June 17, 2018

മനസിന് ഉടുക്കാനുള്ള സാരി


                                                                                                                                ചിത്രം : ഫിൽമീ ബീറ്റ്സ്

                    ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ലോകത്ത് ആദ്യം വിധേയനായ വ്യക്തിയുടെ യഥാർത്ഥ കഥ എന്ന പരസ്യവുമായാണ് ‘ദ ദാനിഷ് ഗേൾ‘ പ്രദർശനത്തിനെത്തുന്നത്. ഡേവിഡ് എബർഷോഫിന്റെ നോവൽ കഥ ഏറെയും കല്പനാനിർഭരമായിരുന്നു.  സിനിമയുടെ സംവിധായകൻ ടോം ഹൂപ്പർ, പക്ഷേ സിനിമയ്ക്ക് യാഥാർത്ഥ്യവുമായി നോവലിനേക്കാൾ ബന്ധമുണ്ടെന്നു തിരുത്തി. 20-കളിൽ കോപ്പൻഹേഗനിൽ നടന്ന സംഭവഗതികളാണെങ്കിലും അവ 2015-ലെ ചലച്ചിത്രത്തിലേക്ക് കടന്നു കയറുമ്പോൾ സ്വാഭാവികമായും അതിനകത്ത് ‘ലിംഗാന്തരതയെ‘ (ട്രാൻസ് സെക്ഷ്വാലിറ്റി) ക്കുറിച്ച് നാളിതുവരെ സമൂഹം ആലോചിച്ചുകൂട്ടിയതും നേടിയെടുത്തതുമായ ആശയഗതികളും ഒപ്പം നടന്നുകയറും. പുരുഷശരീരത്തിനുള്ളിലെ സ്ത്രീയെ എങ്ങനെ ആവിഷ്കരിക്കാമെന്നതായിരുന്നു എയ്നറുടെ/ ലിലിയുടെ പ്രശ്നം. വിഷയം ടോം ഹൂപറിന്റെ കൈകളിൽ ഭദ്രമായിരുന്നു. ബ്രിട്ടീഷ് നടൻ എഡ്ഡി റെഡ്‌മെയ്ൻ എയ്നറെയും ലിലിയെയും അസാധാരണമാംവിധം ആവിഷ്കരിക്കുകയും ചെയ്തു. ലൈംഗികമാറ്റശസ്ത്രക്രിയയെ തുടർന്നുള്ള പ്രശ്നങ്ങളിലാണ് ലിലി എൽബെ മരിക്കുന്നത്. തിരുവനന്തപുരത്തെ ചലച്ചിത്രോൽസവത്തിൽ കാണികളുടെ പ്രശംസ നേടിയ, 2007 -ലെ സ്പാനിഷ് ചിത്രം ‘എക്സ് എക്സ് വൈ‘ അലെക്സ് അൽവാരോ ദ്വന്ദ്വങ്ങളിലൂടെ ‘ലൈംഗികസ്വത്വനിർണ്ണയനം‘ ( എന്താണ് ആണ്, ആരാണ് പെണ്ണ്?) എന്ന പ്രഹേളികാസ്വഭാവമുള്ള വിഷയത്തെ കൈകാര്യം ചെയ്യുന്നതായിരുന്നു. ലൈംഗിക (ഭിന്ന) സ്വത്വം സാമൂഹികമായി സ്വീകാര്യമാകുന്നത് ഏതൊക്കെ പരിണതിയിലാണെന്ന കാര്യം, യാഥാസ്ഥിതികവും ആധുനികവുമായ രണ്ട് കുടുംബങ്ങളെ വച്ചുകൊണ്ടും , അർജ്ജന്റീന പെറു എന്നീ രണ്ട് ലാറ്റിനമേരിക്കൻ ദേശസ്വത്വത്തെ കൂട്ടു പിടിച്ചും സംവിധായിക ലൂസിയ പുയൻസോ ആ സിനിമയിൽ കാര്യമായി ആലോചിക്കുന്നുണ്ട്.
2018-ൽ ‘ഞാൻ മേരിക്കുട്ടി‘ പുറത്തിറങ്ങുന്നത് ലൈംഗികസ്വത്വത്തെ സംബന്ധിക്കുന്ന നിർണ്ണായകമായ ചിന്തകൾ കേരളീയ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ കലാപരമായി പങ്കുവയ്ക്കുന്ന സിനിമ എന്ന നിലയ്ക്കൊന്നും അല്ല. മറിച്ച്, ഭിന്നശേഷിക്കാരുടെയും സാമൂഹികമായി താഴ്ന്ന പദവിലുള്ളവരുടെയും അരികുജീവിതത്തെ കരുണാർദ്രമായി നോക്കിക്കാണാനുള്ള ശ്രമം എന്ന നിലയ്ക്കാണ്. നമ്മുടെ പ്രതിബദ്ധതാസിനിമകളുടെ ഘടന അത്രയൊക്കെയേ ആഗ്രഹിക്കുന്നുള്ളൂ എന്നതാണ് സത്യം. കലാരൂപങ്ങളെ സംബന്ധിച്ച് അപകടകരമായ കാര്യം, ഇത്തരം പ്രത്യക്ഷമായ സന്ദേശങ്ങൾ മാത്രം മതി ഒരു ചലച്ചിത്രത്തിന് സാമൂഹികാംഗീകാരം കിട്ടാനെന്നതാണ്. സമൂഹത്തിന്റെ അവബോധത്തെയോ സൗന്ദര്യബോധത്തെയോ ഒരു തരത്തിലും നേരിട്ടുള്ള പ്രതിബദ്ധതാസന്ദേശങ്ങളും വൈകാരിക അവതരണങ്ങളും സഹായിക്കില്ല. എന്നിട്ടു വേണമല്ലോ ഉയർത്താൻ. അങ്ങനെയായിരുന്നെങ്കിൽ ഓരോ സിനിമയ്ക്കും തുടക്കത്തിലും ഇടവേളകളിലുമായി ഈരണ്ടു പ്രാവശ്യം വീതം കാണിച്ചു പോരുന്ന ‘ദ്രാവിഡ് പുകവലി വിരുദ്ധ സന്ദേശം‘ മാത്രംകൊണ്ടുതന്നെ നമ്മുടെ അവബോധശേഷി വല്ലാതെ ഉയരുമായിരുന്നു. മറിച്ചാണ് അനുഭവം.
ഡാനിഷ് ഗേളിലെ ഒരു സംഭാഷണത്തിലുള്ളതുപോലെ, തന്റെയുള്ളിലെ മറ്റൊരു സ്വത്വത്തെ പുറത്തെടുക്കാൻ വെമ്പുന്ന ഒരാളായി, തന്നെ മനശ്ശാസ്ത്രജ്ഞരുടെ മുന്നിൽ ജയസൂര്യ സിനിമയുടെ ആദ്യം അവതരിപ്പിക്കുന്നുണ്ട്. തെറ്റിദ്ധാരണയുടെയും ഭൂരിപക്ഷാധികാരത്തിന്റെയും ഫലമായി പീഡനങ്ങൾ നാളിതുവരെ അനുഭവിച്ചു വന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് മേരിക്കുട്ടി. സാമ്പത്തികമ്പോലുമല്ല സാമൂഹിക അംഗീകരത്തിന്റെ മാനദണ്ഡം എന്നും അത് യൂണിഫോമിലുള്ള അധികാരമാണെന്നുമാണ് സിനിമയുടെ ഒറ്റവരി പ്രമേയം. പെട്ടെന്ന് ശരിയെന്നു തോന്നുന്ന ഈ നിലപാട് സത്യത്തിൽ തട്ടിക്കൂട്ടിയെടുത്തതാണ്. അദ്ധ്യാപിക, അച്ചാണി, അരയന്നങ്ങളുടെ വീട് തുടങ്ങി നിരവധി സിനിമകളിൽ നാം കണ്ടു പരിചയിച്ച ‘കുടുംബത്തിലെ ത്യാഗം‘ എന്ന സന്മനസ്= സമാധാനം ഘടനയിലാണ്. ‘ഇര നായകന്റെ/നായികയുടെ‘ ത്യാഗത്തിലും സഹനത്തിലും കെട്ടിപ്പൊക്കുന്ന നൂറ്റൊന്നാവർത്തിച്ച സംഗതിമാത്രമാണിത്. ഇരകളെ സന്ദിഗ്ദ്ധഘട്ടത്തിൽ സഹായിക്കാൻ ‘രക്ഷാകർത്താക്കളും‘ സമയാസമയം ഇമ്മാതിരി സിനിമകളിൽ പ്രത്യക്ഷപ്പെടുമെന്നതും ഓർക്കേണ്ട കാര്യമാണ്. ഇരയാണെങ്കിലും പ്രോട്ടഗോണിസ്റ്റ് സർവകലാവല്ലഭയും തന്നേക്കാൾ ചെറിയവർക്ക് സ്വീകാര്യയുമായിരിക്കും എന്നും കാണാം. വോൾടേജു കൂട്ടാനുള്ള ഗിമ്മിക്കുകൾ - തുണിയുരിഞ്ഞ് പോലീസ് അപമാനിക്കുന്നത്, സാമൂഹിക വിരുദ്ധരുടെ ലൈംഗികച്ചുവയുള്ള കമന്റും കയേറ്റശ്രമവും, ബന്ധുക്കളോട്, ഇത് മറ്റാരോ ആണെന്നു പറഞ്ഞു വീട്ടുകാർ പരിചയപ്പെടുത്തുന്നത്, സ്വന്തം സഹോദരി തള്ളിപ്പറയുന്നതും വിവാഹത്തിനും വരരുതെന്ന് കൈയെടുത്തു കുമ്പിടുന്നതും, അമ്മ സങ്കല്പത്തിന്റെ മഹനീയത, പുതിയ മേമ്പൊടിയായി സ്വതന്ത്രയായ സ്ത്രീയുടെ ബിയറു കുടി.. എല്ലാത്തിനുമൊപ്പം, കഥയുടെ അവസാനം പീഡകരുടെ മനമ്മാറ്റം സംഭവിക്കുന്നതോടെ ശുഭമായി പര്യവസാനിക്കുന്ന നാടകവും. ഇതെല്ലാം എത്രയോ സിനിമകളിൽ വൈകാരിക നാടകങ്ങൾക്കു കൊഴുപ്പുകൂട്ടാൻ 101 ആവർത്തിച്ച മരുന്നുകളാണെന്നോർക്കുക.
