September 10, 2020

ചുംബനപ്പൂകൊണ്ടു മൂടി..


 

സിനിക്  (എം വാസുദേവൻ നായർ) എന്ന മലയാള സിനിമാ നിരൂപകൻ അദ്ദേഹത്തിന്റെ ചലച്ചിത്രചിന്തകൾ (1959) എന്ന പുസ്തകത്തിൽ ഇന്ത്യൻ സിനിമയിലെ പ്രണയ ചാപല്യങ്ങളെ ശക്തമായി അപലപിക്കുന്ന ഒരു ലേഖനം എഴുതിയിട്ടുണ്ട്.  അദ്ദേഹം അതു പറയുന്നത് പാശ്ചാത്യരുടെ രീതി വേറെ ഇന്ത്യക്കാരുടെ സംസ്കാരം  വേറെ എന്നു വ്യക്തമാക്കികൊണ്ടാണ്. പണം ഉണ്ടാക്കാനുള്ള ആവേശത്തിൽ ഇന്ത്യൻ  നിർമ്മാതാക്കൾ പാശ്ചാത്യ ചിത്രങ്ങളെ അനുകരിച്ച് പ്രേമരംഗങ്ങൾ ഉൾപ്പെടുത്തും  എന്നാൽ പൂർണ്ണമായി അതു കാണിക്കാൻ കഴിയുകയുമില്ല. ചുംബനമെല്ലാം പാശ്ചാത്യ  രീതിയാണ്. നമുക്ക് പ്രേമം പ്രകടിപ്പിക്കാൻ ഒരു നോട്ടം മതിയെന്നാണ്  അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം. ആധുനിക സാങ്കേതിക വിദ്യയുടെ  സഹായത്തോടെ ഇന്ത്യൻ സിനിമകൾ കൃത്രിമമായ പ്രണയ ചാപല്യ രംഗങ്ങൾ  ഒരുക്കുന്നതിനുദാഹരണമായി സിനിക്ക് എടുത്തു കാണിക്കുന്നത് ‘പഹലി മംഗളാഗൗർ‘  (1942) എന്ന മറാത്തി സിനിമയിലെ ചുംബനരംഗമാണ്. സിന്തെറ്റിക് കിസ്സ് എന്നാണ്  അദ്ദേഹം ഉപയോഗിക്കുന്ന വാക്ക്. (ആ രംഗം അന്വേഷിച്ചിട്ട് കിട്ടിയില്ല, ഒരു പക്ഷേ നേരെ ചുംബിക്കുന്നതു ചിത്രീകരിക്കാതെ മറ്റെന്തെങ്കിലും സാങ്കേതികത ഉപയോഗിച്ച് കുംബനം ചിത്രീകരിക്കുന്നതായിരിക്കണം ഈ സിന്തെറ്റിക് കിസ്സ്)

പഹലി മംഗളാഗൗർ എന്ന  സിനിമയ്ക്ക് വേറൊരു പ്രാധാന്യമുണ്ട്. ലതാമങ്കേഷ്കർ  ആദ്യമായി പാടി രംഗത്തു  വരുന്നത് ആ സിനിമയിലാണ്. പതിമൂന്നു വയസ്സേയുള്ളൂ അവർക്കന്ന്. ആ സിനിമയിൽ  അഭിനയിക്കുകയും ചെയ്തു. അതിനു മുൻപ് അവർ മറ്റൊരു സിനിമയിൽ  പാടിയിട്ടുണ്ടെങ്കിലും  അത് ഇടയ്ക്കുവച്ചു നിന്നുപോയി. അങ്ങനെ ഇന്ത്യൻ  സിനിമയിലെ ലെജന്റുകളിൽ ഒരാളായ ലതാജിയെ രൂപപരമായും ശാബ്ദികമായും ആദ്യമായി  അവതരിപ്പിച്ച സിനിമയെയാണ് ‘സിന്തെറ്റിക് കിസ്സിന്റെ’ പേരിൽ സിനിക്  അപലപിക്കുന്നത്. ലിപ് ലോക്ക് കിസ്സ്, ഫ്രെഞ്ച് കിസ്സ് വിവാദങ്ങൾ ഇനിയും  ഉണ്ടാവുമ്പോർക്കുക ഇതൊക്കെ പത്തെഴുപതു വർഷം മുൻപ്, നമ്മുടെ അപ്പൂപ്പൻമാർ  ചർച്ച ചെയ്തു വിട്ട കാര്യങ്ങളാണ് !

