സലീം കുമാറിന്റെ മുഖചിത്രമുള്ള മാധ്യമം ആഴ്ചപ്പതിപ്പിലാണ് വി ഡി സതീശൻ പൂക്കി മുഖ്യമന്ത്രിയാവുന്നതിലെ രാഷ്ട്രീയം എന്താണെന്ന് അന്വേഷിച്ചുകൊണ്ട് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആൽവിൻ അലക്സാണ്ടർ എഴുതിയ ‘പൂക്കി GenZ കരങ്ങളാലേ.. ’ എന്ന ലേഖനം ‘സംവാദം‘ എന്ന ലേബലിൽ പ്രസിദ്ധീകരിച്ചുവന്നത്.
സംവാദമല്ലേ അതിൽ പങ്കെടുക്കാമെന്നു വിചാരിച്ച് എഴുതിവച്ചതാണ് ഇത്. കാലികമായ രാഷ്ട്രീയത്തെ ജെൻസിയുടെ സമീപനരീതികളും അന്തർഗതങ്ങളുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്നുവെങ്കിലും രാഷ്ട്രീയകാര്യങ്ങളിൽ പൊതുവേ പ്രബുദ്ധസമൂഹം സ്വീകരിക്കുന്ന യാഥാസ്ഥിതികമനോഭാവം ഏതൊക്കെയോ ഘടകങ്ങളിൽ ഒളിയാതെ തെളിഞ്ഞുതന്നെ ഇതിൽ വ്യക്തമാകുന്നുവെന്നാണ് തോന്നിയത്. അതേസമയം എൻ പി സജീഷിന്റെ മാതൃഭൂമിയിലെ ലേഖനം ഈ വിഷയത്തെ അതിന്റെ മേഖലയിൽനിർത്തി പരിശോധിക്കുമ്പോൾ പശ്ചാത്തലമാകെ മാറുന്നു.
മുഖ്യമന്ത്രി പൂക്കിയാവുന്നതിലെ രാഷ്ട്രീയം അന്വേഷിച്ചുകൊണ്ട് ആൽവിൻ അലക്സാണ്ടർ എഴുതിയ ലേഖനം ‘പൂക്കി Gen Z കരങ്ങളാലേ... ’ (29:1477) ഭരണാധികാരിയും സമൂഹത്തിലെ പുത്തൻ തലമുറയും തമ്മിലുള്ള അകലം കുറയുന്നതിന്റെ ജനാധിപത്യവിവക്ഷകളേക്കാൾ വ്യക്തിപരമായ ആശങ്കകൾ
പങ്കുവയ്ക്കുന്ന ഒന്നായാണ് അനുഭവപ്പെട്ടത്. അതാവട്ടെ, പരമ്പരാഗതമായ രാഷ്ട്രീയ ജാർഗണുകളെകൂട്ടുപിടിച്ചുകൊണ്ട് യാന്ത്രികമായ വാദങ്ങളിലൂന്നിനിന്നുകൊണ്ടുള്ളതും. പുതിയതൊന്നും ശരിയല്ലെന്ന സാമ്പ്രദായികമായ വിശ്വാസത്തെ മുറുകെപ്പിടിച്ചുകൊണ്ട് ‘വേണ്ടത്ര ചരിത്രപരിചയമോ രാഷ്ട്രീയബോധമോ’ കൈമുതലായില്ലാത്ത പുതിയ തലമുറയുടെ വൈകാരികമായ ഉപഭോഗപ്രവണതയും കളിയാട്ടവുമൊക്കെയായാണ് നവമാധ്യമങ്ങളിലെ പുതിയ തലമുറ രൂപപ്പെടുത്തിയ ‘പൂക്കി സി എം’ എന്ന പദചേരുവയെ ലേഖകൻ കാണുന്നത്. ഭരണാധികാരിയോടുള്ള വൈകാരികമായ അടുപ്പം വലിയ അപകടമാണെന്ന് സ്ഥാപിക്കാനും
ലേഖകൻ ശ്രമിക്കുന്നുണ്ട്. (‘ഉത്തരവാദിത്തമില്ലാത്ത വൈകാരിക അടുപ്പം രാഷ്ട്രീയസംസ്കാരത്തിനു അപകടകരമാണ്’) ലേഖനത്തിന്റെ മുക്കാൽ പങ്കും ചെലവഴിച്ചിരിക്കുന്നത് ഈ കാര്യത്തെ ആവർത്തിച്ചുറപ്പിക്കാനാണ്. കോക്രോച്ച് ജനതാപാർട്ടിയുടെ കാര്യത്തിലും യാന്ത്രിക-യാഥാസ്ഥിതിക രാഷ്ട്രീയവാദങ്ങളെടുക്കുന്ന നിലപാടിനോട് യോജിച്ചു പോകുന്ന ഒന്നാണിതും.