ഇതുകൊണ്ട് സംഭവിക്കുന്നത് ഉദ്ദേശ്യത്തിനു നേരെ വിപരീതഫലമാണ്. നാളിതുവരെയുള്ള മലയാളസിനിമയിലെ ഇരയും ത്യാഗിയുമായ പ്രോട്ടഗോണിസ്റ്റുകൾ അനുഭവിച്ച പ്രശ്നങ്ങൾതന്നെയാണ് വിമതലൈംഗികരുടെയും എന്നു വരും ഫലത്തിൽ. അല്ലെങ്കിൽ അത്രത്തോളമേ ആലോചന പോകുന്നുള്ളൂ എന്നാണർത്ഥം. മേരിക്കുട്ടിയുടെ ആധാർ കാർഡിൽ സ്ത്രീയെന്നു എഴുതികിട്ടുന്നതാണ് സിനിമയിലെ വലിയ സംഭവം. കളക്ടർ നൽകുന്നപേര് ‘ഹീറോ‘ എന്നതിനുപകരം ‘ഷീറോ‘ എന്നാണ്. അതും കൃത്യമായി സ്ത്രീ സ്വത്വത്തിലൂന്നുന്നതാണ്. ( ആ പേര് ‘ഹൗ ഓൾഡാർ യു യിലെ സ്ത്രീനായികയ്ക്കും ശരിയാവും) മേരിക്കുട്ടി ഒരു സംഭാഷണത്തിൽ ‘ട്രാൻസ് ജെൻഡർ‘ എന്ന വാക്കിനോടുപോലുമുള്ള വെറുപ്പ് അറിയിക്കുന്നുണ്ട്. പകരം ‘ട്രാൻസ് സെക്ഷ്വൽ‘ എന്ന് പറയണമത്രേ. പറച്ചിലല്ലാതെ സിനിമയിൽ വിശദീകരണമില്ല. മലയാളത്തിൽ രണ്ടിനും വെവ്വേറെ പേരുകളില്ല. ഫിനിഷിലും ജർമ്മനിലും ഒക്കെ അതാണവസ്ഥ. ‘ജെൻഡർ‘ സാഹചര്യങ്ങളാൽ നിർണ്ണയിക്കപ്പെടുന്നതാണ്, സാമൂഹികമാണെന്ന് നമുക്ക് വിശാലമായ അർത്ഥത്തിൽ പറയാം. അതേ സമയം സെക്സ്, ജീവശാസ്ത്രപരമാണ്. രൂപപരമായി ആണായിരുന്നുകൊണ്ട് സ്ത്രീയുടെ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നതിനെ, അവരുടെ ലൈംഗികപ്രവണതയെ കണക്കിലെടുത്ത് ‘ട്രാൻസ് സെക്സ്‘ എന്നു വിളിക്കാമെന്നു തോന്നുന്നു. തിരിച്ചും. ഇത്രയും സൂക്ഷ്മവിചാരം ഒരു പ്രമേയത്തിനകത്ത് കടന്നുകൂടുന്നത് നല്ലതാണ്. പക്ഷേ സിനിമയുടെ വിഷയം അതൊന്നുമല്ലല്ലോ. അത് ഊന്നൽ നൽകുന്നത് യൂണിഫോമിനാണ്. അതുവഴി കിട്ടുന്ന വിമത ലൈംഗികതരുടെ സാമൂഹിക അധികാരത്തിനാണ്. ലൈംഗികതയുടെ പ്രശ്നമേ സിനിമയിൽ വരുന്നുമില്ല. (മറ്റുള്ളവരുടെ തോന്നലുകൾ അല്ലാതെ). ഇതേ പ്രശ്നമാണ് സാനിട്ടറി പാഡിൽ എഴുതി വച്ചിരിക്കുന്ന ഞാൻ മേരിക്കുട്ടി എന്ന ശീർഷകത്തിലും ഉള്ളത്. ജീവശാസ്ത്രപരമായി പൂർണ്ണമായും പെണ്ണാകാനാകാത്ത മേരിക്കുട്ടിയ്ക്ക് (കുട്ടിയെ പ്രസവിക്കാനൊക്കുകയില്ലെന്നത് അവരുടെ വാക്യമാണ്) ‘പാഡ്‘ ഒരു വച്ചുകെട്ടാണ്. അപ്പോൾ അത് അവരുടെ ഐഡന്റിറ്റി കാർഡായി മാറുന്നതെങ്ങനെ? വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയത്തെ ഉപരിപ്ലവമായി പരിചരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതിന്റെ പ്രശ്നങ്ങളാണ്, എല്ലാം.
മറ്റൊന്നുകൂടിയുണ്ട്, ലൈംഗികസ്വത്വമാറ്റം നേരിട്ട് പറയാനാവാത്തതിനാൽ മലയാള സിനിമ സ്വീകരിച്ച ചില കൈവഴികളുണ്ട്. അവയിൽ പലതും സാമൂഹികപദവിയെ ഒളിഞ്ഞും തെളിഞ്ഞും ലക്കാക്കുന്നതാണെങ്കിൽ മറ്റു ചിലത് ജീവശാസ്ത്രപരം തന്നെയാകുന്നു. ബാലചന്ദ്രമേനോന്റെ ‘അമ്മയാണെ സത്യത്തിൽ‘ പാർവതി, തോമസാകുന്നു. സത്യൻ അന്തിക്കാടിന്റെ ‘രസതന്ത്ര‘ത്തിൽ കണ്മണി, വേലായുധൻ കുട്ടിയാവുന്നു. ലാൽ ജോസിന്റെ ‘ചാന്തുപൊട്ടി‘ൽ രാധാകൃഷ്ണൻ രാധയാവുന്നു. ജോസ് തോമസിന്റെ ‘മായാമോഹിനി‘യിൽ മോഹനകൃഷ്ണൻ, മായാമോഹിനിയാവുന്നു. ചലച്ചിത്രങ്ങളുടെ അന്ത്യത്തിൽ ലിംഗപരമായ തീർപ്പുകളോടെയാണ് ഈ പ്രച്ഛന്നവേഷങ്ങളെല്ലാം അവസാനിക്കുന്നത്. (ചാന്തുപൊട്ടിലെ രാധാകൃഷ്ണൻ ആണുതന്നെ എന്നുറപ്പിക്കുന്നതുപോലെ) ബാലചന്ദ്രമേനോന്റെ ‘രാധയെന്ന പെൺകുട്ടി‘യും ലാൽ ജോസിന്റെ ‘എൽസമ്മ എന്ന ആൺകുട്ടി‘യും ആൺ -പെൺസ്വത്വപരമായ പ്രശ്നങ്ങളെ സമൂഹത്തിന്റെ സാമാന്യധാരണയുടെ വെളിച്ചത്തിൽ അവതരിപ്പിക്കുന്നവയാണ്. കാലം കഴിയുന്നതോടെയാണ് രൂപപരമായ വ്യക്തത ലൈംഗികസ്വത്വസംഘർഷങ്ങളുടെ ആവിഷ്കാരത്തിനുമേൽ സംവിധായകർക്ക് ഉണ്ടാവുന്നത് എന്നേയുള്ളൂ. നമ്മുടെ കലാസൃഷ്ടികൾ ഭിന്നസ്വത്വങ്ങളുടെ കലക്കത്തെ സാമൂഹികമായും മനശാസ്ത്രപരമായും ആവിഷ്കരിക്കാൻ മുൻപും ശ്രമിച്ചിട്ടുണ്ട്. ഒരു ജനവിഭാഗത്തിന്റെ കലാരൂപങ്ങളിൽ സംസ്കാരം അബോധാത്മകമായി ഇടപെടുന്ന രീതിയാണിത്. വിമതലൈംഗികതയെക്കുറിച്ച് കുറച്ച് വ്യക്തമായ അറിവുകൾപോലും ഇല്ലാതിരുന്ന സമൂഹത്തിന് ആസ്വദിക്കാനാവുന്നവിധത്തിൽ. (തീർച്ചയായും സംവിധായകരുടെ ധാരണക്കുറവിനതിൽ പങ്കില്ലെന്നല്ല..) കാര്യങ്ങൾക്ക് വ്യക്തതയുണ്ടാവുകയും വിദേശ ചലച്ചിത്രങ്ങൾ വഴി ആവിഷ്കാരരീതികൾ തുറന്നുകിട്ടുകയും ചെയ്ത സമകാലത്ത് നിന്നുകൊണ്ടു നോക്കുമ്പോൾ ആ വഴിയ്ക്കും ഒരു പുതുമ ‘എന്റെ മേരിക്കുട്ടിയ്ക്ക്‘ അവകാശപ്പെടാൻ കഴിയുമെന്നു തോന്നുന്നില്ല.

