August 27, 2023

വർഗരാഷ്ട്രീയത്തിന്റെ സൂക്ഷ്മാഖ്യാനമായി വൈരം


 

 വർഗനിലപാടിൽ സ്ഥിരസത്തയുള്ള ദേശാഭിമാനിപോലെയൊരു ആനുകാലികത്തിൽ പ്രസിദ്ധീകരിച്ചു വന്നതുകൊണ്ടുതന്നെ പി എസ്‌ റഫീക്കിന്റെ 'വൈരം' എന്ന കഥയുടെ സൂക്ഷവും സ്ഥൂലവുമായ ഭാവശക്തികളെ ഒറ്റ മാനകത്തിൽ  വ്യാവർത്തിച്ചെടുക്കുക പ്രയാസമുള്ള കാര്യമല്ല. കഥയിൽ മുതലാളിമാർക്ക്  മേൽസ്ഥാനം ഉണ്ട്. നാട്ടിലെമ്പാടും മുതലാളിമാരാണ് എന്നു സംശയിക്കാൻ വകയുമുണ്ട്. മില്ലുകാരൻ നാരായണൻ മുതലാളി, അയാളുടെ മകൻ സാംബൻ എന്ന ചാമ്പച്ചൻ, കാദർ മുതലാളി, കൃഷ്ണൻ മുതലാളി.  എല്ലാവരും പ്രതീക്ഷിതനിലയിൽ മോശക്കാരല്ല. ആശ്രിതവാത്സല്യം അവർക്കുണ്ട് എന്നതിനു കഥയിൽ നേർസാക്ഷ്യം ഉണ്ട്.

സുബ്രനും അയാളുടെ അനിയൻ ഭാസിയും തൊഴിലാളി വർഗത്തിന്റെ പ്രതിനിധികളാണ്. സഹോദരസ്നേഹത്തേക്കാൾ ഭാസിയെ പ്രതികാരസന്നദ്ധനാക്കുന്നത് വർഗബോധമാണെന്ന് കരുതാവുന്നതാണ്. അയാളുടെ പ്രവൃത്തിക്കും പ്രതീകാത്മക സ്വഭാവമുണ്ട്. ചാമ്പച്ചന്റെ വലതുകാല്പാദമാണ് അയാൾ വെട്ടുന്നത്. മുതലാളിത്തത്തിന്റെ ചലനാത്മകതയെ ഇല്ലാതാക്കുകതന്നെയായിരുന്നില്ലേ അയാളുടെ ലക്ഷ്യം? തൊഴിലാളി വർഗത്തിന്റെ അഭിമാനമൂർച്ചയുള്ള ചെത്തുകത്തിയുടെ വെട്ടേറ്റ് ആജീവനാന്തം മുടന്തിനടക്കാൻ വിധിക്കപ്പെട്ട മുതലാളിത്തം പൂർണ്ണമായി നശിക്കുകയില്ലെന്നും സാഹചര്യങ്ങൾക്കനുസരിച്ച് അതു വേഷം മാറുമെന്നുമാണ് ചാമ്പച്ചന്റെ കാത്തിരിപ്പും പ്രതികാരത്തിനായുള്ള ഉത്സാഹവും തെളിയിക്കുന്നത്. മറ്റൊന്നുകൂടി ശ്രദ്ധിക്കാനുണ്ട്.  തന്റെ കാലു വെട്ടുക വഴി മുതലാളിത്ത- മേധാവിത്ത താത്പര്യങ്ങളുടെ ഉന്മൂലനവും അടിസ്ഥാന വർഗത്തിന്റെ അഭിമാനോദ്ധാരണവും‌ ലക്ഷ്യമാക്കിയ ഭാസിയുടെ വർഗബോധത്തിനെതിരെ ചാമ്പച്ചൻ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ലെന്നതാണ്. അയാൾക്കു വേണ്ടത് അയാളുടെ കാര്യസ്ഥപ്പണി ചെയ്യുന്നവർതന്നെ കണ്ടറിഞ്ഞ് ചെയ്യുന്നു. (ഓപ്പറേറ്റർ സാബു മാത്രമല്ല, അയാളുടെ പട്ടിയും കീരിയും അയാളുടെ ഇംഗിതങ്ങൾ നടപ്പാക്കിക്കൊടുക്കാൻ സന്നദ്ധരായ പിണിവർഗപ്രതിനിധികളാണ്)  അയാൾ ചെയ്യേണ്ടത് വർഗശത്രുവിനെതിരെയുള്ള ഊർജത്തെ അണയാതെ സൂക്ഷിക്കുക എന്നതാണ്.. ബാക്കിയെല്ലാം  വ്യവസ്ഥ ചെയ്തുകൊള്ളും. ഭാസിയെ ജയിലിടുന്നത്, അയാളുടെ മൂന്നുവയസുകാരിയായ മകളെ കൊല്ലുന്നത്, അയാളെ അറപ്പിക്കുന്നവനും വെറുപ്പിക്കുന്നവനുമാക്കുന്നത്, അയാളെപ്പറ്റിയുള്ള കഥകൾ മെനയുന്നത് എല്ലാം.. അങ്ങനെ സമീപഭൂതകാലത്തിൽ നടക്കുന്ന കഥയാണെങ്കിലും വർഗസംഘർഷത്തിന്റെ ഫലമായി ഉണ്ടാകുന്ന പീഡനങ്ങൾ സ്ഥിരമായി തലയ്ക്കടിക്കുന്നത് ആരുടെയാണെന്നുമുള്ള  സമകാലികാവസ്ഥയെ ഉൾക്കാഴ്ചയോടെ ചിത്രീകരിച്ചിട്ടുള്ള കഥയാണ് 'വൈരം' എന്നുറപ്പിക്കാം. അപ്പോൾ ഭാസിയുടെ ജീവിതത്തെ ഉയർത്തെഴുന്നേൽപ്പിക്കുന്ന മിനിമോളെന്ന പുല്ലാനി മൂർഖൻ കുഞ്ഞ് എല്ലാം തകർന്ന മനുഷ്യർക്ക് പിന്തുണയുമായി എത്തുന്ന ഭൗതികശക്തിയായി മാറുന്നു. ആ പിന്തുണ അന്യഥാ തകർന്ന അയാൾക്ക് ശക്തിയും ചൈതന്യവും പകർന്നു നൽകുന്നു എന്നും കാണുക.

