January 28, 2008

വിജാഗിരി ഇളകിയതും മുറുക്കിയതും


നോര്‍മണ്ടിയില്‍ വച്ചു നടന്ന സെമിനാറില്‍ അവതരിപ്പിക്കാന്‍ അയനെസ്കോ വളരെ പ്രയാസപ്പെട്ട് ഒരു പ്രബന്ധം തയാറാക്കി വച്ചിരുന്നു. അതു പിന്നെ എവിടെയോ മറന്നു വച്ച് കാണാതായി. അതും തിരഞ്ഞ് കുറേ സമയം പാഴാക്കി. സെമിനാറിനു ചെന്നിരുന്ന സമയമത്രയും അസ്വസ്ഥനായിരുന്നു. പ്രബന്ധം കാണാനില്ലെന്നു പിറുപിറുത്ത് ചുറ്റിതിരിഞ്ഞ് കളിച്ചുകൊണ്ടിരുന്നു. അവസാനം മൈക്കിന്റെ മുന്‍പില്‍ ചെന്നു പറഞ്ഞത് ഇങ്ങനെ : “എനിക്ക് നിങ്ങളോട് ആകെ ഒരു കാര്യം മാത്രമാണ് പറയാനുള്ളത്, അത് എനിക്കൊന്നും പറയാനില്ലെന്നതു മാത്രമാണ്. “ ജനം വീണു കിടന്നു കൈയടിച്ചു. ആ പരാമര്‍ശത്തിലെ മൌനത്തിന്റെ തത്ത്വശാസ്ത്രത്തെക്കുറിച്ച് പിന്നീട് വന്ന പ്രസംഗകന്‍ ഉറക്കെ സംസാരിക്കുമ്പോള്‍ അയനസ്കോ വേദിയിലെ കസാരയിലിരുന്ന് കാര്യമായി ഉറങ്ങി. എന്നാല്‍ പ്രബന്ധം ഒരിടത്തും നഷ്ടപ്പെട്ടിരുന്നില്ല. എടുക്കാന്‍ മറക്കരുതെന്നു കരുതി ഇട്ടിരുന്ന കോട്ടിന്റെ ഉള്‍ക്കീശയില്‍ കക്ഷി തന്നെ തലേ ദിവസം എടുത്തു ഭദ്രമായി ഇട്ടുവച്ചിട്ടുണ്ടായിരുന്നു. നോം ചോംസ്കി വീട്ടില്‍ വരുന്നവര്‍ക്കൊക്കെ പുസ്തകങ്ങളുടെ കൈയെഴുത്തു പ്രതി എടുത്തുകൊടുക്കുമെന്ന് കരോള്‍. ഒരിക്കല്‍ അങ്ങനെ ഒരു പുസ്തകം തന്നെ നാലു പ്രസാധകര്‍ക്കെടുത്തു കൊടുത്തു. ഒടുവില്‍ വക്കീലു വന്നു കരഞ്ഞു പറഞ്ഞപ്പോഴാണ് കാര്യത്തിന്റെ ഗൌരവം മനസ്സിലായത്. ആര്‍ക്ക്? ചോംസ്കിയ്ക്കല്ല. കരോളിന്.

സിസിഫസിനെപ്പോലെ, നാറാണത്തെ ഭ്രാന്തന്‍ സത്യത്തില്‍ നട്ടുച്ചയ്ക്ക് കല്ലുരുട്ടി മലമുകളില്‍ കയറ്റുകയായിരുന്നെന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അദ്ദേഹം മലയാളിയായ ഗണിതശാസ്ത്രജ്ഞന്‍ ഹരിദത്തനായിരുന്നുവെന്ന് കേസരി പറഞ്ഞിട്ടുണ്ട്. ചരിത്രത്തിന്റെ അടിവേരുകള്‍ എന്ന പുസ്തകത്തില്‍. ‘ഗ്രഹചാര നിബന്ധനം‘ (രചന എ.ഡി 684-ല്‍)എന്ന ജ്യോതിശ്ശാസ്ത്രകൃതിയുടെ കര്‍ത്താവാണ് ഈ ഹരിദത്തന്‍. പാറക്കല്ല് മലയുടെ മുകളില്‍ ഉരുട്ടിക്കയറ്റി കൈവിട്ട് പൊട്ടിച്ചിരിച്ചതും ശ്മശാനത്തിലെ ഉറുമ്പുകളെ എണ്ണിയതുമൊക്കെ ബുദ്ധിജീവിയുടെ അസാധാരണ വഴികളെ സാമാന്യബുദ്ധികള്‍ വിലയിരുത്തിയ രീതിയാവാം. അപ്പോള്‍ അതു തന്നെ മന്തു മറ്റെ കാലിലേയ്ക്ക് മാറ്റിയ കഥയിലുമുള്ളത്. പക്ഷേ ഉരുകിയ ഈയം കുടിച്ച കാര്യം മറ്റൊന്നാണ്, ഭ്രാന്തമായ കഠിനാദ്ധ്വാനം, ആലോചിക്കാന്‍ പോലുമാവാത്ത ഏകാഗ്രത, പിന്നെ തനിക്ക് എത്രയോ താഴെ നിന്ന് ന്യായം പറയുന്ന സമൂഹത്തിന്റെ ധാര്‍ഷ്ട്യം ഇവ മൂന്നും കൂടി ഒരു ജീനിയസ്സിനു തീര്‍ത്തുകൊടുക്കുന്ന ജീവിതമാണ് ആ തിളയ്ക്കുന്ന ലോഹലായനി. അതയാള്‍, അയാള്‍ മാത്രം കുടിച്ചുതീര്‍ത്തേ ആകൂ.

ടി എസ് എലിയറ്റും ഡി എച്ച് ലോറന്‍സും ജനാധിപത്യമൂല്യത്തില്‍ വിശ്വസിച്ചവരായിരുന്നില്ല. അവരാകട്ടെ ആധുനികതയുടെ, പാശ്ചാത്യപ്രബുദ്ധതയുടെ വഴികാട്ടികളും ദിശാസൂചികളും. വിരോധാഭാസം എന്നല്ലാതെ എന്തു പറയാന് ‍! എലിയറ്റിന്റെ സാഹിത്യ ഗുരു എസ്രാപൌണ്ട് കുറച്ചുകൂടി മുന്നോട്ടു പോയി, നാസിസത്തെ കിണ്ടിയും പൂവും വച്ച് ആരാധിച്ചയാളാണ്. നോബല്‍ സമ്മാനം കിട്ടിയതു കൊണ്ട് ബഷീര്‍ കോപ്പിയടിച്ച ലോകസാഹിത്യകാരന്‍ എന്ന് മലയാളികളില്‍ ചിലര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന ന്യൂട്ട് ഹാംസണ്‍ ഹിറ്റ്ലര്‍ സ്വന്തം രാജ്യം ആക്രമിച്ചപ്പോള്‍ സസന്തോഷം സ്വാഗതം ചെയ്ത ആളാണ് . . ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളെയാണു നാം കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും.. എന്ന ശൈലിയിലൊതുക്കിയിരിക്കുന്നത്. ഇവരൊക്കെ, ഷെല്ലിയുടെ വാക്കു കടമെടുത്തു പറഞ്ഞാല്‍, സമൂഹത്തിന്റെ അനംഗീകൃത നിയമ നിര്‍മ്മാതാക്കളാണ്. പതാകാവാഹകരാണ്. എല്ലാം കൊള്ളാവുന്ന പുള്ളിക്കാരാണ്. പക്ഷേ മനസ്സിലും ചെയ്തികളിലുംകടന്നുകൂടിയിരിക്കുന്ന തന്മാത്രകളില്‍ എവിടെയാണ് നായകത്വം? ഇനി ആ വഴി പോയാല്‍ നാം എത്തുന്ന ഭൂഖണ്ഡമേതായിരിക്കും?

ജര്‍മ്മന്‍ തത്ത്വചിന്തകന്‍ ഹൈദഗറുടെ നാത്‌സി ആഭിമുഖ്യം പോലെ സാധാരണക്കാരനു മുഖം ചുളിയും, മൊസാര്‍ട്ടിന്റെ രാജഭക്തിയെക്കുറിച്ചു കേട്ടാലും. അങ്ങോരൊരു സംശയരോഗിയുമായിരുന്നു. ഭാര്യ ശരിയല്ല എന്നൊരു തോന്നല്‍. കേട്ടിട്ടില്ലേ, അല്‍ത്തൂസര്‍ ഭ്രാന്തു മൂത്തപ്പോള്‍ ഞെക്കിക്കൊന്നതു സ്വന്തം ഭാര്യയെയാണ്. ഐന്‍സ്റ്റീനു ഒരു കാര്യവും പറഞ്ഞു ഫലിപ്പിക്കാന്‍ കഴിവുണ്ടായിരുന്നില്ലത്രേ. സ്വന്തം തിയറി ശാസ്ത്രജ്ഞന്മാര്‍ക്ക് വിശദീകരിച്ചു കൊടുക്കാനാവാതെ കുഴങ്ങുന്നതു കണ്ടാണ് ബര്‍ട്രന്റ് റസല്‍ അദ്ദേഹത്തിന് കത്തെഴുതിയത്. ദാ ഇതിങ്ങനെ വിശദീകരിക്കാം സിമ്പിളായി എന്ന്. ( എ ബി സി ഓഫ് റിലേറ്റിവിറ്റി) ഈ കക്ഷി തന്നെയല്ലേ വീട്ടിലെ മുയല്‍ക്കൂടിന് രണ്ടു വാതിലു വേണമെന്ന് ആശാരിയോട് ആവശ്യപ്പെട്ടത്. ഒന്ന് വലുത്, വലിയ മുയലുകള്‍ക്ക് കയറാന്‍, മറ്റേത് ചെറുത്, ചെറിയ മുയലുകള്‍ക്ക് കയറാന്‍ ! ആശാരി അന്തം വിട്ടു വാപൊളിഞ്ഞ് നിന്നുപോയി. പറയുന്നതാരാ..!!

24 കൊല്ലം ഒന്നും കുറിയ്ക്കാതെ ഉള്ളില്‍ കൊണ്ടു നടന്നിട്ടാണ് മില്‍ട്ടണ്‍ ‘പറുദീസാ നഷ്ടം’ എഴുതിയത്. ഉള്‍വലിഞ്ഞ് ആരോടും മിണ്ടാതെയിരുന്നാണ് പ്രൂസ്ത് ‘പൊയ്പ്പോയ കാലം തേടി’ എന്ന ബ്രഹ്മാണ്ഡത്തിന്റെ പണിതീര്‍ത്തത്. ഫ്രോയിഡിന് വായില്‍ അര്‍ബുദമായിരുന്നു. പക്ഷേ വെളിയിലറിഞ്ഞാല്‍ ചുരുട്ടുവലി ഉപേക്ഷിക്കേണ്ടി വരും. അതുകൊണ്ടാരോടും പറഞ്ഞില്ല. പുകവലിച്ചുകൊണ്ടു തന്നെ മരിച്ചു. എസ്റ്റാബ്ലിഷ്മെന്റുകള്‍ക്ക് എതിരാണെന്ന ആദര്‍ശം മുറുക്കിപ്പിടിച്ചുകൊണ്ടാണ് സാര്‍ത്ര് നോബല്‍ സമ്മാനം വേണ്ടെന്നു പറഞ്ഞത്. പണത്തിനപ്പോള്‍ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും വലിയ ഗണിതശാസ്ത്രസമ്മാനം ‘ഫീല്‍ഡ്സ് മെഡല്‍’ വേണ്ടെന്നുവയ്ക്കാന്‍ ഗ്രിഗറി പെരല്‍മാന്‍ പറഞ്ഞ കാരണം ഇതാണ് : “എന്റെ പണി വിലയിരുത്താന്‍ ശേഷിയില്ലാത്തവരുടെ അംഗീകാരം ആര്‍ക്കു വേണം?”

ശിരസ്സില്‍, പ്രായോഗികജീവിതക്കാരായ നമ്മുടെ യുക്തിയ്ക്കും ക്രമത്തിനും അനുസരിച്ചല്ലാതെ ചലിക്കുന്ന തന്മാത്രകളുമായി കഴിഞ്ഞുപോകുന്നവരെപ്പറ്റിയാണ്. ‘മതിഭ്രമം‘ (മുഴുവട്ട്) എന്ന ഒറ്റക്കുറ്റിയല്ലാതെ നമുക്കിവരെപിടിച്ചു കെട്ടാന്‍ മറ്റെന്തു വഴിയാണുള്ളത്? നാറാണത്തുകാരന്‍ ഭ്രാന്തനായത് കേരളത്തിന്റെ എഡിഷന്‍. അതു തന്നെയാണ് ലോകത്തിന്റെ ഡയസ്പോറയും. വലിയ വ്യത്യാസമൊന്നുമില്ല. വിഡ്ഢികള്‍ക്കും ശുദ്ധാത്മാക്കള്‍ക്കുമുള്ള ‘വക്കാലത്തുകളെ’ നാലണയ്ക്ക് എട്ടു വച്ചു എവിടെയും കിട്ടും. ജീനിയസ്സുകള്‍ക്കു വേണ്ടി സംസാരിക്കാന്‍ ആരാണുള്ളത്.....? ആരുമില്ല. അവരാണെങ്കില്‍ തങ്ങള്‍ക്കു വേണ്ടിയൊട്ടു മിണ്ടുകയുമില്ല.