പിൻവാതിൽ നിയമനത്തിനും വഴിവിട്ട അഴിമതിക്കുംവേണ്ടിയുള്ള വ്യക്തിപരമായ അടുപ്പവും ഭരണാധികാരിയും ഭരണീയരും തമ്മിലുള്ള അകലം ഇല്ലാതാക്കുന്ന വൈകാരിക അടുപ്പവും രണ്ടു കാര്യങ്ങളാണ്. ലേഖകൻ കാണാൻ കൂട്ടാക്കുന്നില്ലെങ്കിലും രണ്ടാമത്തേതിൽ രാഷ്ട്രീയബോധത്തിന്റെ ഘടകങ്ങളും സന്നിഹിതമാണ്. പുതുതലമുറയുമായി ഭരണാധികാരികൾക്ക് അടുപ്പമുണ്ടാവുകയും അവരെ കേൾക്കാനും മനസിലാക്കാനും തയാറാവുകയും അവർക്ക് (അവർക്കെന്നല്ല ‘മൈനോരിറ്റേറിയ’നായ ഏതു വിഭാഗത്തിനും) വൈകാരികമായി സുരക്ഷിതത്വം അനുഭവപ്പെടുന്ന സാഹചര്യം ഉണ്ടായി വരികയും ചെയ്യുകയാണെങ്കിൽ അത് പ്രത്യയശാസ്ത്രത്തിന്റെ അപഹരണമല്ല, മറിച്ച് ജനാധിപത്യബോധത്തിന്റെ പുതുക്കലാണെന്ന് തിരിച്ചറിയലായിരിക്കും കുറച്ചുകൂടി സമീചീനമായ കാഴ്ചപ്പാട്. ലേഖകൻ ഉദ്ധരിക്കുന്ന ഫ്രോയിഡ്, ഹന്ന ആരന്റ്, ഫ്രെഡ്രിക് ജെയിംസൺ, മാർത്താ നുസ്ബൗം എന്നിവരുടെ നിരീക്ഷണങ്ങൾ ഒന്നിച്ചെടുത്താൽതന്നെ ഇക്കാര്യത്തിൽ അവരുടെ വീക്ഷണങ്ങൾക്കുള്ള വ്യത്യസ്തതകൾ ലേഖനത്തിലെ ആശയങ്ങളെ എങ്ങനെ വൈരുദ്ധ്യാത്മകമായി പരിചരിക്കുന്നുവെന്നു മനസിലാകും.
