Showing posts with label മാർഗ്ഗാ. Show all posts
Showing posts with label മാർഗ്ഗാ. Show all posts

August 14, 2021

മുകിലനും ചരിത്രവും

 



    പറുദീസയിൽനിന്നും മനുഷ്യൻ പുറത്തായതിന്റെ സാമൂഹികാഖ്യാനത്തെ രണ്ടു തരത്തിൽ ഫ്രെഡ്രിക് ജയിംസൺ വ്യാഖ്യാനിക്കുന്നു എന്നാണ് അദ്ദേഹത്തെപ്പറ്റിയുള്ള കുറിപ്പുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. അതിലൊന്ന് സ്വതന്ത്ര്യത്തിനായുള്ള സാമൂഹിക സമരമാണ്. മറ്റൊന്ന് സമ്പൂർണ്ണതയിലേക്കോ നിറവിലേക്കോ തിരിച്ചു പോകുന്നതിനെപ്പറ്റിയുള്ളതാണ്. എന്നുവച്ചാൽ എത്തിപ്പിടിക്കുന്നതിനെപ്പറ്റിയുള്ള സമൂഹത്തിന്റെ തൃഷ്ണയെ (കാമനയെ) ചലിപ്പിക്കുന്ന യന്ത്രങ്ങളാണ്. ആരോ കുഴിച്ചിട്ടിരിക്കുന്ന നിധി കണ്ടെത്താൻ കഴിയുക (മലർപ്പൊടിക്കാരന്റെ സ്വപ്നവും കുചേലന്റെ പരിണാമവും ലോട്ടറിയടിക്കലുമൊക്കെ അതുതന്നെ)  എന്ന ഭാവനായാഥാർത്ഥ്യം മനുഷ്യന്റെ തൃഷ്ണായന്ത്രത്തെ കുറച്ചു ആവേഗത്തോടെയാണ് ചലിപ്പിക്കുന്നത്. കന്നിമൂലയിൽ തുടങ്ങി വീടുമൊത്തം കുഴിച്ച് തറവാടു കുളം തോണ്ടിയവരെത്രയോ ഉണ്ട്. ഭൂമിക്കടിയിലെ നിധി പറഞ്ഞുകൊടുത്ത് ആളായവരും എത്രയോ ഉണ്ട്.. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ കണക്കില്ലാത്ത സമ്പദ് വകകൾ,  നിധിയെപ്പറ്റിയുള്ള സാമൂഹിക സ്വപ്നത്തിനു വച്ചുകൊടുത്ത കിന്നരിയും തൊങ്ങലും ചില്ലറയല്ല. ആലോചിച്ചാൽ നിധിയുടെ പേരിൽ വെകിളിയെടുക്കുന്ന ഒരു മനുഷ്യനും അതു തൊടാൻകൂടി കിട്ടില്ല. എങ്കിലുമതുണ്ടാക്കിവിട്ട ഇക്കിളി, നേരത്തേ പറഞ്ഞ യന്ത്രം തനിയേ സ്റ്റാർട്ടായതിന്റെയാണ്.