1927 ൽ ഹോളിവുഡ് സിനിമ, ആണുങ്ങൾ തമ്മിലുള്ള  ചുണ്ടുപൂട്ടിയ ചുംബനം ചിത്രീകരിച്ചു കഴിഞ്ഞിരുന്നു.  ‘വിംഗ്സെന്ന’ സിനിമയിലെ ആചുംബനത്തിനു പക്ഷേ ലൈംഗിതയില്ല. അതൊരു യാത്രയയപ്പു  ചുംബനമാണ് മരണത്തിലേക്ക്. ആ സിനിമയിൽ തന്നെ വേണമെന്നു വച്ചിട്ട് ക്ലാര  ബോയുടെ നഗ്നതയും കാണിക്കുന്നുണ്ട്.  സ്ത്രീനഗ്നത അതിനു മുൻപേ സിനിമയിൽ  വന്നുകഴിഞ്ഞിരുന്നു. ശരീരം അത്ര മോശമല്ല, ലൈംഗികചേഷ്ടയാണ് സാംസ്കാരികമായി  കൂടുതൽ മോശം എന്നൊരു തീരുമാനം ഇവിടങ്ങളിലെല്ലാം കാണാം. ശരീരം കാനിക്കുന്നത്  ആളുകൂട്ടാനുള്ള പരിപാടി കൂടിയാണ്. അതുപോലെയല്ല ചുംബനം. പക്ഷേ സിനിക്ക്  ശ്രദ്ധിക്കാത്തതുകൊണ്ടായിരിക്കും ‘പഹിലി മംഗളാഗൗറിനും’ മുൻപ് 1933 -ൽ തന്നെ  ദേവികാറാണിയും ഹിമാംശു റായി അഭിനയിച്ച കർമ്മയിൽ ചുംബന രംഗങ്ങൾ ഉണ്ടെന്നു  മാത്രമല്ല, ഇന്ത്യൻ സിനിമയിലെ ഏറ്റവും നീണ്ട ചുംബനരംഗവും ( നാലു മിനിട്ട്  നീളം) അതിനുള്ളിൽ തന്നെയാണ്. ദേവികാറാനിയുടെ ആദ്യ ചിത്രമാണ് കർമ്മ. അതിനും  മുൻപ്,  1929 ൽ പ്രപഞ്ച പാശ് എന്ന നിശ്ശബ്ദ സിനിമയിൽ (ത്രോ ഓഫ് ഡയസ്  എന്നും പേരുണ്ട്. സംവിധായകൻ ജർമ്മൻ കാരനായ ഫ്രാൻസ് ഓസ്റ്റെൺ) ചാരുറോയിയും  സീതാദേവിയും തമ്മിലുള്ള ഒരു ‘ലിപ് ലോക്ക്‘ ചുംബനവും ഉണ്ട്. ( അതിലും  ഉണ്ട് ഹിമാംശു റായി).   നമുക്കപ്പോൾ ഇവിടെ സിനിമ  തുടങ്ങുന്നതേയുള്ളൂ. ഈ സീതാദേവി ആരാണെന്നുള്ള അധിക വിവരം ഇല്ല. പത്തോളം  സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും  അവരൊരു വിദേശിയായിരിക്കാനുള്ള സാധ്യത  തള്ളിക്കളയാൻ പറ്റില്ല. അല്ലാതെ, ആർക്കുണ്ടാവാനാണ് ഭാരതീയ നാരിമാർക്കിടയിൽ  1929 ലൊക്കെ ഇത്രയും ധൈര്യം? ( ആ ചിത്രത്തിന്റെ വീഡിയോ നോക്കുക)  ദേവികാറാണിയുടെ കർമ്മയിലെ ചുംബനം പ്രണയ  ചേഷ്ട അല്ലായിരുന്നു. ബോധം കെട്ടു കിടക്കുന്ന നായകന് ജീവൻ കൊടുക്കാനുള്ള  മരുന്നായിരുന്നു അതും  താലോലിക്കലും.. (പക്ഷേ ആ സിനിമയിൽ  വേറെയും ‘ഉമ്മ‘  കളുണ്ട്) മാത്രമല്ല, ഹിമാംശുവും ദേവികയും  ഭാര്യാഭർത്താക്കന്മാരുമായിരുന്നു. സീതാദേവിയുടെ കാര്യം അങ്ങനെയല്ല. അവരുടെ  ജീവിതം ഇന്നും മറയ്ക്കകത്തായിരിക്കുന്നതിനു ചുംബനത്തിന്റെ വാതിൽപ്പുറ ചിത്രീകരണത്തിനുള്ള സന്നദ്ധതയും പരോക്ഷമായ ഒരു കാരണമാവാം. 1929 ൽ പി  കെ റോസി പൂ കൊടുത്തപ്പോഴും തിരുവിതാം കൂറിലെ പ്രേക്ഷകർ (ആളുകൾ വിചാരിക്കുമ്പോലെയല്ല,  വിഗതകുമാരൻ   ആലപ്പുഴയിലൊക്കെ ഒരാഴ്ചയിലധികം ഓടി..) ഒരു ലിപ് ലോക്ക് ചുംബനമാണ് മണത്തത്  എന്നാണ് മനസിലാക്കേണ്ടത് ... 🤪

September 1, 2020

വചനം മാംസത്തെ നിർമ്മിക്കുന്നു

 


കൽബുർഗി കൊലചെയ്യപ്പെട്ടിട്ട് 2020 ആഗസ്റ്റ് 30 നു അഞ്ച് വർഷമാകുന്നു.

