February 28, 2009

പാടുന്ന തീവണ്ടിനിലയങ്ങള്‍അന്നത്തെ വൈകുന്നേരങ്ങളില്‍, പാലത്തിന്റെ മുകളിലെ കൈവരിയില്‍ ചാരി നിന്നു സംസാരിക്കുന്ന കുറെ വയസ്സായ ആളുകള്‍ നിത്യക്കാഴ്ചയായിരുന്നു. ഒരു കയറ്റം കയറി വന്ന് കിതച്ച് അവരവിടെ രാത്രിയാവുന്നതു വരെ ചെലവഴിക്കുന്നു. നാളെ കാണാം എന്ന് ഒരുറപ്പും പരസ്പരം പങ്കു വയ്ക്കാതെ വന്നതുപോലെ വടിയും കുത്തിപ്പിടിച്ച് പതുക്കെ പതുക്കെ വീടുപറ്റാന്‍ യാത്രയാവുന്നു. പാലത്തില്‍ നിന്ന് നോക്കിയാല്‍ വൈകുന്നേരങ്ങളിലും മരീചികകളുയരുന്ന തീവണ്ടിപ്പാളങ്ങള്‍ക്കപ്പുറത്ത് അങ്ങ് ദൂരെ ചുവന്ന് ശമിക്കുന്ന സൂര്യനെക്കാണാമായിരുന്നു. ഭംഗിയില്ലാത്ത കെട്ടിടങ്ങള്‍ നിരന്ന് ആകാശക്കാഴ്ചയെ മറയ്ക്കുന്നതിനു മുന്‍പാണ്. താഴെ, പാലത്തില്‍ നിന്നും ഇരു ദിശകളിലേയ്ക്കും ഒരു പോലെ നീണ്ട് അകലെപ്പോയി അപ്രത്യക്ഷമാവുന്ന ഇരട്ടവരകള്‍! ഭീമാകാരന്മരായ തീവണ്ടികളുടെ ഇടുക്കു ജീവിതത്തിന്റെ വൈവിധ്യമില്ലാത്ത വഴിത്താരകള്‍! രൂപകങ്ങളുടെ ആലഭാരങ്ങളില്ലാതെ മരണത്തിന്റെ ഉപസ്ഥിതികളിലേയ്ക്ക് ആര്‍ക്കും നേരിട്ട് പ്രവേശനം നല്‍കുന്ന ഭൂഭാഗങ്ങളാണ് ഈ തുരുത്തുകള്‍‍. തീവണ്ടികള്‍ നിര്‍ത്താതെ അലറി വിളിച്ചു പായുന്ന, ഉപേക്ഷിക്കപ്പെട്ട ഏകാകിയായ കൊച്ചുസ്റ്റേഷനുകളെപ്പോലെ ഈ മേല്‍പ്പാലങ്ങളും പ്രത്യേക കൈനിലകളാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഈ ഭാഗങ്ങളില്‍ അലഞ്ഞുതിരിയുന്ന പ്രേതങ്ങളെ കണ്ടവര്‍ ധാരാളമുണ്ടായിരുന്നു. തലയില്ലാത്തവര്‍, കൈകാലറ്റവര്‍. ജീവിതത്തിന്റെ ഉപദ്രവം ഏറ്റുവാങ്ങി നീലിച്ചുപോയതുകൊണ്ടാവും അവരാരെയും അങ്ങനെ ഉപദ്രവിച്ച ചരിത്രമില്ല. തീവണ്ടിയ്ക്കു മുന്നില്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കാന്‍ തീരുമാനിച്ചവര്‍ കൂടുതലും മേല്‍പ്പാലങ്ങള്‍ക്കു കീഴെ നിഴലും തണുപ്പും വീണു കിടക്കുന്ന സ്ഥലമാണ് തെരെഞ്ഞെടുക്കുക. റോഡിലൂടെ പോകുന്നവരുടെ കാഴ്ചയില്‍ നിന്ന് മറഞ്ഞ് ജീവിതത്തെക്കുറിച്ചോര്‍ത്ത് വിമ്മിട്ടപ്പെട്ട് തീവണ്ടിയെ കാത്തു കിടക്കാനുള്ള സൌകര്യം നല്‍കുന്നതുകൊണ്ടാവും. ചത്താലും ആ ഇടം ഒഴിഞ്ഞു പോകാന്‍ പുറമ്പോക്ക് ജീവിതങ്ങള്‍ക്ക് കഴിയാതെയാവുന്നതു വെറുതേയല്ല.

നദികളുടെ മേലുള്ളതുപോലെ തന്നെയാണ് വണ്ടിപ്പാളങ്ങള്‍ക്കു മുകളിലെ പാലങ്ങളും. ആദ്യത്തേതില്‍ വെള്ളമായി കുത്തിയൊലിച്ചു പോകുകയാണെങ്കില്‍ രണ്ടാമത്തേതില്‍ സമയക്രമം തെറ്റിയും തെറ്റാതെയും തെക്കുവടക്കുപായുന്ന യന്ത്രക്കിതപ്പുകളാണ് കാലം. അരുന്ധതിറോയിയുടെ നോവലില്‍ തലയാട്ടിക്കൊണ്ടു നില്‍ക്കുന്ന ചേമ്പിലകളെ പിന്നെയും പിന്നെയും ഓര്‍ത്തു പോകുന്നത് വിജയന്റെ ഒരു പഴയ കഥയിലെ ‘റെയിലുകളില്‍ കറുത്തു ശമിക്കുന്ന ചുവന്നപാടുകളെ’ക്കുറിച്ചുള്ള പരാമര്‍ശം തുടച്ചിട്ടും പോകാതെ മനസ്സില്‍ കിടക്കുന്നതുകൊണ്ടാണ്. ചോര പാളങ്ങളില്‍ മാത്രമല്ല, പുല്ലുകളിലും തലയാട്ടി നില്‍ക്കുന്ന ചെടികളിലും തെറിക്കും.എത്ര നനച്ചാലും നനയാത്ത ചേമ്പിലകളില്‍ പാടുകെട്ടിക്കിടക്കും. ‘നിദ്രയുടെ താഴ്‌വര’ എന്ന കഥ വായിച്ചതിനുശേഷമാണ് പാളത്തിലൂടെ ബാലന്‍സ് ചെയ്തു നടക്കുന്നതിന്റെ രസം വേണ്ടെന്നു വച്ചത്. “ആ റെയിലില്‍ ചവിട്ടരുതേ” എന്ന അപേക്ഷ അതിനും മുന്‍പ് എപ്പോഴോ തെറ്റിച്ചതിന്റെ കുറ്റബോധം പലപ്പോഴും ഒറ്റയ്ക്കു നിന്ന് പാളങ്ങളിലേയ്ക്കു നോക്കുമ്പോള്‍ മനസ്സില്‍ വന്നു നിറഞ്ഞിട്ടുണ്ട്. പാവം മയൂരനാഥന്‍. ( “മദിരാശിയില്‍ നിന്ന് തീവണ്ടികള്‍ നാട്ടിലേയ്ക്ക് പുറപ്പെടുന്നത് സന്ധ്യക്കാണ്. തീവണ്ടികള്‍ സന്ധ്യക്ക് ചൂളം വിളിക്കുന്നതെനിക്കിഷ്ടമല്ല. തീവണ്ടി വീണ്ടും വന്നു. തെങ്ങിന്‍ തലകള്‍ നിറഞ്ഞ താഴ്വരയ്ക്കപ്പുറത്ത് അതിന്റെ പുക തെളിഞ്ഞു. പ്രിയപ്പെട്ട ഹൊറേഷ്യാ....”) അതുകഴിഞ്ഞെത്ര കഥകളിലാണ് പാളത്തിന്റെ കരകളില്‍ കയറ്റിയിട്ട ശവശരീരങ്ങള്‍ കണ്മുന്നിലൂടെ കടന്നു പോയത്. സുഭാഷ്‌ചന്ദ്രന്റെ ഒരു കഥയില്‍ തീവണ്ടിയുടെ താളത്തിനൊത്ത് ആടിക്കൊണ്ട് ഒരു ശവശരീരം ബെര്‍ത്തിനുമുകളില്‍ അനാഥമായി കിടക്കുകയും ചെയ്തു.
അങ്ങനെ അകത്തും ജഢങ്ങള്‍.

ഇതുകൊണ്ടൊക്കെയാണ് തീവണ്ടിയുടെ സംഗീതം മരണത്തിന്റെ സംഗീതം കൂടിയാകുന്നത്. ചൂടുകാലത്ത് നടുനിവര്‍ക്കാന്‍ ഉരുക്കുപ്പാളങ്ങള്‍ക്കു കനിഞ്ഞു ലഭിച്ച വിടവില്‍ തട്ടിയാണ് യന്ത്രക്കൂടിന്റെ ഭീമാകാരം ‘കഴക്കൂട്ടം പള്ളിപ്പുറം കഴയ്ക്കുമ്പോള്‍ തള്ളിത്തരാം’ എന്ന് മന്ദഗതിയില്‍ തുടങ്ങി അതിവേഗത്തില്‍ കൊണ്ടുപിടിക്കുന്ന വായ്ത്താരിക്ക് കൃത്യം മാത്രയൊപ്പിച്ചുള്ള താളമുണ്ടാക്കുന്നത്. അത്യതിവിളംബിതത്തില്‍ നിന്ന് ആറുകാലത്തിലേയ്ക്കും അതു നീങ്ങും. ഒപ്പം തീവണ്ടി ചക്രങ്ങളുടെ ഇരുമ്പ് പാളത്തിന്റെ കട്ടിയുരുക്കിലുരഞ്ഞ് അലോസരമാവുന്ന ഒരു കീറ്റി വിളിയുണ്ട്. ഗമകം. തീവണ്ടിയുടെ താളത്തിന് രതിയുമായി ബന്ധമുണ്ടെന്ന് അറിയാം. ജാലകവാതിലുകള്‍ ഇഷ്ടപ്പെടുന്നവര്‍ കണ്ടു തള്ളുന്നത് സ്വന്തം ഭൂതകാലത്തെയാണ്. അതുവഴി തന്റെ അനുഭവങ്ങളുടെ മേലെ സ്വാധീനം കൈവരുന്നു എന്നു സങ്കല്‍പ്പിച്ച് അല്പം നേരം നിര്‍വൃതി അടയാം. രാത്രി കണ്ണടച്ച് താളം മനസ്സിലേയ്ക്കെടുത്താല്‍ അതു ജീവതാളമാവും. ഉടലുകളുടെ സംഗീതവുമായി അതിനൊരു അകന്ന ചാര്‍ച്ചയുണ്ട്. ശരീരങ്ങള്‍ ചേരാനും ബാഹ്യമായ താളത്തിനൊത്ത് ഒന്നായി ചലിക്കാനും ആണും പെണ്ണും കൊതിക്കും. ദീര്‍ഘയാത്രകളില്‍ അപരിചിത വേഴ്ചകളുടെ കള്ളക്കഥകള്‍ കൊണ്ടുകൂടിയാണ് മുഖരമാവുന്നത്. കൊതി തന്നെ കഥകള്‍ക്ക് വിഭവമാണ്.

