April 6, 2013

4. ഒറ്റ സ്നാപ്പിൽ എന്തെല്ലാം ഒതുങ്ങും?


അദ്ധ്യാപക പരിശീലനം നടക്കുമ്പോൾ ഭൂരിപക്ഷം മധ്യവയസ്കർക്കും പഠിപ്പിക്കുന്ന പിള്ളാരെപ്പറ്റി കുറ്റമേ പറയാനുള്ളൂ എന്നു കാണാം. സ്ഥിരം പതിവാണ്. പുതിയ തലമുറയിൽ കള്ളത്തരം പറയാനുള്ള പ്രവണത കൂടി വരുന്നു, മൊബൈൽ ഫോൺ വന്നതോടെ പിള്ളാരു വഴി പിഴച്ചു, ഇപ്പോൾ പിള്ളാരുടെ താത്പര്യം പഠിത്തത്തിലല്ല, മറ്റു പലതിലുമാണ്. കുട്ടികൾ സ്കൂളിൽ/ കോളേജിൽ പഠിക്കാൻ പോണോ പ്രേമിക്കാൻ പോണോ എന്നതാണ് ഇന്നത്തെ കാതലായ വിഷയം. "തന്റെ സമ്മതമില്ലാതെ പോകാൻ പാടില്ല അകത്തേയ്ക്ക് പോകാനല്ലേ പറഞ്ഞത്' എന്ന് ആജ്ഞാപിക്കുന്ന അപ്ഫനോട് 'എന്നെ ബാധിക്കണ കാര്യത്തില് എന്റെ സമ്മതം നോക്യേ കഴിയൂ, ആർക്കെങ്കിലും പിടിച്ചു കൊടുക്കാനൊന്നും തരാവില്യാ, അകത്തേയ്ക്കല്ലാ പുറത്തേക്കന്ന്യാ പോണ്' എന്നും പറഞ്ഞ് ഇറങ്ങി പോകുന്ന ദേവസേനയ്ക്ക് 13 വയസ്സാണ് പ്രായം. നാടകം 'തൊഴിൽ കേന്ദ്രത്തിലേയ്ക്ക്. 1948 ലാണ് അന്തർജ്ജന സമാജം ഈ നാടകം അവതരിപ്പിച്ചത്. അന്ന് ദേവസേനയെന്ന പതിമൂന്നുകാരി ‘പുറത്തേയ്ക്ക്’ എന്ന് പറഞ്ഞത് വിവാഹ കാര്യവും കൂടിയാണ്. നങ്ങേമക്കുട്ടി എന്നൊരു കാവ്യം ഇല്ലേ, ഒളപ്പമണ്ണയുടെ. സ്ത്രീപീഡനം എന്ന സങ്കല്പം പ്രചാരമാവുന്നതിനു മുൻപേ, പഠിപ്പിച്ച അദ്ധ്യാപകനാൽ ഗർഭിണിയായ കുട്ടിയുടെ കഥയാണ്. അതിന്റെ നിരൂപണങ്ങൾ ഇന്നു വായിക്കുക. ലീലാവതി പറയുന്നത് ആണിന്റെ ഭീരുത്വമാണ് ആ കൊച്ചു പെൺകുട്ടിയുടെ ജീവിതത്തെ ദുരന്തമാക്കിയതെന്നാണ്. അയാൾ സമൂഹത്തിന്റെ ഇരയാണ്. വാസനകൾക്കു പിന്നാലേ ഓടി എന്നതു ശരിയാണ്, പക്ഷേ തന്റെ അപമാനത്തെയോ ഭയത്തെയോ ഒരു കുട്ടിയുടെ ദുരന്തത്തിനുപരി കണ്ടു എന്നതു മാത്രമായിരുന്നു അയാളുടെ പ്രശ്നം. ആണെന്ന് ഇന്ന് ഒരു പോലീസുകാരനും പറയില്ല. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതാണ് കേസ്. ശാരീരികബന്ധത്തെ സമ്മതിക്കാനുള്ള നിയമപരമായ പ്രായം പോലും കുട്ടിയ്ക്കായിരുന്നില്ല.