 

ജീവിതകാലം മുഴുവൻ വചനകവിതകളുടെ ഗവേഷണത്തിനും പഠനത്തിനുമായി ചെലവഴിച്ച മല്ലേശപ്പ മാഡിവലപ്പ കൽബുർഗി, പന്ത്രണ്ടാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന, മഹാത്മാക്കളുടെ,  കാലത്തിനപ്പുറം കടന്നുകണ്ട ജീവിതവഴികളെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽനിന്ന് അത്ഭുതത്തോടെ നോക്കിക്കാണുകയും ജീവിതത്തിലേക്ക് പകർത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഹമ്പി സർവകലാശാലയുടെ വൈസ് ചാൻസലർ പദവിയിൽനിന്ന് വിരമിച്ച ദിവസം ദിവസം ഔദ്യോഗിക വാഹനം വേണ്ടെന്നു വച്ച് രണ്ടു കൈകളിലും ബാഗും തൂക്കി നടന്നു പോകുന്ന അദ്ദേഹത്തിന്റെ ചിത്രം, വചനം കവിതകളെ ഇന്ത്യൻ ഭാഷകളിൽ വിവർത്തനം ചെയ്യാനുള്ള കർണ്ണാടക സർക്കാരിന്റെ ബൃഹദ് പദ്ധതിയിൽ ഭാഗമായിരുന്ന  പയ്യന്നൂർ കുഞ്ഞിരാമൻ വരച്ചിട്ടിട്ടുണ്ട്. കൽബുർഗിയുടെ എളിമയെയും ഗവേഷണജാഗ്രതയെയുംപറ്റി സഹപ്രവർത്തകയായിരുന്ന ഡോ. ആശാലതയും കുറിച്ചിട്ടുണ്ട്. സ്വാശ്രയബോധം, താർക്കിക യുക്തികൾ,  സൂക്ഷ്മമായ സംവേദനത്വം, അദ്ധ്വാനത്തിലുള്ള വിശ്വാസം, അനാചാരങ്ങളോടും മതപരമായ അനുഷ്ഠാനങ്ങളോടുമുള്ള അസഹിഷ്ണുത, സാമൂഹിക പരിഷ്കരണത്തിനുള്ള അടങ്ങാത്ത ആവേശം തുടങ്ങി കൽബുർഗിയിലുണ്ടായിരുന്ന ഗുണാത്മക ചോദനകളുടെ സ്രോതസ്സ്, ഒൻപത് നൂറ്റാണ്ടു മുൻപ് കന്നഡസമൂഹത്തിൽ ഉടലെടുത്ത വിപ്ലവാത്മകമായ ആശയങ്ങളിലായിരുന്നു എന്നത് അവിശ്വസനീയമായി തോന്നാം, പക്ഷേ വാസ്തവമാണ്.  അത്രയ്ക്ക് ചലനാത്മകവും അതുകൊണ്ട് മാതൃകയുമാണ് അന്നത്തെ സമൂഹമെന്നാണ് കൽബുർഗി ജീവിതംകൊണ്ടും എഴുത്തുകൊണ്ടും തെളിയിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത്.

എ കെ രാമാനുജൻ എഴുതുന്നു : ‘വചനകവികൾ കൊട്ടാരത്തിലെ വൈതാളികന്മാരോ  പണ്ഡിതന്മാരോ ആയിരുന്നില്ല. പുരുഷന്മാർ സ്ത്രീകളോടും സ്ത്രീകൾ പുരുഷന്മാരോടും സംസാരിക്കുന്ന മട്ടിലുള്ളവയായിരുന്നു കവിതകൾ. അവർ എല്ലാ വർഗ്ഗത്തിലും ജാതിയിലും തൊഴിൽവിഭാഗത്തിലും ഉള്ളവരായിരുന്നു. കൂട്ടത്തിൽ ചിലർ ദളിതരായിരുന്നു,    മറ്റുചിലർ നിരക്ഷരരും. കേവല സാഹിതീയതയുടെ പട്ടികയിൽ വരില്ലെങ്കിലും ‘വചനം’ സാഹിത്യമായിരുന്നു.’

ഈ പറഞ്ഞതിനു പിന്നിലെ യുക്തി വളരെ ലളിതമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഡെക്കാനിലെ കന്നഡ സംസാരിക്കുന്ന സാംസ്കാരിക ഭൂമികയിൽ ഉണ്ടായിവന്ന വചനകവിത ഉറക്കെ പാടിയത് രാഷ്ട്രീയമായിരുന്നു എന്നതാണ് കാരണം. കവി വിഭാഗത്തെ നോക്കുക. തലവാര കമീദേവ കാവൽക്കാരൻ, ഒക്കലു മദ്ദയ്യ കൃഷിപ്പണിക്കാരൻ, കടത്തുകാരനാണ് അംബിഗാര കൗഡയ്യ, അപ്പം വിൽക്കാൻ നടക്കുന്നയാളാണ് പിട്ടവ്വെ, മാദര ദൂവയ്യ ചെരിപ്പുകുത്തിയും മാദിവാര മക്കയ്യ അലക്കുകാരനുമാണ്. അക്കമ്മ ചീപ്പു് ഉണ്ടാക്കുന്നവൾ, സുലേ സക്കാവേ ലൈംഗിക തൊഴിലാളി. രാജാവും വൈദ്യനും കാവൽക്കാരനും മാല കെട്ടുന്നവനും അന്ന് ഒരുപോലെ കവിതകളുണ്ടാക്കി.  അവ പരസ്പരവിനിമയത്തിനുള്ള സവിശേഷ വ്യവഹാരങ്ങളായിരുന്നു. നാടോടി സാഹിത്യത്തിന്റെ ഉത്ഭവത്തെ ജോലി, വിശ്രമം, അനുഷ്ഠാനങ്ങൾ, ഉപജീവനം എന്നിങ്ങനെ  നാല് അടിസ്ഥാനങ്ങളിലാണ് അദ്ദേഹം കണ്ടെത്തുന്നത്. (പൊതുമുതലായ സാഹിത്യം എന്ന ലേഖനം) ജീവിക്കുന്നതിനുള്ള ഉപാധിയായി പാട്ടുകൾ മാറുമ്പോൾ ഉള്ളടക്കത്തിനും സന്ദർഭങ്ങൾക്കും തമ്മിൽ ബന്ധമില്ലാതാവുന്നു. ജീവിതം തന്നെ പാട്ടായി മാറുന്നു. വേലയെ കവിതയാക്കുന്ന ഒരു സന്ദർഭം നോക്കുക.