എങ്കിലും തകരത്തില്‍ നഖമിട്ടു കോറും പോലെ നട്ടെല്ലില്‍ മിന്നല്‍ പായിക്കുന്ന തീവണ്ടി സംഗീതത്തിന്റെ ഇടര്‍ച്ചയ്ക്കും തുടര്‍ച്ചയ്ക്കും മരണത്തിന്റെ ഒച്ചയും അധൃഷ്യതയുമാണുള്ളതെന്ന് ഏറെക്കുറെ ശക്തമായിരുന്ന തീര്‍പ്പിനെ തളര്‍ത്തിയത് റഹ്‌മാനാണ്. അല്ലാ രാഖാ റഹ്‌മാന്‍. ‘സ്ലം ഡോഗ് മില്യണയറിലെ’ ഓ സായാ (ശ്രീലങ്കന്‍ തമിഴ് വംശജ മാതംഗി മായയുടെ സ്വരമാണ് അതില്‍) എന്ന പാട്ട് ആദ്യം കേട്ടപ്പോള്‍ നഖത്തിന്റെ അടിയില്‍ തീപാളിയത്, ചോര ശമിച്ച പാളങ്ങളെക്കുറിച്ചോര്‍ത്തു തന്നെയാണ്. വണ്ടി കടന്നു പോയിക്കഴിഞ്ഞ പാളങ്ങളില്‍ ഒരു കമ്പനവും നിശ്ശബ്ദതയുമുണ്ട്. കൊടുങ്കാറ്റിനു ശേഷമുള്ള ശാന്തത. അടുത്തതു പുറപ്പെട്ടുവരും മുന്‍പുള്ള ശാന്തത. പാട്ട് ആത്യന്തികമായി ആ ശാന്തതയുടെ ആവൃത്തിയിലാണ്. അതേ സമയം ജാലകങ്ങളിലൊക്കെ വിളക്കുകള്‍ തെളിച്ച് ഒരു വണ്ടി നമ്മുടെ മുന്നിലൂടെ കടന്നു പോവുകയും ചെയ്യുന്നു. അതിവേഗം. നേരത്തേ പറഞ്ഞില്ലേ, പാളങ്ങളില്‍ ചക്രങ്ങളുരയുമ്പോഴുള്ള കീറ്റലിനെപ്പറ്റി. അതും ഉണ്ട് പശ്ചാത്തലത്തില്‍. ഒച്ചയായല്ല, എല്ലാം ഇഴുകിച്ചേര്‍ന്ന് സംഗീതമായി. ലയം! (ലയിക്കുക എന്നാല്‍ തന്നെ ഇല്ലാതാവുക എന്നാണ് അര്‍ത്ഥം.സൃഷ്ടിയുടെ വിപരീതം. ആധ്യാത്മികമായ അനുഭവത്തില്‍ ലയിക്കുന്നത് മറ്റൊന്നായി തീരാനാണെങ്കില്‍, അത് അങ്ങേയറ്റം സൃഷ്ടിപരവുമാണ് ) അപ്പോള്‍ ഇതാണോ ഒച്ചകള്‍ക്കുള്ളിലെ ആത്മാവ്? ആയിരിക്കും. ഏതു ശബ്ദത്തിലും, അതത്ര അരോചകമാവുമ്പോഴും അതിനുള്ളില്‍ സാര്‍വകാലികമായ ചില ഉപസ്ഥിതികളുണ്ട് എന്നാണ് റഹ്‌മാന്‍ കേള്‍പ്പിച്ചു തന്നത്. ബാഹ്യരൂപത്തില്‍ ഇണങ്ങാത്ത, വെറുതേ കേട്ടാല്‍ ഭ്രാന്തെടുക്കുന്ന നടുക്കങ്ങളെ കൂട്ടിയിണക്കിയപ്പോള്‍ അന്തരീക്ഷമേ മാറുന്നു. പെയ്ത്തു നക്ഷത്രങ്ങള്‍ കൂട്ടിനെത്തുന്നു. ഇതായിരിക്കും ശരിയായ ആത്മീയത. വൈകല്യങ്ങള്‍ ബാഹ്യരൂപങ്ങള്‍ക്കാണെന്നും ആത്മാക്കള്‍ തുല്യനിലയിലാണെന്നും വേദപുസ്തകങ്ങള്‍ തത്ത്വം പറഞ്ഞത് പ്രായോഗികമായി തിരിച്ചറിയാന്‍ കഴിയുന്നത് ഇങ്ങനെയുള്ള പ്രകരണങ്ങളിലാണ്. ഏതു കലാരൂപത്തിന്റെയും ആത്യന്തികമായ ലക്ഷ്യം, ബാഹ്യ യാഥാര്‍ത്ഥ്യങ്ങളുടെ തോടു പൊളിച്ച് ഒരു ആന്തരികയാത്രയ്ക്ക് സജ്ജമാവുക എന്നതാണ്. കാലദേശാതിരുകള്‍ അവ ഭേദിക്കാന്‍ കെല്പു നേടുന്നത് അതുകൊണ്ടാണ്. വസ്തുസ്ഥിതിയുടെ ഉള്ളറയിലേയ്ക്ക് നോക്കാന്‍ സഹായിച്ചുകൊണ്ടല്ലേ അവ നമ്മെയും ശുദ്ധീകരിക്കുന്നത്? ‘ഓ സായാ’യിലെ വരികളെ കുറിച്ചല്ല പരഞ്ഞു വരുന്നത്, ഉയരാനും സ്വപ്നം കാണാനുമുള്ള ആഗ്രഹം പ്രകടിപ്പിക്കുന്ന ആശയത്തെ അതേ തീവ്രതയില്‍ ഈണത്തിന്റെ ഗതിവേഗം ആവിഷ്കരിക്കുന്നുണ്ടെന്നാണ് എന്റെ തോന്നല്‍. മികവുറ്റ വിരലുകള്‍ നിയന്ത്രിച്ചു തുടങ്ങുമ്പോള്‍ സംഗീതം സ്വയം പര്യാപ്തമാണ്. മറ്റേതു കലയെക്കാളും. സാഹിത്യത്തിന്റെ കൂട്ടുകെട്ടോടെ നില്‍ക്കുന്നതുകൊണ്ടാവും ചലച്ചിത്ര സംഗീതത്തിന്റെ കാര്യത്തില്‍ ‘ശുദ്ധമായ കേള്‍വി അനുഭവം’ പലപ്പോഴും വഴിതെറ്റിയ കുഞ്ഞാടാണ്.

വൈരുദ്ധ്യങ്ങളെ കൂട്ടിയിണക്കാനുള്ള കഴിവാണ് മാനുഷികമായ കഴിവിന്റെ അങ്ങേയറ്റം എന്നു കേട്ടിട്ടുണ്ട്. എങ്കില്‍ ഒച്ചകളുടെ മഹാപ്രവാഹത്തില്‍ നിന്ന് സംഗീതത്തിന്റെ നിര്‍ഝരികളെ ആവാഹിച്ചുണര്‍ത്തുന്ന ശേഷി അതിനും അപ്പുറത്തുള്ള ഒന്നായിരിക്കണം തീര്‍ച്ച. ശബ്ദം കൊണ്ട് തകര്‍ന്നുകൊണ്ടിരിക്കുന്ന ജീവിതത്തെ അതു ജീവിക്കാന്‍ കൊള്ളാവുന്നതാക്കാന്‍ ശ്രമിക്കുകയാണ്. ‘നോക്ക്, വിചാരിക്കും പോല അത്ര അസഹ്യമല്ല ഈ ഒച്ചകളുടെ പാര്‍ലമെന്റ്.. അതിനുള്ളില്‍...’ എന്നു പറഞ്ഞുകൊണ്ട്. മരിക്കാന്‍ തീവണ്ടിപ്പാളങ്ങളുടെ അരികില്‍ ചെന്നു നിന്ന ഒരാള്‍ പാഞ്ഞുപോകുന്ന തീവണ്ടിയുടെ സൌന്ദര്യം കണ്ട്, ആ വേഗവും സൌന്ദര്യവും ഉള്‍ക്കൊണ്ട് ജീവിതത്തെ സ്നേഹിച്ചു തുടങ്ങും പോലെ ഒരനുഭവം. ‘ഓ സായാ’ എന്ന ഗാനം കുതിക്കുന്ന ജീവിതത്തെ സ്വപ്നം കാണാനാണ് ത്രസിപ്പിക്കുന്നത്. അതിന്റെ മുഴുവന്‍ ആവേഗത്തോടെയും. (വൈലോപ്പിള്ളി “ഉയിരിന്‍ കൊലക്കുടുക്കാക്കാവും കയറിനെ ഉഴിഞ്ഞാലാക്കി തീര്‍ക്കാന്‍ കഴിഞ്ഞതല്ലേ ജയം” എന്ന് ഒരു കവിതയില്‍. അതിനെ ‘കഴിഞ്ഞാലല്ലേ ജയം’ എന്നു ഞാന്‍ മാറ്റുന്നു. ‘കൊലക്കുടുക്കക്കാവും’ എന്ന പ്രയോഗം നോക്കുക. കഴുത്തിന്റെ പിന്നില്‍ മുറുക്കാന്‍ വെമ്പുന്ന കയറിന്റെ പരുപരുപ്പ് അറിയാം) റഹ്‌മാന്റെ സംഗീതത്തില്‍ തീവണ്ടി കടന്നു വരുന്നത് ആദ്യമായല്ല. ‘ചിക്കുപുക്കു റെയിലേ’ എന്ന ജന്റില്‍മാന്‍ പാട്ടിലതുണ്ടായിരുന്നു. ‘ദില്‍ സേ’യിലെ ‘ചയ്യ ചയ്യ’യിലുമുണ്ട്. പക്ഷേ ‘സായാ’യിലെത്തുമ്പോള്‍ തീവണ്ടി അനുഭവങ്ങളില്‍ കഴച്ച് ഒരു പാട് വിശദാംശങ്ങളെ ഉള്ളിലൊതുക്കുന്നു. വേണ്ടതു മാത്രം വിസ്തരിക്കുന്നു. പാളങ്ങളുടെ ഏകതാനതയില്‍ നിന്ന് കുതറി അനന്തതയുടെ അമൂര്‍ത്തതയില്‍ തൊട്ട് തിരിച്ചു വരുന്നു. ഭൂമിയ്ക്കും ആകാശത്തിനും മദ്ധ്യേ ഇരിടം (ഇന്ദ്രവല്ലരി പൂച്ചൂടി വരും എന്ന യേശുദാസിന്റെ ഗാനത്തില്‍ ‘ഇവിടം’ എന്നൊരു പ്രയോഗമുണ്ട്. ഉച്ചരിക്കുന്നതിന്റെ പ്രത്യേകതയാണോ, മാധുര്യമാണോ, സ്വരങ്ങള്‍ പ്രത്യേക സ്ഥായിയില്‍ കൂടിച്ചേരുന്നതാണോ എന്നറിയില്ല. ആ ഒരൊറ്റപ്പദത്തിന്റെ ഉച്ചാരണ നിമിഷം തീര്‍ക്കുന്നത് മറ്റൊരു ലോകമാണ്, അതാണോ സ്വര്‍ഗം എന്നെനിക്കറിയില്ല.) അതു ഉണ്ടെന്ന് അതറിയിക്കുന്നു. തികച്ചും അഭൌമികമായ ഒന്ന്. നൊടി നേരം മാത്രം എങ്കിലും അതുണ്ട്.

ദില്ലി 6-ലെ ഗാനം ‘ജെണ്ടാഫൂലി’ല്‍ പലകാര്യങ്ങള്‍ കൂടിക്കലര്‍ന്നിട്ടുണ്ട്. പ്രത്യക്ഷത്തില്‍ തന്നെയുള്ള ദേശി- വിദേശി ഈണ-താള മിശ്രണം പോട്ടെ. മറ്റു ചിലത്. രാത്രിയുടെ ചീവിടു വിളി അതില്‍ സന്നിഹിതമാണ്. ഏതോ ഒരു പക്ഷിയുടെ കരച്ചിലുണ്ട് ഇടയ്ക്ക് . അതു പ്രാവുകളുടെയാണെന്ന് സിനിമ കണ്ടപ്പോള്‍ മനസ്സിലായി. പക്ഷേ നട്ടുച്ചയ്ക്ക്. അതും ഇടുക്കമുള്ള ഗലിയിലെ ഒരു മട്ടുപ്പാവില്‍ തൊട്ടടുത്തടുത്തിരുന്നു പാടുന്നത്. കണ്ണടച്ചിരുന്നു ആ പാട്ടു കേട്ടപ്പോള്‍ മനസ്സില്‍ മുഴങ്ങിയ രാത്രിയെവിടെ? അതിലെ ‘ഹോയ്’ എന്ന വിദൂരമായി മുഴങ്ങുന്ന വിളി, അങ്ങ് ദൂരെ, കുന്നിനപ്പുറത്ത് ചൂട്ടും കത്തിച്ച് വീട്ടിലെത്താന്‍ തിടുക്കപ്പെട്ടു നടക്കുന്ന ഏതോ ഗ്രാമീണന്റെ ഒരുപാട് ജീവിതകാണ്ഡങ്ങള്‍ ഉള്ളടക്കിയ വായ്ത്താരിയാണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അതിലൊരു വിതുമ്പലുണ്ട്. സത്യത്തില്‍ റഹ്‌മാന്‍, ദൂരം എന്ന സ്ഥലസംബന്ധിയായ അനുഭവത്തെ ആ പാട്ടില്‍ അതിശക്തമായി അനുഭവിപ്പിക്കുകയായിരുന്നു. എന്തൊരു പാട്ടാണത് ! ഒരു ലോംഗ് ഷോട്ട്, ആ പാട്ടിനിടയ്ക്കെവിടെയെങ്കിലും ഒരു ‘ഹോയ്’ വിളിയുടെ പശ്ചാത്തലമായി ഉണ്ടാവണേ എന്ന് ആത്മാര്‍ത്ഥമായും പാട്ടു തീരുന്നതു വരെ (അതിടയ്ക്കു വച്ച് നിര്‍ത്തി സിനിമയില്‍!) ആഗ്രഹിച്ചു പോയി. സിനിമ വേറെ, സാഹിത്യം വേറെ. എല്ലാ കലകള്‍ക്കും സംഗീതമായി തീരാന്‍ ആഗ്രഹിക്കാം. ഏ ആര്‍ റഹ്‌മാനെപ്പോലെയൊരാളെങ്കിലും എല്ലാ കലകള്‍ക്കും പിന്നിലുണ്ടെങ്കില്‍ എന്നും.
പക്ഷേ നടക്കോ?


