍ ’ എന്നു വിളിക്കാവുന്ന കോഫീഷോപ്പുകള്‍ നഷ്ടത്തിലായിക്കാണും . ചിലന്തികള്‍ ദേഹത്ത് വലകെട്ടും വരെ അന്യോന്യം നോക്കിയിരുന്ന് പ്രേമിക്കുന്നവരുടെ വംശം കുറ്റിയറ്റതാവാം കാരണം. തിരുവനന്തപുരം നഗരം മാത്രം പിന്നോട്ടോടുകയാണോ എന്തോ? രാത്രി ഹോട്ടലുകള്‍ 11 മണിവരെ മാത്രം. ക്യൂ നിന്ന് ആഹാരം കഴിക്കാവുന്നതും ചായകുടിക്കാവുന്നതുമായ പകല്‍ ഹോട്ടലുകള്‍ക്കാണ് ഇപ്പോള്‍ പഥ്യം. കാപ്പിച്ചുവയുടെ ചൂടേറ്റ് ഏകാന്തമായി ഇരുന്ന് ചിന്തയെ തെരുപ്പിടിപ്പിക്കാന്‍ ഒരു സ്ഥലം ഇപ്പോള്‍ ആര്‍ക്കും ആവശ്യമില്ലാത്തതു പോലെ. കഫേകള്‍ സ്പെഷ്യല്‍ എക്കണോമിക് സോണുകളിലേയ്ക്ക് ഒതുങ്ങിയിരിക്കുന്നു എന്ന് ഒരു കൂട്ടുകാരി പറഞ്ഞു. ശരിയായിരിക്കും. പോയി കാണാനോ ചെന്നിരിക്കാനോ തത്കാലം നിവൃത്തിയില്ലാത്ത ഇടങ്ങളിലേയ്ക്ക് .

എന്തിനാണിങ്ങനെ ഗൃഹാതുരമായി പൊന്തകള്‍ തല്ലുന്നത് എന്നല്ലേ? ഒരു മുഴുനീള ചലച്ചിത്രത്തിന്റേത് അപ്പോള്‍ കഴിക്കുക, പോകുക എന്ന പ്രായോഗിക നയത്തിന്റേതാണെന്നും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളെ കലാപരമായി കോര്‍ത്തിണക്കിയ ലഘു ചിത്രങ്ങള്‍ കാപ്പിക്കടയിലെ മേശയ്ക്കു ചുറ്റുമുള്ള തിരക്കുപിടിച്ച ഒരു ചര്‍ച്ചയ്ക്കു പകരം വയ്ക്കാവുന്ന രൂപകം ആണെന്നും പരമാവധി വളഞ്ഞ വഴിയിലൂടെ പറഞ്ഞു കൊണ്ട് വരികയായിരുന്നു. രഞ്ജിത്തിന്റെ ‘കേരളാകഫേ’യെപ്പറ്റി. പല തരത്തിലുള്ള സൂപ്പര്‍ സ്റ്റാറുകളെ നിര്‍മ്മിക്കുകയും നിലനിര്‍ത്തുന്ന ചെയ്യുന്ന (അടൂരിന്റെ സിനിമയില്‍ അടൂരാണ് സൂപ്പര്‍ സ്റ്റാര്‍ തന്നെക്കാള്‍ പ്രതിഫലം തന്റെ ഏതെങ്കിലും സിനിമയില്‍ നടനു ലഭിച്ചാല്‍ സിനിമയെടുക്കുന്ന പരിപാടി അന്നു നിര്‍ത്തും എന്നാണ് അദ്ദേഹത്തിന്റേതായി അടുത്തകാലത്തു വന്ന ഉദീരണം) വ്യക്തികേന്ദ്രീകൃതമായ വ്യവസ്ഥയെ നോക്കി കൊഞ്ഞനം കുത്താനുള്ള ഒരു പഴുത് അതിനുള്ളില്‍ നിഹിതമാണ്. അതു മാത്രമല്ല. കഫേ ഒരു ദൃശ്യചിഹ്നമാകുന്നു. താത്കാലികമായ ഒരു ഇടത്തിന്റെ . അവിടെ നമ്മുടെ ദൃഷ്ടിയില്‍പ്പെട്ട ജീവിത മുഹൂര്‍ത്തങ്ങള്‍ എവിടുന്നോ തുടങ്ങിയതും എങ്ങോട്ടോ നീളുന്നതുമാണെന്ന തോന്നല്‍ ശക്തമാക്കാന്‍ താത്കാലികമായ ഇടത്തിനു പ്രത്യേക ശക്തിയുണ്ട്. അങ്ങനെയാണ് കഫേ ഒരു ഭാവചിഹ്നമാകുന്നത്. യാത്രാമുഖത്തിന്റെ വരമ്പത്ത്, തീവണ്ടിനിലയത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അത് അങ്ങനെയാണ് കാലവ്യത്യാസവും സ്ഥലവ്യത്യാസവും കൊണ്ട് സര്‍വഥാ വിവിധങ്ങളായ പത്ത് ജീവിതാഖ്യാന മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കാനുള്ള ശേഷി ആര്‍ജ്ജിച്ചിരിക്കുന്നത്.