‘തുകൽ തുളയ്ക്കുന്നതിനിടയിൽ 

ദേവന്റെ മുഖം

ഉളിയുടെ മുനയിൽ

പ്രത്യക്ഷമായി

കണ്ടപ്പോൾ

‘അങ്ങെന്താണിവിടെ പ്രഭോ

ഒരു വട്ടി മാംസം എടുത്തുകൊണ്ടു

പോകുന്നവന്റെ മുന്നിൽ?

ദൂരെ പോകൂ, ചെല്ലൂ...

നിങ്ങളുടെ ഭക്തന്മാരുടെ വാസസ്ഥലങ്ങളിൽ.

നിങ്ങളുടെ വെള്ളിപർവതങ്ങളുടെ

മുകളിൽനിന്നും അവരെ സ്വതന്ത്രരാക്കൂ..

നിങ്ങളുടെ മുഖംമൂടിക്കും

അവർക്കും മോചനം നൽകൂ.

ആർത്തിയുടെയും പൊടിയുടെയും

പുകയുടെയും യജമാനന്റെ കൃപയാൽ

പോയിച്ചെന്ന് ഉയർച്ച നേടൂ..

 

-                    ചെരിപ്പുകുത്തിയായ മാദര ധൂലയ്യയുടെ കവിതയാണിത്. പണി തടസ്സപ്പെടുത്താതെ ചെന്ന് ഭക്തരെ സ്വതന്ത്രരാക്കാൻ ദൈവത്തോട് കർശനമായി ആവശ്യപ്പെടുന്നതുപോലെ വിപ്ലവകരമായ മറ്റൊരു കാര്യമുണ്ടോ? ഈ സമ്പന്നമായ പാരമ്പര്യത്തെ അതിന്റെ സാമൂഹികതയിൽ ഉൾക്കൊണ്ടുകൊണ്ടാണ്, കാലഘട്ടത്തിന്റെ മനഃസാക്ഷിയായി കൽബുർഗി ബസവേശ്വരനെ  അവതരിപ്പിക്കുന്നത്. ബസവേശ്വരന്റെ വിപ്ലവകരമായ ജീവിതത്തെ ആധാരമാക്കി അദ്ദേഹം എഴുതിയ പ്രസിദ്ധമായ നാടകം, ‘കെട്ടിത്തു കല്യാണ’ (കല്യാണനഗരത്തിന്റെ തകർച്ച, മലയാളത്തിൽ ‘ബസവേശ്വരന്റെ വിപ്ലവം’. പരിഭാഷ പി പി സത്യൻ) അവസാനിക്കുന്നത്, നിലയ്ക്കാത്ത കലാപത്തിന്റെ ശബ്ദബിംബങ്ങൾക്കിടയിൽ ‘ഉറച്ചുപോയതെല്ലാം തകരും, ചലിക്കുന്നത് നിലനിൽക്കും’ എന്ന മുദ്രാവാക്യത്തോടെയാണ്. നാടകത്തിനിടയിൽ പലയിടത്തും ആ വാക്യം ആഹ്വാനംപോലെ മുഴക്കാനും അദ്ദേഹം മറന്നില്ല. സോദേശ്യകമാണത്. ബസവേശ്വരനെ വീണ്ടെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സമൂഹത്തെ, അതിനുള്ളിൽ പ്രവർത്തിക്കുന്ന മാമൂലുകളെക്കൊണ്ട് ജീർണ്ണിക്കാൻ വിടാതെ പുനരുജ്ജീവിപ്പിക്കുന്നത് പതിതകാരുണികരായ ഇതുപോലുള്ള ആചാര്യന്മാരാണെന്നും ഉള്ള ഉറപ്പിന്മേൽ പടുത്തുയർത്തിയ വാങ്മയമാണ്. അതുമാത്രമല്ല, ‘കല്യാണനഗരത്തിന്റെ തകർച്ച’ ഒരർത്ഥത്തിൽ ജനാധിപത്യത്തിന്റെ തകർച്ചയിൽ വേദനിക്കുന്ന മനസ്സിന്റെ ആവിഷ്കാരം കൂടിയാണ്. കൃതിയുടെ ആമുഖത്തിൽ കൽബുർഗി എഴുതി :

‘ജനാധിപത്യപരമായ സാമ്പത്തികജീവിതം, ജനാധിപത്യപരമായ സാമൂഹികജീവിതം, ജനാധിപത്യപരമായ ആത്മീയജീവിതം. ഇവയായിരുന്നു ബസവേശ്വരന്റെ പ്രധാനപ്പെട്ട ആശയങ്ങൾ’.