പിന്നുര :
..അതുല്യപ്രതിഭയുള്ളവര്‍ക്ക് അവരുടെ അതിഭൌമികമായി പാടാനുള്ള കഴിവിനെ സൂക്ഷിച്ചു വയ്ക്കാനുള്ള മുഖംമൂടികള്‍ മാത്രമാണ് നശിക്കുന്ന ശരീരം.....
-ഇസഡോറാ ഡങ്കന്‍

February 21, 2009

പാളങ്ങളില്‍ നിന്ന് കുതറുന്നത്യാഥാര്‍ത്ഥ്യത്തിനും മതിഭ്രമത്തിനും ഇടയില്‍ വഴുക്കുന്ന അനുഭവം സ്വാസ്ഥ്യക്കുറവിന്റെ പ്രത്യക്ഷലക്ഷണമാണ്. ഒരു സമൂഹം ഒന്നിച്ച് ദുഃസ്വപ്നങ്ങളില്‍ പിടയുന്നത് മന്ദത പിടിച്ച കാലത്തില്‍ ജീവിക്കുന്നതിന്റെ സൂചനയാണെന്ന അര്‍ത്ഥത്തില്‍ വോള്‍ട്ടയര്‍ കുറിച്ചിട്ടിട്ടുള്ളതോര്‍ക്കുന്നു. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ഏഴു ചെറു നോവലുകളുടെ സമാഹാരം ‘ആലിവൈദ്യനി’ലൂടെ കടന്നുപോകുമ്പോള്‍ ഉറക്കച്ചടവോടെ തുറിച്ചു നോക്കുകയും കോട്ടുവായിടുകയും ചെയ്യുന്ന തകരാറു പിടിച്ച ഇതേ കാലത്തെയാണു നാം അഭിമുഖീകരിക്കുന്നത്. എങ്ങോട്ടേയ്ക്കും നീങ്ങാനില്ലാതെ വട്ടം ചുറ്റുകയും ചുരുണ്ടുകൂടുകയും ചെയ്യുന്ന മനുഷ്യര്‍ പലവിധത്തില്‍ ശിഹാബിന്റെ കഥകളില്‍ എമ്പാടും അണിനിരന്നിട്ടുള്ളവരാണ്. യാഥാര്‍ത്ഥ്യം എന്താണെന്നറിയാതെ ഉഴയ്ക്കുന്ന ആളുകള്‍ കൂടുതല്‍ പരിഹാസ്യരും അനുകമ്പാര്‍ഹരുമായി തീരുകയാണ്, ‘ആലിവൈദ്യ’നില്‍. ‘അതിര്‍ത്തിമുള്ളു’കളിലെ മുനാഫ് എന്ന കഥാകാരനും ‘കാവല്‍പ്പുര’യിലെ കമറും മിഥ്യാലോകത്തിന്റെ അതിരും തലയ്ക്കല്‍ കുതറുന്നതുപോലെ തന്നെ ‘ആലിവൈദ്യന്‍’ എന്ന രചനയിലെ ഡോക്ടര്‍മാരും മരുന്നുവ്യാപാരിയും അടങ്ങുന്ന സമൂഹത്തിലെ എലൈറ്റ് ക്ലാസും അവാസ്തവികമായ ഒരു ലോകത്തില്‍ നിന്നുകൊണ്ട് കിതയ്ക്കുകയും പകയ്ക്കുകയും ചെയ്യുന്നുണ്ട്. വാറുണ്ണി എന്ന സാധാരണക്കാരനായ ഒരു ചായക്കച്ചവടക്കാരന്റെ കവിളിലെ മുഴുത്ത മറുക്, (ആലിവൈദ്യന്‍) പിടി കൊടുക്കാതെ വഴുതിക്കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ ഇലാസ്തികതയ്ക്ക് യോജിച്ച രൂപകവേഷമാണ്. അപ്പോള്‍ മായാകല്‍പ്പന എന്ന ആഖ്യാനസമ്പ്രദായം അനുകമ്പാര്‍ഹമായ ജീവിതങ്ങളുടെ വിയര്‍പ്പാറ്റാന്‍ സാമ്പ്രദായിക രീതിയില്‍ കഥാകൃത്ത് തണലായി പിടിച്ച മരച്ചില്ലയല്ല. മറിച്ച് കാഴ്ചകള്‍ ഉറയ്ക്കാതെ അവതാളത്തിലായിക്കൊണ്ടിരിക്കുന്ന ബോധത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളാണ്. മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുകയും സംക്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന രോഗത്തെപ്പറ്റിയുള്ള പ്രമാണപത്രങ്ങള്‍.

രോഗം കാഴ്ചപ്പാടുകളുടെ വിഷയം കൂടിയാണ്. സ്വാര്‍ത്ഥതയും പ്രായോഗികതയും കെടുകാര്യസ്ഥതയും ആര്‍ത്തിയും മാത്രമാണോ സാംക്രമിക രോഗങ്ങള്‍? ആത്മാര്‍ത്ഥതയും സത്യസന്ധതയും നിഷ്കപടതയും നിലനില്‍പ്പിനെ തന്നെ അപകടപ്പെടുത്താന്‍ ശക്തിയുള്ള വിധം മാരകമായി തീര്‍ന്നുകൊണ്ടിരിക്കയല്ലേ സമൂഹത്തില്‍? ജീവിതത്തെ ജീവിക്കാന്‍ കൊള്ളാവുന്നതാക്കുന്ന മൂല്യങ്ങളെ പകയോടെ വലയം ചെയ്യുന്ന പ്രായോഗികതയുടെ പദ്മവ്യൂഹങ്ങള്‍ ഭേദിക്കാനാവാത്തവിധം കരുത്തുള്ളതാണെന്നെന്ന തിരിച്ചറിവില്‍ നിന്നു വരുന്നതാണ് ശിഹാബിന്റെ ഉരുവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന നിസ്സഹായത എന്നു തോന്നുന്നു. ‘നല്ല അയല്‍ക്കാരനില്‍’ നടേ പറഞ്ഞതുപോലെ പേരില്‍ തന്നെ കൊളുത്തിയിട്ടിരിക്കുന്ന പരിഹാസ ചിരിയ്ക്കപ്പുറം അച്യുതന്‍ മാഷ് എന്ന നന്മയുടെ തിക്കുമുട്ടല്‍ അനുഭവേദ്യമാണ്. പുതിയ അയല്‍ക്കാരായ തോമസുകുട്ടിയും ശ്രീധരനും അയാളെ കൊണ്ടെത്തിക്കുന്ന പരിണതി അതാണ്. പ്രായോഗിക ജീവിതത്തിനു മുന്നില്‍ തികഞ്ഞ പരാജയമാണയാള്‍. ദാസനാണ് മുടന്തുന്ന ജീവിതത്തെ ഒരിടത്തുമെത്തിക്കാനാവാതെ കുഴഞ്ഞുവീഴുന്ന മറ്റൊരു ദയനീയന്‍ (ദാസന്റെ ചെരിപ്പുകള്‍) എന്നാല്‍ ഈ ചിറകു തളര്‍ച്ച, മുസ്തഫാകമാലിനെയും ഡോ. സാമുവല്‍ ഈപ്പനെയും ഡോ. ഗോപാല്‍ ഭട്ടിനെയും പോലുള്ള പ്രായോഗികവാദികളില്‍ നാം കാണുന്നില്ല. (ആലി വൈദ്യന്‍) മരക്കച്ചവടക്കാരായ കലന്തനാജിയിലും ഹസനാജിയിലുമില്ല. (ഈര്‍ച്ച) ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിത്തൊടുവിക്കാന്‍ കഴിയാതെ മുടന്തുന്ന ഇരുകാലികളാണ് തലക്കടിയേറ്റ് വീഴുന്നത്. വീഴുന്നേടത്തു നിന്ന് എഴുന്നേല്‍ക്കാന്‍ അവര്‍ക്കാര്‍ക്കും കഴിയുന്നുമില്ല. ജീവിതങ്ങളെ ഇങ്ങനെ നെടുവേ പിളര്‍ത്തുകയും മൂല്യവിചാരം ചെയ്യാന്‍ നിരന്തരം മുഖാമുഖം നിര്‍ത്തുകയും പ്രകടമായ പക്ഷപാതിത്വത്തോടെ തീര്‍പ്പുകള്‍ പുറത്തിടുകയും ചെയ്യുന്നത് സ്വാര്‍ത്ഥതയും ലാഭവിചാരങ്ങളും ഉത്കൃഷ്ടമായിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ സ്വാഭാവിക വഴിയാണ്. ഈ നോവുന്ന നേരില്‍ നിന്നാണ് കാഴ്ചകള്‍ മതിഭ്രമത്തിലേയ്ക്ക് കൂപ്പുകുത്തുന്നത്. ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്കുള്ള പരിണാമവഴിയിലെല്ലാം ഇത്തരം കുഴമറിച്ചിലുകള്‍ക്ക് മനുഷ്യനു വിധേയനാവേണ്ടി വന്നിട്ടുണ്ട്.

കഥയെ പ്രമേയമാക്കുന്ന രണ്ടു രചനകള്‍ ഈ സമാഹാരത്തിലുണ്ട്. ‘ഹംസ വക്കീല്‍ പറഞ്ഞ കഥ’യില്‍ ബന്ധങ്ങളുടെ വിരോധാഭാസമുണ്ട്. പിതാവിനോടുള്ള വാശിയാണ്, കെട്ടിലകത്ത് മമ്മൂഞ്ഞി ഹാജിയുടെ മകള്‍ സീനത്തിന്റെ അരിപ്പീടികയിലെ കണക്കെഴുത്തുകാരനായ അബ്ദുവിന്റെ അരികത്ത് എത്തിക്കുന്നത്, അയാള്‍ക്ക് ഭാര്യയോട് തോന്നുന്ന സംശയം, ഭാര്യയ്ക്ക് അയാളെ സംശയിക്കാനും അങ്ങനെ ജീവിതം തന്നെ കഠിനമായി പോകാനുമുള്ള ആയുധമായി തീരുന്നു. ജീവിതം കണക്കിനു കിഴുക്കിവിടുന്ന അബ്ദുവിന്റെ പരിഹാസ്യതയെ, പ്രശ്നങ്ങളെ വൈകാരികമായല്ലാതെ നോക്കിക്കാണുന്ന ഹംസ വക്കീലിനെക്കൊണ്ട് അവതരിപ്പിച്ചാണ് കഥയെഴുത്തിന്റെ സങ്കീര്‍ണ്ണതയെ ഈ രചന സങ്കേതമാക്കുന്നത്. കഥയ്ക്കുള്ളില്‍ കഥ കൊരുക്കുമ്പോള്‍ അനുഭവങ്ങളുടെ നിറം സ്വന്തം ദേഹത്തു പുരളാതെ ആഖ്യാതാവിനു മാറി നിന്നു ചിരിക്കാം. (പക്ഷേ അതൊരു നാട്യം മാത്രമല്ലേ?) ‘അതിര്‍ത്തിമുള്ളുകളില്‍’ കഥയ്ക്കും ജീവിതത്തിനുമിടയിലെ, സാമൂഹികവും വ്യക്തിപരവുമായ ബന്ധങ്ങളിലെ ഇടര്‍ച്ചകള്‍ ദുരന്താനുഭവമായി മാറുന്നു. എഴുത്തുമുറിയ്ക്കു പുറത്ത് ആര്‍ക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന ജനക്കൂട്ടമുണ്ട്. കഥയെക്കുറിച്ചുള്ള പ്രത്യക്ഷ പരാമര്‍ശമില്ലെങ്കിലും ‘കാവല്‍പ്പുരയിലെ’ വിരസതയില്‍ നിന്ന് കമര്‍ രക്ഷപ്പെടുന്ന ‘മഞ്ഞിലഞ്ചേരിയും’ അവിടത്തെ ‘നജ്മയും’ എഴുത്തുകാരന്റെ ഏകാന്തവാസത്തിന്റെയും മായികദര്‍ശനത്തിന്റെയും പ്രതീകം തന്നെയാവുന്നു. മാനസികജാഗ്രതകള്‍ക്ക് ക്ഷീണം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്തില്‍ ആവിഷ്കാരങ്ങള്‍ സര്‍ഗാത്മകമായ വിശകലനങ്ങള്‍ക്കു വിധേയമാകുന്ന രീതിശാസ്ത്രം പ്രത്യേകം പഠനാര്‍ഹമാണ്. വാതില്‍പ്പുറക്കാഴ്ചക്കള്‍ക്കപ്പുറത്തുള്ള സ്വത്വസംബന്ധിയായ ചില വെളിപാടുകള്‍ പുറപ്പെട്ടു വരുന്നത് അവിടെ നിന്നാകാം എന്നുള്ളതുകൊണ്ടാണങ്ങനെ.