പുസ്തകം:
ജീനിയസ്സിന്റെ തന്മാത്രകള്‍ - വിജു വി നായര്‍
വിശ്വോത്തരകഥകള്‍ - എഡി. എ വി ഗോപാലകൃഷ്ണന്‍

January 26, 2008

ഇന്ത്യന്‍ വെടിയുണ്ടയാല്‍ എനിക്കു ചാവണം


രാവിലെയും ഉച്ചയ്ക്കും രാത്രിയും അവരെന്നെ തിരയുകയാണെന്ന വാര്‍ത്ത
കുറച്ചുകാലം മുന്‍പേ ഞാന്‍ കേട്ടിരുന്നു.

കുട്ടികളും ഭാര്യയും എന്നോടു പറഞ്ഞിരുന്നു.

തീ, കാറ്റ്, വെള്ളം, മണ്ണ്, ആകാശം,
അഞ്ചെണ്ണവും കൂടി ഒരു ദിവസം രാവിലെ വീട്ടില്‍ വന്നുകയറി,
മനുഷ്യനെ നിര്‍മ്മിക്കാനും നശിപ്പിക്കാനും കഴിയുന്നവര്‍,
മനസ്സില്‍ കാണുന്നത് ചെയ്യാന്‍ പറ്റുന്നവര്‍,
വിശ്വരൂപത്തിന്റെ അവതാരങ്ങള്‍.

“എപ്പോഴാണ് എന്നെ കൊല്ലുന്നത്?“ ഞാന്‍ ചോദിച്ചു
“ഇന്നൊരു മഹത്തായ ദിവസമാണ് ഇപ്പം തന്നെ കൊല്ലും..“
-നേതാവു പറഞ്ഞു.
“പ്രാര്‍ത്ഥിച്ചോ” നീയിന്നു കുളിച്ചോ? വല്ലതും തിന്നോ?“ - അയാള്‍ ചോദിച്ചു.

“എന്തിനാണെന്നെ കൊല്ലുന്നത്?
എന്താണ് കുറ്റം?
ഞാന്‍ ചെയ്ത പാപമെന്ത്?“ -ഞാന്‍ പിന്നെയും ചോദിച്ചു.

“നീയല്ലേ പുറമ്പൂച്ചുള്ള വാക്കുകള്‍ എഴുന്നള്ളിച്ച് വെള്ളമൊലിപ്പിക്കുന്ന കവി?
സ്വയം പ്രഖ്യാപിത പ്രവാചകന്‍? മുഴുവട്ടന്‍ ?“

“ആദ്യത്തേതു രണ്ടുമല്ല, ഞാന്‍. അവസാനത്തേത് എനിക്കറിഞ്ഞുംകൂടാ. വിജാഗിരി ഇളകിയിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ സ്വയം പറയും?“

“നീ എന്തോ ആവട്ടെ. അതു ഞങ്ങടെ വിഷയമല്ല. എന്നാല്‍ ഞങ്ങളിപ്പോള്‍ നിന്നെ കൊല്ലും. കൊല്ലുക എന്നതാണ് ഞങ്ങടെ ദൌത്യം.“ നേതാവു പറഞ്ഞു.

“എങ്ങനെയാണത് ചെയ്യാന്‍ പോകുന്നത്..?’ ഞാന്‍ ആരാഞ്ഞു. “ കത്തി കൊണ്ടോ? വെടിവച്ചോ, ഞെക്കിപ്പിടിച്ചോ?”

‘വെടിവച്ചാണ് കൊല്ലുന്നത്”

“എങ്കില്‍ ഏതു തോക്കുപയോഗിച്ചാണ് കൊല, ഇന്ത്യയിലുണ്ടാക്കിയതോ വിദേശനിര്‍മ്മിതമോ?”

“വിദേശത്തു് ഉണ്ടാക്കിയതു വച്ച്. ജര്‍മനിയിലും റഷ്യയിലും ചൈനയിലും നിര്‍മ്മിച്ചത്. ഇന്ത്യന്‍ സാധനങ്ങള്‍ ഞങ്ങളുപയോഗിക്കാറില്ല. കൊല്ലാന്‍ മികച്ച തോക്കുകള്‍ വേണം. ഇന്ത്യയ്ക്ക് നല്ല പ്ലാസ്റ്റിക് പൂക്കള്‍ പോലുമുണ്ടാക്കാനറിയില്ല. പൂക്കള്‍ നിര്‍മ്മിക്കാന്‍ പറയുമ്പോള്‍ പല്ലുതേയ്ക്കാനുള്ള ബ്രഷുകളുണ്ടാക്കുന്നു.“

“എങ്കിലത് നല്ല കാര്യമല്ലേ, സൌരഭ്യമില്ലാത്ത പ്ലാസ്റ്റിക്കുകള്‍ കൊണ്ടെന്തുകാര്യം?”

“മുറിയലങ്കരിക്കാന്‍ ആരെങ്കിലും ടൂത്ത്ബ്രെഷുകള്‍ പൂക്കൂടകളിലിട്ടുവയ്ക്കുമോടാ....ജീവിതത്തില്‍ കുറച്ചെങ്കിലും അലങ്കരണങ്ങള്‍ വേണം”

“എന്തെങ്കിലുമാവട്ടേ, നിങ്ങളെന്നെ വെടിവക്കുന്നെങ്കില്‍ അത് ഇന്ത്യയില്‍ നിര്‍മ്മിച്ച തോക്കുക്കൊണ്ടു തന്നെ ചെയ്യണം. വിദേശത്തു നിര്‍മ്മിച്ച തിരകൊണ്ടു എനിക്കു മരിക്കണ്ട. ഞാന്‍ ഇന്ത്യയെ അത്രയ്ക്കു സ്നേഹിക്കുന്നു.”

“അതു നടക്കില്ല. ‘ഭാരതം’ എന്ന പേരു ഞങ്ങളോട് പറയരുത്.”
അത്രയും പറഞ്ഞ് എന്നെ കൊല്ലാതെ അവര്‍ പോയി. അവര്‍ക്ക് വല്ലാതെ മടുത്തു പോയതു പോലെ. ഒന്നും ചെയ്യാനാവാത്ത പോലെ.

മരണവുമായി സന്ധി ചെയ്യാതെ ഞാന്‍ ജീവിതത്തിലേയ്ക്ക് രക്ഷപ്പെട്ടു.
-തങ്ജം ഇബോപിഷക് സിംഗ്

തങ്ജം ഇബോപിഷക് (1948-ല്‍ ജനനം) വടക്കുകിഴക്കന്‍ മേഖലയിലെ പ്രധാന കവിയാണ്. കേന്ദ്ര സാഹിത്യ അക്കദമി അവാര്‍ഡ്, മണിപ്പൂര്‍ സ്റ്റേറ്റ് കലാസാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മണിപ്പൂരിലെ മറ്റൊരു കവിയായ റോബിനാണ് ഈ കവിത (I WANT TO BE KILLED BY AN INDIAN BULLET) ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തത്. Apaiba Thawai (The Hovering Soul), Shingnaba (Challenge), Norok Patal Prithivi (This Earth is Hell), Mayadesh (The Land of Maya), Manam (The Human Scent) എന്നിവ പ്രധാന രചനകള്‍. തീവ്രവാദവും വംശീയകലാപങ്ങളും ഭരണകൂടഭീകരതയും പട്ടാളനിയമങ്ങളും അടിച്ചമര്‍ത്തലും നഗ്നമായി കൂത്താടുന്ന ഒരു പ്രദേശത്തിന്റേതായതുകൊണ്ട് കവിതയിലെ കാഴ്ചവട്ടങ്ങള്‍ കറുത്തുപോകുന്നതു സ്വാഭാവികം. നേരിയ തമാശയാകട്ടെ അതിജീവനത്തിനായുള്ള പിടച്ചിലിന്റേതായി കാണണം. കാവ്യാത്മകതയേക്കാള്‍ വിവരണാത്മകതയാണ് കൂടുതല്‍. (അയ്യപ്പപ്പണിക്കര്‍ ഈ രീതി മലയാളത്തില്‍ പരീക്ഷിച്ചിട്ടില്ലേ?) അധികം വിവര്‍ത്തനങ്ങള്‍ കണ്ടിട്ടില്ല.

January 22, 2008

പൊട്ടിച്ചിരിക്കുന്ന പത്രാധിപര്‍
വിദേശത്ത് വച്ച് കുറേക്കാലം മുന്‍പ് സംഭവിച്ചതാണ്. ചെറുകഥയെ അകായില്‍ നിന്ന് ഇറക്കി ഇറയത്ത് ചാരുകസേരയിട്ടിരുത്തിയ കാരണവര്‍ ടി പദ്മനാഭനെ നേരില്‍ കാണാനും സംസാരിക്കാനുമായി അദ്ദേഹം താമസിക്കുന്ന ഒരു ഹോട്ടലിലെത്തിയ കുറേ വായനാശീലമുള്ള പ്രവാസി മലയാളികളെ അദ്ദേഹം സ്വീകരിച്ചത് മുഖമടച്ചുള്ള ഒരു ചോദ്യത്തോടെയാണ് : ‘നിങ്ങളില്‍ ആരൊക്കെയാണ് സാഹിത്യകാരന്മാര്‍, ആരൊക്കെയാണ് മഹാസാഹിത്യകാരന്മാര്‍..?’

പദ്മനാഭന്റെ (ആ ജനുസ്സില്‍പ്പെട്ട ആളുകളുടെ) ആത്മാനുരാഗിയായ മനസ്സ് അവിടെ നില്‍ക്കട്ടെ. ഇത്തരമൊരു ചോദ്യം പലതരത്തില്‍, പലരൂപത്തില്‍, പ്രതിഷ്ഠ നേടിയ എഴുത്തുകാര്‍ ഉന്നയിച്ചു കണ്ടിട്ടുണ്ട്. എതെങ്കിലും തരത്തില്‍ പ്രസിദ്ധി നേടിയ വ്യക്തി തന്റെ കൈക്കുറ്റപ്പാട് ഒന്നു വായിച്ചു നോക്കിയാല്‍ കൊള്ളാമെന്ന് തോന്നുന്നതിന്റെ മനശ്ശാസ്ത്രമാണ് നമ്മുടെ വിഷയം. ‘എഴുതിയ ഉടന്‍ ഞാന്‍ എന്റെ സുഹൃത്തുകളെ വായിച്ചു കേള്‍പ്പിക്കാറുണ്ട്. അവരുടെ വിമര്‍ശനവും പ്രോത്സാഹനവുമൊക്കെയാണ് എന്റെ ശക്തി’ തുടങ്ങിയ ഗീര്‍വാണങ്ങള്‍ ഒരു പരിധിവരെ എന്തെഴുതിയാലും മറ്റുള്ളവരെ (അത് മുന്നില്‍ കാണുന്ന ആരായാലും) വായിച്ചു കേള്‍പ്പിക്കണമെന്ന പുതുക്കക്കാരുടെ അടങ്ങാത്ത ത്വരയ്ക്ക് വഴിമരുന്നും രാസവളവുമായിട്ടുണ്ട്. പുനത്തിലിന്റെ ഒരു പഴയകഥ -‘മാരകായുധ‘ത്തിലെ പ്രമേയം ഇതായിരുന്നു. മൂലക്കുരുവില്‍ മുളകുപൊടി വിതറിയിട്ടുപോലും കുറ്റം സമ്മാതിക്കാതെ കഠോര നിലപാടു സ്വീകരിച്ച കള്ളനെ പോലീസുകാരന്‍ അയാളെഴുതിയ കഥ വായിച്ചു കൊടുത്തുകൊണ്ട് നേരിട്ടു. പാവം കള്ളന്‍ തോറ്റമ്പി. നിലവിളിച്ചുകൊണ്ട് സകല കുറ്റവും ഏറ്റുപറഞ്ഞു, ചെയ്യാത്തതും ഏക്കാമെന്നു സമ്മതിച്ചു!

ഓര്‍ക്കൂട്ടിലെത്തുന്ന ഭൂരിപക്ഷം പേരും ഒന്നോ രണ്ടോ കുശലങ്ങള്‍ക്കു ശേഷം തന്റെ രചന വായിച്ചുനോക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നവരാണെന്ന് ഈയിടെ ഒരു ചെറുകഥാകൃത്ത് പറഞ്ഞു. വായിക്കണമെന്നതു മാത്രമല്ല, അഭിപ്രായം പറയണം, അതു നല്ലതായിരിക്കുകയും വേണം. ബുദ്ധിമുട്ടാണത്. അടുത്ത കൂട്ടുകാരന്റെ രചനയ്ക്ക് അവതാരികയെഴുതിക്കൊടുത്തിട്ട് പാപം പോക്കാന്‍ രാത്രി വൈകുവോളം കള്ളു കുടിച്ചുകൊണ്ടിരുന്ന ഒരു മഹാസാഹിത്യകാരനെ നേരിട്ടറിയാം. അരമനരഹസ്യങ്ങള്‍ പങ്കു വയ്ക്കുകയല്ല. വളരെ നിഷ്ക്കളങ്കം എന്നു തോന്നുന്ന ചില സംഭവങ്ങളുടെ പിന്നാമ്പുറം എങ്ങനെയാണെന്ന് ആലോചിക്കുകയാണ്.