സന്ദർഭങ്ങളുടെ നിഘണ്ടുവിൽ കളികളുടെ അർത്ഥം


 മത്താപ്പ് മണി എന്നറിയപ്പെടുന്ന, കെ മണികണ്ഠൻ നായർക്ക് 5 വയസ്സുണ്ടായിരുന്നപ്പോൾ ഒരിക്കൽ, തിരുവനന്തപുരം ഗവണ്മെന്റ് പ്രസിലെ ഫോർമാനും കരുണാ പ്രിന്റേഴ്സിന്റെ സ്ഥാപകനുമായ അയാളുടെ അച്ഛൻ കരുണാകരൻ നായർ ഇന്ത്യയും റഷ്യയുമായി ആദ്യമായി കേരളത്തിൽ വച്ചു നടന്ന കളി കാണാനായി സ്റ്റേഡിയത്തിൽ കൊണ്ടുപോയി. നീലയും മഞ്ഞയുമായിരുന്നു ഇന്ത്യൻ ടീമിന്റെ വേഷം. റഷ്യക്കാർ ചുവന്ന ജേഴ്സിയിലും വെള്ള ഷോർട്സിലും. റഷ്യക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന മീശമുളയ്ക്കാത്ത ഒരു പയ്യനായിരുന്നു അവരുടെ സ്റ്റാർ സ്ട്രൈക്കർ. പേര് സ്ട്രെൽസോ. കളി തുടങ്ങിയപ്പോൾ തന്നെ റഷ്യക്കാർ ചറപറാന്ന് ഗോളടിച്ചു തുടങ്ങി. ഇന്ത്യക്കാർ പന്ത് നടുവിൽകൊണ്ടുവച്ചു കിക്ക് ഓഫ് ചെയ്യുമ്പോഴേക്കും സ്ട്രെൽസോ പന്ത് തട്ടിയെടുത്ത് ഗോളടിക്കും. തോൽവിയുടെ നാണക്കേട് സഹിക്കാനാവാതെ കാണികൾ സ്തബ്ധരായിരിക്കുമ്പോൾ ഷെണ്ണപ്പ എന്ന ഇന്ത്യൻ ഗോളി ബോളുമായി പിന്നെയും ഗോളടിക്കാൻ പെനാലിറ്റി ബോക്സിലെത്തിയ സ്ട്രെൽസോയെ നെഞ്ചിൽ ഇടിച്ചു വീഴ്ത്തി. അവൻ ബോധം കെട്ടു. ഫൈനൽ സ്കോർ. ഇന്ത്യ -0. റഷ്യ - 11. ദയനീയ തോൽവി. പുറമേ ഷെണ്ണപ്പയുടെ കൊടും ചതിയും.

ഇന്ത്യക്കാർ രണ്ടു പ്രാവശ്യം അങ്ങനെ നാണം കെട്ടു. പിറ്റേന്ന് വിഷമം മാറാൻ അച്ഛൻ കരുണാകരൻ, മണികണ്ഠനുമായി ശംഖും മുഖം കടപ്പുറത്തു ചെന്നപ്പോൾ അവിടെയുണ്ട് ഇന്ത്യയെ നാണം കെടുത്തിയ കളിക്കാർ ചിരിച്ചുല്ലസിച്ചുകൊണ്ട്. കളിക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന പാപ്പൻ എന്ന മലയാളി, മണിയോട് ചോദിച്ചു : എന്തിനാ ഞങ്ങളെ റാസ്കൽസ് എന്നു വിളിച്ചത്? കളി തോറ്റ സങ്കടത്തിലല്ലേ? അങ്ങനെ സങ്കടപ്പെട്ടിരുന്നാൽ കാര്യങ്ങൾ നടക്കുമോ?
റഷ്യയോടും അവിടുന്നു വന്ന മീശ മുളയ്ക്കാത്ത ഒരു പയ്യനോടും തോറ്റതിന്റെ നാണക്കേട് ഇന്ത്യൻ കളിക്കാർക്കില്ലാതായതുപോലെയാണ്, അവരുമായുള്ള അഭിമുഖത്തിൽ ഇന്ത്യ തോറ്റതിന്റെയും തോൽപ്പിച്ചവരെ റാസ്കൽസ് എന്നു വിളിച്ചതിന്റെയും നാണക്കേട് മണികണ്ഠൻ നായർക്കും ഇല്ലാതായത്. “നാണം ഭാരമുള്ള വികാരമാണ്. അതില്ലാതായപ്പോൾ എനിക്ക് എവിടെയും പറന്നു നടക്കാമെന്നും എന്തും ചെയ്യാമെന്നും തോന്നി“. എന്ന് അയാൾ മകൾ രമണിക്കുട്ടിയോട് പറയുന്നു. അങ്ങനെ ബുദ്ധനായ മണിയാണ് മൂന്നു തലമുറയിലെ കൗമാരങ്ങളെ ത്രസിപ്പിച്ച മത്താപ്പ് എന്ന അശ്ലീല വാരികയുടെ പത്രാധിപരായി പിന്നീട് മാറിയത്. അശ്ലീലത്തിന്റെ പേരിൽ പോലീസ് കൊണ്ടുപോയപ്പോഴും ഉത്തരേന്ത്യൻ നടിയുടെ അർദ്ധനഗ്നചിത്രം അച്ചടിച്ചതിന്റെ പേരിൽ കോപ്പിറൈറ്റ് പ്രശ്നം വന്നപ്പോഴും അയാൾ തലയിൽ മുണ്ടിടാതെ നിന്നു.
ഇന്നലെ ഒരു സ്പെയിൻകാരന്റെ പിന്നിൽനിന്നുള്ള തള്ളാണ് റൊണാൾഡോയ്ക്ക് മൂന്നാമത്തെ ഗോളിനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത്. ഫ്രീ കിക്കെടുക്കുമ്പോൾ അതിനു മുന്നിൽ പന്തിന്റെ അടിയേൽക്കാൻ കോട്ടപോലെ നിൽക്കുന്ന കളിക്കാർ ഒരു ദുഃഖക്കാഴ്ചയാണല്ലോ എന്നു വിചാരിക്കുമ്പോഴേക്കും അവസാനം നിന്ന വെള്ള ജേഴ്സിക്കാരന്റെ തലയ്ക്കു തൊട്ടു മുകളിലൂടെ (അയാളുടെ തല വെട്ടിയതിന്റെ വിടവിലൂടെ എന്നും പറയാം.. പന്തിനെങ്ങനെ മനസ്സിലായെടേയ്, അയാൾ എടത്തോട്ടു തല വെട്ടിയ്ക്കാൻ പോവുകയാണെന്ന്... !) ഗോൾപോസ്റ്റിന്റെ ഇടത്തേ മൂലയിൽ ചെന്നു തട്ടി വിരാജിച്ചുംകൊണ്ട് അകത്തേയ്ക്ക് ഓടിക്കേറിയൊരു ഗോള്...!!! ഫൗളെന്നു കേൾക്കുമ്പോഴേ ആളുകൾ സ്ഥിരമായി സിദാനെയാണ് ഓർക്കുന്നത്. ഞാനിനി റോണാൾഡോയെയും ഓർക്കും! ഫൗളിന്റെ പേരിൽ കൂടുതലായി ഓർക്കേണ്ട ഒരാളെയാണ് മുകളിൽ സൂചിപ്പിച്ചത്. സ്ട്രെൽസൊ, എഡ്‌വാർഡ് സ്ട്രെൽസോ. ! പക്ഷേ അത് ഗ്രൗണ്ടിലായിരുന്നില്ലെന്നേയുള്ളൂ..