പലതരത്തിലുള്ള രോഗാവസ്ഥകള്‍, അമര്‍ഷം, നിസ്സഹായത, ഉന്മാദം, ആത്മഹത്യ, മരണം... ശിഹാബിന്റെ രചനകളിലെ കഥാപാത്രങ്ങള്‍ കടന്നു പോകുന്ന അവസ്ഥാന്തരങ്ങള്‍, മനുഷ്യത്വത്തോടുള്ള ആസക്തിയുടെ പ്രച്ഛന്നരൂപങ്ങളാണ്. എഴുത്തുകാരന്‍ ഭൌതികതലത്തില്‍ തന്റെ കഥാപാത്രങ്ങളില്‍ നിന്ന് എത്ര പിണങ്ങിപ്പിരിഞ്ഞു നിന്നാലും ആഴങ്ങളില്‍ അയാളുടെ സ്വത്വരാശി രൂപപ്പെടുത്തിയെടുക്കുന്നതാണല്ലോ, അവയുടെ മണ്ണ്. വൈകല്യങ്ങള്‍ക്കു നേരെയുള്ള അമര്‍ത്തിച്ചിരിയും കണ്ണു നിറയ്ക്കലും വ്യക്തമായ നിലപാടുകളുടെ പ്രകടനപത്രികയായല്ല, പ്രകോപനപരമായ സന്ദേഹമായും മനസ്സിലാക്കാവുന്നതാണ്. ആ നിലയ്ക്ക് കാഴ്ചകളുടെ ഇരട്ടവരയില്‍ നിന്ന് നിസ്സഹായരായി കുതറുന്നവര്‍ വെറും സഹതാപം മാത്രമര്‍ഹിക്കുന്ന പേക്കോലങ്ങളല്ലെന്നും കാഴ്ചയെ തന്നെ നവീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ ഒരിടപെടലിനുള്ള കരുക്കളാണെന്നും തിരിച്ചറിയുന്നതിലാണ് കാര്യം. സര്‍ഗാത്മകപ്രതികരണമെന്ന നിലയ്ക്ക് ശിഹാബിന്റെ എഴുത്ത് സ്വന്തം ഇടം കണ്ടെത്തുന്ന ഒരു രീതിയാണത്.
----------------------------------------------
ആലിവൈദ്യന്‍
ലഘുനോവലുകള്‍
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
ഗ്രീന്‍ ബുക്സ്
വില : 90 രൂപ

February 14, 2009

വ്യാഖ്യാനങ്ങളുടെ സംഘട്ടനംപച്ചക്കുതിരയുടെ നവംബര്‍ ലക്കത്തിലാണ് (2008) ‘വി എസ് കാലഹരണപ്പെട്ട പുണ്യവാളനാണെ’ന്ന മുകുന്ദന്റെ കണ്ടെത്തല്‍ താഹാമാടായിയുമായുള്ള അഭിമുഖരൂപത്തില്‍ അച്ചടിച്ചു വരുന്നത്. കവര്‍പേജിലെ തന്നെ വെണ്ടയ്ക്ക വിചാരിക്കാത്ത കുഴപ്പങ്ങളിലേയ്ക്ക് നീങ്ങിയപ്പോള്‍ അഭിമുഖകാരന്‍ താന്‍ പറയാത്തതാണ് എഴുതിയതെന്ന് മുകുന്ദന്‍ കരഞ്ഞു വിളിച്ചു. വി എസിന്റെ കാല്ക്കല്‍ വീണ് ഉദ്ദേശ്യശുദ്ധിയ്ക്കു മാപ്പുതരണേ എന്ന് ഹൃദയവേദനയോടെ വിലപിച്ചു. അക്കാദമി പ്രസിഡന്റു സ്ഥാനവും വേണ്ട ഒന്നും വേണ്ട എന്റെ ഗോലി തിരികെ കിട്ടിയാല്‍ മതി എന്നു പിണക്കം നടിച്ചു. താഹ വിശദീകരിച്ചത്, മുകുന്ദന്‍ പറഞ്ഞകാര്യങ്ങള്‍ മാത്രമേ താന്‍ എഴുതിയുള്ളൂ എന്നാണ്. കള്ളച്ചിരിയോടെ ‘എഴുതല്ലേ’ എന്നു പറഞ്ഞതൊന്നും ദൈവനാമത്തില്‍ എഴുതിയതുമില്ലെന്ന്. മാധ്യമസിന്‍ഡിക്കേറ്റുകള്‍ എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്നു കരുതി കാത്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. 2009 ഫെബ്രുവരി മൂന്നിനുള്ള മാധ്യമം വാരികയില്‍ താഹയുടെ ഒരു ലേഖനമുണ്ട്, ‘അപ്പോഴും പിണറായി വിജയന്‍ ഒറ്റയ്ക്കായിരിക്കും’. നവസാമ്രാജ്യത്തിന്റെ കുത്തകാധികാരങ്ങള്‍ പിടിച്ചെടുത്തുകൊണ്ട് കേരളീയമായൊരു വികസനദേശം സ്ഥാപിക്കുന്ന പുതിയ കാലത്തിന്റെ നേതാവായി (ഒരേയൊരു നേതാവായി) വിജയനെ ഉയര്‍ത്തിക്കാട്ടുന്ന ഒന്നാന്തരമൊരു കാല്‍പ്പനിക സ്തുതി ഗീതം. ഒരു പുതു തലമുറയെ അഡ്രസ്സ് ചെയ്യുന്ന പിണറായിയുടെ നേട്ടങ്ങളെ താഹ പട്ടികപ്പെടുത്തിയിട്ടുണ്ട്. 1. ദിനേശ് ബീഡി തൊഴിലാളികളെ മച്ചിന്‍പുറത്ത് തളച്ചിടാതെ രുചി-വസ്ത്രവൈവിദ്ധ്യങ്ങളിലേയ്ക്ക് തിരിച്ചു വിട്ടു. 2. നോക്കുകൂലിയെ നിന്ദിക്കുക വഴി ഇടതുപക്ഷമെന്നാല്‍ പിടിച്ചുപറിക്കാരുടെ കൂട്ടമാണെന്ന നാഗരിക-മധ്യവര്‍ഗത്തിന്റെ ധാരണയെ നീക്കം ചെയ്തു. 3. പ്രാന്തീയമേഖലയില്‍ വാട്ടര്‍ തീം പാര്‍ക്ക് സ്ഥാപിച്ച് കുത്തകവ്യവസായങ്ങള്‍ക്ക് ബദലു നിര്‍മ്മിച്ചു. 4. പുതിയതലമുറയുടെ വിനോദോപാധികളെ ലാക്കാക്കി വിസ്മയപാര്‍ക്ക്... 5. അവരുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ലാവലിന്‍.... 6. അവരുടെ അഭിരുചികള്‍ക്ക് കൈരളി..... അങ്ങനെ അങ്ങനെ.

സ്വാഭാവികമായും അച്ചുതാനന്ദനെക്കുത്താതെ പുതിയ ലോകത്തെ അഭിസംബോധനചെയ്യുന്ന ഇടതു നേതാക്കളെപ്പറ്റി പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന ‘പുതിയ കാലത്തെ’ എഴുത്തിന്റെ ആഖ്യാനഘടനയെ അനുസരിക്കാതെ പറ്റില്ലല്ലോ താഹാ മാടായിക്കും. “സ്വയം ഒരു തീരുമാനവും എടുക്കാന്‍ കഴിയാതെ, എല്ലായ്പ്പോഴും കീഴടങ്ങലിന്റെ ശൈലി സ്വീകരിക്കുന്ന, അധികാരത്തിന്റെ ശീതളച്ഛായ വിട്ടുപോകാന്‍ കൂട്ടാക്കാത്ത, സ്വന്തം പ്രതിച്ഛായയുടെ തടവുകാരനായ...” (പേരില്ലെങ്കിലും ആളാരാണെന്ന് വ്യക്തമാണല്ലോ..) ഇങ്ങനെയൊരാളിനെ സാക്ഷാല്‍ വിജയന്‍ മാഷിനുപോലുമിഷ്ടപ്പെടാന്‍ സാധിക്കില്ലെന്നാണ് താഹയുടെ ഊഹക്കണക്ക്. ശരിയായിരിക്കും. ഒരുപാട് പ്രാവശ്യം അഭിമുഖം നടത്തി വിജയന്മാഷിന്റെ മനസ്സെന്താണെന്ന് ചെറുപ്രായത്തില്‍ തന്നെ മനസ്സിലാക്കിയെടുത്ത ദേഹമാണ് താഹയുടേത്. (അവകാശവാദം താഹയുടേതു തന്നെ) പ്രശ്നമതല്ല, രണ്ടുമാസങ്ങള്‍ക്കു മുന്‍പ് പുകിലുണ്ടാക്കിയ അഭിമുഖത്തില്‍ മുകുന്ദന്‍ പറഞ്ഞു എന്നു പറയപ്പെടുന്ന ആശയങ്ങളുടെ വലിച്ചുപരത്തിയ രൂപത്തിലുള്ളതാണ് ഈ ലേഖനം. താഹ ഉള്ളില്‍ വഹിച്ചിരുന്നതും മുകുന്ദന്‍ പങ്കു വച്ചതും ഒരേ ആശയവും സങ്കല്പങ്ങളുമായിരുന്നെങ്കില്‍ എന്തിനായിരുന്നു തെറ്റിദ്ധാരണാജനകമായ തലക്കെട്ടോടെ, അത്രയൊന്നും ഉദ്ദേശ്യശുദ്ധിയില്ലാത്ത മറുപടിക്കുറിപ്പുകളോടെ, സ്വതവേ കാറ്റടിച്ചാല്‍ കീറുന്ന കടലാസുഹൃദയമുള്ള ഒരെഴുത്തുകാരനെ, നമ്മുടെ സ്വന്തം മുകുന്ദനെ, വിവാദച്ചെളിയിലൂടെ വലിച്ചിഴച്ച് മാനസികമായി തകര്‍ത്തത് ? ഒരേതൂവല്‍ പക്ഷികളാണ് തങ്ങള്‍ എന്നുറപ്പുണ്ടായിരുന്നെങ്കില്‍ ‘മറ്റേയാള്‍ കാലഹരണപ്പെട്ടയാളു’ തന്നെ എന്ന ധ്വനിയോടേ അഭിമുഖം കാച്ചാന്‍ നോവലിസ്റ്റുകൂടിയായ താഹയ്ക്ക് എന്തായിരുന്നു വൈക്ലബ്യം? പൊതുസമൂഹം മുകുന്ദനെ സംശയിക്കുന്നമട്ടില്‍ ആ അഭിമുഖം എഴുതി അവതരിപ്പിക്കാതിരിക്കാനുള്ള സത്യസന്ധത എന്തുകൊണ്ട് താഹ അന്ന് കാട്ടിയില്ല?

ആര്‍ക്കറിയാം ‘പുതിയ’ കാലത്തിന്റെ ഗതിവിഗതികള്‍! ഒരാളുടെ ആശയങ്ങള്‍ നിറം മാറാനും (മാറ്റാനും) പുണ്യവാളന്‍ നിഷ്ക്രിയനായൊരു പിശാചായിരുന്നു എന്ന് മനസ്സിലാവാനും (മനസ്സിലാക്കിക്കുവാനും) രണ്ടുമാസമൊക്കെ ധാരാളമായിരിക്കും. ഈ ലേഖനം മുന്നോട്ടു നീട്ടി തരുന്ന മറ്റൊരു പ്രശ്നം കൂടിയുണ്ട്. ആള്‍ദൈവമാവാന്‍ ത്രസിച്ചു നില്‍ക്കുന്ന നേതാവിനെ ഉടുതുണിയുരിക്കുന്ന ഒരു ലേഖനം കെ ഇ എന്‍ മുന്‍പൊരിക്കല്‍ മാതൃഭൂമിയില്‍ എഴുതിയിരുന്നതും വിവാദമായിരുന്നല്ലോ. നല്ല ചെയ്തികളുടെ ക്രെഡിറ്റെല്ലാം വ്യക്തിയ്ക്കും ചീത്തയെല്ലാം പാര്‍ട്ടിയ്ക്കും പോകുന്ന തലതിരിഞ്ഞ സാമാന്യധാരണയ്ക്കെതിരെയാണ് കെ ഇ എന്റെ തൂലിക പൊരുതിയത്. പാര്‍ട്ടിയാണ് പ്രധാനം വ്യക്തിയല്ല. മിച്ചഭൂമിസമരവും ഭൂപരിഷ്കരണവും വെട്ടിനിരത്തലും കുത്തക കൈയേറ്റങ്ങളെ ഒഴിപ്പിക്കലും സ്ത്രീപീഡനക്കാരെ കൈയാമം വച്ച് റോഡിലൂടെ നടത്തിക്കലും പാര്‍ട്ടി നയങ്ങളുടെ നടപ്പാക്കലാണ്. അവയൊക്കെ വച്ചു് പ്രതിച്ഛായാനിര്‍മ്മാണം നിര്‍വഹിക്കാനുള്ള ഉദ്യമം ആരുനടത്തിയാലും അതിനകത്തൊരു കുലം കുത്തലുണ്ട്. പ്രവര്‍ത്തനപാരമ്പര്യമുണ്ടെങ്കിലും പാര്‍ട്ടി എന്താണെന്ന് തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത തരം അന്ധതയുണ്ട്. ഇതൊക്കെ കെ ഇ എന്‍ പറയാതെ നമ്മള്‍ തിരിച്ചറിയില്ലായിരുന്നു. പക്ഷേ കെ ഇ എന്‍ കുഞ്ഞഹമ്മദിനെ പോലൊരാള്‍ പറഞ്ഞിട്ടും താഹ അതു മനസിലാക്കിയ (മുകുന്ദന്‍ നേരത്തെ മനസ്സിലാക്കിയില്ലായിരുന്നു) മട്ടില്ലാത്തതു കണ്ടാണ് ഞാന്‍ മൂക്കത്തു വിരലുവച്ചുപോയത്. നടേ താഹ പട്ടികയിട്ടു നിരത്തിയ കാര്യങ്ങളെല്ലാം ചെയ്തത് വ്യക്തിയാണെന്നാണല്ലോ ലേഖനത്തിന്റെ മൊത്തം ടോണ്‍. അല്ലേ? ഇങ്ങേപ്പുറത്തെ ‘കീഴടങ്ങലിന്റെ ശൈലിയും നിഷ്ക്രിയതയുമൊക്കെ.’അതും വ്യക്തിയുടെ.