സാഹിത്യകാരന്മാരെ പരിചയപ്പെടാന്‍ ആഗ്രഹിക്കുന്ന ആളുകളില്‍ ഭൂരിപക്ഷവും ഇങ്ങനെ തന്റെ രചനകള്‍ക്ക് ഒരു കൈത്താങ്ങ് പ്രസിദ്ധമായ ഒരു വ്യക്തിത്വത്തില്‍ നിന്ന് ആഗ്രഹിക്കുന്നവരാണെങ്കില്‍ നമ്മുടെ സോഷ്യല്‍ എഞ്ചിനീയറിങ്ങില്‍ സര്‍ഗാത്മകമായ എന്തോ ബാലന്‍സ് കേട് ഉണ്ടെന്നല്ലേ അര്‍ത്ഥം? സത്യത്തില്‍ നമുക്ക് മഹാസാഹിത്യകാരന്മാരുടെ ആശിസ്സുകളല്ല, നല്ല എഡിറ്റര്‍മാരെയാണു വേണ്ടത്. ശ്യാമപ്രസാദും സുഭാഷ്ചന്ദ്രനും തമ്മില്‍ നടന്ന ‘ഒരേകടല്‍‘ വിവാദം ഓര്‍മ്മയില്ലേ? പാശ്ചാത്യമായ ഒരു പരികല്‍പ്പന, ദേശിയായ ഒരു സാഹിത്യകാരനു മനസ്സിലാവാതെപോയതിന്റെ പരിണാമമായിരുന്നു അത് എന്ന് ഇന്നാലോചിക്കുമ്പോള്‍ തോന്നുന്നു. ‘സ്ക്രിപ്റ്റ് ഡോക്ടര്‍‘ എന്ന സങ്കല്‍പ്പത്തെയാണ് ഞാന്‍ ഉദ്ദേശിച്ചത്. (വിജയകൃഷ്ണന്‍ അതെക്കുറിച്ച് എഴുതിയിരുന്നു മാതൃഭൂമിയില്‍) പാശ്ചാത്യരാജ്യങ്ങളില്‍ എഡിറ്റര്‍ എന്നത് ഒരു ജോലിയാണ്. ആനുകാലികങ്ങളില്‍ ആര്‍ട്ടിക്കിളുകള്‍ തെരെഞ്ഞടുക്കലോ തീം നിശ്ചയിക്കലോ മാത്രം ചെയ്ത് കാലയാപനം ചെയ്യുന്ന മഹത്തുക്കളെ മാത്രമല്ല ഇവിടെ ഉദ്ദേശിച്ചത്. മുന്നിലിരിക്കുന്ന കൃതിയെ വെട്ടിയൊതുക്കി ചിന്തേരിടുക എന്ന ദുഷ്കരമായ പണി ചെയ്യുന്ന സര്‍ഗശേഷിയുള്ള കഠിനാധ്വാനികളെയാണ്. മുന്തിയ പ്രസാധകന്മാര്‍ക്കെല്ലാം മുന്തിയ എഡിറ്റര്‍മാരുണ്ട്. അവരുടെ കൈ വിളങ്ങിയില്ലെങ്കില്‍ കൃതികള്‍ ബെസ്റ്റ് സെല്ലറുകളാവില്ല. എഴുത്തിന് ഒരു പഞ്ഞവുമില്ലാത്ത തൊഴിലില്ലാപ്പടയുടെ സ്വന്തം നാട്ടില്‍ ഇങ്ങനെയൊരു കരിയര്‍ ആലോചനാവിഷയമാകാത്തതെന്തോയെന്തോ? അങ്ങനെയൊന്നില്ലാത്തതുകൊണ്ടല്ലേ ഏതു സാഹിത്യകാരനെ(കാരിയെ) കാണുമ്പോഴും നമ്മുടെ കൈ ബാഗിലേയ്ക്ക് നീളുന്നത്. ഫലം. ഉള്ള സ്നേഹം കൂടി പോയിക്കിട്ടി!

എഡിറ്റര്‍ എന്നു വച്ചാല്‍ നമുക്കു പത്രാധിപരാണ്. പത്രമാപ്പീസിലെ പത്രാധിപന്മാരെപ്പറ്റി കമല്‍ റാം പച്ചക്കുതിരയിലെഴുതിയിരുന്നു. ഹിന്ദുത്വമനസ്സുകള്‍ അപകടകരമായ രീതില്‍ ഡസ്കുകള്‍ക്കുപിന്നില്‍വര്‍ദ്ധിച്ചുവരുന്നതിനെപ്പറ്റി. (കമല്‍ അധികം വൈകാതെ മാതൃഭൂമിയില്‍ നിന്ന് പുറത്തുപോകുമോയെന്തോ..) പത്രാധിപര്‍മാര്‍ അവരുടെ നിഷ്ഠുരമനസ്സുകൊണ്ട് ആറ്റുനോറ്റ് കവിയശഃപ്രാര്‍ത്ഥികളായ മനുഷ്യര്‍ അയച്ചുകൊടുത്ത രചനകള്‍ നിഷ്കരുണം ചവറ്റുകുട്ടയിലേയ്ക്കു തള്ളും. അതുപോട്ടെ, അതല്ല. ആ പേരാണ് അങ്ങനെ ചിന്തിച്ചു വരവേ നടുക്കിക്കളഞ്ഞത്. ‘എഡിറ്ററി‘നെ പരിഭാഷിച്ച് ജനാധിപത്യബോധമുള്ള മലയാളി എടുത്തു പ്രതിഷ്ഠിച്ച പദം കണ്ടോ.. ‘പത്രാധിപര്‍‍’ ! (പത്രാധിപന്‍ പോലുമല്ല..!) തനി പൂജകബഹുവചനം. പരസ്യം നോക്കിയും ന്യൂസ് പേപ്പറിന്റെ സബ്സീഡി കണക്കുകൂട്ടിയും മറ്റൊരാള്‍ അവിടെ തന്നെയുണ്ട്. അയാള്‍ പോലും ‘അധിപന‘ല്ല, വെറും ഉടമസ്ഥന്‍ മാത്രം. മലയാളത്തിലെ ഭാവുകത്വം വഴിതിരിച്ചു വിടാനോ പിടിച്ചുകെട്ടിയിടാനോ നമ്മുടെ ചില സ്വന്തം ‘അധിപന്മാര്‍ക്ക്’ കഴിഞ്ഞിട്ടുണ്ടെന്ന വസ്തുതയും ചേര്‍ത്തു വച്ചു വായിക്കുമ്പോള്‍ പേരിലും പരിഭാഷയിലും ചിലതൊക്കെയുണ്ടെന്നു മനസ്സിലാവും. അങ്ങനെയാണ്‍` മാനാഞ്ചിറയിലെ മാത്രമല്ല സകല ചിറകളിലേയും പത്രാധിപന്മാര്‍ പൊട്ടിച്ചിരിക്കുന്നവരായത്. എങ്കിലും നാളിതുവരെയായിട്ടും തനി ഫാസിസ്റ്റു മട്ടിലുള്ള ഈ പേരൊന്നു ജനായത്തരീതിയില്‍ പരിഷ്കരിക്കണമെന്നു നമുക്കു തോന്നാത്തതിനുവേണ്ടിയാണ് ഇന്നത്തെ അനുശോചനം.

January 17, 2008

എസ് എസ് എല്‍ സി കിക്കിളിഅന്നൊക്കെ ആളുകള്‍ എത്ര പേടിയോടെയാണ്, എത്ര ബഹുമാനത്തോടെയാണ് എസ് എസ് എല്‍ സി എന്ന കടമ്പയെ കണ്ടിരുന്നത്! പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ അല്ലെങ്കില്‍ മകന്‍ കുടുംബത്തിലെ അടുത്ത തലമുറ മുതിര്‍ന്നതിന്റെ പ്രമാണരേഖയായിരുന്നു ചിലടത്തെങ്കിലും. പത്തിലെ പാഠങ്ങള്‍ മാത്രവും എട്ട്, ഒന്‍പത് ക്ലാസ്സുകളിലെ പാഠങ്ങള്‍ ചേര്‍ത്തും പല പരീക്ഷണങ്ങളും പരീക്ഷകള്‍ നടത്തി. എന്തായിരുന്നു മോഡറേഷന്‍ എന്ന സൌജന്യ മാര്‍ക്കു റേഷന്റെ പകിട്ട്! എന്നിട്ടും ആത്മഹത്യകളുണ്ടായിരുന്നു. കാരണം പത്താംക്ലാസുകഴിയാത്തവന്(വള്‍ക്ക്) ജീവിതത്തില്‍ വിജയിക്കാനാവില്ല എന്ന വിശ്വാസം അത്ര ശക്തമായിരുന്നു. കാലം മാറി. കഥ അത്രയൊന്നും മാറിയില്ല. പഴയ പരീക്ഷാ പേടി ഇന്നും ഗൃഹാതുരതയോടെ പത്താം ക്ലാസിലെത്തിയവനെയും അവന്റെ അച്ഛനമ്മമാരെയും ഭരിക്കുന്നുണ്ട്.
പക്ഷേ എന്തിന്?

ഡി പി ഇ പി വേഷം മാറിയെത്തിയ സര്‍വശിക്ഷാഭിയാനില്‍ എസ് എസ് എല്‍ സി പരീക്ഷ വെറും കുട്ടിക്കളിയായി മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ തവണ 82.5% ആയിരുന്നു വിജയം. സര്‍വകാല റിക്കോഡ്. മോഡറേഷനൊന്നും കൂടാതെയാണ് ഈ തകര്‍പ്പന്‍ വിജയം കേരളത്തിന്റെ ചുണക്കുട്ടികള്‍ കരഗതമാക്കിയത്. നമ്മുടെ വിദ്യാഭ്യാസമന്ത്രിയുടെ മുഖം ഗൌരവം വിട്ടുണര്‍ന്ന നാളുകളായിരുന്നു അത്. അദ്ധ്യാപക സംഘടനകള്‍ ഭരണപ്രതിപക്ഷഭേദമില്ലാതെ അദ്ധ്യാപകര്‍ എന്ന പടക്കുതിരകളെ വാഴ്ത്തി. കൌമാരക്കുരുന്നുകള്‍ നേരത്തെ 60%ങ്ങളുടെ എട്ടാവട്ടത്താണ് കിടന്നു കറങ്ങിയിരുന്നത്. അറിവിന്റെ ശതമാനമെണ്‍പത് കടത്തി വിടുന്നത് നിസ്സാരകാര്യമാണോ? എന്തൊരു ആത്മസമര്‍പ്പണം !

യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് വിശദീകരിച്ച ഒറ്റപ്പെട്ട ഒച്ചകളെ തീര്‍ത്തും അവഗണിച്ചുകൊണ്ടായിരുന്നു ഈ വാഴ്ത്തിപ്പാടലുകള്‍. അവയുടെ മണിയൊച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇത്തവണയും പൂര്‍വാധികം ഭംഗിയായി പ്രസ്തുതം അരങ്ങേറും. കാരണം വിജയശതമാനം പൂര്‍വാധികം കൂടും എന്നതു തന്നെ. അങ്ങനെയല്ലാതെ വന്നാല്‍ വിദ്യാഭ്യാസവകുപ്പിനും മന്ത്രിയ്ക്കും എന്തു നാണക്കേടാണ്. പുരോമനം മാറി അധോഗമനം സംഭവിക്കുകയോ? നടക്കുമോ...?