നിലമേൽ എൻ എസ് എസ് കോളേജിലെ അദ്ധ്യാപകനായ ലഫ്റ്റനന്റ് ഡോ. ദീപു പി കുറുപ്പ് എഴുതിയ മുകിലൻ എന്ന നോവൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയുടെ ചരിത്രം തേടുന്ന കഥ പറയുകയാണ്. ഒരു ട്രില്യൺ ഡോളർ നിലവറയ്ക്കകത്തുണ്ടെന്നാണ് ഫോർബ്സിൽ വന്ന വാർത്ത.  1681 -ൽ ക്ഷേത്രം തീയിട്ട് നശിപ്പിച്ചിരുന്നു. അഗ്നിബാധകൾ തുടർച്ചയാണെങ്കിലും മാർത്താണ്ഡവർമ്മയുടെ വാഴ്ചയ്ക്കു തൊട്ടുമുൻപുള്ള തീപിടിത്തത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും മാർത്താണ്ഡവർമ്മ ഭരണം തുടങ്ങിയതിനുശേഷം നിലവറകൾ നിറഞ്ഞതായിരിക്കാനാണ് സാധ്യതയെങ്കിൽ അതിൽ ചെറിയ ഒരു ഭാഗം ഊഴിയവേലയും അടിമവേലയും നൂറുകണക്കിനുള്ള കരങ്ങളിലൂടെ ഇടപ്രഭുക്കന്മാർ പിരിച്ചേൽപ്പിച്ച പണത്തിന്റെ അംശവും കൂട്ടിച്ചേർത്താലും ഇത്രയും വലിയ തുക ആരുവാമൊഴിവരെ മാത്രം നീളമുണ്ടായിരുന്ന ഒരു രാജ്യത്തിന് ഉണ്ടാക്കിയെടുക്കുക സാധ്യമായിരുന്നോ എന്നൊരു പ്രശ്നമുണ്ട്. ദീപു പറയുന്നത് ഔറംഗസേബിന്റെ പടയാളികളുടെ ഒരു കൂട്ടം ആറു സംസ്ഥാനങ്ങളിൽ (പ്രവിശ്യകളിൽ)നിന്നും കൊള്ളയടിച്ചുകൊണ്ടുവന്ന അതിഭീകരമായ നിധി, അവർ രഹസ്യമായി കുഴിച്ചിട്ടിരുന്നത്  മാർത്താണ്ഡവർമ്മ കണ്ടെടുത്ത് നിലവറയ്ക്കകത്ത് സൂക്ഷിച്ചു എന്നാണ്. മുകിലപ്പടയുടെ ആക്രമണത്തെപ്പറ്റി അവിടവിടെയായി ചില സൂചനകളേ ചരിത്രത്തിലുള്ളൂ. തിരുവിതാംകൂർ, ആർക്കാട് നവാബിന് കപ്പം കൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. പദ്മനാഭന്റെ മൂലസ്ഥാനമായ തിരുവട്ടാർ ആദികേശവക്ഷേത്രത്തിലെ എഴുന്നള്ളത്തു കാണാൻ നവാബ് പണികഴിപ്പിച്ച തിരുവള്ളാ മണ്ഡപം ഇപ്പോഴും അവിടെയുണ്ട്. (എന്നു പറയപ്പെടുന്നു) അസദലിയും ഖുറൈഷിയും നയിച്ച മുകിലപ്പട ദക്ഷിണേന്ത്യ പിടിച്ചടക്കുക എന്ന ആഗ്രഹവുമായി വന്നു. ടിപ്പുവിനെ പെരിയാറിലെ വെള്ളം തോൽപ്പിച്ചതുപോലെ  മുകിലപ്പടയെ കേരളവർമ്മയുടെ ബുദ്ധിയും ഉമയമ്മറാണിയുടെ പിന്തുണയും ബ്രിട്ടീഷുകാരുടെ ആയുധങ്ങളും  കാട്ടുകടന്നലുകളുടെ ആക്രമണവും ചേർന്ന് പരാജയപ്പെടുത്തിയെന്നാണ് വാചിക ചരിത്രം പറയപ്പെടുന്നത്. (തിരുവട്ടാറ്റു വച്ചു നടന്ന യുദ്ധത്തിൽ അദൃശ്യ അമ്പുകൾ വന്നുകൊണ്ട് മുകിലപ്പട ഓടി എന്നും കഥയ്ക്ക് പാഠഭേദം ഉണ്ട്) മുകിലന്റെ ഖബറിനുമേൽ ഇപ്പോൾ കുരിശടയാളമാണെങ്കിലും അതിനു മുകളിൽ മരത്തിൽ ഇന്നും കടന്നലുകൾ കൂടികെട്ടി കിടപ്പുണ്ടെന്ന പ്രാദേശിക വിശ്വാസവും നോവൽ പങ്കുവയ്ക്കുന്നു.