ഇത്രയും പ്രയാസപ്പെട്ട് എഴുതി കഴിഞ്ഞപ്പോഴാണ് ലതീഷ് മോഹന്റെ ‘ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന മനോനിലയാണ് പ്രശ്നം’ എന്ന നല്ല ലേഖനം പുതിയ മാധ്യമത്തില്‍ കാണുന്നത്. എന്നാല്‍പ്പിന്നെ ഇനിയും പോച്ച തല്ലാതെ ഇതിവിടെ നിര്‍ത്തുന്നതല്ലേ നല്ലത് !
നിര്‍ത്തി !!

November 4, 2009

ഒരേ മുഖച്ഛായയുള്ള കല്ലുകള്‍വേതാളം വിക്രമാദിത്യന്റെ തോളില്‍ കയറി മറിഞ്ഞുംകൊണ്ട് പറഞ്ഞ കഥയാണ് . വാരാണസിയിലെ മുകുടശേഖരന്‍ എന്ന രാജകുമാരനും സമപ്രായക്കാരനായ മന്ത്രികുമാരനും ഒരു യാത്രയ്ക്കിടില്‍ സഖികളോടൊപ്പം കാട്ടുപ്പൊയ്കയില്‍ കുളിക്കുന്ന അതി സുന്ദരിയായ പെണ്‍കുട്ടിയെക്കണ്ടു. അവളുടെ സ്വര്‍ഗീയസൌന്ദര്യം കണ്ടുഭ്രമിച്ചു നിന്നുപോയ രാജകുമാരനെ സ്നേഹത്തോടെ കടാക്ഷിച്ചിട്ട് തടാകത്തില്‍ നിന്നൊരു താമരപൂവു പറിച്ച് ചെവിയില്‍ ചേര്‍ത്ത് അതിനെ കടിച്ചതിനു ശേഷം പാദങ്ങളുടെ പുറകുവശത്തിട്ടു. അനന്തരം മറ്റൊരു പൂവു പറിച്ചെടുത്ത് ശിരസ്സില്‍ വച്ചിട്ട് മാറോട് ചേര്‍ത്തു. എന്നിട്ട് അതും താഴെയിട്ട് തോഴിമാരൊടൊപ്പം മഞ്ചലില്‍ കയറി ധൃതിപിടിച്ചു അവിടെ നിന്നും പോയി.