 ‘അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് ’എഴുതിയ വി ടി ഭട്ടതിരിപ്പാട് കഥകളും എഴുതിയിട്ടുണ്ടായിരുന്നു. രജനീരംഗം, പോം വഴി, വെടിവട്ടം...നമ്പൂതിരിവീടുകളിലെ അകായിലെ തീ തിന്ന ജീവിതങ്ങളാണ് പ്രമേയമെങ്കിലും അതിലെ തേതികൾക്ക് വയസ്സ് 12നും 13നും അപ്പുറം പോകുന്നില്ല. ദാ : “തത് സമയം ക്ഷേത്രനടയിൽ വരി വരിയായി കത്തിക്കൊണ്ടിരുന്ന ജീപജ്ജ്വാലയേറ്റ്  ആ കൊണ്ടൽപ്പുരിക്കുഴലാളുടെ കോമളാമളാംഗം മാറ്റു കൂടിയ ലളിത സുവർണ്ണശലാകപോലെയും  ചുരുണ്ടിരുണ്ടു തുമ്പുകെട്ടി നിതംബബിംബം മറയത്തക്കവിധം ഇട്ടിരിക്കുന്ന കേശപാശം കാളിന്ദിയിലെ കല്ലോലമാല പ്പോലെയും നേത്രാകർഷകമായിരുന്നു.” ഇതൊക്കെ ‘കൌമാരദശയിൽ നിന്ന് ഹൃദയാവർജ്ജകമായ യൌവനദശയിലേയ്ക്ക് കാലൂന്നി തുടങ്ങിയിരിക്കുന്ന ആരബ്ധയൌവനയായ  പത്തു പന്ത്രണ്ടു വയസ്സിലധികം പ്രായമായിട്ടില്ലാത്ത  മധുരാംഗിയു’ടെ വർണ്ണനായാണ്. ഇതിന്റെ മർമ്മരമാണ്, കാമുകന്റെ ഒരു ഭാവി ജീവിതവാഗ്ദാനത്തിനിടയിൽ സീൽക്കാരമായി മാറിപ്പോകുന്നതും. മനസ്സിലായില്ലേ ഇതാണു നമ്മുടെ ഭൂതകാലം. എല്ലാം മറന്നു കൊണ്ടാണ് കുറ്റം മൊബൈൽ ഫോണിനും ഇന്റെർനെറ്റിനും നൽകി ആളുകൾ പൊന്നമ്പലമേടു കയറുന്നത്. +2 വന്നശേഷം പിള്ളാരുടെ സദാചാരം പോയെന്നു കൂവുന്നവർക്ക് ചരിത്രം വല്ലതും അറിയണോ? അപ്പോൾ തിരൂരിലെ ഒരു കോളേജിൽ പ്രണയം ഔദ്യോഗികമായി തന്നെ നിരോധിച്ചതിനും മുലകൾ വസ്ത്രത്തിൽ പൊതിഞ്ഞായാലും പുറത്തു കാണാതിരിക്കാൻ തിരുവനന്തപുരത്തെ വനിതാകോളേജിൽ ബിരുദ ബിരുദാനന്തര തലത്തിൽ ഓവർ കോട്ട് ചേർന്ന യൂണിഫോം ഏർപ്പെടുത്തിയതിനും കാരണം എന്താവും?  മൊറാലിറ്റി ഇത്രയും രൂക്ഷമായി പള്ളിക്കൂടങ്ങളിൽ കയറിക്കൂടാനുള്ള കാരണം ( നിങ്ങൾക്കറിയാമോ, അക്കാദമിക് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനേക്കാൾ സമയവും ബുദ്ധിയും പ്രേമം കാമം തുടങ്ങിയ കാര്യങ്ങൾക്കായി നീക്കു വച്ചിരിക്കുകയാണ് സ്കൂളുകളിൽ) മതത്തിലധിഷ്ഠിതമായ പാഠ്യപദ്ധതിക്രമം അതിന്റെ ആരംഭകാലം തൊട്ടു ഒളിച്ചു കടത്തിയതു തന്നെയാണെന്ന് അടുത്തകാലത്ത് ഒരു ഗവേഷണ ലേഖനം കണ്ടു. മിഷനറിപ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു അദ്ധ്യാപനം. ആൺ പെൺ പള്ളിക്കൂടങ്ങളെ പ്രത്യേകം പ്രത്യേകമാക്കി അതു നിഷ്ഠയാക്കിയതാണ്. ബ്രഹ്മചാരിത്വമാണ് അറിവിന്റെ ഉപസ്ഥിതിയ്ക്ക് പ്രേരകമെന്ന ചിന്ത ഇവിടെയും ഉണ്ടായിരുന്നു. കഴുത്തിലെ അവിവാഹിതന്റെ ബാഡ്ജായ തോലും അച്ചടക്കത്തിന്റെ പഴകിയ കയറും പൊട്ടിച്ച തോലന്റെ വിപ്ലവത്തെ വിപ്ലവമായി ആരും കണ്ടില്ല. പക്ഷേ കാലോചിതമായി കാര്യങ്ങളെ പരിഷ്കരിക്കാൻ കെൽ‌പ്പില്ലാത്ത ഒരു സമൂഹമായി നമ്മൾ മാറി പോയിരുന്നു. അതും നമുക്കു ലഭിച്ച വിദ്യാഭ്യാസം സാധ്യമാക്കിയെടുത്ത രഹസ്യ അജണ്ടയാണോ എന്നറിയില്ല. കേട്ടു നോക്കൂ അദ്ധ്യാപകരുടെ തന്നെ ഉപദേശപ്രസംഗങ്ങൾ. അവയിലെ  വിടവ് ഇത്രയധികമായി എങ്ങനെ മുന്നേറുന്നു?