നോക്കുക. പത്താം ക്ലാസ്സില്‍ മൂന്നു ശാസ്ത്രവിഷയങ്ങള്‍ക്കും ഹിന്ദിയ്ക്കും ഐ ടിയ്ക്കും തുടര്‍മൂല്യനിര്‍ണ്ണയത്തില്‍ ( continuous evaluation) കിട്ടാവുന്ന ആകെ സ്കോറ് 10 ആണ്. ഒരു കുട്ടിയ്ക്ക് കുറഞ്ഞത് ഏഴുമാര്‍ക്കെങ്കിലും നല്‍കിയിരിക്കണം എന്നാണ് on side support ഗ്രൂപ്പുകള്‍ വഴി ഇപ്പോള്‍ അദ്ധ്യാപകര്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. ഇനി 20 സ്കോറുള്ള ബാക്കി വിഷയങ്ങള്‍ക്ക് (മലയാളം, ഇംഗ്ലീഷ്, സാമൂഹിക ശാസ്ത്രം, കണക്ക്) നല്‍കേണ്ട സ്കോര്‍ 17-ല്‍ കുറയാന്‍ പാടില്ല. ഒരു വിഷയത്തില്‍ ജയിക്കാന്‍ വേണ്ട D+ കിട്ടാന്‍ കുട്ടിയ്ക്ക് വേണ്ടത് ആ‍കെ വേണ്ടത് 15 സ്കോര്‍. ഏറ്റവും മോശമായ കുട്ടിയ്ക്കുപോലും 7 കിട്ടും. ഇനി അവന്‍ എഴുതേണ്ടത് വെറും 8 മാര്‍ക്കിന്. വിജയശതമാനം കൂടാതിരിക്കുന്നതെങ്ങനെ? മോഡറേഷന്‍ ഇല്ല. എങ്കിലും ഒന്നും ചെയ്യാത്ത ഒരു കുട്ടിയ്ക്ക് പോലും തുടര്‍മൂല്യ നിര്‍ണ്ണയത്തിന്റെ ചെലവില്‍ വി.വകുപ്പ് ഫ്രീയായി നല്‍കുന്ന സ്കോറ് 188! വിജയശതമാനം കൂടാതിരിക്കുന്നതെങ്ങനെ?

എട്ടുമാര്‍ക്കിനവന്‍ എഴുതണ്ടേ, അതൊരു ബ്രഹ്മാണ്ഡ ബാദ്ധ്യതയല്ലേ എന്നൊക്കെ ചുമ്മാ തോന്നാം. എന്നാല്‍ പഴയതുപോലെ ചോദ്യങ്ങള്‍ ഏകശിലാമുഖമല്ല. ഏതു നിലവാരത്തിലുള്ള കുട്ടിയ്ക്കും ഉത്തരം എഴുതാന്‍ പറ്റിയ രീതിയില്‍ വേണം ചോദ്യങ്ങളില്‍ ഭൂരിഭാഗവും. മറ്റൊന്ന് ‘ഓപ്പണ്‍ എന്‍ഡെഡ്’ ചോദ്യങ്ങളാണ് ഒരു ചോദ്യത്തിന് അനേകം ഉത്തരങ്ങളാവാം. എന്തെഴുതിയാലും ഉത്തരമാവുന്ന ചോദ്യങ്ങളുമുണ്ട്. ഇനി ചോദ്യത്തിനു താഴെ സൂചനകള്‍ നല്‍കിയിരിക്കും. അങ്ങനെയും കുട്ടി ബുദ്ധിമുട്ടേണ്ടതില്ല. ഇതൊക്കെ അദ്ധ്യാപകര്‍ക്കു മനസ്സിലായില്ലെങ്കിലോ എന്നു വച്ചാണ് അവസാന നിര്‍ദ്ദേശം മൂല്യനിര്‍ണ്ണയം ഉദാരമാക്കാന്‍ നല്‍കുന്നത്. എന്നിട്ടും എഴുത്തില്‍ എട്ടു മാര്‍ക്കു നേടാന്‍ കഴിയാത്തവന്‍ പഠിച്ച സ്കൂളിനെക്കുറിച്ച് ആലോചിച്ചു നോക്ക്.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായിരുന്ന എസ് എസ് എല്‍ സിയുടെ പ്രതാപം അതിന്റെ പേരിനൊപ്പം ഉടന്‍ അസ്തമിക്കും. (പന്ത്രണ്ടാം ക്ലാസും സ്കൂളുതന്നെ, അതുകഴിഞ്ഞിട്ട് വിട്ടാല്‍ മതി !) എല്ലാവരും ജയിപ്പിക്കുന്ന ഒരവസ്ഥ സംജാതമാക്കിയാല്‍ പിന്നെ ഒരു പൊതു പരീക്ഷയുടെയും അതിനു വേണ്ടിവരുന്ന ചെലവിന്റെയും പ്രസക്തിയെന്ത്? സൈദ്ധാന്തികര് തൊള്ള തുറക്കുന്നതുപോലെ ജനാധിപത്യരീതിയിലുള്ള പുതിയ ബോധനസമ്പ്രദായവും ക്ലാസ് മുറികളിലെ ജ്ഞാന നിര്‍മ്മിതിയുമൊന്നുമല്ല (പഴയ ചേഷ്ടാവാദത്തിനു പകരം വന്നത്) ഈ വിജയമഹാമഹത്തിനു പിന്നിലുള്ളത്. ഹീനമായ രീതിയിലുള്ള സൌജന്യങ്ങളാണ്. പത്താം ക്ലാസെന്ന പൊതുവിദ്യാഭ്യാസത്തിന്റെ അതിര്‍ത്തി അവസാനിക്കുകയാണ്. അത് ഇപ്പോഴത്തെ എട്ടാം ക്ലാസുപോലെ തരം താഴും. പന്ത്രണ്ടാം ക്ലാസ് പത്തിന്റെ സ്ഥാനത്തു വരും. അതിലേയ്ക്ക് സമൂഹത്തെയും രണ്ടു ചേരിയായി തിരിഞ്ഞു നില്‍ക്കുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകരെയും മെരുക്കി, വഴക്കിയെടുക്കാനാണ് ഇപ്പോഴത്തെ ഈ അഭ്യാസം. ഇതെല്ലാം പകലുപോലുള്ള സത്യമായിരിക്കേ യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്ക് കൊഞ്ഞനം കാണിച്ചുകൊണ്ടുള്ള വിടുവായത്തം എന്തിനാണെന്നാണ് ചോദ്യം. വെറും സൌജന്യങ്ങളും കണക്കിലെ കളികള്‍ക്കും മുന്നില്‍ ഇട്ടുകൊടുത്ത് നമ്മുടെ കുട്ടികളെ കൊണ്ട് ചുടുചോറ്‌ വാരിക്കുന്നതെന്തിന്? അവന്‍/അവള്‍ ഇപ്പോഴും പത്താം ക്ലാസ് എന്തോ മഹാപ്രസ്ഥാനമാണെന്നു വിചാരിച്ച് ട്യൂഷനുകളും സ്വയം പീഢനങ്ങളും കൊണ്ട് വയറു നിറയ്ക്കുകയാണ്.
പാവങ്ങള്‍ !

കാര്യക്ഷമതാവര്‍ഷത്തിലെ കെടുകാര്യസ്ഥതയെപ്പറ്റിയും വിദ്യാഭ്യാസരംഗത്തെ തമാശനാടകങ്ങളെപ്പറ്റിയും എഴുതുകയും കത്തുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തത് മലയാളത്തിലെ മുഖ്യധാരാപത്രങ്ങള്‍ തന്നെയാണ്. അതേ മലയാളമനോരമയും മാതൃഭൂമിയും- മലയാളത്തിന്റെ കണിയും സുപ്രഭാതങ്ങളും- ചോദ്യപ്പേപ്പര്‍ വിശകലനങ്ങളും പരീക്ഷയെഴുത്തിന്റെ തന്ത്രങ്ങളും പതിവുപോലെ എട്ടു കോളത്തില്‍ ആവിഷ്കരിച്ചു തുടങ്ങിക്കഴിഞ്ഞു.

മാറി നിന്ന് നോക്കി നോക്കുക,
സാമാന്യബുദ്ധിയെ കിക്കിളിയാക്കാന്‍ എന്തെല്ലാം വഴികള്‍!

January 14, 2008

പോയി വാതിലു തുറക്ക്


മിറോസ്ലാവ് ഹോലുബ് (1923-1998) സ്വദേശം ചെക്കോസ്ലോവാക്യ. കിഴക്കന്‍ യൂറോപ്പില്‍ ഏറ്റവുമധികം അറിയപ്പെടുന്ന കവിയായ ഹോലുബ് നൂറ്റിയന്‍പതോളം അക്കാഡെമിക് പേപ്പറുകള്‍ സ്വന്തം ക്രെഡിറ്റിലുള്ള മൈക്രോബയോളജിസ്റ്റുകൂടിയാണ്. ഹോലുബിന്റെ വിവര്‍ത്തനങ്ങള്‍ മലയാളത്തില്‍ വന്നിട്ടുണ്ട്. ഇവിടെ The Door എന്ന സമാഹാരത്തിലെ Go and Open the door (Jdi a otevri dvere) എന്ന കവിതയുടെ വിവര്‍ത്തനം.

പോയി വാതില് തുറക്ക്..
മിറോസ്ലാവ് ഹോലുബ്

പട്ടി മണം പിടിക്കുന്നതായിരിക്കും
ഒരു മുഖം കാണുമായിരിക്കും
അല്ലെങ്കില്‍ ഒരു കണ്ണായിരിക്കും
ചിലപ്പോള്‍
ഒരു ചിത്രം.

ചിത്രത്തിന്റെ ചിത്രം

(..................)

പോയി കതകു തുറക്ക്

ഇനി ഇരുട്ടുമാത്രമാണ് ഈ കൊട്ടുന്നതെങ്കിലും
പൊള്ളയായ കാറ്റുമാത്രമേയുള്ളൂ എങ്കിലും
ഒന്നുമില്ലെങ്കിലും

പോ, പോയി വാതിലു തുറക്ക്.

ഒരു വരള്‍ച്ച
എന്തായാലുമുണ്ടാവും, അവിടെ.


നളന്റെ
വിവര്‍ത്തനം

പോയി വാതില് തുറക്ക്..

ഒരു പട്ടി മണം പിടിക്കുന്നുണ്ടാവും
ഒരു മുഖം കണ്ടേക്കും
അല്ലെങ്കില്‍ ഒരു കണ്ണ്
ചിലപ്പോള്‍
ഒരു ചിത്രം.
ചിത്രത്തിന്റെ ചിത്രം
(..................)

പോയി കതകു തുറക്ക്

ഇനി ഇരുട്ടിന്റെ കൊട്ടുമാത്രമാണെങ്കിലും
ഇനി പൊള്ളയായ കാറ്റുമാത്രമാണെങ്കിലും
ഇനി യാതൊന്നുമില്ലെങ്കിലും

പോയി വാതിലു തുറക്ക്.

ഒരു വരള്‍ച്ചയെങ്കിലും
കണ്ടെന്നിരിക്കും

January 10, 2008

പതിനാറാം നമ്പര്‍ സീറ്റിനെപ്പറ്റി ചിന്തിക്കുമ്പോള്‍


കവിതയെ ഒരു സ്വപ്നമായി കണ്ടുകൂടേ? കവി കാണുന്ന ഒറ്റപ്പെട്ട സ്വപ്നമെന്ന അര്‍ത്ഥത്തില്ല. പ്രസിദ്ധീകരിക്കപ്പെട്ട ഒരു കവിതയുടെ വായനാസമൂഹം ഒന്നിച്ച് ഭാഗഭാക്കാവുന്ന ഒരു സ്വപ്നം. സ്വപ്നത്തിന്റെ പ്രധാന സ്വഭാവങ്ങളായ സ്ഥാനാന്തരണവും (replacement) സാന്ദ്രീകരണവും (condensation) കവിതയിലും സംഭവിക്കുന്നുണ്ട്. സ്വപ്നത്തിന്റെ ഭാഷ പ്രതീകവത്കരിക്കപ്പെട്ടതും ധ്വനിസാന്ദ്രവും സൂക്ഷ്മവുമായിരിക്കുന്നതുപോലെ തന്നെയാണ് കവിതാഭാഷയുടെ സ്ഥിതിയും. സ്വപ്നത്തിലെന്ന പോലെ ബിംബസ‌മൃദ്ധമായ കവിതയിലെ ഭാഷയ്ക്ക് ഒരു യൂണിവേഴ്സാലിറ്റി/സാര്‍വലൌകികത്വമുണ്ട്. ജലത്തിലെന്നപോലെ മാറിമാറിക്കൊണ്ടിരിക്കുന്ന പ്രതീകങ്ങളെ കൂട്ടിയിണക്കാന്‍ കഴിയുന്നൊരാള്‍ക്കുമാത്രമേ നല്ല സ്വപ്നവ്യാഖ്യാതാവാന്‍ കഴിയൂ എന്ന് ഫ്രോയ്ഡ് പറയുന്നു. കാവ്യപാരായണത്തിനും അത്യാവശ്യം വേണ്ട ഗുണങ്ങളിലൊന്നാണ് അത്. ആത്മനിഷ്ഠമായ ബിംബങ്ങളെക്കൊണ്ട് അങ്ങേയറ്റം ദുരൂഹമായ കവിത പോലും ഇങ്ങനെ ബന്ധപ്പെടുത്താനുള്ള വായനക്കാരന്റെ കഴിവിനെ ആശ്രയിച്ച് മികച്ച കാവ്യാനുഭവമായി മാറിയേക്കും. ബിംബങ്ങള്‍ തമ്മിലുള്ള ബന്ധമോ അവ ധ്വനിപ്പിക്കുന്ന അനുഭവത്തിന്റെ ചുറ്റുവട്ടമോ തിരിഞ്ഞുകിട്ടിയാല്‍ കവിത, വ്യാഖ്യാനക്ഷമമാവും. അത് ഒരു പക്ഷേ കവിയുടെ ഇച്ഛയ്ക്കും ഇംഗിതത്തിനും വിരുദ്ധമായിരുന്നാല്‍ പോലും വായനയുടെ സാംഗത്യം അവസാനിച്ചു പോകില്ല. കവി ഉദ്ദേശിച്ച അര്‍ത്ഥം തിരഞ്ഞു പോവുകയാണ് വിമര്‍ശകന്റെ ധര്‍മ്മം എന്നുള്ളത്, പഴകിതേഞ്ഞ ഒരു സങ്കല്‍പ്പമാണ്. ഗൌരവബുദ്ധിയായ വായനക്കാരന്‍ തന്റെ ജീവിത പരിസരങ്ങളെ തന്റെ മുന്നിലുള്ള സൃഷ്ടിയില്‍ നിന്നും ആഴത്തിലറിയുകയാണ്. ഒരു കലാസൃഷ്ടിയെ അയാള്‍ ഉള്ളിലേയ്ക്കെടുക്കുന്നതും അത് അയാളുടെ സംസ്കാരത്തിന്റെ ഭാഗമായി തീരുന്നതും അങ്ങനെയാണ്.