ബിജ്ജലന്റെ കുണ്ഡാല സാമ്രാജ്യത്തിൽ ബസവേശ്വരൻ സ്ഥാപിച്ച അനുഭവമണ്ഡപം ഇന്ത്യയിലെ ആദ്യത്തെ ജനാധിപത്യപാർലമെന്ററി സ്ഥാപനമായിരുന്നത്രേ. മറ്റൊരുതരത്തിൽ, ജനിച്ച ജാതിയിലെ ആചാരങ്ങളെയും, സ്വന്തം മതത്തിലെ അനുഷ്ഠാനങ്ങളെയും വികലമായ സാമ്പത്തിക നയങ്ങളെയും നിഷേധിച്ച് പുതിയ ക്രമത്തിനു രൂപം നൽകാൻ പോയ ഒരു അസുലഭ വ്യക്തിത്വത്തോട്, പന്ത്രണ്ടാം നൂറ്റാണ്ടിലെ സമൂഹത്തിന്റെ നിലപാട് എന്തായിരുന്നു എന്നാണ് നിരന്തര ഗവേഷണത്തിലൂടെ മല്ലേശപ്പ മാഡിവലപ്പ കൽബുർഗി എന്ന വിജ്ഞാനി അന്വേഷിച്ചത്. അതിന്റെ ഫലം കൂടിയാണ്, ബസവേശ്വരന്റെ കഥ പറയുന്ന നാടകം, ‘കല്യാണനഗരത്തിന്റെ തകർച്ച’.

          ഉപനയനത്തിനിരുത്തിയപ്പോൾ സഹോദരിക്കില്ലാത്ത പൂണൂൽ എനിക്കെന്തിന് എന്നു പറഞ്ഞ് അത് പൊട്ടിച്ചെറിഞ്ഞ, വർണ്ണ ജാതി വ്യവസ്ഥയെയും സതി സമ്പ്രദായത്തെയും തൊട്ടുകൂടായ്മയെയും തീക്ഷ്ണമായി എതിർത്ത,  സ്ത്രീ വിദ്യാഭ്യാസത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും വിധവാ വിവാഹത്തിനും വേണ്ടി വീറോടെ വാദിച്ച, ഒരു മിശ്രവിവാഹത്തിന്റെ വിവാദത്തിൽപ്പെട്ട് രാജ്യഭ്രഷ്ടനായി തീർന്നുവെന്ന് ഐതിഹ്യം പറയുന്ന ലിംഗായത്തുകളുടെ ആചാര്യൻ ബസവേശ്വരൻ, നാടകത്തിൽ എഴുത്തുകാരനായ കൽബുർഗിയുടെ പ്രതിരൂപമാണ്. കൂടാലസംഗമത്തിലെ ദേശമുഖ്യൻ പശുപതി, ‘ആശയങ്ങൾ ജ്വലിച്ചു കയറുന്ന സാഹിത്യം, പിന്നെ സ്വാതന്ത്ര്യം. അത്തരം കാര്യങ്ങൾക്കൊന്നുമിവിടെ സ്ഥാനമില്ലെന്ന്’ അധികാരത്തിന്റെ കറപിടിച്ച സ്വരത്തിൽ ആക്രോശിക്കുന്നതിനു പിന്നിൽ, കൽബുർഗിയുടെ ജീവിതാനുഭവത്തിന്റെ പകർപ്പുണ്ട്. ഒരിടത്ത് അദ്ദേഹം എഴുതുന്നു :

‘ഞാനാണ് ഈ നാടകം എഴുതിയതെങ്കിലും എന്നിലെ ബസവേശ്വരനാണ് ഇത് ഫലത്തിൽ രചിച്ചത്.’

 ബസവേശ്വരന്റെ പിൻഗാമികൾ എന്നു കരുതി വരുന്ന ലിംഗായത്തുകൾക്ക് (ലിംഗവാഹകർക്ക്) സാഹിത്യകൃതികളിൽനിന്ന് ബസവേശ്വരനെ സൂക്ഷ്മമായി അരിച്ചെടുക്കുകയും ഓരോ കാലഘട്ടവും ബസവേശ്വരന്മാരെ ആവശ്യപ്പെടുന്നുണ്ടെന്ന് സംശയത്തിനിടയില്ലാത്ത വിധം പറഞ്ഞു വയ്ക്കുകയും ചെയ്ത കൽബുർഗി ശത്രുവായി എന്നത് ചരിത്രത്തിന്റെ അത്ര ഹിതകരമല്ലാത്ത വിരോധാഭാസമാണ്. സാമൂഹികമായ ചലനത്തിന്റെ പതാകാവാഹകരായിരിക്കാൻ ആഹ്വാനം ചെയ്ത ഒരു ആചാര്യനെ പിന്തുടർന്നവർ നൂറ്റാണ്ടുകൾ കഴിഞ്ഞ് ചെന്നെത്തുന്നത് വിചിത്രമായ മറ്റൊരു കെട്ടിക്കിടപ്പിലേക്കാണ്.  ഈ പ്രവണതകളെയാണ് കെട്ടിക്കിടന്ന് ഉറച്ചു പോയതുകൊണ്ട് തകരേണ്ടതാണെന്ന് കൽബുർഗി ആവർത്തിച്ച് ആഹ്വാനം ചെയ്തത്.