'തനിച്ചു മഴനനയുന്നവർ' തൊട്ട് സോമയെഴുതിയ കഥകളിൽ കാലക്രമമുണ്ട്. ‘ഒറ്റസ്നാപ്പിൽ’ അതു വിവാഹത്തിന്റെ പ്രശ്നങ്ങളിലേയ്ക്ക് കയറുന്നു. ശശിയെ ഇടയ്ക്ക് കണ്ടപ്പോൾ ക്യാമ്പസ്സിലെ മിൽമാ ബാറിലിരുന്ന് ( അതു തന്നെ തനിച്ചു മഴനനയുന്നവരിലെ മഞ്ചണാത്തി മരത്തിന്റെ തണലിലുള്ള ആ മിൽമാ ബാർ!) ഒരു കഥ വായിച്ച കാര്യം പറഞ്ഞു. അത് ഇതിനൊക്കെ മുൻപേ ഉൾലതായിരുന്നു ‘അബോധത്തിന്റെ നിയമങ്ങൾ’ അന്നത് ക്ഷണിക്കാതെ കേട്ടു കൊണ്ടിരുന്ന തോമസു കുട്ടി അബോധത്തിനും നിയമമോ എന്ന് പറഞ്ഞ് കളിയാക്കി ചിരിച്ചെന്നും ഒരു സ്വർണ്ണ മത്സ്യത്തിന്റെ വാലാട്ടലിൽ എവിടെയോ വച്ച് ആ കഥ നിന്നു പോയെന്നും പറഞ്ഞു. ഞാൻ ഒന്നു കൂടി ഡയറിക്കുറിപ്പുകൾ തപ്പി. ക്യാമ്പസ് പ്രണയകാലത്തെ കഥയാവാനാണു സാധ്യത. അതെന്റെ കയ്യിൽ ഇല്ല. കൂട്ടത്തിൽ കിട്ടിയ മറ്റൊരു കഥയിൽ നാലുമണിപൂക്കളും ചുവന്ന കുപ്പായമിട്ട പുസ്തകവും എല്ലാം കൂടി ചേർന്ന് ടി പദ്മനാഭനെപോലെയിരിക്കുന്നു. ആത്മം ഒരുപാടു കൂടിയതിനാൽ വല്ലാതെ ചെടിക്കുന്നൊരു ചീന്ത്. ഒരു കഥ ഒറ്റയ്ക്കു നിൽക്കുകയല്ല. അതിൽ കാലം അൽ‌പ്പാല്പം അലിഞ്ഞു ചേരുന്നുണ്ട്. പെട്ടെന്ന് അതിൽ മറ്റൊരാരോ എഴുതിയ ഒരു താളു മറിയും. ഒരു നിമിഷം നമ്മൾ ആരെയാണു വായിക്കുന്നതെന്നറിയാതെ അന്തം വിടും ! ദൈവമേ അന്തം വിടും എന്നാണോ ഞാൻ പറഞ്ഞത്! അത് അതിശയോക്തിയാണ്. കോട്ടുവായിടും എന്നാണ് പറയേണ്ടിരുന്നത്. ഇടതു കൈ കൊണ്ട് മറച്ച് !

കഥ
 
                                4.  ഒറ്റസ്നാപ്പിലൊതുങ്ങുന്ന ചില ചിത്രങ്ങൾ

ഹരിതയെ കിടക്കയോടു കൂടി ആരോ തീവയ്ക്കാന്‍ പതുമ്മി അണയുന്നതു കണ്ടു കൊണ്ടാണ് മാളവിക ഉറക്കം ഞെട്ടി എഴുന്നേറ്റത്.. അടുത്തടുത്ത ദിവസങ്ങളില്‍ അതേ സ്വപ്നം ആവർത്തിച്ചപ്പോള്‍ അവള്‍ രജനിയെ വിളിച്ചു. ഫോണില്‍ ആദ്യ ഉപചാരങ്ങൾ പങ്കിട്ടു കഴിഞ്ഞപ്പോള്‍ തന്നെ തനിക്ക് സ്വപ്നത്തെക്കുറിച്ച് പറയാന്‍ കഴിയില്ലെന്ന് മാളുവിനു മനസ്സിലായി.
“വെറുതെ വിളിച്ചെന്നേയുള്ളൂ...” അവള്‍ കള്ളം പറഞ്ഞു.

രജനി പുതിയ ജോലിയെക്കുറിച്ചും സ്വന്തം വീടുകളില്‍ പോലും കൌമാരപ്രായക്കാരായ പെണ്‍‌കുട്ടികള്‍ സുരക്ഷിതമല്ലാതാവുന്നതിനെപ്പറ്റിയുള്ള കേസുകള്‍ തന്റെ മുന്നില്‍ കുമിയുന്നതിനെക്കുറിച്ചും വാചാലയാവുന്നത് മൂളിക്കേട്ടു.
ഫോണ്‍ വയ്ക്കുന്നതിനു മുൻപ് രജനി, വായിച്ചുകൊണ്ടിരിക്കുന്ന ഒരു പുസ്തകത്തെക്കുറിച്ചു പറഞ്ഞു. ഒരാളിന്റെ പല ഭാര്യമാര്‍ തമ്മിലുള്ള ബന്ധത്തെപ്പറ്റി. മുഗളരാജാക്കന്മാരുടെ ഭാര്യമാരുടെ പെരുമാറ്റരീതികള്‍ സൂക്ഷ്മമായി പഠിച്ചാണത്രേ ലേഖിക -അവരും സൈക്കോളജിസ്റ്റാണ്‌ -പുസ്തകം രചിച്ചിട്ടുള്ളത്. “മ്മ്... മുഗളരാജാക്കന്മാരുടെ.... “മാളവിക മനസ്സില്‍ പറഞ്ഞു. ഫോണ്‍ വച്ചപ്പോഴേയ്ക്കും അപ്പുറത്ത് ഹരിതയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു.