പോസ്റ്റ് കൊളോണിയല്‍ വായനകളുമായി പരിചയപ്പെട്ട നമുക്ക്, കവിതയുടെ (എല്ലാ കലാസൃഷ്ടികളുടെയും) ഒരു മുഖ്യസ്വഭാവമായ സ്ഥാനാന്തരണത്തെ 'പ്രതിനിധാനം' (representation) എന്നു വിളിക്കേണ്ടതുണ്ട്. യാഥാര്‍ത്ഥ്യം എന്നു കവി വിശ്വസിക്കുന്ന സംഗതിയുടെ പ്രതീകാവതരണം മാത്രമാണ് അയാള്‍ സത്യത്തില്‍ നിര്‍വഹിക്കുന്നത്. ചുറ്റുപാടും കണ്ട കാര്യങ്ങള്‍ എന്ന മട്ടില്‍ അയാള്‍ പറയുന്നത്, അയാള്‍ വിരള്‍ ചൂണ്ടാനുദ്ദേശിക്കുന്ന ചില കാര്യങ്ങളുടെ പ്രതിനിധാനങ്ങളെ മാത്രമാണ്. അതേ സ്ഥലത്തു തന്നെയുള്ള, മറ്റൊരാള്‍ നോക്കിയാല്‍ കാണുന്ന കാഴ്ചകളെ ബോധപൂര്‍വമോ അബോധപൂര്‍വമോ അവഗണിച്ചതിനു പിന്നില്‍ അയാള്‍ക്ക് ചില താത്പര്യങ്ങളുണ്ട്. അബോധമനസ്സ്, ബോധത്തോട് പറയാനാഗ്രഹിക്കുന്ന കാര്യങ്ങളിലും ഇത്തരം തെരെഞ്ഞെടുപ്പുണ്ട്. ഇവിടെ അബോധമെന്നത് കവിയും (വ്യക്തിയും) ബോധമെന്നത് അയാള്‍ വ്യവഹരിക്കുന്ന സമൂഹവുമാണ്. അബോധത്തിന്റെ അഭിലാഷങ്ങള്‍ പലപ്പോഴും മറഞ്ഞു കിടക്കും. കവിതയിലുമതെ. നേരേ വാ നേരേ പോ മട്ടുകാരായിരുന്നു അബോധവും കവികളുമെങ്കില്‍ രൂപകഭാഷയ്ക്കും ബിംബങ്ങള്‍ക്കും പ്രസക്തിയുണ്ടാവുമായിരുന്നില്ല. കാവ്യാത്മകതയും സൌന്ദര്യാത്മകതയും കവിതയില്‍ നിന്ന് യാത്രപറഞ്ഞ് പോയേനേ. വസ്തുതാപരാമര്‍ശങ്ങള്‍ മാത്രമായി കവിതകള്‍ ചാരുകസേരയില്‍ കിടന്ന് കാറ്റുകൊണ്ടേനേ..

‘പ്രതിനിധാനം‘ എന്ന കണ്ണട വച്ചു നോക്കിയാല്‍ വെറും വസ്തുതാപരം എന്നു തോന്നുന്ന രചകള്‍ പോലും അങ്ങനെയല്ലെന്നു പെട്ടെന്നു തിരിച്ചറിയാം. ഒരു ബസ്സിലെ പതിനാറാം നമ്പര്‍ സീറ്റിലിരുന്ന് ചുറ്റും നോക്കി യാത്രചെയ്യുന്ന വിഷ്ണുപ്രസാദ് എന്ന കവി (പതിനാറാം നമ്പര്‍ സീറ്റ് എന്ന കവിത - വിഷ്ണുപ്രസാദ്) ദിനം പ്രതി അതുപോലെ ബസ്സുകളില്‍ കയറിയിരുന്ന് എങ്ങാണ്ടൊക്കെയോ യാത്രചെയ്യുന്ന ലക്ഷക്കണക്കിന് മനുഷ്യരില്‍ ഒരാളാളുടെ യഥാതഥമായ ആവിഷ്കരണമൊന്നുമല്ല. ആവര്‍ത്തിച്ച് താന്‍ ആരാണ് എന്നു പറയുന്നുണ്ടെങ്കിലും അയാള്‍ ആ ‘വിഷ്ണുപ്രസാദു‘മല്ല. മറിച്ച് ‘ഉള്ള’ ഒരാളുടെ പേര് ആവര്‍ത്തിക്കുകയും കേരളീയ സമൂഹത്തിനു ചിരപരിചിതമായ ഒരു ക്രിയയെയും (ബസ്സുയാത്ര)ചുറ്റുപാടുകളെയും(കാഴ്ച) അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ വളരെ സത്യസന്ധമായ ഒരു യഥാര്‍ത്ഥലോകത്തിലേയ്ക്കാണ് ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത് എന്ന പ്രതീതി വായനക്കാരില്‍ സൃഷ്ടിക്കാന്‍ കവിയ്ക്ക് സാധിക്കുന്നു. അതാണ് അയാളുടെ ലക്ഷ്യവും.

എന്തിന്? ഇവിടെ ഒരു വിരോധാഭാസമുണ്ട്. തന്നെ ശ്രദ്ധിക്കാത്തതെന്തെന്ന് ഒരു കവി, കവിയായി തന്നെ കവിതയില്‍ പ്രത്യക്ഷപ്പെട്ട് ചോദിക്കുകയാണ്. ഇത് പൊങ്ങച്ചമായി ആരും തെറ്റിദ്ധരിക്കുകയില്ല, കാരണം ഭാ‍ഷാപ്രയോഗത്തിന്റെയും അന്തരീക്ഷസൃഷ്ടിയുടെയും പ്രത്യേകത കൊണ്ട് താന്‍ അവഗണിക്കപ്പെടുന്നു എന്നുള്ളത് ഒരു വിനീതമായ ഏറ്റുപറച്ചിലായേ നാം പരിഗണിക്കൂ. സമൂഹം (ബസ്, ഒരു സമൂഹം തന്നെ) തന്നെ ഗൌരവമായി പരിഗണിച്ചിട്ടില്ല എന്ന ആത്മനിന്ദയാണ് അയാളുടെ ഉച്ചത്തിലുള്ള ആത്മഗതത്തിലുള്ളത്. അതു തുറന്നു പറയുന്ന വ്യക്തിയുടെ സത്യസന്ധതയിലേയ്ക്ക് വായനക്കാരന്റെ മനസ്സെത്തും എന്ന് കവിയ്ക്കറിയാം. അതിനു കവി ബോധപൂര്‍വം സ്വീകരിച്ച തന്ത്രമാണ്, കവിതയുടെ ആദ്യഭാഗത്ത് സൃഷ്ടിക്കപ്പെടുന്ന യാഥാര്‍ത്ഥ്യപ്രതീതി.

ഒരു ബസ്സിലെ യാത്രക്കാരെയും അവരുടെ ചേഷ്ടകളെയും സ്വന്തം ആത്മഗതങ്ങളെയും വച്ച് കവി നിര്‍മ്മിച്ച യഥാര്‍ത്ഥ ലോകം, സത്യത്തില്‍, ഒരു പ്രതീതി ലോകം മാത്രമാണ്. കിനാവുകാണുന്ന ആളിന്റെ താത്കാലികമായ യാഥാര്‍ത്ഥ്യമാണത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വാസ്തവിക ലോകത്തിന്റെ പ്രതിനിധാനം മാത്രമാണത്. സ്വപ്നം കാണലിന്റെ പ്രകടമായ ഘടന തന്നെ ഈ കവിതയ്ക്കുണ്ട്. ബസ്സും അതിലെ ആള്‍ക്കാരും പുറത്തെ കാഴ്ചകളും പോക്കറ്റടിയുമൊക്കെയായി മുഖരമായ ഒരന്തരീക്ഷത്തോടെ തുടങ്ങിയ കവിത ഒടുവില്‍ ഒരു സീറ്റുമാത്രമായി ഉറക്കത്തിലേയ്ക്കു പോകുന്നു. ഒന്നു മറ്റൊന്നായി സ്ഥാനാദേശം ചെയ്യപ്പെടുന്നു. കവിതയെ ഒന്നു തിരിച്ചിട്ടാല്‍, ഒന്നുമില്ലാതെ, ഒന്നുമല്ലാതെ ഉറക്കം മാത്രം പ്രതീക്ഷിച്ച് ഏകാകിയായിരിക്കുന്ന ഒരു മനുഷ്യനാണ് കേന്ദ്രസ്ഥാനത്ത്. അയാള്‍ കാണുന്ന സ്വപ്നം മാത്രമാണ് ബസ്സും പരിസരവും. ചലിക്കുന്ന വാഹനങ്ങള്‍ നമ്മുടെ മേധാവിത്ത മനോഭാവത്തിന്റെ (സുപ്പിരിയോരിറ്റി കോം‌പ്ലക്സിന്റെ) പ്രതീകങ്ങളാണ്. തികഞ്ഞ അന്തര്‍മുഖനും കാല്‍പ്പനികനുമായ മനുഷ്യന്റെ ശബളാഭമായ സ്വപ്നമാണ് സമൂഹത്തില്‍ തന്റെ ഇടപെടല്‍. അവിടെ മേധാവിത്തം ലഭിക്കല്‍. എന്നാല്‍ അതിനായി തന്റെ (പതിനാറാം നമ്പര്‍) സീറ്റ് (ദന്തഗോപുരം, മുറി, കസേര) വിട്ടിറങ്ങാന്‍ അയാള്‍ക്ക് കഴിയില്ല. അതയാള്‍ ആഗ്രഹിക്കുന്നില്ല. ബസ്സിന്റെ പ്രത്യേകത, അതു സ്വയം ചലിക്കും എന്നതാണ്. ചലിക്കാന്‍ ആഗ്രഹിക്കുന്നയാള്‍ അവിടെ പ്രവര്‍ത്തിക്കേണ്ടതില്ല. സമൂഹം എന്ന അമ്മയാല്‍ താലോലിക്കപ്പെടുക എന്ന ലീനമായ ബോധമാണിവിടെയുള്ളത്. അത് അത്രയ്ക്ക് ശിശുസന്നിഭമാകുന്നത്, അതിനായി തനിക്കൊന്നും ചെയ്യാനില്ല എന്നു കവി കരുതുന്നിടത്താണ്. അമ്മയുടെ വാത്സല്യം സ്വയമേവ വരേണ്ടതാണ്.

