1883 മാർച്ച് 13-നാണ് കാൾ മാർക്സ് മരിക്കുന്നത്. അതിനു മുൻപുള്ള രണ്ടു വർഷം മാർക്സ് ചെയ്തതും പറഞ്ഞതുമായ കാര്യങ്ങളെ വളരെ സൂക്ഷമായ അന്വേഷണത്തിനു വിധേയമാക്കുകയാണ്, മാർക്സിയൻ പഠങ്ങളുടെ ആഗോളതല പുനരുജ്ജീവനത്തിനു വേണ്ടി പ്രയത്നിക്കുന്ന പ്രമുഖരിൽ ഒരാളും കാനഡയിലെ ടോറെന്റോ യോർക്ക് സർവകലാശാലയിലെ സാമൂഹികശാസ്ത്ര പ്രൊഫസറുമായ മാഴ്സലോ മുസ്തോ, ‘കാൾ മാർക്സിന്റെ അവസാനവർഷങ്ങൾ - ഒരു ധൈഷണിക ചരിത്രം’ എന്ന പുസ്തകത്തിൽ. ഇറ്റാലിയൻ ഭാഷയിലുള്ളതാണ് മൂലകൃതി. പരിഭാഷകനായ നാരായണൻ വട്ടോളി, പാട്രിക് കാമില്ലറിന്റെ ‘ദ ലാസ്റ്റ് ഇയേഴ്സ് ഓഫ് കാൾ മാർക്സ് 1881-1883- ആൻ ഇന്റെലെക്ച്വൽ ബയോഗ്രഫി‘ എന്ന പുസ്തകത്തെയാണ് അവലംബമാക്കിയിരിക്കുന്നത്. അനദർ മാർക്സ് : ഏർളി മാനുസ്ക്രിപ്റ്റ്സ് ടു കാൾ മാർക്സ്, ഇന്റെലെക്ച്വൽ & പൊളിറ്റിക്കൽ മാർക്സ് & മാക്സിസം : സ്റ്റഡീസ് & എസ്സേയ്സ് എന്നിവയാണ് മാഴ്സലോയുടെ മറ്റു പുസ്തകങ്ങൾ. ക്രൂഷ്ചേവ് നുണ പറഞ്ഞു, യൂറിൻ തെറാപ്പി, യാത്രയുടെ അനന്തപഥങ്ങൾ എന്നിവയാണ് ടി നാരായണൻ വട്ടോളിയുടെ വിവർത്തനഗ്രന്ഥങ്ങൾ.
ബ്രോങ്കറ്റിസിന്റെ ശല്യവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും പ്രിയപ്പെട്ടവരുടെ വേർപ്പാടും യാത്രകളും തകർത്തു തരിപ്പണമാക്കിയിട്ടും തന്റെ അവസാന വർഷങ്ങളിലും അദ്ദേഹത്തിന്റെ മസ്തിഷ്കം രാഷ്ട്രീയ-സാമ്പത്തിക പ്രശ്നങ്ങളിൽ ജാഗരൂകമായിരുന്നു എന്നതിനു മാഴ്സലോ തെളിവു നൽകുന്നുണ്ട്. ധൈഷണിക അദ്ധ്വാനം മാർക്സിനു അക്കാലങ്ങളിൽ എത്രമാത്രം പ്രയാസമുള്ളതായിരുന്നോ അതിനേക്കാൾ സൈദ്ധാന്തികപ്രാധാന്യം അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾക്കുണ്ട്. രാഷ്ട്രീയസംഘർഷങ്ങളും പുതിയ വിഷയങ്ങളും പുതിയ ഭൂപ്രദേശങ്ങളെപ്പറ്റിയുള്ള പഠനങ്ങളും മുതലാളിത്ത വ്യവസ്ഥയെപ്പറ്റിയുള്ള മുന്നോട്ടുകൊണ്ടുപോകാൻ അത്യാവശ്യമാണെന്ന് മാർക്സ് കരുതിയിരുന്നു. ദേശീയമായ സവിശേഷതകൾക്ക് അദ്ദേഹം നൽകിയ പ്രാധാന്യം സാമ്പത്തിക നിർണ്ണയനവാദത്തിന്റെ കെണിയിൽനിന്ന് രക്ഷപ്പെടാനും അദ്ദേഹത്തെ സഹായിച്ചു എന്ന് പരിഭാഷകൻ എഴുതുന്നു. പുസ്തകത്തിന്റെ പ്രധാന സ്രോതസ്സ് 50 വാല്യങ്ങളുള്ള മാർക്സ് എംഗൽസ് സമാഹൃതകൃതിയാണ് (MECW) പുസ്തകത്തിൽ ഇതുവരെ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കൃതികളിൽനിന്നുള്ള ഭാഗങ്ങളും എടുത്തിട്ടുണ്ടെന്നു കാണുന്നു. പല രേഖകളും ജർമ്മനിൽമാത്രമുള്ളവയാണ്. അവ മൊത്തമായി എടുത്തുവയ്ക്കുമ്പോൾ അസംഖ്യം വിമർശകരും സ്വയം പ്രഖ്യാപിത അനുയായികളും അവതരിപ്പിച്ച മാർക്സിൽനിന്നും വ്യത്യസ്തനായ ഒരാളെ മുന്നിൽകൊണ്ടുനിർത്തുമെന്നതാണ് മാഴ്സലോ കാണുന്ന പ്രത്യേകത.