ലാവലിന്‍ പ്രശ്നം ചൂടു പിടിച്ചതോടെ വ്യക്തിപൂജ മറ്റൊരു തരത്തില്‍ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. പിണറായി ഊതിക്കാച്ചിയ പൊന്നാണെന്ന് സുധാകരന്‍. ക്രിസ്തുവിനും നബിക്കും അനുഭവിക്കേണ്ടിവന്ന എതിര്‍പ്പുകളാണ് പിണറായിക്കും നേരിടേണ്ടി വരുന്നതെന്ന് ഇ പി ജയരാജന്‍. (രാഷ്ട്രീയാഭിപ്രായഗതികളുടെ അദ്ഭുതകരമായ സാമ്യം നോക്കുക, റെജീനയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം തൂങ്ങിയാടുന്ന കാലത്ത് കുഞ്ഞാലിക്കുട്ടിയും ഇതേ വാക്യം പറഞ്ഞിരുന്നു) ലാവലിന്‍ പ്രശ്നത്തിലെ നഷ്ടം അത്ര വലുതൊന്നുമല്ല സംസ്ഥാനത്തിനെന്നെഴുതുന്നത് ധനകാര്യമന്ത്രി തോമസ് ഐസക്ക്. കാര്‍ത്തികേയനും ഉമ്മന്‍ച്ചാണ്ടിയ്ക്കുമുള്ള മറുപടി വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെ വക. ഇതില്‍ നിന്നെല്ലാം ശ്രദ്ധേയമായി തോന്നിയത് ഇ പി ജയരാജന്റെ തന്നെ ഒരു അഭിപ്രായപ്രകടനമാണ്. ‘പാര്‍ട്ടി എന്നു പറഞ്ഞാല്‍ പിണറായി തന്നെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ സുചിന്തിതമായ വാക്യം. താഹയുടെയും മുകുന്ദന്റെയും ലേഖനങ്ങളിലെ സാമാന്യബോധത്തിനു ദഹിക്കാത്ത വൈരുദ്ധ്യങ്ങള്‍ ഈയൊരൊറ്റ അഭിപ്രായപ്രകടനത്തില്‍ മാഞ്ഞുതള്ളിപ്പോകുന്നതു കാണാം. കേരളസര്‍വകലാശാല തൊഴിലാളിയൂണിയന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി സുധാകരന്‍ പറഞ്ഞു : ‘5 വര്‍ഷത്തേയ്ക്ക് മന്ത്രിയോ എം എല്‍ എയോ ആയാല്‍ നിഷ്പക്ഷരായി എന്നു കരുതുന്നവര്‍ മാര്‍ക്സിസ്റ്റല്ല’. യഥാര്‍ത്ഥത്തില്‍ അച്ചുതാനന്ദനെ കുത്താനുള്ളതല്ല, സോമനാഥചാറ്റര്‍ജിയ്ക്കെതിരെയുള്ള വാക്യമായിരുന്നു അതെന്ന് പിണറായി വിജയന്റെ വ്യാഖ്യാനക്കുറിപ്പാണ് പിറ്റേന്നത്തെ പത്രത്തില്‍ കാണുന്നത്. സോമനാഥ ചാറ്റര്‍ജി ഇതിനിടയ്ക്കെപ്പോഴാണ് എന്തിനാണ് മന്ത്രി സുധാകരന്റെ വണ്ടിയില്‍ കയറിയതെന്നറിയില്ല. എങ്കിലും ‘അങ്ങനെ പിണറായി പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ശരിയാണ്.’ എന്ന് മന്ത്രിയുടെ മറുപടി ഒരു കാര്യം തുറന്നു സമ്മതിക്കുന്നുണ്ട്, ഇ പി ജയരാജന്റെ വാക്യത്തിന്റെ അതേ ധ്വനിയുള്ള ഭാഷ്യമാണ് അതെന്ന്. ബാലാനന്ദന്‍ പോളിറ്റ് ബ്യൂറോയ്ക്ക് കത്തെഴുതിയോ ഇല്ലയോ? രണ്ടു തരം വ്യഖ്യാനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. അങ്ങനെ ഒരു കത്ത് മരിച്ചുപോയ ആള്‍ എഴുതി എന്നു തന്നെ വയ്ക്കുക. എന്തായിരുന്നിരിക്കും അതിന്റെ ഉദ്ദേശ്യം? എന്തായാലും പാര്‍ട്ടിയെ തകര്‍ക്കുക എന്നതായിരുന്നിരിക്കുമോ? ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ സാദ്ധ്യത, ഒരു തലമൂത്ത നേതാവ് സദുദ്ദേശത്തോടെ ഉപയോഗിക്കുന്നതില്‍ തെറ്റെന്താണ്? എഴുതിയില്ല എന്നു വയ്ക്കുക. എങ്കില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ നിയുക്തനായ വ്യക്തി തനിക്കറിയാവുന്ന കാര്യം തന്നെ ചുമതലപ്പെടുത്തിയിട്ടും ഉപരിസഭയെ അറിയിക്കാതെ നിഷ്കാമനായി എന്നല്ലേ വരിക? ബാലാനന്ദന്‍ തന്നെ ഒരു അഭിമുഖത്തില്‍ ‘ലാവലിന്‍ കരാര്‍ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്ന് വിശ്വസിക്കുന്നവരും പാര്‍ട്ടിയില്‍ തന്നെയുണ്ടെ’ന്ന അഭിപ്രായം തെളിച്ചു പറയുകയും ചെയ്തിട്ടുണ്ട്. അതിന്റെ വിശദീകരണക്കുറിപ്പ് പാര്‍ട്ടി അച്ചടക്കം ലംഘിക്കാതെ അദ്ദേഹം എഴുതി എന്നതില്‍ തെറ്റായിട്ടെന്താണ്?

പ്ലാസ്റ്റിക് യുഗം, ഡിജിറ്റല്‍ കാലം എന്നൊക്കെ പറയും പോലെ നമ്മളിപ്പോള്‍ വ്യാഖ്യാനങ്ങളുടെ കാലത്താണ്. പാര്‍ട്ടിയും ഭരണകൂടവും സിവില്‍ സമൂഹവുമൊക്കെ നിര്‍വചനങ്ങളിലും ഭാഷ്യങ്ങളിലും പെട്ട് ആകെ തലകുത്തിമറിയുന്നു. ലാവലിന്‍ പ്രശ്നത്തില്‍ കുറ്റകരമായ അനാസ്ഥ/കെടുകാര്യസ്ഥതയാണുള്ളത്. പക്ഷേ പ്രതി(കള്‍) ഇല്ല. കിളിരൂര്‍ കേസിലെ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു തന്നെ കാണാതായി. അത് ഒളിപ്പിക്കപ്പെട്ടതാണെന്ന് പറഞ്ഞ സുരേഷ് കുമാറിനാണ് സസ്പെന്‍ഷന്‍. ഒളിപ്പിച്ചവര്‍ എവിടെയും ഇല്ല. എല്‍ ഡി എഫിന്റെ തെരെഞ്ഞെടുപ്പു പോസ്റ്ററുകളിലെ ഏറ്റവും ദീനമായ മുഖം ഓര്‍മ്മയില്ലേ? ഫോര്‍ട്ടു പോലീസ് സ്റ്റേഷനില്‍ വച്ച് ഉരുട്ടിക്കൊലയ്ക്ക് വിധേയനായ ഉദയകുമാറിന്റെ അമ്മയുടേതായിരുന്നു അത്. തെരെഞ്ഞെടുപ്പില്‍ മുഖ്യപ്രശ്നവും പ്രതീകവുമായി അവതരിപ്പിക്കപ്പെട്ട ഒരു കേസ്, ഭരണം ആയിരം ദിവസം തികയ്ക്കുമ്പോഴും ഒരു കരയിലും എത്തിയിട്ടെല്ലെന്ന് അറിയുമ്പോഴും സമാധാനിക്കാന്‍ കഴിയുന്നത് വ്യാഖ്യാനങ്ങള്‍ക്കു മേലുള്ള ജീവിതം അത്ര ശക്തമായതുകൊണ്ടാണ്. എസ് എഫ് ഐ യുടെ ഒരു പോസ്റ്റര്‍ ശീര്‍ഷകം ഗുരു എന്നായിരുന്നു. മലപ്പുറത്ത് ക്ലസ്റ്റര്‍ യോഗത്തിന്റെ നടത്തിപ്പിനിടെ കൊലപ്പെട്ട അഗസ്റ്റിന്റെ ഓര്‍മ്മയ്ക്ക്. സംസ്കൃതകോളേജില്‍ പിരിവു കൊടുക്കാത്തതിന്റെ പേരില്‍ കുട്ടികള്‍ അദ്ധ്യാപകനെ മര്‍ദ്ദിച്ചപ്പോഴോ മൈക്രോ ബയോളജിയിലെ ഡോ.തങ്കമണിയെ പിരിച്ചുവിട്ടപ്പോഴോ ‘ഗുരു’ എന്ന ആദ്ധ്യാത്മിക അനുഭവം ഒരു പ്രശ്നമാവുന്നില്ല. ചെങ്ങറയിലെ കുടികിടപ്പുകാര്‍ കള്ളന്മാരും അതിനു അനുഭാവം പ്രകടിപ്പിച്ചവര്‍ രാഷ്ട്രീയമില്ലാത്ത സദാചാരവിരുദ്ധരും ആകുന്നതും ഭാഷ്യത്തിന്റെ പിന്‍ബലത്തിലാണ്. പാമൊയില്‍ പ്രശ്നത്തിലും പൈപ്പ് വാങ്ങിക്കൂട്ടിയതിലുള്ള അഴിമതിയിലും അരി കുംഭകോണത്തിലും കോഴിക്കോട് പെണ്‍ വാണിഭത്തിലുമൊന്നും ചാരക്കേസിലും നളിനി നെറ്റോ കേസിലും ഒന്നും പ്രതികളില്ല. രാഷ്ട്രീയലാക്കുകള്‍ ഘുണാക്ഷരന്യായേണ നിര്‍മ്മിക്കുന്ന ചില സൂചനകള്‍ മാത്രം. കാലം കഴിയുമ്പോള്‍ അതങ്ങനെ അന്തരീക്ഷത്തില്‍ വിലയിച്ചോളും. കുറ്റം നടന്നിട്ടുണ്ടോ എന്നു തന്നെ അറിയാനാവാത്ത അവസ്ഥയില്‍ ജനാധിപത്യസമൂഹത്തിന് തലപെരുക്കാതെ ഉറങ്ങാം. ഇപ്പോള്‍ പുതിയൊരു പ്രതിഭാസം കൂടി ഉടലെടുത്തിട്ടുണ്ട്. മന്ത്രിപുത്രന്മാര്‍. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പിലും വിമാനത്താവളത്തിലെ അടിയിലും കിളിരൂര്‍ കേസിലുമൊക്കെ മുഖവും പേരുമൊന്നുമില്ലാത്ത ഇവര്‍ പതിയിരിക്കുന്നുണ്ടത്രേ. അക്കാര്യത്തിലും ഒന്നും ചെയ്യാനില്ല. രാഷ്ട്രീയസമ്മര്‍ദ്ദഫലമായുണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങളാണിവയുമെന്ന് വ്യാഖ്യാനങ്ങള്‍ ഉണ്ടാവുന്നുണ്ട്. നമുക്കുള്ളത് ഭാഷ്യങ്ങള്‍ മാത്രമായതുകൊണ്ട്, ഇഷ്ടമുള്ളൊരു പതിപ്പെടുക്കുക വായിച്ചു ചായുക.