ഫുട്ബോൾ പ്രേമിയായ എൻ എസ് മാധവനെ ‘ഹിഗ്വിറ്റ‘യുടെ പേരിലാണല്ലോ ആളുകൾ കൂടുതലായി വാഴ്ത്തുകയും കുറച്ചുപേർ ഇകഴ്ത്തുകയും ചെയ്തുകൊണ്ടിരിക്കുന്നത്. മുകളിലെഴുതിയ കഥ മാധവന്റെയാണ്. ‘അശ്ലീലവാരിക പത്രാധിപരും രമണിക്കുട്ടിയും‘ എന്നാണ് കഥയുടെ പേര്. അതിലെ കേവലം ഉപകഥമാത്രമാണ് തിരുവനന്തപുരത്ത് നടന്ന രാഷ്ട്രാന്തരീയ മത്സരം. മാധവൻ ബോധപൂർവം പരാമർശിച്ചുപോയ സ്ട്രെൽസോ ഒരു കേവല കഥാപാത്രമല്ല. 1958 ലെ വേൾഡ് കപ്പിൽ പങ്കെടുത്തിരുന്നെങ്കിൽ ഒരു പക്ഷേ അന്ന് 21 വയസ്സുണ്ടായിരുന്ന സ്ട്രെൽസോ ഏറ്റുമുട്ടുക 17 കാരനായ മറ്റൊരു ഇതിഹാസത്തോടായിരുന്നു, പെലെ. അന്നത്തെ സോവ്യറ്റ് ടീമിൽ സ്ട്രെൽസോ ഉണ്ടായിരുന്നില്ല. 1958 മേയിൽ, വേൾഡ് കപ്പിനുള്ള ക്യാമ്പ് നടക്കുന്നിടത്തുനിന്ന് സ്ട്രെൽസോയെ പോലീസ് അറസ്റ്റു ചെയ്തു 12 വർഷത്തേക്ക് കുലാഗിലടച്ചു. മരീന ലബഡേവ എന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു എന്നായിരുന്നു കേസ്. അതൊരു ഫൗളായിരുന്നെന്ന് ഇരുമ്പു മറയ്ക്കുള്ളിൽ പരതി കുറച്ചു പാശ്ചാത്യ പത്രപ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്. സോവിയറ്റ് യൂണിയനിലെ ഏക പോളിറ്റ് ബ്യൂറോ വനിതാ അംഗവും നികിത ക്രൂഷ്ചേവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരുമായ യെകെതെരീന ഫുർട്സേവയുടെ 16 കാരി മകൾ, സ്വെറ്റ്‌ലേനയെ വിവാഹം കഴിക്കാൻ സമ്മതിക്കാതിരുന്നതുകൊണ്ടോ കെ ജി ബി ടീമായ ഡൈനാമോയിൽ ചേരാൻ വിസ്സമ്മതിച്ചതുകൊണ്ടോ ആയിരുന്നത്രേ ഈ ചുവപ്പു കാർഡ്. പിന്നെ ചരിത്രത്തിൽനിന്നുതന്നെ ആ പേരു മാഞ്ഞുപോയി. സ്വാഭാവികം. ആ കഥ, ജൊനാഥൻ വിൽസൺ ‘ദ ഗാർഡിയനി‘ൽ എഴുതിയിട്ടുണ്ട്. എൻ എസ് മാധവൻ കഥയിൽ വിശേഷിച്ചൊന്നും പറഞ്ഞില്ല. ഒരു ഫൗളിനെക്കുറിച്ചും നാണക്കേടിനെക്കുറിച്ചും മാത്രം പറഞ്ഞു. ഒന്നുകൂടി വായിക്കുമ്പോൾ ഇക്കാര്യങ്ങളെയെല്ലാം ഒതുക്കിപ്പിടിച്ചിരിക്കുന്നു ആ കഥയും അതിന്റെ പശ്ചാത്തലവും ഉള്ളടക്കവും എന്നു തോന്നുന്നു.

എന്തെല്ലാം കളികൾ ചേർന്നാണ് ഒരു കളികാണൽ രൂപംകൊള്ളുന്നത് !

June 6, 2018

പുറത്തുകടക്കേണ്ടവരെക്കുറിച്ചുള്ള വർത്തമാനങ്ങൾ; ആക്രോശം അനുസരണം അതിജീവനം എന്നിവയെപ്പറ്റി.
       ജാത്യഭിമാനക്കൊലകളുടെയും പ്രണയജിഹാദ് വാർത്തകളുടെയും മേൽജാതിവത്ക്കരണത്തിന്റെയും ഇന്ത്യൻ പരിസരത്ത് നിന്നുകൊണ്ട് ജോർദാൻ പീലിയുടെ അമേരിക്കൻ ചിത്രം ഗെറ്റ് ഔട്ട് കാണുന്നത് മറ്റൊരു അനുഭവമാണ്. അഭിനേതാവും ഹാസ്യതാരവും എഴുത്തുകാരനുമൊക്കെയായ ജോർദാന്റെ ആദ്യസംവിധായക സംരംഭമാണ് 2017 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഗെറ്റ് ഔട്ട് എന്ന ചിത്രം. വെളുത്തവർഗക്കാരുടെ തലച്ചോറ് കറുത്തശരീരങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചുകൊണ്ട് അവരെ അഭിരുചിയിലും ബോധത്തിലും' വെളുത്തവനാക്കുക എന്ന ആശയത്തെ വിമർശനാത്മകമായി പിന്തുടരുന്ന ചിത്രം, ചലച്ചിത്രങ്ങളുടെ തരംതിരിവുപ്പട്ടികയിൽ ഹൊറർ എന്ന വിഭാഗത്തിലാണ് ഇടം പിടിച്ചിരിക്കുന്നത്. എന്നാൽ അതിലെ പേടിപ്പിക്കുന്ന ഘടകം, ഡീൻ അർമിത്തേജ് എന്ന ന്യൂറോ സർജന്റെ കാർമികത്വത്തിൽ നടക്കുന്ന സ്വകാര്യമായ മസ്തിഷ്കശസ്ത്രക്രിയയോ മിസി അർമിത്തേജ് ഹിപ്നോട്ടിസത്തിലൂടെ നടത്തുന്ന അഭിരുചിവ്യതിയാനമോ അല്ല.  ഒരു വർഗത്തിന്റെ  (ഇവിടെ അമേരിക്കയിലെ കറുത്തവർഗക്കാരുടെ)  സ്വത്വപരവും സാസ്കാരികവുമായ സമൂലപരിവർത്തനങ്ങളെ സംബന്ധിക്കുന്ന പ്രമേയപരിസരമാണ്. ഒപ്പം അവരകപ്പെട്ടിരിക്കുന്ന ഭീതിദമായ തരംതാഴ്ത്തലിന്റെയും അപമാനത്തിന്റെയും അടിപ്പടവുകളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കാലികമായ ഉൾക്കാഴ്ചകളാണ്. ഭൂരിപക്ഷസമൂഹത്തിന് അനുഗുണമായി സ്ഥാനം പിടിക്കുന്ന ന്യൂനപക്ഷസമൂഹത്തിന്റെ പരിവർത്തനോദ്യമങ്ങൾക്ക് ഭയപ്പെടുത്തുന്ന രാഷ്ട്രീയ വിവക്ഷകളും ഉള്ളടക്കങ്ങളുമുണ്ടെന്ന് അതിജീവനത്തിന്റെ രേഖീയഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് സിനിമ വ്യക്തമാക്കുന്നു. ഇന്ത്യപോലെ നാനാഭിന്നമായ സമൂഹങ്ങളിൽ നിമിഷം‌പ്രതി ഉത്കണ്ഠയും അരക്ഷിതത്വവും ഭീതിയും നിറച്ചുകൊണ്ടുയരുന്ന  പുറത്തു പോകൂ ഭീഷണികളും സമീകരണ പ്രക്രിയകളും ഇതേ ശീർഷകത്തിന്റെ സാമൂഹികസാഹചര്യങ്ങളെ മൂർത്തമാക്കുകയാണ് ചെയ്യുന്നത് എന്ന് തിരിച്ചറിയാനും സിനിമ സഹായങ്ങൾ ചെയ്യുന്നുണ്ട്.

റോസ് അർമിത്തേജ് എന്ന വെള്ളക്കാരി പെൺകുട്ടിയുമായി (ആലിസൺ വില്യംസ്) പ്രണയത്തിലാകുന്ന (ശരിക്കും പ്രണയത്തിൽ അവൾ അവനെ വീഴ്ത്തുകയാണ് ചെയ്യുന്നത് എന്നു നാം പിന്നീട് മനസിലാക്കുന്നു) ആഫ്രിക്കൻ അമേരിക്കനായ ഒരു ഫോട്ടോഗ്രാഫർ ക്രിസ് വാഷിങ്ടണിന്റെ (ഡാനിയൽ കാലൂയ) ഏകാന്തതയും അപകർഷവും സ്വത്വനാശവുമാണ് ബാഹ്യപ്രമേയത്തിനകത്ത് സിനിമ ഉള്ളിൽ കൈകാര്യം ചെയ്യുന്നത്. റോസിന്റെ കുടുംബത്തിന്റെ ആസൂത്രിതമായ നീക്കമാണ് ക്രിസിനെ വലയിൽപ്പെടുത്തുന്നത്. തനിക്ക് മുൻപ് ഇരയാക്കപ്പെട്ട കറുത്തവർഗക്കാരെപ്പോലെ പൂർണ്ണമായും മാറ്റം ഉണ്ടാകുന്നതിനു തൊട്ടുമുൻപ് അയാൾ കൂട്ടുകാരനും ടി എസ് എ  ഏജന്റുമായ റോഡ് വില്യംസിന്റെ (ലിൽ റെൽ ഹോവറി)സഹായത്തോടെ രക്ഷപ്പെടുന്നു. മാനസികമായും ശാരീരികമായും പരിവർത്തനത്തിനു വിധേയരായ കറുത്തവർഗക്കാരുടെ പ്രതിനിധികളായി, അതിന്റെ ഭീകരത മുഴുവനായി വ്യക്തമാക്കിക്കൊണ്ട്, ചലച്ചിത്രത്തിൽ മൂന്നുപേർ പ്രത്യക്ഷപ്പെടുന്നുണ്ട്.  അതിലൊരാൾ വളരെ പ്രായംകൂടിയ വെള്ളക്കാരിയെ വിവാഹം കഴിച്ചു കൂടിയ ലോഗൻ കിങാണ്.  പോലീസ് റിക്കോർഡനുസരിച്ച്  കാണാതായ ആൻഡ്രൂ ഹെയ്‌വർത്ത് എന്ന ആളാണ് ഈ ലോഗൻ. ഇന്നയാൾ ഒരു ലൈംഗിക അടിമയാണ്. വളരെ അസ്വാഭാവികമായ ചലനങ്ങളും ഉപചാരപൂർവമുള്ള വാക്കുകൾക്കുമൊപ്പം അപസ്മാരത്തിന്റെ ലക്ഷണങ്ങൾകൂടി കാണിക്കുന്ന ലോഗന്റെ അതേ  സ്വഭാവവൈകല്യവും കൃത്രിമത്വവും അർമിത്തേജ് കുടുംബത്തിലെ ജോലിക്കാരായ ജോർജിനയിലും (ബെറ്റി ഗബ്രിയേൽ)  വാൾട്ടറിലും (മാർക്കസ് ഹെൻഡേഴ്സൺ) കാണാം. അവരൊക്കെ പല സമയങ്ങളിലായി അകപ്പെട്ട ഇരകളാണ്.