പതിനാറാം നമ്പര്‍ സീറ്റില്‍ തറഞ്ഞിരിക്കുന്ന കവിയുടെ നിഷ്ക്രിയത്വത്തിന് മനശ്ശാസ്ത്രപരമായി മറ്റൊരു മാനം കൂടിയുണ്ട്. സ്വപ്നങ്ങളിലെ നിശ്ചലാവസ്ഥ നിഷേധപ്രതീകമാണെന്ന് ഫ്രോയിഡ് പറയുന്നു. ഒരു കാര്യത്തിനായി ആഗ്രഹിക്കുക എന്നാല്‍ അത് വേണ്ടെന്ന് തീരുമാനിക്കുക. ഈ വൈരുദ്ധ്യമാണ് സ്വപ്നത്തിന്റെ ഭാഷയില്‍ നിശ്ചലത്വമായി പ്രത്യക്ഷപ്പെടുന്നത്. ഒരു ആഗ്രഹത്തിന്റെ മേല്‍ മറ്റൊരു ആഗ്രഹം കടന്നുകയറുന്നതാണ് അത്. വ്യത്യസ്ത ധ്രുവങ്ങളിലുള്ള അഭിലാഷങ്ങളുടെ ഏറ്റുമുട്ടല്‍. തനിക്ക് അംഗീകാരം വേണമെന്നും തന്റെ കൃതികള്‍ വായിക്കപ്പെടണമെന്നും ആഗ്രഹിക്കാത്ത കവികളില്ല. എന്നാല്‍ അതിനുവേണ്ടി തുനിഞ്ഞിറങ്ങുന്നത് ഇരിയ്ക്കപിണ്ഡം വയ്ക്കും പോലെ അപഹാസ്യമായ പ്രവൃത്തിയാണെന്ന് ഏതു പരിഷ്കൃതനുമറിയാം. ‘പതിനാറാം നമ്പര്‍ സീറ്റ്’ എന്ന കവിത ആത്യന്തികമായി പങ്കുവയ്ക്കുന്ന ക്രിയാംശം താന്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതിലുള്ള ഒരു കവിയുടെ ആത്മനൊമ്പരമാണ്. എന്നാല്‍ തികഞ്ഞ വാസ്തവികമായ പശ്ചാത്തലത്തില്‍ സ്വന്തം പേരുപോലും വെളിപ്പെടുത്തിക്കൊണ്ട് കവി നടത്തുന്ന ആഖ്യാനം, വിരുദ്ധോക്തി എന്ന നിലയ്ക്കു മാത്രമേ നിലനില്‍ക്കൂ. ഇവിടെ കവിയുടെ ഉള്ളില്‍ തന്നെയുള്ള രണ്ടു തീവ്രമായ ഇച്ഛകള്‍ ഏറ്റുമുട്ടുകയാണ് ചെയ്യുന്നത്. അതാണ് കവിതയ്ക്കുള്ളിലെ സംഘര്‍ഷത്തിന്റെ തോതിനെ മുറുക്കുന്നത്. അതിന്റെ ബാഹ്യമായ പ്രതീകവത്കരണമാണ് ആഖ്യാതാവിന്റെ ചലനനഷ്ടം. സ്വന്തം പ്രവൃത്തിയുടെ (തന്നെപ്പറ്റി തന്നെ പറയുക) ഉത്തരവാദിത്വത്തില്‍ നിന്ന് അയാള്‍ക്ക് അങ്ങനെ മാറി നില്‍ക്കാന്‍ കഴിയുന്നു. സ്വപ്നത്തിലെ ഏറ്റവും മൌലികമായ അവസ്ഥകളിലൊന്നാണിത്. ഉറക്കം അയാളുടെ ലക്ഷ്യമാവുന്നതും അയാളുടെ നിഷ്ക്രിയതയുമായി കൂട്ടി വായിക്കാവുന്നതാണ്. ചലനനഷ്ടത്തിന്റെ പാരമ്യമാണ് ഉറക്കം എന്ന നിശ്ചലാവസ്ഥ.

സാര്‍വലൌകികമായ നഗ്നതാസ്വപ്നത്തെക്കുറിച്ച് ഫ്രോയിഡ് പറയുന്ന സംഗതിയുമായി ‘പതിനാറാം നമ്പര്‍ സീറ്റ്’ സന്ധി ചെയ്യുന്നതു കാണാം. നഗ്നതാസ്വപ്നങ്ങളില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ സ്വയം വസ്ത്രമില്ലാതെ ചൂളി നില്‍ക്കുന്നതായാണ് നാം കാണുക. തുണിയുരിഞ്ഞുപോയതിന്റെ മുഴുവന്‍ അപമാനവും ലജ്ജയും നാം അനുഭവിക്കുമ്പോഴും നമ്മെ കടന്നുപോകുന്നവരുടെ മുഖഭാവങ്ങളില്‍ ലവലേശം മാറ്റമുണ്ടാവില്ല. ബസ്സില്‍ ഇതു തന്നെയാണ് സംഭവിക്കുന്നത്. ലജ്ജ ഇവിടെ അഹംബോധമായി വേഷം മാറിയിരിക്കുന്നു. ആരും കവിയെ തിരിച്ചറിയുന്നില്ല. പ്രതികരണങ്ങള്‍ കവിയ്ക്കു മാത്രമാണ്. അങ്ങനെ പ്രതീക്ഷയ്ക്കു വിപരീതമായതു സംഭവിച്ചതുകൊണ്ടുള്ള ആത്മശൈഥില്യമാണ് പോക്കറ്റടിയുടെ പ്രതീകവത്കരണത്തിലൂടെ കവി ആവിഷ്കരിക്കുന്നത്. അതുവരെ ഉണ്ടായിരുന്നു എന്നു താന്‍ വിശ്വസിച്ച എന്തോ ഒന്ന് നഷ്ടപ്പെട്ടു എന്നയാള്‍ മനസ്സിലാക്കുകയാണ്. അത് തനിക്കുള്ള അംഗീകാരമാണെന്ന് പറയുന്നത് ഐറണിയാണ്. കാരണം നഷ്ടപ്പെട്ടു പോയത് പണമല്ല, മറിച്ച് അയാള്‍ സ്വയം ഉണ്ടാക്കി വച്ചിരുന്ന ‘കവിയാണ് താന്‍ എന്ന മതിപ്പാ‘ണ്. ആ മതിപ്പ് ആളുകളുടെ അവഗണനമൂലം നഷ്ടപ്പെട്ടതായി അയാള്‍ മനസ്സിലാക്കുന്നതിന്റെ പ്രതീകാത്മകമായ ആവിഷ്കരണമാണ്, മോഷണം. ഉള്ളിലെ ‘അഹം‘ ഒഴിഞ്ഞുപോയതിനാലാണ് പോക്കറ്റടി ഒരംഗീകാരമാണെന്ന് അയാള്‍ പറയുന്നത്. അത് അയാളെ ‘കവി’ എന്ന അധികതുംഗപദത്തില്‍ നിന്ന് സാധാരണക്കാരന്‍ എന്ന നിലയിലെത്തിക്കുന്നു. അതുകൊണ്ട് അയാള്‍ സന്തുസ്ഷ്ടനാണെന്ന് അഭിനയിക്കുന്നു, എങ്കിലും അയാള്‍ ഉള്ളില്‍ ദുഃഖിക്കുകയാണെന്നു നമുക്കറിയാം. അയാളുടെ നിസ്സഹായതയുടെ ആഴമാണ് അയാളെക്കൊണ്ട് പോക്കറ്റടിയില്‍ താന്‍ സന്തോഷിക്കുന്നു എന്നു പറയിച്ചത്. അതു മറ്റൊരു വിരുദ്ധോക്തി.

January 7, 2008

ഈയാഴ്ചത്തെ ഫലം, വാരഫലം!ഇമെയിലില്‍ വന്നതോ ഏതോ റിഫ്രെഷര്‍ കോഴ്സില്‍ ചോദിച്ചതോ ആണ്. എന്തായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. അതിസാധാരണമായ ചില വീട്ടുകാര്യങ്ങള്‍. നോക്കുക.
.
1. കുഞ്ഞു കരയുന്നു
2. ഫോണ്‍ ബെല്ലടിക്കുന്നു
3. കോളിംഗ് ബെല്ലു കേള്‍ക്കുന്നു
4. പൈപ്പില്‍ നിന്നും വെള്ളം അനാവശ്യമായി പുറത്തേയ്ക്കു പോകുന്നു
5. മഴപെയ്യാന്‍ തുടങ്ങി, പുറത്ത് ഉണങ്ങിയ വസ്ത്രങ്ങള്‍ കിടക്കുകയാണ്.

ഇത്രയും കാര്യങ്ങള്‍ ഒരേസമയം നടക്കുകയാണെങ്കില്‍ നിങ്ങള്‍ എങ്ങനെ, ഏതു ക്രമത്തില്‍ ഇവയെ പരിഗണിക്കും എന്നു സത്യസന്ധമായി ആലോചിച്ചു പറഞ്ഞാല്‍ നിങ്ങളുടെ വ്യക്തിത്വത്തിന്റെ /മനസ്സിന്റെ ഘടന പിടികിട്ടും എന്നാണ് പറയുന്നത്. ഏതുതരം വ്യക്തിയാണ് നിങ്ങള്‍ എന്നു മനസ്സിലാക്കാന്‍ നിലവിലുള്ളതില്‍ വച്ച് ഏറ്റവും ലളിതമായ ഉപായം ! ഒന്നാലോചിച്ചു നോക്കുക തന്നെ.

ഇതിതുവരെ കേട്ടിട്ടില്ലാത്തവര്‍ സ്വന്തം ‘പ്രിഫറന്‍സ്‘ എന്താണെന്നും എങ്ങനെയാണെന്നും ഒന്ന് ആലോചിച്ചു വച്ചേക്കുക., നമ്മളിതില്‍ ഏതു കാറ്റഗറിയില്‍ വരുമെന്ന് ചുമ്മാ ചിന്തിച്ചു നോക്കാമല്ലോ.. യേത്..? മാത്രവുമല്ല, ഇനിയുള്ള തര്‍ക്കങ്ങള്‍ക്ക് അതു വല്ലാതെ ഉപകരിച്ചേക്കും.

കുഞ്ഞ് ആദ്യപരിഗണനയില്‍ വരികയാണെങ്കില്‍ നിങ്ങള്‍ ഒരു കുടുംബജീവിയാണ്. സ്വന്തം കുടുംബത്തെ കഴിഞ്ഞേയുള്ളൂ നിങ്ങള്‍ക്കെന്തും. ഭദ്രമായ കുടുംബജീവിതത്തിനു വേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യുന്നതില്‍ മടിക്കുന്നയാളല്ല നിങ്ങള്‍. കാമുകനെ/കാമുകിയെക്കുറിച്ച് നിങ്ങള്‍ ഓര്‍ക്കാറേയില്ല. അത് അദ്ദേഹത്തിന്റെ/അവളുടെ മനസ്സു തകര്‍ക്കുമെന്നു നിങ്ങള്‍ക്ക് നന്നായി അറിയാം. അതു നിങ്ങള്‍ക്ക് ആലോചിക്കാന്‍ പോലും പറ്റുന്ന കാര്യമല്ല. ക്ഷമയാണ് നിങ്ങളുടെ മുഖമുദ്ര. ത്യാഗമാണ് ലക്ഷ്യം. മെഴുകുതിരിയാണ് അടയാളവാക്യം. കുടുംബജീവിതം നിങ്ങളുടെ കൈയില്‍ സുരക്ഷിതമായിരിക്കും. അതെന്നും പൊടിതുടച്ചു നിങ്ങള്‍ സൂക്ഷിക്കുന്നു, ഒരു പോറല്‍ പോലും പറ്റാതെ.

ഫോണ്‍ബെല്ലിനെ പ്രധാനമായി കരുതുന്ന വ്യക്തി ജീവിതത്തില്‍ ജോലിയുടെ പ്രാധാന്യത്തെ നന്നായി തിരിച്ചറിയുന്ന ആളാണ്. ജോലി മുഖ്യമായി കരുതുന്ന മറ്റെല്ലാരെയും പോലെ കുടുംബജീവിതത്തില്‍ ഇത്തരക്കാര്‍ പരാജയപ്പെടാനോ പെടാതിരിക്കാനോ സാദ്ധ്യതയുണ്ട്. ഓഫീസില്‍ ബോസ്സിനു പ്രിയപ്പെട്ടവനായിരിക്കുമെന്നും അക്കാരണത്താല്‍ ചില മേല്‍ഗതികള്‍ ഉണ്ടാവുമെന്നും ഏതാണ്ടുറപ്പിക്കാം. സഹപ്രവര്‍ത്തകരുടെ നീരസം ആ വഴിയ്ക്കു പിടിച്ചുപറ്റാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ല.

കുഞ്ഞിനെയും ഫോണിനെയും അവഗണിച്ച് വാതില്‍ക്കല്‍ നില്‍ക്കുന്ന ആള്‍ ആര് എന്നറിയാന്‍ തിടുക്കപ്പെടുന്ന വ്യക്തി സാമൂഹികജീവിതത്തിനു മറ്റെന്തിനേക്കാളും ഊന്നല്‍ നല്‍കുന്ന വ്യക്തിത്വത്തിനുടമയാണ്. മനുഷ്യന്റെ പുരോഗതിയുടെ തുടക്കം അവന്‍/അവള്‍ കൂട്ടമായി താമസിക്കാന്‍ തുടങ്ങിയതോടെയാണെന്നും സഹജാതരുടെ മൊഴി സംഗീതമായി കരുതണമെന്നുമുള്ള സദ്വാര്‍ത്തകള്‍ ഇവരുടെ ഉദ്ധരണി പുസ്തകത്തില്‍ കണ്ടാല്‍ അദ്ഭുതപ്പെടേണ്ടതില്ല. കൂട്ടുകാരുടെ ഇടയില്‍ സ്വയം മറന്നുപോകുന്ന ഇവര്‍ തമാശപ്രിയരും നല്ലവാക്കുകള്‍കൊണ്ട് ദുഷ്ടന്റെ പോലും മനസ്സിലെ മാലിന്യത്തെ ഡൈല്യൂട്ട് ചെയ്യുന്നവരും നല്ല മനസ്സിനുടമകളുമായിരിക്കും. കൂട്ടുകാര്‍ക്ക് ഇവരും ഇവര്‍ക്ക് കൂട്ടുകാരും പ്രിയങ്കരരായിരിക്കുന്നതില്‍ അദ്ഭുതം കൂറേണ്ട ഒരു കാര്യവുമില്ല.