അപ്പോള്‍ പുതിയകാലത്തിന്റെ പ്രവാചകന്‍, കാലഹരണപ്പെട്ട പുണ്യവാളന്‍ എന്നീ പ്രയോഗങ്ങളുടെയൊക്കെ യഥാര്‍ത്ഥത്തിലുള്ള അര്‍ത്ഥമെന്താണ്? കണ്മുന്നിലുള്ള പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്ന് സുതാര്യമായി അവതരിപ്പിക്കാനാവാത്ത വിധത്തില്‍ വ്യാഖ്യാനക്കുറിപ്പുകളുടെ പെരുക്കമാണ് ചുറ്റിലും. സ്തുതിഗീതങ്ങളെല്ലാം അധികാരം ഉറപ്പിക്കുന്നതിനുള്ളതാണ്. അതുകൊണ്ടാണവയുടെ സ്വരം ഒരുപോലിരിക്കുന്നത്. സാമാന്യധാരണയെനോക്കി കൊഞ്ഞനം കാണിക്കുന്ന പതിപ്പുകള്‍ പതിവിലധികം വര്‍ദ്ധിക്കുന്നോ എന്ന ആശങ്കയാണിപ്പോള്‍ ഉള്ളില്‍ പിടയുന്നത്. സമൂഹത്തില്‍ ഭരണഘടനയുടെ സുഗമമായ നടത്തിപ്പിലാണ് ഭരണകൂടത്തിന്റെ പ്രസക്തി. അത്രമാത്രമേ സിവില്‍ സമൂഹത്തിന് അറിയേണ്ടതായും അനുഭവിക്കേണ്ടതായും ഉള്ളൂ. എന്നാല്‍ പാര്‍ട്ടി എന്ന ഉന്നതങ്ങളിലേയ്ക്ക് കൈയുയര്‍ത്തി കുറ്റബോധം അനുഭവിച്ചുകൊണ്ട് കെടുകാര്യസ്ഥതയ്ക്ക് ന്യായീകരണങ്ങള്‍ നിരത്തുക എന്നത് പ്രവര്‍ത്തകരുടെ പതിവുരീതിയാകുന്നിടത്തു നിന്നാണ് അപചയത്തിന്റെ തുടക്കം. കറതീര്‍ന്ന രാഷ്ട്രീയവ്യക്തിത്വമെന്നോ ആള്‍ ദൈവം എന്ന നിലയ്ക്കോ അല്ല, അച്ചുതാനന്ദന്‍ പൊതുസമൂഹത്തിന് ആശ്രയമാവുന്നത്. രക്ഷകബിംബം എന്ന നിലയ്ക്കാണ്. ഒരു നേതാവ് സാമൂഹികപ്രശ്നങ്ങളെ വ്യാഖ്യാനിക്കുന്ന വിധമാണ് അയാളുടെ രക്ഷകത്വമൂല്യത്തെ സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. സിവില്‍ സമൂഹത്തിന്റെ ആവൃത്തികളുമായി ഏതെങ്കിലുമൊക്കെ അംശങ്ങളില്‍ അയാളുടെ ധാരണകളും ചെയ്തികളും പൊരുത്തപ്പെടണം എന്നര്‍ത്ഥം. സമൂഹത്തെ സംബന്ധിച്ചിടത്തോളം രക്ഷകനെ കാത്തിരിക്കുന്നതുപോലെ ഹതാശമായ സംഗതി വേറെയില്ലെന്നറിയുക. എന്നിട്ടും ഇടതുപക്ഷത്തിനു പ്രാമാണ്യമുള്ള കേരളസമൂഹത്തിന്റെ അബോധത്തില്‍ നാളിതുവരെ സംഭവിച്ചിരിക്കുന്നത് പിതൃരൂപങ്ങളുടെ തുടര്‍ച്ചയായ (അത്രതന്നെ നിഷ്ഫലമായ) നിര്‍മ്മാണങ്ങളായിരുന്നെങ്കില്‍ തകരാറ്` കുറച്ച് ആഴത്തിലുള്ളതാണ്. അപ്പോള്‍ പ്രാഥമികമായി വേണ്ടത് പൊതുസമൂഹത്തിന്റെ കണ്മുന്നിലുള്ള പൊരുത്തക്കേടുകളെ, നീതിരാഹിത്യങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യുന്ന നേതൃത്വമാണ്. അതാണ് പ്രാഥമികം. അല്ലാതെ എന്തു പുതിയകാലം? അതു ചെയ്യാതെ ഹര്‍ത്താലും പണിമുടക്കും പ്രസ്താവനകളും നടത്തി അത്യാവശ്യം ഭീഷണികളുയര്‍ത്തി കടന്നു പോകുന്ന ജാഥകളും മാര്‍ച്ചുകളുമാണ് ഇന്ന് കേരളരാഷ്ട്രീയം. തലയില്ലാത്തൊരു ആള്‍ക്കൂട്ടം. അതുമാത്രം പോരെന്ന് തിരിച്ചറിയുന്ന കുതറുലുകളെല്ലാം മാധ്യമസൃഷ്ടി അല്ല. അതു ചൂണ്ടിക്കാണിക്കുന്നവരെല്ലാം വിമതരല്ല. ആസനമുറപ്പിക്കാനോ ഭീഷണിയ്ക്കു വഴങ്ങിയോ ഈണവൈവിദ്ധ്യം പോലുമില്ലാതെ സ്തുതിഗീതങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നവരെല്ലാം പാര്‍ട്ടിബന്ധുക്കളല്ല. പാര്‍ട്ടിയെന്നത് കൊട്ടിപ്പാടാന്‍ വേണ്ടി മാത്രമുള്ള വിശുദ്ധ അള്‍ത്താരയുമല്ല.

നമുക്ക് തുടങ്ങിയ ഇടത്തേയ്ക്ക് പോകാം, പറഞ്ഞു വരുന്നത്, വ്യക്തികളല്ല അപ്പോള്‍ പ്രധാനം......

February 8, 2009

ഉത്പത്തിപുസ്തകം - തമിഴ് കവിതഉത്പത്തിപുസ്തകം

അപ്പോഴേക്ക്,
കളിച്ചു തളര്‍ന്ന്
അവളുടെ
കൂട്ടുകാരോരോരുത്തരായി
മടങ്ങിപ്പോയി.
കളിപ്പാട്ടങ്ങള്‍
തിരികെ അടുക്കി വയ്ക്കുമ്പോള്‍
അവളുടെ മുഖം കനത്തു.
നനഞ്ഞകണ്ണുകള്‍
തുടച്ച്
വിതുമ്പി :
“അമ്മാ
ആരോ എന്റെ ദൈവത്തെ മോഷ്ടിച്ചു.”

‘ദൈവം ആരുടെയും വസ്തുവകയല്ല,
മോഷ്ടിക്കാന്‍.
നീ നിന്റെ ദൈവത്തെ ഉണ്ടാക്ക്.
കളിമണ്ണുകൊണ്ട്.
അല്ലെങ്കില്‍
വെള്ളക്കടലാസില്‍ വരഞ്ഞ്.’
ഞാന്‍ പറഞ്ഞു.

‘ദൈവം എത്ര തടിച്ചിട്ടാണ്?
എന്തുമാത്രം പൊക്കമുണ്ടാവും?’
അവള്‍ ചോദിച്ചു
‘നിന്റെ ചുരുട്ടിപ്പിടിച്ച കൈയോളം മാത്രം.‘
ഞാന്‍ പറഞ്ഞു

മുട്ടുകുത്തിയിരുന്ന്
അവള്‍ വരയ്ക്കാന്‍ തുടങ്ങി.
ദാ...ദൈവം ജനിക്കാന്‍
പോകുന്നു !

-മാലതി മൈത്രി
1968-ല്‍ ജനിച്ചു. ഔരോവില്ലയില്‍ ടെക്സ്‌ടൈല്‍ ഡിസൈനര്‍. രണ്ടു കവിതാപുസ്തകങ്ങളും ഒരു ലേഖനസമാഹാരവും രചിച്ചിട്ടുണ്ട്‍. പെണ്‍കവിതകളുടെ സമാഹാരത്തിന്റെയും ഫെമിനിസത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെയും എഡിറ്ററായിരുന്നു.

February 1, 2009

ജീവിതം തിരുകിവച്ച ഉത്തരങ്ങള്‍ഡാനി ബോയല്‍ എന്ന ബ്രിട്ടീഷു സംവിധായകന്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള ചിത്രത്തിന് ‘സ്ലം ഡോഗ് മില്യണയര്‍’ എന്ന പേരു നല്‍കിയതില്‍ കടുത്ത കൊളോണിയല്‍ ധാരണ കിടന്നു കറങ്ങുന്നില്ലേ എന്ന സംശയം വീണ്ടും വീണ്ടും തോന്നിക്കൊണ്ടിരിക്കുന്നത്, അതേ മനഃസ്ഥിതിയുടെ തന്നെ ഇങ്ങേവശം നില്‍ക്കുന്നതുകൊണ്ടാണെന്നു വേണമെങ്കില്‍ ഒരാള്‍ക്ക് തര്‍ക്കിക്കാം. അരവിന്ദ് അഡിഗയുടെ ‘വൈറ്റ് ടൈഗറു’മായി ചില സാമ്യങ്ങള്‍ ‘സ്ലം ഡോഗി’നു തോന്നുന്നത് വെറുതെയല്ല. രണ്ടു രചനകളിലെയും താഴേക്കിടജീവിതങ്ങള്‍ക്ക് അദ്ഭുതകരമായ ചില സാമ്യങ്ങള്‍ ഉണ്ട്. അവയുടെ വിപണിയിലും. എങ്കിലും ആ പേരുകളിലെ വ്യത്യാസങ്ങള്‍ വെറുതെ ഒന്നു ശ്രദ്ധിച്ചേക്കുക. അതാണ് ! ജീവിതം തിരുകിക്കൊടുത്ത ഉത്തരങ്ങളിലൂടെ ഒന്നുമല്ലാത്തവന്‍ എന്തെങ്കിലുമൊക്കെ ആയിത്തീരുന്ന (?) കഥ പറയാന്‍ ഇന്ത്യക്കാരനായ വികാസ് സ്വരൂപ് തെരെഞ്ഞെടുത്ത പേര്, നോവലെഴുതുന്ന മര്യാദരാമന്മാര്‍ക്കൊക്കെ മാതൃകയാണ്, ‘ചോ & ഉ’. സിനിമയില്‍ പിന്നെ എവിടുന്നു വന്നൂ ഈ ‘പട്ടി’ പ്രയോഗം?