അവളീ കാട്ടിക്കൂട്ടിയതിന്റെയൊക്കെ പൊരുളറിയാന്‍ വയ്യാതെ അന്തം വിട്ടു നിന്ന കുമാരന് ബോധോദയം ഉണ്ടാക്കിക്കൊടുത്തത് മന്ത്രിപുത്രനാണ്. പദ്മം പറിച്ചെടുത്തതില്‍ നിന്നും അവളുടെ പേര് പദ്മാവതിയാണെന്ന് ഊഹിക്കാം എന്ന് ബുദ്ധിമാനായ അദ്ദേഹം ഉണര്‍ത്തിച്ചു. അതു കര്‍ണ്ണത്തോട് ചേര്‍ത്തതുകൊണ്ട് കര്‍ണ്ണപുരമാണ് അവളുടെ സ്വദേശം. താമര കടിച്ചതിനാല്‍ ദന്തവടന്‍ എന്നാണ് അച്ഛന്റെ പേര്. ശിരസ്സില്‍ വച്ച് മാറോടു ചേര്‍ത്ത പൂവിന്റെ അര്‍ത്ഥം, പ്രഥമദൃഷ്ട്യാ തന്നെ അവള്‍ രാജകുമാരനില്‍ അനുരക്തയായി എന്നാണ്. അണുവിട തെറ്റാത്ത ഈ വിവരങ്ങള്‍ വച്ചാണ് ഒടുവില്‍ രാജകുമാരന്‍ കര്‍ണ്ണപുരത്തെത്തിയതും രഹസ്യമായി സംഗമിച്ചതും അവളെ വിവാഹം കഴിച്ചു സ്വരാജ്യത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോന്നതും. സാക്ഷാല്‍ ഗൌതമബുദ്ധന്‍ ഒരിക്കല്‍ ശിഷ്യന്മാരോട് സംസാരിക്കാനുദ്ദേശിച്ച് ഒരിടത്ത് ചെന്നു. ആയിരത്തിലധികം വരുന്ന ശിഷ്യന്മാര്‍ ഗുരുവിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ചെവിയോര്‍ത്തിരിക്കെ പെട്ടെന്നൊരു താമരപ്പൂവെടുത്ത് അദ്ദേഹം ഉയര്‍ത്തിക്കാട്ടി. തത്ത്വചിന്താപരമോ ആധ്യാത്മികമോ എന്തെങ്കിലും ആശയം ഇതിലുണ്ടാവും അതെന്താണെന്ന് പുകഞ്ഞാലോചിച്ചിട്ടും കിട്ടാതെ ശിഷ്യന്മാരുടെ തലയിലെ വിജാഗിരി ഇളകി. കുറേനേരം കഴിഞ്ഞപ്പോള്‍ മഹാകാശ്യപ്പ എന്ന ശിഷ്യന്‍ നിറഞ്ഞ് പുഞ്ചിരിക്കുവാന്‍ തുടങ്ങി. ആ ചിരി കണ്ട് ബുദ്ധനും ചിരിച്ചു. അന്യോന്യം മുഖം നോക്കിയ ചിരികള്‍ മുന്നില്‍ വച്ചിട്ട് ആകെക്കൂടി എന്താണിതിന്റെയൊക്കെ അര്‍ത്ഥം എന്ന കാര്യത്തില്‍ ബുദ്ധസാന്ന്യാസിമാര്‍ക്കിടയില്‍ പല തര്‍ക്കങ്ങളും ഉണ്ട്. വിയറ്റ്നാമില്‍ നിന്നുള്ള തിച്ച് നാറ്റ് ഹാന്‍ (Thich Nhat Hanh) എന്ന ലോകപ്രസിദ്ധനായ ബുദ്ധമതസന്ന്യാസി ഈ സംഭവത്തിന് ലളിതമായ വ്യാഖ്യാനമെഴുതുന്നു. അതിങ്ങനെയാണ്. “ഒരാള്‍ നിങ്ങളെ ഒരു പുഷ്പം കാണിക്കുമ്പോള്‍ ആ പുഷ്പം മാത്രം കാണുക. പുഷ്പം കാണിക്കുന്നത് എന്തിനെന്നു ചിന്തിച്ചുകൊണ്ടിരുന്നാല്‍ നിങ്ങള്‍ പുഷ്പം ശരിക്കും കാണുകയില്ല.” കാപ്പികുടിക്കുമ്പോള്‍ കാപ്പി മാത്രം കുടിക്കുക പത്രം വായിക്കുമ്പോള്‍ പത്രം മാത്രം വായിക്കുക കാപ്പികുടിക്കുകയും പത്രം വായിക്കുകയും ചെയ്യുമ്പോള്‍ കാപ്പികുടിക്കുകയും പത്രം വായിക്കുകയും മാത്രം ചെയ്യുക എന്നു പറയുന്ന പോലെ.

പക്ഷേ... തിച്ച് നാറ്റ് ഹാമിന്റെ സിദ്ധാന്തം അതേ പടി, കാലം തെറ്റി വെളിപ്പെട്ട ബോധമായി മി. മുകുടശേഖരനിലേയ്ക്ക് മന്ത്രികുമാര സൂക്തമായി കയറിപ്പറ്റിയിരുന്നെങ്കില്‍ ടി കക്ഷിയ്ക്ക് പദ്മാവതി എന്ന അതിസുന്ദരിയെ ഭാര്യയാക്കാന്‍ കഴിയുമായിരുന്നോ? വേതാളത്തിന് വിക്രമാദിത്യനെ കുഴപ്പിക്കുന്ന ഒരു ചോദ്യം കെട്ടാന്‍ പറ്റുമായിരുന്നോ? വിക്രമാദിത്യകഥയുടെ അനുസ്യൂതി തന്നെ തകരാറിലാവുമായിരുന്നില്ലേ?