ഈ കെണിയിൽനിന്നാണ് ക്രിസിനു പുറത്തു കടക്കേണ്ടത്. ഗെറ്റ് ഔട്ട് - എന്ന വാക്ക്, കൊളോണിയൽ പരിസരത്ത് കൂടുതൽ പ്രവർത്തിക്കുന്നത് അനുശാസനപരമായിട്ടാണ്. സാമൂഹികവും വ്യക്തിഗതവുമായ അയിത്താചരണങ്ങളുമായി നേരിട്ടു ചാർച്ച പുലർത്തുന്ന സ്വഭാവം  കടക്ക് പുറത്ത്’’ എന്ന ആജ്ഞയ്ക്കുണ്ട്. നിർദ്ദേശത്തിന്റെ ഇരുവശത്തുമായി അധികാരിയെയും കീഴാളനെയും അത് കൊണ്ടുവന്നു നിർത്തുന്നു. സിനിമയിൽ, ക്രിസ് വന്നുപെട്ട കുടുംബത്തിലെ അസ്വാഭാവികതകൾ ഫോണിലൂടെ വർണ്ണിക്കുന്നതിനിടയിൽ ക്രിസിന്റെ കൂട്ടുകാരനായ റോഡ് വില്യംസ് ഈ അപകടത്തിൽനിന്നും  പുറത്തു കടക്കൂ അർത്ഥത്തിൽതന്നെ ആ വാക്കുപയോഗിക്കുന്നുണ്ട്. അതൊരു അഭ്യർത്ഥനയാണ്. എന്നാൽ ആക്രോശത്തിന്റേതായ മറ്റൊരു സന്ദർഭം സിനിമയിലുള്ളത്, മഷ്തിഷ്കപരിണാമത്തിനു വിധേയനായ കറുത്തവർഗക്കാരൻ ലോഗൻ, ക്രിസിന്റെ മൊബൈൽ ക്യാമറയിൽനിന്നുള്ള  ഒരു ഫ്ലാഷിനെ തുടർന്ന് സ്വാഭാവികമായ ആക്രമണോത്സുകത പുറത്തെടുക്കുന്ന സമയത്താണ്.  രൂപം ആഫ്രിക്കക്കാരന്റെയെങ്കിലും ഇതിനകം തലച്ചോർ അമേരിക്കക്കാരന്റേത് ആയിക്കഴിഞ്ഞ ലോഗൻ ക്രിസിനോട് കടക്ക് പുറത്ത് എന്നാണ് ആവശ്യപ്പെടുന്നത്. താൻ ഉൾപ്പടെയുള്ള വെള്ളക്കാരക്കൂട്ടത്തിൽനിന്ന് പുറത്തുകടന്നുപൊയ്ക്കൊള്ളാനാണ് അവിടത്തെ ആജ്ഞ. പ്രക്രിയയെ തടസ്സപ്പെടുത്തുന്നതിനു നേരെയുള്ള അസഹ്യതയാണ് അയാളിലൂടെ പുറത്തുവരുന്നതെന്നും കറുത്തവർഗക്കാരന്റെ സ്വാഭാവികമായ ആക്രമണോത്സുകതയും അമർഷവുമാണ് അയാൾ പ്രകടിപ്പിക്കുന്നതെന്നും ദ്വന്ദ്വാത്മകമായ വശം ആ കോപപ്രകറ്റനത്തിനുണ്ട്. അമാന്യമായ പെരുമാറ്റത്തിന് ഉടനടി അയാൾ ചികിൽസയ്ക്ക് വിധേയമാവുകയും ചെയ്യുന്നു.  അയാളിൽ നിന്നു പുറത്തുവന്നെങ്കിലും ആ ഗെറ്റ് ഔട്ട്ന്റെ യഥാർത്ഥ ഉറവിടം മാന്യനായ വെള്ളക്കാരന്റെ അബോധത്തിന്റെയാണെന്ന് തിരിച്ചറിയുക പ്രയാസമുള്ള കാര്യമല്ല.  അകപ്പെട്ട കെണിയിൽ നിന്നു പുറത്തു കടക്കുക എന്ന സ്വാഭാവികമായ നിർദ്ദേശവും  സിനിമയുടെ ശീർഷകം ഉള്ളടക്കിയിരിക്കുന്നു.  ഇരയുടെ ഭാഗത്തുനിന്നുള്ള അർത്ഥകല്പനയിലാണ് സംവിധായകൻ ചലച്ചിത്രത്തിന്റെ നിലവിലുള്ള അവസാനമൊരുക്കിയിരിക്കുന്നത്. പക്ഷേ അതത്ര എളുപ്പമുള്ളതോ തൊലിപ്പുറത്തുമാത്രമായി പരിഹരിക്കാവുന്ന പ്രശ്നമോ അല്ലെന്ന് എഴുത്തുകാരനും  ജോർദ്ദാൻ പീലിക്ക് നല്ല ബോധ്യമുണ്ട്.

തന്നെ അപകടപ്പെടുത്താൻ ശ്രമിച്ച അർമിത്തേജ് കുടുംബത്തിലെ എല്ലാവരെയും കൊന്നിട്ടാണ് ക്രിസ് രക്ഷപ്പെടുന്നത്. അവസാനം തോക്കുമായി സമീപിക്കുന്ന കാമുകിയായ റോസും വെടിയേറ്റു വീഴുന്നു.  അവളെ വെടിവച്ചു വീഴ്ത്തുന്നത് ക്രിസ് അല്ല മറിച്ച്, ക്രിസിനെപ്പോലെ അവൾ നേരത്തേ പ്രേമിച്ച് ഇപ്പോൾ അടിമയായി മാറിക്കഴിഞ്ഞ,   വാൾട്ടറാണ്. ക്യാമറാ ഫ്ലാഷിനെ തുടർന്ന് ബോധമുണ്ടാകുന്നതുകൊണ്ടും,  തക്കസമയത്ത് റോഡ്  വില്യംസ് കാറുമായി വന്നതുകൊണ്ടുമാണ് ക്രിസ് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നത്. റോസിനെ വെടിവച്ചിട്ട വാൾട്ടർ ആത്മഹത്യ ചെയ്യുന്നു. മൊബൈൽ ക്യാമറയിൽനിന്നു മിന്നുന്ന വെളിച്ചത്തെ തുടർന്ന് അയാളുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനും  അടിമജീവിതത്തിലേക്ക് മടങ്ങിപോകാൻ വിസ്സമ്മതിച്ചുകൊണ്ടുള്ള സ്വയംമരണത്തിനും വിമോചനപരമായ ധ്വനികളുണ്ട്. പക്ഷേ ഈ സിനിമയ്ക്ക് ഈയൊരു ശുഭാന്തമല്ലാതെ പല അവസാനങ്ങളാണ് സംവിധായകൻ ഒരുക്കിവച്ചത്.  വാൾട്ടറിന്റെ വെടിയേറ്റുകിടക്കുന്ന റോസ്, തന്നെ ക്രിസ് അപായപ്പെടുത്തിയതാണെന്ന് പോലീസിനോട് പറഞ്ഞ് രക്ഷപ്പെടുന്നതാണ് ഒന്ന്.  കൂട്ടുകാരനായ റോഡ് വില്യംസ് സത്യമെന്താണെന്ന് തുറന്നു പോലീസിനോട് പറയാൻ ആവശ്യപ്പെട്ടിട്ടും ക്രിസിന് ഒന്നും ഓർമ്മയില്ലാത്ത വിധത്തിൽ  അർമിത്തേജ് കുടുംബത്തിന്റെ പ്രവർത്തനങ്ങൾ സ്വാധീനം ചെലുത്തുന്നതുകൊണ്ട് അയാൾ ആരെയും ജയിലിൽവച്ച് കുറ്റപ്പെടുത്താതിരിക്കുന്നു.  മറ്റു കറുത്തവർഗക്കാരെപോലെ തലച്ചോർ മാറ്റത്തിനു വിധേയമായി അയാളും എന്നാണ് ആ പരിണാമഗതിയുടെ അർത്ഥം. ഭൂരിപക്ഷ വെളുത്തവർഗസമൂഹത്തിൽ കറുത്തവർഗക്കാരന്റെ അതിജീവനം പ്രശ്നസങ്കുലമാണെന്നാണ് വിവിധതരത്തിലുള്ള കഥാന്ത്യങ്ങൾ സർഗാത്മകമായി സാക്ഷ്യപ്പെടുത്തുന്നത്.