ഒച്ചയും ബഹളവും രക്തച്ചൊരിച്ചിലും ഇഷ്ടമില്ലാത്ത ഒരാളായാണ് ബസവേശ്വരൻ നാടകത്തിൽ പ്രത്യക്ഷപ്പെടുന്നത്. ധ്യാനത്തിന്റെ പ്രാധാന്യം, മനുഷ്യജീവിതത്തിൽ സത്യം കരുണ ശാന്തി തുടങ്ങിയ മൂല്യങ്ങളുടെ സാക്ഷാത്കാരമാണെന്ന് പറയുന്ന ബസവണ്ണയെ ഭൗതികശരീരം ആത്മീയമാകുന്നത് അങ്ങനെയാണെന്ന് പറഞ്ഞ് ഗുരു ഉപദേശിക്കുന്നിടത്ത്, എന്താണ് മനുഷ്യൻ എന്ന സങ്കല്പത്തിന്റെ നീണ്ട ചരിത്രത്തെ അടയാളപ്പെടുത്താൻ കൽബുർഗി ശ്രമിക്കുന്നതായാണ് തോന്നിയത്.  ഒരർത്ഥത്തിൽ മൂല്യങ്ങളെ നഷ്ടപ്പെടുത്തി മൃതാചാരങ്ങളെ ഒഴുക്കിക്കൊണ്ടുവരാൻ വേണ്ടി മാത്രം പാരമ്പര്യം എന്നു നിങ്ങൾ ആവർത്തിക്കുന്നത് എന്തിനെയാണെന്ന ചോദ്യം ഉയർത്താനും മാത്രം ശക്തിയുണ്ടതിന്. നൂറ്റാണ്ടുക്കൾക്കിപ്പുറത്തു നിന്നുകൊണ്ട് നാരായണ ഗുരു, അനുകമ്പയും സ്നേഹവും കാരുണ്യവുമില്ലെങ്കിൽ മനുഷ്യൻ അസ്ഥിയും തോലും ഞരമ്പും മാത്രമുള്ള നാറുന്ന ഉടലാണെന്നെഴുതിയതും വാഗ്ഭടാനന്ദൻ വിഗ്രഹങ്ങൾ തല്ലി പൊളിക്കാൻ  കാവുകൾ കയറിയതും മാറ്റുവിൻ ചട്ടങ്ങളേ എന്ന് കുമാരനാശാൻ ആഹ്വാനം ചെയ്തതും താരതമ്യത്തിനായി ഓർക്കാം. ബസവേശ്വരന്റെ വിഗ്രഹഭഞ്ജകത്വം മാറിയ കാലത്ത് സ്വാംശീകരിക്കാൻ ശ്രമിക്കുന്നതിലൂടെ കടന്നു വന്നേക്കാവുന്ന അപകടത്തെയും കൽബുർഗി മുൻകൂട്ടി കണ്ടിരുന്നിരിക്കണം. എങ്കിൽപോലും ഒത്തു തീർപ്പുകൾക്ക് അദ്ദേഹം തയ്യാറായിരുന്നു. ലിംഗായത്തുകാരുടെ ആവശ്യപ്രകാരം ബസവേശ്വരന്റെ ജീവിതത്തെപ്പറ്റി കണ്ടെത്തിയ ചില സത്യങ്ങളെ പിൻവലിക്കാൻ അദ്ദേഹം തയ്യാറായത് സാമൂഹികജീവിതത്തിനു വേണ്ടിയുള്ള ഒത്തുതീർപ്പിന്റെ ഭാഗമായിട്ടാണ്. കുടുംബത്തിന്റെ സുരക്ഷയ്ക്കുവേണ്ടി എന്നാണദ്ദേഹം പറഞ്ഞത്. നമുക്ക് സംസാരിക്കാമെന്നായിരുന്നു ധബോൽക്കറും, പൻസാരെയും കൽബുർഗിയും ഗൗരി ലങ്കേഷും ആവർത്തിച്ചു പറഞ്ഞിരുന്നത്. സാമൂഹികവും രാഷ്ട്രീയവുമായ പീഡകളുടെയും അധികാരത്തിന്റെ ആക്രോശങ്ങളുടെയും ഇടയിൽ ജീവിക്കുന്ന കവി, അലി സർദാർ ജാഫ്രിയുടെ ഉർദ്ദു കവിതയിൽ പറയുന്നു :

‘നമുക്ക് സംഭാഷണം തുടരാം

ഒരു വാക്ക് മറ്റൊന്നിലേക്ക് നയിക്കുന്നു ...

നിസ്സഹായതയുടെ ചങ്ങലകളാൽ

നമ്മുടെ വാക്കുകൾ തടസ്സപ്പെടാതിരിക്കട്ടെ

നമ്മുടെ വാക്കുകൾ കൊല്ലപ്പെടാതിരിക്കട്ടെ..’