മറ്റെന്തു ഭൂകമ്പമുണ്ടായാലും വെള്ളം അനാവശ്യമായി ഒഴുകിപോകുന്ന പൈപ്പടച്ചിട്ടേയുള്ളൂ കാര്യം എന്നും വച്ച് ശപിച്ചും കൊണ്ട് കുളിമുറിയിലേയ്ക്കോടുന്ന വ്യക്തി സംശയിക്കേണ്ട പിശുക്കിന്റെ ആള്‍‌രൂപമാണ്. ചോര്‍ന്നുപോകുന്ന വെള്ളം കണ്ടു നില്‍ക്കാനാകായ്ക, ഒരു സാമൂഹികപ്രശ്നമല്ലേ എന്നും പ്രതിബദ്ധതയല്ലേ എന്നും സംശയിക്കാവുന്നതാണ്. എന്നാല്‍ സ്വന്തം വീട്ടിലെ ടാപ്പില്‍ നിന്നുമുള്ള വെള്ളം ചോരുന്നത് സഹിക്കാനാവാതെ വരുന്നതാണ് ഇവിടെ ഒരു വ്യക്തിയുടെ മനസ്സിലേയ്ക്കുള്ള വഴി വെട്ടി തുറക്കുന്നത്. ജലദൌര്‍ലഭ്യം, ജലചൂഷണം, വരള്‍ച്ച, ക്ഷാമം തുടങ്ങിയ വിപത്തുകളെ ഇവിടെ കണക്കിലെടുത്തിട്ടില്ല. ഇഷ്ടമ്പോലെ ലഭിക്കുന്നതും താരതമ്യേന കുറഞ്ഞ വിലമാത്രം ഈടാക്കി വരുന്നതുമായ കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി ഏരിയകളിലെ മദ്ധ്യവര്‍ഗജീവിതപ്രതിനിധിയായ ഒരാള്‍ ഇമ്മാതിരി പെരുമാറുമ്പോള്‍ അയാള്‍ കണക്കുകളുടെ കടുത്ത ആരാധകന്‍ തന്നെയാണെന്നു വേണം മനസ്സിലാക്കാന്‍. ‘സംഭാവനകള്‍ അസോസിയേഷന്‍ മുഖേനമാത്രം’ എന്ന ബോഡുവയ്ക്കാന്‍ അയാള്‍ക്കു സന്തോഷമേയുണ്ടാവുകയുള്ളൂ. യാചകനിരോധിതമേഖലകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം പത്രാധിപര്‍ക്ക് കത്തെഴുതുന്നത് ഈ മാന്യദേഹമാണ്. അടിയ്ക്കടി കൂടിവരുന്ന വിലവര്‍ദ്ധനവിനെപ്പറ്റി വല്ലാതെ ഉത്കണ്ഠപ്പെട്ടാണ് ഇയാളുടെ ദേഹം ഇങ്ങനെ ചീര്‍ക്കുന്നത്. ലക്കും ലാഗാനുമില്ലാത്തതിന് വീട്ടുകാര്‍ നിരന്തരം ഇയാളുടെ നോട്ടപ്പുള്ളിയാവാറുണ്ട്.

മഴ പെയ്യും മുന്‍പേ തുണിയെടുക്കാന്‍ ഓടുന്ന ആളാണ് അവസാനം. അതാണ് ഒരാള്‍ പരമപ്രധാനമായി കണക്കാക്കുന്നതെങ്കില്‍, സംശയിക്കേണ്ട ജീവിതത്തില്‍ എന്തിനെക്കാളും സെക്സിന് വിലകൊടുക്കുന്നയാളാണ് അത്. പ്രായോഗികജീവിതത്തിന്റെ ഉസ്താദായിരിക്കുമീകക്ഷി. എങ്ങനെ മറിഞ്ഞു വീണാലും തനിക്കു സുഖം ലഭിക്കണമെന്ന ചിന്തയാണ് ബസ്സില്‍ ഇയാളെ സ്ത്രീകളുടെ ഭാഗത്ത് നിന്ന് മാറാന്‍ കൂട്ടാക്കാതെ നിലനിര്‍ത്തുന്നത്. ഒരവസരവും പാഴാക്കിക്കളയരുത് എന്നാണ് ഇയാള്‍ നിരന്തരം സംസാരിക്കുന്നവര്‍ക്ക് നല്‍കുന്ന ഉപദേശം. സ്വന്തം വീരകൃത്യങ്ങള്‍ വിശദീകരിക്കാനും ചിലപ്പോള്‍ ഇയാള്‍ തയ്യാറായേക്കും. വസ്ത്രം അലക്കുന്നതിന്റെയും പിഴിയുന്നതിന്റെയും വിലയാണ് ഉണങ്ങി അയയില്‍ കിടക്കുന്ന തുണിയുടെ വെടിപ്പ്. അതു നഷ്ടപ്പെടുത്താന്‍ എന്തായാലും അയാള്‍ തയ്യാറല്ല. പൂച്ച എങ്ങനെ വീണാലും നാലുകാലില്‍ എന്നപോലെ ഏതു പരിചയവും അയാള്‍ കട്ടിലില്‍ കൊണ്ടെത്തിച്ചേ പിന്മാറുകയുള്ളൂ.. ഹൌ ! എന്തൊരു ജീവിതം!

അഞ്ചുചോദ്യങ്ങള്‍ കൊണ്ട് അയ്യായിരത്തിലധികം മനസ്സുകളെ നാം വിശകലനവിധേയമാക്കിക്കഴിഞ്ഞു. എങ്കിലും ചോദ്യങ്ങളെ ഒന്നുകൂടി ചുഴിഞ്ഞു നോക്കുക. അഞ്ചിലും ഊന്നല്‍ സ്ത്രീകളിലല്ലേ? കുഞ്ഞു കരയുന്നതും തുണിയെടുക്കാനോടുന്നതും വാതിലു തുറന്ന് അതിഥിയെ ആനയിക്കുന്നതും ഫോണിനു മറുപടി പറയുന്നതും ഗൃഹോപജീവികളായ സ്ത്രീകളാണ്. അതാണ് കേരളീയമായ വഴക്കം. നമ്മളായിട്ട് എന്തിന് അതു തെറ്റിക്കുന്നു? അങ്ങനെയെങ്കില്‍ ഇത് ആരുടെ മനസ്സളക്കാന്‍, ആരുണ്ടാക്കിയ തന്ത്രം? സംശയമെന്ത്, എറ്റവും നിഗൂഢമായ സ്ത്രീമനസ്സിനെ പിടിച്ച്കൂട്ടിലിട്ടെന്ന് തണ്ടു പറയാന്‍ പുരുഷനുണ്ടാക്കിയ സ്കെയിലു തന്നെ. അങ്ങനെയെങ്കില്‍ ചോദ്യം കൊണ്ട് സ്ത്രീയുടെ മനസ്സല്ല, അവള്‍ എങ്ങനെയാണെന്നറിയാന്‍ വേണ്ടി ഈ ചോദ്യങ്ങള്‍ പടച്ചുണ്ടാക്കിയ ആണ്‍ മനസ്സാണ് വിശകലനം ചെയ്യേണ്ടത് എന്നു സാരം. അവിടെ തെളിയുന്ന ഒരു സ്ത്രീ എന്തായിരിക്കണം എന്ന മുന്‍‌വിധിയാണ്. വിധി അല്ലാതെന്തു പറയാന്‍ ! ചക്കിനു വച്ചത് ബൂമാറാങ്ങുപോലെ തിരിഞ്ഞു കൊള്ളുന്നത് കൊക്കിന്!

അപ്പന്‍ഡിക്സ് 1
മനസ്സു വെളിപ്പെട്ടുകിട്ടാന്‍ വേണ്ടിയുള്ള മറ്റൊരു ചോദ്യം. (ഇതു ഇ മെയിലില്‍ തണുത്തു കിടന്നതാണ്, സ്ത്രീകള്‍ക്കു വേണ്ടി മാത്രമുള്ളതാണെന്നു തോന്നുന്നു. എങ്കിലുമെന്ത് ?)
കാമുകന്റെ /കാമുകിയുടെ കയ്യില്‍ നിന്നും നിങ്ങള്‍ സ്വീകരിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സമ്മാനം ഏതായിരിക്കും?
1. മനോഹരമായ ഒരു പൂവ്.
2. നിങ്ങളെക്കുറിച്ചെഴുതിയ കവിത.
3. വിലപിടിപ്പുള്ളതും കുസൃതിത്തരങ്ങള്‍ കിന്നരിയിട്ടതുമായ അടിയുടുപ്പ്.

January 3, 2008

കരിമലകയറ്റം കഠിനമെന്റയ്യപ്പാ...


ടി വി സീരിയലുകള്‍ എന്നു കേള്‍ക്കുമ്പോള്‍ ഇപ്പഴും കണ്ണു നിറയുന്നവരുണ്ട്‌. അത്രയ്ക്ക് കരച്ചിലാണവയ്ക്കകത്ത്. കരയിക്കുന്നതിനുള്ള കലാപരതയില്‍ അസാമാന്യവൈദഗ്ധ്യം നേടിയവരാണ് ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍. വെറുതെ കരയിക്കുകയല്ല, അടക്കിപ്പിടിച്ച് വീര്‍പ്പുമുട്ടിച്ചങ്ങനെ നിര്‍ത്തും, അടുത്ത 24 മണിക്കൂര്‍. വേദി കുടുംബസദസ്സുകളായതു കൊണ്ട്, അതാണ് അനുയോജ്യമായ മാര്‍ഗം എന്ന് ഗവേഷണം നടത്താതെ കണ്ടു പിടിച്ച മഹാമനീഷികളാണ് സംഗതികള്‍ പത്തും നൂറും എപ്പിസോഡുകളില്‍ നിര്‍ത്താതെ നീട്ടിക്കൊണ്ടു പോയത്. പ്രേതസീരിയലുകളുടെ അയ്യാം കളിയായിരുന്നു ഒരിടയ്ക്ക്. ക്രൈം, വാസ്തവാന്വേഷണം, കറുപ്പും വെളുപ്പും എന്നൊക്കെ പറഞ്ഞ് തെളിഞ്ഞതും തെളിയാത്തതുമായ കൊലപാതങ്ങള്‍ക്കും കാണാതെപോക്കുകള്‍ക്കുമിടയില്‍ ആര്‍ത്തനാദം പോലെ ടി വി ചാനലകള്‍ പായുന്നതായിരുന്നു പിന്നത്തെ കാഴ്ച. ചിലതിന്റെയൊക്കെ ഹാങ്‌ഓവര്‍ മാസങ്ങള്‍ നീളും. കള്ളിയങ്കാട്ടു നീലി കണ്ണുതുറുപ്പിച്ച് ലേസര്‍ രശ്മി പായിക്കുന്നുണ്ട് സൂര്യയില്‍. പഴയതിന്റെ തുടര്‍ച്ചയാണ്. ഒന്നും അങ്ങനെയങ്ങ് പാടേ മാഞ്ഞുപോകില്ല ചെല്ലപ്പന്‍ പിള്ളേ..

അടുത്തകാലത്തായി എന്താണെന്നറിയില്ല, കരച്ചിലു സീരിയലുകള്‍ സമയം ഇത്തിരി നേരത്തെയാക്കി നടു നിവര്‍ക്കുന്നുണ്ട്. രാത്രി സ്പെഷ്യല്‍ കൂട്ടു രസായനമാണ്. ഭക്തി ! എട്ടുകഴിഞ്ഞാല്‍ ശ്രീകൃഷ്ണലീല, സ്വാമി അയ്യപ്പന്‍, ശ്രീ ഗുരുവായൂരപ്പന്‍, അയ്യപ്പനും വാവരും, മുണ്ഡകോപനിഷത്ത്, സമ്പൂര്‍ണ്ണഗീതാജ്ഞാനയജ്ഞം, ആഴ്ചതോറും വേളാങ്കണ്ണി മാതാവ്. ചിട്ടപ്പടി പ്രഭാതത്തിലെ ഭക്തിഗാന,പ്രഭാഷണ പരമ്പരകള്‍ക്കു പുറമേയാണിവ. സ്വാമി അയ്യപ്പന്‍ കഴിഞ്ഞ മണ്ഡലക്കാലത്തു തുടങ്ങിയ സീരിയലാണ്. രണ്ടരമണിക്കൂറില്‍ കഷ്ടി പണ്ടു സുബ്രഹ്മണ്യം പാട്ടും നൃത്തവും കിടുപിടിയും എല്ലാം ചേര്‍ത്ത് പറഞ്ഞു വച്ച സാധനം ഇപ്പോള്‍ അരമണിക്കൂര്‍ വീതം ദിവസവും ഒരാണ്ട് തികച്ചിട്ടും അടുത്തൊന്നും തീരുന്ന ലക്ഷണം കാണുന്നില്ല. ഇത്രമാത്രം പറയാന്‍ നമുക്ക് അയ്യപ്പനെപ്പറ്റി എന്താണ് അറിയാവുന്നത്? ഒന്നുമില്ല. സത്യത്തില്‍ ആരാണ് അയ്യപ്പന്‍ എന്നു കൂടി അറിയില്ല. പുരാണത്തിലോ ഇതിഹാസത്തിലോ എവിടെയാണ് ഈ ദൈവത്തിന്റെ സ്ഥാനമെന്നും. എങ്കിലും ഏറ്റവും നടവരവുള്ള ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. കോടികളാണ് ദര്‍ശനത്തിനെത്തുന്നത്. കോടികളാണ് ഭണ്ഡാരത്തില്‍ വീഴുന്നത്. ജലപാനമില്ലാതെ 20 മണിക്കൂറുകള്‍ കാത്തും പതിനെട്ടാം പടി ലക്ഷങ്ങള്‍ കാത്തുനില്‍ക്കുന്ന ഇടം. ആരുടെ ശുഷ്കാന്തിയോ? രാഷ്ട്രീയം ആവുംവിധം കൈത്താങ്ങ് നല്‍കുന്നതു കൊണ്ട് കാര്യങ്ങള്‍ മുറപോലെ തകരാറു പിടിച്ചമട്ടില്‍ അവിടെ നടന്നുപോകുന്നുണ്ട്. ജനത്തിന്റെ സഹനശക്തിയുടെ മീറ്ററായി ഭക്തി പലതലങ്ങളില്‍, പല രൂപങ്ങളില്‍.