ദുരന്തങ്ങളുടെയൊക്കെ ആരംഭം ഭിന്നവർണ്ണ വിവാഹം എന്ന സങ്കല്പത്തിൽനിന്നാണെന്നതാണ് ഈ ചലച്ചിത്രത്തെ, ഭിന്നജാതി വിവാഹം കൊലയ്ക്കുപോലും കാരണമാവുന്ന  സമകാല കേരളീയ ജീവിതപരിസരത്തോടു ചേർത്തുവച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. എസ് ഹരീഷിന്റെ മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ  എന്ന ഭിന്നജാതി വിവാഹത്തിനുള്ളിലെ സംഘർഷത്തെ ഭാഷാപരമായി അവതരിപ്പിക്കുന്ന കഥയിൽ,  താഴെക്കിടയിൽ എന്നു വിശ്വസിക്കുന്ന ജാതിയെ സ്വീകാര്യമാക്കുന്നതിനുള്ള ഭാഷാപരവും ആചാരപരവുമായ മേൽജാതിപരിഷ്കാരങ്ങൾ പുരോഗമനനാട്യങ്ങൾക്കൊപ്പം കേരളീയസാഹചര്യത്തിൽ എങ്ങനെ അരങ്ങേറുന്നു എന്ന സൂക്ഷ്മമായ ആലോചനകളുണ്ട്. ചലച്ചിത്രം, മറ്റൊരു ഭൂഭാഗത്ത് നിലനിൽക്കുന്ന ഇതേ പ്രശ്നത്തിന്റെ  കുറേകൂടി ആക്രാത്മകമായ വശത്തെ അതിന്റെ ദൃശ്യതയെ മുൻനിർത്തി   ചിത്രീകരിക്കുന്നു. കീഴ്ത്തട്ട് നിലയ്ക്ക് സിനിമ നൽകുന്ന വ്യാഖ്യാനം ഭൂമിയ്ക്കടിയിലേയ്ക്ക് പോവുക എന്നതാണ്. മിസി അർമിതേജ് (കാതറിൻ കീനർ) - റോസിന്റെ അമ്മ- ഹിപ്നോട്ടിസത്തിനു വിധേയനായ ക്രിസിനോട് നിർദ്ദേശിക്കുന്നത് അതാണ്.  ക്രിസിനുണ്ടാകുന്ന ശാരീരിക തളർച്ച, അവനിൽ കെട്ടിയേൽപ്പിക്കുന്ന അപകർഷമാണ് എന്നു വ്യക്തം. അയാളുടെ സാമൂഹികവും മാനസികവുമായ കീഴ്നിലയെപ്പറ്റിയുള്ള ബോധവത്കരണംകൂടിയാവുന്നു ആ പ്രവൃത്തി. കടുത്ത കുറ്റബോധം അയാളിലുണ്ടാക്കിക്കൊണ്ടാണ് ചലനനഷ്ടത്തിലേക്കും ഭാവനാത്മകമായ ഇരുണ്ട നിലവറയിലേക്കും മിസി അയാളെ നയിക്കുന്നത്.

വീടിനുള്ളിലെ മുറിയിൽ തടവറയിലാവുക അഥവാ പെട്ടുപോവുക എന്ന നിസ്സഹായത, അടിമത്തത്തിന്റെ ആവിഷ്കാരമായി പലതരത്തിൽ സിനിമകളിൽ കടന്നു വന്നിട്ടുണ്ട്. ലെന്നി എബ്രഹാംസൺ സംവിധാനം ചെയ്ത റൂം (2015) ജോയി ന്യൂസം എന്ന സ്ത്രീയെ ഒരു മുറിയിൽ കുടുക്കിയിടുന്നതിന്റെ കഥയാണ്. ഏഴുവർഷം ഓൾഡ് നിക്കിന്റെ ലൈംഗിക അടിമയായി തടവിൽകിടന്ന അവൾ, അവിടെ ജനിച്ച് പുറം ലോകം കാണാതെ വളർന്ന അഞ്ച് വയസ്സുകാരൻ മകൻ ജാക്കിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുന്നത്. 2011-ൽ മാർക്കസ് ഷ്ലെയിൻസർ സംവിധാനം ചെയ്ത ആസ്ട്രിയൻ ചിത്രം  മൈക്കൽ ഇതുപോലെ പത്ത് വയസുകാരനെ വീടിന്റെ നിലവറയിൽ പുറം‌ലോകം കാണിക്കാതെ ലൈംഗികമായി പീഡിപ്പിക്കാൻ തടവിലിടുന്ന ഇൻഷ്വറൻസ് ഏജന്റിന്റെ കഥയാണ്. സ്ത്രീകൾ, കുട്ടികൾ എന്നീ ദുർബലവിഭാഗത്തിനുമേലുള്ള കടന്നുകയറ്റംകൊണ്ടുള്ള ദുരന്തത്തെ വീടിന്റെ തന്നെ രൂപകമുപയോഗിച്ച് വിവരിക്കുകയാണ് ഈ ചലച്ചിത്രങ്ങൾ ചെയ്യുന്നത്. ഒരർത്ഥത്തിൽ വ്യക്തിപരമായ സ്വഭാവവൈകല്യങ്ങളാണ് മേൽപ്പറഞ്ഞ രണ്ടു ചലച്ചിത്രങ്ങളിലെയും ഇരജീവിതങ്ങളെ കഷ്ടത്തിലാക്കുന്നതെങ്കിൽ ഗെറ്റ് ഔട്ടിലെത്തുമ്പോൾ കറുത്തവർഗക്കാരൻ എത്തിപ്പെടുന്ന കെണി കേവലം വ്യക്തിപരമല്ലെന്ന് തിരിച്ചറിയാനുള്ള സാധ്യതകൾ ധാരാളമാണ്.  കുടുംബമോ വ്യക്തിബന്ധങ്ങളോ ഇരകളെ നിർണ്ണയിക്കുന്നു എന്ന പതിവിനെ മൂന്ന് സിനിമകളും അതേപടി സ്വീകരിക്കുന്നുണ്ടെങ്കിലും ഒരാളിൽ മാത്രമായി ചൂഷണവും പീഡനവും സഹനവും ഒതുങ്ങുന്നതായി ഗെറ്റ് ഔട്ടിൽ ഇല്ല. അതുകൊണ്ട് അതിലെ ദുരന്തം കൂടുതൽ വ്യാപ്തിയുള്ളതാണ്. ചൂഷണത്തിന്റെ വർഗ-വർണ്ണപരമായ രാഷ്ട്രീയവിവക്ഷകളെ സൂക്ഷ്മനിലയിൽ പരിഗണിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് .
വെള്ളക്കാരന്റെ സാംസ്കാരികച്ചുമടുകളാണ് ക്രിസിനെ (അതുപോലെ അവിടുള്ള മറ്റു കറുത്തവർഗക്കാരെയും)  നിശ്ചേഷ്ടനാക്കുന്ന മെസ്മറിസം. മിസി അർമിത്തേജ്  അയാളെ ചവിട്ടിത്താഴ്ത്തുന്ന മാനസികമായ ഗർത്തത്തിന് രൂപകാത്മകസ്വഭാവമുണ്ട്. മൊബൈൽ ഫോണിലെ ജാലകത്തിൽ കാണുന്നതുപോലെ ചെറിയ ജാലകത്തിലാണ് ക്രിസ് ബാഹ്യലോകത്തെ ആ സമയത്ത് കാണുന്നത്.  റൂം എന്ന സിനിമയിൽ  മേൽക്കൂരയിലെ ഒരു ചതുരം മാത്രമായി ആകാശവെളിച്ചം മുറിയിൽ കടന്നെത്തുന്നതു കാണാം. റൂമിലും മൈക്കലിലും ടെലിവിഷൻ ചതുരങ്ങളാണ് ഇരകളുടെ പക്ഷത്തുനിന്ന് നിർജീവമായ ബാഹ്യകാഴ്ചയെ സാക്ഷാത്കരിക്കുന്നതെങ്കിൽ ഗെറ്റ് ഔട്ടിലെ പുറം - അകം ലോക വേർതിരിവിന്റെയും ഏകാന്തതയുടെയും ചതുരത്തിന് മൊബൈലിന്റെ  സ്ക്രീൻ ആകൃതിയും സ്വഭാവവും വരുന്നത് സോദ്ദേശ്യകമാണ്.  കൂട്ടത്തിൽനിന്ന് തള്ളിയിട്ട് ഒറ്റപ്പെടുത്തുന്നതിന്റെ സ്വഭാവമാണ് ആ ദൃശ്യത്തിനുള്ളത്. മൊബൈലിൽനിന്നുള്ള ക്യാമറാ ഫ്ലാഷ് സിനിമയിൽ രണ്ടിടത്ത്, മസ്തിഷ്കപരിണാമം സംഭവിച്ചു കഴിഞ്ഞ ലോഗനെയും, വാൾട്ടറിനെയും ബോധത്തിലേക്ക് ഉണർത്താൻ സഹായിക്കുന്നു എന്നത് ആകസ്മികമല്ല. ഗർത്തത്തിലേക്ക് വീഴുന്ന ക്രിസിന്റെ മുകളിലേക്കുള്ള കാഴ്ചയെ ഒരു മൊബലിന്റെ സ്ക്രീനിലെന്നപോലെ ചിത്രീകരിച്ചിരിക്കുന്നതിൽ പരസ്പരപൂരകത്വമുണ്ടെന്നു കാണാം. കറുത്തവന്റെ ആരോഗ്യത്തിനൊപ്പം ഇളക്കമുള്ള ശരീരവും മേൽജാതിക്കാർക്ക് അടിച്ചമർത്താനും തങ്ങളുടെ ഇച്ഛാശക്തിയ്ക്കനുസരിച്ച് പ്രവർത്തിപ്പിക്കാനുമുള്ള ഉപാധിയാക്കുകയാണ്  ഇവിടെ സംഭവിക്കുന്നത്. പ്രഭുദേവയുടെയും (ഇളക്കമുള്ളതും ചടുലവും കറുത്തതുമായ ശരീരം) അരവിന്ദ് സ്വാമിയുടെയും (ഗൗരവമുള്ളതും അധികം ഇളകാത്തതും വെളുത്തതുമായ ശരീരം)  ശരീരഭാഷകളെവച്ച് ദക്ഷിണേന്ത്യൻ സിനിമയിലെ  കീഴാളവും ബ്രാഹ്മണവുമായ ശരീരങ്ങളുടെ വ്യവഹാരരീതികൾ വിശകലനം ചെയ്ത പഠനങ്ങൾ ലഭ്യമാണ്.  കറുത്തവന്റെ പ്രദർശനപരവും ഒതുക്കമില്ലാത്തതുമായ പെരുമാറ്റരീതികളെയാണ്  മാന്യവും ഒതുക്കമുള്ളതും ഉപചാരപരവുമായ ശാരീരികവ്യവഹാരത്തിലേക്ക് ഇവിടെയും വച്ചുമാറ്റാൻ ഉദ്യമിക്കുന്നത്. വെള്ളക്കാരിയായ സ്ത്രീയെ പ്രണയിച്ചതിനുള്ള യോഗ്യതാപരിശോധന അഥവാ വിചാരണ ( മെസ്മറിസത്തിനു വിധേയമാക്കുക) ഒറ്റപ്പെടുത്തൽ എന്ന കരുതൽ തടവ് (ഭൂമിയ്ക്കടിയിലേക്കു പോവുക) ശിക്ഷ (മസ്തിഷ്ക ശസ്ത്രക്രിയ)  എന്നിങ്ങനെ ക്രമമായ പീനൽവ്യവസ്ഥയിലൂടെ ക്രിസ് കടന്നുപോകുന്നതായിട്ടാണ് മനസിലാവുക. മസ്തിഷ്കമാറ്റം ഒരുതരത്തിൽ ഇരയുടെ മരണവും ചൂഷകന്റെ ഉയിർത്തെഴുന്നേൽപ്പുമാണ്. അർമിത്തേജ് കുടുംബത്തിലെ പൂർവികരാണ് ഇങ്ങനെ വഴക്കിയെടുത്ത കറുത്തശരീരങ്ങളിൽ ജീവിക്കുന്നത്. ശരീരത്തെ പീഡിപ്പിക്കുന്നതിലൂടെ തടവുകാരന്റെ മേൽ നിയന്ത്രണം നേടാൻ ശ്രമിച്ചിരുന്ന  പ്രാചീനസമീപനങ്ങളുടെ സ്ഥാനത്ത്  അയാളുടെ മനസിനെയും  ചിന്തയെയും നിയന്ത്രിക്കാനും കീഴ്പ്പെടുത്താനുമുള്ള ശ്രമം പടിപടിയായി  പ്രാമുഖ്യം നേടിവരുന്നതിനെപ്പറ്റി ഫൂക്കോയെ ഉദ്ധരിച്ചുകൊണ്ട് സി കെ രാമചന്ദ്രൻ എഴുതിയിട്ടുണ്ട്. ആധുനികശിക്ഷാപദ്ധതികൾ  ആത്മാവിനെത്തന്നെ നിഹനിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം അവിടെ എഴുതുന്നത്  അമാനവീകരണത്തിന്റെ പുത്തൻ വഴികളെ ഉപദർശിച്ചുകൊണ്ടാണ്. 