ഹരിതയുടെ ഒച്ചയ്ക്ക് വല്ലാത്തൊരു വശ്യതയുണ്ടെന്ന് മാളുവിന് ഇടയ്ക്കിടയ്ക്ക് തോന്നാറുണ്ട്.. പ്രത്യേകിച്ച് അവള്‍ ഒറ്റയ്ക്ക് ഒച്ചയെടുക്കുമ്പോള്‍. രാവിലെയെഴുന്നേറ്റാല്‍ അയലത്തെ വീട്ടിലേയ്ക്ക് പാളി നോക്കുന്നത് എപ്പോള്‍ മുതലാണ് ശീലമായതെന്ന് ഓർക്കുന്നില്ല. ഹരിത കിടന്നുറങ്ങുന്ന മുറിയുടെ പാതി തുറന്ന ജനാല..
ടെറസ്സിനു മുകളില്‍ നനച്ചിട്ടിരിക്കുന്ന അവളുടെ പാവാട, ജാക്കറ്റ് അല്ലെങ്കില്‍ സ്കൂള്‍ യൂണിഫോമിന്റെ ഭാഗമായ ഷാൾ...
അവ ഒറ്റയ്ക്കു കിടക്കുന്നതു കാണുമ്പോള്‍ വല്ലാത്തൊരു ദുഃഖം വന്നു മനസ്സു നിറയ്ക്കുന്നു...

“പത്താം ക്ലാസിലായി..ഇനി ഇവളെ പിടിച്ച് ഒരുത്തനെ ഏൽ‌പ്പിക്കുന്നതു വരെ..” മതിലിനപ്പുറം നിന്ന് ലീലച്ചേച്ചി എപ്പോഴും സംഭാഷണമാരംഭിക്കുന്നത് ഇങ്ങനെയായിരിക്കും. ഈ പ്രായത്തിലുള്ള പെൺകുട്ടികളുടെയൊക്കെ അമ്മമാർക്ക് എപ്പോഴും ഒരേ മുഖച്ഛായയാണ്. റോഡിലിറങ്ങിയാല്‍ അവരെല്ലാം പരപരാന്ന് കടന്നു പോകുന്നവരെയെല്ലാം ദീന മുഖത്തോടെ പകച്ചു നോക്കും. ഹരിതയ്ക്ക് ഉറക്കത്തില്‍ സംസാരിക്കുന്ന പതിവുണ്ട്. അവളുടെ മുറിയില്‍ ആരാണ് രാത്രി കയറിയതെന്നറിയാന്‍ ലീലച്ചേച്ചി ഇടയ്ക്കിടയ്ക്ക് വന്ന് ലൈറ്റിട്ട് നോക്കും.

“ഈ അമ്മയ്ക്ക് വട്ടായി എന്നു തോന്നണ് ചേച്ചി..” അവരുടെ അടുക്കള വാതില്ക്കലിന്റെ പടിയില്‍ ഉറക്കം തീരാത്ത മുഖവുമായിരുന്ന് ഹരിത രാവിലെ വിളിച്ചു പറഞ്ഞു. അവരുടെ അടുക്കളയില്‍ അകത്തു നിന്ന് ഹരിത ആഹാരം കഴിക്കാത്തതിനെ കുറ്റപ്പെടുത്തുന്ന ലീലേച്ചിയുടെ ശബ്ദം കേൾക്കാം. മാളവിക ശബ്ദമുണ്ടാക്കാതെ ചിരിച്ചു.
ഹരിത പത്താം ക്ലാസ്സിലായപ്പോള്‍ തുടക്കത്തില്‍ മാളവികയോട് അവൾക്ക് ട്യൂഷനെടുക്കാമോ എന്നു ലീലേച്ചി ചോദിച്ചിരുന്നു‍.അവർക്ക്  മറ്റാരെയും വിശ്വാസമില്ല. പ്രസാദ് ഓഫീസില്‍ നിന്ന് എത്തുന്നതു വരെയുള്ള ടൈം പാസ്. ചരിത്രം മതി എന്ന്‍ വിചാരിച്ച് ആ പുസ്തകം വാങ്ങി വായിച്ചു തയ്യാറാക്കി വച്ചു.. “മുഗള രാജാക്കന്മാരുടെ.....‘ ഹരിതയ്ക്ക് അങ്ങനെ പഠിക്കാനും താത്പര്യമുണ്ടായിരുന്നില്ല. പഠിപ്പിക്കുന്നതിൽ തനിക്കുള്ള വിരുതു കുറവാണ് കാരണം എന്നു മാളവിക കരുതി. സ്കൂളുകളില്‍ പഠിപ്പിക്കുന്ന ടീച്ചർമാരെയല്ലാതെ കുട്ടികള്‍ ആരെയും അംഗീകരിക്കില്ല.

എങ്കിലും സന്ധ്യയായാലുടന്‍ ഹരിത കുറേ പുസ്തകങ്ങളുമായി മാളവികയുടെ അടുത്തെത്തും എന്നിട്ട് പാഠപുസ്തകങ്ങൾക്കു പുറത്തുള്ള ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കും. മോഡലിംഗിനെക്കുറിച്ച്. ഫാബ്രിക് പെയിന്റുകളെക്കുറിച്ച്. ഫാഷന്‍ ഡിസൈനിങ്ങിനെക്കുറിച്ച്. പിങ്കു പൂക്കൾക്കു നടുവിൽ മഞ്ഞവൃത്തമിടുന്നത് കറുത്ത ബ്രോഡിംഗിന് എത്ര യോജിക്കും എന്ന്.