പൊന്നറപോലെയുള്ള സ്ഥലനാമങ്ങളും ഇനിയും എണ്ണിത്തിട്ടപ്പെടുത്താത്ത നിലവറയിലെ മുതലും അധികാരലബ്ധിക്കുശേഷം പാപപരിഹാരാർത്ഥം മാർത്താണ്ഡവർമ്മ ചെലവഴിച്ച നിസ്സാരമല്ലാത്ത സമ്പത്തും എല്ലാം ചേർത്തുവച്ചാലോചിക്കുമ്പോൾ തിരുവിതാംകൂർ 1600 മുതൽ സ്വർണ്ണഖനനം നടക്കുന്ന സ്ഥലമാണെങ്കിലും ഈ ഭീകരമായ നിധിക്ക് വാചിക ചരിത്രങ്ങളുമായെല്ലാം എന്തൊക്കെയോ ബന്ധമുണ്ടെന്നു തോന്നാം. ആപത്ത് കാലങ്ങളില്പോലും എത്തിപ്പിടിക്കാൻ പറ്റാത്ത ചരിത്രത്തിനു പിന്നെ ഭാവനായുക്തികളുടെ പിൻബലമാണ് അനുയോജ്യം. പ്രസിദ്ധമായ ആറ്റിങ്ങൽ കലാപംപോലും മുകിലന്റെ നിധിക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നു എന്നാണ് നോവലിൽ. അല്ലാതെ റാണിക്ക് ഉപഹാരവുമായിപോയ ബ്രിട്ടീഷുകാരെ ഒരു കാര്യവുമില്ലാതെ നാട്ടുകാർ ആക്രമിച്ചതല്ല.


ചരിത്രത്തെ അങ്ങനെ നോവലും കഥകളുമ്പോലെയുള്ള ഭാവനായാഥാർത്ഥ്യങ്ങളിൽ ഇഴചേർക്കണമെന്നത് വളരെ വിശാലമായ മറ്റൊരു ചർച്ചയ്ക്കുള്ള വിഭവമാണ്. ഉദ്വേഗം ജനിപ്പിക്കുന്ന കുറ്റാന്വേഷണ കഥപോലെ വായിച്ചു പോകാവുന്ന നോവലാണ് ദീപുവിന്റെ മുകിലൻ. ആധുനികകാലത്ത് പുതുക്കിയെഴുതുമ്പോൾ  ചരിത്രം ആധുനികപ്രബുദ്ധതാസങ്കല്പങ്ങളെകൂടി സ്വാംശീകരിച്ചുകൊണ്ട് പുതിയ ഭാവങ്ങൾ നേടും. അതുകൊണ്ട് മുകിലൻ പ്രതിസ്ഥാനത്തോ ഉമയമ്മ റാണിയും രാജകുടുംബവുമെല്ലാം നിഷ്കളങ്ക സ്ഥാനങ്ങളിലോ ഒന്നും അല്ല.  ചതിയും വഞ്ചനയും പ്രലോഭനവും എല്ലാം കൂടി കൂടിക്കുഴഞ്ഞുകിടക്കുന്ന അധികാരത്തിന്റെ പഴയ പ്ലെനിറ്റ്യൂഡിലേക്കുള്ള - നിധി കണ്ടെത്തലെന്ന പറുദീസയിലേക്കുള്ള - അന്വേഷണയാത്രയാണ് മുകിലൻ അനുഭവേദ്യമാക്കുന്നത്. അല്ലെങ്കിൽതന്നെ  മുകിലന്റെ നിധി സ്വന്തമാക്കിയ തിരുവിതാംകൂർ രാജാക്കന്മാരും ഇന്ത്യയിലെ നിധി പിന്നീട് കടത്തിയ ബ്രിട്ടീഷുകാരുംതമ്മിൽ വലിയ വ്യത്യാസമൊന്നും ഇല്ലല്ലോ എന്ന ആശയം നോവൽ സ്വീകരിക്കുന്നുമുണ്ട്.  ആറ്റിങ്ങലും തിരുവട്ടാറ്റും നെടുമങ്ങാടും അഞ്ചുതെങ്ങും മണക്കാടുമൊക്കെയായി പരന്നു കിടക്കുന്ന  ഭൂതകാലങ്ങളുടെ വാമൊഴി തോറ്റങ്ങളെ  കൈകാര്യം ചെയ്യുമ്പോൾ അവയിൽ ഒളിക്കുന്ന  ചരിത്രാംശങ്ങൾ നിരക്കെ ഉണ്ടാവുമെന്നത് വാസ്തവമാണ്. അവയെ വിശകലനത്തിനു വിധേയമാക്കിയാൽ പുതിയ പാഠങ്ങളുടെ വേറെയും നിലവറകൾ തുറന്നുകിട്ടിയേക്കും. അതിനുള്ള സാധ്യത മുകിലനിലുണ്ട്.  


അനുബന്ധങ്ങൾ

    1. 1934 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചിത്തിരതിരുന്നാൾ അധികാരമേറ്റയുടൻ നിലവറ തുറന്ന് കുറച്ചു വസ്തുവകകൾ മാറ്റിയതായി വിവരം കിട്ടിയതായും അനധികൃതമായി മാറ്റുന്ന നിധിയിരിപ്പുകളെപ്പറ്റി അന്വേഷിക്കാൻ വേണ്ട ഏർപ്പാടു ചെയ്യണമെന്നും ഒരു വാർത്തയുണ്ട്. ഹബീബുള്ളയാണ് അപ്പോൾ ദിവാൻ. 1880 -നു ശേഷം നിലവറ ആരും തുറന്നിട്ടില്ലെന്ന വാചിക പ്രചാരങ്ങളെ റദ്ദുചെയ്യുന്നതാണ് ഈ വാർത്ത.

   2.  സിദ്ധാർത്ഥൻ എന്നാണ് മുകിലനിലെ കേന്ദ്രകഥാപാത്രത്തിന്റെ പേര്. ചരിത്രം പ്രമേയമാകുമ്പോൾ ബുദ്ധൻ കൂടുതലായി നമ്മുടെ കഥകളിലേക്കും നോവലുകളിലേക്കും കടന്നു വരുന്നു. എസ് ആർ ലാലിന്റെ ‘ജയന്റെ അജ്ഞാതവാസം’ എന്ന നോവലിലിലെ പ്രധാന കഥാപാത്രം ഗൗതമനാണ്. പറഞ്ഞു വരുമ്പോൾ അതും നഷ്ടപ്പെട്ട പ്രതീകാത്മക നിധിയെപ്പറ്റിയുള്ള അന്വേഷണമാണല്ലോ. പേര് ജയൻ !

 

http://themaarga.com/mikilan-maarga

June 16, 2021

ദേവദാസിന്റെ നോവൽ : ഏറ്


 

അടുത്തു വായിച്ച നോവലുകളിൽ മികച്ച ഒന്നാണ് ദേവദാസിന്റെ ‘ഏറ്’. അജയ് പി മങ്ങാട്ട് ദേവദാസിന്റെ എഴുത്തിന്റെ ജാഗ്രതയെപ്പറ്റി പറയുന്നുണ്ട്.. ശരിയാണ് ഒരു പാഴ് വാക്കില്ല.. ഒരു വികലപ്രയോഗം ഇല്ല. ആശക്കുഴപ്പം ഇല്ല. ഏറുകൊള്ളുന്ന ഒരു വീടിനും അതിനകത്തെ ശ്രീധരന്റെ ഓർമ്മകൾക്കും അനുഭവങ്ങൾക്കും ചുറ്റുമായി കഥയുടെ ചരടുകൾ പിരിയുകയും അഴിയുകയും ചെയ്യുന്നു; ചരിത്രം കഥാഘടനയിൽ ഇഴചേർന്ന് കിടക്കുന്നു. എല്ലാം അങ്ങേയറ്റം സ്വാഭാവികമായിതന്നെ. ശൈലിയായും ഐതിഹ്യമായും ചരിത്രമായും രാഷ്ട്രീയ - സാമൂഹിക അനുഭവങ്ങളായും  ഏറുകളെപ്പറ്റിയുള്ള എണ്ണമറ്റ പരാമർശങ്ങൾ കല്ലുകടിയില്ലാതെ ആഖ്യാനത്തിൽ കടന്നുകൂടുന്നു.

കാലൻ ശ്രീധരനെപ്പോലെ പോലീസിൽനിന്ന് റിട്ടയറായശേഷം പൂർവകാല ഓർമ്മയുടെ കല്ലേറേറ്റ് കിടുങ്ങിക്കഴിയുന്ന കഥാപാത്രങ്ങൾ സമീപകാലത്ത് സോക്രട്ടീസ് വാലത്തിന്റെയും ഹരീഷിന്റെയും കഥകളിലൂടെ നമ്മൾ പരിചയപ്പെട്ടിട്ടുണ്ട്.  മുൻപും രാഷ്ട്രീയകഥകളെഴുതിയവരുടെ ഭാവനയിൽ അപഹാസ്യരായ നിഴൽ രൂപങ്ങളായി അവരുണ്ടായിരുന്നു. ഭൂതകാലം സ്വയം അവരെ അവരുടെ ക്ഷീണകാലത്ത് വേട്ടയാടുമെന്നും അവരോട്  പ്രതികാരം ചെയ്തുകൊള്ളുമെന്നും ഇരകളോട് താദാത്മ്യവും അനുഭാവവും ഉള്ളവർ കണ്ട  ഭാവനാലോകമായിരുന്നു അത്. അധികാരം എന്നായാലും തുലയാനുള്ളതാണെന്ന  പ്രത്യാശാഭരിതമായ കാൽപ്പനികസ്വപ്നം ഒരു തെറ്റല്ല. . ദേവദാസിൽ അത് കേവലമായ പ്രതികാരമാവുന്നില്ല. അയാൾ അയാളുടെ ഡ്യൂട്ടി ചെയ്യുകയായിരുന്നു. അതിനു വ്യവസ്ഥയും തൊഴിൽ- ജീവിതസാഹചര്യങ്ങളുമായാണ് കെട്ടുപാട്. മറ്റൊരാളിന്റെ ചെരുപ്പിൽനിന്നുകൂടി നോക്കാനായുന്നതിനാൽ ദേവദാസിന്റെ ഏറ്, വായനക്കാരെ അദ്ഭുതകരമായ രീതിയിൽ എറിയുന്നവനിലേക്കും എറി കൊള്ളുന്നവനിലേയ്ക്കും ഒരേസമയം വിന്യസിച്ചുകൊണ്ട് ഒരു താദാത്മ്യം സൃഷ്ടിക്കപ്പെടുന്നു. ശ്രീധരന് എറിയുന്നവൻ ആരാണെന്നറിയാനുള്ള കൗതുകം നോവലിന്റെ അവസാനം നഷ്ടപ്പെടുന്നതു സ്വാഭാവികമാണ്. ഉത്കണ്ഠാഭരിതമായ അന്വേഷണം അവസാനം ബൂമാറാങ്ങുപോലെ നമ്മളിൽ തിരിച്ചെത്തുമെന്നറിയുന്ന നിമിഷം, പ്രതിയെ കണ്ടു പിടിക്കാനുള്ള കൗതുകം കെട്ടടങ്ങും.  

പുറത്ത് മനസ്സിലാക്കുമ്പോലെയല്ല, ഏറ്  ഒരർഥത്തിൽ അദൃശ്യമായ തടവറയെ സാക്ഷാത്കരിക്കുകയാണ് ചെയ്യുന്നത്. ചാത്തനേറായാലും സമരക്കാരുടെ ഏറായാലും ചില്ലു മേടയിൽ നിന്നുള്ള ഏറായാലും പുലപ്പേടിയിലെ ഏറായാലും,  ഏറുകളുടെ പിന്നാമ്പുറ ലക്ഷ്യങ്ങളിൽ, ഇരയെ പുറത്തു ചാടിക്കുക എന്നതുപോലെ ഇരയെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന താക്കീതും ഉണ്ടെന്നു കാണാം. കാലൻ ശ്രീധരന്റെ അനുഭവങ്ങളെ ശ്രദ്ധിച്ചാൽ അതിലെല്ലാം ഓരോ ബ്ലോക്കുകൾ വന്നുപെടുന്നുണ്ട്. വണ്ടിയിൽനിന്നു വീഴുന്നു. അമേരിക്കയിൽ പോകാൻ പറ്റുന്നില്ല.. വീട്ടിലെ ഓടു മാറ്റിയിടാൻ പറ്റുന്നില്ല.. എറിയുന്നവനെ കണ്ടുപിടിക്കാൻ പറ്റുന്നില്ല.... ഇതും അയാൾ അനുഭവിക്കുന്ന ഒരു തരം ഏറാണല്ലോ. നല്ലതല്ലാത്ത ശകുനങ്ങൾകൊണ്ട് അധിഭൗതികമായ ഏറുകൾ ഏറ്റു വാങ്ങിയിരുന്ന ഒരു വിശ്വാസിസമൂഹം ഇപ്പോഴും ഉണ്ട്. വിധിവിഹിതങ്ങളിലുള്ള കടുത്ത വിശ്വാസത്തെ അജ്ഞാതമായ കേന്ദ്രങ്ങളിൽനിന്നു പുറപ്പെട്ടു വരുന്ന ഏറുകളായി പരിഗണിക്കാമെങ്കിൽ അമ്പലത്തിന്റെയും  വിഗ്രഹത്തിന്റെയും രാഷ്ട്രീയവിശ്വാസങ്ങളുടെയുമൊക്കെ പേരിലുള്ള  കലഹങ്ങളെയും കുത്തിക്കഴപ്പുകളെയും  അത്തരം ഏറുകളായി പരിഗണിക്കാവുന്നതാണ്.  ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് എന്ന നിലക്കുള്ള കേന്ദ്രീകരണം നഷ്ടപ്പെടുകയും ഏറുകളുടെ പ്രതിലോമകരമായ കലുഷത ജനാധിപത്യപരമായി സാക്ഷാത്കരിക്കപ്പെടുകയും ചെയ്യുന്ന വിചിത്രമായ അവസ്ഥയെ നോവൽ അഭിമുഖീകരിക്കുന്നുണ്ട് അവസാനം. മനുഷ്യരാശിയുടെ പിന്നോട്ടു നടപ്പിനെപ്പറ്റിയുള്ള ദുരന്തദർശനത്തിൽ കിടത്തിയാണ് നോവലിസ്റ്റ് കാലൻ ശ്രീധരനെ സ്വസ്ഥമായി ഉറക്കുന്നത്. ചങ്ങമ്പുഴ പൂവിന്റെ മന്ദസ്മിതത്തിൽ കിടന്നാണ് ഉറങ്ങിയതെന്ന് വിരുദ്ധോക്തിയായി ഓർത്തു നോക്കാവുന്നതാണ്.