 അർമിത്തേജ് കുടുംബത്തിലെ ജോലിക്കാരി ജോർജിനയ്ക്ക് (സത്യത്തിൽ അവളിൽ മാറ്റി വച്ചിരിക്കുന്നത് റോസിന്റെ മുത്തശ്ശി മരിയൻ അർമിത്തേജിന്റെ തലച്ചോറാണ്!) മുഖസൗന്ദര്യത്തെപ്പറ്റിയുള്ള ഉത്കണ്ഠകൾ പ്രകടമാകുന്ന വിധത്തിൽ ചേഷ്ടകൾ ഉണ്ട് എന്നതും സാംസ്കാരികമായ അപമാനവീകരണവുമായി  ചേർത്തു കാണേണ്ട വാസ്തവമാണ്.  ക്രിസിനൊട് മാനസികമായി ഭൂമിയ്ക്കടിയിലേക്ക് പോകാനുള്ള ഹിപ്നോട്ടിക് നിർദ്ദേശം നൽകുന്നതിന് മിസി ഉപയോഗിക്കുന്നത് ചായക്കപ്പിൽ സ്പൂൺ ഇട്ടിളക്കുന്നതിന്റെ ശബ്ദമാണ്. ക്രിസിന്റെ പുകവലിയെപ്പറ്റിയുള്ള പരാമർശത്തിലൂടെയും അത് ഒഴിവാക്കേണ്ട ആവശ്യകതയിലൂന്നുന്നതിലൂടെയും കടന്നു വരുന്നത് ഇതേ സംഗതിതന്നെയാണ്. റോസിന്റെ സഹോദരൻ ജെറെമി അർമിത്തേജ് (കാലബ് ലാണ്ട്രി ജോൺ)ശരീരശക്തിയിലല്ല, ബുദ്ധിയിലാണ് കാര്യം എന്നും പറഞ്ഞ് ക്രിസിനെ ആക്രമിക്കാനുള്ള വട്ടം കൂട്ടുന്നത് ഭക്ഷണമേശയിൽ വച്ചുമാണ്. ഇന്ത്യൻ സാഹചര്യത്തിനു തീർത്തും അന്യമല്ലാത്ത, ബൗദ്ധിക - ശുദ്ധി സൗന്ദര്യ നിലവാരങ്ങളെക്കുറിച്ചുള്ള മേൽജാതി വാദമുഖമാണ് ജെറെമിയുടേതും. സംസ്കാരത്തിന്റെ ഉപാധികൾമുന്നിൽ വച്ചുകൊണ്ട് അപരനിൽ നിർമ്മിക്കുന്ന അപകർഷത്തിന്റെ പ്രത്യക്ഷസൂചനകളായിത്തന്നെ സിനിമയിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. 
ക്രിസ് ഒരു ഫോട്ടോഗ്രാഫറാണ്. അയാളുടെ ചിത്രങ്ങളിലുള്ളത് ക്രൗര്യവും വിഷാദവുമാണെന്ന് അർമിത്തേജ് കുടുംബത്തിലെ വാർഷിക കൂടിച്ചേരലിനു വരുന്ന വെള്ളക്കാരുടെ കൂട്ടത്തിലെ ഒരു അന്ധനായ കലാസൃഷ്ടികളുടെ കച്ചവടക്കാരൻ വ്യക്തമാക്കുന്നു.  ക്രിസിന്റെ തലച്ചോർ ശസ്ത്രക്രിയയ്ക്ക് മുൻപ് ഇതേ കണ്ണുകളാണ് തന്നെ ആകർഷിച്ചതെന്നും അവയാണു തനിക്കുവേണ്ടതെന്നും ക്രിസിന്റെ ഫോട്ടോ വച്ച് നടത്തിയ ലേലത്തിൽ വിജയിച്ച ജിം ഹഡ്സനും (സ്റ്റീഫൻ റൂട്ട്) ആവശ്യപ്പെടുന്നു. ഈ ലേലം വിളി,  പഴയ അടിമച്ചന്തയുടെ ഓർമ്മയാണുണർത്തുക. ആരോഗ്യം, കായികശേഷി (ടൈഗർവുഡിനെപ്പറ്റി പരാമർശിക്കുന്നുണ്ട്) ലൈംഗികശേഷി, എന്നിവയ്ക്കൊപ്പം സാംസ്കാരികശേഷികളും എളുപ്പത്തിൽ സ്വായത്തമാക്കാനുള്ള അജണ്ട എന്ന നിലയ്ക്ക് ഫോട്ടോഗ്രാഫറായ ക്രിസിന്റെ കണ്ണുകളെപ്പറ്റിയുള്ള പരാമർശത്തിന് പ്രാധാന്യമുണ്ട്. പരിഷ്കൃതസമൂഹങ്ങൾ പുറമേ ചിരിയും മോഹനവാചകങ്ങളുമായി അനുഷ്ഠിച്ചുവരുന്ന ക്രൂരതയുടെ മെറ്റഫോറിക്കലായ അവതരണം എന്ന നിലയ്ക്കാണ് ഈ വക കാര്യങ്ങൾ ഗെറ്റ് ഔട്ടിൽ വിമർശനവിധേയമാകുന്നത്. ഏതു നിമിഷവും കറുത്തവർഗത്തിന് അപമാനകരമായ ഒരു പരാമർശവുമായി ഒരു വിരുദ്ധോക്തി പൊട്ടി പുറപ്പെടാവുന്നതരത്തിൽ വീർപ്പുമുട്ടുന്ന അന്തരീക്ഷം  ചലച്ചിത്രത്തിലുടനീളം ഉണ്ട്.  ഒത്തിരുന്നെങ്കിൽ ഒബാമയ്ക്ക് മൂന്നാമത്തെ പ്രാവശ്യവും വോട്ടു ചെയ്തേനേ എന്നു പറയുന്ന ആളാണ് റോസിന്റെ പിതാവ് ഡീൻ (ബ്രാഡ്‌ലി വിറ്റ്ഫോർഡ്) ഇതേ വാക്യം കറുത്തവരോട് തന്റെ കുടുംബത്തിനു വിരോധമൊന്നുമില്ലെന്ന് വ്യക്തമാക്കാൻ റോസും കാർ യാത്രയ്ക്കിടയിൽ  ഉപയോഗിക്കുന്നുണ്ട്. അധീശത്വത്തിന്റെ മറുവശമാണ് പ്രകടമായ തരത്തിൽ കാണുന്ന രക്ഷാകർത്തൃത്വം. അതിന്റെ അപായവശങ്ങൾക്ക് ഉള്ളു ചികയേണ്ടതുണ്ടെന്നാണ് സിനിമ പറയുന്നത്. സാമാന്യബോധം പലപ്പോഴും തിരിച്ചറിയാതെ പോകുന്ന കാര്യമാണിതെന്ന വാസ്തവം,  കറുത്തവർഗക്കാരുടെ കാണാതാകലുമായി ബന്ധപ്പെട്ട പരിവർത്തന കഥ, റോഡ് വില്യംസ് ഉത്കണ്ഠയോടെ വിവരിക്കുന്നത്,  തമാശക്കഥപോലെ കേട്ടു ചിരിക്കുന്ന കുറച്ചു പോലീസുകാരെ കാണിച്ചുതന്നുകൊണ്ട് സംവിധായകൻ വ്യക്തമാക്കുന്നു.  

