February 2, 2021

ആത്മകഥകൾ

 

ചിത്രം : വെള്ളിയാങ്കല്ല് page

കൊല്ലത്തെ രചനാബുക്സ് അടുത്തടുത്ത് പുറത്തിറക്കിയ രണ്ടു പുസ്തകങ്ങളാണ് ഈ വി കൃഷ്ണപിള്ളയുടെ ‘ജീവിതസ്മരണകളും’ മൊയാരത്ത് ശങ്കരന്റെ ‘എന്റെ ജീവിതകഥയും’. (മാതൃഭൂമി ആത്മകഥയെന്ന പേരിലാണിത് പുറത്തിറക്കിയത്) ഈ വി 1894 ൽ ജനിച്ചു. നാല്പത്തിനാലാമത്തെ വയസ്സിൽ,  1938 -ൽ മരിച്ചു. തിരുവിതാംകൂറായിരുന്നു പ്രവർത്തന മണ്ഡലം. കൂടാതെ   പ്രേമാമൃതം ഉൾപ്പടെയുള്ള നോവലുകൾ പകർത്തിയെഴുതി സഹകരിക്കുകയും സി വി രാമൻ പിള്ളയുടെ മകളെ വിവാഹം കഴിക്കുകയും പ്രഹസനങ്ങളിലും നാടകങ്ങളിലും അഭിനയിക്കുകയും മാത്രമല്ല കൊട്ടാരവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥവൃന്ദവുമായും  ആ വഴി അവിടത്തെ ഉപജാപങ്ങളുമായും അടുത്ത ബന്ധം പുലർത്തുകയും ചെയ്തുവന്നു. സാംസ്കാരികമായിരുന്നു അദ്ദേഹത്തിന്റെ മേഖല. മൊയാരത്ത്  1921 ലെ മലബാർ ലഹളയുടെ നേർസാക്ഷി  എന്ന നിലയ്ക്ക് പ്രസിദ്ധനാണ്. അതുമാത്രമല്ല കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് രക്തസാക്ഷിയും. അദ്ദേഹത്തിന്റെ ആത്മകഥ, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ രാഷ്ട്രീയപ്രവർത്തകന്റെ സത്യസന്ധമായ ജീവിതരേഖകൂടിയാണ്. രാഷ്ട്രീയമാണ് അദ്ദേഹത്തിന്റെ മേഖല. 1885 ലാണ് അദ്ദേഹം ജനിച്ചത്. 1948 ൽ കൊലചെയ്യപ്പെട്ടു. മൊയാരത്തിന്റെ പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത് 1965 ലാണ്. ഈ വി കൃഷ്ണപിള്ളയുടെത് 1947 ലും (ഈ വിവരങ്ങളൊന്നും പുസ്തകത്തിലുള്ളതല്ല.)

രണ്ട് ആത്മകഥകളിലും കവിതകൾക്ക് പ്രാധാന്യമുണ്ട്. പഠിതാക്കളുടെ പ്രധാന ജ്ഞാനപ്രകാശനമാർഗമായിരുന്നു അത്. അതുപോലെ തിരുവിതാംകൂർ സ്മരണകളിൽ സി വി രാമൻ പിള്ളയും ഉള്ളൂരിനെയും കോയിത്തമ്പുരാനെയുമൊക്കെ നേരിൽ കാണാവുന്നതുപോലെ തലശ്ശേരി സ്മരണകളിൽ ചന്തുമേനോനെയും വേങ്ങയിൽ കുഞ്ഞിരാമൻ നയനാരെയും കാണാം.

പക്ഷേ കാവ്യനീതിപോലെ ഈ രണ്ടു ആത്മകഥകളും കേരളത്തിന്റെ രണ്ടറ്റത്തുള്ള ‘ഒരു ജാതിവിഭാഗം’ ആൾക്കാരുടെ ജീവിതത്തെ കുറിക്കുകകൂടി ചെയ്യുന്നതാണ് കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ നായർ സമുദായത്തിന്റെ ജീവിതത്തെ. (മൊയാരത്തിന്റെ പുസ്തകത്തിൽ നമ്പ്യാർമാരും മേനോൻമാരുമായി മാറുന്നുണ്ടെങ്കിലും ഫലത്തിൽ ഇടനില വർഗമായിട്ടാണ് നായർജാതി വരുന്നത്) അവർക്ക് ഇതരസമുദായവുമായുള്ള ബന്ധത്തിന്റെയും രസക്കേടുകളുടെയും ജീവിതാനുഭവങ്ങളാണ് ഈ പുസ്തകങ്ങൾ പറയുന്നത്. തിരുവിതാം കൂറിലെ പ്രതിപക്ഷം തമിഴ് ബ്രാഹ്മണരായിരുന്നെങ്കിൽ, മലബാറിൽ ഈഴവരാണ്. തിരുവിതാംകൂറിലെ ബ്രാഹ്മണമേധാവിത്വത്തിന്റെ സ്വഭാവമല്ല  മലബാറിലെ ഈഴവ പ്രാമാണിത്തത്തിനുള്ളത്. ആദ്യത്തേത് അധീശത്വത്തിന്റേതാണെങ്കിൽ, രണ്ടാമത്തേത് പ്രതിരോധത്തിന്റേതായിരുന്നു. മൊയാരത്തിൽ കൂടുതൽ ജാതിവിഭാഗങ്ങളുമായുള്ള ഇടപഴകൽ വ്യക്തമാണ്. മുസ്ലീം ഹിന്ദു മൈത്രിയെ അദ്ദേഹം പലയിടത്തും ആഘോഷിക്കുന്നുണ്ട്. ഒരു പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയബോധംകൊണ്ടാവാം. എന്നാൽ ഈ വിയിൽ അടഞ്ഞ ഇടപഴകൽ സമൂഹമാണുള്ളതെന്നും കാണാം. തിരുതാംകൂറിലെ ക്രൈസ്തവരെപ്പറ്റി അത്ര നല്ല അഭിപ്രായമല്ല പൊതുവേയുള്ളത്, അവരിൽ ചിലർ ഈ വിയുടെ കൂട്ടുകാരായിരുന്നുവെങ്കിലും.

അരുവിപ്പുറത്ത് നാരായണഗുരു പ്രതിഷ്ഠിച്ചത്, ഈഴവശിവനെയായിരുന്നു എന്നു പറഞ്ഞിട്ടില്ലെന്ന് ഒരു വാദമുണ്ട്. തലശ്ശേരിയിൽ മണന്തല നീലകണ്ഠൻ മൂസ്സതുമായി നടത്തിയ വാദപ്രതിവാദത്തിൽ “ശരി ശാസ്ത്രങ്ങളെല്ലാം  സമ്മതിക്കാം, പക്ഷേ നാം ഒരു ഈഴവശ്ശിവനെ- തീയ്യശ്ശിവനെ-യാണല്ലൊ പ്രതിഷ്ഠിക്കുന്നത്. അതു പാടില്ലെന്ന് ഈ ശാസ്ത്രങ്ങളിലെങ്ങാൻ പണ്ഡിതന്മാർ കണ്ടുവോ?” എന്നു ചോദിച്ചു മൂസ്സതിന്റെ വായടച്ചതിന്റെ ഒരു വിവരണമുണ്ട് പുസ്തകത്തിൽ. അതു കേട്ടുകൊണ്ടിരുന്ന വിദ്യാർത്ഥികളായ ഞങ്ങൾ പൊട്ടിച്ചിരിച്ചെന്നും സ്വാമികൾ കൈകൊണ്ട് ഞങ്ങളെ വിലക്കിയെന്നും മൊയാരത്ത് എഴുതുന്നു.  നാരായണഗുരുവിനെപ്പറ്റി പ്രദീപൻ പാമ്പിരിക്കുന്ന് എഡിറ്റു ചെയ്ത പുസ്തകത്തിലെ (നാരായണ ഗുരു പുനർവായനകൾ) ഒരു  ലേഖനത്തിൽ ഡോ. കെ എം അനിൽ  ‘ഈഴവശിവപ്രതിഷ്ഠ തലശ്ശേരിയിൽ ചെയ്ത കാര്യമാണ് ഗുരു പറയുന്നതെന്നും ഈ സംഭാഷണമാണ് അരുവിപ്പുറത്തെ പ്രതിഷ്ഠയുമായി കൂടിക്കുഴഞ്ഞ് പ്രചരിച്ചതെന്നുമുള്ള’ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു പ്രധാനകാര്യം,   മിതവാദി കൃഷ്ണനെയും മൂർക്കോത്ത് കുമാരനെയും കോൺഗ്രസ്സിന്റെ എതിർ ചേരിയിൽ നിന്നവരായിരുന്നു എന്ന് വിവരിച്ചുദാഹരിക്കുന്നതാണ്. കോൺഗ്രസ്സിന്റെ നിസ്സഹകരണപ്രസ്ഥാനത്തെ (സഹകരണത്യാഗം എന്നാണ് പുസ്തകത്തിൽ) എതിർക്കുന്നതിനു മാത്രമായിരുന്നത്രേ അന്ന് മിതവാദി പത്രം ഇറങ്ങിയിരുന്നത്. ആദ്യകാലകഥാകൃത്തും സാമൂഹികപരിഷ്കർത്താവുമായിരുന്ന മൂർക്കോത്ത് കുമാരൻ ഗജകേസരി പത്രത്തിന്റെ പത്രാധിപരുമായിരുന്നു. (കേരളകേസരിയെന്ന മൊയാരത്തിന്റെ പത്രത്തിന്റെ നേരെ എതിരായിരുന്നു ഈ ഗജകേസരി. ) ആശാനുശേഷമുള്ള - രണ്ടാമത്തെ - SNDP സെക്രട്ടറിയും. വടകര പാറമേൽ സ്കൂളിൽ വച്ച് കൂടിയ തിയ്യസമുദായ യോഗത്തിൽ മൂർക്കോത്ത്, കോൺഗ്രസ്സിനെ കഠിനമായി ആക്ഷേപിച്ചതിന്റെ ഫലമായി ആളുകൾ മൊയാരത്ത് പോകുമ്പോൾ ‘കിലാപ്പത്ത്, കിലാപ്പത്ത്‘ എന്നു വിളിച്ച് കളിയാക്കിയ കാര്യം ഇതിൽ പറയുന്നുണ്ട്. കാരണം മൂർക്കോത്ത് കുമാരന്റെ പ്രസംഗമാണ്.