അപ്പോള്‍ ഏതാണു ശരി?

ലാവോത്‌സു കാട്ടിലൊരിടത്ത് ഒരു മരം മാത്രം ശാഖകള്‍ പടര്‍ത്തി പന്തലിച്ചു നില്‍ക്കുന്നതുകണ്ടിട്ട് വിവരം അന്വേഷിക്കാന്‍ ശിഷ്യനെ വിട്ടു. ഒരു ‘പ്രയോജനവുമില്ലാത്ത മര’മായിരുന്നു അത് . തടി മരപ്പണിക്ക് പറ്റില്ല. ഇലകള്‍ ഒരു ജന്തുവും തിന്നില്ല. വെട്ടിക്കീറി വിറകാക്കി കത്തിക്കാമെന്നു വച്ചാല്‍ പുക വന്നു കണ്ണു നീറ്റും. ഒരു നിലയ്ക്കും കൊള്ളില്ല. ലാവോത്‌സു പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു. ‘ഉപയോഗശൂന്യതയുടെ ഉപയോഗം നിങ്ങള്‍ കണ്ടില്ലേ?’ അപ്പോള്‍ മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമായ ക്ഷണിക ജീവിതമല്ലി കാമ്യം’ എന്ന ആപ്തവാക്യം പ്രശ്നത്തില്‍ കുടുങ്ങുമല്ലോ? ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി പൊഴിച്ച് ആയുസ്സു കുറക്കണോ ‘ഉപയോഗക്ഷമതയുടെ അല്ലലുകളില്ലാതെ’ ആയുസ്സു നീട്ടണോ?ഇതാണ് യഥാര്‍ത്ഥ പ്രശ്നം. ഇതേ കഥയെ ബെര്‍തോള്‍ഡ് ബ്രഹ്റ്റ് ഉപയോഗിച്ചതിനെപ്പറ്റി വാള്‍ട്ടര്‍ ബെഞ്ചമിന്‍ എഴുതിയിട്ടുണ്ട്. ഉപയോഗമില്ലാത്ത മരത്തിന്റെ കാട്ടില്‍ നാം എത്തിയതുപോലെയാണ് കാഫ്കയുടെ കൃതികളുടെ വായനാ അനുഭവം എന്ന്. ഉപയോഗമില്ലാത്ത പാഴ് തടികളാണ് അതില്‍ നിറയെ. കാഫ്കയുടെ കൃതികളില്‍ ആധ്യാത്മികതയുടെ നിഴല്‍ വീണു കിടക്കുന്നതിനാലാണ് അതു മുഴുവന്‍ ശുദ്ധ അസംബന്ധമാണെന്ന് ബ്രെഹ്റ്റ് പറയുന്നത്. പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കപ്പെടുന്നത് മറ്റെവിടെയോ ആണെന്ന ധ്വനിയാണല്ലോ അതില്‍ മുഴുവന്‍ . അതായത് ജീവിതത്തില്‍ വീണുകിടക്കുന്ന നിഴലുകളെ നോക്കി ലാവോത്‌സു ചിരിച്ച ചിരി ബ്രെഹ്റ്റില്‍ കടുത്ത ഒരു നെറ്റിചുളിപ്പായി മാറിയിരിക്കുന്നു.

ഏതാണ് ശരി?

ഇതേ ബ്രഹ്റ്റാണ് ചോദിച്ചത് :
‘ഏഴു ഗോപുര വാതിലുള്ള തീബിസ് നഗരം പണിതതാരാണ്?
ചില രാജാക്കന്മാരുടെ പേരുകളാണ്
പുസ്തകത്തില്‍ കാണുന്നത്
പക്ഷേ കല്ലു ചുമന്നത് ഈ രാജാക്കന്മാരായിരുന്നോ?
പലവട്ടം തകര്‍ന്ന ബാബിലോണ്‍
വീണ്ടും വീണ്ടും കെട്ടിപ്പൊക്കിയത് ആരായിരുന്നു?
യുവാവായ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യ കീഴടക്കി.
ഒറ്റയ്ക്കോ?
സീസര്‍ ചക്രവര്‍ത്തി ഗാളുകളെ കീഴടക്കി
കൂടെ ഒരു കുശിനിക്കാരന്‍ പോലും ഉണ്ടായിരുന്നില്ലേ?
ഓരോ താളിലും ഒരു വിജയഗാഥ
പക്ഷേ സദ്യ ഒരുക്കിയതാര്?