‘’നിനക്ക് അതിനും വേണ്ടിയുള്ള പ്രായമായിട്ടില്ല..കുറച്ചുകൂടിയൊക്കെ വളർന്നു  കഴിഞ്ഞ് ചിന്തിച്ചാല്‍ പോരെ അതൊക്കെ..?” മാളവിക മടുപ്പോടെ ചോദിച്ചു. “ അമ്മയെ നീ വീട്ടു ജോലികളില്‍ സഹായിക്കണം. ” മാളവിക ഉപദേശിച്ചു. “ ലീലേച്ചിയ്ക്ക് എന്നും നിന്നെപ്പറ്റി പരാതിയാണല്ലോ..”
“ഞാന്‍ കറികളൊന്നും വച്ചാല്‍ ശരിയാവില്ല ചേച്ചി..‘ ഹരിത താത്പര്യമില്ലാതെ പറഞ്ഞു. ”അമ്മയ്ക്ക് ഞാന്‍ പഠിക്കാത്ത സമയത്തൊക്കെ വീടു തൂത്തുകൊണ്ടിരിക്കണം.”

ഹരിത ഏതോ ടി വി പരിപാടിയുടെ അവതാരകയാവാന്‍ അപേക്ഷിച്ചിരുന്നു. ഇന്റെർവ്യൂവിന് ഹാജരാകാന്‍ പറഞ്ഞു വന്ന കത്ത് ലീലച്ചേച്ചിയുടെ കയ്യില്‍ കിട്ടി. അവരതു വായിച്ച് കലിതുള്ളി നടന്നു. ഒരൊറ്റ ദിവസം കൊണ്ട് അവരുടെ അസുഖം മൂർച്ചിച്ചു. കിടക്കയില്‍ ശ്വാസം കിട്ടാതെ പിടയുമ്പോഴും അവര്‍ ഹരിതയെ ചീത്ത വിളിച്ചു. മാളവിക നോക്കുമ്പോള്‍ അവള്‍ യാതൊരു ഭാവഭേദവുമില്ലാതെ അമ്മയുടെ നെറ്റി തലോടിക്കൊണ്ടിരിക്കുന്നു.

“ഇവൾക്കിത് എന്തിന്റെ കേടാ...”
അത്താഴം കഴിക്കുന്നതിനിടയില്‍ കുറച്ചു ശബ്ദമുയർത്തി  മാളവിക ആരോടെന്നില്ലാതെ ചോദിച്ചു.
പ്രസാദ് തലയുയർത്തി മാളവികയെ പകച്ചു നോക്കി. ടി വിയിലെ അവതാരകർക്ക്  പ്രായം കുറഞ്ഞു വരുന്നതിലെ ആശങ്കയിലേയ്ക്ക് ഹരിതയുടെ പ്രശ്നത്തെ അവള്‍ മാറ്റി പ്രതിഷ്ഠിച്ചു. പ്രസാദ് ആഹാരം കഴിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചു.
“സ്കൂള്‍ കുട്ടികള്‍ കൊഞ്ചിക്കുഴയുന്നതില്‍ എന്താണിത്ര കാണാനുള്ളത്?“ മാളവിക പറഞ്ഞു. “എന്നിട്ടും പരിപാടികളവതരിപ്പിക്കാന്‍ പിള്ളാരെ പിടിക്കാന്‍ നടക്കുന്നതു കാണുമ്പോള്... !”

വെജിറ്റബിള്‍ കുറുമയെടുക്കാനാഞ്ഞ അവളുടെ കൈതട്ടി പാത്രത്തിന്റെ മൂടി തെറിച്ച് തറയില്‍ വീണു കറങ്ങി.
“‘കുട്ടികളുടെ മുതിർച്ച എവിടെ വച്ചു തുടങ്ങുന്നു എന്നു പലപ്പോഴും പറയാന്‍ കഴിയില്ല. അവരും സ്വതന്ത്ര വ്യക്തിത്വങ്ങളാണെന്ന് തിരിച്ചറിഞ്ഞത് ചാനലുകാരാണ്. അങ്ങനെ വിചാരിച്ചാല്‍ മതി.” പ്രസാദ് ആ വിഷയം നീട്ടിക്കൊണ്ടു പോകാന്‍ താത്പര്യമില്ലാതെ മട്ടില്‍ പറഞ്ഞു. ആ ശബ്ദത്തിന്റെ അപരിചിതത്വം മാളവികയെ പെട്ടെന്ന് നിശ്ശബ്ദയാക്കി.
ടെറസ്സില്‍ ആരോടോ പ്രസാദ് ശബ്ദം കുറച്ച് ഫോണില്‍ സംസാരിക്കുന്നതു കണ്ടിട്ടാണ് മാളവിക ഉറങ്ങാന്‍ പോയത്.
രാത്രി കാര്യമില്ലാതെ ഉറക്കം ഞെട്ടി. ഫയര്‍ എഞ്ചിന്‍ റോഡിലൂടെ പാഞ്ഞു പോകുന്ന ശബ്ദം താന്‍ വ്യക്തമായി കേട്ടു എന്ന് മാളവിക വിചാരിച്ചു. പ്രസാദ് അപ്പോഴും വന്ന് കിടന്നിട്ടില്ല. മുറിയില്‍ കമ്പ്യൂട്ടറില്‍ ചാറ്റും മെയിലുമായി ഇരിക്കുകയായിരിക്കണം.