‘കൊളോണിയല്‍ മനഃസ്ഥിതി’ എന്ന വാക്ക് ഡാനി ബോയല്‍ തന്നെ പ്രയോഗിച്ചതാണ്. ഹോളിവുഡ് ‘ത്രില്ലറുകള്‍ക്കുള്ള’ എല്ലാ സാദ്ധ്യതയും അടക്കിപ്പിടിച്ചിരിക്കുന്ന മുംബായ് നഗരത്തെക്കുറിച്ച് തനിക്കുണ്ടായിരുന്ന ഗൌരവതരമായ തെറ്റിദ്ധാരണയെയാണ് അദ്ദേഹം അങ്ങനെ വിശേഷിപ്പിച്ചത്. ഈ തെറ്റിദ്ധാരണ, രക്ഷാകര്‍ത്തൃത്വത്തിലധിഷ്ഠിതമായ കാഴ്ചപ്പാടായി വികസിപ്പിക്കാനുള്ള സൌകര്യം നല്‍കുന്നതാണ് ഇങ്ങനെ ഒരു കഥയോടു ബോയലിനുണ്ടായ ഇഷ്ടത്തിനടിസ്ഥാനം എന്നു സംശയിച്ചുകൂടായ്കയില്ല. ഇന്ത്യയെന്നാല്‍ ചേരിയും അഴിമതിയും മനുഷ്യത്വവിരുദ്ധതയും പോളിട്രിക്സും ചേര്‍ന്ന വിഡ്ഢിത്തങ്ങളുടെ കൂത്തരങ്ങും ഡപ്പാംകുത്തുമാണെന്ന് ഇന്ത്യയ്കകത്തു നിന്നൊരാളും പുറത്തു നിന്ന് ഒരാളും പറയുന്നതിന് വ്യത്യാസങ്ങളുണ്ട്. (പരമസാത്വികനായ ഗാന്ധിജിപോലും ഒരു സ്ത്രീയാണെന്നു പോലും പരിഗണിക്കാതെ കാതറിന്‍ മേയോ മദാമ്മയെ ചീത്തപറഞ്ഞില്ലേ?) ഇന്ത്യനിംഗ്ലീഷ് രചനകളെക്കുറിച്ചുള്ള പ്രധാനാരോപണം അവ നമ്മുടെ അപഹാസ്യതകളെ ദയനീയമായി ചിത്രീകരിച്ച് ലോകമാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കു വയ്ക്കുന്നു എന്നുള്ളതാണല്ലോ. ഏതു വിമര്‍ശനവും അസൂയയില്‍ നിന്നും അരക്ഷിതാവസ്ഥയില്‍ നിന്നും വിപണനത്തിനു വേണ്ടി മാത്രം ജന്മം കൊള്ളുന്നതല്ല എന്ന് പറഞ്ഞ് എഴുത്തുകാരിയായ ശശി ദേശ്‌പാണ്ഡേ ഇന്ത്യന്‍ കൃതികളിലെ സമൂഹത്തിന്റെ യഥാതഥചിത്രീകരണങ്ങളെ ന്യായീകരിച്ചിട്ടുണ്ട്. (ദ ഹിന്ദു). ആഫ്രിക്കന്‍ ദുരന്തങ്ങളും മദ്ധ്യപൂര്‍വേഷ്യന്‍ ദുരിതങ്ങളും പാലസ്തീന്‍ അസ്വസ്ഥതകളും മൂന്നാലോകവും മാഫിയകളും രാഷ്ട്രീയവുമൊക്കെ കൈയടികളോടെ കണ്ടിരിക്കുന്ന നമുക്ക് പച്ചയായ ഇന്ത്യന്‍ ജീവിതം അസ്വസ്ഥതകളുണ്ടാക്കുന്നു (പുറത്തു നിന്നു ചിത്രീകരിച്ചതാണെങ്കിലും അകത്തു നിന്ന് ചിത്രീകരിച്ചതാണെങ്കിലും) എന്നു വരുന്നത് കടന്ന കൈയാണ്. എന്നാലും ‘സ്ലം ഡോഗി’ന്റെ കാര്യത്തില്‍ ഇത്രയും ന്യായീകരണം പോരെന്നു തോന്നുന്നു.

മറ്റൊരു ഇന്ത്യ, ‘ധാരാവി’യിലൂടെ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ മേന്മയായി കേട്ടത്. ശ്വസിക്കുന്ന ചേരിയാണ് പ്രധാനകഥാപാത്രം. (‘മുംബായ്‘ എന്ന് ബോയല്‍ പറയുന്ന സ്ഥലം‍, മൊത്തത്തില്‍ ഒരു ചേരിയാണ്. ‘സലാം ബോംബേ’ പോലുള്ള സിനിമകളിലെ തെരുവുകള്‍ ശ്വസിച്ചിട്ടേയില്ലെന്ന് ആരാണ് പറയുന്നത്?) ജനപ്രിയ ചേരുവകളുണ്ടെങ്കിലും കലാമൂല്യത്തെപ്പറ്റി ബോധമുള്ള പ്രേക്ഷകനെയും സംതൃപ്തിപ്പെടുത്തുന്ന മട്ടിലാണ് ആഖ്യാനം. ‘സിറ്റി ഓഫ് ഗോഡി’ന്റെ അത്ര രക്തം ചിന്താതെയുള്ള ഇന്ത്യന്‍ രൂപാന്തരം എന്നാണ് സിനിമയ്ക്കു് ലഭിച്ച ഒരു വിശേഷണം. മറ്റൊന്ന് ‘കാഴ്ചയുടെ സദ്യ’ എന്നും. വിശേഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ വൈരുദ്ധ്യം അറിയാം. ഇന്ത്യയെന്നു കേള്‍ക്കുമ്പോള്‍ ഏതു വിദേശിയുടെയും മനസ്സിലുണരുന്ന നിറ-രുചി വൈവിദ്ധ്യങ്ങളുടെ ശബളമായ സങ്കരമായ ഒരു ചേരിയാണിതും. പാട്ടും നൃത്തവും അനുസാരികളായുണ്ട്. സിനിമയുടെ ചിത്രീകരണമികവിനെക്കുറിച്ച് സംശയമേ വേണ്ട. എന്നാല്‍ ‘സ്ലം ഡോഗ്’ സത്യത്തില്‍, സാധാരണ ബോളിവുഡ് മസാല സിനിമയെ വിദേശ ചിത്രങ്ങളുടെ ആഖ്യാനഘടനയിലേയ്ക്കും സാങ്കേതിക തികവിലേക്കും തിരുകി കയറ്റിവയ്ക്കാന്‍ ഉത്സാഹിക്കുന്ന ഒരു സംവിധായകന്റെ കൌതുകം മാത്രമാണെന്നു വരാം. ഗൌരവമുള്ള ഒരു തമാശ. അതിനു കാരണങ്ങളുണ്ട്. പല തവണ, പല രീതിയില്‍ ഇന്ത്യന്‍ ജനപ്രിയ സിനിമകള്‍ അവലംബിച്ച ചില കാഴ്ചപ്പാടുകളെ ഉലയ്ക്കാതെ, അതേ മട്ടില്‍ തന്നെയാണ് ഡാനി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. വിദേശ ജനപ്രിയ ടെലിവിഷന്‍ പ്രോഗ്രാമിന്റെ അനുകരണമായ (ശ്രദ്ധിക്കണം ആ പരിപാടി തന്നെ അനുകരണമാണ്) ‘കോന്‍ ബനേഗാ കാരോട്പതി’ യില്‍ ഒരു നിസ്സഹായ ജീവിതത്തെ കുടുക്കിയിട്ടാണ് സിനിമ പുരോഗമിക്കുന്നത്. അതു തൊടുന്നത് അറിവിനേക്കാള്‍ മനുഷ്യന്റെ വിധിയിലുള്ള വിശ്വാസത്തെയാണ്. ചിത്രത്തിന്റെ ആരംഭത്തില്‍ സംവിധായകന്‍ സ്വന്തം നിലയ്ക്ക് ടൈറ്റിലുകളോടൊപ്പം ഒരു ചോദ്യം എഴുതികാണിക്കുന്നുണ്ട്. ചേരിയിലെ പട്ടിയായ ജമാല്‍ മാലിക്ക് എങ്ങനെയാണ് ഒരു കോടീശ്വരനായതെന്ന്. ശരിയുത്തരം അവസാനത്തെ ക്രെഡിറ്റുകള്‍ക്കൊപ്പമാണ് തെളിയുന്നത്, ഉത്തരം, ഡി; എല്ലാം നേരത്തേ എഴുതി വച്ചതാണെന്ന്. ഈ തലവരയില്‍ വിശ്വസിക്കുന്ന ലക്ഷങ്ങളാണ്, ജീവിതത്തില്‍ തോറ്റമ്പുമ്പോഴും വെള്ളിത്തിരയിലെ അവരുടെ ദൈവങ്ങളായ അമിതാഭ് ബച്ചനെയും രജനീകാന്തിനെയും തോല്‍ക്കാന്‍ സമ്മതിക്കാതിരുന്നത്. താഴേക്കിടയില്‍ നിന്ന് ഒരു വട്ടപ്പാലം ചുറ്റലില്‍ ഏറ്റവും മുകളിലെത്തുക, ഒരു നാണയം ഉയര്‍ന്നു താഴെ വീഴുന്ന സമയമാത്രയില്‍. ജമാലിന്റെ കാര്യത്തിലും അതങ്ങനെ സംഭവിക്കുകയായിരുന്നു. 19 -മത്തെ വയസ്സില്‍ നേരിടാന്‍ പോകുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ജീവിതം അവനു പറഞ്ഞു കൊടുത്തു. അതില്‍ ഓര്‍മ്മയില്ലാത്തത് കൃത്യമായി തോന്നിപ്പിച്ചു. പ്രേമിച്ച പെണ്ണ് കഷ്ടങ്ങള്‍ സഹിച്ച് അവന്റെ അടുക്കലെത്തി. അതിനവള്‍ മടിച്ചപ്പോള്‍ അവളെ എതിര്‍ത്തിരുന്നയാള്‍ തന്നെ (മാലിക്കിന്റെ സ്വന്തം ജ്യേഷ്ഠന്‍) ത്യാഗം സഹിച്ച് അവളെ അവന്റെടുക്കല്‍ എത്തിക്കാനുള്ള ഒത്താശ ചെയ്തു. ഇതിനെയാണ് നമ്മള്‍ ഭാരതീയര്‍ ‘സമയം’ എന്നു വിളിച്ചു വന്നത്. തലവരയുടെ ബലം. മറ്റൊരു തരത്തില്‍ യൌവനാരംഭത്തില്‍ കോടിപതിയാവാന്‍ ജീവിതം അവനെ പരിശീലിപ്പിക്കുകയായിരുന്നു. അതാണ് ഡാനി ചിത്രം തുടങ്ങുന്നതിനു മുന്‍പേ പറഞ്ഞത്, എല്ലാം എഴുതിവയ്ക്കപ്പെട്ടിരിക്കുന്നു, ഒരു ലക്ഷണയുക്തമായ തിരക്കഥപോലെ.

സിനിമയിലെ നാടകീയമായതും പ്രധാനപ്പെട്ടതുമായ രംഗം - ഫൈനലിനു മുന്‍പ് അവതാരകന്‍ (അനില്‍ കപൂര്‍) അവനെ വഞ്ചകനെന്നു വിചാരിച്ച് പോലീസിന് ഏല്‍പ്പിച്ചു കൊടുക്കുന്നത്- പിന്നെയുള്ള പോലീസ് പീഡനങ്ങള്‍, ആര്‍ദ്രമായ അവന്റെ ജീവിത കഥ, അഗ്നിപരീക്ഷകളെയെല്ലാം അതിജീവിച്ച് കുറ്റമുക്തനായി സഹാനുഭൂതിയോടെ ഫൈനലിലേയ്ക്ക് ജമാല്‍ നടന്നു കയറുമ്പോള്‍ കാഴ്ചയ്ക്ക് സ്വാഭാവികമായും പിരിമുറുക്കം കൂടും. താഴ്ത്തിക്കെട്ടും തോറും എത്തിപ്പെട്ട ഉയര്‍ച്ചയുടെ കൊടുമുടി കൂടുതല്‍ അഭികാമ്യമായി തോന്നുമെന്നതിനാലാണ് ‘ചേരിയിലെ പട്ടി’ എന്ന പേരു തന്നെ. ആ നിലയ്ക്കും ഒരു പിരിമുറുക്കം പ്രേക്ഷകനനുഭവിക്കാം. ചേരിയിലെ ഒരു നിരക്ഷരനും അരക്ഷിതനുമായ ഒരാള്‍ക്ക് ലഭിക്കുന്ന കോടിരൂപാ എന്ന പ്രലോഭനത്തിന്റെ പ്രഭവം സിനിമ സമര്‍ത്ഥമായി മറച്ചു വച്ചു. പകരം പ്രതിസ്ഥാനത്ത് അവതാരകനാണ്. അയാള്‍, അവന്റെ സംവിധായകനാകാന്‍ ദുര്‍ബലനായി ശ്രമിക്കുന്നുണ്ട്. അയാള്‍ക്ക് കോള്‍ സെന്ററിലെ ചായവില്‍പ്പനക്കാരനായ പയ്യനോട് അങ്ങേയറ്റത്തെ പരിഹാസമുണ്ട്. അവനെ വരുതിക്കു കൊണ്ടു വരാമെന്ന ധാഷ്ട്യമുണ്ട്. പക്ഷേ അവന്റെ തലവരയാണ് ദൈവത്തിനെതിര്‍ നില്‍ക്കുന്ന അയാളെ തോത്പിച്ചുകളയുന്നത്. കാരണം സിനിമയുടെ പരസ്യവാചകത്തില്‍ പറയും പോലെ അവന്റെ ലക്ഷ്യം നിര്‍ണ്ണയിക്കപ്പെട്ടതാണ് ! ഇക്കാര്യത്തെ യുക്തിപരമായി സാധൂകരിക്കുന്ന സംഭവങ്ങള്‍ സിനിമയില്‍ വിന്യസിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങാന്‍ മലക്കുഴിയില്‍ നിന്നു വരുന്ന കൊച്ചുജമാലിനു കഴിയുന്നതു്, കുട്ടികള്‍ക്ക് അംഗവൈകല്യം വരുത്തുന്ന സംഘത്തില്‍ നിന്ന് രക്ഷപ്പെടുന്നത്... അതുപോലെയുള്ള ഹീനമായ ഭാഗ്യങ്ങള്‍ അവന്റെ ജീവിതത്തിലുടനീളമുണ്ട്. അവന്‍ പ്രണയിച്ച പെണ്ണുമായി അവസാനം ഒത്തുചേര്‍ന്ന് റെയില്‍ വേ പ്ലാറ്റ് ഫോമില്‍ സംഘനൃത്തം ചെയ്യുന്നതാണ് സിനിമയിലെ അവസാന കാഴ്ച. ഇത്രയും വലിയൊരു ഭാഗ്യം അവനെ കയറ്റി ഭാവിയിലേയ്ക്ക് യാത്രയാക്കുന്നത് വീണ്ടും തീവണ്ടിയില്‍ തന്നെ. മിനിമം ഒരു കാറിലെങ്കിലും ആകേണ്ടിയിരുന്നില്ലേ? (അതാണ് അഭ്യുദയകാംക്ഷികളുടെ സംശയം)