റഷ്യൻ യാഥാസ്ഥിതിക നേതൃത്വവും അയവില്ലാത്ത ഏകത്വസങ്കല്പവും മാർക്സിസ്റ്റു സിദ്ധാന്തത്തിനു വിപരീതഫലങ്ങളുണ്ടാക്കിക്കൊടുത്തുവെന്നും മാർക്സിസ്റ്റു പാഠാവലികൾ ആ കൃതികളെ കണ്ടം തുണ്ടമാക്കി അവതരിപ്പിച്ചുവെന്നുമുള്ള വസ്തുത നിലനിൽക്കുന്നു. പൂർവനിശ്ചിതമായ ഉദ്ദേശ്യസാധ്യത്തിനായി ഉദ്ധരണികളുടെ സമാഹാരമായി അദ്ദേഹത്തിന്റെ കൃതികളെ മാറ്റി മറിച്ച ജർമ്മൻ ഡെമോക്രാറ്റുകളുടെ പാരമ്പര്യരീതിത്തുടർച്ചകളെയും മാഴ്സലോ അനുസ്മരിക്കുന്നുണ്ട്. മാർക്സിനെയും ഫ്രാങ്ക്ഫർട്ട് സ്കൂൾ ചിന്തകരെയും ഒന്നിച്ചുവച്ചുകൊണ്ട്, മാർക്സ് വിഭാവന ചെയ്ത വൈരുദ്ധ്യാത്മകതയ്ക്ക് പകരം വിമർശനാത്മകതകൊണ്ടുവന്നു എന്നതാണ് അവരുതമ്മിലുള്ള വ്യത്യാസമായി പറയാറുള്ളത്. മാഴ്സലോ മാർക്സിന്റേതാണ് വിമർശനാത്മകസിദ്ധാന്തമെന്നും അതിനെ വരട്ടുതത്ത്വമായി ന്യൂനീകരിച്ചത് സംഭവിക്കാൻ പാടില്ലാത്ത വിരോധാഭാസമാണെന്നും കുറിക്കുന്നു. ഒരേസമയം ജനപ്രിയമാവുക, സൈദ്ധാന്തികമായ ദാരിദ്ര്യം ഒഴിവാക്കുക രണ്ടുംകൂടി പ്രയാസകരമായ കാര്യമാണ്. അതിന്റെ ദുരന്തഫലം മാർക്സിയൻ സിദ്ധാന്തങ്ങൾ പലപ്പോഴും അനുഭവിച്ചിട്ടുണ്ട്. അതിന്റെ മനസിലാകായ്ക അതിസരളവത്കരണത്തിനും ന്യൂനവത്കരണത്തിനും പ്രത്യയശാസ്ത്രശാഠ്യങ്ങൾക്കും വിധേയമായി വളഞ്ഞ വഴികളും വിരുദ്ധമായ വഴികളും അവലംബിക്കപ്പെട്ടിട്ടുമുണ്ട്, ഇപ്പോഴും അതു തുടരുന്നു. സ്റ്റാലിൻ, നികിത, ബ്രഷ്നേവ് എന്നിവരുടെ കാലത്ത് മാർക്സ് അതേപടി സ്വീകാര്യമാവുന്നത് സംഭാവ്യവുമല്ലായിരുന്നു എന്ന് മാഴ്സലോ എഴുതുന്നു.