മാളവിക കൈയെത്തി ജനാല വാതിലിലൊരെണ്ണം തുറന്നിട്ടു നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം നോക്കിക്കിടന്നു‍. ഇടയ്ക്കൊരു പൊട്ടിച്ചൂട്ടു കത്തി പൊലിഞ്ഞു. രാത്രി നിശ്ശബ്ദയായിരുന്നു. പ്രസാദിനെ വിളിച്ചുകൊണ്ടുവന്നാലോ എന്നവള്‍ ആലോചിച്ചു. പിന്നെ വേണ്ടെന്നു വച്ചു. ലീലേച്ചിയും ഇപ്പോള്‍ ഉറക്കം വരാതെ കിടക്കുകയാവണം. മുകളിലത്തെ മുറിയില്‍ ഹരിത, ഉറക്കത്തില്‍ സംസാരിക്കുന്നത് എന്താണെന്നു ശ്രദ്ധിച്ചു കൊണ്ട്. ഇരുട്ടിലെ പൂച്ചയെപ്പോലെ അങ്ങനെ അവളുടെ സ്വകാര്യ ലോകത്തിലേയ്ക്ക് ഓരം പറ്റി കടന്നു കയറാന്‍ കൊതിച്ചു കൊണ്ട്...

ഉറക്കത്തില്‍ സംസാരിക്കുന്നവര്‍ ഉള്ളിലൊരുപാട് കാര്യങ്ങള്‍ ഒതുക്കി വച്ചവരായിരിക്കും എന്ന് എവിടെയോ കേട്ടിട്ടുണ്ട്. പക്ഷേ അവരുടെ സംസാരം സ്ഥിരമായി ശ്രദ്ധിച്ചാലും ഒരാൾക്കു ഒന്നും മനസ്സിലാകണമെന്നില്ല. പാവം ലീലേച്ചി.
രാവിലെ പ്രസാദ് കുളിക്കാന്‍ കയറിയപ്പോള്‍ ആകസ്മികമായാണ് മേശപ്പുറത്ത് വച്ചിരിക്കുന്ന ക്യാമറ കണ്ണിൽ‌പ്പെട്ടത്. പുട്ടിനു വേണ്ടി ഇളക്കിവച്ച തേങ്ങാപ്പീരയുടെ നനവ് സാരിയില്‍ തുടച്ച് അവള്‍ അതെടുത്തു നോക്കി. വിവാഹത്തിന്റെ ആദ്യകാലങ്ങളിലെ ചില മധുരമായ ഓർമ്മകള്‍ വഹിക്കുന്ന ഇങ്ങനെ ചില സാധനങ്ങള്‍ പ്രസാദിന്റെ ശേഖരത്തിലുണ്ടെന്ന് ഓർമ്മിച്ചിട്ടു തന്നെ കുറേക്കാലമായി. പ്രസാദ് എന്തിനായിരിക്കും ഇപ്പോഴത് അലമാരയില്‍ നിന്നെടുത്തത്?
അവള്‍ വെറുതെ അതോണ്‍ ചെയ്ത് എടുത്തു വച്ചിരിക്കുന്ന ചിത്രങ്ങള്‍ നോക്കി. അതിലൊന്നുമുണ്ടായിരുന്നില്ല. എല്ലാം ഡിലീറ്റ് ചെയ്തിരിക്കുന്നു. അടുക്കളയില്‍ വന്നപ്പോള്‍ മനസ് അതാലോചിച്ച് പിടയ്ക്കാന്‍ തുടങ്ങി. തിരക്കു പിടിച്ച് പ്രസാദ് എന്തിനാണ് അതിനുള്ളിലുണ്ടായിരുന്ന ചിത്രങ്ങളെല്ലാം മായ്ച്ചുകളഞ്ഞത്?

പ്രാതല്‍ കഴിച്ച് അയാള്‍ പുറത്തിറങ്ങുന്നതു വരെ അക്കാര്യം ചോദിക്കാൻ അവളുടെ മനസ്സ് വെമ്പിക്കൊണ്ടിരുന്നു. പ്രസാദ് അസാധാരണമായ വിധത്തില്‍ നിശ്ശബ്ദനായിരുന്നു. ഉറക്കം ശരിയാവാതെയുണ്ടാവും. ഓഫീസില്‍ കാര്യങ്ങള്‍ വിചാരിക്കുന്ന രീതിയില്‍ നീങ്ങുന്നുണ്ടാവില്ല. നിസ്സാര പ്രശ്നമായാലും പെട്ടെന്ന് വാടി പോകുന്ന സ്വഭാവമുണ്ട് പ്രസാദിന്. അയാൾബൈക്കോടിച്ചു മറഞ്ഞപ്പോള്‍ ക്യാമറയുടെ കാര്യം ചോദിക്കാത്തതു നന്നായി എന്നവള്‍ ആശ്വസിച്ചു. അപ്പോള്‍ ബാഗും തൂക്കി ഹരിതയിറങ്ങി ഓടുന്നതു കണ്ടു. അവൾക്ക്  സമയമായിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് ഇത്ര ധൃതിവയ്ച്ചോടുന്നത്? തന്റെ മനസ്സില്‍ അനാവശ്യങ്ങള്‍ ഇങ്ങനെ വന്ന് നിറയുന്നതില്‍ മാളവികയ്ക്ക് അസ്വസ്ഥത തോന്നി. മറ്റുള്ളവരുടെ കാര്യത്തില്‍ ഇങ്ങനെ അമിത ശ്രദ്ധ നല്ലതല്ല. ചിലപ്പോള്‍ മനസ്സ് കടിഞ്ഞാണ്‍ വിട്ടാണ് സഞ്ചരിക്കുന്നത്.