ആത്മഹത്യയെപ്പറ്റി പറയുന്ന കഥ, ആത്മഹത്യ ചെയ്യാതിരിക്കാനുള്ള ഉപാധി തേടുന്നു എന്നു പറയും പോലെയാണ് മുതലാളിത്തത്തിനു സ്ഥിരമായി ഭയപ്പെടാനുള്ള ഒരു ഉപാധിയായി തൂങ്ങി നിൽക്കുന്ന ഭാസിയുടെ കയ്യിലെ മൂർഖൻ മാറുന്നു എന്നത്. വാസ്തവത്തിൽ ചാമ്പച്ചൻ പ്രതിനിധിയാവുന്ന മുതലാളിത്തത്തെ ഭാസി പ്രതിനിധിയാവുന്ന തൊഴിലാളി ഭയപ്പെടുത്തുന്നുണ്ടോ?

വൈരം എന്ന കഥയെ സാമൂഹികശാസ്ത്രവിമർശനപരമായി സമീപിച്ചാൽ കിട്ടുന്ന അർഥം മുകളിലുണ്ട്. പുതിയ വംശാവലിശാസ്ത്രത്തെയും ( കഥാവസ്തുവായാലും അത് പലതുമായും ബന്ധപ്പെട്ടു കിടക്കുന്നു.) ലഘു ആഖ്യാനങ്ങളെയും ആശ്രയിച്ചാൽ  കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. ഭാസിയുടെ ശരീരത്തിൽ നിന്നൂർന്നിറങ്ങുന്ന മൂർഖൻ കുഞ്ഞിനെ കാത്ത് താഴെ ചാമ്പച്ചൻ -സാബു കൂട്ടുകെട്ടിന്റെ വകയായുള്ള കീരി കഥയിൽ മുരണ്ടുകൊണ്ട് നിൽക്കുന്നുണ്ട്. അത് മുതലാളിത്തം സകല സംഘർഷങ്ങളെയും അതിജീവിച്ച് ചലിക്കാൻ ക്ഷമയോടെ കാത്തിരിക്കുമെന്നാണോ വർഗസമരപക്ഷത്തിൽ സ്ഥിരമായ വിജയം തൊഴിലാളിക്കാണെന്നാണോ ആത്യന്തികമായി പറയുന്നത്? പാമ്പിനെ വർണ്ണിക്കുന്നിടത്തെ വിശേഷണങ്ങൾക്കിടയിൽ 'രാജചിഹ്നം' എന്ന വാക്കു കഥാകൃത്ത് ഉപയോഗിച്ചിട്ടുണ്ട്. വ്യവസ്ഥ തകർത്ത  ഉശിരുള്ള ഒരു തൊഴിലാളിക്ക്  പിന്തുണയുമായെത്തിയ ഒരു ജൈവശക്തിക്ക് രാജചിഹ്നമാണെങ്കിൽ അതിനു പിന്നിലെ പ്രത്യയശാസ്ത്ര കണക്കുക്കൂട്ടലുകളും രാഷ്ട്രീയത്തെയും  അടിപടലേ സംശയിക്കേണ്ടതായി വരില്ലേ? കുറച്ചുകൂടി ആലോചിച്ചു മുന്നോട്ടു പോയാൽ ഒരു പക്ഷേ കാലിക യാഥാർഥ്യം എന്ന നിലയിൽ അബോധാത്മകമായി എന്നാൽ ഭാവനാത്മകമായി