സമൂഹത്തിന്റെ അടിച്ചമർത്തപ്പെട്ട ചോദനകളും വികാരങ്ങളും ഉദാത്തീകരിക്കപ്പെട്ട നിലയിൽ സാമൂഹികമായി ആവിഷ്കാരം നേടുന്നത് വിപത്തല്ല. ചരിത്രത്തിന്റെ വൈരുദ്ധ്യങ്ങളും സമകാലിക യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാനുള്ള സാമൂഹികമായ അബോധനിർമ്മിതികളും അബദ്ധമോ അഹിതങ്ങളോ അല്ല. വിമർശനചിന്തയില്ലായ്മ തിന്മയാണെങ്കിൽത്തന്നെ സമൂഹത്തിന് ഭരണാധികാരിയു (കളുമായി) മായുണ്ടാകുന്ന വൈകാരിക അടുപ്പം അന്ധബിന്ദുവൊന്നുമല്ല. അതൊരു തലമുറയും വിഭാഗവുമാകുമ്പോൾ അതിനു സാമൂഹികചലനത്തിനുള്ള ഭൗതികശക്തിയാകാനുള്ള ശേഷിയും കൈവരുന്നുണ്ട്. ധാർമ്മികതയ്ക്കും നീതിയ്ക്കും അവശ്യംവേണ്ട വികാരങ്ങളുടെ ഒത്തൊരുമയെപ്പറ്റി പറഞ്ഞ മാർത്ത നുസ്ബൗമിന്റെ ‘വൈജ്ഞാനികവിധിന്യായ’ നിരീക്ഷണത്തെ ഈ അർത്ഥത്തിലും കാണാവുന്നതാണ്. സഹാനുഭൂതിയും സഹഭാവവും അനുകമ്പയും മാത്രമല്ല രോഷവും വാത്സല്യവും പ്രണയവുമെല്ലാം സാമൂഹികമാറ്റത്തിനുള്ള ഉത്പ്രേരകങ്ങളായും പ്രവർത്തിച്ചുണ്ടെന്നറിയാൻ നമ്മുടെ സാംസ്കാരികപ്രമാണങ്ങൾത്തന്നെ ഉദാഹരണങ്ങളായി മുന്നിലുണ്ടല്ലോ.
ജെൻസിയുടെ വൈകാരികത, ഭരണകൂടത്തിനെതിരെയുള്ള വിമർശനാത്മക ചിന്ത എന്നിവയെ വിപരീതദ്വന്ദ്വങ്ങളായി അവതരിപ്പിക്കുന്ന ലേഖകന് കർത്തൃസ്ഥാനങ്ങളെ നിർണ്ണയിക്കുന്നതിൽ വന്ന പാകപ്പിഴയും ഈ വൈരുദ്ധ്യത്തിന്റെ ഭാഗമാണ്.
സാമൂഹികമായ പൊരുത്തക്കേടുകളുമായുള്ള അനുരഞ്ജനത്തിനുള്ള നിർബന്ധം ഭരണകൂട പക്ഷത്തുനിന്നു വരുമ്പോഴാണോ, പൗരസമൂഹത്തിന്റെ പക്ഷത്തുനിന്നുണ്ടാകുമ്പോഴാണോ കുഴപ്പമായിത്തീരുന്നത് എന്നൊരു പ്രശ്നമുണ്ട്. ഭരണകൂടത്തിനെതിരെ നിതാന്തവിമർശനവും നയങ്ങൾക്കെതിരെ ജാഗ്രതയും സമൂഹപക്ഷത്തിനു വേണ്ടതാണ്. എന്നാൽ ജെൻസി എന്നൊരു വിഭാഗത്തെ പ്രതിസ്ഥാനത്തു നിർത്തി, അവരുണ്ടാക്കിയ വാക്കിന്റെ പശ്ചാത്തലത്തിൽ അവരെന്താണ് ചെയ്യേണ്ടതെന്ന് ഉപദേശിക്കാനും അവർക്കു ശരിയായ മാർഗം കാണിച്ചുകൊടുക്കുന്ന പ്രഘോഷണത്തിനും മുതിരുകയും ചെയ്യുമ്പോൾ അതൊരു യാന്ത്രിക പഠനക്ലാസിന്റെയും ലഘുലേഖവിതരണത്തിന്റെയും പരമ്പരാഗത രൂപം കൈയാളുന്നു. ഫ്രെഡ്രിക് ജയിംസണെ കൂട്ടുപിടിച്ച് അതും അബോധരാഷ്ട്രീയത്തിന്റെ സാംസ്കാരികരൂപംതന്നെയാണെന്ന് വാദിക്കാവുന്നതേയുള്ളൂ.