ഉച്ചയ്ക്ക് ഊണെടുത്ത്കഴിക്കാന്‍ വയ്ക്കുമ്പോഴേയ്ക്കും മതിലിനപ്പുറം നിന്ന് ലീലേച്ചി വിളിച്ചു. സ്വതവേ കമ്പിച്ച ശബ്ദം, പരിഭ്രമം കൊണ്ട് കൂടുതല്‍ ചിതറിയിരുന്നു. എടുത്തു വച്ച ചോറ് അടച്ചു വച്ചിട്ട് മാളവിക അങ്ങോട്ട് ചെന്നു. ഹരിതയുടെ മുറിയിലാണ് അവർ.

“ഇതു നോക്ക് മാളവികേ.....ഈ ഫോട്ടോ വച്ചാണ് അവള്‍ അപേക്ഷ അയച്ചത്..ഇതവൾക്ക്  ആരാണ് എടുത്തു കൊടുത്തതെന്ന് എനിക്കറിഞ്ഞുകൂടാ..? നിലവിളിക്കും പോലുള്ള ശബ്ദത്തില്‍ ലീലേച്ചി പറഞ്ഞു.
മാളവിക ഫോട്ടോയിലേയ്ക്കു നോക്കി. അതൊരു വല്ലാത്ത ചിത്രമായിരുന്നു. പതിനഞ്ചു വയസ്സുകാരി പെണ്ണല്ല അവിടെ. ബാക്ക് ലൈറ്റില്‍ തീജ്വാല പോലെ പാറുന്ന ചെമ്പന്‍ മുടിയും വശ്യമായ പുഞ്ചിരിയും ദുരൂഹമായ നോട്ടവുമുള്ള അപരിചിതയായ ഒരു സ്ത്രീ..!

നടുക്കു പിങ്കു വൃത്തങ്ങളോടു കൂടിയ മഞ്ഞപ്പൂക്കള്‍ നിറഞ്ഞ കറുപ്പു ചോളി.. അതങ്ങനെ ഇറുകിപ്പിടിച്ച് ..
മാളവികയ്ക്കു ഉള്ളിലൊരാന്തലുണ്ടായി..

ഒറ്റനോട്ടത്തില്‍ ആ കറുത്ത ഇളം മിഴികളുടെ ചൂട് ഉള്ളിലേറ്റു എന്നവൾക്കു തോന്നി. ഒന്നു കൂടി ഫോട്ടോയിലേയ്ക്കു നോക്കാന്‍ അവൾക്കു  പേടിയായി. വെറുമൊരു കുട്ടിയ്ക്ക് ഇങ്ങനെ നോക്കാന്‍ കഴിയുമോ?

ലീലേച്ചി ഹരിതയുടെ സാധനങ്ങള്‍ പഴയതു പോലെ തിരിച്ചു വയ്ക്കുന്നതിനിടയില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവരുടെ സ്വരത്തില്‍ ഒരു തരം ഭയം വന്നു നിറഞ്ഞു കൊണ്ടിരുന്നു. അവരെ സ്വന്തം ആധികൾക്ക് ഒറ്റയ്ക്കു വിട്ടു കൊടുത്തിട്ട് മാളവിക തിരിച്ചു പോന്നു. പ്രസാദിന്റെ മുറിയില്‍ കയറി കുറേ നേരം എന്തു ചെയ്യണമെന്നറിയാതെ നിന്നു.
പ്രസാദ് വല്ലാതെ ക്ഷീണിതനായി തിരിച്ചെത്തി. പക്ഷേ പതിവു ആശ്വാസവാക്കുകളുമായി മാളവിക പിന്നാലെ കൂടിയില്ല. ഇടയ്ക്കെപ്പോഴോ ലീലേച്ചിയുടെ ഒച്ച കേട്ടതായി അവൾക്കു തോന്നി. ഹരിതയെ വഴക്കു പറയുന്നതായിരിക്കും. ഒരു ഫോട്ടോയുടെ നാലതിരുകളില്‍ നിന്ന് പുറത്തേയ്ക്കു നോക്കിയ ഒരു മുഖത്തിന്റെ കരുത്ത് അതു തിരുത്തി. ഹരിതയ്ക്ക് എന്തോ ഒരു ധൈര്യമുണ്ട്. ലീലേച്ചിയ്ക്ക് എത്തിപ്പിടിക്കാവുന്നതിലും ഉയരത്തിലായ സ്ഥിതിയ്ക്ക് ആ ഒച്ച എന്തു ചലനമുണ്ടാക്കാനാണ്?

പാത്രങ്ങള്‍ കഴുകി വച്ചു വന്നപ്പോഴേയ്ക്കും പ്രസാദ് ഉറങ്ങിക്കഴിഞ്ഞിരുന്നു. കിടപ്പുമുറിയുടെ വാതില്‍ ചാരി മാളവിക മട്ടുപ്പാവിലെ ഇരുട്ടില്‍ ചെന്നു നിന്നു. അടുത്ത വീടുകളില്‍ വിളക്കുകള്‍ ഓരോന്നായി അണയുന്നു. ഹരിതയുടെ മുറിയിലെ ലൈറ്റ് കെടുത്തിയിട്ടില്ല. അവള്‍ പഠിക്കുകതന്നെയായിരിക്കുമോ? അടച്ചിട്ട ജനാലയ്ക്കുള്ളില്‍, മുറിയില്‍ ചില നിഴലനക്കങ്ങള്‍ കാറ്റു തട്ടി വസ്ത്രങ്ങള്‍ പാറുന്നതാവാം. ഉള്ളിലെ കമ്പനങ്ങളെ നടന്ന് തണുപ്പിക്കേണ്ട പ്രായമായിട്ടില്ല ഹരിതയ്ക്ക്. പക്ഷേ അതു തുടർന്നുക്കൊണ്ടിരുന്നു.