കേരളത്തിലെ മാർക്സ് റഷ്യയും സ്റ്റാലിനും വഴി വന്നതാണെന്ന് പല പ്രാവശ്യം വായിച്ചിട്ടുണ്ട്. എം പി പരമേശ്വരന്റെ ‘വൈരുദ്ധ്യാത്മക ഭൗതികവാദം’, സ്റ്റാലിനിസ്റ്റ് റഷ്യൻ ക്ലാസുകളിലെ പാഠത്തിൽനിന്നു വന്ന വ്യാഖ്യാനമാണെന്നും വായിച്ചിട്ടുണ്ട്. മാർക്സിന്റെ ആദ്യകൃതി പ്രസിദ്ധീകരിക്കുന്നത് 1848-ലാണ്. കെ ദാമോദരന്റെ അൻപതാം ചരമവാർഷികവേളയിൽ പലതരത്തിൽ കേരളത്തിലെ മാർക്സിസ്റ്റ് സൈദ്ധാന്തികതയുടെ ശില്പശാലകൾ അന്വേഷണവിധേയമാകുന്നതിനൊപ്പം ചേർത്തുവയ്ക്കാവുന്ന ഒരു പുസ്തകമാണ് അവസാനകാല മാർക്സിയൻ ചിന്തകളും ജീവിതവും. വരട്ടുതത്ത്വവാദിയും സാമ്പത്തികവാദിയും യൂറോകേന്ദ്രിതസൈദ്ധാന്തികനുമായി വായിച്ചവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മാർക്സിനെ താൻ നിരത്തിവച്ച പ്രമാണങ്ങളുടെ പശ്ചാത്തലത്തിൽ അങ്ങനെയല്ലാതെ വായിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം മാഴ്സെലോയ്ക്കുണ്ട്. സോഷ്യലിസം വരുമെന്നത് ചരിത്രപരമായ അനിവാര്യതയാണെന്ന ആശയം മാർക്സിൽ ആരോപിക്കുന്നത് പിശകാണത്രേ. എന്നാൽ സമൂഹത്തെ മാറ്റുന്നതിനുള്ള സാധ്യത തൊഴിലാളിവർഗത്തിന്റെ ശേഷിയിലാണെന്ന കാര്യത്തിൽ (സമരത്തിലൂടെയും സാമൂഹികമായ ഉയർത്തെഴുന്നേൽപ്പിലൂടെയും ഉണ്ടാവുന്ന ബദൽ വ്യവസ്ഥയ്ക്കുള്ള അടിസ്ഥാനം അതാണ്) അദ്ദേഹം മാർക്സിന്റെ പൂർവകല്പനയുമാണ്.
ദ ജർമ്മൻ ഐഡിയോളജി (1945-46), വിശുദ്ധ കുടുംബം (1845), ഫ്യൂർബാഹ് കുറിച്ചുള്ള പ്രബന്ധങ്ങൾ (1845), കൂലിയും മൂലധനവും (1847), തത്ത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം (1847), മാനിഫെസ്റ്റോ (1848), ലുയീ ബോണപ്പാർട്ടിന്റെ പതിനെട്ടാം ബ്രൂമെയർ (1852), ഗ്രുൻഡിസേ -കുറിപ്പുകൾ (1857-58), സമ്പദ് ശാസ്ത്രവിമർശനത്തിന് ഒരാമുഖം (1859), മൂലധനം (1867-94) - കേരളത്തിലെ സാധാരണ വായനക്കാർക്ക് പരിചിതമായ ഗ്രന്ഥങ്ങൾ പലതും എഴുതിക്കഴിഞ്ഞ മാർക്സിന്റെ വർഷങ്ങൾക്കുശേഷമുള്ള ചിന്തയെയും നിരീക്ഷണങ്ങളെയുമാണ് ഈ പുസ്തകം അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ചില വൈരുദ്ധ്യങ്ങൾ (അവ വൈരുദ്ധ്യങ്ങൾ തന്നെയാണോ എന്നുറപ്പില്ല, മനസിലാക്കിവച്ചതിൽനിന്നും ഉദ്ധരണികൾ വായിച്ചു സ്വരുക്കൂട്ടിയതിൽനിന്നും വ്യത്യസ്തമായ എന്നേ ഇവിടെ അർത്ഥമുള്ളൂ..) ഒറ്റവായനയിൽ പലതും കണ്ണിൽപ്പെടുകയും ചെയ്തു. ഒരു ഉദാഹരണം ഇങ്ങനെ :
സോഷ്യലിസ്റ്റ് സമൂഹത്തിന്റെ സാർവത്രികമാതൃകയുടെ രൂപരേഖ സൃഷ്ടിക്കുകയല്ല തന്റെ കൃതികളിലൂടെ എന്ന കാര്യം ഓർപ്പിച്ചുകൊണ്ട് അദ്ദേഹം മൂലധനം ഒന്നാം വാല്യത്തിന്റെ രണ്ടാം ജർമ്മൻ എഡിഷന്റെ പിൻകുറിപ്പിൽ എഴുതി : ‘ഭാവിയിലെ ഭക്ഷണശാലകൾക്ക് പാചകവിധി എഴുതുന്നതിലല്ല തന്റെ താത്പര്യം.’