 

പക്ഷേ സർവതും വിഴുങ്ങാൻ കാത്തിരിക്കുന്ന കൊലയുടെ തത്ത്വശാസ്ത്രങ്ങൾക്ക് മനസിലാകാത്ത കാര്യമാണ് സംവാദങ്ങളുടെ പ്രാധാന്യം. ഇരുപതു വർഷത്തേയ്ക്ക് ഈ തലച്ചോറിനെ പ്രവർത്തിക്കാൻ അനുവദിച്ചുക്കൂടെന്ന് ഇറ്റാലിയൻ ഫാസിസ്റ്റു കോടതിയിൽ അന്റോണിയോ ഗ്രാംഷിക്കെതിരെ ഉയർന്ന വാദത്തെ അനുസ്മരിപ്പിച്ചുകൊണ്ട്, നാടകത്തിൽ ബ്രാഹ്മണർ ആർത്തു വിളിക്കുന്നത്, ‘ഇയാളെ സംസാരിക്കാൻ അനുവദിക്കരുത് എന്നാണ്. പരസ്പരം ആശയസംവാദമില്ലാത്ത സമൂഹത്തിൽ തോക്കുകളും വടിവാളുകളുമല്ലാതെ മറ്റാര് ശബ്ദമുണ്ടാക്കാനാണ്?

 

ഭൂതകാലമഹത്വത്തെ പുനരാനയിക്കുന്ന യാന്ത്രികമായ പ്രക്രിയയായിരുന്നില്ല കൽബുർഗിയുടെ ബസവേശ്വരൻ. അത്തരമൊരു യാഥാസ്ഥിതികമായ ധാര, ബ്രാഹ്മണർ, പുരോഹിതർ, ദേശമുഖ്യൻ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ പ്രതിലോമതയുടെ വക്താക്കളും അവിഹിതമായ ഒരു കൂട്ടുകെട്ടിന്റെ പ്രയോക്താക്കളുമായി നാടകത്തിൽ കടന്നുകൂടിയിട്ടുണ്ട്. അത് വേറൊരുതരം സാന്നിദ്ധ്യമാണ്. നിർഭാഗ്യവശാൽ ഒഴുക്കു കുറഞ്ഞ് തളം കെട്ടുന്ന ആ ആശയമാണ് സമൂഹത്തിന്റെ എല്ലാ മാലിന്യങ്ങളെയും ശേഖരിച്ചുവച്ച് നൂറ്റാണ്ടുകൾ കഴിയുമ്പോൾ കൂടുതൽ ശക്തിപ്രാപിക്കുന്നതെന്ന ക്രൂരയാഥാർത്ഥ്യം നമുക്ക് മുന്നിലുണ്ട്. മണ്ണിന്റെ മക്കൾ വാദം കൊടുമ്പിരി കൊള്ളുന്ന പ്രദേശങ്ങൾക്ക്  പ്രത്യേകിച്ച് അനായാസം ഉത്പാദിപ്പിക്കാൻ കഴിയുന്ന വൈകാരിക ഞരമ്പുരോഗങ്ങളുടെ ഒരു ചരിത്രമുണ്ട്. ഭൂതകാലത്തിനെ അസ്വാരസ്യപ്പെടുത്തുന്ന നേരിയ ഒച്ചകൾപോലും അസഹനീയമായി തീരുന്ന  അടഞ്ഞയിടങ്ങളായി മാറിക്കഴിഞ്ഞ മഹാരാഷ്ട്രയിലും കർണ്ണാടകയിലുമാണ് നരേന്ദ്ര ധബോൽക്കർ മുതൽ ഗൗരി ലങ്കേഷുവരെയുള്ള ചിന്തിക്കുന്ന മനുഷ്യരുടെ ചോര ചിന്താൻ സനാതനികൾ ഇറങ്ങിപ്പുറപ്പെട്ടതെന്ന കാര്യം ഓർമ്മിക്കുക. ഇന്ത്യയുടെ ഭൂതകാലമഹത്വത്തിൽ കലവറയില്ലാതെ വിശ്വസിക്കുന്ന ‘സനാതൻ സംസ്ഥ’ ‘ഹിന്ദുക്കളുടെ ബദൽ ചരിത്രം’ എന്ന പുസ്തകമെഴുതിയ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിലെ വെൻഡി ഡോണിഗർക്കെതിരെയും തിരിഞ്ഞിരുന്നു. പ്രസാധകരായ പെൻഗ്വിൻ ബുക്സിനെക്കൊണ്ട് പുസ്തകം പിൻ വലിപ്പിക്കുന്നതിൽ അവർ വിജയിക്കുകയും ചെയ്തു.  മാരകമായ ആ വിഷബാധകൾ, മതവൈകാരികതയുടെ കുഞ്ചലങ്ങൾ അണിഞ്ഞ് കൂടുതലിടങ്ങളിലേക്ക് എഴുന്നള്ളാനാണ് സാധ്യത എന്നാണ് ഇന്ത്യയിൽ സമീപകാലത്ത് മതവും ജാതിയുമായി ബന്ധപ്പെട്ട് നടന്ന കൊലകളും അവയുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഒളിഞ്ഞും തെളിഞ്ഞും ലഭിക്കുന്ന  രാഷ്ട്രീയ താലോലങ്ങളും പറഞ്ഞു തരുന്നത്. ബസവേശ്വരനെ കല്യാണ നഗരത്തിൽനിന്നും കുണ്ഡാല സാമ്രാജ്യത്തിൽനിന്നും പുറത്താക്കിയ ആക്രോശങ്ങളും ഒച്ചകളും കൂടുതൽ മൂർത്തമായി നാടകത്തിൽ നിന്നിറങ്ങി, കറുത്ത കുപ്പായവുമിട്ട് കോൺട്രാബാൻഡ് 7.65 എം എം തോക്കിന്റെ രൂപത്തിൽ 77 വയസ്സുണ്ടായിരുന്ന ഒരു മനുഷ്യന്റെ വീട്ടു പടിക്കൽ വന്നു നിന്നു ദൗത്യം നിറവേറ്റി എന്നതാണ്, 2015   ആഗസ്റ്റ് 30 -നു ഇന്ത്യൻ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് അരങ്ങേറിയ കാര്യം.  ‘ജഡമായതു നശിക്കും’ എന്ന് ആവർത്തിച്ചു പറഞ്ഞ കൽബുർഗി തന്റെ നാടകത്തിലൂടെ ഉന്നയിച്ച വളരെ തീക്ഷ്ണമായ മറ്റൊരു ചോദ്യമുണ്ട്. ബസവേശ്വരൻ ജീവിച്ചിരുന്ന പന്ത്രണ്ടാം നൂറ്റാണ്ടുമുതൽ നാളിതുവരെയുള്ള ഇന്ത്യയുടെ ഒൻപതു നൂറ്റാണ്ടുകളിലെ വളർച്ച, പുരോഗമനം എന്ന പേരിന് ഏതു നിലയ്ക്കാണ് അർഹമാവുന്നത് എന്നതാണത്. ഇടയ്ക്കിടയ്ക്ക് മതജീവിതത്തിന്റെ ജഢതയിലേക്ക് തിരിച്ചു കയറാൻ വെമ്പുന്ന കേരളത്തിന്റെ വർത്തമാനകാലസ്ഥിതിക്കും ബാധകമാണ് ആ ചോദ്യം.