“കോൺഗ്രസ്സ് നമ്മളെ തൊട്ടാൽ കുളിക്കുന്നവരുടെ സംഘടനയാണ്. അധികാരം കിട്ടിയാൽ നാടിനെ ഭരിക്കുന്നത് ഉയർന്ന ജാതിക്കാരായിരിക്കും. അപ്പോൾ തീയനെ ചെരിപ്പിട്ട് നടക്കാനോ  പട്ടുക്കുട ചൂടാനോ എഴുത്തു പഠിപ്പിക്കാനോ അനുവദിക്കില്ല. നമ്മളെ നന്നാക്കിയതു ബ്രിട്ടീഷുകാരാണ്. നമുക്ക് ഒരൊറ്റ വ്യാപാരമാണുള്ളത്. കള്ളുണ്ടാക്കി വിൽക്കുക. അതിനു കോൺഗ്രസ് എതിരാണ്. കള്ളുഷാപ്പു നടത്തി പലരും പൈസ സമ്പാദിച്ചു കാണുന്നതിലുള്ള കണ്ണുകടിയാണിത്. ഇന്ത്യയിൽ അധഃകൃതരുടെ ഏകബന്ധുവായ ബ്രിട്ടീഷുഭരണത്തെ അവസാനിപ്പിക്കുവാൻ ശ്രമിക്കുന്ന കോൺഗ്രസ്സിനെ എതിർക്കുന്നത് നമ്മുടെ കടമയാണ്..” - ഇതാണ്  പ്രസംഗത്തിന്റെ ചുരുക്കം. മാത്രമല്ല നിസ്സഹകരണപ്രസ്ഥാനത്തെ പൊളിക്കാനുള്ള പ്രചാരണത്തിന് കളക്ടർ കുറേ പ്രാസംഗികരെ രഹസ്യമായി പണം കൊടുത്ത് നിയമിച്ചിരുന്നു. അതിലൊരാളാണ് മൂർക്കോത്ത്, അതയാളുടെ സമുദായക്കാർ  അറിഞ്ഞില്ലായിരിക്കാം എന്നും മൊയാരത്ത് പറയുന്നു.

മറ്റൊരു വിവരം വിദ്യാഭ്യാസത്തെ സംബന്ധിക്കുന്നതാണ്, നാലിലും അഞ്ചിലും പഠിക്കുന്ന കുട്ടികൾ പാനൂർ സ്കൂളിൽ വച്ച് ഒരു കോടതി നടത്തിയത്രേ. വാദപ്രതിവാദസഭയാണ് ഈ കോടതി. മൂന്നുമാസം തുടർച്ചയായി അതു നടന്നപ്പോൾ വിവരം കിട്ടിയ മാസ്റ്റർമാർ ഒരാഴ്ചയോളം പഠിപ്പു നിർത്തുകയും വിസ്തരിച്ചു തെളിവെടുക്കുകയും പങ്കെടുത്തവർക്ക് വിഹിതം പോലെ 8 മുതൽ 12 അടിവരെ വിധിക്കുകയും ചെയ്തു. വിപ്ലവകരമായ ദുസ്സ്വാതന്ത്ര്യമായിട്ടാണ് ഇതിനെ അവർ കണക്കാക്കിയത്. അതോടെ സ്കൂളിലെ ആര്യബാലകസമാജവും നിർത്തൽ ചെയ്തുവെന്ന്..

നാലും അഞ്ചും ക്ലാസിൽ പഠിക്കുന്ന കുട്ടികൾ തർക്കസഭസ്വന്തം നിലക്ക് നടത്തുക അതുകണ്ട് അദ്ധ്യാപകർ ഭയപ്പെടുക. നിരോധനവും അടിയും സസ്പെൻഷനും നടത്തുക. എന്തായിരുന്നു ആ കാലം.. അദ്ധ്യാപകരുടെ പേടിയെപ്പറ്റിയല്ല, പൊടിപിള്ളാരുടെ തർക്കസഭയെപ്പറ്റിയാണ്. എവിടെ പോയി ആ സ്കൂൾ കുട്ടികൾ?



1 comment:

ഷൈജു.എ.എച്ച് said...

വളരെ വൈകിയാണ് ഇങ്ങോട്ടു എത്തിപ്പെട്ടത്. ബ്ലോഗ് കാണുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.ഇടക്ക് സന്ദർശിച്ചു അഭിപ്രായങ്ങൾ അറിയിക്കാം.അഭിനന്ദനങ്ങൾ നേരുന്നു...ആശംസകളോടെ...