ഒറ്റയ്ക്ക് അങ്ങനെ അയല്പക്കത്തെ അടച്ചിട്ട ഒരു മുറിയിലേയ്ക്കു നോക്കി നിൽക്കുന്നതിന്റെ കുറ്റബോധം മെല്ലെ മനസ്സിലരിക്കാന്‍ തുടങ്ങിയപ്പോള്‍ മാളവിക മുറിയിലേയ്ക്കു തിരിച്ചു പോന്നു.

ഇരുട്ടില്‍ ചാരിക്കിടന്ന കിടപ്പുമുറിയുടെ ഉള്ളില്‍ നിന്നും കേട്ട നനുത്ത ശബ്ദങ്ങള്‍ അവളെ പെട്ടെന്ന് അദ്ഭുതപ്പെടുത്തി. പ്രസാദപ്പോള്‍ ഉറക്കത്തില്‍ സംസാരിക്കുകയായിരുന്നു. തന്റെ മുന്നില്‍ വീണു തെറിച്ച് അവ്യക്തമായിക്കൊണ്ടിരിക്കുന്ന ഖരങ്ങൾക്കും  അനുനാസികൾക്കും  മുന്നില്‍ ഒരു നിമിഷം മാളവിക നിസ്സഹായയായി നിന്നു. ലീലച്ചേച്ചിയുടെ വ്യാകുല മുഖമാണ് അവൾക്കിപ്പോള്‍ ഓർമ്മവ വന്നത്. അബോധത്തിന്റെ നിയമങ്ങളെ അഭിമുഖീകരിക്കാന്‍ മടിച്ച് അവള്‍ കണ്ണുകളിറുക്കിയടച്ച് അയാളുടെ ശരീരത്തെ സ്പർശിക്കാതെ ഒതുങ്ങിച്ചെന്നു കിടന്നു.

അതിദീനമായ വികലശബ്ദങ്ങളോടെ ആ ഖരാക്ഷരങ്ങളുടെ ക്രമം തെറ്റിയ ഘോഷയാത്ര തീരെ പ്രതീക്ഷിക്കാതെ അവസാനിച്ചു. മാളവിക കുറച്ചു നേരം കൂടി കാതോര്ത്തുക. ഒരു ദീർഘശ്വാസവും കടന്നു നീണ്ട ആ നിശ്ശബ്ദതയില്‍ അവള്‍ കൂടുതല്‍ ജാഗ്രതയുള്ളവളായി മാറി. ആശ്വാസത്തിനു പകരം അസ്വസ്ഥത തന്നില്‍ ഉടലെടുക്കുന്നതു അവള്‍ തിരിച്ചറിഞ്ഞു. പ്രസാദ് സ്വന്തം ദ്വീപിലേയ്ക്ക് തോണി തുഴയുന്നത് തന്നെ തനിച്ചാക്കിയിട്ടാണെന്ന നോവ് അവളില്‍ ഒഴുകി നിറഞ്ഞു കൊണ്ടിരുന്നു. ആ മുറിയിലെ ഇരുട്ടില്‍ പുകമഞ്ഞുപോലെ ഏകാന്തത ഖനീഭവിക്കുന്നതിനു മുന്പ് , ഉള്ളില്‍ കിനിഞ്ഞ നനവിനാല്‍ പതിവിലേറെ ചൂടു പിടിച്ചു പൊള്ളുന്ന പ്രസാദിന്റെ ശരീരത്തെ വിളിച്ചുണർത്താൻ അവള്‍ ആരംഭിക്കുമ്പോഴേയ്ക്കും വാക്കുകളുടെ ചുഴലി ഒരു പൊട്ടിത്തെറിയുടെ ശക്തിയോടെ അയാളില്‍ നിന്ന് വീണ്ടും ഇരച്ചു പൊന്തി. ഒട്ടും അവ്യക്തതയില്ലാതെ തന്നെ അയാള്‍ അപ്പോള്‍ ആ പേര് ഉരുവിട്ടു.

ഒരു ഫോട്ടോയുടെ നാലതിരുകൾക്കുള്ളില്‍ നിന്നും പുറത്തേയ്ക്കു പാളിയ ജീവനുള്ള ഒരു നോട്ടത്തിന്റെ മുഴുവന്‍ അർത്ഥവും പ്രണയാർദ്രമായ ആ വിളിയില്‍ അലിഞ്ഞു ചേർന്നിരുന്നു. നടുങ്ങി വിറങ്ങലിച്ച് അവള്‍ എഴുന്നേറ്റിരുന്നു. ചുറ്റും ഇരുട്ടുമാത്രം പെയ്യുന്ന മുറിയില്‍ കിടക്കയോടുകൂടി എരിഞ്ഞു തുടങ്ങുന്നത് താന്‍ തന്നെയാണെന്നും അതു വെറും സ്വപ്നമല്ലെന്നും അവള്‍ അപ്പോള്‍ തിരിച്ചറിഞ്ഞു.

- സോമാ റേച്ചൽ