അതിലൊന്നായി കാണാം ഈ അയ്യപ്പന്‍ സീരിയലിനെയും. ഇടക്കാലത്തു വന്ന ‘കായകുളം കൊച്ചുണ്ണി’ എന്ന ജനപ്രിയ തുടരന്‍ നിരവധി സമകാലികപ്രശ്നങ്ങളെ സ്വാംശീകരിച്ച് അന്ന് നടന്നതെന്ന മട്ടില്‍ അവതരിപ്പിച്ചിരുന്നു. മതസൌഹാര്‍ദ്ദമാണ് അവയില്‍ മുഖ്യം. വാമൊഴിവഴക്കങ്ങളിലുണ്ടായിരുന്ന കഥകള്‍, പ്രാദേശിക, സാംസ്കാരിക, മതഭേദങ്ങളെ റദ്ദുചെയ്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടു, അതില്‍. എല്ലാം കൂടി കൂട്ടിക്കുഴച്ച് മറ്റൊരു വിഭവം. ചരിത്ര-ഐതിഹ്യ സീരിയലുകളുടെ പൊതുസ്വഭാവം ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ. സ്വാമി അയ്യപ്പന്‍ അക്കാര്യത്തില്‍ ഒരപവാദമല്ല. സമകാലികപ്രശ്നങ്ങളെയും ‘അയ്യപ്പന്‍‘ കൈകാര്യം ചെയ്യുന്നുണ്ടെന്ന് നിര്‍മ്മാതാക്കള്‍ തന്നെ അവകാശപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അല്ലാതെന്തു ചെയ്യും. ചരിത്രവും ഐതിഹ്യങ്ങളും കൂടിക്കുഴഞ്ഞു കിടക്കുന്ന മേഖല. ഒരു ഭാഗവും വ്യക്തമല്ല. മഹാഭാരതകാലത്തെ, ഗുപ്തകാലത്തിലേയ്ക്കിറക്കി നിര്‍ത്തി മഹാഭാരതത്തെ പുതിയ ദൃശ്യാനുഭവമാക്കിയ ശ്യാം ബനഗലിന്റെയോ എന്തിന് ‘കാഞ്ചനസീത’ നിര്‍മ്മിച്ച അരവിന്ദന്റെയോ മേധാശക്തി ഉണ്ണിത്താനില്‍ നിന്ന് പ്രതീക്ഷിച്ചാല്‍ അയ്യപ്പസ്വാമിപോലും പൊറുക്കാത്ത തെറ്റാവും അത്. എന്തിന്, ജനങ്ങള്‍ക്ക് വിശ്വാസമാണ് പ്രധാനം യുക്തിയല്ല. (കഥ കാണാനല്ല, അതിന്റെ അവസാനം എഴുതിക്കാണിക്കുന്ന സന്ദേശം കാണാനാണ് ജനം ടി വിയ്ക്കുമുന്നില്‍ ഭയഭക്തി ബഹുമാനങ്ങളോടെ ഇരിക്കുന്നതെന്ന് ഒരു മതപ്രഭാഷണത്തില്‍ കേട്ടു. എങ്ങനെ ജീവിക്കണം എന്നുപദേശിക്കുകയാണ് ദിവ്യപുരുഷന്മാരുടെ കഥകള്‍. അതിലാണ് ശ്രദ്ധ നല്‍കേണ്ടത്. അല്ലാതെ നടന്‍ ഇട്ടിരിക്കുന്നമാതിരി ഒരു ഷാള്‍ പന്തളം രാജകുമാരന്മാര്‍ ഇട്ടിരുന്നോ എന്നു തിരക്കുന്നതിലല്ല) വലിയ ചരുവത്തില്‍ കര്‍പൂരമിട്ട് കത്തിച്ച് ഉയര്‍ത്തിക്കാണിക്കുന്നതാണ് മകരവിളക്കെന്ന് യുക്തിവാദികള്‍ എത്രപ്രാവശ്യം ആണയിട്ടിട്ടെന്ത്? ആളുകളെ ചവിട്ടിക്കൊന്നിട്ടായാലും വേണ്ടില്ല, വിളക്കു കണ്ട് നാലു ശരണം വിളിക്കുന്നതിന്റെ തൃപ്തി, സാക്ഷാല്‍ ദൈവം തന്നെ മുന്നില്‍ വന്നു നിന്ന് തോണ്ടി വിളിച്ചിട്ട് ചിരിച്ചു കാണിച്ചാല്‍ പോലുമുണ്ടാവൂല.

ഒരിക്കല്‍ നോക്കുമ്പോള്‍, വിഷ്ണു പറഞ്ഞിട്ട് നാരദന്‍, അദ്ദേഹത്തെ പ്രകീര്‍ത്തിച്ചു പാടുകയാണ്. സുന്ദരസംസ്കൃതം. എഴുതിയത് എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാക്ഷാത് ശങ്കരാചാര്യര്‍. ശങ്കരാചാര്യര്‍ക്കു ശേഷമാണ് പന്തളം രാജാവും ഹരിഹരസുതനുമൊക്കെ ജീവിച്ചിരുന്നത്. ശരി. അപ്പോള്‍ വിഷ്ണുവോ? വൈകുണ്ഠത്തില്‍ ഇപ്പോള്‍ ശങ്കരാചാര്യര്‍ കൃതികളാണോ പതിവ്? മറ്റൊരു സീരിയലില്‍ ജ്ഞാനപ്പാന എന്നും പറഞ്ഞ് പൂന്താനം പാടിയത് കൃഷ്ണഗാഥയായി പോയത് ഇടയ്ക്ക് ഒരു വിവാദമാവാന്‍ നോക്കിയെങ്കിലും എങ്ങും എത്തിയില്ല ! ചരിത്രവും ഐതിഹ്യവും ആത്മീയതയും വൈദികജ്ഞാനവുമെല്ലാം ഇവിടെക്കിടന്ന് ചക്ക കുഴയുന്നതുപോലെ കുഴയുകയാണ്. വ്യക്തതയ്ക്കുവേണ്ടി ആരോടു ചോദിക്കാന്‍?

വെള്ളിയൂരും മധുരയിലുമായി രണ്ടായി പിരിഞ്ഞ് ഭരണം നടത്തിയിരുന്ന പാണ്ഡ്യരാജകുടുംബത്തില്‍ ചെന്നുപറ്റിയ തേജസ്വിയായ മലയാളി യുവാവായിരുന്നു അയ്യപ്പന്‍. കൊട്ടാരം ഉപജാപകസംഘം രാജ്ഞിയെ കൂട്ടുപിടിച്ച് അദ്ദേഹത്തെ പുറത്താക്കി. കാട്ടില്‍ അലഞ്ഞുതിരിയുകയായിരുന്ന അയ്യപ്പനെ, കണ്ട ഒരു സ്വപ്നത്തെ ആധാരമാക്കി പന്തളം രാജാവ് കൂട്ടിക്കൊണ്ടുപോയി പാര്‍പ്പിക്കുകയായിരുന്നു. വളരെ പ്രചാരമുണ്ടായിരുന്ന ഈ കഥയ്ക്ക് ഇന്നു വന്നിരിക്കുന്ന പരിണാമം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിന്റെ മറ്റൊരു പരിണതി, അയ്യപ്പന് ശാസ്താവായിമാറിയെന്നതാണ്. ഭാഗവതത്തിലും സ്കന്ദപുരാണത്തിലുമുള്ള ശാസ്താവിന് ഭാര്യമാര്‍ രണ്ടുപേരാണ്, പൂര്‍ണ്ണയും പുഷ്കലയും. ഒരു മകനുമുണ്ട്, സത്യകന്‍. ക്ഷേത്രങ്ങളിലെ ചുമര്‍ചിത്രങ്ങളില്‍ ശാസ്താവ് ധാരാളമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. അയ്യപ്പനുമായി ലയിച്ചുച്ചേര്‍ന്ന മറ്റൊരു ദിവ്യപുരുഷന്‍ വേട്ടയ്ക്കൊരുമകനാണ്. ശരണം വിളിയും കാട്ടിനുള്ളിലെ താമസവും ജാതിമതഭേദമില്ലയ്മയും ഇരിപ്പിന്റെയും മുടികെട്ടിന്റെയും പ്രത്യേകതയും ഒക്കെ വച്ചു നോക്കുമ്പോള്‍ അയ്യപ്പന്‍ ബുദ്ധനാണെന്നും അഭിപ്രായമുണ്ട്. ശക്തമായ എതിര്‍വാദങ്ങളുമുണ്ട്. 1125-1225 A.D യാണ് അയ്യപ്പന്റെ ജീവിതകാലം എന്ന് ഏകദേശകണക്കുണ്ട്. പരശുരാമന്‍ ഇന്ത്യയൊട്ടാകെ പണിത 64 ക്ഷേത്രപ്രതിഷ്ഠകളിലൊന്നാണ് ശബരിമലയിലേത് എന്നു പറയപ്പെടുന്നു. എന്തായാലും അയ്യപ്പ കഥയില്‍ ഒരുപാട് സങ്കീര്‍ണ്ണതകള്‍ അന്തര്‍ഭവിച്ചിരിക്കുന്നു. ശിവ-വിഷ്ണു സംയോഗത്തിന്റെ സന്തതിയായി അയ്യപ്പന്‍ അവതരിക്കപ്പെടുമ്പോള്‍ സങ്കീര്‍ണ്ണത വീണ്ടും അഗാധമാവുന്നു.

ഒരുവര്‍ഷമല്ല, അനേകം വര്‍ഷം വിവിധവീക്ഷണക്കോണിലൂടെ നോക്കിക്കാണാനും അവതരിപ്പിക്കാനുമുള്ള വസ്തുതകള്‍ അയ്യപ്പ കഥയില്‍ നിഹിതമാണ് എന്നാണ് ഇതിനൊക്കെയര്‍ത്ഥം. എന്നാല്‍ നമ്മുടെ സീരിയല്‍ നീണ്ടു പോകുന്നത് ഇതൊന്നും പരിഗണിച്ചിട്ടൊന്നുമല്ല. അങ്ങനെയുള്ള പ്രശ്നങ്ങളൊന്നും അവരുടെ എട്ടാവെട്ടത്തൂടെ പോയിട്ടില്ല. കഥാപാത്രങ്ങളുടെ കോലവും അവരുടെ വസ്ത്രധാരണവും സംസാരഭാഷയും പാച്ചൊട്ടിക്കാന്‍ വേണ്ടി റബ്ബറു പോലെ വലിച്ചു നീട്ടുന്ന ‘സംബവഗതികളും’ അതൊക്കെ ശ്വാസം പിടിച്ചിരുന്നു കാണുന്ന കുടുംബസദസ്സിലെ എ മുതല്‍ എസെഡ് വരെയുള്ള അംഗങ്ങളുടെ സാമാന്യബുദ്ധിയെ നോക്കി ഡെയിലി കാട്ടിക്കൊണ്ടിരിക്കുന്ന കൊഞ്ഞനം പരിഗണിക്കുമ്പോള്‍, ഇപ്പോള്‍ ശബരിമലയില്‍, രാഷ്ട്രീയക്കാരും ദേവസ്വം ബോര്‍ഡു മെമ്പറന്മാരും ദേവപ്രശ്നങ്ങളും കണ്ഠരുരുകളും അരവണയും മറ്റും മറ്റും കൂടിയുണ്ടാക്കുന്നു എന്നു പറയപ്പെടുന്നതെന്തെങ്കിലും ‘പ്രശ്നം’ എന്നു വിളിക്കപ്പെടാന്‍ യോഗ്യതയുള്ളതെന്തെങ്കിലുമാണോ? ങേ..? ആണോ?