മുസ്ലീങ്ങൾക്കിടയിലുള്ള സാമൂഹികബന്ധങ്ങളെപ്പറ്റിയുള്ള നിരീക്ഷണങ്ങളും കൗതുകകരങ്ങളാണ്. ( അവ ഭാഗികമായി കൊളോണിയൽ വീക്ഷണം പ്രദർശിപ്പിക്കുന്നവയാണെന്ന് മാഴ്സലോ) ‘വിധേയത്വം എന്ന സംഗതി മുസ്ലീങ്ങൾക്കിടയിൽ ഇല്ല, അവർ പ്രജകളോ പൗരന്മാരോ അല്ല, രാഷ്ട്രീയത്തിലൊഴികെ അധികാരികളില്ല. യൂറോപ്പുകാർക്ക് ഒട്ടും മനസിലാക്കാൻ കഴിയാത്ത പ്രതിഭാസം’
സാഹിത്യനിരൂപണം അദ്ദേഹത്തിന്റെ അജണ്ടയിൽപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമായി തോന്നിയ കാര്യമാണ്. അതും അവസാന നാളുകളിൽ. മാനുഷികമായ ഹാസ്യത്തെപ്പറ്റി ( ഹ്യൂമൻ കോമഡി) ഒരു പുസ്തകമെഴുതണമെന്നുണ്ടായിരുന്നു അദ്ദേഹത്തിന്. നടന്നില്ല.
പുസ്തകങ്ങളെക്കുറിച്ച് രസകരമായ ഒരഭിപ്രായം അദ്ദേഹത്തിന്റേതായി ലഫാർഗ് (മകളുടെ ഭർത്താവ്) വിവരിക്കുന്നുണ്ട്.
“അവ എന്റെ അടിമകളാണ്. എന്റെ ആഗ്രഹമനുസരിച്ച് അവ എന്നെ സേവിക്കണം.”
തന്റെ പെൺകുട്ടികളുടെ പങ്കാളികളായ ലോംഗെസ്റ്റിനെയും ലഫാർഗിനെയും യഥാക്രമം, അവസാനത്തെ പ്രൗഥോണിസ്റ്റായും ബക്കുനിസ്റ്റായും (പ്രൂദോണിസ്റ്റായും ബാകുനിനിസ്റ്റായും) വിലയിരുത്തി, ചെകുത്താൻ അവരെകൊണ്ടുപോകട്ടെ എന്നു പറഞ്ഞുകൊണ്ട് സ്നേഹത്തോടേ ആക്രമിക്കുന്ന മാർക്സിനെയും ഇവിടെ കണ്ടു. അതേ നർമ്മമാണ് ‘ ഏറ്റവും സുനിശ്ചിതമായ കാര്യം ഞാനൊരു മാർക്സിസ്റ്റല്ല’ എന്ന പ്രസ്താവനയിലും ഉള്ളത്. ഇത് ലഫാർഗ് റിപ്പോർട്ട് ചെയ്തതും MECW ഉള്ളതുമാണ്. (ഇതിന്റെ ആധാരം മുൻപ് അന്വേഷിച്ചിട്ട് കിട്ടിയിരുന്നില്ല)
സാധാരണ കാൾ മാർക്സിന്റെ പുസ്തകങ്ങളും അവയെപ്പറ്റിയുള്ള എഴുത്തുകളും വായിക്കുമ്പോഴുള്ള ‘ഘനം’ ഈ പുസ്തകത്തിന്റെ വായനയിൽ അനുഭവപ്പെട്ടില്ല എന്നത് മോശപ്പെട്ട അർത്ഥത്തിലല്ല നല്ല അർത്ഥത്തിലാണ് പറയുന്നത്. ഗൗരവമുള്ള കാര്യമാണെങ്കിലും എളുപ്പം വായിച്ചുപോകാവുന്ന മട്ടിലുള്ള ഭാഷയിലാണ്, മലയാളത്തിലും നാരായണൻ വട്ടോളി അതു പിന്തുടരുന്നു. മൂലകൃതിയുമായുള്ള സാംഗത്യവും ആശയവൈരുദ്ധ്യങ്ങളും ഈ മേഖലയിൽ നിഷ്ണാതരായ ആളുകൾക്കു വിട്ടുകൊടുക്കുന്നു (പ്രത്യേകിച്ചും കൃഷ്ണകുമാറിന് Krishna Kumar). അടുത്തകാലത്തു വായിച്ചതിൽ സംതൃപ്തിയും നിറവും തോന്നിയ പുസ്തകമാണ്. ‘കാൾ മാർക്സിന്റെ അവസാന വർഷങ്ങൾ.’
FB

No comments:
Post a Comment