 ആഫ്രിക്കയുടെ രൂപകം ഇരുട്ടും നിഗൂഢതയും വന്യതയുമൊക്കെയാണ്. സിനിമ ഈ പരമ്പരാഗതരൂപകത്തെയും പ്രശ്നമുള്ളതാക്കുന്നു.  സിനിമയുടെ തുടക്കത്തിൽ കാട്ടിൽനിന്ന് നഗരത്തിലെ ഫ്ലാറ്റിലേക്കാണ് ക്യാമറയുടെ സഞ്ചാരം. തിരിച്ച് ക്രിസിന്റെയും റോസിന്റെയും കാർ സഞ്ചരിക്കുന്നത് നഗരത്തിൽനിന്നും കാടിന്റെ ഓരത്തൂടെയും. പരിഷ്കൃതം എന്നവകാശപ്പെടുന്ന വെളുത്തനാഗരികതയുടെ കടന്നു കയറ്റം എത്രമാത്രം ചൂഷണ- ആക്രമണസ്വഭാവങ്ങളോടുകൂടിയുള്ളതാണെന്ന ഉച്ചത്തിലുള്ള പ്രഖ്യാപനം ഈ നീണ്ട ചലനദൃശ്യങ്ങളിലുണ്ട്. റോസിന്റെയും ക്രിസിന്റെയും കാറുയാത്രയ്ക്കിടയിലാണ് വണ്ടിയിടിച്ച് ഒരു മാൻ മരിക്കുന്നത്. അതു നന്നായെന്നും അവറ്റകളുടെ ശല്യം കൂടുതലാണെന്നും റോസിന്റെ പിതാവ് ഡീൻ അർമിത്തേജിന്റെ ഒരു പരാമർശവുമുണ്ട്. ക്രിസിന്റെ അമ്മ റോഡപകടത്തിലാണ് മരിക്കുന്നത്. ആ സമയത്ത് തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നുള്ള ക്രിസിന്റെ കുറ്റബോധവും റോസിന്റെ കാറുതട്ടി മാൻ മരിക്കുന്നതു കാണുമ്പോൾ ക്രിസ് നിസ്സഹായനാവുന്നതും ചേർത്തു വയ്ക്കാവുന്ന ദൃശ്യങ്ങളാണ്.  ക്രിസിന്റെ ഈ കുറ്റബോധത്തെയാന് മിസി അർമിത്തേജ് സമർഥമായി ഉപയോഗിക്കുന്നത്. കുറ്റബോധത്തെ, കൊലയാളിയിലല്ല, ഇരയിൽതന്നെ വച്ചുകെട്ടുന്ന തന്ത്രം നേരത്തെ സമൂഹം ഉപയോഗിച്ചിരുന്നത് സ്ത്രീ പീഡനങ്ങളിലാണെന്ന് ഓർക്കുക.  വെള്ളക്കാരനായ പോലീസുദ്യോഗസ്ഥൻ ക്രിസിന്റെ രേഖകൾ പ്രത്യേകിച്ച് ആവശ്യപ്പെടുന്നതും അയാളുടെ സാമൂഹികമായ ഒറ്റപ്പെടുത്തലിന്റെ സൂചനയാകുന്നു. ആ സമയത്ത് ഇരയായ ക്രിസ് അതിനെ കുറിച്ച് ബോധവാനല്ല, അതേസമയം വേട്ടക്കാരിയായ റോസ് ബോധവതിയുമാണ്. റോസാണ് പ്രതി എന്നതുകൊണ്ട് ഒരു വെള്ളക്കാരനായ പോലീസുദ്യോഗസ്ഥൻ കേസൊന്നും ഇല്ലാതെയാക്കിയ ആ സംഭവം, ക്രിസാണ് കാറോടിച്ചിരുന്നതെങ്കിൽ വരാവുന്ന അപകടത്തെക്കുറിച്ചുകൂടി സൂചന മുന്നിൽ വച്ചു പോകുന്നുണ്ട്. ക്രിസ് എന്ന കറുത്ത വർഗക്കാരന് ഒരു പ്രണയബന്ധം വഴി ഉണ്ടായ ദുരന്തം മാത്രമല്ല വിഷയം എന്നതിന്റെ സൂചനകളാണ് ഇതെല്ലാം. ചിത്രത്തിന്റെ തുടക്കത്തിൽ കറുത്തവർഗക്കാരനായ ഒരാളെ തട്ടിക്കൊണ്ടുപോകാൻ വന്നവൻ ധരിച്ചിരുന്ന മുഖം മൂടി റോസിന്റെ വീട്ടിൽനിന്നു രക്ഷപ്പെടാൻ ഉപയോഗിക്കുന്ന കാറിൽ ക്രിസ് ആകസ്മികമായി കാണുന്നതു തമ്മിലും ബന്ധമുണ്ട്. ഒരു വിഭാഗത്തിന്റെ ആന്തരവും (വ്യക്തി, കുടുംബം) ബാഹ്യവുമായുള്ള (സമൂഹം) ഒരുതരം അരക്ഷിതത്വമാണ് ഈ സിനിമയുടെ ആന്തരികതലത്തെ കനപ്പെടുത്തുന്നത്. അതുകൊണ്ട് കുറേ വെള്ളക്കാരെ ഒന്നിച്ചു കാണുമ്പോൾ എനിക്കു പരിഭ്രമമുണ്ടാകുന്നു എന്ന് ക്രിസ് ഒരിടത്ത് പറയുന്നത് മാറ്റമില്ലാതെ തുടരുന്ന ചരിത്രത്തോടുള്ള ഒരു വർഗത്തിന്റെ പ്രതികരണമെന്ന നിലയ്ക്കാണ്.

നമ്മുടേതുപോലെയുള്ള പ്രാകൃതമുഖച്ഛായകൾ ഇനിയും വിട്ടുപോകാത്ത സമുദായങ്ങളിൽ മാത്രമല്ല, അമേരിക്കപോലെയുള്ള പരിഷ്കൃതസമൂഹങ്ങളിലും വർണ്ണ- വംശീയ വെറികളെ സംബന്ധിച്ചുള്ള ദുരന്തങ്ങൾ ഇന്നും തുടരുന്നു എന്ന് സംഭാഷണങ്ങളിൽനിന്നും ദൃശ്യങ്ങളിൽനിന്നും ചലച്ചിത്രം ഉള്ളിൽത്തറയ്ക്കുന്ന വിധം വ്യക്തമാക്കിയിട്ടുണ്ട്. അതിലെ സൂചനകളും പരാമർശങ്ങളും നമുക്ക് മനസിലാവാതെ പോകാൻ തരമില്ല. നമ്മുടെയും പ്രണയ - വിവാഹബന്ധങ്ങളിലെ ജാതി-മതബോധനിഷ്ഠകളിലും സാമൂഹിക സാഹചര്യങ്ങളിലും കടന്നുകൂടിയിട്ടുള്ള വിവേചനങ്ങളാലും മേൽക്കോയ്മാ മനോഭാവങ്ങളാലുമാണത്.

(white crow art daily, മൂല്യശ്രുതി മാസിക)