എന്തുകൊണ്ട് കൽബുർഗി കൊല്ലപ്പെട്ടു’ എന്ന കുറിപ്പിൽ സീമാ ചിഷ്ടി,  കൊളംബിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ഇന്തോളജിസ്റ്റും സംസ്കൃത പണ്ഡിതനുമായ ഷെൽഡൻ പുള്ളോക്ക്, യു ആർ അനന്തമൂർത്തിയെപ്പറ്റി നടത്തിയ ഒരു നിരീക്ഷണം, കൽബുർഗിയുടെ കാര്യത്തിലും പ്രസക്തമാണെന്ന് നിരീക്ഷിക്കുന്നുണ്ട്. ‘അനുശീലനങ്ങളിലൂടെ  സംശുദ്ധമാക്കിയെടുത്ത സൂക്ഷ്മമായ സാഹിത്യസംവേദനത്വവും ദേശിയെന്നു വിളിക്കാവുന്ന പ്രാപഞ്ചികവീക്ഷണവും (കോസ്മോപൊളിറ്റിനിസം) ചേർന്നാണ് അനന്തമൂർത്തി ശത്രുക്കളെ തനിക്കായി വിളിച്ചുകൂടിയതെന്നാണ് ഷെൽഡൻ പൊള്ളോക്കിന്റെ നിരീക്ഷണം.  ഭൂതകാലത്തെ കനത്ത ഒരു ജഢവസ്തുവാക്കി അതിന്റെ ഭാരം മുഴുവൻ കാലികസമൂഹത്തിനു മേൽ കെട്ടിയേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥാപിതത്വങ്ങൾ - സനാതൻ സംസ്ഥയെന്നോ ഹിന്ദു ജനജാഗ്രത സമിതിയെന്നോ ബജ്രംഗ് ദൾ എന്നോ ശ്രീരാമസേനയെന്നോ അവ എന്തു പേരിലായാലും – പക്ഷേ കൂടുതൽ കരുത്താർജ്ജിച്ചു കൊണ്ടിരിക്കുന്ന കാലത്ത്, ഈ മിശ്രവീക്ഷണം വച്ചു പുലർത്തുന്ന വിജ്ഞാനികൾ അപകടകാരികളാണെന്ന് ഏറ്റവും കൂടുതലായി തിരിച്ചറിയുന്നത്,  സമൂഹത്തിന്റെ ചലനാത്മകതയെ ഭയപ്പെടുന്ന യാഥാസ്ഥിതികരായിക്കും. നാടകത്തിലെ ബസവേശ്വരൻ എഴുത്തുകാരനായ കൽബുർഗിയുടെ പ്രതീകമായിരുന്നെങ്കിൽ വേദിക്ക് പുറത്ത് സ്വന്തം ജീവിതത്തിലൂടെ കൽബുർഗി സാക്ഷാത്കരിക്കുന്നത് തളംകെട്ടിയ ഇരുണ്ടകാലത്തിൽ ഇരുട്ടു നീക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇന്ത്യയിൽ രക്തസാക്ഷിയാകേണ്ടി വരുന്ന ചിന്തിക്കുന്ന തലച്ചോറുകളെയാണ്. 

 

ഗൂഢസംഘം.കോം 30/8/2020