ഫ്രോയിഡിന്റെ ഒരു വാക്യമാണ് ഏറിന്റെ ആമുഖമായി ദേവദാസ് നൽകുന്നത്. കല്ലേറിനു പകരം അപവാദവുമായി പുറത്തിറങ്ങിയ ആ  ആദ്യ മനുഷ്യനാണ് നാഗരികതയുടെ സ്ഥാപകൻ എന്ന വാക്യം ഏറിന്റെ പരിണാമ ചരിത്രത്തെ ഏറെന്ന നോവൽ തിരിച്ചിട്ട സാംസ്കാരിക രേഖയാക്കുന്നതെങ്ങനെ എന്നതിനെപ്പറ്റി ചില വെളിപാടുകൾ പങ്കുവയ്ക്കുന്നുണ്ട്. കെ ദാമോദരൻ, മനുഷ്യൻ എന്ന പുസ്തകത്തിൽ മനുഷ്യചരിത്രത്തെ ലൂയി എച്ച് മോർഗനെ ഉദ്ധരിച്ചുകൊണ്ട് സാവേജറി, ബാർബേറിസം, സിവിലൈസേഷൻ എന്നിങ്ങനെ മൂന്നായി തിരിക്കുന്നു. ഉത്പാദനശക്തിയെ അടിസ്ഥാനമാക്കിയാണ് തരം തിരിവ്. കല്ല് ആയുധമായിരുന്നത് കാടന്മാരുടെ കാലത്താണ്.. നാഗരികതയ്ക്കകത്തും മനുഷ്യർ സൂക്ഷിക്കുന്ന സാവേജറിയിലേക്ക് നോക്കാനുള്ള പഴുതൊരുക്കുകയാണ് നോവൽ ചെയ്യുന്നത്. അത് ഒരാളിന്റെ ഉള്ളിൽ മാത്രം കുടിയിരിക്കുകയും ഏറേറ്റ്  പുറത്തു വരികയും ചെയ്യുന്ന ഒന്നല്ല. നോവലിന്റെ അവസാനമുള്ള കൂട്ടക്കല്ലേറിലും അതു നടക്കുന്ന അന്ന് ചെളിയും കറയുംപറ്റിയ യൂണിഫോമിൽ  ഏറില്ലാതെ കാലൻ ശ്രീധരന്  അല്ലല്ലില്ലാതെ ഉറങ്ങാൻ കഴിയുന്നതിലും മനസ്സിനു പുറത്തേക്ക് ഒഴുകി മൂർത്തരൂപം പ്രാപിക്കുന്ന പ്രാകൃത വാസനകളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള നോട്ടപ്പാടുണ്ട്. അപ്പു നിരീക്ഷണ ക്യാമറയിൽ നിന്ന് എറിയുന്നവന്റെ രൂപം എടുത്തതായി അറിയിച്ചിട്ടും ശ്രീധരന് അതറിയാനുള്ള കൗതുകം നഷ്ടപ്പെടുന്നതായി അറിയിക്കുന്ന സൂചനയിൽ ഈ രണ്ടു വസ്തുതകളും ഉണ്ട്. 1. ഏറിന്റെ കർതൃത്വം ചരിത്രപരമായും രാഷ്ട്രീയമായും ഏതെങ്കിലും ഒരു വ്യക്തിയിൽ തറഞ്ഞു കിടക്കുന്നതല്ല. 2. പരിഷ്കാരത്തിന്റെ പുറം പകിട്ടുകൾക്കുള്ളിൽ ഭാവമാറ്റം കൂടാതെ സൂക്ഷിക്കുന്ന കിരാതമായ ആദിമത്വം രൂക്ഷമായ ഒരു യാഥാർഥ്യമായി നമുക്കു ചുറ്റും കുടിയിരിക്കുന്ന വാസ്തവമാണ്. ഏതു വാസ്തവപ്രസ്താവനയും - സിസി ടി വി ഫുട്ടേജും -  ഭാഗികയാഥാർഥ്യമേ ആകൂ എന്നതാണ് ആത്യന്തികമായ ദുഃസ്വപ്നം.  നോവലിൽ   ഏകപക്ഷീയമായ ദിശാബോധത്തോടെയുള്ള ക്രിയയാവുന്നില്ല ഏറ്. നോവലിനെ പ്രബോധനസ്വഭാവമുള്ള വാങ്മയമാകുന്നതിൽ നിന്ന് രക്ഷിക്കുന്നത് ഈ നോട്ടപ്പാടാകുന്നു.  മാനസികമോ ഭൗതികമോ ആയ സുഗമമായ  ഒരു യാത്രയെ തടഞ്ഞുകൊണ്ടും നടുക്കിക്കൊണ്ടും ഒരേറ് നമുക്കു പുറത്ത് എപ്പോഴും പാത്തിരിക്കുന്നുണ്ട്  എന്ന ഒരു മുന്നറിപ്പായിട്ടാണ് നോവൽ നിൽക്കുന്നത്. സ്വസ്ഥമായി കിടന്നുറങ്ങുന്നതിനും (ഉദാസീനത)  പുറത്തിറങ്ങുന്നതിനും  (സക്രിയത) ഇടയിലെവിടെയോ കൊള്ളിക്കാനുള്ള ഒരേറായി അത് വായനയിൽ (വായനയ്ക്കു ശേഷവും)  തലയ്ക്കു ചുറ്റുമായി മൂളിപ്പറക്കുന്നതി നു കാരണം മറ്റൊന്നല്ല. 

http://themaarga.com/