പാരമ്പര്യാധിഷ്ഠിതസമൂഹത്തിന്റെ കെട്ടുകൾ ഒട്ടും അയവില്ലാതെ തുടരുന്ന കേരളം, പുതുതലമുറയെ കേൾക്കാൻ വളരെ കുറച്ചു കാതുമാത്രമേ നൽകിയിട്ടുള്ളു എന്നതൊരു വസ്തുതയാണ്. ഏതുനിലയ്ക്കും ചീത്തയായിപോകാവുന്ന കുട്ടികളെപ്പറ്റിയുള്ള വൃദ്ധസമൂഹത്തിന്റെ കാലം തെറ്റിയ ആശങ്കകളാണ് നമ്മുടെ ആഖ്യാനങ്ങളിൽ ബഹുഭൂരിപക്ഷവും. വാസ്തവത്തിൽ പല പ്രാവശ്യം ലേഖകൻ ആവർത്തിക്കുന്ന ഒരു ‘പൂക്കി സി എം സംസ്കാരം’ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ കേരളത്തിൽ നിലവിൽ വന്നു കഴിഞ്ഞോ? പത്രസമ്മേളനത്തിൽ വാഹനങ്ങളുടെ
മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കൗമാരക്കാരനായ കുട്ടി ചോദിച്ച ചോദ്യത്തിനു പ്രതികരണമായി വി ഡി സതീശന്റെ മുഖത്തു തെളിഞ്ഞ ഭാവമാണ് സാമൂഹികമാധ്യമങ്ങളിൽ ‘പൂക്കി സി എം’ വിശേഷണത്തിനു അടിസ്ഥാനമായി മാറിയത്. അതിനൊരു മറുവശംകൂടിയുണ്ട്. സാമൂഹികമാധ്യമങ്ങളിൽ രാഷ്ട്രീയ എതിരാളികൾ ‘മേനോൻ’ എന്ന വാക്കു പൂക്കിയോടൊപ്പം കൂട്ടിച്ചേർത്ത് നേരെ വിരുദ്ധമായ ‘സംസ്കാരം’ പൂക്കിയുടെ ചെലവിൽത്തന്നെ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.
ജെൻസിയുടേത് വൈകാരിക അടുപ്പമാണെങ്കിൽ ഇത് വൈകാരികവിദ്വേഷമാണ്. ലേഖകൻ അവകാശപ്പെടുമ്പോലെ ‘പൂക്കിസംസ്കാരം’ നിലവിൽവന്നു കഴിഞ്ഞെങ്കിൽ അതിന്റെ
ബദൽപദമായി ഉപയോഗിക്കുന്ന ‘പൂക്കി മേനോൻ’ സംസ്കാരത്തെയും ചേർത്തുവച്ചുള്ള ചർച്ചയാവും കൂടുതൽ കൃത്യം.
ചരിത്രത്തിൽ അതതുകാലത്തെ ‘ജെൻസികൾ ഭരണാധികാരികളോട് ചിലതെല്ലാം ആവശ്യപ്പെടുകയും അവരതിനെ വൈകാരികമായി സ്വീകരിക്കുകയും ചെയ്ത പല കഥകളുമുണ്ട്. എബ്രഹാം ലിങ്കൻ താടി വയ്ക്കുകയാണെങ്കിൽ അദ്ദേഹത്തെ കാണാൻ കൂടുതൽ ഭംഗിയുണ്ടാവുമെന്നും തന്റെ വീട്ടിലുള്ളവരെല്ലാം അദ്ദേഹത്തിനു വോട്ടു ചെയ്യുമെന്നും കത്തെഴുതിയ 11 കാരിയായ ഗ്രേസ് ബിഡലിന്റെ കഥ രണ്ടു നൂറ്റാണ്ടു മുൻപുള്ളതാണെങ്കിൽ (1860) ആളുകൾ തമ്മിൽ വഴക്കിടുന്നതൊഴിവാക്കാൻ, ബരാക് ഒബാമയ്ക്ക് ‘കാം ഡൗൺ പോസ്റ്റർ’ ആശയം നൽകിയത് കോഫി എന്ന കുട്ടിയാണ് 2014-ൽ. ശീതയുദ്ധത്തിന്റെ നിഴലിലായിരുന്ന അമേരിക്കയുടെയും റഷ്യയുടെയും സംഘർഷത്തിന്റെ മഞ്ഞുരുകാൻ, പത്തുവയസ്സുകാരി സാമന്തസ്മിത്ത് റഷ്യൻ പ്രസിഡന്റായിരുന്ന യൂറി ആന്ത്രോപോവിനു അയച്ച കത്ത് കാരണമായിട്ടുണ്ടെന്നൊരു കഥയുണ്ട്. ‘ആണവയുദ്ധം ഇല്ലാത്ത ലോകത്ത് സമാധാനം പുലർത്താൻ താങ്കൾ എന്താണ് ചെയ്യാൻ പോകുന്നത്? എന്നായിരുന്നു അവൾ ചോദിച്ച ചോദ്യം. നെഹ്രുവിന് കുട്ടികളോടുള്ള അടുപ്പത്തിലും (ചാച്ചാജി) അദ്ദേഹം കോട്ടിൽ സ്ഥിരമായി ചൂടിയിരുന്ന പൂവിനു പിന്നിലും ഒരു കുട്ടി നൽകിയ സ്നേഹസമ്മാനത്തിന്റെ അനുസ്മരണമുണ്ടെന്നൊരു കേട്ടുകേൾവിയുണ്ട്.