ബ്രഹ്റ്റ് വലിയ പുള്ളിയൊക്കെയാണ്. അരിസ്റ്റോട്ടിലിയന്‍ നാടകസങ്കല്‍പ്പത്തെ തിരുത്തിയ മസ്തിഷ്കമാണ്. തികഞ്ഞ കമ്മ്യൂണിസ്റ്റാണ്. ലോകപ്രസിദ്ധനാണ്. ശരി. പക്ഷേ കല്‍പ്പറ്റ നാരായണന്‍ ‘കുറിക്കുകൊള്ളുന്ന കവി’യില്‍ തിരിച്ചു ചോദിക്കുന്നു :

ബ്രെഹ്റ്റ്,
താങ്കളുടെ പരിഹാസം കുറിക്കു കൊണ്ടു
രാജാക്കന്മാരാണോ കല്ലും മണ്ണും ചുമന്നത്?
പക്ഷേ, ബ്രെഹ്റ്റ്
അപ്പോള്‍ നിരപരാധികളെ തൂക്കിലിട്ടത്
ആരാചാരാണെന്ന് വരില്ലേ?
മാത്രമല്ല, ബ്രെഹ്റ്റ്
ചുമക്കുന്നത് താജ്മഹലിനുള്ള കല്ലും മണ്ണുമാണെന്ന്
പണിയുന്നത് ശത്രുക്കള്‍ക്കും കടന്നു വരാനുള്ള പാലമാണെന്ന്
ഉന്നം വച്ചത്
തന്റെ യഥാര്‍ത്ഥ മിത്രത്തെയാണെന്ന്
അവരറിഞ്ഞിരുന്നെന്നും വരില്ലേ?


-അല്ലേ? ആണെന്നു പറഞ്ഞാല്‍ ബ്രെഹ്റ്റിന്റെ പരിഹാസം കുറിക്ക് കൊണ്ടെന്നാണോ അര്‍ത്ഥം, കൊണ്ടിട്ടില്ലെന്നാണോ? ബ്രഹ്ത് പറഞ്ഞത് ശരിയല്ലേ? അപ്പോള്‍ കല്‍പ്പറ്റ ചോദിച്ചതോ? പല ശരികള്‍ മുഖാമുഖം നില്‍ക്കുന്നതിനിടയില്‍ ചെന്നു പറ്റിയാലുണ്ടാവുന്ന കുഴമാന്തത്തെയാണ് വൈരുദ്ധ്യം എന്ന സ്വയമ്പന്‍ വാക്കു കൊണ്ട് നാം ഒതുക്കുന്നത്.

അനു:
മരണത്തെക്കുറിച്ച് കുഴക്കുന്ന ചോദ്യം ചോദിച്ച നചികേതസ്സിനെ യമന്‍ പ്രലോഭനങ്ങള്‍ വച്ചുനീട്ടിയും വിനയം നടിച്ചുമാണ് അനുനയിപ്പിക്കാന്‍ ശ്രമിച്ചത്. ജീവിക്കാന്‍ വേണ്ടതെല്ലാം യമന്‍ , വാജിശ്രവസ്സിന്റെ പുത്രന്‍ നചികേതസ്സിനു വച്ചു നീട്ടി. അതേ സമയം ഡയണീഷ്യസ് ദേവതയുടെ അടുത്ത കൂട്ടുകാരനായ സെലിനാസിനെ വളരെ ക്ലേശിച്ച് കണ്ടുപിടിച്ച് ജീവിതത്തെപ്പറ്റി ചോദ്യം ചോദിച്ച മിഡാസ് ചക്രവര്‍ത്തിയെ അങ്ങേയറ്റത്തെ പുച്ഛത്തോടെയും വിഡ്ഢി എന്ന വിളിയോടെയുമാണ് സെലിനാസ് നേരിട്ടത്. എന്നിട്ട് ‘ജനിക്കാതിരിക്കുക - അതു പറ്റാത്തതുകൊണ്ട് കഴിയുന്നത്ര വേഗം മരിക്കുക.’ അതാണ് മനുഷ്യന് ഏറ്റവും കാമ്യമായിട്ടുള്ളതെന്ന് ഉപദേശിച്ചു.

അതെന്താ അങ്ങനെ?