സംശയങ്ങള്‍ക്കെല്ലാമപ്പുറത്ത്, ഈ സിനിമ സ്ഥാനം തീര്‍ക്കുന്ന സാംസ്കാരിക-രാഷ്ട്രീയ ഭൂമിക തിരിച്ചറിഞ്ഞാല്‍ എന്തുകൊണ്ട് പരക്കെ സ്വീകരിക്കപ്പെടുന്നു എന്നതിനുത്തരമാകും. ജനപ്രിയ സിനിമകളുടെ ചേരുവകള്‍, സാങ്കേതിക മികവ്, വിധിവിശ്വാസത്തിലധിഷ്ഠിതമായ സമൂഹത്തെ സ്പര്‍ശിക്കും മട്ടിലുള്ള കുഴമറിച്ചിലില്ലാത്ത ആഖ്യാനം, പോസ്റ്റ് കൊളോണിയല്‍ ചിന്താഗതികളെ സ്വാംശീകരിച്ച ഉദാരവും വൈദേശികവുമായ വീക്ഷണം എന്നിവയോടൊപ്പം പ്രാധാന്യമുള്ള ഒരു മണ്ഡലത്തിനുള്ളിലാണ് സിനിമ സ്വന്തം ഇടം കൃത്യമായി അടയാളപ്പെടുത്തുന്നത്. പരോക്ഷമാണ് അവയുടെ സ്വാധീനസ്ഥലം. അതിലൊന്ന് ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് ശില്പാഷെട്ടി അനുഭവിക്കേണ്ടി വന്നു എന്നു പറയപ്പെടുന്ന അവഹേളനം ഉണര്‍ത്തിയ സഹാനുഭൂതിയുടെ അലകളാണ്. ഇന്ത്യ, അവഹേളനവും സഹാനുഭൂതിയും ഒരേ സമൂഹത്തില്‍ നിന്നു ഒരേ സമയം പിടിച്ചു പറ്റാന്‍ കെല്‍പ്പുള്ള സ്വത്വമായി മാദ്ധ്യമങ്ങളില്‍ നിറയുന്നത് അതോടെയാണ്. ഒരര്‍ത്ഥത്തില്‍ ജമാല്‍ എന്ന ചേരി നിവാസി പകരം വയ്ക്കുക ‘ബിഗ് ബ്രദറിലെ’ ശില്പയുടെ സ്ഥാനത്തെയാണ്. ഇത് മറ്റൊരു റിയാലിറ്റി ഷോയാണ്. ‘ധാരാവി’ എന്ന ചേരിയുടെ യഥാതഥമായ ചിത്രീകരണത്തെപ്പറ്റി വാചാലരാവുന്നവര്‍ സത്യത്തില്‍ സംസാരിച്ചത്, ചിത്രീകരിക്കപ്പെടുന്ന ചേരിയിലെ ജീവിതം എന്ന റിയാലിറ്റി ഷോയെപ്പറ്റിയാണ്. പുതുക്കോട്ടൈ എന്ന സാബാള്‍ട്ടന്‍ സിനിമയിലെ ഇരുട്ടല്ല, വെളിച്ചവും നിറങ്ങളും കൊണ്ട് നിറഞ്ഞതാണ് ഡാനിയുടെ ‘സ്ലം ഡോഗിലെ’ ചേരി.
കഴിവുകൊണ്ട് ഒരാള്‍ ഉയര്‍ന്നാല്‍ അത് അസ്വസ്ഥപ്പെടുത്തുന്നത്, രക്ഷാകര്‍ത്താക്കളായവരെ തന്നെയായിരിക്കും. ആര്‍ജ്ജിച്ച കഴിവുകൊണ്ട് അയാള്‍ തോല്‍പ്പിക്കുന്നത് ആരെ എന്നത് പ്രശ്നമാണ്. കാര്യങ്ങള്‍ മുഴുവന്‍ തകിടം മറിയും. ഭാഗ്യവും സഹാനുഭൂതിയും പകരം വയ്ക്കുമ്പോള്‍ ചാര്‍താര്‍ത്ഥ്യമടയുന്നത് രക്ഷാകര്‍തൃഭാവങ്ങളാണ്. ഒന്നും നഷ്ടപ്പെടാനില്ല. നിലവില്‍ ആരും തോല്‍ക്കുന്നില്ല. ശില്പ ഒന്നാമതെത്തിയത് സഹാനുഭൂതി വോട്ടുകൊണ്ടാണ്‍` എന്നോര്‍ക്കുക. സിനിമയ്ക്കുള്ളിലും അതു തന്നെ സംഭവിക്കുന്നു കഴിവല്ല, ഭാഗ്യവും വിധിയുമാണ് ഉയര്‍ച്ചയ്ക്കുള്ള മാനദണ്ഡം എന്നു വരുമ്പോള്‍ ഒന്നിച്ചു പരസ്പരം പോരടിക്കുന്ന നിരവധി വികാരങ്ങള്‍ സംതൃപ്തമാക്കപ്പെടും! നിര്‍മ്മിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണ് (ടി വി ഷോകളെപ്പോലെ) സിനിമയിലെ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന യാഥാര്‍ത്ഥ്യം. രണ്ടു തരത്തില്‍ ഇത് പ്രവര്‍ത്തിക്കുന്നു. ഒന്ന്, ഇന്ത്യന്‍ സമൂഹത്തിന്റെ യാഥാര്‍ത്ഥ്യത്തെപ്പറ്റി നിര്‍മ്മിക്കപ്പെട്ട യാഥാര്‍ത്ഥ്യം എന്ന നിലയില്‍. മറ്റൊന്ന്, ഇന്ത്യന്‍ സിനിമകളെപ്പറ്റി നിര്‍മ്മിക്കപ്പെട്ട യാഥാര്‍ത്ഥ്യം എന്ന നിലയില്‍.

സച്ചാര്‍കമ്മറ്റി റിപ്പോര്‍ട്ടിനു ശേഷമുള്ള ഇന്ത്യന്‍ മുസ്ലീം എന്ന സങ്കല്‍പ്പത്തെയാണ് സിനിമ രണ്ടാമതായി അടയാളപ്പെടുത്തുന്നത്. മണ്ഡല്‍ കമ്മീഷനു ശേഷമുള്ള സിനിമകളിലെ താരശരീരങ്ങള്‍ രണ്ടായി പിരിഞ്ഞതിനെക്കുറിച്ച് ( അരവിന്ദ് സ്വാമി എന്ന ഗൌരവപ്രകൃതിയായ, വെളുത്ത, ബ്രാഹ്മണ ശരീരം, പ്രഭുദേവ എന്ന ഇളക്കമുള്ള കറുത്ത, ദളിത് ശരീരം ഈ രണ്ടു നായകന്മാര്‍ സ്വീകാര്യരായി തമിഴ് സിനിമയില്‍) ഡി ആര്‍ നാഗരാജ് ഉപന്യസിച്ചിട്ടുള്ളതുപോലെ സച്ചാര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടും ഗുജറാത്ത് കലാപവും നിസ്സഹായനും അരക്ഷിതനും ദരിദ്രനുമായ ഇന്ത്യന്‍ മുസ്ലീം എന്ന സങ്കല്‍പ്പത്തെ, ഭാരതീയ സമൂഹത്തിന്റെ മുന്നില്‍ എന്നല്ല, ലോകത്തിന്റെ മുന്നില്‍ തന്നെ നിര്‍ത്തിയിട്ടുണ്ട്. ‘ജമാല്‍ മാലിക്’ (മാലിക് എന്നാല്‍ യജമാനന്‍) എന്ന പേരു തന്നെ വ്യക്തമാക്കുന്നതുപോലെ സമൂഹമനസ്സില്‍ നിലനില്‍ക്കുന്നതും യഥാര്‍ത്ഥത്തിലുള്ളതുമായ രണ്ടു തരം സ്വത്വങ്ങളെ വെളിവാക്കുന്ന ഒന്നാണ്. സദാ സംശയത്തിന്റെ മുനയിലാണ് മുസ്ലീമിന്റെ സ്ഥാനം. അവതാരകന്റെ സംശയത്തിനും ജമാലിനെ പോലീസ് പീഡിപ്പിക്കുന്നതിനും ഇങ്ങനെ ചില സാധൂകരണങ്ങള്‍ പ്രേക്ഷകന്റെ അബോധം കണ്ടെത്താതിരിക്കില്ല. അജ്ഞാത കേന്ദ്രത്തില്‍ നിന്നുള്ള രക്ഷാകര്‍ത്തൃത്വമാണ് (ഇവിടെ അതു പണമാണ് )അവന്റെ രക്ഷാ സങ്കേതം. അതാവട്ടെ ദൈവത്താല്‍ നിര്‍ണ്ണയിക്കപ്പെട്ടതാണെന്നു വന്നാല്‍ എല്ലാമായി. മാതാധിഷ്ഠിതസമൂഹത്തില്‍ അതിനേക്കാള്‍ നല്ല ജാമ്യം മറ്റെന്താണ്? അതേ സമയം അയാള്‍ ബന്ധങ്ങള്‍ അറ്റു പോയവനും (ഒറ്റപ്പെടല്‍ സ്വത്വസംബന്ധിയാണ്, ശുദ്ധീകരണത്തിനു വിധേയനായവനാണ് എന്നാണ് അര്‍ത്ഥം. അപകൃഷ്ടമായതെല്ലാം എങ്ങനെയായാലും നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ അയാളെ സ്വീകരിച്ചുകൂടേ?) തീവണ്ടിയിലേയ്ക്കു തന്നെ ഹിന്ദുവായ കാമുകിയുമായി കയറുന്നവനുമാകയാല്‍, കഠിനപരീക്ഷണങ്ങള്‍ കൊണ്ട് പൊതുസമൂഹവുമായി അനുരഞ്ജനം സാധിക്കപ്പെട്ടവനുമാകുന്നു. ഭൂരിപക്ഷത്തിനു സ്വീകാര്യമായ പരിഹരണ പ്രകിയയാണിത്. അങ്ങനെ വരുമ്പോള്‍ ചേരി, നാം വിചാരിക്കുന്നതുപോലെ സത്യസന്ധമായ ഒരു മുംബായ് ചേരിയല്ലെന്നും വ്യത്യസ്തവും അപരവുമായ സ്വത്വങ്ങളുടെ സംഘര്‍ഷമേഖലയാണെന്നും തിരിച്ചറിയണം. ചേരിയില്‍ നിന്നുള്ള അയാളുടെ വിടുതലാണ് ഉയര്‍ച്ചയുടെ പടവുകള്‍. അതുകൊണ്ടാണ് ചിത്രത്തിന്റെ അവസാനം അയാള്‍ക്ക് കാമിനിയുമായി ട്രെയിനില്‍ കയറി അയാളുടെ ഭൂമിശാസ്ത്രത്തില്‍ നിന്ന് കഴിയുന്നിടത്തോളം രക്ഷപ്പെടേണ്ടി വരുന്നത്. ഇങ്ങനെയല്ലാം സിനിമ ഭൂരിപക്ഷതാത്പര്യങ്ങളുമായി രാജിയാവുന്നു.

പറഞ്ഞു വന്നത്, ‘സ്ലം ഡോഗ്‘ എന്ന സിനിമ കൊള്ളാവുന്നതായി തീരുന്നത്, അത് പ്രത്യക്ഷത്തില്‍ അവതരിപ്പിക്കുന്ന കാഴ്ചകളുടെ പൊരുത്തക്കേടുകള്‍ക്കുള്ളില്‍ സമൂഹത്തിന്റെ അബോധവുമായി സംവദിക്കാന്‍ പ്രാപ്തിയുള്ള ചില കാലികയാഥാര്‍ത്ഥ്യങ്ങളെ സമര്‍ത്ഥമായി ഒളിപ്പിച്ചു വച്ചുകൊണ്ടാണ് എന്നാണ്. എന്നിട്ടും അതിന്റെ പിന്നിലൊരു ചിരിയുണ്ടെന്നു തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്.
ദോഷൈകദൃ‌ക്കുകള്‍ക്കും ജീവിക്കണമല്ലോ.