അങ്ങനെ വ്യക്തിപരമായ വൈകാരികതയും കുട്ടികളും (പുതുതലമുറയും) അവരുടെ ലളിതമായ പ്രശ്നപരിഹാരനിർദ്ദേശങ്ങൾകൊണ്ടുതന്നെ പല തരത്തിൽ രാഷ്ട്രീയ തീരുമാനങ്ങളെ മാറ്റിമറിച്ചിട്ടുണ്ട്. കോക്രോച്ചു ജനതാപാർട്ടിയുടെ അഞ്ചിന നിർദ്ദേശങ്ങളും വളരെ ലളിതമാണ്! അധികം ദൂരം പോകേണ്ടതില്ല, കേരളത്തിൽത്തന്നെ അച്യുതാനന്ദനെ 'We Yes' എന്ന് ഉറക്കെ പറഞ്ഞ് സ്വാഗതം ചെയ്തത്, പുത്തൻ തലമുറയാണ്. 2020-ൽ തുടങ്ങി ക്രമമായി അർത്ഥവികാസം വന്ന ജെൻസി സ്ലാങ്ങാണ് പൂക്കി. 2024 എത്തിയപ്പോഴേക്കും ‘കുഞ്ഞോമന, പ്രിയപ്പെട്ട’ തുടങ്ങിയ വ്യക്തിപരമായ അർത്ഥങ്ങളിൽനിന്ന് അതു പിന്തുടരുന്ന സമൂഹത്തിലേക്കും (പൂക്കി ബെയേഴ്സ്) ദേശത്തിന്റെ നിർവചനത്തിലേക്കും (പൂക്കി നേഷൻ) വികസിച്ചു. ഇക്കാലത്തായിരുന്നെങ്കിൽ പൂക്കിയെന്നുതന്നെ അച്യുതാനന്ദനും വിശേഷിപ്പിക്കപ്പെടുമായിരുന്നു ന്യായമായും വിചാരിക്കാം.
ജനാധിപത്യസംവിധാനത്തിന്റെ സാരാംശം ഉൾക്കൊണ്ടുകൊണ്ടു മുതിർന്നു വരുന്ന ഒരു തലമുറ, തങ്ങളുടെയുംകൂടി പ്രതിനിധിയായ ആളെ ചേർത്തുപിടിക്കുന്നതിനു സമാനമാണ്. അകലം കുറയൽ പ്രക്രിയയിലുള്ള രാഷ്ട്രീയവും പ്രധാനമാണ്. അതാണെല്ലാം എന്നു കരുതേണ്ടതില്ല. അതിൽ വിമർശനമുണ്ടോ നയപരിപാടികളുണ്ടോ രാഷ്ട്രീയതന്ത്രമുണ്ടോ ബജറ്റു വിശകലനമുണ്ടോ എന്നു നോക്കുന്നതിനു പകരം അതിനും രാഷ്ട്രീയത്തിൽ ചിലതെല്ലാം നിർവഹിക്കാനുണ്ടെന്നുകരുതുന്നതായിരിക്കും ഉചിതം.
.jpeg)
No comments:
Post a Comment