കഥയിൽ അതു കയറിപ്പറ്റിയതാകാനുള്ള സാധ്യതയല്ലേ കൂടുതൽ? മാത്രമല്ല ഭാസിയും പാമ്പും തമ്മിലുള്ള ബന്ധത്തെ നാട്ടുകാർ വ്യാഖ്യാനിച്ചെടുക്കുന്നത് പഴയ മാണിക്യം -പാമ്പ് മിത്തിന്റെ അടിസ്ഥാനത്തിലുമാണ്. അത്തരമൊരു പരിവേഷം ഭാസിക്കു ചുറ്റുമായി ഉയരുന്നത് ഭൗതികവാദപരമായ ആശയമണ്ഡലത്തെയല്ല, പൗരാണികമായ മൈത്തിക സങ്കല്പത്തിന്റെ പുനരാഖ്യാനമെന്ന നിലയിലാണ്. അതിന്റെ രാഷ്ട്രീയത്തെ വേറെ തന്നെ ഇഴ പിരിച്ചെടുക്കേണ്ടതുണ്ട്. ആരാണ് ഇപ്പോൾ യഥാർഥത്തിൽ തൊഴിലാളുകളുടെ രക്ഷകരായി ഗോപിക്കുറിയും തൊട്ട് പ്രത്യക്ഷപ്പെടുന്നത് എന്ന്.


ഈ പറഞ്ഞതിനു സമാന്തരമായി രണ്ടു സന്ദർഭങ്ങൾ കഥയിലുള്ളതുകൂടി ഓർക്കാവുന്നതാണ്. എ കെ ജി നടത്തിയ ജാഥയിൽ ഭാസിയുടെയും സുബ്രന്റെയും അച്ഛൻ കൊച്ചക്കൻ (ചാമ്പച്ചന്റെ അച്ഛൻ നാരായണൻ മുതലാളി)  പങ്കെടുത്തതിനെപ്പറ്റിയുള്ള ഓർമ്മയാണ് അതിലൊന്ന്. ഭാസിയുടെ മരിച്ചു പോയ മകളുമായുള്ള മാനസിക യാത്രയിൽ അയാൾ കാണുന്ന രക്തസാക്ഷിയുടെ ചിത്രമാണ് മറ്റൊന്ന്. "ഏതോ പാർട്ടിക്കുവേണ്ടി " എന്നാണ്  അവിടത്തെ വാക്യം. എങ്കിലും ആ ചിത്രം അയാളെക്കൊണ്ട് 'ഇങ്ക്വിലാബ്' വിളിപ്പിക്കുന്നുണ്ട്.


അതുകൊണ്ട് ഭാസിയുടെത് പരാജയമല്ലേ എന്നും അയാളെ തോത്പിച്ചത് വർഗബോധമില്ലാത്ത വരുടെ ചുറ്റുപാടാണെന്നും അവരെ അങ്ങനെയാക്കിയ മുതലാളിത്തം സ്ഥിരമായി വിജയിക്കുന്നു എന്നും‌ അയാൾക്ക് കൊച്ചക്കനെപ്പോലെ അടിയോരുടെ അന്തസ് വീണ്ടെടുക്കുന്ന കർമ്മത്തിൽ ഭാഗഭാക്കാൻ കഴിയുന്നില്ലെന്നതാണ് യാഥാർഥ്യമെന്നും  എന്നും സ്ഥാപിക്കാവുന്നതാണ്.

 

ദേശാഭിമാനി ആഴ്ചപ്പതിപ്പ്, 27 ആഗസ്റ്റ് 2023

No comments: